Sunday, March 31, 2013

കഥകളി പ്രപഞ്ചത്തിലെ സാന്ധ്യതാരകം

പത്മഭൂഷണ്‍ ഡോ. കലാമണ്ഡലം രാമന്‍കുട്ടിനായര്‍ ഇനിയില്ല. നിരവധി കഥകളി കഥാപാത്രങ്ങള്‍ക്ക് ഭാവുകഹൃദയങ്ങളില്‍ അനശ്വര പ്രതിഷ്ഠ നടത്തിയ കഥാപുരുഷന്‍ കഥാവശേഷനായി (മനസ്സേ വിശ്വസിക്കൂ). കഥകളി പ്രപഞ്ചത്തിലെ ഒരു സുവര്‍ണകാലഘട്ടത്തിന്റെ അവസാനത്തെ സന്ധ്യാതാരകവും കാലയവനികയില്‍ മറഞ്ഞു. അഥവാ എല്ലാ അര്‍ഥത്തിലും ഒരു സമ്പൂര്‍ണ കലാകാരന്റെ സമ്പൂര്‍ണ ഭൗതിക ജീവിതത്തിന്റെ സ്വാഭാവിക പരിണതിമാത്രം. ഇത് ബന്ധുക്കള്‍ക്ക്, പ്രിയപ്പെട്ടവര്‍ക്ക്, ആരാധകര്‍ക്ക് ബോധതലത്തില്‍ അനിവാര്യമായ ഒരു ശൂന്യത സൃഷ്ടിച്ചേക്കാം. എന്നാല്‍ ലളിതമായ, നിത്യസത്യമായ ഒരു പ്രകൃതിനിയമത്തിന്റെ ചൊല്ലിയാട്ടം മാത്രം.

മഹാകവി കാളിദാസന്‍ മഹാത്മാക്കളുടെ ലക്ഷണം പറഞ്ഞുവച്ചിട്ടുണ്ട്. ""അവര്‍ ആജന്മശുദ്ധരും, ആഫലോദയ കര്‍മികളും, ആസമുദ്രക്ഷിതീശന്മാരും ആനാകരഥവര്‍ത്മാക്കളും ശൈശവത്തില്‍ അഭ്യസ്തവിദ്യന്മാരും, യൗവനത്തില്‍ വിഷയൈഷികളും, വാര്‍ധക്യത്തില്‍ മുനിവൃത്തികളും അന്ത്യത്തില്‍ യോഗവിദ്യയിലൂടെ ശരീരം ത്യജിക്കുന്നവരുമാണ്."" വസ്തുനിഷ്ഠമായല്ലാതെ ആത്മനിഷ്ഠമായി ഒരാളോടും ഒന്നിനോടും പകയോ വിരോധമോ ഇല്ലാത്ത പച്ചമനുഷ്യന്‍. ഏതു കഠിന യാതനകള്‍ അനുഭവിച്ചും ലക്ഷ്യപ്രാപ്തിവരെ അത്യധ്വാനം ചെയ്തവന്‍, സമുദ്രപര്യന്തം വിഖ്യാതികൊണ്ട് ജയക്കൊടി പാറിച്ചവന്‍, അപ്പോഴപ്പോഴായി മുപ്പതിലധികം തവണ രാജ്യാന്തരങ്ങളില്‍ പരാജയമെന്തെന്നറിയാതെ ജൈത്രയാത്ര നടത്തിയവന്‍, നാട്യാചാര്യന്‍ പട്ടിയ്ക്കാംതൊടി രാമുണ്ണിമേനോന്‍ എന്ന ഗുരുവിനെമാത്രം ഈശ്വരനായിക്കണ്ട് കൗമാരകാലം മുഴുവന്‍ നീണ്ടുനിന്ന കഠോരമായ കഥകളിയഭ്യാസമെന്ന തപസ്സനുഷ്ഠിച്ചവന്‍, ഗുരുവില്‍നിന്നു കിട്ടിയതും പ്രതിഭയില്‍ നിന്നുറവെടുത്തതുമായ ശക്തിവാസനകളെ പൊലിപ്പിച്ചും പെരുപ്പിച്ചും മുന്നേറിയവന്‍, കലാലോകങ്ങളിലെ സമസ്കന്ധന്മാരെ വെല്ലുവിളിച്ച യൗവനലഹരിയില്‍ സ്വന്തം കരുത്തിലൂടെ വേണ്ടതെല്ലാം നേടിയെടുത്ത് പ്രതാപരാവണനായി വിരാജിച്ച് പരശുരാമന്‍കുട്ടിനായരായി നടന്നവന്‍, വാര്‍ധക്യത്തിന്റെ പക്വതയില്‍ സമസ്തലോകത്തിനും സ്നേഹവാത്സല്യങ്ങള്‍ ചൊരിഞ്ഞവന്‍, തന്റെ കാല്‍ക്കീഴിലെത്തുന്ന ലോകപ്രതിഭകളുടെ കൂപ്പുകൈമൊട്ടുകളെയും മഹാപുരസ്കാരങ്ങളെയും നിര്‍മമനായി സ്വീകരിച്ചവന്‍, ""എനിക്കെന്താരോഗം, എന്തിനാ മരുന്ന്"" എന്നുമാത്രം പുഞ്ചിരിയോടെ ചോദിച്ചുകൊണ്ടിരിക്കേ ഒരു ഉച്ചമയക്കത്തിന്റെ (അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഒരു ജീവിതചര്യയാണ് ഉച്ചമയക്കം) ലാഘവത്തില്‍ ശരീരം ത്യജിച്ചവന്‍. ഭാവിയില്‍ തന്റെ പേരിലുള്ള ദേശീയപുരസ്കാരം നേടി താനായി വേഷംകെട്ടി പകര്‍ന്നാടാന്‍ പോകുന്ന ആദ്യത്തെ കഥകളിനടനെക്കൂടി ഉദ്ദേശിച്ചായിരിക്കുമോ നൂറ്റാണ്ടുകള്‍ക്കുമുമ്പ് മഹാകവി ഈ മഹാലക്ഷണം കുറിച്ചിട്ടത്. ഇനിയും ഒന്നുകൂടിയുണ്ട്. പ്രജാസൃഷ്ടിക്കുവേണ്ടിയാണ് - പ്രസ്ഥാനത്തിന്റെ ശക്തമായ പിന്തുടര്‍ച്ചക്കുവേണ്ടിയാണ് അവര്‍ ഗൃഹസ്ഥാശ്രമികളാകുന്നത്. അതേ, യശഃശരീരനായ വൈക്കം കരുണാകരന്‍ തൊട്ട് പത്മശ്രീ കലാമണ്ഡലം ഗോപിയാശാന്‍, കെ ജി വാസുമാസ്റ്റര്‍, കുട്ടനാശാന്‍ തുടങ്ങി സോമന്‍ വെങ്കിടിവരെ എത്തുന്ന ശിഷ്യപരമ്പര.

മഹാനടന്‍ രാമന്‍കുട്ടിനായരാശാന്‍ എന്ന അനന്വയത്തെ അപഗ്രഥിച്ചു പഠിക്കാന്‍ മുതിരുന്നില്ല. അതൊന്നും എഡിറ്റുചെയ്യാന്‍ ഇപ്പോള്‍ മനസ്സ് തയ്യാറല്ല. എന്റെ ഗുരുപുത്രനും, സുഹൃത്തുമായ ഡോ. കെ പി മോഹനന്റെ നിര്‍ദേശത്തെ മാനിച്ച് ഇവിടെ ആത്മബന്ധത്തിന്റെ നോവേറ്റുന്ന ചില ചിതറിയ ഓര്‍മകള്‍ മാത്രം.

സുപ്രസിദ്ധനായ ഒരു നടന്റെ സുപ്രസിദ്ധമാകാന്‍പോകുന്ന ഒരാത്മകഥ എന്ന് എം ടി വാസുദേവന്‍നായര്‍ പ്രവചിച്ച "തിരനോട്ടം" തയ്യാറാക്കാന്‍വേണ്ട എത്രയെത്രയോ ദിവസങ്ങള്‍ ഞങ്ങള്‍ ആഹ്ലാദപൂര്‍വം ഒന്നിച്ചിരുന്ന ആ വിശാലമായ പൂമുഖത്താഴ്വാരത്തില്‍ അദ്ദേഹത്തിനെ "നിലത്തിറക്കി"ക്കണ്ടപ്പോള്‍ ... അന്ന് പടിയ്ക്കല്‍നിന്നുതന്നെ ഞങ്ങളുടെ വരവ് "നോക്കിക്കണ്ടു"കൊണ്ടുള്ള ഇരിപ്പ്, അടുത്തെത്തിയാല്‍ ഒരു ചെറുചിരി. മിതാക്ഷരങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന കുശലപ്രശ്നം. ചായകൊണ്ടുവരാന്‍ അകത്തേക്ക് പത്നി സരസ്വതിയമ്മയ്ക്കാരു വിളി. മൂത്തമകന്‍ ഉണ്ണിയുടെ മകന്‍ മടിയില്‍തന്നെ ഉണ്ടാവും. അടുത്തുതന്നെ ഇളയമകന്‍ അപ്പുക്കുട്ടനും. പിന്നെ ചോദ്യങ്ങള്‍, ഉത്തരങ്ങള്‍. മര്‍മത്തില്‍ തൊടുത്ത ചോദ്യങ്ങളാണെങ്കില്‍ വാചാലമായ വിശദീകരണം. അതിനും ഒരു താളക്രമം. ഇടയ്ക്ക് പതികാലത്തില്‍ പാദംവെച്ചുകൊണ്ട് പുകലനീര് തുപ്പിവരല്‍. അയല്‍വക്കത്തെ കുട്ടികള്‍ വന്നാല്‍ അവരെ കളിയാക്കല്‍. ഉള്ളുതുറന്നുവരുന്ന നേരമ്പോക്കുകള്‍. ഉച്ചയ്ക്ക് ഒന്നിച്ചൊരൂണ്. അതിനുപുറത്ത് ഒരു സിഗരറ്റ് പുകയ്ക്കല്‍. ""ഇനി ഞാനിത്തിരി കിടക്കട്ടെ ""-ഇദ്ദേഹമാണോ കളിയരങ്ങിലെ പിന്‍മടക്കമില്ലാത്ത നരകാസുരനും ലങ്കേശ്വരനും! കഠോരഹൃദയനായ ആചാര്യനും!

ഈ സ്നേഹബന്ധം ഒരു കുടുംബബന്ധമായി വളര്‍ന്നു. പ്രസിദ്ധ നടന്‍ കോട്ടയ്ക്കല്‍ ചന്ദ്രശേഖരവാരിയരുടെ ഷഷ്ടി പൂര്‍ത്തി അതി കേമമായി നടത്താനുള്ള ഏര്‍പ്പാടായി. രാമന്‍കുട്ടിനായരാശാനെ പങ്കെടുപ്പിക്കണമെന്ന് എല്ലാവര്‍ക്കും നിര്‍ബന്ധം. അദ്ദേഹത്തിന് തലേന്നുരാത്രി തിരുവനന്തപുരത്തു കളി, എത്താന്‍ പറ്റില്ല എന്നറിയിച്ചു. "" ഇനി ബാലന്‍മാഷൊറ്റെ വിചാരിച്ചാലേ ആശാനെ കിട്ടൂ"" ഡോ. പി ബാലചന്ദ്രവാരിയരുടെ അഭിപ്രായം. ഈശ്വരാ ഞാനോ? ഞാന്‍ ആശാനെ ഫോണില്‍ വിളിച്ചു. എന്റെ അഭിമാനപ്രശ്നമാണ്. ""ഞാന്‍ വരാം. രാവിലെ 9 മണിക്ക് ഷൊര്‍ണൂരില്‍ ആളുണ്ടായാല്‍ മതി. കുളിയും കാപ്പി കുടിയുമൊക്കെ കോട്ടയ്ക്കല്‍ വന്നിട്ട്. ഞാന്‍ എന്റെ മകനെത്തന്നെ പറഞ്ഞയച്ചു. പത്മനാഭന്‍ നായരാശാനും അദ്ദേഹവും ഒരേ കാറില്‍ കോട്ടയ്ക്കല്‍ വന്നിറങ്ങി.

ഗോപിയാശാന്റെ ആദ്യത്തെ മകന്റെ ആദ്യത്തെ കുട്ടിയുടെ ആദ്യത്തെ പിറന്നാള്‍. ""മാഷ് ആശാന്റെ കൂടെ അകത്തേയ്ക്കു പൊയ്ക്കോളൂ ഉണ്ണാന്‍"" എന്നു ഗോപിയാശാന്‍. ആശാന്റെ ചടങ്ങനുസരിച്ചുള്ള ഊണ്. ഗോപിയാശാന്‍ അടുത്തുതന്നെ പാകംനോക്കി നില്‍ക്കുന്നു. മോര് ഒഴിച്ചപ്പോള്‍ അബദ്ധവശാല്‍ അദ്ദേഹത്തിന്റെ കൈത്തണ്ടയിലൂടെ ഒലിച്ചിറങ്ങി. സംശയമുണ്ടായില്ല. ഗോപിയാശാന്‍ ചുമലില്‍ കിടക്കുന്ന വേഷ്ടിയെടുത്ത് ആ എച്ചില്‍ക്കൈ തുടച്ചുവൃത്തിയാക്കി. ഇന്നത്തെ ലോകത്തിന്നറിയാത്ത ഗുരുകുലത്തിന്റെയും ഗുരുശുശ്രൂഷയുടെയും ഒരപൂര്‍വ മാതൃകയായിരുന്നു അത്.
എങ്ങനെയങ്ങനെയല്ലാതെ വരും. കൊല്ലങ്ങള്‍ക്കുമുമ്പ് വീട്ടില്‍വെച്ച് ന്യൂനരക്തസമ്മര്‍ദം കൊണ്ട് ആശാന്‍ ഒന്ന് തല കറങ്ങിയിരിക്കുന്ന സമയം. തൊട്ടടുത്തിരിക്കുന്ന അപ്പുക്കുട്ടനെ നോക്കി ""ആരാ ഗോപ്യല്ലേ?"" എന്നൊരു ചോദ്യം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അവിടെയെത്തിയ ഗോപിയാശാന്റെ പരിദേവനം ""ഓര്‍മ്മല്ല്യാതിരിക്കുമ്പോളും ഈ ഗോപ്യാണല്ലോ ആശാന്റെ മനസ്സില്! ഇതിലും വലിയ ഭാഗ്യമെന്താ?"" മരിക്കുന്നതിന് തൊട്ടടുത്ത ദിവസം ആശാനെ കാണാന്‍ ചെന്ന ഗോപ്യാശാന് മെലിഞ്ഞുക്ഷീണിച്ച ആ മാറിടം കണ്ടിട്ടു സഹിച്ചില്ല. ഒരു മിനിറ്റു ആ മാറില്‍ തല ചേര്‍ത്ത് കണ്ണീര്‍ വാര്‍ത്തിരുന്നുപോയി. അപ്പോള്‍ സാവധാനം ഇടതുകൈപൊക്കി ആ ശിരസ്സില്‍ ഒരു തടവല്‍ (ക്യാന്‍സര്‍ ചികിത്സക്കുശേഷം വലതുകൈയ്ക്ക് സ്വാധീനം കുറവായിരുന്നു). മൃതദേഹത്തിനടുത്തുനിന്ന് ഗോപിയാശാന്‍ വിതുമ്പുന്നു ""ഈ പുണ്യം എനിയ്ക്കുണ്ടായല്ലോ. ഇനി എന്തുവേണം"".

കുട്ടനാശാന്‍ (ഇരിങ്ങാലക്കുട ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം മുന്‍ പ്രിന്‍സിപ്പല്‍) ഗുരുനാഥന്‍ കിടപ്പിലായശേഷം എന്നും വീട്ടില്‍പോയി കാണും. ഇടയ്ക്കൊന്നു മൂകാംബികയില്‍ പോയി. മരിയ്ക്കുന്നതിന് തലേദിവസം അപ്രതീക്ഷിതമായി എത്താന്‍ ികഴിഞ്ഞത് തനിയ്ക്കു കിട്ടിയ "ഗുരുത്വം" കൊണ്ടാണെന്നു തേങ്ങുന്നു. എന്റെ മകന്റെ വിവാഹത്തിന് ആശാനെ സകുടുംബം ക്ഷണിച്ചു. ആശാന്‍ കൃത്യസമയത്ത് ഉണ്ണിയോടൊപ്പം കോങ്ങാട്ട് മാഞ്ചേരിക്കാവില്‍ എത്തി. അദ്ദേഹത്തെ സ്വീകരിച്ചിരുത്താന്‍ അടുത്തെത്തി. ""ഇരിയ്ക്കിണില്ല്യ"" എന്നുപറഞ്ഞ് ഞാത്തിയുടുത്ത മുണ്ടിന്റെ അടിവശം കുറച്ചൊന്നു നീക്കിക്കാണിച്ചു. ഞാന്‍ പകച്ചുനിന്നുപോയി. ഒരു കാലിന്റെ മുട്ടിനു താഴോട്ട് ഉടനീളം തൊലി പൊളിഞ്ഞുപോയിരിക്കുന്നു. തലേന്നോ തലത്തലേന്നോ ഇരിങ്ങാലക്കുടയില്‍ അദ്ദേഹത്തിനു സ്വീകരണവും കളിയുമുണ്ടായിരുന്നു. അപ്പുക്കുട്ടനാണ് വണ്ടിയോടിച്ചിരുന്നത്. അയാളും പുലര്‍ച്ചെ വരെ കളി കണ്ടിരുന്നു. യാത്രയില്‍ ഇടയ്ക്കുവെച്ച് അപ്പുക്കുട്ടന്റെ കണ്‍പോളകളൊന്നു അടഞ്ഞു. കാറ് നിയന്ത്രണം വിട്ട് ഒരു മരക്കുറ്റിയില്‍... കടുകിടയ്ക്ക് ഒരു വലിയ ദുരന്തം ഒഴിവായി. ആ മുറിപ്പാടുവെച്ചാണ് വരവ്. ഈ ആത്മാര്‍ഥതക്ക് പകരം വെയ്ക്കാനെന്തുണ്ട്.

മരണഭയം എന്നുവേണ്ട ഒന്നിനെക്കുറിച്ചും അദ്ദേഹത്തിന് ഭയമുണ്ടായിരുന്നില്ല. ക്യാന്‍സര്‍ ബാധയെത്തുടര്‍ന്ന് ഒറ്റയടിയ്ക്ക് ഇരുപത്തഞ്ചിലധികം റേഡിയേഷന്‍ കഴിഞ്ഞു വീട്ടിലെത്തിയപ്പോള്‍ ഞങ്ങളുടെ ഒരു സുഹൃത്തുകൂടിയായ ഡോ. പീതാംബരനും ഞാനും കാണാന്‍ ചെന്നു. ""മാഷെ, മരിയ്ക്ക്യാച്ചാല്‍ ഒരിയ്ക്കലല്ലേള്ളൂ. അതെപ്പോഴെങ്കിലും ഒരിയ്ക്കല്‍ ആരായാലും വേണേനും. പക്ഷേ ദിവസേനത്തെ ഈ ചികിത്സണ്ടല്ലോ"" എന്നാണ് അതിനെപ്പറ്റി പറഞ്ഞത്.

പല നടന്മാരും ""എനിയ്ക്ക് അരങ്ങില്‍ കിടന്നു മരിയ്ക്കണം, വിശ്രമം അരുത് എന്നാണ് മോഹം"" എന്നു പറഞ്ഞുകേട്ടിട്ടുണ്ട്. രാമന്‍കുട്ടിയാശാന് അങ്ങനെയും ഉണ്ടായിരുന്നില്ല. "വയ്യ" എന്നുതോന്നിയ മുതല്‍ക്ക് പിന്നെ ആരു പറഞ്ഞിട്ടും അദ്ദേഹം വേഷം കെട്ടിയിട്ടില്ല. കഥകളിയ്ക്ക് പ്രഥമ ഡി.ലിറ്റ് കിട്ടിയ അദ്ദേഹത്തിന് കോട്ടയ്ക്കല്‍ ആര്യവൈദ്യശാല വിപുലമായ ഒരു സ്വീകരണം നല്‍കി. ""ആശാന്‍ ഒരു ചെറിയ വേഷം (കുചേലനെങ്കിലും) കെട്ടി അരങ്ങത്തു വരുമോ? എന്നാല്‍ വേഷത്തോടുകൂടി ഉപഹാരം നല്‍കാമല്ലോ"" ഡോ. ബാലചന്ദ്രവാരിയര്‍ അന്വേഷിച്ചു. ""ഇല്ല, അതിന്നു നിര്‍ബന്ധിക്കരുത്. ഇതുകേട്ടറിഞ്ഞ് ഇതുപോലെ ആരെങ്കിലും പിന്നേം നിര്‍ബന്ധിയ്ക്കും. അതുവേണ്ട"". ഏതു കാര്യത്തിലും എന്നും ആശാന്‍ അങ്ങനെയായിരുന്നു. ഇല്ല എന്നുവെച്ചാല്‍ പിന്നെ ഇല്ല. റഷ്യന്‍ പര്യടനവേളയില്‍ പ്രധാനമന്ത്രി ക്രൂഷ്ചേവിന്റെ പ്രത്യേക ഉദ്യാനവിരുന്നില്‍ വിളമ്പിയ വോഡ്കയില്‍ മുങ്ങിക്കുളിച്ച് ഒരു ദിവസം മുഴുവന്‍ ബോധമറ്റു കിടന്ന മദ്യസേവകന്‍. ""ഇനി ഒരു തുള്ളി കഴിക്കരുത്"" എന്ന് ഡോക്ടര്‍ നിര്‍ദേശിച്ച നിമിഷം മുതല്‍ (ചൈനാ യാത്രയില്‍ സംഘടിപ്പിച്ച സ്പെഷ്യല്‍ സാധനം അലമാരയില്‍ സൂക്ഷിച്ചിട്ടും) ഒരു തുള്ളി തൊട്ടുനോക്കാത്ത അവസ്ഥ. അതാണ് നിശ്ചയദാര്‍ഢ്യം.

ആര്‍സിസിയിലെ ക്യാന്‍സര്‍ ചികിത്സ കഴിഞ്ഞു. പാര്‍ശ്വഫലങ്ങളെന്നോണം ചില അസ്വസ്ഥതകള്‍ ബാക്കി. വലംകൈയിന്റെ സ്വാധീനക്കുറവുതന്നെ പ്രധാനം. അതിന് കോട്ടയ്ക്കല്‍ ആര്യവൈദ്യശാലാ മാനേജിങ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ പത്മഭൂഷണ്‍ ഡോക്ടര്‍ പി കെ വാരിയരുടെ പ്രത്യേക ചികിത്സ. ഏതാണ്ട് മുക്കാലും ശരിയായി. അതിനുശേഷമാണ് ഗുരുവായൂരപ്പന്റെ തിരുനടയില്‍ വേഷത്തോടെ തുലാഭാരവും കുചേലവൃത്തത്തില്‍ ശ്രീകൃഷ്ണന്റെ വേഷവും. രോമാഞ്ചജനകമായ ഒരു മഹാസംഭവം. അതുകഴിഞ്ഞ് കോട്ടയ്ക്കല്‍ ഉത്സവത്തിന് വിശ്വംഭരന്റെ തിരുമുറ്റത്ത് ഒരു ലവണാസുരവധം ഹനുമാന്‍. കളികഴിഞ്ഞ് അണിയറയില്‍ ചെന്നപ്പോള്‍ പതിവ് ചിരിക്കുപിന്നാലെ പി കെ വാരിയരുടെ ചികിത്സകൊണ്ടാ ഇങ്ങനെയൊക്ക്യായത്, ""ഇപ്പൊ എങ്ങനെയുണ്ട്"" എന്ന് ഇടയ്ക്കിടക്ക് അദ്ദേഹം ചോദിക്കും. എങ്ങനെയുണ്ടെന്ന് അദ്ദേഹം തന്നെ നേരിട്ടൊന്ന് കണ്ടോട്ടെന്നു വച്ചിട്ടാണ് ഈ വേഷം. അതു വിചാരിച്ചിട്ടു രാമന്‍കുട്ടിനായരുടെ സുഖക്കേടൊക്കെ മാറി. ഒരത്ഭുതമാവാം, നരകാസുരനാവാന്നൊന്നും ആരോടും മാഷ് പറേണ്ടട്ടോ"". കോട്ടയ്ക്കല്‍ അദ്ദേഹം അവസാനമായി വന്നത് ബാലചന്ദ്രന്‍ ഡോക്ടറുടെ ഒരു സ്വീകരണത്തില്‍ പങ്കെടുക്കാന്‍.

മരിക്കുന്നതിന്റെ തലേദിവസം വൈകുന്നേരം ബാലചന്ദ്രന്‍ ഡോക്ടറും നേഴ്സിങ് ഹോം സൂപ്രണ്ട് ഡോ. പി മാധവന്‍കുട്ടി വാരിയരും ഡോ. ടി എസ് മാധവന്‍കുട്ടിയും നാളെ രാവിലെ ആശാന്റെ വീട്ടില്‍ പോയി കാണണം സമ്മതിയ്ക്കുകയാണെങ്കില്‍ കുറച്ചുദിവസം ഇവിടെ നോക്കാം എന്നു നേരിട്ടുപറയാന്‍ ഉറപ്പിച്ചതായിരുന്നു. പിറ്റേ ദിവസം പറഞ്ഞ സമയത്തുതന്നെ ഞങ്ങള്‍ എല്ലാവരും പുറപ്പെട്ടു. പക്ഷേ പുറപ്പെട്ടത്... 1999 മെയ് മാസത്തില്‍ ഞാനൊരു ബസ്സപകടത്തില്‍ പെട്ടു. അത്യാവശ്യം പരിക്കും പറ്റി. ആരോ പറഞ്ഞറിഞ്ഞു. അടുത്തൊരു ദിവസം രാവിലെ അപ്രതീക്ഷിതമായി ആശാന്‍ എന്റെ വീട്ടില്‍. ഒറ്റയ്ക്കല്ല, പത്നിയും, മക്കളും അവരുടെ മക്കളുമടക്കം. സത്യത്തില്‍ ഞാന്‍ നാണിച്ചു. അഹങ്കരിച്ചു.

കഥകളിയ്ക്കുള്ള പ്രഥമ സംസ്ഥാന അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ ദേശാഭിമാനി വാരികക്കുവേണ്ടി ഒരഭിമുഖ സംഭാഷണം തയ്യാറാക്കാന്‍ പാലക്കീഴ് മാഷുടെകൂടെ വീട്ടില്‍ പോയി. കൂട്ടത്തില്‍ ആശാന്‍ പാലക്കീഴിനോട് തിരിച്ചുചോദിച്ചു. ""ഞാനേയ് ഈ കഥകളിക്ക് പോയിട്ടില്ലെങ്കില്‍ ഇപ്പോ ആരാവും? ഉത്തരവും പിന്നാലെ വന്നു. സംശയം എന്താ ഒളപ്പമനയ്ക്കലെ ഒരു വാല്യേക്കാരന്‍"". അന്തിമോപചാരമര്‍പ്പിക്കാനെത്തിയ പാലക്കീഴ് കണ്ണുതുടച്ചുകൊണ്ട് ഓര്‍മകള്‍ പുതുക്കി. മുഖത്തെഴുത്തില്ലാത്ത ശുദ്ധ വള്ളുവനാടന്‍. താനൊരു മാര്‍ക്സിസ്റ്റ് ആണ് എന്നുപറയാന്‍ എന്നും അദ്ദേഹത്തിനഭിമാനമായിരുന്നു.

യശഃശരീരനായ കോട്ടയ്ക്കല്‍ കുട്ടന്‍ മാരാരുടെ ഷഷ്ട്യബ്ദപൂര്‍ത്തിയാഘോഷത്തിലെ ഒരുത്ഭവം, കോട്ടയ്ക്കല്‍ ഗോപി നായരാശാന്റെ യാത്രയയപ്പിനോടനുബന്ധിച്ച് രാമന്‍കുട്ടി നായരാശാനും പത്മനാഭന്‍ നായരാശാനും ചേര്‍ന്നുള്ള ഒരു ബാലിവിജയം, കാറല്‍മണ്ണ വാഴേങ്കട കുഞ്ചുനായര്‍ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ രണ്ടുദിവസംകൊണ്ട് പൂര്‍ത്തിയാക്കിയ ഒരു തോരണയുദ്ധം, യശഃശരീരനായ വെള്ളിനേഴി അച്ചുതപ്പൊതുവാളുടെ (ഇദ്ദേഹമാണ് കഥകളി പഠിപ്പിക്കാന്‍ ആദ്യമായി ഗുരുനാഥനു കൊടുക്കാനുള്ള ദക്ഷിണയായി നാലണ (ഇരുപത്തഞ്ചു പൈസ) രാമന്‍കുട്ടി നായരാശാന് നല്‍കിയത്), പത്നിയുടെ ഒരു വിശേഷപ്പിറന്നാളിനോടനുബന്ധിച്ചുള്ള ഒരു നരകാസുരന്‍, കാറല്‍മണ്ണ ഉത്സവത്തിലെ ഒരു കമലദളം - അങ്ങനെ കഥകളി ചരിത്രത്തില്‍ ഇനി ആവര്‍ത്തനമില്ലാത്ത എത്രയെത്ര കളിയരങ്ങുകള്‍.

ഗുരുവായൂരമ്പലത്തില്‍ അവസാനത്തെ ചരിത്രപ്രസിദ്ധമായ പരശുരാമന്‍. ഗുരു എളേടം തിരുമേനി, ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി മുതല്‍പ്പേരുടെ സൈ്വരം കെടുത്തല്‍, മക്കളുടെ പ്രോത്സാഹനം അങ്ങനെ ഒരുവിധം സമ്മതിച്ചു. പൊതുവാള്‍മാരില്ലാത്ത പരശുരാമന്‍. കഷ്ടിച്ച് ഒരു മണിക്കൂര്‍ ആട്ടം. കളി കഴിഞ്ഞപ്പോള്‍ കാണികളില്‍ നല്ലൊരു വിഭാഗം അണിയറയിലേക്കിരമ്പിക്കയറി. പരശുരാമ പാദപൂജയ്ക്ക്. ഒരുവിധം തിരക്കൊഴിഞ്ഞപ്പോള്‍ ഞാനും പതുങ്ങി അവിടെയെത്തി. ആ കാലടികള്‍ തൊട്ടുവണങ്ങിയപ്പോള്‍ എന്തുകൊണ്ടോ തേങ്ങല്‍ അടക്കാനായില്ല. ചുമലില്‍ കൈവെച്ചുകൊണ്ട് ""ഒന്നൂല്ല്യ മാഷെ, എനിയ്ക്ക് ക്ഷീണൊന്നൂല്യ "" പിന്നെ അവിടെ ഒട്ടും നില്‍ക്കാന്‍ കഴിഞ്ഞില്ല.

ധന്യാത്മന്‍, അങ്ങയെക്കുറിച്ചുള്ള നാനാരസസമ്മിശ്രമായ സ്മരണകള്‍ എത്രയെത്ര. മാപ്പ്. ഈയുള്ളവന്റെ അല്‍പ്പത്ത ജല്‍പ്പനങ്ങള്‍, ഈ അപദാന പ്രലപനങ്ങള്‍ എല്ലാം അങ്ങയുടെ അനുഗ്രഹത്തിനായി ഭവിക്കട്ടെ.

*
ഞായത്ത് ബാലന്‍ ദേശാഭിമാനി വാരിക 24 മാര്‍ച്ച് 2013

No comments: