Saturday, April 19, 2014

അത്ഭുതപ്പിറവിയായി ഒരു നോവല്‍

മലയാളിയെ ഇത്രമേല്‍ സ്വാധീനിച്ച വിദേശ എഴുത്തുകാരന്‍ മാര്‍ക്വേസിനെപ്പോലെ മറ്റൊരാളുണ്ടാകുമോ... സംശയമാണ്. മറവിരോഗം ബാധിച്ച മാര്‍ക്വേസിനായി പ്രാര്‍ഥനാനിരതരായി നമ്മള്‍ മലയാളികളും. മലയാളിക്ക് ആ ലാറ്റിനമേരിക്കന്‍ എഴുത്തുകാരനോടുള്ള ആരാധന, ആഭിമുഖ്യം എല്ലാം പ്രകടമായിരുന്നു ആ പ്രാര്‍ഥനകളില്‍. എഴുത്തിലൂടെ ലോകം കീഴടക്കിയ പ്രതിഭയായിരുന്നു ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്വേസ്. സമകാലിക എഴുത്തുകാരില്‍നിന്ന് ഏറെ വ്യത്യസ്തനായ മഹാപ്രതിഭാശാലി.

1970 ലാണ് മാര്‍ക്വേസിന്റെ രചന പരിചയപ്പെടാന്‍ സാധിക്കുന്നത്. ആദ്യ അമേരിക്കന്‍ യാത്രയിലായിരുന്നു അത്. യാത്രയില്‍ കൂടെയുണ്ടായിരുന്ന ആന്‍തണി ബാണി എന്ന ചെറുപ്പക്കാരനാണ് എന്നോട് മാര്‍ക്വേസിനെപ്പറ്റി പറയുന്നത്. സ്പാനിഷ് ഭാഷയില്‍ സ്വാധീനമുള്ള ആന്‍തണി "ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍" സ്പാനിഷ് ഭാഷയിലാണ് വായിച്ചത്. ഇംഗ്ലീഷ് പരിഭാഷ ഇറങ്ങിയ സമയമായിരുന്നു അത്. എനിക്കൊരു കോപ്പി സമ്മാനമായി തന്ന് ആന്‍തണി ഇങ്ങനെ പറഞ്ഞു ""ഇതാ, നാം വളരെക്കാലമായി കാത്തിരുന്ന മഹത്തായ കൃതി"".

നാട്ടിലെത്തി ഞാനാ പുസ്തകം വായിച്ചു. സാവകാശത്തിലായിരുന്നു വായന. പക്ഷേ, അതൊരു അനുഭവമായിരുന്നു. വേറിട്ടതും വ്യത്യസ്തവുമായ സാഹിത്യാനുഭൂതി പകര്‍ന്ന വായന. സാഹിത്യപ്രേമിയായ ആന്‍തണി പറഞ്ഞതില്‍ തെല്ലും അതിശയോക്തിയില്ലെന്ന് എനിക്ക് ബോധ്യമായി. കുറച്ചുവര്‍ഷം മുമ്പ്, 2008ലാണെന്ന് തോന്നുന്നു "മെമ്മറീസ് ഓഫ് മൈ മെലന്‍കളി ഹോഴ്സ്" എന്ന ചെറുനോവല്‍ എന്റെ പുസ്തകശേഖരത്തിലെത്തി. അല്‍പ്പം ആശങ്കയോടെയാണ് ഞാനാ നോവല്‍ തുറന്നത്. വായന തുടങ്ങുമ്പോഴും എന്തോ ഒരു പരിഭ്രമമുണ്ടായിരുന്നു. "70 തൊട്ട് എന്നെ അത്ഭുതപ്പെടുത്തിയ, വിസ്മയിപ്പിച്ച മാസ്മരവിദ്യ, കൈയടക്കം, രചനാസവിശേഷത എല്ലാം ഒട്ടും കുറവ് വരുത്താതെ നിലനിര്‍ത്തുന്നു എന്ന് കണ്ട് ഞാന്‍ ആ മഹാനായ എഴത്തുകാരനെ മനസ്സാ നമിച്ചു.

ഭാവനയുടെ വിപ്ലവമെന്ന് വിശേഷിപ്പിക്കപ്പെട്ടതായിരുന്നു സാമുവല്‍ റിച്ചാര്‍ഡ്സന്റെ പമേലയുടെ പ്രസിദ്ധീകരണം. നോവലിന്റെ തുടക്കമായിരുന്നു റിച്ചാര്‍ഡ്സണ്‍ പമേലയിലൂടെ ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് റൂസോയുടെ ജൂലിയ വന്നപ്പോള്‍ നോവല്‍ മഹാസംഭവമായി. എന്നാല്‍, ഒരു നോവല്‍ അത്ഭുതപ്പിറവിയായിത്തീരുന്നത് ഏകാന്തതയുടെ നൂറുവര്‍ഷങ്ങളുടെ ഇംഗ്ലീഷ് വിവര്‍ത്തനം 1970ല്‍ പുറത്തുവന്നപ്പോഴാണ്. അന്നുമുതല്‍ ലോകമാകെ ആഹ്ലാദകരമായ നടുക്കത്തോടെയും ഞെട്ടലോടെയും മാര്‍ക്വേസിനെ ആരാധിക്കാനും തുടങ്ങി. കാര്‍ലോസ് ഫുവേന്തസും മാറിയോ വര്‍ഗാസ് ലോസയും ഇതേകാലത്ത് ലാറ്റിനമേരിക്കയില്‍നിന്ന് പ്രസിദ്ധരായ മഹാന്മാരായ സ്പാനിഷ് എഴുത്തുകാരാണ്. ഇക്കൂട്ടത്തില്‍ ലാറ്റിനമേരിക്കയിലെ സ്പാനിഷ് എഴുത്തുകാരിലേക്ക് പ്രതീക്ഷാഭരിതരായി കടന്നുചെല്ലാന്‍ നമ്മെ പ്രേരിപ്പിച്ചത് മാര്‍ക്വേസിന്റെ രചനകളാണ്.

കെട്ടുകഥകളല്ല, ലാറ്റിനമേരിക്കന്‍ യാഥാര്‍ഥ്യങ്ങളാണ് തന്റെ സൃഷ്ടികളെന്ന് മാര്‍ക്വേസ് പറഞ്ഞിട്ടുണ്ട്. ഭീകരരായ ഏകാധിപതികളെ കൃതികളില്‍ മാര്‍ക്വേസ് അവതരിപ്പിച്ചു. ഈ സ്വേച്ഛാധിപതികള്‍ ചരിത്രത്തില്‍ യഥാര്‍ഥത്തിലുള്ളവരായിരുന്നു. ബുദ്ധിയും ധിഷണയുമൊന്നും പ്രസക്തമല്ലാത്തതും ആവശ്യമില്ലാത്തതുമായ വിനോദങ്ങള്‍ ചുറ്റിലും പെരുകുകയാണിന്ന്. പുതിയ സങ്കേതങ്ങള്‍ കണ്ടെത്തി എഴുത്തുകാര്‍ ഈ കാലത്തെ സാഹസികമായി അതിജീവിക്കുന്നു. ഭാവനയുടെ സമൃദ്ധിയാലവര്‍ വായനക്കാരന്റെ ഹൃദയം കീഴടക്കുന്നു. കഥ പറയുന്ന കല എന്നും നിലനില്‍ക്കുന്നുവെന്ന് അവര്‍ പ്രതിഭയാല്‍ തെളിയിക്കുന്നു. ഇങ്ങനെ കഥയെ, നോവലിനെ കലയാക്കി മാറ്റിയ കലാകാരനായിരുന്നു മാര്‍ക്വേസ്. ഏതുകാര്യം, എന്ത് വിഷയം മാര്‍ക്വേസ് എഴുതിയാലും മതിവരാത്ത മനംകവരുന്ന വായനാനുഭവമായി അത് മാറുന്നു. പത്രറിപ്പോര്‍ട്ടര്‍, ചലച്ചിത്രകാരന്‍, കവി, കഥാകൃത്ത്, നോവലിസ്റ്റ് എന്നിങ്ങനെ പ്രവര്‍ത്തിച്ച, കൈവച്ച മണ്ഡലങ്ങളിലെല്ലാം വിജയത്തിന്റെ അടയാളമുദ്ര പതിപ്പിച്ച പ്രതിഭാശാലിയായ ഗാബോ അതിനാല്‍തന്നെ ഈ മലയാളക്കരയ്ക്കും മലയാളിക്കും എന്നും പ്രിയങ്കരനാകുന്നു.

*
എം ടി വാസുദേവന്‍നായര്‍

No comments: