Friday, October 5, 2012

കാലത്തെ ജയിച്ച അധ്യാപകന്‍

"തേന്‍തുള്ളി" സിനിമയിലെ ""ഓത്ത് പള്ളീലന്ന് നമ്മള്"" എന്ന പാട്ട് മുപ്പത്തിമൂന്ന് വര്‍ഷമായി ഞാന്‍ പാടിനടക്കുന്നു. ആ പാട്ട് പല നേട്ടങ്ങളും ഉണ്ടാക്കിത്തന്നിട്ടുണ്ട്. അത് കേള്‍ക്കാനിപ്പോഴും അനുവാചകരുണ്ട്. ചില യോഗങ്ങള്‍ക്ക് വിളിക്കുമ്പോള്‍ സംഘാടകര്‍ ""ഓത്ത് പള്ളി പാടണേ"" എന്നു മുന്‍കൂട്ടി പറയും. "തേന്‍തുള്ളി"യില്‍ തന്നെ ഞാന്‍ പാടിയ മറ്റൊരു ഗാനമുണ്ട്. ""കാലത്തേ ജയിക്കുവാന്‍ കാളിയനുഗ്രഹിക്കെ"" എന്നു തുടങ്ങുന്ന ആ ഗാനം ഒരു കവിതയായിട്ടാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്. രണ്ട് സോളോ ഗാനങ്ങള്‍, അതും രാഘവന്‍ മാസ്റ്ററുടെ, പാടിയാണ് ഞാന്‍ സിനിമയില്‍ എത്തിയത്. വളരെ കുറച്ച് പാട്ടുകളേ സിനിമയ്ക്കുവേണ്ടി പാടിയിട്ടുള്ളുവെങ്കിലും അവയെല്ലാം അനുവാചക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. എന്നാല്‍ ""കാലത്തെ ജയിക്കുവാന്‍"" അത്രയേറെ ശ്രദ്ധിക്കപ്പെട്ടു എന്നുപറയാന്‍ വയ്യ. ""മാതളത്തേനുണ്ണാന്‍"" (ഉയരും ഞാന്‍ നാടാകെ) ""പൊന്നരളിപ്പൂ"" (കത്തി) എന്നീ രണ്ടു ഗാനങ്ങളും വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ""കാലത്തെ ജയിക്കുവാന്‍"" എന്ന ഗാനത്തിന് മറ്റു പാട്ടുകളെപ്പോലെ കാലത്തെ ജയിക്കാന്‍ കഴിയാതെ പേയതെന്ത് അറിയില്ല. എന്നാലും അതേക്കുറിച്ച് സംസാരിക്കുന്നവര്‍ ഇപ്പോഴും ഉണ്ട്.

""ഓത്ത് പള്ളി""യെക്കാളും ഇഷ്ടം "കാലത്തെ ജയിക്കുവാനാ"ണ് എന്ന് ചിലര്‍ പറയാറുണ്ട്. പള്ളിക്കര വി പി മുഹമ്മദിന്റെ "തേന്‍തുള്ളി" എന്ന നോവലിന്റെ അഭ്രാവിഷ്കാരമാണ് ഈ സിനിമ. സിനിമ സംവിധാനം ചെയ്തത് കെ പി കുമാരന്‍. മൊത്തത്തില്‍ ഒരു വടക്കന്‍ സംരംഭം എന്നു വേണമെങ്കില്‍ പറയാം. മയ്യഴിക്കാരനായ പി വി ഷാജിഹാന്‍ നിര്‍മാതാവ്, പയ്യോളിക്കാരനായ വി പി മുഹമ്മദിന്റെ കഥ, വടകരക്കാരനായ പി ടി അബ്ദുറഹിമാന്റെ ഗാനരചന, തലശേരിക്കാരനായ കെ രാഘവന്റെ സംഗീതം, കൂത്തുപറമ്പുകാരനായ കെ പി കുമാരന്റെ സംവിധാനം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വടകരക്കാരന്‍ എസ് വി അബ്ദുള്ള. വടകരക്കാരന്‍ തന്നെയായ ഞാന്‍ പാടുന്നു. മറ്റൊരു പാട്ടുപാടുന്നത് പീര്‍ മുഹമ്മദ്. ഹമീദ് ഷര്‍വാണി, തലശേരി എ ഉമ്മര്‍, എം പി ഉമ്മര്‍കുട്ടി എല്ലാവരും വടക്കന്മാര്‍. ഒരു പ്രാദേശിക വികാരത്തില്‍ നിര്‍മിക്കപ്പെട്ട സിനിമയല്ല തേന്‍തുള്ളിയെങ്കിലും പിന്നീടാലോചിച്ചപ്പോള്‍ അങ്ങനയൊന്ന് ഇതിന്റെ അടിയില്‍ വേണമെങ്കില്‍ കാണാം. കെ രാഘവന്‍ മാസ്റ്ററും കെ പി കുമാരനും അത്തരമൊരു പരിഗണനയില്‍ വന്നതല്ല എന്ന് തീര്‍ച്ചയാണെങ്കിലും അങ്ങനെ ആലോചിച്ചുപോയതിന് ചില കാരണങ്ങളുണ്ട്. പലപ്പോഴും ഇങ്ങനെ സംഭവിക്കാറില്ല എന്നതാണ് വടക്കന്‍ കലാകാരന്മാരുടെ അനുഭവം എന്നത് തന്നെ പ്രധാന കാരണം. ഇവിടെനിന്ന് പടം പിടിക്കാന്‍ പോകുന്നവരാരും ഇവിടുത്തെ കലാകാരന്മാരെ ഓര്‍ക്കാറില്ല. തെക്കന്‍ പ്രദേശങ്ങളില്‍ അംഗീകരിക്കപ്പെട്ടാലെ കേരളത്തിന്റെ മൊത്തം കലാകാരന്മാരാവൂ എന്ന നിലപാട് പക്ഷേ തെക്കുള്ളവര്‍ സ്വീകരിച്ചു കാണാറില്ല. വടക്കന്‍ കേരളവും കൂടി ചേര്‍ന്നതാണ് കേരളം എന്ന് അവിടെ ആലോചനയുണ്ടാവാറില്ല എന്ന് പറയുന്നത് പ്രാദേശിക വികാരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് കരുതരുത്. പിന്നീട് നിര്‍മിച്ച "ഉല്‍പത്തി"യില്‍ കെ രാഘവന് പകരം എ ടി ഉമ്മറാണ് സംഗീത സംവിധായകന്‍. അദ്ദേഹവും കണ്ണൂര്‍ക്കാരനാണ് എന്നത് യാദൃച്ഛികം മാത്രം. സംവിധായകന്‍ വി പി മുഹമ്മദ് തന്നെയായിരുന്നു. ഉല്‍പത്തിയുടെ നിര്‍മാതാവും കണ്ണൂര്‍ക്കാരന്‍. വില്യാപ്പള്ളി രാജനെപ്പോലുള്ള നടന്മാരുടെ പങ്കാളിത്തവും ഈ സിനിമകളില്‍ ഉണ്ടായിരുന്നു. ഇവിടുത്തെ നടന്മാരെയും ആരും പരിഗണിക്കാറില്ല. ""കാലത്തെ ജയിക്കുവാന്‍"" എന്ന ഗാനം സിനിമയില്‍ ഒരധ്യാപകന്‍ ക്ലാസ് മുറിയില്‍ ചൊല്ലുന്ന കവിതയായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. രവിമേനോന്‍ എന്ന നടനാണ് രംഗത്ത്. കഥയുടെ പശ്ചാത്തലമായ പ്രദേശത്തെ സ്കൂളിലെത്തുന്ന ഒരധ്യാപകന്‍. പുരോഗമനാശയക്കാരനായ യൂസഫ്. മുസ്ലിം പശ്ചാത്തലമുള്ള ഈ കഥയില്‍ എങ്ങനെ കാളിദാസനെക്കുറിച്ചൊരു പാട്ടു വന്നു എന്ന ചോദ്യമൊന്നും അന്ന് മനസ്സില്‍ തോന്നിയിരുന്നില്ല. പിന്നീട് തിരക്കഥാകൃത്ത് വി പി മുഹമ്മദിനോടു ചോദിച്ചപ്പോള്‍ അതിന്റെ പിന്നിലെ വൈകാരികതയും സ്നേഹത്തിന്റെ ഊഷ്മളതയും ബോധ്യപ്പെട്ടു.

എന്റെ അച്ഛന്‍ വി ടി കുമാരന്‍ മാസ്റ്ററാണ് വി പിയുടെ മനസ്സിലെ അധ്യാപകന്‍. പയ്യോളി ഹൈസ്കൂളില്‍ അധ്യാപകനായി വി ടി കുമാരന്‍ മാസ്റ്റര്‍ എത്തിയ കാലത്തെ തിക്കോടിയന്‍ മാസ്റ്റര്‍ അദ്ദേഹത്തിന്റെ "അരങ്ങ് കാണാത്ത നടന്‍" എന്ന ആത്മകഥയില്‍ ഇങ്ങനെ വിവരിക്കുന്നു. ""എന്റെ ഗ്രാമത്തില്‍ ഒരു കവി വിരുന്നുവന്ന കഥ കേള്‍ക്കുന്നു. നഗരച്ചൂടിലുരുകി വേവുന്ന എന്റെ ഹൃദയത്തിലത് കുളിര്‍ കോരിയിടുന്നു. "*വോള്‍ഗ""യിലെ താമരപ്പൂവിന്റെ പരിമളം ചാര്‍ത്തി, വടക്കന്‍ പാട്ടിന്റെ മാധുര്യം ചുണ്ടിലാവാഹിച്ച്, കടത്തനാടിന്റെ മണ്ണില്‍ നിന്നുവരുന്ന കവി, തൃക്കോട്ടൂര്‍ ഗ്രാമത്തിലെ കുഞ്ഞുങ്ങള്‍ക്ക് അക്ഷരവിദ്യ പകര്‍ന്നു കൊടുക്കാനെത്തിയതാണെന്ന വാര്‍ത്തയും കൂടി അറിഞ്ഞു കഴിഞ്ഞപ്പോള്‍ എന്റെ സന്തോഷം ഇരട്ടിച്ചു. നന്നാവട്ടെ, അവിടെയുള്ള കുട്ടികള്‍ കവിഭാഷ പഠിക്കട്ടെ, സര്‍ഗവാസനാ വൈഭവംകൊണ്ട് കവി അവരെ അനുഗ്രഹിക്കട്ടെ. അവരില്‍നിന്ന് പുത്തന്‍ കവികളുദയം കൊള്ളട്ടെ. നല്ലത്, നല്ലതെന്നെന്റെ മനസ്സ് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു"". ഈ അധ്യാപകനെയാണ് വി പി തിരക്കഥയില്‍ അവതരിപ്പിക്കുന്നത്. പയ്യോളി പ്രദേശത്ത് മുഴുവന്‍ അക്ഷരവിദ്യയുടെ, കവിതയുടെ സുഗന്ധം പരത്തി ഈ അധ്യാപകന്‍. മാത്രമല്ല അവിടെയുള്ള ചെറുപ്പക്കാരായ എഴുത്തുകാരുടെയും സഹൃദയരുടെയും മുഴുവന്‍ ഗുരുനാഥനായി അദ്ദേഹം. ഈ അധ്യാപകനെക്കുറിച്ച് പയ്യോളി നിവാസികള്‍ക്കിപ്പോഴും സജീവമായ സ്മരണകളുണ്ട്. ആ സ്മരണകളിലൊക്കെ കാളിദാസനുമുണ്ട്. പ്രദേശത്തെ മുഴുവന്‍ ചെറുപ്പക്കാരുടെയും ആരാധനാ പാത്രമായി മാസ്റ്റര്‍. തിക്കോടിയന്‍ മാസ്റ്റര്‍ തന്നെ പറയുന്നു. തടിച്ച കണ്ണാടിച്ചില്ലുകള്‍ക്ക് പിറകില്‍ മേധാശക്തിയുടെ തിളക്കമാര്‍ന്ന മിഴികളും ഹൃദയംനിറയെ ഓടക്കുഴല്‍ നാദവുമായി വന്നുചേര്‍ന്ന കവിയെ ഗ്രാമം വളരെ വേഗത്തില്‍ തിരിച്ചറിഞ്ഞു. കവിക്കാകട്ടെ ഗ്രാമഹൃദയത്തില്‍ കൂടൊരുക്കാന്‍ ഒട്ടും താമസം വേണ്ടിവന്നില്ല. അങ്ങനെ കവിയും കവിഹൃദയമുള്ള യുവജനങ്ങളും ഒത്തുചേര്‍ന്നപ്പോള്‍ "സഹൃദയവേദി"യെന്നൊരു സാംസ്കാരിക സംഘടന അവിടെ രൂപം പൂണ്ടു. സൗമ്യമായ പെരുമാറ്റത്തിലൂടെ, വശ്യമായ പുഞ്ചിരിയിലൂടെ, ഒതുക്കവും ചിട്ടയുമുള്ള പ്രവര്‍ത്തന ശൈലിയിലൂടെ കുമാരന്‍ മാഷ് വളരെ വേഗത്തില്‍ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി തീര്‍ന്നു. ഒരധ്യാപകന്‍ പ്രദേശത്തിന്റെ മുഴുവന്‍ ഗുരുനാഥനായി തീരുന്നതിന്റെ ചിത്രം തിക്കോടിയന്‍ മാസ്റ്റര്‍ വരച്ചുവച്ചിട്ടുണ്ട്. ""വെളിച്ചത്തിന്‍ ചോക്കുകട്ട കൊണ്ടു ഞാന്‍ തെളിയിച്ചിടും അക്ഷരപ്പൊന്‍ ദീപമെന്റെ നാടിന്നിരുളകറ്റീടും"" എന്ന വരികള്‍ അദ്ദേഹം പ്രാവര്‍ത്തികമാക്കി. ഒരു പ്രദേശത്തിന്റെ മനസ്സിനെ മുഴുവന്‍ സൗന്ദര്യവല്‍ക്കരിക്കാന്‍ ശ്രമിച്ചു അദ്ദേഹം. ക്ലാസുമുറികള്‍ക്കുള്ളിലല്ല ഇത് സാധിച്ചത്. മുഴുവന്‍ നാട്ടിനുള്ളിലുമാണ് തിക്കോടിയന്‍ മാസ്റ്റര്‍ കുറിപ്പ് അവസാനിപ്പിക്കുന്നതിങ്ങനെയാണ്. ""സുഹൃത്തെ, അടുത്തും അകലത്തും വീശുന്ന പൂങ്കാറ്റില്‍ താങ്കളുടെ പുല്ലാങ്കുഴലിന്റെ നാദം ഇന്നും ഞങ്ങള്‍ കേള്‍ക്കുന്നു. അതൊന്നുമാത്രം ഞങ്ങള്‍ക്കിന്നാശ്വാസം നല്‍കുന്നു"". പയ്യോളി പ്രദേശത്തെ എഴുത്തുകാരും കലാകാരന്മാരുമെല്ലാം ക്ലാസ്മുറിക്കുള്ളിലും പുറത്തും വി ടി കുമാരന്‍ മാസ്റ്ററുടെ ശിഷ്യരായി. അദ്ദേഹം മരിച്ചപ്പോള്‍ ശിഷ്യനായ പ്രസിദ്ധ കാര്‍ട്ടൂണിസ്റ്റ് ബി എം ഗഫൂര്‍ വരച്ച കാരിക്കേച്ചര്‍ ഞാന്‍ ഓര്‍ക്കുന്നു. കാളിദാസന്‍ എന്നെഴുതിയ പുസ്തകവുമായി നടന്നുപോകുന്ന കുമാരന്‍ മാസ്റ്റര്‍. പത്താം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് കാളിദാസന്‍ വെറും ഐതിഹ്യ കഥയല്ല. കാളിയുടെ ദാസനായ കഥ. എന്നാല്‍ പയ്യോളിയിലെ വിദ്യാര്‍ഥികള്‍ക്ക് കുമാരസംഭവത്തിന്റെയും അഭിജ്ഞാന ശാകുന്തളത്തിന്റെയും മേഘസന്ദേശത്തിന്റെയും ഒക്കെ സൗന്ദര്യം അറിയാമായിരുന്നു. അങ്ങനെയൊരധ്യാപകനെയാണ് വി പി സിനിമയില്‍ പുനഃസൃഷ്ടിക്കാന്‍ ശ്രമിച്ചത്. ""നാടിന്റെ കരളുണര്‍ത്തുന്"" അധ്യാപകന്‍. പി ടി അബ്ദുറഹിമാന്‍ എന്ന കവി, വി ടി കുമാരന്‍ മാസ്റ്ററെ ഗുരുതുല്യനായി കണക്കാക്കിയ ആളാണ്. കുമാരന്‍ മാസ്റ്റരുടെ ഉള്ളിലെ കാളിദാസനെ മനസ്സിലാക്കാന്‍ പി ടിയ്ക്ക് എളുപ്പത്തില്‍ കഴിയും. കവിതയുടെ രചനാഭംഗിയെക്കുറിച്ചൊന്നും ഇവിടെ വിവരിക്കുന്നില്ല. പി ടിയുടെ വരികളില്‍നിന്ന് ഒറ്റവരി ഉദാഹരിക്കാം ""ചാമരം വീശിനിന്നു കരള്‍ത്തടത്തില്‍."" കരള്‍ത്തടം എന്ന പ്രയോഗത്തിന്റെ മനോഹാരിത എങ്ങനെ വിശദീകരിക്കും. രാഘവന്‍ മാസ്റ്റര്‍ ഈ വരികള്‍ക്ക് ഈണമിട്ടത് കവിതയുടെ രീതിയില്‍ തന്നെയാണ്. കല്യാണിരാഗത്തിന്റെ ഛായയില്‍ അദ്ദേഹം കവിതയെ ചിട്ട ചെയ്തു. ഉപകരണ സംഗീതമായി താളവാദ്യങ്ങള്‍ക്ക് പുറമെ തംബുരുവും വീണയും ഓടക്കുഴലും മാത്രം. പാട്ടിന്റെ സംവിധാനം നടക്കുന്ന സമയത്തൊക്കെ മാസ്റ്ററോടൊപ്പം അച്ഛനുമുണ്ടായിരുന്നു. അച്ഛന്‍ രോഗബാധിതനായി വീഴുന്നതും ഈ സമയത്ത് തന്നെ. ഈ പാട്ടും സിനിമയും എന്റെ ജീവിതവും അച്ഛന്റെ ഓര്‍മകളും ഒക്കെ കെട്ടുപിണഞ്ഞു കിടക്കുന്നു. വി ടി കുമാരന്റെ കാളിദാസാഭിമുഖ്യം ഈ പ്രദേശത്തെ പഴമക്കാര്‍ക്ക് കാണാപ്പാഠമാണ്. തെരഞ്ഞെടുത്ത ലേഖനങ്ങള്‍ എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ കെ പി വാസുമാസ്റ്റര്‍ എഴുതിയിട്ടുണ്ട്. ""കാളിദാസനും കാള്‍ മാര്‍ക്സും ഒരുപോലെ പ്രിയങ്കരനായിരുന്നു വി ടിയ്ക്ക്"" എന്ന്. കാളിദാസനെക്കുറിച്ച് നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ചിലതിന്റെ ശീര്‍ഷകങ്ങള്‍ ഇങ്ങനെയാണ്. കവി കുലഗുരു കാളിദാസന്‍, കാളിദാസന്റെ പണിപ്പുരയില്‍, കാളിദാസന്‍ പ്രകൃതി ഗായകന്‍, കാളിദാസന്‍ ഭാരതത്തിന്റെ കവി, അഭിജ്ഞാന ശാകുന്തളവും ടെമ്പസ്റ്റും, കാളിദാസന്റെ ഉര്‍വശി, കാളിദാസന്റെ ശാസ്ത്രീയബോധം, കാളിദാസന്റെ വിദേശ പര്യടനം... ഇനിയും ധാരാളം. മടപ്പള്ളി കോളേജില്‍ ഇംഗ്ലീഷ് അധ്യാപനായിരുന്ന കാലത്ത് പ്രസിദ്ധ നിരൂപകനും നടനുമായിരുന്ന നരേന്ദ്രപ്രസാദ് അച്ഛന്റെ ശിഷ്യനായിരുന്നു. ചെറുപ്പകാലത്ത് പഠിച്ച സംസ്കൃതത്തിന്റെ സൗന്ദര്യം മനസ്സിലായത് കുമാരന്‍ മാസ്റ്റരുടെ അടുത്തുനിന്ന് അഭിജ്ഞാന ശാകുന്തളം പഠിച്ചപ്പോഴാണെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. എഴുത്തുകാര്‍ യു എ ഖാദര്‍, യു കെ കുമാരന്‍, എം കുട്ടികൃഷ്ണന്‍, മണിയൂര്‍ ഇ ബാലന്‍ എല്ലാവരും അദ്ദേഹത്തിന്റെ സൗഹൃദത്തിന്റെയും പാണ്ഡിത്യത്തിന്റെയും അനുഭവങ്ങള്‍ ഉള്ളവരാണ്. അവര്‍ക്കെല്ലാം എത്രയോ പറയാനുണ്ട്.

പള്ളിക്കര വി പി ഒരു സിനിമയ്ക്ക് കഥയും തിരക്കഥയും എഴുതാന്‍ അവസരം ലഭിച്ചപ്പോള്‍ തന്റെ മതിപ്പും സ്നേഹവും "ആദരവും, ഒരു രംഗത്തിലൂടെ, ഒരു പാട്ടിലൂടെ, ഒരു കഥാപാത്രത്തിലൂടെ രേഖപ്പെടുത്തുകയായിരുന്നു. ഗാനം കാലത്തെ ജയിക്കുവാന്‍ കാളിയനുഗ്രഹിക്കെ കാവ്യ സൗഭഗം പൂത്ത കാളിദാസന്‍ അന്നുപോയൊരു പര്‍ണ്ണ ശാല കെട്ടുന്നു,- സ്വന്തം അന്തരംഗത്തില്‍ നിത്യം തപസ്സു ചെയ്യാന്‍ * ശാന്തിതന്‍ ദര്‍ഭപൂത്ത കാനം കണ്വ മുനി- യ്ക്കന്നു നല്‍കി മഹാകവി കാളിദാസന്‍ മരവുരിക്കച്ചയില്‍- വിങ്ങും ശകുന്തളയാം യൗവനപുളപ്പിന്റെ ലഹരിയെയും. * താരിതള്‍ അഴകൊത്ത് ആ വിപിനത്തില്‍ പൂത്ത വാരെഴും വനജ്യോത്സനയുടെ മനസ്സില്‍ എന്തെല്ലാം മോഹങ്ങള്‍ ചിത്രശലഭങ്ങളായ് സിന്ദൂരച്ചിറകിന്മേല്‍ പറന്നുവന്നു. * അനസൂയ പ്രിയംവദ ഒളിയമ്പാലോമലാളെ കവിളത്ത് രുധിരപൂ കുങ്കുമം ചാര്‍ത്തി മാലിനിയോളങ്ങള്‍ പെണ്‍മണിക്ക് കുളിരിന്റെ ചാമരം വീശിനിന്നു കരള്‍തടത്തില്‍ ചിത്രം: തേന്‍തുള്ളി (1979) രചന: പി ടി അബ്ദുറഹിമാന്‍ സംഗീതം: കെ രാഘവന്‍ പാടിയത്: വി ടി മുരളി

*
വി ടി മുരളി ദേശാഭിമാനി വാരിക 07 ഒക്ടോബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

"തേന്‍തുള്ളി" സിനിമയിലെ ""ഓത്ത് പള്ളീലന്ന് നമ്മള്"" എന്ന പാട്ട് മുപ്പത്തിമൂന്ന് വര്‍ഷമായി ഞാന്‍ പാടിനടക്കുന്നു. ആ പാട്ട് പല നേട്ടങ്ങളും ഉണ്ടാക്കിത്തന്നിട്ടുണ്ട്. അത് കേള്‍ക്കാനിപ്പോഴും അനുവാചകരുണ്ട്. ചില യോഗങ്ങള്‍ക്ക് വിളിക്കുമ്പോള്‍ സംഘാടകര്‍ ""ഓത്ത് പള്ളി പാടണേ"" എന്നു മുന്‍കൂട്ടി പറയും. "തേന്‍തുള്ളി"യില്‍ തന്നെ ഞാന്‍ പാടിയ മറ്റൊരു ഗാനമുണ്ട്. ""കാലത്തേ ജയിക്കുവാന്‍ കാളിയനുഗ്രഹിക്കെ"" എന്നു തുടങ്ങുന്ന ആ ഗാനം ഒരു കവിതയായിട്ടാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്. രണ്ട് സോളോ ഗാനങ്ങള്‍, അതും രാഘവന്‍ മാസ്റ്ററുടെ, പാടിയാണ് ഞാന്‍ സിനിമയില്‍ എത്തിയത്. വളരെ കുറച്ച് പാട്ടുകളേ സിനിമയ്ക്കുവേണ്ടി പാടിയിട്ടുള്ളുവെങ്കിലും അവയെല്ലാം അനുവാചക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. എന്നാല്‍ ""കാലത്തെ ജയിക്കുവാന്‍"" അത്രയേറെ ശ്രദ്ധിക്കപ്പെട്ടു എന്നുപറയാന്‍ വയ്യ. ""മാതളത്തേനുണ്ണാന്‍"" (ഉയരും ഞാന്‍ നാടാകെ) ""പൊന്നരളിപ്പൂ"" (കത്തി) എന്നീ രണ്ടു ഗാനങ്ങളും വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ""കാലത്തെ ജയിക്കുവാന്‍"" എന്ന ഗാനത്തിന് മറ്റു പാട്ടുകളെപ്പോലെ കാലത്തെ ജയിക്കാന്‍ കഴിയാതെ പേയതെന്ത് അറിയില്ല. എന്നാലും അതേക്കുറിച്ച് സംസാരിക്കുന്നവര്‍ ഇപ്പോഴും ഉണ്ട്.