Wednesday, October 24, 2012

അതെ, ഞങ്ങള്‍ മലാലയാണ്

ഞങ്ങള്‍ മലാലയാണ്, ഞങ്ങള്‍ പഠിക്കും... ഈ യുദ്ധത്തില്‍ ഞങ്ങള്‍ ഒരിക്കലും പരാജയപ്പെടില്ല, വിജയിക്കുകതന്നെ ചെയ്യും... അതെ, ഞങ്ങള്‍ മലാലയാണ്- പെണ്‍കുട്ടികള്‍ പ്രഖ്യാപിക്കുന്നു. ജാതി- മത- വര്‍ണ-വര്‍ഗ വ്യത്യാസമില്ലാതെ ലോകം അതേറ്റുചൊല്ലുന്നു; അവളുടെ തിരിച്ചുവരവിനായി കാത്തിരുന്നു. ഇന്ന് ലോകം മലാല യൂസുഫ്സായ്ക്കൊപ്പമാണ്. പാകിസ്ഥാനിലെ സ്വാത് ജില്ലയിലെ മിംഗോറ പ്രദേശത്ത് ജീവിക്കുന്ന 14 വയസ്സുകാരിയായ ഒരു പെണ്‍കുട്ടി- മലാല യൂസുഫ്സായ്. ബ്രിട്ടനിലെ ബിര്‍മിങ്ഹാം ക്യൂന്‍ എലിസബത്ത് ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെമാത്രം അവശേഷിക്കുന്ന ഒരു ജീവന്‍, കഴുത്തിലും തലയോട്ടിയിലും തറച്ച വെടിയുണ്ടകളെ അതിജീവിക്കാന്‍ മല്ലിടുന്ന ഒരു ശരീരം, മരണത്തിനു മുന്നില്‍പോലും കീഴടങ്ങാത്ത മനസ്സ്....

ആകാശത്തിന്റെ അനന്തതയോളം സ്വപ്നങ്ങളും ആഴിയുടെ അഗാധതയോളം ആഗ്രഹങ്ങളുമുള്ളവള്‍. 2009 വരെ താലിബാന്‍ തീവ്രവാദികളുടെ ശക്തികേന്ദ്രമായിരുന്നു സ്വാത് താഴ്വര. ഗ്രാമവീഥികളില്‍ നിരനിരയായി തൂക്കിയിട്ട പൊലീസുകാരുടെ കഴുത്തറ്റ ശിരസ്സുകള്‍ കണികണ്ടുണര്‍ന്നിരുന്ന ആ നാട്ടില്‍, മനുഷ്യര്‍ക്ക,് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് സ്വപ്നം കാണാനുള്ള അവകാശംപോലും നിഷേധിച്ചിരുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, ടിവി, സംഗീതം തുടങ്ങിയ വിനോദങ്ങളും നിരോധിച്ചു. നൂറുകണക്കിന് സ്കൂളുകള്‍ ദിനംപ്രതി ബോംബുവച്ച് തകര്‍ത്തു. അസ്വാതന്ത്ര്യത്തിന്റെ മതില്‍ക്കെട്ടിനുള്ളില്‍ തങ്ങളെ തളച്ചിടുന്നവര്‍ക്കെതിരെ, അറിയുവാനുള്ള തന്റെയും കൂട്ടുകാരുടെയും അവകാശം നിഷേധിക്കുന്നവര്‍ക്കെതിരെ മലാലയുടെ കുഞ്ഞുമനസ്സില്‍ പ്രതിഷേധം ഉയര്‍ന്നു. സ്വന്തമായി ബ്ലോഗ് നിര്‍മിച്ച് ഗുല്‍മക്കായി എന്ന തൂലികാനാമത്തില്‍, ഉറുദുഭഭാഷയില്‍ സ്വാത്തിലെ സ്ഥിതി ഡയറിയുടെ രൂപത്തില്‍ എഴുതി തുടങ്ങ- പോകാന്‍ കഴിയാത്ത ഉല്ലാസയാത്രകളെക്കുറിച്ച്, കൂട്ടുകാരികള്‍ വരാതെയാകുന്ന തന്റെ വിദ്യാലയത്തെയും അതിന്റെ അടച്ചുപൂട്ടലിനെയും കുറിച്ച്, വെടിയൊച്ചകള്‍ നിലയ്ക്കാത്ത ഇരുണ്ട രാത്രികളെക്കുറിച്ച്, താലിബാന്റെ കാടത്ത ഭരണത്തെക്കുറിച്ച്, ഒപ്പം സ്വാതന്ത്ര്യത്തിന്റെ പൊന്‍പ്രഭ വീഴുന്ന താഴ്വരയെയും കൂട്ടുകാരോടൊപ്പം പഠിക്കാന്‍ പോകുന്ന നല്ല ദിനങ്ങളെന്ന പ്രതീക്ഷയെയും കുറിച്ച്. തീവ്രവാദികള്‍ വിദ്യാഭ്യാസം നിഷേധിച്ച ഈ പതിനൊന്നുകാരിയുടെ അനുഭവങ്ങള്‍ 2009 മുതല്‍ ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഡയറിയുടെ ഇംഗ്ലീഷ് പരിഭാഷയും ബ്ലോഗില്‍ പ്രസിദ്ധീകരിച്ചു. ക്ലാസ് ഡിസ്മിസ്ഡ് എന്ന പേരില്‍ ന്യൂയോര്‍ക്ക് ടൈംസ് മലാലയുടെ അനുഭവം ഡോക്യുമെന്ററികളാക്കി ലോകത്തിനു മുന്നിലവതരിപ്പിച്ചു. ഇതോടെ രാജ്യാന്തരസമൂഹം സ്വാത്തിലെ മതഭീകരതയ്ക്കെതിരെ രംഗത്തുവന്നു.

പാക് ജനതയെ, ലോകത്തെത്തന്നെ പിടിച്ചുകുലുക്കിയ ഈ വെളിപ്പെടുത്തലുകളെത്തുടര്‍ന്ന്, പാകിസ്ഥാന്‍സര്‍ക്കാര്‍ താലിബാന്‍ശക്തികളെ കീഴടക്കി സ്വാത് പ്രദേശം പിടിച്ചെടുത്തു. മലാലയും കൂട്ടുകാരികളും വീണ്ടും സ്കൂളില്‍ പോയിത്തുടങ്ങി. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പ്രശ്നങ്ങളെക്കുറിച്ച്, തീവ്രവാദത്തെക്കുറിച്ച് ലോകമാകെ ഒരു പതിനൊന്നുവയസ്സുകാരിയിലൂടെ ചര്‍ച്ചചെയ്തു. തന്റെ ജനതയെ, സഹജീവികളെ സേവിക്കാന്‍, സഹായിക്കാന്‍ മലാല രംഗത്തിറങ്ങി. മലാലയെ അന്താരാഷ്ട്ര ബാലസമാധാന പുരസ്കാരത്തിനായി നാമനിര്‍ദേശംചെയ്തു. പാകിസ്ഥാന്‍ സര്‍ക്കാര്‍ ദേശീയ സമാധാന പുരസ്കാരം നല്‍കി അവളെ ആദരിച്ചു. മലാലയുടെ വര്‍ധിച്ചുവരുന്ന സ്വീകാര്യതയില്‍, രാജ്യമാകെ സ്ത്രീകളുടെ/ പെണ്‍കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതില്‍, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിലെല്ലാം താലിബാന്‍ അസ്വസ്ഥരായിരുന്നു. ഗുല്‍മക്കായി ആരെന്ന് തിരിച്ചറിഞ്ഞതോടെ താലിബാന്റെ ഹിറ്റ്ലിസ്റ്റിലേക്ക് അവള്‍ എത്തി. ഒടുവില്‍ 2012 ഒക്ടോബര്‍ 9 ന് പരീക്ഷ കഴിഞ്ഞ് സ്കൂളില്‍നിന്ന് തിരിച്ചുവരികയായിരുന്ന മലാലയ്ക്കും കൂട്ടുകാര്‍ക്കും നേരെ താലിബാന്‍ വെടിയുതിര്‍ത്തു. തലയോട്ടി തകര്‍ത്തതും കഴുത്തില്‍ തുളച്ചുകയറിയതുമായ രണ്ടു വെടിയുണ്ട ശരീരത്തില്‍നിന്ന് നീക്കംചെയ്തെങ്കിലും, അവള്‍ ഇനിയും ജീവിതത്തിലേക്ക് തിരിച്ചു വന്നിട്ടില്ല.

അശ്ലീലതയുടെ- എത്രയും വേഗം അവസാനിപ്പിക്കേണ്ട പുതിയൊരധ്യായം എന്ന് അവളെ താലിബാന്‍ വിശേഷിപ്പിക്കുന്നു, ഇതുകൊണ്ട് മരിച്ചില്ലെങ്കില്‍ കുടുംബത്തെ ഉള്‍പ്പെടെ കൊന്നൊടുക്കുമെന്ന ഭീഷണിയും മുഴക്കി. പക്ഷേ, ഞങ്ങളുടെ മക്കളെ തിരിച്ചു തരൂ എന്ന് മുദ്രാവാക്യം മുഴക്കി തെരുവിലിറങ്ങുകയാണ് പാകിസ്ഥാന്‍ ജനത. അധികാരവര്‍ഗവും, ജാതി- മതക്കോമരങ്ങളും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്നെന്ന വസ്തുതയ്ക്ക് വിദ്യാഭ്യാസചരിത്രത്തോളംതന്നെ പഴക്കമുണ്ട്. വടക്കന്‍ കേരളത്തിലെ തെയ്യക്കോലങ്ങളില്‍ ശ്രദ്ധേയമായ മുച്ചിലോട്ട് ഭഗവതിയുടെ ഐതിഹ്യം ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. സ്ത്രീകള്‍ക്ക് അക്ഷരാഭ്യാസം നിഷേധിച്ചിരുന്ന ഒരു കാലത്ത്, സകല മേഖലകളിലും അറിവ് നേടിയ ഉച്ചിലയെ പണ്ഡിതസഭ പരീക്ഷിച്ചു. ഏറ്റവും വലിയ വേദനയേത് എന്ന ചോദ്യത്തിന് പ്രസവവേദനയെന്ന് ഉച്ചില ഉത്തരം നല്‍കിയപ്പോള്‍ കല്യാണം കഴിയാത്ത നീയെങ്ങനെ ആ വേദനയറിഞ്ഞു എന്നായി ജാതിക്കോമരങ്ങള്‍. അഭിസാരികയായി മുദ്രകുത്തപ്പെട്ട ഉച്ചില ആത്മഹത്യ ചെയ്തു എന്ന് ഐതിഹ്യം. സ്ഥലവും കാലവും പശ്ചാത്തലവും മാറിയെങ്കിലും ആവര്‍ത്തിക്കുന്നത് ഒന്നുതന്നെ. അന്ന് വിദ്യാഭ്യാസം നേടിയ പെണ്‍കുട്ടിയെ ജീവിക്കാന്‍ അനുവദിച്ചില്ല, ഇന്ന് വിദ്യാഭ്യാസം ആവശ്യപ്പെട്ട പെണ്‍കുട്ടിക്ക് വധശിക്ഷ വിധിക്കപ്പെടുന്നു. ഉച്ചിലയുടെ ജീവിതമെടുത്തവരുടെ പിന്‍മുറക്കാര്‍, മലാലയ്ക്ക് മരണശിക്ഷ വിധിച്ചവരുടെ ഇന്ത്യന്‍ പതിപ്പുകള്‍ നവോത്ഥാനം ഉഴുതുമറിച്ച ഇന്നത്തെ നമ്മുടെ കേരളത്തിലും പിടിമുറുക്കാന്‍ ശ്രമിക്കുന്നത് നാം ജാഗ്രതയോടെ കാണണം. പുരോഗമന ചിന്താഗതിക്കാരിയായി, കോളേജ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തുവെന്ന പേരില്‍ താലിബാന്‍ മോഡല്‍ അക്രമത്തിനിരകളായ ഖദീജത്ത് സുഹൈലയെപ്പോലുള്ള ഇരകള്‍ നമ്മുടെ നാട്ടിലുണ്ട്.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ സാമൂഹികാവകാശങ്ങള്‍ നിഷേധിക്കുന്ന ശക്തികള്‍ മലാലയുടെ ഈ വാക്കുകള്‍ ഓര്‍ക്കുക. കെട്ടിത്തൂക്കിയ ശവശരീരങ്ങള്‍ ഞാന്‍ കാണുന്നുണ്ട്, അവര്‍ എന്നെയും കൊല്ലാന്‍ വന്നേക്കും... പക്ഷേ ഞാനവരോടു പറയും, നിങ്ങള്‍ ചെയ്യുന്നത് തെറ്റാണ്... വിദ്യാഭ്യാസം ഞങ്ങളുടെ അടിസ്ഥാന അവകാശമാണ്... വിദ്യാലയത്തിന്റെ പടി ചവിട്ടുന്നത് സ്വപ്നം കാണാന്‍പോലും കഴിയാത്ത കോടിക്കണക്കിന് കുഞ്ഞുങ്ങള്‍ക്കു വേണ്ടിയാണ് മലാല ആ ബുള്ളറ്റുകള്‍ ഏറ്റുവാങ്ങിയത്. ലോകത്തിലെ കുഞ്ഞുങ്ങളുടെ കലര്‍പ്പില്ലാത്ത സ്വപ്നം, സ്നേഹം, അവള്‍ക്ക് കൂട്ടായി എന്നുമുണ്ടാകും. ലോകത്തോടൊപ്പം കേരളവും പ്രഖ്യാപിക്കുന്നു. "അതെ, ഞങ്ങള്‍ മലാലയാണ്."

*****

പി ജെ അഭിജിത്

No comments: