Tuesday, September 14, 2010

ഈശ്വരന്റെ കഷ്‌ടകാലം

ഈശ്വരന് കഷ്‌ടകാലം എന്ന് പറയാമോ? കഷ്‌ടവും നഷ്‌ടവുമൊക്കെ മനുഷ്യന് വേണ്ടി സൃഷ്‌ടിക്കപ്പെട്ടവയാണല്ലോ. ദൈവവും അതിനൊക്കെ വിധേയനാണെന്നു വന്നാല്‍ ആ ദൈവം ദൈവമാണെന്ന് വിശ്വസിക്കാന്‍ പറ്റുമോ? എന്റെ ചോദ്യവും അതുതന്നെയാണ്. ഇപ്പോഴത്തെ ദൈവഭക്തന്മാരുടെ പ്രകടനങ്ങള്‍ നിരീക്ഷിച്ചാല്‍ അവരുടെ ദൈവം ശ്രേഷ്‌ഠങ്ങളായ മതഗ്രന്ഥങ്ങളില്‍ ഋഷിമാരും പ്രവാചകന്മാരും നിര്‍വചിച്ചുകാണുന്നതല്ലെന്ന് വരും. ദൈവം മനുഷ്യസഹജമായ എല്ലാ വികാരങ്ങളോടൊപ്പം മനുഷ്യനേക്കാള്‍ നിഗ്രഹാനുഗ്രഹ ശക്തി കൂടുതല്‍ ഉള്ളതുമായ ഒരു അമാനുഷ ശക്തിയാണെന്നാണല്ലോ തോന്നുക.


ടി വി ചാനലുകളിലൂടെ പ്രതിദിനം പ്രക്ഷേപണം ചെയ്യപ്പെടുന്ന നാടകം, സിനിമ മുതലായ ദൃശ്യാവിഷ്‌കാരങ്ങളില്‍ സ്ഥിരമായി പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങളാണ് വിവിധ മതവിശ്വാസികളുടെ ആരാധനാമൂര്‍ത്തികളായ പലപല ദൈവങ്ങളും ദൈവതുല്യരായ വ്യക്തികളും. ഒരു യുവതിക്ക് ഇഷ്‌ടകാമുകനെ ലഭിക്കാന്‍ പ്രയാസം നേരിടുമ്പോള്‍ അവള്‍ ഉടനെ വീട്ടില്‍ത്തന്നെ പൂജാമുറിയില്‍ പ്രതിഷ്‌ഠിച്ചിരിക്കുന്ന ദേവതകളെയോ, വെളിയിലുള്ള ക്ഷേത്രങ്ങളിലും അമ്പലങ്ങളിലും പള്ളികളിലും ഉള്ള ദൈവങ്ങളെയോ പുണ്യവാളരെയോ തൊഴുത് പ്രാര്‍ഥിക്കുന്നു. ഉടനടി അല്ലെങ്കില്‍ വളരെ വൈകാതെ പെണ്‍കുട്ടിയുടെ ആഗ്രഹം സഫലമാകുന്നു. ഭക്തരുടെ മുന്നില്‍ ദൈവബിംബങ്ങളില്‍ നിന്നോ ദേവതാരൂപങ്ങളില്‍ നിന്നോ വെളിച്ചമോ ശക്തിവിശേഷങ്ങളോ പൊട്ടിപ്പുറപ്പെടുന്നത് ചിത്രീകരിക്കപ്പെട്ടു കാണുന്നു.അരങ്ങില്‍ നടമാടുന്ന ഈ ഈശ്വരവിലാസങ്ങള്‍ നമ്മുടെ ജനങ്ങളുടെ ജീവിതത്തില്‍ പതിവായി നടക്കുന്ന ആരാധനാരീതി തന്നെയായിരിക്കണമല്ലോ. നാം ഹൃദയഭേദകമായി ഒന്ന് കേണു പ്രാര്‍ഥിച്ചാല്‍ തത്‌സമയം അഭീഷ്‌ടം സാധിച്ചുകൊടുക്കുന്ന ശക്തിയാണ് ഇവരുടെ ദൈവം. ടി വി പരിപാടികളില്‍ കണ്ടുവരുന്ന ഈശ്വര ഭക്തിയ്‌ക്കപ്പുറത്ത് ഒരു ദൈവവിശ്വാസി ഇന്ന് നടക്കില്ല.


പടത്തില്‍ കാണുന്നത്ര എളുപ്പത്തില്‍ യഥാര്‍ഥ ജീവിതത്തില്‍ അഭീഷ്‌ടം സാധിക്കുമോ? സംശയമാണ്. നമ്മുടെ നാട്ടില്‍ അമ്പലങ്ങളിലും പള്ളികളിലും പോകുന്നവരുടെ എണ്ണം കൂടിവരികയാണ്. എങ്ങനെയെങ്കിലും ഉദ്ദേശം നിറവേറണം എന്ന മോഹമുള്ളവര്‍ അവസാന കയ്യായി ദൈവത്തെ പിടികൂടിയിരിക്കുകയാണെന്ന് തോന്നുന്നു.


കരഞ്ഞു പ്രാര്‍ഥിച്ചാല്‍ കാര്യം എളുപ്പത്തില്‍ നടക്കുമെങ്കില്‍ പിന്നെയെന്തിനാണ് മനുഷ്യന്‍ പ്രവര്‍ത്തിക്കണമെന്നും പ്രയത്‌നിക്കണമെന്നും മതഗ്രന്ഥങ്ങളില്‍തന്നെ എഴുതിവെച്ചിരിക്കുന്നത് ? മനുഷ്യന്റെ വികാരപ്രകടനത്തിന് വഴങ്ങുകയാണോ ഈശ്വരന്റെ സ്വഭാവം? കള്ളന്മാരും പ്രാര്‍ഥിക്കുന്നു. അവര്‍ക്കും ദൈവം കൂട്ടുനില്‍ക്കുമോ?ഗുരുവായൂരപ്പന്‍, ശബരിമല അയ്യപ്പന്‍, വേളാങ്കണ്ണി മാതാവ് എന്നിവരുടെ സവിധത്തിലാണ് ഭക്തജനങ്ങളുടെ വലിയ തിരക്ക്. ഗുരുവായൂരില്‍ തുലാഭാരം കഴിക്കുന്ന ഒരേര്‍പ്പാടുണ്ട്. ദൈവത്തെ എളുപ്പത്തില്‍ പാട്ടിലാക്കാന്‍ പൊന്നും പണവും പഴവും വെണ്ണയും എന്തും തുലാഭാരത്തിന് ഉപയോഗിക്കാം. ക്ഷേത്രം തന്ത്രി എന്തും സ്വീകരിക്കും. സ്വര്‍ണവും ധനവും മറ്റും ഉപയോഗിക്കുന്നത്, വിലകൂടിയ വസ്‌തുവാണെങ്കില്‍ ദൈവം കൂടുതല്‍ വേഗത്തില്‍ പ്രസാദിക്കും എന്ന് തെളിയിക്കുന്നു. സാധാരണ മനുഷ്യരെപോലെ വിലപിടിച്ചത് ലഭിക്കുമ്പോള്‍ എളുപ്പത്തില്‍ സന്തുഷ്‌ടനാകുന്നു ദൈവം എന്നാണ് ഈ നാടകത്തിന്റെ അര്‍ഥം. നമ്മുടെ നാട്ടില്‍ അഴിമതി നടത്തുന്ന ഉദ്യോഗസ്ഥന്മാരും രാഷ്‌ട്രീയ നേതാക്കളും എല്ലാം ഈ ദൈവത്തെപ്പോലെ പൊന്നിനെ കൂടുതല്‍ ഇഷ്‌ടപ്പെടുന്നു. ഈ അഴിമതിക്കാരും ദൈവവും തമ്മില്‍ എന്താണ് വ്യത്യാസം? മനുഷ്യന്‍ ലാഭനഷ്‌ടങ്ങളില്‍ വികാരം കൊള്ളുന്നവനാണെങ്കില്‍ ദൈവം അവയില്‍ അവികാരിയാണെന്ന് മതാചാര്യന്മാര്‍ ഘോഷിക്കുന്നു. പക്ഷേ ദേവാലയങ്ങള്‍ തരുന്ന ചിത്രം കൂടുതല്‍ വിലയുള്ളതിന്റെ മുമ്പില്‍ ദൈവം കൂടുതല്‍ വേഗത്തില്‍ വീഴുന്നതിന്റേതാണ്.


തിരഞ്ഞെടുപ്പിന് ഗുരുവായൂരപ്പനെ കണ്ട് വന്ദിച്ച് വിജയം പ്രാര്‍ഥിക്കുന്ന നേതാക്കള്‍ ഉണ്ട്. ഇവര്‍ എത്രയോ തവണ തോറ്റിട്ടുണ്ട്. അതിരിക്കട്ടെ, എതിര്‍സ്ഥാനാര്‍ഥിയും അതേ ക്ഷേത്രത്തില്‍ അതേ പൂജ നടത്തി അതേ മട്ടില്‍ പ്രാര്‍ഥിച്ചാല്‍ ദൈവം ആരെ ജയിപ്പിക്കും? ആരായാലും ഒരാൾ‍, ദൈവം കനിഞ്ഞാലും ഇല്ലെങ്കിലും ജയിക്കണമല്ലോ? ദൈവത്തിന്റെ ഇടപെടല്‍ അനാവശ്യമാണ് ഒരാള്‍ ജയിച്ചു കയറാൻ. രണ്ടുപേരെയും ജയിപ്പിക്കാനും തോല്‍പിക്കാനും ദൈവത്തിന് സാധ്യമല്ല.


ലൗകികമായ അത്യാഗ്രഹങ്ങള്‍ നേടാന്‍ ഉദ്യോഗസ്ഥരെയും രാഷ്‌ട്രീയപ്രവര്‍ത്തകരെയും കോഴകൊടുത്ത് സ്വാധീനിക്കുന്ന അതേ അടവാണ് ഭക്തന്മാര്‍ ദൈവത്തിന്റെ നേരെയും കാട്ടുന്നത്. കോഴപ്പണത്തിന് വഴങ്ങി അവിഹിതമായ ആനുകൂല്യം നേടിക്കൊടുക്കുന്ന ജനപ്രതിനിധി അഴിമതി ചെയ്യുന്നു. പിടിക്കപ്പെട്ടാല്‍ ജയില്‍ശിക്ഷ അനുഭവിക്കണം. ഇത്ര അധമമായ കുറ്റം ചെയ്യുന്ന ശക്തിയാണ് ദൈവം എന്ന് ഭക്തന്മാര്‍ വരുത്തിത്തീര്‍ക്കുന്നത് ദൈവത്തിന്റെ കഷ്‌ടകാലമാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നില്ലേ? സാധാരണമട്ടിലുള്ള അഴിമതി തെറ്റും കുറ്റവും അധര്‍മകര്‍മവുമാണ്. പക്ഷേ ദൈവത്തിന്റെ പേരില്‍ അഴിമതി നടത്തുന്നതില്‍ തെറ്റും കുറ്റവും കൊള്ളരുതായ്‌മയും നാം ആരോപിക്കുന്നില്ല. വമ്പന്‍ തുലാഭാരവും പൂജയും ഹോമവും മറ്റും നടത്തി ദേവാനുകൂല്യം നേടാന്‍ ശ്രമിക്കുന്നവര്‍ രാഷ്‌ട്രീയ നേതാക്കളോ സിനിമാതാരങ്ങളോ അതുപോലെ പ്രശസ്‌തരോ ആണെങ്കില്‍ പത്രങ്ങള്‍ ആ വാര്‍ത്തകള്‍ക്ക് വമ്പന്‍ പ്രാധാന്യം കൊടുത്തുകാണുന്നു. രണ്ടിടത്തും അഴിമതി അഴിമതിയാണ്. പക്ഷെ മനുഷ്യന്റെ അഴിമതി ചീത്തയും ദൈവത്തിന്റെ സമാനമായ അഴിമതി നല്ലതും ആകുന്നു.


ഇതിനിടെ കേരളത്തിലെ പ്രസിദ്ധനായ ഒരു വ്യക്തി ഒരു യോഗത്തില്‍ പോയി അമ്മമാരെ സംരക്ഷിക്കേണ്ട ചുമതലയെക്കുറിച്ച് അതിമഹനീയങ്ങളായ കുറെ ആശയങ്ങൾ, കിളി പറയുംപോലെ പറഞ്ഞു തീര്‍ന്ന ഉടനെ പോയത് ഗുരുവായൂരമ്പലത്തിലേയ്‌ക്കാണ്. അവിടെ വെണ്ണയും കദളിപ്പഴവും ഉപയോഗിച്ച് രണ്ടുതുലാഭാരങ്ങള്‍ വഴിക്കുവഴി നടത്തി. ഒന്നുപോരെന്ന് തോന്നിയതുകൊണ്ടാവാം രണ്ടെണ്ണം നടത്തിയത്. രണ്ടു മതിയെന്ന് അദ്ദേഹത്തിന് വിശ്വാസമുള്ളതുകൊണ്ടാവാം മൂന്നെണ്ണം നടത്താതിരുന്നത്. ക്ഷേത്രത്തിന് വലിയ നഷ്‌ടമായി മൂന്നെണ്ണം നടത്താതിരുന്നത്. രണ്ടിനും കൂടെതന്നെ പത്തുപതിനെണ്ണായിരം രൂപയായി. കൃഷ്‌ണന്‍ തീര്‍ച്ചയായും ഇത്ര വലിയ ദ്രവ്യത്തിന്റെ മുമ്പില്‍ അടിപതറി ഭക്തന് എന്തുവേണമെങ്കിലും ചെയ്‌തുകൊടുക്കുന്ന പാകത്തിലായിക്കാണണം.


ദൈവത്തെ നാം ദ്രവ്യമോഹിയും വിലപിടിച്ച സാധനങ്ങളില്‍ അത്യാര്‍ത്തി പൂണ്ടവനും തന്നെ സമ്പത്തുകൊണ്ട് സ്വാധീനിക്കുന്നവര്‍ക്ക് എന്ത് അവിഹിതവും ചെയ്‌തുകൊടുക്കുന്നവനും (ചെയ്‌താലും ഇല്ലെങ്കിലും ആ ചീത്തപ്പേര്‍ ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു) എല്ലാം ആക്കി ശരിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഗ്രീക്ക് ചിന്തകര്‍ പണ്ടു പറഞ്ഞതുപോലെ, ദൈവത്തെ നാം നമ്മുടെ രൂപത്തില്‍ ഉണ്ടാക്കുന്നു. ഇന്ന് നാം അഴിമതിയില്‍ വളരെ മുന്‍പന്തിയില്‍ എത്തിയ നാടാണ്. നമ്മുടെ ദൈവത്തെയും അഴിമതിക്കയത്തില്‍ മുക്കിയിരിക്കുന്നു.


ദൈവം അനിര്‍വചനീയനും മനുഷ്യന്റെ ഗുണദോഷങ്ങള്‍ക്കപ്പുറത്തുള്ള സത്യവും സമസ്‌തകാരുണ്യത്തിന്റെ ഇരിപ്പിടവും ആണെന്ന് യഥാര്‍ഥ മതങ്ങള്‍ നമ്മെ പഠിപ്പിക്കുമ്പോൾ‍, നാം ദൈവത്തെ നമുക്ക് മേന്‍മ വരുത്തുവാന്‍ സഹായിക്കുന്ന ഏജന്റാക്കി നിര്‍ത്തിയിരിക്കുകയാണ്. മനുഷ്യരെ വീഴ്ത്താന്‍ പറ്റിയ എല്ലാ പ്രലോഭനങ്ങളും ദൈവത്തിന്റെ നേരെയും നാം പ്രയോഗിക്കുന്നു.


ഇതിനപ്പുറത്ത് എന്തു കഷ്‌ടകാലമാണ് ദൈവത്തിന് വന്നുകൂടേണ്ടത് ?


ഇങ്ങനെ ദൈവത്തെ ചെയ്യുന്നവര്‍ ഇന്നത്തെ മതനേതാക്കളുടെ ദൃഷ്‌ടിയില്‍ ഈശ്വരവിശ്വാസികളും പാവപ്പെട്ടവരെ സ്‌നേഹിക്കണം എന്നു പറയുന്നവര്‍ ദേവാലയോപജീവികളല്ലെങ്കില്‍ അവിശ്വാസികളാണെന്നും കുറ്റപ്പെടുത്തി, ദൈവനിന്ദകര്‍ക്ക് സ്വാഗതം പറയുന്നു.


ടിന്റുമോന്റെ ഒരു നേരമ്പോക്ക് ഇവിടെ ഓര്‍ക്കാവുന്നതാണ്. ഒരു സൈക്കിള്‍ വേണമെന്ന് ടിന്റു യേശുദേവനോട് പലതവണ പ്രാര്‍ഥിച്ചു പറഞ്ഞു. സൈക്കിള്‍ ലഭിച്ചില്ല. നിരാശനായ ചെറുക്കന്‍ ഒടുവില്‍ മേരിമാതാവിന്റെ രൂപം കൈക്കലാക്കിയിട്ട് യേശുദേവനോട് പറഞ്ഞു; 'യേശൂ, സൈക്കിള്‍ വാങ്ങി തന്നേയ്‌ക്കൂ, താങ്കളുടെ അമ്മ എന്റെ പിടിയിലാണ് ഇപ്പോൾ‍'.


നമ്മുടെ കാര്യം നോക്കുന്ന ജോലിക്കാരനാണ് ദൈവമെങ്കിൽ, കാര്യം നടക്കാതെ വന്നാല്‍ ഇതുപോലെ പല പ്രതികരണങ്ങളും ദൈവം നേരിടേണ്ടി വരും. ദൈവത്തോട് സഹതപിക്കുക!


*****


സുകുമാര്‍ അഴീക്കോട് , കടപ്പാട് : ജനയുഗം

4 comments:

വര്‍ക്കേഴ്സ് ഫോറം said...

ടി വി ചാനലുകളിലൂടെ പ്രതിദിനം പ്രക്ഷേപണം ചെയ്യപ്പെടുന്ന നാടകം, സിനിമ മുതലായ ദൃശ്യാവിഷ്‌കാരങ്ങളില്‍ സ്ഥിരമായി പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങളാണ് വിവിധ മതവിശ്വാസികളുടെ ആരാധനാമൂര്‍ത്തികളായ പലപല ദൈവങ്ങളും ദൈവതുല്യരായ വ്യക്തികളും. ഒരു യുവതിക്ക് ഇഷ്‌ടകാമുകനെ ലഭിക്കാന്‍ പ്രയാസം നേരിടുമ്പോള്‍ അവള്‍ ഉടനെ വീട്ടില്‍ത്തന്നെ പൂജാമുറിയില്‍ പ്രതിഷ്‌ഠിച്ചിരിക്കുന്ന ദേവതകളെയോ, വെളിയിലുള്ള ക്ഷേത്രങ്ങളിലും അമ്പലങ്ങളിലും പള്ളികളിലും ഉള്ള ദൈവങ്ങളെയോ പുണ്യവാളരെയോ തൊഴുത് പ്രാര്‍ഥിക്കുന്നു. ഉടനടി അല്ലെങ്കില്‍ വളരെ വൈകാതെ പെണ്‍കുട്ടിയുടെ ആഗ്രഹം സഫലമാകുന്നു. ഭക്തരുടെ മുന്നില്‍ ദൈവബിംബങ്ങളില്‍ നിന്നോ ദേവതാരൂപങ്ങളില്‍ നിന്നോ വെളിച്ചമോ ശക്തിവിശേഷങ്ങളോ പൊട്ടിപ്പുറപ്പെടുന്നത് ചിത്രീകരിക്കപ്പെട്ടു കാണുന്നു.അരങ്ങില്‍ നടമാടുന്ന ഈ ഈശ്വരവിലാസങ്ങള്‍ നമ്മുടെ ജനങ്ങളുടെ ജീവിതത്തില്‍ പതിവായി നടക്കുന്ന ആരാധനാരീതി തന്നെയായിരിക്കണമല്ലോ. നാം ഹൃദയഭേദകമായി ഒന്ന് കേണു പ്രാര്‍ഥിച്ചാല്‍ തത്‌സമയം അഭീഷ്‌ടം സാധിച്ചുകൊടുക്കുന്ന ശക്തിയാണ് ഇവരുടെ ദൈവം. ടി വി പരിപാടികളില്‍ കണ്ടുവരുന്ന ഈശ്വര ഭക്തിയ്‌ക്കപ്പുറത്ത് ഒരു ദൈവവിശ്വാസി ഇന്ന് നടക്കില്ല.

അപ്പൂട്ടൻ said...

ഒരു ചെറിയ additional thought. ഓഫ്‌ ടോപിക്‌ ആണോ എന്നറിയില്ല.
പൊതുസമൂഹത്തിൽ കാണുന്ന ധൂർത്തിനെ ഒരുപാടുപേർ കുറ്റം പറഞ്ഞുകാണാറുണ്ട്‌. ആഡംബരത്തോടുള്ള മനുഷ്യന്റെ പ്രിയത്തെ വിമർശനബുദ്ധ്യാ കാണുന്ന ലേഖനങ്ങളും സർവ്വസാധാരണം. അതിൽ വിശ്വാസി-അവിശ്വാസി വ്യത്യാസമൊന്നുമില്ല.

പക്ഷെ, വിശ്വാസത്തിന്റെ കാര്യം വന്നാൽ ഇതൊന്നും പ്രസക്തമല്ല. ശബരിമലയിൽ എന്തിനാണ്‌ സ്വർണ്ണമേൽക്കൂര (അതിന്റെ ശാസ്ത്രീയനാമം അറിയില്ല). ഗുരുവായൂരിൽ എന്തിനാണ്‌ സ്വർണ്ണക്കൊടിമരം? കോടികൾ മുടക്കി പള്ളി പണിയുന്നതിന്റെ ആവശ്യം എന്താണ്‌? ഇന്ന് ചിലവേറിയ കൊത്തുപണികളും മറ്റുമായി ചില മുസ്ലിം പള്ളികൾ പോലും ഈ വഴിയ്ക്കാണ്‌ നീങ്ങുന്നതെന്ന് എന്റെ ഒരു സുഹൃത്ത്‌ പറയുകയുണ്ടായി, സത്യമാണോ എന്നറിയില്ല.

ഇതൊന്നും വിശ്വാസിയെ അലട്ടുന്നതേയില്ല. സ്വർണ്ണം കണ്ടാലേ അവന്‌/അവൾക്ക്‌ ഭക്തി വരൂ എന്ന് പറയില്ലായിരിക്കാം, പക്ഷെ ചോദ്യം ചെയ്യപ്പെടാത്ത, ചോദ്യം ചെയ്യപ്പെടാനാവാത്ത ഒരു കാര്യമായിട്ടാണ്‌ വിശ്വാസി ഈ ധൂർത്തിനെ കാണുന്നത്‌. ഒരു അവിശ്വാസി അത്‌ ചോദിച്ചാൽ മറുപടിയും റെഡി.... "വിശ്വാസസംബന്ധമായ കാര്യങ്ങൾ വിശ്വാസി മാത്രം നോക്കിയാൽ മതി"

ഏതായാലും ദൈവത്തെ ഇങ്ങിനെ തടിച്ച്‌ കൊഴുപ്പിച്ച്‌ ഒന്നിനും കൊള്ളാത്തവനായി ഇരുത്തിയിട്ടുണ്ട്‌, ഈ ആരാധനാലയങ്ങളിൽ. ഇതിന്റെ ഭംഗിയിൽ മതിമറന്നിരിക്കുകയായിരിക്കുമോ ഭഗവാൻ?

Anonymous said...

കോഴിക്കോട്ട് തളി ക്ഷേത്രവും മുസ്ലീം പള്ളിയും ഒ.എൻ.ജി.സിയുടെ ചെലവിൽ പുതുക്കി പണിയുന്നു. അമ്പലവും പള്ളിയും പണിയുന്നതിനു പകരം ഒ.എൻ.ജി.സി എണ്ണയും ഗ്യാസുമൊക്കെ അല്പം വില കുറച്ച് കൊടുത്തിരുന്നുവെങ്കിൽ ദൈവം സന്തോഷിച്ചേനേ.

Unknown said...

one more tintu story


ടിന്റു മോന്‍ ദൈവത്തോട്: ദൈവമേ എനിക്കൊരു സൈക്കിള്‍ തരണേ....

ഒരാഴ്ച പ്രാര്‍ഥിച്ചിട്ടും നോ രക്ഷ

ടിന്റു മോന്‍ ദൈവത്തോട്:ഞാന്‍ ഒരു സൈക്കിള്‍ മോഷ്ടിച്ചിട്ടുണ്ട് ഈ വഴിപാട് സ്വീകരിച്ച് എന്റെ പാപം നീക്കണേ

ആ പ്രാര്‍ഥന ദൈവം കേട്ടു. അല്ലെങ്കില്‍ ദൈവം പ്രത്യക്ഷപെട്ട് ടിന്റുവിനെ ശാസിക്കുമായിരുന്നു
ടിന്റു പ്രസാദവുമായി സന്തോഷത്തോടെ വീടിലക്ക് മടങ്ങി