Friday, April 25, 2014

നവലിബറലിസം വേട്ടയാടുന്ന നഴ്സിങ് മേഖല

ആരോഗ്യമേഖലയില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ മേഖലയിലെ പോളിസി രൂപപ്പെടുത്തുന്നതിലെ രാഷ്ട്രീയം ശരിയാണോയെന്ന് നാം പരിശോധിക്കേണ്ടതുണ്ട്, ഇത്തരത്തില്‍ പുതിയ മെഡിക്കല്‍ കോളേജുകളുടെ രൂപീകരണത്തെ വിലയിരുത്തേണ്ടതുണ്ട്. ആഗോളവല്‍കരണത്തിന്റെ കാലഘട്ടത്തില്‍ പേ ആന്റ് യൂസ് സംവിധാനം ഏറ്റവും കൂടുതല്‍ ദോഷം വരുത്തിയ മേഖലയാണിത്. പണമുള്ളവന് കൂടുതല്‍ പരിചരണം സാധ്യമാകുന്ന രീതിയില്‍ ആരോഗ്യസംവിധാനങ്ങളെ ഉപയോഗിക്കുന്നു. അതുകൊണ്ടാണ് സ്വകാര്യമേഖലയില്‍ ആരോഗ്യസ്ഥാപനങ്ങള്‍ തഴച്ചു വളരുന്നത്. തികച്ചും കച്ചവടമനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളായി ഇവ രൂപാന്തരം കൊള്ളുന്നു.

വിഷന്‍ -2030 ആരോഗ്യരംഗത്ത് നടപ്പിലാക്കുമ്പോള്‍ ഹെല്‍ത്ത് ഹബ്ബുകള്‍ രൂപീകരിക്കുന്നതിനുവേണ്ടിയുള്ള ശ്രമമാണ് നടക്കുന്നത്. സാമൂഹ്യ സാഹചര്യത്തിന്റെ സവിശേഷതപോലെ ജീവിത ശൈലീ രോഗങ്ങളും മറ്റും ആരോഗ്യ വ്യാപാരത്തിന് പറ്റിയ ഇടമാക്കി കേരളത്തെ മാറ്റിയിരിക്കുന്നു. ആതുരപരിചരണം വിലയ്ക്ക് വാങ്ങാന്‍ തക്കവണ്ണം ആരോഗ്യമേഖലയെ പരിവര്‍ത്തനപ്പെടുത്തുന്ന സംരംഭങ്ങളാണ് ഇത്തരം ഹബ്ബുകള്‍ എന്ന് ഓര്‍ക്കണം. ബഹുരാഷ്ട്ര കുത്തകകള്‍ നേതൃത്വം കൊടുക്കുന്ന ആരോഗ്യ ചികിത്സാ ഹബ്ബുകള്‍ വേണം എന്ന കാഴ്ചപ്പാട് എതിര്‍ക്കപ്പെടേണ്ടതാണ്. ധര്‍മ്മാശുപത്രി എന്ന സങ്കല്‍പ്പം തകിടം മറിക്കപ്പെടുകയും കേരളമോഡലിന്റെ ആര്‍ജിത നേട്ടങ്ങള്‍ അട്ടിമറിക്കപ്പെടുകയും ആണ് ഇതുമൂലം സംഭവിക്കാന്‍ പോകുന്നത്. കുറച്ചുവര്‍ഷങ്ങള്‍ക്കു മുന്‍പുവരെ ഈ മേഖലയിലേക്ക് കടന്നുവരുന്നവര്‍ ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ തല്പരരായും സാമൂഹ്യപ്രതിബന്ധതയോടുകൂടിയുമാണ് ജോലി ചെയ്തു വന്നത്.

1990 കള്‍ക്ക് ശേഷം ആരോഗ്യ മേഖലയിലെ നഴ്സിങ് മേഖല സേവനപാത വിട്ട് ഒരു തൊഴില്‍ മേഖലയുടെ പരിവേഷത്തിലേക്ക് കടന്നു. ഡോക്ടര്‍മാരുടെ മേഖലയിലാകട്ടെ ഡോക്ടര്‍ എന്ന പദം ഒരു സോഷ്യല്‍ സ്റ്റാറ്റസിന്റെ ഭാഗമായി മാറുകയും ചെയ്തു. സമൂഹത്തിലെ മിക്ക രക്ഷിതാക്കളും തന്റെ കുട്ടി ഡോക്ടര്‍ ആകണം എന്ന ആഗ്രഹത്താല്‍, വളര്‍ന്നു വരുന്ന കുട്ടിയുടെ വ്യക്തിസ്വാതന്ത്ര്യങ്ങളെയും ഇഷ്ടാനിഷ്ടങ്ങളെയും ഹനിച്ചുകൊണ്ട്, ഡോക്ടര്‍ ആക്കുന്നതിനുവേണ്ടി സജ്ജമാക്കപ്പെട്ട ഫാക്ടറികളിലേക്ക് അവരെ തള്ളിവിടുന്നു. അവിടുത്തെ ഉല്പന്നങ്ങളായി പുറത്തുവരുന്നവര്‍ക്ക് ഉപഭോക്താക്കളായി മാത്രമേ രോഗികളെ കാണാന്‍ കഴിയൂ. ഇതു തന്നെയാണ് നഴ്സിങ് മേഖലയിലും സംഭവിച്ചത്. എന്‍ട്രന്‍സ് എന്ന നടപ്പുദീനം ബാധിച്ച യുവത്വത്തിന് എഞ്ചിനീയറിങ്ങും മെഡിസിനും കിട്ടിയില്ലെങ്കില്‍ പിന്നെ നഴ്സിങ് എന്ന നിലപാടും ഈ രംഗത്ത് വന്‍ സാധ്യത തീര്‍ത്തു. പഠന നിലവാരം പുലര്‍ത്തുന്നവര്‍ ഗവണ്‍മെന്റ് മേഖലയിലും സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടവര്‍ വമ്പന്‍ സ്വകാര്യ ആശുപത്രികളിലും അതിനു കഴിയാത്തവര്‍ 5 ഉം 8 ഉം ലക്ഷവും ലോണെടുത്ത് അന്യസംസ്ഥാനങ്ങളിലുംഅഭയം പ്രാപിക്കുന്നു. മൊത്തത്തില്‍ നഴ്സിങ് മേഖലയിലെ തള്ളിക്കയറ്റം കഴിഞ്ഞ ഒരു ദശകത്തിനടുത്ത് ഇരട്ടിയായിരിക്കുന്നു.

കേരളത്തിലെ ഏറ്റവും വലിയ വ്യവസായം സ്വകാര്യ ആശുപത്രിയായി മാറുമ്പോള്‍ നഴ്സിങ് സ്കൂളുകള്‍ ഇതിന്റെ അവിഭാജ്യഘടകമായി മാറുന്നു. പുത്തന്‍ സാമ്പത്തിക പരിഷ്കാരത്തിന്റെയും മൂലധന ശക്തികളുടെയും കടന്നുവരവിന് ശേഷമാണ് ഈ വ്യവസായം വളര്‍ന്നു പന്തലിച്ചത്. തൊഴില്‍ സാധ്യതകള്‍ പെരുപ്പിച്ചു കാണിച്ചുകൊണ്ടു പുതിയ തലമുറയിലെ മഹാഭൂരിപക്ഷത്തെയും ഈ രംഗത്തേയ്ക്ക് ആകര്‍ഷിക്കുന്ന നയമാണ്. സ്വകാര്യ ആശുപത്രികളുടേത്. എത്രയും പെട്ടെന്ന് ഒരു ജോലി അല്ലെങ്കില്‍ വിദേശസ്വപ്നം പൂവണിയിക്കാന്‍ ഏറ്റവും നല്ല അവസരം എന്ന നിലയില്‍ ഈ രംഗത്തേക്ക് കടന്നുവരുന്നവരും ധാരാളം. ഈ കാരണങ്ങള്‍ കൊണ്ടുതന്നെ നിരവധി പുരുഷന്മാരും ഈ മേഖലയിലേക്ക് ആകൃഷ്ടരായി. ഈ സാമൂഹ്യ സാഹചര്യത്തില്‍ കേരളത്തിലെ പൊതുജന ആരോഗ്യമേഖലയിലെ രാഷ്ട്രീയ നയ സമീപനങ്ങളെ വിലയിരുത്തേണ്ടതുണ്ട്. നീതീകരിക്കാന്‍ ആവാത്ത ഒരു തൊഴില്‍ നയമാണ് ഇന്ന് നിലവിലുള്ളത്. സംസ്ഥാനത്ത് ഏകദേശം മൂവായിരത്തിനടുത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് നിലവിലുള്ളത്. ഇതില്‍ ജഒഇ തൊട്ട് മെഡിക്കല്‍ കോളേജ് തലം വരെയുണ്ട്.

ഏകദേശം പതിനായിരത്തോളം നഴ്സുമാരാണ് ഈ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നത്. കാലഹരണപ്പെട്ട 1961- ലെ സ്റ്റാഫ് പാറ്റേണ്‍ ആണ് ഇന്നും നിലനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ പൊതുജന ആരോഗ്യമേഖലയില്‍ വലിയ പൊളിച്ചെഴുത്തുകള്‍ ആവശ്യമുണ്ട്. കാരണം ആഗോളതലത്തിലെ നഴ്സുമാരുടെ കണക്കെടുത്താല്‍ ഇതില്‍ 75 ശതമാനവും കേരളത്തിന്റെ സംഭാവനയാണെന്ന് കാണാം. ഇന്ത്യയുടെ പ്രത്യേകിച്ച് കേരളത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായിട്ടാണ് നഴ്സുമാര്‍ അറിയപ്പെടുന്നത്. ഇന്ത്യയിലെ മൊത്തം 18 ലക്ഷം നഴ്സുമാരില്‍ 12 ലക്ഷവും മലയാളികളാണ്. ഈ എണ്ണത്തിലെ വര്‍ദ്ധനയ്ക്കു കാരണം മേല്‍ സൂചിപ്പിച്ച നഴ്സിങ് സ്കൂളുകളുടെ ഉല്പാദനമാണ്. ആഗോളതലത്തില്‍ ഇന്ത്യയ്ക്ക്, വിശേഷിച്ചും കേരളത്തിന് വിദേശനാണ്യം നേടിത്തരുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന ഈ വിഭാഗത്തെ ഏറെ ആദരവോടെയാണ് വിദേശ സമൂഹം വിലയിരുത്തുന്നത്. എന്നാല്‍ ഇന്ത്യയിലെയും കേരളത്തിലെയും നഴ്സുമാരുടെ സ്ഥിതി ഏറെ ദയനീയമാണ് എന്ന സത്യം പുറം ലോകം അറിയാന്‍ ഏറെ വൈകിപ്പോയി. ഇതിന്റെ കാര്യകാരണങ്ങള്‍ വിലയിരുത്തുമ്പോഴാണ് ഈ രംഗത്തെ ചൂഷണത്തിന്റെ മൃഗീയഭാവം പുറത്തുവരുന്നത്. നഴ്സിങ് രംഗത്തെ സമരങ്ങളെ കുറിച്ച് പറയുമ്പോള്‍ ഇന്ത്യയുടെ ചരിത്രത്താളുകളില്‍ ഇടംപിടിച്ച സമരമുഹൂര്‍ത്തങ്ങളായിരുന്നു പോയവര്‍ഷത്തിലും തുടര്‍ന്നും നാം ഈ മേഖലയില്‍ കാണുന്നതും കേള്‍ക്കുന്നതും.

പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് പ്രധാനമന്ത്രിയുടെ സ്വന്തം ഡോക്ടറായ ഡോ. രമാകാന്ത് പാണ്ഡ എന്ന കോര്‍പ്പറേറ്റ് നടത്തുന്ന ബോംബെയിലെ ബാന്ദ്രയിലുള്ള ഏഷ്യന്‍ ഹാര്‍ട്ട് ഹോസ്പിറ്റലില്‍ നിന്നാണ്. ബീന ബേബി എന്ന തൊടുപുഴക്കാരി സ്വയം ജീവന്‍ ബലിയര്‍പ്പിച്ചതുമുതല്‍ക്കാണ് നഴ്സിങ് സമൂഹം ഈ രംഗത്തെ ചൂഷണങ്ങള്‍ക്കെതിരെ പരസ്യമായി പ്രതികരിച്ചുതുടങ്ങിയത്. നിരവധി ചോദ്യങ്ങള്‍ സമൂഹത്തിനെതിരെ ഉതിര്‍ത്തുകൊണ്ടായിരുന്നു ആ കുട്ടിയുടെ ആത്മഹൂതി. ആ ചോദ്യശരങ്ങളേറ്റുവാങ്ങിക്കൊണ്ട് ബാന്ദ്രയിലെ നഴ്സുമാര്‍ കൊളുത്തിയ സമരാഗ്നി ഇന്ത്യയിലങ്ങോളമിങ്ങോളം കത്തിജ്വലിച്ചുകൊണ്ടിരിക്കുന്നു. പൊലീസും ഭരണകൂടവും കോര്‍പ്പറേറ്റുകളും കിണഞ്ഞു ശ്രമിച്ചെങ്കിലും തെരുവില്‍ രക്തം ചിന്തി അവര്‍ ചെയ്ത സമരമാണ് മറ്റ് സമരങ്ങളുടെ പ്രചോദനം. ഇന്ത്യയില്‍ അടുത്ത കാലത്ത് കോര്‍പ്പറേറ്റുകള്‍ക്കെതിരായി വിജയിച്ച സമരവും ബാന്ദ്രയിലേതായിരുന്നു. വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തോട് സമമായിട്ടാണീ സമരത്തെ തൊഴിലാളി വര്‍ഗം വിലയിരുത്തുന്നത്. കേരളത്തില്‍ സമരാഗ്നിക്ക് തുടക്കം കുറിച്ചത് അമൃത ഹോസ്പിറ്റല്‍ ആയിരുന്നു. ആഗോള ആരോഗ്യ വിദ്യാഭ്യാസ സൂചികയില്‍ ഉയര്‍ന്ന സ്ഥാനം കരസ്ഥമാക്കിയ കേരളത്തിലെ നഴ്സുമാരുടെ സ്ഥിതി ഏറെ ദയനീയമാണെന്ന് പൊതുജനം തിരിച്ചറിഞ്ഞു.

രാഷ്ട്രീയ, സാംസ്കാരിക പുരോഗമന പ്രസ്ഥാനങ്ങളുടെ നിരന്തരമായ ഇടപെടലുകളിലൂടെ കൈവരിച്ച നേട്ടങ്ങള്‍ക്ക് കടക വിരുദ്ധമായ സമീപനങ്ങളാണ് ആശുപത്രി മാനേജ്മെന്റുകളുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ചര്‍ച്ചയ്ക്കു വിളിച്ച് അടച്ചിട്ട മുറിയില്‍ ഗുണ്ടകളെ ഉപയോഗിച്ച് നേരിട്ട മനേജുമെന്റിന്റെ സമീപനത്തെ ഏറെ അവജ്ഞയോടെയാണ് പൊതുജനം നോക്കികണ്ടത്. അതുകൊണ്ടുതന്നെ പൊതു സമൂഹത്തിന്റെ ഇടപെടലുകളും മാധ്യമ ചര്‍ച്ചകളും ഇതിന്റെ ഭാഗമായി ഉയര്‍ന്നു വന്നു. പിന്നീട് സമരം നടന്ന ലേക്ഷോര്‍, അമല, ഗോകുലം, മെഡിക്കല്‍ കോളേജ്, കൊല്ലത്തെ ശങ്കേഴ്സ് ഹോസ്പിറ്റല്‍ എന്നിവ എല്ലാ മാനേജ്മെന്റുകള്‍ക്കും സമരക്കാരുടെ മുമ്പില്‍ ഒരു പരിധി വരെ മുട്ടുമടക്കേണ്ടി വന്നു.

ഏറ്റവും വലിയ പ്രത്യേകത ഈ ആശുപത്രികള്‍ എല്ലാം നടത്തുന്നത്, ലോകസമാധാനത്തിനു വേണ്ടി സംസാരിക്കുകയും വിശക്കുന്നവന് അപ്പവും പാര്‍പ്പിടവും നല്‍കുന്നു എന്ന് അവകാശപ്പെടുകയും ചെയ്യുന്നവരായിരുന്നു എന്നതാണ്. അതുകൊണ്ടുതന്നെ ഈ സമരങ്ങളെല്ലാം സാമുദായിക സംഘടനയ്ക്കെതിരെയുള്ള സമരങ്ങളായി ചിത്രീകരിക്കാന്‍ വലിയ ഗൂഢാലോചനകളാണ് നടന്നത്. നഴ്സുമാരുടെ സ്വകാര്യതകള്‍ ക്യാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്താനും സമരം ചെയ്യുന്ന നഴ്സുമാരുടെ ദേഹത്ത് വാഹനങ്ങള്‍ കയറ്റി കൊല്ലാനും വരെയുള്ള ശ്രമങ്ങള്‍ ഉണ്ടായി. നഴ്സുമാര്‍ക്കനുകൂലമായ പൊതുജനത്തിന്റെ പിന്തുണ ഈ സമരങ്ങളുടെ വിജയത്തിന് സഹായകമായി. നഴ്സിങ് സമൂഹം ഏറെ ആദരവോടെയാണ് ഇത് ഓര്‍ക്കുന്നത്.

തികഞ്ഞ അനീതിയാണ് ഈ മേഖലയില്‍ നടക്കുന്നത്. യാതൊരു വിധ അടിസ്ഥാന സൗകര്യങ്ങളോ സാമൂഹിക പരിരക്ഷയോ ഇല്ലാതെയാണ് നഴ്സുമാര്‍ ജോലി ചെയ്യുന്നത്. 2009 -ല്‍ സര്‍ക്കാര്‍ നിശ്ചയിച്ച 9000 രൂപ പോലും മാസവേതനം നല്‍കാതെ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച ആശുപത്രി മാനേജ്മെന്റാണ് കേരളത്തിലുള്ളത്. തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ട്, ഈ മേഖലയില്‍ വിദഗ്ദ്ധരായ നഴ്സുമാരെ അടിത്തട്ടിലെ ആരോഗ്യപരിപാലനത്തിനായി നിയമിച്ചുകൊണ്ട്, വികസിത രാഷ്ട്രങ്ങളിലെ നേട്ടങ്ങള്‍ ആരോഗ്യപരിപാലനത്തില്‍ കൈവരുത്തുവാന്‍ ശ്രദ്ധിക്കണം. ഇത്തരം സാമൂഹിക ഉത്തരവാദിത്വത്തില്‍ നിന്നും നഴ്സുമാരെ അകറ്റി നിര്‍ത്തുന്ന വരേണ്യവര്‍ഗ തീരുമാനം ഇവിടെ നടപ്പാക്കരുത്. പൊതുമേഖലയുടെ ശക്തിപ്പെടല്‍ ഈ രംഗത്തെ തൊഴില്‍ ചൂഷണത്തിന് അറുതിവരുത്താന്‍ ഒരു പരിധിവരെ സഹായിക്കും.

ആരോഗ്യപരിപാലനത്തെ ഒരു പ്രധാന അജണ്ടയാക്കി മാറ്റിയാല്‍ മാത്രമേ നല്ലൊരു ആരോഗ്യനയം സാദ്ധ്യമാകൂ. ഇത്തരത്തില്‍ സ്വകാര്യമേഖലയിലെ നഴ്സുമാരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഡോക്ടര്‍ ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട് അടിയന്തരമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ലേബര്‍ ആക്ട് പ്രകാരമുള്ള 12000 രൂപ എന്ന അടിസ്ഥാന ശമ്പളം അവര്‍ക്കു നല്‍കാന്‍ മടിക്കുന്ന മാനേജുമെന്റുകളുടെ ധിക്കാരപരമായ തീരുമാനത്തെ ശക്തിയുക്തം എതിര്‍ക്കേണ്ടതാണ്. കാലോചിതമായി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പരിഷ്കരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ഈ മേഖലയിലെ പോളിസി രൂപപ്പെടുത്തുമ്പോള്‍ നഴ്സിങ് വിദഗ്ദ്ധരുടെ സാന്നിദ്ധ്യവും സംഘടനകളുടെ പങ്കാളിത്തവും അതിലുണ്ടായാല്‍ മാത്രമേ തിരുത്തലുകള്‍ സാദ്ധ്യമാവൂ.

*
പി കെ ഉഷാദേവി

No comments: