Sunday, October 21, 2012

മതം, തത്വചിന്ത, മാര്‍ക്സിസം

ഒന്ന്:

മലയാളത്തിലെ മാര്‍ക്സിസ്റ്റ് ചിന്തയില്‍ കെ ദാമോദരന് അന്യമായ ചില സ്ഥാനങ്ങളുണ്ട്. സൂക്ഷ്മമായി ആലോചിച്ചാല്‍ മലയാളത്തിലെന്നല്ല, ഇന്ത്യന്‍ ഭാഷകളില്‍ തന്നെ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ക്ക് സമാനമായ സംരംഭങ്ങള്‍ ഇല്ലെന്ന് കാണാനാകും. എങ്കിലും നമ്മുടെ ആലോചനകളില്‍ ദാമോദരന്റെ ഈ മൗലിക സംഭാവനകള്‍ കാര്യമായി പരിഗണിക്കപ്പെടാറില്ല. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ സ്ഥാപകരിലൊരാളും പാര്‍ടി അംഗമായ ആദ്യ മലയാളിയുമാണ് കെ ദാമോദരന്‍. എന്നുതന്നെയല്ല പ്രൗഢവും അഗാധവുമായ പഠനങ്ങളിലൂടെ മലയാളത്തിലെ വിവിധ വിജ്ഞാന മേഖലകളെ സമ്പന്നമാക്കിയ ഉന്നതനായ ബുദ്ധിജീവിയുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അപാരമായ ധൈഷണിക വ്യാപാരങ്ങളെ മുന്‍നിര്‍ത്തി ചിലപ്പോഴൊക്കെ "കേരള മാര്‍ക്സ്" എന്ന് ദാമോദരന്‍ പരാമര്‍ശിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ പുരോഗമന സാഹിത്യപ്രസ്ഥാനത്തിന് വഴിതുറന്ന ലഖ്നൗ സമ്മേളനത്തില്‍ പങ്കെടുക്കുകയും പിന്നീട് കേരളത്തിലെ ജീവല്‍സാഹിത്യത്തിന്റെയും പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെയും നേതൃനിരയില്‍ നിലകൊള്ളുകയും ചെയ്തയാള്‍ കൂടിയാണ് കെ ദാമോദരന്‍. 1935-36 കാലയളവില്‍, കാശി വിദ്യാപീഠത്തില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് ദാമോദരന്‍ കമ്യൂണിസ്റ്റ് പാര്‍ടി അംഗമാകുന്നത്. അന്ന് അവിടെയുണ്ടായിരുന്ന ഓംപ്രകാശ് ശാസ്ത്രി, ആര്‍ ഡി ഭരദ്വാജ് എന്നിവരുടെ പ്രേരണയാണ് അതിന് വഴിവച്ചതെന്ന് ദാമോദരന്റെ ജീവചരിത്രകാരന്മാരായ പി ജിയും എം റഷീദും പറയുന്നു.

ദാമോദരന് മുന്‍പേ തലശ്ശേരിക്കാരനായ സി എന്‍ നമ്പ്യാര്‍ വിദ്യാഭ്യാസത്തിനായി ജര്‍മ്മനിയിലേക്ക് പോവുകയും അവിടത്തെ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമാവുകയും ചെയ്തിട്ടുണ്ട്. അതുപോലെ 1928ല്‍ തിരുവനന്തപുരത്ത് എന്‍സി ശേഖറും മറ്റുംചേര്‍ന്ന് ഒരു കമ്യൂണിസ്റ്റ് ലീഗിന് രൂപം നല്‍കിയ കാര്യവും ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സി എന്‍ നമ്പ്യാര്‍ ജര്‍മ്മന്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ ആണ് അംഗത്വം നേടിയത് എന്നതുകൊണ്ടും കമ്യൂണിസ്റ്റ് ലീഗിന് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെയോ, കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റേയോ അംഗീകാരമില്ലായിരുന്നു എന്നതുകൊണ്ടും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടി അംഗമായ ആദ്യ മലയാളി എന്ന പദവി കെ ദാമോദരന് അവകാശപ്പെട്ടതായിത്തീര്‍ന്നു. എന്നുതന്നെയല്ല, സി എന്‍ നമ്പ്യാരും മറ്റും ഉള്‍പ്പെടെയുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളീയ ജീവിതത്തില്‍ കെ ദാമോദരന്‍ നിറവേറ്റിയ പങ്ക് എത്രയോ വലുതുമാണ്. 1937ല്‍ പി കൃഷ്ണപിള്ള സെക്രട്ടറിയും ഇ എം എസ്, കെ ദാമോദരന്‍, എന്‍ സി ശേഖര്‍ എന്നിവര്‍ അംഗങ്ങളുമായി കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് പാര്‍ടി ഘടകം രൂപപ്പെട്ടതു മുതല്‍ കെ ദാമോദരന്റെ ജീവിതം ആധുനിക കേരളത്തിനായുള്ള നാനാവിധ ശ്രമങ്ങളുടെ ഭാഗമാണ്. ഒരര്‍ഥത്തില്‍ അതിനു മുമ്പുതന്നെ ദാമോദരന്‍ പൊതുജീവിതം ആരംഭിച്ചിരുന്നു. 1930 കളില്‍ സത്യാഗ്രഹത്തില്‍ പങ്കെടുത്ത് ജയിലിലായതു മുതല്‍ ദാമോദരന്റെ സാമൂഹ്യരാഷ്ട്രീയജീവിതം സജീവമാണ്. എങ്കിലും ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങി, ഉപരിപഠനത്തിനായി കാശിയിലേക്ക് പോയ ദാമോദരന്‍ 1936 ലാണ് മടങ്ങിയെത്തുന്നതും തൊഴിലാളി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാവുന്നതും. ഇക്കാലത്താണ് കര്‍ഷകസംഘത്തിന്റെ സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ വേണ്ടി അദ്ദേഹം പാട്ടബാക്കി എഴുതിയത്. ചെറുകാട്, തോപ്പില്‍ഭാസി, കെ ടി മുഹമ്മദ്, പി ജെ ആന്റണി തുടങ്ങിയവരിലൂടെ പില്‍ക്കാലത്ത് മലയാളത്തില്‍ വേരുറച്ച രാഷ്ട്രീയ നാടകവേദിയുടെ ആദ്യത്തെ ചുവടുവയ്പായിരുന്നു ആ നാടകം.

കര്‍ഷക ജീവിതത്തെ മുന്‍നിര്‍ത്തി എഴുതിയ പാട്ടബാക്കിക്ക് പിന്നാലെ, തൊഴിലാളികളുടെ പ്രശ്നങ്ങളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് രക്തപാനം എന്ന നാടകവും കെ ദാമോദരന്‍ രചിക്കുകയുണ്ടായി; പാട്ടബാക്കിയെപ്പോലെ വലിയൊരു ചലനം സൃഷ്ടിക്കാന്‍ അതിന് കഴിഞ്ഞില്ലെങ്കിലും. 1940ല്‍ ഇ എം എസിന് പിന്നാലെ കെ ദാമോദരന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായി. കെ ടി കുഞ്ഞിരാമന്‍ നമ്പ്യാരായിരുന്നു പ്രസിഡന്റ്. 1940 നവംബര്‍ മുതല്‍ നാല് വര്‍ഷത്തിലധികം നീണ്ട ജയില്‍വാസത്തിനുശേഷം പുറത്തുവന്ന അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ടിയുടെ മലബാര്‍ സെക്രട്ടറി, സിപിഐ ദേശീയ കൗണ്‍സില്‍ അംഗം (1956), നാഷണല്‍ എക്സിക്യൂട്ടീവ് അംഗം (1958), രാജ്യസഭാംഗം (1964) എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചു. ക്രൂഷ്ചേവ്, ചൗഎന്‍ലായ്, ഹോച്മിന്‍ തുടങ്ങിയ ലോകനേതാക്കള്‍ മുതല്‍ ഏണസ്റ്റ് മാന്‍ഡല്‍, താരിഖ് അലി, റൊഷേര്‍ ഗരോദി തുടങ്ങിയ നവമാര്‍ക്സിസ്റ്റുകള്‍ വരെയുള്ളവരുമായി അദ്ദേഹം ഇക്കാലത്ത് സംവാദങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. പൊന്നാനിയില്‍നിന്ന് നിയമ സഭയിലേക്കും മത്സരിച്ചിരുന്നുവെങ്കിലും ആ മത്സരത്തില്‍ കെ ദാമോദരന്‍ പരാജയപ്പെടുകയാണുണ്ടായത്. പാര്‍ടി പിളര്‍ന്നതിനുശേഷം കെ ദാമോദരന്‍ സിപിഐയില്‍ തന്നെ തുടര്‍ന്നെങ്കിലും ചെക്കോസ്ലോവാക്യയിലെ പ്രശ്നങ്ങളോടുള്ള സമീപനത്തെച്ചൊല്ലി ദാമോദരന്‍ പാര്‍ടിയുമായി അഭിപ്രായഭിന്നതയിലായി. അതിനു മുന്‍പുതന്നെ സ്റ്റാലിനിസ്റ്റ് നിലപാടുകളുടെ കടുത്ത വിമര്‍ശകനായി അദ്ദേഹം ഉയര്‍ന്നുവന്നിരുന്നുവെങ്കിലും പ്രത്യക്ഷമായ ഒരു അഭിപ്രായ ഭിന്നതയിലേക്ക് അത് എത്തിച്ചേര്‍ന്നത് ചെക്കോസ്ലോവാക്യന്‍ പ്രശ്നത്തോടെയാണ്. പതിയെപ്പതിയെ അദ്ദേഹം സിപിഐ ദേശീയ കൗണ്‍സിലില്‍നിന്നും മറ്റെല്ലാ സ്ഥാനങ്ങളില്‍നിന്നും ഒഴിവാക്കപ്പെട്ടു. അവസാനകാലത്ത് ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ സമകാലിക ചരിത്രരേഖ ശേഖരവുമായി ബന്ധപ്പെട്ട ഒരു പ്രോജക്ടില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് കെ ദാമോദരന്‍ അന്തരിച്ചത്. അപ്പോഴേക്കും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനങ്ങളില്‍നിന്നെല്ലാം ഒഴിവാക്കപ്പെട്ടിരുന്ന, പാര്‍ടിയുടെ മുന്‍ അഖിലേന്ത്യാ സെക്രട്ടറി പി സി ജോഷി ആയിരുന്നു ആ പ്രോജക്ടിന്റെ ഡയറക്ടര്‍; കെ ദാമോദരന്‍ ഡെപ്യൂട്ടി ഡയറക്ടറും. 1976 ജൂലൈ ഒന്നിന് സര്‍വകലാശാലയിലെ പ്രൊഫ. കെ എന്‍ പണിക്കരുടെ മുറിയില്‍ ബോധരഹിതനായി വീണുകിടക്കുകയായിരുന്നു അദ്ദേഹം. അവിടെനിന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. സഫ്ദര്‍ജംഗ് ആശുപത്രിയിലെ ജനറല്‍വാര്‍ഡില്‍, മിക്കവാറും ഏകാന്തവും തിരസ്കൃതവുമായ നിലയില്‍, കേരളം കണ്ട ഏറ്റവും വലിയ മാര്‍ക്സിസ്റ്റ് ധൈഷണികരിലൊരാള്‍ വിടവാങ്ങി.

മൂന്നര പതിറ്റാണ്ട് കഴിയുമ്പോള്‍ കെ ദാമോദരന്റെ ഓര്‍മകള്‍ ഏറെ മങ്ങിയിരിക്കുന്നു. പ്രൊഫസര്‍ കെ എന്‍ പണിക്കര്‍ എഴുതിയതുപോലെ ചരിത്രത്തിലെ വൈരുധ്യങ്ങളോടും അത് പ്രസ്ഥാനത്തില്‍ സൃഷ്ടിക്കുന്ന സംഘഷങ്ങളോടും കൂടുതല്‍ പ്രതിബദ്ധനായിരുന്നതുകൊണ്ടാണോ കെ ദാമോദരന്‍ അര്‍ഹിക്കുന്ന ഒരു പരിഗണനയും കിട്ടാതെ വിസ്മൃതനായിപ്പോയത്? ആഴമേറിയ ധൈഷണികതയും അഗാധമായ വിമര്‍ശനാവബോധവും ജീവിതത്തിലുടനീളം പുലര്‍ത്തിപ്പോന്ന ഒരാളായിരുന്നു കെ ദാമോദരന്‍. ഈ ഇരു ഘടകങ്ങളുടെയും കൂടിക്കലരല്‍ ദാമോദരനെ ഒരു നിത്യവിമതനാക്കിയോ? ഒരു ആന്തരിക വിമര്‍ശകന്‍ (critical insider) എന്ന അദ്ദേഹത്തിന്റെ പദവി പ്രസ്ഥാനത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതായിരുന്നോ? കെ ദാമോദരന്റെ ജന്മശതാബ്ദിവര്‍ഷത്തില്‍ ഇത്തരം ചോദ്യങ്ങള്‍ വീണ്ടും പ്രസക്തമായിത്തീരുന്നുണ്ട് എന്നുതോന്നുന്നു.

രണ്ട്:

ഒരു മാര്‍ക്സിസ്റ്റ് ചിന്തകന്‍ എന്ന നിലയിലുള്ള ദാമോദരന്റെ വ്യതിരിക്തത വളരെ വളരെ വ്യക്തമായി അടയാളപ്പെടുന്ന ഗ്രന്ഥങ്ങളാണ് ക്രിസ്തുമതവും കമ്യൂണിസവും (1958), ഭാരതീയ ചിന്ത (1973), ധാര്‍മിക മൂല്യങ്ങള്‍ (1965) എന്നിവ. മലയാളത്തില്‍ വികസിച്ചുവരേണ്ടിയിരുന്നതും എന്നാല്‍ പല കാരണങ്ങള്‍കൊണ്ട് പില്‍ക്കാലത്ത് അത്തരം വികാസം കൈവരാതെ പോയതുമായ വിശകലനരീതിയുടെയും ദാര്‍ശനികാന്വേഷണങ്ങളുടെയും മാതൃകകളാണ് ഈ കൃതികള്‍. മതത്തെയും ദാര്‍ശനികാശയങ്ങളേയും യാന്ത്രിക ഭൗതികവാദത്തിന്റെ താര്‍ക്കിക സമവാക്യങ്ങള്‍ക്ക് പുറത്തുവച്ചു പരിശോധിക്കുന്നു എന്നതാണ് ഇവയില്‍ ആദ്യത്തെ രണ്ട് രചനകളുടെയും പ്രാധാന്യം. ധാര്‍മികമൂല്യങ്ങള്‍ എന്ന രചനയാവട്ടെ മാര്‍ക്സിസ്റ്റ് ചിന്തയുടെ ചരിത്രത്തില്‍തന്നെ ഏറെയൊന്നും പരിഗണിക്കപ്പെടാതെ പോയതായി വിമര്‍ശനമുയര്‍ന്നിട്ടുള്ള നീതിദര്‍ശനത്തെ (ethics) മുന്‍നിര്‍ത്തിയുള്ള പഠനമാണ്. പില്‍ക്കാലത്ത് ബി രാജീവന്‍ ഇ എം എസിന്റെ ജീവിതത്തെ ഒരു ധാര്‍മികാവിഷ്കാരം എന്ന നിലയില്‍ ചര്‍ച്ച ചെയ്തിട്ടുള്ളത് ഒഴിച്ചുനിര്‍ത്തിയാല്‍ മലയാളത്തില്‍ ഈ പ്രമേയത്തെ അഭിസംബോധന ചെയ്യാനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടില്ല എന്നുതന്നെ പറയാം. ഇന്ത്യന്‍ ഭാഷകളില്‍തന്നെ, നീതിദര്‍ശനത്തെ മാര്‍ക്സിസ്റ്റ് പരിപ്രേക്ഷ്യത്തിലൂടെ വിശകലനം ചെയ്യുന്ന മറ്റേതെങ്കിലും രചനകളുണ്ടോ എന്ന് ആരായേണ്ടിയിരിക്കുന്നു. കൗട്സ്കിയുടെ "നീതിശാസ്ത്രവും ചരിത്രത്തിന്റെ ഭൗതികവീക്ഷണവും" (1906) ട്രോട്സ്കിയുടെ "അവരുടെ ധാര്‍മ്മികത: നമ്മുടേതും" (1936) തുടങ്ങിയ ഗ്രന്ഥങ്ങള്‍ കഴിഞ്ഞാല്‍ മാര്‍ക്സിസത്തിന്റെ നൈതികാന്വേഷണങ്ങള്‍ എന്നു വിശേഷിപ്പിക്കാവുന്ന പഠനങ്ങള്‍ കാര്യമായി ഉണ്ടാകുന്നത് 1960 കള്‍ക്ക് ശേഷമാണ്. (വിശദമായ ചര്‍ച്ചയ്ക്ക് ദേശാഭിമാനി ഓണപ്പതിപ്പിലെ (2012) മാര്‍ക്സിസം: നൈതികാന്വേഷണങ്ങള്‍ എന്ന ലേഖനം കാണുക). ഇതിനിടയില്‍ ഇത്തരം മൗലിക പ്രമേയങ്ങളിലൊന്നിനെ അഭിസംബോധന ചെയ്യാന്‍ കഴിഞ്ഞു എന്നതാണ് ദാമോദരന്റെ കൃതിയെ വലിയ പ്രാധാന്യമുള്ള ഒന്നാക്കിത്തീര്‍ക്കുന്നത്.

ക്രിസ്തുമതവും കമ്യൂണിസവും എന്ന ദാമോദരന്റെ കൃതി അദ്ദേഹത്തിന്റെ രചനാജീവിതത്തിലെ സവിശേഷമായ ഒരു സന്ദര്‍ഭത്തോട് ബന്ധപ്പെട്ട ഒന്നാണ്. കേരളത്തിലെ ക്രൈസ്തവസഭാ നേതൃത്വം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ വിഷലിപ്തമായ ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരുന്ന ഒരു കാലയളവില്‍, അതിനെ നേരിടുന്നതിന് വേണ്ടി, കെ ദാമോദരന്‍ ഒരു ചെറുഗ്രന്ഥം പ്രസിദ്ധീകരിച്ചിരുന്നു; യേശുക്രിസ്തു മോസ്കോവില്‍ എന്ന പേരില്‍. അന്ന് കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലയുടെ അമരക്കാരനായിരുന്ന ഫാദര്‍ വടക്കന്‍ "യേശുക്രിസ്തു മോസ്കോവിലോ?" എന്ന ശീര്‍ഷകത്തില്‍ അതിന് മറുപടി എഴുതി. ഇതിനുപിന്നാലെ "അതെ, മോസ്കോവില്‍തന്നെ" എന്ന പേരില്‍ കെ ദാമോദരന്റെ മറുപടിയും പുറത്തുവന്നു. ക്രിസ്തുമതത്തിലെ അടിസ്ഥാനതത്വങ്ങളെ, സാമൂഹിക നീതിദര്‍ശനം എന്ന നിലയില്‍ അവതരിപ്പിച്ചുകൊണ്ട്, കമ്യൂണിസ്റ്റ് സമൂഹവുമായി അതെങ്ങനെയെല്ലാം ഒത്തുചേരുന്നു എന്ന് വിശദീകരിക്കാനാണ് ദാമോദരന്‍ ശ്രമിച്ചത്. മതത്തെക്കുറിച്ചുള്ള മാര്‍ക്സിസ്റ്റ് ധാരണയുടെ അര്‍ഥപൂര്‍ണവും ഫലപ്രദവുമായ ആവിഷ്കാരമാണ് ക്രിസ്തുമതവും കമ്യൂണിസവും എന്ന ഗ്രന്ഥം. "മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്" എന്ന പ്രസ്താവനയെ മുന്‍നിര്‍ത്തി, മതത്തെ അതിലുള്‍പ്പെട്ടവരുടെ അജ്ഞതയും തെറ്റിദ്ധാരണയും മറ്റുമായി പരിഗണിക്കുന്ന യുക്തിവാദപരമായ യാന്ത്രികനിലപാടിനെ ദാമോദരന്‍ ഒരു ഘട്ടത്തിലും അവലംബിക്കുന്നില്ല. മറിച്ച് മതത്തെ ഒരുഭാഗത്ത് ചരിത്രപരമായി നിലവില്‍ വന്ന സ്ഥാപനസംവിധാനം എന്ന നിലയിലും മറുഭാഗത്ത് നൈതികമായ പ്രമാണസംഹിതകള്‍ എന്ന നിലയിലും വിലയിരുത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്. അതുകൊണ്ട് ക്രിസ്തുമതത്തിന്റെ ചരിത്രപരിണാമങ്ങളെയപ്പാടെ അവലോകനം ചെയ്തുകൊണ്ട് നിന്ദിതരുടെയും പീഡിതരുടെയും കൂട്ടായ്മയായും രക്ഷാമാര്‍ഗമായും നിലവില്‍വന്ന ക്രിസ്തുമതം പില്‍ക്കാലത്ത് എങ്ങനെ സ്ഥാപിത താല്‍പര്യങ്ങളുടെ കാവല്‍പ്പുരയായി എന്ന പരിശോധനയ്ക്കാണ് ഈ ഗ്രന്ഥത്തിന്റെ തുടക്കത്തില്‍ അദ്ദേഹം മുതിരുന്നത്. ""മുസ്സോളിനിയെ ""ദൈവം അയച്ചുതന്ന മനുഷ്യന്‍"" എന്ന് വാഴ്ത്തിയ പിയൂസ് പതിനൊന്നാമന്‍ മാര്‍പ്പാപ്പയുടെ വചനങ്ങള്‍ മുതല്‍ ""കീഴടക്കി ഭരണം നടത്തുന്നവര്‍ക്കു മാത്രമേ ഭരണമെന്തെന്ന് പഠിപ്പിച്ചുതരാന്‍ കഴിയൂ"" എന്ന് വ്യാഖ്യാനിച്ചുകൊണ്ട് ഇന്ത്യയിലെ ബ്രിട്ടീഷ് അധിനിവേശത്തെ ന്യായീകരിക്കുന്ന സഭാ പ്രഖ്യാപനങ്ങള്‍വരെ നിരനിരയായി ഉദ്ധരിച്ചുകൊണ്ട് ഒരു മതസ്ഥാപനം എന്നനിലയില്‍ കത്തോലിക്കാസഭ എത്രയേറെ യാഥാസ്ഥിതികവും മനുഷ്യപുരോഗതിക്ക് എതിരുമായിത്തീര്‍ന്നിരിക്കുന്നു എന്ന് വാദിച്ചുറപ്പിക്കാനാണ് ദാമോദരന്‍ ഇവിടെ മുതിരുന്നത്.

ആദിമ ക്രൈസ്തവ ചരിത്രം, മധ്യകാല മതജീവിതം, സഭയുടെ സ്ഥാപനവത്കരണം, അതുളവാക്കിയ വിപരീത പരിണാമങ്ങള്‍, സാമ്രാജ്യത്വവുമായും ഫാഷിസവുമായും സഭ നടത്തിയ ഒത്തുതീര്‍പ്പുകള്‍ എന്നിവയെല്ലാം വിശദീകരിച്ചുകൊണ്ടാണ് കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുനേരെ സഭ കൈക്കൊള്ളുന്ന നിലപാടിനെ ദാമോദരന്‍ ഇവിടെ കടന്നാക്രമിക്കുന്നത്. ഇങ്ങനെ ഒരു ഭാഗത്ത് സഭയെയും മതത്തെയും ഒരു സാമൂഹിക സ്ഥാപനം എന്ന നിലയില്‍ ചരിത്രപരമായി വിലയിരുത്തുമ്പോള്‍ മറുഭാഗത്ത് അതിനെ ഒരു നൈതിക സമീക്ഷയായി പരിഗണിക്കാനും ആദരപൂര്‍ണമായ ഒരു സംവാദാത്മക ബന്ധം ഈ നൈതിക സ്വരൂപവുമായി സ്ഥാപിച്ചെടുക്കാനും ദാമോദരന്‍ ഈ കൃതിയില്‍ മുതിരുന്നുണ്ട്. യെശയ്യാവിനേയും യരദ്യാവിനേയും സുവിശേഷ വചനങ്ങളേയും പിന്‍പറ്റിനിന്നുകൊണ്ട് ക്രിസ്തുമതം ലക്ഷ്യമാക്കുന്ന നൈതികലോകത്തെക്കുറിച്ചുള്ള സൂക്ഷ്മവിചാരങ്ങള്‍ അവതരിപ്പിക്കാനാണ് ദാമോദരന്‍ ശ്രമിക്കുന്നത്. ക്രിസ്തു മതത്തിന്റെ പ്രാരംഭമുഹൂര്‍ത്തം അദ്ദേഹം നാടകീയമായി ഇങ്ങനെ അവതരിപ്പിക്കുന്നു: ""യേശു ദേവാലയത്തില്‍ ചെന്നു. ദേവാലയത്തില്‍ വില്‍ക്കുന്നവരെയും കൊള്ളുന്നവരെയും എല്ലാം പുറത്താക്കി. പൊന്‍വാണിഭക്കാരുടെ മേശകളെയും പ്രാവുകളെ വില്‍ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചുകളഞ്ഞു. അവരോട് "എന്റെ ആലയം പ്രാര്‍ഥനാലയം എന്ന് വിളിക്കപ്പെടും" എന്ന് എഴുതിയിരിക്കുന്നു. നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീര്‍ത്തിരിക്കുന്നു! (മത്തായി 2 : 1)"". ""ക്രിസ്തുമതം ആരംഭിച്ചുകഴിഞ്ഞു"". ഇത്തരമൊരു അവതരണശൈലി ദാമോദരന്‍ ഈ കൃതിയില്‍ പലയിടത്തും പിന്‍തുടരുന്നത് കാണാം.

മതത്തിനകമേ നിലയുറപ്പിച്ചുകൊണ്ടുള്ള സംവാദാത്മക വിനിമയത്തിന്റെ ഭാഷയായി ഇതിനെ അദ്ദേഹം വികസിപ്പിച്ചെടുക്കുകയും ചെയ്യുന്നു. സോഷ്യലിസ്റ്റ് സമൂഹത്തില്‍ സംഭവിക്കുന്നതെന്ത് എന്ന് വിശദീകരിച്ചുകൊണ്ട് ദാമോദരന്‍ എഴുതുന്നു: ""പ്രഭുക്കന്മാരെ സിംഹാസനങ്ങളില്‍ നിന്നിറക്കി -താണവരെ ഉയര്‍ത്തി - വിശന്നിരിക്കുന്നവരെ നന്മകളാല്‍ നിറച്ചു. - സമ്പന്നരെ വെറും കൈയോടെ അയച്ചുകളഞ്ഞു"" (ലൂക്കോസ് 52, 53). മതത്തെ നൈതികമായ ചില പ്രമാണ സംഹിതകളായും അതിനെ മുന്‍നിര്‍ത്തുന്ന പ്രയോഗ ക്രമങ്ങളായും വിശദീകരിക്കാനുള്ള ഈ ശ്രമം സാമാന്യമായി പറഞ്ഞാല്‍, മലയാളത്തിലെ മാര്‍ക്സിസ്റ്റ് മതവിമര്‍ശം ഏറെയൊന്നും പിന്‍പറ്റാന്‍ ശ്രമിച്ചിട്ടില്ലാത്ത ഒന്നാണ്. അതേസമയം ദാര്‍ശനികമായ തലത്തില്‍ മതവും മാര്‍ക്സിസവും തമ്മിലുള്ള അകലം, പ്രായോഗിക ലാഭത്തെ മുന്‍നിര്‍ത്തി മൂടിവയ്ക്കാനും ദാമോദരന്‍ തുനിയുന്നില്ല. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം വളര്‍ന്നുവന്ന വിമോചന ദൈവശാസ്ത്രത്തിന്റെ ആശയാവലികളെയാണ് 1950 കളില്‍ തന്നെ കെ ദാമോദരന്‍ അവയുടെ പ്രാഗ്രൂപത്തില്‍ അവതരിപ്പിക്കാന്‍ തുനിഞ്ഞത്. ആദിമ ക്രൈസ്തവ സമൂഹവും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും തമ്മിലുള്ള ചേര്‍ച്ചയെക്കുറിച്ച് എംഗല്‍സ് അവതരിപ്പിച്ച ആശയങ്ങളാണ് ദാമോദരന്റെ അടിസ്ഥാനം എന്നതില്‍ സംശയമൊന്നുമില്ല. എന്നാല്‍ അത്തരമൊരു അടിത്തറയില്‍ നിലയുറപ്പിച്ചുകൊണ്ട്, മൗലികസ്വഭാവമുള്ള ഒരു മതസംവാദമാക്കി അതിനെ വികസിപ്പിച്ചെടുക്കാന്‍ ദാമോദരന്‍ നടത്തിയ ശ്രമങ്ങള്‍ ചരിത്രപരമായി ഏറെ പ്രാധാന്യമുള്ളതാണ്; അതിന്റെ അടിയന്തര പ്രസക്തികൊണ്ടും അന്യത കൊണ്ടും.

ഇതേ അളവില്‍ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു സൈദ്ധാന്തിക സംഭാവനയാണ് ഭാരതീയ ചിന്ത എന്ന ഗ്രന്ഥം. 1973 ലാണ് ഭാരതീയ ചിന്ത മലയാളത്തില്‍ പ്രസിദ്ധീകൃതമായത്. ഇന്ത്യന്‍ തത്വചിന്താ പാരമ്പര്യത്തെ പഠനവിധേയമാക്കുന്ന രണ്ട് ഗ്രന്ഥങ്ങള്‍ ഇതിനുമുമ്പ് ദാമോദരന്‍ രചിച്ചിട്ടുണ്ട്. 1958ല്‍ പ്രസിദ്ധീകരിച്ച ഇന്ത്യയുടെ ആത്മാവ്, 1970ലെ ഇന്ത്യന്‍ ചിന്ത (Indian Thought) എന്നിവ. (Indian Thought  ന്റെ വിവര്‍ത്തനമാണ് ഭാരതീയചിന്ത എന്നു തോന്നാമെങ്കിലും കൂടുതല്‍ വിശദാംശങ്ങളും വിശകലനങ്ങളും എല്ലാം ഉള്‍പ്പെടുത്തി തയാറാക്കിയ ഒന്നാണത്. ഭാരതീയ ചിന്തയുടെ മൗലികതയെ പി ഗോവിന്ദപിള്ള രണ്ട് നിലകളില്‍ വിശദീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ ചിന്താ പാരമ്പര്യത്തെ വൈദിക സംസ്കാരവുമായി കൂട്ടിയിണക്കാനുള്ള ഇന്ത്യയിലെ മുഖ്യധാരാ ദാര്‍ശനിക ചരിത്രകാരന്മാരുടെ ശ്രമങ്ങളെ മറികടക്കുന്ന ഗ്രന്ഥമാണ് ഭാരതീയ ചിന്ത എന്നതാണ് അതിലാദ്യത്തേത്. ഡോ. എസ് രാധാകൃഷ്ണന്‍ മുതല്‍ ദാര്‍ശനിക ചരിത്രകാരന്മാര്‍ വേദങ്ങള്‍ മുതലാരംഭിക്കുന്ന വൈദിക ചിന്തയെയും പരമാവധി ബൗദ്ധ-ജൈന പാരമ്പര്യങ്ങളെയും മാത്രമാണ് ഇന്ത്യന്‍ ചിന്താപാരമ്പര്യത്തില്‍ ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്യുക. ദാമോദരനാകട്ടെ ഹാരപ്പന്‍ നാഗരികതയുടെ രൂപീകരണത്തിനും മുമ്പുള്ള ഇന്ത്യന്‍ ജീവിതത്തില്‍ നിന്നാരംഭിക്കുകയും ഇരുപതാം ശതകത്തില്‍ മാര്‍ക്സിസം ഇന്ത്യന്‍ ചിന്തയില്‍ ചെലുത്തിയ സ്വാധീനംവരെ പരിശോധിക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടയില്‍ ലോകായതം പോലുള്ള നാസ്തികദര്‍ശനങ്ങളും ബൗദ്ധ-ജൈന പാരമ്പര്യങ്ങളും മാത്രമല്ല ദക്ഷിണേന്ത്യയിലെ പ്രാചീന ചിന്തകള്‍, ശാക്തേയം മുതലായ ഉള്‍പ്പിരിവുകള്‍ വരെ അദ്ദേഹത്തിന്റെ പരിഗണനയിലുണ്ട്. അതേസമയത്തുതന്നെ ഇസ്ലാമും അതിലെ വിമത പ്രസ്ഥാനങ്ങളും മുതല്‍ രാജാറാം മോഹന്‍റായ്, മുഹമ്മദ് ഇഖ്ബാല്‍, മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു എന്നിവര്‍ വരെയുള്ള മറ്റൊരു സമാന്തരധാരയെയും ദാമോദരന്‍ ഭാരതീയ ചിന്തയില്‍ അവതരിപ്പിക്കുന്നു. ആ നിലയില്‍ മതനിരപേക്ഷവും സര്‍വാശ്ലേഷിയുമായ ഒരു പരിപ്രേക്ഷ്യത്തിനുള്ളില്‍വച്ച് ഇന്ത്യന്‍ ചിന്തയെ വിശകലനം ചെയ്യാനുള്ള കാര്യമായ ശ്രമങ്ങളൊന്നും വേറെ ഉണ്ടായിട്ടില്ല. ഒരര്‍ഥത്തില്‍ ഭാരതീയ ചിന്തയെ സവര്‍ണതയില്‍നിന്നും വൈദിക - ബ്രാഹ്മണിക പാരമ്പര്യത്തില്‍നിന്നും മോചിപ്പിക്കാനുള്ള നിര്‍ണായകമായ ശ്രമമാണ് ദാമോദരന്റെ ഗ്രന്ഥം എന്നുപറയാം. ഇന്ത്യന്‍ ചിന്താപാരമ്പര്യങ്ങളെ മാര്‍ക്സിസ്റ്റ് വിശകലനത്തിന് വിധേയമാക്കാനുള്ള ദാമോദരന്റെ ശ്രമങ്ങള്‍ ആ വഴിക്കുള്ള ആദ്യ പരിശ്രമങ്ങളായിരുന്നു എന്ന വസ്തുതയും നാം ഇതോടൊപ്പം പരിഗണിക്കണം.

ഇന്ത്യയിലെ ഭൗതികവാദചിന്തയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ദേബീ പ്രസാദ് ചതോപാധ്യായയുടെ "ലോകായതം" പുറത്തുവരുന്നത് 1959 ലാണ്. അതിനും ഒരു വര്‍ഷംമുമ്പേ കെ ദാമോദരന്‍ ഇന്ത്യയുടെ ആത്മാവ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതുപോലെ ഇന്ത്യയിലെ ദാര്‍ശനിക പാരമ്പര്യങ്ങളെ സാമൂഹ്യപരിവര്‍ത്തന പ്രക്രിയകളുമായി ചേര്‍ത്തുവച്ച് പരിശോധിക്കുന്ന എസ് ജി സര്‍ദേശായിയുടെ ഗ്രന്ഥം (Progress and conservatism in Indian Philosophy) പ്രസിദ്ധീകരിക്കപ്പെടുന്നത് 1986-ല്‍ മാത്രമാണ്. ഈ വസ്തുതകളെ മുന്‍നിര്‍ത്തി പരിശോധിക്കുമ്പോള്‍ 1958-ല്‍ ഇന്ത്യയുടെ ആത്മാവും 1973-ല്‍ ഭാരതീയ ചിന്ത പോലെയൊരു സമഗ്രപഠനവും പ്രസിദ്ധീകരിച്ച ദാമോദരന്റെ സംഭാവന അന്യമാണ് എന്ന് വ്യക്തമാകും. ഇന്ത്യന്‍ ദാര്‍ശനിക പാരമ്പര്യത്തെ വിശകലനം ചെയ്യുമ്പോള്‍ മാര്‍ക്സിസ്റ്റ് വിശകലനങ്ങളില്‍ പൊതുവെ കണ്ടുവരാറുള്ള ചില പോരായ്മകളെ ദാമോദരന്‍ ഭാരതീയ ചിന്തയില്‍ ഫലപ്രദമായി മറികടന്നിട്ടുണ്ട് എന്ന കാര്യവും ഇവിടെ പരിഗണിക്കണം.

വൈദിക - ഔപനിഷദിക ചിന്തയെയപ്പാടെ ബ്രാഹ്മണികം എന്ന കള്ളിയിലൊതുക്കി നിര്‍ത്താനും ചാര്‍വ്വാകവും ലോകായതവും പോലുള്ള ബദല്‍ പാരമ്പര്യങ്ങളെ മാത്രം പരിഗണനീയമായി കരുതാനുമുള്ള പ്രേരണ, അക്കാലത്തിന്റെ സ്വാഭാവിക സമ്മര്‍ദ്ദം കൊണ്ടു കൂടിയാകാം, ഇവിടെ പ്രബലമായിരുന്നു. ഒരു ജനതയ്ക്കുമേല്‍ പിടിമുറുക്കിക്കഴിഞ്ഞാല്‍ ആശയങ്ങള്‍ തന്നെ ഭൗതിക ശക്തികളായിത്തീരും എന്ന മാര്‍ക്സിസ്റ്റ് വീക്ഷണം പലപ്പോഴും വേണ്ടത്ര പരിഗണിക്കപ്പെട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ദേബീപ്രസാദ് ചതോപാധ്യായയുടെ ഗ്രന്ഥങ്ങളെക്കുറിച്ചുപോലും അവയുടെ ഉജ്വലതയേയും വിശകലനപരമായ സൂക്ഷ്മതയേയും അംഗീകരിച്ചുകൊണ്ടുതന്നെ, ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. കെ ദാമോദരനും ഇന്ത്യയുടെ ആത്മാവില്‍ ഇതേ വിഭാഗീയതയ്ക്ക് കീഴ്പ്പെട്ടു പോയിട്ടുള്ള കാര്യം ജി അധികാരിയെപ്പോലുള്ള പ്രഗത്ഭരായ മാര്‍ക്സിസ്റ്റ് ചിന്തകര്‍ തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാല്‍ ഭാരതീയ ചിന്തയില്‍ ദാമോദരന്‍ ഈ പരാധീനതകളെ വലിയൊരളവോളം മറികടന്നു.

ഭക്തിപ്രസ്ഥാനത്തിന്റെ സാമൂഹ്യസ്വഭാവത്തെ വിശകലനം ചെയ്യുമ്പോഴും അതിന്റെ കാലപരിധികള്‍ നിര്‍ണയിക്കുമ്പോഴും കെ ദാമോദരന് ആ കൃതിയില്‍ പിഴവുകള്‍ പറ്റുന്നുണ്ട് എന്ന വസ്തുത പി ജി തന്റെ പഠനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വസ്തുതാപരമായ അത്തരം പിഴവുകള്‍ നിലനില്‍ക്കെത്തന്നെ വീക്ഷണപരമായി യാന്ത്രികഭൗതികത്തിന്റെ പിടിമുറുക്കങ്ങളെ മറികടക്കാന്‍ കഴിഞ്ഞു എന്നതാണ് ദാമോദരന്‍ ആ ഗ്രന്ഥത്തില്‍ നടത്തിയ ഇടപെടലിന്റെ ചരിത്രപരമായ പ്രാധാന്യം. ഭാരതീയ ചിന്തയ്ക്ക് മൂന്ന് പതിറ്റാണ്ട് തികയാറായി എങ്കിലും യാന്ത്രിക ഭൗതികത്തിന്റെ താര്‍ക്കിക സമവാക്യങ്ങള്‍ക്ക് മലയാളത്തിലെ മാര്‍ക്സിസ്റ്റ് വിചാരങ്ങളില്‍ ഇപ്പോഴും നല്ല പ്രാബല്യമുണ്ട് എന്നാലോചിക്കുമ്പോഴാണ്, സുദീര്‍ഘമായ ഒരു സംസ്കാരചരിത്രത്തെ ഒരു ഭാഗത്ത് സവര്‍ണതയില്‍നിന്നും മറുഭാഗത്ത് യാന്ത്രിക ഭൗതികത്തില്‍നിന്നും വേര്‍പെടുത്തിയെടുത്ത് വിശകലനം ചെയ്യാന്‍ കെ ദാമോദരന്‍ നടത്തിയ ശ്രമങ്ങളുടെ ഗൗരവവും ഗാംഭീര്യവും വ്യക്തമാവുക.

ഈ നിലയില്‍ മതവിമര്‍ശനത്തെയും തത്വചിന്താ ചരിത്രത്തെയും മാര്‍ക്സിസ്റ്റ് പരിപ്രേക്ഷ്യത്തില്‍ അവതരിപ്പിക്കാനുള്ള മലയാളത്തിലെയെന്നല്ല, ഇന്ത്യയിലെ തന്നെ നിര്‍ണായകമായ ഇടപെടലായിരുന്നു ദാമോദരന്റേത്. ഇത്രമേല്‍ പ്രാധാന്യമുള്ള ധൈഷണിക സംഭാവനകള്‍ നല്‍കിയിട്ടും അതുപോലെ കേരളത്തിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ ജീവിതത്തിലെ വലിയ സാന്നിധ്യങ്ങളിലൊന്നായിരുന്നിട്ടും കെ ദാമോദരന്‍ അര്‍ഹിക്കുന്ന വിധത്തില്‍ ആദരിക്കപ്പെട്ടോ എന്നത് സംശയമാണ്. അദ്ദേഹത്തിന്റെതന്നെ പ്രകൃതത്തിലെ മെരുങ്ങായ്ക ഈ അവഗണനയ്ക്ക് കാരണമായിട്ടുണ്ട് എന്ന് വരാം. അതോടൊപ്പം പ്രസ്ഥാനവുമായി പല ഘട്ടങ്ങളില്‍ നടത്തിയ ഏറ്റുമുട്ടലുകളും ദാമോദരന്റെ പിന്‍വാങ്ങലിന് വഴിതുറന്നിട്ടുണ്ടാവാം. എന്നാല്‍ ഇതിനെല്ലാമപ്പുറം ധൈഷണികതയുടെയും മാര്‍ക്സിസ്റ്റ് ചിന്തയുടെയും ഏറ്റവും ഉന്നതമായ മലയാള മാതൃകകളിലൊന്നായി ആദരിക്കപ്പെടേണ്ട ഒരാളാണ് കെ ദാമോദരന്‍. അദ്ദേഹം അര്‍ഹിക്കുന്ന ആദരവ് നല്‍കാന്‍ കേരളീയ സമൂഹത്തിന് ഉത്തരവാദിത്ത മുണ്ട്; പ്രത്യേകിച്ചും കേരളീയ ഇടതുപക്ഷത്തിന്.

*
സുനില്‍ പി ഇളയിടം ദേശാഭിമാനി 21 ഒക്ടോബര്‍ 2012

2 comments:

ഭാനു കളരിക്കല്‍ said...

കേരള മാര്‍ക്സ് തന്നെയാണ് സഖാവ് കെ ദാമോദരന്‍. അങ്ങനെ തന്നെ അദ്ദേഹം ആദരിക്കപ്പെടേണ്ടതുണ്ട്.

Unknown said...

നല്ല ലേഖനം