Wednesday, September 8, 2010

ജനാധിപത്യത്തെ അട്ടിമറിക്കുന്ന സാമ്പത്തികനയം

ഈ സഭയുടെ മിക്കവാറും എല്ലാ സെഷനുകളിലും നാണയപ്പെരുപ്പത്തെയും വിലക്കയറ്റത്തെയും സംബന്ധിച്ച് നാം ചര്‍ച്ച ചെയ്യാറുണ്ട്. എന്നാല്‍ ഈ പ്രാവശ്യം അത്തരം ഒരു ചര്‍ച്ച വോട്ടിങ് ആവശ്യമായി വരുന്ന ചട്ടപ്രകാരം ആയിരിക്കണമെന്ന് ഞങ്ങള്‍ നിര്‍ബന്ധം ചെലുത്തി. ഫലപ്രദമായ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായാണ് അത്തരം ഒരു വോട്ടെടുപ്പ് വേണമെന്ന് ഞങ്ങള്‍ നിര്‍ബന്ധിച്ചത്. ഫലപ്രദമായ നടപടി സ്വീകരിക്കേണ്ടത് ആവശ്യമാണെന്ന കാര്യത്തെക്കുറിച്ച് ഞാന്‍ ആവര്‍ത്തിക്കേണ്ട ആവശ്യമില്ല. എന്നാല്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരമേറ്റ സമയത്ത് നമ്മുടെ പ്രസിഡന്റ് രണ്ട് സഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, സര്‍ക്കാര്‍ 100 ദിവസത്തിനുള്ളില്‍ ചെയ്തുതീര്‍ക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളുടെ ഒരു രൂപരേഖ അവതരിപ്പിച്ചിരുന്നു. പ്രസിഡന്റിന്റെ പ്രസംഗത്തില്‍നിന്ന് ഞാന്‍ ഉദ്ധരിക്കാം - "നാണയപ്പെരുപ്പം കുറച്ചുകൊണ്ട് ഉയര്‍ന്ന വളര്‍ച്ച കൈവരിക്കാന്‍ എന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. വിശിഷ്യ കാര്‍ഷിക - വ്യാവസായിക അവശ്യവസ്തുക്കളുടെ വിലകളുമായി ബന്ധപ്പെട്ട നാണയപ്പെരുപ്പം കുറയ്ക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്''.

അതേതുടര്‍ന്ന്, ബജറ്റ് സമ്മേളനത്തിന്റെ തുടക്കത്തില്‍, ഒരു അനുഷ്ഠാനംപോലെ നടത്താറുള്ള പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തിലെ പ്രസംഗത്തിന്റെ 7-ാം ഖണ്ഡികയില്‍ പ്രസിഡന്റ് ഇങ്ങനെ പറയുന്നു -

"ഭക്ഷ്യധാന്യങ്ങളുടെയും ഭക്ഷ്യഉല്‍പ്പന്നങ്ങളുടെയും വിലകളില്‍ അസുഖകരമായ ഒരു ഞെരുക്കം അനുഭവപ്പെടുന്നുണ്ട്. ആഭ്യന്തര ഉല്‍പാദനം കുറവായതിനാല്‍ വിലക്കയറ്റം അനിവാര്യമാണ്. അരി, ധാന്യങ്ങള്‍, ഭക്ഷ്യ എണ്ണകള്‍ എന്നിവയുടെ വില ആഗോളമായി തന്നെ വര്‍ദ്ധിക്കുകയാണ്''. വീണ്ടും 8-ാം ഖണ്ഡികയില്‍ അവര്‍ തുടരുന്നു -"ഭക്ഷ്യധാന്യങ്ങളുടെ വിലയുടെ കാര്യത്തില്‍ സാധാരണക്കാര്‍ക്ക് ആശ്വാസമേകുന്നതിന് എന്റെ സര്‍ക്കാര്‍ തുടര്‍ന്നും പ്രഥമ പരിഗണന നല്‍കുന്നതാണ്''. വീണ്ടും അവര്‍ ഇങ്ങനെ പറയുന്നു -"ഇതുമായി ബന്ധപ്പെട്ട് നയപരമായി സ്വീകരിക്കേണ്ട ഒരു കൂട്ടം നടപടികളെക്കുറിച്ച് പരിശോധിക്കുന്നതിന് കേന്ദ്ര ക്യാബിനറ്റിലെ മുതിര്‍ന്ന മന്ത്രിമാരെയും ചില മുഖ്യമന്ത്രിമാരെയും ഉള്‍പ്പെടുത്തി ഒരു കോര്‍ ഗ്രൂപ്പിന് രൂപം നല്‍കുന്നതാണ്''.

രാജ്യത്തോടും പാര്‍ലമെന്റിനോടും ഈ രണ്ട് സന്ദര്‍ഭങ്ങളിലും പ്രസിഡന്റ് ഇങ്ങനെ പറഞ്ഞതിനുശേഷം, വിലക്കയറ്റവും നാണയപ്പെരുപ്പവും നിയന്ത്രിക്കാന്‍ അവരുടെ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്തോ? ഏകകണ്ഠമായി പ്രമേയം അംഗീകരിക്കുന്നതിനുള്ള ഒരു പ്രത്യേക വ്യവസ്ഥ പ്രകാരമാണ് നാം ഇപ്പോള്‍ ഈ ചര്‍ച്ച നടത്തുന്നത്. ഇതില്‍നിന്നു തന്നെ ഒരു കാര്യം വ്യക്തമാണ്. വിലക്കയറ്റം തടയുന്നതിന് ഒന്നും ചെയ്യാന്‍ കെല്‍പില്ലാത്ത ഈ സര്‍ക്കാരിനെ ശാസിക്കണമെന്ന് നാം എല്ലാപേരും യോജിക്കുകയാണ് എന്നാണ് ഇതിനര്‍ത്ഥം. ഈ ചര്‍ച്ച നടക്കുന്നത് തന്നെ ഇക്കാര്യം ഭംഗ്യന്തരേണ സമ്മതിക്കലാണ്. വിലക്കയറ്റം തടയുന്നതിനുവേണ്ടി ഇനിയെങ്കിലും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഞങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്. എന്നാല്‍, വിലക്കയറ്റം തടയുന്നതില്‍ തങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നതായി സര്‍ക്കാര്‍ സമ്മതിക്കണം; ഇനിയെങ്കിലും ശക്തവും ഫലപ്രദവുമായ നടപടികള്‍ കൈക്കൊള്ളണം - ഈ ചര്‍ച്ച തുടങ്ങിയതോടെ ഈ ആവശ്യമാണ് സ്ഥാപിക്കപ്പെട്ടത്.

ആവശ്യവും ലഭ്യതയും തമ്മിലുള്ള പൊരുത്തക്കേട്

വിലക്കയറ്റം ആഗോളപ്രതിഭാസമാണെന്നും ആവശ്യവും ലഭ്യതയും തമ്മില്‍ പൊരുത്തക്കേട് ഉണ്ടെന്നും നാം കുറേക്കാലമായി കേള്‍ക്കാന്‍ തുടങ്ങിയതാണ്. അതെ, ആവശ്യവും ലഭ്യതയും തമ്മില്‍ പൊരുത്തക്കേടുണ്ട്. കഴിഞ്ഞ വര്‍ഷം നമ്മുടെ ഭക്ഷ്യധാന്യങ്ങളുടെയും പയര്‍വര്‍ഗങ്ങളുടെയും ഉല്‍പാദനം എന്തായിരുന്നു? ലോക്സഭയില്‍ ഒരു ചോദ്യത്തിന് മറുപടി ആയി മന്ത്രി പറഞ്ഞ കണക്കുകള്‍ ഞാന്‍ ഇവിടെ ഉദ്ധരിക്കാം. അതില്‍ പറയുന്നത്, 2006-07ല്‍ നാം 9.3 കോടി ടണ്‍ ഭക്ഷ്യധാന്യങ്ങളും പയര്‍വര്‍ഗങ്ങളും ഉല്‍പാദിപ്പിച്ചിരുന്നുവെന്നും 2007-08ല്‍ അത് 9.6 കോടി ടണ്‍ ആയി എന്നുമാണ് - അപ്പോള്‍ ഉല്‍പാദനം വര്‍ദ്ധിച്ചിരിക്കുകയാണ്. 2008-09ല്‍ അത് വീണ്ടും വര്‍ദ്ധിച്ച് 9.9 കോടി ടണ്ണായി. 2009-10ല്‍ ഇത് 8.7 കോടി ടണ്ണായി കുത്തനെ കുറഞ്ഞു. ഇപ്പോള്‍, കോണ്‍ഗ്രസ് വക്താവും ഈ ചര്‍ച്ച ഭരണബെഞ്ചില്‍നിന്ന് തുടങ്ങിവെച്ച എന്റെ സുഹൃത്തും പറഞ്ഞതുപോലെ, ഭക്ഷ്യധാന്യങ്ങളുടെയും പയര്‍വര്‍ഗങ്ങളുടെയും ഉല്‍പാദനത്തില്‍ കുത്തനെ കുറവ് സംഭവിച്ചതിനെ കാലവര്‍ഷം കുറഞ്ഞതുമായി നമുക്കും ബന്ധപ്പെടുത്താം. അപ്പോള്‍ സ്വാതന്ത്ര്യം ലഭിച്ച് 60 വര്‍ഷം പിന്നിട്ടിട്ടും നാം കാലവര്‍ഷത്തെ മാത്രം ആശ്രയിക്കാന്‍ പോവുകയാണോ? കാര്‍ഷികമേഖലയില്‍ നിക്ഷേപം നടത്താന്‍ സര്‍ക്കാര്‍ എന്തുചെയ്തു? ഈ കഴിഞ്ഞ പത്ത് വര്‍ഷം, കൃഷിയിലെ ശരാശരി നിക്ഷേപ നിരക്ക് നമ്മുടെ ജിഡിപിയുടെ രണ്ട് ശതമാനത്തിലും കുറവാണ്. കൃഷിയിലെ മൂലധനനിക്ഷേപത്തിന്റെ നിരക്ക് ഇതാണെങ്കില്‍, എങ്ങനെയാണ് നമുക്ക് നമ്മുടെ വിതരണം വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്നത്?

ഞാന്‍ സംസാരിക്കുന്നത് ആവശ്യവും ലഭ്യതയും തമ്മിലുള്ള പൊരുത്തക്കേടിനെക്കുറിച്ചാണ്. അത് പരിതാപകരമായവിധം അപര്യാപ്തമാണ്. നാം മനസ്സിലാക്കേണ്ട ഒരു കാര്യമാണത്. അതുകൊണ്ടാണ് ഹരിതവിപ്ളവം രാജ്യത്താകെ വ്യാപിപ്പിക്കുന്നതിനെ സംബന്ധിച്ച് നാം കേള്‍ക്കുന്നത്. അത്യുല്‍പാദനശേഷിയുള്ള വിത്തിനങ്ങളെക്കുറിച്ച് നാം കേള്‍ക്കുന്നുണ്ട്. എന്നാല്‍, സ്വാമിനാഥന്‍ കമ്മീഷന്‍ ഉന്നയിച്ച പല വിഷയങ്ങളും ഇനിയും നടപ്പിലാക്കിയിട്ടില്ല.

ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ അടിയന്തിരമായും ഈ സഭയ്ക്കും ഈ രാജ്യത്തിനും ഒരു ഉറപ്പ് നല്‍കേണ്ടത്. അതായത്, കാര്‍ഷികരംഗത്ത്, പ്രത്യേകിച്ചും നാം കാലവര്‍ഷത്തെ മാത്രം ആശ്രയിച്ച് കൃഷി ചെയ്യുന്നത് ഒഴിവാക്കാന്‍, ജലസേചന സൌകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിന്, പൊതുനിക്ഷേപത്തിനായി കൃത്യമായി തുക വകയിരുത്തും എന്ന് തുടര്‍ന്നുള്ള ദിവസങ്ങളിലും ഇനി വരുന്ന ബജറ്റുകളും ഉറപ്പാക്കണം.

ചീഞ്ഞുപോകുന്ന ഭക്ഷ്യധാന്യങ്ങള്‍

രണ്ടാമതായി, സര്‍ക്കാരിന്റെ കൈവശമുള്ള ഭക്ഷ്യധാന്യങ്ങളുടെ അളവിനെ സംബന്ധിച്ചുള്ള ചര്‍ച്ചകളും നാം കേള്‍ക്കുന്നുണ്ട്. ഈ വര്‍ഷം ബജറ്റിനുമുമ്പ് അവതരിപ്പിച്ച സാമ്പത്തിക സര്‍വെ വെളിപ്പെടുത്തുന്നത് ചട്ടപ്രകാരം സര്‍ക്കാര്‍ ഗോഡൌണുകളില്‍ കരുതലായി സൂക്ഷിക്കേണ്ട 200 ലക്ഷം ടണ്‍ അരിക്കും ഗോതമ്പിനും പകരം ഇപ്പോള്‍ 475 ലക്ഷം ടണ്‍ അരിയും ഗോതമ്പും ഗോഡൌണുകളില്‍ ഉണ്ടെന്നാണ്. അതിനുശേഷം ഇന്നു രാവിലെ നാം കേള്‍ക്കുന്ന വാര്‍ത്ത, കേന്ദ്ര ഗോഡൌണില്‍ ഇടമില്ലാത്തതിനാല്‍ ചുരുങ്ങിയത് 30 ലക്ഷം ടണ്‍ ഗോതമ്പ് ചീഞ്ഞുപോയതായിട്ടാണ്. ഈ ഗോതമ്പ് ചീഞ്ഞുപോകുന്നത് എങ്ങനെ എന്ന് ഫോട്ടോഗ്രാഫുകളിലൂടെയും ടി വി ചാനലുകളിലെ ദൃശ്യങ്ങളിലൂടെയും നാം കാണുകയും ചെയ്തു. നിങ്ങള്‍ സംഭരിക്കുന്ന ധാന്യം കൃത്യമായി സൂക്ഷിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍, എന്തുകൊണ്ടാണ് പട്ടിണി കിടക്കുന്നവര്‍ക്ക് അത് നല്‍കാതിരിക്കുന്നത് എന്ന് സുപ്രീംകോടതി സര്‍ക്കാരിനെ ശാസിക്കുന്നതും നാം കേട്ടു.

ആ സാഹചര്യത്തില്‍ ഈ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യപ്പെടാതിരിക്കുന്നത് എന്തുകൊണ്ട്? സംസ്ഥാനങ്ങള്‍ ഭക്ഷ്യധാന്യങ്ങള്‍ ഏറ്റെടുക്കുന്നില്ല എന്ന് ഭരണബെഞ്ചുകളിലെ നമ്മുടെ സുഹൃത്തുക്കള്‍ പറയുന്നത് നാം കേള്‍ക്കുന്നു. എന്തുകൊണ്ടാണ് സംസ്ഥാനങ്ങള്‍ ഭക്ഷ്യധാന്യങ്ങള്‍ എടുക്കാതിരിക്കുന്നത്? കേരളത്തിന്റെ കാര്യം തന്നെ നോക്കാം. അവര്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ മുന്‍പ് നല്‍കിയിരുന്നു. കേരള സംസ്ഥാനത്ത് എപിഎല്‍ നിരക്കില്‍ വിതരണം ചെയ്തിരുന്ന ധാന്യത്തിന്റെ 90 ശതമാനവും വെട്ടിക്കുറച്ചു. ബിപിഎല്‍ വില അനുസരിച്ച് നല്‍കിയിരുന്ന അരി 90,000 ടണ്ണോളം വെട്ടിക്കുറയ്ക്കുകയും "കമ്പോളവില അനുസരിച്ച്, അതായത് കിലോ ഗ്രാമിന് 17 രൂപ പ്രകാരം നിങ്ങള്‍ക്ക് അരിതരാം'' എന്ന് പറയുകയും ചെയ്താല്‍ ഏത് സംസ്ഥാനമാണ് 17 രൂപ എന്ന കമ്പോളവില കൊടുത്ത് കേന്ദ്രത്തില്‍നിന്ന് അരി വാങ്ങി പൊതുവിതരണസംവിധാനത്തിലൂടെ വിതരണം ചെയ്യാന്‍ തയ്യാറാകുന്നത്? നിങ്ങള്‍ നടത്തുന്നതാകെ വെറും പ്രഹസനമാണ്. വില നിയന്ത്രിക്കണമെന്ന താല്‍പര്യം നിങ്ങള്‍ക്കുണ്ടെങ്കില്‍ പൊതുവിതരണസംവിധാനം സാര്‍വത്രികമാക്കലല്ലാതെ മറ്റു മാര്‍ഗ്ഗമില്ല. അതോടൊപ്പം, എല്ലാ അവശ്യസാധനങ്ങളും പൊതുവിതരണസംവിധാനത്തിലൂടെ വിതരണം ചെയ്യുകയും വേണം. അങ്ങനെ മാത്രമേ നിങ്ങള്‍ക്ക് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ കഴിയൂ.

ഊഹക്കച്ചവടം

ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണമാകുന്ന മറ്റൊരു ഘടകം അവശ്യസാധനങ്ങളുടെ വ്യാപാരത്തിലെ ഊഹക്കച്ചവടമാണ്. ഇക്കാലമത്രയും ഞങ്ങള്‍ ഇത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അത് അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഇന്നു രാവിലെ ഭരണബഞ്ചുകളിലെ ഒരു സുഹൃത്ത് പറഞ്ഞത് അവശ്യസാധനങ്ങളുടെ അവധിവ്യാപാരം നിരോധിച്ചിരിക്കുന്നതായാണ്. അത് ശരിയല്ല. ഞങ്ങള്‍ തര്‍ക്കിച്ചപ്പോള്‍ അവര്‍ - "ചില ഇനങ്ങള്‍'' എന്ന് തിരുത്തി. എന്നാല്‍ ഞെട്ടിപ്പിക്കുന്ന ഒരു കണക്ക് ഈ സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നു. 2009 ഏപ്രില്‍ 1നും ജൂണ്‍ 30നും ഇടയ്ക്കുള്ള മൂന്ന് മാസത്തിനകം ചരക്ക് വിനിമയ വിപണിയില്‍ നടന്ന മൊത്തം വ്യാപാരത്തിന്റെ മൂല്യം 15,64,114.96 കോടി രൂപയുടേതായിരുന്നു. ഈ വര്‍ഷം ഇതേ മൂന്ന് മാസങ്ങളില്‍ നടന്ന വ്യാപാരത്തിന്റെ മൂല്യം 24,55,987.26 കോടി രൂപയായി കുതിച്ചുയര്‍ന്നു. അപ്പോള്‍, എന്തുകൊണ്ടാണ് ഈ കുതിച്ചുചാട്ടം ഉണ്ടായത്? അവധി വ്യാപാരത്തില്‍ ലാഭം ഉണ്ടാകണമെങ്കില്‍ വില വര്‍ദ്ധിക്കണം എന്ന കാര്യം എല്ലാപേര്‍ക്കും അറിയാവുന്നതാണ്. ഏതെങ്കിലും ഒരു സാധനം ഏതെങ്കിലും ഒരു വില നിശ്ചയിച്ച് അടുത്ത ജനുവരി 30ന് അത് കൈമാറും എന്ന വ്യവസ്ഥയില്‍ ഞാന്‍ ഒരു കച്ചവടം ഉറപ്പിക്കുകയാണെന്ന് സങ്കല്‍പിക്കുക. അപ്പോള്‍ ആ കൈമാറ്റം നടക്കുന്ന ദിവസം കമ്പോളത്തില്‍ ഞാന്‍ ഇപ്പോള്‍ കൊടുത്തതിനേക്കാള്‍ വില വര്‍ദ്ധിക്കുകയാണെങ്കില്‍ മാത്രമേ എനിക്ക് ലാഭമുണ്ടാക്കാന്‍ പറ്റൂ. വില എത്രത്തോളം ഉയരുന്നുവോ അത്രത്തോളം ലാഭം ഉറപ്പാണ്. അപ്പോള്‍ അങ്ങനെ ലാഭമുണ്ടാകുന്നതാകട്ടെ വില ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനാലുമാണ്. ചില ഇനങ്ങളുടെ അവധിവ്യാപാരം നിരോധിച്ചതു സംബന്ധിച്ചാണെങ്കില്‍, 2010ല്‍ അവധിവ്യാപാരം അനുവദിച്ച ചരക്കുകളുടെ പട്ടിക കമോഡിറ്റി എക്സ്ചേഞ്ച് പ്രസിദ്ധീകരിച്ചത് എന്റെ കൈവശമുണ്ട്. എന്തെല്ലാമാണ് ആ പട്ടികയില്‍ ഉള്ളത്? അവശ്യസാധനങ്ങളുടെ പേരു മാത്രം ഞാന്‍ ഇവിടെ പറയാം - "സുഗന്ധവ്യഞ്ജനങ്ങള്‍, ഭക്ഷ്യഎണ്ണകള്‍, പയര്‍വര്‍ഗങ്ങള്‍, പച്ചക്കറികള്‍, ഏലം, മല്ലി, ജീരകം, മഞ്ഞള്‍, കുരുമുളക്, വറ്റല്‍മുളക്, സംസ്കരിക്കാത്ത പാം ഓയില്‍, പാമോലിന്‍, കടുക് എണ്ണ, സോയാബീന്‍, വെളിച്ചെണ്ണ''. നിത്യോപയോഗത്തിനുള്ള ഈ സാധനങ്ങള്‍ എല്ലാം അവധിവ്യാപാരത്തിനായി ഊഹക്കച്ചവടവിപണിയിലെ പട്ടികയില്‍പെട്ടിരിക്കുകയാണ്. ഇത് പൂര്‍ണമായി നിരോധിച്ചില്ലെങ്കില്‍ വില നിയന്ത്രിക്കാന്‍ ആവില്ല. ഈ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ വിസമ്മതിക്കുന്നത് എന്തുകൊണ്ട്? ആഗോളാടിസ്ഥാനത്തില്‍ എണ്ണവിലയും ഭക്ഷ്യസാധനവിലയും വര്‍ദ്ധിക്കുന്നതില്‍ ഏകദേശം 70 ശതമാനവും ചരക്ക് വിനിമയ വിപണിയിലെ ഊഹക്കച്ചവടംമൂലമാണെന്നതാണ് വസ്തുത.

സാമ്പത്തികനയവുമായുള്ള ബന്ധം

അപ്പോള്‍ നാട്ടില്‍ ഇതെല്ലാം നടക്കുമ്പോള്‍, ചുരുങ്ങിയത് കുറച്ച് കാലത്തേയ്ക്കെങ്കിലും ഈ ഊഹക്കച്ചവടം - അവധി വ്യാപാരം - തടഞ്ഞുവെയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറായോ, ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ ശ്രമിച്ചോ? അങ്ങനെ നിങ്ങളുടെ തന്നെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഈ ഏര്‍പ്പാട് തുടരേണ്ടതുണ്ടോ എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കൂ. എന്നാല്‍, അങ്ങനെ സംഭവിക്കുന്നില്ല, അതിന് ഒരു കാരണവുമുണ്ട്. ഈ സര്‍ക്കാര്‍ പിന്തുടരുന്ന സാമ്പത്തികനയവുമായി അത് ബന്ധപ്പെട്ടിരിക്കുന്നു. അത് വിലക്കയറ്റവും നാണയപ്പെരുപ്പവുമായി മാത്രം ബന്ധപ്പെട്ട കാര്യമല്ല.

സര്‍ക്കാര്‍ പിന്തുടരുന്ന പൊതു സാമ്പത്തിക ഗതിക്രമം സ്വന്തം നിയന്ത്രണത്തില്‍ ആവശ്യത്തിലേറെ വിഭവങ്ങള്‍ ഇപ്പോള്‍ തന്നെ കൈയടക്കി വച്ചിട്ടുള്ളവര്‍ക്ക് വീണ്ടും ഉത്തേജനം നല്‍കുന്നത് ലക്ഷ്യമാക്കിയതാണ്. ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറി വരുന്നതിനും ഇന്ത്യയെ ഉയര്‍ന്ന വളര്‍ച്ചാ പന്ഥാവിലേക്ക് നയിക്കുന്നതിനുമുള്ള ശ്രമം തന്നെ ഈ വിധത്തിലാണ് നടത്തുന്നത്. ധനമന്ത്രി ബജറ്റ് രേഖയോടൊപ്പം ഹാജരാക്കിയ "ഒഴിവാക്കപ്പെട്ട നികുതി'' എന്ന പേരിലുള്ള വളരെ രസകരമായ ലഘുലേഖയില്‍ തന്നെ ഇക്കാര്യം പ്രതിഫലിക്കുന്നുണ്ട്. ഒഴിവാക്കപ്പെട്ട നികുതികളിലേക്ക് നാം ഒന്ന് നോക്കിയാല്‍ നിയമാനുസൃതം പിരിച്ചെടുക്കേണ്ടതും എന്നാല്‍ പിരിച്ചെടുക്കാതിരിക്കുന്നതുമായ തുക എത്രത്തോളമുണ്ടെന്ന് അറിയാന്‍ കഴിയും. തല്‍ഫലമായി സമ്പന്നര്‍ അതിസമ്പന്നരായി മാറുന്നു; ദരിദ്രരാകട്ടെ കൂടുതല്‍ ദരിദ്രരായും മാറുന്നു. നമ്മുടെ രാജ്യത്ത് ശതകോടീശ്വരന്മാരുടെ എണ്ണം ഇരട്ടിയായ, 26ല്‍നിന്ന് 52 ആയ പ്രതിഭാസം ഇങ്ങനെയാണ് ഉണ്ടാകുന്നത്. ഇന്ത്യയില്‍ ശതകോടീശ്വരന്മാരുടെ എണ്ണം കണക്കാക്കുന്നത് രൂപയുടെ അടിസ്ഥാനത്തിലല്ല, മറിച്ച് അവരുടെ ആസ്തി അമേരിക്കന്‍ ഡോളറില്‍ കണക്കാക്കിയാണ്. എന്നാല്‍, ഈ 52 ശതകോടീശ്വരന്മാരുടെ മൊത്തം ആസ്തി നമ്മുടെ ജിഡിപിയുടെ 25 ശതമാനത്തിന് തുല്യമാണ്. നമ്മുടെ പ്രധാനമന്ത്രി നിയമിച്ച ഒരു കമ്മിറ്റിയുടെ തലവന്‍ നമ്മുടെ ഒരു സഹപ്രവര്‍ത്തകനാണ് - അര്‍ജുന്‍സെന്‍ ഗുപ്ത. അദ്ദേഹം പറയുന്നത് 77 ശതമാനം ഇന്ത്യക്കാര്‍ക്കും പ്രതിദിനം 20 രൂപയില്‍ കുറഞ്ഞ തുക മാത്രമേ നിത്യവൃത്തിക്കായി ലഭിക്കുന്നുള്ളൂ എന്നാണ്. ഇവിടെ ഒരു ഐപിഎല്‍ ഇന്ത്യയുണ്ട്; അതേപോലെ ഒരു ബിപിഎല്‍ ഇന്ത്യയും. പവാര്‍ സാഹബ്, ഞാന്‍ താങ്കളുടെ ക്രിക്കറ്റ് അധ്യക്ഷപദവിയെക്കുറിച്ചല്ല പരാമര്‍ശിക്കുന്നത്; തെറ്റിദ്ധരിക്കണ്ട. പക്ഷേ നിങ്ങള്‍ ഒരു ഐപിഎല്‍ ഇന്ത്യയെയും ബിപിഎല്‍ ഇന്ത്യയെയും സൃഷ്ടിക്കുകയാണ്. ഇങ്ങനെയാണ് കാര്യങ്ങള്‍ നടക്കുന്നതെങ്കില്‍, പണം അതുള്ളവന്റെ പക്കലേക്കാണ് വീണ്ടും എത്തുന്നതെങ്കില്‍, അവര്‍ അതുകൊണ്ട് എന്തു ചെയ്യും? അവര്‍ അത് ഉല്‍പാദനത്തിനായി നിക്ഷേപിക്കുകയാണെങ്കില്‍, അവര്‍ ഉല്‍പാദിപ്പിക്കുന്നത് വാങ്ങാന്‍ പണമുള്ള ആളുകള്‍ ഉണ്ടാവണം. എന്നാല്‍, മഹാഭൂരിപക്ഷം ആളുകള്‍ക്കും ക്രയശേഷി തീരെ ഇല്ല. 77 ശതമാനം ഇന്ത്യക്കാര്‍ക്കും പ്രതിദിന ചെലവിന് 20 രൂപയേയുള്ളൂവെങ്കില്‍, അവര്‍ അതുകൊണ്ട് എന്തു വാങ്ങാനാണ്? അപ്പോള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത് വാങ്ങാന്‍ ആളില്ലെങ്കില്‍, പണമുള്ളവര്‍ പിന്നെ എന്തുചെയ്യും? അവര്‍ പണം ഊഹക്കച്ചവടത്തിന്, ചൂതാട്ടത്തിന് മുടക്കും. ഈ സാമ്പത്തികനയമാണ് ഊഹക്കച്ചവടത്തിലേക്ക് നയിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഊഹക്കച്ചവടം (അവധിവ്യാപാരം) നിരോധിക്കാന്‍ സര്‍ക്കാര്‍ വിസമ്മതിക്കുന്നത്. പക്ഷേ, അവശ്യസാധനങ്ങളുടെ അവധിവ്യാപാരം നിരോധിക്കാന്‍ നിങ്ങള്‍ തയ്യാറായില്ലെങ്കില്‍ വില നിയന്ത്രിക്കാന്‍ നിങ്ങള്‍ക്കാവില്ല.

പെട്രോള്‍ വില വര്‍ദ്ധന റദ്ദ് ചെയ്യുക

ബജറ്റില്‍ പ്രഖ്യാപിച്ച പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ദ്ധന ഉടന്‍ പിന്‍വലിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ട മൂര്‍ത്തമായ മൂന്നാമത്തെ കാര്യം. ഈ കാര്യം നാം മുന്‍പും ചര്‍ച്ച ചെയ്തതാണ്. എന്നാല്‍ അപ്പോള്‍ പെട്രോളിയം വില നിയന്ത്രണം നീക്കം ചെയ്തിരുന്നില്ല. ഇപ്പോള്‍ വില നിയന്ത്രണം മാറ്റിയിരിക്കുന്നു; പിന്നെ എന്തിനാണ് ബജറ്റില്‍ പ്രഖ്യാപിച്ച പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ദ്ധനവ് തുടരുന്നത്? വില വര്‍ദ്ധിപ്പിച്ച അതേസമയം തന്നെ, പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കുമേല്‍ ചുമത്തുന്ന നികുതിയില്‍നിന്ന് സര്‍ക്കാര്‍ എത്രത്തോളം വരുമാനം ഉണ്ടാക്കുന്നു എന്ന് കണക്കുകള്‍ നാം കണ്ടതാണ്. ഇവിടെ സര്‍ക്കാരിന്റെ പരിഗണനയ്ക്കായി ഞാന്‍ ഒരു കാര്യം ചൂണ്ടിക്കാണിക്കുകയാണ്. ക്രൂഡ് ഓയില്‍ നമ്മുടെ സമ്പദ്ഘടനയുടെ നിലനില്‍പിനുവേണ്ട ജീവവായുവായതിനാലാണ് നാം അത് ഇറക്കുമതി ചെയ്യുന്നത്. ക്ഷാമകാലത്ത് ഭക്ഷ്യധാന്യങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് പോലെയാണ് നമ്മുടെ രാജ്യത്ത് ക്രൂഡ് ഓയിലും പെട്രോളിയവും ഇറക്കുമതി ചെയ്യുന്നത്. ആളുകള്‍ പട്ടിണികൊണ്ട് മരിക്കുമ്പോഴാണ്, അവരെ ജീവിപ്പിക്കാന്‍ ഭക്ഷ്യധാന്യങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്. അപ്പോള്‍ അങ്ങനെ ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യധാന്യങ്ങള്‍ക്കുമേല്‍ നിങ്ങള്‍ നികുതി ചുമത്തുമോ? അതേപോലെ തന്നെയാണ് നമ്മുടെ സമ്പദ്ഘടനയെ സംബന്ധിച്ചിടത്തോളം ക്രൂഡ് ഓയിലും. നമ്മുടെ സമ്പദ്ഘടനയുടെ പ്രവര്‍ത്തനത്തിന് അനുപേക്ഷണീയമായ ഒരിനത്തിനുമേല്‍ നിങ്ങള്‍ നികുതി ചുമത്തുമോ? സര്‍ക്കാര്‍ വളരെയേറെ ഗൌരവപൂര്‍വം പരിഗണിക്കേണ്ട ഒരു പ്രശ്നമാണിത്. പെട്രോളിയം ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്കുമേല്‍ ചുമത്തുന്ന നികുതികളെക്കുറിച്ച് സര്‍ക്കാര്‍ പുനഃപരിശോധിക്കേണ്ടതാണ്. സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത് ഇങ്ങനെ നികുതി ചുമത്താന്‍ പറ്റിയില്ലെങ്കില്‍ വരുമാനം എവിടെനിന്ന് ഉണ്ടാക്കും എന്നാണ്; ഭാരത് നിര്‍മ്മാണ്‍ പരിപാടിക്കുവേണ്ട വരുമാനം എവിടെനിന്ന് ഉണ്ടാക്കും എന്നാണ് ചോദ്യം. അതാണ് ഞാന്‍ വീണ്ടും ധനമന്ത്രി ബജറ്റിനൊപ്പം അവതരിപ്പിച്ച ഉപേക്ഷിക്കപ്പെട്ട നികുതികള്‍ എന്ന രേഖയിലേക്ക് പിന്തിരിഞ്ഞ് നോക്കുന്നത്. അതില്‍ പറയുന്നത് കഴിഞ്ഞ ധനകാര്യവര്‍ഷം മാത്രം 5,18,000 കോടി രൂപയുടെ നികുതി ഉപേക്ഷിക്കപ്പെട്ടതായാണ്. എക്സൈസ് നികുതിയും അതുപോലുള്ള മറ്റു നികുതികളും ഇളവ് ചെയ്യുന്നത് സാമ്പത്തിക ഉത്തേജനത്തിന് സഹായിക്കുന്നുവെന്ന പേരില്‍ അനുവദിക്കാമെങ്കിലും കോര്‍പ്പറേറ്റ് മേഖലയ്ക്ക് പ്രത്യക്ഷ നികുതിയില്‍ നല്‍കുന്ന 80,000 കോടി രൂപയുടെ ഇളവും അതിസമ്പന്നരായവര്‍ക്ക് ആദായനികുതിയില്‍ നല്‍കുന്ന 40,000 കോടി രൂപയുടെ ഇളവും അവശേഷിക്കുന്നുണ്ടല്ലോ. അതായത് നികുതി ഇളവുകളിലൂടെ മൊത്തം 1,20,000 കോടി രൂപ ഉപേക്ഷിക്കപ്പെട്ട നികുതിയില്‍ ഉള്‍പ്പെടുന്നു. നിങ്ങള്‍ ഈ ഇളവുകള്‍ അനുവദിക്കുന്നില്ലെങ്കില്‍ പെട്രോളിയം മേഖലയില്‍നിന്നുള്ള നികുതി വരുമാനമായ 1,20,000 കോടി രൂപ മൊത്തമായി തന്നെ ഒഴിവാക്കാവുന്നതാണല്ലോ.

അപ്പോള്‍ ബദലുകളുണ്ട്. അതില്‍ ഏതാണ് സര്‍ക്കാര്‍ തെരഞ്ഞെടുക്കുന്നത് എന്നതാണ് പ്രശ്നം. പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കുമേലുള്ള നികുതികളിലൂടെ ജനങ്ങള്‍ക്കുമേല്‍ അധികബാധ്യത ചുമത്താതിരിക്കുകയോ സമ്പന്നര്‍ക്ക് നികുതി ഇളവുകള്‍ നല്‍കാതിരിക്കുകയോ ചെയ്യുക എന്നതാണ് സ്വീകരിക്കേണ്ട ബദല്‍. സമ്പന്നരില്‍നിന്ന് നിയമാനുസരണമുള്ള നികുതികള്‍ പിരിച്ചെടുക്കുക; എന്നിട്ട് ദരിദ്രര്‍ക്ക് ആശ്വാസമേകുക. ഇത് വര്‍ഗപരമായ ചായ്‌വിന്റെ പ്രശ്നമാണ്. സമ്പന്നര്‍ക്ക് നല്‍കുന്ന ഈ നികുതി ഇളവുകള്‍ ഒഴിവാക്കിക്കൊണ്ടല്ലാതെ വില വര്‍ദ്ധനവ് തടയാനാവില്ല.

വില കുറച്ച് നല്‍കുന്നു എന്ന നുണ

എണ്ണക്കമ്പനികള്‍ വില കുറച്ചാണ് വില്‍ക്കുന്നത്, അവ നഷ്ടം സഹിക്കുന്നു എന്നാണ് പ്രചരണം. ഭരണകക്ഷി ബഞ്ചുകളിലുള്ളവര്‍ ഈ പ്രശ്നം ഉന്നയിക്കുന്നു. എന്നാല്‍ ഇന്നലെ പെട്രോളിയം മന്ത്രി ഒരു ചോദ്യത്തിന് നല്‍കിയ ഉത്തരം - അച്ചടിച്ച് നല്‍കിയത് - ഒന്ന് നോക്കാം. അതില്‍ അദ്ദേഹം പറയുന്നത് ഒഎന്‍ജിസി ഉല്‍പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന് ബാരല്‍ ഒന്നിന് ഉല്‍പാദനച്ചെലവ് 35.94 ഡോളര്‍ ആണെന്നാണ്. കഴിഞ്ഞ 5 വര്‍ഷമായി ഇതാണ് സ്ഥിതി. എണ്ണ വിപണന കമ്പനികള്‍ക്ക് ഒഎന്‍ജിസി ബാരല്‍ ഒന്നിന് 55.94 ഡോളര്‍ വില ഈടാക്കിയാണ് വില്‍ക്കുന്നത്. ഓരോ ബാരല്‍ എണ്ണയില്‍നിന്നും 20 ഡോളര്‍ ഒഎന്‍ജിസി ലാഭം ഉണ്ടാക്കുന്നു. വില്‍ക്കുന്നതും വാങ്ങുന്നതും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികള്‍ തന്നെ. ഇത് പെട്രോളിയം മന്ത്രി തന്നെ ഇവിടെ പറഞ്ഞ കണക്കാണ്. ഉല്‍പാദനച്ചെലവ് 36 ഡോളര്‍ ആണെന്നു ഇരിക്കട്ടെ. ഒരു ഡോളറിന്റെ വിനിമയമൂല്യം 50 രൂപയാണെന്ന് വയ്ക്കുക. (അത് 46ഓ 47ഓ രൂപയാണ്). ഒരു ഡോളറിന് 50 രൂപ എന്ന നിരക്കില്‍ കണക്കാക്കിയാല്‍ ഒരു ബാരല്‍ എണ്ണയുടെ ഉല്‍പാദനച്ചെലവ് 1800 രൂപ. നിങ്ങള്‍ അത് 56 ഡോളറിന്, അതായത് 2800 രൂപയ്ക്ക് വില്‍ക്കുന്നു. ഒരു ബാരലില്‍ ഏകദേശം 160 ലിറ്റര്‍ എണ്ണ ഉണ്ടാവും. അപ്പോള്‍ ഒരു ലിറ്റര്‍ എണ്ണയുടെ വില എത്രയാവും? ലിറ്റര്‍ ഒന്നിന് 17.50 രൂപ ആവും. അതിന്റെ ശുദ്ധീകരണച്ചെലവ് ഒരു രൂപയാണ്. അപ്പോള്‍ അതുംകൂടി ചേര്‍ത്ത് ഒരു ലിറ്റര്‍ എണ്ണയുടെ വില 18.50 രൂപ. ഡല്‍ഹിയില്‍ നിങ്ങള്‍ അത് എത്ര രൂപയ്ക്കാണ് വില്‍ക്കുന്നത്? 53 രൂപയ്ക്ക്. മന്ത്രിയുടെ തന്നെ കണക്കനുസരിച്ചുള്ള ഉല്‍പാദനച്ചെലവാണിത്. 18.50 രൂപയില്‍ അധികം ഉല്‍പ്പാദനച്ചെലവാകുന്നില്ല. വില്‍ക്കുന്നതാകട്ടെ, 53 രൂപയ്ക്കും. ധനമന്ത്രാലയം ചുമത്തുന്നത് 50 ശതമാനം നികുതിയാണ്. അതുംകൂടി ചേര്‍ത്താലും നിങ്ങള്‍ക്ക് ഒരു ലിറ്റര്‍ പെട്രോളിന് 26 രൂപയോ 27 രൂപയോ കൂടിയാല്‍ 28 രൂപയോ ഈടാക്കി വില്‍ക്കാം. അതില്‍തന്നെ, ഉല്‍പാദനച്ചെലവ് 18 രൂപ മാത്രമാണ്. ഇതാണ് യാഥാര്‍ത്ഥ്യം. അപ്പോള്‍ ആരെയാണ് നിങ്ങള്‍ വിഡ്ഢികളാക്കുന്നത്? ഇനി നമുക്ക് വിലയിലെ ഇറക്കുമതി തുല്യതയെക്കുറിച്ച് നോക്കാം. ഇവിടെ ഉല്‍പാദനച്ചെലവ് അന്താരാഷ്ട്ര ഉല്‍പാദനച്ചെലവിനേക്കാള്‍ വളരെ കുറവായിരിക്കുമ്പോള്‍ ആ ഉല്‍പന്നത്തിന് ഉപഭോക്താവ് എന്തിന് അന്താരാഷ്ട്ര വില നല്‍കണം?ഞാന്‍ മറ്റൊരു ഉദാഹരണം പറയാം. ഇറ്റാലിയന്‍ ഷൂസ് ലോകപ്രശസ്തമാണ്. ഞാന്‍ ഇറ്റാലിയന്‍ തുകല്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയും അതുപയോഗിച്ച് ഇവിടെ ഷൂസ് നിര്‍മ്മിക്കുകയും ചെയ്യുന്നുവെന്ന് സങ്കല്‍പിക്കുക. അപ്പോള്‍ അതിന് 100 രൂപ ചെലവാകുന്നുവെന്നു കരുതുക. ഇറ്റലിയില്‍ അതിന് ഉല്‍പാദനച്ചെലവ് 1000 രൂപ ആയിരിക്കാം. ബ്രാന്‍ഡ് മാര്‍ക്കറ്റില്‍ അതിന് 10,000 രൂപ ആയിരിക്കാം. അവര്‍ ആ ഷൂസ് 12,000 രൂപയ്ക്ക് ആയിരിക്കാം വില്‍ക്കുന്നത്. ഇവിടെ അതേ ഷൂസ് ഞാന്‍ എന്തിന് എന്റെ ഉപഭോക്താവിന് 12,000 രൂപയ്ക്ക് വില്‍ക്കണം? (ഇവിടെ എനിക്ക് അതിന്റെ ഉല്‍പാദനച്ചെലവ് 100 രൂപ മാത്രമാണെന്ന് ഓര്‍ക്കുക). ഈ വ്യത്യാസത്തെയാണ് വില കുറച്ച് വില്‍ക്കല്‍ എന്ന് വിളിക്കുന്നത്. ഇവിടെ നഷ്ടമൊന്നും സംഭവിക്കുന്നില്ല. നഷ്ടത്തെക്കുറിച്ചുള്ള കണക്കുകള്‍ പറയുന്ന ഒഎന്‍ജിസിയുടെ ലാഭം കഴിഞ്ഞ വര്‍ഷം എത്ര ആയിരുന്നു? മന്ത്രിയുടെ മറുപടി ഇങ്ങനെ: "കഴിഞ്ഞ വര്‍ഷം അതിന്റെ ലാഭം 16,768കോടി രൂപ. എല്ലാ നികുതിയും കൊടുത്ത ശേഷമുള്ള ലാഭമാണിത്. അപ്പോള്‍, എന്താണ് ഈ വില കുറച്ച് വില്‍ക്കല്‍? നാം സ്വയം വിഡ്ഢിവേഷം കെട്ടുന്നത് എന്തിനാണ്? നാം അന്താരാഷ്ട്ര വിലയുടെ പിറകേ പോകുന്നത് എന്തിനാണ്? നിങ്ങള്‍ക്ക് അതുകൊണ്ട് നേട്ടമുണ്ടാകുന്നു, അതുകൊണ്ട് നിങ്ങള്‍ ജനങ്ങളെ ഞെക്കിപ്പിഴിഞ്ഞ് അത് ഈടാക്കുന്നു.

ഇന്ത്യയിലെ ഉല്‍പാദനച്ചെലവിന്റെ അടിസ്ഥാനത്തിലല്ല നിങ്ങള്‍ കണക്കുകൂട്ടുന്നത്. മറിച്ച് വിദേശങ്ങളിലെ ഉല്‍പാദനച്ചെലവിന്റെ അടിസ്ഥാനത്തിലാണ്. എന്നിട്ട് അതിന്റെ അടിസ്ഥാനത്തില്‍ പറയുന്നു നഷ്ടം സഹിക്കുകയാണെന്ന്. 2010 മാര്‍ച്ച് 31ന് അവസാനിച്ച വര്‍ഷത്തെ ആഡിറ്റ് ചെയ്ത കണക്കുപ്രകാരം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ലാഭം 10,998 കോടി രൂപയാണ്; പുറമെ 49,472 കോടി രൂപയുടെ കരുതല്‍ധനവും അതിനുണ്ട്. ഇത് ആഡിറ്റ് ചെയ്ത കണക്കാണ്. എന്നിട്ടാണ് നിങ്ങള്‍ പറയുന്നത്, എണ്ണക്കമ്പനികള്‍ നഷ്ടത്തിലാണെന്ന്. എച്ച്പിസിഎല്ലിന്റെയും ബിപിസിഎല്ലിന്റെയും ലാഭം എത്രയാണ്? എച്ച്പിസിഎല്‍ 2009ല്‍ 544 കോടി രൂപ ലാഭമുണ്ടാക്കി. ബിപിസിഎല്‍ 834 കോടി രൂപ ലാഭമുണ്ടാക്കി. നമ്മള്‍ ആരെയാണ് മണ്ടന്മാരാക്കുന്നത്? അന്താരാഷ്ട്ര വിലയുമായി ബന്ധപ്പെടുത്തിയുള്ള ഈ കണക്കുപറച്ചില്‍ അവസാനിപ്പിക്കണമെന്നാണ് എനിക്ക് സര്‍ക്കാരിനോട് പറയാനുള്ളത്. അത് ഇന്ദിരാഗാന്ധി എണ്ണ മേഖലയെ ദേശസാല്‍കരിക്കുന്നതിന് മുമ്പുള്ള രീതി ആയിരുന്നു. അത് ഇന്ത്യയില്‍ എസ്സൊയും കാള്‍ടെക്സും നിലനിന്ന കാലത്തെ രീതി ആയിരുന്നു - നാം കുട്ടികളെപ്പോലെ പിച്ചവെച്ച് നടക്കാന്‍ തുടങ്ങിയ കാലത്തെ രീതി - അവ അന്തര്‍ദേശീയ കമ്പനികളായിരുന്നു - ബഹുരാഷ്ട്ര കോര്‍പ്പറേഷനുകള്‍. അതുകൊണ്ട് അവര്‍ അന്താരാഷ്ട്ര വില അനുസരിച്ച് വില നിശ്ചയിച്ചിരുന്നു. എന്നാല്‍, ദേശസാല്‍ക്കരണത്തിനുശേഷം ഇവിടെ ഇന്ത്യന്‍ കമ്പനികളാണുള്ളത്. അപ്പോള്‍ വീണ്ടും നാം അന്താരാഷ്ട്ര വിലകളുടെ പിന്നാലെ പോകുന്നത് എന്തിന്? ഈ സമീപനം നിങ്ങള്‍ മാറ്റിയേ പറ്റൂ. ഇറക്കുമതി വില തുല്യതയുടെ പേരില്‍ നിങ്ങള്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ്. ഇത് പൂര്‍ണമായും അവസാനിപ്പിക്കണം. ഇത് ചെയ്തില്ലെങ്കില്‍, ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ കഴിയില്ല.

സംസ്ഥാനങ്ങളെ പഴിക്കുന്നത് എന്തിന്?

നികുതി പിരിവ് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഒരു പൊതുബാദ്ധ്യതയാണെന്ന ധനമന്ത്രിയുടെ പ്രസ്താവനയിലേക്ക് ഇനി നമുക്ക് കടക്കാം. ധനമന്ത്രിയുടെ കണക്കുകൂട്ടല്‍ പ്രകാരം ഈ വര്‍ഷം പെട്രോളിയം മേഖലയില്‍നിന്ന് പിരിച്ചെടുക്കാന്‍ പോകുന്നത് 1,08,000 കോടി രൂപയാണ്. എന്റെ കണക്കുപ്രകാരം ഇത് ഏകദേശം 1,20,000 കോടി രൂപയിലും അധികമായിരിക്കും. എന്തായാലും പുതുക്കിയ എസ്റ്റിമേറ്റ് വരുമ്പോള്‍ അക്കാര്യം വ്യക്തമാകും. ധനമന്ത്രി പറയുന്നത് 1,08,000 കോടി രൂപയില്‍നിന്ന് 24,000 കോടി രൂപ എല്ലാ സംസ്ഥാനങ്ങള്‍ക്കും കൂടി കൊടുക്കുന്നു എന്നാണ്. അപ്പോഴും കേന്ദ്രത്തിന്റെ കൈവശം 84,000 കോടി രൂപ അവശേഷിക്കുന്നുണ്ട്. എന്നിട്ട് അദ്ദേഹം അവകാശപ്പെടുന്നത് സംസ്ഥാനങ്ങള്‍ എല്ലാം ചേര്‍ന്ന് കൂട്ടായി 72,000 കോടി രൂപ സംസ്ഥാനതല നികുതിയായി പിരിക്കുന്നു എന്നാണ്. അങ്ങനെ ഈ 72,000 കോടി രൂപയും കേന്ദ്രത്തില്‍നിന്ന് ലഭിക്കുന്ന 24,000 കോടി രൂപയും ചേര്‍ന്ന് സംസ്ഥാനങ്ങള്‍ക്കെല്ലാം കൂടി 96,000 കോടി രൂപ ലഭിക്കുമ്പോള്‍ കേന്ദ്രത്തിന് 84,000 കോടി രൂപയേ ലഭിക്കുന്നുള്ളൂ എന്നാണ് അദ്ദേഹം പറയുന്നത്.

അപ്പോള്‍ കാര്യം ഇതാണ്. സംസ്ഥാനങ്ങള്‍ക്ക് 96,000 കോടി രൂപ ലഭിക്കുന്നു എന്നും വിലക്കയറ്റത്തിനു കാരണമാകുന്ന മുഖ്യബാധ്യത സംസ്ഥാനങ്ങളുടെ ഈ നികുതി ആണ് എന്നുമാണ് അദ്ദേഹം രാജ്യത്തെ ജനങ്ങളോട് പറയുന്നത്. പക്ഷേ, കേന്ദ്രത്തിന്റെ ഈ 84,000 കോടി രൂപ നേരിട്ട് വിലയില്‍ ആണ് വരുന്നത്. 96,000 കോടി രൂപ 28 സംസ്ഥാനങ്ങളാണ് പിരിച്ചെടുക്കുന്നത്. സംസ്ഥാനാടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ ശരാശരി ഓരോ സംസ്ഥാനവും 3500 കോടി രൂപയില്‍ കുറഞ്ഞ തുക മാത്രമാണ് പിരിക്കുന്നത്. അപ്പോള്‍, വില വര്‍ദ്ധനവിന് ഇടയാക്കുന്ന വിധമുള്ള നികുതി ബാധ്യത എന്നാല്‍ കേന്ദ്രത്തിന്റെ 84,000 കോടി രൂപയും സംസ്ഥാനങ്ങളുടെ 3,428.57 കോടി രൂപയും ആണ്. അതാണ് സംഗതി. അപ്പോള്‍ ഒരു സംസ്ഥാനത്തിന് 3,428.57 കോടി രൂപ മാത്രമേ ലഭിക്കുന്നുള്ളൂ. അതുകൊണ്ട്, സംസ്ഥാനങ്ങളെ പഴിക്കേണ്ട. പല സംസ്ഥാനങ്ങള്‍ക്കും വ്യത്യസ്തമായ വില്‍പന നികുതിയാണുള്ളത്. ചില സംസ്ഥാനങ്ങളില്‍ ഇത് കുറവാണെങ്കില്‍ മറ്റു ചില സംസ്ഥാനങ്ങളില്‍ കൂടുതലാണ്.

ഈ സര്‍ക്കാര്‍ ഈ സഭയോടും ജനങ്ങളോടും രാജ്യത്തോടും പറയേണ്ടത് വരുമാനം വര്‍ദ്ധിപ്പിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ തേടുന്നതിനുള്ള ഗൌരവതരമായ പരിഗണന നടത്തുമോ എന്നാണ്. ഒന്നാമതായി, നികുതി ഇളവുകളും നികുതി ഒഴിവാക്കലുകളും ഉപേക്ഷിക്കുക - കഴിഞ്ഞ വര്‍ഷം മാത്രം അത് 4.10 ലക്ഷം കോടി രൂപ ഉണ്ടായിരുന്നു. ഈ ബജറ്റില്‍ ഇത് 5.18 ലക്ഷം കോടി രൂപയാണ്. ഈ തരത്തിലുള്ള നികുതിഇളവുകള്‍ നല്‍കുന്നതിനുപകരം ഈ നികുതികള്‍ പിരിച്ചെടുക്കുകയും ജനങ്ങള്‍ക്കായി അത് ചെലവഴിക്കുകയും ചെയ്യുക. അപ്പോള്‍ മാത്രമേ സാധാരണക്കാര്‍ക്ക് ആശ്വാസം ലഭിക്കൂ. രണ്ടാമതായി, ഡീസല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു കോടി രൂപയില്‍ അധികം വിലയുള്ള ആഡംബര കാര്‍ വാങ്ങാന്‍ കഴിയുന്ന ആള്‍ക്ക് സബ്സിഡി നിരക്കില്‍ ഡീസല്‍ നല്‍കേണ്ടതുണ്ടോ? ശരിയാണ്. ഇരട്ടവില ഒരു പ്രശ്നം തന്നെയാണ്. പക്ഷേ, ഇത്തരം ആഡംബര ഡീസല്‍ കാറുകള്‍ക്ക് ഒറ്റത്തവണ സെസ് ഏര്‍പ്പെടുത്താവുന്നതാണ്. ഒരു കോടി രൂപ വിലയുള്ള ഡീസലില്‍ പ്രവര്‍ത്തിക്കുന്ന മെര്‍സിഡെസ് ബെന്‍സ് കാര്‍ വാങ്ങുന്ന ഒരാളില്‍നിന്ന് അത് വാങ്ങുന്ന അവസരത്തില്‍ 10 ലക്ഷം രൂപ സെസ്സായി ഈടാക്കാവുന്നതാണ്. പ്രതിവര്‍ഷം നമ്മുടെ രാജ്യത്ത് 1,50,000 ആഡംബര കാറുകള്‍ വില്‍ക്കപ്പെടുകയോ വാങ്ങപ്പെടുകയോ ചെയ്യുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ഈ 1,50,000 കാറുകള്‍ക്ക് 10 ലക്ഷം രൂപ വീതം ഒറ്റത്തവണ സെസ് ഏര്‍പ്പെടുത്തിയാല്‍ സര്‍ക്കാരിന് എത്ര രൂപ വരുമാനം ഉണ്ടാകും? എന്തുകൊണ്ട് നിങ്ങള്‍ ഇത് പരിഗണിക്കുന്നില്ല? അതിനും പുറമെ ഡീസല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ജനറേറ്ററുകളുണ്ട്. ഇന്ത്യന്‍ കര്‍ഷകര്‍ക്ക് ഡീസലിന് നല്‍കുന്ന സബ്സിഡി ഈ വിഭാഗങ്ങള്‍ക്ക് എന്തിന് നല്‍കണം? വില വര്‍ദ്ധിപ്പിക്കുന്നതിനുപകരം സാമ്പത്തികശേഷിയുള്ളവരില്‍നിന്ന് ഈ രീതിയില്‍ നികുതി ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചാണ് നിങ്ങള്‍ ചിന്തിക്കേണ്ടത്.

നയം മാറ്റുക; ബദലുകള്‍ നടപ്പിലാക്കുക

ഈ വിലക്കയറ്റം തടയാന്‍ കൃത്യമായും പൂര്‍ണമായും കഴിയും. ചെയ്യേണ്ട കാര്യങ്ങള്‍ ഇവയാണ്:- (1) ബജറ്റില്‍ നിങ്ങള്‍ വരുത്തിയ വര്‍ദ്ധന ഉടന്‍ പിന്‍വലിക്കുക. (2) അടിയന്തിരമായും പൊതുവിതരണ സമ്പ്രദായം സാര്‍വത്രികമാക്കുക; നിങ്ങളുടെ കൈവശമുള്ള അധിക ഭക്ഷ്യധാന്യശേഖരം ജനങ്ങള്‍ക്ക് വിതരണം ചെയ്യുക. (3) എല്ലാ അവശ്യസാധനങ്ങളുടെയും അവധിവ്യാപാരവും ഊഹക്കച്ചവടവും നിര്‍ത്തലാക്കുക. (4) സമ്പന്നര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നത് ഒഴിവാക്കുക; ഇതിനു പകരം അവരില്‍നിന്ന് പണം പിരിച്ചെടുക്കുക; പൊതുനിക്ഷേപം വര്‍ദ്ധിപ്പിക്കുക, ജനങ്ങള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നല്‍കുക. അങ്ങനെ ആയാല്‍ അവര്‍ക്ക് ലഭിക്കുന്ന ശമ്പളം നമ്മുടെ സമ്പദ്ഘടനയില്‍ ആഭ്യന്തരചോദനം വര്‍ദ്ധിപ്പിക്കും. അത് വളര്‍ച്ചയെ ത്വരിതപ്പെടുത്തും.

ഇതെല്ലാം കൃത്യമായും സാധ്യമാണ്. നിങ്ങള്‍ ഇത് ചെയ്യുന്നില്ലെങ്കില്‍, മറ്റു ചിലത് സംഭവിക്കും. കാരണം, പണമുള്ളവര്‍ക്ക് കൂടുതല്‍ പണംകിട്ടുകയാണ്; അവര്‍ അതുകൊണ്ട് എന്തു ചെയ്യും? മുതലാളിത്ത ജീര്‍ണതയുടെ വളര്‍ച്ചയായിരിക്കും തുടര്‍ന്നുണ്ടാവുന്നത്. ഞാന്‍ മുമ്പ് സൂചിപ്പിച്ചതുപോലെ ഇവിടെ ഒരു ഐപിഎല്‍ ഇന്ത്യയും ബിപിഎല്‍ ഇന്ത്യയുമുണ്ട്. ഇപ്പോള്‍, നാം കേള്‍ക്കുന്നത് കോമണ്‍ വെല്‍ത്ത് ഗെയിംസ് കുംഭകോണത്തെക്കുറിച്ചാണ്. നിയമവിരുദ്ധ ഖനനമാണ് ഇപ്പോള്‍ നടക്കുന്ന മറ്റൊരു സംഗതി. ഈ വിധത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ വളര്‍ച്ചയായിരിക്കും ഇനി ഉണ്ടാവുന്നത്. അത് സാധാരണ ജനങ്ങളുടെ ജീവിതദുരിതം ഇനിയും വര്‍ദ്ധിപ്പിക്കും. പണക്കാരന്റെ ലാഭം വീണ്ടും തടിച്ചുകൊഴുക്കും. അതുകൊണ്ടാണ് ഈ ജീര്‍ണിച്ച മുതലാളിത്ത പ്രക്രിയ നമ്മുടെ ജനാധിപത്യ പ്രക്രിയയെ തന്നെ ദുഷിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിധി നിശ്ചയിച്ചതിനെ തന്നെ വെറും പ്രഹസനമാക്കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പുകളിലെ ഈ ജീര്‍ണിച്ച മുതലാളിത്തത്തിന്റെ ഫലമായി, ജനാധിപത്യം തന്നെ തകര്‍ക്കപ്പെടുകയാണ്. സോഷ്യലിസത്തിന്റെ കാര്യം പോകട്ടെ, ജനാധിപത്യംപോലും ഈ പ്രക്രിയയില്‍ വക്രീകരിക്കപ്പെടുകയാണ്. ആയതിനാല്‍ അവസാനമായി ഞാന്‍ പറയുന്നത്, വില വര്‍ദ്ധന നിയന്ത്രിക്കുന്നതിന്റെ പ്രശ്നം കേവലം നാണയപ്പെരുപ്പം തടയുക എന്ന സാങ്കേതിക പ്രശ്നമല്ല. ഇപ്പോള്‍ പിന്തുടരുന്ന സാമ്പത്തികനയത്തെക്കുറിച്ച് ഗൌരവപൂര്‍വം വീണ്ടുവിചാരം നടത്തേണ്ടതാണ്. അല്ലെങ്കില്‍ ഈ ജീര്‍ണിച്ച മുതലാളിത്തം നമ്മുടെ ജനാധിപത്യത്തെ തന്നെ തകര്‍ക്കും. അപകോളനീകരണ പ്രക്രിയയിലൂടെ നാം കൈവരിച്ച ഏറ്റവും വലിയ നേട്ടമായി നാം അഭിമാനം കൊള്ളുന്നതാണ് ഭരണഘടനയിലൂടെ ഇന്ത്യയില്‍ ഇന്ന് നിലനില്‍ക്കുന്ന പ്രായപൂര്‍ത്തി വോട്ടവകാശം. അതുപോലും ഇന്ന് കടുത്ത വെല്ലുവിളി നേരിടുകയാണ്. 1949 നവംബര്‍ 25ന് കോണ്‍സ്റ്റിറ്റ്യൂവന്റ് അസംബ്ളിയില്‍ നമ്മുടെ ഇന്നത്തെ ഭരണഘടനയുടെ കരട് സമര്‍പ്പിച്ചുകൊണ്ട് ബാബാ സാഹേബ് അംബേദ്കര്‍ നല്‍കിയ താക്കീത് ഓര്‍മ്മിപ്പിച്ചുകൊണ്ട് ഞാന്‍ അവസാനിപ്പിക്കാം: "1950 ജനുവരി 26ന് നാം വൈരുദ്ധ്യങ്ങളുടേതായ ജീവിതത്തിലേക്ക് കടക്കാന്‍ പോവുകയാണ്. രാഷ്ട്രീയത്തില്‍ നമുക്ക് തുല്യത ഉണ്ടാകും; സാമൂഹികവും സാമ്പത്തികവുമായ ജീവിതത്തില്‍, നമുക്ക് അസമത്വമായിരിക്കും. രാഷ്ട്രീയത്തില്‍ ഒരാള്‍ക്ക് ഒരു വോട്ട്, ഒരു വോട്ടിന് ഒരു വില എന്ന തത്വം നാം അംഗീകരിക്കും. നമമുടെ സാമൂഹികവും സാമ്പത്തികവുമായ ജീവിതത്തില്‍, നമ്മുടെ സാമൂഹികവും സാമ്പത്തികവുമായ ഘടന തുടരുന്നതു കാരണം, ഒരാള്‍ക്ക് ഒരു വില എന്ന തത്വം നിഷേധിക്കുന്നത് തുടരും. വൈരുദ്ധ്യങ്ങളുടേതായ ഈ ജീവിതം നമുക്ക് എത്ര നാള്‍ തുടരാനാവും? നമ്മുടെ സാമൂഹികവും സാമ്പത്തികവുമായ ജീവിതത്തില്‍ തുല്യത നിഷേധിക്കുന്നത് നമുക്ക് എത്രകാലം തുടരാനാവും? ഇങ്ങനെ ഇത് നിഷേധിക്കുന്നത് നാം തുടരുകയാണെങ്കില്‍, നമ്മുടെ രാഷ്ട്രീയ ജനാധിപത്യത്തെ അപകടത്തില്‍ അകപ്പെടുത്തിയിട്ടായിരിക്കും നാം അങ്ങനെ ചെയ്യുന്നത്. സാധ്യമാകുന്നേടത്തോളം നേരത്തെ ഈ വൈരുദ്ധ്യത്തെ നാം നീക്കം ചെയ്യണം. ഇല്ലെങ്കില്‍ ഈ സഭ വളരെയേറെ ക്ളേശിച്ച്, കഠിനാധ്വാനം ചെയ്ത് രൂപം നല്‍കിയ രാഷ്ട്രീയ ജനാധിപത്യത്തിന്റെ ഘടനയെ തന്നെ അസമത്വം അനുഭവിക്കുന്നവര്‍ തകര്‍ക്കും''.

*
സീതാറാം യെച്ചൂരി കടപ്പാട്: ചിന്ത വാരിക 27-08-2010 ലക്കം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഈ വിലക്കയറ്റം തടയാന്‍ കൃത്യമായും പൂര്‍ണമായും കഴിയും. ചെയ്യേണ്ട കാര്യങ്ങള്‍ ഇവയാണ്:- (1) ബജറ്റില്‍ നിങ്ങള്‍ വരുത്തിയ വര്‍ദ്ധന ഉടന്‍ പിന്‍വലിക്കുക. (2) അടിയന്തിരമായും പൊതുവിതരണ സമ്പ്രദായം സാര്‍വത്രികമാക്കുക; നിങ്ങളുടെ കൈവശമുള്ള അധിക ഭക്ഷ്യധാന്യശേഖരം ജനങ്ങള്‍ക്ക് വിതരണം ചെയ്യുക. (3) എല്ലാ അവശ്യസാധനങ്ങളുടെയും അവധിവ്യാപാരവും ഊഹക്കച്ചവടവും നിര്‍ത്തലാക്കുക. (4) സമ്പന്നര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നത് ഒഴിവാക്കുക; ഇതിനു പകരം അവരില്‍നിന്ന് പണം പിരിച്ചെടുക്കുക; പൊതുനിക്ഷേപം വര്‍ദ്ധിപ്പിക്കുക, ജനങ്ങള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നല്‍കുക. അങ്ങനെ ആയാല്‍ അവര്‍ക്ക് ലഭിക്കുന്ന ശമ്പളം നമ്മുടെ സമ്പദ്ഘടനയില്‍ ആഭ്യന്തരചോദനം വര്‍ദ്ധിപ്പിക്കും. അത് വളര്‍ച്ചയെ ത്വരിതപ്പെടുത്തും.