കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയശക്തിയും ആര്‍.എസ്.എസിന്റെ സാംസ്കാരിക ശക്തിയും ഒന്നിച്ചുചേരണമെന്നത് ഹിന്ദുരാഷ്ട്രവാദത്തിന്റെ പ്രത്യയശാസ്ത്രകാരനായ ഗോള്‍വാള്‍ക്കറുടെ രഹസ്യസ്വപ്നമായിരുന്നു. ദേശീയ സ്വാതന്ത്ര്യസമരത്തിലൂടെ ഇന്ത്യന്‍ ജനങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസ്സ് നേടിയെടുത്ത സ്വാധീനത്തെ ഹിന്ദുരാഷ്ട്രനിര്‍മ്മിതിക്കായി വഴിതിരിച്ചുവിടണമെന്നായിരുന്നു സ്വാതന്ത്ര്യാനന്തരം ഗോള്‍വാള്‍ക്കര്‍ ഹിന്ദുത്വവാദികളായ കോണ്‍ഗ്രസ് നേതാക്കളോട് അഭ്യര്‍ത്ഥിച്ചുകൊണ്ടിരുന്നത്. ആര്‍.എസ്.എസിന്റെ സാംസ്കാരികശക്തി എന്നത് ഹിന്ദുരാഷ്ട്ര നിര്‍മ്മിതിക്കായുള്ള സംഘടനാശക്തിയായിട്ടാണ് ഗോള്‍വാള്‍ക്കര്‍ വിശദീകരിച്ചി ട്ടുള്ളത്. സോവിയറ്റ് യൂണിയന്റെ സ്വാധീനവും രണ്ടാം ലോകമഹായുദ്ധത്തിലെ ഫാസിസ്റ്റ് ശക്തികളുടെ പരാജയവും ചൈനീസ് വിപ്ലവത്തിന്റെ വിജയവും ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിന്റെ ആസന്നസാധ്യതകള്‍ രൂപപ്പെടുത്തിയിരുന്നു.
ഗാന്ധിവധത്തിനുശേഷമാണ് സി.ഐ.എ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ബദല്‍ ശക്തികളെ സംബന്ധിച്ച പഠനാന്വേഷണങ്ങള്‍ ആരംഭിക്കുന്നത്. ജെ.എ.കറാന്റെ നേതൃത്വത്തിലുള്ള സി.ഐ.എയുടെ വിദഗ്ധസംഘം കോണ്‍ഗ്രസ്സിന്റെ പരാജയവും തകര്‍ച്ചയും ഇന്ത്യയിലും ഒരു ചുവന്ന വിപ്ലവത്തിനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുമെന്ന് ഉല്‍കണ്ഠപ്പെടുന്നുണ്ട്. ചൈനയിലെ പോലെ ഇന്ത്യയും കമ്മ്യൂണിസ്റ്റ് സ്വാധീനത്തില്‍പ്പെട്ടാല്‍ തങ്ങളുടെ ഏഷ്യന്‍ അധിനിവേശത്തിനുള്ള നീക്കങ്ങള്‍ക്കെല്ലാം തിരിച്ചടി നേരിടുമെന്ന് അമേരിക്കന്‍ ഭരണകൂടം ഭയപ്പെട്ടിരുന്നു. കോണ്‍ഗ്രസ്സ് സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ട ഇന്ത്യയിലെ നിസ്വജനകോടികള്‍ കമ്മ്യൂണിസത്തിന്റെ സ്വാധീനത്തില്‍പ്പെട്ടുപോകാതിരിക്കാന്‍ ഹിന്ദുത്വരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കണമെന്നാണ് സിഐഎ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിനോട് ജെ എ കറാന്റെ പഠന റിപ്പോര്‍ട്ടിനെ മുന്‍നിര്‍ത്തി ആവശ്യപ്പെട്ടത്. ഗാന്ധിവധത്തെ തുടര്‍ന്ന് നിരോധനം നേരിട്ട ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസ്സില്‍ അംഗത്വം നല്‍കാന്‍ പാടില്ലെന്ന് എഐസിസിയുടെ വര്‍ക്കിങ് കമ്മറ്റി തീരുമാനം പോലും ലജ്ജാകരമായി ലംഘിക്കപ്പെടുകയായിരുന്നു. ജവഹര്‍ലാല്‍ നെഹ്റുവിനെപ്പോലെ മതനിരപേക്ഷതാവാദിയായ ഒരു എഐസസി അദ്ധ്യക്ഷന്‍ ശക്തമായി വാദിച്ചതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ്സിലെ ഹിന്ദുത്വവാദികള്‍ അന്ന് ഇത്തരമൊരു തീരുമാനത്തിന് വഴങ്ങിയതുതന്നെ.
ഗാന്ധിയുടെ ഘാതകസംഘടനയായ ആര്‍എസ്എസിനുനേരെ കഷ്ടിച്ച് ഒരു വര്‍ഷം മാത്രമാണ് നിരോധനം നിലനിന്നതുതന്നെ. നെഹ്റു വിദേശപര്യടനത്തിലായിരുന്ന തക്കം നോക്കി കോണ്‍ഗ്രസിലെ ഹിന്ദുത്വവാദികള്‍ ആര്‍.എസ്.എസുകാര്‍ക്ക് അംഗത്വം കൊടുക്കേണ്ടതില്ലെന്ന തീരുമാനം എഐസിസിയെക്കൊണ്ട് മാറ്റിച്ചു. നെഹ്റുവിന്റെ അപ്രതിരോധ്യമായ ആഞ്ജാശക്തിയെപ്പോലും മറികടന്നുകൊണ്ടാണ് എഐസിസി വര്‍ക്കിങ് കമ്മറ്റി ആര്‍എസ്എസുകാര്‍ക്ക് കോണ്‍ഗ്രസ്സിലംഗത്വം കൊടുക്കാമെന്ന് തീരുമാനിച്ചത്. ഈ വിവരമറിഞ്ഞ് വിദേശപര്യടനം അവസാനിപ്പിച്ച് മടങ്ങിവന്ന നെഹ്റു 1949 നവംബര്‍ മാസത്തില്‍ വര്‍ക്കിങ് കമ്മറ്റി വിളിച്ചുകൂട്ടി ആ തീരുമാനം പിന്‍വലിപ്പിക്കുകയായിരുന്നു. ആര്‍എസ്എസിന്റെ സാംസ്കാരിക ദേശീയത സ്വന്തം പ്രത്യയശാസ്ത്രമായി മനസ്സില്‍ കൊണ്ടുനടക്കുന്നവരായിരുന്നു കോണ്‍ഗ്രസ്സിലെ ഒട്ടുമിക്ക നേതാക്കളും. സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ രാഷ്ട്രീയചരിത്രമെന്നത് കൊളോണിയല്‍ കാലത്തെന്നപോലെ ഭരണാധികാരികള്‍ വ്യത്യസ്ത വര്‍ഗ്ഗീയശക്തികളെ ഇളക്കിവിട്ടും പ്രീണിപ്പിച്ചും ഭരണാധികാരം കയ്യാളിയതിന്റെ ചരിത്രംകൂടിയാണ്. അതിന്റെ വിശദാംശങ്ങളിലേക്ക് ഈ ലേഖനത്തില്‍ കടക്കുന്നില്ല. കോണ്‍ഗ്രസിലെ ഒരു വിഭാഗം എല്ലാക്കാലത്തും ഹിന്ദു വര്‍ഗ്ഗീയവാദികളുമായി രഹസ്യവും പരസ്യവുമായി ബന്ധം പുലര്‍ത്തിപോന്നിട്ടുണ്ട്. പലപ്പോഴും ബ്രിട്ടീഷ് ഭരണാധികാരികളെ പോലെ, സവര്‍ണ്ണ സാമൂഹ്യവിഭാഗങ്ങളുടെ അടിത്തറയുള്ള കോണ്‍ഗ്രസ്സ് നേതൃത്വം ഹിന്ദുത്വ രാഷ്ട്രീയത്തെ ഒളിഞ്ഞും തെളിഞ്ഞും തങ്ങളുടെ അതിജീവനത്തിനായി ഉപയോഗിച്ചിട്ടുണ്ട്.
സമകാലിക ഇന്ത്യയുടെ സാമൂഹ്യ ജീവിതത്തെ വര്‍ഗീയകലുഷിതവും രക്തപങ്കിലവുമാക്കിയ ബാബ്റിമസ്ജിദ് പ്രശ്നം കോണ്‍ഗ്രസ്സിന്റെ ഹിന്ദുത്വ അനുകൂല നിലപാടുകളുടെകൂടി സൃഷ്ടിയായിരുന്നു. ആഗോള ഫൈനാന്‍സ് മൂലധനത്തിന്റെ നിര്‍ദ്ദയമായ അധിനിവേശതാല്പര്യങ്ങളുമായി ബന്ധപ്പെട്ടാണ് സാംസ്കാരിക ദേശീയത ഉള്‍പ്പെടെയുള്ള നാനാവിധമായ സ്വത്വരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ 1980കളില്‍ ഇന്ത്യയില്‍ പുതിയ രൂപത്തില്‍ സജീവമാകുന്നത്. ബാബ്റിമസ്ജിദ് തര്‍ക്കം ആസൂത്രിതമായ കലാപാഹ്വാനങ്ങളായി ഉയര്‍ത്തപ്പെടുന്നതും ഈ ഒരു ചരിത്ര സാഹചര്യത്തിലാണ്. 1981ല്‍ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ ഐ.എം.എഫില്‍ നിന്ന് വായ്പയെടുത്തതും അതിന്റെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി ഘടനാപരിഷ്കാര നടപടികളാരംഭിച്ചതും ഇന്ത്യയിലെ തൊഴിലാളി ബഹുജനപ്രസ്ഥാനങ്ങളുടെ വലിയ എതിര്‍പ്പിനും പ്രതിഷേധത്തിനും ഇടയാക്കി. നവലിബറല്‍ പരിഷ്കാരങ്ങളിലൂടെ ഇന്ത്യയിലെ പൊതുമേഖലയെയും ജനോപകാരപ്രദമായ ക്ഷേമരാഷ്ട്ര സംവിധാനങ്ങളെയും തകര്‍ക്കുന്ന നടപടികള്‍ക്കെതിരെ വളര്‍ന്നുവരാനിടയുള്ള ജനമുന്നേറ്റങ്ങളെ ശിഥിലമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കന്‍ ചിന്താകേന്ദ്രങ്ങളും ഫൗണ്ടേഷനുകളും മുന്‍കൈയെടുത്ത് ഹിന്ദുത്വരാഷ്ട്രീയത്തെ ഉര്‍ജ്ജസ്വലമാക്കിയത്. അതിനോടുള്ള പ്രതിപ്രവര്‍ത്തനമെന്ന നിലയില്‍ നാനാവിധ വര്‍ഗ്ഗീയ വിഘടന പ്രസ്ഥാനങ്ങളെയും വളര്‍ത്തിയെടുത്തത്.
1977ലെ തെരഞ്ഞെടുപ്പില്‍ അടിയന്തിരാവസ്ഥാ ഭരണത്തോടുള്ള ഇന്ത്യന്‍ ജനതയുടെ അദമ്യമായ രോഷമാണ് പൊട്ടിപ്പുറത്തുവന്നത്. ബാലറ്റുപേപ്പറിലൂടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന് വലിയ പരാജയം സമ്മാനിക്കുകയായിരുന്നു സ്വാതന്ത്ര്യസ്നേഹികളായ ഇന്ത്യന്‍ ജനത. റായ്ബറേലിയില്‍ ഇന്ദിരാഗാന്ധി ദയനീയമായി പരാജയപ്പെട്ടു. കോണ്‍ഗ്രസ്സിന്റെ ഉന്നതരെല്ലാം മൂക്കുകുത്തി വീണു. പ്രതിപക്ഷത്തായ കോണ്‍ഗ്രസ്സും ഇന്ദിരാഗാന്ധിയും ജനതാഗവര്‍മെന്റിനെ അട്ടിമറിക്കാന്‍ ഹിന്ദുത്വകാര്‍ഡും ഖാലിസ്ഥാന്‍ വാദം പോലുള്ള മതരാഷ്ട്ര വിഘടനപ്രസ്ഥാനങ്ങളെയുമാണ് ഉപയോഗിച്ചത്. ഈ അധാര്‍മികവും അപരാധപൂര്‍ണ്ണവുമായ കോണ്‍ഗ്രസ്സിന്റെ വര്‍ഗ്ഗീയ പ്രീണന നയങ്ങളാണ് ഹിന്ദുത്വവാദത്തിന്റെ വളര്‍ച്ചയിലേക്കും അതിന്റെ ബീഭത്സരൂപമായ മോഡിയിസത്തിലേക്കും രാജ്യത്തെ തള്ളിവിട്ടത്. ഖാലിസ്ഥാന്‍ വിഘടനവാദ പ്രസ്ഥാനം സിഖ് മതരാഷ്ട്ര വാദമായിരുന്നല്ലോ. പാക്കിസ്ഥാനിലെ സിയാ സര്‍ക്കാര്‍ ഒരുക്കിക്കൊടുത്ത പരിശീലനകേമ്പുകളില്‍ ഖാലിസ്ഥാന്‍ തീവ്രവാദകള്‍ക്ക് ഇന്ത്യാവിരുദ്ധ ഓപ്പറേഷനുള്ള എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തത് അമേരിക്കയും കാനഡയും ബ്രിട്ടനും കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന രഹസ്യാന്വേഷണ ഏജന്‍സികളായിരുന്നു. ഇതേകാലത്ത് ആസ്സാം വംശീയവാദത്തിന്റെ അടിസ്ഥാനത്തിലുള്ള തീവ്രവാദപ്രസ്ഥാനങ്ങള്‍ക്ക് ബ്രഹ്മപുത്ര തടത്തില്‍ മണ്ണൊരുക്കിക്കൊടുത്തത് സി.ഐ.എ തന്നെയായിരുന്നു. ഇന്ത്യയുടെ പ്രധാനപ്പെട്ട എണ്ണപ്പാടങ്ങളും ഖനികളും സ്ഥിതിചെയ്യുന്ന ബ്രഹ്മപുത്രതടം കലാപകലുഷിതമാക്കുകവഴി ജനതാഗവര്‍മെന്റിനെ അസ്ഥിരീകരിക്കുകയായിരുന്നു ലക്ഷ്യം. ബിന്ദ്രന്‍വാലയെ ഡല്‍ഹിയില്‍ ക്ഷണിച്ചുവരുത്തി സ്വീകരിച്ച ഇന്ദിരാഗാന്ധി ജനതാഗവര്‍മെന്റിലെ ഘടകക്ഷിയായ അകാലിദളിലെ സിഖ് മതവിശ്വാസികളെ ഖാലിസ്ഥാന്‍ പ്രസ്ഥാനത്തിലേക്ക് വഴിതിരിച്ചുവിടുന്ന അപകടകരമായ രാഷ്ട്രീയതന്ത്രമാണ് പരീക്ഷിച്ചത്. ആസ്സാം വംശീയവാദത്തിന്റെ കലാപക്കൊടി ഉയര്‍ത്തിയ ആസ്സാം സ്റ്റുഡന്‍സ് യൂണിയന്റെ സമ്മേളനം അക്കാലത്ത് ഗോഹട്ടിയില്‍ ഉല്‍ഘാടനം ചെയ്തത് ഇന്ദിരാഗാന്ധിയായിരുന്നു. ഖാലിസ്ഥാന്‍ തീവ്രവാദ പ്രസ്ഥാനം ഇന്ദിരാഗാന്ധിയുടെ വരെ ജീവന്‍ എടുത്തുകൊണ്ട് ഇന്ന് കെട്ടടങ്ങിപ്പോയിട്ടുണ്ട്. എന്നാല്‍ അസുവിന്റെ പ്രതിലോമകരമായ പരിണതിയാണ് ആസ്സാം താഴ്വരയെ ഇന്നും രക്തപങ്കിലമാക്കുന്ന ഉള്‍ഫയും ബോഡോതീവ്രവാദപ്രസ്ഥാനവും. കൊക്രാജന്‍ ജില്ലയില്‍ ഒന്നര ലക്ഷത്തോളം മുസ്ലീങ്ങളെ അഭയാര്‍ത്ഥികളാക്കുകയും ഇരുന്നൂറോളം പേരെ തുടര്‍ച്ചയായ വര്‍ഗ്ഗീയകലാപങ്ങളില്‍ വധിക്കുകയും ചെയ്ത ബോഡോ പ്രസ്ഥാനം കോണ്‍ഗ്രസ്സിന്റെ സങ്കുചിതമായ രാഷ്ട്രീയതാല്പര്യങ്ങളുടെ സൃഷ്ടിയാണെന്ന കാര്യം വിസ്മരിക്കാവുന്നതല്ല.
ഗാന്ധിവധത്തിനുശേഷം ഇന്ത്യയുടെ മനസ്സാക്ഷിയെ പിടിച്ചുകുലുക്കിയ മഹാപാതകമായിരുന്നു ബാബ്റിമസ്ജിദിന്റെ തകര്‍ച്ച. നാനൂറ് വര്‍ഷത്തിലേറെക്കാലം അയോധ്യയിലെയും പഴയ ഔധിലെയും മുസ്ലീം ജനത തലമുറകളായി നിസ്കരിച്ചുപോന്ന പള്ളിയായിരുന്നു ബാബ്റിമസ്ജിദ്. 1857ലെ രണോത്സുകമായ ഇന്ത്യന്‍ ജനതയുടെ മുന്നേറ്റങ്ങള്‍കണ്ട് ഭയപ്പെട്ട ബ്രിട്ടീഷ് സാമ്രാജ്യത്വകാരികളാണ് ബാബ്റിമസ്ജിദിനെ തര്‍ക്കഭൂമിയാക്കിയത്. 1992 ഡിസംബര്‍ 6ന് ബാബ്റിമസ്ജിദ് തകര്‍ത്തത് കര്‍സേവകരാണെങ്കിലും അതിന് പ്രത്യയശാസ്ത്ര പരിസരം ഒരുക്കിയത് ബ്രിട്ടീഷ് ഭരണവും അതിനെല്ലാവിധ ഒത്താശകളും ചെയ്തുകൊടുത്തത് 1947നുശേഷം കോണ്‍ഗ്രസ്സ് ഭരണവുമാണ്. ഒന്നാം സ്വാതന്ത്ര്യസമരത്തിലെ ഹിന്ദുമുസ്ലീം ഐക്യം കണ്ട് പരിഭ്രാന്തരായ ബ്രിട്ടീഷുകാര്‍ ഭിന്നിപ്പിക്കുക, ഭരിക്കുക എന്ന സാമ്രാജ്യത്വ രാഷട്രീയ തന്ത്രം ഉപയോഗിക്കുകയായിരുന്നു. ഇന്ത്യന്‍ ജനതയുടെ വിദേശികള്‍ക്കെതിരായ ഐക്യത്തെയും സമരത്തെയും തകര്‍ക്കാനായി. ഒന്നാം സ്വാതന്ത്ര്യസമരത്തെ സംബന്ധിച്ച വി ഡി സവര്‍ക്കറുടെ പുസ്തകം തന്നെ ഇക്കാര്യങ്ങള്‍ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. (ഇന്നീ പുസ്തകം ആര്‍എസ്എസുകാര്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചിരിക്കുകയാണ്. മലയാളത്തില്‍ ഈ പുസ്തകം പ്രസിദ്ധീകരിച്ചത് കോഴിക്കോട്ടെ കിഷോര്‍ പബ്ലിക്കേഷന്‍സാണ്). ചാള്‍സ്ബാളിനെ ഉദ്ധരിച്ചുകൊണ്ട് സവര്‍ക്കര്‍ എഴുതിയിരിക്കുന്നത്;
""ഹിന്ദുക്കളുടെയും മുഹമ്മദീയരുടെയും മതപരമായ വാസനകള്‍ ഒന്നിനൊന്നായി ഇണങ്ങി ദേശാഭിമാനപരമായി രൂപപ്പെടുന്നതുകണ്ട് ചാള്‍സ്ബാര്‍ നിരീക്ഷിക്കുന്നത് നോക്കുക - അത്ര അപ്രതിഹതവും ആശ്ചര്യജനകവും അസാമാന്യവുമായ പരിണാമം ലോകചരിത്രത്തില്‍ വിരളമാണ്"". ഹിന്ദു മുസ്ലീം ഐക്യത്തിന്റെ അപ്രതിരോധ്യതയില്‍ ബ്രിട്ടീഷ് ഭരണം തകര്‍ന്നുപോകുമെന്ന് ആശങ്കപ്പെട്ടുകൊണ്ട് ജോര്‍ജ്ജ് ഡബ്ലിയു ഫോസ്റ്റര്‍ നിരീക്ഷിച്ചത്; ""ബ്രാഹ്മണരും ശൂദ്രരും ഹിന്ദുക്കളും മുഹമ്മദീയരും ഒരുമിച്ച് വിപ്ലവമുണ്ടാക്കുന്നതില്‍ കവിഞ്ഞ് ഇന്ത്യന്‍ വിപ്ലവം (1857) നല്‍കുന്ന മറ്റൊരു മുന്നറിയിപ്പുമില്ല"". ഇന്ത്യന്‍ ജനതയുടെ ഐക്യത്തെ തടയാനുള്ള ആസൂത്രിതമായ മുന്നൊരുക്കങ്ങള്‍ കൊളോണിയല്‍ ശക്തികള്‍ നേരത്തെതന്നെ ആരംഭിച്ചതാണ്. 1843ല്‍ ഗവര്‍ണ്ണര്‍ ജനറല്‍, വൈസ്രോയിയായിരുന്ന വെല്ലിങ്ടണ്‍ പ്രഭുവിന് മുന്നറിയിപ്പു നല്‍കിയത്, ""മുഹമ്മദീയര്‍ അടിസ്ഥാനപരമായി ബ്രിട്ടീഷുകാര്‍ക്കും അവരുടെ നയങ്ങള്‍ക്കുമെതിരാണ്. അതിനാല്‍ നമ്മുടെ നയം ഹിന്ദുക്കളുമായി രമ്യതയില്‍ നില്‍ക്കുന്നതാവണം"".
ഹിന്ദുക്കളെയും മുസ്ലീങ്ങളെയും അവസരങ്ങളുടെ ആവശ്യമനുസരിച്ച് ശത്രുവായും മിത്രമായും പരിഗണിച്ച ചരിത്രമാണ് ബ്രിട്ടീഷ് ഭരണകാലത്തിന്റേത്. മതനിരപേക്ഷത വാക്കില്‍ ഉയര്‍ത്തിപ്പിടിക്കുമ്പോഴും സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ ഭരണാധികാരികളും ഇതേ നയം തന്നെയാണ് പിന്തുടര്‍ന്നത്. ഗാന്ധിവധത്തിന്റെ രോഷജനകമായ അന്തരീക്ഷത്തിന്റെ ചൂടാറും മുമ്പാണ് ഹിന്ദുത്വശക്തികള്‍ ബാബ്റിമസ്ജിദിലേക്ക് രാമന്റെയും സീതയുടെയും ലക്ഷ്മണന്റെയും വിഗ്രഹങ്ങള്‍ ഒളിച്ചുകടത്തുന്നത്. 1949 ഡിസംബര്‍ 22ന് അര്‍ദ്ധരാത്രി ഹിന്ദുമഹാ സഭാനേതാക്കളായ ബാബാരാഘവദാസ്, ദിഗ്വിജയനാഥ്, സാമികര്‍പ്പത്നി എന്നിവരുടെ കാര്‍മ്മികത്വത്തിലായിരുന്നു മസ്ജിദിനകത്ത് വിഗ്രഹങ്ങള്‍ ഒളിച്ചുകടത്തി സ്ഥാപിച്ചത്. എന്നിട്ടവര്‍ പള്ളിക്കകത്ത് രാമസീത വിഗ്രഹങ്ങള്‍ സ്വയംഭൂവായെന്ന് നുണപ്രചരണം നടത്തുകയായിരുന്നു. അയോധ്യയില്‍ നടന്ന അഖണ്ഡരാമായണ യഞ്ജത്തിന് സമാപനം കുറിച്ചുകൊണ്ടായിരുന്നു പള്ളിക്കകത്ത് രാമവിഗ്രഹം സ്ഥാപിച്ചത്. ഇതിന് ഹിന്ദുമഹാസഭക്കാര്‍ക്കൊപ്പം നേതൃത്വം നല്‍കിയത് അന്നത്തെ ഫൈസാബാദ് ജില്ലാകലക്ടര്‍ കെ.കെ.നായരായിരുന്നു. ഈ നീചകൃത്യത്തിന് അന്നത്തെ യു.പി മുഖ്യമന്ത്രി ഗോവിന്ദ് വല്ലഭ് പന്തിന്റെ അനുഗ്രഹാശിസ്സുകളുമുണ്ടായിരുന്നു. വിവരമറിഞ്ഞ നെഹ്റു പള്ളിക്കകത്ത് ഒളിച്ചുകടത്തിയ വിഗ്രഹങ്ങള്‍ സരയൂനദിയുടെ പ്രവാഹഗതിയിലേക്ക് എടുത്തെറിയാന്‍ ഗോവിന്ദ് വല്ലഭ് പന്തിനോട് ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ ഗോവിന്ദ് വല്ലഭ് പന്തിനെപോലെയുള്ള യു.പി.യിലെ ഹിന്ദുത്വവാദികളായ കോണ്‍ഗ്രസ്സുകാര്‍ നെഹ്റുവിനെ നിര്‍ദ്ദാക്ഷിണ്യം തള്ളിക്കൊണ്ട് സര്‍ക്കാര്‍ ചെലവില്‍ പള്ളിക്കകത്ത് സ്ഥാപിച്ച വിഗ്രഹങ്ങളില്‍ പൂജയാരംഭിക്കുകയുമാണ് ചെയ്തത്.
ഈയൊരു പ്രക്ഷുബ്ധമായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഫൈസാബാദ് മണ്ഡലത്തെ പ്രതിനിധീകരിച്ച എം.പിയും കോണ്‍ഗ്രസ്സിന്റെ പ്രമുഖനേതാവുമായിരുന്ന ആചാര്യ നരേന്ദ്രദേവ് കോണ്‍ഗ്രസ്സ് വിടുന്നത്. അദ്ദേഹം എം.പി. സ്ഥാനം രാജിവെച്ചു. ഉപതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആചാര്യ നരേന്ദ്രദേവിനെ തോല്‍പ്പിക്കുവാന്‍ കോണ്‍ഗ്രസ്സ് നേതൃത്വം കണ്ടെത്തിയ സ്ഥാനാര്‍ത്ഥി ഹിന്ദുമഹാസഭാ നേതാവായ ബാബാരാഘവദാസായിരുന്നു. കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയശക്തിയും ആര്‍.എസ്.എസിന്റെ സാംസ്കാരിക ശക്തിയും ഒന്നുചേരുന്നതാണ് നാം ഇവിടെ കണ്ടത്.
ബാബ്റിമസ്ജിദ് പ്രശ്നം കോണ്‍ഗ്രസ്സിന്റെ ഹിന്ദുത്വാനുകൂല നിലപാടുകളാണ് ദുരന്ത പൂര്‍ണ്ണമാക്കിയത്. രാജ്യത്തിന്റെ നിയമവും ഭരണഘടനയുടെ മതനിരപേക്ഷതയും കാറ്റില്‍പ്പറത്തിക്കൊണ്ടാണ് സംഘപരിവാറിന്റെ വിധ്വംസക പ്രവര്‍ത്തനങ്ങളെ കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ സഹായിച്ചത്. രാജ്യത്തിന്റെ ആത്മാവിന് തന്നെ തീക്കൊടുത്ത ബാബ്റിമസ്ജിദ് തകര്‍ച്ച കോണ്‍ഗ്രസ്സിന്റെ മൃദുഹിന്ദുത്വ നിലപാടുകളുടെ അനിവാര്യഫലമായിരുന്നു. ഇന്നിപ്പോള്‍ ഗുജറാത്ത് വംശഹത്യയിലൂടെ നരാധമനായി മാറിയ മോഡിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്സിനോ അവരുടെ ദുര്‍ബലനായ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ഗാന്ധിക്കോ കഴിയില്ലെന്നു പറയുന്നത് കോണ്‍ഗ്രസ്സിന്റെ ഹിന്ദുത്വബാന്ധവത്തിന്റെ ചരിത്രപരമായ അനുഭവങ്ങളുടെ വെളിച്ചത്തിലാണ്.
ഇന്ത്യയുടെ ദേശീയോദ്ഗ്രഥന സമിതിയും സുപ്രീംകോടതിയും ബാബ്റിമസ്ജിദിനെ ഒരു പോറലും ഏല്‍ക്കാതെ സംരക്ഷിക്കണമെന്ന് റാവു സര്‍ക്കാരിനോട് ആവര്‍ത്തിച്ച് അനുശാസിച്ചതാണ്. 1992 നവംബര്‍ 23ന് ചേര്‍ന്ന ദേശീയോദ്ഗ്രഥന സമിതിയോഗം സാമുദായിക സൗഹാര്‍ദ്ദവും നിയമവാഴ്ചയും ഭരണഘടനയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അയോധ്യ പ്രശ്നത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രിയെതന്നെയാണ് ചുമതലപ്പെടുത്തിയത്. 92 നവംബര്‍ 25ന് അയോധ്യ പ്രശ്നത്തില്‍ മസ്ജിദ് സംരക്ഷിക്കാനാവശ്യമായ ഏതുനടപടിയും സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയും ചെയ്തു. പക്ഷേ നരസിംഹറാവു സര്‍ക്കാര്‍ ഭരണഘടനയെയും മതനിരപേക്ഷതയെയും നിയവാഴ്ചയെയും സംരക്ഷിക്കുന്നതില്‍ നിന്ന് കുറ്റകരമായ രീതിയില്‍ ഒഴിഞ്ഞുമാറുകയാണുണ്ടായത്.
ബാബ്റിമസ്ജിദിന്റെ കുംഭഗോപുരങ്ങള്‍ ഇടിച്ചുതകര്‍ക്കുന്നതിന് നേതൃത്വം കൊടുത്ത കര്‍സേവകരില്‍ ഒരാളാണ് നരേന്ദ്ര മോഡി. ഹിന്ദുത്വശക്തികള്‍ ദേശീയ അപമാനമെന്ന് കല്‍പ്പിച്ച് തകര്‍ത്ത മതേതരത്വത്തിന്റെ താഴികക്കുടങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്ത അവശിഷ്ടങ്ങള്‍ അഹമ്മദാബാദിലെ തന്റെ വസതിയില്‍ കൊണ്ടുവന്ന് വിജയാഹ്ലാദം നടത്തിയ മോഡിയുടെ രാഷ്ട്രീയ വാമനത്വം മതനിരപേക്ഷവാദികളെല്ലാം കണ്ടതാണ്. ബാബ്റിമസ്ജിദിന്റെ തകര്‍ച്ചക്കുശേഷം രാജ്യം വര്‍ഗ്ഗീയകലാപങ്ങളില്‍ കത്തിയമരുമ്പോള്‍ കോണ്‍ഗ്രസ്സുകാരനായ പ്രധാനമന്ത്രി നരസിംഹറാവു മൗനത്തിന്റെ വാല്മീകം പൊളിച്ച് പുറത്തുവന്നില്ല. മന്ത്രിസഭായോഗം വിളിച്ചുചേര്‍ക്കാന്‍ പോലും റാവു തയ്യാറായില്ല. സോണിയാഗാന്ധി കൗശലപൂര്‍വ്വം മൗനം പാലിച്ചു. ഇടതുപക്ഷ നേതാക്കളുടെ മുന്‍കൈയില്‍ പ്രധാനമന്ത്രിയുടെ വീടിനുമുമ്പിലടക്കം വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നതിനുശേഷം മാത്രമാണ് റാവു മൗനം ഭഞ്ജിച്ചത്. ചരിത്രപ്രസിദ്ധമായ ആരാധനാലയം തകര്‍ത്ത് ആറുദിവസം കഴിഞ്ഞ് ഡിസംബര്‍ 12നാണ് റാവു വാ തുറന്നത്. എങ്ങനെയുണ്ട് കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ ന്യൂനപക്ഷ സംരക്ഷണ ജാഗ്രത!! യു.പി.യിലെ കല്യാണ്‍സിംഗ് സര്‍ക്കാരിനെ കുറ്റപ്പെടുത്തി ഈ മഹാ അപരാധത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് രക്ഷപ്പെടാനാണ് റാവു ശ്രമിച്ചത്. കല്യാണ്‍ സിംഗ് സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനും സുപ്രീംകോടതി നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്ന വിലാപമായിരുന്നു റാവു നടത്തിയത്. ബി.ജെ.പിയുടെ കല്യാണ്‍സിംഗ് സര്‍ക്കാര്‍ ബാബ്റിമസ്ജിദ് പൊളിക്കുന്നതിന് എല്ലാ സൗകര്യവും ചെയ്തുകൊടുക്കുമെന്നറിഞ്ഞിട്ടും നരസിംഹറാവു ഒരു നടപടിയും സ്വീകരിച്ചില്ല. ആ കുറ്റകരമായ നിഷ്ക്രിയത്വത്തിനു പിറകില്‍ റാവുവും ചന്ദ്രസ്വാമിയും സംഘപരിവാര്‍ നേതാക്കളും തമ്മിലുള്ള അവിശുദ്ധ ബാന്ധവമായിരുന്നു.
ആഭ്യന്തരകുഴപ്പങ്ങളില്‍പ്പെട്ടുഴലുന്ന സംസ്ഥാനങ്ങളെ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഭരണഘടനാപരമായ അധികാരമുണ്ട്. 355-ാം വകുപ്പ് യൂണിയന്‍ ലിസ്റ്റ് (2എ) പ്രകാരം കേന്ദ്ര സര്‍ക്കാരിന് പട്ടാളത്തെ പോലും നിയോഗിക്കാവുന്നതാണ്. ഫൈസാബാദ് ജില്ലാ മജിസ്ട്രേറ്റ് അനുവദിക്കാത്തതിനാലാണ് പട്ടാളത്തെ അയോധ്യയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെ വിന്യസിക്കേണ്ടിവന്നതെന്ന വാദം എത്ര ബാലിശമാണ്.
കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ സംഘപരിവാറിന്റെ ഇംഗിതമനുസരിച്ച് എല്ലാകാലത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1975ലെ അടിയന്തിരാവസ്ഥയ്ക്കുശേഷം ഹിന്ദുകാര്‍ഡ് കളിച്ചുകൊണ്ടാണ് കോണ്‍ഗ്രസ്സ് ദേശീയ അധികാരത്തിലേക്ക് തിരിച്ചുവന്നതും അധികാരം കയ്യാളിയതും. ഖാലിസ്ഥാന്‍ വാദം ഉള്‍പ്പെടെയുള്ള വിഘടനവാദ പ്രസ്ഥാനങ്ങളെ വളവും വെള്ളവും നല്‍കി വളര്‍ത്തിയവര്‍ തന്നെ ദേശീയ ഐക്യത്തിന് എന്ന വ്യാജേന ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ പലതലങ്ങളില്‍ പ്രോത്സാഹിപ്പിച്ചു. വിഘടനവാദത്തിനെതിരെ അഖണ്ഡതയുടെ പ്രത്യയശാസ്ത്രമായി സവര്‍ണ്ണ ഹൈന്ദവതയെ പുനഃസ്ഥാപിക്കുവാനാണ് ഹിന്ദുത്വശക്തികളോടൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ശ്രമിച്ചത്. വിശ്വഹിന്ദുപരിഷത്തിന്റെ മുന്‍കൈയില്‍ 1980കളില്‍ ആരംഭിച്ച ഹിന്ദു ഏകീകരണം ലക്ഷ്യം വെച്ചുള്ള പുണ്യജലവില്പനയ്ക്കും യജ്ഞപുനരുജ്ജീവന ശ്രമങ്ങള്‍ക്കും കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തു. ഇന്ദിരാഗാന്ധി ഹരിദ്വാറില്‍ വിശ്വഹിന്ദുപരിഷത്ത് സംഘടിപ്പിച്ച ഏകാത്മാ യജ്ഞത്തില്‍ പങ്കെടുത്തതുതന്നെ തന്റെ ഹിന്ദുത്വാനുകൂല നിലപാട് വെളിപ്പെടുത്താനായിരുന്നു. അത് ഇന്ദിരാഗാന്ധിക്കും കോണ്‍ഗ്രസ്സിനും അത്ഭുതകരമായ നേട്ടങ്ങള്‍ ഉണ്ടാക്കിക്കൊടുത്തു. ആ വര്‍ഷം നടന്ന ജമ്മുകാശ്മീര്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് തങ്ങളുടെ രാഷ്ട്രീയ മുഖമായ ബിജെപിയെ തഴഞ്ഞ് കോണ്‍ഗ്രസ്സിനെ പിന്തുണച്ചു. ഹിന്ദുതാല്പര്യം സംരക്ഷിക്കാന്‍ തങ്ങളുടെ ബിജെപിയേക്കാള്‍ കഴിയുക കോണ്‍ഗ്രസ്സിനാണെന്നായിരുന്നു ആര്‍എസ്എസ് ഭാഷ്യം.
1984ല്‍ കോണ്‍ഗ്രസ്സ് ശിവസേനയുമായി മഹാരാഷ്ട്രയില്‍ സഖ്യമുണ്ടാക്കി. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. 1984ലെ വിജയദശമി ദിനത്തില്‍ (ആര്‍.എസ്.എസിന്റെ രൂപീകരണദിനം) ആര്‍.എസ്.എസ് മേധാവി ദേവറസ് കോണ്‍ഗ്രസ്സിനോട് സംഘത്തിന് യാതൊരു വിരോധവുമില്ലെന്ന് പ്രഖ്യാപിച്ചു. കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയശക്തിയും ആര്‍.എസ്.എസിന്റെ സാംസ്കാരിക ശക്തിയും ഒന്നുചേരണമെന്ന തന്റെ മുന്‍ഗാമി ഗോള്‍വാള്‍ക്കറുടെ സ്വപ്നം പൂവണിയുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. ഈ ഒരു സാഹചര്യത്തിലാണ് സുവര്‍ണ്ണക്ഷേത്രത്തിനുനേരെ നടന്ന ബ്ലൂസ്റ്റാര്‍ ഓപ്പറേഷനുള്ള പകരം വീട്ടലെന്ന നിലയില്‍ ഇന്ദിരാഗാന്ധി സിഖ് തീവ്രവാദികളാല്‍ ദാരുണമായി കൊലചെയ്യപ്പെട്ടത്. സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റ് ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ടു എന്നത് അവരുടെ തന്നെ രാഷ്ട്രീയ പരീക്ഷണങ്ങളുടെ വൈപരീത്യമായി കാണാം. ഇന്ദിരാവധം ഉയര്‍ത്തിവിട്ട സഹതാപതരംഗം ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ രാജീവ് ഗാന്ധിയെ അധികാരത്തിലെത്തിച്ചു. പോള്‍ ചെയ്ത വോട്ടിന്റെ 48 ശതമാനവും 413 സീറ്റുമാണ് കോണ്‍ഗ്രസ്സ് നേടിയത്. സംഘപരിവാറിന്റെ സമ്പൂര്‍ണ്ണമായ പിന്തുണയും അനുഗ്രഹാശിസ്സുകളും രാജീവ്ഗാന്ധിക്ക് ലഭിച്ചു. ഇതിന് പ്രത്യുപകാരമെന്നോണം സംഘപരിവാറിന്റെ രാമജന്മഭൂമി ക്യാമ്പയിനെ രാജീവ് ഗാന്ധി അകമഴിഞ്ഞ് സഹായിച്ചു. രാമരാജ്യം എന്റെ ലക്ഷ്യമാണെന്ന് രാജീവ് ഗാന്ധി പ്രഖ്യാപിച്ചു. ഇലക്ട്രോണിക്സിന്റെ ചിറകുകളില്‍ പറക്കുമ്പോഴും മദ്ധ്യകാലിക മൂല്യങ്ങളെയും അനുഷ്ഠാനങ്ങളെയും ഹിന്ദുത്വ ഏകീകരണത്തിന് സഹായകരമായ രീതിയില്‍ പുനരുജ്ജീവിപ്പിച്ചെടുക്കുവാനുള്ള പ്രത്യയശാസ്ത്ര പ്രചാരണങ്ങളും സര്‍ക്കാര്‍ തന്നെ നടത്തി. ടെലിവിഷനില്‍ രാമായണം പരമ്പര വഴി രാമബിംബത്തെ ക്ഷാത്രവീര്യമുണര്‍ത്തുന്ന ഹിന്ദുവിന്റെ ആത്മാഭിമാന നിര്‍മിതിക്കായി ആര്‍എസ്എസ് അഭിലഷിച്ച രീതിയില്‍ ജനമനസ്സുകളിലെത്തിച്ചു. സംഘപരിവാറിന്റെ രാമജന്മഭൂമി കാമ്പയിനാവശ്യമായ ആശയപരവും വൈകാരികവുമായ പരിസരമൊരുക്കിക്കൊടുത്തു രാമാനന്ദസാഗറിന്റെ ടി.വി രാമായണം പരമ്പര. ഗംഗാനദി ശുദ്ധീകരണത്തിന്റെ പേരില്‍ ഹൈന്ദവ വികാരങ്ങളെ ഉയര്‍ത്തിയെടുക്കുവാനും കോണ്‍ഗ്രസ്സിന് അനുകൂലമാക്കാനും രാജീവിന്റെ ഉപദേഷ്ടാക്കള്‍ ആസൂത്രിതമായി ശ്രമിച്ചു.
1949ല്‍ തര്‍ക്കഭൂമിയാണെന്നു പറഞ്ഞ് അടച്ചിട്ട ബാബ്റിമസ്ജിദ് ക്ഷേത്രമാണെന്നും ക്ഷേത്രകവാടം ഹിന്ദുക്കള്‍ക്ക് തുറന്നുകൊടുക്കണമെന്നുമുള്ള ഒരു സാധാരണ മജിസ്ട്രേറ്റു കോടതിവിധിയെ നിമിത്തമാക്കി രാജീവ് ഗാന്ധി സംഘപരിവാര്‍ ശക്തികളുടെ ആവശ്യം പരിഗണിച്ച് ഹിന്ദുക്കള്‍ക്ക് മസ്ജിദ് തുറന്നുകൊടുക്കുവാന്‍ നിര്‍ദ്ദേശിച്ചു. 1986 ഫെബ്രുവരി ഒന്നിന് ആരാധനാലയം അടച്ചിടണമെന്ന ഉത്തരവ് റദ്ദാക്കി യു.പി സര്‍ക്കാര്‍ പള്ളി ഹിന്ദുക്കള്‍ക്ക് തുറന്നുകൊടുത്തു. രാജീവും യുപി മുഖ്യമന്ത്രിയായിരുന്ന എന്‍ ഡി തിവാരിയും ചേര്‍ന്നാണ് ഏകപക്ഷീയമായി പള്ളി ഹിന്ദുക്കള്‍ക്ക് തുറന്നുകൊടുത്തത്. 1989 നവംബര്‍ 9ന് കേന്ദ്രത്തിലെയും യു.പിയിലെയും കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ സഹായത്തോടെയാണ് സംഘപരിവാര്‍ ശക്തികള്‍ ശിലാന്യാസം നടത്തിയത്. അലഹബാദ് ഹൈക്കോടതി തര്‍ക്കഭൂമിയാണെന്ന് വിധിച്ച സ്ഥലത്ത് ശിലാന്യാസം നടത്താന്‍ കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ അനുമതി നല്‍കുകയായിരുന്നു.
കോണ്‍ഗ്രസ്സ് എക്കാലത്തും ഹിന്ദുത്വശക്തികളെ പ്രീണിപ്പിച്ചുപോന്നിട്ടുണ്ട്. കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം എന്നും ഗോള്‍വാള്‍ക്കറുടെ രഹസ്യസ്വപ്നം വിചാരത്തില്‍ മാത്രമല്ല പ്രയോഗത്തിലും പങ്കിട്ടുപോന്നിട്ടുണ്ട്. അല്ലാത്തവര്‍ക്ക് കോണ്‍ഗ്രസ്സിലെ ഹിന്ദുത്വാനുകൂലികളുടെ കഠിനമായ എതിര്‍പ്പുകളെ നേരിടേണ്ടിയും വന്നിട്ടുണ്ട്. 1949ല്‍ ബാബ്റി മസ്ജിദ് കയ്യേറി വിഗ്രഹങ്ങള്‍ സ്ഥാപിച്ച ഹിന്ദുമഹാസഭയുടെയും യു.പി സര്‍ക്കാരിന്റെയും കള്ളക്കളിക്കെതിരെ ശബ്ദിച്ച അന്നത്തെ ഫൈസാബാദ് ഡി.സി.സി സെക്രട്ടറിയായിരുന്ന അക്ഷയബ്രഹ്മചാരി ക്രൂരമായി വേട്ടയാടപ്പെടുകയായിരുന്നു. സംഘപരിവാര്‍ ശക്തികളുമായി ചേര്‍ന്ന് കോണ്‍ഗ്രസ്സ് തുടങ്ങിവെച്ച ഈ കളി രജ്യത്തെ ചുടലക്കളമാക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം നിരാഹാര സമരമാരംഭിച്ചു. രാഷ്ട്രീയത്തെ ഹിന്ദുവര്‍ഗ്ഗീയതക്ക് കീഴ്പ്പെടുത്തുന്ന കോണ്‍ഗ്രസ്സ് സര്‍ക്കാരിനെതിരെ മതനിരപേക്ഷതയ്ക്കുവേണ്ടി സത്യാഗ്രഹമിരുന്ന അക്ഷയ് ബ്രഹ്മചാരിയെ ഗോവിന്ദ് വല്ലഭ് പന്തിന്റെ നിര്‍ദ്ദേശാനുസരണം കോണ്‍ഗ്രസ്സിലെ ഹിന്ദുത്വവാദികള്‍ അടിച്ചോടിക്കുകയായിരുന്നു; അദ്ദേഹത്തിന്റെ സത്യാഗ്രഹപന്തലിനും ആശ്രമത്തിനും തീക്കൊടുക്കുകയായിരുന്നു. ഗോള്‍വാള്‍ക്കറുടെ രഹസ്യസ്വപ്നം പ്രയോഗത്തിലെത്തിച്ച ഫൈസാബാദിലെ കോണ്‍ഗ്രസ്സുകാരായ വര്‍ഗ്ഗീയവാദികളുടെ ശല്യം സഹിക്കാനാവാതെ അക്ഷയബ്രഹ്മചാരിക്ക് ലഖ്നൗവിലേക്ക് താമസം മാറ്റേണ്ടി വന്നു.
ബാബ്റിമസ്ജിദ് തകര്‍ത്തത് സംഘപരിവാറാണെങ്കിലും അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കോണ്‍ഗ്രസ്സിന് ഒരിക്കലും ഒഴിഞ്ഞുമാറാനാവില്ല. യു.പിയിലെ കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ കാലത്താണ് മസ്ജിദ് വരുതിയിലാക്കാന്‍ സംഘപരിവാറിന് എല്ലാ സൗകര്യങ്ങളും ലഭിച്ചത്. 1992 ഡിസംബര്‍ 6ന് അയോധ്യയിലെ ക്രമസമാധാന ചുമതല വഹിച്ചിരുന്ന ഡി.ബി.റായ്, 1986 പള്ളി തുറന്നുകൊടുക്കാന്‍ ഉത്തരവിട്ട മജിസ്ട്രേറ്റ് കെ.എന്‍. പാണ്ഡേ, ഇതിന്‍മേലുള്ള അപ്പീല്‍ പരിഗണിച്ച അഹമ്മദാബാദ് ഹൈക്കോടതി ജഡ്ജി അഗര്‍വാള്‍ തുടങ്ങിയവര്‍ പിന്നീട് വി.എച്ച്.പിയുടെയും ബി.ജെ.പിയുടെയും നേതാക്കളായി മാറി. പലരും എം.പിമാരാവുകയും ചെയ്തു. എക്സിക്യൂട്ടീവിന്റെയും ജുഡീഷ്യറിയുടെയും ഭാഗത്തുനിന്ന് ഉണ്ടായ ഹിന്ദുത്വാനുകൂല നീക്കങ്ങളെയും ഗൂഢാലോചനകളെയും മനസ്സിലാക്കാന്‍ കേന്ദ്രസര്‍ക്കാരിനും കഴിഞ്ഞിരുന്നില്ലെന്ന് പറയാനാവില്ല. എല്ലാം മനസ്സിലാക്കിയിട്ടും കേന്ദ്രസര്‍ക്കാര്‍ ഭരണതലത്തിലെ ഗൂഢാലോചനയ്ക്ക് കൂട്ടുനില്‍ക്കുകയായിരുന്നു.
കല്യാണ്‍സിങ് സര്‍ക്കാരിനെതിരെ ഭരണഘടനയുടെ 356-ാം വകുപ്പ് ഉപയോഗിക്കാതിരുന്നത് ഫെഡറല്‍മൂല്യങ്ങളെ മാനിക്കുന്നതുകൊണ്ടാണെന്നാണല്ലോ കോണ്‍ഗ്രസ്സ് നേതൃത്വം വാദിച്ചുകൊണ്ടിരിക്കുന്നത്. ഇത് അങ്ങേയറ്റം പരിഹാസ്യമാണ്. ഭരണഘടന നിലവില്‍ വന്നതിനുശേഷം 1992 വരെയുള്ള വര്‍ഷങ്ങളില്‍ 90 പ്രാവശ്യമെങ്കിലും കേന്ദ്രസര്‍ക്കാര്‍ 356-ാം വകുപ്പ് പ്രയോഗിച്ചിട്ടുണ്ട്. കേരളത്തില്‍ ഇ.എം.എസ് ഗവണ്‍മെന്റിനെ പിരിച്ചുവിടുന്നതുള്‍പ്പെടെ നിരവധിതവണ ഈ വകുപ്പ് ദുരുപയോഗം ചെയ്തിട്ടുണ്ട്. 1968ലും കേരളത്തില്‍ 356-ാം വകുപ്പ് കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഉപയോഗിച്ചതെന്തിനായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ രക്ഷിക്കാനെന്ന തൊടുന്യായം പറഞ്ഞായിരുന്നു. 1969ല്‍ ബംഗാളില്‍ പട്ടാളത്തെ നിയോഗിച്ച അനുഭവവും ഉണ്ട്. ചരിത്രപസിദ്ധമായ ബാബ്റിമസ്ജിദ് സംരക്ഷിക്കാന്‍ സുപ്രീം കോടതിയും ദേശീയോദ്ഗ്രഥന കൗണ്‍സിലും കേന്ദ്രസര്‍ക്കാരിന് എന്ത് നടപടി എടുക്കാനും അനുമതി നല്‍കിയിട്ടും എന്തുകൊണ്ട് 356-ാം വകുപ്പു പ്രയോഗിച്ചില്ല? എന്തുകൊണ്ട് 355-ാം വകുപ്പ് പ്രകാരം പട്ടാളത്തെ സംരക്ഷണച്ചുമതല ഏല്‍പ്പിച്ചില്ല?
ഈ ചോദ്യങ്ങള്‍ക്കുത്തരം തേടുമ്പോഴാണ് കോണ്‍ഗ്രസ്സ് സര്‍ക്കാരും സംഘപരിവാറും അയോധ്യാപ്രശ്നത്തില്‍ നടത്തിയ ഗൂഡാലോചനയുടെ ചിത്രം തെളിയുന്നത്. അയോധ്യയില്‍ കേന്ദ്രസര്‍ക്കാര്‍ നിശ്ശബ്ദരായത് ഹിന്ദുത്വാനുകൂല നിലപാടുമൂലമാണെന്ന കാര്യം പകല്‍പോലെ വ്യക്തമാണ്. ഡിസംബര്‍ 12ന് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രം ഈ കുറ്റകരമായ ഗൂഢാലോചനയെ മറച്ചുപിടിക്കാനുള്ള ശ്രമം മാത്രമായിരുന്നു. റാവുസര്‍ക്കാരിന് വസ്തുതകളെ സത്യസന്ധമായി അവതരിപ്പിക്കാന്‍ കഴിയാതെപോയത് കേന്ദ്രമന്ത്രിസഭയിലെ ഉന്നതര്‍ക്കുള്ള ബന്ധം മറച്ചുവെക്കാനുള്ള തിടുക്കംമൂലമായിരുന്നു. 1992 ഡിസംബര്‍ 27ന് വിവാദസ്ഥലങ്ങള്‍ ഏറ്റെടുക്കാനും പള്ളിയും മന്ദിറും പണിയാനുള്ള രണ്ട് ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. 1993 ജനുവരി 7ന് പള്ളിയും അമ്പലവും പണിയാന്‍ രണ്ട് ട്രസ്റ്റുകള്‍ രൂപീകരിക്കാനുള്ള ഓര്‍ഡിനന്‍സും പുറപ്പെടുവിച്ചു. ഒന്നും നടന്നില്ല. സംഘപരിവാര്‍ തങ്ങളുടെ ഇംഗിതം അനുസരിച്ചുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അയോധ്യയില്‍ കോണ്‍ഗ്രസ്സിന്റെ സഹായത്തോടെ ആരംഭിക്കുകയായിരുന്നു.
2002 ഫെബ്രുവരി 27ന് ഗോധ്രയില്‍ വെച്ച് സബര്‍മതി എക്സ്പ്രസ്സിന് തീപ്പിടുത്തമുണ്ടായതിനെ തുടര്‍ന്നാണ് ഗുജറാത്തില്‍ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നീചമായ മുസ്ലീം വേട്ട ആരംഭിച്ചത്. നുണക്കഥകള്‍ പ്രചരിപ്പിച്ച് വിദ്വേഷത്തിന്റെ ആള്‍ക്കൂട്ടങ്ങളെ മുസ്ലീം അധിവാസ മേഖലകളിലേക്ക് ഇളക്കിവിടുകയായിരുന്നു. 2000ലേറെ മനുഷ്യരാണ് കൊലചെയ്യപ്പെട്ടത്. 1,50,000ത്തിലേറെ പേര്‍ എല്ലാം നഷ്ടപ്പെട്ട് അഭയാര്‍ത്ഥികളായി. 10000 കോടി രൂപയുടെ നഷ്ടമാണ് സംഘപരിവാര്‍ ശക്തികള്‍ സംഹാരതാണ്ഡവമാടിയ ഈ ദിവസങ്ങളില്‍ ഗുജറാത്തിലുണ്ടായത്. നരേന്ദ്രമോദി ഭരണസംവിധാനമുപയോഗിച്ച് വംശഹത്യക്ക് നേതൃത്വം നല്‍കുകയായിരുന്നു. ഈ വര്‍ഗ്ഗീയകലാപങ്ങളെ ഗുജറാത്തിലെ പ്രതിപക്ഷപാര്‍ട്ടിയായ കോണ്‍ഗ്രസ്സിന് പ്രതിരോധിക്കാന്‍ കഴിഞ്ഞില്ലെന്നത് പോകട്ടെ ഒരു നെടുനിശ്വാസം കൊണ്ടുപോലും പ്രതിഷേധിക്കാനും കഴിഞ്ഞില്ല.
ഇസ്ഹാന്‍ജാഫ്രിയെ പോലുള്ള പ്രമുഖ കോണ്‍ഗ്രസ്സ് നേതാക്കള്‍ വംശഹത്യയുടെ ഇരകളായി. ജാഫ്രിയുടെ ഹൗസിംഗ് കോളനിയില്‍ നടന്ന അക്രമങ്ങള്‍ക്കും കൂട്ടക്കൊലകള്‍ക്കും നേതൃത്വം കൊടുത്തത് ബാപ്പുനഗര്‍ മുന്‍സിപ്പല്‍ കൗണ്‍സിലറായിരുന്ന കോണ്‍ഗ്രസ്സ് നേതാവ് ജഗ്രൂപ് രജ്പുത്തായിരുന്നു. അദ്ദേഹം ഇപ്പോള്‍ ഗുജറാത്തിലെ ബി.ജെ.പി എം.എല്‍.എ ആണ്. കോണ്‍ഗ്രസ്സും ബി.ജെ.പിയും തമ്മില്‍ കാര്യമായ വ്യത്യാസമൊന്നും ഇല്ലെന്നാണ് ഗുജറാത്തിലെ അനുഭവങ്ങള്‍ കാണിക്കുന്നത്. ബാബ്റിമസ്ജിദിന്റെ തകര്‍ച്ചക്കുശേഷം നടന്ന മുംബൈ കലാപത്തില്‍ ശിവസേന, ആര്‍എസ്എസ് വര്‍ഗ്ഗീയവാദികള്‍ക്കൊപ്പം മുംബൈ പോലീസും മുസ്ലീങ്ങളെ വേട്ടയാടി. ഈ സംഭവങ്ങള്‍ക്ക് ദൃക്സാക്ഷിയായ അക്കാലത്തെ കോണ്‍ഗ്രസ്സ് എംപിയും ചലച്ചിത്രനടനുമായ സുനില്‍ദത്ത് പ്രധാനമന്ത്രി നരസിംഹറാവുവിനെഴുതിയ കത്തില്‍ ഇത്രയും പക്ഷപാതത്തോടെ കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനത്തെ പോലീസ് സേന പെരുമാറുന്നതെന്തുകൊണ്ടാണെന്ന് ചോദിക്കുന്നുണ്ട്. മതനിരപേക്ഷതയെ സൗകര്യപൂര്‍വ്വം വ്യാഖ്യാനിച്ച് വര്‍ഗ്ഗീയതയുടെ വടുകെട്ടിയ മനസ്സുമായി കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ വിവിധ മതവിഭാഗങ്ങളെ തങ്ങളുടെ ആവശ്യാനുസരണം അടിച്ചമര്‍ത്തുകയും തലോടുകയും ചെയ്ത ചരിത്രമാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയുടേത്. കോണ്‍ഗ്രസ്സ് എന്നും ഭൂരിപക്ഷ വര്‍ഗ്ഗീയതയോട് ആഭിമുഖ്യം പുലര്‍ത്തിപ്പോന്നിട്ടുണ്ട്. കോണ്‍ഗ്രസ്സ് നേതാക്കള്‍ പലഘട്ടങ്ങളിലും മുസ്ലീം വിരുദ്ധ - സിഖ് വിരുദ്ധ വര്‍ഗ്ഗീയ ആവേശം ക്രൂരമായ മാനങ്ങളില്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ദിരാവധത്തിനുശേഷം ആര്‍എസ്എസ് സഹായത്തോടെ ഡല്‍ഹിയില്‍ സിഖ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയത് കോണ്‍ഗ്രസ്സിലെ സവര്‍ണ്ണ ഹൈന്ദവ പശ്ചാത്തലത്തില്‍ നിന്ന് ഉയര്‍ന്നുവന്ന നേതാക്കളായിരുന്നു.
ഇന്ത്യന്‍ ഭരണാധികാരികള്‍ കാലാകാലങ്ങളില്‍ സങ്കുചിതവും താല്‍ക്കാലികവുമായ നേട്ടങ്ങള്‍ക്കായി വര്‍ഗ്ഗീയ ശക്തികളുമായി കൂട്ടുകൂടുകയും മതനിരപേക്ഷതയെ അപ്രസക്തമാക്കുകയും ചെയ്തിട്ടുണ്ട്. 1947ലെ വിഭജനകാലത്ത് ആയിരക്കണക്കിന് വര്‍ഗ്ഗീയകലാപങ്ങളാണ് ഇന്ത്യയില്‍ നടന്നത്. ഹിന്ദുമുസ്ലീം കലാപങ്ങളില്‍ ചോരവാര്‍ന്നുകിടന്ന നവഖാലിയിലെ ചതുപ്പുനിലങ്ങളിലൂടെ ശാന്തിമന്ത്രം ഉരുവിട്ട് നീങ്ങിയ മഹാത്മജിക്ക് ചെവികൊടുക്കുവാന്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ പോലും തയ്യാറായില്ല. അന്ധമായ മുസ്ലീം വിരോധം മൂലം കോണ്‍ഗ്രസ്സിന്റെ ദേശീയ നേതാക്കളില്‍ പലരും പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും മുസ്ലീങ്ങള്‍ എന്റെ സഹോദരങ്ങളാണെന്ന് പ്രഖ്യാപിച്ച ഗാന്ധജിക്കെതിരെ മുറുമുറുക്കുകയായിരുന്നു. ഈ അസഹനീയമായ വര്‍ഗ്ഗീയ അന്ധതകണ്ട് നെഞ്ചുപൊട്ടി ഗാന്ധി ചോദിക്കുകയുണ്ടായി ""പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും മുസ്ലീങ്ങള്‍ നമ്മുടെ സഹോദരീ സഹോദരന്മാരാണെന്ന് വിശ്വസിക്കുന്ന ഈ ഗാന്ധി നിങ്ങള്‍ക്കിടയില്‍ ജീവിക്കുന്നത് ഒരു അപരാധമാണോ."" ഹിന്ദുവിന്റെ പേരില്‍ പ്രകടിപ്പിക്കുന്ന മുസ്ലീം വിരുദ്ധതയെ ചോദ്യം ചെയ്തുകൊണ്ട് ഗാന്ധി തുടര്‍ന്നു;
""യുധിഷ്ഠരന്റെ ധര്‍മ്മബോധവും പാണ്ഡവരുടെ ക്ഷമാശീലവും പുലര്‍ത്തുന്ന, മുസ്ലീങ്ങളെല്ലാം എന്റെ കൂടപ്പിറപ്പുകളാണെന്ന് വിശ്വസിക്കുന്ന ഒരു സനാതന ഹിന്ദുവാണ് ഞാന്‍."" ഇന്ത്യയിലെ വര്‍ഗ്ഗീയകലാപങ്ങളെക്കുറിച്ചുള്ള ജുഡീഷ്യല്‍ അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ടുകളെല്ലാം രാജ്യത്തെ ഞെട്ടിച്ച വര്‍ഗ്ഗീയകലാപങ്ങളില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള പങ്കും പുറത്തുകൊണ്ടുവന്നിട്ടുണ്ട്. ആസൂത്രണത്തിലും വര്‍ഗ്ഗീയകലാപങ്ങളുടെ വ്യാപനത്തിലും കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലീസ് സേനയുടെ പങ്കും പല കമ്മീഷന്‍ റിപ്പോര്‍ട്ടുകളിലും എടുത്തുപറഞ്ഞിട്ടുണ്ട്. ഇന്നിപ്പോള്‍ സംഘപരിവാര്‍ നരാധമനായ മോഡിയെ മുന്നില്‍ നിര്‍ത്തി ഇന്ദ്രപ്രസ്ഥത്തില്‍ അധികാരം പിടിക്കാനുള്ള നീക്കമാണ് നടത്തുന്നത്. അതിനെ പ്രതിരോധിക്കുവാന്‍ മതനിരപേക്ഷ ജനാധിപത്യശക്തികള്‍ക്കേ കഴിയൂ. വര്‍ഗ്ഗീയതയും അതിന്റെ വര്‍ത്തമാനരൂപമായ മോഡിയിസവും ഇന്ത്യന്‍ മതനിരപേക്ഷ ഘടനയ്ക്കുനേരെ ഉയര്‍ത്തുന്ന വെല്ലുവിളികളെ പ്രതിരോധിക്കുവാന്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് കഴിയില്ല. സാമ്രാജ്യത്വവും വര്‍ഗ്ഗീയതയും ഇന്ത്യന്‍ ഭരണവര്‍ഗ്ഗങ്ങളും ഒളിഞ്ഞും തെളിഞ്ഞും നടത്തിയ അവിഹിത വേഴ്ചകളിലൂടെ പിറന്നുവീണ ദുര്‍ഭഗസന്തതികള്‍ രാജ്യമൊട്ടാകെ രക്തപങ്കിലമാക്കുകയാണ്. ജമ്മുകാശ്മീരിലെ കിഷ്ത്താറിലും യു.പിയിലെ മുസഫര്‍നഗറിലും ബീഹാറിലും ഹിന്ദുത്വ ധ്രുവീകരണ ലക്ഷ്യം വെച്ചാണ് സംഘപരിവാര്‍ കലാപങ്ങള്‍ ആസൂത്രണം ചെയ്തത്. ഈ നിഷ്ഠൂരമായ വര്‍ഗ്ഗീയവല്‍ക്കരണ നടപടിയെ മതനിരപേക്ഷ നിലപാടുയര്‍ത്തി പ്രതിരോധിക്കുവാന്‍ തയ്യാറാകാതെ കോണ്‍ഗ്രസ്സ് ഹിന്ദുത്വ ധ്രുവീകരണത്തെ ഉപയോഗപ്പെടുത്തി വോട്ടുനേടാനാകുമോ എന്നാണ് ശ്രമിക്കുന്നത്. മുസഫര്‍നഗറില്‍ വര്‍ഗ്ഗീയാക്രമണങ്ങളുടെ ഇരകളെ ഐ.എസ്.ഐ സ്വാധീനിക്കുന്നുവെന്ന രാഹുല്‍ഗാന്ധിയുടെ പ്രസ്താവന ഈ ലക്ഷ്യത്തെ മറനീക്കി പുറത്തുകൊണ്ടുവന്നു.
ബി.ജെ.പിയും കോണ്‍ഗ്രസ്സും ഒരേ മൂലധന താല്‍പ്പര്യങ്ങളുടെ രണ്ട് മുഖങ്ങള്‍ മാത്രമാണ്. നവലിബറല്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കുന്ന കാര്യത്തില്‍ പാര്‍ലമെന്റിനകത്തും പുറത്തും അവരൊന്നിച്ചുനില്‍ക്കുന്നു. റിലയന്‍സുള്‍പ്പെടെയുള്ള കോര്‍പ്പറേറ്റ് മുതലാളിമാരുടെ പ്രതിനിധികള്‍ മാത്രമാണ് മോഡിയും രാഹുലും. ആഗോളഫൈനാന്‍സ് മൂലധനത്തിന്റെയും ഇന്ത്യന്‍ വരേണ്യവര്‍ഗ്ഗത്തിന്റെയും താല്പര്യങ്ങളെയാണ് രാജ്യത്തിന്റെ വളര്‍ച്ചയും വികസനവുമായി രണ്ടുകൂട്ടരും അവതരിപ്പിക്കുന്നത്. ജനജീവിതം ദുസ്സഹമാക്കുന്ന സാമ്പത്തിക നയങ്ങളുടെ ഭാഗമാണ് വര്‍ഗ്ഗീയകലാപങ്ങള്‍ വിതയ്ക്കുന്ന മതപ്രത്യയശാസ്ത്രങ്ങളും. ന്യൂനപക്ഷവിരുദ്ധവും ദളിത് വിരുദ്ധവുമായ സംഘപരിവാറിന്റെ സവര്‍ണ്ണ ഹൈന്ദവതയെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്നവരും സംരക്ഷിക്കുന്നവരുമാണ് കോണ്‍ഗ്രസ്സ് നേതൃത്വം. ഗോള്‍വാള്‍ക്കറുടെ രഹസ്യസ്വപ്നം പങ്കിടുന്നവര്‍ക്ക് ഇന്ത്യന്‍ മതനിരപേക്ഷതയും ബഹുസ്വരതയും സംരക്ഷിക്കാനാവില്ല.
*
കെ ടി കുഞ്ഞിക്കണ്ണന്‍

No comments:
Post a Comment