Tuesday, March 12, 2013

ബംഗാള്‍ നല്‍കുന്ന സൂചന

പശ്ചിമബംഗാളിലെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത് തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് പരാജയത്തിനുശേഷം സിപിഐ എം നേതൃത്വത്തിലുള്ള ഇടതുമുന്നണി തിരിച്ചുവരവിന്റെ പാതയിലാണെന്നാണ്. ഫെബ്രുവരിയില്‍ മൂന്ന് നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ വിജയിച്ച ഇടതുമുന്നണി രണ്ട് സീറ്റില്‍ രണ്ടാം സ്ഥാനത്തെത്തി. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത് മുഖര്‍ജി ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് ഒഴിവുവന്ന ബിര്‍ഭൂം ജില്ലയിലെ നല്‍ഹട്ടി സീറ്റിലാണ് ഫോര്‍വേഡ് ബ്ലോക്ക് സ്ഥാനാര്‍ഥി ദീപക് ചാറ്റര്‍ജി 7741 വോട്ടിന് ജയിച്ചത്. മുര്‍ഷിദാബാദ് ജില്ലയില്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ മാള്‍ഡ ജില്ലയിലെ കോണ്‍ഗ്രസ് കോട്ടയില്‍ തൃണമൂല്‍ സ്ഥാനാര്‍ഥി ജയിച്ചു. ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നു സീറ്റും കോണ്‍ഗ്രസിന്റേതായിരുന്നു.

2008ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ് ഇടതുപക്ഷത്തിന് ആദ്യം കനത്ത തോല്‍വിയുണ്ടായത്. അന്ന് 50 ശതമാനം തദ്ദേശ സ്ഥാപനങ്ങളിലും ഇടതുമുന്നണി തോറ്റു. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 35 സീറ്റുണ്ടായിരുന്ന ഇടതുപക്ഷത്തിന് സീറ്റ് 15 ആയി കുറഞ്ഞു. 2010 ലെ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ 81 ല്‍ 53 എണ്ണം ഇടതുപക്ഷത്തിന് നഷ്ടമായി. 2011 ലെ നിയസഭാ തെരഞ്ഞെടുപ്പില്‍ മൂന്നര ദശാബ്ദക്കാലത്തെ സംസ്ഥാന ഭരണവും ഇടതുപക്ഷത്തിന് നഷ്ടമായി. ഇതോടെയാണ് ഇടതുപക്ഷം ഇന്ത്യയില്‍ നിന്നുതന്നെ അപ്രത്യക്ഷമാകുന്നുവെന്ന ബൂര്‍ഷ്വാപ്രചാരണം ശക്തമായത്.

എന്നാല്‍, ഈ പ്രചാരണം നടത്തുന്നവരെ നിരാശപ്പെടുത്തുന്നു ഇപ്പോള്‍ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍. ഇടതുപക്ഷത്തിന്റെ തിരിച്ചുവരവ് പതുക്കെയാണെങ്കിലും കഴിഞ്ഞവര്‍ഷംതന്നെ തുടങ്ങി. പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം അദ്ദേഹം ഒഴിഞ്ഞ ജംഗിപുര്‍ സീറ്റില്‍ നടന്ന മത്സരത്തിലാണ് ഇടതുപക്ഷം തിരിച്ചുവരവിന്റെ സൂചന നല്‍കിയത്. പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത് മുഖര്‍ജി 2536 വോട്ടിനാണ് അന്ന് ലോക്സഭയിലേക്ക് കടന്നുകൂടിയത്. പ്രണബ് മുഖര്‍ജി 1,28,149 വോട്ടിന് ജയിച്ച മണ്ഡലത്തിലാണ് തൃണമൂല്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താതിരുന്നിട്ടുകൂടി അഭിജിത് മുഖര്‍ജി കഷ്ടിച്ച് രക്ഷപ്പെട്ടത്. സിപിഐ എമ്മിന്റെ മുസഫര്‍ ഹുസൈന്‍ ഏഴ് നിയമസഭാ മണ്ഡലത്തില്‍ നാലിലും മുന്നിലെത്തി. 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു നിയമസഭാ മണ്ഡലത്തില്‍മാത്രമാണ് സിപിഐ എം സ്ഥാനാര്‍ഥിക്ക് ലീഡ് നേടാനായത്. 2009 ല്‍ 54 ശതമാനം വോട്ട് നേടിയ കോണ്‍ഗ്രസിന് 2012 ല്‍ 39 ശതമാനം വോട്ട് മാത്രമേ നേടാനായുള്ളു. രഘുനാഥ്ഗഞ്ചിലെ 18 ബൂത്തില്‍ സിപിഐ എമ്മിന് ഏജന്റില്ലാത്തതായിരുന്നു പരാജയകാരണം. ഈ പതിനെട്ട് ബൂത്തില്‍ സിപിഐ എമ്മിന് ആറ് മുതല്‍ 20 വരെ വോട്ട് മാത്രമാണ് ലഭിച്ചത്. കോണ്‍ഗ്രസിനാകട്ടെ ഈ ബൂത്തുകളില്‍ 600 മുതല്‍ 700 വരെ വോട്ടുകള്‍ ലഭിച്ചു. പട്ലതോല ബൂത്തില്‍ കോണ്‍ഗ്രസിന് 679 വോട്ട് ലഭിച്ചപ്പോള്‍ സിപിഐ എം സ്ഥാനാര്‍ഥിക്ക് ഒരു വോട്ട് പോലും ലഭിച്ചില്ല. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന് ഇത് വ്യക്തമാകുന്നു. ഈ 18 ബൂത്തില്‍ നിന്നു മാത്രം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് 7000 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. ഇതിന്റെ ബലത്തിലാണ് രാഷ്ട്രപതിയുടെ മകന്‍ വിജയിച്ചത്.

അഭിജിത് മുഖര്‍ജി ലോക്സഭയിലേക്ക് മത്സരിക്കാനാണ് നല്‍ഹട്ടി നിയമസഭാ സീറ്റ് ഒഴിഞ്ഞത്. അതിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പരാജയപ്പെട്ടതും ഇടതുപക്ഷം വിജയിച്ചതും. ഭരണകക്ഷിയായ തൃണമൂല്‍കോണ്‍ഗ്രസാകട്ടെ, മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഫോര്‍വേഡ് ബ്ലോക്ക് സ്ഥാനാര്‍ഥി ദീപക് ചാറ്റര്‍ജിക്ക് 33 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് 28.38 ശതമാനവും തൃണമൂലിന് 28.05 ശതമാനം വോട്ടുമാണ് ലഭിച്ചത്. 47 വര്‍ഷം തുടര്‍ച്ചയായി ഇടതുപക്ഷം ജയിച്ച മണ്ഡലമാണ് രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചുപിടിച്ചത്. ഇടതുപക്ഷം ജയിച്ചതുകൊണ്ടുമാത്രം ജനകീയാടിത്തറ പൂര്‍ണമായും തിരികെ ലഭിച്ചുവെന്നര്‍ഥമില്ല. ആറ് ശതമാനത്തോളം വോട്ട് ഇപ്പോഴും ഈ മണ്ഡലത്തില്‍ ഇടതുപക്ഷത്തിന് കുറവാണ്. പോളിങ് കുറഞ്ഞതും ഇതിന് കാരണമാണ്. വരും വര്‍ഷങ്ങളില്‍ ഈ നഷ്ടവും നികത്താന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുപക്ഷ പ്രവര്‍ത്തകര്‍.

നല്‍ഹട്ടിയിലെ ഫലം മാത്രമല്ല, ഇംഗ്ലീഷ് ബസാറിലെ പരാജയവും കോണ്‍ഗ്രസിനെ അലട്ടി. എന്നും കോണ്‍ഗ്രസിന്റെ കോട്ടയായി അറിയപ്പെടുന്ന ജില്ലയാണ് മാള്‍ഡ; "ബര്‍ക്കത്ത്ദാ"യെന്ന് ജനങ്ങള്‍ വിളിക്കുന്ന മുന്‍ കേന്ദ്രമന്ത്രി ഖനിഘാന്‍ ചൗധരിയുടെ രാഷ്ട്രീയ തട്ടകം. അദ്ദേഹത്തിന്റെ വീട് സ്ഥിതിചെയ്യുന്ന കോട്ട്വായി ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലമാണ് ഇംഗ്ലീഷ്ബസാര്‍. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച കൃഷ്ണേന്ദു ചൗധരി തൃണമൂല്‍കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെത്തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. തൃണമൂല്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച കൃഷ്ണേന്ദു 40 ശതമാനത്തോളം വോട്ട് നേടിയാണ് വിജയിച്ചത്. സിറ്റിങ് സീറ്റില്‍ രണ്ടാം സ്ഥാനത്ത് എത്താന്‍പോലും കോണ്‍ഗ്രസിനായില്ല. 28 ശതമാനം വോട്ട് നേടി സിപിഐ എമ്മാണ് ഇവിടെയും രണ്ടാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 51.79 ശതമാനം വോട്ട് നേടിയ കോണ്‍ഗ്രസിന് ഇക്കുറി ലഭിച്ചത് 25 ശതമാനംമാത്രം.

മാള്‍ഡയിലെ കോണ്‍ഗ്രസ് കോട്ട തകര്‍ക്കാന്‍ മമത ബാനര്‍ജിക്ക് കഴിഞ്ഞെങ്കിലും മുര്‍ഷിദാബാദില്‍ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ അവര്‍ക്കായില്ല. ഇംഗ്ലീഷ് ബസാറിലെന്നപോലെ കോണ്‍ഗ്രസില്‍നിന്ന് മന്ത്രിസ്ഥാനം നല്‍കി കൂടെ നിര്‍ത്തിയ ഹുമയൂണ്‍ കബീറിനെയാണ് തൃണമൂല്‍ രാജ്നഗറില്‍ മത്സരിപ്പിച്ചത്. എന്നാല്‍,റെയില്‍വേ സഹമന്ത്രി അഹിര്‍ ചൗധരിയുടെ തട്ടകമായ മുര്‍ഷിദാബാദില്‍ തൃണമൂല്‍കോണ്‍ഗ്രസിന് ദയനീയ തോല്‍വി ഏല്‍ക്കേണ്ടി വന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ 10 ശതമാനം വോട്ട് കുറവാണെങ്കിലും 39 ശതമാനം വോട്ട് നേടി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ചു. മന്ത്രിയെ സ്ഥാനാര്‍ഥിയാക്കിയിട്ടും രണ്ടാം സ്ഥാനംപോലും നേടാനായില്ല. 32.23 ശതമാനം വോട്ട് നേടി ആര്‍എസ്പി സ്ഥാനാര്‍ഥിയാണ് ഇവിടെ രണ്ടാം സ്ഥാനത്തെത്തിയത്. മമത മന്ത്രിസഭയിലെ അംഗത്തിന് 23.9 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്.

ഹുമയൂണ്‍ കബീറിന്റെ തോല്‍വി മമത ബാനര്‍ജിക്ക് നാണക്കേടായി. നിയമസഭാംഗമല്ലാത്ത മന്ത്രി ആറ് മാസത്തിനകം തെരഞ്ഞെടുക്കപ്പെടണമെന്നാണ് ഭരണഘടനയിലെ 164(5) വകുപ്പ് പറയുന്നത്. പശ്ചിമബംഗാളില്‍ ഉപരിസഭയില്ലാത്തതിനാല്‍ മന്ത്രിക്ക് നിയമസഭയില്‍ ജയിക്കണം. ആറുമാസക്കാലാവധി മെയ് 19ന് തീരും. അതിനകം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുക അസാധ്യവുമാണ്. അതായത് മമതബാനര്‍ജിക്ക് പല രീതിയിലും പ്രതിസന്ധി സൃഷ്ടിക്കുന്നതാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍. കോണ്‍ഗ്രസുമായി സഖ്യമില്ലാതെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള മമതയുടെ നീക്കത്തിന് കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കിയത്. എന്നാല്‍, മൂന്ന് മാസത്തിനകം തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഉണ്ടാകുമെന്നും തുടര്‍ന്ന് അധികാരത്തില്‍ വരുന്ന സര്‍ക്കാരില്‍ തൃണമൂല്‍ പങ്കാളിയാകുമെന്നും മമത നടത്തിയ പ്രസ്താവന ഉപതെരഞ്ഞെടുപ്പിലെ പരാജയം മറയ്ക്കാനുള്ളതാണെന്നു മാത്രമല്ല, എന്‍ഡിഎയുമായുള്ള സഖ്യത്തിന് തയ്യാറെടുക്കുകയാണെന്ന സൂചനയാണെന്നും വിലയിരുത്തപ്പെടുന്നു. പതുക്കെയാണെങ്കിലും സിപിഐ എമ്മും ഇടതുപക്ഷ പാര്‍ടികളും ജനവിശ്വാസം തിരിച്ചുപിടിക്കുകയാണെന്ന് ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നു. ത്രിപുരയിലെ തെരഞ്ഞെടുപ്പ് വിജയത്തിനൊപ്പം ഇടതുപക്ഷ മനസ്സുകള്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയാണ് പശ്ചിമബംഗാളില്‍നിന്ന് ലഭിക്കുന്നത്.

*
വി ബി പരമേശ്വരന്‍ ദേശാഭിമാനി 12 മാര്‍ച്ച് 2013

No comments: