Thursday, October 11, 2012

രമയോട് ഖേദപൂര്‍വം


ടി പി ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടതിനെ അപലപിക്കുകയും അതിനു ഉത്തരവാദികളായവരെ മാതൃകാപരമായി ശിക്ഷിക്കണം എന്ന് ആവശ്യപ്പെടുകയും അദ്ദേഹത്തിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും അനുശോചിക്കുകയും ചെയ്യുമ്പോഴും, അദ്ദേഹത്തെ അസാധാരണനായ ഒരു മാര്‍ക്സിസ്റ്റായി ഉയര്‍ത്തിക്കാട്ടാന്‍ ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (എന്തുകൊണ്ട് ടി പി ചന്ദ്രശേഖരന്‍?) ഉന്നയിക്കുന്ന വാദങ്ങളോട് കമ്യൂണിസ്റ്റുകാര്‍ക്ക് യോജിക്കാനാവില്ല. അതില്‍ അതിരുകടന്ന വീരാരാധനയേ ഉള്ളൂ. അതിനായി നടത്തുന്ന യാഥാര്‍ത്ഥ്യങ്ങളുടെയും രാഷ്ട്രീയ വസ്തുതകളുടെയും വളച്ചൊടിക്കലുകളും. പാര്‍ടി തീരുമാനം അനുസരിച്ച് ഒരു പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ജനതാദള്‍ നോമിനിക്കായി വേണു അവരുടെ വിഭാഗീയമായ തീരുമാനപ്രകാരം ഒഴിയാതിരുന്നതിനെ തുടര്‍ന്നാണ് ടി പി ചന്ദ്രശേഖരനും കൂട്ടരും സിപിഐ എമ്മില്‍നിന്ന് ഒഴിവാക്കപ്പെട്ടത്.

രണ്ടു പാര്‍ടികളും തമ്മില്‍ എല്‍ഡിഎഫില്‍ ഉണ്ടാക്കിയ ധാരണയെ പാര്‍ലമെന്‍ററി വ്യാമോഹത്തിനു അടിപ്പെട്ട് ലംഘിക്കുകയായിരുന്നു ചന്ദ്രശേഖരനും കൂട്ടരും. അതിനെ തുടര്‍ന്ന് 2009ലെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ ചന്ദ്രശേഖരന്‍ പാര്‍ടി സ്ഥാനാര്‍ത്ഥിക്കെതിരെ മല്‍സരിച്ച് പാര്‍ടിക്ക് അനുകൂലമായ വോട്ടുകള്‍ ഭിന്നിപ്പിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനു വഴിയൊരുക്കി. 2010ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ആര്‍എംപി യുഡിഎഫുമായി സഹകരിച്ച് പാര്‍ടിക്കെതിരെ മല്‍സരിച്ചു. അവരുടെ പിന്തുണയോടെ പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട പദവികളില്‍ എത്തി. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ തോല്‍പിക്കാനായിരുന്നു ആര്‍എംപി ശ്രമിച്ചത്. ഇതില്‍ വിപ്ലവമില്ല, മാര്‍ക്സിസമില്ല, തൊഴിലാളിവര്‍ഗ രാഷ്ട്രീയവുമില്ല. ഭരണവര്‍ഗങ്ങളുടെ പലതരം പീഡനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും വിധേയരാകുന്ന പാവപ്പെട്ട ജനവിഭാഗങ്ങളെ സഹായിക്കാനോ അവരുടെ കണ്ണീരൊപ്പാനോ ഉള്ള ശ്രമവുമില്ല.

ശത്രുവര്‍ഗങ്ങള്‍ വച്ചു നീട്ടുന്ന അപ്പക്കഷണങ്ങള്‍ സ്വീകരിച്ച് ജനങ്ങളെ ദ്രോഹിക്കാനാണ് ആര്‍എംപി ശ്രമിക്കുന്നത്. തങ്ങളുടെ ശത്രുതക്ക് ഇരയാകുന്ന പാര്‍ടി സഖാക്കളോടും അനുഭാവികളോടുമുള്ള അന്ധമായ വിരോധവും കിരാതമായ പ്രതികാര മനോഭാവവുമാണ് ആര്‍എംപിക്കുള്ളത്. ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഒഞ്ചിയത്തെ പാര്‍ടി ഓഫീസുകളും രക്തസാക്ഷി സ്മാരകങ്ങളും സഖാക്കളുടെയും അനുഭാവികളുടെയും വീടുകളും തിരഞ്ഞുപിടിച്ച് നശിപ്പിച്ചതിനും പല സഖാക്കളെയും മൃഗീയമായി ആക്രമിച്ചതിനും എന്ത് ഉദാത്തമായ രാഷ്ട്രീയ വിശദീകരണമാണ് രമയ്ക്ക് നല്‍കാനുള്ളത്? ചന്ദ്രശേഖരനെ സിപിഐ എമ്മുകാരാണ് വധിച്ചത് എന്ന നിഗമനത്തില്‍ കൊലപാതകം നടന്ന് മിനിറ്റുകള്‍ക്കകം ദല്‍ഹിയിലായിരുന്ന കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും എത്തി. അതുമുതല്‍ ഭരണവര്‍ഗ പാര്‍ടിക്കാരും അവരെ അനുകൂലിക്കുന്ന പല മാധ്യമങ്ങളും സിപിഐ എമ്മിനെ കേന്ദ്രീകരിച്ച് ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്നു. കൊലപാതകം ആരു ചെയ്തുവെന്നു പകല്‍പോലെ വ്യക്തമായിരുന്നെങ്കില്‍ എന്തുകൊണ്ടാണ് കൊലപാതകം അന്വേഷിച്ച പൊലീസ് സംഘം ആഴ്ചകളോളം അന്വേഷണത്തില്‍ മുഴുകിയത്?

അവരുടെ ആദ്യത്തെ നിഗമനമായി ഡിജിപി പ്രസ്താവിച്ചത് ആരോ സ്വകാര്യ താല്‍പര്യത്തിനായി ചന്ദ്രശേഖരനെ വധിച്ചു എന്നായിരുന്നു. എല്ലാം വ്യക്തമായിരുന്നെങ്കില്‍ എന്തിനാണ് ആര്‍എംപി നേതൃത്വം സിപിഐ എം നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരുന്നത്? ചന്ദ്രശേഖരന്‍ വധിക്കപ്പെടുന്നതുവരെ ആര്‍എംപി ചെയ്തത് എന്തായിരുന്നു? ഏതാണ്ട് അവരോടൊപ്പം പാര്‍ടി പുറത്താക്കിയ മറ്റ് ചില പ്രദേശങ്ങളിലെ പ്രവര്‍ത്തകരുമായി കൈകോര്‍ത്ത് പാര്‍ടിക്കൊരു ബദല്‍ ഉണ്ടാക്കാന്‍ നോക്കുകയായിരുന്നു. അവരുടെകൂടെ ഉണ്ടായിരുന്നവര്‍പോലും അവരെ കൈവിടുന്നു എന്നായിരുന്നു 2010, 2011 എന്നീ വര്‍ഷങ്ങളിലെ തിരഞ്ഞെടുപ്പു ഫലങ്ങള്‍ വെളിവാക്കിയത്. കെ കെ രമയുടെ ലേഖനത്തിലാകെ ഓളം വെട്ടി നില്‍ക്കുന്നത് ചില വ്യക്തികളോടുള്ള അന്ധമായ ശത്രുതയാണ്, സങ്കുചിത സമീപനങ്ങളാണ്.

അതില്‍ എവിടെയും ടി പി ചന്ദ്രശേഖരന്‍ ഉയര്‍ത്തിപ്പിടിച്ചതായി അവര്‍ അവകാശപ്പെടുന്ന രാഷ്ട്രീയത്തിന്റെ പ്രഭാപൂരമോ വിശാല മനസ്കതയോ മനുഷ്യപ്പറ്റോ കാണപ്പെടുന്നില്ല. ഇന്നത്തെ സാമൂഹ്യ - രാഷ്ട്രീയ സാഹചര്യങ്ങളില്‍ കേരളത്തിലെയോ ഇന്ത്യയിലാകെയോ ഉള്ള ജനങ്ങള്‍ നേരിടുന്ന നാനാസങ്കീര്‍ണ പ്രശ്നങ്ങളോട് ആര്‍എംപിക്കു സിപിഐ എമ്മില്‍നിന്ന് വേറിട്ടുള്ള സമീപനവും ഒരിടത്തും പ്രകടമാകുന്നില്ല. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ ആരംഭിച്ച് അതില്‍ തന്നെ അവസാനിക്കുകയാണ് അത്. അത് പ്രധാനം തന്നെ. ചന്ദ്രശേഖരനിലേക്ക് കേരളത്തെയോ ഇന്ത്യയെയോ ചുരുക്കിക്കെട്ടുന്നതിലൂടെ ആര്‍എംപിയുടെ രാഷ്ട്രീയമായ ഉപരിപ്ലവത്വം ഇതള്‍വിടര്‍ത്തി കാണിക്കുകയാണ് രമ തന്റെ ലേഖനത്തില്‍ ചെയ്യുന്നത്. രാഷ്ട്രീയത്തില്‍ വ്യക്തി - അത് ഇ എം എസ് ആയാലും എ കെ ജി ആയാലും, ഇന്ന് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ മറ്റാരായാലും - പ്രധാനമാണ്. പക്ഷെ, വ്യക്തിയല്ല മാര്‍ക്സിസ്റ്റ് രാഷ്ട്രീയത്തിന്റെ ജീവന്‍ അഥവാ മര്‍മ്മം. അത് മനുഷ്യരാണ്, അവരിലെ അധ്വാനിക്കുന്ന വര്‍ഗങ്ങളാണ്.

ഇന്ത്യയിലെ - കേരളത്തിലെയും - അധ്വാനിക്കുന്ന ജനകോടികള്‍ നേരിടുന്ന നിരവധി നീറുന്ന പ്രശ്നങ്ങളുണ്ട്. അവയെ എങ്ങനെ, എന്ത് ലക്ഷ്യത്തോടെ സമീപിക്കുന്നു ആര്‍എംപി? രമയുടെ ലേഖനത്തില്‍ എവിടെയും അതൊന്നും പരാമര്‍ശിക്കുന്നതേയില്ല. മറിച്ച്, ചന്ദ്രശേഖരനെ വധിച്ചതില്‍ ഇനിയും വെളിവാക്കപ്പെടാത്ത സിപിഐ എം നേതാക്കളുണ്ട് എന്ന് ആരോപിച്ച് മാസങ്ങളായി ആര്‍എംപിയുടെ - മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും വാക്കുകളില്‍ ചന്ദ്രശേഖരന്റെ ഭാര്യ രമയുടെ - ഇംഗിതം അനുസരിച്ചുള്ള സിപിഐ എം വേട്ട ഇനി സിബിഐയെക്കൊണ്ട് നടത്തിക്കണമെന്നാണ് രമ ആവശ്യപ്പെടുന്നത്. അവര്‍ ഉന്നയിക്കുന്ന തരത്തിലുള്ള വൈകാരികവും വ്യക്തിവിരോധപരവുമായ ആരോപണങ്ങളിലൂടെ സിപിഐ എമ്മിനെ ഇനിയും കുറെക്കാലം പ്രതിരോധത്തിലാക്കാമെന്നും ഇങ്ങനെയുള്ള ദുരുദ്ദേശപരമായ ആക്രമണ പ്രചരണങ്ങളിലൂടെ പാര്‍ടിയെ ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുത്താമെന്നും അവര്‍ പ്രതീക്ഷിക്കുന്നതുപോലെ തോന്നുന്നു. അവര്‍ എന്നു പറയുമ്പോള്‍ കെ കെ രമ മുതല്‍ പാര്‍ടിയുടെ നിരന്തര എതിരാളികളായ വര്‍ഗങ്ങളും പാര്‍ടികളും വരെ. പക്ഷേ, ജനങ്ങള്‍ പഴയ കാര്യങ്ങള്‍ ഒന്നും അറിയാത്തവരാണോ? ഓര്‍ക്കാത്തവരാണോ? രമയും കുടുംബവും സുഹൃത്തുക്കളും അനുഭവിച്ചതോ അതിലും ഭീകരമോ തീവ്രമോ ദീര്‍ഘമോ ആയ അനുഭവങ്ങള്‍ നിറംമങ്ങാതെ സ്മൃതിപഥത്തിലുള്ള നിരവധി പാര്‍ടി സഖാക്കളും അനുഭാവികളും സാധാരണക്കാരും കേരളത്തിലും ഇന്ത്യയിലും അങ്ങോളമിങ്ങോളം ഉണ്ട്. അത്തരം കാര്യങ്ങളില്‍ സിപിഐ എമ്മും അതുമായി ബന്ധപ്പെട്ട വര്‍ഗ - ബഹുജന സംഘടനകളും തങ്ങള്‍ക്കുവേണ്ടി എന്തു ചെയ്തു എന്ന് അവര്‍ക്ക് നന്നായി അറിയാം. അതുകൊണ്ടാണ് ജനലക്ഷങ്ങള്‍ പാര്‍ടിയോടൊപ്പം അണിനിരന്നിരിക്കുന്നത്. പി സുന്ദരയ്യ മുതല്‍ വി എസ് വരെ പല സിപിഐ എം നേതാക്കളുടെ നിലപാടുകളെയും അഭിപ്രായങ്ങളെയും മറ്റും കുറിച്ച് രമ ലേഖനത്തില്‍ വിസ്തരിക്കുന്നുണ്ടല്ലോ. അവരാരും ചന്ദ്രശേഖരനും ആര്‍എംപിയും ചെയ്തതുപോലെ പാര്‍ടിയെ പിന്നില്‍നിന്നോ മുന്നില്‍നിന്നോ കുത്താന്‍ ശ്രമിച്ചിട്ടില്ല. അതിനായി അവരാരും വര്‍ഗശത്രുക്കളെ കൂട്ടുപിടിച്ചിട്ടുമില്ല. അതിനാല്‍, ""ടി പി ചന്ദ്രശേഖരന്‍ ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളെ"" ഉപയോഗിച്ച് സാമ്രാജ്യത്വത്തെയോ കുത്തകാധിപത്യത്തെയോ ചെറുക്കാന്‍ കഴിയുമെന്ന് മാര്‍ക്സിസത്തിന്റെ ഹരിശ്രീ എങ്കിലും അറിയാവുന്ന ഒരാളും വ്യാമോഹം കൊള്ളുകയുമില്ല. ആശയപരമായി പരമ ദാരിദ്ര്യമുള്ളവരാണ് ഒരു കൊലപാതകത്തെ - അത് എത്ര മഹാനായ വ്യക്തിയുടേതായാലും, എത്ര ഹീനമായി ചെയ്യപ്പെട്ടതായാലും - ആയുധമാക്കി ഒരു ആശയത്തെ, ഒരു പ്രസ്ഥാനത്തെ, ഒരു പാര്‍ടിയെ ചതച്ചരച്ചു കളയാന്‍ ഉപയോഗിക്കാമെന്ന് വ്യാമോഹിക്കുക. അതാണ് രമയുടെ ലേഖനത്തില്‍ ഉടനീളമുള്ള ആശയഗതി. എന്നാല്‍ ഗാന്ധിവധത്തേക്കാള്‍, മൊയ്യാരത്ത് ശങ്കരന്റെയോ അഴീക്കോടന്‍ രാഘവെന്‍റയോ വധത്തേക്കാള്‍ രാഷ്ട്രീയമായി പ്രധാനപ്പെട്ടതാണ് ചന്ദ്രശേഖരന്റെ വധം എന്ന് വരുത്തിത്തീര്‍ക്കാനാണ് ആ വധത്തിനു പിറ്റേന്നുമുതല്‍ രമയുടെ ലേഖനം വരെയുള്ള കൃതികളുടെയും പ്രവൃത്തികളുടെയും ഒരേയൊരു ലക്ഷ്യം.

ചന്ദ്രശേഖരന്റെ വധം അപലപിക്കപ്പെടണം. അതിനു ഉത്തരവാദികളായവര്‍ ശിക്ഷിക്കപ്പെടണം. സംശയമില്ല. അതിനപ്പുറം തൊഴിലാളിവര്‍ഗത്തിന്റെയും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും മോചനത്തിനായി പ്രവര്‍ത്തിച്ചുവരുന്ന പാര്‍ടിയെയും പ്രസ്ഥാനത്തെയും ഇക്കാരണം പറഞ്ഞ് തകര്‍ത്തു തരിപ്പണമാക്കാന്‍ കെട്ടിപ്പൊക്കുന്ന ഒരു മലര്‍പ്പൊടിക്കാരന്റെ സ്വപ്നവും വിജയിക്കില്ല, തീര്‍ച്ച. കാരണം അത് ഒരു വര്‍ഗത്തിന്റെ, ജനതയുടെ നിലനില്‍പിന്റെ പ്രശ്നമാണ്.

*
സി പി നാരായണന്‍ ചിന്ത വാരിക 12 ഒക്ടോബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ടി പി ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടതിനെ അപലപിക്കുകയും അതിനു ഉത്തരവാദികളായവരെ മാതൃകാപരമായി ശിക്ഷിക്കണം എന്ന് ആവശ്യപ്പെടുകയും അദ്ദേഹത്തിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും അനുശോചിക്കുകയും ചെയ്യുമ്പോഴും, അദ്ദേഹത്തെ അസാധാരണനായ ഒരു മാര്‍ക്സിസ്റ്റായി ഉയര്‍ത്തിക്കാട്ടാന്‍ ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (എന്തുകൊണ്ട് ടി പി ചന്ദ്രശേഖരന്‍?) ഉന്നയിക്കുന്ന വാദങ്ങളോട് കമ്യൂണിസ്റ്റുകാര്‍ക്ക് യോജിക്കാനാവില്ല. അതില്‍ അതിരുകടന്ന വീരാരാധനയേ ഉള്ളൂ. അതിനായി നടത്തുന്ന യാഥാര്‍ത്ഥ്യങ്ങളുടെയും രാഷ്ട്രീയ വസ്തുതകളുടെയും വളച്ചൊടിക്കലുകളും. പാര്‍ടി തീരുമാനം അനുസരിച്ച് ഒരു പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ജനതാദള്‍ നോമിനിക്കായി വേണു അവരുടെ വിഭാഗീയമായ തീരുമാനപ്രകാരം ഒഴിയാതിരുന്നതിനെ തുടര്‍ന്നാണ് ടി പി ചന്ദ്രശേഖരനും കൂട്ടരും സിപിഐ എമ്മില്‍നിന്ന് ഒഴിവാക്കപ്പെട്ടത്.