Sunday, March 10, 2013

നോക്കുകുത്തിയാകുന്ന വനിതാകമീഷന്‍

കഴിഞ്ഞ കുറെനാളായി കേരളത്തില്‍ സ്ത്രീസമൂഹത്തിനെതിരെ പരസ്യമായി നടക്കുന്ന അതിക്രമങ്ങളെ അധികാരസ്ഥാപനങ്ങളൊന്നും ചോദ്യംചെയ്യാത്ത അവസ്ഥയുണ്ട്. വ്യക്തിഗതമായ അതിക്രമങ്ങള്‍ക്കുപുറമെ പാര്‍ശ്വവല്‍കൃത സമൂഹമെന്ന നിലയില്‍ സ്ത്രീകള്‍ക്കെതിരെ വ്യാപകമാകുന്ന അതിക്രമങ്ങളില്‍ പൊതുപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും ജൂഡീഷ്യറിപോലും ഭാഗഭാക്കായ കാഴ്ചയാണ് ഒരുമാസത്തിനുള്ളില്‍ കേരളം ദര്‍ശിച്ചത്. അതിക്രമങ്ങള്‍ക്കും വിവേചനത്തിനും എതിരെ പോരാടേണ്ട ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കന്മാര്‍പോലും അതിരുവിടുന്ന സാഹചര്യത്തില്‍ വനിതാകമീഷന്‍ അതിന്റെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നുണ്ടോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്.

സദാചാര പൊലീസ് ചമഞ്ഞ് അന്യന്റെ വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റവും വ്യാപകമാകുന്നുണ്ട്. സ്ത്രീപുരുഷ ബന്ധവും സദാചാരസങ്കല്‍പ്പവും അരാജകവാദത്തിന്റെയും മതമൗലികതയുടെയും അരാഷ്ട്രീയതയുടെയും പരിസരത്തില്‍ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ സ്ത്രീകളുടെ അന്തസ്സിനെതിരെ നടക്കുന്ന കടന്നാക്രമണങ്ങളെ പ്രതിരോധിക്കാന്‍ വനിതാകമീഷന്‍ മുന്നോട്ടുവരുമെന്ന് പ്രതീക്ഷിച്ചിരുന്നു. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, അതുണ്ടായില്ല.

"ആ പെണ്‍കുട്ടി ചെറുപ്പത്തിലേ വഴി പിഴച്ചവളായിരുന്നു. അവള്‍ ബാലവേശ്യാവൃത്തി നടത്തി അല്ലെങ്കില്‍, ബാലവേശ്യാവൃത്തിക്കായി ഉപയോഗിക്കപ്പെട്ടു". 25 വര്‍ഷത്തോളം നീതിന്യായ സംവിധാനങ്ങളുടെ ഭാഗമായിരുന്ന ജ. ബസന്തിന്റെ ഈ പരാമര്‍ശം വനിതാ കമീഷന്റെ ശ്രദ്ധയില്‍പ്പെടാത്തതുകൊണ്ടാണോ പ്രതികരിക്കാത്തത്? അതോ ഒരു പെണ്‍കുട്ടിയെ ചൂണ്ടി വേശ്യ, അഭിസാരിക എന്നൊക്കെ വിളിക്കുന്നത് ശരികേടാണെന്ന് കമീഷന് അഭിപ്രായമില്ലാത്തതിനാലാണോ? "നാടു നീളെ നടന്ന് വ്യഭിചരിച്ചശേഷം മാധ്യമങ്ങളുടെ മുന്നില്‍വന്ന് വിളിച്ചുപറയുന്നു" എന്ന കെ സുധാകരന്റെ ഭീഷണി കമീഷന്‍ അവഗണിച്ചത് സുധാകരനില്‍ നിന്ന് സംസ്കാര സമ്പന്നത പ്രതീക്ഷിക്കേണ്ടതില്ലെന്ന ബോധം കൊണ്ടാകാം. പക്ഷേ, അതിക്രമങ്ങള്‍ പുറത്തുപറയാതെ സഹിക്കുന്നവരായി നമ്മുടെ പെണ്‍മക്കളെ മാറ്റിത്തീര്‍ത്ത് അക്രമികളെ ന്യായീകരിക്കുന്ന നിലപാടെടുക്കുന്നവര്‍ക്കെതിരെ കമീഷന്‍ മൗനം പാലിക്കുന്നത് ശരിയാണോ?

പതിനാറുവയസ്സും മൂന്നുമാസവും പ്രായമുള്ളപ്പോള്‍ മുപ്പത്തൊമ്പതു പേരുടെ ലൈംഗിക അതിക്രമത്തിനു വിധേയയായി ശാരീരികവും മാനസികവുമായി തളര്‍ന്നുവെന്നുമാത്രമല്ല, കഴിഞ്ഞ 17 വര്‍ഷമായി അതിന്റെ ദുരനുഭവങ്ങള്‍ പരമ്പരയായി അനുഭവിക്കുന്നവളുമാണ് സൂര്യനെല്ലിയിലെ പെണ്‍കുട്ടി. കാല്‍നൂറ്റാണ്ടായി പൊതുജീവിതമെന്തെന്നറിയാത്ത പെണ്‍കുട്ടിയെയും കുടുംബത്തെയും നിരന്തരം ആക്ഷേപിക്കുമ്പോള്‍ അതിനെതിരെ ഒരു വാക്കുപോലും മിണ്ടാന്‍ സ്ത്രീസമൂഹത്തിന്റെ താല്‍പ്പര്യ സംരക്ഷകരായ വനിതാകമീഷനു കഴിയാതിരുന്നതിനു കാരണം സങ്കുചിതമായ രാഷ്ട്രീയ താല്‍പ്പര്യമാണെന്ന് പൊതുസമൂഹം വിലയിരുത്തിയാല്‍ തെറ്റുപറയാനാകുമോ?

വിദ്യാഭ്യാസ വകുപ്പിന്റെ മൂല്യബോധനയാത്രയുടെ സമാപനച്ചടങ്ങില്‍ രജത്കുമാര്‍ നടത്തിയ ആഭാസ പ്രസംഗം സ്ത്രീയുടെ അന്തസ്സിനെ ചോദ്യംചെയ്യുന്നതുതന്നെയല്ലേ? 20 വയസ്സിനുതാഴെയുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്ത ചടങ്ങിലെ അദ്ദേഹത്തിന്റെ "ഉദ്ബോധനം" പൊതുസമൂഹം ഞെട്ടലോടെയാണ് കേട്ടത്. സ്ത്രീവിരുദ്ധ മൂല്യബോധം പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കിയ അദ്ദേഹത്തിന്റെ പരാമര്‍ശം ഇപ്രകാരമായിരുന്നു- "പുരുഷന്‍ വിചാരിച്ചാല്‍ കേവലം 10 മിനിറ്റുകൊണ്ട് ഗര്‍ഭിണിയാക്കാം എന്നാല്‍, സ്ത്രീ പത്തുമാസം കൊണ്ടുനടന്ന് പ്രസവിക്കേണ്ടിവരും എന്ന് ഓര്‍മ വേണം. എന്തിനാണ് പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുന്നത്. മാനംമര്യാദയ്ക്ക് വസ്ത്രധാരണം നടത്തിയാല്‍ പീഡനമുണ്ടാവില്ല. ആണ്‍കുട്ടികളെപ്പോലെ ഓടിച്ചാടി നടന്നാല്‍ പെണ്‍കുട്ടിയുടെ ഗര്‍ഭപാത്രം തിരിഞ്ഞുപോകും. ശാലീനസുന്ദരികള്‍ക്കേ ഭര്‍ത്താവിന്റെ ബഹുമാനം പിടിച്ചുപറ്റാനാവൂ. മേക്കപ്പ് ഒലിച്ചുപോകുമ്പോള്‍ ഭര്‍ത്താവിന്റെ സ്നേഹവും ഇല്ലാതാകും". രജത് കുമാറിനെതിരെ വനിതാ കമീഷന്‍ നിയമം 16 ((VII)) വകുപ്പു പ്രകാരം നടപടി സ്വീകരിക്കാന്‍ ഇനിയെങ്കിലും കമീഷന്‍ തയ്യാറാകുമോ?

മാധ്യമപ്രവര്‍ത്തനം തൊഴിലായി സ്വീകരിച്ച സഹോദരിയെ ആലപ്പുഴ ഗസ്റ്റ് ഹൗസില്‍വച്ച് പൂവാലശൈലിയില്‍ കേന്ദ്രമന്ത്രി നേരിട്ടതും രാഷ്ട്രീയ തിമിരത്താല്‍ കമീഷന്‍ ശ്രദ്ധിച്ചിട്ടുണ്ടാവില്ല. സമകാലിക രാഷ്ട്രീയ സംഭവങ്ങളെ സംബന്ധിച്ച ചോദ്യത്തെ ഭിത്തിയില്‍ ചാരിനിന്ന് അവഹേളനപരമായ മറുചോദ്യംകൊണ്ട് നേരിട്ട വയലാര്‍ രവി തൊഴിലിടങ്ങളിലെ പീഡനംതന്നെയാണ് നടത്തിയത്. നിര്‍ഭയവും സ്വതന്ത്രവുമായി തൊഴില്‍ ചെയ്യുന്നതിനുള്ള അന്തരീക്ഷം സമൂഹത്തില്‍ സൃഷ്ടിക്കാന്‍ ബാധ്യതപ്പെട്ടവര്‍തന്നെ അത് ഹനിക്കുമ്പോള്‍ സ്ത്രീസമൂഹത്തിന്റെ സംരക്ഷകയായി മാറാന്‍ വനിതാകമീഷനു കഴിയണ്ടേ?

കേരള വനിതാകമീഷന്‍ നിയമം മൂന്നാം വകുപ്പില്‍ അതിക്രമങ്ങളെ നിര്‍വചിച്ചിട്ടുള്ളതും 16-ാം വകുപ്പില്‍ ഉത്തരവാദിത്തങ്ങള്‍ അടയാളപ്പെടുത്തിയിട്ടുള്ളതുമാണ്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ സംബന്ധിച്ച് അന്വേഷിച്ച് സ്വമേധയാ നടപടി സ്വീകരിക്കാന്‍ നിയമത്തിന്റെ 17(ബി) വകുപ്പ് പ്രകാരം അധികാരമുണ്ടെന്നിരിക്കെ, നിയമപരമായ ബാധ്യത നിറവേറ്റാതെ അധികാരസ്ഥാപനങ്ങളെ നോക്കുകുത്തിയാക്കുകയാണ് വനിതാകമീഷന്‍. സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന കടന്നാക്രമണങ്ങളില്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഭരണപക്ഷത്തിന്റെ താല്‍പ്പര്യസംരക്ഷകരായി തരംതാഴരുത്. ഏറ്റെടുത്ത ചുമതല നിര്‍വഹിക്കാന്‍ കഴിയാത്ത തരത്തിലുള്ള രാഷ്ട്രീയ ഇടപെടലുകള്‍ മൂലമുള്ള നിസ്സഹായതയാണ് മൗനത്തിനും നിഷ്ക്രിയതയ്ക്കും കാരണമെങ്കില്‍ തല്‍സ്ഥാനം ഉപേക്ഷിക്കാനുള്ള ആര്‍ജവം അര നൂറ്റാണ്ടിലേറെ പൊതുപ്രവര്‍ത്തന പാരമ്പര്യമുള്ള കമീഷന്റെ ചെയര്‍പേഴ്സന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

*
അഡ്വ. മടവൂര്‍ അനില്‍ ദേശാഭിമാനി 10 മാര്‍ച്ച് 2013

No comments: