Wednesday, April 30, 2014

മംഗല്യഭാഗ്യം

ഇത്തവണ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചപ്പോള്‍ നാണുക്കുട്ടന്‍ ഞെട്ടിച്ചു.

സത്യം പറഞ്ഞു.

ഇതുവരെ വിവാഹിതനാണോ എന്ന കോളത്തില്‍ വധുവിനെ ആവശ്യമുണ്ട് എന്നായിരുന്നു പൂരണം. മകം നക്ഷത്രം. വെള്ളി, ശനി ദിവസങ്ങളില്‍ ദോഷം. ചൊവ്വ കുഴപ്പമില്ല. ഉയരം 162 സെ മീ. നെഗോഷ്യബിള്‍. തൂക്കം 64 കിലോ. ഭക്ഷണത്തിന് മുമ്പ്. തീറ്റയ്ക്കു ശേഷം തൂക്കം പതിവില്ല. ഡാറ്റ ഈസ് നോട്ട് അവയ്ലബിള്‍.

ലേശം കഷണ്ടി. ആവശ്യത്തിന് താടി, ധാടി, മോടി. അനുരൂപയായ യുവതികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫീസില്ല. അഭിരുചി പരീക്ഷക്കും കൂടിക്കാഴ്ചക്കും ശേഷം നിയമനം. ആദ്യം താല്‍ക്കാലികാടിസ്ഥാനത്തിലായിരിക്കും നിയമനം. കഴിവ് തെളിയിക്കുന്നതിനനുസരിച്ച് സ്ഥിരപ്പെടുത്തും. കഴിഞ്ഞ ആറു തെരഞ്ഞെടുപ്പില്‍ നാണു ഇങ്ങനെയാണ് പദപ്രശ്നം പൂരിപ്പിച്ചത്. ഇത്തവണ ശൈലി മാറ്റി. നുണയേക്കാള്‍ മെച്ചം സത്യമാണെന്നറിഞ്ഞാല്‍ ആരും സത്യം പറയും. കള്ളം പറയണം എന്ന് ആര്‍ക്കും നിര്‍ബന്ധമില്ല. ഒരു ഗുണവുമില്ലാത്തതുകൊണ്ട് സത്യം പറയുന്നില്ല എന്നേയുള്ളൂ. പരമാര്‍ഥം പറഞ്ഞാല്‍ വല്ലതും തടയുമെന്നായപ്പോള്‍ നാണു സത്യത്തിന്റെ പാതയിലെ പതറാത്ത പോരാളിയായി. പത്രികയില്‍ വിവാഹ പത്രിക പൂരിപ്പിച്ചു.
അതെ. വിവാഹിതനാണ്.

വര്‍ഷം?

ആര്യന്മാര്‍ ഇന്ത്യയിലെത്തുന്ന കാലത്താണ്. അന്ന് ഗംഗാതീരത്തെ ഒരു വാര്‍ഡ് മെമ്പ്രായിരുന്നു എന്നാണ് ഓര്‍മ. ശരിയാവണമെന്നില്ല. അങ്ങനെ നിര്‍ബന്ധവുമില്ല. അന്ന് ഇന്നത്തെപോലെ തെരഞ്ഞെടുപ്പൊന്നുമില്ല. യോഗ്യന്മാരൊക്കെ ആലിന്റെ ചുറ്റും വട്ടം കൂടിയിരിക്കും. വെറ്റില മുറുക്കി, നീട്ടിത്തുപ്പി ഇടയ്ക്കിടക്ക് സംസ്കൃതശ്ലോകങ്ങളും ചൊല്ലിയാണ് രാജ്യവിചാരം.

എല്ലാം കേട്ട് കേട്ട് ആല് ഒരു പണ്ഡിതവൃദ്ധനായി. ചില വാക്കുകള്‍ മനസ്സിലാവാതെ വരുമ്പോള്‍ ആലിന്റെ വേര് അര്‍ഥം തേടിയിറങ്ങും. ജ്ഞാനികളെ തേടിയാണ് യാത്ര.

ഈ പ്രക്രിയയെ പിന്നെ നാണമില്ലാത്തവന്റെ ആസനത്തില്‍ ആലു മുളച്ചു എന്ന പ്രയോഗമാക്കി ചരിത്രം വളച്ചൊടിച്ചു. ആദികാലത്ത് അര്‍ഥം തേടിയിറങ്ങിയതിന് കിട്ടിയ പരിഹാസം!വിജ്ഞാനം വളര്‍ന്നത് താരാട്ടും തലോടലും കൊണ്ടല്ല, ആട്ടും തുപ്പുമേറ്റാണ്.

ശരിക്കും ആസ്ഥാനപണ്ഡിതന്മാര്‍ക്ക് കിട്ടുന്ന സ്ഥാനചിഹ്നമാണ് ഇത്. ആലവട്ടം എന്ന് ഇത് അറിയപ്പെട്ടിരുന്നതായി ഫാഹിയാന്‍ എഴുതാന്‍ ഉദ്ദേശിച്ചതാണ്. എന്തുകൊണ്ടോ വിട്ടുപോയി. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടുകാരെ വിളിച്ച് പറഞ്ഞിരുന്നെങ്കിലും അവരും ചേര്‍ത്തില്ല.

ഇന്നും ആസ്ഥാനപണ്ഡിതന്മാരെ നോക്കൂ. കേന്ദ്രസ്ഥാനത്ത് ആലു മുളച്ചിരിക്കുന്നതായി കാണാം. അതാണ് ട്രേഡ്മാര്‍ക്ക്. തണല്‍വൃക്ഷങ്ങള്‍.

പറഞ്ഞുവന്നത് നാണുവിന്റെ വിവാഹത്തെക്കുറിച്ചാണ്. രേഖകളില്ലാത്തതിനാല്‍ ഭാരതം ചരിത്രമില്ലാത്ത നാടാണെന്ന് സായിപ്പ് പരിഹസിച്ചതിന് ബലം നല്‍കി. നാണുവിന്റെയും വിവാഹരേഖകളില്ല. ബര്‍മിങ്ഹാം കൊട്ടാരത്തിലെ ഒളിസേവക്കാരെ വരെ ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയപ്പോള്‍ ഇവിടെ അമ്മാതിരി സത്യം തെരയാന്‍ ഉണ്ണിയച്ചീചരിതം വായിക്കണം.

ബാബര്‍ ചക്രവര്‍ത്തി ഇന്ത്യ ആക്രമിച്ചപ്പോള്‍ സിന്ധുനദീ തീരത്തെ രജിസ്ട്രാഫീസില്‍ നിന്ന് നാണുവിന്റെ വിവാഹരേഖ കവര്‍ച്ച ചെയ്തതാണെന്നും ഒരു പക്ഷമുണ്ട്.

മനപ്പൂര്‍വം.

ഹിന്ദുമതത്തെ ഉന്മൂലനം ചെയ്യാനുള്ള ശ്രമം.

നാണുവിന്റെ വിവാഹം സോമനാഥ ക്ഷേത്രത്തിലായിരുന്നെന്നും അലാവുദ്ദീന്‍ ഖില്‍ജി ക്ഷേത്രം ആക്രമിച്ചപ്പോള്‍ വിലപ്പെട്ട ആ രേഖ കൊള്ള ചെയ്തെന്നും വാദമുണ്ട്. പില്‍ക്കാലത്ത് നാണുവിന്റെ രാഷ്ട്രീയ ഭാവി നശിപ്പിക്കാന്‍ കാലെകൂട്ടി എ ഡി 1000ത്തില്‍ നടന്ന ഗൂഢാലോചന. മഷിനോട്ടത്തില്‍ ഇത് ശരിയാണെന്ന് തെളിയുകയുംചെയ്തു.

നശിപ്പിക്കപ്പെട്ട രേഖകള്‍ വീണ്ടെടുക്കുകയാണ് നാണു. അത് വെറും രേഖയല്ല, ഇന്ത്യന്‍ ദേശീയതയുടെ മുഖമുദ്രകളാണ്. ഹൈന്ദവാചാരങ്ങളെ തൂത്ത് തുടച്ച് ഇറക്കുമതി മതങ്ങള്‍ അവരുടെ ആചാരങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനെതിരെയുള്ള കലാപമാണ് നാണുവിന്റെ രേഖ.

അത് വിവാഹമല്ല, വിപ്ലവമാണ്.

മഹത്തായ ആറാം പത്രിക പൂരിപ്പിക്കുമ്പോള്‍ നാണു പ്രഖ്യാപിക്കുന്നു-

ഞാന്‍ വിവാഹിതനാണ്.

ഭാരത് മാതാ കീ ജെയ്.

പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥിയാണ് നാണു. തെരഞ്ഞെടുപ്പിനു മുമ്പേ പ്രസിഡന്റ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതെന്തിന് എന്ന് ചില പാരമ്പര്യവാദികള്‍ ചോദിക്കുന്നു.വഴക്കമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തെരഞ്ഞെടുപ്പ് ഒരു ആയുര്‍വേദ ചികിത്സയല്ല.

എല്ലാം ആചാരമനുസരിച്ച് തന്നെ വേണംത്രെ. പരിഷ്ക്കാരങ്ങള്‍ക്ക് എതിര്.

ഇതിനെ ഇലക്ടറല്‍ ഡോഗ്മാറ്റിസം എന്ന് വിളിച്ചാലോ എന്ന് നാണുവും സംഘവും ശങ്കിച്ചതാണ്.

ഭാഷയ്ക്ക് ഇപ്പോള്‍ തന്നെ ആവശ്യത്തിലേറെ സംഭാവന ചെയ്തുകഴിഞ്ഞു. ഇനി വയ്യ. മറ്റുള്ളവര്‍ക്കുമാവാല്ലൊ.

എല്ലാം ഞാന്‍ തന്നെ വേണംന്ന് എന്താ ഇത്ര നിര്‍ബന്ധം!

നേരത്തെ പ്രസിഡന്റിനെ പ്രഖ്യാപിച്ചാല്‍ പിന്നെയുമുണ്ട് മെച്ചം.

ഓപ്പണ്‍ ഡോര്‍ പോളിസി.

തുറന്ന പുസ്തകം എന്നാണ് പരിഭാഷ.

ഒളിക്കാന്‍ ഒന്നുമില്ല.

ഒതുക്കാനുള്ളവരെ ഒതുക്കിയാല്‍ പിന്നെ ഒളിക്കാനെന്തിരിക്കുന്നു.

ട്രാന്‍സ്പരന്‍സി.

സ്ഫടികം.

കപ്പലില്‍ മറ്റു കളളന്മാരില്ല.

മറ്റു കള്ളന്മാരെ മുന്‍കൂട്ടി ഒതുക്കി. പരാജയഭീതി മണത്ത ചിലര്‍ ഉള്ളതുകൊണ്ട് ഓണംപോലെ കഴിയാനും തീരുമാനിച്ചതോടെ സമ്പൂര്‍ണ സുതാര്യത കൈവരിച്ചു.

രാഷ്ട്രവ്യവഹാരത്തില്‍ ഇതിനെ ദൂരക്കാഴ്ച എന്നും പറയും. രാജകാലത്ത് ജന്മദിനാഘോഷ പന്തലിന്റെ തൂണ് തകര്‍ത്തും പാലില്‍ വിഷം ചേര്‍ത്തുമായിരുന്നു ദൂരക്കാഴ്ച നടപ്പിലാക്കിയത്. അതിന് പിതാവ്, പുത്രന്‍ എന്നീ ഈഷല്‍ ഭേദങ്ങളില്ല. അനന്തരാവകാശിയെ തീരുമാനിച്ച ചില ശീലങ്ങളായിരുന്നു ഇത്.തന്തയെ ലോക്കപ്പിലാക്കിയും കാര്യം സാധിച്ചവരുണ്ട്. കാലുപിടിച്ചപ്പോള്‍ കഞ്ഞികൊടുത്ത് പിതൃഭക്തി കാണിച്ച യുവരാജാക്കന്മാരുമുണ്ടായിരുന്നു.

മാര്‍ഗമല്ലല്ലോ ലക്ഷ്യമല്ലേ കേമം.

ജനാധിപത്യത്തില്‍ ഇമ്മാതിരി മായംചേര്‍ക്കല്‍ വിദ്യകളില്ല. എതിരാളി മരത്തില്‍ കാണുമ്പോള്‍ നാം മാനത്ത് കാണണം. ആടിനെ അള്‍സേഷനാക്കണം. പിന്നെ അതിനെത്തന്നെ കൊന്ന് മട്ടണ്‍ ചാപ്സാക്കണം. മറ്റുള്ളവര്‍ക്ക് വേണ്ടി അനുഷ്ഠിക്കുന്ന ത്യാഗമാണ് ഈ ഡിന്നര്‍ എന്ന് വരുത്തുകയും വേണം.

അതിന് പ്രത്യേകം ചുമതലപ്പെടുത്തിയ അമാത്യന്മാര്‍ വേണം.

നിസ്സാരപണിയല്ല.

അതുതന്നെയാണ് നാണു ചെയ്തതും.

എത്ര റിഹേഴ്സല്‍ നടത്തിയിട്ടാണ് രംഗത്ത് വരിക. അഭിനയം ഒന്ന് പാളിയാല്‍ മതി.

തീര്‍ന്നു.

അഭിനയിക്കല്‍ എളുപ്പമാണ്. അഭിനയിച്ച് ജീവിക്കല്‍ പോലെയല്ല ജീവിച്ച് അഭിനയിക്കല്‍. ഇത്തിരി ബുദ്ധിമുട്ടുണ്ട്.

നാണു രണ്ടാമത്തെ വഴി തെരഞ്ഞെടുത്തു.

തനിക്ക് വേണ്ടിയല്ല, രാജ്യത്തിന് വേണ്ടി. അന്തപ്പുരത്തില്‍ ഓരോരുത്തരെയായി കാണാതായി.

സൃഗാലതന്ത്രം.

കോഴിക്കൂട്ടില്‍ കയറിയാല്‍ കുറുക്കന്‍ കൂട്ടത്തോടെ കൊണ്ടുപോവാറില്ല.

ഓരോന്നിനെ. ആര്‍ത്തിയില്ല.

പനയാണ് ലക്ഷ്യമെങ്കില്‍ പതുക്കെ തിന്നണം.

എല്ലാവര്‍ക്കും അവസരം തരാം എന്ന മട്ട്.

അപ്പോള്‍ ഒരു കോഴിക്കഥ ഓര്‍മ വന്നു നാണുവിന്.ഒ വി വിജയനും കേട്ടിട്ടുണ്ട് ഈ കഥ.

കോഴിക്കൂട്ടിലേക്ക് എന്നും രാവിലെ ഒരു കൈ നീണ്ടുവരുന്നത് ഒരു കോഴി ശ്രദ്ധിച്ചു. ആ കൈയില്‍ നെന്മണികളാണ്. അത് കൂട്ടില്‍ വീഴും. കോഴികള്‍ കൊത്തിത്തിന്നും. എല്ലാ ദിവസവും ഇത് ആവര്‍ത്തിച്ചു.

തൊണ്ണൂറ്റിയൊമ്പത് ദിവസമായപ്പോള്‍ കോഴി ഒരു തിയറി പഠിച്ചു.

എന്നും രാവിലെ കൈ വരും. അതില്‍ നെന്മണികളാണ്.

നൂറാമത്തെ ദിവസം കൂട് തുറന്നപ്പോള്‍ ആഹ്ലാദത്തോടെ കോഴി കഴുത്ത് നീട്ടി.

എന്താണെന്ന് മനസ്സിലാവുന്നതിന് മുമ്പേ കോഴിയുടെ കഴുത്ത് ആ കൈകളില്‍ ഞെരിഞ്ഞു. രാത്രി അത്താഴമേശയില്‍ കൊതിയൂറുന്ന വിഭവമായി ആ കോഴി മരിച്ചുകിടന്നു. ഈ കോഴിക്കഥയുടെ ഗുണപാഠം ആലോചിച്ച് നാണു വീണ്ടും വീണ്ടും ചിരിച്ചു.

കഴിഞ്ഞ ആറു തെരഞ്ഞെടുപ്പില്‍ പറയാതിരുന്ന വിവാഹകാര്യം ഇപ്പോള്‍ പറഞ്ഞതെന്തിന് എന്ന ചോദ്യം സ്വാഭാവികമായി ഉയര്‍ന്നു.

ആ ചോദ്യത്തെ നാണു സ്വന്തം കുന്തക്കാരെ വച്ചാണ് നേരിട്ടത്.

വിവാഹമല്ല വികസനമാണ് പ്രധാനം. അകത്താള്‍ണ്ട് എന്ന് പറഞ്ഞ് കണ്ണീരോടെ മടങ്ങിപ്പോന്ന എത്ര റാന്തല്‍വിളക്കുകളുടെ കഥ പറയാനുണ്ട് കേരളത്തിന്- കുന്തക്കാര്‍ പുരാവൃത്തങ്ങളില്‍നിന്ന് പ്രതിരോധം തീര്‍ത്തു.

ഒരിക്കല്‍ വിവാഹമായിരുന്നു കേരളത്തിലെ പ്രധാനകൃഷി. കലപ്പയും കെട്ടി കാളക്കൂറ്റന്മാരായ സൂര്യനമ്പൂരിപ്പാടന്മാര്‍ നിലമുഴാന്‍ പരുവത്തില്‍ തയ്യാറായി നിന്ന കാലം.

എന്നിട്ടും നിത്യബ്രഹ്മചാരികളായി തുടരുകയുംചെയ്തു.

ഇടയ്ക്ക് വികസനം തരായോ എന്ന് ശങ്കിച്ച് വഴിമാറിപ്പോവേം ചെയ്യും.

അന്നൊരു പത്രിക പൂരിപ്പിക്കണമെങ്കില്‍ എന്താ ബുദ്ധിമുട്ട്!

പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥിയായ നാണു ഒടുവില്‍ ആ സത്യം തുറന്നു പറയുകതന്നെ ചെയ്തു.

സത്യം പറയാന്‍ ഇത്ര വൈകിയതെന്ത് എന്ന ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന്റെ ചെവിട്ടില്‍ നാണുവിന്റെ കാര്യസ്ഥന്‍ പറഞ്ഞു-

"വൈകിട്ട് ഹോട്ടല്‍ ഇന്ദ്രപ്രസ്ഥത്തില്‍ ഡിന്നറുണ്ട്. കാണണം ന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്."

"ഉവ്വോ?"

"ഉവ്വ്."

സ്വയംവരം കഴിഞ്ഞ് നളന്‍ എങ്ങോട്ടാണ് പോയത്. അന്ന് പത്രിക പൂരിപ്പിക്കേണ്ടി വന്നാല്‍ നളന്‍ എന്തെഴുതുമായിരുന്നു? നളന്റെ പൂര്‍ണകായപ്രതിമയും സ്വപ്നംകണ്ട് മണിയറയില്‍ കുത്തിയിരുന്ന ദമയന്തിക്ക് പിന്നെ നളചരിതം ആട്ടക്കഥ കണ്ട് തൃപ്തയാകേണ്ടി വന്നില്ലേ? മിസ്റ്റര്‍ ഇന്ത്യ പോലെയുള്ള അഞ്ചു പേരുണ്ടായിരുന്നെന്ന് പറഞ്ഞിട്ടെന്താ കാര്യം? അജ്ഞാതവാസക്കാലത്ത് പാഞ്ചാലിയാണ് ഭാര്യ എന്നു പറയാന്‍ ഇവര്‍ക്കാര്‍ക്കെങ്കിലും കഴിഞ്ഞോ? അന്ന് പഞ്ചപാണ്ഡവരില്‍ ആരെങ്കിലും പഞ്ചായത്തിലേക്ക് മത്സരിച്ചാല്‍ വിവാഹിതരാണോ എന്ന ചോദ്യത്തിന് എന്ത് ഉത്തരം എഴുതും?

അപ്പോള്‍ നാണു ചെയ്തത് തെറ്റല്ല.

പറയേണ്ട സമയമാവുമ്പോള്‍ പറയും. കാലമാണ് വാക്കുകള്‍ക്ക് അര്‍ഥം കൊടുക്കുന്നത്.

ഇതാ നാണുവിന്റെ കാലമായി, അതുകൊണ്ട് പറയുന്നു. ആറുപ്രാവശ്യം മൂടിവച്ചു എന്നതുകൊണ്ട് ഏഴാം തവണ തുറക്കാന്‍ പാടില്ല എന്ന് പറയരുത്.

എന്തിനും ഒരു സമയമുണ്ട്.

നാണു കണ്ണിറുക്കി ചിരിച്ചു.

അധികാരത്തിന്റെ താലിച്ചരടുകള്‍ തന്റെ കൈയിലിരിക്കുന്നതായി സ്വപ്നവും കണ്ടു.

*
എം എം പൗലോസ്

Tuesday, April 29, 2014

അടിച്ചമര്‍ത്തിയോ " ശാക്തീകരണം"

സ്ത്രീ ശാക്തീകരണത്തെക്കുറിച്ചാണ് നരേന്ദ്രമോഡി പറയുന്നത്. ഗുജറാത്തിലെ സ്ത്രീകളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് തിരിച്ചടിക്കുന്നു. പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ത്രീകളുടെ പിന്തുണ ആര്‍ജിക്കാനുള്ള ശ്രമം ഇരുകൂട്ടരും തുടക്കംമുതല്‍ നടത്തുകയാണ്. രാജ്യത്തെ സ്ത്രീകള്‍ ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് കോണ്‍ഗ്രസിനും ബിജെപിക്കും തുല്യഉത്തരവാദിത്തമുണ്ട്. സ്ത്രീകള്‍ ചെയ്യുന്ന ജോലികള്‍ കൂടുതല്‍ അദൃശ്യവും വില കുറയ്ക്കപ്പെട്ടതുമായി മാറുന്നു. വീട്ടുജോലിക്കാര്‍, വീട്ടിലിരുന്ന് പണിയെടുക്കുന്നവര്‍, കരാര്‍ തൊഴിലാളികള്‍ എന്നീ നിലകളില്‍ അംസഘടിത മേഖലയിലേക്ക് സ്ത്രീകള്‍ തള്ളി നീക്കപ്പെടുന്നു. കുറഞ്ഞകൂലി, നിയമസംരക്ഷണമില്ലായ്മ, കടുത്ത ചൂഷണം എന്നിവയാണ് ഈ മേഖലയുടെ സവിശേഷത. ചില്ലറ വ്യാപാര മേഖലയിലേക്ക് എഫ്ഡിഐയുടെ കടന്നുവരവ് സ്വയം തൊഴില്‍ചെയ്തിരുന്ന ലക്ഷക്കണക്കിന് സ്ത്രീകളുടെ ഉപജീവന മാര്‍ഗത്തിന് ഭീഷണിയായി. ദരിദ്രസ്ത്രീകള്‍ സുരക്ഷിതമല്ലാത്തതും ചൂഷണാധിഷ്ഠിതവുമായ പ്രവാസത്തിന്റെ വഴി തെരഞ്ഞെടുക്കേണ്ടിവരുന്നു; മനുഷ്യക്കടത്തിനിരയാകാന്‍ നിര്‍ബന്ധിതരാകുന്നു.

2004-05നും 2009-10 നും ഇടയ്ക്ക് രണ്ടു കോടിയിലധികം സ്ത്രീകള്‍ തൊഴില്‍രംഗത്തുനിന്ന് പുറന്തള്ളപ്പെട്ടു. സര്‍ക്കാര്‍തന്നെയാണ് ഞെട്ടിപ്പിക്കുന്ന ഈ വസ്തുത വെളിപ്പെടുത്തിയത്. കാര്‍ഷിക പ്രതിസന്ധി ഗ്രാമീണമേഖലയില്‍ കടുത്ത ബുദ്ധിമുട്ട് സൃഷ്ടിച്ചു. കര്‍ഷക ആത്മഹത്യകളുടെ നിരക്ക് വര്‍ധിച്ചു. എന്‍സിആര്‍ബി ഡാറ്റ പ്രകാരം മൊത്തം 2,70,940 ഇന്ത്യന്‍ കര്‍ഷകരാണ് 2001നും 2011നും ഇടയ്ക്ക് ആത്മഹത്യചെയ്തത്. പ്രതിവര്‍ഷ ശരാശരി 16,743; പ്രതിദിനം 46. കുടുംബത്തിലെ മുഖ്യവരുമാന സ്രോതസ്സായിരുന്നയാള്‍ നഷ്ടപ്പെട്ടത് കുടുംബങ്ങളുടെ ദുരിതം വര്‍ധിപ്പിച്ചതും വിധവകളുടെമേല്‍ സര്‍വബാധ്യതകളും പതിച്ചതും നവലിബറല്‍ നയങ്ങളുടെ ദുരന്ത യാഥാര്‍ഥ്യമാണ്. അതിനും പുറമെ, സ്ത്രീകള്‍, കര്‍ഷകരെന്ന നിലയില്‍ അംഗീകരിക്കപ്പെടുന്നതുമില്ല; കൃഷിക്കാരായി രജിസ്റ്റര്‍ചെയ്യപ്പെട്ടിട്ടുമില്ല. അവര്‍ വായ്പാക്ഷമതാ നിലവാരത്തിന് പുറത്താക്കപ്പെടുന്നു; കടം എഴുതിത്തള്ളല്‍ പദ്ധതികളില്‍നിന്ന് ഒഴിവാക്കപ്പെടുന്നു. സ്ത്രീകള്‍ക്കായി പ്രത്യേക നടപടികള്‍ ഉള്‍പ്പെടുത്തപ്പെട്ട സ്വാമിനാഥന്‍ കമീഷന്‍ ശുപാര്‍ശകള്‍ അവഗണിക്കപ്പെട്ടു.

ഗ്രാമീണ തൊഴിലില്ലായ്മയും ദുരിതങ്ങളും പരിഹരിക്കുന്നതിനുള്ള സുപ്രധാന ഉപകരണമെന്ന നിലയില്‍ 2007-08ല്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അംഗീകരിക്കാന്‍ സിപിഐ എം സമ്മര്‍ദം ചെലുത്തിയിരുന്നു. 2006-07 ലെ 41 ശതമാനത്തില്‍നിന്ന് 2012-13 ആയപ്പോള്‍ എംഎന്‍ആര്‍ഇജിഎയിലെ സ്ത്രീ പങ്കാളിത്തം 52 ശതമാനമായി ഉയര്‍ന്നത് ദരിദ്രരായ സ്ത്രീകളില്‍നിന്നുള്ള സൃഷ്ടിപരമായ പ്രതികരണമായാണ് കരുതേണ്ടത്. പൊതുവില്‍ സ്ത്രീകള്‍ ഉയര്‍ന്ന ഉല്‍പ്പാദനക്ഷമതാ നിലവാരം പ്രകടമാക്കുമ്പോഴും അവര്‍ക്ക് മിനിമം കൂലി നിഷേധിക്കുന്നു. നിയമപ്രകാരം 100 ദിവസം തൊഴില്‍ ഉറപ്പ് നല്‍കിയിട്ടും പ്രതിവര്‍ഷം 45 ദിവസത്തോളംമാത്രമേ ലഭ്യമായിട്ടുള്ളൂ. ഇപ്പോള്‍ എന്‍ആര്‍ഇജിഎയ്ക്കുള്ള ഫണ്ട് വെട്ടിക്കുറച്ചു.

അങ്കണവാടി വര്‍ക്കര്‍മാര്‍, ഹെല്‍പ്പര്‍മാര്‍, ആശമാര്‍, ഉച്ചഭക്ഷണ പാചകത്തൊഴിലാളികള്‍ എന്നിങ്ങനെ സര്‍ക്കാരിന്റെ ഫ്ളാഗ്ഷിപ്പ് പരിപാടികളില്‍ പണിയെടുക്കുന്ന ലക്ഷക്കണക്കിന് സ്ത്രീത്തൊഴിലാളികള്‍ക്ക് മിനിമം കൂലി ലഭിക്കുക എന്ന അവകാശംപോലും നിഷേധിക്കുന്നു. തൊഴിലാളികള്‍ എന്ന നിലയില്‍ അവരെ അംഗീകരിക്കുകയും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയും വേണം.

അഞ്ച് സ്ത്രീകളില്‍ മൂന്നുപേര്‍ക്കും വിളര്‍ച്ചരോഗം, മൂന്നുവയസ്സില്‍ താഴെയുള്ള ഓരോ രണ്ടാമത്തെ കുട്ടിക്കും തൂക്കക്കുറവ്, ഓരോ മൂന്നാമത്തെ കുട്ടിക്കും മുരടിപ്പ്, ഓരോ അഞ്ചാമത്തെ കുട്ടിക്കും ബലഹീനത- ഇങ്ങനെയുള്ള രാജ്യത്ത് 2013-14 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ എല്ലാ പ്രധാനപദ്ധതികള്‍ക്കും ക്ഷേമപദ്ധതികള്‍ക്കുമുള്ള വിഹിതത്തില്‍ 32000 കോടി രൂപയുടെ കുറവാണ് വരുത്തിയത്. സര്‍ക്കാര്‍സഹായത്തോടെ കോര്‍പറേറ്റുകള്‍ നടത്തുന്ന പ്രകൃതിവിഭവങ്ങളുടെ കൊള്ളമൂലം ഏറ്റവുമേറെ ദുരിതമനുഭവിക്കേണ്ടിവരുന്നത് സ്ത്രീകളാണ്. കന്നുകാലിത്തീറ്റ, വിറക്, വെള്ളം, ചെറുകിട വനോല്‍പ്പന്നങ്ങള്‍ മുതലായവ ശേഖരിക്കേണ്ടതിന്റെ പ്രാഥമിക ഉത്തരവാദിത്തം അവരുടെമേലാണ്. പ്രകൃതിവിഭവങ്ങള്‍ വന്‍തോതില്‍ കൈയേറുകയും ഏറ്റെടുക്കുകയും ചെയ്യുന്നതിനാലും വന്‍കിട പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നതിനാല്‍ വാസസ്ഥലം വിട്ട് പോകേണ്ടിവരുന്നതിനാലും ഈ വിഭവങ്ങള്‍ അനഭിഗമ്യമാവുകയും കൂടുതല്‍ ചെലവേറിയതായിത്തീരുകയും ചെയ്യുന്നു. അതേസമയംതന്നെ, സാമൂഹ്യമേഖലാ ചെലവുകളില്‍ വരുത്തുന്ന വെട്ടിക്കുറവിന്റെ ഭാഗമായി സ്ത്രീകളുടെ ഗാര്‍ഹികജോലിയുടെ ഉത്തരവാദിത്തവും പരിചരണച്ചെലവുകളും വര്‍ധിക്കുന്നു.

യുപിഎ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഗൗരവതരമായ വീഴ്ചകള്‍ വ്യാപകമായ എതിര്‍പ്പാണുണ്ടാക്കിയത്. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന് എതിരായ വലതുപക്ഷ വര്‍ഗീയവാദ ശക്തികളെ പ്രതിനിധാനംചെയ്യുന്നതും കോര്‍പറേറ്റുകളാല്‍ പിന്തുണയ്ക്കപ്പെടുന്നതുമായ ബിജെപിയാണ് ഇത് ഉപയോഗപ്പെടുത്തുക. ആര്‍എസ്എസും ഹിന്ദുത്വശക്തികളും പ്രതിനിധാനംചെയ്യുന്ന വര്‍ഗീയശക്തികള്‍ സ്ത്രീകളെ പുരുഷന്റെ അനുബന്ധം മാത്രമായാണ് കാണുന്നത്. അവര്‍ പിന്തിരിപ്പന്‍ ആശയങ്ങളെയും ആചാരങ്ങളെയും പാരമ്പര്യത്തിന്റെ പേരില്‍ പ്രോത്സാഹിപ്പിക്കുന്നത് തുടരുകയാണ്. ഇന്ത്യന്‍ ഭരണഘടനയില്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന സ്ത്രീകളുടെ സ്വതന്ത്ര പൗരത്വ പദവിക്കെതിരായ വലിയ വെല്ലുവിളിയാണ് ഈ ശക്തികള്‍ ഉയര്‍ത്തുന്നത്. കോണ്‍ഗ്രസായാലും ബിജെപിയായാലും സ്ത്രീകള്‍ക്കുവേണ്ടി ശബ്ദിക്കുന്നതില്‍ പരിപൂര്‍ണ കാപട്യമാണ് എന്ന് തെളിയിക്കുന്ന വസ്തുതകളാണിവയെല്ലാം.
*
deshabhimani editorial

അടിച്ചും പൊളിച്ചും കോണ്‍ഗ്രസ്-ലീഗ് ബാന്ധവം

മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസും ലീഗും തമ്മിലുള്ള തമ്മില്‍ത്തല്ലിന് കൊഴുപ്പ് കൂടുകയാണ്. പല പഞ്ചായത്തുകളിലും ഇതിനകം യുഡിഎഫ് സംവിധാനം തകര്‍ന്നു. വിവാദങ്ങളും വീരവാദങ്ങളും കണ്ടുംകേട്ടും ജനം മടുത്തു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തൊട്ടു മുമ്പ് കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് ഇ ടി മുഹമ്മദ് ബഷീര്‍ വര്‍ഗീയവാദിയാണെന്ന് തുറന്നുപറഞ്ഞതും, മുസ്ലിം ലീഗ് അതേ ബഷീറിനെതന്നെ സ്ഥാനാര്‍ഥിയായി രംഗത്തിറക്കിയതുമാണ് കോണ്‍ഗ്രസിന് വെല്ലുവിളിയായത്.

കടുത്ത വര്‍ഗീയവാദിയായി മുദ്രകുത്തിയ ഇ ടി മുഹമ്മദ് ബഷീര്‍ ജയിച്ചാല്‍ ലീഗിന്റെ മുമ്പില്‍ തങ്ങള്‍ ഏത്തമിടേണ്ടി വരുമെന്നു മാത്രമല്ല, മലപ്പുറത്ത് തങ്ങളെ ലീഗുകാര്‍ പിടിച്ച് ഖബറടക്കുമോ എന്ന ഭയംകൂടി കോണ്‍ഗ്രസുകാരെ വേട്ടയാടുന്നു. സ്വാതന്ത്ര്യ സമരകാലത്തെ കോണ്‍ഗ്രസ്- മുസ്ലിംലീഗ് വടംവലിയാണ് ഇന്ത്യയെ രണ്ടാക്കിയത്. ഭൂരിപക്ഷ ജനാധിപത്യം മുസ്ലിം ന്യൂനപക്ഷത്തിന്റെ മേല്‍ കോണ്‍ഗ്രസ് അടിച്ചേല്‍പ്പിക്കുന്നുവെന്ന് ആരോപിച്ചാണ് ലീഗ് പാകിസ്ഥാന്‍ വാദം മുന്നോട്ടുവച്ചത്. മൗലാനാ ആസാദ്, അബ്ദുറഹ്മാന്‍ സാഹിബ് തുടങ്ങിവരുടെ നേതൃത്വത്തിലുള്ള മുസ്ലിങ്ങളാവട്ടെ വിഭജനത്തെ ശക്തിയുക്തം എതിര്‍ത്തു.

ഇന്ത്യ വിഭജിച്ചപ്പോള്‍ ലീഗ് നേതാക്കള്‍ അധികാരത്തിനുള്ള ആക്രാന്തംകൊണ്ട് പാകിസ്ഥാനിലേക്ക് പോയി. പാര്‍ടി ഇന്ത്യന്‍ മുസ്ലിങ്ങളെ വഞ്ചിച്ചുവെന്ന് ബോധ്യപ്പെട്ടതോടെ ലീഗുകാരായ മുസ്ലിങ്ങള്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറി. പക്ഷേ, കോണ്‍ഗ്രസ് അവരെ മാന്യമായി സ്വീകരിച്ചില്ല. വിഭജനത്തിന്റെ തിക്തഫലം അനുഭവിച്ച ഉത്തരേന്ത്യന്‍ മുസ്ലിങ്ങള്‍ മുസ്ലിം ലീഗിനെ തങ്ങളുടെ മുഖ്യശത്രുവായിതന്നെ കണ്ടു. എന്നാല്‍, മലബാറടങ്ങുന്ന പഴയ മദിരാശി സംസ്ഥാനത്ത് അവിഭക്ത ലീഗ് നേതാവായിരുന്ന ഇസ്മായില്‍ സാഹിബിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സ്ഥാപിതമായി. കോണ്‍ഗ്രസില്‍നിന്ന് മുസ്ലിങ്ങള്‍ക്കുണ്ടായ അവഗണനയാണ് മുസ്ലിം ലീഗ് പുനര്‍ജനിക്കാനുള്ള കാരണമായി പറയുന്നത്. മുസ്ലിങ്ങളെ സംശയദൃഷ്ടിയോടെ വീക്ഷിക്കുകയും രാജ്യദ്രോഹികളായി മുദ്രകുത്തുകയുംചെയ്യുന്ന പതിവ് കോണ്‍ഗ്രസിലെ ചിലരൊക്കെ അനുവര്‍ത്തിച്ചുവെന്നതും ശരിയാണ്.

ഒരു ഫക്കീറായി ജീവിച്ച ഇസ്മായില്‍ സാഹിബ് അവഗണിക്കപ്പെട്ട മുസ്ലിങ്ങള്‍ക്കുവേണ്ടി പാര്‍ലമെന്റിലും പുറത്തും ശബ്ദമുയര്‍ത്തിയപ്പോള്‍ മുസ്ലിങ്ങളില്‍ വലിയൊരു വിഭാഗം അദ്ദേഹത്തിനു പിന്നില്‍ അണിനിരന്നു. മലബാറിലാണ് മുസ്ലിം ലീഗ് നന്നായി വേരുപിടിച്ചത്. കോണ്‍സ്രുകാരനായ സീതി സാഹിബ്, ബാഫഖി തങ്ങള്‍ തുടങ്ങിയവര്‍ ലീഗിന്റെ തലപ്പത്തെത്തിയതോടെ കോണ്‍ഗ്രസിന്റെ മുസ്ലിം സ്വാധീനം കുറയാന്‍ തുടങ്ങി. അങ്ങനെ തുടങ്ങിയതാണ് മുസ്ലിം ലീഗും കോണ്‍ഗ്രസിലെ ദേശീയ മുസ്ലിങ്ങളും തമ്മിലുള്ള കണ്ടുകൂടായ്മ. നെഹ്റു പ്രധാനമന്ത്രിയായി കേരളത്തില്‍ വന്നപ്പോഴാണ് മുസ്ലിം ലീഗിനെ ചത്ത കുതിര എന്ന് വിളിച്ചത്. ഉടനെ വന്നു സി എച്ച് മുഹമ്മദ് കോയയുടെ മറുപടി: അല്ല, ലീഗ് ജീവിക്കുന്ന സിംഹമാണെന്ന്. അന്ന് നെഹ്റുവാണ് തോറ്റത്. തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍തന്നെ കമ്യൂണിസ്റ്റ് പാര്‍ടിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് ലീഗുമായി കൂടേണ്ടി വന്നു.

ഇ എം എസിന്റെ സപ്തകക്ഷി മുന്നണിയാണ് മലപ്പുറം ജില്ല രൂപീകരിച്ചത്. മുസ്ലിം ലീഗും മുന്നണിയിലെ ഘടകകക്ഷിയായിരുന്നു. അന്ന് മലപ്പുറം ജില്ലയ്ക്കെതിരെ കോണ്‍ഗ്രസും ജനസംഘവും രംഗത്തെത്തിയത് ജില്ലയില്‍ കോണ്‍ഗ്രസ് വീണ്ടും ദുര്‍ബലപ്പെടാന്‍ കാരണമായി. ഇതേചൊല്ലി രണ്ട് പാര്‍ടികളും തമ്മില്‍ത്തല്ലിക്കൊണ്ടിരിക്കെയാണ് സിപിഐ എമ്മിനെ തള്ളി ലീഗ് വീണ്ടും കോണ്‍ഗ്രസ് വേദിയിലെത്തുന്നത്. പഴയ കോണ്‍ഗ്രസുകാരൊക്കെ ഈ കൂട്ടുകെട്ടിനെ വിമര്‍ശിച്ചെങ്കിലും കേരളത്തിലെ കെപിസിസി നേതാക്കള്‍ ലീഗിനെ തലോടിക്കൊണ്ടിരുന്നു. മുസ്ലിം ലീഗ് മലബാറിലെ മറ്റു ജില്ലകളില്‍ ക്ഷയിക്കുകയും മലപ്പുറത്ത് പിടിമുറുക്കുകയും ചെയ്തപ്പോള്‍ മലപ്പുറത്തെ കോണ്‍ഗ്രസിന്റെ അടിത്തറതന്നെ ഇളകി.
 
കോണ്‍ഗ്രസ് മുന്നണിക്ക് ഭരണം കിട്ടുമ്പോഴൊക്കെ മലപ്പുറത്തെ ഭരണം ലീഗുകാര്‍ ഒറ്റയ്ക്കാണ് നടത്തിയത്. ഇടതു മുന്നണി ഭരിക്കുമ്പോഴുണ്ടാവുന്ന സ്വാതന്ത്ര്യംപോലും അപ്പോള്‍ കോണ്‍ഗ്രസിന് കിട്ടുമായിരുന്നില്ല. കോണ്‍ഗ്രസ്- ലീഗ് വഴക്കുകളിലൊക്കെ പൊലീസ് ലീഗ് പക്ഷത്തായിരുന്നു. ലീഗിനോട് ചോദിക്കാതെ ഒരു കാര്യവും നടത്താന്‍ കോണ്‍ഗ്രസുകാര്‍ക്ക് കഴിയാതായി. നിയമനങ്ങള്‍പോലും കോണ്‍ഗ്രസുകാര്‍ക്ക് നിഷേധിക്കപ്പെട്ടു. ഈ വടംവലികള്‍ക്കിടയില്‍ ജില്ലയാവട്ടെ പിന്നോക്കമായി തുടര്‍ന്നു. കാര്യമായ ഒരു വികസനവും ജില്ലയിലേക്കെത്തിയില്ല. ലീഗിന് ജില്ലയില്‍നിന്ന് പലപല മന്ത്രിമാര്‍ വന്നെങ്കിലും വികസനം മരീചികയായി തുടര്‍ന്നു. ഭരണതലങ്ങളില്‍ മലപ്പുറം ജില്ലയുടെ വികസനത്തിനാവശ്യമായ ഒരു നടപടിയും ഉണ്ടായില്ലെന്നു മാത്രമല്ല, മലപ്പുറത്തിന് ഒന്നും കിട്ടാതിരിക്കാന്‍ ഒരു വിഭാഗം കോണ്‍ഗ്രസ് ലോബി കരുക്കള്‍ നീക്കുകയുംചെയ്തു.

ഇടതുപക്ഷം ലീഗിനെ തിരസ്കരിച്ചപ്പോഴാണ് ആര്യാടന്‍ മുഹമ്മദ് ലീഗിന്റെ മേല്‍ ഒന്നുകൂടി പിടിമുറുക്കിയത്. അതേസമയം ലീഗില്ലാതെ ഭരണത്തിലേറുക കോണ്‍ഗ്രസിന് പ്രയാസവുമായിരുന്നു. അതിനാല്‍ ആര്യാടന്‍ വിമര്‍ശനം തുടരുമ്പാഴും ഒരു അഡ്ജസ്റ്റ്മെന്റ് എന്ന നിലയ്ക്ക് കെപിസിസി നേതൃത്വം ലീഗിനെ തലോടിക്കൊണ്ടിരുന്നു. പിന്നോക്ക വിഭാഗങ്ങളുടെ സ്ഥിതിവിവരക്കണക്കെടുക്കാന്‍ നായനാര്‍ സര്‍ക്കാര്‍ നിയോഗിച്ച നരേന്ദ്രന്‍ കമീഷന്‍ അതിന്റെ റിപ്പോര്‍ട്ട് യുഡിഎഫ് ഭരണകാലത്താണ് സമര്‍പ്പിച്ചത്.

മുസ്ലിം ന്യൂനപക്ഷത്തിന്റെ സംവരണ സീറ്റുകള്‍ അട്ടിമറിക്കപ്പെട്ടതായി കണ്ടതിനെത്തുടര്‍ന്ന് അത് പരിഹരിക്കാന്‍ ലീഗിലെ ഒരു വിഭാഗം ആവശ്യപ്പെട്ടു. കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള നീക്കത്തിന്റെ ഭാഗവുംകൂടിയായിരുന്നു ഇത്. കോണ്‍ഗ്രസ് അനങ്ങാപ്പാറനയം സ്വീകരിച്ചപ്പോള്‍ യൂത്ത് ലീഗടക്കം പ്രക്ഷോഭം നടത്തി. ഇവര്‍ക്ക് ഇ ടി ബഷീറിന്റെ പിന്തുണയും കിട്ടി. സൂപ്പിയെ തള്ളി ഇ ടി മന്ത്രിസ്ഥാനത്തെത്തുന്നതുവരെ നരേന്ദ്രന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള ആവേശം നിലനിന്നു. റിപ്പോര്‍ട്ടിന്റെ കാര്യം കോണ്‍ഗ്രസ് ആര്യാടനെ ഏല്‍പ്പിച്ചതോടെ അത് ഉള്ളതും ചക്കിലൊട്ടി എന്ന പരുവത്തിലായി. 2006ലെ തെരഞ്ഞെടുപ്പില്‍ സമുദായം ലീഗിനെ കൈയൊഴിക്കാന്‍ അത് കാരണമായി. ലീഗ് യുഡിഎഫില്‍ ഏത് ആവശ്യം ഉന്നയിക്കുമ്പോഴും ആര്യാടന്റെ എതിര്‍പ്പുണ്ടാവും. അപ്പോഴൊക്കെ സമുദായത്തിന്റെ മേലുള്ള ലീഗിന്റെ അപ്രമാദിത്തത്തെ അദ്ദേഹം ചോദ്യംചെയ്യും. സിപിഐ എം വ്യാജ ആത്മീയതക്കെതിരെ രംഗത്തിറങ്ങിയപ്പോള്‍ ആദ്യം അത് പാണക്കാട്ടുനിന്ന് തുടങ്ങാന്‍ ആര്യാടന്‍ ആവശ്യപ്പെട്ടത് ലീഗ് കോണ്‍ഗ്രസ് ബന്ധം പൊട്ടുമെന്ന വക്കിലെത്തിച്ചെങ്കിലും അവസാനം സോണിയ ഗാന്ധിതന്നെ ഇടപെടേണ്ടി വന്നു.
 
ഇത് പോലെ ഇടത് സര്‍ക്കാര്‍ അലിഗഢ് സര്‍വകലാശാല കൊണ്ടുവന്നപ്പോള്‍ കോണ്‍ഗ്രസ് തീരെ താല്‍പ്പര്യം കാണിച്ചില്ല. പാണക്കാട്ടെ സ്ഥലത്തിനു വേണ്ടി ലീഗുകാര്‍ പിടിമുറുക്കിയപ്പോള്‍ ആര്യാടന്‍ മറ്റൊരു സ്ഥലം നിര്‍ദേശിച്ച് ലീഗിനെതിരായ നിലപാട് സ്വീകരിച്ചു. അലിഗഢിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന്റെ താല്‍പ്പര്യക്കുറവ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തും പ്രകടമായി. അലിഗഢ് മുസ്ലിം ലീഗിന് ഗുണംചെയ്യുമെന്നു ഭയമാണ് കോണ്‍ഗ്രസിന്റെ താല്‍പ്പര്യക്കുറവിന് കാരണം. ലീഗാവട്ടെ അലിഗഢ് തങ്ങളുടെ വകയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വിഫലശ്രമം നടത്തുകയുംചെയ്തു. ഇപ്പോഴത്തെ മന്ത്രിസഭയില്‍ ലീഗുയര്‍ത്തിയ അഞ്ചാംമന്ത്രി വിവാദമാണ് മലപ്പുറത്തെ കോണ്‍ഗ്രസ് ലീഗ് ബന്ധത്തെ വീണ്ടും ഉലച്ചത്. മലപ്പുറത്ത് രണ്ടു മന്ത്രിമാരെ കൊണ്ടുവന്ന് കോണ്‍ഗ്രസ് ലീഗിനെ നിഷ്പ്രഭമാക്കാനുദ്ദേശിച്ചപ്പോഴാണ് പഞ്ചമന്ത്രി വാദവുമായി ലീഗ് രംഗത്തെത്തുന്നത്. ലീഗിന് ഒരുതരത്തിലും വഴങ്ങരുതെന്നാണ് കോണ്‍ഗ്രസും ആര്യാടനും തീരുമാനിച്ചത്. ലീഗ് ഭരണം വിട്ട് എങ്ങും പോവില്ലെന്നതുകൊണ്ട് എന്തിന് വഴങ്ങിക്കൊടുക്കണം എന്നായിരുന്നു കോണ്‍ഗ്രസിന്റെ ഉള്ളിലിരിപ്പ്. പക്ഷേ, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ലീഗിനെ പിണക്കാന്‍ തയ്യാറായില്ല. വകുപ്പുകളൊന്നും കൊടുക്കാതെ മന്ത്രിസ്ഥാനം കൊടുത്തു. രാജ്യസഭാ സീറ്റ് സ്വന്തമാക്കുകയുംചെയ്തു.

അതോടെ ലീഗിനെ ഒന്നുകൂടി മലപ്പുറത്തേക്കൊതുക്കി. അഞ്ചാംമന്ത്രികൊണ്ട് ആരുടെയൊക്കെയോ മോഹങ്ങള്‍ക്ക് ചിറകുവച്ചുവെന്നല്ലാതെ ലീഗിനെന്തു മെച്ചം എന്ന് ലീഗുകാര്‍തന്നെ ചോദിക്കാന്‍ തുടങ്ങി. വകുപ്പൊന്നും കൊടുത്തില്ല രാജ്യസഭാ സീറ്റ് അടിച്ചുമാറ്റുകയുംചെയ്തു എന്ന് പറഞ്ഞ് കോണ്‍ഗ്രസിനും സമാധാനിക്കാം. ഏറ്റവുമൊടുവില്‍ ആര്യാടന്‍ മുഹമ്മദിന്റെ രോഷം പുറത്തുവിട്ടത്് ഇ ടി മുഹമ്മദ് ബഷീറിനെ കടുത്ത തീവ്രവാദി എന്ന് വിളിച്ചാണ്. മുസ്ലിങ്ങളിലെ തീവ്രവാദികളുമായി ഇ ടി ചങ്ങാത്തം സ്ഥാപിക്കുന്നുവെന്ന് മുമ്പേ പലരും ആരോപണമെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പ് വന്നതുകൊണ്ടും പൊന്നാനിയില്‍ കോണ്‍ഗ്രസിന്റെ സഹായം കൂടിയേ തീരൂ എന്നതിനാലും ഇ ടിയോ ലീഗോ നേതൃതലത്തില്‍ കാര്യമായൊന്നും പ്രതികരിച്ചില്ല.

എന്നാല്‍, ഇടിയെ തീവ്രവാദിയെന്ന് വിളിച്ചത് ലീഗിന്റെ അണികള്‍ക്ക് സഹിക്കാന്‍ കഴിയുമോ? പാര്‍ടി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിനെതിരെ വ്യാപകമായ അക്രമങ്ങളഴിച്ചു വിട്ടു. പലേടത്തും ആര്യാടന്റെ തല പട്ടിയുടെ ഉടലിനോട് ചേര്‍ത്ത് പ്രദര്‍ശിപ്പിച്ചപ്പോള്‍ പാണക്കാട് തങ്ങളെയും തെരുവിലേക്ക് വലിച്ചിഴയ്ക്കുമെന്ന് ഭയന്ന് ലീഗ് നേതൃത്വം അണികളെ നിയന്ത്രിച്ചു. പക്ഷേ, കോണ്‍ഗ്രസുകാര്‍ക്ക് ലീഗിന്റെ ചെയ്തികള്‍ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ആരു ജയിച്ചാലും മലപ്പുറത്തെ കോണ്‍ഗ്രസ്- ലീഗ് തമ്മിലടി തുടരുകതന്നെ ചെയ്യുമെന്നര്‍ഥം.
*
ഹുസൈന്‍ രണ്ടത്താണി

Saturday, April 26, 2014

അധ്യാപകപാക്കേജിന്റെ ബാക്കിപത്രം

പൊതുവിദ്യാഭ്യാസവകുപ്പിലെ ഭരണപരമായ പ്രവര്‍ത്തനങ്ങളില്‍ സുപ്രധാനമാണ് വിദ്യാലയങ്ങളിലെ തസ്തികനിര്‍ണയം. 2011 മെയില്‍ അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ കൊട്ടിഘോഷിക്കപ്പെട്ട അധ്യാപകപാക്കേജിന്റെ പേരില്‍ ഓരോ കാരണംപറഞ്ഞ് വിദ്യാലയങ്ങളിലെ തസ്തികനിര്‍ണയം കഴിഞ്ഞ മൂന്നുവര്‍ഷമായി നടത്തിയിട്ടില്ല. കേരള വിദ്യാഭ്യാസചട്ടങ്ങളെ നോക്കുകുത്തിയാക്കി സര്‍ക്കാര്‍ ഉത്തരവുകളിറക്കി 2010-11 വര്‍ഷത്തെ തസ്തികനിര്‍ണയം 2011-12ലേക്കും പിന്നീട് 2012-13ലേക്കും ബാധകമാക്കി. തുടര്‍ന്ന് 2013-14ലെ തസ്തികനിര്‍ണയം നടത്താന്‍ 2013 നവംബര്‍ 29ന് വികലമായ ഒരു ഉത്തരവിറക്കിയെങ്കിലും അധ്യയനവര്‍ഷം അവസാനിച്ച് എസ്എസ്എല്‍സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടും 2013-14ലെ തസ്തികനിര്‍ണയം നടത്താന്‍ കഴിഞ്ഞിട്ടില്ല. ഇതെല്ലാം കൊട്ടിഘാഷിച്ച് വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങള്‍ക്കുള്ള ഒറ്റമൂലിയെന്നു പറഞ്ഞ് നടപ്പാക്കിയ അധ്യാപകപാക്കേജിന്റെ പേരിലാണെന്നുകൂടിയാകുമ്പോള്‍ ചിത്രം കുറെക്കൂടി വ്യക്തമാകുന്നു.

എന്തായിരുന്നു അധ്യാപകപാക്കേജ്. 2005 ആഗസ്ത് 17ന് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ 2006-07 മുതല്‍ അധിക ഡിവിഷന്‍ ഒഴിവുകളിലെ അധ്യാപകനിയമനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഈ ഉത്തരവ് അവഗണിച്ച് നിരവധി എയ്ഡഡ് സ്കൂള്‍ മാനേജര്‍മാര്‍ അധിക ഡിവിഷന്‍ ഒഴിവുകളില്‍ അധ്യാപകരെ നിയമിച്ചു. ഇപ്രകാരം നിയമിക്കപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നിയമനാഗീകാരം നല്‍കിയിരുന്നില്ല. ഇവര്‍ക്ക് നിയമനാംഗീകരം നല്‍കണമെന്ന നിരന്തരമായ അഭ്യര്‍ഥനകള്‍ പരിഗണിച്ച് 2010 ജനുവരി 10ന് എല്‍ഡിഎഫ് സര്‍ക്കാര്‍ അതുവരെ നിയമനം ലഭിച്ച അധ്യാപകരുടെ തത്തുല്യമായ എണ്ണം പ്രൊട്ടക്ടഡ് അധ്യാപകരെ 2010-11 മുതല്‍ അതേ സ്കൂളില്‍ ഉണ്ടാകുന്ന പുതിയ ഒഴിവുകളില്‍ നിയമിക്കാമെന്ന് സമ്മതിച്ചുള്ള സമ്മതപത്രം മാനേജര്‍മാര്‍ സമര്‍പ്പിച്ചാല്‍ അധിക ഡിവിഷന്‍ ഒഴിവുകളില്‍ നിയമിക്കപ്പെട്ടവരുടെ നിയമനം അംഗീകരിക്കാന്‍ ഉത്തരവായി. ഭാവിയില്‍ ഉണ്ടാകുന്ന ഒഴിവുകള്‍ 1:1 എന്ന ക്രമത്തില്‍ പ്രൊട്ടക്ടഡ് അധ്യാപകര്‍, പുതുതായി നിയമിക്കപ്പെടുന്ന അധ്യാപകര്‍ എന്ന മുറയ്ക്ക് നിയമനം നടത്തണമെന്നും നിഷ്കര്‍ഷിച്ചു. ഇതനുസരിച്ച് ധാരാളം പുതിയ നിയമനങ്ങള്‍ അംഗീകരിക്കുകയുണ്ടായി. എന്നാല്‍, മാനേജര്‍മാര്‍ സമ്മതപത്രം നല്‍കാതിരുന്ന സ്കൂളുകളില്‍ നിയമനം അംഗീകരിക്കപ്പെടാതെ അധ്യാപകര്‍ ശമ്പളം ലഭിക്കാതെ തുടരുകയുംചെയ്തു. ഇങ്ങനെ ശമ്പളം ലഭിക്കാതെ തുടര്‍ന്ന 3389 അധ്യാപകരുടെ നിയമനം 2011 ജൂണ്‍ ഒന്നുമുതല്‍ അംഗീകരിച്ച് ശമ്പളം നല്‍കുന്നതിനും 1997 മുതല്‍ 2010 വരെ കുട്ടികളുടെ കുറവുമൂലം പുറത്തായ അധ്യാപകരെ സംരക്ഷിക്കുന്നതിനും ഉദ്ദേശിച്ച് കൊണ്ടുവന്ന 2011 ഒക്ടോബര്‍ ഒന്നിലെ ഉത്തരവാണ് അധ്യാപകപാക്കേജായി പ്രഖ്യാപിക്കപ്പെട്ടത്.

2011 ഒക്ടോബര്‍ ഒന്നിലെ ഉത്തരവുപ്രകാരം തസ്തിക നിര്‍ണയിക്കുന്നതിനായി കേരള വിദ്യാഭ്യാസചട്ടങ്ങള്‍ അധ്യായം 23ല്‍ അനുശാസിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ 2011-12 മുതല്‍ നടപ്പാക്കേണ്ടെന്നും യുഐഡി/ ഇഐഡി നമ്പര്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും ലഭിച്ചശേഷംമാത്രം അതിന്റെ അടിസ്ഥാനത്തില്‍ തസ്തികനിര്‍ണയം നടത്തിയാല്‍ മതിയെന്നുമാണ് ഉത്തരവായത്. 2006 മുതല്‍ നിയമനാംഗീകാരം ലഭിക്കാതെ അധിക ഡിവിഷനുകളില്‍ തുടര്‍ന്ന അധ്യാപകരുടെ 2011 മെയ് 31 വരെയുള്ള ശമ്പളം തടഞ്ഞുവച്ച് 2011 ജൂണ്‍ ഒന്നുമുതല്‍ ശമ്പളം നല്‍കാനാണ് ഉത്തരവായത്. 2011 മെയ് 31 വരെയുള്ള ശമ്പളം പിന്നീട് പരിശോധിച്ച് നല്‍കുന്നതാണെന്നും വ്യക്തമാക്കി. സംരക്ഷിത അധ്യാപകരെ ഉള്‍പ്പെടുത്തി "അധ്യാപകബാങ്ക്" രൂപീകരിക്കുന്നതിനും തീരുമാനമായി. സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ നിയമനം ഇനിമേല്‍ പിഎസ്സി വഴിയായിരിക്കുമെന്നും ഉത്തരവായി. 2011-12 മുതലുള്ള അധിക ഡിവിഷനുകളിലെ നിയമനങ്ങള്‍ തല്‍ക്കാലം ദിവസവേതനത്തിലും 2013-14ല്‍ ഇവരുടെ നിയമനം സ്ഥിരം സ്വഭാവത്തില്‍ അംഗീകരിക്കുന്ന കാര്യം പരിശോധിക്കുമെന്നും വ്യക്തമാക്കുകയുണ്ടായി. അധ്യാപക- വിദ്യാര്‍ഥി അനുപാതം 1:30/1:35 എന്ന ക്രമത്തില്‍ കണക്കാക്കി പുതുതായി നിയമിക്കപ്പെട്ട അധ്യാപകരെയും ചട്ടം 51 എ അവകാശികളെയും കുട്ടികളുടെ കുറവുമൂലം പുറത്തായ അധ്യാപകരെയും അധ്യാപകബാങ്കില്‍നിന്ന് ഒരാളെയും ഉള്‍ക്കൊള്ളിക്കാന്‍ ആവശ്യമായ തസ്തിക അനുവദിക്കാമെന്നുംകൂടി ഉത്തരവായി. 2011 ഒക്ടോബര്‍ ഒന്നിന് ഇറക്കിയ ഉത്തരവില്‍ പ്രഖ്യാപിച്ച കാര്യങ്ങള്‍ക്ക് നിയമപ്രാബല്യംവരുത്താന്‍ രണ്ടരവര്‍ഷം കഴിഞ്ഞിട്ടും കേരള വിദ്യാഭ്യാസചട്ടങ്ങള്‍ ഭേദഗതിചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. പ്രഖ്യാപിച്ച കാര്യങ്ങള്‍ മുഴുവന്‍ നടപ്പാക്കാനും ശ്രദ്ധിച്ചില്ല. അങ്ങനെ അധ്യാപകപാക്കേജ് പാതിവഴിയിലുപേക്ഷിച്ചു എന്നതാണ് വസ്തുത. ഇതിന്റെ ഭാഗമായി ധാരാളം പുതിയ പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നു.

തസ്തികനിര്‍ണയം ഒരു വിഭാഗം സ്കൂളുകള്‍ക്ക് 1:30/ 1:35ഉം മറ്റു വിഭാഗത്തിന് 1:45 ആക്കിയതിനുമെതിരെ പരക്കെ ആക്ഷേപം ഉയര്‍ന്നു. അധ്യാപക- വിദ്യാര്‍ഥി അനുപാതം 1:30/ 1:35 എന്നത് ക്ലാസ് തലത്തിലല്ല, സ്കൂള്‍തലത്തിലാണ് നടപ്പാക്കേണ്ടത് എന്ന വ്യവസ്ഥയും കേരളത്തിലെ സ്കൂളുകളുടെ ഇപ്പോഴത്തെ ഘടനയില്‍ ഒരു തരത്തിലും പൊരുത്തപ്പെടുന്നതല്ല. ഒന്നുമുതല്‍ നാലുവരെ പ്രൈമറിയും അഞ്ചുമുതല്‍ ഏഴുവരെ അപ്പര്‍ പ്രൈമറി എന്നതും ഒന്നുമുതല്‍ അഞ്ചുവരെയും ആറുമുതല്‍ എട്ടുവരെയും എന്നാക്കുന്ന ഘടനാപരമായ മാറ്റം നടപ്പാക്കാതെ സ്കൂള്‍തല അധ്യാപക- വിദ്യാര്‍ഥി അനുപാതം നടപ്പാക്കാന്‍ കഴിയില്ല. പ്രധാനാധ്യാപകനെ ക്ലാസ് ചാര്‍ജില്‍നിന്ന് ഒഴിവാക്കുമെന്ന പ്രഖ്യാപനവും ജലരേഖയായി. സര്‍ക്കാര്‍ സ്കൂളിന് ബാധകമാക്കി, എയ്ഡഡ് സ്കൂളിനു ബാധകമല്ല. ഇതുവഴിയുണ്ടാകുന്ന അധികബാധ്യത കേന്ദ്രസര്‍ക്കാര്‍ വഹിക്കുന്നുണ്ടുതാനും. കുട്ടികളുടെ എണ്ണം കണക്കാക്കി അധിക അധ്യാപകര്‍ക്കുള്ള ശമ്പള ഇനത്തിലുള്ള തുക കേന്ദ്രസര്‍ക്കാരില്‍നിന്ന് ഗ്രാന്റായി വാങ്ങി വകമാറ്റി ചെലവഴിക്കുന്നു എന്ന ആരോപണവും നിലനില്‍ക്കുന്നു. എങ്കിലും തങ്ങളുടെ പ്രഖ്യാപനം നടപ്പാക്കാന്‍ സര്‍ക്കാര്‍ വൈമുഖ്യം കാട്ടുകയാണ്. 2011-12ല്‍ അധിക ഡിവിഷന്‍ ഒഴിവുകളില്‍ നിയമിക്കപ്പെട്ട ആയിരക്കണക്കിന് അധ്യാപകരുടെ ഭാവിയെന്തെന്നത് വ്യക്തമാകാതെ അവര്‍ അലയുന്നു. 2012-13ലും 2013-14ലും നിയമിക്കപ്പെട്ടവരുടെയും സ്ഥിതി മറിച്ചല്ല. 2010-11നുശേഷം അവധി ഒഴിവില്‍ നിയമിക്കപ്പെട്ട് അംഗീകാരം സിദ്ധിക്കപ്പെട്ട് തുടരുന്നവര്‍ സംരക്ഷിക്കപ്പെടില്ലെന്നാണ് ഇപ്പോഴത്തെ നിലപാട്. മൂന്നുവര്‍ഷം കഴിഞ്ഞിട്ടും അധ്യാപകബാങ്ക് പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞില്ല. സ്പെഷ്യലിസ്റ്റ് അധ്യാപകനിയമനം 2012-13 മുതല്‍ അനിശ്ചിതമായി മാറി. ചിലരെല്ലാം അംഗീകാരം വാങ്ങിയപ്പോള്‍ ചിലരെല്ലാം അംഗീകാരം ലഭിക്കാതെ തുടരുന്നു. 2006 മുതല്‍ നിയമിക്കപ്പെട്ട് 2011നു മുമ്പ് കുട്ടികളുടെ എണ്ണംകുറവുവന്നതിനാല്‍ പുറത്തായ അധ്യാപകരുടെ നിയമനാംഗീകാരം പരിഗണിച്ചില്ല. 2006-07 മുതല്‍ നിയമനം ലഭിച്ച് 2011 മെയ് 31 വരെയുള്ള ശമ്പളം തടഞ്ഞുവച്ച് 2011 ജൂണ്‍ ഒന്നുമുതല്‍ ശമ്പളം ലഭിച്ചവരുടെ തടഞ്ഞുവച്ച ശമ്പളം പരിശോധിച്ച് തീരുമാനമെടുക്കമെന്ന വാഗ്ദാനം മൂന്നുവര്‍ഷം കഴിഞ്ഞിട്ടും നിറവേറ്റാന്‍ കഴിഞ്ഞിട്ടില്ല.

2006 മുതല്‍ 2011 വരെ അംഗീകാരം ലഭിക്കാതെ തുടര്‍ന്ന 3389 അധ്യാപകരുടെ പ്രശ്നപരിഹാരത്തിനായി രൂപം നല്‍കിയ അധ്യാപകപാക്കേജ് പൂര്‍ണമായി നടപ്പാക്കിയില്ലെന്നു മാത്രമല്ല, 2011 ജൂണ്‍ കഴിഞ്ഞ് മൂന്നുവര്‍ഷമായി നിയമനം ലഭിച്ച അധിക ഡിവിഷന്‍ ഒഴിവുകളില്‍ തുടരുന്ന നാലായിരത്തോളം പുതിയ അധ്യാപകരുടെ നിയമനാംഗീകാരത്തിന് ഒരു പരിഹാരവും ഇതേവരെ നിര്‍ദേശിക്കപ്പെട്ടിട്ടില്ല. 2011 ജൂണ്‍ ഒന്നുമുതല്‍ അംഗീകാരം നല്‍കിയ 3389 അധ്യാപകരുടെ തടഞ്ഞുവച്ച 2011 മെയ് 31 വരെയുള്ള അഞ്ചുവര്‍ഷത്തെ ശമ്പളം നല്‍കാനും തയ്യാറായിട്ടില്ല. 2013 മെയ് 20ന് അധ്യാപകപ്രക്ഷോഭത്തെതുടര്‍ന്ന് പ്രഖ്യാപിക്കപ്പെട്ട ക്ലാസ് തലത്തില്‍ ഭേദഗതിചെയ്ത അധ്യാപക- വിദ്യാര്‍ഥി അനുപാതം നടപ്പാക്കുമെന്നതും വഴിയില്‍ ഉപേക്ഷിച്ച് വാഗ്ദാനലംഘനത്തിന്റെ വിശ്വരൂപം കാട്ടുകയാണ് സര്‍ക്കാര്‍. ഫലമോ പൊതുവിദ്യാഭ്യാസമേഖലയില്‍ പ്രശ്നങ്ങള്‍ കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണമാവുകയാണ്; അധ്യാപകന്റെ സ്ഥിതി ദയനീയവും.

*
അഡ്വ. വി രാജശേഖരന്‍നായര്‍

റബര്‍ കര്‍ഷകര്‍ നിരാശയില്‍ സര്‍ക്കാരിന് നിസ്സംഗത

ഇന്ത്യയ്ക്കാവശ്യമുള്ള റബറിന്റെ 95 ശതമാനം ഉല്‍പ്പാദിപ്പിക്കുന്നത് കേരളത്തിലാണ്. രാജ്യത്ത് മൊത്തം ആവശ്യമുള്ള റബറില്‍ 59,000 ടണ്ണിന്റെ കുറവേ ഇവിടെയുള്ളൂ. എന്നാല്‍, നിയന്ത്രണമില്ലാതെ അന്യരാജ്യങ്ങളില്‍നിന്ന് സ്വാഭാവിക റബര്‍ ഇറക്കുമതിചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുന്നു. ആഗോളവല്‍ക്കരണ നയം നടപ്പാക്കിയതിന്റെ ഫലമായി ഇറക്കുമതി ചുങ്കം ഗണ്യമായി വെട്ടിക്കുറച്ചു. അന്താരാഷ്ട്ര കമ്പോളത്തില്‍ ഇപ്പോള്‍ വിലക്കുറവാണ്. സാമ്പത്തിക മാന്ദ്യം കാരണം അവിടങ്ങളില്‍ റബര്‍ വിറ്റഴിയാതെ കെട്ടിക്കിടക്കുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാരില്‍ പ്രേരണ ചെലുത്തി ആവശ്യത്തിലധികം സ്വാഭാവിക റബര്‍ ഇറക്കുമതിചെയ്ത് കമ്പോളം നിറയ്ക്കുകയാണ് ടയര്‍ ലോബി. ഇതിന്റെ ഫലമായി 2011ല്‍ കിലോയ്ക്ക് 240 രൂപയുണ്ടായിരുന്ന റബര്‍ വില 130 രൂപയായി കുത്തനെ ഇടിഞ്ഞു. അതുകൊണ്ടുതന്നെ റബര്‍ കര്‍ഷകര്‍ നിരാശരാണ്. കമ്പോളത്തില്‍ റബര്‍വില ഇടിയുമ്പോള്‍ ഉല്‍പ്പാദനച്ചെലവില്‍ കുറവൊന്നുമില്ല. കുറവില്ലെന്ന് മാത്രമല്ല അനുദിനം ചെലവ് കൂടുകയാണ്. അഞ്ചുവര്‍ഷത്തിനിടയില്‍ വളം, കീടനാശിനി എന്നിവയുടെ വിലയില്‍ 200 ശതമാനംവരെ വര്‍ധനയാണുണ്ടായത്. ചെലവ് കൂടുകയും വരുമാനം കുറയുകയും ചെയ്യുന്നതോടെ റബര്‍ കര്‍ഷകര്‍ കടത്തില്‍ മുങ്ങുന്ന സ്ഥിതിയാണുള്ളത്. റബര്‍ കര്‍ഷകരില്‍ വലിയ വിഭാഗം ചെറുകിട കര്‍ഷകരാണ്. അവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയാതായി. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ച സംഭവിക്കുമ്പോള്‍ കര്‍ഷകരെ സഹായിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. സംസ്ഥാന സര്‍ക്കാര്‍ വര്‍ഷം 450 കോടി രൂപയാണ് റബര്‍ കര്‍ഷകരില്‍നിന്ന് വാങ്ങല്‍ നികുതിയായി ഈടാക്കുന്നത്. വിലയിടിയുമ്പോള്‍ റബര്‍ കര്‍ഷകര്‍ക്ക് തെല്ലെങ്കിലും ആശ്വാസം നല്‍കുന്നതിനായി ബജറ്റില്‍ വകയിരുത്തിയത് 15 കോടി രൂപ മാത്രം. ഇതാകട്ടെ ഒരുദിവസം ഉല്‍പ്പാദിപ്പിക്കുന്ന റബര്‍ വാങ്ങാന്‍പോലും മതിയാകില്ല.

തെരഞ്ഞെടുപ്പിനു മുമ്പ് റബര്‍ കര്‍ഷകരെ ആശ്വസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒട്ടേറെ വാഗ്ദാനങ്ങളുമായി രംഗത്തുവന്നിരുന്നു. അതൊക്കെ പാഴ്വാക്കായി. കമ്പോളവിലയേക്കാള്‍ രണ്ടുരൂപ അധികം നല്‍കി റബര്‍ സംഭരിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. അത് കോണ്‍ഗ്രസിന്റെ ശീലമാണല്ലോ. തെരഞ്ഞെടുപ്പിനു മുമ്പ് ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനം പിന്നീട് ഓര്‍മിക്കാറില്ല. അതൊക്കെ വെള്ളത്തില്‍ വരച്ച വരയായി മാറുകയാണ് പതിവ്. റബറിന്റെ താങ്ങുവിലയ്ക്കും അതുതന്നെയാണ് സംഭവിച്ചത്. വാഗ്ദാന ലംഘനവും വഞ്ചനയും യുഡിഎഫ് സര്‍ക്കാരിന്റെ മുഖമുദ്രയാണ്. ഈ സാഹചര്യത്തില്‍ റബറിന്റെ കുറഞ്ഞ താങ്ങുവില 250 രൂപയായി നിജപ്പെടുത്തി റബര്‍ സംഭരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇറക്കുമതി പൂര്‍ണമായും നിര്‍ത്തലാക്കണം. കേരളത്തിന്റെ സാമ്പത്തിക മേഖലയില്‍ വലിയ സംഭാവനചെയ്യുന്ന റബര്‍ കര്‍ഷകരെ സംരക്ഷിക്കാനുള്ള ബാധ്യതയില്‍നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുന്നത് ദോഷഫലങ്ങളുണ്ടാക്കുമെന്നോര്‍ക്കണം. രാസവളം, കീടനാശിനി തുടങ്ങിയവ ന്യായമായ വിലയ്ക്ക് കര്‍ഷകര്‍ക്ക് ലഭിക്കുമെന്നുറപ്പുവരുത്തണം. തോട്ടം തൊഴിലാളികള്‍ ഈ മേഖലയില്‍നിന്ന് ഒഴിഞ്ഞുപോകാതിരിക്കാന്‍ റബര്‍ ബോര്‍ഡ് നടപ്പാക്കുന്ന തൊഴിലാളിക്ഷേമ പദ്ധതികള്‍ക്കുള്ള ധനസഹായം ഗണ്യമായി വര്‍ധിപ്പിക്കണം. വിലസ്ഥിരത ഉറപ്പുവരുത്തിയെങ്കില്‍മാത്രമേ കര്‍ഷകര്‍ക്ക് ആത്മവിശ്വാസത്തോടെ കൃഷി മെച്ചപ്പെടുത്താന്‍ കഴിയൂ. ഇപ്പോള്‍ കുരുമുളകിനും നാളികേരത്തിനും മെച്ചപ്പെട്ട വിലയുണ്ടെന്നാശ്വസിക്കാം. എന്നാല്‍, വില ഇടിഞ്ഞ സന്ദര്‍ഭത്തില്‍ കര്‍ഷകര്‍ക്ക് വളമിടാനോ പരിചരിക്കാനോ കഴിയാതെ പോയി. വര്‍ധിച്ച ഉല്‍പ്പാദനച്ചെലവ് കര്‍ഷകരെ നാളികേര മേഖലയില്‍നിന്നു പിന്തിരിപ്പിക്കുകയുംചെയ്തു. വില വര്‍ധിച്ചപ്പോള്‍ ഉല്‍പ്പന്നമില്ലാത്ത നിലയാണ്. ഈ സാഹചര്യത്തിലാണ് വിലസ്ഥിരതയും സംരക്ഷണവും അനിവാര്യമാകുന്നത്. സര്‍ക്കാരിന്റെ നിസ്സംഗത ഉടനടി അവസാനിപ്പിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.

*
deshabhimani editorial

Friday, April 25, 2014

വെനസ്വേലയിലും ഉക്രൈന്‍ മോഡല്‍ അട്ടിമറിക്ക് അമേരിക്കന്‍ നീക്കം

വെനസ്വേലയില്‍ അമേരിക്കന്‍ ഒത്താശയോടെ പ്രതിപക്ഷം നടത്തിവരുന്ന അട്ടിമറി സമരം തുടങ്ങിയിട്ട് ഇപ്പോള്‍ രണ്ടുമാസത്തിലേറെയായിരിക്കുന്നു. അമേരിക്കന്‍ ഭരണാധികാരികളും ലോകമാസകലമുള്ള കോര്‍പറേറ്റ് മാധ്യമങ്ങളും തികച്ചും "സമാധാനപരമായ പ്രതിഷേധം" എന്ന് അവകാശപ്പെടുന്ന ഈ അട്ടിമറി ശ്രമത്തില്‍ ഇതിനകം ചുരുങ്ങിയത് 39 ആളുകള്‍ കൊല്ലപ്പെട്ടു; നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ 8 പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ അധികവും വെനസ്വേലയിലെ ഇടതുപക്ഷ സര്‍ക്കാരിനെ അനുകൂലിക്കുന്നവരാണ്. അമേരിക്കന്‍ പിന്തുണയോടെ നടക്കുന്ന "സമാധാനപരമായ പ്രക്ഷോഭ"ത്തിന്റെ തനിനിറമാണ് ഇത് വ്യക്തമാക്കുന്നത്. "ദ ഗാര്‍ഡിയന്‍" ദിനപത്രത്തില്‍ ഏപ്രില്‍ 7ന് പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍, വെനസ്വേലയില്‍ ഉക്രൈന്‍ മാതൃകയിലുള്ള അട്ടിമറി നീക്കമാണ് അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ് വെനസ്വേലയുടെ പ്രസിഡന്‍റ് നിക്കോളാസ് മഡുറൊ പറഞ്ഞത്. വെനസ്വേലയുടെ എണ്ണ സമ്പത്ത് കൈക്കലാക്കലാണ് അമേരിക്കയുടെ ലക്ഷ്യമെന്നും ""ഡെമോക്രാറ്റിക് യൂണിറ്റി റൗണ്ട് ടേബിള്‍"" എന്നറിയപ്പെടുന്ന വെനസ്വേലയിലെ പ്രതിപക്ഷ സഖ്യത്തിലെ വലതുപക്ഷ തീവ്രവിഭാഗമാണ് ഈ അക്രമങ്ങള്‍ക്കുപിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.

""കീവില്‍ സംഭവിച്ചതിന്റെ ഏറെക്കുറെ തനിയാവര്‍ത്തനമാണ് വെനസ്വേലയിലും നടത്തുന്നത്. നഗരങ്ങളിലെ മുഖ്യപാതകള്‍ ഉപരോധിക്കുക, അങ്ങനെ രാജ്യത്തിന്റെ പ്രധാന നഗരങ്ങളെയാകെ നിശ്ചലമാക്കുക - ഭരണം അസാധ്യമാക്കുംവരെ ഇതു തുടരുക; അങ്ങനെയാണല്ലോ ഉക്രൈനിലെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അവര്‍ അട്ടിമറിച്ചത്!"" മഡുറോ "ഗാര്‍ഡിയന്‍" ലേഖകനോട് പറഞ്ഞ വാക്കുകളാണിത്. ഏപ്രില്‍ ഒന്നിന് "ന്യൂയോര്‍ക്ക് ടൈംസി"ല്‍ പ്രസിദ്ധീകരിച്ച "സമാധാനത്തിനായുള്ള ഒരഭ്യര്‍ഥന" എന്ന ലേഖനത്തില്‍ മഡുറൊ പറയുന്നു -""വീണ്ടും അംബാസിഡര്‍മാരെ കൈമാറാനുള്ള ഞങ്ങളുടെ തീരുമാനം അറിയിച്ചുകൊണ്ട് എെന്‍റ ഗവണ്‍മെന്‍റ് പ്രസിഡന്‍റ് ഒബാമയെ സമീപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗവണ്‍മെന്‍റ് അനുഭാവപൂര്‍വം പ്രതികരിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ"". അതോടൊപ്പം തന്നെ ഏപ്രില്‍ 10ന് വെനസ്വേലയില്‍ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിനായി മഡുറൊ അവിടത്തെ വലതുപ്രതിപക്ഷവുമായി ഒരു വട്ടം ചര്‍ച്ച നടത്തുകയുമുണ്ടായി. ബ്രസീല്‍, കൊളമ്പിയ, ഇക്വഡോര്‍ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും വെനസ്വേലയിലെ വത്തിക്കാന്‍ പ്രതിനിധിയായ കര്‍ദിനാള്‍ പെട്രോ പരോളിനുമാണ് ഈ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചത്. ഈ ചര്‍ച്ചകള്‍ക്ക് മുന്നോടിയായി പ്രസിദ്ധീകരിച്ച പൊതുപ്രസ്താവനയില്‍ തെന്‍റ നിലപാട് മഡുറൊ ഇങ്ങനെ വ്യക്തമാക്കുന്നു -

""രാജ്യം കെട്ടിപ്പടുക്കാനുള്ള സംവാദത്തിേന്‍റതാണ് നമുക്ക് മുന്നോട്ടു നീങ്ങാനുള്ള പാത. ഞങ്ങള്‍ അവരെ സോഷ്യലിസത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തില്ല; ഞങ്ങളെ മുതലാളിത്തത്തിലേക്ക് പരിവര്‍ത്തനപ്പെടുത്താന്‍ അവരും നോക്കണ്ട"".

10-ാം തീയതിയിലെ ചര്‍ച്ചയില്‍, രാജ്യത്ത് വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിനും വിലക്കയറ്റവും ഭക്ഷ്യക്ഷാമവും ഉള്‍പ്പെടെയുള്ള സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുമുള്ള സര്‍ക്കാരിന്റെ പദ്ധതികള്‍ ചര്‍ച്ചയ്ക്കായി അവതരിപ്പിക്കുകയും പ്രതിപക്ഷത്തിെന്‍ അഭിപ്രായം കൂടി കണക്കിലെടുത്ത് നടപ്പിലാക്കാനുള്ള സന്നദ്ധത സര്‍ക്കാര്‍ അറിയിക്കുകയുമുണ്ടായി. സംവാദത്തിന്റെയും സമവായത്തിന്റെയും സമീപനമാണ് സര്‍ക്കാരിേന്‍റത് എന്ന് വ്യക്തം. എന്നാല്‍, പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം, അവര്‍ക്കുപിന്നില്‍ നില്‍ക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തെ സംബന്ധിച്ചിടത്തോളവും ഒറ്റ അജന്‍ഡയെയുള്ളൂ; മഡുറൊ സര്‍ക്കാര്‍ അധികാരം ഒഴിയുക എന്നത്. 2013 ഏപ്രില്‍ 14ന് നടന്ന തിരഞ്ഞെടുപ്പില്‍ 1.7 ശതമാനം വോട്ടിെന്‍റ ഭൂരിപക്ഷത്തില്‍ പ്രസിഡന്‍റായ മഡുറൊയ്ക്കും സോഷ്യലിസ്റ്റ് പാര്‍ടിക്കും അനുകൂലമായി 10 ശതമാനത്തിലധികം വോട്ടിെന്‍റ ഭൂരിപക്ഷമാണ് 2013 ഡിസംബര്‍ 8ന് നടന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ലഭിച്ചത്. എന്നാല്‍ ഈ ജനവിധിയൊന്നും അംഗീകരിക്കാന്‍ വെനസ്വേലയിലെ പ്രതിപക്ഷമോ അമേരിക്കയോ തയ്യാറല്ല.

വെനസ്വേലയിലെ തിരഞ്ഞെടുപ്പുകള്‍ ലോകത്തില്‍ ഏറ്റവും മാതൃകാപരവും സുതാര്യവും ലേശംപോലും കൃത്രിമങ്ങള്‍ക്ക് സാധ്യതയില്ലാത്തതും ആണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതാകട്ടെ മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജിമ്മി കാര്‍ട്ടറുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര തിരഞ്ഞെടുപ്പ് നിരീക്ഷകരായ കാര്‍ട്ടര്‍ സെന്‍ററും. കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ വെനസ്വേലയില്‍ നടന്ന 19 തിരഞ്ഞെടുപ്പുകളില്‍ 18 എണ്ണത്തിലും ഷാവേസ് പക്ഷത്തിന് വ്യക്തമായ ഭൂരിപക്ഷമാണ് ലഭിച്ചത്. എന്നിട്ടും ഇക്കാലമത്രയും വെനസ്വേലയിലെ പ്രതിപക്ഷവും അമേരിക്കയും ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കുന്നതിന് ജനാധിപത്യവിരുദ്ധമായ സര്‍വമാര്‍ഗങ്ങളും അവലംബിക്കുകയായിരുന്നു. 2013 ഡിസംബറില്‍ നടന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായ വിജയം വരിച്ചശേഷം, തിരഞ്ഞെടുപ്പ് നടന്ന 10 ദിവസത്തിനുശേഷം തിരഞ്ഞെടുക്കപ്പെട്ട പ്രതിപക്ഷക്കാരായ എല്ലാ ഗവര്‍ണര്‍മാരുടെയും മേയര്‍മാരുടെയും യോഗം മഡുറൊ വിളിച്ചുചേര്‍ത്തു; സുരക്ഷ, പാര്‍പ്പിടം, ആരോഗ്യം തുടങ്ങിയ കാര്യങ്ങളില്‍ അവരുടെ പ്രദേശവുമായി ബന്ധപ്പെട്ട പരാതികളും അവ സംബന്ധിച്ച അവരുടെ നിര്‍ദേശങ്ങളും കേള്‍ക്കുന്നതിനു വേണ്ടിയായിരുന്നു ആ യോഗം വിളിച്ചു ചേര്‍ത്തത്. തുടര്‍ന്ന് ജനുവരിയില്‍ കള്ളക്കടത്തുകാര്‍ക്ക് 14 വര്‍ഷം വരെയും പൂഴ്ത്തിവെയ്പുകാര്‍ക്ക് 12 വര്‍ഷം വരെയും നിയന്ത്രിത വിലയെക്കാള്‍ അധികം വില ഈടാക്കുന്നവര്‍ക്ക് 8 മുതല്‍ 10 വര്‍ഷം വരെയും ജയില്‍ശിക്ഷ ഉറപ്പാക്കുന്ന നിയമം പാസ്സാക്കുകയുണ്ടായി. ഇതിനുപുറമെ വിലനിലവാരത്തെക്കുറിച്ച് നിരന്തരം നിരീക്ഷിക്കാനും നിക്ഷേപകര്‍ തങ്ങളുടെ നിക്ഷേപത്തിന്റെ 30 ശതമാനത്തിലധികം ലാഭമെടുക്കില്ലെന്നും ഉറപ്പാക്കാനായി ദേശീയാടിസ്ഥാനത്തില്‍ പ്രത്യേകം ഓഫീസ് തന്നെ സ്ഥാപിക്കുകയുമുണ്ടായി. അഴിമതിക്കെതിരെയും കര്‍ക്കശമായ നിലപാടും നടപടികളുമാണ് ഷാവേസിന്റെ കാലത്തെന്നപോലെ മഡുറൊയും സ്വീകരിച്ചത്. 2013ല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ബിസിനസ്സുകാരും ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് അഴിമതി നടത്തിയതിന് ജയിലില്‍ അടയ്ക്കപ്പെട്ടത്. അതില്‍ ഭരണകക്ഷിക്കാരായ, പ്രത്യേകിച്ചും മഡുറൊയോട് ഏറെ അടുപ്പമുള്ളവര്‍പോലും ഒഴിവാക്കപ്പെട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.

ഷാവേസ് അധികാരത്തില്‍ വരുന്നതിനുമുമ്പ് അഴിമതിക്കെതിരെ ഇത്തരം കര്‍ക്കശമായ നടപടികള്‍ സങ്കല്‍പിക്കാന്‍പോലും ആകുമായിരുന്നില്ല. ഫെബ്രുവരി ആദ്യം ദേശീയ അസംബ്ലി പ്രസിഡന്‍റ് ഡയോസ് ഡാഡൊ കാബെല്ലൊയുടെ നേതൃത്വത്തില്‍, സര്‍ക്കാര്‍ വിലനിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്ന അവശ്യസാധനങ്ങള്‍ കൊള്ളലാഭമുണ്ടാക്കുന്നതിനായി നിയമവിരുദ്ധമായി കയറ്റുമതി ചെയ്യുന്ന കച്ചവടക്കാര്‍ക്കെതിരെ ജനങ്ങളെ അണിനിരത്തിക്കൊണ്ടുള്ള നടപടികള്‍ ആരംഭിച്ചു. കൊളംമ്പിയയുടെ അതിര്‍ത്തിയിലെ സംസ്ഥാനങ്ങളിലാണ് വലിയ തോതില്‍ കള്ളക്കടത്ത് നടന്നിരുന്നത്. കള്ളക്കടത്തിനായി സംഭരിച്ചിരുന്ന അവശ്യസാധനങ്ങള്‍ പിടിച്ചെടുക്കുന്നതിനുള്ള വലിയൊരു കാംപെയ്ന്‍ തന്നെ നടത്തപ്പെട്ടു. അങ്ങനെ ബിസിനസ്സുകാര്‍ കൃത്രിമമായി സൃഷ്ടിച്ചിരുന്ന ക്ഷാമത്തിനെതിരായ കര്‍ക്കശമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചത് സാധാരണ ജനങ്ങളില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചത്. ചുരുക്കത്തില്‍, മൂലധനശക്തികളും വലതുപക്ഷ രാഷ്ട്രീയക്കാരും ചേര്‍ന്ന് നടത്തിയ, ഇടതുപക്ഷ സര്‍ക്കാരിനെതിരായ "സാമ്പത്തിക യുദ്ധ"ത്തിനെതിരെ മഡുറൊയുടെ നേതൃത്വത്തില്‍ ശക്തമായ പ്രത്യാക്രമണം അഴിച്ചുവിടുകയുണ്ടായി. ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും സമാധാനം സ്ഥാപിക്കുകയും അഭിപ്രായസമന്വയം ഉണ്ടാക്കുകയും ചെയ്യുന്നതിനുവേണ്ടി പ്രതിപക്ഷവുമായി ചര്‍ച്ച നടത്താന്‍ പ്രസിഡന്‍റ് മഡുറൊ സന്നദ്ധനായിട്ടും ഫാസിസ്റ്റ് ഭീകര പ്രവര്‍ത്തനങ്ങളില്‍നിന്ന് പിന്തിരിയാന്‍ വലതുപക്ഷം തയ്യാറായിട്ടില്ല.

ലാറ്റിനമേരിക്കയിലെ ജനാധിപത്യ രാഷ്ട്രങ്ങളെയാകെ അസ്ഥിരീകരിക്കാനും മുന്‍പത്തെപ്പോലെ തങ്ങളുടെ ആശ്രിതരാജ്യങ്ങളാക്കി അവയെ നിര്‍ത്താനുമുള്ള അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ തന്ത്രത്തിന്റെ ഒരു മുഖമാണ് വെനസ്വേലയില്‍ കാണുന്നത്. ഷാവേസിന്റെ നാട്ടില്‍നിന്ന് തുടങ്ങി, തുടര്‍ന്ന് ഇക്വഡോര്‍, ബൊളീവിയ, അര്‍ജന്‍റീന, ബ്രസീല്‍, ഉറുഗ്വേ എന്നീ ക്രമത്തില്‍ ഓരോ രാജ്യത്തായി നിലവിലുള്ള തിരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്‍റുകളെ അട്ടിമറിക്കുകയാണ് അമേരിക്കന്‍ തന്ത്രം. കൃത്യമായി പറഞ്ഞാല്‍ ക്യൂബന്‍ വിപ്ലവത്തിന് മുന്‍പുള്ള അവസ്ഥയിലേക്ക് ലാറ്റിനമേരിക്കന്‍ - കരീബിയന്‍ രാജ്യങ്ങളെയാകെ കൊണ്ടുപോവുക- അതായത്, അമേരിക്കയുടെ സാമ്പത്തിക - രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വിധേയമായി നില്‍ക്കുന്ന പുത്തന്‍ കോളനിവാഴ്ച സ്ഥാപിക്കുക. ഇതിനെ അവര്‍ സുഹൃദ് രാജ്യങ്ങളുടെ കൂട്ടായ്മ എന്ന് വിശേഷിപ്പിക്കും. മഡുറൊ ചൂണ്ടിക്കാണിച്ചതുപോലെ ഉക്രൈനിലെപ്പോലെ ഫാസിസ്റ്റ് സംഘങ്ങളെ അണിനിരത്തിക്കൊണ്ടുള്ള പ്രവര്‍ത്തന പദ്ധതിയാണ് വെനസ്വേലയില്‍ അമേരിക്ക നടപ്പാക്കി വരുന്നത്. ലക്ഷ്യവും ഏറെക്കുറെ സമാനമാണ്. അമേരിക്കന്‍ ആധിപത്യത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയുള്ള രാഷ്ട്രങ്ങളെയാകെ കീഴ്പ്പെടുത്തുക. അതിന് അതാതിടത്തെ മൂലധന ശക്തികളെ അണിനിരത്തിക്കൊണ്ടുള്ള അട്ടിമറികള്‍ സംഘടിപ്പിക്കുക. ഫാസിസ്റ്റ് സ്വേച്ഛാധിപത്യവാഴ്ച സ്ഥാപിക്കുക. ഉക്രൈനില്‍ അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ നവനാസികള്‍ ജനാധിപത്യപരമായ പ്രതിഷേധ പ്രകടനങ്ങളെയാകെ പട്ടാളത്തെ ഇറക്കി ഉരുക്കുമുഷ്ടി ഉപയോഗിച്ചും ഒപ്പം വംശീയവാദികളായ നവനാസി ഭീകരസംഘങ്ങളെ കെട്ടഴിച്ചുവിട്ടും നേരിടുന്നതില്‍നിന്നു തന്നെ സാമ്രാജ്യത്വം ജനാധിപത്യത്തിന്റെ മുഖംമൂടി പോലും ഉപേക്ഷിക്കാന്‍ മടിക്കില്ലെന്ന് ആവര്‍ത്തിച്ച് ബോധ്യപ്പെടുത്തുന്നു. ഉക്രൈനില്‍ എന്നപോലെ തന്നെ ലക്ഷണമൊത്ത ഫാസിസ്റ്റ് സംഘങ്ങളാണ് ഇന്ന് വെനസ്വേലയില്‍ ആക്രമണങ്ങളും അട്ടിമറികളും നടത്തുന്നത്. മഹാഭൂരിപക്ഷം വരുന്ന അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടും കഴിഞ്ഞ 15 വര്‍ഷമായി ആവര്‍ത്തിച്ചുള്ള ജനവിധി നേടി അധികാരത്തില്‍ തുടരുന്ന സോഷ്യലിസ്റ്റ് പ്രസ്ഥാനത്തോടുമുള്ള കടുത്ത ശത്രുതയും പകയും, ജനാധിപത്യ സ്ഥാപനങ്ങളെയും നടപടികളെയും തകര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍, അയല്‍ക്കൂട്ടങ്ങള്‍, കമ്യൂണല്‍ കൗണ്‍സിലുകള്‍, പൊതുജനാരോഗ്യ - പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുഗതാഗത സംവിധാനം, സബ്സിഡി നിരക്കില്‍ ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്യുന്ന സ്റ്റോറുകള്‍, ട്രേഡ് യൂണിയനുകള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്കെതിരെ നടത്തുന്ന ആക്രമണങ്ങള്‍, വന്‍കിടബാങ്കുകള്‍, ഭൂപ്രഭുക്കള്‍, സ്വകാര്യ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്കു നല്‍കുന്ന പിന്തുണ, അമേരിക്കന്‍ സാമ്രാജ്യത്വത്തിന് നല്‍കുന്ന ഒത്താശ എന്നിവയാണ് വെനസ്വേലയിലെ ഫാസിസ്റ്റ് സംഘങ്ങളുടെ സവിശേഷത. ഇടത്തരക്കാരായ സര്‍വകലാശാലാ വിദ്യാര്‍ഥികളും ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, അഭിഭാഷകര്‍ തുടങ്ങിയ വിഭാഗങ്ങളും സൈനിക ഉദ്യോഗസ്ഥരും മുന്‍ സൈനിക ഉദ്യോഗസ്ഥരുമെല്ലാമാണ് ഈ ഫാസിസ്റ്റ് സംഘങ്ങളില്‍ അണിനിരന്നിട്ടുള്ളത്. അഭിപ്രായ സമന്വയത്തിന്റെയും അനുരഞ്ജനത്തിന്റെയും ഭാഷയും ശൈലിയും ഈ സംഘങ്ങള്‍ക്ക് അന്യമാണ്. ഒത്തുതീര്‍പ്പിനുംസമവായത്തിനുമുള്ള സര്‍ക്കാര്‍ നീക്കങ്ങളെ അവര്‍ സര്‍ക്കാരിന്റെ ദൗര്‍ബല്യമായാണ് കാണുന്നത്. ഉക്രൈനില്‍ ഒരു വശത്ത് അന്താരാഷ്ട്ര സമ്മര്‍ദത്തിലൂടെ ചര്‍ച്ചകള്‍ക്കായി സര്‍ക്കാരിനെ പ്രേരിപ്പിക്കുമ്പോള്‍ മറുവശത്ത് ഭീകരസംഘങ്ങളുടെ ആക്രമണങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ് നാം കണ്ടത്. ഈ ഫാസിസ്റ്റ് സംഘങ്ങള്‍ നടത്തുന്നത് ഒറ്റതിരിഞ്ഞ ആക്രമണങ്ങളല്ല, വൈകാരികമായ പ്രതികരണങ്ങളുമല്ല. കൃത്യമായും കേന്ദ്രീകൃതമായ ആസൂത്രണം അവയ്ക്കെല്ലാം പിന്നിലുണ്ട്. അവ നടപ്പാക്കുന്നതാകട്ടെ വികേന്ദ്രീകൃതമായും.

അമേരിക്കന്‍ ഗവണ്‍മെന്‍റും കോര്‍പറേറ്റ് മാധ്യമങ്ങളും പ്രചരിപ്പിക്കുന്നത് പ്രതിപക്ഷം നടത്തുന്ന സമാധാനപരമായ പ്രകടനങ്ങളെ വെനസ്വേലയിലെ ഇടതുപക്ഷ സര്‍ക്കാര്‍ ഭീകരമായി അടിച്ചമര്‍ത്തുന്നതായാണ്. ഈ "സമാധാനപരമായ പ്രതിഷേധക്കാര്‍" ആശുപത്രികളും വിദ്യാലയങ്ങളും പൊതുയാത്രാ സംവിധാനങ്ങളും സാധാരണക്കാര്‍ക്ക് കുറഞ്ഞ വിലയ്ക്ക് ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളുമെല്ലാം ബോംബെറിഞ്ഞ് തകര്‍ക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം. പൊലീസിനും സുരക്ഷാസൈന്യത്തിനുംനേരെ സായുധാക്രമണമാണ് അമേരിക്കന്‍ ഗവണ്‍മെന്‍റ് പറയുന്ന സമാധാനത്തിന്റെ ഈ വെള്ളരി പ്രാവുകള്‍ നടത്തുന്നത്. വലിയ തോതില്‍ അവര്‍ ആയുധങ്ങള്‍ ശേഖരിക്കുകയും കൃത്യമായ ആയുധ പരിശീലനം നേടുകയും ചെയ്യുന്നു. ഉക്രൈനില്‍ നിന്നു വ്യത്യസ്തമായി വെനസ്വേലയില്‍ ഒരു വശത്ത് അനുരഞ്ജനത്തിനും സമവായത്തിനും ശ്രമിക്കുമ്പോള്‍ തന്നെ ഫാസിസ്റ്റ് ഭീകരസംഘങ്ങളെയും അവര്‍ക്കുപിന്നിലുള്ള മൂലധന ശക്തികളെയും തുറന്നുകാണിക്കാനും ജനങ്ങളെ അണിനിരത്തി കര്‍ക്കശമായി നേരിടാനും മഡുറൊ സര്‍ക്കാരിന് കഴിയുന്നുണ്ട്. ലാറ്റിനമേരിക്കയിലെ രാജ്യങ്ങളാകെ ഈ ഭീകരസംഘങ്ങള്‍ക്കെതിരെ വെനസ്വേലയിലെ ജനങ്ങള്‍ക്കും സര്‍ക്കാരിനും പിന്നില്‍ അണിനിരക്കുമ്പോള്‍ അമേരിക്കന്‍ ഗവണ്‍മെന്‍റാകട്ടെ ഈ അട്ടിമറിസംഘങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ്.

പ്രതിവര്‍ഷം 50 ലക്ഷം ഡോളറാണ് വെനസ്വേലയിലെ അട്ടിമറിസംഘങ്ങള്‍ക്കായി അമേരിക്കയില്‍നിന്നു ലഭിക്കുന്നത്. യുഎസ്എയ്ഡ്, എഡോവ്മെന്‍റ് ഫോര്‍ ഡെമോക്രസി എന്നിവയിലൂടെയാണ് അമേരിക്കന്‍ ഗവണ്‍മെന്‍റ് അട്ടിമറിക്കാര്‍ക്ക് പണമെത്തിക്കുന്നത്. അതുകൊണ്ട് വെനസ്വേലയിലെ ജനങ്ങള്‍ക്ക് സമാധാനവും സ്ഥിരതയും ലഭിക്കണമെങ്കില്‍ അട്ടിമറിക്കാര്‍ക്ക് പിന്തുണ കൊടുക്കുന്ന അമേരിക്കന്‍ ഗവണ്‍മെന്‍റിനെതിരെ അന്താരാഷ്ട്ര പൊതുജനാഭിപ്രായം ഉയരണം. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന അമേരിക്കന്‍ ഭരണാധികാരികള്‍ ഇന്‍റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസില്‍ വിചാരണ ചെയ്യപ്പെടണം. വെനസ്വേലയിലെയോ ഉക്രൈനിലെയോ ജനങ്ങള്‍ മാത്രം അഭിമുഖീകരിക്കുന്ന വെല്ലുവിളിയല്ല അമേരിക്കന്‍ സാമ്രാജ്യത്വത്തില്‍നിന്ന് ഇന്ന് ഉയര്‍ന്നുവരുന്നത്. അത് ലോകജനതയ്ക്കെതിരെ ആകെ ഉയരുന്ന ഭീഷണിയാണ്. ഫാസിസ്റ്റ് സംഘങ്ങളുടെ ഭീകരാക്രമണങ്ങള്‍പോലെ തന്നെ കോര്‍പറേറ്റ് മാധ്യമങ്ങളിലൂടെ നടത്തപ്പെടുന്ന നുണപ്രചരണങ്ങളെയും തിരിച്ചറിഞ്ഞുകൊണ്ടും നേരിട്ടുകൊണ്ടും മാത്രമേ ഈ മഹാവിപത്തിനെ ഇല്ലായ്മ ചെയ്യാനാകൂ.

*
ജി വിജയകുമാര്‍

മമത സര്‍ക്കാരിന് സുപ്രീംകോടതിയുടെ കുറ്റപത്രം

പശ്ചിമബംഗാളിലെ ബിര്‍ഭും ജില്ലയില്‍ നടന്ന ഒരു ബലാല്‍സംഗക്കേസില്‍ 2014 മാര്‍ച്ച് 28 വെള്ളിയാഴ്ച സുപ്രീംകോടതി വിധി പ്രഖ്യാപിക്കുകയുണ്ടായി. തൃണമൂല്‍ കോണ്‍ഗ്രസ് നിയന്ത്രിക്കുന്ന സംസ്ഥാന ഗവണ്‍മെന്റിനെ കുറ്റപ്പെടുത്തുന്ന വിധി പ്രസ്താവത്തില്‍, ""ഇത്തരത്തിലുള്ള ഹീനമായ കടന്നാക്രമണങ്ങള്‍ നേരിട്ട ഇരകളുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഗവണ്‍മെന്റ് പരാജയപ്പെട്ടു"" എന്നാണ് കോടതി പറഞ്ഞത്. ""ഇരയുടെയും അവളുടെ കുടുംബത്തിന്റെയും സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിന്"" ഗവണ്‍മെന്റ് നടപടികള്‍ കൈക്കൊള്ളാത്തതിനെയും വിധി പ്രസ്താവത്തില്‍ എടുത്തുപറയുകയുണ്ടായി.

""അപമാനത്തിനോ അന്തസ്സ് കെടുത്തിയതിനോ പകരംവെയ്ക്കാന്‍ ഒന്നിനും കഴിയില്ലെങ്കിലും ധനസഹായമെങ്കിലും നല്‍കിയാല്‍ അല്‍പം ആശ്വാസമാകും"" എന്നും കോടതി പറഞ്ഞു. അതോടൊപ്പം ""നേരത്തെ അനുവദിച്ച 50,000 രൂപ കൂടാതെ 5 ലക്ഷം രൂപകൂടി ഇന്നേക്ക് ഒരു മാസത്തിനകം നല്‍കണമെന്നും"" കോടതി പശ്ചിമബംഗാള്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഇരയുടെ പുനരധിവാസത്തിന്റെ പ്രാധാന്യത്തിലൂന്നിക്കൊണ്ട് കോടതി ഒന്നുകൂടി പറഞ്ഞത്, ""എന്നിരുന്നാലും ഗവണ്‍മെന്റിന്റെ നിയമപരമായ ചുമതല നഷ്ടപരിഹാരം നല്‍കുന്നതില്‍ മാത്രം ഒതുങ്ങുകയല്ല വേണ്ടത്; ഇരയുടെ പുനരധിവാസത്തിലും പരമപ്രധാന പങ്ക് വഹിക്കാനുണ്ട്.""

പശ്ചിമബംഗാളിലെ ബിര്‍ഭും ജില്ലയിലെ സബല്‍പൂര്‍ ഗ്രാമത്തില്‍ 20 വയസുള്ള ഒരു ആദിവാസി പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്തതുമായി ബന്ധപ്പെട്ട് ബിസിനസ് ആന്റ് ഫിനാന്‍ഷ്യല്‍ ന്യൂസില്‍ 2014 ജനുവരി 23ന് വന്ന വാര്‍ത്ത ശ്രദ്ധിക്കപ്പെട്ടതോടെയാണ് കേസ് അപെക്സ് കോടതിയിലെത്തുന്നത്. അന്യജാതിക്കാരനുമായി വിവാഹബന്ധത്തിലേര്‍പ്പെട്ടതിന്റെ ശിക്ഷയായി അവളെ കൂട്ട ബലാത്സംഗം നടത്താന്‍ വില്ലേജ് പഞ്ചായത്തിന്റെ സലീശി സഭ ഉത്തരവിട്ടതോടെയാണ് ജനുവരി 20ന് രാത്രി കുറ്റകൃത്യം നടന്നത്. അടുത്തദിവസംതന്നെ സുപ്രീംകോടതി ഒരു പൊതുതാല്‍പര്യ ഹര്‍ജി സ്വമേധയാ ഫയല്‍ചെയ്യുകയും ചീഫ് ജസ്റ്റിസ് സദാശിവം, ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ദെ, ജസ്റ്റിസ് എന്‍ വി രമണ എന്നിവരടങ്ങുന്ന ഒരു മൂന്നംഗ ഡിവിഷന്‍ ബഞ്ചിനെ നിയോഗിക്കുകയും ചെയ്തു. കൂടാതെ, സംഭവം നടന്ന സ്ഥലം പരിശോധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി അടിയന്തിരമായി ബിര്‍ഭും ജില്ലാ ജഡ്ജിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. കോടതിയെ സഹായിക്കുന്നതിനായി അമിക്കസ് ക്യൂറി ആയി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സിദ്ധാര്‍ഥ് ലൂത്റയെയും നിയോഗിച്ചു. ജില്ലാ ജഡ്ജിയും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ടും സംയുക്തമായി, കുറ്റകൃത്യം നടന്ന സ്ഥലം പരിശോധിക്കുകയും സുപ്രീംകോടതിയില്‍ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. കുറ്റവാളികള്‍ക്കെതിരെ പൊലീസ് നടപടിയെന്തെങ്കിലും കൈക്കൊണ്ടതായി റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ലാത്തതിനാല്‍ ഇക്കാര്യത്തെക്കറിച്ച് വിശദമായി അന്വേഷിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബംഗാള്‍ ചീഫ് സെക്രട്ടറിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി. അമിക്കസ് ക്യൂറി സിദ്ധാര്‍ഥ് ലൂത്റ നല്‍കിയ സബ്മിഷന്റെ അടിസ്ഥാനത്തില്‍, അന്വേഷണത്തില്‍ നിരവധി പോരായ്മകള്‍ കണ്ടെത്തിയതായി കോടതി വിധിന്യായത്തില്‍ രേഖപ്പെടുത്തിയിരുന്നു. ഈ പോരായ്മകള്‍ സൂചിപ്പിക്കുന്നത്, ഭരണത്തിലിരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ തണലില്‍ കുറ്റവാളികളെ സഹായിക്കുന്നതിനായി, മനഃപൂര്‍വം യാഥാര്‍ഥ്യം മൂടിവെയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നുവെന്നാണ്.

വിധിന്യായത്തില്‍ അമിക്കസ്ക്യൂറിയെ ഉദ്ധരിച്ചുകൊണ്ട് കോടതി രേഖപ്പെടുത്തിയത്, ""ഏതുതരത്തില്‍ നോക്കിയാലും നിശ്ചയമായും ഒരു വലിയ ഗൂഢാലോചന ഇതിനുപിന്നിലുണ്ടായിട്ടുണ്ട്"" എന്നാണ്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റ് അനിര്‍ബാന്‍ മണ്ഡല്‍ ആയിരിക്കാം എഫ്ഐആര്‍ രേഖപ്പെടുത്തിയത് എന്നും ചൂണ്ടിക്കാട്ടി. ""അനില്‍ മണ്ഡല്‍ പൊലീസ് സ്റ്റേഷനിലെത്തിതിന് യാതൊരടിസ്ഥാനവുമില്ല; അയാളുടെ സാന്നിദ്ധ്യം അവിടെ ഉണ്ടായിരുന്നതിന് യാതൊരു ന്യായീകരണവുമില്ല"" എന്നും വിധിന്യായത്തില്‍ എടുത്തുപറയുന്നു. കുറ്റവാളികളിലൊരാളുടെ പേര് പൂര്‍ണമായും വ്യത്യസ്തമായിരുന്നു-എഫ്ഐആറില്‍ ഒരു പേരും ജുഡീഷ്യല്‍ ഓഫീസറുടെ റിപ്പോര്‍ട്ടില്‍ മറ്റൊരു പേരും. എന്നുതന്നെയല്ല, എഫ്ഐആര്‍ രേഖപ്പെടുത്തിയത് വനിതാ പൊലീസ് ഓഫീസറോ മറ്റേതെങ്കിലും വനിതാ ഓഫീസറോ ആയിരുന്നില്ല. ഇത് ഇന്ത്യന്‍ പീനല്‍കോഡിന്റെ (ഐപിസി) വിവിധ സെക്ഷനുകളുടെ നഗ്നമായ ലംഘനമാണ്. ""ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് 26-01-2014, 27-01-2014, 29-01-2014 എന്നീ തീയതികളില്‍ സ്റ്റേറ്റുമെന്റുകള്‍ വീണ്ടും രേഖപ്പെടുത്തിയത്, ക്രോസ് വിസ്താരത്തിനിടെ ഉണ്ടാകാന്‍ സാധ്യതയുള്ള വൈരുദ്ധ്യങ്ങളിലേക്ക് നയിക്കുകയായിരുന്നുവെന്നും അത് അതിന്റെ സാരാംശത്തിലുമുണ്ടായി എന്നതിന് യാതൊരു ന്യായീകരണവുമില്ലെന്നും"" കോടതി പറഞ്ഞു.

അതുപോലെ ഉയര്‍ത്തപ്പെട്ട മറ്റൊരു ചോദ്യം, ""സലീശി സഭയുമായി ബന്ധപ്പെട്ട ഗ്രാമത്തില്‍നിന്നല്ലാതെ എന്തിനായിരുന്നു മറ്റനേകം പേര്‍ അടുത്തുള്ള ഗ്രാമങ്ങളായ ബിക്രമൂറില്‍നിന്നും രാജാറാംപൂരില്‍നിന്നും അവിടെ എത്തിയത്?"" എന്നുതന്നെയല്ല, സലീശി സഭ കൂടിയതു സംബന്ധിച്ച് എഫ്ഐആറിലെ ഭാഷ്യവും ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ റിപ്പോര്‍ട്ടും തമ്മില്‍ വ്യത്യാസമുണ്ട്. ആ വ്യത്യാസം എഫ്ഐആര്‍ പ്രകാരം അത് 20-01-2014 രാത്രിയില്‍ ആണെന്നതോ അല്ലെങ്കില്‍ ജുഡീഷ്യല്‍ റിപ്പോര്‍ട്ടനുസരിച്ച് അടുത്തദിവസം രാവിലെയാണെന്നതോ ആണ്. ഐപിസിയുടെ വിവിധ സെക്ഷനകള്‍ക്കുകീഴില്‍ വരുന്ന പരസ്യമായ ബലാത്സംഗം, അന്യായമായി ഭീഷണിപ്പെടുത്തല്‍, മനോവ്യഥയുണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങളൊന്നുംതന്നെ ഇതില്‍ ഉള്‍ക്കൊള്ളിച്ചില്ല. ഒട്ടനവധി വിധിന്യായങ്ങളെ പരമാര്‍ശിച്ചുകൊണ്ട് കോടതി നിരീക്ഷിച്ചത്, ""അന്യജാതിയിലോ അന്യമതത്തിലോ പെട്ട വിവാഹങ്ങള്‍, ചിലര്‍ അവരുടെ സ്വന്തം ഇഷ്ടപ്രകാരം നടത്തിയതിന്റെപേരില്‍ അവരെ "അഭിമാനക്കൊലകള്‍" നടത്തി ഇല്ലാതാക്കിയതായി പലപ്പോഴും നമ്മള്‍ കേള്‍ക്കാറുണ്ട്. ഇത്തരം കൊലപാതകങ്ങളില്‍ അഭിമാനിക്കത്തക്കതായി ഒന്നുമില്ല. യഥാര്‍ഥത്തില്‍ അവയെല്ലാം പ്രാകൃതവും നാണക്കേടുളവാക്കുന്നതുമായ കൊലപാതകങ്ങളാണ്. മൃഗീയമായ, ഫ്യൂഡല്‍ മനഃസ്ഥിതിയുള്ള അത്തരം ആളുകള്‍ കഠിന ശിക്ഷയര്‍ഹിക്കുന്നു."" കൂടാതെ, ""നമ്മള്‍ ഈയടുത്ത വര്‍ഷങ്ങളിലായി കേള്‍ക്കുന്ന "ഖാപ്പ് പഞ്ചായത്തുകള്‍" (തമിഴ്നാട്ടില്‍ ഇത് ഖട്ട പഞ്ചായത്തുകള്‍ എന്നറിയപ്പെടുന്നു) പലപ്പോഴും വ്യത്യസ്ത ജാതിയിലും മതത്തിലുംപെട്ട, വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയോ വിവാഹിതരാവുകയോ ചെയ്ത ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മേല്‍ ഉത്തരവ് പുറപ്പെടുവിക്കുകയോ അല്ലെങ്കില്‍ വ്യവസ്ഥാപിത രീതിയിലുള്ള മറ്റ് അതിക്രമങ്ങള്‍ നടത്തുകയോ അല്ലെങ്കില്‍ ജനങ്ങളുടെ വ്യക്തിജീവിതത്തിലിടപെടുകയോ ചെയ്യുന്നു. ഇവയെല്ലാം നിയമവിരുദ്ധവും നിഷ്കരുണം തുടച്ചുമാറ്റപ്പെടേണ്ടതുമാണ്. നേരത്തെ സൂചിപ്പിച്ചപോലെ ലതാസിങ്ങിന്റെ സംഭവത്തിലെ അല്ലെങ്കില്‍ അതുപോലെയുള്ള മറ്റ് അതിക്രമങ്ങളില്‍ അഭിമാനിക്കത്തക്കതായി ഒന്നുമില്ല. യഥാര്‍ഥത്തില്‍ ഇത് പ്രാകൃതവും നാണക്കേടുളവാക്കുന്നതുമായ കൊലപാതകമല്ലാതെ മറ്റൊന്നുമല്ല. ജനങ്ങളുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ക്രൂരതകള്‍ ചെയ്യുന്ന, മൃഗീയമായ, ഫ്യൂഡല്‍ മനോഭാവം വെച്ചുപുലര്‍ത്തുന്നവര്‍ കഠിന ശിക്ഷയര്‍ഹിക്കുന്നു. അങ്ങനെയെങ്കില്‍ മാത്രമേ ഈ പ്രാകൃതത്വത്തെയും ഫ്യൂഡല്‍ മനോഭാവത്തെയും തുടച്ചുമാറ്റാന്‍ കഴിയൂ. ഇതുകൂടാതെ, നിയമം കയ്യിലെടുക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളും ഇതിനു തുല്യമായ കംഗാരു കോടതികളും എല്ലാം മൊത്തത്തില്‍ നിയമവിരുദ്ധമാണ്"". അതിനാല്‍ സെക്ഷന്‍ 154നുകീഴില്‍ വരുന്ന നിയമമനുസരിച്ച് എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്യുന്നത് നിയമപ്രകാരം നിര്‍ബന്ധിതമാണെന്നും ആ വിവരത്തില്‍നിന്നും മാരകമായ കുറ്റം വെളിപ്പെടുകയാണെങ്കില്‍ അത് രജിസ്റ്റര്‍ ചെയ്യുകയെന്നത് പൊലീസ് ഓഫീസറുടെ ചുമതലയാണെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. എല്ലാ പൊതു-സ്വകാര്യ ആശുപത്രികള്‍ (അവ കേന്ദ്രഗവണ്‍മെന്റിന്റെയോ സംസ്ഥാന ഗവണ്‍മെന്റിന്റെയോ രണ്ടിലേതായാലും) സ്വകാര്യസമിതികള്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും വ്യക്തികള്‍, ഇവയേതായാലും 357ര വകുപ്പനുസരിച്ച്, ഐപിസി സെക്ഷനുകീഴില്‍ വരുന്ന ഏത് കുറ്റകൃത്യത്തിനും ഇരയായവര്‍ക്ക് പ്രഥമ ശുശ്രൂഷയോ അല്ലെങ്കില്‍ സൗജന്യ വൈദ്യചികിത്സയോ നല്‍കാന്‍ അവ ബാധ്യസ്ഥമാണ്.

*
ജെ എസ് മജുംദാര്‍

ചെറുകാടിന്റെ കരുത്ത്

മലയാളത്തിലെ വിഖ്യാത എഴുത്തുകാരനായ ചെറുകാടിന്റെ ജീവിതകഥയാണ് ""ചെറുകാട്: എഴുത്തും കരുത്തും"". കേരള സാഹിത്യഅക്കാദമിക്കുവേണ്ടി കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ഇയ്യങ്കോട് ശ്രീധരനാണ് ഗ്രന്ഥം രചിച്ചത്. സാഹിത്യഅക്കാദമിയിലും സംഗീതനാടക അക്കാദമിയിലും ഭാരവാഹിത്വം വഹിക്കുകയും പുരോഗമന കലാസാഹിത്യസംഘത്തെ നയിക്കുകയും ചെയ്തപ്പോള്‍ പതിറ്റാണ്ടുകളായി ചെറുകാടുമായി നിരന്തരം ഇടപഴകാന്‍ അവസരം ലഭിച്ച ഇയ്യങ്കോടിന് ചെറുകാട് ചരിതം കരതലാമലകമത്രേ. മഹാവനമായ ചെറുകാടിന്റെ സാഹിത്യവും മനോസഞ്ചാരവും വ്യാകുലതകളും വഴിത്തിരിവുകളും കാണിച്ചുതരുന്ന കൃതി എന്ന് പുരുഷന്‍ കടലുണ്ടി പരിചയപ്പെടുത്തിയതില്‍ അപാകതയില്ല. ""ഇതാ, എന്റെ സ്വന്തം ഒരാള്‍"" എന്ന തോന്നലുളവാക്കാറുള്ള ചെറുകാട് എന്ന് തുടങ്ങുന്ന അവതാരിക എം ടി വാസുദേവന്‍നായരുടേതാണ്. ജീവിതപ്പാതയെയാണ് ഇയ്യങ്കോട് പിന്തുടര്‍ന്നിട്ടുള്ളത്. കൂടെ ചേര്‍ത്തത് ദീര്‍ഘകാലം സഹപ്രവര്‍ത്തകനായതിന്റെ അനുഭവ സമ്പത്തും. ""നാടും തറവാടും കുട്ടിക്കാലവും"" പ്രഥമാധ്യായം.

ഞാനൊരു അമ്പലവാസിയാണ് എന്ന സത്യവാങ്മൂലത്തില്‍ പിടിച്ച് പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളത്തിലെ സാമൂഹ്യാന്തരീക്ഷത്തിലേക്ക് ഗ്രന്ഥകാരന്‍ കടക്കുന്നു. പിഷാരടിമാര്‍ ജൈനമതക്കാരുടെ വംശപരമ്പരയില്‍പെട്ടതാണെന്ന് ഇയ്യങ്കോട് പ്രസ്താവിക്കുന്നു. അതിലേറെ വസ്തുതാപരമാണ് അമ്പലവാസികളുടെ സാമൂഹ്യാസ്തിത്വത്തെ ചെറുകാട് വെളിപ്പെടുത്തിയത് എന്ന് തോന്നി:

""നമ്പൂരിതന്‍ താഴെ,
നായര്‍ക്കുമീതെയായ്
അമ്പലവാസിഞാന്‍
മൂടിത്തിരിയവേ...""

വല്ലാത്തൊരു സന്ദിഗ്ധതയാണത്. അവിടെ തനിക്ക് വഴികാണിച്ചതും ലക്ഷ്യബോധം പകര്‍ന്നതും കമ്യൂണിസ്റ്റ് പ്രസ്ഥാനമാണെന്ന് ചെറുകാട് അരുളി. വള്ളുവനാട്, ഏറനാട് എന്നീ പ്രാചീന ഇടങ്ങളുടെ ചരിത്രം വിശകലനം ചെയ്യുന്നുണ്ട്-പ്രാരംഭത്തില്‍. ഇവിടെ ഒരു കാര്യം ഓര്‍ക്കാവുന്നതാണ്, ജീവിതപ്പാതയില്‍ മാത്രമല്ല "മണ്ണിന്റെ മാറില്‍", "മുത്തശ്ശി", "ശനിദശ" എന്നീ നോവലുകളിലും ചെറുകാട് വള്ളുവനാടിന്റെ ചരിത്രം വിസ്തരിക്കുന്നുണ്ട്.

വള്ളുവനാടിന്റെ ഹൃദയം എന്ന് ചെറുകാട് കരുതുന്ന പുലാമന്തോളിലിരുന്ന് കുറിച്ചുവെച്ച ദേശചരിത്രം പ്രധാനമാണ്. എന്നല്ല ഒടുക്കം ""ജന്മഭൂമി"" എന്നൊരു നാടകംതന്നെ എഴുതി. സി വി രാമന്‍പിള്ള തിരുവിതാംകോടിന്റെയും അപ്പന്‍തമ്പുരാന്‍ കൊച്ചിയുടേതുമെന്നപോലെ ചെറുകാട് വള്ളുവനാടിന്റെ ചരിത്രകാരന്‍കൂടിയാണ് എന്നു പറഞ്ഞാല്‍ പാപമില്ല എന്നു തോന്നുന്നു. സുഖദുഃഖ സമ്മിശ്രമായിരുന്നു ചെറുകാടിന്റെ ബാല്യം. മരുമക്കത്തായ സമ്പ്രദായത്തിന്റെ ശകാരവും ഭേദ്യവും ഒരുവശത്ത്. നേരവും കാലവുമനുസരിച്ച് വല്ലപ്പോഴും ഒഴുകുന്ന അമ്മാവന്റെ വാത്സല്യം മറുവശത്ത്. മരുമക്കളുടെ അനുസരണവും ആദരവും എപ്പോഴും. ആറ്റുനോറ്റു പിറന്ന ഉണ്ണിയായിരുന്നല്ലോ ഗോവിന്ദന്‍. സ്കൂള്‍ വിദ്യാഭ്യാസം വളവും തിരിവും നിറഞ്ഞ വഴികളില്‍. സംസ്കൃതപഠനവും വൈദ്യം ഹൃദിസ്ഥമാക്കിയതും ജീവിതപ്പാതയില്‍ താങ്ങും തണലുമായി. അതിനിടയ്ക്ക് മുറപ്പെണ്ണായ ലക്ഷ്മിക്കുട്ടിയോടുള്ള പ്രണയത്തിന് വിത്തിട്ടു. ഇണങ്ങിയും പിണങ്ങിയും കണ്ണീരൊഴുക്കിയും ആവേശം പകര്‍ന്നും ആ കാക്കക്കുറത്തി കണവനെ കൊണ്ടുനടന്നു. അധ്യാപകവൃത്തിയും കര്‍ഷകവേലയുമായി ചെറുകാട് നിലയുറപ്പിച്ചുനിന്നു. ചെറുകാട് നിരത്തിയ ആത്മകഥാഖ്യാനം ഇയ്യങ്കോട് ഭംഗിയായി ആവിഷ്കരിച്ചിട്ടുമുണ്ട്. ക്ഷേത്രപ്രവേശന ശ്രമം, കോണ്‍ഗ്രസ് പ്രവര്‍ത്തനം, ഗാന്ധിജിയെ പിന്തുടര്‍ന്നത്, പതുക്കെ പതുക്കെ കമ്യൂണിസ്റ്റായത്. ഇ എം എസ് നമ്പൂതിരിപ്പാട് അയല്‍ക്കാരന്‍ മാത്രമല്ല ആരാധ്യ പുരുഷനുമായിരുന്നു. അപ്പോഴേക്ക് എഴുത്തുകാരനെന്ന ഖ്യാതിയും പരന്നിരുന്നു.

""ചെറുകാട്-പാര്‍ടിയുടെ കവി"" എന്നാണ് സഖാക്കള്‍ പരിചയപ്പെടുത്തുക. നാടകത്തിലാണ് അധികം മോഹവും മിടുക്കും. ചൊവ്വൂര്‍ നമ്പൂതിരിപ്പാട് ആണ് നാടകത്തിലേക്ക് ഉപനയിച്ചത്-പ്രഹ്ലാദ ചരിതം എന്ന സംഗീത നാടകമാണ് കന്നിക്കൃതി. (ഇവിടെ ഇയ്യങ്കോടിന് നിസ്സാരമെങ്കിലും ഒരു അശ്രദ്ധപറ്റി "കുട്ടിത്തമ്പുരാന്‍" സി എം നീലകണ്ഠന്‍ നമ്പൂതിരിപ്പാടാണ് എന്ന്. അത് അനുജന്‍ സി എം എസ് നമ്പൂതിരിപ്പാടാണ്. കുട്ടിത്തമ്പുരാന്‍ എന്ന നാടകത്തിലെ വലിയ തമ്പുരാന്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടല്ലതാനും.) അതിനിടയ്ക്ക് തറവാടുഭരണവും ചുമക്കേണ്ടിവന്നു. പഴയ പ്രൗഢിയേ ഉള്ളൂ. കെട്ടിയിരിപ്പൊന്നുമില്ല. അധ്വാനിക്കാന്‍ വശത ഉള്ള ആണ്‍തരികളുമില്ല. എന്നാലും ചെറുകാട് പിടിച്ചുനടത്തി. അതിനിടയ്ക്ക് ലക്ഷ്മിക്കുട്ടിയെ പരിണയിക്കുകയും ചെയ്തു. പല സ്കൂളിലായി അവര്‍ അധ്യാപികയായി. പക്ഷേ വിവാഹനിശ്ചയവേളയിലെ വാക്കാല്‍ കരാറുപ്രകാരം അവരുടെ ശമ്പളം അമ്മാവന് കൊടുക്കണം. അന്നത്തെ ധര്‍മ്മസങ്കടമാണ് ""അടിമ"" എന്ന ലഘു നാടകത്തിലുള്ളത്. രാഷ്ട്രീയ പ്രവര്‍ത്തനം കേമമായി നടന്നു. രാഷ്ട്രീയ ഗുരുനാഥന്‍ സി ആര്‍ - രാമന്‍കുട്ടിനായര്‍. പാര്‍ടി നേതാവ്, പില്‍ക്കാലത്ത് അധ്യാപക പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍.

അതിനിടയ്ക്കാണ് കെ പി നാരായണപിഷാരടി പാവര്‍ട്ടി സംസ്കൃത കോളേജിലേക്ക് വിളിച്ചത്. അവിടെ ""ശീലാവതി മുന്‍ഷി"" യായി കുലപതിയുടെ സഹജീവിയായി കൂടി. കെ പി നാരായണപിഷാരടി, പി സി വാസുദേവനിളയത്, ശ്രീകൃഷ്ണശര്‍മ്മ, എം പി ശങ്കുണ്ണിനായര്‍ എന്നീ പണ്ഡിതവരേണ്യന്മാരുടെ സമ്പര്‍ക്കത്തില്‍ സംസ്കൃത മഹാകാവ്യങ്ങളുടെ മധുരം മോന്തിക്കുടിച്ചു. എം എസ് മേനോന്‍, കോവിലന്‍ എന്നീ ശിഷ്യന്മാരുടെ സഹവാസം ഉത്സാഹം പകര്‍ന്നു. അണ്ടത്തോട് ഫര്‍ക്കയിലെ പാര്‍ടി പ്രവര്‍ത്തനം സംതൃപ്തി നല്‍കി. എന്നാല്‍ പ്രണയിനിയുടെയും കുട്ടികളുടെയും കൂട്ടില്ലാത്തത് ചുളുചുളെ കുത്തലുണ്ടാക്കി. ജാപ്പ് വിരുദ്ധപാടകം, ഓട്ടന്‍തുള്ളല്‍ എന്നിങ്ങനെ പാര്‍ടിക്ക് ഉണര്‍വുണ്ടാക്കുന്ന കലാവിദ്യകള്‍ എം പി ഭട്ടതിരിപ്പാടിന്റെ സഹായത്തോടെ ബോംബെതൊട്ട് കണ്ണൂര്‍വരെ കൊണ്ടുനടന്നത് ചെറുകാടിനെ ജനപ്രിയനാക്കി. പക്ഷേ പാവര്‍ടി ജീവിതംവിട്ട് നാട്ടിലേക്ക് മടങ്ങാന്‍ ചെറുകാടിന് ധൃതിയായി. പുലാമന്തോളിലും പാര്‍ടി പ്രവര്‍ത്തനത്തിലുണ്ടായിരുന്നു. ചരിത്രപ്രസിദ്ധമായ നെല്ലായ പുരോഗമന സാഹിത്യ സമ്മേളനത്തിന്റെ മുഖ്യ സംഘാടകനായത് ചെറുകാടിനെ സാഹിത്യലോകത്ത് പ്രസിദ്ധനാക്കി. മഹാകവി ജി, മുണ്ടശ്ശേരി തുടങ്ങിയ വമ്പന്മാരും കൊമ്പന്മാരും അണിനിരന്ന സമ്മേളനത്തിന്റെ സഹായികളില്‍ പ്രധാനി ഒ എം സി നാരായണന്‍ നമ്പൂതിരിയായിരുന്നു.

പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്കൃത കോളേജിനെ കേരളത്തിലെ ഒന്നാംകിട കോളേജാക്കി ഉയര്‍ത്തുന്നതില്‍ ഇ പി ഗോപാലനോടൊപ്പം ചെറുകാട് നടത്തിയ കഠിനാധ്വാനം വാഴ്ത്തത്തക്കതാണ്. ഇനിയും പറയാനേറെയുണ്ട്. ചെറുകാടിന്റെ കുടുംബത്തെ വിശദമായി പരിചയപ്പെടുത്തി ഒന്നാം പടലം അടയ്ക്കുന്നു. രണ്ടാം പടലത്തില്‍ ചെറുകാടിന്റെ സാഹിത്യദര്‍ശനം, രചനയിലെ രസതന്ത്രം എന്നീ ലേഖനങ്ങളാണ്. മഹാകവി പി കുഞ്ഞിരാമന്‍നായരുടെയും സി പി ചിത്രഭാനുവിന്റെയും ഓര്‍മ്മക്കുറിപ്പുകളുമുണ്ട്. ചെറുകാടിന്റെ കൃതികള്‍, ചെറുകാടിനെക്കുറിച്ചുള്ള പഠനങ്ങള്‍, കുറെ ഫോട്ടോകള്‍-ഇയ്യങ്കോടിന്റെ പഠന ഗ്രന്ഥത്തിന് പൂര്‍ണതയേകുന്നു.

*
പാലക്കീഴ് നാരായണന്‍

നവലിബറലിസം വേട്ടയാടുന്ന നഴ്സിങ് മേഖല

ആരോഗ്യമേഖലയില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ മേഖലയിലെ പോളിസി രൂപപ്പെടുത്തുന്നതിലെ രാഷ്ട്രീയം ശരിയാണോയെന്ന് നാം പരിശോധിക്കേണ്ടതുണ്ട്, ഇത്തരത്തില്‍ പുതിയ മെഡിക്കല്‍ കോളേജുകളുടെ രൂപീകരണത്തെ വിലയിരുത്തേണ്ടതുണ്ട്. ആഗോളവല്‍കരണത്തിന്റെ കാലഘട്ടത്തില്‍ പേ ആന്റ് യൂസ് സംവിധാനം ഏറ്റവും കൂടുതല്‍ ദോഷം വരുത്തിയ മേഖലയാണിത്. പണമുള്ളവന് കൂടുതല്‍ പരിചരണം സാധ്യമാകുന്ന രീതിയില്‍ ആരോഗ്യസംവിധാനങ്ങളെ ഉപയോഗിക്കുന്നു. അതുകൊണ്ടാണ് സ്വകാര്യമേഖലയില്‍ ആരോഗ്യസ്ഥാപനങ്ങള്‍ തഴച്ചു വളരുന്നത്. തികച്ചും കച്ചവടമനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളായി ഇവ രൂപാന്തരം കൊള്ളുന്നു.

വിഷന്‍ -2030 ആരോഗ്യരംഗത്ത് നടപ്പിലാക്കുമ്പോള്‍ ഹെല്‍ത്ത് ഹബ്ബുകള്‍ രൂപീകരിക്കുന്നതിനുവേണ്ടിയുള്ള ശ്രമമാണ് നടക്കുന്നത്. സാമൂഹ്യ സാഹചര്യത്തിന്റെ സവിശേഷതപോലെ ജീവിത ശൈലീ രോഗങ്ങളും മറ്റും ആരോഗ്യ വ്യാപാരത്തിന് പറ്റിയ ഇടമാക്കി കേരളത്തെ മാറ്റിയിരിക്കുന്നു. ആതുരപരിചരണം വിലയ്ക്ക് വാങ്ങാന്‍ തക്കവണ്ണം ആരോഗ്യമേഖലയെ പരിവര്‍ത്തനപ്പെടുത്തുന്ന സംരംഭങ്ങളാണ് ഇത്തരം ഹബ്ബുകള്‍ എന്ന് ഓര്‍ക്കണം. ബഹുരാഷ്ട്ര കുത്തകകള്‍ നേതൃത്വം കൊടുക്കുന്ന ആരോഗ്യ ചികിത്സാ ഹബ്ബുകള്‍ വേണം എന്ന കാഴ്ചപ്പാട് എതിര്‍ക്കപ്പെടേണ്ടതാണ്. ധര്‍മ്മാശുപത്രി എന്ന സങ്കല്‍പ്പം തകിടം മറിക്കപ്പെടുകയും കേരളമോഡലിന്റെ ആര്‍ജിത നേട്ടങ്ങള്‍ അട്ടിമറിക്കപ്പെടുകയും ആണ് ഇതുമൂലം സംഭവിക്കാന്‍ പോകുന്നത്. കുറച്ചുവര്‍ഷങ്ങള്‍ക്കു മുന്‍പുവരെ ഈ മേഖലയിലേക്ക് കടന്നുവരുന്നവര്‍ ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ തല്പരരായും സാമൂഹ്യപ്രതിബന്ധതയോടുകൂടിയുമാണ് ജോലി ചെയ്തു വന്നത്.

1990 കള്‍ക്ക് ശേഷം ആരോഗ്യ മേഖലയിലെ നഴ്സിങ് മേഖല സേവനപാത വിട്ട് ഒരു തൊഴില്‍ മേഖലയുടെ പരിവേഷത്തിലേക്ക് കടന്നു. ഡോക്ടര്‍മാരുടെ മേഖലയിലാകട്ടെ ഡോക്ടര്‍ എന്ന പദം ഒരു സോഷ്യല്‍ സ്റ്റാറ്റസിന്റെ ഭാഗമായി മാറുകയും ചെയ്തു. സമൂഹത്തിലെ മിക്ക രക്ഷിതാക്കളും തന്റെ കുട്ടി ഡോക്ടര്‍ ആകണം എന്ന ആഗ്രഹത്താല്‍, വളര്‍ന്നു വരുന്ന കുട്ടിയുടെ വ്യക്തിസ്വാതന്ത്ര്യങ്ങളെയും ഇഷ്ടാനിഷ്ടങ്ങളെയും ഹനിച്ചുകൊണ്ട്, ഡോക്ടര്‍ ആക്കുന്നതിനുവേണ്ടി സജ്ജമാക്കപ്പെട്ട ഫാക്ടറികളിലേക്ക് അവരെ തള്ളിവിടുന്നു. അവിടുത്തെ ഉല്പന്നങ്ങളായി പുറത്തുവരുന്നവര്‍ക്ക് ഉപഭോക്താക്കളായി മാത്രമേ രോഗികളെ കാണാന്‍ കഴിയൂ. ഇതു തന്നെയാണ് നഴ്സിങ് മേഖലയിലും സംഭവിച്ചത്. എന്‍ട്രന്‍സ് എന്ന നടപ്പുദീനം ബാധിച്ച യുവത്വത്തിന് എഞ്ചിനീയറിങ്ങും മെഡിസിനും കിട്ടിയില്ലെങ്കില്‍ പിന്നെ നഴ്സിങ് എന്ന നിലപാടും ഈ രംഗത്ത് വന്‍ സാധ്യത തീര്‍ത്തു. പഠന നിലവാരം പുലര്‍ത്തുന്നവര്‍ ഗവണ്‍മെന്റ് മേഖലയിലും സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടവര്‍ വമ്പന്‍ സ്വകാര്യ ആശുപത്രികളിലും അതിനു കഴിയാത്തവര്‍ 5 ഉം 8 ഉം ലക്ഷവും ലോണെടുത്ത് അന്യസംസ്ഥാനങ്ങളിലുംഅഭയം പ്രാപിക്കുന്നു. മൊത്തത്തില്‍ നഴ്സിങ് മേഖലയിലെ തള്ളിക്കയറ്റം കഴിഞ്ഞ ഒരു ദശകത്തിനടുത്ത് ഇരട്ടിയായിരിക്കുന്നു.

കേരളത്തിലെ ഏറ്റവും വലിയ വ്യവസായം സ്വകാര്യ ആശുപത്രിയായി മാറുമ്പോള്‍ നഴ്സിങ് സ്കൂളുകള്‍ ഇതിന്റെ അവിഭാജ്യഘടകമായി മാറുന്നു. പുത്തന്‍ സാമ്പത്തിക പരിഷ്കാരത്തിന്റെയും മൂലധന ശക്തികളുടെയും കടന്നുവരവിന് ശേഷമാണ് ഈ വ്യവസായം വളര്‍ന്നു പന്തലിച്ചത്. തൊഴില്‍ സാധ്യതകള്‍ പെരുപ്പിച്ചു കാണിച്ചുകൊണ്ടു പുതിയ തലമുറയിലെ മഹാഭൂരിപക്ഷത്തെയും ഈ രംഗത്തേയ്ക്ക് ആകര്‍ഷിക്കുന്ന നയമാണ്. സ്വകാര്യ ആശുപത്രികളുടേത്. എത്രയും പെട്ടെന്ന് ഒരു ജോലി അല്ലെങ്കില്‍ വിദേശസ്വപ്നം പൂവണിയിക്കാന്‍ ഏറ്റവും നല്ല അവസരം എന്ന നിലയില്‍ ഈ രംഗത്തേക്ക് കടന്നുവരുന്നവരും ധാരാളം. ഈ കാരണങ്ങള്‍ കൊണ്ടുതന്നെ നിരവധി പുരുഷന്മാരും ഈ മേഖലയിലേക്ക് ആകൃഷ്ടരായി. ഈ സാമൂഹ്യ സാഹചര്യത്തില്‍ കേരളത്തിലെ പൊതുജന ആരോഗ്യമേഖലയിലെ രാഷ്ട്രീയ നയ സമീപനങ്ങളെ വിലയിരുത്തേണ്ടതുണ്ട്. നീതീകരിക്കാന്‍ ആവാത്ത ഒരു തൊഴില്‍ നയമാണ് ഇന്ന് നിലവിലുള്ളത്. സംസ്ഥാനത്ത് ഏകദേശം മൂവായിരത്തിനടുത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് നിലവിലുള്ളത്. ഇതില്‍ ജഒഇ തൊട്ട് മെഡിക്കല്‍ കോളേജ് തലം വരെയുണ്ട്.

ഏകദേശം പതിനായിരത്തോളം നഴ്സുമാരാണ് ഈ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നത്. കാലഹരണപ്പെട്ട 1961- ലെ സ്റ്റാഫ് പാറ്റേണ്‍ ആണ് ഇന്നും നിലനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ പൊതുജന ആരോഗ്യമേഖലയില്‍ വലിയ പൊളിച്ചെഴുത്തുകള്‍ ആവശ്യമുണ്ട്. കാരണം ആഗോളതലത്തിലെ നഴ്സുമാരുടെ കണക്കെടുത്താല്‍ ഇതില്‍ 75 ശതമാനവും കേരളത്തിന്റെ സംഭാവനയാണെന്ന് കാണാം. ഇന്ത്യയുടെ പ്രത്യേകിച്ച് കേരളത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായിട്ടാണ് നഴ്സുമാര്‍ അറിയപ്പെടുന്നത്. ഇന്ത്യയിലെ മൊത്തം 18 ലക്ഷം നഴ്സുമാരില്‍ 12 ലക്ഷവും മലയാളികളാണ്. ഈ എണ്ണത്തിലെ വര്‍ദ്ധനയ്ക്കു കാരണം മേല്‍ സൂചിപ്പിച്ച നഴ്സിങ് സ്കൂളുകളുടെ ഉല്പാദനമാണ്. ആഗോളതലത്തില്‍ ഇന്ത്യയ്ക്ക്, വിശേഷിച്ചും കേരളത്തിന് വിദേശനാണ്യം നേടിത്തരുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന ഈ വിഭാഗത്തെ ഏറെ ആദരവോടെയാണ് വിദേശ സമൂഹം വിലയിരുത്തുന്നത്. എന്നാല്‍ ഇന്ത്യയിലെയും കേരളത്തിലെയും നഴ്സുമാരുടെ സ്ഥിതി ഏറെ ദയനീയമാണ് എന്ന സത്യം പുറം ലോകം അറിയാന്‍ ഏറെ വൈകിപ്പോയി. ഇതിന്റെ കാര്യകാരണങ്ങള്‍ വിലയിരുത്തുമ്പോഴാണ് ഈ രംഗത്തെ ചൂഷണത്തിന്റെ മൃഗീയഭാവം പുറത്തുവരുന്നത്. നഴ്സിങ് രംഗത്തെ സമരങ്ങളെ കുറിച്ച് പറയുമ്പോള്‍ ഇന്ത്യയുടെ ചരിത്രത്താളുകളില്‍ ഇടംപിടിച്ച സമരമുഹൂര്‍ത്തങ്ങളായിരുന്നു പോയവര്‍ഷത്തിലും തുടര്‍ന്നും നാം ഈ മേഖലയില്‍ കാണുന്നതും കേള്‍ക്കുന്നതും.

പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് പ്രധാനമന്ത്രിയുടെ സ്വന്തം ഡോക്ടറായ ഡോ. രമാകാന്ത് പാണ്ഡ എന്ന കോര്‍പ്പറേറ്റ് നടത്തുന്ന ബോംബെയിലെ ബാന്ദ്രയിലുള്ള ഏഷ്യന്‍ ഹാര്‍ട്ട് ഹോസ്പിറ്റലില്‍ നിന്നാണ്. ബീന ബേബി എന്ന തൊടുപുഴക്കാരി സ്വയം ജീവന്‍ ബലിയര്‍പ്പിച്ചതുമുതല്‍ക്കാണ് നഴ്സിങ് സമൂഹം ഈ രംഗത്തെ ചൂഷണങ്ങള്‍ക്കെതിരെ പരസ്യമായി പ്രതികരിച്ചുതുടങ്ങിയത്. നിരവധി ചോദ്യങ്ങള്‍ സമൂഹത്തിനെതിരെ ഉതിര്‍ത്തുകൊണ്ടായിരുന്നു ആ കുട്ടിയുടെ ആത്മഹൂതി. ആ ചോദ്യശരങ്ങളേറ്റുവാങ്ങിക്കൊണ്ട് ബാന്ദ്രയിലെ നഴ്സുമാര്‍ കൊളുത്തിയ സമരാഗ്നി ഇന്ത്യയിലങ്ങോളമിങ്ങോളം കത്തിജ്വലിച്ചുകൊണ്ടിരിക്കുന്നു. പൊലീസും ഭരണകൂടവും കോര്‍പ്പറേറ്റുകളും കിണഞ്ഞു ശ്രമിച്ചെങ്കിലും തെരുവില്‍ രക്തം ചിന്തി അവര്‍ ചെയ്ത സമരമാണ് മറ്റ് സമരങ്ങളുടെ പ്രചോദനം. ഇന്ത്യയില്‍ അടുത്ത കാലത്ത് കോര്‍പ്പറേറ്റുകള്‍ക്കെതിരായി വിജയിച്ച സമരവും ബാന്ദ്രയിലേതായിരുന്നു. വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തോട് സമമായിട്ടാണീ സമരത്തെ തൊഴിലാളി വര്‍ഗം വിലയിരുത്തുന്നത്. കേരളത്തില്‍ സമരാഗ്നിക്ക് തുടക്കം കുറിച്ചത് അമൃത ഹോസ്പിറ്റല്‍ ആയിരുന്നു. ആഗോള ആരോഗ്യ വിദ്യാഭ്യാസ സൂചികയില്‍ ഉയര്‍ന്ന സ്ഥാനം കരസ്ഥമാക്കിയ കേരളത്തിലെ നഴ്സുമാരുടെ സ്ഥിതി ഏറെ ദയനീയമാണെന്ന് പൊതുജനം തിരിച്ചറിഞ്ഞു.

രാഷ്ട്രീയ, സാംസ്കാരിക പുരോഗമന പ്രസ്ഥാനങ്ങളുടെ നിരന്തരമായ ഇടപെടലുകളിലൂടെ കൈവരിച്ച നേട്ടങ്ങള്‍ക്ക് കടക വിരുദ്ധമായ സമീപനങ്ങളാണ് ആശുപത്രി മാനേജ്മെന്റുകളുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ചര്‍ച്ചയ്ക്കു വിളിച്ച് അടച്ചിട്ട മുറിയില്‍ ഗുണ്ടകളെ ഉപയോഗിച്ച് നേരിട്ട മനേജുമെന്റിന്റെ സമീപനത്തെ ഏറെ അവജ്ഞയോടെയാണ് പൊതുജനം നോക്കികണ്ടത്. അതുകൊണ്ടുതന്നെ പൊതു സമൂഹത്തിന്റെ ഇടപെടലുകളും മാധ്യമ ചര്‍ച്ചകളും ഇതിന്റെ ഭാഗമായി ഉയര്‍ന്നു വന്നു. പിന്നീട് സമരം നടന്ന ലേക്ഷോര്‍, അമല, ഗോകുലം, മെഡിക്കല്‍ കോളേജ്, കൊല്ലത്തെ ശങ്കേഴ്സ് ഹോസ്പിറ്റല്‍ എന്നിവ എല്ലാ മാനേജ്മെന്റുകള്‍ക്കും സമരക്കാരുടെ മുമ്പില്‍ ഒരു പരിധി വരെ മുട്ടുമടക്കേണ്ടി വന്നു.

ഏറ്റവും വലിയ പ്രത്യേകത ഈ ആശുപത്രികള്‍ എല്ലാം നടത്തുന്നത്, ലോകസമാധാനത്തിനു വേണ്ടി സംസാരിക്കുകയും വിശക്കുന്നവന് അപ്പവും പാര്‍പ്പിടവും നല്‍കുന്നു എന്ന് അവകാശപ്പെടുകയും ചെയ്യുന്നവരായിരുന്നു എന്നതാണ്. അതുകൊണ്ടുതന്നെ ഈ സമരങ്ങളെല്ലാം സാമുദായിക സംഘടനയ്ക്കെതിരെയുള്ള സമരങ്ങളായി ചിത്രീകരിക്കാന്‍ വലിയ ഗൂഢാലോചനകളാണ് നടന്നത്. നഴ്സുമാരുടെ സ്വകാര്യതകള്‍ ക്യാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്താനും സമരം ചെയ്യുന്ന നഴ്സുമാരുടെ ദേഹത്ത് വാഹനങ്ങള്‍ കയറ്റി കൊല്ലാനും വരെയുള്ള ശ്രമങ്ങള്‍ ഉണ്ടായി. നഴ്സുമാര്‍ക്കനുകൂലമായ പൊതുജനത്തിന്റെ പിന്തുണ ഈ സമരങ്ങളുടെ വിജയത്തിന് സഹായകമായി. നഴ്സിങ് സമൂഹം ഏറെ ആദരവോടെയാണ് ഇത് ഓര്‍ക്കുന്നത്.

തികഞ്ഞ അനീതിയാണ് ഈ മേഖലയില്‍ നടക്കുന്നത്. യാതൊരു വിധ അടിസ്ഥാന സൗകര്യങ്ങളോ സാമൂഹിക പരിരക്ഷയോ ഇല്ലാതെയാണ് നഴ്സുമാര്‍ ജോലി ചെയ്യുന്നത്. 2009 -ല്‍ സര്‍ക്കാര്‍ നിശ്ചയിച്ച 9000 രൂപ പോലും മാസവേതനം നല്‍കാതെ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച ആശുപത്രി മാനേജ്മെന്റാണ് കേരളത്തിലുള്ളത്. തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ട്, ഈ മേഖലയില്‍ വിദഗ്ദ്ധരായ നഴ്സുമാരെ അടിത്തട്ടിലെ ആരോഗ്യപരിപാലനത്തിനായി നിയമിച്ചുകൊണ്ട്, വികസിത രാഷ്ട്രങ്ങളിലെ നേട്ടങ്ങള്‍ ആരോഗ്യപരിപാലനത്തില്‍ കൈവരുത്തുവാന്‍ ശ്രദ്ധിക്കണം. ഇത്തരം സാമൂഹിക ഉത്തരവാദിത്വത്തില്‍ നിന്നും നഴ്സുമാരെ അകറ്റി നിര്‍ത്തുന്ന വരേണ്യവര്‍ഗ തീരുമാനം ഇവിടെ നടപ്പാക്കരുത്. പൊതുമേഖലയുടെ ശക്തിപ്പെടല്‍ ഈ രംഗത്തെ തൊഴില്‍ ചൂഷണത്തിന് അറുതിവരുത്താന്‍ ഒരു പരിധിവരെ സഹായിക്കും.

ആരോഗ്യപരിപാലനത്തെ ഒരു പ്രധാന അജണ്ടയാക്കി മാറ്റിയാല്‍ മാത്രമേ നല്ലൊരു ആരോഗ്യനയം സാദ്ധ്യമാകൂ. ഇത്തരത്തില്‍ സ്വകാര്യമേഖലയിലെ നഴ്സുമാരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഡോക്ടര്‍ ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട് അടിയന്തരമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ലേബര്‍ ആക്ട് പ്രകാരമുള്ള 12000 രൂപ എന്ന അടിസ്ഥാന ശമ്പളം അവര്‍ക്കു നല്‍കാന്‍ മടിക്കുന്ന മാനേജുമെന്റുകളുടെ ധിക്കാരപരമായ തീരുമാനത്തെ ശക്തിയുക്തം എതിര്‍ക്കേണ്ടതാണ്. കാലോചിതമായി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പരിഷ്കരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ഈ മേഖലയിലെ പോളിസി രൂപപ്പെടുത്തുമ്പോള്‍ നഴ്സിങ് വിദഗ്ദ്ധരുടെ സാന്നിദ്ധ്യവും സംഘടനകളുടെ പങ്കാളിത്തവും അതിലുണ്ടായാല്‍ മാത്രമേ തിരുത്തലുകള്‍ സാദ്ധ്യമാവൂ.

*
പി കെ ഉഷാദേവി

വിദ്യാര്‍ഥി സംഘടനാ നിരോധനം കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി

ഞാന്‍ ഹൈസ്കൂളില്‍ ചേര്‍ന്നത് 1947 ജൂണിലായിരുന്നു. സ്കൂള്‍ ആരംഭിച്ച് ഏതാനും ദിവസങ്ങള്‍ക്കുശേഷമാണ് ക്ലാസില്‍ പോകാന്‍ കഴിഞ്ഞത്. അന്ന് കാലത്ത് സ്കൂളില്‍ എത്തുമ്പോള്‍ അതിന്റെ രണ്ടു ഗേറ്റുകളിലും വിദ്യാര്‍ഥികളുടെ പിക്കറ്റിങ്ങായിരുന്നു. സ്വാതന്ത്ര്യലബ്ധിയുമായി ബന്ധപ്പെട്ട ഒരു പ്രശ്നമായിരുന്നു അതിന് അടിസ്ഥാനം. ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിന് ഏതാണ്ട് രണ്ടുമാസം മുമ്പത്തെ സ്ഥിതിയായിരുന്നു അത്. മറ്റെല്ലാ ജനവിഭാഗങ്ങള്‍ക്കുമൊപ്പം വിദ്യാര്‍ഥികളും സ്വാതന്ത്ര്യസമരത്തില്‍ സജീവമായി പങ്കെടുത്തിരുന്നു. പഠനത്തില്‍ മാത്രം താല്‍പര്യമെടുക്കുകയും സമൂഹത്തെ സംബന്ധിക്കുന്ന നാനാ കാര്യങ്ങള്‍ക്കുനേരെ മുഖംതിരിഞ്ഞു നില്‍ക്കുകയും ചെയ്യുന്ന വിദ്യാര്‍ഥികളെയും യുവതീയുവാക്കളെയുമല്ല, മഹാത്മാഗാന്ധി ഉള്‍പ്പെടെയുള്ള സ്വാതന്ത്ര്യസമര നേതാക്കള്‍ വിഭാവനംചെയ്തത്. രാജ്യത്തിന്റെ ഭാഗധേയം രൂപപ്പെടുത്തുന്നതില്‍ അവര്‍ തങ്ങളുടേതായ രീതിയില്‍ പങ്കാളികളാകണം. അതിനുതക്കവണ്ണം അവര്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി രാജ്യത്ത് നടക്കുന്ന നാനാ സംഭവങ്ങളും അവ സമൂഹജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനവും മനസ്സിലാക്കുകയും അവ ചര്‍ച്ചചെയ്ത് അഭിപ്രായ രൂപീകരണം നടത്തുകയും വേണ്ടിവരുമ്പോള്‍ ഇടപെടുകയും വേണം.

ഈ നിലപാടിനെ എതിര്‍ത്തവര്‍ അക്കാലത്തും ഉണ്ടായിരുന്നു. വിദ്യാര്‍ഥികള്‍ പഠിച്ചാല്‍ മാത്രം മതി, സമൂഹത്തെ ബാധിക്കുന്ന മറ്റു കാര്യങ്ങള്‍ മുതിര്‍ന്നവര്‍ നോക്കിക്കൊള്ളും എന്നായിരുന്നു അവരുടെ നിലപാട്. സ്വാന്ത്ര്യസമരകാലത്തുതന്നെ വിദ്യാര്‍ഥി പങ്കാളിത്തത്തെ അവര്‍ എതിര്‍ത്തു. ജനാധിപത്യ സമൂഹത്തില്‍ പൗരര്‍ക്കെല്ലാമുള്ള അവകാശങ്ങളും ഉത്തരവാദിത്വങ്ങളും പ്രതീക്ഷകളും പ്രതിഷേധങ്ങളും വിദ്യാര്‍ഥികള്‍ക്കുമുണ്ട് എന്ന ജനാധിപത്യ സങ്കല്‍പനത്തിന് എതിരാണ് നാടുവാഴിത്ത ചിന്തയുടെ ഉല്‍പന്നമായ ഈ വാദഗതി. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി അധികാരത്തില്‍ വന്നപ്പോള്‍, അത് വിദ്യാഭ്യാസരംഗത്തും കാര്‍ഷികബന്ധങ്ങളിലും കാലോചിതവും ജനാധിപത്യപരവുമായ മാറ്റങ്ങള്‍ നിയമനിര്‍മാണത്തിലൂടെ വരുത്തിയപ്പോള്‍, അതിനെ എതിര്‍ക്കുന്നതിനായി കോണ്‍ഗ്രസിന്റെ പോഷകസംഘടനയായി വിദ്യാര്‍ഥി സംഘടന രൂപീകരിക്കുന്നതിനും ആ സംഘടനയുടെ നേതൃത്വത്തിലുള്ള സമരത്തിന്റെ ഭാഗമായി നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും അവര്‍ക്ക് ആദര്‍ശപരമായ തടസ്സമോ മനസ്സാക്ഷിക്കുത്തോ ഉണ്ടായില്ല. മാത്രമല്ല, ആ കെഎസ്യുവിന്റെ അഖിലേന്ത്യാ പതിപ്പായി എന്‍എസ്യുഐ രൂപീകരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു അവര്‍. അതിപ്പോഴും പ്രവര്‍ത്തിച്ചുവരുന്നു.

എബിവിപി, എസ്എഫ്ഐ, എഐഎസ്എഫ് തുടങ്ങി അഖിലേന്ത്യാതലത്തിലും സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്ന ഒട്ടേറെ വിദ്യാര്‍ഥി സംഘടനകള്‍ ഇന്നുണ്ട്. വാജ്പേയി സര്‍ക്കാര്‍ ഒരു വ്യാഴവട്ടത്തിനുമുമ്പ് ഉന്നതവിദ്യാഭ്യാസം സംബന്ധിച്ച് നിയോഗിച്ച ബിര്‍ള-അംബാനി കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് 12-ാം പദ്ധതിക്കാലത്ത് യുപിഎ ഗവണ്‍മെന്റ് പല പരിഷ്കാരങ്ങളും വരുത്തിക്കൊണ്ടിരിക്കുന്നത്. അവയ്ക്ക് ആധാരമായി പ്രവര്‍ത്തിക്കുന്നത് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സിഐഐ) തയ്യാറാക്കി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം പ്രസിദ്ധീകരിച്ച ""ഉന്നത വിദ്യാഭ്യാസം സംബന്ധിച്ച വാര്‍ഷിക അവലോകനം 2013"" (എഎസ്എച്ച്ഇ 2013) എന്ന റിപ്പോര്‍ട്ടും എഫ്ഐസിസിഐ തയ്യാറാക്കി ആസൂത്രണകമ്മീഷന്‍ പ്രസിദ്ധീകരിച്ച ""ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസം; പന്ത്രണ്ടാം പദ്ധതിയും അതിനുശേഷവും"" എന്ന റിപ്പോര്‍ട്ടുമാണ്. ഈ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് വാജ്പേയി ഗവണ്‍മെന്റ് വിദ്യാഭ്യാസരംഗത്തേക്ക് കൈപിടിച്ച് ആനയിച്ച കോര്‍പറേറ്റ് മേഖലയ്ക്ക് യുപിഎ സര്‍ക്കാര്‍ ഔദ്യോഗിക പങ്കാളിത്തം പിപിപി (പൊതു-സ്വകാര്യ പങ്കാളിത്തം) വഴി നല്‍കി എന്നാണ്. എന്താണ് ഇതിന്റെ പ്രത്യേകത? ഇതേവരെ സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി പ്രവര്‍ത്തിക്കുന്ന എയ്ഡഡ് - വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമേ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുപുറമെ സഹായം ലഭിച്ചിരുന്നുള്ളു. അവയുടെ പ്രതിനിധികളും അധ്യാപകരും മാത്രമാണ് സര്‍വകലാശാലാ സമിതികളിലും മറ്റും ഉണ്ടായിരുന്നത്. ഇപ്പോള്‍ അതിനുപകരം ബിസിനസ് സ്ഥാപനങ്ങള്‍ക്ക് വലിയ അംഗീകാരവും അധികാരവും സാമ്പത്തിക സഹായവും സര്‍ക്കാര്‍ നല്‍കുന്നു. ഇതാണ് വന്നിരിക്കുന്ന പ്രധാന മാറ്റം. ഇതിന്റെ ഭാഗമായാണ് രാഷ്ട്രീയ ഉച്ചതര്‍ ശിക്ഷാ അഭിയാന്‍ (ആര്‍യുഎസ്എ അഥവാ റുസ) എന്ന പദ്ധതി.

അരനൂറ്റാണ്ടിലേറെക്കാലമായി സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ (യുജിസി) വഴിയാണ് കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിരുന്നതും. അവ പാലിക്കുന്നവയ്ക്ക് അംഗീകാരവും സഹായവും നല്‍കിവന്നതും. ഇപ്പോള്‍ ഇന്ത്യയില്‍ സര്‍വകലാശാലകള്‍ 700ല്‍പരമുണ്ട്. കോളേജുകള്‍ 35,000ല്‍പരവും. യുജിസി എന്ന ഒറ്റ സ്ഥാപനത്തിന് ഇവയുടെയെല്ലാം നിലവാരം നിര്‍ണയിക്കാനും മാനദണ്ഡങ്ങള്‍ നിശ്ചയിക്കാനും അവ പാലിക്കുന്നു എന്ന് ഉറപ്പുവരുത്തി സഹായം നല്‍കാനും കഴിയില്ല. അധികാര വികേന്ദ്രീകരണം വേണം, സംശയമില്ല. സംസ്ഥാനതലത്തില്‍ നേരത്തെ നിര്‍ദ്ദേശിക്കപ്പെട്ടിരുന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ രൂപീകരിച്ച് ഇത്തരം കുറെ ചുമതലകള്‍ അവയെ ഏല്‍പിക്കുന്നത് സ്വീകാര്യമാണ്. പക്ഷേ, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉന്നത വിദ്യാഭ്യാസതലത്തിലെ വിവിധ സ്ഥാപനങ്ങള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നു എന്ന് ഉറപ്പുവരുത്തണം. സാമ്പത്തിക സഹായം നല്‍കുമ്പോള്‍ ഉദ്ദിഷ്ട ലക്ഷ്യങ്ങള്‍ക്കായി അത് ചെലവഴിക്കപ്പെടുന്നു എന്ന് നിഷ്കര്‍ഷിക്കണം. വിവിധ ബൗദ്ധിക മേഖലകളില്‍ ഉന്നത നിലവാരമുള്ള ബിരുദമോ ബിരുദാനന്തരബിരുദമോ ഗവേഷണശേഷിയോ ഉള്ളവര്‍ തുടര്‍ച്ചയായി സൃഷ്ടിക്കപ്പെടുന്നു എന്ന് അത് ഉറപ്പുവരുത്തണം. അക്കാര്യത്തില്‍ സ്വാര്‍ഥതാല്‍പര്യ പ്രേരിതമായി പ്രവര്‍ത്തിക്കാത്തവരെയാണ് കൗണ്‍സിലിന്റെ ചുമതല ഏല്‍പിക്കേണ്ടത്. എന്നാല്‍, സാമുദായികമോ ബിസിനസ്പരമോ മറ്റുതരത്തിലോ ഉള്ള സങ്കുചിതവും വിദ്യാഭ്യാസേതരവുമായ താല്‍പര്യങ്ങളാണ് വിദ്യാഭ്യാസതലത്തില്‍ ഇപ്പോള്‍ പിടിമുറുക്കി കാണുന്നത്.

വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതിനു പകരം ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ക്ക് കൊള്ളലാഭം ഉണ്ടാക്കാന്‍ കഴിയുമാറ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനുള്ള അവസരമാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കുന്നതും രൂപീകരിക്കുന്നതുമായ ഇത്തരം ഉന്നത സമിതികള്‍ നല്‍കുന്നത്. ഇതിനുതെളിവാണ് എന്‍ജിനീയറിങ് ബിരുദധാരികളില്‍ 75 ശതമാനവും നിലവാരമില്ലാത്തവരാണെന്നും മൊത്തം സര്‍വകലാശാലകളില്‍ 90 ശതമാനവും ശരാശരി നിലവാരമില്ലാത്തവയാണെന്നുമുള്ള സര്‍ക്കാര്‍ വിദഗ്ധസമിതികളുടെ റിപ്പോര്‍ട്ട്. വാസ്തവത്തില്‍, അവര്‍ക്കുവേണ്ടിയാണ് കോഴ്സുകള്‍ സ്വയം ആവിഷ്കരിക്കാനും അവയനുസരിച്ച് അധ്യാപനം നടത്തി സ്വയം നടത്തുന്ന പരീക്ഷയിലൂടെ ഉന്നത നിലവാരമുള്ളവരെ കണ്ടെത്തി ബിരുദം നല്‍കാനുമുള്ള സ്വയംഭരണ (ആട്ടോണമസ്) കോളേജുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്നത്. കോഴ്സുകള്‍ സ്വയം ആവിഷ്കരിക്കാനും അവയെ കാലാകാലങ്ങളില്‍ അവലോകനംചെയ്ത് മെച്ചപ്പെടുത്താനും വിദ്യാര്‍ഥികള്‍ നല്ല നിലവാരം കൈവരിച്ചു എന്ന് പരീക്ഷവഴി വിലയിരുത്താനും ശേഷിയുള്ള സ്ഥാപനങ്ങളെ ഇവിടെ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. മറ്റ് രാജ്യങ്ങളില്‍ അത്തരം സ്ഥാപനങ്ങള്‍ ഉണ്ടെങ്കില്‍ നമുക്കും അവയാകാം. പക്ഷേ, അവയില്‍ പ്രിന്‍സിപ്പല്‍ മുതല്‍ക്കുള്ള അധ്യാപകര്‍ക്കാണ് സ്വയംഭരണാവകാശം വേണ്ടത്; മാനേജ്മെന്റിനല്ല. സ്വയംഭരണാവകാശമുള്ള സ്ഥാപനങ്ങളെ തിരഞ്ഞെടുക്കേണ്ടത് വിദ്യാഭ്യാസവകുപ്പോ മന്ത്രിസഭയോ അല്ല. വിവിധ വിഷയങ്ങളില്‍ പ്രാവീണ്യമുള്ളവരും അക്കാദമിക് തലത്തില്‍ വ്യാപകമായ അംഗീകാരം ഉള്ളവരുമായ ആളുകള്‍ അടങ്ങുന്ന സമിതികളാണ്. ഏത് കോളേജിനെയും ഒരു പ്രക്രിയയിലൂടെ മാത്രമേ ഈ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കഴിയൂ അതിനെ തുടര്‍ച്ചയായി വിലയിരുത്തുകയും വേണം. അത്തരമൊരു പ്രക്രിയയും കൂടാതെ ആട്ടോണമസ് കോളേജ് പദവി ചില സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നതിനെ ആര്‍ക്കും അംഗീകരിക്കാനാവില്ല. പല സംസ്ഥാനങ്ങളിലും കഴിഞ്ഞകാലത്ത് നല്‍കിയതിന്റെ അനുഭവം വിവാദപരമാണ്. ഇങ്ങനെ ഉന്നത വിദ്യാഭ്യാസരംഗത്ത് കോര്‍പറേറ്റ് മേധാവികള്‍ക്കും സാമുദായിക താല്‍പര്യങ്ങള്‍ക്കും നിര്‍ണായക നിയന്ത്രണം നല്‍കാനും അവര്‍ക്ക് വിദ്യാര്‍ഥിപ്രവേശനം, അധ്യാപകനിയമനം, ഫീസ്, ശമ്പളം എന്നിവ നിശ്ചയിക്കുന്നതില്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കാനുമാണ് ആട്ടോണമസ് കോളേജ്, റുസ പദ്ധതികള്‍വഴി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുതിര്‍ന്നുകാണുന്നത്. ഈ നീക്കങ്ങള്‍ക്കെതിരെ വിദ്യാര്‍ഥി-അധ്യാപക സമൂഹങ്ങളില്‍നിന്ന് വലിയ എതിര്‍പ്പ് ഉയര്‍ന്നുവന്നിട്ടുണ്ട്. അവയില്‍ വിദ്യാര്‍ഥികളടെ എതിര്‍പ്പിന് കൂച്ചുവിലങ്ങിടാനാണ് വിദ്യാര്‍ഥി സംഘടനകള്‍ പാടില്ല എന്നും മറ്റും നിഷ്കര്‍ഷിക്കുന്നതിന് സര്‍ക്കാര്‍ നിലപാടെടുക്കുന്നതും അതിന് അംഗീകാരം നല്‍കാന്‍ പലപ്പോഴും കോടതി തുനിയുന്നതും. അതിന്റെ ഭാഗമാണ് കഴിഞ്ഞദിവസം യുഡിഎഫ് സര്‍ക്കാര്‍ കോടതിയില്‍ ഇതുസംബന്ധിച്ച് സമര്‍പ്പിച്ച രേഖ. ഒരു കാര്യം ഇവിടെ വ്യക്തമാക്കേണ്ടതുണ്ട്. ഇവിടത്തെ വിദ്യാര്‍ഥികള്‍ പല കാര്യങ്ങളിലും ജനാധിപത്യപരമായ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും കഴിഞ്ഞകാലത്ത് സമരംചെയ്ത് നേടിയെടുത്തത് നശീകരണ പ്രവര്‍ത്തനം നടത്താനല്ല, വിദ്യാഭ്യാസ നിലവാരം ഇടിച്ചുതാഴ്ത്താനുമല്ല. ടാഗോര്‍ പണ്ടുപറഞ്ഞതുപോലെ നിര്‍ഭയമായി തന്റെ സ്വതന്ത്രമായ അഭിപ്രായം തലയുയര്‍ത്തി പറയാന്‍ ആത്മധൈര്യമുള്ള ജനത ഒരു ജനാധിപത്യ വ്യവസ്ഥയുടെ അടിത്തറയാണ്. അത്തരമൊന്നിനെ വാര്‍ത്തെടുക്കാന്‍ കെല്‍പുള്ളതാവണം വിദ്യാഭ്യാസ വ്യവസ്ഥയെങ്കില്‍, അത് ജനാധിപത്യത്തില്‍ അധിഷ്ഠിതമായിരിക്കണം. എന്നാല്‍, വന്‍കിട സ്വത്തുടമകള്‍ക്കും അധികാരികള്‍ക്കും വേണ്ടത് അവരുടെ തീര്‍പ്പ് ചോദ്യംചെയ്യാതെ അനുസരിക്കുന്ന ഭീരുക്കളായ വിധേയരെയാണ്. ആഗോളവല്‍ക്കരണകാലത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ അത്തരം വിധേയതലമുറകളെ വാര്‍ത്തെടുത്ത് തങ്ങളുടെ ചൂഷണവാഴ്ച അരക്കിട്ടുറപ്പിക്കാനാണ് കോര്‍പ്പറേറ്റുകളും അവര്‍ക്ക് ശിങ്കിടി പാടുന്ന കോണ്‍ഗ്രസ് - ബിജെപി നേതൃത്വങ്ങളും സാമുദായിക സംഘടനകളും ശ്രമിക്കുന്നത്. അതിന് തെളിവാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന വിദ്യാര്‍ഥികളുടെ സംഘടനാ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന രേഖ. ഇടത്തരം നീക്കങ്ങളെ എതിര്‍ത്ത് തോല്‍പിക്കേണ്ടതാണ് ഇന്ത്യയിലെ ജനസാമാന്യം അടരാടി നേടിയെടുത്ത സ്വാതന്ത്ര്യവും അതുമായി ബന്ധപ്പെട്ട മതനിരപേക്ഷ-ജനാധിപത്യ-സാമൂഹ്യനീതി ആദിയായ സങ്കല്‍പനങ്ങളും നിലനിര്‍ത്താനും കൂടുതല്‍ ശക്തവും അര്‍ഥവത്തും ആക്കാനും ആവശ്യമാണ്. നമ്മുടെ അസ്തിത്വം നിരന്തരമായ സമരങ്ങളിലൂടെ നിലനിര്‍ത്തേണ്ടതും കൂടുതല്‍ മിഴുവുറ്റതാക്കേണ്ടതുമായ ഒന്നാണ്. അതിനുവേണ്ടിയാണ് വിദ്യാര്‍ഥികള്‍ ഈ പ്രശ്നത്തില്‍ സംഘടിച്ച് നിലപാടെടുക്കുന്നതും സമരം ചെയ്യുന്നതും. എല്ലാ ജനാധിപത്യ പ്രസ്ഥാനങ്ങളും ആ സമരത്തിന് ഉറച്ച പിന്‍തുണ നല്‍കേണ്ടതുണ്ട്.

*
സി പി നാരായണന്‍

തെലങ്കാന സംസ്ഥാന രൂപീകരണവും ഇടതുപക്ഷത്തിന്റെ കടമകളും

2014 ജൂണ്‍ രണ്ടോടുകൂടി തെലുങ്കു സംസാരിക്കുന്ന ജനങ്ങളുള്ള രണ്ട് സംസ്ഥാനങ്ങളുണ്ടാകും. ശക്തമായ സമരത്തെതുടര്‍ന്ന് ഭാഷാടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട രാജ്യത്തെ ആദ്യ സംസ്ഥാനമായിരുന്നു ആന്ധ്രാപ്രദേശ്. ഇപ്പോള്‍, ഇന്ത്യന്‍ യൂണിയനിലെ 29-ാമത് സംസ്ഥാനമായി പ്രത്യേക തെലങ്കാന സംസ്ഥാനത്തിന്റെ രൂപീകരണത്തോടുകൂടി സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു പുതിയ അധ്യായത്തിന് തുടക്കംകുറിക്കുകയാണ്. ഈ രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലും ഇവയ്ക്കോരോന്നിനും ഉള്ളിലും പുതിയ സംഘര്‍ഷങ്ങളും വൈരുദ്ധ്യങ്ങളും ഉയര്‍ന്നുവരാനുള്ള വ്യക്തമായ സാധ്യതകളുമുണ്ട്. ഈ പശ്ചാത്തലത്തില്‍ ആ പ്രദേശങ്ങളിലെ ജനങ്ങളുടെ ക്ഷേമം, പ്രശ്നങ്ങള്‍, നയങ്ങള്‍ എന്നിവയെക്കുറിച്ച് തീരുമാനിക്കേണ്ടതും പ്രക്ഷോഭങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരേണ്ടതും അവിടത്തെ ജനങ്ങളുടെയും ജനകീയ പ്രസ്ഥാനങ്ങളുടെയും ഉത്തരവാദിത്വമാണ്. പ്രത്യേക തെലങ്കാന സംസ്ഥാനം രൂപീകരിച്ചാല്‍ മാത്രമേ തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടൂ എന്ന ആശയം തെലങ്കാന പ്രദേശത്തെ വലിയ വിഭാഗം ജനങ്ങളുടെ മനസ്സില്‍ ആഴത്തില്‍ വേരൂന്നിയതാണ്. തെലങ്കാന രാഷ്ട്രസമിതി (ടിആര്‍എസ്) ഈ അവസരത്തെ പ്രയോജനപ്പെടുത്തി. സിപിഐ എം ഒഴികെ മറ്റ് ഇടതുപക്ഷ പാര്‍ടികള്‍ ഉള്‍പ്പെടെ മറ്റു മിക്ക പാര്‍ടികളും ഈ ആവശ്യത്തിന് പിന്തുണ നല്‍കുകയായിരുന്നു. എന്നാല്‍ തെലങ്കാന മേഖലയിലെ ജനങ്ങളുമായി ഒരു ഏറ്റുമുട്ടലിന് പോകാതെതന്നെ അവരോട് സ്വന്തം നിലപാട് വിശദീകരിക്കുകയെന്ന നയമാണ് സിപിഐ എം സ്വീകരിച്ചത്.

തെലങ്കാന മേഖലയില്‍ പാര്‍ടിയും ബഹുജന സംഘടനകളും ബുദ്ധിമുട്ടുകളെയെല്ലാം ഉയര്‍ന്ന രാഷ്ട്രീയബോധത്തോടെ ധീരമായി നേരിട്ടു; ചില പ്രദേശങ്ങളില്‍ കടുത്ത അടിച്ചമര്‍ത്തലുകളും ഒറ്റപ്പെടുത്തലുകളും നേരിട്ടുകൊണ്ടുതന്നെ തങ്ങളുടെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ തെലങ്കാനയിലെ അധ്വാനിക്കുന്ന ജനങ്ങള്‍ സിപിഐ എമ്മിന്റെയും മറ്റ് ഇടതുപക്ഷ പാര്‍ടികളുടെയും ആവശ്യകത അംഗീകരിക്കുകയുണ്ടായി. സിപിഐ എമ്മിന്റെ സാന്നിധ്യമുള്ള സ്ഥലങ്ങളിലെല്ലാം കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ സിപിഐ എമ്മിനെ പിന്തുണച്ചതില്‍ ഇത് പ്രകടമാണ്. സിപിഐ എം മാത്രമാണ് സംയുക്ത ആന്ധ്രാപ്രദേശിനായി ഉറച്ച നിലപാടെടുത്തത്. വിഭജനത്തോട് ചായ്വുള്ള നിലപാട് സ്വീകരിച്ച പാര്‍ടികള്‍തന്നെ ഐക്യത്തിനായുള്ള സീമാന്ധ്രയിലെ (തെലങ്കാനയെ ഒഴിവാക്കിയശേഷമുള്ള ആന്ധ്രാപ്രദേശിന് നല്‍കിയ പേര്) ജനങ്ങളുടെ വികാരത്തെ പ്രയോജനപ്പെടുത്തുന്നതിനായി അവസരവാദപരമായി പെരുമാറി. ആ മേഖലയിലെ മറ്റു പാര്‍ടികളുടെ നടപടികളുമായി സിപിഐ എം യോജിച്ചില്ല. ഐക്യത്തിന്റെ പ്രശ്നത്തെ ഒരു പ്രദേശത്തിന്റെ പ്രശ്നം എന്ന നിലയിലല്ല സിപിഐ എം കണ്ടത്. അഖിലേന്ത്യാടിസ്ഥാനത്തിലുള്ള നയപരമായ ഒരു വിഷയം എന്ന നിലയിലാണ് പാര്‍ടി ഈ പ്രശ്നത്തെ പരിഗണിച്ചത്.

രണ്ടു പ്രദേശങ്ങളിലും മറ്റു പാര്‍ടികള്‍ തികച്ചും പരസ്പരവിരുദ്ധമായ അവസരവാദ നിലപാട് സ്വീകരിച്ചുകൊണ്ട് ജനങ്ങളെ വഞ്ചിച്ചപ്പോള്‍, രണ്ടു പ്രദേശങ്ങളിലും തത്വാധിഷ്ഠിതമായ സ്വന്തം നിലപാട് ഉയര്‍ത്തിപ്പിടിച്ച് സ്വതന്ത്രമായി നില്‍ക്കുകയായിരുന്നു സിപിഐ എം. അതേസമയംതന്നെ രണ്ടു പ്രദേശങ്ങളിലും പാര്‍ടി ജനകീയ പ്രക്ഷോഭത്തിനൊപ്പം നില്‍ക്കുകയുമുണ്ടായി. താല്‍ക്കാലിക നേട്ടങ്ങളുടെ വലയില്‍പെട്ടുപോകാതെ, ജനകീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായി സംയുക്ത സമരങ്ങളിലേര്‍പ്പെടേണ്ടതിന്റെ അനിവാര്യതയെ സംബന്ധിച്ച് രണ്ട് മേഖലകളിലേയും ജനങ്ങളോട് പാര്‍ടി തറപ്പിച്ചു പറഞ്ഞു. ഈ കാര്യത്തില്‍ സിപിഐ എം സീമാന്ധ്രാമേഖലയിലും അതിന്റെ പ്രാധാന്യം ഉയര്‍ത്തിപ്പിടിച്ചു. അവസാന നിമിഷംവരെ വേലിക്കുമുകളിലിരുന്ന ബിജെപി, സിപിഐ എമ്മിനുനേരെ വിമര്‍ശനമഴിച്ചുവിട്ടു. ബൂര്‍ഷ്വാപാര്‍ടികളുടെ അവസരവാദപരമായ ദുഷ്ടതന്ത്രങ്ങള്‍ക്ക് ഒപ്പം നില്‍ക്കാത്തതുകൊണ്ടാണ് സിപിഐ എം ആക്രമിക്കപ്പെട്ടത്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും മറ്റെല്ലാ പാര്‍ടികളുടെയും വഞ്ചനാപരവും അവസരവാദപരവുമായ നിലപാടുകള്‍ തുറന്നുകാണിക്കപ്പെട്ടു. സിപിഐ എമ്മിന്റെ തത്വാധിഷ്ഠിതമായ ഉറച്ച നിലപാട് സുവ്യക്തമാക്കപ്പെടുകയുമുണ്ടായി. സംസ്ഥാനത്തെ പ്രമുഖ പാര്‍ടികളായ കോണ്‍ഗ്രസും ടിഡിപിയും ഒരേപോലെ പ്രാദേശികാടിസ്ഥാനത്തില്‍ നെടുകെ പിളര്‍ന്നു. ജനങ്ങള്‍ക്കുമേലുള്ള തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നതിനും സീമാന്ധ്രയിലെ രാഷ്ട്രീയ താല്‍പര്യങ്ങളും ഹൈദരാബാദിലെ സമ്പത്തും സംരക്ഷിക്കുന്നതിനുമായിരുന്നു ഈ പിളര്‍പ്പ്. ഈ രണ്ട് നിലപാടുകളും തമ്മിലുള്ള (സിപിഐ എമ്മിന്റെ തത്വാധിഷ്ഠിത നിലപാടും ബൂര്‍ഷ്വാ പാര്‍ടികളുടെ അവസരവാദവും) വ്യത്യാസം ജനങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അധ്വാനിക്കുന്ന ജനങ്ങളുടെ താല്‍പര്യം കണക്കിലെടുത്ത്, ഭാഷാടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട സംസ്ഥാനങ്ങള്‍ വിഭജിക്കാന്‍ പാടില്ലെന്ന തത്വാധിഷ്ഠിത നിലപാട് സിപിഐ എം കൈക്കൊണ്ടു. ഇതില്‍നിന്ന് വ്യത്യസ്തമായി, തങ്ങള്‍ക്ക് കൂടുതല്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നതിനായി ജനങ്ങളുടെ വികാരങ്ങളെ ഇളക്കിവിടുകയാണ് മറ്റുപാര്‍ടികള്‍.

ഹൈദരാബാദിനെ കേന്ദ്രഭരണപ്രദേശമാക്കി മാറ്റാനുള്ള തിരക്കിട്ട നീക്കത്തിലാണ്, ചിലര്‍. തങ്ങളുടെ നിക്ഷേപങ്ങള്‍ സംരക്ഷിക്കലാണ് അവരുടെ ലക്ഷ്യം. മറ്റുചിലരാകട്ടെ ഓഫീസുകളുടെ അന്വേഷണത്തിലേര്‍പ്പെട്ടിരിക്കുകയാണ്. ഇവ പരസ്പരവിരുദ്ധമായ നിലപാടുകളാണ്. ഈ വിധത്തില്‍ സിപിഐ എം നിലപാടിന്റെ പൊരുളും പ്രാധാന്യവും ഇരു പ്രദേശങ്ങളിലേയും ജനങ്ങള്‍ക്ക് ഒരേപോലെ വ്യക്തമായിരിക്കുകയാണ്. തൊഴിലാളിവര്‍ഗ കാഴ്പ്പാടിന്റെ അടിസ്ഥാനത്തില്‍ തത്വാധിഷ്ഠിത നിലപാട് കൈക്കൊള്ളുന്നതിന്റെ ഉദാഹരണമാണിത്. ജനകീയപ്രശ്നങ്ങള്‍ കഴിഞ്ഞ നാലുവര്‍ഷമായി ജനകീയ പ്രശ്നങ്ങള്‍ അവഗണിക്കപ്പെട്ടിരിക്കുകയാണ്. ജനങ്ങള്‍ക്കുമേല്‍ ഒട്ടനവധി ഭാരങ്ങള്‍ അടിച്ചേല്‍പിക്കപ്പെട്ടുകൊണ്ടിരുന്നപ്പോഴും ഒരു പ്രതിഷേധ ശബ്ദവും ഉയര്‍ത്തപ്പെട്ടില്ല. ഈ സാഹചര്യം മുതലെടുത്തുകൊണ്ട്, ഭരണാധികാരികള്‍ ജനങ്ങള്‍ക്കുമേല്‍ പിന്നെയും കൂടുതല്‍ ബാധ്യതകള്‍ അടിച്ചേല്‍പിക്കുകയാണ്. നിയമസഭയില്‍ ജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് ഒരു പരാമര്‍ശംപോലും ഉണ്ടാകുന്നില്ല. രണ്ടു മേഖലകളിലേയും നേതാക്കന്മാര്‍ ഒന്നുപോലെ പരസ്പരം ചെളിവാരിയെറിയുന്നതില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ദിവസങ്ങളോളം നിയമസഭാ സമ്മേളനങ്ങള്‍ നടത്താനായില്ല. ഭരണം എന്ന ഒന്നുതന്നെ ഇല്ലാത്ത അവസ്ഥയായിരുന്നു. ജനങ്ങളെ അവരുടെ വിധിക്ക് വിട്ടുകൊടുക്കുകയാണുണ്ടായത്. തൊഴിലാളികള്‍, കര്‍ഷകര്‍, ജീവനക്കാര്‍, വിദ്യാര്‍ഥികള്‍, സ്ത്രീകള്‍, കര്‍ഷകത്തൊഴിലാളികള്‍, കൈത്തൊഴിലുകാര്‍ തുടങ്ങി വ്യത്യസ്ത വര്‍ഗങ്ങളിലും വിഭാഗങ്ങളിലുംപെട്ട ജനങ്ങള്‍ നിസ്സഹായാവസ്ഥയില്‍ ഉപേക്ഷിക്കപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യങ്ങളില്‍ സിപിഐ എമ്മാണ് അവരോടൊപ്പം നിന്നത്.

വിഭജനപ്രക്രിയ നടന്നുകൊണ്ടിരുന്നപ്പോഴും സിപിഐ എം പ്രക്ഷോഭങ്ങളും സമരങ്ങളും സംഘടിപ്പിക്കുകയുണ്ടായി. മുനിസിപ്പല്‍ തൊഴിലാളികളും അംഗന്‍വാടി ജീവനക്കാരും അധ്യാപകരും മറ്റു വിവിധ വിഭാഗം ജനങ്ങളും അതാത് വിഭാഗത്തിന്റെ സംഘടനകളുടെ നേതൃത്വത്തില്‍ സമരങ്ങള്‍ സംഘടിപ്പിച്ചപ്പോള്‍ തൊഴിലാളിവര്‍ഗ പാര്‍ടി എന്ന നിലയില്‍ സിപിഐ എം അവയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റുകയുണ്ടായി. ഇപ്പോള്‍ തെലങ്കാന സംസ്ഥാനത്തിന്റെ രൂപീകരണം തീരുമാനിക്കപ്പെട്ടുകഴിഞ്ഞു. തെലങ്കാന മേഖലയിലെ ജനങ്ങള്‍ സന്തുഷ്ടരായിരിക്കെത്തന്നെ, മറുഭാഗത്തുള്ള ജനങ്ങള്‍ ദുഃഖിതരുമാണ്. വിഭജനം കാരണം തങ്ങള്‍ക്ക് നഷ്ടം സംഭവിച്ചുവെന്ന ചിന്ത സീമാന്ധ്രാ മേഖലയിലെ ജനങ്ങളുടെ മനസ്സില്‍ വലിയ ആഘാതമേല്‍പിക്കുകയുണ്ടായി. സംസ്ഥാന വിഭജനത്തോടുകൂടി തെലങ്കാന മേഖലയുടെ പ്രശ്നങ്ങളാകെ പരിഹരിക്കപ്പെട്ടുവെന്ന് പറയാനാവില്ല. ഒട്ടേറെ പ്രശ്നങ്ങള്‍ പ രിഹരിക്കപ്പെടാതെ അവശേഷിക്കുന്നു; പുതിയ ചില പ്രശ്നങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്യും. വിഭവങ്ങളുടെ വിതരണത്തിന്റെ കാര്യം വളരെ വലിയ വികാര പ്രകടനങ്ങള്‍ക്കിടയാക്കും. രണ്ടു മേഖലകളിലെയും രാഷ്ട്രീയ നേതാക്കാള്‍ ഒരേപോലെ തങ്ങളുടെ സ്വന്തം താല്‍പര്യങ്ങള്‍ക്കായി ഈ വികാരങ്ങള്‍ ആളിക്കത്തിച്ചുകൊണ്ടിരിക്കുകയാണ്. വികാരങ്ങള്‍ ഇളക്കിവിടുകയെന്ന അപകടം തെലങ്കാനയും സീമാന്ധ്രയും തമ്മില്‍ മാത്രമല്ല, ഈ ഓരോ മേഖലയ്ക്കുള്ളിലും നിലനില്‍ക്കുന്നുണ്ട്. സീമാന്ധ്രയില്‍തന്നെ പുതിയ തലസ്ഥാനം എവിടെയായിരിക്കണമെന്നതിന്റെപേരില്‍ പുതിയ വിവാദത്തിന് ഇതിനകംതന്നെ തിരികൊളുത്തിക്കഴിഞ്ഞിരിക്കുന്നു.

ജനങ്ങള്‍ക്കിടയില്‍ പരസ്പരവിദ്വേഷം സൃഷ്ടിക്കപ്പെടുന്നില്ല എന്നുറപ്പ് വരുത്തേണ്ട ഉത്തരവാദിത്വം ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിനുണ്ട്. ഇടതുപക്ഷത്തിന് പുതിയ വെല്ലുവിളികള്‍ രണ്ടു സംസ്ഥാനങ്ങള്‍ നിലവില്‍വരുന്നതോടെ ഒരു പുതിയ സാഹചര്യം സൃഷ്ടിക്കപ്പെടുകയാണ്. രാഷ്ട്രീയ സമവാക്യങ്ങളിലെ മാറ്റത്തോടെ ഇടതുപക്ഷപ്രസ്ഥാനം പുതിയ വെല്ലുവിളികള്‍ നേരിടാന്‍പോവുകയാണ്. തെലങ്കാനയില്‍ തങ്ങള്‍ക്കനുകൂലമായി സൃഷ്ടിക്കപ്പെട്ട അന്തരീക്ഷം മുതലെടുത്തുകൊണ്ട് ശക്തിയാര്‍ജിക്കാന്‍ ബിജെപിയും മറ്റു മൗലികവാദ ശക്തികളും ശ്രമിക്കുകയാണ്. തങ്ങള്‍ മാത്രമാണ് ഏക ബദല്‍ എന്ന് സ്വയം ഉയര്‍ത്തിക്കാണിക്കുകയായിരിക്കണം സംഘപരിവാറിന്റെ തന്ത്രം. ഈ സാഹചര്യത്തെ സ്വന്തം നേട്ടത്തിനായി മാറ്റിയെടുക്കുന്നതിനാണ് ബിജെപി നോക്കുന്നത്. സ്വയം ശക്തിയാര്‍ജിക്കുന്നതിന് വര്‍ഗീയ നയപരിപാടികള്‍ക്കുപുറമെ ബിജെപി പിന്നോക്ക വിഭാഗങ്ങളുടെ പിന്തുണയാര്‍ജിക്കാന്‍ മോഡിയുടെപേരും ഉപയോഗിക്കുകയാണ്. ഈ വിഭാഗങ്ങള്‍ക്കിടയിലുള്ള തങ്ങളുടെ അടിത്തറ ദുര്‍ബലമാകാതിരിക്കാനാണ് ടിഡിപി, ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയത്. ഇപ്പോള്‍ താല്‍ക്കാലികമായ ചില തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ അതുമൂലമുണ്ടാകാമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ടിഡിപിയെ സംബന്ധിച്ചിടത്തോളം അത് മരണമണി മുഴക്കമായിരിക്കും എന്നുറപ്പാണ്. തെലങ്കാനയില്‍ ബിജെപി ഉയര്‍ത്തുന്ന ഭീഷണി ചൂണ്ടിക്കാണിച്ചുകൊണ്ട് മുസ്ലീം മൗലികവാദ സംഘടനകളും ശക്തിപ്പെടാനുള്ള സാധ്യതയുണ്ട്. നൈസാം ഭരിച്ചിരുന്ന ഹൈദരാബാദ് സ്റ്റേറ്റിന്റെ തുടര്‍ച്ചയാണ് തെലങ്കാന എന്ന ശക്തമായ പ്രചാരണവും ചില മുസ്ലീം നേതാക്കള്‍ ആരംഭിച്ചിട്ടുണ്ട്. ഈ രണ്ട് അപകടങ്ങളെയും അല്‍പവും കുറച്ചുകാണാനാവില്ല.

പുരോഗമനവാദികളായ ചില വ്യക്തികളും സംഘടനകളും സാമാജിക തെലങ്കാനയെക്കുറിച്ച് (സാമൂഹ്യനീതിയുള്ള തെലങ്കാന) സംസാരിക്കുന്നുണ്ട്. തെലങ്കാനയിലെ തൊഴില്‍രഹിതരായ യുവാക്കളാകട്ടെ തങ്ങള്‍ക്ക് ഉടന്‍ ജോലികിട്ടുമെന്ന വ്യാമോഹത്തിലുമാണ്. ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന്, ഇന്ത്യന്‍ സമ്പദ്ഘടന തളര്‍ച്ചയിലായിരിക്കെ, ആസന്നമായ ദിനങ്ങളില്‍തന്നെ തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നില്ലെങ്കില്‍ അതുമൂലമുണ്ടാകുന്ന അസംതൃപ്തി എന്തെല്ലാം പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്ന് സങ്കല്‍പിക്കാന്‍ പ്രയാസമില്ല. ഇടതുപക്ഷ പാര്‍ടികള്‍ ശക്തിപ്പെടുന്നതിലൂടെ മാത്രമേ ഇത്തരം വെല്ലുവിളികളെ നേരിടാനാകു എന്ന് പുരോഗമന ശക്തികള്‍ മനസ്സിലാക്കണം.

അതേപോലെതന്നെ, സീമാന്ധ്രയില്‍ പുതിയ ജാതി സമവാക്യങ്ങള്‍ നിലവില്‍ വരികയാണ്. മുന്നോക്ക ജാതിക്കാരിലെ മേധാവിത്വം വഹിക്കുന്ന വര്‍ഗങ്ങള്‍ തങ്ങളുടെ സ്വാധീനം സംരക്ഷിക്കുന്നതിനായി പല പാര്‍ടികളുടെയും പിന്നില്‍ അണിനിരക്കുകയാണ്. ചില പാര്‍ടികളാകട്ടെ തങ്ങളുടെ സ്വാധീനം സംരക്ഷിക്കാനായി ജാതിസമവാക്യങ്ങള്‍ ശക്തിപ്പെടുത്തുകയാണ്. ഇതിനകംതന്നെ ദേശീയ സമ്പദ്ഘടനയില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചിട്ടുള്ളള സീമാന്ധ്രയിലെ ഒരു ചെറിയ വിഭാഗം മുതലാളിമാര്‍ തങ്ങളുടെ മൂലധനത്തിന് കൂടുതല്‍ വ്യാപനമുണ്ടാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക പാക്കേജ് തട്ടിയെടുക്കാനുള്ള ശ്രമത്തിലാണ്. അവര്‍ ഈ മേഖലയില്‍ ഒരു മൂലധന നിക്ഷേപവും നടത്തിയിട്ടുമില്ല. നേരെമറിച്ച് അവര്‍ ഈ മേഖലയില്‍നിന്ന് മൂലധന സമാഹരണം നടത്തുകയും രാജ്യത്ത് മറ്റിടങ്ങളിലും മറുനാട്ടിലുമായി നിക്ഷേപിക്കുകയുമാണ്. തങ്ങള്‍ നേരിടുന്ന ധനപ്രതിസന്ധി മറികടക്കുന്നതിന് കേന്ദ്രം പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ഉപയോഗിക്കുകയാണ് അവരുടെ ലക്ഷ്യം. നേതാക്കന്മാര്‍ ഒരു പാര്‍ടിയില്‍നിന്ന് മറ്റൊന്നിലേക്ക് ചാടിക്കൊണ്ടിരിക്കുകയാണ്. ആര് ഏതു പാര്‍ടിയിലായിരിക്കും എന്നതിന് ഒരു വ്യക്തതയുമില്ല. സീമാന്ധ്രയില്‍ കോണ്‍ഗ്രസ് ഏറെക്കുറെ തുടച്ചുനീക്കപ്പെട്ടുവെന്നാണ് പല സര്‍വെകളും സൂചിപ്പിക്കുന്നത്. തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നതിന് പല പാര്‍ടികളും ദളിതരെയും ഗിരിവര്‍ഗക്കാരെയും ദുര്‍ബല വിഭാഗങ്ങളെയുംപോലും ഭിന്നിപ്പിക്കുകയാണ്. ബഹുജനപ്രസ്ഥാനങ്ങളുടെ പുരോഗതിക്ക് ഒരു തടസ്സമായി മാറുകയാണ്. സംസ്ഥാനത്തെ സാമൂഹിക സ്വത്വ പ്രസ്ഥാനങ്ങള്‍ മേധാവിത്വം വഹിക്കുന്ന ജാതികളും വര്‍ഗങ്ങളും നയിക്കുന്ന പ്രാദേശിക പ്രസ്ഥാനങ്ങളുമായി കൂട്ടുചേരുകയാണ്; അങ്ങനെ മേല്‍ജാതിക്കാരുടെ മേധാവിത്വത്തെ സഹായിക്കുകയാണ്. അവര്‍ക്കിടയിലെ ജനാധിപത്യശക്തികള്‍ ദുര്‍ബലമായിവരുന്നു. സര്‍ക്കാരിന്റെയും ഭരണകക്ഷികളുടെയും സഹായത്തോടെ വളരാന്‍ ആഗ്രഹിക്കുന്ന വിഭാഗങ്ങള്‍ ശക്തിപ്പെടുകയാണ്. സാമൂഹിക പ്രസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന ഒരു പ്രശ്നമാണിത്. ഇത്തരമൊരു ദശാസന്ധിയില്‍ സാമൂഹിക പ്രസ്ഥാനങ്ങള്‍ ആരോടൊപ്പം ചേരും? ഭരണവര്‍ഗത്തോടൊപ്പമോ ഇടതുപക്ഷ ജനാധിപത്യ ശക്തികള്‍ക്കൊപ്പമോ?
സര്‍ക്കാരിന്റെ സഹായമില്ലാതെ യാതൊരു പുരോഗതിയും കൈവരിക്കാനാവില്ലെന്നാണ് ചില ആളുകള്‍ വിശ്വസിക്കുന്നത്. ഈ തരത്തിലുള്ള ചിന്താഗതി സാമൂഹിക പ്രസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്താനാണ് പോകുന്നത്. സ്വത്വപ്രസ്ഥാനങ്ങള്‍ ഇടതുപാര്‍ടികള്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയാണെങ്കില്‍ തെലങ്കാനാമേഖലയിലേയും സീമാന്ധ്രമേഖലയിലെയും ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ഒരേപോലെ കരുത്താര്‍ജിക്കും. പ്രത്യേക തെലങ്കാനയുടെ രൂപീകരണത്തിനര്‍ഥം പിന്നോക്ക മേഖലകളുടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടുവെന്നല്ല. രണ്ടു സംസ്ഥാനങ്ങളിലും പിന്നോക്ക പ്രദേശങ്ങളുണ്ട്. ആസന്നമായ ദിനങ്ങളില്‍ തിരഞ്ഞെടുപ്പില്‍ ഏത് ഭരണവര്‍ഗപാര്‍ടി വിജയിച്ചാലും ഈ അസമത്വങ്ങള്‍ വളരുകമാത്രമേയുള്ളൂ; അത് അല്‍പവും കുറയാനിടയില്ല. ഒന്നായിരുന്ന സംസ്ഥാനത്തിന്റെ അസമമായ വികസനത്തിന് കാരണമായ അതേ നവലിബറല്‍ നയങ്ങളാണ് അവയെല്ലാം പിന്തുടരുന്നത്. ഇതിനുപുറമെയാണ് സാമൂഹികമായ അസമത്വങ്ങള്‍. എല്ലാതരത്തിലുമുള്ള അസമത്വങ്ങള്‍ക്കുമെതിരെ സമരങ്ങള്‍ തുടരുകയാണ് ഇടതുപക്ഷപാര്‍ടികള്‍ക്കു മുമ്പിലുള്ള അടിയന്തിര കടമ. അവ സാമൂഹികവും സാമ്പത്തികവുമായ സമരങ്ങളുമായി ഒരേ സമയം മുന്നോട്ടുപോകണം; വര്‍ഗസമരം ശക്തിപ്പെടുത്തണം. തെലങ്കാന പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തില്‍ ഇടതുപക്ഷപാര്‍ടികള്‍ക്കിടയില്‍ ഭിന്നതകള്‍ ഉടലെടുത്തു. ഇപ്പോള്‍ പ്രത്യേക സംസ്ഥാനത്തിന്റെ രൂപീകരണം നടന്നതോടെ ഇനി ഈ ഭിന്നതകള്‍ക്ക് പൂര്‍ണവിരാമമിടണം. തെലങ്കാനയിലെ സായുധ കര്‍ഷക സമരത്തിന്റെയും സീമാന്ധ്രയിലെ സാമ്രാജ്യത്വ വിരുദ്ധ, സെമിന്ദാരി വിരുദ്ധ സമരങ്ങളുടെയും പിന്‍മുറക്കാരായ കമ്യൂണിസ്റ്റുപ്രസ്ഥാനത്തിനു മാത്രമേ ഈ മേഖലകളുടെ സമഗ്ര വികസനത്തിനായുള്ള സമരത്തിനോട് ഉറച്ച പ്രതിബദ്ധതയുണ്ടാകു. ഇതിനാവശ്യമായ തന്ത്രം കമ്യൂണിസ്റ്റുപാര്‍ടിക്കേ ഉണ്ടാകൂ. ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യതയുള്ള പാര്‍ടികളും ഇവയാണ്. ആ പൈതൃകം മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്. കൂട്ടായ സമരങ്ങളിലൂടെ മാത്രമേ ഇടതുപാര്‍ടികള്‍ക്ക് ഈ രണ്ട് സംസ്ഥാനങ്ങളിലും മുന്നേറാനാകു. വര്‍ഗീയ-ശിഥിലീകരണശക്തികള്‍ ശക്തിപ്പെടുന്നത് തടയുന്നതിനും ഇതാവശ്യമാണ്.

ഇടതു ജനാധിപത്യശക്തികളും വിവിധ വിഭാഗങ്ങളുടെ സാമൂഹിക പ്രസ്ഥാനങ്ങളും ഒരേ വേദിയില്‍ അണിനിരക്കേണ്ടത് ഇന്നത്തെ ചരിത്രപരമായ ഒരാവശ്യമായി മാറിയിരിക്കുന്നു. ദീര്‍ഘകാല താല്‍പര്യങ്ങളുടെ അടിസ്ഥാനത്തിലും ഇത് അനിവാര്യമാണ്. രണ്ടു സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ ഐക്യവും അവരുടെ ഭാവിയും ഉറപ്പാക്കാന്‍ അങ്ങനെ മാത്രമേ കഴിയൂ. ആയതിനാല്‍, രണ്ടു സംസ്ഥാനങ്ങളിലും ശക്തമായ ജനാധിപത്യ പ്രസ്ഥാനം കെട്ടിപ്പടുക്കുക എന്ന ഉത്തരവാദിത്വം ഇടതുപക്ഷ ശക്തികളിലും പാര്‍ടികളിലും നിക്ഷിപ്തമാണ്.

*
വി ശ്രീനിവാസറാവു

തൊഗാഡിയമാര്‍ മോഡിയുടെ കുഴലൂത്തുകാര്‍

സ്വന്തം മുഖചിത്രം ആലേഖനം ചെയ്‌ത മുഖംമൂടികൾ അണിയാൻ നരേന്ദ്രമോഡി അനുയായികളെ എന്നും പ്രോത്സാഹിപ്പിക്കാറുണ്ട്‌. ചീഫ്‌വിപ്പ്‌ പി സി ജോർജ്‌ മോഡിയുടെ ഈ ആത്മ പ്രണയത്തിന്റെ ഇരയാവുകയുണ്ടായി. മോഡി ചിത്രമുള്ള ടീഷർട്ട്‌ ധരിച്ചത്‌ യാദൃച്ഛികമാണെന്നാണ്‌ ചീഫ്‌വിപ്പ്‌ അവകാശപ്പെടുന്നത്‌. സർദാർ വല്ലഭായ്‌ പട്ടേലിനെ മഹത്വവൽക്കരിച്ച്‌ മോഡി അനുയായികൾ നടത്തിയ ചടങ്ങിലാണ്‌ സംഭവമുണ്ടായത്‌.

മുഖംമൂടിക്ക്‌ പിന്നിലെ യഥാർഥ മോഡി ഇപ്പോൾ അതീവ സൂത്രശാലിയായിട്ടുണ്ട്‌. പച്ചയായി ഹിന്ദുവർഗീയത പറയാതെ പറഞ്ഞാണ്‌ മോഡി തെരഞ്ഞെടുപ്പുരംഗത്ത്‌ നിൽക്കുന്നത്‌. എന്നാൽ മോഡിയുടെ യഥാർഥമുഖം പാർശ്വവർത്തികളിലൂടെ പുറത്തുവരുന്നുണ്ട്‌. വിശ്വഹിന്ദു പരിഷത്ത്‌ നേതാവ്‌ പ്രവീൺ തൊഹാഡിയ, ബിജെപി നേതാവ്‌ ഗിരിരാജ്‌ സിങ്‌, അമിത്‌ ഷാ തുടങ്ങിയവർ തെരഞ്ഞെടുപ്പ്‌ പ്രചരണത്തിനിടയിൽ നടത്തിയ വർഗീയവിഷം ചീറ്റുന്ന പ്രസംഗങ്ങൾ ഇതിനുദാഹരണങ്ങളാണ്‌.

മുസാഫിർ നഗർ കലാപത്തിൽ പകരം വീട്ടാൻ ഹിന്ദുക്കളെ ആഹ്വാനം ചെയ്‌തുകൊണ്ട്‌ ബിജെപി ഉത്തർപ്രദേശ്‌ ജനറൽ സെക്രട്ടറി അമിത്‌ ഷാ, ബിജിനൂരിൽ നടത്തിയ പ്രസംഗത്തെ തുടർന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മിഷൻ അമിത്‌ഷായെ ശാസിക്കുകയുണ്ടായി. ഝാർഖണ്ഡിലെ മോഹൻപൂരിൽ നടന്ന തെരഞ്ഞെടുപ്പു റാലിയിൽ നരേന്ദ്രമോഡിയെ പിന്തുണയ്‌ക്കാത്തവർ പാക്കിസ്ഥാനിലേക്ക്‌ പോകട്ടെ എന്ന്‌ ഗിരിരാജ്‌സിങ്‌ പ്രസംഗിക്കുകയുണ്ടായി. ഇതേ പ്രസംഗത്തിൽ ഗോമാംസം കയറ്റുമതി ചെയ്യുന്നവർക്ക്‌ സബ്‌സിഡി നൽകുകയും പശുവിനെ സംരക്ഷിക്കുന്നവർക്ക്‌ നികുതി ഏർപ്പെടുത്തുകയും ചെയ്യുകയാണ്‌ കേന്ദ്രസർക്കാരെന്ന്‌ ഗിരിരാജ്‌ തട്ടിവിട്ടിരുന്നു. ഈ കോലാഹലങ്ങളൊക്കെ അന്തരീക്ഷത്തിൽ നിൽക്കവെയാണ്‌ മുസ്‌ലീങ്ങൾക്കെതിരെ വംശീയ വിദ്വേഷപ്രസംഗവുമായി തൊഗാഡിയ രംഗത്തുവരുന്നത്‌. ഗുജറാത്തിലെ ഭവ്‌നഗറിൽ നടന്ന യോഗത്തിൽ ഹിന്ദുമേഖലയിൽ മുസ്‌ലിങ്ങൾ സ്ഥലം വാങ്ങരുതെന്ന്‌ തൊഗാഡിയ വിലക്കി. മാത്രമല്ല മെഗാനിയിലെ മുസ്‌ലിം വ്യവസായി വാങ്ങിയ വീടിനുമുന്നിൽ തൊഗാഡിയയും സംഘവും പ്രതിഷേധയോഗം നടത്തി. 48 മണിക്കൂറിനകം സ്ഥലം വിട്ടോളണമെന്ന അന്ത്യശാസനയും നൽകി.

ഗുജറാത്ത്‌ കലാപകാലത്ത്‌ ഏറെ ചർച്ചയായ ഒരു സ്ഥലമാണ്‌ ഭവ്‌നഗർ. ഇവിടെ മതവിദ്വേഷം കുത്തിവെയ്‌ക്കാൻ ആർഎസ്‌എസ്‌ ബജറംഗദൾ പ്രവർത്തകർ നടത്തിയ ഹീനശ്രമങ്ങളെ സാധാരണ ജനങ്ങൾ ചെറുത്തു നിൽക്കുകയും അവർക്ക്‌ സഹായകരമായ നിലപാടെടുത്ത പൊലീസ്‌ ഓഫീസർ രാഹുൽശർമ്മയെ രായ്‌ക്കുരാമാനം മോഡി കെട്ടുകെട്ടിച്ചതും കേവല വസ്‌തുത മാത്രം.

സാങ്കേതികതയോട്‌ ഭ്രമമുള്ള ഐഐടി കാൺപൂർ ഉൽപ്പന്നമായ രാഹുൽ ശർമ്മ കലാപകാലത്ത്‌ ശേഖരിച്ച പല ഉന്നതരുടെയും ഫോൺവിളികളും രേഖകളും ഗുജറാത്ത്‌ കലാപത്തിലെ മോഡി പങ്ക്‌ വ്യക്തമാക്കുന്നതായിരുന്നു. അന്ന്‌ കലാപത്തിൽ എരിതീയിൽ എണ്ണയൊഴിക്കുന്ന കാര്യത്തിൽ മുൻപന്തിയിൽ നിന്ന പ്രാദേശിക പത്രങ്ങളായ ഗുജറാത്ത്‌ സമാചാറും സന്ദേശ്‌ ഗുജറാത്തിയും പ്രകോപനപരമായ പല വാർത്തകളും പ്രസിദ്ധീകരിക്കുകയുണ്ടായി. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു തലവാചകമായിരുന്നു, ഭവ്‌നഗറിലെ ആണുങ്ങൾ കൈകളിൽ വളയണിയുക, എന്നത്‌. മുസ്‌ലിങ്ങളെ കൊന്നൊടുക്കുന്നതിൽ ഭവ്‌നഗർ പുറകോട്ടുപോകുന്നതിലുള്ള വിശ്വഹിന്ദുപരിഷത്തിന്റെയും ആർഎസ്‌എസിന്റെയും ബജ്‌രംഗദള്ളിന്റെയുമൊക്കെ വെറുപ്പാണ്‌ അതിൽ അടങ്ങിയിരിക്കുന്നത്‌. താരതമ്യേന ശാന്തമാകാൻ ആഗ്രഹിക്കുന്ന ഭവ്‌നഗറിൽതന്നെ തൊഗാഡിയ ഈ പ്രസംഗം നടത്തിയത്‌ ഒന്നും കാണാതെയല്ല. തൊഗാഡിയ നടത്തിയ പ്രസ്‌താവന മോഡിയുടെ തന്നെ അഭിപ്രായമാണെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. ഇന്നിപ്പോൾ നേതാക്കൾ നിരുത്തരവാദപരമായ പ്രസ്‌താവനകൾ നടത്തരുതെന്ന്‌ ഇതുസബന്ധിച്ച്‌ ഇരുത്തംവന്ന രാഷ്‌ട്രീയ നേതാവിനെപ്പോലെ മോഡി പറയുന്നത്‌ ഏറ്റവും വലിയ രാഷ്‌ട്രീയ തട്ടിപ്പാണ്‌. എത്ര മുഖംമൂടികൾക്കുള്ളിൽ മറഞ്ഞിരുന്നാലും മോഡിയുടെ തനിരൂപം അനാവരണം ചെയ്യപ്പെടുകയെന്നത്‌ അനിവാര്യമായ ഒന്നാണ്‌.

കാരണം തൊഗാഡിയയും ഗിരിരാജുമൊക്കെ നിയന്ത്രിക്കുന്ന ആർഎസ്‌എസ്‌ വിഎച്ച്‌പി സംഘടനകളുടെ രാഷ്‌ട്രീയ രൂപമായ ബിജെപിയുടെ പ്രകടനപത്രികയിൽ പറയുന്നത്‌ രാമക്ഷേത്രം നിർമ്മിക്കുമെന്ന്‌ തന്നെയാണ്‌. കൊച്ചിയിൽ നടന്ന ആർഎസ്‌എസ്‌ നേതൃയോഗം ബിജെപി സ്വീകരിക്കേണ്ട നയപരിപാടികളെക്കുറിച്ച്‌ അക്കമിട്ടു നൽകിയ നിർദേശങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും ഇതുതന്നെയായിരുന്നു. രാമക്ഷേത്രം പണിയുക എന്ന ദൗത്യമേറ്റെടുത്ത്‌ 1984 മുതൽ വിശ്വഹിന്ദു പരിഷത്ത്‌ ആരംഭിച്ച പ്രചരണം 1992 ൽ ഒരു രാഷ്‌ട്രീയ പ്രചരണമായി ബിജെപി ഏറ്റെടുത്തിന്നോളം നടന്ന വർഗീയ സംഘട്ടനങ്ങളും കലാപങ്ങളും രാജ്യത്ത്‌ സൃഷ്‌ടിച്ച വർഗീയ ധ്രൂവീകരണം ക്രമസമാധാനനില മാത്രമല്ല ജീവിതം തന്നെ അട്ടിമറിക്കുകയുണ്ടായി.

ഇനിയും ഇതുതന്നെ ആവർത്തിക്കുമെന്ന്‌ ചെന്നായയുടെ കൗശല്യത്തോടെ കിങ്കരന്മാരെക്കൊണ്ട്‌ മോഡി പറയിപ്പിക്കുമ്പോൾ അത്‌ ഗൗരവത്തോടെ ജനങ്ങൾ കാണേണ്ടതുണ്ട്‌. രാജ്യത്തെ മതേതര ജനാധിപത്യഘടനയെ തല്ലിത്തകർക്കാൻ മോഡിയേയും കൂട്ടരേയും അനുവദിക്കാതിരിക്കാൻ രാജ്യം അതീവ ജാഗ്രത പുലർത്തണമെന്നാണ്‌ തൊഗാഡിയമാരുടെ അട്ടഹാസങ്ങൾ രാജ്യത്തോട്‌ പറയുന്നത്‌.
*
Janayugom Editorial

ക്ഷേത്രങ്ങൾ പൊതുസ്വത്ത്‌ : സംഘപരിവാര കുതന്ത്രങ്ങൾ തിരിച്ചറിയണം

കേരളത്തിൽ സ്വകാര്യ-കുടുംബസ്വത്തുക്കളല്ലാത്ത എല്ലാ ക്ഷേത്രങ്ങളും നിയമസഭ പാസാക്കിയ ദേവസ്വം നിയമത്തിനുവിധേയമായി രൂപീകരിച്ച ദേവസ്വം ബോർഡുകളുടെ നിയന്ത്രണത്തിലാണ്‌ പ്രവർത്തിച്ചുവരുന്നത്‌. ക്ഷേത്ര നടത്തിപ്പ്‌ ജനാധിപത്യപരവും സുതാര്യവുമാക്കുന്നതിന്‌ ഈ സംവിധാനം പര്യാപ്‌തമാണ്‌. അഴിമതിയും കെടുകാര്യസ്ഥതയുമടക്കം പൊതുവായുള്ള പോരായ്‌മകളും പരിമിതികളും കണ്ടേക്കാമെങ്കിലും ജനങ്ങൾക്ക്‌ പൊതുവേ സ്വീകാര്യമായ സംവിധാനമാണ്‌ നിലവിലുള്ളതെന്നു പറയാം. എന്നാൽ, വർഗീയവിഷം ചീറ്റുന്ന സംഘപരിവാർ നേതാക്കൾ ഇതിനെതിരാണ്‌. അവർ ചോദിക്കുന്നത്‌ ഹിന്ദുക്ഷേത്രങ്ങളുടെ ഭരണവും സ്വത്തുക്കളും കയ്യടക്കുന്ന സർക്കാർ എന്തുകൊണ്ടാണ്‌ മുസ്‌ലിം – ക്രിസ്‌ത്യൻ ആരാധനാലയങ്ങളും സ്വത്തുക്കളും സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവരാത്തത്‌. മാത്രവുമല്ല, ഹിന്ദുക്ഷേത്രങ്ങളിലെ വരുമാനം മുഴുവൻ മുസ്‌ലിങ്ങളും ക്രിസ്‌ത്യാനികളുമടങ്ങിയ സമൂഹത്തിന്റെ പൊതു ആവശ്യങ്ങൾക്കുവേണ്ടി സർക്കാർ വകമാറ്റി ചെലവഴിക്കുന്നുവെന്നാരോപിച്ച്‌ സങ്കുചിത ഹൈന്ദവചിന്താഗതിക്കാരായ കുറെച്ചെങ്കിലും വിശ്വാസികളെ തങ്ങൾക്കനുകൂലമായി ഇളക്കിവിടാനും ശ്രമിച്ചുകൊണ്ടിരിക്കുന്നു. സംഘപരിവാർ മുന്നോട്ടുവയ്‌ക്കുന്ന ഇത്തരം ഹീനവും സങ്കുചിതവുമായ വർഗീയ പ്രചരണങ്ങളിൽ എന്തെങ്കിലും വാസ്‌തവമുണ്ടോ?

സ്വാതന്ത്ര്യത്തിനുമുമ്പുവരെ, കേരളത്തിൽ നാടുവാഴി – ജന്മി വ്യവസ്ഥയായിരുന്നുവല്ലൊ നിലനിന്നുപോന്നത്‌. സമൂഹത്തിലെ മഹാഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങൾക്ക്‌ സ്വത്തവകാശവും യാതൊരുവിധ പൗരാവകാശങ്ങളും അക്കാലത്ത്‌ ഉണ്ടായിരുന്നില്ല. സ്വാഭാവികമായും മിക്കവാറും എല്ലാ ക്ഷേത്രങ്ങളും രാജാക്കന്മാരുടേയോ ജന്മിമാരുടേയോ സ്വകാര്യ സ്വത്തുക്കളായിരുന്നു. ക്ഷേത്രങ്ങളുടെ പേരിൽ ഭൂസ്വത്തുക്കൾ എഴുതിവയ്‌ക്കുന്നതും അക്കാലത്ത്‌ പതിവായിരുന്നു. രാജാധികാരം നാടുനീങ്ങിയതോടെ രാജാക്കന്മാരുടെ അധീനതയിലുണ്ടായിരുന്ന ക്ഷേത്രങ്ങളും പൊതുസ്വത്തുക്കളായി പരിണമിച്ചു. ജനങ്ങളുടെ നികുതിപ്പണംകൊണ്ടാണ്‌ രാജാക്കന്മാർ ക്ഷേത്രങ്ങൾ നിർമിച്ചിരുന്നത്‌. ജനായത്ത വ്യവസ്ഥ സംജാതമായതോടെ അങ്ങനെ നിർമിച്ച ക്ഷേത്രങ്ങളും അനുബന്ധ സ്വത്തുവകകളും പൊതുജനങ്ങളുടേതായി മാറി. ഇത്തരത്തിൽ കൈമാറിക്കിട്ടിയ ക്ഷേത്രങ്ങളും സ്വത്തുക്കളും പരിപാലിക്കാനും നടത്തിക്കൊണ്ടുപോകാനുമാണ്‌ ദേവസ്വം നിയമങ്ങളും ദേവസ്വം ബോർഡുകളും അതിനൊരു സർക്കാർ വകുപ്പും ഉണ്ടായത്‌.

കേരളത്തിൽ ഒരു ക്ഷേത്രം പോലും നിർബന്ധപൂർവ്വം സർക്കാർ കയ്യടക്കിയിട്ടില്ല. എല്ലാം നിലനിൽപ്പിന്റേയും നടത്തിപ്പിന്റേയും ഭാഗമായി സർക്കാർ അധീനതയിൽ വന്നു ചേർന്നതാണ്‌. രാജഭരണകാലത്ത്‌ ജനങ്ങളുടെ നികുതിപ്പണംകൊണ്ട്‌ നിലനിന്നിരുന്ന കേരളത്തിലെ മഹാക്ഷേത്രങ്ങളാണ്‌ ജനായത്ത ഭരണക്രമത്തിൽ ദേവസ്വം ബോർഡുകളുടെ നിയന്ത്രണത്തിൽ വന്നത.​‍്‌ കൂടാതെ ഭൂപരിഷ്‌കരണ നിയമത്തെ തുടർന്ന്‌ അന്തിത്തിരികത്തിക്കാൻ പോലും വകയില്ലാതെ ഗതികേടിലായ ജന്മിമാരുടെ വക കുടുംബക്ഷേത്രങ്ങളും ഗ്രാമക്ഷേത്രങ്ങളും കാലക്രമത്തിൽ ദേവസ്വം ബോർഡുകളിൽ ചെന്നുചേർന്നു. വരുമാനമുള്ള മഹാക്ഷേത്രങ്ങളിലെ ധനം ഉപയോഗിച്ച്‌ തിരികത്തിക്കാൻ വകയില്ലാത്ത സാധാരണ ക്ഷേത്രങ്ങൾ പരിപാലിക്കുന്ന വലിയ ഉത്തരവാദിത്വമാണ്‌ ദേവസ്വം ബോർഡുകൾ നിർവഹിച്ചുവരുന്നത്‌. ആചാരങ്ങളും അനുഷ്ഠാനങ്ങളും കീഴ്‌വഴക്കങ്ങളും എല്ലാം പാലിച്ചുകൊണ്ട്‌, പ്രദേശവാസികളായ ഭക്തന്മാരുടെ ആഗ്രഹാഭിലാഷങ്ങൾക്കനുസരിച്ചാണ്‌ എല്ലാ ദേവസ്വം വക ക്ഷേത്രങ്ങളും ഇന്നുപ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്‌. സാമൂഹ്യവും ജനാധിപത്യപരവും നിയമപരവുമായ പൊതുനിയന്ത്രണമാണ്‌ ദേവസ്വം വക ക്ഷേത്രങ്ങൾക്കുള്ളത്‌. ജനങ്ങളുടെ നികുതിപ്പണംകൊണ്ട്‌ നിർമിച്ച ശ്രീപത്മനാഭ സ്വാമി ക്ഷേത്രം പോലുള്ള അപൂർവം ചില മഹാക്ഷേത്രങ്ങൾ, രാജഭരണം നാടുനീങ്ങിയ ഇന്നത്തെ കാലത്തും സ്വകാര്യ കുടുംബട്രസ്റ്റ്‌ വകയായി നിലനിൽക്കുന്നു എന്നത്‌ സ്‌മരണീയമാണ്‌. ക്ഷേത്രങ്ങൾ സർക്കാർ ഉടമസ്ഥതയിലാക്കാൻ നിർബന്ധപൂർവം ശ്രമിക്കുന്നില്ലെന്നതിനും ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ഉദാഹരണമാണ്‌.
കേരള നിയമസഭയിൽ വർഷാവർഷം അവതരിപ്പിക്കുന്ന ബജറ്റിൽ, സർക്കാരിന്‌ ലഭിക്കുന്ന വരുമാനത്തിൽ, “ദേവസ്വം ബോർഡുകൾ വഴി ലഭിക്കുന്ന വരവ്‌” എന്ന ഒരു `ഹെഡ്ഡ്‌` നിലവിലില്ല. അതിനർഥം ദേവസ്വം ബോർഡുകളുടെ വരവു-ചെലവുകൾ പൂർണമായും കൈകാര്യം ചെയ്യുന്നത്‌ ദേവസ്വം ബോർഡുകളാണ്‌ എന്നുതന്നെയാണ്‌. അതേസമയം ദേവസ്വംവകുപ്പിലെ ജീവനക്കാരുടെ ശമ്പളവും മറ്റു ചെലവുകളും പൊതുഖജനാവിൽ നിന്നാണ്‌ എന്ന കാര്യം വിസ്‌മരിക്കാനാവില്ല. കൂടാതെ, കേരളത്തിലെ വിവിധ ക്ഷേത്രങ്ങൾക്ക്‌ സർക്കാർ ഖജനാവിൽ നിന്ന്‌ വർഷംതോറും വൻതുകകൾ ധനസഹായമായി നൽകുന്നുണ്ട്‌. ഉദാഹരണത്തിന്‌ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്‌ പ്രതിവർഷം 20 ലക്ഷം രൂപ സർക്കാർ ധനസഹായമായി നൽകിവരുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത്‌ ഹിന്ദുക്കൾ ക്ഷേത്രത്തിൽ നൽകുന്ന കാണിക്കയിലൂടെ ലഭിക്കുന്ന വരുമാനം സർക്കാർ മറ്റാവശ്യങ്ങൾക്കായി ധൂർത്തടിക്കുകയാണെന്ന വാദം കല്ലുവെച്ച വലിയ നുണയാണെന്നാണ്‌. ഇക്കാര്യം വിശ്വാസികൾ തിരിച്ചറിയുകതന്നെ വേണം.

വർഗീയവാദികൾ വളരെ എളുപ്പത്തിൽ ഹിന്ദുവിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു ചോദ്യമാണ്‌ `എന്തുകൊണ്ട്‌ ക്രിസ്‌ത്യൻ-മുസ്‌ലിം ദേവാലയങ്ങൾ സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവരുന്നില്ലാ` എന്നത്‌. നിരർഥകമായ ഒരു പ്രകോപനമാണിത്‌. കേരളത്തിൽ അധികപക്ഷവും ഭരണം നടത്തിയത്‌ ഹിന്ദു വിശ്വാസികളായ രാജാക്കന്മാരാണെന്ന്‌ ചരിത്രം പഠിച്ചവർക്കറിയാം. കണ്ണൂരിൽ ഒരു അലിരാജ ഒഴിച്ചാൽ, കേരളത്തിൽ ക്രിസ്‌ത്യൻ-മുസ്‌ലിം രാജഭരണം നിലനിന്നിട്ടില്ല. അതുകൊണ്ട്‌ രാജഭരണത്തിന്റെ ഭാഗമായി നിർമിച്ച, പൊതുഖജനാവിൽ നിന്ന്‌ പണം മുടക്കി ഉണ്ടാക്കിയ പള്ളികളോ മോസ്‌കുകളോ കേരളത്തിൽ ഉണ്ടായിരുന്നില്ല. വിശ്വാസികൾ സ്വന്തം ചെലവിലും അധ്വാനത്തിലും പണിതുയർത്തിയ പള്ളികളും മോസ്‌കുകളുമാണ്‌ കേരളത്തിലുള്ളത്‌. അവയുടെ മേൽ സർക്കാർ നിയന്ത്രണമേർപ്പെടുത്തേണ്ട കാര്യമില്ല. എന്നാൽ, രാജഭരണത്തിന്റെ ഭാഗമായിരുന്ന ക്ഷേത്രങ്ങൾ, ജനായത്ത വ്യവസ്ഥയിൽ സർക്കാരിന്റെ ഭാഗമായതോടെ, അവയെ നിലനിർത്താനും കൊണ്ടുനടക്കാനുമുള്ള സാമൂഹ്യവും നിയമപരവുമായ സംവിധാനമായി ദേവസ്വം ബോർഡുകൾ സ്വാഭാവികമായി രൂപീകരിക്കപ്പെടുകയാണുണ്ടായത്‌.

സ്വകാര്യ മുസ്‌ലിം-ക്രിസ്‌ത്യൻ ദേവാലയങ്ങൾ ഉള്ളതുപോലെ വ്യക്തികളുടേയും വിവിധ ജാതിസംഘടനകളുടേയും നിരവധി ക്ഷേത്രങ്ങൾ ഇന്നുകേരളത്തിലുണ്ട്‌. എൻ എസ്‌ എസ്‌, എസ്‌ എൻ ഡി പി പോലുള്ള ജാതിസംഘടനകളുടെ കൈവശം നൂറുകണക്കിന്‌ വൻ ആസ്‌തിവകകളുള്ള ക്ഷേത്രങ്ങൾ ഉള്ളതായി നമുക്കറിയാം. അവയെല്ലാം അതത്‌ സമുദായാംഗങ്ങൾ സ്വന്തം ചെലവിൽ പണംമുടക്കി നിർമിച്ചു പരിപാലിച്ചു പോരുന്നവയാണ്‌. അത്തരം ആരാധനാലയങ്ങളൊന്നും ദേവസ്വം ബോർഡുകളുടേയോ സർക്കാരിന്റേയോ നിയന്ത്രണങ്ങളിൽ വരുന്നില്ല എന്ന കാര്യം മറക്കരുത്‌.

സർക്കാർ വക ദേവസ്വം ബോർഡുകൾ പിരിച്ചുവിട്ട്‌ ക്ഷേത്രങ്ങൾ വിശ്വാസികളെ ഏല്‌പിക്കണമെന്നാണ്‌ സംഘപരിവാർ വർഗീയവാദികൾ ആവശ്യപ്പെടുന്നത്‌. ഇത്‌ ജനാധിപത്യവിരുദ്ധമായ ആശയമാണ്‌. കാരണം, കേരള നിയമസഭയിലെ ഹിന്ദുമതക്കാരായ അംഗങ്ങൾ വോട്ടുചെയ്‌ത്‌ ഭൂരിപക്ഷം ലഭിക്കുന്നവരാണ്‌ ദേവസ്വം അംഗങ്ങളായി നിയമിക്കപ്പെടുന്നത്‌. ദേവസ്വം അംഗങ്ങൾ നിയമവിധേയമായി പ്രവർത്തിക്കാൻ ബാധ്യതപ്പെട്ടവരാണ്‌. നിയമത്തിന്റെ യാതൊരു നിയന്ത്രണവുമില്ലാതെ പ്രവർത്തിക്കുന്ന ക്ഷേത്രങ്ങളിലും മറ്റ്‌ ആരാധനാലയങ്ങളിലും നടക്കുന്ന വെട്ടിപ്പുകളും തട്ടിപ്പുകളും ഇന്ന്‌ അങ്ങാടിപ്പാട്ടാണ്‌. അതുപോലെ, കേരളമാകെ ക്ഷേത്രനടത്തിപ്പ്‌ കയ്യടക്കിവെച്ച സംഘപരിവാരത്തിന്‌ സർവതന്ത്രസ്വതന്ത്രമായി ക്ഷേത്രങ്ങളുടെ ഭരണം വിട്ടുനൽകി വിശ്വാസവാണിഭവും വെട്ടിപ്പും വ്യാപകമാക്കാൻ അനുവദിക്കണമെന്നാണ്‌ ദേവസ്വം ബോർഡുകൾ പിരിച്ചുവിട്ട്‌ ക്ഷേത്രങ്ങൾ വിശ്വാസികളെ ഏല്‌പിക്കണമെന്നു പറയുന്നതിലൂടെ സംഘപരിവാർ ഉദ്ദേശിക്കുന്നതെന്ന്‌ വിവേകമുള്ളവർ തിരിച്ചറിയണം.

*
ഇ എം സതീശൻ Janayugom

Thursday, April 24, 2014

ഗോള്‍വാള്‍ക്കറുടെ രഹസ്യസ്വപ്നവും കോണ്‍ഗ്രസ്സിന്റെ ഹിന്ദുത്വ നിലപാടുകളും

കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയശക്തിയും ആര്‍.എസ്.എസിന്റെ സാംസ്കാരിക ശക്തിയും ഒന്നിച്ചുചേരണമെന്നത് ഹിന്ദുരാഷ്ട്രവാദത്തിന്റെ പ്രത്യയശാസ്ത്രകാരനായ ഗോള്‍വാള്‍ക്കറുടെ രഹസ്യസ്വപ്നമായിരുന്നു. ദേശീയ സ്വാതന്ത്ര്യസമരത്തിലൂടെ ഇന്ത്യന്‍ ജനങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസ്സ് നേടിയെടുത്ത സ്വാധീനത്തെ ഹിന്ദുരാഷ്ട്രനിര്‍മ്മിതിക്കായി വഴിതിരിച്ചുവിടണമെന്നായിരുന്നു സ്വാതന്ത്ര്യാനന്തരം ഗോള്‍വാള്‍ക്കര്‍ ഹിന്ദുത്വവാദികളായ കോണ്‍ഗ്രസ് നേതാക്കളോട് അഭ്യര്‍ത്ഥിച്ചുകൊണ്ടിരുന്നത്. ആര്‍.എസ്.എസിന്റെ സാംസ്കാരികശക്തി എന്നത് ഹിന്ദുരാഷ്ട്ര നിര്‍മ്മിതിക്കായുള്ള സംഘടനാശക്തിയായിട്ടാണ് ഗോള്‍വാള്‍ക്കര്‍ വിശദീകരിച്ചി ട്ടുള്ളത്. സോവിയറ്റ് യൂണിയന്റെ സ്വാധീനവും രണ്ടാം ലോകമഹായുദ്ധത്തിലെ ഫാസിസ്റ്റ് ശക്തികളുടെ പരാജയവും ചൈനീസ് വിപ്ലവത്തിന്റെ വിജയവും ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിന്റെ ആസന്നസാധ്യതകള്‍ രൂപപ്പെടുത്തിയിരുന്നു.

ഗാന്ധിവധത്തിനുശേഷമാണ് സി.ഐ.എ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ബദല്‍ ശക്തികളെ സംബന്ധിച്ച പഠനാന്വേഷണങ്ങള്‍ ആരംഭിക്കുന്നത്. ജെ.എ.കറാന്റെ നേതൃത്വത്തിലുള്ള സി.ഐ.എയുടെ വിദഗ്ധസംഘം കോണ്‍ഗ്രസ്സിന്റെ പരാജയവും തകര്‍ച്ചയും ഇന്ത്യയിലും ഒരു ചുവന്ന വിപ്ലവത്തിനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുമെന്ന് ഉല്‍കണ്ഠപ്പെടുന്നുണ്ട്. ചൈനയിലെ പോലെ ഇന്ത്യയും കമ്മ്യൂണിസ്റ്റ് സ്വാധീനത്തില്‍പ്പെട്ടാല്‍ തങ്ങളുടെ ഏഷ്യന്‍ അധിനിവേശത്തിനുള്ള നീക്കങ്ങള്‍ക്കെല്ലാം തിരിച്ചടി നേരിടുമെന്ന് അമേരിക്കന്‍ ഭരണകൂടം ഭയപ്പെട്ടിരുന്നു. കോണ്‍ഗ്രസ്സ് സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ട ഇന്ത്യയിലെ നിസ്വജനകോടികള്‍ കമ്മ്യൂണിസത്തിന്റെ സ്വാധീനത്തില്‍പ്പെട്ടുപോകാതിരിക്കാന്‍ ഹിന്ദുത്വരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കണമെന്നാണ് സിഐഎ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിനോട് ജെ എ കറാന്റെ പഠന റിപ്പോര്‍ട്ടിനെ മുന്‍നിര്‍ത്തി ആവശ്യപ്പെട്ടത്. ഗാന്ധിവധത്തെ തുടര്‍ന്ന് നിരോധനം നേരിട്ട ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസ്സില്‍ അംഗത്വം നല്‍കാന്‍ പാടില്ലെന്ന് എഐസിസിയുടെ വര്‍ക്കിങ് കമ്മറ്റി തീരുമാനം പോലും ലജ്ജാകരമായി ലംഘിക്കപ്പെടുകയായിരുന്നു. ജവഹര്‍ലാല്‍ നെഹ്റുവിനെപ്പോലെ മതനിരപേക്ഷതാവാദിയായ ഒരു എഐസസി അദ്ധ്യക്ഷന്‍ ശക്തമായി വാദിച്ചതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ്സിലെ ഹിന്ദുത്വവാദികള്‍ അന്ന് ഇത്തരമൊരു തീരുമാനത്തിന് വഴങ്ങിയതുതന്നെ.

ഗാന്ധിയുടെ ഘാതകസംഘടനയായ ആര്‍എസ്എസിനുനേരെ കഷ്ടിച്ച് ഒരു വര്‍ഷം മാത്രമാണ് നിരോധനം നിലനിന്നതുതന്നെ. നെഹ്റു വിദേശപര്യടനത്തിലായിരുന്ന തക്കം നോക്കി കോണ്‍ഗ്രസിലെ ഹിന്ദുത്വവാദികള്‍ ആര്‍.എസ്.എസുകാര്‍ക്ക് അംഗത്വം കൊടുക്കേണ്ടതില്ലെന്ന തീരുമാനം എഐസിസിയെക്കൊണ്ട് മാറ്റിച്ചു. നെഹ്റുവിന്റെ അപ്രതിരോധ്യമായ ആഞ്ജാശക്തിയെപ്പോലും മറികടന്നുകൊണ്ടാണ് എഐസിസി വര്‍ക്കിങ് കമ്മറ്റി ആര്‍എസ്എസുകാര്‍ക്ക് കോണ്‍ഗ്രസ്സിലംഗത്വം കൊടുക്കാമെന്ന് തീരുമാനിച്ചത്. ഈ വിവരമറിഞ്ഞ് വിദേശപര്യടനം അവസാനിപ്പിച്ച് മടങ്ങിവന്ന നെഹ്റു 1949 നവംബര്‍ മാസത്തില്‍ വര്‍ക്കിങ് കമ്മറ്റി വിളിച്ചുകൂട്ടി ആ തീരുമാനം പിന്‍വലിപ്പിക്കുകയായിരുന്നു. ആര്‍എസ്എസിന്റെ സാംസ്കാരിക ദേശീയത സ്വന്തം പ്രത്യയശാസ്ത്രമായി മനസ്സില്‍ കൊണ്ടുനടക്കുന്നവരായിരുന്നു കോണ്‍ഗ്രസ്സിലെ ഒട്ടുമിക്ക നേതാക്കളും. സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ രാഷ്ട്രീയചരിത്രമെന്നത് കൊളോണിയല്‍ കാലത്തെന്നപോലെ ഭരണാധികാരികള്‍ വ്യത്യസ്ത വര്‍ഗ്ഗീയശക്തികളെ ഇളക്കിവിട്ടും പ്രീണിപ്പിച്ചും ഭരണാധികാരം കയ്യാളിയതിന്റെ ചരിത്രംകൂടിയാണ്. അതിന്റെ വിശദാംശങ്ങളിലേക്ക് ഈ ലേഖനത്തില്‍ കടക്കുന്നില്ല. കോണ്‍ഗ്രസിലെ ഒരു വിഭാഗം എല്ലാക്കാലത്തും ഹിന്ദു വര്‍ഗ്ഗീയവാദികളുമായി രഹസ്യവും പരസ്യവുമായി ബന്ധം പുലര്‍ത്തിപോന്നിട്ടുണ്ട്. പലപ്പോഴും ബ്രിട്ടീഷ് ഭരണാധികാരികളെ പോലെ, സവര്‍ണ്ണ സാമൂഹ്യവിഭാഗങ്ങളുടെ അടിത്തറയുള്ള കോണ്‍ഗ്രസ്സ് നേതൃത്വം ഹിന്ദുത്വ രാഷ്ട്രീയത്തെ ഒളിഞ്ഞും തെളിഞ്ഞും തങ്ങളുടെ അതിജീവനത്തിനായി ഉപയോഗിച്ചിട്ടുണ്ട്.

സമകാലിക ഇന്ത്യയുടെ സാമൂഹ്യ ജീവിതത്തെ വര്‍ഗീയകലുഷിതവും രക്തപങ്കിലവുമാക്കിയ ബാബ്റിമസ്ജിദ് പ്രശ്നം കോണ്‍ഗ്രസ്സിന്റെ ഹിന്ദുത്വ അനുകൂല നിലപാടുകളുടെകൂടി സൃഷ്ടിയായിരുന്നു. ആഗോള ഫൈനാന്‍സ് മൂലധനത്തിന്റെ നിര്‍ദ്ദയമായ അധിനിവേശതാല്പര്യങ്ങളുമായി ബന്ധപ്പെട്ടാണ് സാംസ്കാരിക ദേശീയത ഉള്‍പ്പെടെയുള്ള നാനാവിധമായ സ്വത്വരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ 1980കളില്‍ ഇന്ത്യയില്‍ പുതിയ രൂപത്തില്‍ സജീവമാകുന്നത്. ബാബ്റിമസ്ജിദ് തര്‍ക്കം ആസൂത്രിതമായ കലാപാഹ്വാനങ്ങളായി ഉയര്‍ത്തപ്പെടുന്നതും ഈ ഒരു ചരിത്ര സാഹചര്യത്തിലാണ്. 1981ല്‍ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ ഐ.എം.എഫില്‍ നിന്ന് വായ്പയെടുത്തതും അതിന്റെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി ഘടനാപരിഷ്കാര നടപടികളാരംഭിച്ചതും ഇന്ത്യയിലെ തൊഴിലാളി ബഹുജനപ്രസ്ഥാനങ്ങളുടെ വലിയ എതിര്‍പ്പിനും പ്രതിഷേധത്തിനും ഇടയാക്കി. നവലിബറല്‍ പരിഷ്കാരങ്ങളിലൂടെ ഇന്ത്യയിലെ പൊതുമേഖലയെയും ജനോപകാരപ്രദമായ ക്ഷേമരാഷ്ട്ര സംവിധാനങ്ങളെയും തകര്‍ക്കുന്ന നടപടികള്‍ക്കെതിരെ വളര്‍ന്നുവരാനിടയുള്ള ജനമുന്നേറ്റങ്ങളെ ശിഥിലമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കന്‍ ചിന്താകേന്ദ്രങ്ങളും ഫൗണ്ടേഷനുകളും മുന്‍കൈയെടുത്ത് ഹിന്ദുത്വരാഷ്ട്രീയത്തെ ഉര്‍ജ്ജസ്വലമാക്കിയത്. അതിനോടുള്ള പ്രതിപ്രവര്‍ത്തനമെന്ന നിലയില്‍ നാനാവിധ വര്‍ഗ്ഗീയ വിഘടന പ്രസ്ഥാനങ്ങളെയും വളര്‍ത്തിയെടുത്തത്.

1977ലെ തെരഞ്ഞെടുപ്പില്‍ അടിയന്തിരാവസ്ഥാ ഭരണത്തോടുള്ള ഇന്ത്യന്‍ ജനതയുടെ അദമ്യമായ രോഷമാണ് പൊട്ടിപ്പുറത്തുവന്നത്. ബാലറ്റുപേപ്പറിലൂടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന് വലിയ പരാജയം സമ്മാനിക്കുകയായിരുന്നു സ്വാതന്ത്ര്യസ്നേഹികളായ ഇന്ത്യന്‍ ജനത. റായ്ബറേലിയില്‍ ഇന്ദിരാഗാന്ധി ദയനീയമായി പരാജയപ്പെട്ടു. കോണ്‍ഗ്രസ്സിന്റെ ഉന്നതരെല്ലാം മൂക്കുകുത്തി വീണു. പ്രതിപക്ഷത്തായ കോണ്‍ഗ്രസ്സും ഇന്ദിരാഗാന്ധിയും ജനതാഗവര്‍മെന്റിനെ അട്ടിമറിക്കാന്‍ ഹിന്ദുത്വകാര്‍ഡും ഖാലിസ്ഥാന്‍ വാദം പോലുള്ള മതരാഷ്ട്ര വിഘടനപ്രസ്ഥാനങ്ങളെയുമാണ് ഉപയോഗിച്ചത്. ഈ അധാര്‍മികവും അപരാധപൂര്‍ണ്ണവുമായ കോണ്‍ഗ്രസ്സിന്റെ വര്‍ഗ്ഗീയ പ്രീണന നയങ്ങളാണ് ഹിന്ദുത്വവാദത്തിന്റെ വളര്‍ച്ചയിലേക്കും അതിന്റെ ബീഭത്സരൂപമായ മോഡിയിസത്തിലേക്കും രാജ്യത്തെ തള്ളിവിട്ടത്. ഖാലിസ്ഥാന്‍ വിഘടനവാദ പ്രസ്ഥാനം സിഖ് മതരാഷ്ട്ര വാദമായിരുന്നല്ലോ. പാക്കിസ്ഥാനിലെ സിയാ സര്‍ക്കാര്‍ ഒരുക്കിക്കൊടുത്ത പരിശീലനകേമ്പുകളില്‍ ഖാലിസ്ഥാന്‍ തീവ്രവാദകള്‍ക്ക് ഇന്ത്യാവിരുദ്ധ ഓപ്പറേഷനുള്ള എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തത് അമേരിക്കയും കാനഡയും ബ്രിട്ടനും കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന രഹസ്യാന്വേഷണ ഏജന്‍സികളായിരുന്നു. ഇതേകാലത്ത് ആസ്സാം വംശീയവാദത്തിന്റെ അടിസ്ഥാനത്തിലുള്ള തീവ്രവാദപ്രസ്ഥാനങ്ങള്‍ക്ക് ബ്രഹ്മപുത്ര തടത്തില്‍ മണ്ണൊരുക്കിക്കൊടുത്തത് സി.ഐ.എ തന്നെയായിരുന്നു. ഇന്ത്യയുടെ പ്രധാനപ്പെട്ട എണ്ണപ്പാടങ്ങളും ഖനികളും സ്ഥിതിചെയ്യുന്ന ബ്രഹ്മപുത്രതടം കലാപകലുഷിതമാക്കുകവഴി ജനതാഗവര്‍മെന്റിനെ അസ്ഥിരീകരിക്കുകയായിരുന്നു ലക്ഷ്യം. ബിന്ദ്രന്‍വാലയെ ഡല്‍ഹിയില്‍ ക്ഷണിച്ചുവരുത്തി സ്വീകരിച്ച ഇന്ദിരാഗാന്ധി ജനതാഗവര്‍മെന്റിലെ ഘടകക്ഷിയായ അകാലിദളിലെ സിഖ് മതവിശ്വാസികളെ ഖാലിസ്ഥാന്‍ പ്രസ്ഥാനത്തിലേക്ക് വഴിതിരിച്ചുവിടുന്ന അപകടകരമായ രാഷ്ട്രീയതന്ത്രമാണ് പരീക്ഷിച്ചത്. ആസ്സാം വംശീയവാദത്തിന്റെ കലാപക്കൊടി ഉയര്‍ത്തിയ ആസ്സാം സ്റ്റുഡന്‍സ് യൂണിയന്റെ സമ്മേളനം അക്കാലത്ത് ഗോഹട്ടിയില്‍ ഉല്‍ഘാടനം ചെയ്തത് ഇന്ദിരാഗാന്ധിയായിരുന്നു. ഖാലിസ്ഥാന്‍ തീവ്രവാദ പ്രസ്ഥാനം ഇന്ദിരാഗാന്ധിയുടെ വരെ ജീവന്‍ എടുത്തുകൊണ്ട് ഇന്ന് കെട്ടടങ്ങിപ്പോയിട്ടുണ്ട്. എന്നാല്‍ അസുവിന്റെ പ്രതിലോമകരമായ പരിണതിയാണ് ആസ്സാം താഴ്വരയെ ഇന്നും രക്തപങ്കിലമാക്കുന്ന ഉള്‍ഫയും ബോഡോതീവ്രവാദപ്രസ്ഥാനവും. കൊക്രാജന്‍ ജില്ലയില്‍ ഒന്നര ലക്ഷത്തോളം മുസ്ലീങ്ങളെ അഭയാര്‍ത്ഥികളാക്കുകയും ഇരുന്നൂറോളം പേരെ തുടര്‍ച്ചയായ വര്‍ഗ്ഗീയകലാപങ്ങളില്‍ വധിക്കുകയും ചെയ്ത ബോഡോ പ്രസ്ഥാനം കോണ്‍ഗ്രസ്സിന്റെ സങ്കുചിതമായ രാഷ്ട്രീയതാല്പര്യങ്ങളുടെ സൃഷ്ടിയാണെന്ന കാര്യം വിസ്മരിക്കാവുന്നതല്ല.

ഗാന്ധിവധത്തിനുശേഷം ഇന്ത്യയുടെ മനസ്സാക്ഷിയെ പിടിച്ചുകുലുക്കിയ മഹാപാതകമായിരുന്നു ബാബ്റിമസ്ജിദിന്റെ തകര്‍ച്ച. നാനൂറ് വര്‍ഷത്തിലേറെക്കാലം അയോധ്യയിലെയും പഴയ ഔധിലെയും മുസ്ലീം ജനത തലമുറകളായി നിസ്കരിച്ചുപോന്ന പള്ളിയായിരുന്നു ബാബ്റിമസ്ജിദ്. 1857ലെ രണോത്സുകമായ ഇന്ത്യന്‍ ജനതയുടെ മുന്നേറ്റങ്ങള്‍കണ്ട് ഭയപ്പെട്ട ബ്രിട്ടീഷ് സാമ്രാജ്യത്വകാരികളാണ് ബാബ്റിമസ്ജിദിനെ തര്‍ക്കഭൂമിയാക്കിയത്. 1992 ഡിസംബര്‍ 6ന് ബാബ്റിമസ്ജിദ് തകര്‍ത്തത് കര്‍സേവകരാണെങ്കിലും അതിന് പ്രത്യയശാസ്ത്ര പരിസരം ഒരുക്കിയത് ബ്രിട്ടീഷ് ഭരണവും അതിനെല്ലാവിധ ഒത്താശകളും ചെയ്തുകൊടുത്തത് 1947നുശേഷം കോണ്‍ഗ്രസ്സ് ഭരണവുമാണ്. ഒന്നാം സ്വാതന്ത്ര്യസമരത്തിലെ ഹിന്ദുമുസ്ലീം ഐക്യം കണ്ട് പരിഭ്രാന്തരായ ബ്രിട്ടീഷുകാര്‍ ഭിന്നിപ്പിക്കുക, ഭരിക്കുക എന്ന സാമ്രാജ്യത്വ രാഷട്രീയ തന്ത്രം ഉപയോഗിക്കുകയായിരുന്നു. ഇന്ത്യന്‍ ജനതയുടെ വിദേശികള്‍ക്കെതിരായ ഐക്യത്തെയും സമരത്തെയും തകര്‍ക്കാനായി. ഒന്നാം സ്വാതന്ത്ര്യസമരത്തെ സംബന്ധിച്ച വി ഡി സവര്‍ക്കറുടെ പുസ്തകം തന്നെ ഇക്കാര്യങ്ങള്‍ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. (ഇന്നീ പുസ്തകം ആര്‍എസ്എസുകാര്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചിരിക്കുകയാണ്. മലയാളത്തില്‍ ഈ പുസ്തകം പ്രസിദ്ധീകരിച്ചത് കോഴിക്കോട്ടെ കിഷോര്‍ പബ്ലിക്കേഷന്‍സാണ്). ചാള്‍സ്ബാളിനെ ഉദ്ധരിച്ചുകൊണ്ട് സവര്‍ക്കര്‍ എഴുതിയിരിക്കുന്നത്;

""ഹിന്ദുക്കളുടെയും മുഹമ്മദീയരുടെയും മതപരമായ വാസനകള്‍ ഒന്നിനൊന്നായി ഇണങ്ങി ദേശാഭിമാനപരമായി രൂപപ്പെടുന്നതുകണ്ട് ചാള്‍സ്ബാര്‍ നിരീക്ഷിക്കുന്നത് നോക്കുക - അത്ര അപ്രതിഹതവും ആശ്ചര്യജനകവും അസാമാന്യവുമായ പരിണാമം ലോകചരിത്രത്തില്‍ വിരളമാണ്"". ഹിന്ദു മുസ്ലീം ഐക്യത്തിന്റെ അപ്രതിരോധ്യതയില്‍ ബ്രിട്ടീഷ് ഭരണം തകര്‍ന്നുപോകുമെന്ന് ആശങ്കപ്പെട്ടുകൊണ്ട് ജോര്‍ജ്ജ് ഡബ്ലിയു ഫോസ്റ്റര്‍ നിരീക്ഷിച്ചത്; ""ബ്രാഹ്മണരും ശൂദ്രരും ഹിന്ദുക്കളും മുഹമ്മദീയരും ഒരുമിച്ച് വിപ്ലവമുണ്ടാക്കുന്നതില്‍ കവിഞ്ഞ് ഇന്ത്യന്‍ വിപ്ലവം (1857) നല്‍കുന്ന മറ്റൊരു മുന്നറിയിപ്പുമില്ല"". ഇന്ത്യന്‍ ജനതയുടെ ഐക്യത്തെ തടയാനുള്ള ആസൂത്രിതമായ മുന്നൊരുക്കങ്ങള്‍ കൊളോണിയല്‍ ശക്തികള്‍ നേരത്തെതന്നെ ആരംഭിച്ചതാണ്. 1843ല്‍ ഗവര്‍ണ്ണര്‍ ജനറല്‍, വൈസ്രോയിയായിരുന്ന വെല്ലിങ്ടണ്‍ പ്രഭുവിന് മുന്നറിയിപ്പു നല്‍കിയത്, ""മുഹമ്മദീയര്‍ അടിസ്ഥാനപരമായി ബ്രിട്ടീഷുകാര്‍ക്കും അവരുടെ നയങ്ങള്‍ക്കുമെതിരാണ്. അതിനാല്‍ നമ്മുടെ നയം ഹിന്ദുക്കളുമായി രമ്യതയില്‍ നില്‍ക്കുന്നതാവണം"".

ഹിന്ദുക്കളെയും മുസ്ലീങ്ങളെയും അവസരങ്ങളുടെ ആവശ്യമനുസരിച്ച് ശത്രുവായും മിത്രമായും പരിഗണിച്ച ചരിത്രമാണ് ബ്രിട്ടീഷ് ഭരണകാലത്തിന്റേത്. മതനിരപേക്ഷത വാക്കില്‍ ഉയര്‍ത്തിപ്പിടിക്കുമ്പോഴും സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ ഭരണാധികാരികളും ഇതേ നയം തന്നെയാണ് പിന്തുടര്‍ന്നത്. ഗാന്ധിവധത്തിന്റെ രോഷജനകമായ അന്തരീക്ഷത്തിന്റെ ചൂടാറും മുമ്പാണ് ഹിന്ദുത്വശക്തികള്‍ ബാബ്റിമസ്ജിദിലേക്ക് രാമന്റെയും സീതയുടെയും ലക്ഷ്മണന്റെയും വിഗ്രഹങ്ങള്‍ ഒളിച്ചുകടത്തുന്നത്. 1949 ഡിസംബര്‍ 22ന് അര്‍ദ്ധരാത്രി ഹിന്ദുമഹാ സഭാനേതാക്കളായ ബാബാരാഘവദാസ്, ദിഗ്വിജയനാഥ്, സാമികര്‍പ്പത്നി എന്നിവരുടെ കാര്‍മ്മികത്വത്തിലായിരുന്നു മസ്ജിദിനകത്ത് വിഗ്രഹങ്ങള്‍ ഒളിച്ചുകടത്തി സ്ഥാപിച്ചത്. എന്നിട്ടവര്‍ പള്ളിക്കകത്ത് രാമസീത വിഗ്രഹങ്ങള്‍ സ്വയംഭൂവായെന്ന് നുണപ്രചരണം നടത്തുകയായിരുന്നു. അയോധ്യയില്‍ നടന്ന അഖണ്ഡരാമായണ യഞ്ജത്തിന് സമാപനം കുറിച്ചുകൊണ്ടായിരുന്നു പള്ളിക്കകത്ത് രാമവിഗ്രഹം സ്ഥാപിച്ചത്. ഇതിന് ഹിന്ദുമഹാസഭക്കാര്‍ക്കൊപ്പം നേതൃത്വം നല്‍കിയത് അന്നത്തെ ഫൈസാബാദ് ജില്ലാകലക്ടര്‍ കെ.കെ.നായരായിരുന്നു. ഈ നീചകൃത്യത്തിന് അന്നത്തെ യു.പി മുഖ്യമന്ത്രി ഗോവിന്ദ് വല്ലഭ് പന്തിന്റെ അനുഗ്രഹാശിസ്സുകളുമുണ്ടായിരുന്നു. വിവരമറിഞ്ഞ നെഹ്റു പള്ളിക്കകത്ത് ഒളിച്ചുകടത്തിയ വിഗ്രഹങ്ങള്‍ സരയൂനദിയുടെ പ്രവാഹഗതിയിലേക്ക് എടുത്തെറിയാന്‍ ഗോവിന്ദ് വല്ലഭ് പന്തിനോട് ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ ഗോവിന്ദ് വല്ലഭ് പന്തിനെപോലെയുള്ള യു.പി.യിലെ ഹിന്ദുത്വവാദികളായ കോണ്‍ഗ്രസ്സുകാര്‍ നെഹ്റുവിനെ നിര്‍ദ്ദാക്ഷിണ്യം തള്ളിക്കൊണ്ട് സര്‍ക്കാര്‍ ചെലവില്‍ പള്ളിക്കകത്ത് സ്ഥാപിച്ച വിഗ്രഹങ്ങളില്‍ പൂജയാരംഭിക്കുകയുമാണ് ചെയ്തത്.

ഈയൊരു പ്രക്ഷുബ്ധമായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഫൈസാബാദ് മണ്ഡലത്തെ പ്രതിനിധീകരിച്ച എം.പിയും കോണ്‍ഗ്രസ്സിന്റെ പ്രമുഖനേതാവുമായിരുന്ന ആചാര്യ നരേന്ദ്രദേവ് കോണ്‍ഗ്രസ്സ് വിടുന്നത്. അദ്ദേഹം എം.പി. സ്ഥാനം രാജിവെച്ചു. ഉപതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആചാര്യ നരേന്ദ്രദേവിനെ തോല്‍പ്പിക്കുവാന്‍ കോണ്‍ഗ്രസ്സ് നേതൃത്വം കണ്ടെത്തിയ സ്ഥാനാര്‍ത്ഥി ഹിന്ദുമഹാസഭാ നേതാവായ ബാബാരാഘവദാസായിരുന്നു. കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയശക്തിയും ആര്‍.എസ്.എസിന്റെ സാംസ്കാരിക ശക്തിയും ഒന്നുചേരുന്നതാണ് നാം ഇവിടെ കണ്ടത്.

ബാബ്റിമസ്ജിദ് പ്രശ്നം കോണ്‍ഗ്രസ്സിന്റെ ഹിന്ദുത്വാനുകൂല നിലപാടുകളാണ് ദുരന്ത പൂര്‍ണ്ണമാക്കിയത്. രാജ്യത്തിന്റെ നിയമവും ഭരണഘടനയുടെ മതനിരപേക്ഷതയും കാറ്റില്‍പ്പറത്തിക്കൊണ്ടാണ് സംഘപരിവാറിന്റെ വിധ്വംസക പ്രവര്‍ത്തനങ്ങളെ കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ സഹായിച്ചത്. രാജ്യത്തിന്റെ ആത്മാവിന് തന്നെ തീക്കൊടുത്ത ബാബ്റിമസ്ജിദ് തകര്‍ച്ച കോണ്‍ഗ്രസ്സിന്റെ മൃദുഹിന്ദുത്വ നിലപാടുകളുടെ അനിവാര്യഫലമായിരുന്നു. ഇന്നിപ്പോള്‍ ഗുജറാത്ത് വംശഹത്യയിലൂടെ നരാധമനായി മാറിയ മോഡിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്സിനോ അവരുടെ ദുര്‍ബലനായ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ഗാന്ധിക്കോ കഴിയില്ലെന്നു പറയുന്നത് കോണ്‍ഗ്രസ്സിന്റെ ഹിന്ദുത്വബാന്ധവത്തിന്റെ ചരിത്രപരമായ അനുഭവങ്ങളുടെ വെളിച്ചത്തിലാണ്.

ഇന്ത്യയുടെ ദേശീയോദ്ഗ്രഥന സമിതിയും സുപ്രീംകോടതിയും ബാബ്റിമസ്ജിദിനെ ഒരു പോറലും ഏല്‍ക്കാതെ സംരക്ഷിക്കണമെന്ന് റാവു സര്‍ക്കാരിനോട് ആവര്‍ത്തിച്ച് അനുശാസിച്ചതാണ്. 1992 നവംബര്‍ 23ന് ചേര്‍ന്ന ദേശീയോദ്ഗ്രഥന സമിതിയോഗം സാമുദായിക സൗഹാര്‍ദ്ദവും നിയമവാഴ്ചയും ഭരണഘടനയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അയോധ്യ പ്രശ്നത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രിയെതന്നെയാണ് ചുമതലപ്പെടുത്തിയത്. 92 നവംബര്‍ 25ന് അയോധ്യ പ്രശ്നത്തില്‍ മസ്ജിദ് സംരക്ഷിക്കാനാവശ്യമായ ഏതുനടപടിയും സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയും ചെയ്തു. പക്ഷേ നരസിംഹറാവു സര്‍ക്കാര്‍ ഭരണഘടനയെയും മതനിരപേക്ഷതയെയും നിയവാഴ്ചയെയും സംരക്ഷിക്കുന്നതില്‍ നിന്ന് കുറ്റകരമായ രീതിയില്‍ ഒഴിഞ്ഞുമാറുകയാണുണ്ടായത്.

ബാബ്റിമസ്ജിദിന്റെ കുംഭഗോപുരങ്ങള്‍ ഇടിച്ചുതകര്‍ക്കുന്നതിന് നേതൃത്വം കൊടുത്ത കര്‍സേവകരില്‍ ഒരാളാണ് നരേന്ദ്ര മോഡി. ഹിന്ദുത്വശക്തികള്‍ ദേശീയ അപമാനമെന്ന് കല്‍പ്പിച്ച് തകര്‍ത്ത മതേതരത്വത്തിന്റെ താഴികക്കുടങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്ത അവശിഷ്ടങ്ങള്‍ അഹമ്മദാബാദിലെ തന്റെ വസതിയില്‍ കൊണ്ടുവന്ന് വിജയാഹ്ലാദം നടത്തിയ മോഡിയുടെ രാഷ്ട്രീയ വാമനത്വം മതനിരപേക്ഷവാദികളെല്ലാം കണ്ടതാണ്. ബാബ്റിമസ്ജിദിന്റെ തകര്‍ച്ചക്കുശേഷം രാജ്യം വര്‍ഗ്ഗീയകലാപങ്ങളില്‍ കത്തിയമരുമ്പോള്‍ കോണ്‍ഗ്രസ്സുകാരനായ പ്രധാനമന്ത്രി നരസിംഹറാവു മൗനത്തിന്റെ വാല്മീകം പൊളിച്ച് പുറത്തുവന്നില്ല. മന്ത്രിസഭായോഗം വിളിച്ചുചേര്‍ക്കാന്‍ പോലും റാവു തയ്യാറായില്ല. സോണിയാഗാന്ധി കൗശലപൂര്‍വ്വം മൗനം പാലിച്ചു. ഇടതുപക്ഷ നേതാക്കളുടെ മുന്‍കൈയില്‍ പ്രധാനമന്ത്രിയുടെ വീടിനുമുമ്പിലടക്കം വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നതിനുശേഷം മാത്രമാണ് റാവു മൗനം ഭഞ്ജിച്ചത്. ചരിത്രപ്രസിദ്ധമായ ആരാധനാലയം തകര്‍ത്ത് ആറുദിവസം കഴിഞ്ഞ് ഡിസംബര്‍ 12നാണ് റാവു വാ തുറന്നത്. എങ്ങനെയുണ്ട് കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ ന്യൂനപക്ഷ സംരക്ഷണ ജാഗ്രത!! യു.പി.യിലെ കല്യാണ്‍സിംഗ് സര്‍ക്കാരിനെ കുറ്റപ്പെടുത്തി ഈ മഹാ അപരാധത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് രക്ഷപ്പെടാനാണ് റാവു ശ്രമിച്ചത്. കല്യാണ്‍ സിംഗ് സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനും സുപ്രീംകോടതി നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്ന വിലാപമായിരുന്നു റാവു നടത്തിയത്. ബി.ജെ.പിയുടെ കല്യാണ്‍സിംഗ് സര്‍ക്കാര്‍ ബാബ്റിമസ്ജിദ് പൊളിക്കുന്നതിന് എല്ലാ സൗകര്യവും ചെയ്തുകൊടുക്കുമെന്നറിഞ്ഞിട്ടും നരസിംഹറാവു ഒരു നടപടിയും സ്വീകരിച്ചില്ല. ആ കുറ്റകരമായ നിഷ്ക്രിയത്വത്തിനു പിറകില്‍ റാവുവും ചന്ദ്രസ്വാമിയും സംഘപരിവാര്‍ നേതാക്കളും തമ്മിലുള്ള അവിശുദ്ധ ബാന്ധവമായിരുന്നു.

ആഭ്യന്തരകുഴപ്പങ്ങളില്‍പ്പെട്ടുഴലുന്ന സംസ്ഥാനങ്ങളെ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഭരണഘടനാപരമായ അധികാരമുണ്ട്. 355-ാം വകുപ്പ് യൂണിയന്‍ ലിസ്റ്റ് (2എ) പ്രകാരം കേന്ദ്ര സര്‍ക്കാരിന് പട്ടാളത്തെ പോലും നിയോഗിക്കാവുന്നതാണ്. ഫൈസാബാദ് ജില്ലാ മജിസ്ട്രേറ്റ് അനുവദിക്കാത്തതിനാലാണ് പട്ടാളത്തെ അയോധ്യയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെ വിന്യസിക്കേണ്ടിവന്നതെന്ന വാദം എത്ര ബാലിശമാണ്.

കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ സംഘപരിവാറിന്റെ ഇംഗിതമനുസരിച്ച് എല്ലാകാലത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1975ലെ അടിയന്തിരാവസ്ഥയ്ക്കുശേഷം ഹിന്ദുകാര്‍ഡ് കളിച്ചുകൊണ്ടാണ് കോണ്‍ഗ്രസ്സ് ദേശീയ അധികാരത്തിലേക്ക് തിരിച്ചുവന്നതും അധികാരം കയ്യാളിയതും. ഖാലിസ്ഥാന്‍ വാദം ഉള്‍പ്പെടെയുള്ള വിഘടനവാദ പ്രസ്ഥാനങ്ങളെ വളവും വെള്ളവും നല്‍കി വളര്‍ത്തിയവര്‍ തന്നെ ദേശീയ ഐക്യത്തിന് എന്ന വ്യാജേന ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ പലതലങ്ങളില്‍ പ്രോത്സാഹിപ്പിച്ചു. വിഘടനവാദത്തിനെതിരെ അഖണ്ഡതയുടെ പ്രത്യയശാസ്ത്രമായി സവര്‍ണ്ണ ഹൈന്ദവതയെ പുനഃസ്ഥാപിക്കുവാനാണ് ഹിന്ദുത്വശക്തികളോടൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ശ്രമിച്ചത്. വിശ്വഹിന്ദുപരിഷത്തിന്റെ മുന്‍കൈയില്‍ 1980കളില്‍ ആരംഭിച്ച ഹിന്ദു ഏകീകരണം ലക്ഷ്യം വെച്ചുള്ള പുണ്യജലവില്പനയ്ക്കും യജ്ഞപുനരുജ്ജീവന ശ്രമങ്ങള്‍ക്കും കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തു. ഇന്ദിരാഗാന്ധി ഹരിദ്വാറില്‍ വിശ്വഹിന്ദുപരിഷത്ത് സംഘടിപ്പിച്ച ഏകാത്മാ യജ്ഞത്തില്‍ പങ്കെടുത്തതുതന്നെ തന്റെ ഹിന്ദുത്വാനുകൂല നിലപാട് വെളിപ്പെടുത്താനായിരുന്നു. അത് ഇന്ദിരാഗാന്ധിക്കും കോണ്‍ഗ്രസ്സിനും അത്ഭുതകരമായ നേട്ടങ്ങള്‍ ഉണ്ടാക്കിക്കൊടുത്തു. ആ വര്‍ഷം നടന്ന ജമ്മുകാശ്മീര്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് തങ്ങളുടെ രാഷ്ട്രീയ മുഖമായ ബിജെപിയെ തഴഞ്ഞ് കോണ്‍ഗ്രസ്സിനെ പിന്തുണച്ചു. ഹിന്ദുതാല്പര്യം സംരക്ഷിക്കാന്‍ തങ്ങളുടെ ബിജെപിയേക്കാള്‍ കഴിയുക കോണ്‍ഗ്രസ്സിനാണെന്നായിരുന്നു ആര്‍എസ്എസ് ഭാഷ്യം.

1984ല്‍ കോണ്‍ഗ്രസ്സ് ശിവസേനയുമായി മഹാരാഷ്ട്രയില്‍ സഖ്യമുണ്ടാക്കി. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. 1984ലെ വിജയദശമി ദിനത്തില്‍ (ആര്‍.എസ്.എസിന്റെ രൂപീകരണദിനം) ആര്‍.എസ്.എസ് മേധാവി ദേവറസ് കോണ്‍ഗ്രസ്സിനോട് സംഘത്തിന് യാതൊരു വിരോധവുമില്ലെന്ന് പ്രഖ്യാപിച്ചു. കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയശക്തിയും ആര്‍.എസ്.എസിന്റെ സാംസ്കാരിക ശക്തിയും ഒന്നുചേരണമെന്ന തന്റെ മുന്‍ഗാമി ഗോള്‍വാള്‍ക്കറുടെ സ്വപ്നം പൂവണിയുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. ഈ ഒരു സാഹചര്യത്തിലാണ് സുവര്‍ണ്ണക്ഷേത്രത്തിനുനേരെ നടന്ന ബ്ലൂസ്റ്റാര്‍ ഓപ്പറേഷനുള്ള പകരം വീട്ടലെന്ന നിലയില്‍ ഇന്ദിരാഗാന്ധി സിഖ് തീവ്രവാദികളാല്‍ ദാരുണമായി കൊലചെയ്യപ്പെട്ടത്. സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റ് ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ടു എന്നത് അവരുടെ തന്നെ രാഷ്ട്രീയ പരീക്ഷണങ്ങളുടെ വൈപരീത്യമായി കാണാം. ഇന്ദിരാവധം ഉയര്‍ത്തിവിട്ട സഹതാപതരംഗം ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ രാജീവ് ഗാന്ധിയെ അധികാരത്തിലെത്തിച്ചു. പോള്‍ ചെയ്ത വോട്ടിന്റെ 48 ശതമാനവും 413 സീറ്റുമാണ് കോണ്‍ഗ്രസ്സ് നേടിയത്. സംഘപരിവാറിന്റെ സമ്പൂര്‍ണ്ണമായ പിന്തുണയും അനുഗ്രഹാശിസ്സുകളും രാജീവ്ഗാന്ധിക്ക് ലഭിച്ചു. ഇതിന് പ്രത്യുപകാരമെന്നോണം സംഘപരിവാറിന്റെ രാമജന്മഭൂമി ക്യാമ്പയിനെ രാജീവ് ഗാന്ധി അകമഴിഞ്ഞ് സഹായിച്ചു. രാമരാജ്യം എന്റെ ലക്ഷ്യമാണെന്ന് രാജീവ് ഗാന്ധി പ്രഖ്യാപിച്ചു. ഇലക്ട്രോണിക്സിന്റെ ചിറകുകളില്‍ പറക്കുമ്പോഴും മദ്ധ്യകാലിക മൂല്യങ്ങളെയും അനുഷ്ഠാനങ്ങളെയും ഹിന്ദുത്വ ഏകീകരണത്തിന് സഹായകരമായ രീതിയില്‍ പുനരുജ്ജീവിപ്പിച്ചെടുക്കുവാനുള്ള പ്രത്യയശാസ്ത്ര പ്രചാരണങ്ങളും സര്‍ക്കാര്‍ തന്നെ നടത്തി. ടെലിവിഷനില്‍ രാമായണം പരമ്പര വഴി രാമബിംബത്തെ ക്ഷാത്രവീര്യമുണര്‍ത്തുന്ന ഹിന്ദുവിന്റെ ആത്മാഭിമാന നിര്‍മിതിക്കായി ആര്‍എസ്എസ് അഭിലഷിച്ച രീതിയില്‍ ജനമനസ്സുകളിലെത്തിച്ചു. സംഘപരിവാറിന്റെ രാമജന്മഭൂമി കാമ്പയിനാവശ്യമായ ആശയപരവും വൈകാരികവുമായ പരിസരമൊരുക്കിക്കൊടുത്തു രാമാനന്ദസാഗറിന്റെ ടി.വി രാമായണം പരമ്പര. ഗംഗാനദി ശുദ്ധീകരണത്തിന്റെ പേരില്‍ ഹൈന്ദവ വികാരങ്ങളെ ഉയര്‍ത്തിയെടുക്കുവാനും കോണ്‍ഗ്രസ്സിന് അനുകൂലമാക്കാനും രാജീവിന്റെ ഉപദേഷ്ടാക്കള്‍ ആസൂത്രിതമായി ശ്രമിച്ചു.

1949ല്‍ തര്‍ക്കഭൂമിയാണെന്നു പറഞ്ഞ് അടച്ചിട്ട ബാബ്റിമസ്ജിദ് ക്ഷേത്രമാണെന്നും ക്ഷേത്രകവാടം ഹിന്ദുക്കള്‍ക്ക് തുറന്നുകൊടുക്കണമെന്നുമുള്ള ഒരു സാധാരണ മജിസ്ട്രേറ്റു കോടതിവിധിയെ നിമിത്തമാക്കി രാജീവ് ഗാന്ധി സംഘപരിവാര്‍ ശക്തികളുടെ ആവശ്യം പരിഗണിച്ച് ഹിന്ദുക്കള്‍ക്ക് മസ്ജിദ് തുറന്നുകൊടുക്കുവാന്‍ നിര്‍ദ്ദേശിച്ചു. 1986 ഫെബ്രുവരി ഒന്നിന് ആരാധനാലയം അടച്ചിടണമെന്ന ഉത്തരവ് റദ്ദാക്കി യു.പി സര്‍ക്കാര്‍ പള്ളി ഹിന്ദുക്കള്‍ക്ക് തുറന്നുകൊടുത്തു. രാജീവും യുപി മുഖ്യമന്ത്രിയായിരുന്ന എന്‍ ഡി തിവാരിയും ചേര്‍ന്നാണ് ഏകപക്ഷീയമായി പള്ളി ഹിന്ദുക്കള്‍ക്ക് തുറന്നുകൊടുത്തത്. 1989 നവംബര്‍ 9ന് കേന്ദ്രത്തിലെയും യു.പിയിലെയും കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ സഹായത്തോടെയാണ് സംഘപരിവാര്‍ ശക്തികള്‍ ശിലാന്യാസം നടത്തിയത്. അലഹബാദ് ഹൈക്കോടതി തര്‍ക്കഭൂമിയാണെന്ന് വിധിച്ച സ്ഥലത്ത് ശിലാന്യാസം നടത്താന്‍ കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ അനുമതി നല്‍കുകയായിരുന്നു.

കോണ്‍ഗ്രസ്സ് എക്കാലത്തും ഹിന്ദുത്വശക്തികളെ പ്രീണിപ്പിച്ചുപോന്നിട്ടുണ്ട്. കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം എന്നും ഗോള്‍വാള്‍ക്കറുടെ രഹസ്യസ്വപ്നം വിചാരത്തില്‍ മാത്രമല്ല പ്രയോഗത്തിലും പങ്കിട്ടുപോന്നിട്ടുണ്ട്. അല്ലാത്തവര്‍ക്ക് കോണ്‍ഗ്രസ്സിലെ ഹിന്ദുത്വാനുകൂലികളുടെ കഠിനമായ എതിര്‍പ്പുകളെ നേരിടേണ്ടിയും വന്നിട്ടുണ്ട്. 1949ല്‍ ബാബ്റി മസ്ജിദ് കയ്യേറി വിഗ്രഹങ്ങള്‍ സ്ഥാപിച്ച ഹിന്ദുമഹാസഭയുടെയും യു.പി സര്‍ക്കാരിന്റെയും കള്ളക്കളിക്കെതിരെ ശബ്ദിച്ച അന്നത്തെ ഫൈസാബാദ് ഡി.സി.സി സെക്രട്ടറിയായിരുന്ന അക്ഷയബ്രഹ്മചാരി ക്രൂരമായി വേട്ടയാടപ്പെടുകയായിരുന്നു. സംഘപരിവാര്‍ ശക്തികളുമായി ചേര്‍ന്ന് കോണ്‍ഗ്രസ്സ് തുടങ്ങിവെച്ച ഈ കളി രജ്യത്തെ ചുടലക്കളമാക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം നിരാഹാര സമരമാരംഭിച്ചു. രാഷ്ട്രീയത്തെ ഹിന്ദുവര്‍ഗ്ഗീയതക്ക് കീഴ്പ്പെടുത്തുന്ന കോണ്‍ഗ്രസ്സ് സര്‍ക്കാരിനെതിരെ മതനിരപേക്ഷതയ്ക്കുവേണ്ടി സത്യാഗ്രഹമിരുന്ന അക്ഷയ് ബ്രഹ്മചാരിയെ ഗോവിന്ദ് വല്ലഭ് പന്തിന്റെ നിര്‍ദ്ദേശാനുസരണം കോണ്‍ഗ്രസ്സിലെ ഹിന്ദുത്വവാദികള്‍ അടിച്ചോടിക്കുകയായിരുന്നു; അദ്ദേഹത്തിന്റെ സത്യാഗ്രഹപന്തലിനും ആശ്രമത്തിനും തീക്കൊടുക്കുകയായിരുന്നു. ഗോള്‍വാള്‍ക്കറുടെ രഹസ്യസ്വപ്നം പ്രയോഗത്തിലെത്തിച്ച ഫൈസാബാദിലെ കോണ്‍ഗ്രസ്സുകാരായ വര്‍ഗ്ഗീയവാദികളുടെ ശല്യം സഹിക്കാനാവാതെ അക്ഷയബ്രഹ്മചാരിക്ക് ലഖ്നൗവിലേക്ക് താമസം മാറ്റേണ്ടി വന്നു.

ബാബ്റിമസ്ജിദ് തകര്‍ത്തത് സംഘപരിവാറാണെങ്കിലും അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കോണ്‍ഗ്രസ്സിന് ഒരിക്കലും ഒഴിഞ്ഞുമാറാനാവില്ല. യു.പിയിലെ കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ കാലത്താണ് മസ്ജിദ് വരുതിയിലാക്കാന്‍ സംഘപരിവാറിന് എല്ലാ സൗകര്യങ്ങളും ലഭിച്ചത്. 1992 ഡിസംബര്‍ 6ന് അയോധ്യയിലെ ക്രമസമാധാന ചുമതല വഹിച്ചിരുന്ന ഡി.ബി.റായ്, 1986 പള്ളി തുറന്നുകൊടുക്കാന്‍ ഉത്തരവിട്ട മജിസ്ട്രേറ്റ് കെ.എന്‍. പാണ്ഡേ, ഇതിന്‍മേലുള്ള അപ്പീല്‍ പരിഗണിച്ച അഹമ്മദാബാദ് ഹൈക്കോടതി ജഡ്ജി അഗര്‍വാള്‍ തുടങ്ങിയവര്‍ പിന്നീട് വി.എച്ച്.പിയുടെയും ബി.ജെ.പിയുടെയും നേതാക്കളായി മാറി. പലരും എം.പിമാരാവുകയും ചെയ്തു. എക്സിക്യൂട്ടീവിന്റെയും ജുഡീഷ്യറിയുടെയും ഭാഗത്തുനിന്ന് ഉണ്ടായ ഹിന്ദുത്വാനുകൂല നീക്കങ്ങളെയും ഗൂഢാലോചനകളെയും മനസ്സിലാക്കാന്‍ കേന്ദ്രസര്‍ക്കാരിനും കഴിഞ്ഞിരുന്നില്ലെന്ന് പറയാനാവില്ല. എല്ലാം മനസ്സിലാക്കിയിട്ടും കേന്ദ്രസര്‍ക്കാര്‍ ഭരണതലത്തിലെ ഗൂഢാലോചനയ്ക്ക് കൂട്ടുനില്‍ക്കുകയായിരുന്നു.

കല്യാണ്‍സിങ് സര്‍ക്കാരിനെതിരെ ഭരണഘടനയുടെ 356-ാം വകുപ്പ് ഉപയോഗിക്കാതിരുന്നത് ഫെഡറല്‍മൂല്യങ്ങളെ മാനിക്കുന്നതുകൊണ്ടാണെന്നാണല്ലോ കോണ്‍ഗ്രസ്സ് നേതൃത്വം വാദിച്ചുകൊണ്ടിരിക്കുന്നത്. ഇത് അങ്ങേയറ്റം പരിഹാസ്യമാണ്. ഭരണഘടന നിലവില്‍ വന്നതിനുശേഷം 1992 വരെയുള്ള വര്‍ഷങ്ങളില്‍ 90 പ്രാവശ്യമെങ്കിലും കേന്ദ്രസര്‍ക്കാര്‍ 356-ാം വകുപ്പ് പ്രയോഗിച്ചിട്ടുണ്ട്. കേരളത്തില്‍ ഇ.എം.എസ് ഗവണ്‍മെന്റിനെ പിരിച്ചുവിടുന്നതുള്‍പ്പെടെ നിരവധിതവണ ഈ വകുപ്പ് ദുരുപയോഗം ചെയ്തിട്ടുണ്ട്. 1968ലും കേരളത്തില്‍ 356-ാം വകുപ്പ് കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഉപയോഗിച്ചതെന്തിനായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ രക്ഷിക്കാനെന്ന തൊടുന്യായം പറഞ്ഞായിരുന്നു. 1969ല്‍ ബംഗാളില്‍ പട്ടാളത്തെ നിയോഗിച്ച അനുഭവവും ഉണ്ട്. ചരിത്രപസിദ്ധമായ ബാബ്റിമസ്ജിദ് സംരക്ഷിക്കാന്‍ സുപ്രീം കോടതിയും ദേശീയോദ്ഗ്രഥന കൗണ്‍സിലും കേന്ദ്രസര്‍ക്കാരിന് എന്ത് നടപടി എടുക്കാനും അനുമതി നല്‍കിയിട്ടും എന്തുകൊണ്ട് 356-ാം വകുപ്പു പ്രയോഗിച്ചില്ല? എന്തുകൊണ്ട് 355-ാം വകുപ്പ് പ്രകാരം പട്ടാളത്തെ സംരക്ഷണച്ചുമതല ഏല്‍പ്പിച്ചില്ല?

ഈ ചോദ്യങ്ങള്‍ക്കുത്തരം തേടുമ്പോഴാണ് കോണ്‍ഗ്രസ്സ് സര്‍ക്കാരും സംഘപരിവാറും അയോധ്യാപ്രശ്നത്തില്‍ നടത്തിയ ഗൂഡാലോചനയുടെ ചിത്രം തെളിയുന്നത്. അയോധ്യയില്‍ കേന്ദ്രസര്‍ക്കാര്‍ നിശ്ശബ്ദരായത് ഹിന്ദുത്വാനുകൂല നിലപാടുമൂലമാണെന്ന കാര്യം പകല്‍പോലെ വ്യക്തമാണ്. ഡിസംബര്‍ 12ന് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രം ഈ കുറ്റകരമായ ഗൂഢാലോചനയെ മറച്ചുപിടിക്കാനുള്ള ശ്രമം മാത്രമായിരുന്നു. റാവുസര്‍ക്കാരിന് വസ്തുതകളെ സത്യസന്ധമായി അവതരിപ്പിക്കാന്‍ കഴിയാതെപോയത് കേന്ദ്രമന്ത്രിസഭയിലെ ഉന്നതര്‍ക്കുള്ള ബന്ധം മറച്ചുവെക്കാനുള്ള തിടുക്കംമൂലമായിരുന്നു. 1992 ഡിസംബര്‍ 27ന് വിവാദസ്ഥലങ്ങള്‍ ഏറ്റെടുക്കാനും പള്ളിയും മന്ദിറും പണിയാനുള്ള രണ്ട് ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. 1993 ജനുവരി 7ന് പള്ളിയും അമ്പലവും പണിയാന്‍ രണ്ട് ട്രസ്റ്റുകള്‍ രൂപീകരിക്കാനുള്ള ഓര്‍ഡിനന്‍സും പുറപ്പെടുവിച്ചു. ഒന്നും നടന്നില്ല. സംഘപരിവാര്‍ തങ്ങളുടെ ഇംഗിതം അനുസരിച്ചുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അയോധ്യയില്‍ കോണ്‍ഗ്രസ്സിന്റെ സഹായത്തോടെ ആരംഭിക്കുകയായിരുന്നു.

2002 ഫെബ്രുവരി 27ന് ഗോധ്രയില്‍ വെച്ച് സബര്‍മതി എക്സ്പ്രസ്സിന് തീപ്പിടുത്തമുണ്ടായതിനെ തുടര്‍ന്നാണ് ഗുജറാത്തില്‍ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നീചമായ മുസ്ലീം വേട്ട ആരംഭിച്ചത്. നുണക്കഥകള്‍ പ്രചരിപ്പിച്ച് വിദ്വേഷത്തിന്റെ ആള്‍ക്കൂട്ടങ്ങളെ മുസ്ലീം അധിവാസ മേഖലകളിലേക്ക് ഇളക്കിവിടുകയായിരുന്നു. 2000ലേറെ മനുഷ്യരാണ് കൊലചെയ്യപ്പെട്ടത്. 1,50,000ത്തിലേറെ പേര്‍ എല്ലാം നഷ്ടപ്പെട്ട് അഭയാര്‍ത്ഥികളായി. 10000 കോടി രൂപയുടെ നഷ്ടമാണ് സംഘപരിവാര്‍ ശക്തികള്‍ സംഹാരതാണ്ഡവമാടിയ ഈ ദിവസങ്ങളില്‍ ഗുജറാത്തിലുണ്ടായത്. നരേന്ദ്രമോദി ഭരണസംവിധാനമുപയോഗിച്ച് വംശഹത്യക്ക് നേതൃത്വം നല്‍കുകയായിരുന്നു. ഈ വര്‍ഗ്ഗീയകലാപങ്ങളെ ഗുജറാത്തിലെ പ്രതിപക്ഷപാര്‍ട്ടിയായ കോണ്‍ഗ്രസ്സിന് പ്രതിരോധിക്കാന്‍ കഴിഞ്ഞില്ലെന്നത് പോകട്ടെ ഒരു നെടുനിശ്വാസം കൊണ്ടുപോലും പ്രതിഷേധിക്കാനും കഴിഞ്ഞില്ല.

ഇസ്ഹാന്‍ജാഫ്രിയെ പോലുള്ള പ്രമുഖ കോണ്‍ഗ്രസ്സ് നേതാക്കള്‍ വംശഹത്യയുടെ ഇരകളായി. ജാഫ്രിയുടെ ഹൗസിംഗ് കോളനിയില്‍ നടന്ന അക്രമങ്ങള്‍ക്കും കൂട്ടക്കൊലകള്‍ക്കും നേതൃത്വം കൊടുത്തത് ബാപ്പുനഗര്‍ മുന്‍സിപ്പല്‍ കൗണ്‍സിലറായിരുന്ന കോണ്‍ഗ്രസ്സ് നേതാവ് ജഗ്രൂപ് രജ്പുത്തായിരുന്നു. അദ്ദേഹം ഇപ്പോള്‍ ഗുജറാത്തിലെ ബി.ജെ.പി എം.എല്‍.എ ആണ്. കോണ്‍ഗ്രസ്സും ബി.ജെ.പിയും തമ്മില്‍ കാര്യമായ വ്യത്യാസമൊന്നും ഇല്ലെന്നാണ് ഗുജറാത്തിലെ അനുഭവങ്ങള്‍ കാണിക്കുന്നത്. ബാബ്റിമസ്ജിദിന്റെ തകര്‍ച്ചക്കുശേഷം നടന്ന മുംബൈ കലാപത്തില്‍ ശിവസേന, ആര്‍എസ്എസ് വര്‍ഗ്ഗീയവാദികള്‍ക്കൊപ്പം മുംബൈ പോലീസും മുസ്ലീങ്ങളെ വേട്ടയാടി. ഈ സംഭവങ്ങള്‍ക്ക് ദൃക്സാക്ഷിയായ അക്കാലത്തെ കോണ്‍ഗ്രസ്സ് എംപിയും ചലച്ചിത്രനടനുമായ സുനില്‍ദത്ത് പ്രധാനമന്ത്രി നരസിംഹറാവുവിനെഴുതിയ കത്തില്‍ ഇത്രയും പക്ഷപാതത്തോടെ കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനത്തെ പോലീസ് സേന പെരുമാറുന്നതെന്തുകൊണ്ടാണെന്ന് ചോദിക്കുന്നുണ്ട്. മതനിരപേക്ഷതയെ സൗകര്യപൂര്‍വ്വം വ്യാഖ്യാനിച്ച് വര്‍ഗ്ഗീയതയുടെ വടുകെട്ടിയ മനസ്സുമായി കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ വിവിധ മതവിഭാഗങ്ങളെ തങ്ങളുടെ ആവശ്യാനുസരണം അടിച്ചമര്‍ത്തുകയും തലോടുകയും ചെയ്ത ചരിത്രമാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയുടേത്. കോണ്‍ഗ്രസ്സ് എന്നും ഭൂരിപക്ഷ വര്‍ഗ്ഗീയതയോട് ആഭിമുഖ്യം പുലര്‍ത്തിപ്പോന്നിട്ടുണ്ട്. കോണ്‍ഗ്രസ്സ് നേതാക്കള്‍ പലഘട്ടങ്ങളിലും മുസ്ലീം വിരുദ്ധ - സിഖ് വിരുദ്ധ വര്‍ഗ്ഗീയ ആവേശം ക്രൂരമായ മാനങ്ങളില്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ദിരാവധത്തിനുശേഷം ആര്‍എസ്എസ് സഹായത്തോടെ ഡല്‍ഹിയില്‍ സിഖ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയത് കോണ്‍ഗ്രസ്സിലെ സവര്‍ണ്ണ ഹൈന്ദവ പശ്ചാത്തലത്തില്‍ നിന്ന് ഉയര്‍ന്നുവന്ന നേതാക്കളായിരുന്നു.

ഇന്ത്യന്‍ ഭരണാധികാരികള്‍ കാലാകാലങ്ങളില്‍ സങ്കുചിതവും താല്‍ക്കാലികവുമായ നേട്ടങ്ങള്‍ക്കായി വര്‍ഗ്ഗീയ ശക്തികളുമായി കൂട്ടുകൂടുകയും മതനിരപേക്ഷതയെ അപ്രസക്തമാക്കുകയും ചെയ്തിട്ടുണ്ട്. 1947ലെ വിഭജനകാലത്ത് ആയിരക്കണക്കിന് വര്‍ഗ്ഗീയകലാപങ്ങളാണ് ഇന്ത്യയില്‍ നടന്നത്. ഹിന്ദുമുസ്ലീം കലാപങ്ങളില്‍ ചോരവാര്‍ന്നുകിടന്ന നവഖാലിയിലെ ചതുപ്പുനിലങ്ങളിലൂടെ ശാന്തിമന്ത്രം ഉരുവിട്ട് നീങ്ങിയ മഹാത്മജിക്ക് ചെവികൊടുക്കുവാന്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ പോലും തയ്യാറായില്ല. അന്ധമായ മുസ്ലീം വിരോധം മൂലം കോണ്‍ഗ്രസ്സിന്റെ ദേശീയ നേതാക്കളില്‍ പലരും പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും മുസ്ലീങ്ങള്‍ എന്റെ സഹോദരങ്ങളാണെന്ന് പ്രഖ്യാപിച്ച ഗാന്ധജിക്കെതിരെ മുറുമുറുക്കുകയായിരുന്നു. ഈ അസഹനീയമായ വര്‍ഗ്ഗീയ അന്ധതകണ്ട് നെഞ്ചുപൊട്ടി ഗാന്ധി ചോദിക്കുകയുണ്ടായി ""പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും മുസ്ലീങ്ങള്‍ നമ്മുടെ സഹോദരീ സഹോദരന്മാരാണെന്ന് വിശ്വസിക്കുന്ന ഈ ഗാന്ധി നിങ്ങള്‍ക്കിടയില്‍ ജീവിക്കുന്നത് ഒരു അപരാധമാണോ."" ഹിന്ദുവിന്റെ പേരില്‍ പ്രകടിപ്പിക്കുന്ന മുസ്ലീം വിരുദ്ധതയെ ചോദ്യം ചെയ്തുകൊണ്ട് ഗാന്ധി തുടര്‍ന്നു;

""യുധിഷ്ഠരന്റെ ധര്‍മ്മബോധവും പാണ്ഡവരുടെ ക്ഷമാശീലവും പുലര്‍ത്തുന്ന, മുസ്ലീങ്ങളെല്ലാം എന്റെ കൂടപ്പിറപ്പുകളാണെന്ന് വിശ്വസിക്കുന്ന ഒരു സനാതന ഹിന്ദുവാണ് ഞാന്‍."" ഇന്ത്യയിലെ വര്‍ഗ്ഗീയകലാപങ്ങളെക്കുറിച്ചുള്ള ജുഡീഷ്യല്‍ അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ടുകളെല്ലാം രാജ്യത്തെ ഞെട്ടിച്ച വര്‍ഗ്ഗീയകലാപങ്ങളില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള പങ്കും പുറത്തുകൊണ്ടുവന്നിട്ടുണ്ട്. ആസൂത്രണത്തിലും വര്‍ഗ്ഗീയകലാപങ്ങളുടെ വ്യാപനത്തിലും കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലീസ് സേനയുടെ പങ്കും പല കമ്മീഷന്‍ റിപ്പോര്‍ട്ടുകളിലും എടുത്തുപറഞ്ഞിട്ടുണ്ട്. ഇന്നിപ്പോള്‍ സംഘപരിവാര്‍ നരാധമനായ മോഡിയെ മുന്നില്‍ നിര്‍ത്തി ഇന്ദ്രപ്രസ്ഥത്തില്‍ അധികാരം പിടിക്കാനുള്ള നീക്കമാണ് നടത്തുന്നത്. അതിനെ പ്രതിരോധിക്കുവാന്‍ മതനിരപേക്ഷ ജനാധിപത്യശക്തികള്‍ക്കേ കഴിയൂ. വര്‍ഗ്ഗീയതയും അതിന്റെ വര്‍ത്തമാനരൂപമായ മോഡിയിസവും ഇന്ത്യന്‍ മതനിരപേക്ഷ ഘടനയ്ക്കുനേരെ ഉയര്‍ത്തുന്ന വെല്ലുവിളികളെ പ്രതിരോധിക്കുവാന്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് കഴിയില്ല. സാമ്രാജ്യത്വവും വര്‍ഗ്ഗീയതയും ഇന്ത്യന്‍ ഭരണവര്‍ഗ്ഗങ്ങളും ഒളിഞ്ഞും തെളിഞ്ഞും നടത്തിയ അവിഹിത വേഴ്ചകളിലൂടെ പിറന്നുവീണ ദുര്‍ഭഗസന്തതികള്‍ രാജ്യമൊട്ടാകെ രക്തപങ്കിലമാക്കുകയാണ്. ജമ്മുകാശ്മീരിലെ കിഷ്ത്താറിലും യു.പിയിലെ മുസഫര്‍നഗറിലും ബീഹാറിലും ഹിന്ദുത്വ ധ്രുവീകരണ ലക്ഷ്യം വെച്ചാണ് സംഘപരിവാര്‍ കലാപങ്ങള്‍ ആസൂത്രണം ചെയ്തത്. ഈ നിഷ്ഠൂരമായ വര്‍ഗ്ഗീയവല്‍ക്കരണ നടപടിയെ മതനിരപേക്ഷ നിലപാടുയര്‍ത്തി പ്രതിരോധിക്കുവാന്‍ തയ്യാറാകാതെ കോണ്‍ഗ്രസ്സ് ഹിന്ദുത്വ ധ്രുവീകരണത്തെ ഉപയോഗപ്പെടുത്തി വോട്ടുനേടാനാകുമോ എന്നാണ് ശ്രമിക്കുന്നത്. മുസഫര്‍നഗറില്‍ വര്‍ഗ്ഗീയാക്രമണങ്ങളുടെ ഇരകളെ ഐ.എസ്.ഐ സ്വാധീനിക്കുന്നുവെന്ന രാഹുല്‍ഗാന്ധിയുടെ പ്രസ്താവന ഈ ലക്ഷ്യത്തെ മറനീക്കി പുറത്തുകൊണ്ടുവന്നു.

ബി.ജെ.പിയും കോണ്‍ഗ്രസ്സും ഒരേ മൂലധന താല്‍പ്പര്യങ്ങളുടെ രണ്ട് മുഖങ്ങള്‍ മാത്രമാണ്. നവലിബറല്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കുന്ന കാര്യത്തില്‍ പാര്‍ലമെന്റിനകത്തും പുറത്തും അവരൊന്നിച്ചുനില്‍ക്കുന്നു. റിലയന്‍സുള്‍പ്പെടെയുള്ള കോര്‍പ്പറേറ്റ് മുതലാളിമാരുടെ പ്രതിനിധികള്‍ മാത്രമാണ് മോഡിയും രാഹുലും. ആഗോളഫൈനാന്‍സ് മൂലധനത്തിന്റെയും ഇന്ത്യന്‍ വരേണ്യവര്‍ഗ്ഗത്തിന്റെയും താല്പര്യങ്ങളെയാണ് രാജ്യത്തിന്റെ വളര്‍ച്ചയും വികസനവുമായി രണ്ടുകൂട്ടരും അവതരിപ്പിക്കുന്നത്. ജനജീവിതം ദുസ്സഹമാക്കുന്ന സാമ്പത്തിക നയങ്ങളുടെ ഭാഗമാണ് വര്‍ഗ്ഗീയകലാപങ്ങള്‍ വിതയ്ക്കുന്ന മതപ്രത്യയശാസ്ത്രങ്ങളും. ന്യൂനപക്ഷവിരുദ്ധവും ദളിത് വിരുദ്ധവുമായ സംഘപരിവാറിന്റെ സവര്‍ണ്ണ ഹൈന്ദവതയെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്നവരും സംരക്ഷിക്കുന്നവരുമാണ് കോണ്‍ഗ്രസ്സ് നേതൃത്വം. ഗോള്‍വാള്‍ക്കറുടെ രഹസ്യസ്വപ്നം പങ്കിടുന്നവര്‍ക്ക് ഇന്ത്യന്‍ മതനിരപേക്ഷതയും ബഹുസ്വരതയും സംരക്ഷിക്കാനാവില്ല.

*
കെ ടി കുഞ്ഞിക്കണ്ണന്‍