Wednesday, March 27, 2013

ജലരേഖയാകുന്ന തൊഴിലുറപ്പ് പെന്‍ഷന്‍

ധനമന്ത്രി കെ എം മാണി അവതരിപ്പിച്ച ബജറ്റില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പെന്‍ഷന്‍പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. തൊഴിലാളികളില്‍ വലിയതോതിലുള്ള വ്യാമോഹം സൃഷ്ടിക്കാനേ ഈ പ്രഖ്യാപനം ഉപകരിക്കൂ. ഈ പെന്‍ഷന്‍പദ്ധതി യഥാര്‍ഥത്തില്‍ ഒരു തട്ടിപ്പാണ്. ഇതിലൂടെ തൊഴിലാളികളെ യുഡിഎഫ് സര്‍ക്കാര്‍ വഞ്ചിച്ചിരിക്കുകയാണ്.

ബജറ്റില്‍ ഇങ്ങനെ പ്രതിപാദിക്കുന്നു. ""പ്രതിവര്‍ഷം 100 ദിവസം ജോലിചെയ്യുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പുതിയ പെന്‍ഷന്‍പദ്ധതി നടപ്പിലാക്കുന്നതാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും തൊഴിലാളികളുടെയും സംയുക്ത പങ്കാളിത്തത്തോടെയായിരിക്കും ഈ പദ്ധതി നടപ്പിലാക്കുക. കഴിഞ്ഞ വര്‍ഷം അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും പുസ്തകങ്ങളും മറ്റും വാങ്ങുവാനും 1000 രൂപ സഹായധനം സര്‍ക്കാര്‍ നല്‍കുകയുണ്ടായി. ഈ വര്‍ഷം സര്‍ക്കാര്‍ നല്‍കുന്ന 1000 രൂപ പുതിയ പദ്ധതിയിലെ സര്‍ക്കാര്‍ വിഹിതമായിരിക്കും. അതോടൊപ്പം സ്വാവലംബന്‍ പദ്ധതിയില്‍ 1000 രൂപ കേന്ദ്രവിഹിതമായും പ്രസ്തുത പെന്‍ഷന്‍ പദ്ധതിയിലേക്ക് നിക്ഷേപിക്കപ്പെടും. പുറമെ, തൊഴിലാളിവിഹിതവും ഈ പദ്ധതിയിലേക്ക് വര്‍ഷംതോറും നിക്ഷേപിക്കാവുന്നതാണ്. തൊഴിലാളികള്‍ക്ക് 60 വയസ്സ് തികയുമ്പോള്‍ അവരുടെ അക്കൗണ്ടിലുളള തുകയുടെ ആനുപാതികമായി പ്രതിമാസ പെന്‍ഷന്‍ ആജീവനാന്തം ലഭിക്കുന്നതായിരിക്കും. ഇതിനുപുറമെ, 100 ദിവസം ജോലിചെയ്യുന്ന എല്ലാ സ്ത്രീത്തൊഴിലാളികള്‍ക്കും ഓണത്തോടനുബന്ധിച്ച് 400 രൂപയില്‍ അധികരിക്കാത്ത ഓണക്കോടി സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നതാണ്. ഇതിനായി 20 കോടി രൂപ വകയിരുത്തുന്നു.""

പെന്‍ഷന്‍ പ്രതിവര്‍ഷം 100 ദിവസം ജോലിചെയ്യുന്ന സ്ത്രീത്തൊഴിലാളികള്‍ക്കുമാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. നിയമപ്രകാരം ഒരു കുടുംബത്തിലെ എല്ലാവര്‍ക്കും കൂടി 100 ദിവസം തൊഴിലാണ് നിലവില്‍ ലഭിക്കുക. ഈ പെന്‍ഷന്‍ പദ്ധതി വ്യക്തികള്‍ക്കാണോ? അതല്ല കുടുംബത്തിനാണോ? 100 ദിവസം ജോലിചെയ്ത ഒരു കുടുംബത്തിലെ സ്ത്രീത്തൊഴിലാളിക്കാണ് കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ പ്രഖ്യാപിച്ച 1000 രൂപ ലഭിച്ചത്. അതും സംസ്ഥാനത്ത് നാമമാത്രമായ തൊഴിലാളികള്‍ക്കു മാത്രമേ ലഭിച്ചുള്ളൂ. പെന്‍ഷനും ഇതേ രീതിയിലല്ലേ? 2012-13 വര്‍ഷത്തില്‍ 100 ദിവസം പ്രവൃത്തിചെയ്ത സ്ത്രീത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിനും പുസ്തകങ്ങളും പഠനോപകരണങ്ങളും മറ്റും വാങ്ങുന്നതിനുമാണ് സഹായം നല്‍കിയത്. ഈ വര്‍ഷം പെന്‍ഷന്‍ പദ്ധതിയിലേക്ക് സംസ്ഥാനവിഹിതമായി കഴിഞ്ഞ വര്‍ഷം നല്‍കിയ 1000 രൂപ നല്‍കുമെന്നാണ് മന്ത്രി പറയുന്നത്. കേന്ദ്രസര്‍ക്കാര്‍ വിഹിതമായി 1000 രൂപ കേന്ദ്രപദ്ധതിയായ "സ്വാവലംബന്‍" പദ്ധതിയില്‍നിന്ന് നല്‍കുമെന്നും പറയുന്നു. ഇത് നടക്കാന്‍ പോകുന്നതാണോ? മാത്രമല്ല, ഒരു വര്‍ഷം 100 ദിവസം തൊഴില്‍ കിട്ടിയവര്‍ക്ക് തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 100 ദിവസം തൊഴില്‍ ലഭിക്കണമെന്നില്ല. അങ്ങനെ വരുമ്പോള്‍ കേന്ദ്ര-സംസ്ഥാന വിഹിതം തുടര്‍ച്ചയായി ലഭിക്കുമെന്നതിന് എന്താണുറപ്പ്? സംസ്ഥാനത്ത് 100 ദിവസം തൊഴില്‍ ലഭിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്. തദ്ദേശസ്ഥാപനങ്ങളും സര്‍ക്കാരും ഈ രംഗത്ത് കാര്യക്ഷമമായി ഇടപെടുന്നില്ല. ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നില്ല. കൃത്യമായി തൊഴിലും വേതനവും നല്‍കുന്നില്ല. ഒട്ടേറെ പ്രയാസങ്ങള്‍ നിലനില്‍ക്കുന്നു.

100 ദിവസം തുടര്‍ച്ചയായി തൊഴില്‍ കിട്ടാത്ത സന്ദര്‍ഭങ്ങളില്‍ പെന്‍ഷന്‍ പദ്ധതിയുടെ സ്ഥിതി എന്തായിരിക്കും? നല്‍കാന്‍ വേണ്ടി പ്രഖ്യാപിച്ചതല്ല ഈ പെന്‍ഷന്‍ എന്ന് വ്യക്തം. ഇതിനുപുറമെ പദ്ധതിയിലേക്ക് തൊഴിലാളികളുടെ വിഹിതവും വര്‍ഷംതോറും നിക്ഷേപിക്കണം. ഇതിലും ഒട്ടേറെ അവ്യക്തതകള്‍ കാണാം. ഇന്ന് തൊഴിലുറപ്പ് പദ്ധതിയില്‍ സംസ്ഥാനത്ത് മൊത്തം രജിസ്റ്റര്‍ചെയ്ത കുടുംബങ്ങളുടെ എണ്ണം 25,07,794 ആണ്. ഇതില്‍ കേവലം 2,72,843 കുടുംബങ്ങള്‍ക്കു മാത്രമാണ് 100 ദിവസം തൊഴില്‍ ഇതുവരെ ലഭിച്ചത്. ഇവര്‍ക്കുതന്നെയും പ്രഖ്യാപനപ്രകാരം പെന്‍ഷനുള്ള അര്‍ഹത ഉണ്ടാകില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും തൊഴിലാളികളുടെയും സംയുക്തപങ്കാളിത്തത്തോടെയുള്ള പെന്‍ഷനാണ് നടപ്പില്‍ വരുത്തുന്നത്. അവിദഗ്ധ തൊഴിലാളികള്‍ക്കുപോലും പങ്കാളിത്ത പെന്‍ഷന്‍ അടിച്ചേല്‍പ്പിക്കുന്നത് തൊഴിലാളികളോട് കാണിക്കുന്ന ക്രൂരതയാണ്. അറുപതു വയസ്സ് കഴിയുമ്പോള്‍ അവരുടെ അക്കൗണ്ടിലുള്ള തുകയ്ക്ക് ആനുപാതികമായി പെന്‍ഷന്‍ ആജീവനാന്തം ലഭിക്കുമെന്നാണ് സൂചിപ്പിക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികളെ സംബന്ധിച്ചിടത്തോളം കേന്ദ്രനിയമത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളില്‍ സ്ഥിരതാമസക്കാരായ 18 വയസ്സുള്ള അവിദഗ്ധതൊഴിലാളികള്‍ക്കാണ് ജോലി നല്‍കുക. എത്ര വയസ്സുവരെ ജോലിചെയ്യാമെന്ന ഉയര്‍ന്ന പ്രായപരിധി നിശ്ചയിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ നല്ലതുപോലെ ചര്‍ച്ചചെയ്തും പഴുതുകളടച്ചും എല്ലാവര്‍ക്കും പെന്‍ഷന്‍ ഉറപ്പുവരുത്തിയുമാകണം പദ്ധതി നടപ്പാക്കാന്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പാക്കിയതാണ് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി. വ്യവസ്ഥകളെല്ലാം ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേതു തന്നെ. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഈ പദ്ധതി മരവിപ്പിച്ചു. 2012-13 വര്‍ഷത്തെ ബജറ്റില്‍ അഞ്ചുകോടി രൂപമാത്രമാണ് യുഡിഎഫ് വകയിരുത്തിയത്. കഴിഞ്ഞ വര്‍ഷം പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരെ ശ്രദ്ധിച്ചില്ല. തുടര്‍ച്ചയായ സമരത്തിന്റെയും സമ്മര്‍ദത്തിന്റെയും ഭാഗമായി 2013 ഫെബ്രുവരി, മാര്‍ച്ച് മാസത്തിലാണ് നഗരസഭകള്‍ക്ക് നാമമാത്രമായ തുക നല്‍കിയത്. നീക്കിവച്ച അഞ്ചുകോടി രൂപപോലും ചെലവാക്കാനുള്ള ആത്മാര്‍ഥത സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. ഈ വര്‍ഷം ബജറ്റില്‍ 12.16 കോടിരൂപയാണ് നീക്കിവച്ചത്. ഈ പദ്ധതി ഈ വര്‍ഷവും നടപ്പാക്കില്ല എന്ന് വ്യക്തം. ഈ ചുറ്റുപാടില്‍ തൊഴിലുറപ്പ് പെന്‍ഷന്‍ നഗരപ്രദേശങ്ങളിലെ തൊഴിലാളികള്‍ക്കും ബാധകമാക്കണം. ചുരുക്കത്തില്‍ തൊഴിലുറപ്പ് രംഗത്ത് പ്രഖ്യാപിച്ച പെന്‍ഷന്‍ ജലരേഖയായി അവശേഷിക്കും. സര്‍ക്കാരിന് കൊട്ടിഘോഷിക്കാനുള്ള ഒരു പദ്ധതി പ്രഖ്യാപിച്ചു എന്നുമാത്രം. നൂറുദിവസം തൊഴിലെടുക്കുന്ന സ്ത്രീത്തൊഴിലാളികള്‍ക്ക് 400 രൂപയില്‍ അധികരിക്കാത്ത ഓണക്കോടി നല്‍കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. കേന്ദ്രനിയമപ്രകാരം ഒരു കുടുംബത്തിനാണ് ഒരു വര്‍ഷം കുറഞ്ഞത് 100 ദിവസം തൊഴില്‍. ഇവിടെ 100 ദിവസം തൊഴിലെടുക്കുന്ന സ്ത്രീത്തൊഴിലാളിക്കുമാത്രമേ ഓണക്കോടി നല്‍കൂവെന്ന നിര്‍ദേശം സ്വീകാര്യമല്ല. 100 ദിവസം തൊഴില്‍ ലഭിച്ച എല്ലാ കുടുംബങ്ങള്‍ക്കും ഓണക്കോടി നല്‍കണം.

തൊഴിലുറപ്പില്‍ ജോലിചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും സംസ്ഥാനത്തെ ഇതര മേഖലകളില്‍ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ക്ഷേമപെന്‍ഷന്‍പോലെയുള്ള പെന്‍ഷന്‍ പദ്ധതിയാണ് നടപ്പാക്കേണ്ടത്. നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ തൊഴിലാളികള്‍ക്കും പ്രതിമാസം 1000 രൂപയെങ്കിലും പെന്‍ഷന്‍ നല്‍കണം. അതോടൊപ്പം അടിയന്തരമായി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തണം. ധനമന്ത്രി പ്രഖ്യാപിച്ച പെന്‍ഷന്‍ പദ്ധതിയിലെ അപാകതകളും അവ്യക്തതകളും ദൂരീകരിക്കണമെന്നും ക്ഷേമനിധി അടക്കമുള്ള മറ്റ് ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് ഏപ്രില്‍ 30ന് സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്ക് മുമ്പിലും എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ ഉപവസിക്കും.
*
എം വി ബാലകൃഷ്ണന്‍ (എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

No comments: