Tuesday, September 21, 2010

ക്യൂബയുടെ കാര്യം മാത്രം പറയുമ്പോള്‍

രാഷ്ട്രീയ-സാമൂഹ്യ വിഷയങ്ങളില്‍ സംവാദങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ഇടതുപക്ഷക്കാര്‍ രാജ്യാന്തരസംഭവവികാസങ്ങള്‍ പരാമര്‍ശിക്കാറുണ്ട്. അതുകൊണ്ടുതന്നെ ക്യൂബയില്‍ മഴ പെയ്യുമ്പോള്‍ ഇവിടെ കുട പിടിക്കുന്നവരെന്ന് ഇടതുപക്ഷക്കാരെ(പ്രത്യേകിച്ച് കമ്യൂണിസ്റ്റുകാരെ) ആക്ഷേപിക്കുന്നു. ക്യൂബാ മുകുന്ദനായും പോളണ്ടിന്റെ കാര്യത്തില്‍ ഉല്‍ക്കണ്ഠ പ്രകടിപ്പിക്കുന്നവരായും മറ്റും പരിഹാസപൂര്‍വം സിനിമകളില്‍ കമ്യൂണിസ്റ്റ് പ്രവര്‍ത്തകരായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയുംചെയ്തു. ഇത്രയും പറയേണ്ടിവന്നത് ക്യൂബയുടെ കാര്യത്തില്‍ നമ്മുടെ ചില മാധ്യമങ്ങള്‍ അടുത്തിടെയായി പ്രകടിപ്പിക്കുന്ന അമിതതാല്‍പ്പര്യം കണ്ടപ്പോഴാണ്.

വിപ്ളവപ്പാതയില്‍ അഭിമാനകരമായ 60 വര്‍ഷം പിന്നിട്ട ക്യൂബയിലെ പരിഷ്കാരങ്ങളെ ഇന്ത്യന്‍സാഹചര്യവുമായി കൂട്ടിവായിക്കാന്‍ ഇക്കൂട്ടര്‍ തുനിഞ്ഞത് സാഹസംതന്നെ. ക്യൂബയില്‍ 10 ലക്ഷം തൊഴിലാളികളുടെ സേവനം പൊതുമേഖലയില്‍നിന്ന് മാറ്റുന്നതിനെച്ചൊല്ലിയാണ് കോലാഹലം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. വിപ്ളവക്യൂബയിലെ സാമൂഹ്യ സാഹചര്യം മറച്ചുപിടിച്ചാണ് ഇവര്‍ തെറ്റിദ്ധാരണ പരത്തുന്നത്.

അമ്പതു വര്‍ഷമായി അമേരിക്കയുടെ കടുത്ത സാമ്പത്തിക ഉപരോധം നേരിടുമ്പോഴും ക്യൂബയിലെ തൊഴിലില്ലായ്മ നിരക്ക് രണ്ട് ശതമാനത്തില്‍ താഴെയാണ്. അമേരിക്കയില്‍ ഇത് പത്തുശതമാനത്തോളവും. വിപ്ളവാനന്തര കാലഘട്ടത്തില്‍ സോവിയറ്റ് യൂണിയന്റെ കാര്യമായ സഹായം ക്യൂബയ്ക്ക് ലഭിച്ചിരുന്നു. വിലകുറച്ച് എണ്ണയായും മറ്റും. സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം ഇത്തരം സഹായങ്ങള്‍ നിലച്ചതോടെ ക്യൂബ ബുദ്ധിമുട്ടിലായി. എന്നാല്‍, ജനങ്ങളുടെ തികഞ്ഞ സഹകരണത്തോടെ പരീക്ഷണഘട്ടം അതിജീവിക്കാന്‍ ക്യൂബയ്ക്ക് കഴിഞ്ഞു. ഇന്ന് ആരോഗ്യ-വിദ്യാഭ്യാസമേഖലകളില്‍ ലോകത്തിനു മുന്നില്‍ വിസ്മയമാണ് ഈ കൊച്ചുരാജ്യം. ശിശുമരണനിരക്ക് ആയിരത്തിന് 6-6.5 മാത്രം. 1960കളില്‍ ഇത് ആയിരത്തിന് 60 ആയിരുന്നു. അമേരിക്കയില്‍ നിലവില്‍ ശിശുമരണനിരക്ക് ആയിരത്തിന് 7.8 ആണ്. ജനസംഖ്യയില്‍ 85 ശതമാനത്തിനും പാര്‍പ്പിടസൌകര്യം സൌജന്യമായി ലഭിക്കുന്നു. ശേഷിക്കുന്ന 15 ശതമാനംപേരില്‍നിന്ന് നാമമാത്രമായ വാടക ഈടാക്കുന്നു. റേഡിയോ, ടെലിവിഷന്‍ എന്നിവയില്‍ വാണിജ്യപ്പരസ്യങ്ങളില്ല. ആരോഗ്യം, വിദ്യാഭ്യാസം, സംസ്കാരം, കായികവിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം, വിനോദം, ലഹരിഉപഭോഗവിരുദ്ധ പ്രചാരണം എന്നിവ സംബന്ധിച്ച പരിപാടികള്‍ മാത്രമാണ് ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നത്. ഡോക്ടര്‍മാര്‍, അധ്യാപകര്‍, സാങ്കേതികവിദഗ്ധര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിങ്ങനെയായി അഞ്ചുലക്ഷം ക്യൂബക്കാരാണ് രാജ്യാന്തരതലത്തില്‍ സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്നത്. വൈദ്യശാസ്ത്ര വിദ്യാഭ്യാസമേഖലയില്‍ ക്യൂബന്‍ സര്‍വകലാശാലകള്‍ ലോകോത്തര നിലവാരം പുലര്‍ത്തുന്നു. വിവിധ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള കുട്ടികള്‍ക്ക് ഇവിടെ സ്കോളര്‍ഷിപ്പോടെ വിദ്യാഭ്യാസം നല്‍കുന്നു.

1959ല്‍ ക്യൂബയില്‍ ഫിദെല്‍ കാസ്ട്രോയുടെ നേതൃത്വത്തിലുള്ള വിപ്ളവകാരികള്‍ അധികാരം പിടിച്ചെടുത്തപ്പോള്‍ രാജ്യത്തുനിന്ന് വന്‍തോതില്‍ ഡോക്ടര്‍മാര്‍ അമേരിക്കയിലേക്ക് കൂറുമാറി. ഈ അവസ്ഥയില്‍നിന്നാണ് ജനസംഖ്യാനുപാതികമായി ഡോക്ടര്‍മാരുടെ എണ്ണം ഏറ്റവും ഉയര്‍ന്ന നിരക്കിലുള്ള രാജ്യമായി ക്യൂബ മാറിയത്. ക്യൂബന്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകാത്ത ലോകരാജ്യങ്ങള്‍ കുറവാണ്. ഇന്ത്യയിലും പാകിസ്ഥാനിലുംപോലും ക്യൂബന്‍ ഡോക്ടര്‍മാര്‍ നിസ്തുല സേവനം നല്‍കിയിട്ടുണ്ട്. കശ്മീര്‍ ഭൂകമ്പം ഉണ്ടായപ്പോള്‍ ദുര്‍ഘടമായ മേഖലകളിലെത്തി നിരവധി ജീവന്‍ രക്ഷിച്ചത് ക്യൂബന്‍ ഡോക്ടര്‍മാരാണ്.

അടിക്കടി ചുഴലിക്കാറ്റ് വീഴുന്ന മേഖലയിലാണ് ക്യൂബ. എന്നാല്‍, ഫലപ്രദമായ കരുതല്‍ നടപടികള്‍ മുന്‍കൂട്ടി എടുക്കുന്നതിനാല്‍ ദുരന്തത്തിന്റെ തീവ്രത ലഘൂകരിക്കാന്‍ ക്യൂബയ്ക്ക് കഴിയുന്നു. അമേരിക്കയില്‍ കത്രീന ചുഴലിക്കാറ്റ് വിനാശം വിതച്ചപ്പോള്‍ ഭരണകൂട സംവിധാനങ്ങള്‍ പ്രകടിപ്പിച്ച നിഷ്ക്രിയത്വവും നിസ്സഹായതയും ലോകം കണ്ടതാണ്.

ജനകീയസംവാദങ്ങള്‍ക്കുശേഷമാണ് ക്യൂബയില്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നത്. ലോകത്തിന്റെ പഞ്ചസാരക്കിണ്ണം എന്നാണ് ക്യൂബ അറിയപ്പെട്ടിരുന്നത്. മാറിയ ലോകസാഹചര്യത്തില്‍ ഇവിടെ കരിമ്പു കൃഷിയും പഞ്ചസാരമില്ലുകളും നടത്തുന്നത് ഫലപ്രദമല്ലാതായി. ഇതേത്തുടര്‍ന്ന് ഏതാണ്ട് പത്ത് വര്‍ഷം മുമ്പ്, മതിയായ ചര്‍ച്ചകള്‍ക്കുശേഷം എഴുപതോളം പഞ്ചസാര ഉല്‍പ്പാദനകേന്ദ്രങ്ങള്‍ പൂട്ടി. മൊത്തം 40,000 തൊഴിലാളികളെ കുറച്ചു. ഇവരെയൊന്നും പട്ടിണിക്കിട്ടില്ല. ഇവരെ ഉപരിപഠനത്തിനായി സര്‍ക്കാര്‍ ചെലവില്‍ വിദ്യാലയങ്ങളിലേക്ക് അയച്ചു. ഇവര്‍ക്ക് പഠിക്കാന്‍ ശമ്പളം നല്‍കി. ഇത്തരത്തില്‍ വിവിധ മേഖലകളില്‍നിന്ന് ഒരു ലക്ഷത്തോളം യുവാക്കളെ ഉന്നതവിദ്യാഭ്യാസത്തിന് അയച്ചു.

ക്യൂബ തനതായ സോഷ്യലിസ്റ്റ് പാതയിലാണ് നീങ്ങുന്നത്. സോവിയറ്റ് യൂണിയന്റെയും കിഴക്കന്‍ യൂറോപ്പിലെ സോഷ്യലിസ്റ് ചേരിയുടെയും തകര്‍ച്ചയ്ക്കുശേഷവും ക്യൂബ ധീരമായി പിടിച്ചുനിന്നു. പത്തുമണിക്കൂര്‍വരെ ലോഡ്ഷെഡ്ഡിങ് വേണ്ടിവന്ന സമയം ക്യൂബയില്‍ ഉണ്ടായിരുന്നു. ജനങ്ങള്‍ വിപ്ളവസര്‍ക്കാരില്‍ അര്‍പ്പിച്ച വിശ്വാസം ഇതൊക്കെ മറികടക്കാന്‍ കരുത്തായി. മറ്റൊരു മാതൃകയും പകര്‍ത്തുകയില്ലെന്നും ക്യൂബയുടെ വിശ്വാസങ്ങള്‍ ആരിലും അടിച്ചേല്‍പ്പിക്കില്ലെന്നും ഫിദെല്‍ കാസ്ട്രോ പലതവണ വ്യക്തമാക്കിയിട്ടുണ്ട്.

തോട്ടങ്ങളുടെയും ഖനികളുടെയും ദേശസാല്‍ക്കരണത്തിന്റെ പേരില്‍ അമേരിക്കയുടെ നിരന്തര ആക്രമണം നേരിട്ട രാജ്യമാണ് ക്യൂബ. ഫിദെല്‍ കാസ്ട്രോ മാറുമ്പോള്‍ ക്യൂബ തകരുമെന്ന് പ്രവചിച്ചവര്‍ക്കും തെറ്റുപറ്റി. പുതിയ നേതൃത്വവും വിപ്ളവപാതയില്‍ അന്തസ്സോടെ നിലകൊള്ളുകയാണ്. ഈ സാഹചര്യത്തിലാണ് 'ക്യൂബയില്‍ പത്തുലക്ഷം പേര്‍ക്ക് തൊഴില്‍ പോകുന്നതായി' ചിലര്‍ വിലപിക്കുന്നത്.

ക്യൂബയില്‍ വിപ്ളവാനന്തരം സര്‍വമേഖലയും ദേശസാല്‍ക്കരിച്ചിരുന്നു. ഇന്നും 85 ശതമാനംപേരും പൊതുമേഖലയിലാണ് പണിയെടുക്കുന്നത്. 51 ലക്ഷംപേരാണ് പൊതുമേഖലയിലുള്ളത്. ഇവരില്‍ പത്തുലക്ഷംപേരെ ഒരുവര്‍ഷത്തിനുള്ളില്‍ സ്വയംതൊഴില്‍ സംരംഭങ്ങളിലേക്ക് മാറ്റാനാണ് തീരുമാനം. സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ഇവര്‍ക്ക് ലൈസന്‍സ് നല്‍കും. വിദ്യാഭ്യാസവും ചികിത്സയും പൂര്‍ണമായും സൌജന്യമായി ലഭിക്കുന്ന രാജ്യത്ത് തൊഴില്‍മേഖലയില്‍ വരുന്ന മാറ്റം ജനങ്ങളുടെ ജീവിതത്തെ ബാധിക്കില്ല. ഭക്ഷ്യധാന്യങ്ങളും നന്നേ വില കുറച്ചാണ് നല്‍കുന്നത്. ആളുകളെ പട്ടിണിക്കിടാനാണ് തൊഴില്‍രംഗത്തെ പുനഃസംഘടനയെന്ന പ്രചാരണം നടത്താന്‍ പ്രേരണ ലഭിച്ചത് ഇന്ത്യയിലെ അനുഭവത്തില്‍നിന്നായിരിക്കാം.

ക്യൂബയില്‍ ഏകപക്ഷീയ തീരുമാനങ്ങള്‍ എടുക്കാനുള്ള സാഹചര്യമില്ല. അവിടെ പ്രസിഡന്‍ഷ്യന്‍ ഭരണസംവിധാനംപോലുമില്ല. അടിയന്തരാവസ്ഥയോ ഉപരോധമോ സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഒരു പ്രകടനത്തെപോലും മര്‍ദിച്ച് ഒതുക്കിയിട്ടില്ല. ഇത്രയും വര്‍ഷത്തിനിടെ, ഏതെങ്കിലും പ്രകടനത്തിനിടെ ഒരു പൌരനെപോലും പൊലീസ് ഉദ്യോഗസ്ഥര്‍ തല്ലിയിട്ടില്ല-ഒരു മാധ്യമത്തിനും ഇത് റിപ്പോര്‍ട്ട് ചെയ്യാനുള്ള സാഹചര്യം വന്നിട്ടില്ല.

പ്രതിസന്ധികളും ഭീഷണികളും നേരിടുമ്പോഴും അമേരിക്കയുമായി 'തന്ത്രപരമായ പങ്കാളിത്തം' പ്രഖ്യാപിക്കാന്‍ ക്യൂബ തയ്യാറായില്ല. ഓരോ ഇഞ്ചും പൊരുതിയാണ് മുന്നേറുന്നത്. 'സോഷ്യലിസം തന്നെയാണ്' ലക്ഷ്യമെന്ന് അവര്‍ ആവര്‍ത്തിക്കുന്നു. വെനസ്വേല പോലെ തങ്ങളെ സമഭാവനയില്‍ കാണുന്ന രാജ്യങ്ങളുമായാണ് ക്യൂബയുടെ വാണിജ്യഇടപാടുകള്‍. സമ്പദ്ഘടന ബഹുരാഷ്ട്രകോര്‍പറേറ്റുകള്‍ക്ക് ക്യൂബ തുറന്നുകൊടുത്തിട്ടില്ല. സ്വന്തം നാട്ടുകാര്‍ക്ക് തൊഴില്‍ചെയ്ത് ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുക മാത്രമാണ് ചെയ്യുന്നത്.

സമീപകാലത്ത് വിനോദസഞ്ചാരമേഖലയില്‍നിന്നാണ് ക്യൂബ വന്‍തോതില്‍ സമ്പാദ്യം നേടിയിരുന്നത്. എന്നാല്‍, ആഗോളമാന്ദ്യം ക്യൂബയിലേക്കുള്ള സഞ്ചാരികളുടെ വരവും കുറച്ചു. സ്വാഭാവികമായും ഇത് കുറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഇതൊക്കെ തരണംചെയ്യാനുള്ള തന്ത്രങ്ങളാണ് അവര്‍ ആവിഷ്കരിക്കുന്നത്.

ക്യൂബന്‍സര്‍ക്കാര്‍ എന്തോ ചെയ്യുന്നുവെന്ന പേരില്‍ ഇന്ത്യയില്‍ പൊതുമേഖലയുടെ സ്വകാര്യവല്‍ക്കരണത്തെ ഇടതുപക്ഷം എതിര്‍ക്കരുതെന്ന വാദമാണ് ചിലര്‍ ഉയര്‍ത്തുന്നത്. ഇന്ത്യയിലെ സ്വകാര്യവല്‍ക്കരണവാദികള്‍ക്കുള്ള മറുപടി ഒബാമസര്‍ക്കാര്‍ തന്നെ നല്‍കിയിട്ടുണ്ട്. അമേരിക്കയിലെ വിസ ഫീസ് വര്‍ധനയും പുറംതൊഴില്‍ കരാര്‍ നിരോധനവും ഇന്ത്യയിലെ ഉദാരവല്‍ക്കരണവാദികള്‍ക്ക് കനത്ത ആഘാതമാണെന്ന് പറഞ്ഞത് മുതലാളിത്ത സാമ്പത്തിക വിദഗ്ധര്‍ തന്നെയാണ്. ആഗോളവല്‍ക്കരണത്തില്‍നിന്ന് അമേരിക്ക പിന്തിരിയുകയാണ്. അമേരിക്കന്‍ കമ്പനികള്‍ക്ക് ആഗോളമത്സരത്തില്‍നിന്ന് അവര്‍ സംരക്ഷണം നല്‍കുന്നു. അവിടെ കഴിഞ്ഞവര്‍ഷം 40 ലക്ഷം പേരാണ് പുതുതായി ദാരിദ്ര്യരേഖയ്ക്ക് താഴെ എത്തിയത്. അമേരിക്കയില്‍ ഏഴില്‍ ഒരാള്‍ ദരിദ്രനാണെന്ന് വിളിച്ചുപറഞ്ഞത് ഔദ്യോഗിക സെന്‍സസ് അധികൃതരാണ്. നമ്മുടെ ചില സുഹൃത്തുക്കള്‍ ഇത് കാണുന്നില്ല. അവര്‍ ഇപ്പോള്‍ അമേരിക്കയിലെ മഴ കണ്ടില്ലെന്ന് നടിക്കുന്നു.

*
സാജന്‍ എവുജിന്‍ കടപ്പാട്: ദേശാഭിമാനി 21-09-2010

ക്യൂബ ലേബലില്‍ വന്ന പോസ്റ്റുകള്‍

6 comments:

വര്‍ക്കേഴ്സ് ഫോറം said...

രാഷ്ട്രീയ-സാമൂഹ്യ വിഷയങ്ങളില്‍ സംവാദങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ഇടതുപക്ഷക്കാര്‍ രാജ്യാന്തരസംഭവവികാസങ്ങള്‍ പരാമര്‍ശിക്കാറുണ്ട്. അതുകൊണ്ടുതന്നെ ക്യൂബയില്‍ മഴ പെയ്യുമ്പോള്‍ ഇവിടെ കുട പിടിക്കുന്നവരെന്ന് ഇടതുപക്ഷക്കാരെ(പ്രത്യേകിച്ച് കമ്യൂണിസ്റ്റുകാരെ) ആക്ഷേപിക്കുന്നു. ക്യൂബാ മുകുന്ദനായും പോളണ്ടിന്റെ കാര്യത്തില്‍ ഉല്‍ക്കണ്ഠ പ്രകടിപ്പിക്കുന്നവരായും മറ്റും പരിഹാസപൂര്‍വം സിനിമകളില്‍ കമ്യൂണിസ്റ്റ് പ്രവര്‍ത്തകരായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയുംചെയ്തു. ഇത്രയും പറയേണ്ടിവന്നത് ക്യൂബയുടെ കാര്യത്തില്‍ നമ്മുടെ ചില മാധ്യമങ്ങള്‍ അടുത്തിടെയായി പ്രകടിപ്പിക്കുന്ന അമിതതാല്‍പ്പര്യം കണ്ടപ്പോഴാണ്.

വിപ്ളവപ്പാതയില്‍ അഭിമാനകരമായ 60 വര്‍ഷം പിന്നിട്ട ക്യൂബയിലെ പരിഷ്കാരങ്ങളെ ഇന്ത്യന്‍സാഹചര്യവുമായി കൂട്ടിവായിക്കാന്‍ ഇക്കൂട്ടര്‍ തുനിഞ്ഞത് സാഹസംതന്നെ. ക്യൂബയില്‍ 10 ലക്ഷം തൊഴിലാളികളുടെ സേവനം പൊതുമേഖലയില്‍നിന്ന് മാറ്റുന്നതിനെച്ചൊല്ലിയാണ് കോലാഹലം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. വിപ്ളവക്യൂബയിലെ സാമൂഹ്യ സാഹചര്യം മറച്ചുപിടിച്ചാണ് ഇവര്‍ തെറ്റിദ്ധാരണ പരത്തുന്നത്.

chithrakaran:ചിത്രകാരന്‍ said...

സി.പി.എം. താത്വികന്മാര്‍ സവര്‍ണ്ണരായിരുന്നതിനാല്‍ സംഭവിച്ച സ്വാഭാവിക ലക്ഷ്യവ്യതിയാനത്തിന്റെ ഭാഗമായാണ് ക്യൂബ മുകുന്ദന്മാരും, ചൈനഗോപാലന്മാരുമുണ്ടായത്. സവര്‍ണ്ണ താത്വികാചാരന്മാര്‍ക്കു മുന്നിലെ പന്തം കണ്ട അവര്‍ണ്ണ പെരുച്ചാഴികളാണ് ക്യൂബ-ചൈന മുകുന്ദന്മാര്‍. മഹാ പാവങ്ങളും, ശുദ്ധന്മാരും, നന്മ നിറഞ്ഞവരുമായ മുകുന്ദന്മാരെ വഞ്ചിക്കുകയായിരുന്നു സവര്‍ണ്ണ പാര്‍ട്ടിതാത്വികര്‍ എന്ന് തിരിച്ചറിയാന്‍ വളരെ വൈകിപ്പോയിരുന്നു. പാലേരിമാണിക്യത്തിലെ ബാര്‍ബര്‍ കേശവനെപ്പോലെ !! പാര്‍ട്ടിയുടെ ഉടമസ്ഥത കയ്യാളുന്ന സവര്‍ണ്ണരെ എക്കാലവും ഭരണവര്‍ഗ്ഗമായി തുടര്‍ന്ന് കൊണ്ടുപോകുന്നതിന് ക്യൂബയും,പോളണ്ടും,റഷ്യയും,ചൈനയും,സാമ്രാജ്യത്വ ഭീകരനായ അമേരിക്കയും സവര്‍ണ്ണ താത്വികാചാര്യന്മാരെ കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്. ഫലത്തില്‍ ബ്രാഹ്മണ ജനത പാര്‍ട്ടിയുടെ ഒരു ഇടതുപക്ഷ അഞ്ചാമ്പുരയായി പാര്‍ട്ടി മാറുകയും ചെയ്തു.

മലമൂട്ടില്‍ മത്തായി said...

Castro and Castro company is laying off 20% of its employees. And nobody will be paid much in terms of severance. Of course health care is free. Little else is free.

The elder Castro, while he was in New York even admitted that the famed Cuban model is not working any more, not even for Cubans.

If a country is ruled by the same person for more than fifty years, and then by his own brother, is that Democracy? May be Rahul Gandhi can ask the elder Castro about how to keep it all in the family.

മുക്കുവന്‍ said...

അമേരിക്കയിലെ ഒരു ദരിദ്രനേയും ക്യൂബയിലെ ഒരു ധനികനേയും ഒന്ന് താരതമ്യപ്പെടുത്തിയാലൊ? ഏഴിലൊരുത്തന്‍ പാവപ്പെട്ടവന്‍ എന്ന് കേറി വീശിയല്ലോ? എന്തോന്നാ ഈ പാവപ്പെട്ടവന്റ്റെ നിര്‍വചനം മാഷെ?

Vishwajith / വിശ്വജിത്ത് said...

Crap Article. They themselves admitted that this system is not working any more

Alex George said...

I cannot agree. The BPO (Below Poverty Level) person of America is richer than most of Indians. So please don't compare the Senses details of USA with any other country.

In USA, the unemployed person is getting enough money to survive and even many are resigning their job for just getting this unemployed pension. Is it the situation in India or in any other communist countries.

Please don't blindly compare countries.