Monday, April 21, 2014

സ. ടി കെയെ സ്മരിക്കുമ്പോള്‍

സ. ടി കെ രാമകൃഷ്ണന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് എട്ടുവര്‍ഷം തികയുന്നു. പാര്‍ടി കേന്ദ്രകമ്മിറ്റി അംഗമായും സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായും ഏറെക്കാലം സഖാവ് പ്രവര്‍ത്തിച്ചു. വിദ്യാര്‍ഥിപ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലിറങ്ങിയ ടി കെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെയാണ് പൊതുരംഗത്ത് സജീവമായത്. സാംസ്കാരികമേഖലയിലും ശ്രദ്ധേയ ഇടപെടല്‍ നടത്തി. പാര്‍ലമെന്ററിരംഗത്തും ഇടപെട്ടു. കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച സഖാവ് ബഹുമുഖവ്യക്തിത്വത്തിന് ഉടമയായിരുന്നു.

സ്നേഹസമ്പന്നനായ രാഷ്ട്രീയനേതാവായാണ് ടി കെ അറിയപ്പെടുന്നത്. ഏതു പ്രതിസന്ധിയിലും തളരാത്ത മനഃസ്ഥൈര്യം, ലാളിത്യം ഇതൊക്കെയായിരുന്നു മുഖമുദ്ര. ഏതു ഗൗരവമായ പ്രശ്നം ചര്‍ച്ചചെയ്യുമ്പോഴും നര്‍മം കൂട്ടിക്കലര്‍ത്തല്‍ അദ്ദേഹത്തിന്റെ ശീലമായിരുന്നു. പൊതുയോഗങ്ങളില്‍ പ്രയോഗിക്കുന്ന തമാശകളും പൊടിക്കൈകളും കേരളീയര്‍ക്കാകെ പരിചിതമാണ്. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും സ്നേഹം പങ്കിടുന്ന നേതാവുമായിരുന്നു.

ജനകീയപ്രശ്നങ്ങളുടെ പരിഹാരത്തിനായി അദ്ദേഹം സദാ ശ്രമിച്ചു. ഏതു സ്ഥാനം വഹിക്കുന്നു എന്നത് പ്രശ്നപരിഹാരശ്രമത്തിന് സഖാവിന് തടസ്സമാകാറില്ല. മന്ത്രിയായിരിക്കുമ്പോള്‍ മറ്റു മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും ബന്ധപ്പെടുന്ന ഒരു നിവേദകന്റെ റോളില്‍ ടി കെയെ പലപ്പോഴും കാണാം. അദ്ദേഹം കൈകാര്യംചെയ്യുന്ന വകുപ്പുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലല്ല പലരും മന്ത്രിയെന്ന നിലയ്ക്ക് ടി കെയെ കാണുക. ഒരു വിഷമവും പ്രകടിപ്പിക്കാതെ അവരുടെ കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുന്ന സ്വഭാവമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. അദ്ദേഹത്തെ കാണാന്‍ വരുന്നവരുടെ കൂട്ടുകാരനായും രക്ഷിതാവായും ഒക്കെ മാറുന്ന അനുഭവമാണുണ്ടാകുക. രാഷ്ട്രീയഭേദമെന്യെ നാട്ടുകാരുടെ സ്നേഹവും ആദരവും നേടാനായത് മനുഷ്യരുടെ പ്രയാസങ്ങളോടൊപ്പംചേരാനുള്ള പച്ചമനുഷ്യന്റെ മനസ്സുള്ളതുകൊണ്ടായിരുന്നു.

കൈകാര്യംചെയ്ത വകുപ്പുകളോട് നീതികാണിച്ച ഭരണാധികാരിയായിരുന്നു. മത്സ്യഫെഡ് വളര്‍ത്തിയെടുക്കുന്നതിലും ആ മേഖലയില്‍ പ്രൈമറിസംഘങ്ങള്‍ രൂപീകരിക്കുന്നതിലും വഹിച്ച പങ്ക് വലുതാണ്. ആഭ്യന്തരവകുപ്പ് കൈകാര്യംചെയ്യുന്ന ഘട്ടത്തില്‍ പൊലീസുകാരുടെ സംഘടനയ്ക്ക് പ്രവര്‍ത്തിക്കാന്‍ സൗകര്യം ചെയ്തുകൊടുത്തു. സാംസ്കാരികരംഗത്തുള്ള എല്ലാവരുമായും ആശയവിനിമയം നടത്തുന്ന സാംസ്കാരികമന്ത്രിയായിരുന്നു ടി കെ.

എറണാകുളമായിരുന്നു ആദ്യകാല പ്രവര്‍ത്തനകേന്ദ്രം. സംഘടനാതീരുമാനത്തിന്റെ ഭാഗമായി കോട്ടയം ജില്ലയുടെ ചുമതല ഏറ്റെടുത്ത് ആ ജില്ലയിലെ സര്‍വജനങ്ങളുടെയും പ്രിയങ്കരനായി. ഗുരുതരമായ രോഗം ബാധിച്ച് എറണാകുളത്ത് ആശുപത്രിയില്‍ കിടക്കുമ്പോഴും തെരഞ്ഞെടുപ്പുപ്രവര്‍ത്തനത്തില്‍ ഇറങ്ങേണ്ടതിനെക്കുറിച്ചായിരുന്നു സംസാരിച്ചത്. പ്രചാരണസമയത്ത് കിടന്നുപോയതിലുള്ള വിഷമമാണ് പ്രകടിപ്പിച്ചത്. അന്ത്യനിമിഷംവരെ പാര്‍ടിയെക്കുറിച്ചുള്ള ചിന്തമാത്രമാണ് സഖാവിനുണ്ടായിരുന്നത്. പതിനാറാം ലോക്സഭാതെരഞ്ഞെടുപ്പ് പുരോഗമിക്കുന്ന ഘട്ടത്തിലാണ് ഇത്തവണ സ. ടി കെ ദിനം ആചരിക്കുന്നത്.

യുപിഎ സര്‍ക്കാര്‍ വരുത്തിവച്ച വിലക്കയറ്റവും അഴിമതിയും സ്ത്രീപീഡനവും കര്‍ഷക- തൊഴിലാളിദ്രോഹവും കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹവും അഴിമതിയും ദുര്‍ഭരണവുമടക്കമുള്ള വിഷയങ്ങളാണ് ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ പരിഗണിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധനയങ്ങള്‍ക്കെതിരായ ബഹുജനരോഷം അലയടിക്കുന്ന ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. അതുകൊണ്ടുതന്നെ വലതുപക്ഷകേന്ദ്രങ്ങളില്‍ പരാജയഭീതി നിഴലിച്ചുകാണുന്നു. വിലക്കയറ്റവും തൊഴിലില്ലായ്മയുമടക്കമുള്ള ദുരിതങ്ങളുടെ മധ്യത്തില്‍ നില്‍ക്കുന ജനതയ്ക്ക് അതിലേക്ക് നയിച്ച ആഗോളവല്‍ക്കരണങ്ങള്‍ക്കും അതിന്റെ നടത്തിപ്പുകാരായ യുപിഎ സര്‍ക്കാരിനുമെതിരെ പ്രതികരിക്കാനുള്ള അവസരമാണ് തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. രാജ്യത്താകെ യുപിഎ സര്‍ക്കാര്‍ വരുത്തിവച്ച കെടുതികള്‍ക്കെതിരായ വികാരമാണ് അലയടിക്കുന്നതെങ്കില്‍, കേരളത്തില്‍ അതിനൊപ്പം യുഡിഎഫ് സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനോടുള്ള ജനങ്ങളുടെ പ്രതിഷേധവും ഈ തെരഞ്ഞെടുപ്പിന്റെ ഗതി നിര്‍ണയിക്കുന്ന ഘടകമായി.

കാര്‍ഷിക-വ്യാവസായികമേഖലകളിലെ തകര്‍ച്ച യുപിഎ- യുഡിഎഫ് ഭരണത്തിന്റെ മുഖമുദ്രയാണ്. മലയോരമേഖലയിലെ സമ്പദ്ഘടനയുടെ നട്ടെല്ലാണ് റബര്‍. ആസിയന്‍ കരാര്‍ കേന്ദ്രസര്‍ക്കാര്‍ ഒപ്പിട്ടതോടെ ഇറക്കുമതി വര്‍ധിച്ചു. അതിന്റെ ഫലമായി തദ്ദേശ മാര്‍ക്കറ്റില്‍ റബര്‍വില വന്‍തോതില്‍ ഇടിഞ്ഞു. ഇതോടെ മലയോരമേഖലയിലെ കര്‍ഷകരുടെ ജീവിതത്തില്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. തീരദേശമേഖലയിലും ഗുരുതരമായ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ കിട്ടാത്തത്, കടാശ്വാസനിയമം നടപ്പാക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാകാത്തത്, തീരദേശസംരക്ഷണ നിയമത്തിന്റെ പേരില്‍ കടലോരജനതയുടെ അവകാശങ്ങള്‍ക്കുമേലുള്ള കൈയേറ്റം- ഇങ്ങനെ നിരവധി വിഷയങ്ങള്‍. ഇതൊക്കെ തെരഞ്ഞെടുപ്പ് ചര്‍ച്ചയാക്കാതിരിക്കാനുള്ള ആസൂത്രിതശ്രമമാണ് വലതുപക്ഷം നടത്തിയത്. അതിനവര്‍ക്ക് കോര്‍പറേറ്റ് മാധ്യമങ്ങളുടെ അകമഴിഞ്ഞ പിന്തുണയും ലഭിച്ചു.

ടി പി ചന്ദ്രശേഖരന്‍വധം ഉപയോഗിച്ച്, കൊലപാതക രാഷ്ട്രീയമുദ്ര ചാര്‍ത്തി സിപിഐ എമ്മിനെ തകര്‍ക്കാമെന്ന അതിരുകടന്ന വ്യാമോഹത്തിലേക്ക് അവരെ നയിച്ചത് അത്തരമൊരവസ്ഥയാണ്. മാധ്യമ പിന്തുണയും സര്‍ക്കാര്‍ സന്നാഹങ്ങളുമുപയോഗിച്ച് ആ വഴിക്ക് നടത്തിയ ശ്രമങ്ങളെ തുറന്നുകാട്ടാനും യാഥാര്‍ഥ്യം ജനങ്ങളെ ബോധ്യപ്പെടുത്താനും പാര്‍ടിക്ക് കഴിഞ്ഞു. നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ ജോലിക്കാരിയായ സ്ത്രീയുടെ കൊലപാതകത്തെ സംബന്ധിച്ച് ശരിയായി അന്വേഷിക്കാന്‍പോലും തയ്യാറാകാത്തവര്‍ നടത്തിയ നാടകങ്ങള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞതിന്റെ പ്രതിഫലനമാണ്, യുഡിഎഫിന് തെരഞ്ഞെടുപ്പുരംഗത്ത് ലഭിച്ച തണുപ്പന്‍ പ്രതികരണം.

വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതിമേഖലയിലെ പ്രശ്നങ്ങള്‍, കേരളത്തിലെ സാമ്പത്തികപ്രതിസന്ധി, വര്‍ഗീയവിപത്ത്, ആധാര്‍ കാര്‍ഡ് അടിച്ചേല്‍പ്പിക്കുന്നത്, വര്‍ഗീയശക്തികളുടെ താലിബാന്‍ മോഡല്‍ ആക്രമണം, സംഘപരിവാറിന്റെ ഫാസിസ്റ്റ് അജന്‍ഡ, കേരളവികസനത്തിനേറ്റ തിരിച്ചടികള്‍ തുടങ്ങിയവയെല്ലാം ജനങ്ങളുടെമുമ്പില്‍ അവതരിപ്പിക്കാനും ജനങ്ങളുടെ ദുരിതങ്ങള്‍ക്ക് കാരണമായ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ ബോധ്യപ്പെടുത്താനുമുള്ള പ്രചാരണമാണ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നടത്തിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരായുള്ള വികാരവും കോണ്‍ഗ്രസിനും ബിജെപിക്കുമെതിരായി രാജ്യത്ത് ഉയര്‍ന്നുവരേണ്ട രാഷ്ട്രീയശക്തിക്കുള്ള പിന്തുണയുമാണ് പ്രചാരണഘട്ടത്തില്‍ പൊതുവെ ദൃശ്യമായത്.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ കേന്ദ്രത്തില്‍നിന്ന് യുപിഎ അധികാരഭ്രഷ്ടമാകും. ആ ഫലത്തിന്റെ രൂക്ഷത കേരളത്തിലെ യുഡിഎഫ് രാഷ്ട്രീയത്തില്‍ വലിയ ആഘാതം സൃഷ്ടിക്കുക്കുകയും ചെയ്യും. അത് മനസ്സിലാക്കിയുള്ള പ്രതികരണമാണ്, യുഡിഎഫ് നേതൃത്വത്തില്‍നിന്നുണ്ടാകുന്നത്. രാഷ്ട്രീയമായ വിജയം അവകാശപ്പെടാനുള്ള ശക്തിയില്ലാതെ, അടിയൊഴുക്കുകളെ ധ്യാനിച്ചും വോട്ടുകച്ചവടത്തിന്റെയും വിലയ്ക്കുവാങ്ങലിന്റെയും ആനുകൂല്യം സ്വപ്നംകണ്ടും കഴിയുന്ന യുഡിഎഫ് രാഷ്ട്രീയത്തിലെ ദയനീയചിത്രമാണിന്ന്. ജനങ്ങളുടെ മനസ്സില്‍നിന്ന് ആ മുന്നണി തിരസ്കൃതമാകുന്നതിന്റെ പ്രഖ്യാപനമാകും മെയ് പതിനാറിന് പുറത്തുവരുന്ന ജനവിധി.

ജനജീവിതത്തിന്റെ സമസ്തമേഖലയെയും തകര്‍ക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കും കേരളത്തിനോടു കാണിക്കുന്ന അവഗണനയ്ക്കും വര്‍ഗീയവിപത്തിനും എതിരായി ജനകീയതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടം പുതിയ തലത്തിലേക്ക് കടക്കുകയാണ്. ആ സമരത്തില്‍ സ. ടി കെയുടെ ഓര്‍മകള്‍ നമുക്ക് കരുത്തുപകരും.

*
പിണറായി വിജയന്‍

No comments: