Friday, October 12, 2012

കണ്ണുകളെന്തിനു വേറെ

ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ പദവി വരെയെത്തി. പ്രായം അമ്പത് കഴിയുന്നു. എന്നിട്ടും സത്യശീലന്‍ മാഷ് ഇന്ദുലേഖ വായിച്ചു തീര്‍ത്തത് ഈയടുത്ത കാലത്ത്. കവിതാപ്രേമിയായിട്ടും ആശാന്റെയും ചങ്ങമ്പുഴയുടെയും കൃതികള്‍ നേരിട്ട് വായിച്ച് ഹൃദിസ്ഥമാക്കുന്നതും ഇപ്പോള്‍. ബൈബിള്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പോലും മാഷ് ഇപ്പോഴാണ് ഒന്ന് വായിച്ചുനോക്കുന്നത്. കാസര്‍കോട് വിദ്യാനഗര്‍ അന്ധവിദ്യാലയത്തിലെ പ്രധാനാധ്യാപകനായിരുന്നു സത്യശീലന്‍ മാഷ്. ഇപ്പോള്‍ പ്രധാനാധ്യാപകന്റെ ചുമതലയില്‍നിന്നൊഴിഞ്ഞെങ്കിലും മാഷ് അകക്കണ്ണിന്റെ കരുത്തില്‍ കുട്ടികളെ പഠിപ്പിക്കുന്നതെല്ലാം വളരെ പ്രധാനം തന്നെ.

കാഴ്ചയെന്നാല്‍ കട്ട പിടിച്ച ഇരുട്ടാണെന്ന് മാത്രമറിഞ്ഞിരുന്ന സത്യശീലന്‍ മാഷുടെ കുട്ടികളിപ്പോള്‍ കാര്യങ്ങളെല്ലാം കാണും. ഒന്നും കാണാത്ത കണ്ണ് ഇവര്‍ക്കിപ്പോള്‍ ബലഹീനതയല്ല. ചെവിയിലേക്ക് പരാവര്‍ത്തനം ചെയ്ത ആറാമിന്ദ്രിയമാണ്. ഈ ഇന്ദ്രിയത്തിലൂടെ കുട്ടികള്‍ അറിവിന്റെ പുതിയ ചക്രവാളം തുറക്കുന്നു. "ഉബുണ്ടു" ഓപ്പറേറ്റിംഗ് സിസ്റ്റത്തിലൂടെ, മാഷ് വികസിപ്പിച്ചെടുത്ത "ലിനക്സ് ഇന്റലിജന്റ് ഒസിആര്‍" എന്ന സോഫ്റ്റ്വെയര്‍ കാഴ്ചയില്ലാത്തവരുടെ ഉള്‍ക്കണ്ണായിരിക്കുകയാണിപ്പോള്‍. ഇതിന്റെ കഥ മാഷ് തന്നെ പറഞ്ഞുതരും. സ്വതന്ത്ര സോഫ്റ്റ്വെയറായതിനാല്‍ അറിഞ്ഞവര്‍ ഇതൊന്ന് പ്രചരിപ്പിക്കണമെന്ന അഭ്യര്‍ഥന മാത്രമാണ് മാഷിനുള്ളത്. വാക്ക് കേള്‍വിയാകുന്നു വായിക്കേണ്ട പുസ്തകത്തിന്റെ പേജ് സ്കാനറില്‍ വച്ച് ഇ- സ്പീക്കെന്ന വിദ്യയിലൂടെ കംപ്യൂട്ടര്‍, പുസ്തകത്തിലെ എഴുത്തിനെ ശബ്ദമാക്കി മാറ്റുന്നു. ലോകത്തിലെ 80 ഭാഷകള്‍ വരെ ഇങ്ങനെ കംപ്യൂട്ടര്‍ സംസാരിക്കും. ഇതില്‍ നമ്മുടെ മലയാളം സംസാരിക്കുന്ന വിദ്യ കണ്ടുപിടിച്ചത് ജൊനാഥന്‍ ഡെഡിങ്ടണ്‍ എന്ന ഇംഗ്ലീഷുകാരനാണ്. "കംപ്യൂട്ടര്‍ ഗുണ്ടര്‍ട്ട്" എന്നാണ് സത്യശീലന്‍ മാഷ് ഈ സായ്പിനെ വിശേഷിപ്പിക്കുന്നത്.

നിലവിലുള്ള ശാസ്ത്ര- സാങ്കേതിക ഭൗതികസൗകര്യങ്ങള്‍ കാഴ്ചയില്ലാത്തവര്‍ക്കും പ്രാപ്യമാണ് എന്നു തെളിയിച്ചതാണ് സത്യശീലന്‍ മാഷിന്റെ ജീവിതം. കണ്ണുണ്ടായിട്ടും, കാണേണ്ടത് കാണാത്ത നമ്മളെക്കാളെല്ലാം വേഗത്തില്‍ മാഷ് കംപ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കും. ഗൂഗിള്‍ വിക്കീപീഡിയയില്‍ കാര്യങ്ങള്‍ തിരക്കും. കംപ്യൂട്ടര്‍ എന്‍ജിനിയറിങ് വിദഗ്ധരുമായി ആശയവിനിമയം നടത്തും. ഇ- മെയില്‍ കത്തിടപാടും മുറയ്ക്ക് ഉണ്ടാകും. എന്‍ജിനിയര്‍മാര്‍ ഓണ്‍ലൈനിലുണ്ടെങ്കില്‍ ചാറ്റിങ്ങിലാകും സംശയനിവാരണം. മലയാളവും ഇംഗ്ലീഷും ഹിന്ദിയും വേഗത്തില്‍ മാഷ് കംപോസ് ചെയ്യും. നിലവില്‍ "ഡെയ്സി പ്ലെയര്‍"എന്ന സൗകര്യം കാഴ്ചശക്തി കുറഞ്ഞവര്‍ക്ക് സഹായത്തിനുണ്ട്. പുസ്തകം അപ്പാടെ റെക്കോഡ് ചെയ്ത് കേള്‍പ്പിക്കുന്ന രീതിയാണ് ഡെയ്സി പ്ലയര്‍ പിന്തുടരുന്നത്. അതായത് പുസ്തകത്തിന്റെ ഓഡിയോ സിഡി കേള്‍പ്പിക്കുന്നതാണിത്. നമുക്ക് ആഗ്രഹമുള്ള എല്ലാത്തരം പുസതകവും ഇങ്ങനെ സിഡിയാക്കി കിട്ടണമെന്നില്ല. ലൈബ്രറിയില്‍നിന്ന് ഇഷ്ടപ്പെട്ട പുസ്തകം തെരഞ്ഞെടുത്ത് വായിക്കുന്ന വായനക്കാരന്റെ സുഖം ഈ രീതിക്ക് കിട്ടില്ല. അവിടെയാണ് മാഷിന്റെ "ലിനക്സ് ഇന്റലിജന്റ് ഒസിആര്‍" എന്ന പേരുള്ള സോഫ്റ്റ്വെയറിന്റെ പ്രധാന്യം. ഇതിന്റെ രൂപകല്‍പ്പനയില്‍ സാങ്കേതികമായ എന്‍ജിനിയറിങ് ജോലികള്‍ കംപ്യൂട്ടര്‍ വിദഗ്ധര്‍ സൗജന്യമായി ചെയ്തുകൊടുത്തു. ആശയവും രൂപകല്‍പ്പനയുമാണ് മാഷിന്റെ സംഭാവന. വിദ്യാനഗറിലെ ബ്ലൈന്‍ഡ് സ്കൂളിന്റെ തട്ടകവും കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡിന്റെ സഹായവും മുതല്‍ക്കൂട്ടായി.

സ്വതന്ത്ര സോഫ്റ്റ്വെയര്‍ എന്ന വെള്ളച്ചൂരല്‍ കാഴ്ചശക്തി കുറഞ്ഞ അനേകര്‍ക്ക് കംപ്യൂട്ടര്‍ ലോകത്തിലേക്കുള്ള ഊന്നുവടിയാണ് സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനം. ഇതര കംപ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ മേഖലയില്‍ "സ്പീച്ച് സപ്പോര്‍ട്ട്" ഉല്‍പ്പന്നത്തിന്റെ ഒറ്റകോപ്പിക്ക് കുറഞ്ഞത് അരലക്ഷം രൂപ ചെലവുവരും. ആ സ്ഥാനത്താണ് സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിനകത്ത് അഞ്ചുപൈസ ചെലവില്ലാതെ ഗവേഷണം നടത്തി പുതിയ സോഫ്റ്റ്വെയര്‍ വികസിപ്പിക്കാന്‍ മാഷിനടക്കമുള്ളവര്‍ക്കായത്. ഗൂഗിളില്‍ സൗജന്യമായി ലഭിക്കുന്ന "ടെസറാക്ട്" എന്ന സോഫ്റ്റ്വെയറാണ് പുസ്തകം സ്കാന്‍ ചെയ്യുന്ന ഒസിആര്‍ (ഒപ്ടിക്കല്‍ കാരക്ടര്‍ റെക്കഗ്നീഷന്‍) എന്‍ജിന്‍. ട്രിപ്പിള്‍ ഐടി ഹൈദരാബാദ് എന്ന സ്ഥാപനമാണ് മലയാളം സംസാരിക്കുന്ന സോഫ്റ്റ്വെയര്‍ വികസിപ്പിക്കാന്‍ മാഷിനെ സാങ്കേതികമായി സഹായിച്ചത്. അവിടത്തെ ജവഹര്‍ എന്ന അധ്യാപകന്റെ നേതൃത്വത്തില്‍ ഒരുകൂട്ടം സ്വതന്ത്ര സോഫ്റ്റ്വെയര്‍ സംരംഭകര്‍ മാഷുമായി കംപ്യൂട്ടറിന്റെ ലോകത്തെ കുറിച്ച് നിരന്തരം സംവദിച്ചു. "ക്യുനിഫോം" എന്ന റഷ്യന്‍ സോഫ്റ്റ്വെയറാണ് ഇംഗ്ലീഷടക്കമുള്ള ഭാഷകള്‍ വായിക്കാന്‍ സഹായിക്കുന്നത്. സ്വതന്ത്ര സോഫ്റ്റ്വെയറായതിനാല്‍ ഗൂഗിളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ആര്‍ക്കും ഉപയോഗിക്കാന്‍ കഴിയും. ലോകത്തിന്റെ ഏതുഭാഗത്തുള്ള അന്ധനും ഇന്റര്‍നെറ്റും സ്കാനറുമുണ്ടെങ്കില്‍ എല്ലാവരെയും പോലെ വായിക്കാനും പഠിക്കാനും കഴിയും. ഉബുണ്ടുവെന്ന ഓപ്പറേറ്റിങ് സിസ്റ്റത്തിലൂടെ ലോകത്തെവിടെയിരുന്നും ഈ സോഫ്റ്റ്വെയര്‍ ഡൗണ്‍ലോഡ് ചെയ്യാം.

കേരളത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ വഴി കാഴ്ചയില്ലാത്തവര്‍ക്ക് സബ്സിഡി നിരക്കില്‍ കംപ്യൂട്ടര്‍ വിതരണവുമുണ്ട്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ ഈ പദ്ധതിയില്‍ കംപ്യൂട്ടറൊന്നിന് 19,500 രൂപ സബ്സിഡി ലഭിക്കും. സംഗതി എളുപ്പമാണ്; പതിനായിരം രൂപ ചെലവില്‍ തന്റെ കാഴ്ചയുടെ പരിമിതി ഭേദിക്കാന്‍ തന്നെപ്പോലെയുള്ള കാഴ്ചയില്ലാത്തവര്‍ക്ക് എളുപ്പം സാധിക്കുമെന്ന് മാഷ് ധൈര്യപൂര്‍വം സാക്ഷ്യപ്പെടുത്തുന്നു. അഥവാ ഗൂഗിള്‍ ഡൗണ്‍ലോഡിങ്ങില്‍ നിങ്ങള്‍ക്ക് വല്ല പ്രയാസവുമുണ്ടോ? ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ വല്ല സാങ്കേതിക ബുദ്ധിമുട്ടുമുണ്ടോ?... വിളിക്കാം സത്യശീലന്‍ മാഷിനെ; ഒരുമൊബൈല്‍ ഫോണ്‍ ദൂരത്തില്‍ മാഷുണ്ട്. നമ്പര്‍: 9446012215. ബ്രെയ്ലി പഠിക്കൂ; കണ്ണു തുറക്കാം കംപ്യൂട്ടറില്‍ മലയാളം കംപോസ് ചെയ്യാന്‍ ഏറ്റവും നല്ലത് ബ്രെയ്ലി പഠനമാണെന്നാണ് സത്യശീലന്‍ മാഷ് പറയുന്നത്. വെറും ആറ് കീ കൊണ്ട് നിങ്ങള്‍ക്ക് അമ്പത്താറക്ഷരവും എഴുതാം. അല്‍പ്പം അകക്കണ്ണ് ചെലവിട്ട് ഒന്നുമുതല്‍ ആറുവരെയുള്ള കീകളില്‍ തഴക്കംവന്നാല്‍ മാത്രം മതി. ഇത്തരത്തില്‍ എഴുതുന്ന "ശാരദ ബ്രെയ്ലി റൈറ്റര്‍" എന്ന സൂത്രവിദ്യയും വികസിപ്പിച്ചതും മാഷ് തന്നെ. (ശാരദ മറ്റാരുമല്ല; മാഷിന്റെ ഭാര്യ തന്നെ). ഭാഷയ്ക്ക് മേല്‍ ഈ കംപ്യൂട്ടര്‍ എഴുത്തുവിദ്യ എല്ലാവര്‍ക്കും മുതല്‍കൂട്ടാകുമെന്നു തന്നെയാണ് മാഷ് പറയുന്നത്.

കാഴ്ചയുണ്ടെന്ന് മേനി നടിക്കുന്നവര്‍ക്കും ഈ ടൈപ്പിങ് വിദ്യ സുഗമമാണ്. ഇനി ബ്രെയ്ലി ലിപി അറിയാത്ത അന്ധരായ കുട്ടികള്‍ക്ക് "അന്‍ജല ഓപ്പണ്‍ ടോക്കിങ് ടൈപ്പര്‍" എന്ന സോഫ്റ്റ്വെയറുമുണ്ട്. എല്ലാ പത്രങ്ങളുടെയും ഓണ്‍ലൈന്‍ പേജിലൂടെ കണ്ണോടിച്ചാണ് സത്യശീലന്‍ മാഷ് ദിവസം തുടങ്ങുന്നത്. ദേശാഭിമാനി പത്രം വീട്ടുകാര്‍ക്കായി രാവിലെ വീട്ടിലെത്തും. പക്ഷേ അപ്പോഴേക്കും മാഷത് കംപ്യൂട്ടറില്‍ വായിച്ച് കഴിഞ്ഞിട്ടുണ്ടാകും. ഓണ്‍ലൈനില്‍ ദേശാഭിമാനിയും ദ ഹിന്ദു പത്രവും അടക്കം നാല് പത്രങ്ങള്‍ വായിച്ചുതീര്‍ത്താണ് മാഷ് സ്കൂളിലേക്ക് പോകുന്നത്.

അന്ധവിദ്യാലയത്തിന്റെ അതിരിലെ ക്വാര്‍ട്ടേഴ്സില്‍ തന്നെയാണ് കണ്ണൂര്‍ അഴിക്കോട് സ്വദേശിയായ മാഷും കുടുംബവും താമസിക്കുന്നത്. വീട്ടിലെ മാഷിന്റെ മുറിയിലും ഒരുവെള്ളച്ചൂരല്‍ ദൂരത്തുള്ള സ്കൂള്‍ ലാബിലും കംപ്യൂട്ടര്‍ സ്ക്രീനില്‍ മാഷിന്റെ ഉള്‍ക്കണ്ണിന്റെ തിളക്കമുണ്ട്. നിരന്തരമായ അധ്വാനത്തിന്റെ വിജയസ്മിതങ്ങളുണ്ട്. ആ ചിരിയുടെ തിളക്കത്തിന് കൈകോര്‍ക്കുന്നു കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദവിദ്യാര്‍ഥിയായ മകന്‍ നളിന്‍. കൂടെ കേന്ദ്രസര്‍വകലാശാലയില്‍ സാഹിത്യ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന മകള്‍ ശാലിനിയും. "പുരോഗമന വിദ്യാഭ്യാസചിന്തകള്‍" എന്ന പുസ്തകമാണ് മാഷ് അടുത്തതായി വായിക്കുന്നത്. ശാസ്ത്രസാഹിത്യ പരിഷത്ത് പുറത്തിറക്കിയ ഈ പുസ്തകം മലര്‍ക്കെ തുറന്ന് സ്കാനറിനടിയില്‍ വയ്ക്കുന്നു. കംപ്യൂട്ടര്‍ അത് പരാവര്‍ത്തനം ചെയ്യുന്നു. മാഷിന്റെ ഉള്‍ക്കണ്ണില്‍ വായന തുടരുന്നു... ""കണ്ണുവേണമിരുപുറമെപ്പോഴും കണ്ണുവേണം മുകളിലും താഴേം, കണ്ണിലെപ്പോഴും കത്തിജ്വലിക്കു- മുള്‍ക്കണ്ണുവേണമണയാത്ത കണ്ണ്"" (കടമ്മനിട്ട- കോഴി)

*
വിനോദ് പായം ദേശാഭിമാനി വാരാന്തപ്പതിപ്പ് 07 ഒക്ടോബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ പദവി വരെയെത്തി. പ്രായം അമ്പത് കഴിയുന്നു. എന്നിട്ടും സത്യശീലന്‍ മാഷ് ഇന്ദുലേഖ വായിച്ചു തീര്‍ത്തത് ഈയടുത്ത കാലത്ത്. കവിതാപ്രേമിയായിട്ടും ആശാന്റെയും ചങ്ങമ്പുഴയുടെയും കൃതികള്‍ നേരിട്ട് വായിച്ച് ഹൃദിസ്ഥമാക്കുന്നതും ഇപ്പോള്‍. ബൈബിള്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പോലും മാഷ് ഇപ്പോഴാണ് ഒന്ന് വായിച്ചുനോക്കുന്നത്. കാസര്‍കോട് വിദ്യാനഗര്‍ അന്ധവിദ്യാലയത്തിലെ പ്രധാനാധ്യാപകനായിരുന്നു സത്യശീലന്‍ മാഷ്. ഇപ്പോള്‍ പ്രധാനാധ്യാപകന്റെ ചുമതലയില്‍നിന്നൊഴിഞ്ഞെങ്കിലും മാഷ് അകക്കണ്ണിന്റെ കരുത്തില്‍ കുട്ടികളെ പഠിപ്പിക്കുന്നതെല്ലാം വളരെ പ്രധാനം തന്നെ.