സാംസ്‌ക്കാരിക മണ്ഡലത്തിലാണ് രാഷ്‌ട്രീയഇസ്ളാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.... എന്താണ് അവരുടെ ലക്ഷ്യം?
രാഷ്‌ട്രീയ ഇസ്ലാമുമായി ബന്ധപ്പെട്ട എല്ലാ ധാരകളും അവരുടെ പോരാട്ടം നടത്തുന്നത് സാംസ്‌ക്കാരിക മണ്ഡലത്തിലാണ്. എന്നാല്‍ സംസ്‌ക്കാരമെന്നത് യഥാര്‍ത്ഥത്തില്‍ മതവുമായുള്ള ബന്ധമാണെന്ന് ന്യൂനീകരിക്കുകയും ചെയ്യുന്നു ഇവര്‍. യഥാര്‍ത്ഥത്തില്‍ രാഷ്‌ട്രീയഇസ്ലാമിന്റെ തീവ്രവാദികള്‍ മതരൂപവത്കരണത്തിന്റെ അടിസ്ഥാനമായ വരട്ടുവാദങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ താത്പര്യപ്പെടുന്നവരല്ല. ഒരു സമുദായത്തോടുള്ള വിധേയത്വം യാന്ത്രികമായി ആവര്‍ത്തിക്കുകയെന്നത് മാത്രമാണ് അവരുടെ ജോലി. ആധുനിക ലോകത്തെക്കുറിച്ചുള്ള ഇത്തരത്തിലുള്ള വീക്ഷണം അത് മറച്ചുപിടിക്കാന്‍ ശ്രമിക്കുന്ന ചിന്തയുടെ അന്തസ്സാരശൂന്യത കൊണ്ടുതന്നെ അരോചകമാണ്. സാമ്രാജ്യത്വകേന്ദ്രങ്ങളും അധിനിവേശമേഖലകളും തമ്മിലുള്ള സംഘര്‍ഷത്തെ സംസ്‌ക്കാരങ്ങള്‍ തമ്മിലെ ഏറ്റുമുട്ടലെന്ന് വിളിക്കുന്ന പ്രതിഭാസം കൊണ്ട് മറച്ചുപിടിക്കുന്ന സാമ്രാജ്യത്വതന്ത്രങ്ങളെ രാഷ്‌ട്രീയഇസ്ലാം ന്യായീകരിക്കുകയാണ് ചെയ്യുന്നത്. സംസ്‌ക്കാരത്തിനു മേലുള്ള ഈ ഏകപക്ഷിയമായ ഊന്നല്‍ മൂലം രാഷ്‌ട്രീയഇസ്ലാമിന് ചില പ്രയോജനങ്ങള്‍ ലഭിക്കുന്നുണ്ട്. തങ്ങളെ ചൂഷണത്തിന് വിധേയമാക്കുന്ന ആഗോളമുതലാളിത്ത വ്യവസ്ഥിതിയുമായി ജനങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്ന സാമൂഹികസംഘര്‍ഷങ്ങളെ, ജീവിതത്തിന്റെ എല്ലാ മേഖലയില്‍ നിന്നും മറച്ചുപിടിക്കാന്‍ ഇവര്‍ക്ക് ഇതു മൂലം കഴിയുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ സാമൂഹികസംഘര്‍ഷം നടക്കുന്ന മേഖലകളില്‍ രാഷ്‌ട്രീയഇസ്ലാമിന്റെ പ്രവര്‍ത്തകരുടെ സാന്നിദ്ധ്യം തന്നെ ഉണ്ടാകാറില്ല. ഇത്തരത്തിലുള്ള സംഘര്‍ഷങ്ങള്‍ക്ക് യാതൊരു പ്രാധാന്യവുമില്ലെന്നാണ് രാഷ്‌ട്രീയഇസ്ലാമിന്റെ വക്താക്കള്‍ നിരന്തരം ആവര്‍ത്തിക്കുന്നത്. ആരോഗ്യകേന്ദ്രങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും തുടങ്ങാന്‍ മാത്രമാണ് രാഷ്‌ട്രീയ ഇസ്ലാമിന്റെ വക്താക്കള്‍ സാമൂഹികസംഘര്‍ഷം രൂക്ഷമായ മേഖലകളില്‍ എത്തുന്നത്. യഥാര്‍ത്ഥത്തില്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ മതവിശ്വാസം അടിച്ചേല്പിക്കുന്നതിനുള്ള സേവനപ്രവര്‍ത്തനങ്ങള്‍ മാത്രമാണ്. പട്ടിണിക്ക് കാരണമാകുന്ന വ്യവസ്ഥയ്‌ക്കെതിരെ ജനങ്ങള്‍ നടത്തുന്ന പോരാട്ടത്തെ സഹായിക്കുന്നതിനായല്ല, രാഷ്‌ട്രീയഇസ്ലാമിന്റെ വക്താക്കള്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്, എന്നാണ് നാം മനസ്സിലാക്കേണ്ടത്.
സ്വത്ത്, അസമത്വം, മുതലാളിത്തം തുടങ്ങിയവയെല്ലാം ദൈവകല്‍പ്പിതമാണെന്ന് രാഷട്രീയഇസ്ളാം പറയുന്നു... സാമ്രാജ്യത്വവിരോധം അതിലുണ്ടുതാനും ?
യഥാര്‍ത്ഥ സാമൂഹികപ്രശ്‌നങ്ങളുടെ കാര്യം വരുമ്പോള്‍ രാഷ്‌ട്രീയഇസ്ലാം മുതലാളിത്തത്തോടും സാമ്രാജ്യത്വത്തോടുമാണ് ഐക്യപ്പെടുന്നത്. സ്വത്ത് എന്നത് വിശുദ്ധമാണെന്ന ചിന്തയെ അത് പിന്തുണയ്‌ക്കുന്നു. അസമത്വമടക്കം മുതലാളിത്തഉത്പാദനത്തിന് ആവശ്യമായ എല്ലാ കാര്യങ്ങള്‍ക്കും രാഷ്‌ട്രീയ ഇസ്ളാം പിന്തുണ നല്‍കുകയും ചെയ്യുന്നു. ചെറുകിടകര്‍ഷകത്തൊഴിലാളികളുടെ താത്പര്യത്തിനെതിരെ അടുത്തിടെ ഈജിപ്‌തില്‍ പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തിന് മുസ്ലിം ബ്രദര്‍ഹുഡ് പിന്തുണ നല്‍കിയതിനെ ഇതിന്റെ ഉദാഹരണമായി കാണാവുന്നതാണ്. ഇത്തരത്തിലുള്ള നൂറുകണക്കിന് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാവുന്നതേയുള്ളൂ. മുസ്ലിം രാഷ്‌ട്രങ്ങളില്‍ നടപ്പിലാക്കുന്ന ഏതെങ്കിലും പിന്തിരിപ്പന്‍ നിയമത്തെ ഇസ്ലാമിക സംഘടനകള്‍ എതിര്‍ത്തതിന്റെ ഒരു ഉദാഹരണവും ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. അതുമാത്രമല്ല, ഇത്തരത്തിലുള്ള പ്രതിലോമകരമായ നയങ്ങള്‍ നടപ്പിലാക്കുന്നത് സാമ്രാജ്യത്വശക്തികളെക്കൂടി വിശ്വാസത്തിലെടുത്താണ്. രാഷ്‌ട്രീയ ഇസ്ലാം ഒരിക്കലും സാമ്രാജ്യത്വവിരുദ്ധമല്ല, അതിന്റെ വക്താക്കള്‍ മറിച്ച് അവകാശപ്പെടുന്നുണ്ടെങ്കിലും. രാഷ്‌ട്രീയഇസ്ലാം തങ്ങളുടെ നല്ല കൂട്ടാളികളാണെന്ന് തിരിച്ചറിയുന്നത് സാമ്രാജ്യത്വം തന്നെയാണ്. പാകിസ്‌താനിലെയും സൌദി അറേബ്യയിലെയും ഭരണാധികാരികളെ തങ്ങളുടെ ആള്‍ക്കാരായാണ് രാഷ്‌ട്രീയ ഇസ്ലാം പരിഗണിക്കുന്നത്. രാഷ്‌ട്രീയഇസ്ളാമിന്റെ ആദ്യകാല പ്രചാരകരും ഈ ഭരണാധികാരികളായിരുന്നു.
സാമ്രാജ്യത്വവുമായുള്ള ബന്ധം മനസ്സിലാക്കുന്നതോടെ ഇക്കാര്യവും മനസ്സിലാക്കാന്‍ നമുക്ക് എളുപ്പം കഴിയും. ദല്ലാള്‍ ബൂര്‍ഷ്വാ വിഭാഗങ്ങളും ആഗോളവത്കരണത്തിന്റെ ഗുണഭോക്താക്കളായ സമ്പന്നവര്‍ഗവും രാഷ്‌ട്രീയഇസ്ലാമിനെ വലിയ തോതില്‍ പിന്തുണച്ചു. സാമ്രാജ്യത്വ വിരുദ്ധകാഴ്‌ചപാടുകള്‍ക്ക് പകരം പാശ്ചാത്യവിരുദ്ധ (ക്രൈസ്‌തവ വിരുദ്ധ) നിലപാടുകളാണ് രാഷ്‌ട്രീയഇസ്ലാം സ്വീകരിച്ചിരിക്കുന്നത്. ഇത് സമൂഹത്തെ ഒരു പ്രതിസന്ധിയിലെത്തിക്കുകയും സാമ്രാജ്യത്വനിയന്ത്രണത്തെ ചെറുക്കാനുള്ള ശേഷി ഇല്ലാതാകുകയും ചെയ്യുന്നു അതുകൊണ്ടുതന്നെ, രാഷ്‌ട്രീയഇസ്ലാം പ്രതിലോമകരം മാത്രമല്ല, പല സ്ഥലങ്ങളിലും അമുസ്ലിങ്ങള്‍ക്കുനേരെ മതതീവ്രവാദപരമായ ആക്രമണങ്ങള്‍ക്ക് പ്രേരണ നല്‍കുകയും ചെയ്യുന്നു. ഈജിപ്‌തിലെ കോപ്റ്ററുകള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണം ഇതിന്റെ ഉദാഹരണമാണ്. ഇതു കൊണ്ടൊക്കെയാണ് രാഷ്‌ട്രീയ ഇസ്ലാം അടിസ്ഥാനപരമായി പ്രതിലോമകരമാണെന്ന് വിശേഷിപ്പിക്കപ്പെടുന്നത്. മാനവികവിമോചനത്തിനായുള്ള മുന്നേറ്റങ്ങളില്‍ അതുകൊണ്ടുതന്നെ രാഷ്‌ട്രീയഇസ്ലാമിന് പങ്കാളികളാവാന്‍ കഴിയില്ല.
എന്നിട്ടും അവര്‍ വലിയ അളവില്‍ ജനങ്ങളെ അണിനിരത്തുന്നുണ്ട്.
രാഷ്‌ട്രീയഇസ്ലാമുമായി ഇടപഴകുന്നതിന് പലരും ഇതൊരു ന്യായീകരണമാക്കുന്നുണ്ട്. രാഷ്‌ട്രീയഇസ്ലാം വലിയ ജനസഞ്ചയത്തെ അണിനിരത്തുന്നുണ്ട് എന്നത് നിഷേധിക്കാനാവില്ല. അതിനെ അവഗണിക്കാനോ അപഹസിക്കാനോ കഴിയില്ല. പുറത്തുവന്നുകൊണ്ടിരിക്കുന്ന നിരവധി ചിത്രങ്ങള്‍ ഈ വാദത്തെ ബലപ്പെടുത്തുന്നുണ്ട്. എന്നിരുന്നാലും ജനങ്ങളെ അണിനിരത്തുന്നു എന്ന വാദത്തെ പക്വമായി പരിശോധിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് രാഷ്‌ട്രീയ ഇസ്ലാം നേടിയ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ പരിശോധിക്കപ്പെടേണ്ടതാണ്. ഈജിപ്‌തില്‍ 75% ആളുകളും തിരഞ്ഞെടുപ്പില്‍ പങ്കെടുത്തിരുന്നില്ല. രാഷ്‌ട്രീയ ഇസ്ലാമിന്റെ ശക്തിയെ സംഘടിത ഇടതുപക്ഷത്തിന്റെ ദൌര്‍ബല്യമായാണ് കാണേണ്ടത്. ഇപ്പോള്‍ സാമൂഹികസംഘര്‍ഷം നടക്കുന്ന മേഖലകളില്‍ സംഘടിത ഇടതുപക്ഷത്തെ കാണാനാവുന്നില്ല എന്നതാണ് സത്യം.
വലിയൊരു വിഭാഗം ജനങ്ങളെ സംഘടിപ്പിക്കാന്‍ കഴിയുന്നതുകൊണ്ടുമാത്രം ഇടതുപക്ഷത്തിന്റെ രാഷ്‌ട്രീയ-സാമൂഹിക ഇടപെടലുകളില്‍, രാഷ്‌ട്രീയ ഇസ്ലാമിനെ സഹകരിപ്പിക്കണമെന്ന നിലപാട് എത്രത്തോളം ന്യായീകരിക്കാന്‍ കഴിയും?
രാഷ്‌ട്രീയ ഇസ്ലാം ജനങ്ങളെ സംഘടിപ്പിക്കുന്നുവെന്നത് ഒരു വസ്‌തുതയാണ്. ക്രിയാത്മക രാഷ്‌ട്രീയ ഇടപെടലുകള്‍ നടത്തുന്നവര്‍ ഈ വസ്‌തുതകൂടി മനസ്സിലാക്കാന്‍ സ്വയം തയ്യാറാകുകയാണ് വേണ്ടത്. അല്ലാതെ രാഷ്‌ട്രീയ ഇസ്ലാമിനെ നേരിടാന്‍ അതുമായി സഖ്യമുണ്ടാക്കുന്നത് നല്ല മാര്‍ഗ്ഗമല്ല. യഥാര്‍ത്ഥത്തില്‍ രാഷ്‌ട്രീയ ഇസ്ലാമിന്റെ ഭാഗമായ സംഘടനകള്‍ ഇടതുപക്ഷവുമായുള്ള സഹകരണം ആഗ്രഹിക്കുന്നില്ലെന്ന് മാത്രമല്ല, അതിനെ തള്ളിക്കളയുകയും ചെയ്യുന്നു. ഉദാഹരണത്തിന് ഈജിപ്‌തിലെ മുസ്ലിം ബ്രദര്‍ഹുഡ്. ഇനി നിര്‍ഭാഗ്യത്തിന് ഏതങ്കിലും ഇടതുപക്ഷസംഘടനയെ രാഷ്‌ട്രീയ ഇസ്ലാമിസ്റുകള്‍ അംഗീകരിച്ചുവെന്ന് കരുതുക. എന്തായിരിക്കും യഥാര്‍ത്ഥത്തില്‍ പിന്നീട് സംഭവിക്കുക? ഇക്കൂട്ടര്‍ എങ്ങനെയെങ്കിലും അധികാരത്തില്‍ എത്തിയാല്‍ ആദ്യം ഇല്ലാതാക്കാന്‍ ശ്രമിക്കുക തങ്ങള്‍ക്ക് ബാധ്യത സൃഷ്‌ടിക്കുന്ന ഇടതുപക്ഷക്കാരെയാവും, അവര്‍ക്കെതിരെ അങ്ങേയറ്റത്തെ ആക്രമണമാണ് പിന്നീട് ഉണ്ടാവുക. ഇറാനില്‍ മുജാഹിദ്ദീനും ഇടതുസംഘടനയായ ഖല്‍ഖിനുമിടയില്‍ സംഭവിച്ചത് ഇതിന്റെ ഉദാഹരണമാണ്.
അവരുടെ സാമ്രാജ്യത്വവിരുദ്ധ വാചകകസര്‍ത്താണ് പലരെയും പുളകം കൊളളിക്കുന്നത് ?
ശരിയാണ്. രാഷ്‌ട്രീയ ഇസ്ലാമുമായി ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന് പറയുന്നവരുടെ മറ്റൊരു പ്രധാന വാദം പ്രതിലോമകരമായ സാമൂഹിക നിലപാടാണെങ്കിലും സാമ്രാജ്യത്വ വിരുദ്ധസമീപനമാണ് രാഷ്‌ട്രീയ ഇസ്ലാമിനുള്ളതെന്നാണ്. ഇതുമായി ബന്ധപ്പെട്ട് എനിക്കെതിരെ ഉന്നയിക്കുന്ന ഒരു വിമര്‍ശനം എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം കാര്യങ്ങളില്‍ എന്റെ നിലപാട് സാമ്പത്തിക മാത്രവാദമാണെന്നാണ് ഇന്നയിക്കപ്പെട്ടിട്ടുള്ള ആരോപണം. ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ പലപ്പോഴും അതിന്റെ രാഷ്‌ട്രീയവും ജനാധിപത്യപരവുമായ നിലപാടുകളില്‍ സ്ഥിരത പുലര്‍ത്തുന്നില്ല എന്ന നിരീക്ഷണത്തെ ഞാനും പങ്കിടുന്നു. അങ്ങനെ നോക്കുമ്പോള്‍ 'സാമ്രാജ്യത്വവിരുദ്ധമായ' രാഷ്‌ട്രീയഇസ്ലാം സാമൂഹികമേഖലയില്‍ പ്രതിലോമകരമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. പലസ്‌തീനിലെ ഹമാസ്, ലെബനണിലെ ഹിസ്‌ബുള്ള, ഇറാഖിലെ ചില ചെറുത്തുനില്പ് സംഘങ്ങള്‍ എന്നിവ ഇതുമായി ബന്ധപ്പെട്ട് മനസ്സിലെത്തുന്ന സംഘടനകളാണ്. രാഷ്‌ട്രീയ ഇസ്ലാം എന്നത് സമ്പൂര്‍ണമായി സാമ്രാജ്യത്വ വിരുദ്ധമല്ലെന്ന് മാത്രമല്ല, ലോകത്തിലെ അധികാര ശക്തികളുമായി ചേര്‍ന്നാണ് അതിന്റെ പ്രവര്‍ത്തനം നടക്കുന്നതും.
'ഇസ്ലാംമോഫോബിയ' നേരിടുന്നതില്‍ ഇടതുപക്ഷം ഇടപെടേണ്ടതിന്റെ ആവശ്യകത പലരും ചൂണ്ടിക്കാണിക്കുന്നു.
ഇത്തരം കാര്യങ്ങളോടുള്ള പുരോഗമന പക്ഷത്തിന്റെ പ്രതികരണം സമുദായവത്കരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കില്ല. ഫ്രാന്‍സില്‍ ആധുനികതയ്‌ക്ക് മുന്‍പുണ്ടായിരുന്ന ലോകത്തില്‍ ബൂര്‍ഷ്വാസിയും അന്ന് നിലനിലനിന്നിരുന്ന ആധിപത്യ വ്യവസ്ഥിതിയും തമ്മിലുണ്ടായിരുന്ന ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയായിരുന്നു മതേതരത്വം പോലുള്ള സങ്കല്പനങ്ങള്‍ ഉണ്ടായത്. പളളിയുടെ സാമൂഹിക ഇടപെടല്‍ നിലനിര്‍ത്തിക്കൊണ്ടുളള ഈ ആദ്യ സങ്കല്‍പ്പങ്ങള്‍ മതേതരത്വത്തെ ദുര്‍ബലപ്പെടുത്തിയിരുന്നു. അമേരിക്കയിലാവട്ടെ അതിന്റെ സവിശേഷമായ ചരിത്രപ്രക്രിയ അങ്ങേയറ്റം പ്രതിലോമകരമായ രാഷ്‌ട്രീയസംസ്‌ക്കാരത്തിനാണ് രൂപം നല്‍കിയത്. ഈ സംസ്‌ക്കാരത്തില്‍ യഥാര്‍ത്ഥ മതേതരത്വസങ്കല്പങ്ങള്‍ക്ക് യാതൊരു പ്രസക്തിയും ഉണ്ടായിരുന്നില്ല. ആ സമൂഹത്തില്‍ മതേതരത്വമെന്നത് നിരവധി മതങ്ങളെ ഔദ്യോഗികമതമാക്കുന്ന സംവിധാനം കൂടിയായിരുന്നു.
സമൂഹത്തിന്റെ രൂപപ്പെടുത്തലിന് മതേതരത്വം എത്രത്തോളം ഉയര്‍ത്തിപ്പിടിച്ചുവെന്ന കാര്യം ആധുനികത എന്ന സങ്കല്പത്തെ സംബന്ധിച്ചുപോലും വളരെ പ്രധാനമാണ്. സമൂഹിക പരിണാമത്തെ ക്രമപ്പെടുത്തുന്നതില്‍ രാഷ്‌ട്രീയത്തിന്റെ പ്രധാന്യത്തെ ഊന്നിപ്പറയുന്നവരാണ് ഇടതുപക്ഷം. അത് തീവ്രസ്വഭാവമുള്ളവരായാലും അതുപോലെ മിതവാദികളായാലും, ഇടതുപക്ഷം മതേതരത്വത്തിന്റെ പ്രധാന ആശയങ്ങളെയും പ്രതിരോധിക്കുന്നവരാണ്. യാഥാസ്ഥിതിക വലതുപക്ഷത്തെ സംബന്ധിച്ച് എല്ലാതരം പ്രതിഭാസങ്ങളും, അത് രാഷ്‌ട്രീയമോ, സാമൂഹികമോ സാമ്പത്തികമോ ആവട്ടെ, അവയുടെ പരിണാമം ബാഹ്യമായ യാതൊരു ഇടപെടലും ഇല്ലാതെ നടക്കേണ്ടതാണ്. ഈ നിലപാട് സാമ്പത്തിക കാര്യത്തില്‍ വരുമ്പോള്‍ മൂലധനത്തെ സഹായിക്കുന്ന, വിപണിക്കുവേണ്ടി ഉന്നയിക്കപ്പെടുന്ന വാദമാകുന്നു. രാഷ്‌ട്രീയത്തില്‍ അത് വലിയ പ്രത്യാഘാതമൊന്നും സൃഷ്‌ടിക്കാത്ത ജനാധിപത്യത്തെ സ്വീകരിക്കുന്നു. ബദലുകളല്ല, ഇടയ്‌ക്കിടെ ഉള്ള പകരംവെയ്‌ക്കലുകള്‍ക്കാണ് ഇത്തരം വ്യവസ്ഥ അനുകൂലിക്കുന്നത്. സാമൂഹികതലത്തിലാവട്ടെ, രാഷ്‌ട്രീയത്തിന്റെ പോരായ്‌മകളില്‍ ഇടപെടാന്‍ സമുദായങ്ങള്‍ക്ക് സാധിക്കുമെന്ന നിലപാടാണ് യാഥാസ്ഥിതിക വലതുപക്ഷത്തിന്റെത്. പ്രാതിനിധ്യ ജനാധിപത്യവും വിപണിയും ചരിത്രം സൃഷ്‌ടിക്കുമെന്നും അതിന് അവയെ അനുവദിക്കുകയും വേണമെന്ന നിലവാടാണ് വലതുപക്ഷത്തിന്റേത്.
ഇടതുപക്ഷത്തിന്റെ തിരിച്ചടികളുടെതായ സമകാലികാവസ്ഥയില്‍ ഇത്തരം വീക്ഷണങ്ങള്‍ക്ക് വലിയ പ്രാമുഖ്യം ലഭിക്കുന്നുണ്ട്. അമേരിക്കയിലെ പ്രതിലോമകരമായ രാഷ്‌ട്രീയ സംസ്‌ക്കാരം രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന്റെ പ്രാമുഖ്യത്തെ വലിയരീതിയില്‍ കുറച്ചുകാണിക്കുന്നുണ്ട്. അമേരിക്ക എന്ന രാഷ്‌ട്രീയത്തെ ദൈവമാണ് പ്രചോദിപ്പിക്കുന്നതെന്ന ചിന്ത മതേതരത്വം എന്ന ആശയത്തെത്തന്നെ ഒന്നുമല്ലാതാക്കി കളയുകയാണ് ചെയ്യുന്നത്. ദൈവം ചരിത്രം സൃഷ്‌ടിക്കുന്നുവെന്ന് പറയുന്നത് വിപണിക്ക് അപ്രമാദിത്വം നല്‍കുന്നതിനുവേണ്ടിയാണ്.
ഈ വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ പശ്ചിമേഷ്യ എവിടെയാണ് നില്‍ക്കുന്നത് ?
പര്‍ദ ധരിച്ച സ്‌ത്രീകളുടെയും തലതാഴ്ത്തിപ്പിടിച്ചിരിക്കുന്ന താടിവെച്ച പുരുഷന്‍മാരുടെയും ചിത്രങ്ങള്‍ മതത്തോടുള്ള വ്യക്തികളുടെ വിധേയത്വത്തെയാണ് കാണിക്കുന്നത്. തങ്ങള്‍ക്ക് സൌകര്യപ്രദമായ പ്രതിച്‌ഛായകള്‍ സൃഷ്‌ടിക്കുന്നതില്‍ അധികാരികള്‍ പലമാര്‍ഗ്ഗങ്ങളും സ്വീകരിക്കുന്നുണ്ട്. ഇക്കാര്യം മറന്നു കൊണ്ടാണ് വ്യത്യസ്‌ത വിശ്വാസങ്ങളെ ബഹുമാനിക്കണമെന്ന് പറയുന്ന പാശ്ചാത്യ 'സംസ്‌ക്കാര' സുഹൃത്തുകള്‍ തങ്ങളുടെ വാദം മുന്നോട്ടുവെക്കുന്നത്. എന്നാല്‍ പശ്ചിമേഷ്യക്ക് എല്ലാക്കാലത്തും ഈ പ്രതിച്‌ഛായ മാത്രമല്ല ഉണ്ടായിരിക്കുന്നത്. ഓരോ രാജ്യങ്ങള്‍ക്കുമിടയിലെ വ്യത്യസ്‌തകള്‍ക്കപ്പുറം, മൊറോക്കോ മുതല്‍ അഫ്‌ഗാനിസ്ഥാന്‍ വരെയുള്ള രാഷ്‌ട്രങ്ങളിലും അതുപോലെ തുര്‍ക്കികളിലും ഇറാന്‍ വംശജരിലും മധ്യേഷ്യന്‍ റിപ്പബ്ളിക്കിലെ ജനങ്ങള്‍ക്കിടയിലും മതേതരത്വത്തിന്റെ വളര്‍ച്ചയ്‌ക്കുള്ള എല്ലാ സാധ്യതകളും കാണാന്‍കഴിയും. അറബ് പ്രദേശങ്ങളിലും പാകിസ്ഥാനിലും സ്ഥിതി വ്യത്യസ്‌തമാണ്. നവോത്ഥാനത്തിന്റെയും ഫ്രഞ്ച് വിപ്ളവത്തിന്റെയും അതുപോലെ റഷ്യന്‍ വിപ്ളവത്തിന്റെയും മൂന്നാം ഇന്റര്‍നാഷണലിന്റെയും കമ്യൂണിസത്തിന്റെയും ഒക്കെ രാഷ്‌ട്രീയ ധാരകള്‍ ഈ വിശാലമായ മേഖലയില്‍ പ്രതിഫലിച്ചിരുന്നു. വെസ്റ്മിനിസ്റര്‍ സമ്പ്രദായത്തിലുള്ള പാര്‍ലമെന്ററി സംവിധാനത്തെക്കാളും മേല്‍ സൂചിപ്പിച്ച രാഷ്‌ട്രീയാശയങ്ങള്‍ക്ക് ഇവിടെ പ്രാമുഖ്യം കിട്ടിയിരുന്നു. ഭരണകൂടങ്ങള്‍ നടപ്പിലാക്കിയ രാഷ്‌ട്രീയ മാറ്റത്തിനുവേണ്ടിയുള്ള ഇടപെടലുകളില്‍ ഇത്തരത്തിലുള്ള ആശയങ്ങളുടെ സ്വാധീനമുണ്ടായിരുന്നു. ഇതുകൊണ്ടാണ് ഇവിടുത്തെ ഭരണ സംവിധാനത്തെ ഭാഗികമായെങ്കിലും 'ബോധോദയമുള്ള ഏകാധിപത്യം' എന്ന് വിളിക്കാന്‍ കഴിയുന്നത്. ഖെദെയ്‌വ് ഇസ്‌മയിലിന്റെയും മുഹമ്മദലിയുടെയും ഈജിപ്‌ത് ഇതിന് ഉദാഹരണമായി കാണാവുന്നതാണ്. തുര്‍ക്കിയിലെ കിമാലിസവും ഇറാനിലെ ആധുനികവത്കരണവും ഇതിന്റെ ഭാഗമാണ്, സമീപകാലത്തെ ജനപ്രിയ ദേശീയതയെയും ഇതിന്റെ ഭാഗമായി കാണാവുന്നതാണ്. അള്‍ജീരിയയിലെ ദേശീയതയെയും ഇതിന്റെ ഭാഗമായി കാണാവുന്നതാണ്. അള്‍ജീരിയയിലെ ദേശീയവിമോചന മുന്നണി, ട്യുണീഷ്യയിലെ ബൌര്‍ഗ്വിബ്‌സം, ഈജിപ്‌തിലെ നാസറിസം, സിറിയയിലെയും ഇറാഖിലെയും ബാത്തിസം എന്നിവയൊക്കെ ഇതിന്റെ ഭാഗമായി കാണാവുന്നതാണ്. ഈ ഭരണ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സാമ്യമുണ്ടായിരുന്നു. അഫ്‌ഗാനിസ്ഥാനിലും, ദക്ഷിണ യമനിലും ഉണ്ടായിരുന്ന 'കമ്യൂണിസ്‌റ്റ് എന്നറിയപ്പെട്ട സര്‍ക്കാറുകളുടെ പ്രവര്‍ത്തനങ്ങളിലും സാമ്യമുണ്ടായിരുന്നു. ഇവര്‍ പല കാര്യങ്ങളും ചെയ്‌തു. അതു കൊണ്ട് വലിയ തോതിലുള്ള ജനപിന്തുണയും ഇവര്‍ക്ക് ലഭിച്ചു.
ഈ ഭരണകൂടങ്ങളൊന്നും കൃത്യമായ അര്‍ത്ഥത്തില്‍ ജനാധിപത്യ സ്വഭാവമുള്ളതായിരുന്നില്ല. എന്നാലും ആധുനിക രാഷ്‌ട്രീയ സംവിധാനങ്ങളുടെ വികസനത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍ ഈ ഭരണകൂടങ്ങളുടെ ഭാഗത്തുനിന്നുണ്ടായി. ഈജിപ്‌ത്തില്‍ 1920 മുതല്‍ 1950 വരെയുള്ള കാലത്ത് തിരഞ്ഞെടുപ്പ് ജനാധിപത്യ സമ്പ്രദായത്തില്‍ ചില പരീക്ഷണങ്ങള്‍ നടത്തുകയുണ്ടായി, സാമ്രാജ്യത്വ വിരുദ്ധരായ വാഫ്‌ദ് പാര്‍ട്ടിയുടെ പിന്തുണയും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ എതിര്‍പ്പും ഇതിനുണ്ടായിരുന്നു. ചെറിയ രീതിയില്‍ നടപ്പിലാക്കിയ മതേതരത്വാശയങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞില്ല. മറിച്ച് മതവാദികളായവരെയാണ് പൊതുവില്‍ ജനങ്ങള്‍ പ്രതിലോമകാരികള്‍ എന്ന് വിലയിരുത്തിയത്.
മധ്യവര്‍ഗ്ഗ-മതേതരരാഷ്‌ട്രീയരൂപങ്ങളെ അട്ടിമറിക്കാനുളള ഇടനിലക്കാരായി സാമ്രജ്യത്വം 'രാഷ്‌ട്രീയ ഇസ്ളാമിനെ' വളര്‍ത്തിയെടുത്തു എന്ന് പറയാമോ?
തീര്‍ച്ചയായും.. ഇത്തരത്തിലുള്ള മാറ്റങ്ങള്‍ 'ബോധോദയമുള്ള ഏകാധിപത്യ' സംവിധാനങ്ങള്‍ മുതല്‍ ജനപ്രിയ ദേശീയതവരെയുള്ള രാഷ്‌ട്രീയരൂപങ്ങള്‍-യാദൃച്‌ഛികമായി സംഭവിച്ചതായിരുന്നില്ല. മധ്യവര്‍ത്തികള്‍ക്കിടയിലുണ്ടായിരുന്ന പ്രസ്ഥാനങ്ങളാണ് ഇത്തരത്തിലുള്ള ഭരണകൂടങ്ങളെ സൃഷ്‌ടിച്ചത്. ഇങ്ങനെ ഈ വര്‍ഗങ്ങള്‍ ആഗോളവത്കരണത്തിന്റെ ആധുനികതയുമായി ഐക്യപ്പെടുകയാണ് ചെയ്‌തത്. ഈ ദേശീയ ബൂര്‍ഷ്വാ സംവിധാനങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആധുനികവും മതേതരത്വവും ജനാധിപത്യവികസനത്തിന്റെ ഏജന്റുകളുമായിരുന്നു. ഈ സംവിധാനം അടിസ്ഥാനപരമായും സാമ്രാജ്യത്വവിരുദ്ധമായതുകൊണ്ടുതന്നെ ശക്തമായ എതിര്‍പ്പിന് വിധേയമാക്കപ്പെട്ടു. ഇതിനുവേണ്ടി സാമ്രാജ്യത്വം പ്രതിലോമകാരികളെ ഉപയോഗിച്ചു. മുസ്ളിം ബ്രദര്‍ഹുഡിന്റെ ചരിത്രം ഇക്കാര്യത്തില്‍ വളരെ പ്രസക്തമാണ്. 1920-ല്‍ ബ്രിട്ടനും രാജഭരണകൂടവുമാണ് മുസ്ളിം ബ്രദര്‍ഹുഡ് രൂപവത്കരിച്ചത്. മതേതര പാര്‍ട്ടിയായിരുന്ന വാഫ്‌ദിന്റെ വളര്‍ച്ച തടയുകയായിരുന്നു ലക്ഷ്യം.
നാസറിന്റെ മരണ ശേഷം സൌദി അറേബ്യയിലെ പ്രവാസം മതിയാക്കി ബ്രദര്‍ഹുഡിനെ അനുകൂലിക്കുന്നവര്‍ തിരിച്ചെത്തിയത് സി.ഐ.എ.യുടെ പ്രേരണയാലായിരുന്നു. അഫ്‌ഗാനിസ്‌താനിലെ കമ്യൂണിസ്‌റ്റുകളെ നേരിടാന്‍ രൂപവത്കരിക്കപ്പെട്ട താലിബാന്റെ കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. പലസ്‌തീന്‍ പ്രതിരോധത്തിന്റെ മതേതര സ്വഭാവം തകര്‍ക്കുന്നതിന് ആദ്യകാലത്ത് ഇസ്രായേല്‍ ഹമാസിനെ സഹായിച്ച കാര്യവും എല്ലാവര്‍ക്കും അറിയാവുന്നതാണ്. അമേരിക്കയുടെ തുടര്‍ച്ചയായ സഹായമുണ്ടായിരുന്നില്ലെങ്കില്‍ രാഷ്‌ട്രീയ ഇസ്ളാമിന് പാകിസ്‌താന്റെയും സൌദി അറേബ്യയുടെയും അതിര്‍ത്തികടക്കാന്‍ കഴിയുമായിരുന്നില്ല.
സൌദിമണ്ണില്‍ പെട്രോളിയം കണ്ടെടുക്കുമ്പോള്‍ ആ രാജ്യം പരമ്പരാഗത രീതികളില്‍ നിന്ന് മോചിപ്പിക്കപ്പെട്ടിരുന്നില്ല. പെട്രോളിയം കണ്ടെത്തിയതോടെയാണ് അവിടുത്തെ പരമ്പരാഗത ഭരണകര്‍ത്താക്കളുമായുള്ള ബന്ധത്തിന് അമേരിക്കന്‍ സാമ്രാജ്യത്വം പ്രാധാന്യം നല്‍കിയത്. ഇത് സൌദി ഭരണവര്‍ഗമായ വഹാബിക്ക് പുതിയ രാഷ്‌ട്രീയ ജീവന്‍ നല്‍കി. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് ഇന്ത്യന്‍ ഐക്യം തകര്‍ക്കാനും മുസ്ളിം നേതാക്കളെകൊണ്ട് പ്രത്യേക രാജ്യം സൃഷ്‌ടിക്കാനും കഴിയും. ആദ്യകാലം മുതല്‍തന്നെ രാഷ്‌ട്രീയഇസ്ളാമിന്റെ സൈദ്ധാന്തികഅടിത്തറ മൌദൂദിയിലാണെങ്കിലും ബ്രിട്ടീഷ് സാമ്രാജ്യത്തിനുവേണ്ടി ഇംഗ്ളീഷ് ഓറിയന്റിലിസ്‌റ്റുകളാണ് ഇതിന് സ്വീകാര്യത നല്‍കിയത്. ഏഷ്യന്‍-ആഫ്രിക്കന്‍ രാഷ്‌ട്രങ്ങള്‍ ബാന്റുങില്‍ 1955-ല്‍ ഉണ്ടാക്കിയ കൂട്ടായ്‌മയ്‌ക്ക് പകരം 1957-ല്‍ തന്നെ ഇസ്ളാമിക സമ്മേളനം നടത്തുന്നതിന് അമേരിക്ക പ്രോത്സാഹനം നല്‍കിയതെന്തുകൊണ്ടാണെന്ന് മനസ്സിലാക്കുകയെളുപ്പമാണ്. പാകിസ്‌താനും സൌദി അറേബ്യയുമാണ്, ഈ സമ്മേളനത്തിന് മുന്‍കൈയെടുത്തത്. രാഷ്‌ട്രീയഇസ്ളാം അങ്ങനെയൊക്കെയാണ് മറ്റ് മേഖലകളിലേക്ക് കടന്നുകയറിയത്. രാഷ്‌ട്രീയഇസ്ളാമെന്നത് ഏതെങ്കിലും ആളുകളുടെ ശക്തമായ രാഷ്‌ട്രീയ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുന്നതല്ല. രാഷ്‌ട്രീയ ഇസ്ളാമെന്നത് പ്രതിലോമകാരികളുടെയും ദല്ലാള്‍ ഭരണകൂടത്തിന്റെയും പിന്തുണയോടെ സാമ്രാജ്യത്വം നിര്‍മിച്ചതും നടപ്പിലാക്കുന്നതുമായ പരിപാടിയാണ്. ഇതിനെ എങ്ങിനെ നേരിടണമെന്ന് അറിയാതിരിക്കുകയും ഇതിനെ കാണാതിരിക്കുകയും ചെയ്‌ത ഇടതുപക്ഷത്തിനും ഈ അവസ്ഥ ഉണ്ടായതിന്റെ ഉത്തരവാദിത്വം ഉണ്ടെന്നത് അവിതര്‍ക്കിതമായ കാര്യമാണ്.
അമേരിക്കയുടെയും രാഷ്‌ട്രീയ ഇസ്ളാമിന്റെയും ആദ്യപ്രയോഗകേന്ദ്രമായി പശ്ചിമേഷ്യ മാറിയത് യാദൃച്‌ഛികമാണോ?
ഈ ഭൂഗോളമാകെ തങ്ങളുടെ സൈനിക നിയന്ത്രണത്തിന്‍ കൊണ്ടുവരികയാണ് അമേരിക്കയുടെയും അവരുടെ സഖ്യത്തിലുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെയും ജപ്പാന്റെയും ലക്ഷ്യം. ഈ ലക്ഷ്യത്തിന്റെയടിസ്ഥാനത്തില്‍ പശ്ചിമേഷ്യയെ ആദ്യകേന്ദ്രമായി തിരഞ്ഞെടുത്തത് മുഖ്യമായും നാല് കാരണങ്ങളുടെ അടിസ്ഥാനത്തിലാണ്.
ഒന്ന് പശ്ചിമേഷ്യയിലാണ് പെട്രോളിയം ഉത്പന്നങ്ങളുടെ പ്രധാന ശേഖരം ഉള്ളത്. ഇത് അമേരിക്കയുടെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലാവുന്നതോടെ ആ രാജ്യത്തിന്റെ ഇപ്പോഴത്തെ സഖ്യകക്ഷികളെയും ഭാവിയില്‍ ഭീഷണിയായേക്കാവുന്ന ചൈന പോലുള്ള രാഷ്‌ട്രങ്ങളെയും നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കഴിയും. ഈ രാജ്യങ്ങള്‍ക്ക് അവരുടെ ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് അമേരിക്കയെ ആശ്രയിക്കേണ്ട അവസ്ഥ വരും.
രണ്ടാമത് പശ്ചിമേഷ്യയുടെ പ്രധാനസ്ഥാനങ്ങളായ ചൈന, ഇന്ത്യ, റഷ്യ എന്നീ രാഷ്‌ട്രങ്ങള്‍ക്കെതിരെ സ്ഥിരമായി സൈനികഭീഷണി നിലനിര്‍ത്താന്‍ പശ്ചിമേഷ്യയിലെ സാന്നിധ്യം അമേരിക്കയെ സഹായിക്കും.
മൂന്നാമതായി ഈ മേഖലയില്‍ നിലനില്‍ക്കുന്ന ആശയകുഴപ്പവും രാഷ്‌ട്രങ്ങളുടെ ദൌര്‍ബല്യവും എളുപ്പത്തില്‍ വിജയിക്കാന്‍ അമേരിക്കയെ സഹായിക്കും.
നാലാമത് അമേരിക്കയുടെ എക്കാലത്തെയും സഖ്യരാഷ്‌ട്രമായ ഇസ്രായേലിന്റെ ഈ മേഖലയിലെ സാന്നിധ്യമാണ്. ഇത്തരത്തിലുള്ള അക്രമോത്സുകത, അഫ്‌ഗാനിസ്‌താന്‍, ഇറാഖ്, പാലസ്‌തീന്‍, ഇറാന്‍ തുടങ്ങിയ രാഷ്‌ട്രങ്ങളെ നശീകരണത്തിന്റെ ഭീഷണിയിലാക്കിയിരിക്കയാണ്.
അഫ്‌ഗാനിസ്ഥാനിലെ സോഷ്യലിസ്‌റ്റ്-ജനാധിപത്യവല്‍ക്കരണത്തെ അട്ടിമറിച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്താണ്?
ആധുനിക ചരിത്രത്തില്‍ അഫ്‌ഗാനിസ്‌താന്റെ ഏറ്റവും നല്ലകാലം 'കമ്യൂണിസ്‌റ്റ് ഭരണം എന്നറിയപ്പെട്ട കാലത്തായിരുന്നു. ആധുനികതയുടെ ബോധോദയമുള്ള ഏകാധിപത്യ'(enlightened despotism) സര്‍ക്കാറായിരുന്നു അന്ന് അഫ്‌ഗാനിസ്‌താനിലുണ്ടായിരുന്നത്. എല്ലാ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുമായി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുറന്നുകൊടുത്തത് ഇക്കാലത്തായിരുന്നു. പ്രതിലോമതയുടെ ശത്രുവായിരുന്നു ഈ സര്‍ക്കാര്‍. അതു കൊണ്ടുതന്നെ ജനപിന്തുണയും ഉണ്ടായിരുന്നു. ഗോത്രനേതാക്കളുടെ ആധിപത്യപ്രവണതകള്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് അഫ്‌ഗാനിസ്‌താനില്‍ അന്ന് കാര്‍ഷിക പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കിയത്. കര്‍ഷകത്തൊഴിലാളികളുടെ ഭാഗത്തുനിന്ന് ഇതിന് പിന്തുണയുണ്ടായിരുന്നതുകൊണ്ട് ആ പരിഷ്‌ക്കാരങ്ങള്‍ വിജയിക്കുകയും ചെയ്‌തു. എന്നാല്‍ ഇത്തരം പരിഷ്‌ക്കാരങ്ങളെ കമ്യുണിസ്‌റ്റുകളും നിരീശ്വരവാദികളും ചേര്‍ന്ന് നടപ്പിലാക്കിയ ഏകാധിപത്യ പരിഷ്‌ക്കാരങ്ങളായാണ് പാശ്ചാത്യമാധ്യമങ്ങളും രാഷ്‌ട്രീയഇസ്ളാമിന്റെ പ്രചാരകരും വിശേഷിപ്പിച്ചത്. ഇതിനെ അഫ്‌ഗാന്‍ ജനത തള്ളിക്കളഞ്ഞതായും ഇവര്‍ പ്രചരിപ്പിച്ചു.
എന്നാല്‍ അന്ന് നടപ്പിലാക്കിയ പരിഷ്‌ക്കാരങ്ങള്‍ ഏറെ ജനപ്രിയമായിരുന്നുവെന്നതാണ് വസ്‌തുത. ഈ പരിഷ്‌ക്കാരം നടപ്പിലാക്കിയ വിഭാഗങ്ങള്‍ കമ്യൂണിസ്‌റ്റുകാരാണെന്ന് അവകാശപ്പെടുന്നതില്‍ അത്ഭുതമില്ല. ഇന്ത്യയും പാകിസ്‌താനുമടക്കമുള്ള ബ്രിട്ടീഷ് നിയന്ത്രിതപ്രദേശങ്ങളെ അപേക്ഷിച്ച് മധ്യേഷ്യയിലെ സോവിയറ്റ് മേഖലകളിലെ നേട്ടങ്ങളും അഫ്‌ഗാനിസ്‌താനിലെ പരിഷ്‌ക്കാരങ്ങളെ സ്വാധീനിച്ചു. കാരണം സാമ്രാജ്യത്വത്തിന്റെ ഇടപെടലുകള്‍ എങ്ങനെയൊക്കെയാണ് ആധുനികവത്കരണത്തെ തടസ്സപ്പെടുത്തുന്നത് എന്ന് മനസ്സിലാക്കാന്‍ അഫ്‌ഗാനിസ്‌താനിലെ ജനങ്ങളെ ഇത് സഹായിച്ചു. എന്നാല്‍ ഇവിടെ ഭരണം നടത്തിയ ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ അടിച്ചമര്‍ത്തുന്നതിന് സേവിയറ്റ് യൂണിയന്റെ സഹായം തേടിയത് ഒരു ജനകീയ ദേശീയ പ്രസ്ഥാനം വളര്‍ന്നുവരുന്നതിന് വിഘാതമായെന്നത് വസ്‌തുതയാണ്.
അവിടെ, അമേരിക്ക, താലിബാന്‍, പാക്കിസ്ഥാന്‍ ഐക്യമുന്നണിയാണ് ഉണ്ടായത് ?
അമേരിക്കയും അതിന്റെ സഖ്യകക്ഷികളും അഫ്‌ഗാനിസ്‌താനിലെ ആധുനികരുടെ-അവര്‍ കമ്യൂണിസ്‌റ്റുകാരായിരുന്നാലും അല്ലെങ്കിലും- ശത്രുക്കളായിരുന്നു. അമേരിക്കയാണ് പ്രതിലോമകാരികളെ സംഘടിപ്പിക്കുകയും രാഷ്‌ട്രീയ ഇസ്ളാമിന്റെ പാകിസ്‌താന്‍ മാതൃകയെ-താലിബാന്‍-വളര്‍ത്തിക്കൊണ്ടുവരികയും ചെയ്‌തത്. സോവിയറ്റ് പിന്മാറ്റത്തിനുശേഷവും നജീബുള്ള സര്‍ക്കാര്‍ ചെറുത്തുനില്പിന്റെ സൂചനകള്‍ നല്‍കിയിരുന്നു. താലിബാന് സഹായകരമായ രീതിയില്‍ പാക്ക് സൈന്യം ഇടപെട്ടില്ലായിരുന്നുവെങ്കില്‍ നജീബുള്ളയുടെ സൈന്യത്തിന് മുന്‍കൈ കിട്ടുമായിരുന്നു. വിവിധ യുദ്ധഗ്രൂപ്പുകള്‍ കൂടി ആക്രമണം സജീവമാക്കിയതോടെ രാജ്യത്ത് അരാജകത്വം നടമാടുകയായിരുന്നു. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും അതിന്റെ ഏജന്റുമാരായ ഇസ്ളാമിസ്‌റ്റുകളുടെയും ആക്രമണത്തെത്തുടര്‍ന്ന് അഫ്‌ഗാനിസ്‌താന്‍ തകരുകയായിരുന്നു.
രാജ്യത്ത് ജനകീയ അടിത്തറയില്ലാത്ത അധികാരികളുടെ നിയന്ത്രണത്തില്‍ അഫ്‌ഗാനിസ്‌താന് കരകയറുക എളുപ്പമായിരുന്നില്ല. വാഷിങ്ടണും, യുഎന്നും നാറ്റോയും അവരുടെ അഫ്‌ഗാന്‍ സാന്നിധ്യത്തിന് കാരണമായി പറയുന്നത് ജനാധിപത്യം നിലനിര്‍ത്താനെന്നാണ് ! തുടക്കം മുതല്‍ തന്നെ കളവായിരുന്ന ഈ വാദം, ഇപ്പോള്‍ തീര്‍ത്തും അപഹാസ്യമായിരിക്കുന്നു. അഫ്‌ഗാനിസ്‌താന്‍ പ്രശ്‌നത്തിന് ഒരു പരിഹാരം മാത്രമേയുള്ളൂ. എല്ലാ വിദേശ സൈന്യങ്ങളും രാജ്യത്തു നിന്ന് പിന്‍വാങ്ങുകയും അവരുടെ ഗ്രൂപ്പുകള്‍ക്ക് നല്‍കുന്ന സൈനികവും രാഷ്‌ട്രീയവുമായ എല്ലാ സഹായവും നിര്‍ത്തിവെക്കുകയും ചെയ്യണം. ഇത്തരം ഒരു സന്ദര്‍ഭം താലിബാന്‍ അവരുടെ സര്‍വ്വാധിപത്യം നടപ്പിലാക്കാന്‍ വേണ്ടി ഉപയോഗിക്കുമെന്ന് കരുതുന്ന ചില ശുദ്ധാത്മാക്കളുണ്ട്. എന്നാല്‍ ഇതുവരെ സര്‍വാധിപത്യത്തിന് എല്ലാ സഹായവും ചെയ്‌തത് വിദേശ ഇടപെടലാണെന്ന കാര്യമാണ് എനിക്ക് ഓര്‍മ്മിപ്പിക്കാനുള്ളത്. കമ്യൂണിസ്‌റ്റുകളുടെ ഏകാധിപത്യത്തെക്കാള്‍ പ്രതിലോമകാരികളുടെ സര്‍വാധിപത്യത്തെയാണ് പരിഷ്‌കൃതരായ പാശ്ചാത്യരാഷ്‌ട്രങ്ങള്‍ അനുകൂലിച്ചത്. അവരുടെ താത്പര്യത്തിന് കമ്യൂണിസ്‌റ്റുകളെക്കാള്‍ നല്ലത് പ്രതിലോമകാരികളാണെന്നതുകൊണ്ടാണിത്.
രാഷ്‌ട്രീയ ഇസ്ലാമിന്റെ പാലസ്‌തീന്‍ അവതാരത്തെക്കുറിച്ച് ?
ഒന്നാം ലോകയുദ്ധത്തിന്റെ സമയത്തുണ്ടായ ബല്‍ഫര്‍ പ്രഖ്യാപനം മുതല്‍ പലസ്‌തീന്‍ ജനത വൈദേശികശക്തികളുടെ കോളനിവത്കരണത്തിന്റെ ഇരകളാണ്. ഈ കൊളോണിയല്‍ പദ്ധതി അതതു കാലത്തെ സാമ്രാജ്യത്വ പരിപാടിക്ക് നിരുപാധിക പിന്തുണ നല്‍കുന്നതുകൂടി ആയിരുന്നു. നേരത്തെ അത് ബ്രിട്ടന് പിന്തുണ നല്‍കിയെങ്കില്‍ ഇപ്പോള്‍ അത് അമേരിക്കന്‍ സാമ്രാജ്യത്വ പരിപാടികളെ സഹായിക്കുന്നു.
ഈ പദ്ധതിയുടെ അടിസ്ഥാനത്തില്‍ രൂപവത്കരിക്കപ്പെട്ട വിദേശരാജ്യം എന്നും സാമ്രാജ്യത്വത്തിന്റെ ഉറ്റ സഖ്യകക്ഷിയായിരുന്നു. അതിനുപകാരമായി മധ്യേഷ്യയിലെ അറബ് രാജ്യങ്ങളെ സാമ്രാജ്യത്വ മുതലാളിത്തത്തിന് കീഴ്പ്പെടുത്തി നിര്‍ത്താനാവശ്യമായ നടപടികളും വന്‍ശക്തികള്‍ എപ്പോഴും ഉറപ്പുവരുത്തിയിരുന്നു. ഇത് യഥാര്‍ത്ഥത്തില്‍ ഏഷ്യയിലെയും ആഫ്രിക്കയിലെയും എല്ലാ രാജ്യങ്ങള്‍ക്കും ബാധകമായ കാര്യമാണ്. അതുകൊണ്ടുതന്നെ ഈ രണ്ട് ഭൂഖണ്ഡങ്ങളില്‍നിന്നും പലസ്‌തീന്‍ ജനതയ്‌ക്ക് വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതും. എന്നാല്‍ പലസ്‌തീന്‍ പ്രശ്‌നം യൂറോപ്സ്റ്ിന്നമായ അഭിപ്രായമാണ് ഉണ്ടാക്കുന്നത്. സയണിസ്‌റ്റ് പ്രത്യയശാസ്‌ത്രം സൃഷ്‌ടിക്കുന്ന ആശയക്കുഴപ്പമാണ് ഇതിന് കാരണം.
അമേരിക്കയുടെ പശ്ചിമേഷ്യന്‍ പരിപാടി നടപ്പിലാക്കുന്നതിന്നനുസരിച്ച് പലസ്‌തീന്‍ ജനതയുടെ അവകാശങ്ങളും ഇല്ലാതാക്കപ്പെടുന്ന കാഴ്‌ചയാണ് ഇപ്പോള്‍ കാണുന്നത്. വാഷിങ്ടണ്‍ തയ്യാറാക്കിയ ഓസ്ളോ, മാഡ്രിഡ് പദ്ധതികള്‍ പി.എല്‍.ഒ സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി പി.എല്‍.ഒയുടെ പ്രസക്തി കുറയുകയാണ് ചെയ്‌തത്. കാരണം സാമ്രാജ്യത്വ പദ്ധതികളിലെ കെണി തിരിച്ചറിയാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്നത് പി.എല്‍.ഒയിലുള്ള ജനങ്ങളുടെ വിശ്വാസത്തെ പ്രതികൂലമായി ബാധിച്ചു. തുടക്കത്തിലെങ്കിലും പി.എല്‍.ഒയുടെ ഇസ്ലാമിസ്‌റ്റ് എതിരാളികളായ ഹമാസിന് അധിനിവേശ ശക്തികള്‍ നല്‍കിയ പിന്തുണയും പലസ്‌തീന്‍ ഭരണ സംവിധാനത്തിലുണ്ടായ അഴിമതിയുമാണ് ഹമാസിന്റെ പ്രതീക്ഷിച്ച വിജയത്തിലെത്തിച്ചത്. (പലസ്‌തീന്‍ ഭരണ സംവിധാനത്തിന്റെ പ്രധാന ഫണ്ട് ദാതാക്കളായ ലോകബാങ്കും യൂറോപ്യന്‍ രാജ്യങ്ങളും വിവിധ എന്‍.ജി.ഒ സംഘടനകളും അഴിമതിക്കാര്യത്തില്‍ ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല).
ഹമാസ് വിജയിച്ചതോടെ ഇസ്രായേല്‍ നയമെന്തായാലും അതിനെ പിന്തുണയ്‌ക്കണമെന്ന വാദം ഉയര്‍ത്തിപ്പിടിക്കുകയാണ് സാമ്രാജ്യത്വരാജ്യങ്ങള്‍ ചെയ്‌തത്. സയണിസ്‌റ്റ് കൊളോണിയല്‍ പദ്ധതി പലസ്‌തീനു മാത്രമല്ല, മറ്റ് അറബ് രാജ്യങ്ങള്‍ക്കും ഭീഷണിയാണ്. ഈജിപ്‌തിലെ സിനാനി മേഖലയും സിറിയയിലെ ഗോലന്‍ കുന്നുകളും കൂട്ടിചേര്‍ക്കാനുള്ള ഇസ്രായേല്‍ നീക്കം ഇതിന്റെ ഭാഗമായി കാണാവുന്നതാണ്. മധ്യേഷ്യയില്‍ ഇസ്രായേലിനെ അമേരിക്ക ഒഴിവാക്കാനാവാത്ത പങ്കാളിയായി കണക്കാക്കുന്നതും ആണവായുധങ്ങള്‍ സൂക്ഷിക്കുന്നതിന് പ്രത്യേക അവകാശം നല്‍കിയതുമെല്ലാം ഇതിന്റെ ഭാഗമാണ്. (അറബ് രാഷ്‌ട്രങ്ങളിലെ ജനങ്ങളെ അപേക്ഷിച്ച് ഇസ്രായേലുകാര്‍ക്ക് സാങ്കേതിക വൈദഗ്ധ്യം കൂടുതലാണെന്ന തെറ്റായവാദത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള നിലപാടുകള്‍ വിശദീകരിക്കുന്നത്. ഒഴിവാക്കാനാവാത്ത വംശീയത!)
സിറിയയിലെ ബാത്തിസ്‌റ്റ് ഭരണകൂടം ഇസ്രായേലിന്റെയും സാമ്രാജ്യത്വശക്തികളുടെയും ആവശ്യങ്ങളെ അതിന്റെതായ രീതിയില്‍ ചെറുത്തുനിന്നിട്ടുണ്ട്. ഇത്തരത്തിലുള്ള ചെറുത്തുനില്പുകള്‍ ഇസ്രായേലിന്റെ വികസനമോഹങ്ങളില്‍ (ഉദാ: ലെബനണ്‍) ചിലതിന് ന്യായീകരണമായിട്ടുണ്ടെന്നതും വസ്‌തുതയാണ്. സിറിയ, ലെബനണില്‍ ഏറ്റവും അപകടം കുറഞ്ഞ സഖ്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതായും കാണേണ്ടതുണ്ട്. ലബനണിലെ കമ്യൂണിസ്‌റ്റ് പാര്‍ട്ടി ഇസ്രായേല്‍ അധിനിവേശത്തിന്നെതിരെ പോരാട്ടം നടത്തിയ സംഘടനയാണ്. എന്നാല്‍ സിറിയയിലെയും ലബനണിലെയും ഇറാനിലെയും അധികാരികള്‍ ഇതിന്നെതിരെ തിരിയുകയും അതിനുപകരമായി ഹിസ്‌ബുള്ളയ്‌ക്ക് പ്രാമുഖ്യം നല്‍കുകയുമാണ് ചെയ്‌തത്. റഫീക്ക് അല്‍ ഹരീരിയുടെ കൊലപാതകം അമേരിക്കയ്‌ക്കും ഫ്രാന്‍സിനും ഈ മേഖലയില്‍ രണ്ട് ലക്ഷ്യങ്ങളോടെ ഇടപെടാന്‍ അവസരമൊരുക്കി. ഒന്ന് ഈജിപ്‌തിനെയും സൌദി അറേബ്യയെയും പോലുള്ള രാജ്യങ്ങളുമായി സ്ഥിരമായി സഖ്യമുണ്ടാക്കാന്‍ ഡമാസ്‌ക്കസിനെ നിര്‍ബന്ധിക്കാന്‍ കഴിഞ്ഞു. അല്ലെങ്കില്‍ സിറിയയിലെ ബാത്തിസ്‌റ്റ് അധികാരത്തെ ഇല്ലാതാക്കുമെന്നായിരുന്നു ഭീഷണി. രണ്ടാമത് ഇസ്രായേലിനെതിരെ ചെറുത്തുനില്‍ക്കാനുള്ള എല്ലാ ശേഷിയും ഇല്ലാതാക്കുന്ന രീതിയില്‍ ഹിസ്‌ബുള്ളയെ നിരായുധീകരിക്കുക. ജനാധിപത്യത്തെ സംബന്ധിച്ചുള്ള വാചാടോപങ്ങള്‍ ഈ പശ്ചാത്തലത്തില്‍ നടത്താനും ഇതുമൂലം കഴിയും.
രാഷ്‌ട്രീയ ഇസ്ലാമിന്റെ അനുയായികള്‍ പറയുന്നതുപോലെ ഇറാനിലെ ഇസ്ളാമിക വിപ്ളവം വലിയ മാറ്റത്തിന് തുടക്കം കുറിച്ച സംഗതിയായിരുന്നുവോ?
ഒന്നാമത് ഇറാനിലെ ഇസ്ലാമിക ഭരണകൂടം ആഗോള മുതലാളിത്ത വ്യവസ്ഥിതിയുമായി കൂടിച്ചേരുന്നതിന് എതിരായ ഒരു സംവിധാനമല്ല. സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കുന്ന കാര്യത്തില്‍ ഇസ്ലാമിക ഭരണകൂടത്തിന്റെ ലിബറല്‍ കാഴ്‌ചപ്പാട് ഇതിന് ഉദാഹരണമാണ്. രണ്ടാമത്, വിദേശരാജ്യത്തിന്റെ ആധിപത്യത്തിനു കീഴില്‍ ആഗോളസമ്പദ് വ്യവസ്ഥയെ ബന്ധിപ്പിക്കുന്നതിന് ഇറാനിലെ ഭരണവര്‍ഗത്തിനും ജനങ്ങള്‍ക്കും താത്പര്യമില്ല. യഥാര്‍ഥത്തില്‍ ഈ രണ്ട് നിലപാടുകളും തമ്മില്‍ വൈരുധ്യമുണ്ട്. അവസാനം പറഞ്ഞകാര്യം ഇറാന്റെ വിദേശനയത്തിന്‍ പ്രതിഫലിക്കുന്നുണ്ട്. ശാസ്‌ത്ര-സാങ്കേതിക രംഗത്തും സൈനികരംഗത്തും ഇറാന്‍ നടത്തിയ ആധുനികവത്കരണം നടപ്പിലാക്കാന്‍ കഴിഞ്ഞത് ഇറാന്‍ ദേശീയതയുടെ ശക്തികൊണ്ടാണെന്നാണ് എന്റെ അഭിപ്രായം. ഷാ ഭരണകാലത്തും ഖൊമേനി ഭരണകാലത്തും ഇത്തരത്തിലുള്ള നടപടികള്‍ ഉണ്ടായത് ദേശീയതയുടെ ശക്തികൊണ്ടാണ്. ദേശീയ ബൂര്‍ഷ്വാസിക്ക് വ്യക്തമായ പദ്ധതികളുള്ള ചുരുക്കം ചില രാഷ്‌ട്രങ്ങളിലൊന്നാണ് ഇറാന്‍. ഈ പദ്ധതികള്‍ നടപ്പിലാക്കാന്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാധിക്കുമൊയെന്നത് കണ്ടറിയേണ്ട കാര്യമാണ്. ഇപ്പോള്‍ ദേശീയ ബൂര്‍ഷ്വാസി നിലവിലുണ്ട്. അത് പ്രവര്‍ത്തിക്കുന്നുമുണ്ട്.
ഇറാന്റെ ആണവശേഷിയുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ തര്‍ക്കങ്ങള്‍ നടക്കുന്നത്. എന്തുകൊണ്ടാണ് ഇറാന് മറ്റുപല രാജ്യങ്ങളേയും പോലെ ആണവപദ്ധതികള്‍ വികസിപ്പിക്കാനും ആണവരാജ്യമായും മാറുന്നതിനും തടസ്സമുണ്ടാകുന്നത് ? വന്‍ നശീകരണശേഷിയുള്ള ആയുധങ്ങള്‍ സാമ്രാജ്യത്വരാജ്യങ്ങള്‍ക്കും ഇസ്രായേലിനും മാത്രം കൈവശം വെക്കാനുള്ള അധികാരം എങ്ങനെയാണ് ലഭിച്ചത്! 'തെമ്മാടി' രാജ്യങ്ങള്‍ ഉപയോഗിക്കുന്നതുപോലെ ആണവായുധങ്ങള്‍ ജനാധിപത്യരാഷ്‌ട്രങ്ങള്‍ ഉപയോഗിക്കില്ലെന്ന വാദത്തിന് എന്ത് അടിസ്ഥാനമാണുള്ളത്? ആധുനികകാലത്തെ ഏറ്റവും വലിയ വംശഹത്യകള്‍ക്ക് കാരണം ഈ പറയുന്ന ജനാധിപത്യരാഷ്‌ട്രങ്ങളാണെന്ന കാര്യം ആര്‍ക്കാണ് അറിയാത്തത്? അമേരിക്ക രണ്ടുതവണ ആണവായുധം പ്രയോഗിച്ചുവെന്ന് മാത്രമല്ല, ആണവായുധങ്ങള്‍ പൂര്‍ണമായി നിരോധിക്കുന്നതിനെ എതിര്‍ക്കുന്നതും അമേരിക്ക തന്നെയല്ലേ.
ഇടതുപക്ഷ കടമയെന്താണ് ?
ഇന്ന് ഈ മേഖലയിലെ സംഘര്‍ഷങ്ങളില്‍ പരസ്‌പരം എതിര്‍ക്കുന്ന മൂന്ന് ശക്തികളാണ് ഉള്ളത്. ഒന്നാമതായി തങ്ങളുടെ ദേശീയ പാരമ്പര്യത്തെക്കുറിച്ച് പറയുന്നവര്‍ - യഥാര്‍ഥ്യത്തില്‍ ദേശീയതയുടെ കാലത്തെ പ്രതിലോമകരമായ ഉദ്യോഗസ്ഥമേധാവിത്വത്തെ മാത്രമാണിവര്‍ പിന്തുടരുന്നത് - മറ്റൊരു വിഭാഗം രാഷ്‌ട്രീയ ഇസ്ലാമിന്റെതാണ്. സാമ്പത്തിക ഉദാരവത്കരണവുമായി പൊരുത്തപ്പെടുന്ന ജനാധിപത്യ നിലപാടുകള്‍ ഉള്ളവരാണ് മറ്റുള്ളവര്‍. ഇതില്‍ ഏതെങ്കിലും വിഭാഗത്തിന്റെ സമ്പൂര്‍ണാധിപത്യത്തെ, ജനകീയതാത്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷത്തിന് അംഗീകരിക്കാന്‍ കഴിയില്ല. ഇപ്പോള്‍ നിലനില്‍ക്കുന്ന സാമ്രാജ്യത്വവ്യവസ്ഥിതിയുമായി ദല്ലാള്‍ ബന്ധമുള്ളവരാണ് നേരത്തെ സൂചിപ്പിച്ച മൂന്ന് വിഭാഗങ്ങളും. ഈ മൂന്ന് വിഭാഗങ്ങളെയും പരസ്+പരം സംഘര്‍ഷത്തില്‍ നിര്‍ത്തുകയാണ് അമേരിക്കന്‍ നയതന്ത്രജ്ഞത. ഇതില്‍ ഏതെങ്കിലും വിഭാഗവുമായി ഐക്യപ്പെട്ടുകൊണ്ട് ഇടപെടല്‍ സജീവമാക്കാനുള്ള ഇടതിന്റെ നീക്കം പരാജയപ്പെടുമെന്ന കാര്യം ഉറപ്പാണ്.
ജനകീയ താത്പര്യം മുന്‍നിര്‍ത്തിയുള്ള പോരാട്ടത്തിനാണ് ഇടതുപക്ഷം പ്രാമുഖ്യം കൊടുക്കേണ്ടത്. ദേശീയ പരമാധികാരത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള പോരാട്ടമാണ് ഏറ്റെടുക്കേണ്ടത്. സാമ്രാജ്യത്വവും ലോകജനതയും തമ്മിലുള്ള പോരാട്ടത്തിന്റെ കേന്ദ്രമാണ് ഇന്ന് മധ്യേഷ്യ. ലോകത്തെ എല്ലാ സാമ്രാജ്യത്വ വിരുദ്ധപോരാട്ടവും മുന്നേറണമെങ്കില്‍ മധ്യേഷ്യയിലെ അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് തിരിച്ചടി നേരിടണം. ഇതിന്റെ അര്‍ഥം ലാറ്റിനമേരിക്കയിലും യൂറോപ്പിലും നടക്കുന്ന പോരാട്ടങ്ങളുടെ പ്രസക്തി കുറച്ചു കാണണമെന്നല്ല. മറിച്ച് വാഷിങ്ടണിന്റെ പദ്ധതികളെ പരാജയപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള സമഗ്രവീക്ഷണത്തിന്റെ ഭാഗമായിരിക്കണം, എല്ലാ പോരാട്ടങ്ങളുമെന്നാണ്.
*****
മുഖാമുഖം ഡോ. സമീര്‍ അമീന്‍, തയ്യാറാക്കിയത് : അജയ്ഘോഷ്
കടപ്പാട് : പി എ ജി ബുളറ്റിന്‍
Subscribe to:
Post Comments (Atom)
1 comment:
അഫ്‌ഗാനിസ്ഥാനിലെ സോഷ്യലിസ്‌റ്റ്-ജനാധിപത്യവല്‍ക്കരണത്തെ അട്ടിമറിച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്താണ്?
ആധുനിക ചരിത്രത്തില്‍ അഫ്‌ഗാനിസ്‌താന്റെ ഏറ്റവും നല്ലകാലം 'കമ്യൂണിസ്‌റ്റ് ഭരണം എന്നറിയപ്പെട്ട കാലത്തായിരുന്നു. ആധുനികതയുടെ ബോധോദയമുള്ള ഏകാധിപത്യ'(enlightened despotism) സര്‍ക്കാറായിരുന്നു അന്ന് അഫ്‌ഗാനിസ്‌താനിലുണ്ടായിരുന്നത്. എല്ലാ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുമായി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുറന്നുകൊടുത്തത് ഇക്കാലത്തായിരുന്നു. പ്രതിലോമതയുടെ ശത്രുവായിരുന്നു ഈ സര്‍ക്കാര്‍. അതു കൊണ്ടുതന്നെ ജനപിന്തുണയും ഉണ്ടായിരുന്നു. ഗോത്രനേതാക്കളുടെ ആധിപത്യപ്രവണതകള്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് അഫ്‌ഗാനിസ്‌താനില്‍ അന്ന് കാര്‍ഷിക പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കിയത്. കര്‍ഷകത്തൊഴിലാളികളുടെ ഭാഗത്തുനിന്ന് ഇതിന് പിന്തുണയുണ്ടായിരുന്നതുകൊണ്ട് ആ പരിഷ്‌ക്കാരങ്ങള്‍ വിജയിക്കുകയും ചെയ്‌തു. എന്നാല്‍ ഇത്തരം പരിഷ്‌ക്കാരങ്ങളെ കമ്യുണിസ്‌റ്റുകളും നിരീശ്വരവാദികളും ചേര്‍ന്ന് നടപ്പിലാക്കിയ ഏകാധിപത്യ പരിഷ്‌ക്കാരങ്ങളായാണ് പാശ്ചാത്യമാധ്യമങ്ങളും രാഷ്‌ട്രീയഇസ്ളാമിന്റെ പ്രചാരകരും വിശേഷിപ്പിച്ചത്. ഇതിനെ അഫ്‌ഗാന്‍ ജനത തള്ളിക്കളഞ്ഞതായും ഇവര്‍ പ്രചരിപ്പിച്ചു.
എന്നാല്‍ അന്ന് നടപ്പിലാക്കിയ പരിഷ്‌ക്കാരങ്ങള്‍ ഏറെ ജനപ്രിയമായിരുന്നുവെന്നതാണ് വസ്‌തുത. ഈ പരിഷ്‌ക്കാരം നടപ്പിലാക്കിയ വിഭാഗങ്ങള്‍ കമ്യൂണിസ്‌റ്റുകാരാണെന്ന് അവകാശപ്പെടുന്നതില്‍ അത്ഭുതമില്ല. ഇന്ത്യയും പാകിസ്‌താനുമടക്കമുള്ള ബ്രിട്ടീഷ് നിയന്ത്രിതപ്രദേശങ്ങളെ അപേക്ഷിച്ച് മധ്യേഷ്യയിലെ സോവിയറ്റ് മേഖലകളിലെ നേട്ടങ്ങളും അഫ്‌ഗാനിസ്‌താനിലെ പരിഷ്‌ക്കാരങ്ങളെ സ്വാധീനിച്ചു. കാരണം സാമ്രാജ്യത്വത്തിന്റെ ഇടപെടലുകള്‍ എങ്ങനെയൊക്കെയാണ് ആധുനികവത്കരണത്തെ തടസ്സപ്പെടുത്തുന്നത് എന്ന് മനസ്സിലാക്കാന്‍ അഫ്‌ഗാനിസ്‌താനിലെ ജനങ്ങളെ ഇത് സഹായിച്ചു. എന്നാല്‍ ഇവിടെ ഭരണം നടത്തിയ ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ അടിച്ചമര്‍ത്തുന്നതിന് സേവിയറ്റ് യൂണിയന്റെ സഹായം തേടിയത് ഒരു ജനകീയ ദേശീയ പ്രസ്ഥാനം വളര്‍ന്നുവരുന്നതിന് വിഘാതമായെന്നത് വസ്‌തുതയാണ്.
Post a Comment