Friday, March 8, 2013

പഠിക്കാനുണ്ടേറെ ചൈനയില്‍ നിന്ന്

നജ് ല ഫൈസല്‍ അല്‍ അവാദിയുടെ വഴിമാറി നടത്തങ്ങള്‍ എത്തിപ്പിടിച്ച നേട്ടങ്ങള്‍ നിരവധി. യുഎഇയിലെ ഏറ്റവും പ്രായം കുറഞ്ഞ പാര്‍ലമെന്റേറിയയായി അറിയപ്പെട്ട അവര്‍ ആദ്യ വനിതാ എംപിയുമായിരുന്നു. മധ്യപൂര്‍വ ദേശത്തെ ഏറ്റവും പ്രശസ്തമായ മാധ്യമ സംഘാടകയും പംക്തികാരിയും കൂടിയാണ് അവാദി.

ആഴമേറിയ നിശബ്ദതയിലും ആവര്‍ത്തിക്കപ്പെടുന്ന നിലവിളികള്‍. ശൂന്യതനിറഞ്ഞ ഏകാന്ത വഴികള്‍. കരയാനെങ്കിലും മുറിയുള്ള വീടിനായുള്ള പരക്കംപാച്ചില്‍. മറ്റുള്ളവരുടെ കണ്ണിലെഴുതിയ സ്വന്തം സ്വപ്നങ്ങളുടെ പ്രതിഫലനം. കാലുകളില്‍ പ്രകാശവേഗമാര്‍ജിച്ച് ഓടുന്ന പെണ്‍മാന്‍പേടയുടെ തൃഷ്ണജലം. പരസ്പരം തെറിപ്പിക്കും മട്ടില്‍ നില്‍ക്കുമ്പോഴും ദൈവത്തിന്റെ അനീതിക്കുമുന്നില്‍ പരീക്ഷിക്കപ്പെടുന്ന അറബ് സ്ത്രീകള്‍. സുരക്ഷാ കവചമെന്ന പേരില്‍ അവരെ മൂടിയ മറകള്‍ക്ക് മതത്തിന്റെയും സാമൂഹ്യരീതികളുടെയും പിന്‍ബലംകൂടിയാകുമ്പോള്‍ ശ്വാസംമുട്ടല്‍ മരണവക്ത്രത്തോളമെത്തുന്നു. ആശയങ്ങള്‍ ആത്മവിശ്വാസത്തിന്റെ അടിത്തറയാക്കുന്നവര്‍ക്ക് ഇത്തരം പരിമിതികളെ ചെറിയമട്ടിലെങ്കിലും മറികടക്കാനാവുന്നുണ്ട്. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയ്ക്കിടെ പരിചയപ്പെട്ട നജ് ല ഫൈസല്‍ അല്‍ അവാദിയുടെ വഴിമാറി നടത്തങ്ങള്‍ എത്തിപ്പിടിച്ച നേട്ടങ്ങള്‍ നിരവധി. യുഎഇയിലെ ഏറ്റവും പ്രായം കൂറഞ്ഞ പാര്‍ലമെന്റേറിയയായി അറിയപ്പെട്ട അവര്‍ ആദ്യ വനിതാ എംപിയുമായിരുന്നു. നാലുവര്‍ഷ കാലാവധിക്കുള്ളില്‍ വിദ്യാഭ്യാസം, യുവജനകാര്യം, മാധ്യമ - സാംസ്കാരിക കമ്മിറ്റികളിലെല്ലാം പ്രവര്‍ത്തിച്ചു.

പാര്‍ലമെന്ററി സംവിധാനത്തിന്റെ ആധുനികവല്‍ക്കരണത്തിനായി രൂപീകരിച്ച സ്റ്റിയറിങ് കമ്മിറ്റിയിലും അംഗമായി. വിദേശകാര്യം, പ്ലാനിങ്, പെട്രോളിയം, കൃഷി - ഫിഷറീസ് മേഖലകളിലും പേരെടുത്തു. മധ്യപൂര്‍വ ദേശത്തെ ഏറ്റവും പ്രശസ്തമായ മാധ്യമ സംഘാടകയും പംക്തികാരിയുംകൂടിയാണ് അവാദി. സര്‍ക്കാര്‍ മാധ്യമ ശൃംഖലയുടെ മേധാവിയാകുന്ന ആദ്യ അറബ് വനിത. 2008ല്‍ സ്ഥാപിച്ച മൊഹമ്മദ് ബീന്‍ റാഷിദ് സ്കൂള്‍ ഓഫ് കമ്യൂണിക്കേഷന്റെ നിയന്ത്രണവും അവര്‍ക്കാണ്. ദക്ഷിണ കാലിഫോര്‍ണിയ സര്‍വകലാശാലയുമായി കൈകോര്‍ത്താണ് അവിടത്തെ പരിശീലനങ്ങള്‍. മാധ്യമസ്വാതന്ത്ര്യം മുന്‍നിര്‍ത്തി അവാദി മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാടുകള്‍ക്ക് ചില വ്യത്യസ്തതകളുണ്ട്. പത്രസ്വാതന്ത്ര്യത്തിന് ഒരിക്കലും എതിരല്ലെങ്കിലും ഉത്തരവാദ പത്രപ്രവര്‍ത്തനത്തിനായിരിക്കണം ആദ്യ പരിഗണന എന്നാണ് അവരുടെ നിലപാട്. അതാവട്ടെ സാമൂഹ്യ സമാധാനത്തിന് പരിക്കേല്‍പ്പിക്കുകയുമരുത്.

യൗവനാഗമന കാലത്ത് അക്ഷരങ്ങളുടെ കൗതുകങ്ങള്‍ക്കൊപ്പമായിരുന്നു അവാദി. പൗരാവകാശം, യുക്തിബോധം, കൊളോണിയല്‍ വിരുദ്ധത - തുടങ്ങിയ പ്രവണതകള്‍ പഠിപ്പിക്കുന്ന പുസ്തകങ്ങളിലേക്കായിരുന്നു ആദ്യ താല്‍പ്പര്യം. പിന്നെയത് മഹാന്മാരുടെ ജീവചരിത്രങ്ങളിലേക്കും ആത്മകഥകളിലേക്കും പടര്‍ന്നു. സ്ത്രീജീവിതത്തിനുമേല്‍ കമിഴ്ത്തിയ വലക്കെട്ടുകളെക്കുറിച്ചുള്ള അമ്മയുടെ കഥകള്‍ യാഥാര്‍ഥ്യങ്ങളിലേക്കുള്ള ദിശാസൂചകങ്ങളായി. ന്യൂ ഹാംപ്ഷേര്‍ സര്‍വകലാശാലയില്‍നിന്ന് ചരിത്രത്തില്‍ ബിരുദം നേടിയത് പഴയ അന്വേഷണത്വരയെ തൃപ്തമാക്കാന്‍കൂടിയാവണം. പാര്‍ലമെന്ററി തിരക്കുകളുടെ വീര്‍പ്പുമുട്ടലിനിടയില്‍ അവാദി എഴുത്തിനെയാണ് ആശ്വാസത്തിന്റെ അഭയമായി കാണുന്നത്. 2007 മുതല്‍ അന്താരാഷ്ട്ര - ദേശീയ പത്രങ്ങളില്‍ തുടര്‍ന്നുവരുന്ന പംക്തികള്‍ വിഷയവൈവിധ്യത്താലും അഭിപ്രായ പ്രകടനങ്ങളിലെ നിര്‍ഭയത്വത്താലും ഗൗരവ വായനക്കാരുടെ ശ്രദ്ധയിലെത്തിയവയാണ്. ഒഴിവുവേളയിലെ സമയംപോക്കലും അശ്രദ്ധ നിറഞ്ഞ വിനോദവുമായല്ല എഴുത്തിനെ അവര്‍ കാണുന്നത്. സ്ത്രീവിമോചനാശയങ്ങള്‍, മതം, ആചാരങ്ങള്‍, അറബ് വസന്തം, പുതിയ ശീതയുദ്ധങ്ങള്‍ - എന്നിങ്ങനെ ഏറ്റവും പുതിയ തുടിപ്പുകള്‍വരെ അതിനാല്‍ വിട്ടുകളയുന്നുമില്ല.

ചൈനയില്‍നിന്ന് നാം പഠിക്കേണ്ട മൂല്യങ്ങള്‍ (ഗള്‍ഫ് ന്യൂസ് 2012 നവംബര്‍ 14) എന്ന പഠനം വസ്തുതകളോടുള്ള നിറഞ്ഞ സത്യസന്ധതകൊണ്ടാണ് ശ്രദ്ധേയമായിത്തീര്‍ന്നത്. മാര്‍ട്ടിന്‍ ജാക്വസിന്റെ "ചൈന റൂള്‍സ് ദി വേള്‍ഡ്" മുന്‍നിര്‍ത്തിയുള്ള സ്വതന്ത്ര ലേഖനമാണതെന്നതും പ്രധാനം. ലോകം ഇതുവരെ സാക്ഷിയാകാത്ത വമ്പന്‍ മുന്നേറ്റത്തിന്റെ നെറുകയിലെത്തിയ ആ രാജ്യത്തോടുള്ള ചുവന്നുതുടുത്ത ആരാധന അവാദിയും വീതിച്ചെടുത്തിട്ടുണ്ട്. കൂടുതല്‍ പ്രായോഗികതയിലൂന്നിയ മാതൃകകള്‍ പുതിയ പ്രഭാതങ്ങള്‍ വിരിയിച്ചിട്ടുണ്ട് ചൈനയില്‍. കൊളോണിയലിസം ഊറ്റിക്കുടിച്ച് തരിശാക്കിയ ആ രാജ്യത്തിന്റെ ഉണര്‍വുകളില്‍നിന്ന് അറബ് മേഖലയ്ക്ക് പൊതുവിലും യുഎഇക്ക് പ്രത്യേകിച്ചും പലതും പകര്‍ത്താനുണ്ടെന്നാണ് അവാദി കണ്ടെത്തുന്നത്. ചൈനയില്‍ കണ്‍ഫ്യൂഷ്യനിസവും അറബ് രാജ്യങ്ങളില്‍ ഇസ്ലാമും ഐക്യത്തിലും സ്നേഹത്തിലുമാണ് ഊന്നിനിന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഒട്ടേറെ വൈജാത്യങ്ങളുമുണ്ട്. അറബ് അവഹേളനത്തിനെതിരെ കാര്യമായ മറുപടികളുണ്ടായിട്ടില്ലെന്നതിനുപുറമെ സാമൂഹ്യ- രാഷ്ട്രീയ സംവിധാനത്തെ നിര്‍വചിക്കുന്ന മുല്യവ്യവസ്ഥയെക്കുറിച്ച് ആഴത്തിലുള്ള പുനരാലോചനകളുമുണ്ടായില്ല.

ദേശീയ വികസന ലക്ഷ്യങ്ങള്‍, ലിംഗ പദവി, ധൈഷണിക ജീവിതം - തുടങ്ങിയ തുറകളിലെല്ലാം ഇത് പ്രകടവുമായി. കണ്‍ഫ്യൂഷന്‍ ചിന്തകളെ ചൈന ഫലഭൂയിഷ്ഠമാക്കുകയും സമ്പുഷ്ടമാക്കുകയും ചെയ്തപോലെ അറബ് ലോകം ഉണര്‍ന്നില്ലെന്നും അവാദി കണ്ടെത്തുന്നു. ഇത്തരം പ്രത്യയശാസ്ത്ര മരവിപ്പ് ആ സമൂഹത്തെ കെട്ടിനില്‍ക്കുന്ന അവസ്ഥയിലാണാക്കിയത്. അറബ് മേഖലയില്‍ ഉത്തരവാദപൂര്‍ണമായ പുരോഗമന നേതൃത്വങ്ങള്‍ ഇല്ലാതെപോയതും തടസ്സങ്ങളുണ്ടാക്കി. ഈ ശൂന്യതയിലാണ് അവാദി അറബ് വസന്തത്തിന്റെ ഇടിമുഴക്കങ്ങളെ ചേര്‍ത്തുവയ്ക്കുന്നതും. വിദ്യാസമ്പന്നമായ പൗരസമൂഹത്തിന്റെ അഭാവവും പുരോഗതിക്ക് വിലങ്ങുതടിയായി. മതത്തിന്റെയും പാരമ്പര്യത്തിന്റെയും ഇരുട്ടില്‍ അഭിമാനംകൊണ്ട് വിശ്രമിക്കുന്നതിനുപകരം സര്‍ക്കാരുകളും ജനങ്ങളും അവഹേളനത്തിന്റെ ചരിത്രഘട്ടം കൂടി മനസിലിരുത്തണം. രാജ്യനിര്‍മാണത്തിന് ഉതകുംവിധം അടിയന്തരമായി ദേശീയ കാഴ്ചപ്പാടുകള്‍ തിരിച്ചുപിടിക്കേണ്ടതുമുണ്ട്. അതിലൂടെ സമ്പദ്വ്യവസ്ഥയ്ക്കൊപ്പം പൗരന്മാരും ശക്തരാവേണ്ടതുണ്ടെന്നാണ് അവാദി പറഞ്ഞത്. ലിംഗം, വംശം, ഗോത്രം തുടങ്ങിയ വിഭജനങ്ങള്‍ക്കുപരി ജനങ്ങള്‍ രാഷ്ട്രാധികാരത്തിന്റെ മര്‍മസ്ഥാനത്തേക്ക് ഉയരേണ്ടതുണ്ടെന്നും തുടര്‍ന്ന് നിരീക്ഷിച്ചു. അധികാര കേന്ദ്രീകരണത്തിലൂന്നുന്ന നയങ്ങള്‍ക്കെതിരെ വിമര്‍ശങ്ങളും വേണം. അത് ശക്തമാക്കുന്ന സുതാര്യമായ സാമൂഹ്യ സ്ഥാപനങ്ങളും അനിവാര്യമാണ്. ഇതിലൂടെയാവണം പൗരന്മാര്‍ക്ക് അന്തസ്സുള്ള ജീവിതം ഉറപ്പാക്കേണ്ടതെന്നും ചൈനീസ് അനുഭവങ്ങളില്‍ അടിവരയിട്ട് അവാദി വിശദീകരിച്ചു ആ പഠനത്തില്‍.

അറബ് വസന്തത്തിലെ ഉഷ്ണമേഖലയും അവാദി കാണാതെപോയിട്ടില്ല. വിപ്ലവം അതികാല്‍പ്പനികവല്‍ക്കരിക്കപ്പെട്ടാല്‍ ജനങ്ങള്‍ സങ്കല്‍പ്പിച്ച മാറ്റവും ജീവിതവും കൈപിടിച്ചുകൊണ്ടുവരാനാവണമെന്നില്ല എന്ന നീരിക്ഷണം സാമൂഹ്യ ചലനങ്ങളുടെ പൊതുപ്രകൃതംകൂടി മനസ്സില്‍ വച്ചുള്ളതാണ്. ടുണീഷ്യ, ഈജിപ്ത്, ലിബിയ, യെമന്‍, ബഹ്റൈന്‍, സിറിയ തുടങ്ങിയ പ്രദേശങ്ങള്‍ ഇളക്കിമറിച്ച് കാട്ടുതീപോലെ പടര്‍ന്നുകയറിയ ആവേശം ലോകത്തിനു മുന്നില്‍ പല പാഠങ്ങളും തുറന്നുവച്ചു. പ്രാദേശിക ഭരണങ്ങള്‍ മാത്രമല്ല, വന്‍ശക്തികളും ആ കൊടുങ്കാറ്റില്‍ ആന്തരികമായി ആടിയുലയുകയുണ്ടായി. മധ്യപൂര്‍വദേശം എഴുതിച്ചേര്‍ത്ത ചരിത്രത്തില്‍നിന്നെല്ലാം വ്യത്യസ്തമായിരുന്നു പുതിയ ചലനങ്ങള്‍. ബാഹ്യപ്രേരണകളൊന്നുമില്ലാതെയായിരുന്നു അവയെന്നതാണ് ആ വ്യത്യസ്തത. പ്രതിപക്ഷ സ്വരം പരിഗണിക്കേണ്ടാത്തവിധം മെലിഞ്ഞ രാജ്യങ്ങളില്‍ വിപ്ലവങ്ങള്‍ അനിശ്ചിതത്വങ്ങളിലാവും അവസാനിക്കുക. ഈ ശൂന്യതയില്‍ ഭീകരവാദമാകും ഇരച്ചുകയറുകയെന്നും കൂട്ടിച്ചേര്‍ത്തു. അറബ് വസന്തം യുവജനങ്ങള്‍ക്കു മുന്നില്‍ വിരിച്ച അവസരത്തിന്റെ രാഷ്ട്രീയ പരവതാനിയിലേക്കും പിന്നീട് നീണ്ടുപോകുന്നു അഭിപ്രായം. ആ വസന്തം മേഖലയ്ക്ക് തീര്‍ത്തും അപരിചിതമായ സിവില്‍ നിയമലംഘനത്തിന്റെ ആയുധം കാണിച്ചുകൊടുത്തുവെന്നതാണ് അതിന്റെ പ്രധാന സംഭാവനയായി അവാദി വിലയിരുത്തിയത്. തങ്ങള്‍ക്ക് രുചിക്കാത്ത സര്‍ക്കാരുകളെ തെരുവില്‍ വിചാരണചെയ്യാനും അവയെ സ്ഥാനഭ്രഷ്ടമാക്കാനും ജനങ്ങള്‍ക്കുള്ള അധികാരം അടിവരയിടുകയും ചെയ്തു. അതിനാവട്ടെ യുവജനങ്ങളില്‍ യാഥാര്‍ഥ്യബോധത്തിന്റെ മുന്നൊരുക്കം വിതയ്ക്കുകയുമുണ്ടായി.

ലേമെന്‍ സിസ്റ്റേഴ്സ്

ലേമെന്‍ ബ്രദേഴ്സ് എന്തുകൊണ്ട് ലേമെന്‍ സിസ്റ്റേഴ്സ് ആയിക്കൂടെന്ന അവാദിയുടെ ഫലിതം ബലിഷ്ടമായ അടിത്തറയുള്ള ചിന്തയുടെ ബഹിര്‍സ്ഫുരണംമാത്രമായിരുന്നു. സ്ത്രീവിമോചനാശയങ്ങളോട് നിരന്തരം സംവദിക്കുന്ന അവര്‍ മാധ്യമരംഗത്തേക്ക് കുറെ യുവതികളെ ആകര്‍ഷിക്കുകയുമുണ്ടായി. പുരുഷമേധാവിത്തം കൈപ്പിടിയിലൊതുക്കിയ എല്ലാ തുറകളിലേക്കും സ്ത്രീയുടെ സാമൂഹ്യപ്രവേശം ആവശ്യപ്പെടുന്ന ആ ധീരത അറബ് മേഖലയില്‍ ഊഹിക്കാനാവാത്തതാണ്. പുരുഷന്റെ ഇംഗിതങ്ങളില്‍ വിരിയുന്ന പൊതുഇടങ്ങള്‍ വച്ചുനീട്ടുന്ന സാധ്യതകള്‍ കണ്ടാണ് ആണ്‍കുട്ടികള്‍ വളരുന്നത്. പെണ്‍കുട്ടികള്‍ ഈ കാഴ്ചകളിലെ ഇരകള്‍മാത്രം. സ്ത്രീസ്വാതന്ത്ര്യത്തെ മനുഷ്യാവകാശത്തിന്റെ വിശാലാകാശത്തില്‍ ഇഴപിരിച്ചുനോക്കാനാണ് അവാദിക്കിഷ്ടം. ലിംഗപദവികൊണ്ടുമാത്രം നിര്‍വചിക്കപ്പെടുന്ന ജീവിതത്തിന്റെ കുടുസ്സുകള്‍ കടന്നുവയ്ക്കാന്‍ അസാധ്യമെന്ന വാക്ക് നിഘണ്ടുവില്‍ നിന്നൊഴിവാക്കാനും വെല്ലുവിളികളെ അവസരങ്ങളായി പരിവര്‍ത്തിപ്പിക്കാനും അവര്‍ ആഹ്വാനംനല്‍കുന്നു.

അജ്ഞതയും ഭയവുമാണ് പിന്നോക്കാവസ്ഥയുടെ പ്രധാനഘടകങ്ങള്‍. ലിംഗാസമത്വം വികസനത്തിനുമുന്നിലെ കനത്ത തടസ്സവും. വിദ്യാഭ്യാസപരമായി യുഎഇ സ്ത്രീകള്‍ അസൂയാവഹമായ നിലയില്‍ മുന്നേറിക്കഴിഞ്ഞിട്ടും തൊഴില്‍ മേഖലയില്‍ പെട്ടെന്ന് ഓടിയെത്താനാവാത്ത അകലത്തിലാണവര്‍ സ്ത്രീപ്രശ്നങ്ങളോട് അറബ് ലോകത്തിന് സത്യസന്ധമായ സമീപനമല്ലെന്ന് തുറന്നുവെളിപ്പെടുത്താനും അവാദി ഭയക്കുന്നില്ല. വിവാഹമോചനം, സ്ത്രീധനം, കല്യാണച്ചെലവ്, അഡംബര ജീവിതം -തുടങ്ങിയവയെല്ലാം മര്‍ദനോപകരണങ്ങളായി മാറുകയാണ്. കുടുംബഭിത്തികള്‍ക്കകത്ത് അമ്മമാര്‍ പ്രബലമാകുമ്പോള്‍ ഗാര്‍ഹികാതിക്രമങ്ങള്‍ കുറയുന്നുണ്ടെന്നും കുട്ടികളുടെ വളര്‍ച്ച ഫലപ്രദമാകുന്നുവെന്നും ചില സ്ഥിതിവിവരക്കണക്കുകളിലൂടെ അവര്‍ സ്ഥാപിക്കുന്നു. സാമ്പത്തിക സ്വര്‍ണമരങ്ങളുടെ തുമ്പത്ത് നില്‍ക്കുമ്പോഴും അറബ് സ്ത്രീകള്‍ രാഷ്ട്രീയമായും സാംസ്കാരികമായും ചതുപ്പുനിലങ്ങളിലാണ്.തൊഴിലിടങ്ങളിലെ വേതന വ്യത്യാസം 54-90 ശതമാനമാകുന്നത് മറ്റൊരു അവഗണന.

ഉന്നതോദ്യോഗങ്ങളിലും പാര്‍ലമെന്റിലും അവരിപ്പോഴും അബലകളുടെ ഉറപ്പില്ലാത്ത കസേരകളിലാണ്. 2008ല്‍ അച്ചടിമഷി പുരണ്ട ഒരു കാര്‍ട്ടൂണ്‍ മുന്നിലിട്ടാണ് അവാദി ഈ അവസ്ഥയുടെ ഞെട്ടല്‍ വിവര്‍ത്തനംചെയ്തത്. 40 പാര്‍ലമെന്റംഗങ്ങള്‍ക്കിടയില്‍ ഒമ്പതു പേര്‍ സ്ത്രീകള്‍. വട്ടമേശയ്ക്കു ചുറ്റുമിരുന്ന് ചര്‍ച്ചകളുടെ ചൂടേല്‍ക്കുന്ന ആണുങ്ങള്‍ക്കപ്പുറം സ്ത്രീകള്‍ ഭക്ഷണം പാകംചെയ്യുകയാണ്. ഭരണ സമുച്ചയത്തിന്റെ പൂമുഖത്തേക്ക് ഇറങ്ങാന്‍ മടിക്കുന്ന അവര്‍ നാണംകുണുങ്ങികളായി സ്വയം അടുപ്പില്‍ വേവുകയായിരുന്നു ആ കാര്‍ട്ടൂണില്‍. വിദേശികളെ വരിക്കുന്ന എമിറേറ്റി സ്ത്രീകളുടെ കുട്ടികള്‍ക്ക് പൗരത്വത്തിന്റെ കാരുണ്യമില്ലെന്നതും വിവേചനംതന്നെ. സ്ത്രീകളില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കാത്ത സമൂഹം എന്ന രൂപീകരണത്തിലൂടെ മറ്റ് മണ്ഡലങ്ങളിലെ അവഗണനയും അടിവരയിടുകയാണ്. മതവിശ്വാസത്തെക്കുറിച്ചുള്ള ആലോചനകളെയാകെ നിത്യജീവിത സങ്കീര്‍ണതയില്‍നിന്നും വികസന പരിപ്രേക്ഷ്യത്തില്‍നിന്നും അടര്‍ത്തിമാറ്റി പൂര്‍ണമായും ദൈവശാസ്ത്ര നിര്‍വചനത്തില്‍ തളച്ചിടുന്ന കൗശലങ്ങളെ അവാദി കുടഞ്ഞെറിയുന്നുണ്ട്. മഹത്തായ നാഗരികതയുടെ പിറവിക്ക് നാന്ദികുറിച്ച ഇസ്ലാമിന് ചിലര്‍ തീവ്രവാദ മുഖംമൂടി തയ്ച്ചെടുക്കുന്നതിനെയും കടന്നാക്രമിക്കുന്നു. പുരോഗമനപരമായ ഇസ്ലാമിക വ്യാഖാനവും ശാസ്ത്രീയ വിദ്യാഭ്യാസവും വഴിയേ സ്ത്രീകളെ കൂടുതല്‍ സാമൂഹ്യ ജീവികളാക്കാന്‍ കഴിയൂ. പൗരസമൂഹത്തിലെ ക്ഷേമ സങ്കല്‍പ്പങ്ങളാകെ ബിസിനസിനും സംരംഭകത്വത്തിനും വഴിമാറുമ്പോള്‍ സ്ത്രീകളുടെ ചിരിയാണ് മായാന്‍ തുടങ്ങുന്നതെന്നും സൂചിപ്പിക്കാന്‍ അവാദി മടിക്കുന്നേയില്ല.

ആരാധന ഗാന്ധിജിയോട്

താഴിന്റെ ബന്തവസില്ലാത്ത മുറിപോലെ ഹൃദയവും കരടുകള്‍ നിറയാതെ മലര്‍ക്കെ തുറന്നിട്ട കണ്ണുകള്‍പോലെ മനസ്സും ഒരുക്കിനിര്‍ത്തിയാണ് അവാദി ലോകത്തിന്റെ തുടിപ്പുകള്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നത്. സുഖത്തുരുത്തുകളില്‍നിന്ന് പിണക്കംപോലെ അകന്ന് അറിവിന്റെ മരത്തണലുകളില്‍ കഴിയാനായിരുന്നു കൊതി. മഹാന്മാരുടെ ജീവിതത്തിലെ അത്രവേഗം പകര്‍ത്തിവയ്ക്കാനാവാത്ത സന്ദര്‍ഭങ്ങള്‍ അവളെ ഏറെ മോഹിപ്പിച്ചു. മഹാത്മാഗാന്ധിയായിരുന്നു കൈപിടിക്കുംപോലെ കുലുക്കിയുണര്‍ത്തിയത്. അനുകമ്പ, ക്ഷമ, ലാളിത്യം, പര്സപര ബഹുമാനം തുടങ്ങിയ വ്യക്തിസവിശേഷതകള്‍ക്കൊപ്പം അദ്ദേഹത്തിന്റെ സമരരൂപങ്ങളും വഴികാട്ടി. എന്റെ "സത്യാന്വേഷണ പരീക്ഷണങ്ങള്‍" ഒരു ആത്മകഥയ്ക്കുപരി ബദല്‍ ജീവിതപുസ്തകമായിട്ടാണ് അവാദി കരുതിയത്. സിവില്‍ നിയമലംഘന പ്രസ്ഥാനത്തിന്റെ നിശബ്ദ ചോദനകള്‍ ഏറ്റെടുക്കുകയുംചെയ്തു. പ്രവാചകന്റെ ആദ്യഭാര്യ ഖദീജ ബിന്ദ് ഖുവായ്ലിദിനെ ഇസ്ലാമിന്റെ മാതാവായി അടയാളപ്പെടുത്തുന്ന അവാദി അവരുടെ ദീനാനുകമ്പയിലേക്ക് കാന്തസമാനമായാണ് അടുത്തത്.

പാവങ്ങളെ ഊട്ടുകയും ഉടുപ്പിക്കുകയുംചെയ്ത ഖദീജ സാമ്പത്തികശേഷിയില്ലാത്തവര്‍ക്ക് വിവാഹസഹായം എത്തിക്കുകയുമുണ്ടായി. പ്രാര്‍ഥനയിലോ ആരാധനയിലോ സമയം പാഴാക്കാതിരുന്ന അവര്‍ രണ്ട് ആണ്‍മക്കള്‍ക്ക് പെണ്‍കുട്ടികളുടെ പേരാണ് ഇട്ടിരുന്നതും. അച്ഛന്റെ കച്ചവടം നോക്കിനടത്തി കുടുംബഭാരം തലയിലേറ്റിയ ഖദീജ തന്റെ സ്വത്തുക്കള്‍ പ്രവാചകന്റെ യാത്രകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമായി വിറ്റു നല്‍കി. ജനങ്ങള്‍ തിരസ്കരിച്ചപ്പോള്‍ അവള്‍ എന്നെ നിറമനസ്സോടെ സ്വീകരിച്ചു എന്ന ഭര്‍ത്താവിന്റെ വേദനയിറ്റിയ വാക്കുകള്‍ അവാദിയില്‍ പ്രതിധ്വനിക്കുന്നു. അമേരിക്കന്‍ മനുഷ്യാവകാശ-വനിതാ പോരാളിയും പ്രഭാഷകയുമായ സൂസണ്‍ ബ്രോവ്നെല്‍ അന്തണിയാണ് അഗാധമായ ചിന്താചലനമുണ്ടാക്കിയ മൂന്നാമത്തെ വ്യക്തിത്വം. സ്ത്രീവോട്ടവകാശത്തിനായി ആദ്യമുയര്‍ന്ന ശബ്ദങ്ങളിലൊന്നായിരുന്നു അവരുടേത്. അടിമത്ത വിരുദ്ധ പ്രക്ഷോഭങ്ങളിലൂടെയായിരുന്നു പൊതുജീവിതപ്രവേശനം. അടിമത്തത്തിനെതിരെ പതിനേഴാം വയസ്സില്‍ അധികൃതര്‍ക്ക് പരാതി നല്‍കിയത് വലിയ വാര്‍ത്താപ്രാധാന്യം നേടി. "വിപ്ലവം" എന്ന ആനുകാലികത്തിലൂടെ അപ്രിയ സത്യങ്ങള്‍ വലിച്ചുപുറത്തിട്ട കൂസലില്ലായ്മ അവാദിക്ക് ഒസ്യത്തുപോലെയായിരുന്നു. യഥാര്‍ഥ റിപ്പബ്ലിക്കില്‍ പുരുഷന് അവകാശം കൂടുതലോ സ്ത്രീക്ക് കുറവോ ആകരുതെന്ന മിതത്വപൂര്‍ണമായ എന്നാല്‍, കാലത്തെ വെല്ലുവിളിച്ച സൂസന്റെ പ്രഖ്യാപനം നിലയ്ക്കാത്ത പ്രചോദനമായി അവാദിയില്‍.

*
അനില്‍ കുമാര്‍ എ വി ദേശാഭിമാനി

No comments: