Wednesday, October 3, 2012

കോടതി തീര്‍പ്പും സര്‍ക്കാര്‍ വ്യാഖ്യാനവും

പ്രകൃതിവിഭവങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് അനുവദിക്കുന്നത് ലേലത്തില്‍ക്കൂടി മാത്രമായിക്കൊള്ളണമെന്ന് ഭരണഘടന നിര്‍ബന്ധിക്കുന്നില്ല എന്ന് സുപ്രീംകോടതി പറഞ്ഞത് മുന്‍നിര്‍ത്തി 2ജി സ്പെക്ട്രം, കല്‍ക്കരിപ്പാടം എന്നീ വിഷയങ്ങളില്‍ നടന്ന മഹാകുംഭകോണങ്ങളെ ന്യായീകരിക്കാനിറങ്ങിയിരിക്കുകയാണ് ഒരുപറ്റം കേന്ദ്രമന്ത്രിമാര്‍.

ലേലംമാത്രമല്ല മാര്‍ഗം എന്നുപറഞ്ഞാല്‍ ലേലം നിയമവിരുദ്ധമോ ഭരണഘടനാ വിരുദ്ധമോ ആണെന്നാണോ? അങ്ങനെ കോടതി പരാമര്‍ശത്തെ വ്യാഖ്യാനിച്ച് ലേലം പൂര്‍ണമായി ഒഴിവാക്കി തന്നിഷ്ടപ്രകാരം പ്രകൃതിവിഭവങ്ങള്‍ ഇനി സ്വകാര്യ കമ്പനികള്‍ക്ക് വീതിക്കാമെന്ന് ആഹ്ലാദിക്കുകയാണ് യുപിഎയും അതിന്റെ കേന്ദ്രമന്ത്രിമാരും. ധനകാര്യ വിഷയങ്ങളില്‍ അന്തിമതീര്‍പ്പു കല്‍പ്പിക്കാന്‍ തങ്ങള്‍ ധനകാര്യ വിദഗ്ധരല്ല എന്ന് ജഡ്ജിമാര്‍ പറഞ്ഞു. നയപരമായ പ്രശ്നങ്ങള്‍ ഉള്‍ച്ചേര്‍ന്നതാണ് വിഷയമെന്നിരിക്കെ മന്ത്രിസഭയുടെ നയം നിശ്ചയിക്കാന്‍ തങ്ങളാളല്ല എന്ന് അവര്‍ പറഞ്ഞു. നയത്തെ ചോദ്യം ചെയ്യുന്നില്ലെങ്കില്‍പ്പോലും നയം നടപ്പാക്കുന്ന കാര്യത്തില്‍ വീഴ്ചയോ തെറ്റോ വന്നാല്‍ അതില്‍ ഇടപെടാന്‍ മടിക്കില്ല എന്ന് മുന്നറിയിപ്പ് നല്‍കി- ഇതൊന്നും കേന്ദ്രമന്ത്രിമാര്‍ കണ്ടമട്ടില്ല.

പ്രകൃതിവിഭവങ്ങളുടെ ഏതെങ്കിലും ഭാഗംപോലും സ്വകാര്യ താല്‍പ്പര്യങ്ങളുടെ ചൂഷണത്തിന് വഴിവയ്ക്കുന്ന വിധത്തില്‍ അനുവദിച്ചുകൂടാ എന്നും, ഇഷ്ടജനങ്ങള്‍ക്ക് ദാനധര്‍മങ്ങള്‍ വഴി വിതരണം ചെയ്യാനുള്ളതല്ല രാജ്യത്തിന്റെ പൊതുസ്വത്തായ പ്രകൃതിവിഭവമെന്നും, അത് വിതരണംചെയ്യുന്നത് രാജ്യത്തിന്റെ പൊതുതാല്‍പ്പര്യത്തിലും രാജ്യത്തിന്റെ ഖജനാവിന് മുതല്‍ക്കൂട്ടുന്ന വിധത്തിലുമേ ആകാവൂ എന്നും കോടതി അനുബന്ധത്തില്‍ പറഞ്ഞിട്ടുണ്ട്. ഇതൊക്കെ ഇരിക്കെയാണ് സുപ്രീംകോടതി പരാമര്‍ശത്തിലെ തങ്ങള്‍ക്ക് സ്വീകാര്യമായ ഭാഗംമാത്രം അടര്‍ത്തിയെടുത്ത് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനെ പാഠം പഠിപ്പിക്കാന്‍ ധനമന്ത്രി പി ചിദംബരവും ടെലികോം മന്ത്രി കപില്‍ സിബലും നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദും ഇറങ്ങിത്തിരിച്ചത്. ലേലം മാത്രമല്ല മാര്‍ഗം എന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നും ഇത് സിഎജി കണക്കിലെടുക്കണമെന്നും ധനമന്ത്രി പറയുന്നു.

ലേലം മാത്രമല്ല മാര്‍ഗം എന്നുപറഞ്ഞാല്‍ ലേലം ഭരണഘടനാപരമായ മാര്‍ഗം അല്ല എന്നാണോ? അങ്ങനെ വ്യാഖ്യാനിക്കാനാണ് കേന്ദ്രത്തിന് വ്യഗ്രത. അങ്ങനെ വാദിച്ചാലല്ലേ രാജ്യം കണ്ട മഹാകുംഭകോണങ്ങളെ രണ്ടിനെയും - കല്‍ക്കരിപ്പാടവും 2ജി സ്പെക്ട്രവും - ന്യായീകരിക്കാനും സമാനമായ കുംഭകോണങ്ങള്‍ക്ക് അരങ്ങൊരുക്കാനും കഴിയൂ. ഈ വ്യഗ്രത മാത്രംമതി കേന്ദ്രമന്ത്രിസഭയുടെ ഉള്ളിലിരുപ്പ് വ്യക്തമാകാന്‍. 2ജി സ്പെക്ട്രത്തിന്റെ കാര്യംമാത്രമാണ് കോടതി പരിശോധിച്ചത്. പ്രകൃതിവിഭവങ്ങള്‍ ലേലത്തിലൂടെയേ വിതരണംചെയ്യാന്‍ പാടുള്ളൂ എന്ന്, വഴിവിട്ട് നല്‍കിയ 2ജി സ്പെക്ട്രം ലൈസന്‍സുകള്‍ റദ്ദാക്കി സുപ്രീംകോടതി എട്ടുമാസംമുമ്പ് പറഞ്ഞിരുന്നു. ഇത് യുപിഎ മന്ത്രിസഭയെ വല്ലാതെ വെട്ടിലാക്കി. ഈ പ്രത്യേക പശ്ചാത്തലത്തിലാണ് പ്രശ്നം പ്രസിഡന്‍ഷ്യല്‍ റഫറന്‍സിലൂടെ സുപ്രീംകോടതിക്ക് വിട്ടത്.

കോടതിയുടെ ഏതെങ്കിലുമൊരു വാക്കില്‍ പിടിച്ച് പ്രശ്നത്തില്‍നിന്ന് തലയൂരാനായിരുന്നു യുപിഎ മന്ത്രിസഭയുടെ ശ്രമം. ജഡ്ജിമാര്‍ ധനകാര്യ വിദഗ്ധരാകേണ്ടതുണ്ട് എന്നും ആഗോള സാമ്പത്തിക ചലനങ്ങള്‍ പഠിച്ചേ ജഡ്ജിമാര്‍ അത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയാവൂ എന്നും ഒക്കെ ഇതിനിടെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറയുന്നത് കേട്ടു. ഏതായാലും പ്രസിഡന്‍ഷ്യല്‍ റഫറന്‍സിനുള്ള മറുപടിയില്‍ ജഡ്ജിമാര്‍ ഭരണഘടന ലേലം നിര്‍ബന്ധിതമാക്കുന്നില്ല എന്ന് പറഞ്ഞു. ഇതിനര്‍ഥം ലേലം പാടില്ല എന്നുപറഞ്ഞു എന്നാണോ? പ്രകൃതിവിഭവങ്ങള്‍ സ്വകാര്യമേഖലയ്ക്ക് നല്‍കുന്നത് ലേലത്തിലൂടെയായാല്‍ ഖജനാവിന് ഉയര്‍ന്ന വരുമാനം ലഭിക്കും. മത്സരരംഗത്തുള്ള എല്ലാവര്‍ക്കും തുല്യാവസരം ലഭിക്കാനത് ഉതകുകയുംചെയ്യും. ഈ നല്ല കാര്യങ്ങള്‍ അവഗണിച്ച് യുപിഎ സര്‍ക്കാര്‍ ചെയ്തത് തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടതും വേണ്ടപ്പെട്ടതുമായ കമ്പനികള്‍ക്കുമാത്രം 2ജി സ്പെക്ട്രം ലൈസന്‍സ് നല്‍കുകയായിരുന്നു. അതിനായി വിജ്ഞാപനപ്രകാരമുള്ള അവസാന അപേക്ഷാ തീയതിപോലും മുമ്പോട്ടാക്കി. അതായത്, തങ്ങള്‍ക്ക് വേണ്ടപ്പെട്ട കമ്പനികളുടെയെല്ലാം അപേക്ഷ വാങ്ങിവച്ചിട്ട്, ഇതര കമ്പനികള്‍ക്ക് അപേക്ഷിക്കാനുള്ള അവസരം നിഷേധിച്ച് ഇഷ്ടക്കാര്‍ക്കിടയില്‍ സ്പെക്ട്രം ലൈസന്‍സ് വിതരണംചെയ്തു. ഇവര്‍ നല്‍കിയതിനേക്കാള്‍ ഉയര്‍ന്ന തുക നല്‍കാന്‍ വര്‍ധിച്ച ഡിമാന്‍ഡുള്ള ഈ പശ്ചാത്തലത്തില്‍ പല കമ്പനികളും ഒരുക്കമായിരുന്നു. എന്നിട്ടും ഖജനാവിന് 1,76,643 കോടി രൂപയുടെ നഷ്ടം വരുത്തി പഴയ നിരക്കില്‍ കമ്പനികള്‍ക്കിടയില്‍ 2ജി സ്പെക്ട്രം ലൈസന്‍സ് വീതിച്ചു. ലേലം ഒഴിവാക്കിയാലേ ഈ വന്‍ കുംഭകോണം നടത്താന്‍ കഴിയുമായിരുന്നുള്ളൂ. അതുകൊണ്ട് ലേലം ഒഴിവാക്കി. പ്രകൃതിവിഭവം വീതിക്കുന്നത് ലേലത്തില്‍ത്തന്നെ ആയിക്കൊള്ളണമെന്നില്ല എന്നുപറഞ്ഞാല്‍ അതിനര്‍ഥം ലേലത്തേക്കാള്‍ കൂടുതല്‍ ഖജനാവിന് വരുമാനമുണ്ടാക്കുന്ന മറ്റെന്തെങ്കിലും മാര്‍ഗമുണ്ടെങ്കില്‍ അത് ആരായാമെന്നാണ്. അല്ലാതെ ഖജനാവിലേക്ക് ലഭിക്കേണ്ട തുക ഇല്ലാതാക്കിക്കൊള്ളണമെന്നല്ല. മറ്റ് മാര്‍ഗങ്ങള്‍ എന്നതിനര്‍ഥം പൊതുനന്മയും രാജ്യതാല്‍പ്പര്യവും മത്സരാര്‍ഥികളുടെ തുല്യാവസരവും മുന്‍നിര്‍ത്തിയുള്ള കൂടുതല്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ എന്നാണ്. അതല്ലാതെ സ്വജനപക്ഷപാതത്തിനുള്ള അവസരമാക്കി മാറ്റണം എന്നല്ല. സുതാര്യവും ലാഭകരവുമായ രീതി ആരായണമെന്നാണ് കോടതി പറഞ്ഞതിന്റെ അര്‍ഥം എന്ന് മനസിലാക്കി ആ വഴിക്ക് നീങ്ങാനല്ല, മറിച്ച് തങ്ങളുടെ കൊള്ളയും സ്വജനപക്ഷപാതവും മുന്നോട്ടുകൊണ്ടുപോകാനുള്ള മാര്‍ഗം തുറന്നുകിട്ടി എന്ന നിലയ്ക്ക് അതിനെ വ്യാഖ്യാനിക്കാനാണ് യുപിഎയ്ക്ക് വ്യഗ്രത. ഇനിമേല്‍ സര്‍ക്കാര്‍ നടപടികള്‍ യുക്തിസഹവും ന്യായയുക്തവും വിവേചനരഹിതവും സുതാര്യവും അധികാരപ്രമത്തതയില്ലാത്തുമാകണമെന്നുകൂടി സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. അപ്പോള്‍ എന്താണതിനര്‍ഥം? ഇതുവരെ ഇതെല്ലാമാണ് നടമാടിയിരുന്നത് എന്നല്ലേ?

ആ വഴിക്കാണ് ഉത്തരവാദിത്തത്തിന്റെ അംശമെങ്കിലുമുണ്ടെങ്കില്‍ മന്ത്രിസഭ ചിന്തിക്കേണ്ടത്. പക്ഷേ, അത് ഇവരില്‍നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. തങ്ങളുടെ ഏത് ചെയ്തിയും പൊതുതാല്‍പ്പര്യത്താല്‍ നയിക്കപ്പെടുന്നതാകണമെന്നുറപ്പുവരുത്താന്‍ ഭരണഘടനാപരമായി മന്ത്രിസഭയ്ക്ക് ചുമതലയുണ്ട്. അത് ഒഴിവാക്കാനുള്ള കുറുക്കുവഴിയായി സുപ്രീംകോടതിയുടെ വാക്കുകളെ കാണരുത്. നയകാര്യത്തില്‍ അഭിപ്രായം പറയുന്നില്ലെങ്കിലും നയം നടപ്പാക്കുന്ന രീതി പരിശോധിക്കാനും ക്രമക്കേടില്‍ ഇടപെടാനും തങ്ങള്‍ക്ക് അധികാരമുണ്ട് എന്ന് കോടതി പറഞ്ഞിട്ടുള്ളത് വിസ്മരിക്കരുത്. വിലമതിക്കാനാകാത്തതും ദുര്‍ലഭമായതുമായ പ്രകൃതിവിഭവങ്ങള്‍- ദേശീയ സ്വത്തുകള്‍- ലേലം ഒഴിവാക്കി തങ്ങളുടെ ഇഷ്ടക്കാര്‍ക്ക് കൊള്ളയടിക്കാനായി തുടര്‍ന്നും വിട്ടുകൊടുക്കുമെന്ന ധാര്‍ഷ്ട്യമാണ് ഈ മന്ത്രിസഭയെ നയിക്കുന്നത്. ഇതിന് മറുപടി നല്‍കേണ്ടത് ജനങ്ങളാണ്.

*
ദേശാഭിമാനി മുഖപ്രസംഗം 01 ഒക്ടോബര്‍ 2012

No comments: