Sunday, March 31, 2013

കഥയുള്ളവന്റെ കഥ

കവിയായ എം എന്‍ പാലൂരിനെയും മനുഷ്യനായ എം എന്‍ പാലൂരിനെയും കുറെയൊക്കെ അറിയാം എന്ന തോന്നലുണ്ടായിരുന്നു എനിക്ക്. പാലൂരിന്റെ കഥയില്ലാത്തവന്റെ കഥ; വായിക്കുമ്പോഴാണ് എത്ര കുറച്ചേ അദ്ദേഹത്തെക്കുറിച്ച് മനസ്സിലാക്കിയിരുന്നുള്ളൂ എന്ന് എനിക്കു മനസ്സിലായത്. പാലൂരിന്റെ ജീവിതം ഒരു സമരമായിരുന്നു. പാലൂരിന്റെ ഭഭാഷയില്‍ത്തന്നെ പറഞ്ഞാല്‍ സമൃദ്ധമായ ദാരിദ്ര്യം കുടികൊണ്ടിരുന്ന ഇല്ലത്തെ കുട്ടിക്കാലം, അവിടെനിന്ന് പല ഇല്ലങ്ങളിലും താമസിച്ചുള്ള വേദാഭ്യസനം, വിവിധ അമ്പലങ്ങളിലെ ശാന്തി, പട്ടിക്കാംതൊടിയുടെ കീഴില്‍ കഥകളി അഭ്യസനം, പല വീടുകളിലേയും യജമാനന്മാരുടെയും ഡ്രൈവര്‍പ്പണി, പിന്നെ ബോംബേയ്ക്കുള്ള പലായനം, ഒടുവില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിലെ ഡ്രൈവര്‍പ്പണി.

ഇതിനിടയ്ക്ക് പാലൂര്‍ ചെറിയ ഇടവേളകളിലാണെങ്കിലും ഹോട്ടലില്‍ വിളമ്പാന്‍പോലും നിന്നിട്ടുണ്ട്. നാരായണപ്പിഷാരോടിയുടെ കീഴിലുള്ള സംസ്കൃതപഠനവും ടി എം പി നെടുങ്ങാടി(നാദിര്‍ഷ)യുടെ കീഴിലുള്ള ഇംഗ്ലീഷ് പഠനവും ജീവിതസമരത്തിന്റെ ഭാഗം തന്നെ. ഒറ്റ നോട്ടത്തില്‍ അത്ര സംഭവബഹുലമൊന്നും അല്ലെന്നു തോന്നുമെങ്കിലും തീ പിടിച്ച ജീവിതംതന്നെയായിരുന്നു പാലൂരിന്റേത്. ആത്മകഥ എഴുതുമ്പോള്‍ പാലൂര്‍ ഒരു കവിയല്ല. പുസ്തകത്തിന്റെ മുക്കാല്‍ ഭാഗത്തോളം തന്റെ കാവ്യജീവിതത്തെക്കുറിച്ച് അദ്ദേഹം പറയുന്നതേയില്ല. അദ്ദേഹത്തിന്റെ ഒപ്പം സഞ്ചരിക്കുമ്പോള്‍ ഞാനും കുറെ സമയം അദ്ദേഹത്തിന്റെ കവിതയെക്കുറിച്ച് മറന്നുപോയിരുന്നു.

പാലൂരിന്റെ കഥയിലൂടെ അദ്ദേഹത്തിന്റെ ജീവിതം മാത്രമല്ല സമൂഹത്തിലെ ചില പ്രഭുക്കളുടെയും പ്രഭ്വികളുടെയും ഇരുണ്ട ജീവിതംകൂടി വെളിപ്പെടുന്നുണ്ട്. അതേസമയം ഡോ. വി ആര്‍ മേനോനെപ്പോലെയുള്ള മഹദ്വ്യക്തികളുടെ ജീവിതവും. എഴുത്തുകാരന്റെ സത്യസന്ധതകൊണ്ട് അനല്‍പ്പമായ ദീപ്തി ഈ പുസ്തകത്തില്‍ ഉടനീളം നമുക്ക് അനുഭവപ്പെടും. ഈ അടുത്ത കാലത്ത് ആത്മകഥകള്‍ക്ക് നല്ല വിപണിമൂല്യമാണ്. പത്രാധിപന്മാര്‍ അതു മനസ്സിലാക്കിയിട്ടുമുണ്ട്. അതുകൊണ്ട് അവര്‍ മീശ തെളിയാത്ത കുരുന്നുകളെക്കൊണ്ടുപോലും ആത്മകഥ എഴുതിക്കാറുണ്ട്. അതോടെ അത്തരം ചെറിയ ജീവിതങ്ങളുടെ മുന്നേറ്റംപോലും നിലയ്ക്കുകയാണ് എന്ന സത്യം അവര്‍ മനസ്സിലാക്കുന്നില്ല. ഇത്തരം ഒരു കടുംവെട്ടല്ല പാലൂരിന്റെ കഥ. ഇത് കഥയില്ലാത്തവന്റെ കഥയല്ല തന്നെ. 2012ല്‍ ഏറ്റവുമധികം വായിക്കപ്പെട്ട മലയാളപുസ്തകമായതില്‍ എനിക്ക് ഒരത്ഭുതവും തോന്നുന്നില്ല.

അഷ്ടമൂര്‍ത്തി

അധിനിവേശങ്ങളില്‍ നഷ്ടമാകുന്നത്

അര്‍ഹിക്കുന്ന പലര്‍ക്കും ലഭിക്കാത്ത ഒരു പുരസ്കാരമാണ് സാഹിത്യനൊബേല്‍ എന്ന് വാദിക്കുമ്പോള്‍ വിമര്‍ശകര്‍ ഉദാഹരിക്കുന്ന രണ്ടു പേരുകളിലൊന്നാണ് ചിനുവ അചെബെ. മറ്റേയാള്‍ എല്ലാവര്‍ക്കുമറിയാവുന്നതുപോലെ ടോള്‍സ്റ്റോയിതന്നെ. അചെബെ ആധുനിക ആഫ്രിക്കന്‍ സാഹിത്യത്തിന്റെ പിതാവാണ്. അറുപതുകളുടെ തുടക്കത്തില്‍ത്തന്നെ ലോകം ആദരപൂര്‍വം ആ പദവി അദ്ദേഹത്തിന് നല്‍കിക്കഴിഞ്ഞിരുന്നു. കാല്‍നൂറ്റാണ്ട് നീണ്ട തടങ്കലില്‍ തനിക്ക് ആശ്വാസമായത് അചെബെ എന്ന എഴുത്തുകാരനാണെന്ന് നെല്‍സണ്‍ മണ്ടേല അഭിപ്രായപ്പെട്ടിട്ടുണ്ട്.

"അചെബെ കൂട്ടായിരിക്കുമ്പോള്‍ തടവറഭിത്തികള്‍ ഇടിഞ്ഞുവീഴുന്നതായി തോന്നു"മെന്ന മണ്ടേലയുടെ വാക്കുകള്‍ക്കപ്പുറം കൊളോണിയല്‍ അടിമത്തത്തിനും വംശീയതയ്ക്കും നേരെ സര്‍ഗാത്മകമായി പ്രതികരിച്ച ഒരെഴുത്തുകാരന്റെ കരുത്തിന് എന്തു സാക്ഷ്യപത്രമാണ് വേണ്ടത്. നോവലിസ്റ്റ്, കവി, ഉപന്യാസകാരന്‍ എന്നിങ്ങനെ പല നിലകളില്‍ "ആഫ്രിക്കയുടെ വിശ്വസാഹിത്യകാരന്‍" അരനൂറ്റാണ്ടിലേറെ സജീവമായിരുന്നു. ഇപ്പോള്‍ എണ്‍പത്തിരണ്ടാം വയസ്സില്‍ ജീവിതത്തില്‍നിന്ന് വിടപറയുമ്പോഴും മനുഷ്യദുഃഖങ്ങള്‍ക്ക് കാരണമായ സാമൂഹ്യ-രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളെക്കുറിച്ച് അദ്ദേഹമുയര്‍ത്തിയ ചോദ്യങ്ങള്‍ പ്രസക്തമായിത്തന്നെ നില്‍ക്കുന്നു. തെക്കുകിഴക്കന്‍ നൈജീരിയയിലെ ഇബോ സംസ്കാരത്തിന്റെ നേരവകാശിയാണ് അചെബെ.

1958ല്‍ തന്റെ ഇരുപത്തെട്ടാം വയസ്സില്‍ എഴുതിയ "തിങ്സ് ഫാള്‍ എപ്പാര്‍ട്ട്" എന്ന പ്രഥമ നോവലില്‍ നായകനായ ഒക്വന്‍കോയും ഈ സംസ്കാരത്തെതന്നെയാണ് പ്രതിനിധാനംചെയ്യുന്നത്. മൂന്നു ഭാര്യമാരും എട്ട് കുട്ടികളുമായി പോരാളിയും ഗുസ്തിക്കാരനുമായ കഥാനായകന്‍ ജീവിക്കുന്നു. ആത്മഹത്യയിലൊടുങ്ങുന്ന ആ ജീവിതത്തിലൂടെ ബാഹ്യശക്തികളാല്‍ തുടച്ചുനീക്കപ്പെടുന്ന ആഫ്രിക്കയുടെ തനതുസംസ്കൃതിയുടെ ദുരന്തമാണ് അചെബെ ആവിഷ്കരിക്കുന്നത്. ഒരു വ്യക്തിയുടെ സാധാരണ ജീവിതത്തിനും വ്യത്യസ്തതകള്‍ നിറഞ്ഞ ഗ്രാമീണ ജീവിത ചിത്രീകരണത്തിനുമപ്പുറം നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ഒരു സംസ്കൃതിയുടെ മഹാഖ്യാനമായതുകൊണ്ട് "തിങ്സ് ഫാള്‍ എപ്പാര്‍ട്ട്" ക്ലാസിക്കുകളുടെ നിരയിലേക്കുയര്‍ത്തപ്പെടാന്‍ ഏറെ വൈകിയില്ല. കൊളോണിയലിസത്തിന്റെ രാഷ്ട്രീയ-സാമൂഹ്യമൂല്യങ്ങള്‍ തദ്ദേശീയ ഗ്രാമജീവിതത്തെ എങ്ങനെ ഇല്ലാതാക്കുന്നുവെന്ന് ഈ നോവല്‍ വിവരിക്കുന്നു.

ആഗോളവല്‍ക്കരണത്തിന്റെ പശ്ചാത്തലത്തില്‍ നമുക്ക് സമാനമായ ഒരു പുനര്‍വായന സാധ്യമാക്കുന്നുണ്ട് അചെബെയുടെ ആദ്യനോവല്‍. യഥാര്‍ഥത്തില്‍ ഒരു നോവല്‍ത്രിത്വത്തിലെ ആദ്യത്തേതുമാത്രമാണിത്. "നോ ലോങ്ങര്‍ അറ്റ് ഈസ്" എന്ന രണ്ടാമത്തെ നോവലില്‍ ആദ്യനോവലിലെ നായകനായ ഒക്വന്‍കോയുടെ രണ്ടാം തലമുറയാണ് കഥാപാത്രങ്ങളായി വരുന്നത്. കൊളോണിയല്‍ വിദ്യാഭ്യാസം കിട്ടുന്ന ഈ തലമുറ ആന്തരസംഘര്‍ഷങ്ങളില്‍ ആഴ്ന്നുപോകുന്നു. ത്രിത്വത്തിലെ അവസാന നോവല്‍ "ആരോ ഓഫ് ഗോഡ്" കൂടുതല്‍ രാഷ്ട്രീയമാണ്. ബയാഫ്ര സംഘര്‍ഷങ്ങളെയും പട്ടാള അട്ടിമറിയെയും പ്രമേയമാക്കുന്ന "എ മാന്‍ ഓഫ് ദ പീപ്പിള്‍" ഒരു സൈനികനൊപ്പം കഴിയേണ്ടിവരുന്ന മൂന്നു സുഹൃത്തുക്കളുടെ കഥപറയുന്ന "ആന്‍ഡ് ഹില്‍സ് ഓഫ് സാവന്ന" എന്നിങ്ങനെ രണ്ട് നോവലുകള്‍കൂടി അചെബെയുടേതായുണ്ട്.

വംശീയതയെക്കുറിച്ചുള്ള അചെബെയുടെ ഏറ്റവും ശക്തമായ വിമര്‍ശം മസാചുസെറ്റ്സ് റിവ്യൂവില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലാണ്. കോണ്‍റാഡിന്റെ ഹാര്‍ട്ട് ഓഫ് ഡാര്‍ക്നെസ് എന്ന പുസ്തകത്തോടുള്ള വിമര്‍ശമാണത്. ആഫ്രിക്കന്‍ ജീവിതത്തെ അപമാനവീകരിക്കാനുള്ള ശ്രമമാണ് കോണ്‍റാഡിന്റേതെന്ന് അചെബെ തുറന്നടിച്ചു. അചെബെയുടെ ഓരോ വാക്കിലും രാഷ്ട്രീയമുണ്ട്. ഓര്‍മക്കുറിപ്പുകള്‍പോലും ചരിത്രത്തിന്റെ ഇതളുകളാണ്. നൈജീരിയന്‍ ആഭ്യന്തര കലാപത്തിന്റെ നേര്‍ചിത്രങ്ങളാണ് "ദെയര്‍ വാസ് എ കണ്‍ട്രി" എന്ന കുറിപ്പുകള്‍. തന്റേതായ ഭാഷയാണ് അചെബെയുടെ അടയാളം. നേര്‍വരപോലെ ലളിതമാണത്. പക്ഷേ, ഇബോ സംസ്കാരത്തിന്റെ ആത്മാവായ പഴഞ്ചൊല്ലുകളും പ്രയോഗങ്ങളും ആപ്തവാക്യങ്ങളുംകൊണ്ട് സമ്പന്നം. അചെബെ ഒരു വഴികാട്ടിയല്ല. പക്ഷേ, പുതിയ പാതകള്‍ വെട്ടിത്തുറന്ന് മുന്നേറിയ പോരാളിയാണ്.

ബി എ


നവോത്ഥാന സംവാദത്തിന് മാര്‍ഗരേഖ

ഭൂതകാലം നമുക്ക് നല്‍കിയ നവോത്ഥാനാശയങ്ങള്‍ സാധ്യമാക്കിയ സംവാദാത്മകതയെ ശിഥിലമാക്കാന്‍ വര്‍ഗീയത അടക്കമുള്ള വിദ്വേഷപ്രത്യയശാസ്ത്രങ്ങള്‍ ശ്രമിക്കുമ്പോള്‍ നവോത്ഥാനത്തെക്കുറിച്ച് ആവര്‍ത്തിച്ചുപറയേണ്ടത് ആവശ്യമാണ്. പ്രത്യേകിച്ചും നവോത്ഥാനം നിരാകരിച്ച വൈദികാനുഷ്ഠാനങ്ങളില്‍ പലതും ഇന്നും നമ്മുടെ സാംസ്കാരികജീവിതത്തിന്റെ അടിത്തറയായി തുടരുന്ന പശ്ചാത്തലത്തില്‍. ആ ദൗത്യമാണ് കേരളീയ നവോത്ഥാനത്തിന്റെ ചരിത്രവും വര്‍ത്തമാനവും എന്ന കൃതിയിലൂടെ കെ ഇ എന്‍ നിര്‍വഹിക്കുന്നത്. കേരളീയനവോത്ഥാനത്തിന്റെ ആദ്യകാല ചരിത്രം, കേരളീയ നവോത്ഥാനത്തിന്റെ വര്‍ത്തമാനം എന്നിങ്ങനെ രണ്ടു ഭാഗമായി പ്രൗഢമായ ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ പുസ്തകം നമ്മുടെ സംസ്കാരപഠനത്തില്‍ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നു.

വൈകുണ്ഠം സ്വാമികള്‍, ശ്രീനാരായണഗുരു, ശ്രീകുമാരഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍, അയ്യന്‍കാളി, ഡോ. വി വി വേലുക്കുട്ടി അരയന്‍ തുടങ്ങിയ നവോത്ഥാനപ്രതിഭകളുടെയും നവോത്ഥാനം കാരണമായി വധിക്കപ്പെട്ട ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന തിരസ്കൃതപ്രതിഭയുടെയും സമരഭരിതമായ ജീവിതങ്ങളും ചിന്തകളുമാണ് പുസ്തകത്തിന്റെ ആദ്യഭാഗത്തില്‍ വിലയിരുത്തപ്പെടുന്നത്. ഒരു മതേതരസമൂഹത്തില്‍ നിലവിലുള്ള വിശ്വാസം, അന്ധവിശ്വാസം, ആചാരം, ഭാഷ, ഭക്ഷണം, വസ്ത്രം, സാമാന്യബോധം, ദേശീയത, സ്ത്രീവിരുദ്ധത, ബന്ധങ്ങള്‍ എന്നിവയെ മുന്‍നിര്‍ത്തി സങ്കുചിതരാഷ്ട്രീയം കടന്നുവരുന്ന രീതികളും പ്രവര്‍ത്തനങ്ങളും വിശദീകരിക്കുന്നു രണ്ടാം ഭാഗത്തില്‍. കേരളത്തിന്റെ സംസ്കാരപഠനത്തില്‍ തിരസ്കരിക്കപ്പെട്ട കീഴാള നവോത്ഥാനമെന്ന ആശയമാണ് നവോത്ഥാനപ്രതിഭകളുടെ ജീവിതത്തെയും ചിന്തയെയും അപഗ്രഥിച്ചുകൊണ്ട് ഗ്രന്ഥകര്‍ത്താവ് മുന്നോട്ടുവയ്ക്കുന്നത്. തൊഴിലാളി-കര്‍ഷകസംഘടനകള്‍ രൂപം കൊള്ളുംമുമ്പേ അധഃസ്ഥിതന്റെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കും സഞ്ചാരസ്വാതന്ത്ര്യത്തിനും വേണ്ടി കേരളത്തിന്റെ സ്പാട്ടക്കസ് ആയ അയ്യന്‍കാളി (1863-1941)യും അദ്ദേഹത്തിന്റെ സാധുനജനപരിപാലനസംഘവും നടത്തിയ സമരത്തില്‍ നിന്ന് നാം വീര്യമാര്‍ജിക്കണമെന്ന് ഗ്രന്ഥകാരന്‍ പറയുന്നു.

"കേരളത്തിലെ ആദ്യ സമരവാഹനം അയ്യന്‍കാളിയുടെ വില്ലുവണ്ടിയാണ്. "കേരളത്തനിമ" ആവിഷ്കരിക്കാന്‍ ചുമരില്‍ തൂക്കിയിടേണ്ടത് കഥകളിത്തലയല്ല, ആ കാളവണ്ടിയുടെ കൊച്ചുരൂപമാണ്. പഴയപ്രതാപികളായ രാജാക്കന്മാരുടെ അധിനിവേശ യാഗാശ്വങ്ങളെയോര്‍ത്ത് കോരിത്തരിക്കുന്നതിനു പകരം ആ വില്ലുവണ്ടിയില്‍ നിന്ന് വീര്യമാര്‍ജിക്കുകയാണ് വേണ്ടത്." നാടുവാഴിത്ത കാലത്തെ സാമൂഹ്യമായ പീഡനങ്ങള്‍ക്ക് ഇരയായ അധഃസ്ഥിത ജനവിഭാഗങ്ങളില്‍ നിന്ന് ഉയിര്‍ത്തെണീറ്റ നവോത്ഥാനനായകരെ അവര്‍ അര്‍ഹിക്കുന്ന രീതിയില്‍ കേരളത്തിന്റെ രാഷ്ട്രീയ-സാംസ്കാരിക ചരിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടില്ലെന്ന സത്യമാണ് ഈ പഠനങ്ങള്‍ വായനക്കാരുമായി പങ്കുവയ്ക്കുന്നത്്.

നവോത്ഥാനമെന്ന ബൃഹത്തായ ആശയത്തിനുള്ളിലെ സവര്‍ണ നവോത്ഥാനം, കീഴാള നവോത്ഥാനം എന്നീ സംജ്ഞകളെ രണ്ടായിത്തന്നെ വിശദീകരിക്കുകയാണ് ഇവിടെ. സവര്‍ണ നവോത്ഥാനം വളരെക്കാലത്തെ ആശയപ്രചാരണത്തിലൂടെയാണ് പതുക്കെ പ്രയോഗത്തിലേക്ക് വന്നതെങ്കില്‍, അവര്‍ണ നവോത്ഥാനം പ്രയോഗത്തിലൂടെ ആശയലോകം തുറക്കുകയാണെന്ന് ഗ്രന്ഥകര്‍ത്താവ് സമര്‍ഥിക്കുന്നു.

എന്‍ എസ് സജിത്

*
ദേശാഭിമാനി വാരാന്തപ്പതിപ്പ് 31 മാര്‍ച്ച് 2013

പ്രത്യാശയുടെ സന്ദേശം

പുനരുത്ഥാനം പല വീക്ഷണകോണിലൂടെയും ഏറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ള ഒരു ക്രിസ്തീയ ദര്‍ശന സമസ്യയാണ്. ശാരീരികവും സാമ്പത്തികവും സാമൂഹ്യവും മറ്റുമായി വ്യക്തിജീവിതത്തിലോ കുടുംബത്തിലോ സംഭവിക്കുന്ന കഷ്ടപ്പാടുകള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കും തിരിച്ചടികള്‍ക്കും ലഭിക്കുന്ന ആത്മീയ പരിഹാരമായി പലരും പുനരുത്ഥാനത്തെ വ്യാഖ്യാനിക്കാറുണ്ട്. യേശുവിന്റെ ജീവിതം നമുക്ക് പക്ഷേ മറ്റൊരു സന്ദേശമാണ് നല്‍കുന്നത്? പീഡാനുഭവത്തെയും ഉയിര്‍പ്പിനെയും കുറിച്ച് യേശു ശിഷ്യന്മാരോട് ഇങ്ങനെ പറയുന്നു. "ഇതാ നാം ജെറുശലേമിലേക്കാണ് പോകുന്നത്. അവിടെവച്ച് മനുഷ്യപുത്രന്‍ മുഖ്യപുരോഹിതന്മാരുടേയും വേദജ്ഞരുടേയും കൈകളില്‍ ഏല്‍പ്പിക്കപ്പെടും. അവര്‍ അവന്് മരണശിക്ഷ വിധിക്കും. അവനെ വിജാതീയര്‍ക്ക് ഏല്‍പ്പിച്ച് കൊടുക്കും. അവര്‍ അവനെ പരിഹസിക്കും. അവന്റെ മേല്‍ തുപ്പും. അവനെ ചാട്ടകൊണ്ട് അടിക്കും, കൊല്ലും. മൂന്നു ദിവസം കഴിഞ്ഞ് അവന്‍ ഉയിര്‍ത്തെഴുനേല്‍ക്കും" (മര്‍ക്കോസ് 10:33-34) പിന്നീട് എന്താണ് സംഭവിച്ചതെന്ന് പുതിയ നിയമത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു:

"പട്ടാളക്കാര്‍ അവനെ ഒരു ചെങ്കുപ്പായം ധരിപ്പിച്ചു. മുള്ളുകൊണ്ട് ഒരു കിരീടം മെടഞ്ഞുണ്ടാക്കി അവര്‍ അത് അവന്റെ തലയില്‍ വച്ചു. യഹൂദരുടെ രാജാവേ ജയിച്ചാലും എന്നു പറഞ്ഞ് അവര്‍ അവനെ വന്ദിക്കാന്‍ തുടങ്ങി. അവര്‍ ഞാങ്ങണ കൊണ്ട് അവന്റെ ശിരസ്സില്‍ അടിക്കയും അവന്റെ മുഖത്ത് തുപ്പുകയും മുട്ടുകുത്തി അവനെ നമസ്കരിക്കയും ചെയ്തു. ഇങ്ങനെ പരിഹസിച്ചശേഷം അവര്‍ ചെങ്കുപ്പായം അഴിച്ചുമാറ്റി അവനെ സ്വന്തം വസ്ത്രം തന്നെ ധരിപ്പിച്ചു. പിന്നെ അവര്‍ അവനെ ക്രൂശിക്കാന്‍ കൊണ്ടുപോയി". (മര്‍ക്കോസ് 15:16-20)."ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെ ഉയിര്‍ത്തെഴുന്നേറ്റ യേശു ആദ്യം മഗ്ദലമറിയത്തിന്നു പ്രത്യക്ഷനായി" (മാര്‍ക്കോസ് 16:9) ബൈബിളില്‍ വചനങ്ങളുടെ ശ്രദ്ധാപൂര്‍വമായ വായന പുനരുത്ഥാനം ഒറ്റപ്പെട്ട ഒരു അത്ഭുതസംഭവമല്ലെന്ന് വെളിപ്പെടുത്തുന്നുണ്ട്. ഉയിര്‍ത്തെഴുന്നേല്‍പ്പിനു മുന്‍പ് നടന്ന സംഭവപരമ്പരകളുടെ തുടര്‍ച്ചയും അവയോടുള്ള ധാര്‍മിക പ്രതികരണവും കൂടിയാണത്.

നീതിക്കുവേണ്ടി യേശുനടത്തിയ പ്രബോധനങ്ങള്‍ ഫരിസേയരെയും സദ്ദൂക്കിയരെയും വേദജ്ഞരെയും പ്രകോപിപ്പിക്കുന്നതുകൊണ്ടാണ് യേശുവിന് കുരിശിലേക്കുള്ള യാത്ര ആരംഭിക്കേണ്ടിവരുന്നത്. അതിക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങി രണ്ട് കൊള്ളക്കാരോടൊപ്പം കുരിശുമരണം വരിച്ചതിനെ തുടര്‍ന്നാണ് പുനരുത്ഥാനവും തുടര്‍ന്ന് സ്വര്‍ഗാരോഹണവും സംഭവിക്കുന്നതെന്നാണ് ബൈബിളിന്റെ ശ്രദ്ധാപൂര്‍വമായ വായന വെളിപ്പെടുത്തുന്നത്. നീതിക്കുവേണ്ടിയുള്ള നിര്‍ഭയമായ പോരാട്ടം, ഭരണകൂടം, പൗരോഹിത്യം തുടങ്ങിയ വ്യവസ്ഥാപിത അധികാര സ്ഥാപനങ്ങളുമായുള്ള ഏറ്റുമുട്ടല്‍, ഭരണകൂടത്തിന്റെ നീതിരഹിതമായ ഇടപെടല്‍, വിചാരണ, അനീതിയാണെന്നറിഞ്ഞുകൊണ്ട് തന്നെയുള്ള ശിക്ഷവിധിക്കല്‍, അതിഭീകരമായ പീഡനം, ക്രൂശിക്കല്‍ ഇവയെല്ലാം അടങ്ങിയ പരസ്പര ബന്ധിതങ്ങളായ സംഭവങ്ങളുടെ ആകെത്തുകയാണ് ഉയിര്‍ത്തെഴുന്നേല്‍പ്പ് സാധ്യമാക്കുന്നതെന്ന് കാണാന്‍ കഴിയും. ഒന്നിനെ മറ്റൊന്നില്‍ നിന്നും മാറ്റി നിര്‍ത്തി പുനരുത്ഥാനത്തിന്റെ ആന്തരികാര്‍ഥം മനസ്സിലാക്കാനാകില്ല. നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിലാണ് പുനരുത്ഥാനത്തിന്റെ തുടക്കം. യേശു പറയുന്നുണ്ട്: "നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ സൗഭാഗ്യവാന്മാര്‍; അവര്‍ സംതൃപ്തിയടയും" (മത്തായി 5:6). "നീതിക്കുവേണ്ടി പീഡനമനുഭവിക്കുന്നവര്‍ സൗഭാഗ്യവാന്മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്" (മത്തായി 5:10) അമൂര്‍ത്തമായി നടത്താവുന്ന ഒന്നല്ല നീതിക്കുവേണ്ടിയുള്ള പോരാട്ടം. ആരുടെ പക്ഷത്തുനിന്നാണ്, ആര്‍ക്കുവേണ്ടിയാണ്, ആരുടെ അവകാശങ്ങളും താല്‍പ്പര്യങ്ങളും സംരക്ഷിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് യേശു ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്. യേശു പറയുന്നു: "അധ്വാനിക്കുന്നവരെ, കനത്ത ഭാരം ചുമക്കുന്നവരെ, നിങ്ങള്‍ ഏവരും എന്റെയടുക്കല്‍ വരിക" (മത്തായി 11:28). അധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും സ്വര്‍ഗരാജ്യം മാത്രമല്ല നീതിയിലും തുല്യതയിലും അധിഷ്ഠിതമായ ഇഹലോകജീവിതവും നേടിക്കൊടുക്കുന്നതിനുള്ള പോരാട്ടമാണ് യേശുവിനെ കുരിശുമരണത്തിലേക്ക് നയിച്ചത്. താന്‍ മരിച്ചവരുടെ ദൈവമല്ല ജീവിക്കുന്നവരുടെ ദൈവമാണെന്ന് യേശു പറയുന്നുണ്ട് (മത്തായി 22:32). അദ്ദേഹം മാമോനെ (ധനദേവത) തിരസ്കരിച്ച് ദരിദ്രരും പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുമായ മനുഷ്യരുടെ പക്ഷം ചേര്‍ന്നാണ് നിലയുറപ്പിച്ചത്. യേശുവിന്റെ പുനരുത്ഥാനം പ്രത്യാശയുടെ സന്ദേശമാണ് ദരിദ്രര്‍ക്കുവേണ്ടി പോരാടുന്നവര്‍ക്കെല്ലാം നല്‍കുന്നത്.

ഭരണകൂട മര്‍ദനോപകരണങ്ങളാല്‍ പീഡിപ്പിക്കപ്പെട്ടാലും കൊലചെയ്യപ്പെട്ടാലും ദരിദ്രപക്ഷ പ്രത്യയശാസ്ത്രങ്ങളും പ്രസ്ഥാനങ്ങളും വീണ്ടും ഉയിര്‍ത്തെഴുനേല്‍ക്കപ്പെടുമെന്ന് സമീപകാല ലോകാനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ലാറ്റിനമേരിക്കന്‍ ജനങ്ങളുടെ പക്ഷം ചേര്‍ന്ന് പോരാടി വീരചരമമടഞ്ഞ ഫാദര്‍ കാമിലോ ടോറസ്സും ഏണസ്റ്റോ ചെഗുവേരയും പ്രതിനിധാനം ചെയ്ത ആശയങ്ങള്‍ക്ക് ഉയിര്‍ത്തെഴുനേല്‍പ്പ് സംഭവിച്ചുകൊണ്ടിക്കുന്നത് ഒരു ലോകയാഥാര്‍ഥ്യമാണ്. അതുകൊണ്ടു കൂടിയാണ് ലാറ്റിനമേരിക്കയിലെ ഏകാധിപത്യ ഭരണകൂടങ്ങളുടെ സ്ഥാനത്ത് ജനങ്ങളോട് പ്രതിബന്ധതയും ഉത്തരവാദിത്വവുമുള്ള ജനകീയ ഭരണകൂടങ്ങള്‍ അധികാരത്തിലെത്തിയിട്ടുള്ളത്. വ്യക്തിജീവിതത്തിലും പൊതുരംഗത്തുമെല്ലാം നീതിക്കുവേണ്ടി പോരാടുകയും അധികാരസ്ഥാപനങ്ങളോട് ഏറ്റുമുട്ടി പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നവര്‍ക്കെല്ലാം പ്രത്യാശയുടെ സന്ദേശം നല്‍കുന്ന സന്ദര്‍ഭമാണ് ക്രിസ്തുവിന്റെ ഉയര്‍ത്തെഴുനേല്‍പ്പിനെ ഓര്‍മിച്ചുകൊണ്ടെത്തുന്ന ഈസ്റ്റര്‍ ദിനം.

ലാറ്റിനമേരിക്കയില്‍ നിന്നുള്ള പുതിയ മാര്‍പ്പാപ്പ പുനരുത്ഥാനത്തിന്റെ ഈ ലാറ്റിനമേരിക്കന്‍ മാതൃകള്‍ തന്റെ ഈസ്റ്റര്‍ പ്രഭാഷണങ്ങളില്‍ സൂചിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. * ഫാദര്‍ കമെലൊ ടോറസ്സ് റെസ്ട്രിപോ (1929-66): കൊളംബിയയിലെ വിപ്ലവകാരിയായ കത്തോലിക്കാ പുരോഹിതന്‍. ദേശീയ വിമോചനസേനയില്‍ അംഗമായി കൊളംബിയയിലെ ഏകാധിപത്യ ഭരണകൂടത്തിനെതിരെ പോരാടി വീരമൃത്യ വരിച്ചു.

*
ഡോ. ബി. ഇക്ബാല്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ് 31 മാര്‍ച്ച് 2013

കഥകളി പ്രപഞ്ചത്തിലെ സാന്ധ്യതാരകം

പത്മഭൂഷണ്‍ ഡോ. കലാമണ്ഡലം രാമന്‍കുട്ടിനായര്‍ ഇനിയില്ല. നിരവധി കഥകളി കഥാപാത്രങ്ങള്‍ക്ക് ഭാവുകഹൃദയങ്ങളില്‍ അനശ്വര പ്രതിഷ്ഠ നടത്തിയ കഥാപുരുഷന്‍ കഥാവശേഷനായി (മനസ്സേ വിശ്വസിക്കൂ). കഥകളി പ്രപഞ്ചത്തിലെ ഒരു സുവര്‍ണകാലഘട്ടത്തിന്റെ അവസാനത്തെ സന്ധ്യാതാരകവും കാലയവനികയില്‍ മറഞ്ഞു. അഥവാ എല്ലാ അര്‍ഥത്തിലും ഒരു സമ്പൂര്‍ണ കലാകാരന്റെ സമ്പൂര്‍ണ ഭൗതിക ജീവിതത്തിന്റെ സ്വാഭാവിക പരിണതിമാത്രം. ഇത് ബന്ധുക്കള്‍ക്ക്, പ്രിയപ്പെട്ടവര്‍ക്ക്, ആരാധകര്‍ക്ക് ബോധതലത്തില്‍ അനിവാര്യമായ ഒരു ശൂന്യത സൃഷ്ടിച്ചേക്കാം. എന്നാല്‍ ലളിതമായ, നിത്യസത്യമായ ഒരു പ്രകൃതിനിയമത്തിന്റെ ചൊല്ലിയാട്ടം മാത്രം.

മഹാകവി കാളിദാസന്‍ മഹാത്മാക്കളുടെ ലക്ഷണം പറഞ്ഞുവച്ചിട്ടുണ്ട്. ""അവര്‍ ആജന്മശുദ്ധരും, ആഫലോദയ കര്‍മികളും, ആസമുദ്രക്ഷിതീശന്മാരും ആനാകരഥവര്‍ത്മാക്കളും ശൈശവത്തില്‍ അഭ്യസ്തവിദ്യന്മാരും, യൗവനത്തില്‍ വിഷയൈഷികളും, വാര്‍ധക്യത്തില്‍ മുനിവൃത്തികളും അന്ത്യത്തില്‍ യോഗവിദ്യയിലൂടെ ശരീരം ത്യജിക്കുന്നവരുമാണ്."" വസ്തുനിഷ്ഠമായല്ലാതെ ആത്മനിഷ്ഠമായി ഒരാളോടും ഒന്നിനോടും പകയോ വിരോധമോ ഇല്ലാത്ത പച്ചമനുഷ്യന്‍. ഏതു കഠിന യാതനകള്‍ അനുഭവിച്ചും ലക്ഷ്യപ്രാപ്തിവരെ അത്യധ്വാനം ചെയ്തവന്‍, സമുദ്രപര്യന്തം വിഖ്യാതികൊണ്ട് ജയക്കൊടി പാറിച്ചവന്‍, അപ്പോഴപ്പോഴായി മുപ്പതിലധികം തവണ രാജ്യാന്തരങ്ങളില്‍ പരാജയമെന്തെന്നറിയാതെ ജൈത്രയാത്ര നടത്തിയവന്‍, നാട്യാചാര്യന്‍ പട്ടിയ്ക്കാംതൊടി രാമുണ്ണിമേനോന്‍ എന്ന ഗുരുവിനെമാത്രം ഈശ്വരനായിക്കണ്ട് കൗമാരകാലം മുഴുവന്‍ നീണ്ടുനിന്ന കഠോരമായ കഥകളിയഭ്യാസമെന്ന തപസ്സനുഷ്ഠിച്ചവന്‍, ഗുരുവില്‍നിന്നു കിട്ടിയതും പ്രതിഭയില്‍ നിന്നുറവെടുത്തതുമായ ശക്തിവാസനകളെ പൊലിപ്പിച്ചും പെരുപ്പിച്ചും മുന്നേറിയവന്‍, കലാലോകങ്ങളിലെ സമസ്കന്ധന്മാരെ വെല്ലുവിളിച്ച യൗവനലഹരിയില്‍ സ്വന്തം കരുത്തിലൂടെ വേണ്ടതെല്ലാം നേടിയെടുത്ത് പ്രതാപരാവണനായി വിരാജിച്ച് പരശുരാമന്‍കുട്ടിനായരായി നടന്നവന്‍, വാര്‍ധക്യത്തിന്റെ പക്വതയില്‍ സമസ്തലോകത്തിനും സ്നേഹവാത്സല്യങ്ങള്‍ ചൊരിഞ്ഞവന്‍, തന്റെ കാല്‍ക്കീഴിലെത്തുന്ന ലോകപ്രതിഭകളുടെ കൂപ്പുകൈമൊട്ടുകളെയും മഹാപുരസ്കാരങ്ങളെയും നിര്‍മമനായി സ്വീകരിച്ചവന്‍, ""എനിക്കെന്താരോഗം, എന്തിനാ മരുന്ന്"" എന്നുമാത്രം പുഞ്ചിരിയോടെ ചോദിച്ചുകൊണ്ടിരിക്കേ ഒരു ഉച്ചമയക്കത്തിന്റെ (അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഒരു ജീവിതചര്യയാണ് ഉച്ചമയക്കം) ലാഘവത്തില്‍ ശരീരം ത്യജിച്ചവന്‍. ഭാവിയില്‍ തന്റെ പേരിലുള്ള ദേശീയപുരസ്കാരം നേടി താനായി വേഷംകെട്ടി പകര്‍ന്നാടാന്‍ പോകുന്ന ആദ്യത്തെ കഥകളിനടനെക്കൂടി ഉദ്ദേശിച്ചായിരിക്കുമോ നൂറ്റാണ്ടുകള്‍ക്കുമുമ്പ് മഹാകവി ഈ മഹാലക്ഷണം കുറിച്ചിട്ടത്. ഇനിയും ഒന്നുകൂടിയുണ്ട്. പ്രജാസൃഷ്ടിക്കുവേണ്ടിയാണ് - പ്രസ്ഥാനത്തിന്റെ ശക്തമായ പിന്തുടര്‍ച്ചക്കുവേണ്ടിയാണ് അവര്‍ ഗൃഹസ്ഥാശ്രമികളാകുന്നത്. അതേ, യശഃശരീരനായ വൈക്കം കരുണാകരന്‍ തൊട്ട് പത്മശ്രീ കലാമണ്ഡലം ഗോപിയാശാന്‍, കെ ജി വാസുമാസ്റ്റര്‍, കുട്ടനാശാന്‍ തുടങ്ങി സോമന്‍ വെങ്കിടിവരെ എത്തുന്ന ശിഷ്യപരമ്പര.

മഹാനടന്‍ രാമന്‍കുട്ടിനായരാശാന്‍ എന്ന അനന്വയത്തെ അപഗ്രഥിച്ചു പഠിക്കാന്‍ മുതിരുന്നില്ല. അതൊന്നും എഡിറ്റുചെയ്യാന്‍ ഇപ്പോള്‍ മനസ്സ് തയ്യാറല്ല. എന്റെ ഗുരുപുത്രനും, സുഹൃത്തുമായ ഡോ. കെ പി മോഹനന്റെ നിര്‍ദേശത്തെ മാനിച്ച് ഇവിടെ ആത്മബന്ധത്തിന്റെ നോവേറ്റുന്ന ചില ചിതറിയ ഓര്‍മകള്‍ മാത്രം.

സുപ്രസിദ്ധനായ ഒരു നടന്റെ സുപ്രസിദ്ധമാകാന്‍പോകുന്ന ഒരാത്മകഥ എന്ന് എം ടി വാസുദേവന്‍നായര്‍ പ്രവചിച്ച "തിരനോട്ടം" തയ്യാറാക്കാന്‍വേണ്ട എത്രയെത്രയോ ദിവസങ്ങള്‍ ഞങ്ങള്‍ ആഹ്ലാദപൂര്‍വം ഒന്നിച്ചിരുന്ന ആ വിശാലമായ പൂമുഖത്താഴ്വാരത്തില്‍ അദ്ദേഹത്തിനെ "നിലത്തിറക്കി"ക്കണ്ടപ്പോള്‍ ... അന്ന് പടിയ്ക്കല്‍നിന്നുതന്നെ ഞങ്ങളുടെ വരവ് "നോക്കിക്കണ്ടു"കൊണ്ടുള്ള ഇരിപ്പ്, അടുത്തെത്തിയാല്‍ ഒരു ചെറുചിരി. മിതാക്ഷരങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന കുശലപ്രശ്നം. ചായകൊണ്ടുവരാന്‍ അകത്തേക്ക് പത്നി സരസ്വതിയമ്മയ്ക്കാരു വിളി. മൂത്തമകന്‍ ഉണ്ണിയുടെ മകന്‍ മടിയില്‍തന്നെ ഉണ്ടാവും. അടുത്തുതന്നെ ഇളയമകന്‍ അപ്പുക്കുട്ടനും. പിന്നെ ചോദ്യങ്ങള്‍, ഉത്തരങ്ങള്‍. മര്‍മത്തില്‍ തൊടുത്ത ചോദ്യങ്ങളാണെങ്കില്‍ വാചാലമായ വിശദീകരണം. അതിനും ഒരു താളക്രമം. ഇടയ്ക്ക് പതികാലത്തില്‍ പാദംവെച്ചുകൊണ്ട് പുകലനീര് തുപ്പിവരല്‍. അയല്‍വക്കത്തെ കുട്ടികള്‍ വന്നാല്‍ അവരെ കളിയാക്കല്‍. ഉള്ളുതുറന്നുവരുന്ന നേരമ്പോക്കുകള്‍. ഉച്ചയ്ക്ക് ഒന്നിച്ചൊരൂണ്. അതിനുപുറത്ത് ഒരു സിഗരറ്റ് പുകയ്ക്കല്‍. ""ഇനി ഞാനിത്തിരി കിടക്കട്ടെ ""-ഇദ്ദേഹമാണോ കളിയരങ്ങിലെ പിന്‍മടക്കമില്ലാത്ത നരകാസുരനും ലങ്കേശ്വരനും! കഠോരഹൃദയനായ ആചാര്യനും!

ഈ സ്നേഹബന്ധം ഒരു കുടുംബബന്ധമായി വളര്‍ന്നു. പ്രസിദ്ധ നടന്‍ കോട്ടയ്ക്കല്‍ ചന്ദ്രശേഖരവാരിയരുടെ ഷഷ്ടി പൂര്‍ത്തി അതി കേമമായി നടത്താനുള്ള ഏര്‍പ്പാടായി. രാമന്‍കുട്ടിനായരാശാനെ പങ്കെടുപ്പിക്കണമെന്ന് എല്ലാവര്‍ക്കും നിര്‍ബന്ധം. അദ്ദേഹത്തിന് തലേന്നുരാത്രി തിരുവനന്തപുരത്തു കളി, എത്താന്‍ പറ്റില്ല എന്നറിയിച്ചു. "" ഇനി ബാലന്‍മാഷൊറ്റെ വിചാരിച്ചാലേ ആശാനെ കിട്ടൂ"" ഡോ. പി ബാലചന്ദ്രവാരിയരുടെ അഭിപ്രായം. ഈശ്വരാ ഞാനോ? ഞാന്‍ ആശാനെ ഫോണില്‍ വിളിച്ചു. എന്റെ അഭിമാനപ്രശ്നമാണ്. ""ഞാന്‍ വരാം. രാവിലെ 9 മണിക്ക് ഷൊര്‍ണൂരില്‍ ആളുണ്ടായാല്‍ മതി. കുളിയും കാപ്പി കുടിയുമൊക്കെ കോട്ടയ്ക്കല്‍ വന്നിട്ട്. ഞാന്‍ എന്റെ മകനെത്തന്നെ പറഞ്ഞയച്ചു. പത്മനാഭന്‍ നായരാശാനും അദ്ദേഹവും ഒരേ കാറില്‍ കോട്ടയ്ക്കല്‍ വന്നിറങ്ങി.

ഗോപിയാശാന്റെ ആദ്യത്തെ മകന്റെ ആദ്യത്തെ കുട്ടിയുടെ ആദ്യത്തെ പിറന്നാള്‍. ""മാഷ് ആശാന്റെ കൂടെ അകത്തേയ്ക്കു പൊയ്ക്കോളൂ ഉണ്ണാന്‍"" എന്നു ഗോപിയാശാന്‍. ആശാന്റെ ചടങ്ങനുസരിച്ചുള്ള ഊണ്. ഗോപിയാശാന്‍ അടുത്തുതന്നെ പാകംനോക്കി നില്‍ക്കുന്നു. മോര് ഒഴിച്ചപ്പോള്‍ അബദ്ധവശാല്‍ അദ്ദേഹത്തിന്റെ കൈത്തണ്ടയിലൂടെ ഒലിച്ചിറങ്ങി. സംശയമുണ്ടായില്ല. ഗോപിയാശാന്‍ ചുമലില്‍ കിടക്കുന്ന വേഷ്ടിയെടുത്ത് ആ എച്ചില്‍ക്കൈ തുടച്ചുവൃത്തിയാക്കി. ഇന്നത്തെ ലോകത്തിന്നറിയാത്ത ഗുരുകുലത്തിന്റെയും ഗുരുശുശ്രൂഷയുടെയും ഒരപൂര്‍വ മാതൃകയായിരുന്നു അത്.
എങ്ങനെയങ്ങനെയല്ലാതെ വരും. കൊല്ലങ്ങള്‍ക്കുമുമ്പ് വീട്ടില്‍വെച്ച് ന്യൂനരക്തസമ്മര്‍ദം കൊണ്ട് ആശാന്‍ ഒന്ന് തല കറങ്ങിയിരിക്കുന്ന സമയം. തൊട്ടടുത്തിരിക്കുന്ന അപ്പുക്കുട്ടനെ നോക്കി ""ആരാ ഗോപ്യല്ലേ?"" എന്നൊരു ചോദ്യം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അവിടെയെത്തിയ ഗോപിയാശാന്റെ പരിദേവനം ""ഓര്‍മ്മല്ല്യാതിരിക്കുമ്പോളും ഈ ഗോപ്യാണല്ലോ ആശാന്റെ മനസ്സില്! ഇതിലും വലിയ ഭാഗ്യമെന്താ?"" മരിക്കുന്നതിന് തൊട്ടടുത്ത ദിവസം ആശാനെ കാണാന്‍ ചെന്ന ഗോപ്യാശാന് മെലിഞ്ഞുക്ഷീണിച്ച ആ മാറിടം കണ്ടിട്ടു സഹിച്ചില്ല. ഒരു മിനിറ്റു ആ മാറില്‍ തല ചേര്‍ത്ത് കണ്ണീര്‍ വാര്‍ത്തിരുന്നുപോയി. അപ്പോള്‍ സാവധാനം ഇടതുകൈപൊക്കി ആ ശിരസ്സില്‍ ഒരു തടവല്‍ (ക്യാന്‍സര്‍ ചികിത്സക്കുശേഷം വലതുകൈയ്ക്ക് സ്വാധീനം കുറവായിരുന്നു). മൃതദേഹത്തിനടുത്തുനിന്ന് ഗോപിയാശാന്‍ വിതുമ്പുന്നു ""ഈ പുണ്യം എനിയ്ക്കുണ്ടായല്ലോ. ഇനി എന്തുവേണം"".

കുട്ടനാശാന്‍ (ഇരിങ്ങാലക്കുട ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം മുന്‍ പ്രിന്‍സിപ്പല്‍) ഗുരുനാഥന്‍ കിടപ്പിലായശേഷം എന്നും വീട്ടില്‍പോയി കാണും. ഇടയ്ക്കൊന്നു മൂകാംബികയില്‍ പോയി. മരിയ്ക്കുന്നതിന് തലേദിവസം അപ്രതീക്ഷിതമായി എത്താന്‍ ികഴിഞ്ഞത് തനിയ്ക്കു കിട്ടിയ "ഗുരുത്വം" കൊണ്ടാണെന്നു തേങ്ങുന്നു. എന്റെ മകന്റെ വിവാഹത്തിന് ആശാനെ സകുടുംബം ക്ഷണിച്ചു. ആശാന്‍ കൃത്യസമയത്ത് ഉണ്ണിയോടൊപ്പം കോങ്ങാട്ട് മാഞ്ചേരിക്കാവില്‍ എത്തി. അദ്ദേഹത്തെ സ്വീകരിച്ചിരുത്താന്‍ അടുത്തെത്തി. ""ഇരിയ്ക്കിണില്ല്യ"" എന്നുപറഞ്ഞ് ഞാത്തിയുടുത്ത മുണ്ടിന്റെ അടിവശം കുറച്ചൊന്നു നീക്കിക്കാണിച്ചു. ഞാന്‍ പകച്ചുനിന്നുപോയി. ഒരു കാലിന്റെ മുട്ടിനു താഴോട്ട് ഉടനീളം തൊലി പൊളിഞ്ഞുപോയിരിക്കുന്നു. തലേന്നോ തലത്തലേന്നോ ഇരിങ്ങാലക്കുടയില്‍ അദ്ദേഹത്തിനു സ്വീകരണവും കളിയുമുണ്ടായിരുന്നു. അപ്പുക്കുട്ടനാണ് വണ്ടിയോടിച്ചിരുന്നത്. അയാളും പുലര്‍ച്ചെ വരെ കളി കണ്ടിരുന്നു. യാത്രയില്‍ ഇടയ്ക്കുവെച്ച് അപ്പുക്കുട്ടന്റെ കണ്‍പോളകളൊന്നു അടഞ്ഞു. കാറ് നിയന്ത്രണം വിട്ട് ഒരു മരക്കുറ്റിയില്‍... കടുകിടയ്ക്ക് ഒരു വലിയ ദുരന്തം ഒഴിവായി. ആ മുറിപ്പാടുവെച്ചാണ് വരവ്. ഈ ആത്മാര്‍ഥതക്ക് പകരം വെയ്ക്കാനെന്തുണ്ട്.

മരണഭയം എന്നുവേണ്ട ഒന്നിനെക്കുറിച്ചും അദ്ദേഹത്തിന് ഭയമുണ്ടായിരുന്നില്ല. ക്യാന്‍സര്‍ ബാധയെത്തുടര്‍ന്ന് ഒറ്റയടിയ്ക്ക് ഇരുപത്തഞ്ചിലധികം റേഡിയേഷന്‍ കഴിഞ്ഞു വീട്ടിലെത്തിയപ്പോള്‍ ഞങ്ങളുടെ ഒരു സുഹൃത്തുകൂടിയായ ഡോ. പീതാംബരനും ഞാനും കാണാന്‍ ചെന്നു. ""മാഷെ, മരിയ്ക്ക്യാച്ചാല്‍ ഒരിയ്ക്കലല്ലേള്ളൂ. അതെപ്പോഴെങ്കിലും ഒരിയ്ക്കല്‍ ആരായാലും വേണേനും. പക്ഷേ ദിവസേനത്തെ ഈ ചികിത്സണ്ടല്ലോ"" എന്നാണ് അതിനെപ്പറ്റി പറഞ്ഞത്.

പല നടന്മാരും ""എനിയ്ക്ക് അരങ്ങില്‍ കിടന്നു മരിയ്ക്കണം, വിശ്രമം അരുത് എന്നാണ് മോഹം"" എന്നു പറഞ്ഞുകേട്ടിട്ടുണ്ട്. രാമന്‍കുട്ടിയാശാന് അങ്ങനെയും ഉണ്ടായിരുന്നില്ല. "വയ്യ" എന്നുതോന്നിയ മുതല്‍ക്ക് പിന്നെ ആരു പറഞ്ഞിട്ടും അദ്ദേഹം വേഷം കെട്ടിയിട്ടില്ല. കഥകളിയ്ക്ക് പ്രഥമ ഡി.ലിറ്റ് കിട്ടിയ അദ്ദേഹത്തിന് കോട്ടയ്ക്കല്‍ ആര്യവൈദ്യശാല വിപുലമായ ഒരു സ്വീകരണം നല്‍കി. ""ആശാന്‍ ഒരു ചെറിയ വേഷം (കുചേലനെങ്കിലും) കെട്ടി അരങ്ങത്തു വരുമോ? എന്നാല്‍ വേഷത്തോടുകൂടി ഉപഹാരം നല്‍കാമല്ലോ"" ഡോ. ബാലചന്ദ്രവാരിയര്‍ അന്വേഷിച്ചു. ""ഇല്ല, അതിന്നു നിര്‍ബന്ധിക്കരുത്. ഇതുകേട്ടറിഞ്ഞ് ഇതുപോലെ ആരെങ്കിലും പിന്നേം നിര്‍ബന്ധിയ്ക്കും. അതുവേണ്ട"". ഏതു കാര്യത്തിലും എന്നും ആശാന്‍ അങ്ങനെയായിരുന്നു. ഇല്ല എന്നുവെച്ചാല്‍ പിന്നെ ഇല്ല. റഷ്യന്‍ പര്യടനവേളയില്‍ പ്രധാനമന്ത്രി ക്രൂഷ്ചേവിന്റെ പ്രത്യേക ഉദ്യാനവിരുന്നില്‍ വിളമ്പിയ വോഡ്കയില്‍ മുങ്ങിക്കുളിച്ച് ഒരു ദിവസം മുഴുവന്‍ ബോധമറ്റു കിടന്ന മദ്യസേവകന്‍. ""ഇനി ഒരു തുള്ളി കഴിക്കരുത്"" എന്ന് ഡോക്ടര്‍ നിര്‍ദേശിച്ച നിമിഷം മുതല്‍ (ചൈനാ യാത്രയില്‍ സംഘടിപ്പിച്ച സ്പെഷ്യല്‍ സാധനം അലമാരയില്‍ സൂക്ഷിച്ചിട്ടും) ഒരു തുള്ളി തൊട്ടുനോക്കാത്ത അവസ്ഥ. അതാണ് നിശ്ചയദാര്‍ഢ്യം.

ആര്‍സിസിയിലെ ക്യാന്‍സര്‍ ചികിത്സ കഴിഞ്ഞു. പാര്‍ശ്വഫലങ്ങളെന്നോണം ചില അസ്വസ്ഥതകള്‍ ബാക്കി. വലംകൈയിന്റെ സ്വാധീനക്കുറവുതന്നെ പ്രധാനം. അതിന് കോട്ടയ്ക്കല്‍ ആര്യവൈദ്യശാലാ മാനേജിങ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ പത്മഭൂഷണ്‍ ഡോക്ടര്‍ പി കെ വാരിയരുടെ പ്രത്യേക ചികിത്സ. ഏതാണ്ട് മുക്കാലും ശരിയായി. അതിനുശേഷമാണ് ഗുരുവായൂരപ്പന്റെ തിരുനടയില്‍ വേഷത്തോടെ തുലാഭാരവും കുചേലവൃത്തത്തില്‍ ശ്രീകൃഷ്ണന്റെ വേഷവും. രോമാഞ്ചജനകമായ ഒരു മഹാസംഭവം. അതുകഴിഞ്ഞ് കോട്ടയ്ക്കല്‍ ഉത്സവത്തിന് വിശ്വംഭരന്റെ തിരുമുറ്റത്ത് ഒരു ലവണാസുരവധം ഹനുമാന്‍. കളികഴിഞ്ഞ് അണിയറയില്‍ ചെന്നപ്പോള്‍ പതിവ് ചിരിക്കുപിന്നാലെ പി കെ വാരിയരുടെ ചികിത്സകൊണ്ടാ ഇങ്ങനെയൊക്ക്യായത്, ""ഇപ്പൊ എങ്ങനെയുണ്ട്"" എന്ന് ഇടയ്ക്കിടക്ക് അദ്ദേഹം ചോദിക്കും. എങ്ങനെയുണ്ടെന്ന് അദ്ദേഹം തന്നെ നേരിട്ടൊന്ന് കണ്ടോട്ടെന്നു വച്ചിട്ടാണ് ഈ വേഷം. അതു വിചാരിച്ചിട്ടു രാമന്‍കുട്ടിനായരുടെ സുഖക്കേടൊക്കെ മാറി. ഒരത്ഭുതമാവാം, നരകാസുരനാവാന്നൊന്നും ആരോടും മാഷ് പറേണ്ടട്ടോ"". കോട്ടയ്ക്കല്‍ അദ്ദേഹം അവസാനമായി വന്നത് ബാലചന്ദ്രന്‍ ഡോക്ടറുടെ ഒരു സ്വീകരണത്തില്‍ പങ്കെടുക്കാന്‍.

മരിക്കുന്നതിന്റെ തലേദിവസം വൈകുന്നേരം ബാലചന്ദ്രന്‍ ഡോക്ടറും നേഴ്സിങ് ഹോം സൂപ്രണ്ട് ഡോ. പി മാധവന്‍കുട്ടി വാരിയരും ഡോ. ടി എസ് മാധവന്‍കുട്ടിയും നാളെ രാവിലെ ആശാന്റെ വീട്ടില്‍ പോയി കാണണം സമ്മതിയ്ക്കുകയാണെങ്കില്‍ കുറച്ചുദിവസം ഇവിടെ നോക്കാം എന്നു നേരിട്ടുപറയാന്‍ ഉറപ്പിച്ചതായിരുന്നു. പിറ്റേ ദിവസം പറഞ്ഞ സമയത്തുതന്നെ ഞങ്ങള്‍ എല്ലാവരും പുറപ്പെട്ടു. പക്ഷേ പുറപ്പെട്ടത്... 1999 മെയ് മാസത്തില്‍ ഞാനൊരു ബസ്സപകടത്തില്‍ പെട്ടു. അത്യാവശ്യം പരിക്കും പറ്റി. ആരോ പറഞ്ഞറിഞ്ഞു. അടുത്തൊരു ദിവസം രാവിലെ അപ്രതീക്ഷിതമായി ആശാന്‍ എന്റെ വീട്ടില്‍. ഒറ്റയ്ക്കല്ല, പത്നിയും, മക്കളും അവരുടെ മക്കളുമടക്കം. സത്യത്തില്‍ ഞാന്‍ നാണിച്ചു. അഹങ്കരിച്ചു.

കഥകളിയ്ക്കുള്ള പ്രഥമ സംസ്ഥാന അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ ദേശാഭിമാനി വാരികക്കുവേണ്ടി ഒരഭിമുഖ സംഭാഷണം തയ്യാറാക്കാന്‍ പാലക്കീഴ് മാഷുടെകൂടെ വീട്ടില്‍ പോയി. കൂട്ടത്തില്‍ ആശാന്‍ പാലക്കീഴിനോട് തിരിച്ചുചോദിച്ചു. ""ഞാനേയ് ഈ കഥകളിക്ക് പോയിട്ടില്ലെങ്കില്‍ ഇപ്പോ ആരാവും? ഉത്തരവും പിന്നാലെ വന്നു. സംശയം എന്താ ഒളപ്പമനയ്ക്കലെ ഒരു വാല്യേക്കാരന്‍"". അന്തിമോപചാരമര്‍പ്പിക്കാനെത്തിയ പാലക്കീഴ് കണ്ണുതുടച്ചുകൊണ്ട് ഓര്‍മകള്‍ പുതുക്കി. മുഖത്തെഴുത്തില്ലാത്ത ശുദ്ധ വള്ളുവനാടന്‍. താനൊരു മാര്‍ക്സിസ്റ്റ് ആണ് എന്നുപറയാന്‍ എന്നും അദ്ദേഹത്തിനഭിമാനമായിരുന്നു.

യശഃശരീരനായ കോട്ടയ്ക്കല്‍ കുട്ടന്‍ മാരാരുടെ ഷഷ്ട്യബ്ദപൂര്‍ത്തിയാഘോഷത്തിലെ ഒരുത്ഭവം, കോട്ടയ്ക്കല്‍ ഗോപി നായരാശാന്റെ യാത്രയയപ്പിനോടനുബന്ധിച്ച് രാമന്‍കുട്ടി നായരാശാനും പത്മനാഭന്‍ നായരാശാനും ചേര്‍ന്നുള്ള ഒരു ബാലിവിജയം, കാറല്‍മണ്ണ വാഴേങ്കട കുഞ്ചുനായര്‍ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ രണ്ടുദിവസംകൊണ്ട് പൂര്‍ത്തിയാക്കിയ ഒരു തോരണയുദ്ധം, യശഃശരീരനായ വെള്ളിനേഴി അച്ചുതപ്പൊതുവാളുടെ (ഇദ്ദേഹമാണ് കഥകളി പഠിപ്പിക്കാന്‍ ആദ്യമായി ഗുരുനാഥനു കൊടുക്കാനുള്ള ദക്ഷിണയായി നാലണ (ഇരുപത്തഞ്ചു പൈസ) രാമന്‍കുട്ടി നായരാശാന് നല്‍കിയത്), പത്നിയുടെ ഒരു വിശേഷപ്പിറന്നാളിനോടനുബന്ധിച്ചുള്ള ഒരു നരകാസുരന്‍, കാറല്‍മണ്ണ ഉത്സവത്തിലെ ഒരു കമലദളം - അങ്ങനെ കഥകളി ചരിത്രത്തില്‍ ഇനി ആവര്‍ത്തനമില്ലാത്ത എത്രയെത്ര കളിയരങ്ങുകള്‍.

ഗുരുവായൂരമ്പലത്തില്‍ അവസാനത്തെ ചരിത്രപ്രസിദ്ധമായ പരശുരാമന്‍. ഗുരു എളേടം തിരുമേനി, ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി മുതല്‍പ്പേരുടെ സൈ്വരം കെടുത്തല്‍, മക്കളുടെ പ്രോത്സാഹനം അങ്ങനെ ഒരുവിധം സമ്മതിച്ചു. പൊതുവാള്‍മാരില്ലാത്ത പരശുരാമന്‍. കഷ്ടിച്ച് ഒരു മണിക്കൂര്‍ ആട്ടം. കളി കഴിഞ്ഞപ്പോള്‍ കാണികളില്‍ നല്ലൊരു വിഭാഗം അണിയറയിലേക്കിരമ്പിക്കയറി. പരശുരാമ പാദപൂജയ്ക്ക്. ഒരുവിധം തിരക്കൊഴിഞ്ഞപ്പോള്‍ ഞാനും പതുങ്ങി അവിടെയെത്തി. ആ കാലടികള്‍ തൊട്ടുവണങ്ങിയപ്പോള്‍ എന്തുകൊണ്ടോ തേങ്ങല്‍ അടക്കാനായില്ല. ചുമലില്‍ കൈവെച്ചുകൊണ്ട് ""ഒന്നൂല്ല്യ മാഷെ, എനിയ്ക്ക് ക്ഷീണൊന്നൂല്യ "" പിന്നെ അവിടെ ഒട്ടും നില്‍ക്കാന്‍ കഴിഞ്ഞില്ല.

ധന്യാത്മന്‍, അങ്ങയെക്കുറിച്ചുള്ള നാനാരസസമ്മിശ്രമായ സ്മരണകള്‍ എത്രയെത്ര. മാപ്പ്. ഈയുള്ളവന്റെ അല്‍പ്പത്ത ജല്‍പ്പനങ്ങള്‍, ഈ അപദാന പ്രലപനങ്ങള്‍ എല്ലാം അങ്ങയുടെ അനുഗ്രഹത്തിനായി ഭവിക്കട്ടെ.

*
ഞായത്ത് ബാലന്‍ ദേശാഭിമാനി വാരിക 24 മാര്‍ച്ച് 2013

Saturday, March 30, 2013

ജനങ്ങളില്‍ നിന്നകലുന്ന സഹകരണമേഖല

ആഗോളവല്‍ക്കരണനയങ്ങള്‍ക്കനുസരിച്ച് സഹകരണമേഖലയെ രൂപപ്പെടുത്തുക എന്ന ബോധപൂര്‍വമായ ശ്രമം കേന്ദ്രസര്‍ക്കാര്‍ രണ്ടു പതിറ്റാണ്ടായി സ്വീകരിക്കുകയാണ്. സഹകരണസംഘങ്ങളെ സ്വയംഭരണ പരമാധികാര സ്ഥാപനങ്ങളാക്കുക എന്ന വ്യാജേനയാണ് പരിഷ്കരണ നടപടികള്‍ ആരംഭിച്ചത്. ചൗധരി ബ്രഹ്മപ്രകാശ് കമ്മിറ്റിയുടെ മാതൃകാ സഹകരണ നിയമം, വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട്, ഡോ. രഘുറാംരാജന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ഫിനാന്‍ഷ്യല്‍ സെക്ടര്‍ റിഫോംസ് കമ്മിറ്റി റിപ്പോര്‍ട്ട്, സഹകരണ സംഘങ്ങള്‍ക്ക് സേവന നികുതി ബാധകമാക്കിക്കൊണ്ടുള്ള ഫിനാന്‍സ് ആക്ട് ഭേദഗതി, പ്രത്യക്ഷ നികുതി നിയമ ഭേദഗതി എന്നിവയെല്ലാം സഹകരണ സംഘങ്ങളുടെ ജനകീയമുഖം തകര്‍ക്കുന്നതിന് ഉദ്ദേശിച്ചുള്ളതാണ്.

സ്വാതന്ത്ര്യാനന്തരകാലം മുതല്‍ സഹകരണ മേഖലയ്ക്ക് നല്‍കിയിരുന്ന മുന്‍ഗണനയും ആനുകൂല്യങ്ങളും നഷ്ടപ്പെടുത്തുന്നതാണ് ഈ ഭേദഗതികളും നിര്‍ദേശങ്ങളും. എല്ലാത്തിനുമുപരി ഗ്രാമപ്രദേശങ്ങളില്‍ സ്വകാര്യ ബാങ്കുകള്‍ക്ക് യഥേഷ്ടം കടന്നുചെല്ലുന്നതിനും ഗ്രാമീണ സമ്പാദ്യം ഇവര്‍ക്ക് കൈകാര്യംചെയ്യുന്നതിനും സഹായകമായ സാഹചര്യമാണ് ഒരുക്കുന്നത്. ഇതിനൊക്കെ ഊര്‍ജം പകരുന്നതാണ്97-ാം ഭരണഘടനാ ഭേദഗതി നിയമം 2011.97-ാം ഭരണഘടനാ ഭേദഗതിയില്‍ നിര്‍ദേശിച്ചതുപോലെ ഭരണഘടനാ ഭേദഗതി നിലവില്‍വന്ന് ഒരു വര്‍ഷത്തിനകം സംസ്ഥാന സഹകരണ നിയമങ്ങളിലും ഭേദഗതി വരുത്തണമെന്നതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന നിയമസഭ ധൃതിപിടിച്ച് സഹകരണ സംഘം നിയമഭേദഗതി 2013 പാസാക്കിയത്. ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവത്തെ തകര്‍ക്കുന്ന ഒന്നാണ് ഭേദഗതിയെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഓരോ സംസ്ഥാനത്തിന്റെയും സാഹചര്യത്തിനനുസരിച്ച് നിയമങ്ങളില്‍ മാറ്റം വരുത്താന്‍ അവര്‍ക്ക് അവകാശമുണ്ടായിരിക്കെ അതിനു വിരുദ്ധമായി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതാണ് ആക്ഷേപമായി ഉയര്‍ന്നത്. സിപിഐ എം അടക്കമുള്ള പാര്‍ടികള്‍ പാര്‍ലമെന്റില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് വോട്ടുചെയ്തത് ഇതുകൊണ്ടാണ്.

ഭരണഘടനയുടെ മൂന്നാംഭാഗത്ത് മൗലികാവകാശങ്ങളുടെ കൂട്ടത്തില്‍ അനുച്ഛേദം 19ല്‍ സഹകരണ സംഘങ്ങള്‍ രൂപീകരിക്കാനുള്ള അവകാശംകൂടി മൗലികാവകാശമാക്കിയിരിക്കുന്നു. കേരള സഹകരണസംഘം നിയമ ഭേദഗതിയില്‍ (2013) ഇതുസംബന്ധിച്ച് പുതിയ വ്യവസ്ഥകളൊന്നും കൊണ്ടുവന്നിട്ടില്ല. കേരളത്തില്‍ ഇപ്പോള്‍തന്നെ ചില വിഭാഗം സഹകരണ സംഘങ്ങള്‍ക്ക് അതിരുകളില്ലാതെ സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ചെയ്യാന്‍ വ്യവസ്ഥയുണ്ട്. പ്രാഥമിക വായ്പ സഹകരണ സംഘങ്ങള്‍ ഇതിന്റെ പരിധിയില്‍ വരുന്നില്ല. പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ക്ക് പ്രത്യേക പരിധി നിശ്ചയിച്ച് നല്‍കിയിട്ടുമുണ്ട്. ഈ പരിധി ലംഘിച്ച് കേരളത്തില്‍ ഇത്തരം സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലായിരുന്നു. ആ വ്യവസ്ഥയാണ് ലംഘിക്കപ്പെടാന്‍ പോകുന്നത്.

കേരളത്തിലെ സമ്പദ്ഘടനയുടെ ആണിക്കല്ലാണ് സര്‍വീസ് സഹകരണ ബാങ്കുകള്‍. അതിശക്തമായ നിക്ഷേപ വായ്പ ഘടന, വിപുലമായ ജനകീയ പങ്കാളിത്തം, ജനങ്ങളുടെ വിശ്വാസം, ശക്തമായ സഹകാരി ഉദ്യോഗസ്ഥ നിര, ഇതര സേവന മേഖലകളിലെ പങ്കാളിത്തം എന്നിവകൊണ്ട് ശ്രദ്ധേയമാണ് ഈ മേഖല. നിര്‍ണായകഘട്ടത്തില്‍ കേരള സര്‍ക്കാരിനെപ്പോലും സാമ്പത്തികമായി സഹായിക്കാന്‍ ഈ മേഖലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. വ്യക്തമായ ഉദ്ദേശ്യങ്ങളും പ്രവര്‍ത്തനപരിധികളും നിശ്ചയിക്കപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഈ മേഖലയിലേക്ക് ഭരണഘടനാഭേദഗതിയുടെ അടിസ്ഥാനത്തില്‍ അതിരുകളില്ലാതെ സര്‍വീസ് സഹകരണ ബാങ്കുകള്‍ രജിസ്റ്റര്‍ചെയ്യാന്‍ കഴിയുമെന്ന നിലവരുമ്പോള്‍ അത് ഈ വിഭാഗത്തിന്റെ തകര്‍ച്ചയ്ക്കുതന്നെ കാരണമാകും.

ഭരണഘടനയുടെ നാലാംഭാഗത്ത് ഡയറക്ടീവ് പ്രിന്‍സിപ്പല്‍സ് ഓഫ് സ്റ്റേറ്റ് പോളിസിയില്‍ അനുച്ഛേദം 43 ബി കൂട്ടിച്ചേര്‍ത്ത് സഹകരണ സംഘങ്ങള്‍ പരപ്രേരണയില്ലാതെ രൂപീകരിക്കുന്നതിനും സ്വയംഭരണം, പരമാധികാര പ്രവര്‍ത്തനം, ജനാധിപത്യ ഭരണക്രമം, പ്രൊഫഷണല്‍ മാനേജ്മെന്റ് എന്നിവ അവയില്‍ വളര്‍ത്തുന്നതിനും വേണ്ട പ്രോത്സാഹനം നല്‍കണമെന്നും വ്യവസ്ഥചെയ്തിരിക്കുന്നു. സഹകരണ സംഘങ്ങള്‍ക്ക് സ്വയംഭരണം, പരമാധികാര പ്രവര്‍ത്തനം, ജനാധിപത്യഭരണക്രമം എന്നിവ ഉണ്ടാക്കുന്നതിന് ആരും എതിരല്ല. സഹകരണ സംഘങ്ങളില്‍ ഭൂരിപക്ഷവും സാമ്പത്തിക സ്ഥാപനങ്ങളോ ബിസിനസ് സ്ഥാപനങ്ങളോ ആണ്. അതുകൊണ്ട് സ്വയംഭരണം വിഭാവനംചെയ്യുമ്പോഴും കര്‍ശനമായ സാമ്പത്തിക നിയന്ത്രണവും ബിസിനസ് കാഴ്ചപ്പാടും ഉണ്ടാകണം. ഇല്ലെങ്കില്‍ അരാജകത്വം ഉണ്ടാകുകയും സ്ഥാപനങ്ങള്‍ തകര്‍ച്ചയെ നേരിടുകയുംചെയ്യും.

കേരളത്തെ സംബന്ധിച്ചിടത്തോളം പുരോഗമന കാഴ്ചപ്പാടോടെ ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനം നടത്തുന്ന സഹകാരി നേതൃത്വവും ദിശാബോധമുള്ള സഹകരണ ജീവനക്കാരും പരിശോധന, ഓഡിറ്റ് എന്നിവയിലൂടെ ഒട്ടൊക്കെ സംഘങ്ങളെ നിയന്ത്രിക്കുന്ന സഹകരണ വകുപ്പും സര്‍വോപരി സംഘങ്ങളിലെ അംഗങ്ങളും പൊതുസമൂഹവും എല്ലാം ചേര്‍ന്ന ഒരു "പൊതുസ്വയംഭരണ സ്ഥാപന"മായി സഹകരണ സംഘങ്ങള്‍ മാറിയിട്ടുണ്ട്. മാത്രമല്ല, സ്വയംഭരണം ലക്ഷ്യമാക്കി കൊണ്ടുവന്ന മാതൃകാസഹകരണ നിയമത്തിന്റെ (ചൗധരി ബ്രഹ്മപ്രകാശ് കമ്മിറ്റി) അടിസ്ഥാനത്തില്‍ ചില സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ചെയ്ത സഹകരണ സംഘങ്ങള്‍ പ്രതീക്ഷിച്ച ഗുണം ചെയ്തില്ല എന്ന അനുഭവവും നമുക്ക് മുന്നിലുണ്ട്. "സ്വയംഭരണത്തേ"ക്കാള്‍ "ജനാധിപത്യ നിയന്ത്രണമാണ്" അഭികാമ്യം എന്നാണ് ഇത് തെളിയിക്കുന്നത്.

കേരള സഹകരണ സംഘം നിയമം

1969ല്‍ 2000, 2010 കാലങ്ങളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന സമഗ്രമായ ഭേദഗതികള്‍, കേരളത്തിലെ സഹകരണ മേഖലയില്‍ അടിമുടി പൊളിച്ചെഴുത്തുനടത്തുന്നതും അവയുടെ ജനാധിപത്യത്തിലൂന്നിയുള്ള വികസനത്തിനും വളര്‍ച്ചയ്ക്കും അനുയോജ്യമാകുന്ന തരത്തിലുള്ളതുമായിരുന്നു. ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തിലെ സഹകരണ നിയമത്തേക്കാളും സമഗ്രവും സുതാര്യവുമാണ് ഈ നിയമം. അതുകൊണ്ടുതന്നെ 97-ാം ഭരണഘടന ഭേദഗതിയില്‍ കൊണ്ടുവന്ന ചില നിര്‍ദേശങ്ങള്‍ കേരളത്തിലെ സഹകരണ നിയമത്തില്‍ മുമ്പേതന്നെ നടപ്പാക്കിയിട്ടുള്ളതായി കാണാം. അഞ്ചുവര്‍ഷം കൂടുമ്പോള്‍ കൃത്യമായി തെരഞ്ഞെടുപ്പ് നടത്തല്‍, കൃത്യമായി പുതിയ ഭരണസമിതിക്ക് അധികാരം കൈമാറല്‍, ഭരണസമിതിയില്‍ വനിതകള്‍ക്കും പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിനുമുള്ള പ്രാതിനിധ്യം, തെരഞ്ഞെടുപ്പുകമീഷന്‍ തുടങ്ങിയ ഭരണഘടനാ ഭേദഗതി നിര്‍ദേശങ്ങള്‍ പലതും കേരള നിയമത്തിലെ നിലവിലുള്ള വ്യവസ്ഥകളാണ്. 2010ല്‍ ഇടതുസര്‍ക്കാര്‍ വനിതകള്‍ക്ക് മൂന്ന് സീറ്റുനീക്കിവെച്ച് മാതൃകകാട്ടി. എല്ലാ സഹകരണസംഘങ്ങളുടെയും തെരഞ്ഞെടുപ്പു നടത്താന്‍ സഹകരണ തെരഞ്ഞെടുപ്പു കമീഷനെ ചുമതലപ്പെടുത്തി കേരള സഹകരണ നിയമം ഭേദഗതിചെയ്തിരിക്കയാണ്. ഇപ്പോള്‍ വായ്പാ സഹകരണ സംഘങ്ങളുടെ തെരഞ്ഞെടുപ്പാണ് സഹകരണ തെരഞ്ഞെടുപ്പുകമീഷന്‍ നടത്തുന്നത്. ആയത് എല്ലാ സഹകരണ സംഘങ്ങള്‍ക്കും ബാധകമാക്കിയിരിക്കുന്നു. പ്രായോഗികമായി നിരവധി പ്രയാസങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ് ഇത്. തിരുവനന്തപുരത്തുള്ള തെരഞ്ഞെടുപ്പുകമീഷന്‍ ഓഫീസിലേക്ക് കത്തിടപാടുകള്‍ നടത്തി തെരഞ്ഞെടുപ്പ് നടത്തുക എന്നത് കാലതാമസത്തിന് ഇടയാക്കുന്നു. പ്രവര്‍ത്തനരഹിതമായി കിടക്കുന്നതും നാമമാത്ര പ്രവര്‍ത്തനമുള്ളതുമായ സഹകരണ സംഘങ്ങളുടെ തെരഞ്ഞെടുപ്പ് പ്രക്രിയ സങ്കീര്‍ണമാക്കാനേ ഈ നീക്കം ഉപകരിക്കൂ.

സര്‍ക്കാര്‍ ഓഹരിമൂലധനസഹായമോ, വായ്പയോ മറ്റു സാമ്പത്തികസഹായമോ ഇല്ലാത്ത സഹകരണസംഘങ്ങളെ പിരിച്ചുവിടാനോ സസ്പെന്‍ഡ് ചെയ്യാനോ പാടില്ല എന്ന ഭരണഘടനാ വ്യവസ്ഥ സംസ്ഥാന നിയമഭേദഗതിയും അതേ നടപടി ഉള്‍പ്പെടുത്തിയിരിക്കുന്നു. സഹകരണനിയമമനുസരിച്ച് രജിസ്റ്റര്‍ചെയ്ത സഹകരണസംഘം ഭരണസമിതി എന്തു തെറ്റു ചെയ്താലും നടപടിസ്വീകരിക്കാന്‍ പാടില്ല എന്ന നിലപാട് ശരിയാണോ എന്ന സംശയവും ഉയരുന്നുണ്ട്. സഹകരണവകുപ്പ് ഓഡിറ്റ് വിഭാഗത്തിന്റെ നിലനില്‍പ്പുതന്നെ അപകടപ്പെടുത്തുന്ന ചില ഭേദഗതികള്‍ ഭരണഘടനാ ഭേദഗതിയിലും, സംസ്ഥാന നിയമഭേദഗതിയിലും വന്നിരിക്കുന്നു. പരിമിതികളുണ്ടെങ്കിലും കേരളത്തിലെ സഹകരണവകുപ്പ് ഓഡിറ്റ് സഹകരണനിയമം അനുശാസിക്കും വിധവും, ഓഡിറ്റ് മാന്വല്‍ അനുസരിച്ചും, സര്‍വോപരി സംഘം മെമ്പര്‍മാരുടെ സാഹചര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഉള്ള സാമ്പത്തികവും ഭരണപരവുമായ ഓഡിറ്റ് ആണ്.

ഇപ്പോള്‍ വരുത്തിയ ഭേദഗതികള്‍ പ്രകാരം ഓഡിറ്റുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ ചുമതലകള്‍ പരിമിതപ്പെട്ടുവരികയാണ്. ചുരുക്കത്തില്‍ സഹകരണവകുപ്പ് ഓഡിറ്റ് വിഭാഗത്തിന്റെ ഭാവി അപകടത്തിലേക്ക് പോകുന്നു എന്നു സാരം. സഹകരണ സംഘം മെമ്പര്‍മാരെ മാനേജ്മെന്റില്‍ പങ്കാളികളാക്കാന്‍ നിയമ വ്യവസ്ഥ വേണം എന്ന് ഭരണഘടനാ ഭേദഗതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. സംസ്ഥാന നിയമത്തില്‍ ഇതു കുറെക്കൂടി കര്‍ക്കശമായി മെമ്പര്‍മാര്‍ രണ്ടുവര്‍ഷം തുടര്‍ച്ചയായി സേവനം നടത്തണമെന്നും മൂന്നുവര്‍ഷം തുടര്‍ച്ചയായി ജനറല്‍ ബോഡിയില്‍ പങ്കെടുക്കണമെന്നും നിബന്ധന വച്ചിരിക്കുന്നു. ഒരു മെമ്പറെ സംബന്ധിച്ചിടത്തോളം സേവനം ഉപയോഗിക്കേണ്ടതും, ജനറല്‍ ബോഡിയില്‍ പങ്കെടുക്കേണ്ടതും ആവശ്യംതന്നെയാണ്. ഇല്ലെങ്കില്‍ മെമ്പറുടെ അവകാശം ലഭിക്കില്ല എന്ന നിബന്ധന കൊണ്ടുവരുന്നതു ഭരണഘടനാനുസൃതമാണോ എന്ന സംശയമുദിക്കുന്നുണ്ട്.

സഹകരണ രജിസ്ട്രാറുടെ അധികാരം വെട്ടിക്കുറയ്ക്കുക എന്നതാണ് ഭരണഘടനാ ഭേദഗതിയിലും മറ്റും മുഖ്യമായും ഉദ്ദേശിക്കുന്നത് എങ്കിലും, സംസ്ഥാന നിയമഭേദഗതിയില്‍ ഇതു പൂര്‍ണമായും പാലിക്കപ്പെട്ടോ എന്ന സന്ദേഹമുണ്ട്. പൊതുയോഗം വിളിച്ചുകൂട്ടിയില്ലെങ്കില്‍ ഭരണസമിതി പിരിച്ചുവിടാനും മറ്റുമുള്ള ഭേദഗതികള്‍ തീര്‍ച്ചയായും അമിതാധികാരം നല്‍കുന്നതുതന്നെയാണ്. സഹകരണ ബാങ്കുകളെ പുതുതലമുറ/ വാണിജ്യ ബാങ്കുകളോട് തുല്യപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകാനാണ് ഭരണാധികാരികള്‍ ശ്രമിക്കുന്നത്. ജനങ്ങളില്‍നിന്ന് ഈ പ്രസ്ഥാനത്തെ അകറ്റുകയാണ് ആത്യന്തിക ലക്ഷ്യം. ആഗോള മൂലധനശക്തികള്‍ക്ക് ഇവിടങ്ങളിലേക്ക് കടന്നുകയറാനുള്ള ഇടം ഒരുക്കുകയാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ശക്തമായ പോരാട്ടത്തിലൂടെയും ചെറുത്തുനില്‍പ്പിലൂടെയും മാത്രമേ ഈ മേഖലയെ സംരക്ഷിക്കാന്‍ കഴിയൂ.

*
ബി അബ്ദുള്ള ദേശാഭിമാനി 29 മാര്‍ച്ച് 2013

ബ്രിക്സ് ബാങ്കും ഇന്ത്യാ-ചൈനാ സഹകരണവും

അന്താരാഷ്ട്ര നാണയനിധിയും ലോകബാങ്കും അവയെ നിര്‍ണായക രാഷ്ട്രീയ സ്വാധീനത്തിലൂടെ നയിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വവും ഉയര്‍ത്തുന്ന "ബദലില്ല" എന്ന മുദ്രാവാക്യത്തിന് മറുപടിയാവാന്‍ പോരുന്ന സംരംഭമാണ് ബ്രിക്സ് രാഷ്ട്രങ്ങളുടെ ആഭിമുഖ്യത്തില്‍ സ്ഥാപിതമാവാന്‍ പോവുന്ന വികസന ബാങ്ക്.

ബ്രസീല്‍, റഷ്യ, ചൈന, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നിവ ഉള്‍പ്പെട്ട ബ്രിക്സ് മുന്‍കൈയെടുത്ത് ആരംഭിക്കുന്ന വികസനബാങ്കും വികസ്വരരാഷ്ട്രങ്ങളുടെ സാമ്പത്തിക പ്രതിസന്ധികളെ നേരിടാനെന്നനിലയില്‍ സ്വരൂപിക്കുന്ന നൂറുബില്യണ്‍ ഡോളറിന്റെ കണ്‍സോര്‍ഷ്യവും അഭിനന്ദനാര്‍ഹമായ സംരംഭമാവുന്നത് ഈ ലോകസാഹചര്യത്തിന്റെ പശ്ചാത്തലത്തിലാണ്.

ബദല്‍ സാമ്പത്തികക്രമം അന്താരാഷ്ട്രതലത്തില്‍ സ്ഥാപിച്ചെടുക്കാനുള്ള കൂട്ടായ നീക്കങ്ങള്‍ ലോകത്ത് അങ്ങിങ്ങായി ശക്തിപ്പെടുന്നതുമായി ബന്ധപ്പെട്ടുവേണം ഇതിനെ കാണാന്‍. ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ച സൗത്ത് ബാങ്കിന് സമാനമാവുന്നില്ലെങ്കിലും ഫലത്തില്‍ നാളെ ആ വഴിക്കുതന്നെ നീങ്ങാന്‍ വേണ്ട ആന്തരിക ശക്തിയുള്ള നീക്കം തന്നെയാണിത്. സോവിയറ്റുയൂണിയന്റെ തകര്‍ച്ചയോടെ അമേരിക്കന്‍ സാമ്രാജ്യത്വം ഉയര്‍ത്തിക്കൊണ്ടുവന്ന ഏകധ്രുവലോകമെന്ന മുദ്രാവാക്യത്തിന്റെ നിരര്‍ഥകതയ്ക്ക് അടിവരയിടുന്നതാണ് സൗത്ത് ബാങ്കും ബ്രിക്സ് വികസന ബാങ്കും എല്ലാം. ലോകം അമേരിക്കയുടെ ചൊല്‍പ്പടിക്കുതന്നെ നീങ്ങിക്കൊള്ളുമെന്ന സാമ്രാജ്യത്വപ്രത്യാശയെ വലിയൊരളവില്‍ ഇത് ക്ഷീണിപ്പിക്കും.

ബഹുധ്രുവലോകമാണിതെന്നും ഓരോ മേഖലയ്ക്കും അതിന്റേതായ പ്രശ്നങ്ങളുണ്ടെന്നും അവ അതാതിടങ്ങളില്‍തന്നെ പരിഹരിക്കാനുള്ള കൂട്ടായ്മകള്‍ ഉണ്ടാവണമെന്നുമുള്ള സന്ദേശമാണിത് നല്‍കുന്നത്. ഏതു മേഖലയിലുള്ള, ഏതുകാര്യത്തിനും ബ്രെറ്റന്‍വുഡ്സ് സ്ഥാപനങ്ങളെയും അമേരിക്കയെയും ഏതു രാഷ്ട്രവും ആശ്രയിച്ചുകൊള്ളണമെന്ന സാമ്പത്തികക്രമം പൊളിച്ചെഴുതുന്നതിന് സഹായകരമാവും, കൃത്യമായ രാഷ്ട്രീയ ഉള്ളടക്കത്തോടുകൂടിയതായാല്‍ ബ്രിക്സ് സംരംഭം. അത് അങ്ങനെതന്നെയാവുമെന്ന് ഉറപ്പുവരുത്താന്‍ അംഗരാഷ്ട്രങ്ങളുടെ ഭാഗത്തുനിന്നുള്ള നിതാന്തജാഗ്രതയുണ്ടാവേണ്ടതുണ്ട്. പുതിയ ബാങ്കിന്റെ ആസ്ഥാനം, മൂലധനം തുടങ്ങിയ കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ടാവാതെ നോക്കാനും പാശ്ചാത്യസാമ്പത്തിക മാന്ദ്യത്തെയും അതിന്റെ സ്വാധീനങ്ങളെയും ചെറുക്കാനുപയുക്തമാവേണ്ടതാണിതെന്ന ബോധത്തിന്റെ അടിസ്ഥാനത്തില്‍ സഹകരണത്തിന്റെ പുതുമേഖലകള്‍ കണ്ടെത്താനും ബ്രിക്സ് രാജ്യങ്ങള്‍ക്ക് കഴിയേണ്ടതുണ്ട്. ആഫ്രിക്കയിലെ നിരവധി രാജ്യങ്ങളെ ബ്രിക്സ് സഹകരണത്തിന്റെ കുടക്കീഴിലേക്കുകൊണ്ടുവരാന്‍ കഴിയുന്നുവെന്നത് ശുഭസൂചകമാണ്. വികസ്വരരാഷ്ട്രങ്ങളുടെ സാമ്പത്തിക വികസനത്തിനും സര്‍വതോമുഖമായ വളര്‍ച്ചയ്ക്കും വേണ്ടി ഉപകരിക്കപ്പെടട്ടെ ഈ സാമ്പത്തിക സംരംഭം! റഷ്യയും ചൈനയും ഇന്ത്യയും ഒരുമിച്ചുനിന്നാല്‍ സാമ്രാജ്യത്വത്തിന് കാലുകുത്താനിടംകിട്ടാത്ത വിധത്തില്‍ ഈ മേഖല സുരക്ഷിതവും ഭദ്രവുമായിത്തീരും. അതുകൊണ്ടുതന്നെ ഈ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താനുള്ള ശ്രമങ്ങള്‍ സാമ്രാജ്യത്വത്തിന്റെ ഭാഗത്തുനിന്നുണ്ടാവുകയുംചെയ്യും. അതിനെ പ്രതിരോധിക്കാനുള്ള രാഷ്ട്രീയ ഉള്ളടക്കം ബ്രിക്സ് കൂട്ടായ്മയില്‍നിന്നുതന്നെ ഉയര്‍ന്നുവരേണ്ടതുണ്ട്.

ചാഞ്ചാട്ടത്തിന്റെ രാഷ്ട്രീയം അനുവദിക്കില്ല എന്ന കൂട്ടായ നിലപാട് കൈക്കൊള്ളാന്‍ ശ്രദ്ധവയ്ക്കേണ്ടതുണ്ട്. അത്തരമൊരു സാര്‍വദേശീയ രാഷ്ട്രീയ നിലപാടാണ് ബ്രിക്സ് ഉയര്‍ത്തിപ്പിടിക്കേണ്ടത്. എങ്കിലേ ഈ സംരംഭം സാര്‍ഥകമാവൂ. എന്നാല്‍, ഇവിടെ ചില ആശങ്കകള്‍ അവശേഷിക്കുന്നുണ്ട്. ബ്രിക്സില്‍ സഹകരിക്കുമ്പോഴും അമേരിക്കന്‍ സാമ്രാജ്യത്വത്തിനനുകൂലമായ സാമ്പത്തിക രാഷ്ട്രീയനയങ്ങളാണ് ഇന്ത്യ പിന്തുടരുന്നത്. ബ്രിക്സിന്റെ പൊതുലക്ഷ്യത്തെ പരാജയപ്പെടുത്തുംവിധം ഈ നയങ്ങളും ബ്രിക്സിന്റെ പൊതുതാല്‍പ്പര്യങ്ങളുമായി ഉരസലുണ്ടാവാതെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ത്യയും ചൈനയും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താനും ഉഭയകക്ഷിബന്ധത്തില്‍ പരസ്പരവിശ്വാസത്തിന്റെയും സഹകരണത്തിന്റെയും മേഖലകള്‍ വ്യാപിപ്പിക്കാനും ഉള്ള വേദിയായിക്കൂടി ബ്രിക്സ് പ്രയോജനപ്പെടും.

ചൈനീസ് പ്രസിഡന്റ് സീ ജിന്‍ പിങ്ങും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് ബ്രിക്സ് ഉച്ചകോടി നടന്ന ദര്‍ബാന്‍ വേദിയായി. സീ ജിന്‍ പിങ് പ്രസിഡന്റുസ്ഥാനമേറ്റെടുത്തശേഷം ആദ്യമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാണുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താന്‍ ഇത്തരം കൂടിക്കാഴ്ചകള്‍ പ്രയോജനപ്പെടുമെന്നാണ് ചൈന ഔദ്യോഗികമായി ഇതേക്കുറിച്ച് പറഞ്ഞത് എന്നത് ശ്രദ്ധേയമാണ്. മുന്‍പ്രസിഡന്റ് ഹു ജിന്റാവോയും മന്‍മോഹന്‍സിങ്ങും തമ്മിലുള്ള നിരവധി കൂടിക്കാഴ്ചകള്‍ക്ക് കഴിഞ്ഞവര്‍ഷങ്ങളില്‍ ബ്രിക്സ് സന്ദര്‍ഭമൊരുക്കിയിരുന്നു. അതൊക്കെത്തന്നെ ഇരുരാഷ്ട്രങ്ങള്‍ക്കുമിടയില്‍ സൗഹൃദത്തിന്റെയും പരസ്പരസഹകരണത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കാന്‍ പ്രയോജനകരമാവുകയും ചെയ്തു. ആ വഴിക്കുള്ള നീക്കങ്ങള്‍ ഇനിയും തുടരട്ടെ. ഇന്ത്യയും ചൈനയും തമ്മിലുള്ള സൗഹൃദം വികസ്വരരാഷ്ട്രങ്ങളുടെയാകെ താല്‍പ്പര്യത്തിലുള്ളതാവുമെന്നും ഇന്ത്യയുമായുള്ള സഹകരണത്തെ ഏറ്റവും വിലപ്പെട്ടതായി കാണുന്നുവെന്നുമാണ് സീ ജിന്‍ പിങ്, പത്രക്കാരെ ദര്‍ബാനില്‍ കണ്ടപ്പോള്‍ പറഞ്ഞത്. വിട്ടുവീഴ്ചാമനോഭാവത്തോടെ, കരുതലോടെ ഇന്ത്യ-ചൈന ബന്ധത്തെ ശക്തിപ്പെടുത്തി മുമ്പോട്ടുകൊണ്ടുപോകുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന സ്വാഗതാര്‍ഹമാണ്.

ഉഭയരാഷ്ട്രബന്ധത്തെ ശരിയായ വഴിക്ക് മുമ്പോട്ടുകൊണ്ടുപോകാനുള്ള ആശയവിനിമയം, ഇരുകൂട്ടര്‍ക്കും പ്രയോജനപ്പെടുന്നവിധത്തില്‍ ഇരുകൂട്ടരുടെയും ശക്തി സമന്വയിപ്പിച്ചുകൊണ്ടുള്ള മുമ്പോട്ടുപോകല്‍, സാംസ്കാരിക വിനിമയം തുടങ്ങിയവ ഉള്‍പ്പെട്ട അഞ്ചിന നിര്‍ദേശങ്ങള്‍ അദ്ദേഹം മുമ്പോട്ടുവച്ചു എന്നതും ശ്രദ്ധേയമാണ്. ആഗോള വെല്ലുവിളികളെ ഒരുമിച്ചുനിന്ന് നേരിടാന്‍ തക്കവിധത്തില്‍ ഈ ബന്ധം സുദൃഢമാവുന്നതില്‍ അസഹിഷ്ണുതയുള്ള ശക്തികളുണ്ട്. അവരെ നിരാശപ്പെടുത്തിക്കൊണ്ട് പരസ്പര സഹകരണത്തോടെ ഇന്ത്യയ്ക്കും ചൈനയ്ക്കും മുമ്പോട്ടുപോവാന്‍കൂടി ബ്രിക്സ് വേദിയിലെ സഹകരണം ഇടവരുത്തട്ടെ.

*
ദേശാഭിമാനി മുഖപ്രസംഗം 29 മാര്‍ച്ച് 2013

മുതലാളിത്തം കാടത്തമാണ്


2005ല്‍ കരാക്കസില്‍ നടന്ന ലോക സോഷ്യല്‍ ഫോറത്തില്‍ ഷാവേസ് ചെയ്ത പ്രസംഗം

ഇക്കാഷ്യോ റാമോണെ എന്നെ പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞത് ഞാന്‍ ഒരു പുതിയതരം നേതാവാണ് എന്നാണ്. ഞാനത് ഏറ്റെടുക്കുന്നു; പ്രത്യേകിച്ചും ഇക്കാഷ്യോവിന്റേതുപോലുള്ള തെളിഞ്ഞ മനസ്സില്‍നിന്നുവരുന്ന ആ പ്രയോഗം. പക്ഷേ ഒട്ടനവധി പ്രായംചെന്ന നേതാക്കള്‍ എന്റെ പ്രചോദന കേന്ദ്രങ്ങളായുണ്ട്. എക്കാലത്തെയും വലിയ വിപ്ലവകാരിയായ യേശുക്രിസ്തുവിനെപ്പോലെ വളരെ പഴയവര്‍; ലോകചരിത്രത്തിലെ സാമ്രാജ്യത്വ വിരുദ്ധപോരാളിയായ യഥാര്‍ഥ ക്രിസ്തു, പാവങ്ങളുടെ വിമോചകന്‍! ഈ ഭൂപ്രദേശങ്ങളുടെ തലങ്ങുംവിലങ്ങും സഞ്ചരിച്ച് ജനങ്ങളില്‍ പ്രത്യാശപകര്‍ന്നുകൊണ്ട് വിമോചിതരാവാന്‍ അവരെ സഹായിച്ച സൈമണ്‍ ബൊളിവാര്‍; അല്ലെങ്കില്‍ നമ്മുടെ ഭൂഖണ്ഡത്തിന്റെ ഓരോ ഊടുപാതയിലൂടെയും ഒരു മോട്ടോര്‍സൈക്കിളില്‍ ചുറ്റിയടിച്ചുകൊണ്ട് 1955ല്‍ ഗ്വാട്ടിമാലയില്‍ നടന്ന പരദേശി ആക്രമണം - വടക്കനമേരിക്കന്‍ സാമ്രാജ്യത്വം നമ്മുടെ ഭൂഖണ്ഡത്തിനുമേല്‍ അടിച്ചേല്‍പ്പിച്ച മറ്റനേകം അപമാനപ്പെടുത്തലുകളില്‍ ഒന്ന് - നേരില്‍ കാണാനായി മധ്യ അമേരിക്കയിലെത്തിയ ആ അര്‍ജന്റീനന്‍ ഡോക്ടര്‍; അല്ലെങ്കില്‍ ആ താടിക്കാരന്‍ കാരണവര്‍ - ഫിദല്‍ കാസ്ട്രോ. അബ്ര്യു ലിമ, ആര്‍ടിഗാസ്, സാന്‍മാര്‍ട്ടിന്‍, ഓഹിജിന്‍സ് എമിലിയാനോ സപാട്ടാ, പാഞ്ചോ വില്ല, സാന്റിനോ, മൊറാസന്‍, ട്യൂപാക് അമാറു - ഈ വയോജനങ്ങളില്‍നിന്നെല്ലാം ഒരുവന് ആവേശമുള്‍ക്കൊള്ളാം. ഒരു ചുമതല ഏറ്റെടുത്ത വയോജനങ്ങള്‍. ഇപ്പോള്‍ എനിക്ക് അവരെ എന്റെ ഹൃദയത്തില്‍ ചേര്‍ത്തുനിര്‍ത്തിക്കൊണ്ട് മനസ്സിലാക്കാനാവുന്നുണ്ട് -കാരണം, നാം ഏറെ കടുത്ത ചുമതലയാണ് ഏറ്റെടുത്തിരിക്കുന്നത്; അവരെല്ലാം തിരിച്ചുവരികയാണ്.

ഇന്ന് നാം ദശലക്ഷങ്ങളാണ്. ഈ വൃദ്ധജനങ്ങളിലൊരാള്‍, അദ്ദേഹം കഷ്ണങ്ങളായി പിച്ചിച്ചീന്തപ്പെടുകയായിരുന്നു. കൈയിലും കാലിലും കുതിരകളെ കെട്ടിവലിക്കുകയായിരുന്നു. സാമ്രാജ്യത്വങ്ങളെല്ലാം എന്നും എപ്പോഴും ക്രൂരമായിരുന്നു. നല്ല സാമ്രാജ്യത്വവും മോശം സാമ്രാജ്യത്വവുമില്ല. അവ എന്നും അസാധാരണമാംവിധം നിഷ്ഠുരവും കുടിലവുമായിരുന്നു. അവര്‍ എന്തു ധരിക്കുന്നുവെന്നതോ, എങ്ങനെ സംസാരിക്കുന്നുവെന്നതോ ഒരു പ്രശ്നമേയല്ല. താന്‍ മരിക്കാന്‍ പോവുകയാണെന്ന് മനസ്സിലായപ്പോള്‍ അദ്ദേഹം ഉറക്കെപ്പറഞ്ഞു: ""ഇന്നു ഞാന്‍ മരിക്കുകയാണ്. പക്ഷേ ഒരുനാള്‍ ഞാന്‍ തിരിച്ചെത്തും. ദശലക്ഷങ്ങളായി""അതാഹുവാല്‍പാ ഇന്ന് തിരിച്ചെത്തിയിരിക്കുന്നു. അദ്ദേഹം ഇപ്പോള്‍ ദശലക്ഷങ്ങളാണ്. ടുപാക് അമാറു തിരിച്ചെത്തിയിരിക്കുന്നു - ദശലക്ഷങ്ങളായി. ബൊളിവാര്‍ തിരിച്ചെത്തിയിരിക്കുന്നു, അദ്ദേഹവും ദശലക്ഷങ്ങളാണ്. സുകര്‍, സപാടാ, അതേ ഇവിടെ ഇപ്പോള്‍ അവര്‍ നമുക്കൊപ്പം തിരിച്ചെത്തിയിരിക്കുന്നു - ഈ നിറഞ്ഞുകവിഞ്ഞ ഗിഗാന്‍ തിന്‍ഹോ സ്റ്റേഡിയത്തില്‍.

രണ്ടുവര്‍ഷം മുമ്പ് ഇവിടെ പോര്‍ടോ അലഗ്രേയില്‍ മൂന്നാം ലോകസോഷ്യല്‍ഫോറത്തില്‍ വച്ച് ഞാന്‍ പറഞ്ഞതുപോലെ ഈ സോഷ്യല്‍ഫോറം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ സംഭവമാണ്. നാമിവിടെ വന്നിരിക്കുന്നത് പഠിക്കാനും വിജ്ഞാനം വശത്താക്കാനുമാണ്. നമ്മെ ഇവിടെ നിറഞ്ഞുകവിയുന്ന അഭിനിവേശത്തിന്റെ വികാരത്തില്‍ സ്വയം കുതിരാനുമാണ്. നമ്മള്‍ അന്വേഷിച്ചു കൊണ്ടേയിരിക്കുകയാണ്. കാരണം വെനസ്വേലന്‍ പ്രക്രിയ ഏതൊരു ട്രയല്‍റണ്ണും എന്നതുപോലെ സൂക്ഷ്മനിരീക്ഷണം നടത്തേണ്ടതും പരിഷ്കരിച്ചു കൊണ്ടേയിരിക്കേണ്ടതുമാണ്. ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ അത്ഭുതകരമായ അനുഭവങ്ങള്‍ക്കുമായി തുറന്നിട്ടുകൊടുത്ത ഒരു പരീക്ഷണമാണത്.

വേള്‍ഡ് സോഷ്യല്‍ഫോറം അതിന്റെ കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ വാദപ്രതിവാദങ്ങള്‍ക്കും ചര്‍ച്ചക്കുമുള്ള ഒരു ബലിഷ്ഠവും വിശാലവും വ്യത്യസ്തവുമായ തറയാണ്. പുറന്തള്ളപ്പെട്ടവരുടെ ഭൂരിപക്ഷവും അധികാരത്തിന്റെ ഇടനാഴികളില്‍ യാതൊരു ശബ്ദമില്ലാത്തവരുമാണ് ഇവിടെ തങ്ങളുടെ സ്വയംപ്രകാശനത്തിനും പ്രതിഷേധ പ്രകടനത്തിനുമായി എത്തുന്നത്. തങ്ങള്‍ ആരാണെന്ന് പറയാനും തങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് പ്രഖ്യാപിക്കാനുമാണ് അവരിവിടെ വന്നു പാടുന്നത്, തങ്ങളുടെ കവിതകള്‍ ചൊല്ലുന്നത് - ഒരു സമവായത്തിലെത്താം എന്ന തങ്ങളുടെ പ്രതീക്ഷയുമായി.

ഒരു പ്രസിഡന്റാണ് എന്ന് എനിക്ക് തോന്നുന്നേയില്ല. പ്രസിഡന്റായത് തികച്ചും യാദൃച്ഛികമായാണ്. ഏതൊരു ടീമിലെ അംഗത്തെയുംപോലെ ഞാന്‍ എന്റെ ഭാഗം നിറവേറ്റുക മാത്രമാണ്. ഒരു കടമ നിറവേറ്റുന്നുവെന്നേയുള്ളൂ. പക്ഷേ ഞാനൊരു കര്‍ഷകനാണ്, ഞാനൊരു ഭടനാണ്. മെച്ചപ്പെട്ടതും സാധ്യമായതുമായ ഒരു ബദല്‍ ലോകത്തിനുള്ള, ഈ ഭൂമിയെ രക്ഷിക്കാനാവശ്യമായ ഒരു പദ്ധതിയോട് കൂറുള്ള ഒരു മനുഷ്യനാണ് ഞാന്‍. വിപ്ലവകരമായ ഒരു ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്ന മറ്റൊരുശിരന്‍ പ്രവര്‍ത്തകനാണ് ഞാന്‍.

മിലിറ്ററി സ്കൂളില്‍ ചേര്‍ന്നതു മുതല്‍ ഞാനൊരു മാവോയിസ്റ്റായിരുന്നു. ഞാന്‍ ചെഗുവേര വായിച്ചു. ബൊളിവാറിനെ വായിച്ചു. അദ്ദേഹത്തിന്റെ പ്രസംഗങ്ങളും അക്ഷരങ്ങളും പഠിച്ചു. അങ്ങനെ ഒരു ബൊളിവാറിയന്‍ മാവോയിസ്റ്റായി. അതിന്റെ ഒരു സമ്മിശ്രസങ്കരം. മാവോ പറയുന്നുണ്ട്, ഏതൊരു വിപ്ലവകാരിയും തന്റെ മിത്രങ്ങളാര്, ശത്രുക്കളാര് എന്നത് കൃത്യമായും തിരിച്ചറിയേണ്ടത് ഏറെ പ്രധാനമാണ് എന്ന്.

ലാറ്റിനമേരിക്കയില്‍ ഇത് പ്രത്യേകിച്ചും പ്രധാനമാണ്. ശതകങ്ങളായി നാം കുടുങ്ങിക്കിടക്കുന്ന പ്രഹേളികയില്‍നിന്ന് പുറത്തുകടക്കാന്‍ നമുക്കാവണമെങ്കില്‍, അത് വിപ്ലവത്തിന്റെ പാതയിലൂടെ മാത്രമാണ് എന്ന കാര്യത്തില്‍ എനിക്ക് ഉത്തമബോധ്യമുണ്ട്. ഉറുഗ്വേന്‍ കവിയായ മറിയോ ബെന്‍ഡറ്റിയുടെ ഭാഷയില്‍ പറഞ്ഞാല്‍, തെക്കും നിലനില്‍ക്കുന്നുണ്ട്. വടക്കനമേരിക്കയിലും യൂറോപ്പിലുമൊക്കെ ഒട്ടനവധി വിപ്ലവകാരികളുണ്ട്. ഒരുപക്ഷേ ഞാന്‍ പറയുന്നത്, തെറ്റായിരിക്കാം, എന്നാലും ഞാന്‍ കരുതുന്നു, ലോകത്ത് അടിയന്തരമായും ത്വരിതഗതിയിലും മാറ്റം വരണമെന്ന ശക്തമായ അവബോധം കൂടുതലായുള്ളത് തെക്കാണ്.

1956ല്‍ നാം ബന്ദൂങ്ങില്‍ ഒരുച്ചകോടി ചേര്‍ന്നു. അവിടെയാണ് ചേരിചേരാ പ്രസ്ഥാനം പിറവിയെടുത്തത്. തെക്കിന്റെ മനസ്സാക്ഷിയെക്കുറിച്ചുള്ള ആശയം രൂപംകൊണ്ടത് അവിടെ വച്ചാണ്. പക്ഷേ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ, ബര്‍ളിന്‍ മതിലിന്റെ പതനത്തോടെ, സ്റ്റിഗ്ലിറ്റ്സ് പറഞ്ഞതുപോലെ, ""ആഹ്ലാദകരമായ 90കളുടെ"" കാലമായി. നമ്മളാകെ, പ്രത്യക്ഷമായ ആഹ്ലാദത്തിലായിരുന്നു. ചരിത്രത്തിന്റെ അവസാനം, ശാസ്ത്രസാങ്കേതിക വിദ്യയുടെ യുഗം, അങ്ങനെ തെക്കിന്റെ മനസ്സാക്ഷി ജഡീഭവിച്ചു. പിന്നെയൊരു ഹിമാനി പതനമായിരുന്നു. വാഷിങ്ടണ്‍ സമവായത്തിന്റെ നിര്‍ദേശം, തനി നിയോ കൊളോണിയലിസം, പുതിയ വേഷത്തില്‍ നിയോ ലിബറലിസമെന്ന പേരില്‍, ഐഎംഎഫിന്റെ സകലമാന നയങ്ങളും ലത്തീനമേരിക്കക്കായുള്ള പ്രത്യേകതരം വിഷത്തോടെ, കുത്തിവയ്ക്കപ്പെട്ടു.

ഇന്ന്, ലോക സോഷ്യല്‍ഫോറം - ഇതിനേക്കാള്‍ ഉചിതമായ മറ്റൊരിടമില്ല - ലോകത്തെ രഷിക്കാനായി എടുക്കേണ്ട ആദ്യനടപടി തെക്കിന്റെ മനസ്സാക്ഷി വീണ്ടെടുക്കുകയാണ് എന്നുപറയാനുള്ള അവസരമായിരിക്കുന്നു. തെക്കിന്റെ മനസ്സാക്ഷി പുനര്‍വിക്ഷേപിക്കുക, വടക്കുള്ള പലര്‍ക്കും ഇതറിയാനിടയില്ല. പക്ഷേ വടക്കിന്റെ ഭാവി തെക്കിനെ ആശ്രയിച്ചാണിരിക്കുന്നത്. എന്തെന്നാല്‍, നാം ചെയ്യേണ്ടത് ചെയ്തില്ലെങ്കില്‍ മെച്ചപ്പെട്ട ഒരു ലോകമെന്നത് യാഥാര്‍ഥ്യമാക്കാന്‍ നമുക്കാവുന്നില്ലെങ്കില്‍ നാവികരുടെ ബയനറ്റുകള്‍ക്കും ബുഷിന്റെ മാരകബോംബുകള്‍ക്കും മുമ്പില്‍ നാം തോറ്റുപോയാല്‍, നമുക്ക്, തെക്കിന്, നവസാമ്രാജ്യത്വ ആക്രമണങ്ങളെ ചെറുക്കാനുള്ള ശക്തിയും അന്തഃകരണ വിശുദ്ധിയും സംഘടനയും ഇല്ലെങ്കില്‍ ബുഷിന്റെ തിട്ടൂരങ്ങള്‍ ലോകത്തിനുമേല്‍ അടിച്ചേല്‍പ്പിക്കപ്പെടുകയാണെങ്കില്‍ ലോകം തന്നെ തകര്‍ന്നുപോവും.

ധ്രുവാഗ്രങ്ങള്‍ ഉരുകിയൊലിച്ച് രാജ്യങ്ങളാകെ വെള്ളത്തിനടിയിലാവുന്നതിനുമുമ്പ് ഈ ഭൂഗോളം നൂറുകണക്കിന് ഹിംസാത്മക കലാപങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും. നിയോ ലിബറല്‍ മാതൃകകള്‍ അടിച്ചേല്‍പ്പിക്കുന്നത് ജനതകള്‍ സമാധാനപരമായി കൈയും കെട്ടി സ്വീകരിക്കില്ല. പട്ടിണികിടന്ന് ചാവുന്നതിലും ഭേദം മരണമാണ് എന്ന് അവര്‍ തിരിച്ചറിയും. ട്രോട്സ്കി പറഞ്ഞിട്ടുണ്ട്, ഏതൊരു വിപ്ലവത്തിനും മുമ്പ് പ്രതിവിപ്ലവത്തിന്റെ ഒരു ചാട്ടവാറുണ്ടാവുമെന്ന്! പ്രതിവിപ്ലവമാകട്ടെ, നമ്മെ നന്നായി ചാട്ടക്കിരയാക്കി - സാമ്പത്തിക - മാധ്യമ - സാമൂഹിക അട്ടിമറികളിലൂടെ, ഭീകരത, ബോംബുകള്‍, ഹിംസയും ചോരയും മരണവും, പട്ടാള അട്ടിമറികള്‍, സ്ഥാപനപരമായ കൃത്രിമപ്പണികള്‍, അന്താരാഷ്ട്ര സമ്മര്‍ദം - വെനസ്വേലയെ ഒരു സാമന്തരാജ്യമാക്കി മാറ്റാന്‍ അവര്‍ പരിശ്രമിച്ചു. ഞങ്ങളുടെ നിയമങ്ങള്‍ക്കുമേല്‍ അവര്‍ രാഷ്ട്രാന്തരീയ അധികാരം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. ഞങ്ങളുടെ സ്ഥാപനങ്ങള്‍ക്കും ഭരണഘടനകള്‍ക്കും മേലെ. പക്ഷേ വെനസ്വേലന്‍ ജനത ഈ പ്രഭു ജനാധിപത്യത്തിന് ഒരു കാര്യം ബോധ്യപ്പെടുത്തിക്കൊടുത്തു - തങ്ങള്‍ കീഴടങ്ങാന്‍ തയ്യാറല്ല എന്ന്!

ഞങ്ങള്‍ ചെറുത്തുനിന്നു. സ്വയം പ്രതിരോധിച്ചു. പിന്നെ പ്രത്യാക്രമണം നടത്തി. അതിന്റെ ഭാഗമായി 2003ല്‍ ആദ്യമായി വെനസ്വേല അതിന്റെ എണ്ണക്കമ്പനികള്‍ വീണ്ടെടുത്തു. അത് അതിനുമുമ്പ് വെനസ്വേലന്‍ സമ്പന്ന പ്രഭുക്കളുടെയും വടക്കനമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും കൈയിലായിരുന്നു. ഞങ്ങളിപ്പോള്‍ പാവപ്പെട്ടവര്‍ക്കുള്ള സാമൂഹികമേഖലക്കും വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും ലഘുവായ്പക്കും ഭവനനിര്‍മാണത്തിനുമായി 400 കോടി ഡോളര്‍ നീക്കിവയ്ക്കുന്നുണ്ട്. നിയോലിബറലുകള്‍ പറയുന്നത്, ഞങ്ങള്‍ കാശ് എറിഞ്ഞുകളയുകയാണ് എന്നാണ്. പക്ഷേ മുമ്പ്, ഇവര്‍ ഇത് പരദേശികള്‍ക്ക് (ഗ്രിന്‍ഗോ) വിട്ടുകൊടുക്കുകയായിരുന്നു. അല്ലെങ്കില്‍ അവര്‍ തമ്മില്‍ വീതിച്ചെടുക്കുകയായിരുന്നു - തങ്ങളുടെ അപവാദപരമായ ബിസിനസ്സ് ഇടപാടുകളിലൂടെ.

ഞങ്ങള്‍ എല്ലാവരോടും പഠിക്കാന്‍ പറഞ്ഞു. അമ്മൂമ്മമാരോടും കുഞ്ഞുങ്ങളോടും - അവരില്‍ പലരും കടുത്ത ദുരിതത്തിലാണ്. അതുകൊണ്ടുതന്നെ ഞങ്ങള്‍ ഒരാള്‍ക്ക് ഒരുമാസം 100 ഡോളര്‍ കിട്ടുന്ന നിരക്കില്‍ കാശ് നല്‍കാനാവുന്ന ഒരു സംവിധാനമുണ്ടാക്കി - 5 ലക്ഷം പേര്‍ക്ക് ഗ്രാന്റ്. ഏതാണ്ട് 60 കോടി രൂപ വരും ഒരു വര്‍ഷത്തേക്ക്. ഇത്രയും തുക മുമ്പ് ഞങ്ങളില്‍നിന്നും കവര്‍ന്നെടുക്കപ്പെടുകയായിരുന്നു. ഇപ്പോളത് പുനര്‍വിതരണം നടത്തി പാവപ്പെട്ടവരെ ശാക്തീകരിക്കുകയാണ്. തങ്ങളുടെ സ്വന്തം ദാരിദ്ര്യത്തെ തോല്‍പ്പിക്കാനായി പാവങ്ങളെ സഹായിക്കുകയാണ്.

ഇന്ന് ഞങ്ങള്‍ക്ക് പല പദ്ധതികളുമുണ്ട്. ഉദാഹരണത്തിന് ബാരിയോ ആഡെന്‍ട്രോ. അതൊരു ദേശീയ ധര്‍മസമരമാണ്. എല്ലാവരെയും ഉള്‍പ്പെടുത്തുന്ന ഒരു കുരിശുയുദ്ധം. സിവിലിയന്മാര്‍, പട്ടാളക്കാര്‍, വൃദ്ധര്‍, യുവാക്കള്‍, സമുദായങ്ങള്‍, ദേശീയ ഗവണ്‍മെന്റും തദ്ദേശീയ സര്‍ക്കാരുകളും കീഴ്ത്തല സാമൂഹിക സംഘടനകള്‍- ഇതിനുള്ള സഹായമെത്തിക്കുന്നതാകട്ടെ, ക്യൂബന്‍ വിപ്ലവകാരികളും. ഇന്ന് ക്യൂബയില്‍ നിന്നുള്ള 25,000 ഡോക്ടര്‍മാരും ദന്തവൈദ്യന്മാരും ഞങ്ങളുടെ പരമദരിദ്രര്‍ക്കൊപ്പം ജീവിക്കുന്നു. അവര്‍ക്കൊപ്പം വെനസ്വേലക്കാരായ സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന നേഴ്സുമാരും. 2004ല്‍ മാത്രം, 5 കോടി കേസുകളാണ് ഇവര്‍ പരിശോധിച്ചത്. അതാകട്ടെ, വെനസ്വേലന്‍ ജനസംഖ്യയുടെ ഇരട്ടി വരും. മുമ്പാകട്ടെ, ഇതിനൊക്കെ നീക്കിവയ്ക്കേണ്ട കാശാകെ രാജ്യാതിര്‍ത്തി കടന്നിരുന്നു. മുമ്പ് വിദ്യാഭ്യാസം സ്വകാര്യവല്‍ക്കരിച്ചിരുന്നു. അതാണ് നിയോലിബറല്‍ സാമ്രാജ്യത്വ പദ്ധതി. ആരോഗ്യമേഖല സ്വകാര്യമുതലാളിമാരുടെ പിടിയിലായിരുന്നു. അതനുവദിക്കാനാവില്ല. അതൊരു മൗലിക മനുഷ്യാവകാശമാണ്. ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം, ഊര്‍ജം, പൊതുസേവനങ്ങള്‍ - ഇവയൊന്നും സ്വകാര്യ മൂലധനത്തിന്റെ അത്യാര്‍ത്തിക്ക് വിട്ടുകൊടുത്തുകൂടാ. ജനതകള്‍ക്ക് ഈ അവകാശങ്ങള്‍ നിഷേധിക്കുന്നത് കാടത്തത്തിലേക്കുള്ള പോക്കാണ്; മുതലാളിത്തം കാടത്തമാണ്.

ദിനേനയെന്നോണം, ഞാനൊരു കാര്യം കൂടുതല്‍ക്കൂടുതലായി തിരിച്ചറിയുകയാണ്. കുറഞ്ഞ മുതലാളിത്തം സമം കൂടിയ സോഷ്യലിസം എന്ന കാര്യം. മുതലാളിത്തത്തെ നമുക്ക് മാറ്റിത്തീര്‍ക്കേണ്ടതുണ്ട്. പക്ഷേ അകത്തിരുന്നുകൊണ്ട് അതിനെ പുതുക്കിപ്പണിയാനാവില്ല. സോഷ്യലിസം വഴി മാത്രമേ അതിനെ മാറ്റിത്തീര്‍ക്കാനാവൂ. തുല്യതയും നീതിയും -മുതലാളിത്തശക്തിക്ക് അതീതമാവാനുള്ള വഴി അതു മാത്രമാണ്. ഇത് നിറവേറ്റാന്‍ ജനാധിപത്യത്തില്‍ കഴിയും എന്ന് എനിക്ക് ഉത്തമബോധ്യമുണ്ട്. പക്ഷേ കണ്ണുതുറന്നു നോക്കുക, ഏതുതരം ജനാധിപത്യമാണോ മിസ്റ്റര്‍ സൂപ്പര്‍മാന്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്, ആ ജനാധിപത്യമല്ല എന്നുറപ്പു വരുത്തുക.

ചെഗുവേരയെ ഞാന്‍ വളരെയേറെ ആരാധിക്കുന്നുവെങ്കിലും അദ്ദേഹത്തിന്റെ സിദ്ധാന്തം പ്രായോഗികമായിരുന്നില്ല എന്നാണെനിക്ക് തോന്നുന്നത്. അദ്ദേഹത്തിന്റെ ഗറില്ലാ യൂണിറ്റ് ഒരുപക്ഷേ പര്‍വതമുകളിലെ 100 പേര്‍, ക്യൂബയില്‍ അതിന് സാധ്യതയുണ്ടാവാം. പക്ഷേ മറ്റെവിടെയും സ്ഥിതി വളരെ വ്യത്യസ്തമാണ്. അതുകൊണ്ടാണ് ചെക്ക് ബൊളീവിയയില്‍ മരണമടയേണ്ടിവന്നത്. ഒരു ക്വിക്സോട്ടിക്കന്‍ കഥാപാത്രം! ഇന്ന് ഗറില്ലാ സെല്ലുകള്‍ ഉള്‍പ്പെടുന്നതല്ല സ്ഥിതിഗതികള്‍. അവരെ പര്‍വതപ്രദേശങ്ങളില്‍ റെയ്ഞ്ചര്‍മാര്‍ക്കോ നാവികര്‍ക്കോ വളഞ്ഞിടാം - ചെഗുവേരയോട് കാട്ടിയതുപോലെ. അവര്‍ ആകെ ഒരുപക്ഷേ 50 പേരേ ഉണ്ടായിരുന്നുള്ളൂ, മറ്റവരുടെ 500നു പകരമായി. ഇന്ന് ഞങ്ങള്‍ ദശലക്ഷങ്ങളാണ്, അവരെങ്ങനെയാണ് ഞങ്ങളെ വളയുക? ശ്രദ്ധിക്കുക, നമ്മളായിരിക്കും അവരെ വളയുക. ഇതുവരെയും അതായിട്ടില്ല. പക്ഷേ കുറേശ്ശെ കുറേശ്ശെയായി. സാമ്രാജ്യങ്ങളെ ചിലപ്പോള്‍ വളയാനാവില്ല. അവ അകത്തുകിടന്ന് അളിയും. എന്നിട്ട് നിലംപൊത്തി തകരും. റോമാസാമ്രാജ്യവും മറ്റു നിരവധി യൂറോപ്യന്‍ സാമ്രാജ്യങ്ങളും കഴിഞ്ഞ നൂറ്റാണ്ടുകളില്‍ തകര്‍ന്നതുപോലെ. ഒരുനാള്‍ അമേരിക്കന്‍ സാമ്രാജ്യത്വം അത് അകത്ത് പേറുന്ന കെട്ട ഭാഗങ്ങള്‍ കാരണം നിലംപൊത്തിയേക്കാം. എന്നിട്ട് മാര്‍ടിന്‍ ലൂതര്‍ കിങ്ങിന്റെ മഹത്തായ ജനത, നമ്മുടെ സഹോദരീസഹോദരന്മാര്‍ സ്വതന്ത്രരായേക്കും.

ഞങ്ങളിപ്പോഴും വിജയം പ്രഖ്യാപിക്കുന്നില്ല. പക്ഷേ യാഥാര്‍ഥ്യം തെളിയിക്കുന്നത് ഞങ്ങള്‍ അതിലേക്കുള്ള വഴിയിലാണെന്നാണ് -പ്രതിദിനം ഞങ്ങള്‍ക്കതിനെ പരിപാലിക്കേണ്ടതുണ്ടെങ്കിലും. എല്ലാ ദിവസവും എന്റെ സഖാക്കാളോടുള്ള എന്റെ ഉദ്ബോധനങ്ങളില്‍ പെടുന്ന ഒന്നാണ് അക്കാര്യം. ചെ പറഞ്ഞതുപോലെ ഉദ്യോഗസ്ഥ മേധാവിത്വത്തിനും അഴിമതിക്കുമെതിരെ പോരാടിക്കൊണ്ട് നമുക്ക് വിപ്ലവകരമായ ഒരു ശ്രേഷ്ഠത കൈവരിക്കാനാവണം. 2003ലും 2004ലും നാം കണ്ട വെനസ്വേലന്‍ സമ്പദ്വ്യവസ്ഥയുടെ ശക്തിപ്പെടല്‍ - ഉല്‍പാദനമേഖലയും കൃഷിയും എല്ലാം മുന്നേറുകയായിരുന്നു. ഒരു ദീര്‍ഘകാലത്തിനിടയില്‍ ഇതാദ്യമായാണ്, ഇനി അരി ഇറക്കുമതി വേണ്ടെന്നു പറയാന്‍ നമുക്കാവുന്നത്. ധാന്യങ്ങളുടെ കാര്യത്തിലും നമ്മള്‍ സ്വാശ്രയരാണ്. ഞങ്ങളുടെ കൃഷിയെ രക്ഷപ്പെടുത്തുന്ന നടപടികള്‍ ഞങ്ങള്‍ തുടരുക തന്നെ ചെയ്യും. ഭക്ഷ്യസുരക്ഷ നേടിയെടുക്കും. ഭൂവുടമകള്‍ക്കെതിരായ യുദ്ധത്തില്‍ എംഎസ്ടിയുടെ മാതൃക ഞങ്ങള്‍ അംഗീകരിക്കുന്നു. അത് ഞങ്ങള്‍ക്കും ഈ ഭൂഖണ്ഡത്തിലെ കര്‍ഷകര്‍ക്കാകെയും ഒരുദാഹരണമാണ്.

2004ല്‍ ഞങ്ങള്‍ മെര്‍കൂസറില്‍ അംഗത്വം നേടി. (ദക്ഷിണ അമേരിക്കന്‍ പൊതുവിപണിയാണ് മെര്‍ക്കൂസര്‍). അതിന്റെ രൂപരേഖയെക്കുറിച്ച് എനിക്ക് എതിരഭിപ്രായമുണ്ട്; പക്ഷേ എന്നിട്ടും ഞങ്ങളതില്‍ ചേരാന്‍ തീരുമാനിച്ചു. 5 വര്‍ഷംമുമ്പ് കനഡയിലെ അമേരിക്കാസ് ഉച്ചകോടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ ഞാന്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ അവിടെ എഫ്ടിഎഎ യെ എതിര്‍ക്കുന്നതിന് ഞാനൊരുത്തനേ ഉണ്ടായിരുന്നുള്ളൂ. കാരണം അത് ഒരു കൊളോണിയല്‍ പദ്ധതിയല്ലാതെ മറ്റൊന്നുമായിരുന്നില്ല. നമുക്ക് വേണ്ടത് ഒരു സംയോജിത ബദല്‍ മോഡലാണ്. അതിനെ ഞങ്ങള്‍ വിളിക്കുക ബൊളിവാറിയന്‍ ബദല്‍ എന്നാണ് - ALBA (Bolevarian Alternative for Latin America)ഈ പദ്ധതി പുരോഗമിക്കുന്നുണ്ട്. അത് കുറേക്കൂടി വേഗത കൈവരിക്കണമെന്ന് ആരും ആഗ്രഹിക്കും. പക്ഷേ യാഥാര്‍ഥ്യങ്ങളുണ്ട്. മുഹൂര്‍ത്തങ്ങളുണ്ട്, സമയക്രമങ്ങളും.

2005 ജനുവരി 1ന് സൂര്യനുദിച്ചു. എഫ്ടിഎഎ നാശത്തിലേക്കും പോയി. മിസ്റ്റര്‍ അപകടകാരീ, ഇപ്പോള്‍ എവിടെയുണ്ട് എഫ്ടിഎഎ? എഫ്ടിഎഎ ചത്തുപോയി. കൊച്ചു എഫ്ടിഎഎ കളുണ്ട്. പക്ഷേ ഫ്രീട്രേഡ് സോണ്‍ പ്രതിനിധാനംചെയ്യുന്ന സാമ്രാജ്യത്വാനുകൂല നിയോ കൊളേണിയല്‍ മോഡല്‍ അടിച്ചേല്‍പ്പിക്കാനായി ഇത്രക്കേറെ സമ്മര്‍ദങ്ങളും ഭീഷണികളും ഉയര്‍ത്തിയിട്ടും അത് നേടിയെടുക്കാനുള്ള ശക്തി വടക്കനമേരിക്കന്‍ സാമ്രാജ്യത്വത്തിന് ഇനിയും കിട്ടിയിട്ടില്ല. നമ്മളുടെ എതിരാളിയുടെ ദൗര്‍ബല്യങ്ങള്‍ പെരുപ്പിച്ചു കാട്ടാന്‍ ഞാനുദ്ദേശിക്കുന്നില്ല. അതൊരു മാരകമായ തെറ്റായിത്തീരും. എന്നിരിക്കിലും എനിക്കു തോന്നുന്നു, അതിന്റെ ദൗര്‍ബല്യത്തെ വസ്തുനിഷ്ഠമായി വിലയിരുത്തുന്നത് സൗകര്യപ്രദമാണ് എന്ന്. കാരണം എതിരാളി മര്‍ദനാതീതനാണെന്നു ഒരാള്‍ കരുതിയാല്‍ അതേ, അത് മര്‍ദനാതീതം തന്നെയായിരിക്കും; എന്നും. ചരിത്രത്തില്‍ വിയറ്റ്നാമുണ്ട്, ആക്രമണവും അധിനിവേശവും ചെറുക്കുന്ന ഇറാഖി ജനതയുണ്ട്, നാല്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നും ചെറുത്തുനില്‍പ്പ് തുടര്‍ന്നുകൊണ്ടേയിരിക്കുന്ന വിപ്ലവ ക്യൂബയുണ്ട്.

ബൊളിവാറിയന്‍ വെനസ്വേലയും 6 വര്‍ഷമായി പൊരുതിക്കൊണ്ടിരിക്കുകയാണ.് വടക്കനമേരിക്കന്‍ സാമ്രാജ്യത്വം അപ്രതിരോധ്യമല്ല. നേരാണ്, സദുദ്ദേശക്കാരായ ഒട്ടനവധി പാവങ്ങള്‍ കരുതുന്നത്അതിനെ തകര്‍ക്കാനാവില്ലെന്നാണ്. റോസാദളം കൊണ്ടുപോലും അതിനെ മര്‍ദിക്കാനാവില്ല. സാമ്രാജ്യത്വം കോപിക്കുകയും തിരിച്ചടിക്കുകയും ചെയ്യുമെന്ന് ഭയക്കുന്നവര്‍! ഗോലിയാത്ത് അപ്രതിരോധ്യനല്ല. അതുകൊണ്ടാണയാള്‍ കൂടുതല്‍ അപകടകാരിയാവുന്നത്. തന്റെ ദൗര്‍ബല്യം മനസ്സിലാക്കിത്തുടങ്ങിയാല്‍ അത് സര്‍വശക്തിയും എടുത്ത് തിരിച്ചടിക്കാന്‍ തുടങ്ങും - അതിന്റെ മുഴുവന്‍ മൃഗീയതയും ഉപയോഗിച്ച്! വെനസ്വേലക്കുനേരെ അത് കടന്നാക്രമണം നടത്തുന്നത് ദൗര്‍ബല്യത്തിന്റെ അടയാളമാണ്; പ്രത്യയശാസ്ത്രപരമായ ദൗര്‍ബല്യമാണത്. ഇന്ന് പഴയ ലത്തീനമേരിക്ക 5 വര്‍ഷം മുമ്പുള്ളതുപോലുമല്ല. നിങ്ങളോടുള്ള ബഹുമാനം കാരണം മറ്റേതെങ്കിലും രാജ്യത്തിലെ ആഭ്യന്തരസ്ഥിതിയെക്കുറിച്ച് അഭിപ്രായം പറയാന്‍ ഞാന്‍ മുതിരുന്നില്ല. വെനസ്വേലയില്‍, വിശേഷിച്ചും ആദ്യത്തെ രണ്ടുവര്‍ഷം എന്റെ പ്രവര്‍ത്തനങ്ങളെ പലരും വിമര്‍ശിച്ചു. വേഗം കൂട്ടണമെന്നും കുറേക്കൂടി പുരോഗമനപരമാവണമെന്നും ആവശ്യപ്പെട്ടു.

അതിനുള്ള നേരമായിട്ടില്ല എന്ന് എനിക്കു തോന്നി. കാരണം ഏതു പ്രക്രിയക്കും ഘട്ടങ്ങളുണ്ടല്ലോ. സഖാക്കളേ പടവുകളുണ്ട് ഏത് പ്രക്രിയയിലും. ഓരോ രാജ്യത്തെയും ആഭ്യന്തര സാഹചര്യങ്ങള്‍ക്കപ്പുറമുള്ള അന്താരാഷ്ട്ര സാഹചര്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതുമായ ആഭ്യന്തര താളമുണ്ട്. നിങ്ങളില്‍ ചിലര്‍ എതിര്‍ത്തേക്കാമെങ്കിലും ഞാനതു പറയുകതന്നെ ചെയ്യും. എനിക്ക് ലുലയെ ഇഷ്ടമാണ്. ഞാനദ്ദേഹത്തെ അഭിനന്ദിക്കുന്നു. അദ്ദേഹം ഒരു നല്ല മനുഷ്യനാണ്. വലിയൊരു ഹൃദയമുള്ള ഒരു സഹോദരന്‍, ഒരു സഖാവ്. എനിക്കുറപ്പാണ്, ലുലയും ബ്രസീലിലെ ജനങ്ങളും നെസ്റ്റര്‍ കിര്‍ച്ച്നറും അര്‍ജന്റീനന്‍ ജനങ്ങളും താബറെസ് വസ്ക്യുസും ഉറുഗ്വേയന്‍ ജനതയും ഒത്തുചേര്‍ന്ന് യുണൈറ്റഡ് ലാറ്റിന്‍ അമേരിക്ക എന്ന വ്യത്യസ്തവും സാധ്യവുമായ സ്വപ്നത്തിലേക്കുള്ള പാത വെട്ടിത്തുറക്കുക തന്നെ ചെയ്യും. ഒരു തകര്‍പ്പന്‍ ആശ്ലേഷം, ഞാന്‍ നിങ്ങളെയെല്ലാവരെയും അത്രമേല്‍ സ്നേഹിക്കുന്നു, എല്ലാവര്‍ക്കും ഒരു തകര്‍പ്പന്‍ സൗഹൃദാശ്ലേഷം. നന്ദി. വളരെ വളരെ നന്ദി.

*
മൊഴിമാറ്റം: എ കെ രമേശ് (ഡാനിയല്‍ മര്‍ഡുക്കോവിക്സിന്റെ ഇംഗ്ലീഷ് പരിഭാഷയെ മുന്‍നിര്‍ത്തി തയ്യാറാക്കിയത്)

ഇനി പ്രക്ഷോഭത്തിന്റെ നാളുകള്‍

യുപിഎ സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് പ്രീണന-ജനവിരുദ്ധ നയങ്ങള്‍ മൂലം ജീവിതം വഴിമുട്ടിയ ഇന്ത്യന്‍ ജനതയുടെ ജീവിതാവശ്യങ്ങളുയര്‍ത്തിയുള്ള വന്‍ പ്രക്ഷോഭത്തിന് സിപിഐ എം സജ്ജമായി. നാല് മേഖലകളില്‍ നിന്ന് ഗ്രാമീണഭാരതത്തിലൂടെ അവരുടെ ഹൃദയസ്പന്ദനങ്ങളും വേദനകളുമറിഞ്ഞ്, അവരുടെ സ്നേഹവായ്പുകള്‍ ഏറ്റുവാങ്ങി രാജ്യതലസ്ഥാനത്തെത്തിയ നാല് സമരസന്ദേശ ജാഥകളുടെ സമാപനംകുറിച്ച് നടത്തിയ ഉജ്വല റാലിയില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സമരപ്രഖ്യാപനം നടത്തി.

എല്ലാവര്‍ക്കും ഭൂമി, വീട്, തൊഴില്‍, വിദ്യാഭ്യാസം, സാമൂഹ്യനീതി എന്നിവ ഉറപ്പുവരുത്തുക, വിലക്കയറ്റവും അഴിമതിയും തടയുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയും ബദല്‍ രാഷ്ട്രീയം മുന്നോട്ടുവെച്ചും ഒരാഴ്ച സര്‍ക്കാരാഫീസുകള്‍ പിക്കറ്റുചെയ്യും. മെയ് 15നും 31നുമിടയിലാണ് കേന്ദ്ര, സംസ്ഥാന, ജില്ലാ, താലൂക്ക് ഓഫീസുകള്‍ പിക്കറ്റുചെയ്യുന്ന സമരം. ആവശ്യമെങ്കില്‍ നിയമം ലംഘിച്ച് സമരവളണ്ടിയര്‍മാര്‍ ജയിലില്‍ പോകും. പ്രക്ഷോഭത്തിന്റെ രണ്ടാം ഘട്ടം ഇടതുപക്ഷ പാര്‍ടികളുമായി ചേര്‍ന്ന് നടത്തും. തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള രാഷ്ട്രീയപ്രചരണമായല്ല, സമരസന്ദേശ ജാഥകള്‍ നടത്തിയതെന്ന് ജാഥാസമാപനം കുറിച്ച് ഡല്‍ഹിയിലെ രാംലീലാ മൈതാനിയില്‍ നടന്ന വന്‍ റാലിയെ അഭിസംബോധന ചെയ്ത് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ജനങ്ങളെ തങ്ങളുടെ ജീവിതസമരത്തിന്റെ രാഷ്ട്രീയം ബോധ്യപ്പെടുത്താനും സമരസജ്ജമാക്കാനുമുള്ള പ്രചരണമാണ് നാല് ജാഥകള്‍ നടത്തിയത്. ജനവിരുദ്ധ, നവ ഉദാരവല്‍ക്കരണ നയങ്ങള്‍ ഉപേക്ഷിക്കപ്പെടണമെങ്കില്‍ യുപിഎ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കണം.

വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കും ബിസിനസുകാര്‍ക്കും വേണ്ടിയുള്ളതാണ് യുപിഎ ഭരണം. വന്‍ ബിസിനസുകാര്‍ക്ക് ലക്ഷക്കണക്കിന് കോടി രൂപയുടെ നികുതിയിളവും ആനുകൂല്യങ്ങളും നല്‍കുന്ന സര്‍ക്കാര്‍, ഭക്ഷ്യവസ്തുക്കള്‍ക്കും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കും രാസവളത്തിനും നല്‍കുന്ന സബ്സിഡികള്‍ വന്‍തോതില്‍ വെട്ടിക്കുറച്ചു. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരിച്ചപ്പോഴും ഇതേ നയം തന്നെയാണ് തുടര്‍ന്നത്. ഇരു പാര്‍ടികളും ഒരേപോലെ അഴിമതിയുടെ കയത്തില്‍ വീണു. ഗുജറാത്തില്‍ നരേന്ദ്രമോഡി മുന്നോട്ടുവെക്കുന്ന മോഡല്‍ സ്വീകാര്യമല്ല. കോര്‍പ്പറേറ്റുകള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ഭൂമി നല്‍കുകയും തുഛമായ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കുകയും നികുതിയിളവുകള്‍ നല്‍കുകയും ചെയ്യുന്നു. സാധാരണജനങ്ങളുടെ ജീവിതത്തെ സഹായിക്കാന്‍ ഒരു നടപടിയുമില്ല. പോഷകാഹാരക്കുറവുള്ള കുട്ടികള്‍ ഏറ്റവും കൂടുതല്‍ ഗുജറാത്തിലാണ്. ന്യൂനപക്ഷങ്ങള്‍ ഏറ്റവും കൂടുതല്‍ കൊലചെയ്യപ്പെട്ടതും ഇവിടെയാണ്. ഇത് അനുകരണീയ മാതൃകയല്ല. ബിജെപിക്ക് രാഷ്ട്രീയബദല്‍ ആകാന്‍ കഴിയില്ല. അതിനാല്‍ യുപിഎക്ക് ബദല്‍ എന്‍ഡിഎ അല്ല എന്ന രാഷ്ട്രീയമാണ് സമരസന്ദേശ ജാഥകള്‍ പ്രചരിപ്പിച്ചത്. പുതിയ ബദല്‍ ആണ് കെട്ടിപ്പടുക്കേണ്ടത്. നവ ഉദാരവല്‍ക്കരണ നയങ്ങളില്‍ മാറ്റം വരുത്തുക, ഭൂരഹിത കര്‍ഷകര്‍ക്ക് ഭൂമി നല്‍കുക, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക, എല്ലാവര്‍ക്കും തൊഴില്‍ നല്‍കുക, വിദ്യാഭ്യാസം നല്‍കുക, ആരോഗ്യസേവനം ഉറപ്പാക്കുക തുടങ്ങിയ ബദല്‍ നയങ്ങള്‍ രൂപപ്പെടുത്തുക എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള ബദലാണ് രൂപപ്പെടേണ്ടത്. കര്‍ഷകര്‍, തൊഴിലാളികള്‍, യുവാക്കള്‍, മഹിളകള്‍ തുടങ്ങി വിവിധ വിഭാഗങ്ങളെ അണിനിരത്തിയുള്ള ശക്തമായ പ്രക്ഷോഭങ്ങളിലൂടെയാണ് ഈ ബദല്‍ കെട്ടിപ്പടുക്കേണ്ടത്. തിരഞ്ഞെടുപ്പിനു മുമ്പ് കോണ്‍ഗ്രസിനും ബിജെപിക്കുമെതിരായ ബദല്‍ ഉണ്ടാക്കാന്‍ ശ്രമം നടക്കാറുണ്ട്. എന്നാല്‍ നയങ്ങളുടെ കാര്യത്തില്‍ ഈ ബദലുകള്‍ വ്യത്യസ്തമല്ല എന്നതാണ് അനുഭവം. അധികാരത്തിലെത്തിയാല്‍ നവ ഉദാരവല്‍ക്കരണ നയങ്ങള്‍ തന്നെയായിരിക്കും ഇവരും തുടരുക. ജനങ്ങളുടെ ജീവിതാവശ്യങ്ങള്‍ ഉയര്‍ത്തി നടത്തുന്ന സമരങ്ങളിലൂടെ രൂപപ്പെടുന്ന ബദല്‍ മാത്രമേ ഫലപ്രദമാവുകയുള്ളു. അതിനുവേണ്ടിയാണ് സിപിഐ എമ്മും ഇടതുപക്ഷവും ശ്രമിക്കുന്നത്. അതിനാല്‍ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള സമരസന്ദേശ ജാഥകളും റാലിയുമല്ല സിപിഐ എം നടത്തിയതെന്ന് പ്രകാശ് കാരാട്ട് അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കി.

ഡല്‍ഹി റാലി സിപിഐ എമ്മിന്റെ ആഭിമുഖ്യത്തില്‍ ഡല്‍ഹിയില്‍ നടന്ന റാലികളില്‍ ഏറ്റവും ഉജ്വലവും ആവേശകരവുമായി സമരസന്ദേശ ജാഥകളുടെ സമാപനം കുറിച്ച് മാര്‍ച്ച് 19ന് രാംലീല മൈതാനിയില്‍ നടന്ന റാലി. ഉത്തരന്ത്യേന്‍ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, ഹരിയാണ, പഞ്ചാബ്, ഹിമാചല്‍പ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും മധ്യപ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമാണ് പ്രധാനമായും ജനങ്ങള്‍ റാലിക്കെത്തിയത്. കേരളം, പശ്ചിമബംഗാള്‍, ആന്ധ്രപ്രദേശ്, തമിഴ്നാട്, കര്‍ണാടകം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് പ്രാതിനിധ്യസ്വഭാവത്തോടെ ആളുകളെത്തി. പതിനെട്ടാം പാര്‍ടി കോണ്‍ഗ്രസില്‍ ഡല്‍ഹിയില്‍ ഇതേ സ്ഥലത്തു നടന്ന റാലിയും ഇപ്പോള്‍ നടന്ന റാലിയും താരതമ്യം ചെയ്താല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രാതിനിധ്യം വര്‍ധിച്ചിട്ടുണ്ടെന്നു കാണാം. പ്രത്യേകിച്ച് ബീഹാറില്‍ നിന്നുള്ള പ്രാതിനിധ്യം. ബീഹാറിലെ പല ജില്ലകളില്‍ നിന്നും ബാനറുകളും ചെങ്കൊടികളുമേന്തി പാവപ്പെട്ട ജനങ്ങള്‍ കുടുംബസമേതം റാലിക്കെത്തി. തലേദിവസം എത്തി ഡല്‍ഹിയിലെ ക്യാമ്പുകളില്‍ താമസിച്ചാണ് ഇവര്‍ റാലിയില്‍ പങ്കെടുത്തത്. രാജസ്ഥാന്‍, മഹാരാഷ്ട്ര, ഹരിയാണ, പഞ്ചാബ്, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നും ധാരാളം പേര്‍ റാലിയില്‍ പങ്കെടുത്തു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രമേണയാണെങ്കിലും സിപിഐ എമ്മിന്റെ ജനകീയാടിത്തറ വിപുലമാവുകയാണ് എന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു റാലിയിലെ പ്രാതിനിധ്യം. ഒരു ലക്ഷം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രാംലീലാ മൈതാനിയില്‍ ഒരിടം പോലും ശൂന്യമാക്കാതെ ജനങ്ങള്‍ അണിനിരന്നു. നിരവധി ജനമുന്നേറ്റങ്ങള്‍ കണ്ടിട്ടുള്ള ഡല്‍ഹിക്ക് സിപിഐ എമ്മിന്റെ ആവേശകരവും അച്ചടക്കമുള്ളതുമായ റാലി വ്യത്യസ്ത അനുഭവമായിരുന്നു. സിപിഐ എം ജാഥകള്‍ ഗ്രാമീണഭാരതത്തിന്റെ വേദനകളറിയാന്‍ ഇത്രയും സമഗ്രമായ ഒരു അന്വേഷണം ഇന്ത്യയില്‍ ഇതുവരെ മറ്റൊരു പാര്‍ടിയും നടത്തിയിട്ടില്ല. രാജ്യത്തിന്റെ നാല് കോണുകളില്‍ നിന്നു പുറപ്പെട്ട സമരസന്ദേശ ജാഥകള്‍, ആ ജാഥകളിലേക്ക് എത്തിച്ചേര്‍ന്ന നിരവധി ഉപജാഥകള്‍, അങ്ങനെ രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളെയും സ്പര്‍ശിക്കുക മാത്രമല്ല, ആ പ്രദേശങ്ങളിലെ ജനങ്ങളുടെ ഹൃദയങ്ങളെക്കൂടി സ്പര്‍ശിച്ചാണ് ജാഥകള്‍ കടന്നുപോയത്. യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ, തൊഴിലാളിവിരുദ്ധ, കര്‍ഷകവിരുദ്ധ, പരിസ്ഥിതിവിരുദ്ധ നയങ്ങളില്‍ തകരുന്ന ഗ്രാമീണജീവിതത്തെ നേര്‍മുഖം കണ്ടും നാടിനെയും സ്വന്തം ജീവിതത്തെയും സംരക്ഷിക്കാന്‍ ജനങ്ങള്‍ നടത്തുന്ന പോരാട്ടങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നുമാണ് ജാഥകള്‍ രാജ്യതലസ്ഥാനത്ത് എത്തിച്ചേര്‍ന്നത്.

പാര്‍ലമെന്റില്‍ എത്ര സീറ്റുണ്ടെന്നതല്ല, രാജ്യത്തിന്റെ പുരോഗമനപരമായ നിലനില്‍പ്പിനും ജനങ്ങളുടെ ജീവിതക്ഷേമത്തിനും വേണ്ടി എന്ത് നിലപാടെടുക്കുന്നുവെന്നതാണ് രാഷ്ട്രീയ പാര്‍ടികളുടെ പ്രസക്തിയെയും പ്രാധാന്യത്തെയും നിശ്ചയിക്കുന്ന ഘടകങ്ങള്‍. കോണ്‍ഗ്രസും ബിജെപിയും അവഗണിക്കുന്ന സാധാരണമനുഷ്യരുടെ ജീവിതപ്രയാസങ്ങളാണ് ഇടതുപക്ഷം, പ്രത്യേകിച്ച് സിപിഐ എം അവരുടെ പ്രവര്‍ത്തനത്തിന്റെ ഏറ്റവും പ്രധാന മേഖലയാക്കുന്നത്. ജനങ്ങള്‍ക്കെതിരായ ഭരണകൂടത്തിന്റെ ആക്രമണങ്ങളെ ദേശീയാടിസ്ഥാനത്തില്‍ പ്രതിരോധിക്കുന്ന സിപിഐ എമ്മിന് ആ പോരാട്ടങ്ങള്‍ക്ക് കരുത്തും ആശയദാര്‍ഢ്യവും പകരുന്ന അനുഭവങ്ങളാണ് സമര സന്ദേശ ജാഥകളില്‍ നിന്ന് ലഭിച്ചത്. രാജപാതകളിലൂടെ നഗരകേന്ദ്രങ്ങളിലെത്തി വിശ്രമിക്കുന്നതായിരുന്നില്ല ഈ ജാഥകള്‍. പാവപ്പെട്ടവരും അശരണരും നടത്തുന്ന ജീവിതസമരങ്ങളുടെ ഇടയിലൂടെയാണ് ജാഥ സഞ്ചരിച്ചത്. ഭൂമിയില്ലാത്തവര്‍, തൊഴിലില്ലാത്തവര്‍, ഭക്ഷണമില്ലാത്തവര്‍, ഭരണകൂടത്തിന്റെയും ധന മൂലധനത്തിന്റെയും ആക്രമണങ്ങളില്‍ വീടും ഉപജീവനവും നഷ്ടപ്പെട്ടവര്‍, അങ്ങനെ പൊരുതുന്ന ഇന്ത്യയുടെ ഇടങ്ങളിലൂടെ ജാഥകള്‍ ദേശീയ തലസ്ഥാനത്തെത്തി. ജാഥാംഗങ്ങളോട് പാവപ്പെട്ട ജനങ്ങള്‍ തങ്ങളുടെ ദുരിതങ്ങള്‍ വിവരിച്ചു. എക്കാലവും പാവപ്പെട്ട ജനങ്ങളുടെ ജീവിതസമരങ്ങള്‍ നയിച്ച സിപിഐ എം ഈ സമരങ്ങള്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി.

ദക്ഷിണമേഖലാ ജാഥ ഫെബ്രുവരി 24ന് കന്യാകുമാരിയില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഫ്ളാഗ് ഓഫ് ചെയ്ത തെക്കന്‍ മേഖലാ ജാഥ 17 ദിവസം കൊണ്ട് 3350 കിലോമീറ്റര്‍ സഞ്ചരിച്ച് മാര്‍ച്ച് 12ന് ഭോപാലില്‍ എത്തിച്ചേര്‍ന്നു. അവിടെ മുംബൈയില്‍ നിന്നുള്ള പശ്ചിമമേഖലാ ജാഥയുമായി ചേര്‍ന്നു. തെക്കന്‍മേഖലാ ജാഥ പത്ത് ലക്ഷം ജനങ്ങളുമായി നേരിട്ട് സംവദിച്ചു. 70 സ്ഥലങ്ങളില്‍ സ്വീകരണയോഗങ്ങളില്‍ ജാഥാംഗങ്ങള്‍ ജനങ്ങളോട് സംസാരിച്ചു. 50 സ്ഥലങ്ങളില്‍ക്കൂടി സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി. തമിഴ്നാട്ടില്‍ നിന്ന് ആരംഭിച്ച ജാഥ കേരളം, വീണ്ടും തമിഴ്നാട്, കര്‍ണാടകം, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് മധ്യപ്രദേശിലെത്തിയത്. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള ക്യാപ്റ്റനായുള്ള ജാഥയില്‍ പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി, കേന്ദ്ര സെക്രട്ടറിയറ്റംഗം ശ്രീനിവാസറാവു, കേന്ദ്ര കമ്മിറ്റിയംഗം സുധ സുന്ദരരാമന്‍ എന്നിവര്‍ അംഗങ്ങളായിരുന്നു. സാമ്രാജ്യത്വത്തിനും ജന്‍മിത്വത്തിനും മുതലാളിത്ത ചൂഷണത്തിനുമെതിരെ ജനങ്ങള്‍ നടത്തിയ ഐതിഹാസിക പോരാട്ടങ്ങളുടെ ഓര്‍മകള്‍ പേറുന്ന വീരഭൂമികളിലൂടെയായിരുന്നു ജാഥയുടെ പ്രയാണം.

പുന്നപ്ര-വയലാര്‍, മലബാര്‍ കര്‍ഷക കലാപം, സേലം ജയിലിലെ പോരാട്ടം, തെലങ്കാന പോരാട്ടം എന്നിവയാല്‍ പ്രചോദിതമായ പ്രദേശങ്ങളിലൂടെയുള്ള ജാഥാപ്രയാണത്തിന് ജനങ്ങള്‍ വീരോചിതമായ വരവേല്‍പ്പാണ് നല്‍കിയത്. ജാഥ മുന്നോട്ടുവെക്കുന്ന മുദ്രാവാക്യങ്ങള്‍ എത്ര പ്രസക്തമാണെന്ന് ആവര്‍ത്തിച്ച് ബോധ്യപ്പെടുത്തുന്നതായിരുന്നു. ഭൂമിയില്ലാത്തവര്‍, ഉള്ള ഭൂമി നിലനിര്‍ത്താന്‍ സമരം ചെയ്യുന്നവര്‍, വീടില്ലാത്തവര്‍, വിശപ്പകറ്റാന്‍ ജീവിതസമരം നടത്തുന്നവര്‍, തൊഴിലില്ലാത്തവര്‍, വിവിധ മേഖലകളില്‍ പീഡിപ്പിക്കപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുന്നവര്‍ തുടങ്ങി സമൂഹത്തിലെ വേദനിക്കുന്ന ജനതയുടെ മുന്നേറ്റമാണ് ജാഥാ സ്വീകരണയോഗങ്ങളില്‍ കണ്ടത്. ഇവരുടെ പോരാട്ടങ്ങളുടെ മുന്നില്‍ എന്നും സിപിഐ എം ഉണ്ടാകുമെന്ന ഉറപ്പാണ് ജാഥാംഗങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിയത്. യുപിഎയുടെ കോര്‍പ്പറേറ്റ് അനുകൂല, ജനവിരുദ്ധ നയപരിപാടികള്‍ മൂലം മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കുന്ന ഗ്രാമീണഭാരതത്തെയാണ് ജാഥക്ക് കാണാന്‍ കഴിഞ്ഞത്. പരമ്പരാഗത വ്യവസായങ്ങളും കാര്‍ഷികമേഖലയും തകര്‍ന്നതു മൂലം ജീവിതക്ലേശങ്ങള്‍ തീര്‍ക്കാന്‍ പാടുപെടുന്ന കേരളം, ലോകത്തിലെ തന്നെ ഏറ്റവും പ്രധാന വസ്ത്രനിര്‍മ്മാണ കേന്ദ്രങ്ങളിലൊന്നായിരുന്ന തിരുപ്പൂരിനെ ഗ്രസിച്ചിരിക്കുന്ന മാന്ദ്യം, വരള്‍ച്ചയും കോര്‍പ്പറേറ്റ് ശക്തികളുടെ ചൂഷണവും മൂലം തകരുന്ന കര്‍ണാടകം, കാര്‍ഷിക, ഗ്രാമീണ സമ്പദ്വ്യവസ്ഥകള്‍ ദുര്‍ബ്ബലമായിക്കൊണ്ടിരിക്കുന്ന ആന്ധ്രപ്രദേശ്, കര്‍ഷക ആത്മഹത്യകളില്‍ നിന്ന് ഇനിയും മോചനം നേടിയിട്ടില്ലാത്ത വിദര്‍ഭയുടെ ദുഃഖം പേറുന്ന മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ ഇവയുടെയൊക്കെ ഇരകളായ ജനങ്ങളെ നേരില്‍ക്കണ്ടു. ആന്ധ്രപ്രദേശിലെ അഡിലാബാദില്‍ ഒരു ലക്ഷത്തിലധികം ബീഡിത്തൊഴിലാളികള്‍ വന്‍കിട മുതലാളിമാരുടെ കടുത്ത ചൂഷണത്തിനെതിരെ പോരാട്ടത്തിലാണ്. കവ്വല്‍ വനമേഖലയില്‍ കടുവ സംരക്ഷണ കേന്ദ്രത്തിനായി 42 ഗ്രാമങ്ങളില്‍ നിന്ന് ആദിവാസികളെ ആട്ടിപ്പുറത്താക്കാന്‍ പോകുന്നു. പകരം പുനഃരധിവാസ സംവിധാനങ്ങളൊന്നും നല്‍കാതെയാണിത്. ആദിവാസി വനാവകാശനിയമ പ്രകാരം ഇവര്‍ക്ക് അവകാശരേഖ നല്‍കിയിട്ടുമില്ല. ഖാന്‍പൂരില്‍ ആദിവാസികള്‍ സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ നാലേക്കര്‍ മിച്ചഭൂമി പിടിച്ചെടുത്ത് 60 കുടിലുകള്‍ കെട്ടി. ഇവിടെ ജാഥാ ക്യാപ്റ്റന്‍ എസ് രാമചന്ദ്രന്‍പിള്ള ചെങ്കൊടി ഉയര്‍ത്തി. ജാഥാംഗങ്ങളെ ആദിവാസികള്‍ ചുവന്ന തിലകം ചാര്‍ത്തി സ്വീകരിച്ചു. ആന്ധ്രപ്രദേശ്-മധ്യപ്രദേശ് അതിര്‍ത്തിയിലെ സിംഗറേനിയില്‍ കല്‍ക്കരി ഖനികള്‍ക്കായി ആയിരക്കണക്കിനാളുകളുടെ ഭൂമി കയ്യേറുന്നു. അവിടെ ജനങ്ങള്‍ ഭൂമിക്കും പരിസ്ഥിതി സംരക്ഷണത്തിനും വേണ്ടിയുള്ള പോരാട്ടത്തിലാണ്. 1942ല്‍ ക്വിറ്റിന്ത്യാ സമരത്തിന് തീരുമാനമെടുത്ത ഗാന്ധിജിയുടെ സേവാഗ്രാമില്‍ ജാഥാംഗങ്ങള്‍ കണ്ടത് നിശ്ചലമായി തീരാറായ സേവാഗ്രാമിനെയാണ്. കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ച് നിസ്സാര കൂലിക്ക് മറ്റ് പണികള്‍ക്കു പോകുന്നു. എണ്‍പതുകാരനായ ഗുലാം ഷേഖ് ഇപ്പോള്‍ രാവിലെ കൃഷിയിടത്തിലേക്കു പോകുന്നതിനു പകരം മഹാഗാവോണിലുള്ള ഒരു തുണിക്കടയിലെ ജോലിക്കാണ് നടന്നുപോകുന്നത്. ദിവസവും പത്ത് കിലോമീറ്റര്‍ നടന്നാണ് ഈ വൃദ്ധന്‍ കൃഷിക്കു പകരമുള്ള തന്റെ ജീവിതായോധനത്തിന് പോകുന്നത്. ഒരു മാസത്തെ വേതനം 1000 രൂപ. ഒരു ദിവസം 33 രൂപ. 60 ഏക്കറില്‍ പരുത്തിയും പയറുവര്‍ഗങ്ങളും പച്ചക്കറിയും കൃഷി ചെയ്തിരുന്ന കര്‍ഷകനാണ് അതുപേക്ഷിച്ച് നിസ്സാര കൂലിക്ക് പണിയെടുക്കാന്‍ പത്ത് കിലോമീറ്റര്‍ നടക്കുന്നത്. ഇത്തരം നിരവധി പേര്‍ കടകളിലും ചെറു ഫാക്ടറികളിലും മാര്‍ക്കറ്റുകളിലും പണിയെടുക്കാന്‍ പോകുന്നു. ജലസേചന സൗകര്യം, കാര്‍ഷികവായ്പ എന്നിവയൊന്നും കിട്ടാത്ത കര്‍ഷകര്‍ തങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് വില കൂടി കിട്ടാതാവുന്നതോടെ മരണത്തിന്റെ മുന്നിലെത്തുന്നു. അവിടെനിന്ന് വഴിമാറണമെങ്കില്‍ അവര്‍ കൃഷി ഉപേക്ഷിക്കണം. അതാണ് മഹാരാഷ്ട്രയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

എവിടെയും ജനങ്ങളുടെ ജീവിതത്തിനു നേരേ കൊതിയൂറുന്ന കണ്ണുകളോടെ കോര്‍പ്പറേറ്റ് മുതലാളിത്തം ആക്രമണം നടത്തുകയാണ്. അവരുടെ ഭൂമി, തൊഴില്‍, ജീവിതം തന്നെയും ഈ ആക്രമണങ്ങളില്‍ കവര്‍ന്നെടുക്കപ്പെടുന്നു. ഇതിനെതിരെ വിവിധ പ്രദേശങ്ങളില്‍ നടക്കുന്ന പോരാട്ടങ്ങള്‍ക്ക് കൂടുതല്‍ ശക്തിയും മൂര്‍ച്ചയും ഐക്യരൂപവും നല്‍കുകയെന്നത് പ്രധാന കടമയായി മാറുന്നു. കിഴക്കന്‍ മേഖലാ ജാഥ കിഴക്കന്‍ മേഖലാ ജാഥയുടെ സഞ്ചാരപഥം അടച്ചമര്‍ത്തപ്പെട്ട ജനത നടത്തുന്ന ധീരോദാത്തമായ പോരാട്ടങ്ങളുടെ ഭൂമികയിലൂടെയായിരുന്നു. "മിന്നിത്തിളങ്ങുന്ന ഇന്ത്യ"യില്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ട സമൂഹം നടത്തുന്ന പോരാട്ടങ്ങളെ നേരില്‍ക്കണ്ടാണ് ഈ ജാഥ മുന്നേറിയത്.

മാര്‍ച്ച് ഒന്നിന് ചരിത്രപ്രസിദ്ധമായ കൊല്‍ക്കത്ത നഗരത്തിലെ റാണി റാഷ്മണി റോഡില്‍ ആയിരക്കണക്കിന് ചെങ്കൊടികളുടെ തണലില്‍ ഒത്തുചേര്‍ന്ന പതിനായിരങ്ങളുടെ ആവേശകരമായ മുദ്രാവാക്യം വിളികള്‍ക്കിടയില്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബുദ്ധദേവ് ഭട്ടാചാര്യയാണ് ജാഥ ഫ്ളാഗ് ഓഫ് ചെയ്തത്. ക്യാപ്റ്റന്‍ പ്രകാശ് കാരാട്ട്, അംഗങ്ങളായ ബിമന്‍ ബസു, ജൊഗീന്ദര്‍ ശര്‍മ, സുഭാഷിണി അലി, ഗ്യാന്‍ശങ്കര്‍ മജുംദാര്‍ എന്നിവരും ജാഥാ സ്വീകരണയോഗങ്ങളില്‍ സംസാരിച്ചു. ഹൗറ, ഹുഗ്ലി ജില്ലകളിലൂടെ പടിഞ്ഞാറേക്ക് പ്രയാണം തുടങ്ങിയ ജാഥക്ക് ബര്‍ധ്മാനിലെ പല്‍സിതില്‍ നല്‍കിയ സ്വീകരണം അത്യാവേശകരമായിരുന്നു. പതിനായിരങ്ങള്‍ ജാഥാപഥത്തിനിരുവശവും ചെങ്കൊടികള്‍ വീശി ജാഥയെ വരവേറ്റു. ബര്‍ധ്മാന്‍ നഗരത്തിലും ആദ്യ ദിവസത്തെ സമാപനസ്ഥലമായ ദുര്‍ഗാപ്പൂര്‍ നഗരത്തിലും അത്യാവേശകരമായ സ്വീകരണമാണ് ലഭിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭീകരതയില്‍ ഏറെക്കാലം വിറങ്ങലിച്ചു നിന്നിരുന്ന ഗല്‍സിയില്‍ ജനങ്ങള്‍ ഭീതിയുടെ ചങ്ങല പൊട്ടിച്ച് ജാഥയെ വരവേല്‍ക്കാനെത്തി. പുരൂളിയ ജില്ലയിലൂടെയാണ് ജാര്‍ഖണ്ഡിലേക്ക് ജാഥ പ്രവേശിച്ചത്. പ്രശസ്ത ചലച്ചിത്രകാരന്‍ }ഋത്വിക് ഘട്ടക് തന്റെ ചലച്ചിത്രത്തില്‍ മനോഹരമായി ആവിഷ്കരിച്ച "സുവര്‍ണരേഖ" നദി കടന്ന് ജാര്‍ഖണ്ഡിലെത്തിയ ജാഥ, വലിയൊരു ജനകീയ പ്രക്ഷോഭത്തിന്റെ ആവേശത്തില്‍ നില്‍ക്കുന്ന മുറിയിലെ ജനങ്ങളെയാണ് കണ്ടത്. ഹിന്‍ഡാല്‍കോ കമ്പനിക്കു വേണ്ടി 12000 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ ജനങ്ങള്‍ക്ക് പുനഃരധിവാസം നല്‍കിയില്ല. ഇതിനെതിരെയാണ് മുറിയിലെ പോരാട്ടം. ദുമര്‍ഗഡിയില്‍ ആദിവാസികളാണ് ജാഥയെ വരവേല്‍ക്കാനെത്തിയത്. 40 വര്‍ഷമായി വനത്തില്‍ കഴിയുന്ന ആദിവാസികള്‍ക്ക് വനാവകാശ നിയമം പാസായിട്ടും ഇതുവരെ പട്ടയം കിട്ടിയില്ല. പട്ടയത്തിനുവേണ്ടിയാണ് ആദിവാസികളുടെ പോരാട്ടം. റാഞ്ചിയിലെ അര്‍ഗോറ മൈതാനത്ത് ജാഥയെ വരവേല്‍ക്കാന്‍ ആയിരക്കണക്കിനാളുകള്‍ പ്രകടനമായെത്തി. കോദര്‍മയില്‍ മൈക്ക ഫാക്ടറികള്‍ അടച്ചുപൂട്ടിയപ്പോള്‍ നിരവധി പേര്‍ക്ക് ജീവിതമാര്‍ഗം ഇല്ലാതായി. മൂന്നിഞ്ചില്‍ കുറവ് കനമുള്ള മൈക്ക ചീളുകള്‍ പെറുക്കിവിറ്റ് ജീവിച്ചിരുന്ന സാധാരണക്കാര്‍ക്ക് ഇപ്പോള്‍ അതിനുള്ള അവകാശം നിഷേധിച്ചിരിക്കയാണ്. ജനങ്ങള്‍ അവകാശം തിരിച്ചുകിട്ടാനുള്ള സമരത്തിലും. ബിഹാറിലൂടെ ആറ് ദിവസമാണ് ജാഥ സഞ്ചരിച്ചത്. ജാഥ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ എത്ര പ്രസക്തമാണെന്ന് ബിഹാറില്‍ വിവിധ ജാഥാകേന്ദ്രങ്ങളിലെത്തിയ ജനങ്ങളുടെ ജീവിതപ്രശ്നങ്ങള്‍ സൂചിപ്പിക്കുന്നു. ഭൂമിയില്ലാത്തവര്‍, തൊഴിലില്ലാത്തവര്‍, വീടില്ലാത്തവര്‍, ഭക്ഷണമില്ലാത്ത പട്ടിണിപ്പാവങ്ങള്‍ എന്നിവരുടെയെല്ലാം പങ്കാളിത്തമായിരുന്നു ഈ സ്വീകരണകേന്ദ്രങ്ങളില്‍. ഗാന്ധിജിയുടെ ഐതിഹാസികമായ ചമ്പാരന്‍ സമരത്തില്‍ പങ്കെടുത്ത കര്‍ഷകരുടെ പിന്‍മുറക്കാര്‍ ഇന്നും പോരാട്ടം തുടരുകയാണ്. ചമ്പാരനിലെ മോത്തിഹാരി മുതല്‍ ബേട്ടിയ വരെയുള്ള ജാഥാപര്യടനത്തില്‍ നിരവധി കര്‍ഷകസമരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ജാഥാംഗങ്ങള്‍ മനസ്സിലാക്കി.

ദര്‍ഭംഗയിലും മധുബനിയിലും കോസി, ബാഗ്മതി നദികളുടെ ക്രോധത്തില്‍ എല്ലാ വര്‍ഷവും ജീവിതം പറിച്ചെറിയപ്പെടുന്ന പാവപ്പെട്ടവരുടെ ദുഃഖമാണ് ജാഥാംഗങ്ങള്‍ കണ്ടത്. ചന്ദൗലി ജില്ലയിലെ നൗബത്പൂരിലൂടെ ഉത്തര്‍പ്രദേശിന്റെ കിഴക്കുഭാഗത്ത് പ്രവേശിച്ച ജാഥ വാരാണസി, ജോണ്‍പൂര്‍, സുല്‍ത്താന്‍പൂര്‍, ലക്നൗ, കാണ്‍പൂര്‍, നോയിഡ വഴി മാര്‍ച്ച് 14ന് ഡല്‍ഹിയില്‍ സമാപിച്ചു. രണ്ടാഴ്ച കൊണ്ട് പൂര്‍വഭാരതത്തിലെ നാല് സംസ്ഥാനങ്ങളിലൂടെ 2650 കിലോമീറ്റര്‍ പിന്നിട്ട ജാഥ 33 പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു. 125 കവലയോഗങ്ങളും നടന്നു. സ്വീകരണകേന്ദ്രങ്ങളില്‍ ജനങ്ങളോട് സംസാരിച്ചു. യുപിഎ സര്‍ക്കാരിന്റെ നവ ലിബറല്‍, ജനവിരുദ്ധ നയങ്ങള്‍ മൂലം ജീവിതം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഗ്രാമീണജനതക്ക് പുതിയ പോരാട്ടഭാവുകങ്ങളും കരുത്തും നല്‍കിയാണ് ജാഥ ഡല്‍ഹിയില്‍ സമാപിച്ചത്.

ഉത്തരമേഖലാ ജാഥ സാതന്ത്ര്യസമരത്തിലെ ഇതിഹാസസമാനമായ സംഭവമായ ജാലിയന്‍വാലാബാഗ് വെടിവെപ്പില്‍ രക്തസാക്ഷികളായവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചാണ് ഉത്തരമേഖലാ ജാഥ പര്യടനം തുടങ്ങിയത്. സ്വാതന്ത്ര്യസമരത്തില്‍ നൂറുകണക്കിന് ധീരന്‍മാര്‍ രക്തസാക്ഷികളായ മണ്ണാണ് പഞ്ചാബ്. ഭഗത്സിങ്, കര്‍ത്താര്‍സിങ് ശരഭ, ഉദ്ധംസിങ് തുടങ്ങിയവര്‍ ഈ ശ്രേണിയിലെ ഉജ്വലശോഭയോടെ തിളങ്ങുന്ന പോരാളികളാണ്. പഞ്ചാബിലെ സംഘടിത വര്‍ഗശക്തിയെ വര്‍ഗീയ, വിഘടനശക്തികളുടെ ഛിദ്രപ്രവര്‍ത്തനം ദുര്‍ബലമാക്കിയെങ്കിലും ഇടതുപക്ഷ പ്രസ്ഥാനം പഞ്ചാബില്‍ തിരിച്ചുവരവിന്റെ പാതയിലാണ്. ഈ പോരാട്ടത്തിന് ശക്തി പകരാന്‍ സിപിഐ എമ്മിന്റെ ഉത്തരമേഖലാ സമര സന്ദേശ ജാഥക്ക് കഴിഞ്ഞു.

പഞ്ചാബ്, ഹരിയാണ, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലൂടെ ആയിരത്തിഅഞ്ഞൂറോളം കിലോമീറ്ററാണ് ജാഥ സഞ്ചരിച്ചത്. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിന്റെ നേതൃത്വത്തിലുള്ള ജാഥ സഞ്ചരിച്ചയിടങ്ങളില്‍ ഭൂമിയും ജീവിതവും അഭിമാനവും സംരക്ഷിക്കാന്‍ വേണ്ടി പോരടിക്കുന്ന പാവപ്പെട്ട മനുഷ്യരാണ് ജാഥയെ വരവേല്‍ക്കാനെത്തിയത്. വന്‍ ഭൂ മാഫിയകള്‍ പഞ്ചാബ്, ഹരിയാണ, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ആയിരക്കണക്കിനേക്കര്‍ ഭൂമി കര്‍ഷകരില്‍ നിന്ന് ബലമായി പിടിച്ചെടുക്കുകയാണ്. ഹരിയാണയില്‍ മാത്രം 70000 കര്‍ഷകര്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതിനു മുന്നോടിയായ നോട്ടീസ് നല്‍കിക്കഴിഞ്ഞു. കൃഷിയല്ലാതെ മറ്റൊരു ജീവിതമാര്‍ഗവുമില്ലാത്ത ഈ കര്‍ഷകരെ ഇറക്കിവിടാന്‍ ഹരിയാണയിലെയും രാജസ്ഥാനിലെയും കോണ്‍ഗ്രസ് സര്‍ക്കാരുകളോട് പഞ്ചാബിലെ അകാലിദള്‍ സര്‍ക്കാര്‍ മത്സരത്തിലാണ്. അമൃത്സറില്‍ പഞ്ചാബിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിലൊരാളായ സോഹന്‍സിങ് ജോഷിന്റെ മകന്‍ ദവീന്ദര്‍സിങ്ങാണ് അമൃത്സറില്‍ ജാഥാ ക്യാപ്റ്റന്‍ വൃന്ദ കാരാട്ടിന് പതാക കൈമാറിയത്. ജലന്ധര്‍, ലൂധിയാന, ചന്ദിഗഡ്, പട്യാല എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷമാണ് ജാഥ ഹരിയാണയില്‍ പ്രവേശിച്ചത്. ലൂധിയാനയില്‍ ദേശീയ തൊഴിലുറപ്പു പദ്ധതിയിലെ തൊഴിലാളിയും അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകയുമായ മഞ്ജിത് കൗര്‍ വൃന്ദയെ വരവേറ്റു. തൊഴിലുറപ്പു പദ്ധതി സംബന്ധിച്ച ദേശീയ സെമിനാറില്‍ പങ്കെടുത്ത മൂന്ന് തൊഴിലാളികളില്‍ ഒരാളായിരുന്നു മഞ്ജിത് കൗര്‍. പ്രധാനമന്ത്രി പങ്കെടുത്ത ആ യോഗത്തില്‍ തൊഴിലുറപ്പു പദ്ധതി പ്രകാരം പ്രതിവര്‍ഷം 200 ദിവസം തൊഴില്‍ നല്‍കണമെന്നും കുറഞ്ഞ കൂലി 300 രൂപയാക്കണമെന്നും മഞ്ജിത് കൗര്‍ ആവശ്യപ്പെട്ടിരുന്നു. പട്യാലക്കടുത്ത സുഖോഹ ഗ്രാമത്തില്‍ തങ്ങളുടെ ഭൂമിയും വീടും സംരക്ഷിക്കാന്‍ സമരം ചെയ്ത ആറ് സ്ത്രീകളെ ജയിലിലടച്ചു. ഇവരുടെ ബന്ധുക്കള്‍ ജാഥയെ സ്വീകരിക്കാനെത്തി.

ഹരിയാണയിലെ ചിക എന്ന സ്ഥലത്ത് നടന്ന സ്വീകരണത്തില്‍ പങ്കെടുക്കാന്‍ വന്നവര്‍ക്ക് ഒരു പ്രത്യേകതയുണ്ട്. വിഭജനകാലത്ത് പാകിസ്ഥാനിലെ ഭൂമിയും വീടുമെല്ലാം ഉപേക്ഷിച്ച് ഓടിപ്പോന്നവരും പിന്‍മുറക്കാരുമാണിവര്‍. 65 വര്‍ഷമായി കൃഷി ചെയ്യുകയും താമസിക്കുകയും ചെയ്യുന്ന ഭൂമിയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ പറഞ്ഞിരിക്കയാണ് ഇവരോട്. മാസങ്ങളായി വേതനം കിട്ടാത്ത തൊഴിലുറപ്പു പദ്ധതി തൊഴിലാളികള്‍, അങ്കണവാണി ജീവനക്കാര്‍, ആഷ ജീവനക്കാര്‍ എന്നിവരൊക്കെ തങ്ങളുടെ പരാതികളുമായി വൃന്ദയുടെ മുന്നിലെത്തി. ഹരിയാണയില്‍ പീഡനത്തിന് വിധേയരായ സ്ത്രീകളെ സമൂഹം തന്നെ ഒറ്റപ്പെടുത്തുകയാണ്. അവരെ സഹായിക്കുന്നവരെയും സമൂഹം ഒറ്റപ്പെടുത്തുന്നു. ഇതിനെയെല്ലാം കൂസാതെ ഇരകള്‍ക്ക് സഹായം നല്‍കുന്നത് സിപിഐ എം ആണെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നു.

രാജസ്ഥാനില്‍ ആവേശകരമായ കര്‍ഷകസമരം നടന്ന ഗംഗാനഗര്‍, ഹനുമാന്‍ഗഢ് എന്നിവിടങ്ങളില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ പങ്കെടുത്ത സ്വീകരണമാണ് നടന്നത്. രാജസ്ഥാനിലെ നഗോകിയിലെ സ്വീകരണത്തിനുശേഷം ചൈന്‍സിങ് എന്ന പാവപ്പെട്ട കര്‍ഷകത്തൊഴിലാളി തന്റെ വീട്ടില്‍ ഒരുക്കിയ ഉച്ചഭക്ഷണമാണ് ജാഥാംഗങ്ങള്‍ കഴിച്ചത്. സന്തോഷം കൊണ്ട് ചൈന്‍സിങ്ങിന്റെ കണ്ണുനിറഞ്ഞു. മാര്‍ച്ച് നാലിന് ആരംഭിച്ച ജാഥ 2300 കിലോമീറ്റര്‍ താണ്ടിയാണ് മാര്‍ച്ച് 15ന് ഡല്‍ഹിയില്‍ സമാപിച്ചത്. 34 പൊതുയോഗങ്ങളില്‍ ജാഥാംഗങ്ങള്‍ സംസാരിച്ചു. ഹനന്‍മൊള്ള, ഇന്ദ്രജിത്സിങ്, രാജേന്ദ്രശര്‍മ എന്നിവരായിരുന്നു ജാഥയിലെ മറ്റ് അംഗങ്ങള്‍. പശ്ചിമമേഖലാ ജാഥ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ നിന്ന് ആരംഭിച്ച ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ച നേരിടുന്ന ജനസമൂഹങ്ങള്‍ക്കിടയിലൂടെയാണ് രാജ്യതലസ്ഥാനത്തേക്കെത്തിയത്. ഗോദാവരി പരുലേക്കറുടെ നേതൃത്വത്തില്‍ ആദിവാസികള്‍ ഭൂമിക്കുവേണ്ടി നടത്തിയ ഐതിഹാസികസമരത്തിന്റെ മണ്ണായ വര്‍ളിയിലൂടെ ജാഥ മുന്നേറിയപ്പോള്‍, പഴയ പോരാട്ടത്തിന്റെ ഓര്‍മ്മകള്‍ പേറുന്ന ധഹനു, ജവാഹര്‍, തലാസരി എന്നിവിടങ്ങളില്‍ ആവേശകരമായ സ്വീകരണമാണ് ജാഥക്ക് ലഭിച്ചത്.

1945ല്‍ നടത്തിയ പോരാട്ടത്തില്‍ വന്‍കിട ഭൂപ്രഭുക്കള്‍ ആദിവാസികളില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. സ്വതന്ത്രഭാരതത്തിലെ ഭരണാധികാരികളുടെ നയം മൂലം ഭൂമിക്കുവേണ്ടിയുള്ള പോരാട്ടം ഇന്നും പല രൂപത്തില്‍ തുടരുകയാണ്. തലാസരിയില്‍ കര്‍ഷകര്‍ കടുത്ത വരള്‍ച്ചയുടെ പിടിയിലാണ്. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് സഹായകമായി ഒരു നടപടിയുമെടുത്തില്ല. പൊതുവിതരണ സംവിധാനം ദുര്‍ബ്ബലമായി. ലഭിക്കുന്ന പരിമിതമായ ഭക്ഷ്യധാന്യം പോലും ജനങ്ങളുടെ കയ്യിലെത്തുന്നില്ല. ഭരണകക്ഷിക്കാരായ ഇടനിലക്കാര്‍ തട്ടിയെടുക്കുന്നു. ഇതിനെതിരായ ജനകീയ പോരാട്ടം നയിക്കുന്നത് സിപിഐ എമ്മാണ്. തലാസരിയില്‍ ഗോദാവരി-ശ്യാംറാവു പരുലേക്കര്‍ കോളേജിനടുത്ത് നടന്ന സ്വീകരണയോഗത്തില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികളടക്കം അണിനിരന്നു. "ആദിവാസി പ്രഗതി മണ്ഡല്‍" എന്ന ട്രസ്റ്റ് നടത്തുന്ന ഈ കോളേജില്‍ പഠിക്കുന്ന 2000 വിദ്യാര്‍ഥികളില്‍ 90 ശതമാനവും ആദിവാസികളാണ്. ഇടതുപക്ഷ-പുരോഗമന ശക്തികളുടെ ഉത്സാഹത്തിലാണ് ഈ സ്ഥാപനം നടക്കുന്നത്. തലാസരി താലൂക്കില്‍ മൂന്ന് ഹൈസ്കൂളുകളും ഈ ട്രസ്റ്റ് നടത്തുന്നു. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യവും നല്‍കുന്നു. കല്‍വനിലെ ജാഥാ സ്വീകരണയോഗത്തില്‍ പതിനയ്യായിരത്തിലധികം പേരാണ് കത്തുന്ന സൂര്യനെ കൂസാതെ പങ്കെടുത്തത്. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മതിയായ വില ലഭിക്കാതെ കഷ്ടപ്പെടുന്ന നാസിക്കിലും കര്‍ഷകരടക്കമുള്ള വന്‍ ജനക്കൂട്ടം ജാഥയെ വരവേല്‍ക്കാനെത്തി.

ആദിവാസികളുടെ വനാവകാശം, പൊതുവിതരണ സംവിധാനം എന്നിവക്കു വേണ്ടി അതിശക്തമായ സമരങ്ങളാണ് സിപിഐ എം നടത്തുന്നത്. മഹാരാഷ്ട്രയിലെ നന്ദുര്‍ബര്‍ ജില്ലയിലെ പ്രകാശ ഗ്രാമത്തില്‍ നാലായിരത്തിലധികം ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത് നല്‍കിയ സ്വീകരണം ആവേശകരമായിരുന്നു. വലിയ താളമേളത്തോടെയും ആദിവാസി നൃത്തത്തോടെയുമാണ് ജാഥാംഗങ്ങളെ സ്വീകരണവേദിയിലേക്ക് ആനയിച്ചത്. മധ്യപ്രദേശിലെ മഹൗ ബാബാസാഹബ് അംബേദ്കറുടെ ജന്‍മദേശമാണ്. അവിടെ ജാഥാ ക്യാപ്റ്റന്‍ സീതാറാം യെച്ചൂരി അംബേദ്കര്‍ പ്രതിമയില്‍ മാലയിട്ടശേഷമാണ് സ്വീകരണയോഗത്തില്‍ സംസാരിച്ചത്. സാമൂഹ്യ-സാമ്പത്തിക അസമത്വം തുടച്ചുനീക്കി പുതിയൊരു ഭാരതം സൃഷ്ടിക്കുകയെന്നതായിരുന്നു അംബേദ്കറുടെ ലക്ഷ്യം. അതിനുവേണ്ടിയാണ് സിപിഐ എം പോരാട്ടം നടത്തുന്നതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.

മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാണ എന്നീ സംസ്ഥാനങ്ങളിലൂടെ 2717 കിലോമീറ്റര്‍ താണ്ടിയാണ് ജാഥ ഡല്‍ഹിയില്‍ സമാപിച്ചത്. നാല്‍പ്പതിലധികം സ്വീകരണയോഗങ്ങളില്‍ ജാഥാംഗങ്ങള്‍ സംസാരിച്ചു. സിപിഐ എം കേന്ദ്ര സെക്രട്ടിയറ്റംഗം നീലോല്‍പ്പല്‍ ബസു, കേന്ദ്ര കമ്മിറ്റിയംഗം മുഹമ്മദ് സലിം, മഹാരാഷ്ട്രയിലെ സിപിഐ എം നേതാവ് മറിയം ധാവ്ളെ എന്നിവരായിരുന്നു ജാഥയിലെ മറ്റ് അംഗങ്ങള്‍. നാല് പ്രധാന ജാഥകളിലേക്ക് സംഗമിച്ച ഉപജാഥകളിലൂടെ ഇന്ത്യയിലെ ഏറെക്കുറെ എല്ലാ സംസ്ഥാനങ്ങളിലെയും ജനങ്ങളുമായി സിപിഐ എം ആശയവിനിമയം നടത്തുകയും പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ നേരിടാനുള്ള സമരസന്ദേശം അവരില്‍ എത്തിക്കുകയും ചെയ്തു.

*
വി ജയിന്‍

അറിയുമോ സൊഹൈല അബ്ദുള്‍ അലിയെ....

മുപ്പത്തിമൂന്ന് വര്‍ഷം മുമ്പ് ക്രൂരമായി കൂട്ടബലാത്സംഘത്തിനിരയായ 17 കാരി... പീഡനത്തിന് ഇരയാക്കപ്പെട്ടവരുടെയും  അതി ജീവിച്ചവരുടെയും പ്രതീകം.. 1980 ല്‍ മുംബൈയില്‍ വച്ച്, പതിനേഴ്  വയസ്സുള്ളപ്പോള്‍, കൂട്ട ബലാത്സംഗത്തിനിരയായ സൊഹൈല അബ്ദുല്‍അലി തന്റെ അനുഭവക്കുറിപ്പില്‍ പറയുന്നത്, തന്നെ ബലാല്‍സംഗം  ചെയ്യുന്നതിനിടയില്‍  അക്രമികള്‍ ആവര്‍ത്തിച്ചിരുന്ന ന്യായീകരണം, ഒരു ആണ്‍ കുട്ടിയ്‌ക്കൊപ്പം രാത്രിയില്‍ കറങ്ങുന്നത്  ശരിയല്ല എന്ന് ബോധ്യപ്പെടുത്താനാണ് ഞങ്ങള്‍ ഇത് ചെയ്യുന്നത് എന്നായിരുന്നുവെന്നാണ്.

1983 ല്‍ തന്റെ ഫോട്ടോ ഉള്‍പ്പെടെ ഇവര്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ കന്യകാത്വത്തേക്കാള്‍ പ്രാധാന്യം തന്റെ ജീവിതത്തിനുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന സൊഹൈല; തനിക്ക് വെറുപ്പ്  പുരുഷന്മാരോടല്ലെന്നും, ഇവിടെ നിലനില്‍ക്കുന്ന പുരുഷകേന്ദ്രീകൃത വ്യവസ്ഥയോടാണെന്നും  കുറിച്ചിട്ടു.  സൊഹൈലയുടെ പരാതി അന്വേഷിച്ച മുംബൈ പൊലീസിന്  പ്രതികളെ പിടിക്കാനായില്ലയെന്ന് മാത്രമല്ല , 33 വര്‍ഷങ്ങള്‍ക്കിപ്പുറവും  സൊഹൈല പരാമര്‍ശിച്ച സാമൂഹിക വ്യവസ്ഥിതിയും, മാനസികാവസ്ഥയും , നീതി നിര്‍വഹണ രീതിയും  അതെ മട്ടില്‍ നിലനില്‍ക്കുകയും ചെയ്യുന്നു എന്നതാണ് സത്യം.

ഐ ഫോട്ട് ഫോര്‍ മൈ ലൈഫ് ആന്റ് വണ്‍ എന്ന തലക്കെട്ടില്‍ സൊഹൈല കുറിച്ചിട്ടത് കൂട്ടബലാത്സംഗം നശിപ്പിച്ച അവളുടെ ജീവിതവും പിന്നീടുള്ള ഉയര്‍ത്തെഴുന്നേല്‍പ്പുമാണ്. കന്യകാത്വം നശിച്ച പെണ്‍കുട്ടി പിന്നെ ജീവിക്കുന്നതിനേക്കള്‍ നല്ലത് മരിക്കുന്നതാണ് എന്ന കരുതുന്ന സമൂഹത്തിനുമുന്നില്‍ തന്റെ ജീവിതം വരച്ചുകാട്ടി ഇവര്‍.

സ്ത്രീ പീഡനത്തിനെതിരായ നിയമ നിര്‍മ്മാണം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് സ്ത്രീകള്‍ മുന്നോട്ട് വന്ന വര്‍ഷമാണ് അത് സംഭവിച്ചതെന്ന് ഇവര്‍ പറയുന്നു. 1980ലെ ചൂടുള്ള ജൂലൈമാസത്തില്‍ തന്റെ സുഹൃത്തായ റഷീദിനൊപ്പം ബോംബെയിലെ വീട്ടില്‍ നിന്നും ഏകദേശം ഒന്നരമൈല്‍ അകലെയുള്ള കുന്നിന്‍ ചെരുവില്‍ കാറ്റുകൊള്ളാന്‍ പോയ സൊഹൈലയുടെ ജീവിതം മാറിമറിയുകയായിരുന്നു. അരിവാളുകളുമായി ഇവരെ ആക്രമിച്ച നാലുപേര്‍ രണ്ടുപേരെയും കുന്നിനു മുകളിലേയ്ക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോവുകയായിരുന്നു. രണ്ടുമണിക്കൂറോളം നീണ്ട ക്രൂര പീഡനം.. ഒരാള്‍ എതിര്‍ത്താല്‍ മറ്റേയാള്‍ക്ക് മര്‍ദ്ദനം. ജീവന്‍ എങ്കിലും തിരിച്ചു കിട്ടാനായി രണ്ടുപേരും ശ്രമിച്ചു.  ജീവന്‍ നിലനിര്‍ത്തുക എന്നതു മാത്രമായിരുന്നു തന്റെ ഏക ലക്ഷ്യമെന്ന് സൊഹൈല പറയുന്നു.

പത്തിലേറെ തവണ പീഡിപ്പിക്കപ്പെട്ട ഇവര്‍ ശാരീരികമായും മാനസികമായും തളര്‍ന്നു. ആണ്‍കുട്ടിയുമായി കൂട്ടുകൂടി നടന്ന തന്നെ ഒരു പാഠം പഠിപ്പിക്കുക എന്നതായിരുന്നു അവരുടെ ഉദ്യമം. കൊല്ലാന്‍ ഉദേശ്യമില്ലാതിരുന്നതിനാല്‍ ഇരുവരെയും കുന്നിന്‍ ചെരുവില്‍ ഉപേക്ഷിച്ചു. വീട്ടിലെത്തിയ സൊഹൈല പിതാവിന്റെ സഹായത്തോടെ പൊലീസുമായി ബന്ധപ്പെടുകയായിരുന്നു. എന്നാല്‍ തന്നെ കുറ്റവാളിയായി ചിത്രീകരിക്കാനായിരുന്നു പൊലീസിന്റെയും ശ്രമം. സ്ത്രീകള്‍ക്കായി ഇവിടെ ഒരു നിയമം ഇല്ലെന്ന് അന്ന് തിരിച്ചറിഞ്ഞതായി അവര്‍ എഴുതി. പതിനേഴ് വയസ്സില്‍ തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും ‘ഭീതി ജനകമായ അനുഭവമായിരുന്നു അത്. എന്നാല്‍ 49 വയസ്സിലെത്തിനില്‍ക്കുമ്പോള്‍ തന്റെ 11 വയസ്സായ കുട്ടിയ്ക്ക് ഇങ്ങനൊന്നു സംഭവിക്കുന്നതാണ് സംഭ്രമജനകമെന്നും ഇവര്‍ പറയുന്നു.  ഉബുണ്ടു എഡ്യൂക്കേഷന്റെ സീനിയര്‍ എഡിറ്ററായി ജോലി ചെയ്യുന്ന ഇവര്‍ ന്യൂയോര്‍ക്കില്‍ എഴുത്തും പ്രസിദ്ധീകരണവുമായി സജ്ജീവമാണ്.


*
ധനുജ വെട്ടത്ത് ജനയുഗം

Friday, March 29, 2013

ടാങ്കറുകളും ദാഹത്തിന്റെ സമ്പദ്‌ഘടനയും



മറാത്തവാഡയിലെ ഏറ്റവും വലിയ വ്യവസായമെന്ന പദവി കരിമ്പിൽ നിന്നും ദാഹം തീർക്കലിലേയ്ക്ക് മാറിയിരിക്കുകയാണു്.  മറ്റെല്ലാത്തിനെയും നിഷ്പ്രഭമാക്കുക്കയാണു് മനുഷ്യരുടെയും വ്യവസായശാലകളുടെയും ജലത്തിന്റെ ആവശ്യകത.  ദേശത്തങ്ങോളമിങ്ങോളം മുതലിറക്കുന്നവർ ജലവിപണനത്തിലൂടെ കോടിക്കണക്കിനു രൂപ കൊയ്തെടുക്കുന്നു.  കാലിത്തീറ്റയാവാൻ മാത്രമുപയോഗപ്പെടുന്ന ഉണങ്ങിയ കരിമ്പുകെട്ടുകൾ കൂട്ടിയിട്ടിരിക്കുന്ന വഴികളിലൂടെ എണ്ണമറ്റ "ടാങ്കറുകൾ" ഗ്രാമങ്ങളിലേയ്ക്കും പട്ടണങ്ങളിലേയ്ക്കും മറ്റ് വ്യവസായശാലകളിലേയ്ക്കും ലാഭത്തിന്റെ കണക്കുകൽ പെരുക്കിക്കൊണ്ട് ചീറിപ്പായുന്നു. ജലവിപണികൾ മറ്റെല്ലാത്തിനെയും പിന്നിലാക്കി വളർന്നിരിക്കുന്നു. അവയുടെ പ്രതീകമായി ടാങ്കറുകളും.

ആയിരക്കണക്കിനു ടാങ്കറുകളാണു് ദിവസേന മറാത്തവാഡയിലൂടേ തലങ്ങും വിലങ്ങും വെള്ളം ശേഖരിച്ചു ആവശ്യസ്ഥാനത്തെത്തിച്ച് വില്പന നടത്തുന്നത്. സർക്കാർ കരാറിൽ പ്രവർത്തിക്കുന്നവ നാമമാത്രവും പലതും കടലാസിൽ മാത്രം ഒതുങ്ങുന്നവയുമാണു. അതുകൊണ്ട് തന്നെ ദൈനംദിനം വളരുന്ന ജലവിപണിയിൽ സ്വകാര്യ ടാങ്കറുകൾഅത്യന്താപേക്ഷിതമാവുന്നു. നേതാക്കന്മാരായ കോണ്‍ട്രാക്ടർമാരും, കോൺട്രാക്ടർമാരായ നേതാക്കളും എം.എൽ.ഏമാരുമെല്ലാം ഈ വിപണിയുടെ സജീവസാന്നിദ്ധ്യങ്ങളാണു്. പലപ്പോഴും ആ കൂട്ടത്തിൽ ഉയർന്ന ഉദ്യോഗസ്ഥരും  ഉൾപ്പെടുന്നു.  മിക്കവരും നേരിട്ടും ബിനാമിയായും സ്വകാര്യടാങ്കറുകളുടെ ഉടമകളാണു്.

ജലവിപണിയുടെ സാമ്പത്തികശാസ്ത്രം

കനം കുറഞ്ഞ ഉരുക്കുതകിടു വളച്ചുണ്ടാക്കിയ വീപ്പകൾ മാത്രമാണു് ശരിക്കു പറഞ്ഞാൽ ടാങ്കറുകൾ. 198 കിലോ വീതം വരുന്ന മൂന്നു 5x18 അടി ഉരുക്കുഷീറ്റ് ഉണ്ടെങ്കിൽ പതിനായിരം ലിറ്റർ വെള്ളം കൊള്ളുന്ന വാട്ടർ ടാങ്കർ നിർമ്മിക്കാം. ഷീറ്റുകൾ വളച്ചെടുത്ത് തമ്മിൽ വെൽഡ് ചെയ്താൽ ടാങ്കറായി. ലോറികളോ ട്രക്കുകളോ മറ്റ് വലിയ വാഹനങ്ങളുടെയോ മുകളിൽ ഉറപ്പിച്ചാൽ വെള്ളം കൊണ്ടുപോകാൻ റെഡിയായി. താരതമ്യേന ചെറിയ വാഹനങ്ങൾ ഇതിലും ചെറിയ ടാങ്കറുകളായിരിക്കും ഉപയോഗിക്കുക. ഉദാഹരണത്തിനു് ഒരു വലിയ വാനിന്റെ ട്രെയിലറായി 5000 ലിറ്ററിന്റെ ടാങ്കർ ഘടിപ്പിക്കാം. ആയിരം മുതൽ അഞ്ഞൂറു വരെയുള്ള ടാങ്കറുകൾ മിനിട്രാക്ടറുകളിലും, തുറന്ന ഓട്ടോറിക്ഷകളിലും, കാളവണ്ടികളിൽ പോലും കടത്തപ്പെടുന്നു

ജലക്ഷാമം രൂക്ഷമാകുന്തോറും നൂറുകണക്കിനു ടാങ്കറുകൾ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലായി നിർമ്മിക്കപ്പെടുന്നു. ജൽനാ ജില്ലയിലെ ജൽനാ പട്ടണത്തിൽ മാത്രം ഓട്ടോറിക്ഷകളും ട്രക്കുകളും മറ്റ് വാഹനങ്ങളുമുൾപ്പെടെ ആയിരത്തിരുന്നൂറോളം വാഹനങ്ങൾ ജലസ്രോതസ്സുകൾക്കും വെള്ളത്തിനു ഗതിയില്ലാത്ത പൊതുജനങ്ങൾക്കുമിടയിൽ ഷട്ടിലടിക്കുന്നു.  വാഹനങ്ങളുടെ ഡ്രൈവർമാർ കക്ഷികളുമായി സെൽ ഫോണുകളിൽ വിലപേശുന്നു.  വെള്ളം വൻ തോതിൽ ആവശ്യമായി വരുന്ന വ്യവസായങ്ങൾക്കാണു് വെള്ളത്തിന്റെ ഭൂരിഭാഗവും വിറ്റഴിക്കപ്പെടുന്നത്. മറാത്തി ദിനപ്പത്രമായ 'ലോക് സത്ത'യിലെ ലക്ഷ്മൺ റാവുത്തും സഹപ്രവർത്തകരും കഴിഞ്ഞ കുറച്ച് വർഷങ്ങളായി  ഈ വിപണിയെപ്പറ്റി പഠിക്കുന്നു. അവരുടെ കണക്കനുസരിച്ച് ടാങ്കറുടമകളുടെ ദൈനംദിന വ്യവഹാരം അറുപത് ലക്ഷത്തിനും എഴുപതുലക്ഷത്തിനുമിടയ്ക്കാണു്. ഈ ഒരു ഒറ്റ പട്ടണത്തിൽ മാത്രം ജലവിപണിയുടെ മൂല്യം അത്രയുമുണ്ട്!!

സാങ്കേതികവിദ്യ

പല വലിപ്പങ്ങളിലുള്ളവയുണ്ടെങ്കിലും ഈ പട്ടണത്തിലെ ടാങ്കറിന്റെ ശരാശരി അളവ് ഏതാണ്ട് അയ്യായിരം ലിറ്ററാണു്. ഇവിടെയുള്ള ആയിരത്തീരുന്നൂറു വാഹനങ്ങളും കുറഞ്ഞത് മൂന്നു ട്രിപ്പുകളെങ്കിലും ദിവസം പൂർത്തിയാക്കുന്നു. അതായത് ഇരുപത്തിനാലു മണിക്കൂറിൽ ഏതാണ്ട് 1.8 കോടി ലിറ്റർ വെള്ളം. ലിറ്ററിനു മുന്നൂറ്റൻപത് രൂപാ കണക്കാക്കുമ്പോൾ അത് അറുപത് ലക്ഷം രൂപയുടെ ബിസിനസ്സാണു്. വെള്ളത്തിന്റെ ഉപയോഗം കണക്കിലെടുത്ത് ( വീട്ടാവശ്യം/കന്നുകാലികൾ/വ്യവസായങ്ങൾ) ഈ നിരക്ക് ഇനിയും ഉയരാം.

ജലദൗർലഭ്യമാണു് ടാങ്കർ വിപണിയെ - നിർമ്മാണം, അറ്റകുറ്റപ്പണി, വാടകയ്ക്കെടുക്കൽ, വില്പന/വാങ്ങൽ -  ഉത്തേജിപ്പിച്ച് നിറുത്തുന്നതു്. ജൽനയിലേയ്ക്ക് പോകുന്ന വഴിയ്ക്ക് അഹമ്മദ്നഗർ ജില്ലയിലുള്ള തിരക്കേറിയ ഒരു സ്ഥലമാണു് രാഹുരി. മുപ്പതിനായിരം രൂപയ്ക്ക് നിർമ്മാണം പൂർത്തിയാകുന്ന 10,000 ലിറ്റർ ടാങ്കർ അതിന്റെ ഇരട്ടിയോളം തുകയ്ക്ക് ഇവിടെ വിറ്റഴിക്കപ്പെടുന്നു. ഒരു ചെറിയ വ്യവസായപ്രദേശമായ രാഹുരിയിൽ ടാങ്കർ ടെക്നോളജിയിൽ ക്രാഷ് കോഴ്സ് ചെയ്യാൻ സാധിക്കും. 5 x 18 അടി വലിപ്പത്തിലുള്ള ഓരോ ഷീറ്റും മൂന്നരമില്ലിമീറ്റർ (ഗേജ് പത്ത്) കനമുള്ളവയാണെന്ന് ഒരു നിർമ്മാണയൂണിറ്റിന്റെ ഉടമയായ ശ്രീകാന്ത് മെലവാനെ വിശദീകരിച്ചു. അവിടെ ഓരോ ഷീറ്റും കൈകൊണ്ട് ചുറ്റിയെടുക്കേണ്ട "നിർമ്മാണ യന്ത്ര"വും കാണിച്ചുതന്നു.  പതിനായിരം ലിറ്റർ ടാങ്കറിനു ഏതാണ്ട് എണ്ണൂറു് കിലോഗ്രാം ഭാരം വരും. സ്റ്റീൽ കിലോയ്ക്ക് മുപ്പത്തഞ്ച് രൂപാ നിരക്കിൽ എണ്ണൂറു കിലോ സ്റ്റീലിനു് ഇരുപത്തേഴായിരം രൂപയാകും. വേലക്കൂലിയും വൈദ്യുതചാർജ്ജ് തുടങ്ങിയ ചെലവുകൾ മൂവായിരം രൂപയിലൊതുങ്ങും.  ശ്രീകാന്തിന്റെ ഉടമസ്ഥതയിലുള്ള നിർമ്മാണയൂണിറ്റ് ഒരു ടാങ്കറുണ്ടാക്കാൻ ഒരുദിവസമെടുക്കും.  തിരക്ക് കൂടുതലായിരുന്ന കഴിഞ്ഞ മൂന്നുമാസങ്ങൾക്കിടയ്ക്ക് പല വലിപ്പത്തിലുള്ള നൂറ്റമ്പത് ടാങ്കറുകൾ അവർ വിറ്റഴിച്ചു. അതിനടുത്ത ഒരു കിലോമീറ്റർ ചുറ്റളവിൽ തന്നെ നാലു യൂണിറ്റുകൾ കൂടിയുണ്ട്. അഹമ്മദ്നഗര് ടൗണിന്റെ മൂന്നു കിലോമീറ്റർ ചുറ്റളവിൽ പതിനഞ്ചോണം നിർമ്മാണ യൂണിറ്റുകൾ ഇതേ പരിപാടിയിൽ ഏർപ്പെട്ടിരിക്കുന്നു.

ഇരുപതിനായിരം ലിറ്റർ വരെ വെള്ളം കൊള്ളുന്ന വളരെവലിയ ടാങ്കറുകൾ വ്യവസായശാലകൾക്കും കന്നുകാലിഫാമുകൾക്കും വേണ്ടി ഉപയോഗിക്കാനാണെന്നു ശ്രീകാന്ത് പറഞ്ഞു. പതിനായിരം ലിറ്റർ കൊള്ളുന്നവ നഗരങ്ങളിലും ചെറുപട്ടണങ്ങളിലും ഉപയോഗിക്കപ്പെടുന്നു. അവർ ഉണ്ടാക്കിയതിൽവച്ച് ഏറ്റവും ചെറിയ ആയിരം ലിറ്ററിനടുത്തുള്ള ടാങ്കറുകളുടെ ഉപയോക്താക്കൾ പ്രധാനമായും ചെറുകിട തോട്ടമുടമകളാണു്. സൂക്ഷ്മജലസേചനത്തിന്റെ ചെലവു താങ്ങാൻ കഴിയാത്ത മാതളക്കർഷകർ കാളവണ്ടിയിൽ വെള്ളം നിറച്ച് കൊണ്ട്പോയി നനയ്ക്കാൻ വേണ്ടി നന്നേ ചെറിയ ഈ ടാങ്കറുകൾ ഉപയോഗിക്കുന്നു.

ജലസ്രോതസ്സുകൾ

ഈ വെള്ളമെല്ലാം എവിടുന്നു വരുന്നു? അനിയന്ത്രിതമായ ഭൂഗർഭജലചൂഷണത്തിൻ നിന്നാണെന്ന് വ്യക്തം.  ജലവിപണിയെ ലാക്കാക്കി പുതുതായി നിർമ്മിക്കപ്പെട്ടവയടക്കമുള്ള സ്വകാര്യകുഴല്‍ക്കിണറുകൾ വഴി. ഭൂഗർഭജലക്ഷാമം രൂക്ഷമാകുമ്പോൾ ഇവയും വറ്റാം. ഇവിടെ ഊഹക്കച്ചവടക്കാർ വെള്ളമുള്ള കിണറുകൾ ഭാവിയിൽ വിറ്റ് കാശാക്കാൻ വേണ്ടി വാങ്ങിച്ചിട്ടിട്ടുണ്ട്. ജല്‍നയിലെ ചില മിനറൽ വാട്ടർ കമ്പനികൾ വെള്ളം എത്തിക്കാൻ വേണ്ടി വിദർഭയിലുള്ള ബുലധന വരെ പോകുന്നു. അവിടെ ഇപ്പോൾത്തന്നെയുള്ള ജലക്ഷാമത്തെ ഇത് രൂക്ഷമാക്കുന്നുണ്ട്.  അങ്ങനെ നോക്കുമ്പോൾ ജലദൗർലഭ്യം ചുറ്റുപാടുമുള്ള പ്രദേശങ്ങളിലേയ്ക്ക് വളരെപ്പെട്ടെന്ന് പടർന്നുപിടിയ്ക്കുമെന്ന് കാണാം. ഇതിനിടയിൽ പൊതുജലസ്രോതസ്സുകളുടെ കൊള്ളയും നടക്കുന്നു.

ഒരു ടാങ്കറുടമ പതിനായിരം ലിറ്റർ വെള്ളത്തിനു വേണ്ടി ചെലവാക്കുന്ന തുക ആയിരത്തിനും ആയിരത്തിയഞ്ഞൂറിനുമിടയ്ക്കാണു്. അത്രയും വെള്ളം 3,500 രൂപയ്ക്കാണു് വിറ്റഴിക്കപ്പെടുന്നത്. ഒറ്റയടിക്ക് 2,500 രൂപ ലാഭം.  കിണറോ, കുഴൽക്കിണറോ സ്വന്തമായുള്ളവര്ക്ക് അത്ര പോലും ചെലവാക്കേണ്ടി വരുന്നില്ല. പൊതുജലം കൊള്ളയടിക്കുന്നവരാവട്ടെ ഏതാണ്ട് സൗജന്യമായിത്തന്നെ ജലം കൈക്കലാക്കുന്നു.

മുൻ എം.പിയും മുൻ-എം.എൽ.എയുമായ  പ്രസാദ് താൺപുരെയുടെ അഭിപ്രായത്തിൽ ഇടത്തരം മുതൽ വലിയ അൻപതിനായിരത്തിൽപ്പരം ടാങ്കറുകൾ ഈ വർഷം മഹാരാഷ്ടയിൽ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. മുൻ_വർഷങ്ങളിൽ നിർമ്മിപ്പെട്ട് ഇപ്പോ ഉപയോഗത്തിലിർക്കുന്നവയും കൂടെ ചേർത്താൽ അവയുടേ എണ്ണം ഭീമമാണു്. ചില കണക്കുകൾ പ്രകാരം മഹാരാഷ്ട്രയിൽ മൊത്തത്തിലുള്ള ടാങ്കറുകളുടെ എണ്ണം ഒരു ലക്ഷത്തിലെത്തും. കഴിഞ്ഞ മാസങ്ങളിലെ അൻപതിനായിരം പുതിയ ടാങ്കറുകളുടെ നിർമ്മാണ ബിസിനസ് തന്നെ 2 ബില്യൺ കവിയും.  ഇത് കെട്ടിടനിര്‍മ്മാണപ്രവർത്തനങ്ങൾ, ബീമുകൾ, ഗ്രില്ലുകൾ തുടങ്ങിയ മറ്റ് ബിസിനസ്സുകളിലെ മാന്ദ്യത്തിനു വഴി തെളിച്ചിട്ടുണ്ട്.  പക്ഷേ ആകർഷകമായ ഈ വിപണിയിലിറങ്ങാൻ തയ്യാറായി വരുന്നവർ അതിന്റെയൊക്കെ പതിന്മടങ്ങാണു്. ജൽനയിലെ ടാങ്കർ നിർമ്മാതാവായ സുരേഷ് പവാറിന്റെ അഭിപ്രായത്തിൽ പട്ടണത്തിലെ നൂറു നിർമ്മാതാക്കളിൽ തൊണ്ണൂറും ഈ രംഗത്ത് മുൻപൊരിക്കലും പ്രവര്‍ത്തിക്കാത്തവരാണു്.

ജൽനാ ജില്ലയിലെ തന്നെ ഷെലഗൗൺ ജില്ലയിലെ കർഷകനും ലോക്കൽ രാഷ്ട്രീയപ്രവർത്തകനുമായ ദീപക്ക് അമ്പോർ വെള്ളത്തിനായി രണ്ടായിരം രൂപ പ്രതിദിനം ചെലവഴിക്കുന്നു. "ദിവസവും  അഞ്ച് ടാങ്കർ വെള്ളം എന്റെ അഞ്ചേക്കർ മുസംബി തോട്ടമുൾപ്പെടെയുള്ള പതിനെട്ടേക്കർ കൃഷിയിടം നനയ്ക്കാനായി ഉപയോഗിക്കുന്നു". അതിനായി  പണം പലിശയ്ക്കെടുക്കേണ്ടി വരുന്നു. വിള മെച്ചമാവാകുമെന്ന പ്രതീക്ഷയില്ലാതെ എന്തിനിത്ര പണം ചെലവഴിയ്ക്കുന്നുവെന്ന ചോദ്യത്തിനു തന്റെ തോട്ടം നശിച്ച്പോകാതെ നോക്കണമെന്നു മാത്രമാണുത്തരം. ഇരുപത്തിനാലുശതമാനം വരെയാണു് ഇവിടെ പലിശനിരക്കുകൾ

ജലദൗർലഭ്യം പരിതാപകരമാണെങ്കിലും ഇതുവരെ ഗുരുതരമായിട്ടില്ല. ജൽനയിലെ പലരും കഴിഞ്ഞ ചില വർഷങ്ങളായി ടാങ്കറുകളെ ആശ്രയിച്ച് കഴിയുന്നു. പക്ഷേ ജലപ്രതിസന്ധിയുടെ വ്യാപ്തിയും അതിനനുസരിച്ച് ടാങ്കറുകളുടെ എണ്ണം അതിവേഗം കൂടിക്കൊണ്ടിരിക്കുന്നു. ഏവരേയും ഏറ്റവും ഭയപ്പെടുത്തുന്ന വസ്തുത ഈ വർഷത്തെ മഴക്കാലത്തിനായി ഇനിയും കാത്തിരിക്കേണ്ടുന്ന ദീർഘമായ കാലയളവാണു്. എന്നാൽ കച്ചവടമനസ്ഥിതിയുള്ള ചിലർക്ക് ഇതും പണമുണ്ടാക്കുനുള്ള ഒരവസരം മാത്രം.

ഈ ഓട്ടപ്പന്തയത്തിൽ പിന്നിലായിപ്പോയ ഒരു രാഷ്ട്രീയനേതാവിന്റെ പരിദേവനം: "എനിക്ക് പത്ത് ടാങ്കറുണ്ടായിരുന്നെങ്കിൽ ഈ വർഷവും വരൾച്ച വരണേയെന്നു പ്രാർത്ഥിച്ചേനെ"

*
ശ്രീ. പി.സായ്‌നാഥ് ഹിന്ദു ദിനപത്രത്തില്‍ എഴുതിയ ‘Tankers and the economy of thirst‘ എന്ന ലേഖനത്തിന്റെ സ്വതന്ത്രപരിഭാഷ

മൊഴിമാറ്റം നിര്‍വഹിച്ചത് +Kunjans V

അഫ്സല്‍ഗുരു വധം:ഭരണകൂടത്തിന്റെ വിവേചന ഭീകരത

അഫ്സല്‍ ഗുരുവിന്റെ വധശിക്ഷ ധൃതിവച്ച് നടപ്പിലാക്കിയത് ഇന്ത്യന്‍ ഭരണകൂടത്തിന്റെ വിവേചന ഭീകരതയുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. ഈ നടപടി ഇന്ത്യന്‍ ഭരണകൂടത്തിന്റെ ജനാധിപത്യ വ്യവസ്ഥയോടും മനുഷ്യാവകാശങ്ങളോടുമുള്ള അവഹേളനത്തിന്റെയും നിഷേധാത്മക സമീപനത്തിന്റെയും വര്‍ധിത സ്വഭാവത്തെക്കൂടിയാണ് അനാവരണം ചെയ്തിരിക്കുന്നത്. രാഷ്ട്രീയമായി കേന്ദ്രസര്‍ക്കാര്‍ അഫ്സല്‍ഗുരുവിനെ തെരഞ്ഞെടുത്ത് തൂക്കിലേറ്റിയെന്നത് കശ്മീര്‍ ജനതയുടെ അന്യവല്‍ക്കരണത്തെ തീവ്രമാക്കുകയും ഇന്ത്യാവിരുദ്ധ വിഘടനശക്തികള്‍ക്ക് മുതലെടുപ്പിനുള്ള അവസരം നല്‍കുകയുമാണ് ചെയ്തിരിക്കുന്നത്. തങ്ങളുടെ ഏഷ്യനാധിപത്യത്തിനും പശ്ചിമേഷ്യയിലെയും മധ്യപൂര്‍വദേശത്തെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും സിഐഎയും പെന്റഗണും എക്കാലത്തും കശ്മീര്‍ പ്രശ്നത്തെ കത്തിച്ചുനിര്‍ത്തിയിരുന്നു. ഇന്നിപ്പോള്‍ വധശിക്ഷക്ക് വിധിക്കപ്പെടുകയും രാഷ്ട്രപതിയുടെ ദയാഹര്‍ജി തള്ളുകയും ചെയ്യപ്പെട്ട എത്രയോ ഭീകരവാദ കേസുകളിലെ കുറ്റവാളികളുടെ ശിക്ഷ നടപ്പാക്കാതിരിക്കുന്ന കേന്ദ്രസര്‍ക്കാര്‍, ഗൂഢാലോചനാപരമായി അഫ്സല്‍ ഗുരുവിനെ വധിച്ചത് വിഘടനവാദ ശക്തികള്‍ക്ക് കശ്മീരില്‍ അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതിലേക്കാണ് എത്തിച്ചിരിക്കുന്നത്. അങ്ങേയറ്റം പ്രതിസന്ധിയും ജനങ്ങളില്‍നിന്ന് ഒറ്റപ്പെടലും അനുഭവിക്കുന്ന പാകിസ്ഥാന്‍ ഭരണകൂടവും ഈ അവസരം ഉപയോഗപ്പെടുത്തുകയാണ്.

ഒരു കശ്മീരി പൗരനോട് ഇന്ത്യന്‍ ഭരണകൂടം നിഷ്ഠുരമായി പെരുമാറിയെന്ന പ്രചാരണം വഴി ഇന്ത്യാവിരുദ്ധ വികാരം ആളിക്കത്തിക്കാനാണ് മതതീവ്രവാദ ശക്തികള്‍ ശ്രമിക്കുന്നത്. ലഷ്കര്‍ ഇ തോയിബ, ജെയിഷെമുഹമ്മദ് തുടങ്ങിയ ഭീകരവാദഗ്രൂപ്പുകള്‍ ഇസ്ലാമാബാദില്‍ സമ്മേളിച്ച് പരസ്യമായിത്തന്നെ ഇന്ത്യക്കെതിരെ ഭീഷണി മുഴക്കി . ഇന്ത്യയിലെ പല നഗരങ്ങളിലും തീവ്രവാദ ഭീഷണിയുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പൊലിപ്പിച്ച് കേന്ദ്ര ആഭ്യന്തരവകുപ്പ് അറിയിക്കുന്നത്. ദേശീയ പണിമുടക്കും നവലിബറല്‍ നയങ്ങള്‍ക്കെതിരെ വളര്‍ന്നുവരുന്ന ജനകീയമുന്നേറ്റങ്ങളും സൃഷ്ടിച്ച സര്‍ക്കാര്‍ വിരുദ്ധ അവബോധത്തെ മറികടക്കുവാനുള്ള വഴിയായിട്ടുകൂടി ഭീകരവാദി ഭീഷണിയെ വലതുപക്ഷ മാധ്യമങ്ങള്‍ പൊലിപ്പിച്ചാഘോഷിക്കുകയുമാണ്. ജമ്മുകശ്മീരിലും രാജ്യത്തിന്റെ വിവിധ മേഖലകളിലും ജിഹാദ് തീവ്രമാക്കുമെന്നാണ് ഇസ്ലാമാബാദില്‍ സമ്മേളിച്ച ഭീകരവാദ സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സിപിഐ എം കേന്ദ്രകമ്മിറ്റി ചൂണ്ടിക്കാട്ടിയതുപോലെ വിഘടനവാദ ശക്തികളെ ക ശ്മീരില്‍ ശക്തിപ്പെടുത്തുന്നതിന് നിമിത്തമായിരിക്കുകയാണ്. നാലു വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് നി രോധിക്കപ്പെട്ട ഭീകര സംഘടനകള്‍ ഒരു പരസ്യസമ്മേളനം ചേരുന്നത്. അതിതീവ്രവാദപരമായ നിലപാടുകള്‍ സൂക്ഷിക്കുന്ന ഇന്ത്യാവിരുദ്ധ സംഘടനകളാണ് ഇസ്ലാമാബാദില്‍ സമ്മേളിച്ചത്. യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍ ഇസ്ലാമാബാദിലെ നാഷണല്‍ പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ അല്‍ബദ്ര്‍ മുജാഹിദീന്‍, ജമിയത്തുല്‍ മുജാഹിദീന്‍, ഹര്‍ക്കതുല്‍ മുജാഹിദീന്‍ തുടങ്ങിയ ജിഹാദി ഗ്രൂപ്പുകളുടെ നേതാക്കളാണ് പങ്കെടുത്തത്. ഈ സമ്മേളനം കശ്മീര്‍ പ്രശ്നത്തില്‍ പരിഹാരം ജിഹാദ് മാത്രമാണെന്നാണ് പ്രഖ്യാപിച്ചത്.

അഫ്സല്‍ഗുരുവിന്റെ വധശിക്ഷക്ക് പകരംവീട്ടുമെന്നാണ് ജെയിഷെ മുഹമ്മദിന്റെ മുതിര്‍ന്ന നേതാവായ മുഫ്തി അസ്ഗര്‍ ഇസ്ലാമാബാദില്‍ പരസ്യമായി പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സുരക്ഷാസേനകള്‍ക്കു നേരെ ആക്രമണം നടത്താനാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. പാക് പ്രധാനമന്ത്രി പര്‍വേസ് മുഷ്റഫിനെതിരെ ആഞ്ഞടിച്ച യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍ ഇന്ത്യക്കും പാകിസ്ഥാനും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് പകരം കശ്മീര്‍ പ്രശ്ന ത്തില്‍ അന്താരാഷ്ട്ര പരിഹാരത്തിന് കളമൊരുക്കുവാനുള്ള പെന്റഗണ്‍ അജന്‍ഡയാണ് വിഘടനവാദത്തെ ശക്തിപ്പെടുത്തി ലക്ഷ്യംവയ്ക്കുന്നത്. കശ്മീരിന്റെ അന്യവല്‍ക്കരണം 1947ല്‍ രണ്ടു നൂറ്റാണ്ടിലേറെ നീണ്ടുനിന്ന ഇന്ത്യയുടെ ദേശീയ സ്വാതന്ത്ര്യസമരം അവസാനിച്ചത് മതാടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിച്ചുകൊണ്ടുകൂടിയായിരുന്നു. സാമ്രാജ്യത്വ മൂലധനത്തിന്റെ ഏഷ്യയിലെ ആധിപത്യ താല്‍പര്യങ്ങളായിരുന്നു ഇന്ത്യയുടെയും പാകിസ്ഥാന്റെയും വിഭജനത്തെ നിര്‍ണയിച്ചത്. അധികാര കൈമാ റ്റക്കാലം മുതല്‍ കശ്മീര്‍ ഒരു തര്‍ക്കപ്രശ്നമാക്കി മാറ്റിയതും സാമ്രാജ്യത്വ ശക്തികളാണ്. റാവല്‍പിണ്ടിയിലും ഡല്‍ഹിയിലും സ്വാതന്ത്ര്യ പ്രഖ്യാപനങ്ങള്‍ നടക്കുന്നതിനിടയിലാണല്ലോ റസ്സല്‍ ഹൈറ്റ് എന്ന അമേരിക്കന്‍ സൈനികോദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പാകിസ്ഥാനിലെ ഗോത്രവര്‍ഗ മിലിന്റുകളെ ഉപയോഗിച്ച് കശ്മീരിലേക്ക് അധിനിവേശം നടത്തിയത്- കശ്മീരിനെ രണ്ടാക്കി പാക് അധീന കശ്മീര്‍ സൃഷ്ടിച്ചത്. ഇന്നിപ്പോള്‍ ഇന്ത്യാവിരുദ്ധ ഭീകരവാദ സംഘടനകളെല്ലാം ക ശ്മീര്‍ പ്രശ്നത്തെ ഉപയോഗിച്ച് ഇന്ത്യയെ അസ്ഥിരീകരിക്കുവാനും തകര്‍ക്കുവാനുള്ള സാമ്രാജ്യത്വ അജന്‍ഡയുടെ നിര്‍വാഹകരാണെന്നതാണ് യാഥാര്‍ഥ്യം. കശ്മീര്‍ പ്രശ്നത്തിന്റെ ചരിത്രപരവും രാഷ്ട്രീയവുമായ കാരണ ങ്ങളെക്കുറിച്ചുള്ള അന്വേഷണ ങ്ങളെല്ലാം ഏഷ്യനാധിപത്യത്തിന് വേണ്ടിയുള്ള അമേരിക്കയുടെ രാഷ്ട്രീയവും സാമ്പത്തികവും സൈദ്ധാന്തികവുമായ പദ്ധതികളിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുക.

1947 മുതല്‍ ആരംഭിക്കുന്ന കശ്മീര്‍ തര്‍ക്കവും ഇന്ത്യന്‍ ഭരണകൂടത്തിന്റെ നയപരമായ പാളിച്ചകളും അതിര്‍ത്തി ജനതയിലാകെ അന്യവല്‍ക്കരണവും ഇന്ത്യാവിരുദ്ധ വികാരവും ശക്തിപ്പെടുത്തിക്കൊണ്ടിരുന്നു. അതിന് ആക്കം കൂട്ടുകയാണ് അഫ്സല്‍ ഗുരുവിന്റെ വധശിക്ഷാ നടപടി. ഇന്ത്യയുടെ ഭാഷാ ദേശീയത യെയും ബഹുസ്വരതയെയും ഒരു കാലത്തും അംഗീകരിച്ചിട്ടില്ലാത്ത ഹിന്ദുത്വവാദം സംഘപരിവാര്‍ സംഘടനകളിലെന്നപോലെ മൃദു ഹിന്ദുത്വ നിലപാടുകള്‍ സ്വീകരിച്ച കോണ്‍ഗ്രസ് നേതൃത്വത്തെയും സ്വാധീനിച്ചിരുന്നു. ഭരണഘടനയുടെ ഫെഡറല്‍ മൂല്യങ്ങളെ നിരന്തരം ഭര്‍ത്സിക്കുന്ന നിലപാടാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ ഭരണകൂടം സ്വീകരിച്ചുപോന്നിട്ടുള്ളത്. സംഘപരിവാറിന്റെ ""യൂണിറ്റി സ്റ്റേറ്റ്"" എന്ന സങ്കല്‍പം ബ്രിട്ടീഷുകാരുടെ ഭരണപ്രവിശ്യാ സങ്കല്‍പം മാത്രമായിരുന്നു. ഭരണഘടനയുടെ ശക്തമായ ഭാഷാസംസ്ഥാനങ്ങള്‍ എന്ന സങ്കല്‍പത്തെ നിരാകരിക്കുന്ന ""അഖണ്ഡതാ"" സങ്കല്‍പങ്ങളാണ് എല്ലാകാലത്തും സംഘപരിവാര്‍ അടിച്ചേല്‍പ്പിച്ചിട്ടുള്ളത്. ആര്‍എസ്എസ് മുന്നോട്ടു വയ്ക്കുന്ന ഭാഷാ ദേശീയതകള്‍ക്കും രാജ്യത്തിന്റെ വൈവിധ്യങ്ങള്‍ക്കും എതിരായ ഒരു പ്രത്യയശാസ്ത്ര സങ്കല്‍പമാണ് അഖണ്ഡതയെക്കുറിച്ചുള്ള വാചകമടികളിലൂടെ ഇന്ത്യന്‍ ഭരണവര്‍ഗങ്ങള്‍ രൂപപ്പെടുത്തിയത്. ഒരു ഭാഗത്ത് അഖണ്ഡതാ വാദവും മറുഭാഗത്ത് വിഘടനവാദവും ഉയര്‍ത്തി ഇന്ത്യയെ ശിഥിലമാക്കുക എന്ന സാമ്രാജ്യത്വ അജണ്ടയാണ് സംഘപരിവാര്‍ സംഘടനകളും മതാധിഷ്ഠിത വിഘടനവാദികളും നിര്‍വഹിക്കുന്നത്. കശ്മീര്‍ വിഘടനവാദം, ഖാലിസ്ഥാന്‍, ബോഡോ, മറ്റു വടക്കുകിഴക്കന്‍ ഗോത്ര ദേശീയവാദ പ്രസ്ഥാനങ്ങള്‍ തുടങ്ങിയവ. ആര്‍എസ്എസിന്റെ അഖ ണ്ഡതയെന്നത് ജനതയല്ല, ഭൂവിഭാഗങ്ങളാണ്.

ബര്‍മ മുതല്‍ ഗാന്ധാരം വരെയും ലങ്ക വരെയും. പുരാണേതിഹാസത്തിലധിഷ്ഠിതമായ ഒരു ആര്‍ഷഭാരതമാണത്. അഖണ്ഡ ഭാരതമെന്നത് ചാതുര്‍വര്‍ണ്യാധിഷ്ഠിതമായ എല്ലാ ജീവിതബന്ധങ്ങളും അഭംഗുരം തുടരാന്‍ കഴിയുന്ന ആര്‍എസ്എസിന്റെ ആര്‍ഷഭാരത സങ്കല്‍പമാണ്. ഈയൊരു നിലപാടില്‍ നിന്നുകൊണ്ടാണല്ലോ അവര്‍ ഭാഷാസംസ്ഥാന രൂപീകരണത്തെ എതിര്‍ത്തത്. ഹിന്ദുരാഷ്ട്രമെന്ന തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യത്തിന് തടസ്സമാണ് ഭാഷാദേശീയതയെന്നത് ഹിന്ദുത്വവാദികള്‍ വിശ്വസിക്കുന്നത്. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനാ വകുപ്പുകളെ സംഘപരിവാര്‍ നിരന്തരം എതിര്‍ക്കുകയും തങ്ങളുടെ വര്‍ഗീയ അജണ്ടക്കാവശ്യമായ രീതിയില്‍ വ്യാഖ്യാനിച്ച് പ്രചരിപ്പിക്കുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇന്ന് പ്രസക്തമല്ലെങ്കിലും ക ശ്മീര്‍ പ്രശ്നത്തില്‍ ഹിതപരിശോധന വേണമെന്ന യു എന്‍ നിര്‍ദേ ശം നിരാകരിക്കപ്പെടുകയായിരുന്ന ല്ലോ. യു എന്‍ അസംബ്ലിയില്‍ ക ശ്മീരി ജനവിഭാഗങ്ങള്‍ക്കിടയില്‍ ഇന്ത്യയിലോ പാകിസ്ഥാനിലോ അതോ സ്വതന്ത്രമായോ എവിടെ നില്‍ക്കുമെന്ന് തീരുമാനിക്കുവാനുള്ള ഹിതപരിശോധന അതേപടി ഇന്ന് ആവര്‍ത്തിക്കുന്നത് ഏഷ്യന്‍ മേഖലയിലെ പെന്റഗണ്‍ താല്‍പര്യങ്ങള്‍ക്ക് സമ്മതം നല്‍കലായിരിക്കും. അഫ്ഗാന്‍-പാകിസ്ഥാന്‍ മേഖലയിലെ അതിതീവ്രമായ പാനിസ്ലാമിസത്തില്‍നിന്ന് ആശയ പരവും സാമ്പത്തികവും ആയുധസംബന്ധിയുമായ ഊര്‍ജം സംഭരിച്ചാണ് കശ്മീര്‍ തീവ്രവാദികള്‍ സജ്ജമായി നില്‍ക്കുന്നത്. അവര്‍ക്ക് കശ്മീരി ജനതയില്‍ സ്വാധീനമുണ്ടാകുവാന്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റെ കാലാകാലങ്ങളായുള്ള നയപരമായ പാളിച്ചകളും നിഷേധാത്മക സമീപനങ്ങളുമാണ് കാരണമായിത്തീരുന്നത്. തുടര്‍ച്ചയായ വാഗ്ദാന ലംഘനത്തിലൂടെ കശ്മീരി ജനതയുടെ വിശ്വാസം നഷ്ടപ്പെടുത്തുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്.

1980-കളില്‍ ഫാറൂഖ് അബ്ദുള്ളയെ അധികാരത്തില്‍നിന്ന് പുറത്താക്കുവാന്‍ വേണ്ടി ജി എം ഷായെ രംഗത്തിറക്കിയതും 1903-ല്‍ ജമ്മുമേഖലയില്‍ ഹിന്ദുവര്‍ഗീയവാദമഴിച്ചുവിട്ട് വോട്ടുപിടിച്ചതടക്കം കോണ്‍ഗ്രസ് നേതൃത്വം നടത്തിയ രാഷ്ട്രീയക്കളികളാണ് ജമ്മുകശ്മീരിലെ ജനാധിപത്യ മതനിരപേ ക്ഷ രാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്തിയത്. ഇന്ദിരാഗന്ധിയുടെയും രാജീവ്ഗാന്ധിയുടെയും കാലത്ത് സ്വീകരിച്ച നടപടികളാണ് പഞ്ചാബ് പ്രശ്നത്തെയെന്നപോലെ കശ്മീര്‍ പ്രശ്നത്തെയും വഷളാക്കിയത്. മുന്‍പിന്‍ ആലോചനയില്ലാത്ത സൈനിക നടപടികള്‍ കശ്മീര്‍ താഴ്വരയില്‍ ഇന്ത്യാവിരുദ്ധ വികാരം ആളിക്കത്തിച്ചിട്ടുണ്ട്. തീവ്രവാദികളെ നേരിടാനെന്ന പേരില്‍ സാധാരണ മനുഷ്യരെ കൊന്നൊടുക്കുന്ന നടപടികള്‍ തീവ്രവാദികള്‍ക്ക് അനുകൂലമായി ചിന്തിക്കുന്നതിലേക്ക് കശ്മീരി ജനതയെ എത്തിക്കുകയാണ്. ഭീകരവാദികളെപ്പോലെ ഭരണകൂടത്തിന്റെ സൈനിക-അര്‍ധസൈനിക വിഭാഗങ്ങള്‍ നരനായാട്ട് നടത്തുന്നത് ജനങ്ങളില്‍ അരക്ഷിതത്വവും അവിശ്വാസവുമാണ് വളര്‍ത്തുന്നത്. കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന ജിഹാദിസ്റ്റ് ഗ്രൂപ്പുകള്‍ ഒരു ജനാധിപത്യവുമില്ലാത്ത ഭീകരവാദികളാണ്. പര്‍ദ്ദയിടാത്തവരുടെ മുഖത്തും സ്കൂളില്‍ പോകുന്ന പെണ്‍കുട്ടികളുടെ മുഖത്തും ആസിഡ് ഒഴിക്കുന്നതുപോലുള്ള ക്രൂരകൃത്യങ്ങള്‍ മതത്തിന്റെയും മതനിയമങ്ങളുടെ പേരില്‍ നടപ്പാക്കുന്ന അങ്ങേയറ്റം ജനവിരുദ്ധരായ മതമൗലികവാദികളാണ് ജിഹാദിസ്റ്റ് സംഘടനകള്‍. അതിനര്‍ഥം ഇന്ത്യാ സര്‍ക്കാറിന് കശ്മീരി ജനതക്കെതിരെ എന്തതിക്രമവും ചെയ്യാമെന്നല്ല. ഭീകരവാദികളുടെ വിധ്വംസക പ്രവര്‍ത്തനങ്ങളെ നേരിടാനെന്ന വ്യാജേന ഭരണകൂടത്തിന് എന്തും ചെയ്യാനുള്ള ലൈസന്‍സ് നല്‍കുന്നത് ജനാധിപത്യത്തിന്റെ മരണത്തിനായിരിക്കും വഴിവയ്ക്കുക.

യഥാര്‍ഥത്തില്‍ ഇന്ത്യയിലെയും പാകിസ്ഥാനിലെയും ഭരണകൂടങ്ങളെ സംബന്ധിച്ചിടത്തോളം സങ്കുചിത ദേശീയ വികാരം അഴിച്ചുവിടാനും യഥാര്‍ഥ പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കുവാനുള്ള ഒരു ഉപാധിയുമായിട്ടാണ് എന്നും കശ്മീര്‍ പ്രശ്നം ഉപയോഗിക്കപ്പെടുന്നത്. ഇന്ത്യാ സര്‍ക്കാരിന് ഹിന്ദുവര്‍ഗീയവാദത്തെയും പാകിസ്ഥാന്‍ സര്‍ക്കാരിന് മുസ്ലിം വര്‍ഗീയവാദത്തെയും ഇളക്കിയെടുക്കുവാന്‍ കശ്മീര്‍ പ്രശ്നം കരുവായിത്തീരുന്നു. പ്രതിസന്ധി നേരിടുന്ന ഇന്ത്യാ-പാക് ഭരണകൂടങ്ങള്‍ അതിജീവനത്തിനായി വര്‍ഗീയ വികാരങ്ങളെ ഇളക്കിവിടുകയാണ്. മോഡിക്ക് യൂറോപ്യന്‍ യൂണിയന്‍ മാപ്പ് കൊടുത്തതും ഇന്ത്യക്കകത്തും പുറത്തുമുള്ള കോര്‍പറേറ്റുകള്‍ മോഡിയുടെ പ്രധാനമന്ത്രിപദത്തിന് അനുമതി നല്‍കുന്ന സാഹചര്യവും യുപിഎക്ക് 2014-ലെ തെരഞ്ഞെടുപ്പില്‍ ഭീഷണിയാവുകയാണ്. ഈയൊരു സാഹചര്യത്തിലാണ് അഫ്സല്‍ഗുരുവിന്റെ വധശിക്ഷ ധൃതിവച്ച് നടപ്പാക്കി ഹിന്ദുത്വ വികാരത്തെ അനുകൂലമാക്കുവാന്‍ യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചത്. ജനാധിപത്യത്തോടും മനുഷ്യാവകാശങ്ങളോടും കടുത്ത നിരാകരണ നിലപാട് സ്വീകരിച്ച് ഹിന്ദുത്വ സങ്കുചിത വികാരങ്ങളെ അനുകൂലമാക്കുവാന്‍ യുപിഎ സര്‍ക്കാന്‍ ബിജെപിയോട് മത്സരിക്കുകയാണ്. ഹിന്ദുത്വ പ്രീതിക്ക് വേണ്ടിയുള്ള ജീവബലിയായിപ്പോയി അഫ്സല്‍ഗുരുവിന്റെ വധം. അഫ്സല്‍ഗുരു വധം ഉയര്‍ത്തുന്ന രാഷ്ട്രീയ നൈതിക പ്രശ്നങ്ങള്‍ ഇന്ത്യയുടെ ""സാമൂഹ്യ മനസ്സാക്ഷിയെ ഞെട്ടിച്ച"" പാര്‍ലമെന്റാക്രമണക്കേസിലെ മുഖ്യപ്രതിയെന്ന് ആരോപിക്കപ്പെട്ട അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് എല്ലാവിധ നിയമപരമായ നടപടികളെയും മനുഷ്യാവകാശങ്ങളെയും നിരാകരിച്ചുകൊണ്ടാണ്. സംഘപരിവാറും യുപിഎ സര്‍ക്കാറും ഈ വധശിക്ഷ നടപ്പാക്കിയത് ഒരു വന്‍ ദേശീയനേട്ടമായിട്ടാണ് ആഘോഷിക്കുവാന്‍ ശ്രമിച്ചത്. എന്നാല്‍ ജനാധിപത്യത്തോടും മനുഷ്യാവകാശങ്ങളോടും പ്രതിബദ്ധതയുള്ള ഒരാള്‍ക്കും ഈ വധം ഉയര്‍ത്തുന്ന രാഷ്ട്രീയ നൈതിക പ്രശ്നങ്ങളോട് ഉദാസീനത കാണിക്കുവാന്‍ കഴിയില്ല.

സുപ്രീംകോടതിയുടെ വിധിക്ക് ശേഷം വധശിക്ഷ ഇളവ് ചെയ്തുതരുവാനുള്ള അഫ്സലിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി 6 ദിവസത്തിനകമാണ് അതീവ രഹസ്യമായി കേന്ദ്രസര്‍ക്കാര്‍ ഈ ജീവബലി നടത്തിയത്. 2005 ആഗസ്ത് നാലിനായിരുന്നു പാര്‍ലമെന്റാക്രമണ ക്കേസില്‍ അഫ്സലിന് സുപ്രീം കോടതി വധശിക്ഷ വിധിച്ചത്. 2006 നവംബര്‍ എട്ടിനാണ് അഫ്സലിന്റെ ദയാഹര്‍ജി രാഷ്ട്രപതിക്ക് അയക്കുന്നത്. 2013 ഫെബ്രുവരി മൂന്നിന് രാഷ്ട്ര പതി ദയാഹര്‍ജി തള്ളിയത് ബോധപൂര്‍വം അതീവ രഹസ്യമായി വ യ്ക്കുകയും ബന്ധുക്കളെപ്പോലും അറിയിക്കാതെ ആറു ദിവസംകൊണ്ട് വധശിക്ഷ നടപ്പാക്കുകയുമായിരുന്നല്ലോ. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 72 അനുസരിച്ചാണ് ശിക്ഷ ഇളവ് ചെയ്യാനും ശിക്ഷയില്‍നിന്ന് ഒഴിവാക്കുവാനും ഒരു കുറ്റവാളിക്ക് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കുവാനുള്ള അവകാശം വ്യവസ്ഥചെയ്തിരിക്കുന്നത്. ഭരണഘടനാ വ്യവസ്ഥ കളനുസരിച്ച് രാഷ്ട്രപതി പെറ്റീഷന്‍ തള്ളിയാലും ശിക്ഷാവിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമ ങ്ങള്‍ സര്‍ക്കാര്‍ പാലിച്ചിരിക്കണം. അഫ്സല്‍ ഗുരുവിന്റെ കാര്യത്തില്‍ അതുണ്ടായില്ലെന്ന കാര്യമാണ് ഇപ്പോള്‍ വിവാദപരമായിരിക്കുന്നത്. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും ഇന്ത്യയുടെ മുന്‍ സോളിസ്റ്റര്‍ ജനറലുമായിരുന്ന ടി ആര്‍ അന്ത്യായാരുജിന ഫെബ്രുവരി 19-ന് ഹിന്ദുപത്രത്തിലെഴുതിയ ലേഖന ത്തില്‍ ധൃതിപിടിച്ച് നടപ്പാക്കിയ അങ്ങേയറ്റം നിയമവിരുദ്ധവും ക്രൂരവുമായ ഒരു രാഷ്ട്രീയക്കളിയായിട്ടാണ് അഫ്സല്‍ഗുരുവിന്റെ ശിക്ഷാനടപടിയെ വിശേഷിപ്പിച്ചത്. യുപിഎ സര്‍ക്കാര്‍ ബിജെപിയുടെ പ്രചാരണങ്ങള്‍ക്ക് മറുപടി നല്‍കാനായി അവരുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങി രാജ്യത്തിന്റെ ദേശീയ താല്‍പര്യങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും ഭീഷണിയാവുന്ന നിയമവിരുദ്ധ പ്രവര്‍ത്തനമാണ് അഫ്സല്‍ഗുരുവിന്റെ തൂക്കിക്കൊലയിലൂടെ നടത്തിയിരിക്കുന്നത് എന്നാണ് നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരും നിയമജ്ഞരും ചൂണ്ടിക്കാട്ടുന്നത്. ഇത് ഇന്ത്യന്‍ ഭരണകൂടത്തിന്റെ വിവേച നപരമായ നടപടികളെക്കൂടിയാണ് പുറത്തു കൊണ്ടുവന്നിരിക്കുന്ന തെന്ന് കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള രോഷാകുലനായി പറയുകയുണ്ടായി. പാര്‍ലമെന്റാക്രമണം ജനാധിപത്യത്തിന് നേരെയുള്ള ആക്രമണംതന്നെയാണെന്നും എന്നാല്‍ രാജ്യത്ത് ഇതുപോലുള്ള ദേശവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട വേറെയും വധശിക്ഷക്ക് വിധിക്കപ്പെട്ടവര്‍ ഉണ്ടായിരിക്കെ എന്തിനാണ് ഈ തെരഞ്ഞുപിടിച്ച് വധശിക്ഷ നടപ്പാക്കുന്നത് എന്നാണ് ഉമര്‍ അബ്ദുള്ള അമര്‍ഷത്തോടെ ചോദിച്ചത്.

അഫ്സല്‍ ഗുരുവിന്റെ ദയാഹര്‍ജി തള്ളിയെന്ന വിവരം കുടുംബാംഗങ്ങ ളെപ്പോലും അറിയിക്കാതെ എന്തിനാണ് ഇങ്ങനെയൊരു നടപടിക്ക് കേന്ദ്രസര്‍ക്കാര്‍ മുതിര്‍ന്നതെന്ന ചോദ്യമാണ് ഇന്ത്യയുടെ ജനാധിപത്യ രാഷ്ട്രീയമണ്ഡലം ചര്‍ച്ചചെയ്യുന്നത്. തീര്‍ച്ചയായും അഫ്സലിന്റെ വധശിക്ഷ നടപ്പാക്കുന്ന കാര്യം രഹസ്യമായി വയ്ക്കുവാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്തായാലും ഇന്ത്യന്‍ ദേശീയത നേരിടുന്ന രാഷ്ട്രീയ സമസ്യകള്‍ തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല. ഇന്ത്യയെ എന്നും അസ്ഥിരീകരിച്ച് നിര്‍ത്തുവാനുള്ള വിഷയമായി കശ്മീര്‍ പ്രശ്നത്തെ സാമ്രാജ്യത്വ ശക്തികളും അവരുടെ പിണിയാളന്മാരായ ഇന്ത്യന്‍ ഭരണവര്‍ഗങ്ങളും ഉപയോഗിച്ചിരുന്നു. കശ്മീര്‍ ജനതയില്‍ ഇന്ത്യാവിരുദ്ധ മനോഭാവം വളര്‍ത്തിയെടുക്കുന്ന തില്‍ പലപ്പോഴും കേന്ദ്രസര്‍ക്കാരിന്റെ നയപരമായ പാളിച്ചകള്‍ കാര ണമായിട്ടുമുണ്ട്.

വധശിക്ഷക്ക് വിധിക്കപ്പെട്ടവരും രാഷ്ട്രപതിയുടെ ദയാഹര്‍ജി തള്ളപ്പെട്ടവരുമായ നിരവധി കേസുകളിലെ പ്രതികള്‍ക്കുള്ള ശിക്ഷാനടപടി നീട്ടിക്കൊണ്ടുപോകുന്ന കേന്ദ്രസര്‍ക്കാര്‍ തിടുക്കപ്പെട്ട് അഫ്സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയത് ജമ്മുകശ്മീരില്‍ വിഘടനവാദവും ജനങ്ങളുടെ ഒറ്റപ്പെടല്‍ വികാരവും ശക്തിപ്പെടുത്തും. അഫ്സലിനെ തെരഞ്ഞെടുത്ത് വധിച്ചത് കശ്മീരിലെ അസ്വസ്ഥകരമായ അവ സ്ഥയെ തീക്ഷ്ണമാക്കുകയും ഇ ന്ത്യാവിരുദ്ധ ശക്തികള്‍ക്ക് വളംവയ്ക്കുകയും ചെയ്യുന്ന നടപടിയാണ്. ദയാഹര്‍ജി തള്ളിയ ഉടനെ 6 ദിവസം കൊണ്ട് വധശിക്ഷ നടപ്പാക്കിയത് കുടുംബാംഗങ്ങളുടെ അപ്പീല്‍ നല്‍കാനുള്ള അവകാശത്തെയാണ് നഷ്ടപ്പെടുത്തിയത്. അഫ്സല്‍ ഗുരുവിനെ തെരഞ്ഞു പിടിച്ച് തൂക്കിലേറ്റിയതും ദയാഹര്‍ജി തള്ളിയ വിവരം കുടുംബാംഗങ്ങളെപോലും അറിയിക്കാതെ ശിക്ഷ നടപ്പാക്കിയതും സംഘപരിവാറിന്റെ അജണ്ടക്ക് യുപിഎ സര്‍ക്കാര്‍ വഴങ്ങിക്കൊടുത്തതിന്റെ ഫലമാണെന്നത് പകല്‍പോലെ വ്യക്തമാണ്.

2014 ലെ തെരഞ്ഞെടുപ്പില്‍ ഹിന്ദുത്വ വികാരം ഉണര്‍ത്തിയെടുക്കുവാനാണ് ബിജെപിയും കോണ്‍ഗ്രസ്സുമിപ്പോള്‍ മത്സരിക്കുന്നത്. കുടുംബാംഗങ്ങളെ അറിയിക്കാതെ വധശിക്ഷ നടപ്പാക്കിയത് വലിയ പ്രതിഷേധമുയര്‍ത്തിയപ്പോള്‍ സ്പീഡ്പോസ്റ്റില്‍ കത്തയച്ചുവെന്ന ദുര്‍ബ ല വാദമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. കുടുംബാംഗങ്ങള്‍ അറിയാതിരിക്കാനാണ് ആറാം തിയ്യതി തയ്യാറാക്കിയ കത്ത് വധശിക്ഷയുടെ തലേന്ന് മാത്രം പോസ്റ്റ് ചെയ്തത്! ഭരണകൂടത്തിന്റെ ഗൂഢാലോചനപരമായ ഇത്തരം നീക്കങ്ങള്‍ ജനാധിപത്യത്തിന്റെ ഭാവിയെത്ത ന്നെയാണ് അപകടപ്പെടുത്തുക. ഇപ്പോള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെതന്നെ സമ്മതിക്കുന്നത് കുടുംബാംഗങ്ങള്‍ കോടതിയെ സമീപിക്കാതിരിക്കുവാന്‍ വേണ്ടിയാണ് ധൃതിയില്‍ ശിക്ഷ നടപ്പാക്കിയതെ ന്നാണ്. ഇതുവഴി അഫ്സല്‍ ഗുരുവിനെ വധിക്കണമെന്ന ബിജെപിയുടെയും നരേന്ദ്രമോഡിയുടെയും മുറവിളി അംഗീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. വധശിക്ഷയെ സങ്കുചിത ദേശീയ വികാരങ്ങളെ ഉത്തേജിപ്പിക്കുന്ന തരത്തിലാണ് കോര്‍പറേറ്റ് ദേശീയ മാധ്യമങ്ങള്‍ കൈകാര്യം ചെയ്തത്. ഇന്ത്യന്‍ പൗരനെ തൂക്കിലേറ്റിയത് ഒരു ദേശീയ വിജയമായി അവതരിപ്പിക്കുന്നവര്‍ കശ്മീരി ജനതയുടെ അന്യവല്‍ക്കരണ ത്തിന് ശക്തിപകരുകയാണെന്ന യാഥാര്‍ഥ്യം കാണാതിരിക്കരുത്. ഇത്തരം പ്രചാരണങ്ങള്‍ അപലപനീയവും ഇന്ത്യയുടെ ദേശീയ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധവുമാണ്.

ഭീകരവാദ കേസുകളില്‍ തന്നെ വധശിക്ഷക്ക് വിധിക്കപ്പെട്ടവരെ മാറ്റിനിര്‍ത്തിയാണ് അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയത്. പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ബിയാന്ത്സിങ്ങിനെ വധിച്ച കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ബല്‍വന്ത്സിങ് രജോണയുടെ വധശിക്ഷ നീട്ടിവെക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയ മറ്റൊരു ഭീകരവാദകേസിലെ ദേവേന്ദ്രപാല്‍ സിങ് ബുള്ളരുടെ കാര്യത്തിലും കേന്ദ്രസര്‍ക്കാര്‍ ശിക്ഷാനടപടി നീട്ടിവയ്ക്കുകയാണുണ്ടായത്. രാജീവ്ഗാന്ധി വധക്കേസില്‍ മൂന്നു പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി അംഗീകരിച്ചതും രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതുമായിരുന്നു. ഇതിനെ തുടര്‍ന്ന് പ്രതികള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി.

ഇതില്‍നിന്നെല്ലാം വ്യത്യസ്തമായൊരു സമീപനം അഫ്സല്‍ ഗുരുവിന്റെ കാര്യത്തില്‍ എങ്ങനെ വന്നു. ഭരണകൂടത്തിന്റെ ഈ വിവേചനം കശ്മീര്‍ ജനതയില്‍ ഉണ്ടാക്കുന്ന വികാരങ്ങള്‍ എന്തായിരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചില്ല. ഇത്തരം സന്ദര്‍ഭങ്ങള്‍ ഇന്ത്യാവിരുദ്ധ ശക്തികള്‍ എങ്ങനെ മുതലെടുക്കുമെന്ന് ബിജെപിയുമായുള്ള മത്സരത്തില്‍ യുപിഎ സര്‍ക്കാര്‍ കണക്കിലെടുത്തില്ല. സിപിഐ എം കേന്ദ്രകമ്മിറ്റി പ്രസിദ്ധീകരണം പിപ്പിള്‍സ് ഡെമോക്രസിയുടെ മുഖലേഖനത്തില്‍ നിരീക്ഷിക്കുന്നത്: ""അഫ്സല്‍ ഗുരുവിനെ രാഷ്ട്രീയ പരിഗണനയോടെ തെരഞ്ഞെടുത്ത് വധിച്ചതാണെന്ന് കശ്മീര്‍ ജനത കരുതിയാല്‍ തെറ്റില്ല. വധശിക്ഷ നടപ്പാക്കിയ രീതി കശ്മീരിനോടുള്ള വിവേചനമാണ് കാണിക്കുന്നത്. കശ്മീരിന്റെ കാര്യത്തില്‍ രാഷ്ട്രീയമായ പരിഹാരമുണ്ടാക്കാന്‍ യുപിഎ സര്‍ക്കാര്‍ ഫലപ്രദമായ നടപടി സ്വീകരിച്ചില്ല. അഫ്സല്‍ ഗുരുവിന്റെ വധം വിഘടനവാദം ഊര്‍ജിതമാക്കുകയും അവരുടെ ഒറ്റപ്പെടല്‍ വികാരത്തിന് ഇന്ധനം പകരുകയും ചെയ്യും"".

യഥാര്‍ഥത്തില്‍ ഭീകരവാദത്തിനെതിരെയുള്ള ബിജെപിയുടെ ശബ്ദകോലാഹലം അവരുടെ സങ്കുചിത രാഷ്ട്രീയലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിയുള്ളത് മാത്രമാണ്. മുസ്ലിം തീവ്രവാദികള്‍ക്കെതിരെ ആരോപിക്കപ്പെട്ട മലേഗാവ്, സംഝോത, മെക്കാമസ്ജിദ് തുടങ്ങി നിരവധി ഭീകരാക്രമണങ്ങളും സ്ഫോടന പരമ്പരയും സംഘപരിവാര്‍ തന്നെ ആസൂത്രണം ചെയ്ത് നടപ്പാക്കിയതായിരുന്നല്ലോ. പാര്‍ലമെന്റാക്രമണം പോലും ഉത്തരമില്ലാത്ത നിരവധി ചോദ്യങ്ങളും സംശയങ്ങളും അവശേഷിക്കുന്ന ഭരണകൂട ഗൂഢാലോചനയാണെന്ന കാര്യം തള്ളിക്കളയാനാവില്ലല്ലോ. കാര്‍ഗില്‍ യുദ്ധവും ശവപ്പെട്ടി കുംഭകോണവും ബിജെപിയെ പിടിച്ചുലച്ച പ്രതിസന്ധിനിര്‍ഭരമായ ഒരു സന്ദര്‍ഭത്തിലാണല്ലോ പാര്‍ലമെന്റിനു നേരെ ഭീകരാക്രമണമുണ്ടാവുന്നത്. ""ഹ്യൂമണ്‍ റൈറ്റ്സ് വാച്ച്"" ഈയിടെ പ്രസിദ്ധീകരിച്ച മനുഷ്യാവകാശ റിപ്പോര്‍ട്ടില്‍ ഏറ്റവും ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ. ടാഡ, പോട്ട, യുഎപിഎ തുടങ്ങിയ കരിനിയമങ്ങള്‍ ഉപയോഗിച്ച് ഇന്ത്യന്‍ തടവറകളില്‍ നിരപരാധികള്‍ ദശകങ്ങളായി കഴിയേണ്ടിവരുന്ന സ്ഥിതിയാണ്.

ഭീകരവാദക്കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ഒമ്പതും പത്തും വര്‍ഷം തടവില്‍ കഴിഞ്ഞവരെ കോടതി നിരപരാധികളെന്നുകണ്ട് വെറുതെവിടുന്ന എത്രയോ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരെ ഭീകരവാദത്തിനെതിരായ യുദ്ധ ത്തിന്റെ മറവില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വേട്ടയാടുകയാണ്. ഇത്തരം ഭരണകൂട ഭീകരതക്ക് ആവശ്യമായ രീതിയില്‍ ദേശീയ സങ്കുചിതത്വവും വിദ്വേഷ രാഷ്ട്രീയവും വലതുപക്ഷശക്തികള്‍ ആസൂത്രിതമായി വളര്‍ത്തിയെടുക്കുന്നുണ്ട്. അപര മതസമൂഹങ്ങളോട് വിദ്വേഷവും അകല്‍ച്ചയും അസഹി ഷ്ണുതയും ജനിപ്പിക്കുന്ന സവിശേഷമായൊരു മധ്യവര്‍ഗ സംസ്കാരവും വരേണ്യബോധവും സൃഷ്ടിച്ചുകൊണ്ടാണ് ഭരണകൂടം അതിന്റെ വിവേചന ഭീകരതക്ക് പരിസരമൊരുക്കുന്നത്.

*
കെ ടി കുഞ്ഞിക്കണ്ണന്‍ ദേശാഭിമാനി വാരിക 31 മാര്‍ച്ച് 2013