Friday, March 22, 2013

പ്രശ്നങ്ങളില്‍നിന്ന് ഒളിച്ചോട്ടം

അനവധി നിര്‍ദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത്, നിയമസഭയില്‍ ആദ്യം നിന്നും പിന്നെ ഇരുന്നും കുറെ ഭാഗങ്ങള്‍ വിട്ടും വായിച്ചു തീര്‍ത്താല്‍ ബജറ്റ് ആകുമെങ്കില്‍ കെ എം മാണി അവതരിപ്പിച്ച ബജറ്റ് നല്ല ബജറ്റാണ്. ബജറ്റ് പ്രസംഗത്തിന്റെ ആമുഖത്തില്‍ അടിസ്ഥാനരഹിതമായ ഒരു അവകാശവാദം അദ്ദേഹം ഉന്നയിക്കുന്നുണ്ട്. അതായത് സംസ്ഥാനത്തിന്റെ ആഭ്യന്തരവരുമാനം 9.5 ശതമാനം വളര്‍ന്നു. ഇതുപക്ഷെ, സുസ്ഥിര സാമ്പത്തിക വളര്‍ച്ചയുടെ സൂചികയല്ല. കാര്‍ഷിക വളര്‍ച്ച പിന്നോട്ടാണ്, 1.60 ശതമാനം ഇടിഞ്ഞു. റൈസ് ബയോപാര്‍ക്കിനെക്കുറിച്ചും നെല്ലുസംഭരണത്തെക്കുറിച്ചും വാചാലമാകുമ്പോഴും നെല്‍വയല്‍ വിസ്തൃതി 2010-11ലെ 2.13 ലക്ഷം ഹെക്ടറില്‍നിന്നും 2011-12ല്‍ 2.08 ലക്ഷം ഹെക്ടറായി കുറഞ്ഞു. 2009-10ല്‍ 2.34 ലക്ഷം ഹെക്ടറായിരുന്നു. ആദായകരമല്ലാത്തതിനാല്‍ കൃഷി ഉപേക്ഷിക്കപ്പെടുന്നതുകൊണ്ടു മാത്രമല്ല ഈ കുറവുണ്ടായത്. ഭൂമി ലാഭകരമായ കൈമാറ്റ ചരക്കെന്ന നിലയില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയ കൈവശപ്പെടുത്തിയതുകൊണ്ടു കൂടിയാണ്.

കൃഷിയും മൃഗസംരക്ഷണവും മത്സ്യബന്ധനവും ഉള്‍പ്പെടെയുള്ള പ്രാഥമിക മേഖല കൈവരിച്ചതും നെഗറ്റീവ് വളര്‍ച്ചയാണ്, -0.73 ശതമാനം. പരമ്പരാഗത വ്യവസായങ്ങള്‍ ഉള്‍പ്പെടുന്ന വ്യവസായമേഖല കൈവരിച്ചത് 6.39 ശതമാനം വളര്‍ച്ച മാത്രം. റിയല്‍ എസ്റ്റേറ്റ്, ഹോട്ടല്‍, വാര്‍ത്താവിനിമയം, ബാങ്കിങ്, ഇന്‍ഷുറന്‍സ് തുടങ്ങിയവ അടങ്ങുന്ന സേവനമേഖല കൈവരിച്ച 11.81 ശതമാനം വളര്‍ച്ചയാണ് അഭിമാനകരമെന്നു വിശേഷിപ്പിച്ച 9.5 ശതമാനം വളര്‍ച്ചയ്ക്കുപിന്നില്‍. തളരുന്ന കാര്‍ഷികമേഖലയും സ്തംഭനത്തില്‍ തുടരുന്ന വ്യവസായമേഖലയും നിലനിര്‍ത്തി എങ്ങനെയാണ് ""കേരളത്തിന് രണ്ടക്ക വളര്‍ച്ച നിരക്ക് കൈവരിച്ച് ചരിത്രം തിരുത്തിക്കുറിക്കുവാന്‍ സാധിക്കുക""? ""ഈ ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിനാണ് മുന്‍കാലങ്ങളെ അപേക്ഷിച്ച് പദ്ധതിയടങ്കലില്‍ 21.34 ശതമാനം വര്‍ധന വരുത്തിയിട്ടുള്ളത്"" എന്ന് ബജറ്റ് അവകാശപ്പെടുന്നു. 14,010 കോടി രൂപയായിരുന്ന നടപ്പു സാമ്പത്തിക വര്‍ഷത്തെ പദ്ധതിയടങ്കല്‍. അത് 17000 കോടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രശ്നം അവിടെയല്ല, സിഎജിയുടെ കണക്കുപ്രകാരം 14,010 കോടി രൂപയില്‍ ഡിസംബര്‍ 31 വരെ ചെലവാക്കപ്പെട്ടത് 5388 കോടി മാത്രം. അഥവാ, 38 ശതമാനം! തുക വകയിരുത്തലല്ല പ്രധാനം; ചെലവാക്കലും ഫലപ്രാപ്തിയുമാണ്. ഈ മാനദണ്ഡം വച്ചുനോക്കിയാല്‍, ഇപ്പോഴത്തെ ബജറ്റും കഴിഞ്ഞ ബജറ്റും വാഗ്ദാനങ്ങളുടെയോ നിര്‍ദേശങ്ങളുടെയോ ആവര്‍ത്തന വിരസങ്ങളായ ഘോഷയാത്രയാണെന്നു കാണാം.

""ആഗോള സമ്പദ്വ്യവസ്ഥയുമായി സമന്വയിപ്പിച്ച് വികസനത്തിന്റെ ഹൈവേയിലേക്കു കേരളത്തെ നയിക്കുക എന്ന ലക്ഷ്യ""ത്തോടെ തയ്യാറാക്കിയ കഴിഞ്ഞ ബജറ്റിലെ അതിവേഗ റെയില്‍ കോറിഡോര്‍, മോണോ റെയില്‍, വിഴിഞ്ഞം പദ്ധതി, ഹൈടെക് കൃഷിരീതി, റൈസ് ബയോപാര്‍ക്ക്, നാളികേര ബയോപാര്‍ക്ക്, ഗ്രീന്‍ഹൗസ് പദ്ധതി, സീപ്ലെയിന്‍, സ്വയംസംരംഭക വികസന മിഷന്‍ തുടങ്ങിയവയെല്ലാം ഇപ്പോഴത്തെ ബജറ്റിലും ഒന്നല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. 12 കോടി രൂപ ചെലവില്‍ ""സീപ്ലെയിന്‍ കമ്പനി"" രൂപീകരിക്കുമെന്ന കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനം 10 കോടി രൂപ ചെലവില്‍ സീപ്ലെയിന്‍ പദ്ധതി നടപ്പാക്കുമെന്ന് ഈ ബജറ്റില്‍ വേഷംമാറ്റി. കാര്‍ഷിക മേഖലയില്‍ കഴിഞ്ഞ ബജറ്റില്‍ ഹൈടെക് കൃഷിരീതി സംബന്ധിച്ചാണ് സംസാരിച്ചതെങ്കില്‍, ഇപ്രാവശ്യം മാതൃകാ ഹൈടെക് ഹരിത ഗ്രാമങ്ങളെക്കുറിച്ചാണ് പറയുന്നത്.

എന്തുകൊണ്ടാണ് നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ കഴിയാതെ വരുന്നത്? അതിനു രണ്ടുകാരണങ്ങളുണ്ട്. ഒന്ന്, വിഭവങ്ങളുടെ അപര്യാപ്തത. രണ്ട്, നടപ്പാക്കുന്നതിലെ കെടുകാര്യസ്ഥത. രാഷ്ട്രീയമായ ഇച്ഛാശക്തിയില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ ചിട്ടപ്പടിയേ ജോലിചെയ്യൂ. പദ്ധതി നടത്തിപ്പ് താളം തെറ്റുകയും ചെയ്യും. അല്‍പ്പമാത്രമായ വിഭവങ്ങള്‍ അനവധി പ്രൊജക്ടുകള്‍ക്കും ജില്ലകള്‍ക്കും നിയോജകമണ്ഡലങ്ങള്‍ക്കും വീതംവയ്ക്കുന്നതുകൊണ്ട് ഫലപ്രദമായ രീതിയില്‍ നടപ്പാക്കാന്‍ കഴിയാതെ വരുന്നു. നികുതി സമാഹരണത്തിലെ വിട്ടുവീഴ്ചയാണ് വിഭവസമാഹരണം ദുര്‍ബലപ്പെടാന്‍ കാരണം. സംസ്ഥാനത്തിന്റെ തനതു നികുതിവരുമാനത്തിന്റെ 73 ശതമാനം ലഭിക്കുന്നത് വില്‍പ്പന നികുതിയില്‍ നിന്നാണ്. വാണിജ്യനികുതി ചെക്ക്പോസ്റ്റുകളിലെ അഴിമതി കുപ്രസിദ്ധമാണ്. ഈ പശ്ചാത്തലത്തില്‍ വാളയാറില്‍ സംയോജിത ചെക്ക്പോസ്റ്റ് ഏര്‍പ്പെടുത്തുന്നതിന് ""ഭൂമി ഏറ്റെടുക്കല്‍ നടപടി പുരോഗമിച്ചുവരുന്നു"" എന്ന ബജറ്റ് പരാമര്‍ശം ചിരിക്കാണ് വക നല്‍കുക. 2012-13ല്‍ 32,122 കോടി തനതുനികുതി വരുമാനം സമാഹരിക്കാനായിരുന്നു ലക്ഷ്യം. പിരിച്ചത് 31702 കോടി രൂപ. ലക്ഷ്യമിട്ടതിലും 420 കോടി രൂപ കുറവ്. വില്‍പ്പന നികുതി ലക്ഷ്യം 23451 കോടി രൂപയായിരുന്നു. സമാഹരിച്ചത് 23094 കോടിയും. 357 കോടി കുറവ്. അതേ സമയം, എല്‍ഡിഎഫ് ഭരണകാലത്ത് വില്‍പ്പന നികുതി 2006-07ല്‍ ലക്ഷ്യമിട്ടതിനേക്കാള്‍ 108 ശതമാനം സമാഹരിച്ചു. 2008-09ല്‍ 107 ശതമാനവും 2009-10 ല്‍ 100 ശതമാനവും 2010-11ല്‍ 105 ശതമാനവും സമാഹരണം നടത്തി. നികുതിനിരക്കില്‍ വര്‍ധന വരുത്താതെയാണ് ഈ നേട്ടം കൈവരിച്ചു എന്നത് ശ്രദ്ധേയമാണ്. ഇതിനര്‍ഥം നികുതി രഹിത ബജറ്റാണ് ഏറ്റവും നല്ലത് എന്നല്ല, നികുതി രഹിതബജറ്റ് ചെലവു രഹിതവുമായിരിക്കും. നവലിബറല്‍ സമീപനമാണത്. അതായത്, സര്‍ക്കാര്‍ ചെലവുകള്‍ പരമാവധി കുറച്ച് സ്വതന്ത്രവിപണിയിലേക്കുള്ള നീക്കം ശക്തിപ്പെടുത്തുക. നികുതി വര്‍ധന വേണ്ടിവരും. പക്ഷെ, പ്രശ്നം ആരുടെ മേല്‍ നികുതിഭാരം പതിക്കുന്നു എന്നതാണ്. 1138.33 കോടി രൂപക്കുള്ള അധിക നികുതി സമാഹരണ നിര്‍ദേശങ്ങളാണ് ബജറ്റ് മുന്നോട്ടുവയ്ക്കുന്നത്. ഒപ്പം 67.78 കോടിയുടെ നികുതി ഇളവുകളും. വിദേശമദ്യത്തിന്മേലുള്ള നികുതി നിരക്ക് 100ല്‍നിന്ന് 105 ശതമാനമാക്കാനുള്ള നിര്‍ദേശം ആരും എതിര്‍ക്കുകയില്ല. അതുപോലെ, സിഗരറ്റിന്റെയും മറ്റും നികുതിനിരക്ക് 15ല്‍നിന്നും 20 ശതമാനമാക്കുന്നതിനെയും ആരും അനുകൂലിക്കും. ത്രീസ്റ്റാര്‍ മുതലുള്ള ഹോട്ടലുകളിലോ 500-ല്‍ കൂടുതല്‍ ഇരിപ്പിടസൗകര്യമുള്ള ഓഡിറ്റോറിയത്തിലോ നടത്തുന്ന വിവാഹാഘോഷങ്ങള്‍ക്കു ചെലവിടുന്ന തുകയുടെ മൂന്നുശതമാനത്തില്‍ കുറയാത്ത സംഭാവന മംഗല്യനിധിയിലേക്ക് നല്‍കണമെന്ന നിബന്ധന സ്വാഗതാര്‍ഹമാണ്. എന്നാല്‍, ആധുനിക ഗൃഹോപകരണ വസ്തുക്കളുടെ ഗണത്തില്‍പ്പെടുന്ന വൈറ്റ് ഗുഡ്സ്, മറ്റു ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ നികുതി നിരക്ക് 13.5 ല്‍ 14.5 ശതമാനമാക്കാനുള്ള നടപടി വിലക്കയറ്റം മൂര്‍ച്ഛിപ്പിക്കും.

വിവേചനത്തോടെ വേണം നികുതി നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കാന്‍. അവ സാധാരണക്കാരെ ദ്രോഹിക്കുന്നവയാകരുത്. ആകര്‍ഷണീയങ്ങളെന്നു തോന്നാവുന്ന നിര്‍ദേശങ്ങളില്‍ പലതിലും പ്രതികൂല വ്യവസ്ഥകള്‍ എഴുതിച്ചേര്‍ത്താണ് അവതരിപ്പിച്ചിട്ടുള്ളത്. ചില ഉദാഹരണങ്ങള്‍- ചെറുകിട കര്‍ഷകര്‍ സഹകരണ ബാങ്കുകള്‍ വഴി എടുത്ത നബാര്‍ഡ് കാര്‍ഷിക വായ്പയുടെ പലിശകുടിശ്ശിക എഴുതിത്തള്ളുമെന്ന് ബജറ്റ് വാഗ്ദാനംചെയ്യുന്നു. പക്ഷെ, ഒരു വ്യവസ്ഥയുണ്ട്. മുതല്‍ സംഖ്യ പൂര്‍ണമായും ഒറ്റത്തവണയായി അടച്ചുതീര്‍ക്കണം. മറ്റൊരു വാഗ്ദാനം തൊഴിലുറപ്പു തൊഴിലാളികളുടെ പെന്‍ഷന്‍ സംബന്ധിച്ചാണ്. പെന്‍ഷന്‍ പദ്ധതിയിലേക്ക് സംസ്ഥാനസര്‍ക്കാര്‍ 1000 രൂപയും കേന്ദ്രം 1000 രൂപയും നല്‍കും. തൊഴിലാളികള്‍ അവരുടെ വേതനത്തില്‍നിന്ന് നിശ്ചിതഭാഗം പെന്‍ഷന്‍ പദ്ധതിയില്‍ അടയ്ക്കണം. 60 വയസ്സുകഴിയുമ്പോള്‍ അക്കൗണ്ടിലുള്ള തുകയുടെ ആനുപാതികമായി പെന്‍ഷന്‍ ലഭിക്കും. പങ്കാളിത്ത പെന്‍ഷന്‍ ഏര്‍പ്പെടുത്തുന്നു എന്ന് സാരം. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരെ നടന്ന സമരത്തില്‍ ജീവനക്കാര്‍ ഉന്നയിച്ച ഒരു ആശങ്ക, പങ്കാളിത്ത പെന്‍ഷന്‍ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്കും ബാധകമാക്കുമെന്നായിരുന്നു. ആശങ്ക അസ്ഥാനത്തായിരുന്നില്ല എന്നു സാരം. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ പ്രസിദ്ധീകരിച്ച ധവളപത്രത്തിലും (ജൂലൈ 2011) 2011-12ലെ പുതുക്കിയ ബജറ്റിലും 2012-13ലെ ബജറ്റ് പ്രസംഗത്തിലും നിര്‍ലോഭമായി വിമര്‍ശിക്കപ്പെട്ടതാണ് വര്‍ധിച്ചുവരുന്ന കടബാധ്യതയും ഏറിവരുന്ന പലിശയും കടക്കെണിയും പ്രതിശീര്‍ഷകടബാധ്യതയും മറ്റും.

ഇപ്പോഴത്തെ ബജറ്റ് ആ വക കാര്യങ്ങളില്‍ അര്‍ഥഗര്‍ഭമായ മൗനം ദീക്ഷിക്കുന്നു. കടംവാങ്ങല്‍ ചുരുക്കാന്‍ കഴിഞ്ഞതല്ല കാരണം. കെ എം മാണിയും ധാരാളം കടംവാങ്ങി. 2011 മാര്‍ച്ച് 31ന് സംസ്ഥാനത്തിന്റെ ആകെ കടം 78673.24 കോടിരൂപയായിരുന്നു. ഇപ്പോഴത് 96885.06 കോടി രൂപയാണ്. അതായത് യുഡിഎഫ് ഭരണത്തില്‍ 23.14 ശതമാനം കൂടുതല്‍ വാങ്ങി. ബജറ്റിനെതിരായ പ്രധാന വിമര്‍ശനം അത് സംസ്ഥാനത്തെ പരമപ്രധാന പ്രശ്നങ്ങള്‍ ഒന്നിനെപോലും ഗൗരവതരമായി അഭിസംബോധനചെയ്യുന്നില്ല എന്നതാണ്. രൂക്ഷമായ വിലക്കയറ്റം, കെഎസ്ആര്‍ടിസിയും കെഎസ്ഇബിയും നേരിടുന്ന പ്രതിസന്ധി, റബറിന്റെയും നാളികേരത്തിന്റെയും വിലത്തകര്‍ച്ച, വര്‍ധിക്കുന്ന തൊഴിലില്ലായ്മ, തകരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയാണ് പ്രശ്നങ്ങളില്‍ ചിലവ. വീര്‍പ്പുമുട്ടിക്കുന്ന വിലക്കയറ്റമാണ് ജനങ്ങള്‍ നേരിടുന്നത്. അല്‍പ്പമെങ്കിലും ആശ്വാസമേകുന്ന നടപടികള്‍ ബജറ്റിലുണ്ടാകുമെന്ന് ജനം പ്രതീക്ഷിച്ചു. പക്ഷെ, അതുണ്ടായില്ല.

ഡീസല്‍വില വര്‍ധനമൂലം പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിക്ക് പ്രത്യേക പരിഗണന നല്‍കി ജനങ്ങളുടെ ബുദ്ധിമുട്ടകറ്റുവാന്‍ ധനമന്ത്രി തയ്യാറാകുമെന്ന് ന്യായമായും പ്രതീക്ഷിച്ചിരുന്നു. 186 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്കു വകയിരുത്തിയത്. നടപ്പുസാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ നല്‍കിയത് 260 കോടി രൂപയാണ്. ബജറ്റ് വര്‍ഷം 386 കോടി രൂപയും. അതായത്, പ്രതിസന്ധി നേരിടാന്‍ നല്‍കുന്നത് 26 കോടി രൂപ! കെഎസ്ഇബിയുടെ കാര്യവും തഥൈവ. ഊര്‍ജമേഖലയ്ക്ക് ആകെ അനുവദിക്കുന്നത് 46.58 കോടി. 1050 മെഗാവാട്ട് അധിക വൈദ്യുതി ഉല്‍പ്പാദനമാണ് ലക്ഷ്യം. 53 മെഗാവാട്ട് ഉല്‍പ്പാദനശേഷിയുള്ള അഞ്ചുചെറുകിട വൈദ്യുതോല്‍പ്പാദന പദ്ധതികള്‍ ആരംഭിക്കുമെന്ന് കഴിഞ്ഞ ബജറ്റിലെ വാഗ്ദാനം എങ്ങുമെത്താതെ നില്‍ക്കെ, ""111.2 മെഗാവാട്ട് ശേഷിയുള്ള പുതിയ പദ്ധതികള്‍ ആരംഭിക്കാനുദ്ദേശിക്കുന്നു"" എന്നു ബജറ്റ് പറയുന്നു. നടപ്പാക്കാനുദ്ദേശമില്ലെന്നു വ്യക്തം.

റബറിന്റെയും നാളികേരത്തിന്റെയും വിലത്തകര്‍ച്ച സംബന്ധിച്ച് ബജറ്റ് തികഞ്ഞ മൗനം ഭജിക്കുന്നു. വിലത്തകര്‍ച്ച തടയുന്നതിനു നടപടിയില്ലെന്നുമാത്രമല്ല, റബറിന്റെയും പാമോലിന്റെയും ഇറക്കുമതിയാണ് വിലത്തകര്‍ച്ചക്ക് കാരണമെന്ന വസ്തുത മൂടിവെക്കുകയും ചെയ്യുന്നു. വ്യവസായ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ നടത്തിപ്പിന് അനുവദിക്കുന്നത് 80 കോടി രൂപയാണ്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നവ ശക്തിപ്പെടുത്തുവാനും ലാഭത്തില്‍ നടക്കുന്നവ വിപുലീകരിക്കാനും 80 കോടി രൂപ തീര്‍ത്തും അപര്യാപ്തമാണ്.

*
പ്രൊഫ. കെ എന്‍ ഗംഗാധരന്‍ ദേശാഭിമാനി 21 മാര്‍ച്ച് 2013

No comments: