Wednesday, March 6, 2013

നിത്യപ്രചോദനം ഹ്യൂഗോ ഷാവേസ്

സാമ്രാജ്യത്വവിരുദ്ധ ലാറ്റിനമേരിക്കന്‍ ചെറുത്തുനില്‍പ്പിന്റെയും ആഗോളവല്‍ക്കരണവിരുദ്ധ അതിജീവനത്തിന്റെയും സമകാലിക ഇതിഹാസമായി സ്വന്തം ജീവിതത്തെ മാറ്റിയെടുത്ത ധീരനായകനാണ് വെനസ്വേലയുടെ ഹ്യൂഗോ ഷാവേസ്. വിമോചനത്തിനും അതിജീവനത്തിനുംവേണ്ടി പൊരുതുന്ന ലോകത്തിന്റെ ഏതുഭാഗത്തെ നിസ്വജനമുന്നേറ്റങ്ങള്‍ക്കും ഊര്‍ജംപകരുന്ന വറ്റാത്ത പ്രചോദനമായി ലോകത്തിനുമേല്‍ ആ വിപ്ലവനക്ഷത്രം ധീരസ്മൃതിയായി ജ്വലിച്ചുനില്‍ക്കും എക്കാലവും. ആ ധന്യസ്മൃതിയെ "ദേശാഭിമാനി" അഭിവാദ്യംചെയ്യുന്നു.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ച, കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ സോവിയറ്റ് പ്രസ്ഥാനങ്ങള്‍ക്കേറ്റ തിരിച്ചടി എന്നിവയുടെ പശ്ചാത്തലത്തില്‍ സോഷ്യലിസം എന്നേക്കുമായി മരിച്ചുവെന്നും ഇനിയുള്ളത് മുതലാളിത്തം മാത്രമെന്നും സാമ്രാജ്യത്വം ലോകവ്യാപകമായി ഉയത്താന്‍ ശ്രമിച്ച മുദ്രാവാക്യത്തിന്റെ നിറുക തകര്‍ക്കുന്ന ആവേശോജ്വലശക്തിയായാണ് തൊണ്ണൂറുകളില്‍ പുതുമുഖച്ഛായയുമായി വെനസ്വേലയും അതിന്റെ ധീരനായകനായി ഹ്യൂഗോ ഷാവേസും ഉയര്‍ന്നുവന്നത്.

യുഎസ് സാമ്രാജ്യത്വത്തിന്റെ പാവഭരണാധികാരിയായിനിന്ന് ഒരുവശത്ത് എണ്ണയടക്കമുള്ള ദേശീയവിഭവങ്ങളാകെ ചോര്‍ത്തിക്കൊണ്ടുപോകാന്‍ വിദേശശക്തികളെ അനുവദിച്ചും മറുവശത്ത് അതിദരിദ്രാവസ്ഥയില്‍ ഉഴലുകയായിരുന്ന ജനതയെ നിഷ്ഠുരമായി അടിച്ചമര്‍ത്തിയും മുമ്പോട്ടുപോയിരുന്ന പ്രസിഡന്റ് കാര്‍ലോസ് ആന്ദ്രേസ് പെറേസിനെതിരായ ജനകീയപോരാട്ടത്തിന്റെ പരിസമാപ്തിയായിരുന്നു ഫിഫ്ത് റിപ്പബ്ലിക് മൂവ്മെന്റിന്റെയും ഷാവേസിന്റെയും ഐതിഹാസികമാനങ്ങളുള്ള വിജയം. സൈന്യത്തിനുള്ളില്‍ത്തന്നെ ജനകീയ വിമോചനസേന രൂപീകരിച്ച് സൈനികനായിരുന്ന ഘട്ടത്തില്‍ത്തന്നെ ഷാവേസ് തുടങ്ങിവച്ച ജനതയ്ക്കുവേണ്ടിയുള്ള ത്യാഗപൂര്‍ണമായ പോരാട്ടം ജനങ്ങള്‍തന്നെ ഏറ്റെടുത്ത് വിജയിപ്പിക്കുകയായിരുന്നു. ജയിലുകളിലും പോര്‍മുഖങ്ങളിലും ജ്വലിച്ചുനിന്ന യാതനാനിര്‍ഭരമായ ഷാവേസിന്റെ പോരാട്ടത്തിന് സൈമന്‍ ബൊളീവറുടെയും ഫ്രാന്‍സിസ് മിരാന്തയുടെയുമൊക്കെ ചിന്തകള്‍ ഊര്‍ജംപകര്‍ന്നു. ആ പോരാട്ടപരമ്പരയാണ് ആദ്യ സുലിയ എന്ന സംസ്ഥാനത്തിന്റെ ഗവര്‍ണര്‍സ്ഥാനത്തേക്കും പിന്നീട് വെനസ്വേലയുടെതന്നെ പ്രസിഡന്റ്സ്ഥാനത്തേക്കും ഷാവേസിനെ ഉയര്‍ത്തിയത്.

എണ്ണരാജ്യങ്ങളുടെ സംഘടനയായ ഒപ്പെക്കില്‍ സ്ഥാപകാംഗമായിരുന്നിട്ടും എണ്ണകയറ്റുമതികൊണ്ട് അതിസമ്പന്നമായിരുന്നിട്ടും വെനസ്വേല ജനതയ്ക്ക് പട്ടിണിയിലും ദാരിദ്ര്യത്തിലും രോഗപീഡയിലും വിഷമിക്കേണ്ടിവരുന്നതെന്തുകൊണ്ടെന്ന് അവരെ ബോധവല്‍ക്കരിച്ചാണ് ഷാവേസ് അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിനൊപ്പം മുന്നേറിയത്. അതിപിന്നോക്കാവസ്ഥയിലായിരുന്ന രാജ്യത്തെ വികസനത്തിന്റെ പാതയിലേക്ക് നയിക്കുക, അന്താരാഷ്ട്രരംഗത്ത് വെനസ്വേലയുടെ യശസ്സ് സ്ഥാപിച്ചെടുക്കുക, വെനസ്വേലയെ സമ്പൂര്‍ണമായി ജനാധിപത്യവല്‍ക്കരിക്കുക തുടങ്ങിയവയ്ക്കായിരുന്നു ഷാവേസ് മുന്‍ഗണന കല്‍പ്പിച്ചത്. ക്യൂബയിലെ ഫിദല്‍ കാസ്ട്രോയെ ഗുരുവായി കണ്ട ഷാവേസ് വെനസ്വേലയില്‍ അധികാരത്തില്‍ വന്നതിനെത്തുടര്‍ന്ന് നിരവധി ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ വിമോചനപ്പോരാട്ടങ്ങള്‍ക്ക് പുത്തന്‍ വീറുപകര്‍ന്നുകിട്ടി. തെക്കന്‍ അമേരിക്കയിലാകെ മാറ്റത്തിന്റെ കാറ്റ് ആഞ്ഞുവീശി. ഒരുഡസനോളം രാജ്യങ്ങള്‍ ഇടതുപക്ഷത്തുനില്‍ക്കുന്ന അവസ്ഥയിലേക്ക് ലാറ്റിനമേരിക്ക മാറിയെങ്കില്‍ അതില്‍ ഷാവേസിന്റെ പ്രചോദകമായ വ്യക്തിത്വപ്രഭാവം വലിയ പങ്കുതന്നെ വഹിച്ചിട്ടുണ്ട്. സോഷ്യലിസ്റ്റ് പക്ഷത്തുനില്‍ക്കുന്ന രാഷ്ട്രങ്ങളുടെ കൂട്ടായ്മ ശക്തിപ്പെടുത്തിയെടുക്കുന്നതിന് സാമ്രാജ്യത്വകല്‍പ്പനപ്രകാരം നീങ്ങുന്ന അന്താരാഷ്ട്ര സാമ്പത്തികസ്ഥാപനങ്ങള്‍ക്ക് ബദലായ അന്താരാഷ്ട്ര സോഷ്യലിസ്റ്റ് സാമ്പത്തിക സഹകരണ സംവിധാനങ്ങളുണ്ടാക്കുന്നതിനും "ടെലിസുര്‍" ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് വാര്‍ത്താവിന്യാസ സംവിധാനങ്ങളുണ്ടാക്കി ബദല്‍ അന്താരാഷ്ട്ര വാര്‍ത്താക്രമം സ്ഥാപിക്കുന്നതിനുമൊക്കെ അദ്ദേഹം മുന്‍കൈയെടുത്തു. ഉയര്‍ന്ന തൊഴിലാളിവര്‍ഗ സാര്‍വദേശീയതാബോധം, വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധത, ഭാവനാപൂര്‍ണമായ ആസൂത്രണവൈദഗ്ധ്യം തുടങ്ങിയവയൊക്കെ പ്രസിഡന്റ്സ്ഥാനത്തെത്തിയശേഷമുള്ള ഓരോ ക്രിയാത്മകനടപടിയിലും പ്രതിഫലിച്ചുവെന്നത് എടുത്തുപറയേണ്ടതുണ്ട്. എണ്ണ ദേശസാല്‍ക്കരണം, ഇറാഖിലെ ന്യായരഹിതമായ യുഎസ് ആക്രമണത്തിനെതിരായ നിലപാട്, ഇറാന്‍ ആക്രമണത്തിന് കോപ്പുകൂട്ടുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നീക്കങ്ങള്‍ക്കെതിരായ അന്താരാഷ്ട്രവേദികളിലെ നിശിതമായ വിമര്‍ശം എന്നിവയൊക്കെ ഷാവേസിനെ ലോകജനതയ്ക്ക് പ്രിയങ്കരനും അമേരിക്കന്‍ സാമ്രാജ്യത്വത്തിന് കണ്ണിലെ കരടുമാക്കി മാറ്റി.

അമേരിക്കന്‍ സാമ്രാജ്യത്വപ്രേരണയിലുള്ള അട്ടിമറിയെയും അട്ടിമറിശ്രമപരമ്പരകളെയും ജനപിന്തുണയുടെ ശക്തികൊണ്ടാണ് ഷാവേസ് അതിജീവിച്ചത്. അട്ടിമറിയെത്തുടര്‍ന്ന് 48 മണിക്കൂറിനകം അധികാരത്തില്‍ തിരിച്ചെത്തിയതും ഒന്നരപതിറ്റാണ്ടിനുള്ളില്‍ ആദ്യവട്ടം ജനഹിതപരിശോധനയിലൂടെയോ ജനവിധിയിലൂടെയോ സ്വാധീനം തെളിയിച്ചതും വെനസ്വേലന്‍ ജനത ഷാവേസിനൊപ്പംതന്നെയെന്നത് ആവര്‍ത്തിച്ച് തെളിയിച്ചു. മുന്‍ ഭരണാധികാരികുടുംബങ്ങളും സാമ്രാജ്യത്വവും എണ്ണ ഏജന്റുമാരും യാഥാസ്ഥിതികരായ ചില പട്ടാളമേധാവികളും ചേര്‍ന്ന് നടത്തിയ ഉപജാപങ്ങളെ അതിജീവിച്ചതും ജനശക്തിയുടെ പിന്‍ബലംകൊണ്ടാണ്. ആ ജനശക്തിയുടെ ഉറവിടമാകട്ടെ, ഷാവേസിന്റെ നയസമീപനങ്ങള്‍തന്നെയായിരുന്നുതാനും.

ആഗോളവല്‍ക്കരണകാലത്ത് അതിനുള്ള ബദലിന്റെ പ്രതീകമായാണിന്ന് വെനസ്വേല സാമ്രാജ്യത്വത്തിനുമുമ്പില്‍ നെഞ്ചുവിരിച്ച് നില്‍ക്കുന്നത്. ബദലില്ല എന്ന സാമ്രാജ്യത്വവാദത്തിനുള്ള ജീവിക്കുന്ന മറുപടിയായി ആ രാജ്യത്തെ ഷാവേസും അദ്ദേഹത്തിന്റെ വിപ്ലവപ്രസ്ഥാനവും ഉയര്‍ത്തിനിര്‍ത്തി. ജനങ്ങളുടെ ജീവിതം പ്രഥമപരിഗണനയാക്കിയ ഭരണമായിരുന്നു ഷാവേസിന്റേത്. സോഷ്യലിസത്തിന്റെ അജയ്യത ആവര്‍ത്തിച്ച് വിളംബരം ചെയ്താണ് ഷാവേസ് കടന്നുപോകുന്നത്. ഷാവേസ്, വെനസ്വേലയ്ക്കുമാത്രമല്ല, ലാറ്റിനമേരിക്കയ്ക്കുമാത്രമല്ല, രാജ്യത്തിന്റെ പരമാധികാരം, സാമൂഹികനീതി, മനുഷ്യത്വം, നാടിന്റെ വികസനം എന്നിവയ്ക്കായി പൊരുതുന്ന ലോകത്തെ ഏതുഭാഗത്തെ ജനതതിക്കും നിത്യപ്രചോദനമായി മരണാനന്തരവും ജീവിക്കുതന്നെചെയ്യും; തീര്‍ച്ച.

*
ദേശാഭിമാനി മുഖപ്രസംഗം 07 മാര്‍ച്ച് 2013

No comments: