Saturday, October 20, 2012

കെ ദാമോദരന്‍ ധിഷണാശാലിയായ കമ്യൂണിസ്റ്റ്

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം സംഭാവന ചെയ്ത ദാര്‍ശനികരില്‍ പ്രധാനിയാണ് കെ ദാമോദരന്‍. സി അച്യുതമേനോന്‍ ചൂണ്ടിക്കാട്ടിയതുപോലെ ഉന്നതനായ ബുദ്ധിജീവിയുടെ ചിന്താപരതയും പ്രഗത്ഭനായ പ്രക്ഷോഭകാരിയുടെ വൈകാരികതയും ഒത്തിണങ്ങിയ അപൂര്‍വ വ്യക്തിയാണ് കെ ദാമോദരന്‍. ഇഎംഎസ് കഴിഞ്ഞാല്‍ രാജ്യത്തെ അറിയപ്പെടുന്ന മലയാളി കമ്യൂണിസ്റ്റായിരുന്ന അദ്ദേഹം വ്യാപരിക്കാത്ത മേഖലകളില്‍ ഇല്ലെന്നു പറയുന്നതാവും ശരി. 1912 മുതല്‍ 1976 വരെ നീണ്ടുനിന്ന ജീവിതവും ദാര്‍ശനിക സംഭാവനകളും ആഴത്തില്‍ വിലയിരുത്തേണ്ടിയിരിക്കുന്നു. ജന്മശതാബ്ദി അതിനു പറ്റുന്ന സന്ദര്‍ഭം കൂടിയാണ്. അദ്ദേഹത്തിന്റെ കൃതികളില്‍ നല്ല പങ്കും വിപണിയില്‍ ലഭ്യമല്ല. എന്നാല്‍, പ്രഭാത് ബുക്സ് ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട കൃതികള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. താരിഖ് അലി, കെ ദാമോദരനുമായി നടത്തിയ ദീര്‍ഘമായ അഭിമുഖം അദ്ദേഹത്തിന്റെ ജീവിതത്തിന്റെയും രാഷ്ട്രീയനിലപാടുകളുടെയും പ്രത്യയശാസ്ത്ര സമീപനങ്ങളുടെയും വ്യത്യസ്ത ഘട്ടങ്ങള്‍ അനാവരണം ചെയ്യുന്നതാണ്. ദാമോദരന്റെ ശക്തിയും ദൗര്‍ബല്യവും ഈ അഭിമുഖം വരച്ചിടുന്നു.

പിജി എഴുതിയ ജീവചരിത്രം അദ്ദേഹത്തെ ശരിയായി തിരിച്ചറിയുന്നതിന് സഹായകരമാണ്. ദാര്‍ശനികന്‍, മാര്‍ക്സിസ്റ്റ് അധ്യാപകന്‍, രാഷ്ട്രീയപ്രവര്‍ത്തകന്‍, നാടകകൃത്ത്, പുരോഗന സാഹിത്യകാരന്‍, എന്നിങ്ങനെ എത്ര തലങ്ങളിലാണ് ദാമോദരന്‍ തന്റെ ജീവിതത്തെ മാറ്റിതീര്‍ത്തത്. മാര്‍ക്സ് സൂചിപ്പിച്ചതുപോലെ മനുഷ്യനെ സംബന്ധിച്ച ഒന്നും തനിക്ക് അന്യമല്ലെന്ന വാക്കുകള്‍ എല്ലാ തരത്തിലും ദാമോദരന് ബാധകമായിരുന്നു. പ്രകടപരതയുടെ പൊടിക്കൈകള്‍ ഒന്നുമില്ലാതെ കാമ്പുള്ള പ്രസംഗം കൊണ്ട് കേള്‍വിക്കാതെ തന്നിലേക്ക് ചേര്‍ത്ത് പിടിക്കാന്‍ അദ്ദേഹത്തിന് സവിശേഷമായ കഴിവുണ്ടായിരുന്നു. തിരുവന്തപുരത്തെ യൂത്ത് ലീഗ് പ്രസംഗവും 1959ലെ തെരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷം നടത്തിയ പ്രസംഗവും പലരും പ്രത്യേകം പരാമര്‍ശിക്കുന്നതാണ്. അദ്ദേഹത്തിന്റെ ദാര്‍ശനിക ഇടപ്പെടലില്‍ ഏറ്റവും പ്രധാനമായി പരിഗണിക്കപ്പെടേണ്ടത് "ഇന്ത്യയുടെ ആത്മാവും ഭാരതീയ ചിന്ത"യുമാണ്. ചരിത്രപരമായ ബൗദ്ധികവാദത്തിന്റെ അടിസ്ഥാനത്തില്‍ പ്രാചീന ഇന്ത്യയുടെ ദര്‍ശനത്തെ പരിശോധിക്കുകയാണ് ദാമോദരന്‍ ചെയ്യുന്നത്. ഇന്ന് നോക്കുമ്പോള്‍ അതില്‍ ചില പരിമിതികള്‍ കണ്ടെന്നുവരും. എന്നാല്‍, അത് വിപ്ലവകരമായ ഒരു ദാര്‍ശനിക ഇടപ്പെടലായിരുന്നു. പഴയതിനെയെല്ലാം നിഷേധിക്കുകയും അതിനെ മൗലിക വാദികള്‍ക്കും വര്‍ഗീയശക്തികള്‍ക്കും വിട്ടുകൊടുക്കുകയും ചെയ്യുന്ന രീതിയില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ രീതിയാണ് ദാമോദരന്‍ പിന്തുടര്‍ന്നത്. പ്രാചീന ഭാരതീയ ദര്‍ശനങ്ങള്‍ ആത്മീയവാദത്തിന്റെ മാത്രം രംഗമാണെന്ന ചിലരുടെ പ്രചാരവേലയെ പൊളിച്ചെഴുതുകയാണ് ഈ കൃതികളിലൂടെ ചെയ്യുന്നത്. എന്നാല്‍, ആശയവാദത്തിന്റെ സംഭാവനകളെയും പൂര്‍ണമായും നിരാകരിക്കുന്നില്ല. സാഖ്യം, വൈശേഷികം, ന്യായം, യോഗം, മീമാംസ തുടങ്ങിയ ദര്‍ശനങ്ങളെ സംബന്ധിച്ചും ഉപനിഷത്തുകളും ഭഗവദ്ഗീതയും വേദാന്തങ്ങളും അദൈ്വതവും വിമര്‍ശനവും തുടങ്ങി എല്ലാ തലങ്ങളിലൂടെയും സഞ്ചരിച്ച് വിമര്‍ശനാത്മക അവബോധം രൂപപ്പെടുത്തുന്നതിനാണ് ശ്രമിച്ചത്. ഇവയുടെയെല്ലാം സാമൂഹ്യ സാമ്പത്തിക അടിത്തറയും ദാമോദരന്‍ വിമര്‍ശനവിധേയമാക്കുന്നു. ചാര്‍വാക ദര്‍ശനത്തെ സംബന്ധിച്ചും അവയുടെ മുന്‍ഗാമിയായി പരിഗണിക്കപ്പെടുന്ന അജിതകേശബലിയുടെ ദള്‍ശനത്തെ സംബന്ധിച്ചുംവരെ അദ്ദേഹം ഇതില്‍ ചര്‍ച്ച ചെയ്യുന്നു.

നാലു ഭൗതിക പദാര്‍ഥങ്ങള്‍ ചേര്‍ന്നതാണ് മനുഷ്യനെന്നും മനുഷ്യന്‍ മരിക്കുമ്പോള്‍ ദേഹത്തോടൊപ്പം ദേഹിയും നാമവശേഷമാകുന്നുവെന്നും പിന്നെയൊന്നും അവശേഷിക്കുന്നില്ലെന്നുമുള്ള കേശബലിയുടെ കാഴ്ചപാടില്‍നിന്ന് ആരംഭിച്ച് ലോകയാതത്തിലൂടെ സഞ്ചരിച്ച് ഭാരതീയദര്‍ശനത്തിന്റെ ഭൗതികപാരമ്പര്യത്തെ ഉയര്‍ത്തിപിടിക്കുകയാണ് ചെയ്യുന്നത്. യഥാര്‍ഥത്തില്‍ എംഗല്‍സ് ആന്റിദൂറിങ്ങില്‍ സൂചിപ്പിച്ച പ്രാചീന ചരിത്രാന്വേഷണത്തിന്റെ പ്രധാന്യം ദാമോദരന്‍ തിരിച്ചറിഞ്ഞു. ത്വാതികമായ ചിന്ത മനുഷ്യന്റെ സഹജമായ ശക്തിയെന്ന നിലക്ക് അവനില്‍ അന്തര്‍ലീനമായ ഒരു ഗുണവിശേഷമാണ്. ഈ സഹജമായ ശക്തിയെ വളര്‍ത്തുകയും പരിഷ്കരിക്കുകയും ചെയ്യേണ്ടതുണ്ട്. ഇതിനു മുന്‍കാല തത്വചിന്തയുടെ പഠനത്തേക്കാളും സഹായകരമായ മറ്റൊരു മാര്‍ഗമില്ല. ഏംഗല്‍സിന്റെ ഈ കാഴ്ചപാടിന് അനുസൃതമായി ഭാരതീയ ചിന്തയെ വിലയിരുത്തി ദാമോദരന്‍ എത്തിച്ചേരുന്ന നിഗമനം ഇങ്ങനെയാണ്. വിശ്വചിന്താഭണ്ഡാരത്തിലേക്ക് മികച്ച സംഭാവനകള്‍ നല്‍കിയ ഭാരതീയ തത്വചിന്തയില്‍ ആത്മീയവാദമുണ്ട്, ഭൗതികവാദമുണ്ട്. പ്രതിലോമപരവും, പുരോഗമനപരവുമായ ഘടകങ്ങളുമുണ്ട്. ഇന്ത്യന്‍ ജനത ശതാബ്ദങ്ങളിലൂടെ ആര്‍ജിച്ച സൈദ്ധാന്തിക അനുഭവങ്ങളാണവ. അവയാണ് ആധുനിക ഭാരതീയ ചിന്തയുടെ അടിത്തറ. അവയിലടങ്ങളിയ പുരോഗമാത്മകങ്ങളായ ഉല്‍കൃഷ്ടാംശങ്ങളെ സ്വാംശീകരിക്കാതെ ഭാരതീയ സംസ്കാരത്തെ ആധുനിക സാമൂഹ്യജീവിതത്തിന് അനുയോജ്യമായി വളര്‍ത്താന്‍ കഴിയില്ല.

തൊഴിലാളി വര്‍ഗത്തെ സംബന്ധിച്ചിടത്തോളം ഈ പഠനം ഒഴിവാക്കാനാവാത്തതാണ്. രാഹുല്‍ സാംകൃതായനും ദേവീപ്രസാദ് ചതോ്യപാധ്യായും മറ്റും നടത്തിയ ദാര്‍ശനിക പഠനത്തിന്റെയും കൊസാംബിയുടേയും റോമിലഥാപ്പറുടേയും മൂന്‍കാല ഇന്ത്യയുടെ ചരിത്രാന്വേഷണത്തിന്റെയും ആധികാരികതയുമായി താരതമ്യം ചെയ്യുവാന്‍ കഴിയുംവിധം സമ്പന്നമായ അന്വേഷണങ്ങളാണ് ദാമോദരന്‍ നടത്തിയത്. ഇത്രയും ആഴത്തില്‍ ഭാരതീയ സംസ്കാരത്തിലൂടെ സഞ്ചരിക്കാന്‍ ശ്രമിച്ച മറ്റൊരു ഇന്ത്യന്‍ കമ്യൂണിസ്റ്റ് ഉണ്ടോയെന്ന് സംശയമാണ്. അദ്ദേഹത്തിന്റെ അന്വേഷണത്തിന്റെ പരിമിതികളെ മറികടന്ന് അത് ചെന്നെത്തിയ നിഗമനങ്ങളെ സ്വാശീകരിച്ച് മുന്നോട്ടുകൊണ്ടുപോകാന്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു കഴിഞ്ഞോയെന്നത് ഗൗരവമായി പരിശോധിക്കേണ്ട സന്ദര്‍ഭമാണിത്.

ഇന്നത്തെ ഇന്ത്യയിലെ ഹിന്ദുത്വശക്തികള്‍ സംസ്കാരത്തെ തങ്ങളുടെ രാഷ്ട്രീയ പദ്ധതിക്കായി അപകടകരമായി ദുരുപയോഗം ചെയ്യുന്നുവെന്നു കൂടി തിരിച്ചറിയുമ്പോള്‍ ഈ വിമര്‍ശനം കൂടുതല്‍ പ്രസക്തമാണ്. ദാര്‍ശനികമായ അന്വേഷണങ്ങള്‍ കേവലമായ ധൈഷണിക വ്യായാമമല്ല. അത് പ്രയോഗത്തിനുള്ള വഴികാട്ടിയാണ്. പല ഘട്ടങ്ങളിലും കമ്യൂണിസ്റ്റ് ദാര്‍ശനികന്‍മാര്‍ അത്തരം ഇടപ്പെടലുകള്‍ നടത്തുന്നത് പ്രയോഗ പ്രതിസന്ധിയെ മറികടക്കുന്നതിനു കൂടിയാണ്. പ്രാചീന ഭാരതീയ സംസ്കാരത്തെ കുറിച്ചുള്ള മാര്‍ക്സിയന്‍ വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ പ്രയോഗം കൂടി ആവിഷ്കരിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്ക് കഴിയേണ്ടതാണ്. ഇത്തരം പ്രയോഗങ്ങള്‍ പുതിയ സംഘടനാരൂപങ്ങളിലേക്കും നയിച്ചെന്നുവരാം. അക്കാര്യത്തില്‍ പല പോരായ്മകളും സംഭവിച്ചിട്ടുണ്ടെന്ന സ്വയം വിമര്‍ശനം പലപ്പോഴും നടത്തിയിട്ടുണ്ടെങ്കിലും ഈ ദര്‍ൗബലം ഇപ്പോഴും മറികടക്കാന്‍ കഴിഞ്ഞിട്ടില്ല. അത്തരം ഇടപെടലുകളുടെ അഭാവം തുറന്നിട്ട സാധ്യത ഉപയോഗിച്ചാണ് സ്വത്വരാഷ്ട്രീയം ഉള്‍പ്പെടെയുള്ളവയും ശക്തിപ്രാപിക്കാന്‍ ശ്രമിക്കുന്നത്. സ്വത്വപ്രശ്നം കൈകാര്യം ചെയ്യുന്നതിലും ഇടപ്പെടുന്നതിലും കമ്യൂണിസ്റ്റ് പാര്‍ടിക്ക് വേണ്ടത്ര കഴിയാതെ പോയത് ഇത്തരം അന്വേഷണങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിലും അതിനെ രാഷ്ട്രീയ പ്രയോഗമായി വികസിപ്പിക്കുന്നതിലും പറ്റിയ പാളിച്ചകളുടെ കൂടി ഭാഗമാണ്. സിപിഐഎമ്മിന്റെ ഇരുപതാം കോണ്‍ഗ്രസ് സ്വത്വരാഷ്ട്രീയത്തെ ശക്തമായി തുറന്നുകാട്ടുന്നതോടൊപ്പം ഈ പരിമിതി കൂടി എടുത്തുപറയുന്നുണ്ട്.

മാര്‍ക്സിസത്തെ മാര്‍ക്സിലും എംഗല്‍സിലും ലെനിനിലും സ്റ്റാലിനിലും മറ്റും മാത്രമായി പരിമിതപ്പെടുത്താന്‍ ദാമോദരന്‍ തയ്യാറായിരുന്നില്ല. ഗ്രാംഷിയും ലൂക്കാച്ചും റോസാ ലക്സംബര്‍ഗും മറ്റും ഉള്‍പ്പെടുന്ന മാര്‍ക്സിസ്റ്റ് ചിന്തകരുടെ ഇടപ്പെടലുകളെ പഠിക്കുന്നതിനും വിമര്‍ശനാത്മകമായി വിലയിരുത്തുന്നതിനും ആവശ്യമായവയെ ഗുണപരമായി സ്വാംശീകരിക്കുന്നതിനും തയ്യാറാകണമെന്ന നിലപാട് 1975ല്‍ താരിഖ് അന്‍വറുമായി നടത്തിയ അഭിമുഖത്തില്‍ ദാമോദരന്‍ ഊന്നിപ്പറയുന്നുണ്ട്. യഥാര്‍ഥത്തില്‍ അക്കാലത്ത് എത്ര മാര്‍ക്സിസ്റ്റുകാര്‍ ഗ്രാംഷിയെയും മറ്റും കുറിച്ച് കേട്ടിട്ടുണ്ടാകും. മലയാളത്തില്‍ ഗ്രാംഷിയെ സംബന്ധിച്ച പരിമിതമായ രചനകള്‍ വരുന്നതുതന്നെ എത്ര കാലം കഴിഞ്ഞാണ്. നിരന്തരം നവീകരിച്ചും പ്രയോഗത്തിന്റെ അനുഭവത്തില്‍ നിരന്തരം തിരുത്തിയും മെച്ചപ്പെടുത്തിയും മാത്രമേ മാര്‍ക്സിസത്തിനു മുന്നോട്ടുപോകാനാവൂവെന്ന് ദാമോദരന്‍ മനസിലാക്കിയിരുന്നു. മാര്‍ക്സിന്റെ മൂലധനവും മറ്റു കൃതികളും ആഴത്തില്‍ മനസിലാക്കിയതിന്റെ കൂടി അടിസ്ഥാനത്തില്‍ അര്‍ഥശാസ്ത്രമേഖലയിലും അദ്ദേഹം സംഭാവനകള്‍ നല്‍കി. അക്കാലത്ത് ഇത്തരം കാര്യങ്ങള്‍ പഠിപ്പിക്കുന്നതിന് അധികമാളുകള്‍ ഉണ്ടായിരുന്നില്ല. അര്‍ഥശാസ്ത്ര സൂചികകളെ ലളിതമായി പഠിപ്പിക്കുന്നതിനും മുതലാളിത്ത ചൂഷണത്തെ തുറന്നുകാണിക്കുന്നതിനും ദാമോദരന്റെ കൃതികള്‍ നല്ല പങ്ക് വഹിച്ചിട്ടുണ്ട്.

ജനങ്ങളുടെ ബോധനിലവാരം ഉയര്‍ത്തേണ്ടതിന്റെ പ്രാധാന്യം ഇഎംഎസിനെ പോലെ ദാമോദരനും തിരിച്ചറിഞ്ഞിരുന്നു. അതിനു കഴിയണമെകില്‍ കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകരെ ആശയപരമായി സജ്ജമാക്കേണ്ടതുണ്ട്. അതിനായുള്ള ശ്രമത്തിന്റെ ഭാഗം കൂടിയായിരുന്നു ഈ രചനകള്‍. ദാമോദരന്റെ രാഷ്ട്രീയ നിലപാടുകളുടെ ചരിത്രം ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിന്റെ ഭാഗം കൂടിയാണ്. ആദ്യം കോണ്‍ഗ്രസിലും പിന്നീട് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയിലും കമ്യൂണിസ്റ്റ് പാര്‍ടിയിലുമായി രാഷ്ട്രീയ പ്രവര്‍ത്തനം. കമ്യൂണിസ്റ്റ് പാര്‍ടി പിളര്‍ന്നപ്പോള്‍ സിപിഐയില്‍ നിലയുറപ്പിച്ചു. ഒടുവില്‍ പല കാരണങ്ങളാലും അവരുമായി ഇടഞ്ഞു. എങ്കിലും സിപിഐ അംഗമായി ജീവിതാവസാനം വരെ തുടര്‍ന്നു. തുടക്കത്തില്‍ ശക്തനായ സ്റ്റാലിന്‍ ആരാധകനായിരുന്നു ദാമോദരന്‍. പിന്നീട് കടുത്ത സ്റ്റാലിന്‍ വിരുദ്ധനായി. ആ ഘട്ടത്തില്‍ അന്ധമായി ക്രൂഷ്ചേവിനെ പിന്തുണച്ചു. പിന്നീട് അതിലും നിരാശനായി. ഇത്തരം സന്ദര്‍ഭങ്ങളെ മനസില്‍വെച്ച് ആന്തരിക വിമര്‍ശകനായിരുന്നു കെ ദാമോദരന്‍ എന്ന് കെ എന്‍ പണിക്കര്‍ വിലയിരുത്തുന്നുണ്ട്. അത്തരം ആന്തരിക വിമര്‍ശകരെ ഉള്‍ക്കൊള്ളുന്നതിന് കമ്യൂണിസ്റ്റ് പാര്‍ടിയുടെ സംഘടനാസംവിധാനം പ്രാപ്തമല്ലെന്ന വിമര്‍ശനം ചില സുഹൃത്തുക്കള്‍ ക്രിയാത്മകമായി ഉയര്‍ത്തുന്നുമുണ്ട്.

എന്നാല്‍ ദാമോദരന്റെ നിലപാടുകളെ സംബന്ധിച്ച് കുറെക്കൂടി ശരിയായ വിലയിരുത്തല്‍ നടത്തിയിട്ടുള്ളത് സി അച്യുതമേനോനായിരിക്കും. അതിങ്ങനെയാണ്: ""ദാമോദരന്റെ സ്വഭാവത്തിന്റെ ഒരു സവിശേഷത ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അദ്ദേഹം ഓരോകാലത്ത് ഓരോ നിലപാട് എടുക്കുമ്പോള്‍ അതിനെ ന്യായീകരിക്കാന്‍ തന്റെ ബുദ്ധിയുടെ ആവനാഴിയിലുള്ള സകല അസ്ത്രങ്ങളും എടുത്ത് പ്രയോഗിക്കും. ആ അഭിപ്രായങ്ങളുടെ അങ്ങേ തലയ്ക്കലായിരിക്കും അദ്ദേഹം നില്‍ക്കുക. പക്ഷേ അഭിപ്രായം തെറ്റിപ്പോയിയെന്ന് ബോധ്യപ്പെട്ടാല്‍ പിന്നെ പലപ്പോഴും പോകുന്നത് വിരുദ്ധാഭിപ്രായത്തിന്റെ അങ്ങേത്തലക്കലായിരിക്കും.

പഴയപോലെ വീറോടെ തന്റെ ആയുധങ്ങള്‍ ഇങ്ങോട്ടുതിരിച്ചുവെയ്ക്കുകയായി. ഒരു മധ്യമാര്‍ഗം എന്നുള്ളത് രാഷ്ട്രീയ ജീവിതത്തില്‍ കാണാനാവില്ല"". ഇതു കാണിക്കുന്നത് ദാമോദരന്റെ ആന്തരിക വിമര്‍ശനത്തിന്റെ ആത്മാര്‍ഥതയും അതിന്റെ ദൗര്‍ബല്യവുമാണ് . സ്റ്റാലിന്‍ എന്ന വിഗ്രഹം തകര്‍ന്നതിനെപ്പറ്റി താരിഖ് അന്‍വറുമായുള്ള അഭിമുഖത്തില്‍ ദാമോദരന്‍ വിശദീകരിക്കുന്നുണ്ട്. സ്റ്റാലിനോടുള്ള അന്ധമായ ആരാധനയുടെ ഘട്ടത്തില്‍ ലെനിന്‍ കണ്ട ദൗര്‍ബല്യങ്ങള്‍ പോലും തിരിച്ചറിയാന്‍ കമ്യൂണിസ്റ്റ് പാര്‍ടിക്ക് കഴിഞ്ഞില്ലെന്ന ദൗര്‍ബല്യം ദാമോദരന്റെ സമീപനത്തിലും പ്രതിഫലിക്കുന്നുണ്ട്. കലയെയും സാഹിത്യത്തെയും തുടങ്ങി സമ്പദ്ഘടനയും സംഘടനയും ഉള്‍പ്പെടെ എല്ലാ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചും വിശകലനം ചെയ്യുന്നതില്‍ ദാമോദരന്‍ ഇക്കാലത്ത് ഏറ്റവും കൂടുതല്‍ ഉദ്ധരിച്ചിരുന്നത് സ്റ്റാലിനെയാണ്. എന്നാല്‍, സ്റ്റാലിനെ സംബന്ധിച്ച അന്ധമായ വിമര്‍ശനത്തിന്റെ ഘട്ടത്തില്‍ അദ്ദേഹത്തിന്റെ സംഭാവനകളെ പൂര്‍ണ്ണമായും കാണാതിരിക്കുന്ന രീതിയുമുണ്ട്. ഈ സംഭാവനകള്‍ നേരത്തെ അദ്ദേഹം തന്നെ നന്നായി പ്രചരിപ്പിച്ചിരുന്നവയാണുതാനും.

ആന്തരിക വിമര്‍ശനങ്ങളെ ഗുണപരമായി സ്വാംശീകരിക്കുവാന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ജനാധിപത്യ സംവിധാനത്തിനു കഴിവുണ്ടോ? അത്തരം വിമര്‍ശനങ്ങളെ അടിച്ചമര്‍ത്തുകയും അത് ഉന്നയിച്ചവരെ ഇല്ലാതാക്കുകയും ചെയ്യുന്ന സംഘടനാസംവിധാനമാണോ കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്കുള്ളതെന്ന കാര്യം ഇന്നും ഗൗരവമായി സമിപിക്കേണ്ട ചോദ്യമാണ്. എല്ലാ വിമര്‍ശനങ്ങളും ഉന്നയിക്കുന്നതിനുള്ള സ്വാതന്ത്ര്യം കമ്യൂണിസ്റ്റ് പാര്‍ടിയുടെ ജനാധിപത്യകേന്ദ്രീകരണം ഉറപ്പുനല്‍കുന്നുണ്ട്. എന്നാല്‍, അത് അരാജകത്വത്തിലേക്കോ ഏകാധിപത്യത്തിലേക്കോ വഴുതി വീഴാതിരിക്കുന്നതിനുള്ള നിരന്തരമായ ജാഗ്രത ഉറപ്പുവരുത്തുകയും ചെയ്യുന്നു. കൂട്ടായി എടുക്കുന്ന തീരുമാനങ്ങളില്‍ ചിലത് പ്രയോഗത്തില്‍ തെറ്റാണെന്ന് ബോധ്യപ്പെട്ടെന്നു വരാം. പിന്നീട് അത് ഉള്‍ക്കൊള്ളുകയും തിരുത്തുകയും ചെയ്യേണ്ടിവരും. തീരുമാനമെടുക്കുന്ന ഘട്ടത്തില്‍ അതിനെ വിമര്‍ശിച്ച ന്യൂനപക്ഷം സ്വകരിച്ച നിലപാടായിരുന്നു ശരിയെന്ന് ചിലപ്പോള്‍ കണ്ടെത്തിയെന്നുവരാം. എന്നാല്‍, അതുകൊണ്ട് ന്യൂനപക്ഷനിലപാട് സ്വീകരിച്ചിരുന്നവര്‍ക്ക് പ്രയോഗത്തിന്റെ ഘട്ടത്തില്‍തന്നെ പരസ്യമായി അതിനെ എതിര്‍ക്കാന്‍ കഴിയുമോ? അങ്ങനെയൊരു വിശാല സ്വാതന്ത്ര്യം വിപ്ലവലക്ഷ്യം നിറവേറ്റുന്നതിനു സഹായകരമായിരിക്കില്ലെന്നു മാത്രമല്ല വര്‍ഗശത്രുക്കളെ സഹായിക്കുക കൂടിയായിരിക്കും.

ദാമോദരന്റെ രാഷ്ട്രീയ ജീവിതത്തില്‍ എടുത്ത എല്ലാ വ്യക്തിപരമായ നിലപാടുകളും ശരിയെന്നു പിന്നീട് തെളിഞ്ഞിട്ടുണ്ടോ? പാലക്കാട് പാര്‍ടി കോണ്‍ഗ്രസില്‍ പി സി ജോഷിയുടെ നേതൃത്വത്തില്‍ അദ്ദേഹം അവതരിപ്പിച്ച രേഖയിലെ നിഗമനങ്ങള്‍ അംഗീകരിക്കപ്പെട്ടിരുന്നെങ്കില്‍ എന്തായിരിക്കും കമ്യൂണിസ്റ്റ് പാര്‍ടിയുടെ സ്ഥിതിയെന്ന വിമര്‍ശനവും പ്രസക്തം. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ ജനറല്‍ സെക്രട്ടറിയുടെ നിലപാടുകളെ തന്നെ പാര്‍ടി തള്ളികളഞ്ഞ നിരവധി സന്ദര്‍ഭങ്ങള്‍ കാണാം. ആന്തരിക വിമര്‍ശനങ്ങള്‍ നേതൃത്വ നിലപാടുകള്‍ തിരുത്തുന്നതിലേക്ക് വരെ നയിച്ച ചരിത്ര സന്ദര്‍ഭങ്ങളാണവ. അവയോരോന്നും അക്കമിട്ട് വിവരിക്കാന്‍ ഈ സന്ദര്‍ഭത്തില്‍ തുനിയുന്നില്ല. ഇഎംഎസ് വ്യക്തിപരമായി സ്വീകരിച്ച പല നിലപാടുകളെയും പാര്‍ടി കൂട്ടായി ചര്‍ച്ച ചെയ്ത് തിരുത്തിയ സന്ദര്‍ഭങ്ങളും കാണാന്‍ കഴിയും. താന്‍ നേരത്തെ സ്വീകരിച്ച നിലപാടില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ പാര്‍ടി നിലപാട് വിശദീകരിക്കുന്ന ഇഎംഎസിനെയായിരിക്കും പിറ്റേ ദിവസം ദേശാഭിമാനിയില്‍ കാണുക. എന്നാല്‍, പാര്‍ടിക്കകത്തെ നയരൂപികരണത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉന്നയിക്കപ്പെടുമ്പോള്‍ അവയെ ഭിന്നിപ്പായും മറ്റും ചിത്രീകരിക്കുന്നവര്‍ ഈ പ്രക്രിയയെ തടസപ്പെടുത്താന്‍ ശ്രമിക്കുന്നവരാണ്. അതുപോലെ നയരൂപീകരണത്തിനുശേഷവും തന്റെ പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുകയും അതു തന്നെ പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ഒരു സംഘടനക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതല്ല. അത് പല ഘട്ടങ്ങളിലും ഇഎംഎസിനെ പോലെ തന്നെ ദാമോദരനും പഠിപ്പിച്ച പാഠമാണ്. പാര്‍ടിയോടുള്ള വിധേയത്വത്തിന്റെ കാര്യത്തില്‍ ദാമോദരനും വിട്ടുവീഴ്ചകള്‍ കാണിച്ചിരുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. താന്‍ വ്യക്തിപരമായി കൈകൊണ്ട നിലപാടിന് കടകവിരുദ്ധമായി പാര്‍ടി കൂട്ടായി എടുത്ത തീരുമാനം പ്രചരിപ്പിക്കുന്നതില്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറായിരുന്ന കെ ദമോദരനെയാണ് പാര്‍ടി എക്കാലത്തും അനുസ്മരിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ടി പിളര്‍ന്നപ്പോള്‍ അദ്ദേഹം സിപിഐയിലാണ് നിന്നത്. എന്നാല്‍, അത് പാര്‍ടി പിളരുതെന്ന വൈകാരിക സമീപനത്തിന്റെ ഭാഗമായി എടുത്ത തീരുമാനമാണെന്ന് അദ്ദേഹം താരിഖ് അലിയോട് പറയുന്നുണ്ട്. ആ അഭിമുഖത്തില്‍ രണ്ടു പാര്‍ടികളുടെ സമീപനങ്ങളോടും വിയോജിക്കുകയാണ് ചെയ്യുന്നത്. എന്നുവെച്ച് സിപിഐഎയില്‍ നിന്നത് തെറ്റാണെന്ന് അദ്ദേഹം കാണുകയും ചെയ്യുന്നില്ല.

ദാമോദരന്റെ ഇടപെട്ട മറ്റൊരു പ്രധാന മേഖല സാഹിത്യമാണ്. അദ്ദേഹം കഥയും കവിതയും നാടകവും എഴുതി. കര്‍ഷകസമ്മേളനത്തില്‍ അവതരിപ്പിക്കുന്നതിനായി ഇഎംഎസിന്റെ നിര്‍ദ്ദേശമനുസരിച്ച് എഴുതിയ നാടകം പുതിയ ചരിത്രമാണ് സൃഷ്ടിച്ചത്. മലയാളത്തിലെ വിജയിച്ച ആദ്യരാഷ്ട്രീയ നാടകമായാണ് സി ജെ തോമസ് പാട്ടബാക്കിയെ കണ്ടത്. പാട്ടബാക്കിക്ക് ഒരു ചരിത്രരേഖയുടെ വിലകല്‍പ്പിച്ചാല്‍ മാത്രം പോരെന്നും അത് സാഹിത്യത്തിലെന്നപോലെ സമൂഹത്തിലും കോളിളക്കമുണ്ടാക്കിയെന്നും എസ് ഗുപ്തന്‍നായര്‍ വിശദീകരിച്ചിരുന്നു. ലക്ഷ്യം പൂര്‍ണമായും നിറവേറ്റിയെന്നു പറയാവുന്ന ഈ നാടകത്തില്‍ കെ ദാമോദരനും അഭിനയിച്ചിരുന്നു. മാര്‍ക്സിയന്‍ വീക്ഷണത്തില്‍ സാഹിത്യത്തെ സമിപിച്ചവരില്‍ പ്രധാനിയാണ് കെ ദാമോദരന്‍. സാമൂഹ്യജീവിതത്തിന്റെ പ്രതിഫലനമാണ് സാഹിത്യം എന്ന് അദ്ദേഹം വിശ്വസിച്ചു. പുരോഗമനസാഹിത്യത്തിനെതിരായി ഉന്നയിക്കപ്പെട്ട വിമര്‍ശനങ്ങള്‍ക്ക് ആധികാരികമായി മറുപടി പറഞ്ഞ് സംവാദം ശക്തിപ്പെടുത്തുന്നതില്‍ ദാമോദരന്‍ വഹിച്ച പങ്ക് നിസ്തുലമാണ്. മാര്‍ക്സിന്റെയും എംഗല്‍സിന്റെയും ബല്‍സാക്ക് വായനയും ലെനിന്റെ ടോള്‍സ്റ്റോയി വിലയിരുത്തലും ദാമോദരന്‍ പിന്തുടരുന്നത് കാണാന്‍ കഴിയും. പുകസയുടെ പെരുമ്പാവൂര്‍ രേഖയുടെ സമീപനത്തിന്റെ ചില സൂചനകള്‍ അന്നേ ദാമോദരന്റെ രചനകളില്‍ കാണാന്‍ കഴിയും. എന്നാല്‍ പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ തൃശ്ശൂര്‍ സമ്മേളനത്തെയും അതിനെ തുടര്‍ന്നുണ്ടായ സംവാദങ്ങളെയും സംബന്ധിച്ച് പിന്നീട് ദാമോദരന്‍ സ്വീകരിച്ച നിലപാട് വ്യത്യസ്തമായിരുന്നു. പാര്‍ടി പിളര്‍ന്നതിനുശേഷം, ഇഎംഎസുമായി ഇതു സംബന്ധിച്ച് പരസ്യസംവാദങ്ങള്‍ നടത്തിയതും ചരിത്രത്തിന്റെ ഭാഗമാണ്. പുരോഗമനസാഹിത്യം പഴമയുടെ നിരാകരണമാണെന്ന ചിലരുടെ വാദം നിഷ്കരുണം ദാമോദരന്‍ തള്ളിക്കളഞ്ഞു.

1953ലെ അഖിലേന്ത്യാപുരോഗമന സാഹിത്യസമ്മേളനത്തിന്റെ മാനിഫെസ്റ്റോ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഒരു സാംസ്കാരിക പൈതൃകമുണ്ടെന്ന് ചൂണ്ടിക്കാട്ടിയതിനെ വിമര്‍ശിച്ചവര്‍ കമ്യൂണിസ്റ്റുകാര്‍ ആര്‍എസ്എസിന്റെ ആര്‍ഷസംസ്കാരത്തെ പിന്തുണക്കുന്നുവെന്നുവരെ ആരോപിച്ചു. ഇതിനെ ശക്തമായി വിമര്‍ശിച്ച ദാമോദരന്‍ പാരമ്പര്യത്തെയും ഭൂതകാലത്തെയും കുറിച്ചുള്ള മാര്‍ക്സിയന്‍ നിലപാടുകള്‍ ഉയര്‍ത്തിപിടിച്ചു. സാംസ്കാരിക പൈതൃകത്തിലെ മഹത്തരവും മനോഹരവുമായ ഘടകങ്ങളെപ്പോലും എതിര്‍ക്കുന്നവര്‍ യഥാര്‍ഥത്തില്‍ ഭുതത്തോടല്ല, ഭാവിയോടാണ് യുദ്ധം വെട്ടുന്നത്. എന്തുകൊണ്ടെന്നാല്‍ മനുഷ്യസമുദായത്തിന് ഇതുവരെ ഉണ്ടായ നേട്ടങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ ഭാവി കെട്ടുപ്പെടുക്കാന്‍ കഴിയില്ല. വര്‍ത്തമാനകാലത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ടാണ് മനുഷ്യന്‍ ഭാവിയുടെ മാളിക കെട്ടിപ്പൊക്കുന്നത്. വര്‍ത്തമാനത്തിന്റെ വേരുകളാകട്ടെ ഭൂതകാലത്തില്‍ ആണ്ടിറങ്ങികിടക്കുകയും ചെയ്യുന്നു. രൂപങ്ങള്‍ക്കും ഭാവങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കും ടെക്നിക്കുകള്‍ക്കും വര്‍ത്തമാനം ഭൂതത്തെ ആശ്രയിക്കുന്നു. പാരമ്പര്യത്തോടുള്ള ബഹുമാനം ഭൂതകാലത്തിലേക്ക് തിരിഞ്ഞു നടക്കലല്ല, ഭാവിയിലേക്ക് പോകാനുള്ള വഴിയൊരുക്കലാണ്. പാരമ്പര്യം ഉപയോഗിക്കാതെ ഭാവികെട്ടിപ്പെടുക്കാനാവില്ല. ഈ കാഴ്ചപ്പാട് എത്രമാത്രം പ്രായോഗികമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് പിന്നീട് കഴിഞ്ഞുവെന്നത് പരിശോധനയുടെ വിഷയമാണ്.

സാഹിത്യത്തിലും മറ്റും തൊഴിലാളിയെ ചിത്രീകരിക്കുമ്പോള്‍ സദ്ഗുണസമ്പന്നമായിരിക്കണമെന്ന ചിലരുടെ വാശിയെ പരിഹസിക്കുന്നുണ്ട് അദ്ദേഹം. സാഹിത്യ സൃഷ്ടിയെ നിരൂപണം ചെയ്യുമ്പോള്‍ അതു രചിക്കപ്പെട്ട കാലഘട്ടത്തെയും സാമൂഹ്യജീവിതത്തെയും കണക്കിലെടുക്കണമെന്ന് ദാമോദരന്‍ നിഷ്കര്‍ഷിക്കുന്നത് മാര്‍ക്സിന്റെ വാദങ്ങളെ പിന്തുടര്‍ന്നാണ്. എന്നാല്‍, സിനിമയിലോ സാഹിത്യത്തിലോ ഏതെങ്കിലും കഥാപാത്രം ഉപയോഗിക്കുന്ന ഒരു വാക്കോ പ്രതീകമോ അടര്‍ത്തിയെടുത്ത് അത്തരം സൃഷ്ടികള്‍ പുരോഗമനവിരുദ്ധമാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന നമ്മുടെ ചില നിരൂപകര്‍ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടാകുമോ? നിരൂപകരെ പലപ്പോഴും രൂക്ഷവിമര്‍ശനത്തിന് വിധേയമാക്കുന്നുണ്ട്. സാഹിത്യകാരന്റെ സര്‍ഗപ്രതിഭയെ സ്വന്തം സങ്കുചിതത്വം കൊണ്ട് അളക്കാനാണ് മിക്കവാറും നിരൂപകരും ശ്രമിക്കുന്നതെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. ശങ്കരക്കുറുപ്പിനെ വിമര്‍ശിച്ച അഴിക്കോടിനെയും മുണ്ടശ്ശേരിയെയും അതിനിശിതമായി വിമര്‍ശിക്കുന്ന നിരവധി ലേഖനങ്ങള്‍ അദ്ദേഹം എഴുതുകയുണ്ടായി. വൃത്തത്തെയും പദ്യരൂപത്തെയും നിഷേധിച്ച പുതിയ തലമുറയെ വിമര്‍ശിച്ച് പദ്യരൂപത്തിലുള്ള കവിതയുടെ പ്രാധാന്യത്തെ ആധികാരികമായി അവതരിപ്പിച്ച ദാമോദരന്റെ സമീപനം ചില ഘട്ടങ്ങളില്‍ മറ്റു രൂപത്തിലുള്ള കവിതകളെ തള്ളിക്കളയുന്നതിലേക്ക് വരെ എത്തിയെന്നത് വിമര്‍ശനാത്മക പരിശോധനയുടെ ഒരു ഭാഗമാണ്. എന്നാല്‍, ഇതേ ദാമോദരന്‍ മറ്റു പുരോഗമന ചിന്താഗതിക്കാരില്‍നിന്ന് വ്യത്യസ്തമായി ആധുനികതാ പ്രസ്ഥാനത്തെ അന്ധമായി എതിര്‍ക്കാതെ അതിനെ അസ്വസ്ഥതയുടെ പ്രതിഫലനമായി വിലയിരുത്തുകയും ചെയ്യുന്നത് ഒറ്റ നോട്ടത്തില്‍ വിരോധാഭാസമായി തോന്നിയേക്കാം. ഭാഷയെ സംബന്ധിച്ച വിലയിരുത്തലിന് ദാദോദരന്‍ കൂടുതലായി ആശ്രയിച്ചത് സ്റ്റാലിന്റെ മാര്‍ക്സിസവും ഭാഷശാസ്ത്രവും എന്ന കൃതിയെയാണ്.

ഭാഷയുടെ വളര്‍ച്ചയെ സംബന്ധിച്ച് സ്റ്റാലിന്റെ നിഗമനം അദ്ദേഹം പലപ്പോഴും ഉദ്ധരിക്കുന്നുണ്ട്. പൊട്ടിത്തെറിയിലൂടെയല്ല, നിലവിലുള്ള ഭാഷയെ നശിപ്പിച്ച് പുതിയത് സൃഷ്ടിക്കുകയും ചെയ്യുന്നതിലൂടെയല്ല പ്രത്യുത പുതിയ ഗുണത്തിന്റെ ഘടകങ്ങള്‍ ക്രമത്തില്‍ ശക്തിപ്പെട്ടുവരികയും പഴയ ഗുണത്തിന്റെ ഘടകങ്ങള്‍ ക്രമത്തില്‍ മാഞ്ഞുപോകുന്നതിലൂടെയുമാണ് പഴയതില്‍നിന്ന് പുതിയതിലേക്ക് ഭാഷയുടെ മാറ്റം സംഭവിക്കുന്നത്. ഭാഷയെ ഇത്രമാത്രം ആഴത്തില്‍ മാര്‍ക്സിയന്‍ സമീപനത്തില്‍ വിശകലനത്തിനു വിധേയമാക്കിയ മറ്റൊരാള്‍ മലയാളത്തില്‍ ഉണ്ടെന്നുപറയാനാവില്ല. എന്നാല്‍, വാക്കിനെയും ഭാഷയെയും സംബന്ധിച്ച വിശകലനങ്ങള്‍ പിന്നെയും വികസിച്ചുകൊണ്ടിരുന്നുവെന്നത് കാണാതിരുന്നുകൂടാ. വാക്കിന്റെ രാഷ്ട്രീയ പ്രയോഗങ്ങളെ സംബന്ധിച്ച ആധുനിക മാര്‍ക്സിസ്റ്റ് വിശകലനങ്ങളെ ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള കടമയാണ് ഇന്നത്തെ തലമുറക്കുള്ളത്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ കേരളത്തിലെ ആദ്യഘടകത്തിലെ അംഗമായിരുന്ന കെ ദാമോദരന് ഹൃസ്വകാല പാര്‍ലമെണ്ടറി അനുഭവവും ഉണ്ടായിരുന്നു.

നിയമസഭയിലേക്കും ലോകസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചെങ്കിലും അദ്ദേഹത്തിന് വിജയിക്കാനായില്ല. പിന്നീട് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ആ കാലയളവില്‍ പ്രശ്നങ്ങള്‍ ആഴത്തില്‍ പഠിച്ച് അവതരിപ്പിക്കാന്‍ ശ്രമിച്ച മികച്ച പാര്‍ലമെന്റേറിയന്‍ ആയിരുന്നു. ജീവിതത്തിന്റെ അവസാനകാലം ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയില്‍ ഗവേഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാവിയെ സംബന്ധിച്ച് താന്‍ ശുഭാപ്തിവിശ്വാസിയാണെന്ന് താരിഖ് അലിയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം ഊന്നിപറയുന്നുണ്ട്. നിലപാടുകളോട് വിയോജിക്കുന്നവര്‍ക്കും ആദരിക്കാതിരിക്കാന്‍ കഴിയാത്തവിധം കറകളഞ്ഞ ആത്മാര്‍ഥതയുടേയും പ്രതിബദ്ധതയുടേയും ഉടമയായിരുന്നു ദാമോദരന്‍. അദ്ദേഹത്തിന്റെ സംഭാവനകളെ സംബന്ധിച്ച ആഴത്തിലുള്ള പഠനവും വിമര്‍ശനാത്മക പരിശോധനയും ഇന്നത്തെ കേരളത്തില്‍ കൂടുതല്‍ പ്രസക്തമാണ്.

*
പി രാജീവ് ദേശാഭിമാനി വാരിക 21 ഒക്ടോബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം സംഭാവന ചെയ്ത ദാര്‍ശനികരില്‍ പ്രധാനിയാണ് കെ ദാമോദരന്‍. സി അച്യുതമേനോന്‍ ചൂണ്ടിക്കാട്ടിയതുപോലെ ഉന്നതനായ ബുദ്ധിജീവിയുടെ ചിന്താപരതയും പ്രഗത്ഭനായ പ്രക്ഷോഭകാരിയുടെ വൈകാരികതയും ഒത്തിണങ്ങിയ അപൂര്‍വ വ്യക്തിയാണ് കെ ദാമോദരന്‍. ഇഎംഎസ് കഴിഞ്ഞാല്‍ രാജ്യത്തെ അറിയപ്പെടുന്ന മലയാളി കമ്യൂണിസ്റ്റായിരുന്ന അദ്ദേഹം വ്യാപരിക്കാത്ത മേഖലകളില്‍ ഇല്ലെന്നു പറയുന്നതാവും ശരി. 1912 മുതല്‍ 1976 വരെ നീണ്ടുനിന്ന ജീവിതവും ദാര്‍ശനിക സംഭാവനകളും ആഴത്തില്‍ വിലയിരുത്തേണ്ടിയിരിക്കുന്നു. ജന്മശതാബ്ദി അതിനു പറ്റുന്ന സന്ദര്‍ഭം കൂടിയാണ്. അദ്ദേഹത്തിന്റെ കൃതികളില്‍ നല്ല പങ്കും വിപണിയില്‍ ലഭ്യമല്ല. എന്നാല്‍, പ്രഭാത് ബുക്സ് ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട കൃതികള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. താരിഖ് അലി, കെ ദാമോദരനുമായി നടത്തിയ ദീര്‍ഘമായ അഭിമുഖം അദ്ദേഹത്തിന്റെ ജീവിതത്തിന്റെയും രാഷ്ട്രീയനിലപാടുകളുടെയും പ്രത്യയശാസ്ത്ര സമീപനങ്ങളുടെയും വ്യത്യസ്ത ഘട്ടങ്ങള്‍ അനാവരണം ചെയ്യുന്നതാണ്. ദാമോദരന്റെ ശക്തിയും ദൗര്‍ബല്യവും ഈ അഭിമുഖം വരച്ചിടുന്നു.