Monday, September 27, 2010

കഥയിലെ സംവാദസ്ഥലങ്ങള്‍

മലയാളത്തിലെ മുന്‍നിര നോവലിസ്‌റ്റുകളില്‍ ഒരാളാണ് ആനന്ദ്. കഴിഞ്ഞനാലു പതിറ്റാണ്ടായി മലയാളനോവല്‍ രംഗത്തെ ഏറ്റവും ശ്രദ്ധേയമായ സ്വരങ്ങളിലൊന്നായി തുടരുന്ന ആനന്ദ് ചെറുകഥയുടെ മേഖലയിലും ഗണനീയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ നോവലിസ്‌റ്റ് എന്ന നിലയിലുള്ള പ്രശസ്‌തിയുടെ പ്രഭാപ്രസരത്തില്‍ ആനന്ദിലെ ചെറുകഥാകൃത്ത് മറഞ്ഞു നില്‍ക്കുന്നതുപോലെയുണ്ട്. ആസ്വാദകലോകത്തിന്റെ പൊതുബോധത്തില്‍ ചെറുകഥാകൃത്തായ ആനന്ദ് വേണ്ടത്ര അടയാളപ്പെട്ടുവോ എന്നും സംശയമുണ്ട്. ഇതിന് മറ്റൊരു കാരണം കൂടിയുണ്ട്. ചെറുകഥ എന്ന ഗണത്തില്‍പ്പെടുത്തി ആനന്ദ് പ്രസിദ്ധപ്പെടുത്തിയിട്ടുള്ള രചനകളില്‍ ഏറെയും ആ സാഹിത്യഗണത്തെക്കുറിച്ച് മലയാളത്തില്‍ പുലരുന്ന സാമാന്യധാരണയ്‌ക്ക് അത്ര ഇണങ്ങിയവയുമല്ല. ഏകാഗ്രവും ഭാവാത്മകവുമായ, ലിറിക്കല്‍ സ്‌പര്‍ശമുള്ള കഥാസങ്കല്‍പത്തില്‍നിന്ന് അകലെയാണ് അവയിലേറെയും. ചിലതൊക്കെ സാങ്കേതികാര്‍ഥത്തില്‍ ചെറുകഥ എന്നു വിളിക്കാന്‍ കഴിയാത്തതും നോവലെറ്റിന്റെ ദൈര്‍ഘ്യം പുലര്‍ത്തുന്നതുമാണ്. ചില രചനകളിലാകട്ടെ പ്രബന്ധാത്മകതയാണ് മുന്നിട്ടുനില്‍ക്കുന്നത്.

ചെറുകഥകളെഴുതി അംഗീകാരം നേടിയവര്‍ നോവല്‍ രംഗത്തേക്ക് ചുവടുവയ്‌ക്കുന്നതാണ് മലയാളത്തില്‍ കണ്ടുവരുന്ന പൊതുരീതി. ഇതിന് അപവാദമായി എടുത്തു പറയാവുന്ന എഴുത്തുകാര്‍ വളരെക്കുറച്ചേയുള്ളൂ. അതിനാല്‍ നമ്മുടെ മിക്ക നോവല്‍ രചയിതാക്കളും അവരുടെ ആദ്യനോവലുമായി കടന്നുവരുമ്പോള്‍ സഹൃദയലോകത്തിന് അപരിചിതര്‍ ആയിരിക്കുകയില്ല. ഇതില്‍നിന്ന് വ്യത്യസ്‌തമായിരുന്നു ആനന്ദ് എന്ന നോവലിസ്‌റ്റിന്റെ രംഗപ്രവേശം. 'ആള്‍ക്കൂട്ടം' 1970ല്‍ പുറത്തുവരുമ്പോള്‍ ആനന്ദ് മലയാസാഹിത്യരംഗത്ത് പുതുമുഖം ആയിരുന്നു. രണ്ടുകൊല്ലത്തിനുശേഷം 'മരണസര്‍ട്ടിഫിക്കറ്റ് ' എന്ന നോവലും പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞാണ് ആനന്ദിന്റെ ചില കഥകള്‍ ആദ്യമായി ആനുകാലികങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ അവ 1960കളുടെ തുടക്കത്തില്‍ത്തന്നെ എഴുതപ്പെട്ട കഥകളായിരുന്നുവെന്നും എം. ഗോവിന്ദന്റെ താല്‍പര്യമാണ് ആള്‍ക്കൂട്ടത്തിന്റെ പ്രസാധനത്തിലെന്നവണ്ണം കഥകളുടെ പ്രസിദ്ധീകരണത്തിനും പ്രേരണയായിത്തീര്‍ന്നതെന്നും 'ആനന്ദിന്റെ കഥകള്‍' എന്ന സമാഹാരത്തിന്റെ അവതരണലേഖനത്തില്‍ കെ.സി. നാരായണന്‍ വെളിപ്പെടുത്തുന്നുണ്ട്. ആ നിലയിലാണ് ആ പുസ്‌തകത്തില്‍ ചേര്‍ത്തിട്ടുള്ള കഥകളുടെ രചനാകാലം രേഖപ്പെടുത്തിയിട്ടുള്ളതും.

അവയില്‍ ആദ്യത്തേത് 1960ല്‍ എഴുതിയതായി കാണുന്ന 'പൂജ്യം' എന്ന രചനയാണ്. ആശയപ്രധാനമായ ആഖ്യാനമായി ചെറുകഥയെ മാറ്റിയ ആനന്ദിന്റെ രീതി ആ രചനയില്‍ത്തന്നെ രൂപപ്പെടുന്നു. കഥയിലെ ആഖ്യാതാവ് ഗുജറാത്തിലെ കത്തിയവാറില്‍ ജോലി ചെയ്‌തിരുന്ന കാലത്ത് പരിചയപ്പെട്ടിരുന്ന ഒരു സാധാരണ മനുഷ്യനാണ് ജാനിബാപ്പ. ഹിമാലയത്തിന്റെ താഴ്വരയില്‍ കിടക്കുന്ന നഗരത്തിലെ ഓഫീസില്‍ ജോലി ചെയ്യുന്ന ആഖ്യാതാവിനെ ഒരു സ്‌നേഹിതന്‍ ജാനിബാപ്പയുടെ മരണവിവരം ഒരു കത്തിലൂടെ അറിയിക്കുന്നു. ഭൂവിജ്ഞാനീയ ശാസ്‌ത്രജ്ഞനും എണ്ണപര്യവേഷകനുമായ ആഖ്യാതാവില്‍ ആ കത്ത് ഉണര്‍ത്തിയ ഓര്‍മകളെ തുടര്‍ന്നുണ്ടാകുന്ന ചിന്തകളാണ് കഥയുടെ ഉള്ളടക്കം. നൂറ്റാണ്ടുകള്‍ക്കുമുന്‍പ് മരിച്ചു മണ്ണടിഞ്ഞ സസ്യജന്തുജാലങ്ങളും - മനുഷ്യരും - ഒക്കെയാണല്ലോ താനിപ്പോള്‍ കണ്ടെത്തുന്ന എണ്ണയുടെ മൂലഘടകങ്ങള്‍ എന്നയാള്‍ ആലോചിക്കുന്നു. "ലക്ഷക്കണക്കിനു കൊല്ലങ്ങള്‍ക്കു മുന്‍പും നിലനിന്നിരുന്ന കോടാനുകോടി ചെറുജീവികള്‍ ഭൂഗര്‍ഭത്തില്‍ ആയിരക്കണക്കിനു മീറ്റര്‍ താഴെ ശ്വാസംമുട്ടി കിടന്നതിനുശേഷം ഇപ്പോഴാണ് എണ്ണയുടെയും ഗ്യാസിന്റെയും യാഥാര്‍ഥ്യത്തില്‍ക്കൂടി തങ്ങളുടെ മരണത്തെയും അസ്‌തിത്വത്തെയും വെളിവാക്കുന്നത്. ജെങ്കീസ്‌ഖാനും ഹിറ്റ്ലറും വിട്ടേച്ചുപോയ അസ്ഥിക്കഷണങ്ങുടെ കൂമ്പാരത്തില്‍ക്കൂടി ആയിരമായിരം മനുഷ്യര്‍ ചരിത്രത്തില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നു. കാക്കയുടെയും കഴുകന്റെയും വിശപ്പില്‍ക്കൂടി ആയിരമായിരം മനുഷ്യര്‍ ചരിത്രത്തില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നു. കാക്കയുടെയും കഴുകന്റെയും വിശപ്പില്‍ക്കൂടി ചുമന്ന പട്ടികള്‍ തങ്ങള്‍ക്കു ജീവനുണ്ടായിരുന്നു എന്നു വിളിച്ചു പറയുന്നു. ഇതാ, ജാനിബാപ്പയും കണ്‍ഫര്‍മേറ്ററി ടെസ്‌റ്റും പാസ്സായി താന്‍ ജീവനുള്ള ഒരു വസ്‌തുവായിരുന്നു എന്നു തെളിയിച്ചിരിക്കുന്നു.''

ഈ ആദ്യകഥയില്‍ത്തന്നെ ആനന്ദ് തന്റെ ജീവിതത്തെക്കുറിച്ചുള്ള അവബോധവും കാഴ്‌ചപ്പാടും വ്യക്തമാക്കുന്നുണ്ട്. മനുഷ്യജീവിതത്തിന്റെ നിസ്സഹായമായ അവസ്ഥയെക്കുറിച്ചും പ്രകൃതിയിലെ ജീവജാലങ്ങളും അനന്തമായ നൈരന്തര്യത്തിലെ ഒരു കണ്ണിമാത്രമാണ് അവന്‍/അവള്‍ എന്ന യാഥാര്‍ഥ്യത്തെക്കുറിച്ചും ഈ കഥ ഓര്‍മിപ്പിക്കുന്നു. പ്രാക്‌ ചരിത്രത്തിനുമപ്പുറം നീണ്ടു കിടക്കുന്ന ജീവിതത്തെക്കുറിച്ചുള്ള ഓര്‍മക്കുറിപ്പായി അത് മാറുന്നു.
ചരിത്രവും മനുഷ്യാവസ്ഥയും തമ്മിലുള്ള ബന്ധത്തെ ആനന്ദ് പേര്‍ത്തും പേര്‍ത്തും ആവിഷ്‌കരിക്കുന്നുണ്ട്. അവിടെയും അടിസ്ഥാന സമസ്യ മനുഷ്യന്റെ സ്വത്വവും സ്വാതന്ത്യവും എന്നതുതന്നെ. വ്യക്തിയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള സമീപനത്തിലൂടെയാണ് ആനന്ദ് ഇത് നിര്‍ധരിക്കുന്നത്. എഴുപതുകളില്‍ എഴുതിയ കഥകളില്‍ അന്നത്തെ സവിശേഷമായ രാഷ്‌ട്രീയാവസ്ഥയുടെ വിങ്ങുന്ന പ്രേരണകൊണ്ടാവാം ഇത് അസ്വാസ്ഥ്യജനകമാംവിധം വളരുന്നുണ്ട്. അവ ചരിത്രത്തിന്റെ ക്രൂരയാഥാര്‍ഥ്യങ്ങളെ കൂടുതല്‍ നിശിതമായി അവതരിപ്പിക്കുന്നവയായിത്തീര്‍ന്നു. ജനാധിപത്യത്തിന്റെ പ്രഛന്നമായ മൂടുപടത്തിനുള്ളില്‍ ദംഷ്‌ട്രകള്‍ വെളിപ്പെടുത്തിത്തുടങ്ങിയ ഏകാധിപത്യം സൃഷ്‌ടിച്ച സംഘര്‍ഷത്തിന്റെ കാലമായിരുന്നു അത്. അടിയന്തരാവസ്ഥാപ്രഖ്യാപനത്തോടെ അത് എല്ലാ ആവരണങ്ങളും അഴിച്ചുകളഞ്ഞ് നഗ്നതാണ്ഡവമാടി. ആ കാലത്തിന്റെ ഭരണകൂടസ്വഭാവത്തെ ഒട്ടൊക്കെ അന്യാപദേശമട്ടില്‍ ആഖ്യാനം ചെയ്യുന്ന ഒരു രചനയാണ് 'ബാദ്ഷാനാ'. കൊള്ളക്കാരനായിത്തുടങ്ങി ക്രമേണ ഭരണാധികാരിയായിത്തീരുന്നവനാണ് ബാദ്ഷാ. ഭരണം തന്നെ ഒരു കൊള്ളയാക്കി മാറ്റുന്ന വര്‍ഗത്തിന്റെ പ്രതിനിധിയാണയാള്‍. ജനങ്ങള്‍ തന്നെയാണ് തന്റെ ശത്രുക്കള്‍ എന്നാണയാളുടെ മനോഭാവം. അത് ആ വര്‍ഗത്തിന്റെ അടിസ്ഥാന സ്വഭാവം തന്നെയാകുന്നു. ആ യാഥാര്‍ഥ്യത്തെ അതീവ മൂര്‍ച്ചയോടും പൌരുഷ്യത്തോടും അവതരിപ്പിക്കുന്ന ഈ കഥ ഏകാധിപത്യത്തിന്റെ മനഃശാസ്‌ത്രത്തിലേക്കും ഉള്‍ക്കാഴ്‌ച നല്‍കുന്നുണ്ട്. 'കുഴി', 'കൊടുമുടി' എന്നീ കഥകളുടെ അന്തര്‍ധാരയും ആ രാഷ്‌ട്രീയാവസ്ഥയോടുള്ള പ്രതികരണാമെന്ന നിലയില്‍ രൂപപ്പെട്ടിട്ടുള്ളതാണ്.

എണ്‍പതുകള്‍ മുതല്‍ ആനന്ദ് എഴുതിയ കഥകളില്‍ ഏറെയും സമൂഹത്തിലെ സാധാരണ മനുഷ്യരെ വെറും ഇരയാക്കി മാറ്റുന്ന നീതിന്യായവ്യവസ്ഥയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ വ്യത്യസ്‌തമായ മുഖങ്ങളെയാണ് ആവിഷ്‌കരിക്കുന്നത്. എന്താണ് നീതി? യഥാര്‍ഥത്തില്‍ നമ്മുടേതുപോലെയുള്ള ഒരു വ്യവസ്ഥയില്‍ നീതി ലഭിക്കുന്നുണ്ടോ? എന്തുകൊണ്ട് ജനങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെടുന്നു? ഏത് അധികാരവ്യവസ്ഥയും എന്തുകൊണ്ട് ജനങ്ങളെ ഇരയായിക്കാണുന്നു; നീതി തേടുന്നവനെ പീഡിപ്പിക്കുകയും ഉന്മൂലനം ചെയ്യുകയും ചെയ്യുന്നു? ഇത്തരത്തിലുള്ള നൈതിക സമസ്യകളെയും അവ സൃഷ്‌ടിക്കുന്ന ഉല്‍ക്കണ്‌ഠകളെയും പ്രമേയമാക്കുന്ന രചനകളാണ് 'ആറാമത്തെ വിരല്‍', 'ഹരജി' തുടങ്ങിയ ചെറുകഥകള്‍.

കോടതിവ്യവഹാരം എന്ന രാവണന്‍ കോട്ടയിലേക്കു കടക്കുന്ന, ആ വ്യവസ്ഥയുടെ നൂലാമാലകളെക്കുറിച്ചൊന്നുമറിഞ്ഞുകൂടാത്ത ഒരു വൃദ്ധന്റെയും കുട്ടിയുടെയും ചലനങ്ങളെ പിന്തുടരുന്ന ആഖ്യാനമെന്ന നിലയില്‍ രൂപപ്പെടുത്തിയിട്ടുള്ള കഥയാണ് 'ഹരജി'. ജമീന്ദാര്‍ തട്ടിയെടുത്ത കിടപ്പാടത്തിന്റെ അവകാശം സ്ഥാപിച്ചു കിട്ടാന്‍ ഹരജി കൊടുക്കാനെത്തുന്ന വൃദ്ധന്റെ ദൈന്യവും അനിവാര്യമായി അതിനുണ്ടാകാനിടയുള്ള നിഷ്‌ഫലതയും ആ വ്യവസ്ഥയ്‌ക്കുള്ളില്‍ പെട്ടുകഴിഞ്ഞാല്‍ ഉണ്ടാക്കാവുന്ന നിസ്സഹായതയും ഒക്കെ ആ കഥയില്‍ വ്യഞ്ജിക്കുന്നുണ്ട്. കഥാന്ത്യത്തില്‍ ആ അവസ്ഥയുടെ അവ്യവസ്ഥിതത്വം കഥാകൃത്ത് ഇങ്ങനെ വരച്ചിടുന്നു: "ഏതായാലും നടന്നുപോകുന്ന ആ വൃദ്ധന്റെയും കുട്ടിയുടെയും മുന്‍പിലെ വഴി അറ്റമില്ലാതെ വഴി മാത്രമായി കിടന്നു. അവര്‍ അതിലൂടെ നടന്നുകൊണ്ടിരുന്നു. നൂറ്റാണ്ടുകളും കാലഘട്ടങ്ങളും കടന്നുപോകുമ്പോള്‍ ഉയരുകയും വീണ്ടും അമരുകയും ചെയ്യുന്ന പൊടി ആ വഴിയില്‍ അവരെ വിഴുങ്ങി.

ചക്രവര്‍ത്തിമാര്‍ പണ്ട് ഉയര്‍ത്തിക്കെട്ടിയ ലേല ഗൃഹങ്ങളില്‍ വാങ്ങലുകാര്‍ തമ്മില്‍ പൊരുതിയപ്പോള്‍ ഇപ്പോള്‍ നേതാക്കള്‍ തുറന്നിട്ട ബസാറുകളില്‍ വില്‍പനക്കാര്‍ തമ്മില്‍ മല്‍സരിച്ചു എന്നുമാത്രം. ഒരിടത്തു നിന്നു മറ്റൊരിടത്തേക്കുള്ള പ്രയാണം ഹരജിക്കാര്‍ക്കു മോചനമായില്ല. വ്യവസ്ഥിതികളും തത്വശാസ്‌ത്രങ്ങളും ഘനീഭവിച്ചുണ്ടായ ആലയങ്ങളൊന്നും തന്നെ, സങ്കേതങ്ങളാകാതെ, സത്രങ്ങള്‍ മാത്രമായി, ഇത്തിരി ആശ്വാസമോ പ്രാധാന്യമോ മാത്രം നല്‍കി ഈ വഴിയില്‍ ഉപേക്ഷിക്കപ്പെടാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. ഹരജിയുടെ യാത്ര തുടരുന്നു. അമരുന്ന പൊടിയില്‍നിന്ന് വീണ്ടും ഉയരുന്നപൊടിയിലേക്ക്, ഉയരുന്നപൊടിയില്‍ നിന്ന്...''

എണ്‍പതുകള്‍ക്കുശേഷം ഇന്ത്യന്‍ യാഥാര്‍ഥ്യത്തിന്റെ ക്രൂരമുഖം ആയിത്തീര്‍ന്ന, പീഡാകരവും ആസുരവുമായ സംഘടിത മതരാഷ്‌ട്രീയത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങളാണ് ആനന്ദിന്റെ ആ കാലയളവിലെ പല കഥകളിലും പ്രമേയമായിത്തീരുന്നത്. അവിടെയും ഇരയായിത്തീരുന്ന സാധാരണക്കാരന്റെ ദൈന്യവും ഭീതിയും സംത്രാസവുമാണ് ആവിഷ്‌കൃതമാകുന്നത്. 'കബാഡി', 'തൃശങ്കു' തുടങ്ങി പല കഥകളിലും ഇതാണ് കാണുന്നത്. പീഡനത്തിന്റെ അശാന്തി പകരുന്ന ചരിത്രത്തെക്കുറിച്ചുള്ള വ്യത്യസ്‌തമായ ഒരന്വേഷണമായി മാറുന്ന കഥയാണ് 'നാലാമത്തെ ആണി' എന്ന ഏറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ള രചന.

ആനന്ദിന്റെ കഥകളില്‍ പില്‍ക്കാലത്ത് കൂടുതല്‍ മൂര്‍ത്തത കൈവരിക്കുന്ന ഒരു പ്രമേയമാണ് ഹിംസയെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ വര്‍ത്തമാനചരിത്രത്തില്‍ കൂടുതല്‍ തീക്ഷ്‌ണത കൈവരിക്കുന്ന ഹിംസയുടെ ബഹുമുഖത്വത്തിനു നേരെയുള്ള ധൈഷണിക പ്രതിരോധം ആനന്ദിന്റെ പല ചെറുകഥകളിലുമുണ്ട്. അതിന്റെ അപരഭാഗമായി ഇരയുടെ വേദനയെക്കുറിച്ചുള്ള ഉല്‍ക്കണ്ഠയും കഥകളില്‍ പ്രകടമാണ്.

ഇവയിലൂടെ ഇന്ത്യന്‍ അവസ്ഥയുടെ ആന്തരസ്ഥലികളെ വിശകലനം ചെയ്യുകയാണ് ആനന്ദ്. ചരിത്രത്തിന്റെ അനുഭവരാശികളെ ആ വിശകലനത്തിനുള്ള ഉപാധിയായി പലപ്പോഴും സ്വീകരിക്കുന്നുണ്ട്. ഇങ്ങനെ സമകാലിക യാഥാര്‍ഥ്യത്തെയും അതിന്റെ കുരിശില്‍ പിടയുന്ന മനുഷ്യരെയും അവതരിപ്പിക്കുന്നവയാണ് ആനന്ദിന്റെ കഥകളില്‍ ഏറെയും. എന്നാല്‍ 1960കളില്‍ അദ്ദേഹം എഴുതിയ കഥകളില്‍ പലതിലും (അവ പ്രസിദ്ധീകരിക്കപ്പെട്ടത് എഴുപതുകളുടെ ആദ്യപകുതിയിലാണ്) അക്കാലത്ത് മലയാള കഥാസാഹിത്യത്തില്‍ മെല്ലെ രൂപപ്പെട്ടുവന്ന ആധുനികതാപ്രസ്ഥാനത്തിന്റെ ചില പ്രമേയങ്ങളാണുള്ളത്. ആധുനികതാ പ്രസ്ഥാനത്തില്‍പ്പെട്ട പല രചനകളിലും കാണുന്ന അന്യവല്‍ക്കരണത്തിന്റെയും അസ്‌തിത്വവ്യഥയുടെയും ശൂന്യതാബോധത്തിന്റെയും അനുഭവങ്ങളെ ചിത്രീകരിക്കുന്ന കഥകള്‍ അക്കൂട്ടത്തിലുണ്ട്. 'വാടകവീട് ', 'വിഗ്രഹം', 'ഭ്രമണപഥം' തുടങ്ങിയ കഥകളുടെ അന്തര്‍ധാരയായി ഈ രീതിയിലുള്ള ആശയധാരയില്‍ ഊന്നിയുള്ള അനുഭവാവിഷ്‌കാരം കാണാനാകും. ആ നിലയില്‍ മലയാള ചെറുകഥയില്‍ അക്കാലത്ത് രൂപപ്പെട്ടുവന്ന പ്രസ്‌തുത ഭാവധാരകളുടെ ആദ്യപ്രതിനിധികളില്‍ ചിലതായി ആ കഥകളെ വേണമെങ്കില്‍ അടയാളപ്പെടുത്താം.

മലയാളത്തിലെ കഥാസാഹിത്യം ഗണനീയമായ നിലയില്‍ അതിന്റെ സ്ഥലരാശികളെ കേരളത്തിനു പുറത്തേക്കാനയിച്ചത് 1950 കളോടെയാണ്. കേളത്തിനു പുറത്തുള്ള സ്ഥലപശ്ചാത്തലത്തിലേക്ക് മലയാള കഥയെ അക്കാലത്ത് ആനയിച്ചത് കോവിലന്‍, പാറപ്പുറത്ത്, നന്തനാര്‍ തുടങ്ങിയ പട്ടാളക്കഥാകൃത്തുകളായിരുന്നു. അവയിലെ സ്ഥലരാശികളൊക്കെ എവിടെയായാലും ഒരേസ്വഭാവം പുലര്‍ത്തുന്ന പട്ടാളത്താവളങ്ങളായിരുന്നു. എന്നാല്‍ ആധുനികതാപ്രസ്ഥാനത്തിന്റെ ഘട്ടത്തിലാണ് വ്യത്യസ്‌തമായ ഒരു തലത്തില്‍ കേരളേതരമായ ഭൂപ്രദേശങ്ങള്‍ നമ്മുടെ കഥാസാഹിത്യത്തിന്റെ സ്ഥലമാനം എന്ന നിലയില്‍ പ്രാധാന്യം നേടുന്നത്. അക്കൂട്ടത്തില്‍ ഏറെ പ്രധാനപ്പെട്ട ഒരു സ്ഥാനമാണ് ആനന്ദിന്റെ രചനകള്‍ക്കുള്ളത്. വ്യത്യസ്‌തമായ നിലയില്‍ ഇന്ത്യയുടെ ഭൂപ്രകൃതിയെ അടയാളപ്പെടുത്താനും കേരളീയമായ പ്രകൃതിസാന്നിധ്യത്തിനപ്പുറമുള്ള ജീവിതത്തിലൂടെ മര്‍ത്ത്യാവസ്ഥയുടെ ചില മുഖങ്ങളെ മൂര്‍ത്തീകരിക്കാനും അദ്ദേഹം ആദ്യം മുതലേ ശ്രമിച്ചുപോന്നു. ആദ്യകാല കഥകളില്‍പ്പെടുന്ന 'പൂജ്യം' എന്ന കഥയുടെ സ്ഥലപശ്ചാത്തലം ഗുജറാത്തും ഹിമാലയപ്രാന്തവും ആണ്. 'വാടകവീട്' എന്ന കഥയുടെ പശ്ചാത്തലം ബംഗാള്‍ ആണ്. 'വിഗ്രഹം' ബോംബെ നഗരത്തിന്റെ പശ്ചാത്തലത്തിലുള്ളതാണ്. മറ്റുകഥകള്‍ ഏതാണ്ടെല്ലാം തന്നെ ഉത്തരേന്ത്യന്‍ സ്ഥലവിശാലതയുടെ ചില കോണുകളെ പശ്ചാത്തലമാക്കുന്നു. അങ്ങനെ മലയാളകഥാസാഹിത്യത്തിന് ഒരു പാന്‍ - ഇന്ത്യന്‍ സ്വഭാവം നല്‍കാന്‍ ആനന്ദിനുകഴിഞ്ഞു.

ആനന്ദിന്റെ ചെറുകഥകളെക്കുറിച്ചുള്ള നിരീക്ഷണങ്ങളും ചര്‍ച്ചകളും നടന്നിട്ടുള്ളത് അവയുടെ പ്രമേയപരമായ സംവാദാത്മകതെ ആധാരമാക്കിയാണ്. എന്നാല്‍ ആ കഥകളോരോന്നും സവിശേഷമായ രചനാരീതി പിന്തുടരുന്നവയായിരുന്നു. മലയാള ചെറുകഥയ്‌ക്ക് അപരിചിതമായിരുന്ന പ്രബന്ധാത്മകതയുടെ സങ്കേതമാണ് ആനന്ദിന്റെ ആദ്യകാലത്തെ ചെറുകഥകളില്‍ കണ്ടുവന്നിരുന്നത്. സംവാദാത്മകമായ തുറന്ന ഘടനയാണ് അത്തരം ചെറുകഥകള്‍ മിക്കതിനും ഉണ്ടായിരുന്നത്. എന്നാല്‍ പില്‍ക്കാലത്ത്, കുറെക്കൂടി സാന്ദ്രവും സൂക്ഷ്‌മവുമായ ശില്‍പങ്ങള്‍ കഥയില്‍ വാര്‍ത്തെടുക്കുന്നുണ്ട് ആനന്ദ്. സമീപവര്‍ഷങ്ങളില്‍ കവിതയിലേക്കുകൂടിക്കടന്ന ആനന്ദിന്റെ വാങ്മയ രചനകളുടെ ഘടനാപരിണാമത്തിന്റെ ഭാഗമായിട്ടുകൂടിയാവാം ആ മാറ്റം ഉണ്ടായിട്ടുള്ളത്. കല്ലുകള്‍, കാട്, അവശിഷ്‌ടങ്ങള്‍ തുടങ്ങിയ ചെറുകഥകള്‍ പലതും ഈ പരിണാമത്തിന്റെ സൂചകങ്ങളായ ഭാവാത്മക ലഘുരചനകളാണ്, രൂപതലത്തില്‍. അന്തരീക്ഷ പ്രധാനവും നേര്‍ത്ത ലിറിക്കല്‍ സ്വഭാവം അന്തര്‍ധാരയായി പുലരുന്നതുമായ അത്തരം കഥകള്‍, മറ്റൊരു തലത്തില്‍ നോക്കുമ്പോള്‍, തന്റെ സര്‍ഗാവിഷ്‌കാരത്തിന് മണ്ണില്‍ ചെറുശില്‍പങ്ങള്‍ ചെയ്യുന്ന ആനന്ദിന്റെ ശില്‍പദക്ഷതയുടെ വേറിട്ട മുഖമായി കാണാം.

വാസ്‌തവത്തില്‍, ആനന്ദിന്റെ നോവലുകളും ചെറുകഥകളും ഇതര രചനകളും എല്ലാം ചേരുന്ന ഒരുആശയമണ്ഡലമുണ്ട്. അതിന്റെ പല ഘട്ടങ്ങളെയും പല പ്രകാരങ്ങളെയുമാണ് ആ രചനകള്‍ ഓരോന്നും പ്രതിനിധീകരിക്കുന്നത്. അതിനാല്‍ ചിലപ്പോള്‍ ഒരു കഥയായി വന്ന പ്രമേയം അവിടെ നില്‍ക്കാതെ വികസിത രൂപത്തില്‍ പ്രബന്ധമോ നോവലോ ആയി പിന്നീട് രൂപപ്പെട്ടു എന്നുവരാം. അവയെല്ലാം തന്നെ ആനന്ദ് എന്ന ചിന്താജാഗ്രതയുള്ള എഴുത്തുകാരന്റെ പ്രതികരണങ്ങളുടെ ഓരോ പ്രകാരത്തിലുള്ള ആവിഷ്‌കാരങ്ങളാണ്. എങ്കിലും മലയാള ചെറുകഥയുടെ പൊതു ഭൂമികയില്‍ അവ വ്യതിരിക്തനായ ഒരെഴുത്തുകാരനെ അടയാളപ്പെടുത്തുന്നു എന്നതാണ് പ്രധാനം.

*****

ഡോ. കെ. എസ്. രവികുമാര്‍, കടപ്പാട് : ഗ്രന്ഥാലോകം ആഗസ്‌റ്റ് 2010

അധിക വായനയ്‌ക്ക് :

1. ചരിത്രരഹിതര്‍, ഈ ശരണാര്‍ഥികള്‍
2. മനസ്സാക്ഷിയുടെ താരസ്വരം
3. ആനന്ദിന്റെ നോവല്‍ഭാഷ
4. എഴുത്ത്, ചരിത്രം, സംസ്‌കാരം
5. ആനന്ദ് : എഴുത്തുകളും എഴുത്തുകാരനും
6. ആനന്ദ് എം. ഗോവിന്ദന് അയച്ച കത്തുകള്‍
7. ആനന്ദിന്റെ ആശയപ്രപഞ്ചം
8. എതിര്‍ദിശാസഞ്ചാരം
9. സ്വാതന്ത്ര്യം: മിഥ്യയും യാഥാര്‍ഥ്യവും
10. അപഹരിക്കപ്പെട്ട നീതിശാസ്‌ത്രം
11. ദാര്‍ശനികതയുടെ മൂലകങ്ങള്‍
12. നീതിയും ചരിത്രവും- ആനന്ദിന്റെ അന്വേഷണങ്ങള്‍
13. കഥയിലെ സംവാദസ്ഥലങ്ങള്‍


No comments: