Wednesday, March 6, 2013

ഒഡിഷയില്‍ അരങ്ങേറുന്നത് കോര്‍പറ്റേറ്, ഭരണകൂട ഭീകരത

ഒഡിഷയിലെ ജഗത്‌സിംഗ്പൂര്‍ ജില്ലയിലെ ഗോബിന്ദ്പൂര്‍ ഗ്രാമത്തിലെ പട്‌നയില്‍ കഴിഞ്ഞ ദിവസം മൂന്നുപേരുടെ മരണത്തിനിടയാക്കിയ ബോംബാക്രമണം വന്‍കിട കോര്‍പറേറ്റുകള്‍ക്കു വേണ്ടി നടത്തുന്ന ഭരണകൂട ഭീകരതയുടെ പൈശാചികതയാണ് തുറന്നുകാട്ടുന്നത്. കഴിഞ്ഞ ഏതാണ്ട് എട്ട് വര്‍ഷങ്ങളായി ആഗോള ഉരുക്കു ഭീമന്‍ പോസ്‌കോയ്ക്കുവേണ്ടി ഭൂമിപിടിച്ചെടുക്കാന്‍ നടത്തുന്ന ശ്രമങ്ങളെ വിജയകരമായി പ്രതിരോധിച്ചുവരുന്ന പോസ്‌കോ പ്രതിരോധ് സംഗ്രാം സമിതി (പി പി എസ് എസ്)യെ തകര്‍ക്കാനും അതിന്റെ നേതാവ് അഭയ് സാഹുവിനെ വകവരുത്താനും നടന്നുവരുന്ന ശ്രമങ്ങളുടെ ഭാഗമായിരുന്നു പട്‌നയിലെ ബോംബാക്രമണം. ഒഡിഷയിലെ നവീന്‍ പട്‌നായിക് സര്‍ക്കാര്‍ പോസ്‌കോ ഉരുക്കുകമ്പനിക്കുവേണ്ടി കൃഷിഭൂമി പിടിച്ചെടുക്കാന്‍ നടത്തിവന്ന ശ്രമങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് പി പി എസ് എസിനു കഴിഞ്ഞു. ഭരണകൂടത്തിന്റെയും സായുധ പൊലീസ് സേനയുടെയും പോസ്‌കോ കമ്പനി ഗുണ്ടകളുടെയും സംയുക്ത ശ്രമങ്ങളെ ഇതുവരെ പരാജയപ്പെടുത്തിയത് കുട്ടികളും സ്ത്രീകളും അടക്കം ഗോബിന്ദ്പൂര്‍ ഗ്രാമത്തിലെ ജനങ്ങളുടെ  സമാനതകളില്ലാത്ത സഹനസമരമാണ്. ഭരണകൂടത്തിന്റെ അളവറ്റ കരുത്തിനെയും ഭീകരതയേയും നിരാലംബരും നിരായുധരുമായ ജനങ്ങള്‍ക്ക് എങ്ങനെ ചെറുക്കാനാവുമെന്നതിന്റെ ഉദാത്ത മാതൃകയാണ് പോസ്‌കോ സംഗ്രാം സമിതിയുടെ നേതൃത്വത്തില്‍ ഗോബിന്ദ്പൂരിലെ ജനങ്ങള്‍ കാഴ്ചവച്ചത്. തങ്ങളുടെ മണ്ണിനെ പുല്‍കി പ്രതിരോധനിര തീര്‍ത്ത ജനങ്ങള്‍ക്കു മുമ്പില്‍ ഭരണകൂടത്തിന് ഓരോഘട്ടത്തിലും തോറ്റു പിന്മാറേണ്ടിവന്നു. ചരിത്രത്തില്‍ സ്ഥാനം പിടിച്ച അത്തരം ഒരു സമരത്തെ ഭീകരവാദവും ഹിംസാത്മകവുമായി ചിത്രീകരിച്ച് തകര്‍ക്കാനാണ് ഇപ്പോള്‍ നവീന്‍ പട്‌നായിക് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പട്‌നയില്‍ നടന്ന ബോംബ് സ്‌ഫോടനം പി പി എസ് എസ് പ്രവര്‍ത്തകരും അതിന്റെ അധ്യക്ഷന്‍ അഭയ് സാഹുവും ബോംബുണ്ടാക്കാന്‍ ശ്രമിക്കവെ സംഭവിച്ച അപകടമാണെന്ന് വ്യാഖ്യാനിക്കാനും പ്രചരിപ്പിക്കാനുമാണ് ഭരണകൂടം ശ്രമിക്കുന്നത്.

പി പി എസ് എസ് പ്രവര്‍ത്തകരും നേതാക്കളും എന്തിന് അക്രമത്തിന്റെയും ഹിംസയുടെയും പാത അവലംബിക്കണം? അവരുടെമേല്‍ ബോംബ് നിര്‍മാണ ശ്രമം ആരോപിക്കുന്നത് സാമാന്യബുദ്ധിക്കും കേവലയുക്തിക്കും നിരക്കുന്നതല്ല. കാരണം ഗോബിന്ദ്പൂര്‍ ഗ്രാമത്തിലെ ജനങ്ങള്‍ എട്ടു വര്‍ഷമായി നടത്തിവരുന്ന പ്രതിരോധ സമരം സഹനസമരങ്ങളുടെ ചരിത്രത്തിലെ അപൂര്‍വ വിജയഗാഥയാണ്. ആ സമരത്തിന് കക്ഷിരാഷ്ട്രീയത്തിനും ആശയഭിന്നതകള്‍ക്കും ഉപരി രാജ്യത്തിന്റെ നാനാകോണില്‍ നിന്നും വന്‍ ജനപിന്തുണയാണ് ലഭിച്ചുവരുന്നത്. ലോകമെമ്പാടും കര്‍ഷകനും ഭൂമിക്കും വേണ്ടി കോര്‍പറേറ്റുകള്‍ക്കെതിരെ പൊരുതുന്ന ജനതകളുടെ ഐക്യദാര്‍ഢ്യം ആര്‍ജിക്കാനും പി പി എസ് എസിന് കഴിഞ്ഞു. പിന്നെ അവര്‍ എന്തിന് പൊടുന്നനെ അക്രമത്തിന്റെയും ഹിംസയുടെയും പാത അവലംബിക്കണം? ആരാണ് ഇപ്പോഴത്തെ അക്രമസംഭവങ്ങള്‍ക്കു പിന്നില്‍? ആരാണ് അത്തരം ആക്രമണകാരികള്‍ക്കു പിന്തുണയും സംരക്ഷണവും നല്‍കുന്നത്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം ഉദാരവല്‍ക്കരണത്തിന്റെയും കോര്‍പറേറ്റ്‌വല്‍ക്കരണത്തിന്റെയും സമീപകാല ഇന്ത്യാചരിത്രത്തില്‍ ലഭ്യമാണ്.

പല ലോക രാഷ്ട്രങ്ങളും കരിമ്പട്ടികയില്‍പ്പെടുത്തിയിട്ടുള്ള പോസ്‌കോയുടെ പദ്ധതിക്ക് 1,620 ഹെക്ടര്‍ ഭൂമിയാണ് ആവശ്യം. അതില്‍ 90 ശതമാനവും, 1440 ഹെക്ടര്‍, കര്‍ഷകര്‍ കയ്യേറി വെറ്റില കൃഷി നടത്തുന്ന വനഭൂമിയാണെന്നാണ് സര്‍ക്കാര്‍ കണ്ടെത്തല്‍. അത് നഷ്ടപരിഹാരം കൂടാതെ ഏറ്റെടുക്കാനാവുമെന്നായിരുന്നു നവീന്‍ പട്‌നായിക്ക് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ കര്‍ഷകരാകട്ടെ തലമുറകളായി തങ്ങള്‍ കൈവശംവച്ച് കൃഷിചെയ്ത് ഉപജീവിതം കഴിക്കുന്ന ഭൂമി വിട്ടുനല്‍കാന്‍ തയാറല്ല. ഒരു ഹെക്ടര്‍ വെറ്റില കൃഷിയില്‍ നിന്നുള്ള പ്രതിവര്‍ഷ വരുമാനം 10-17.5 ലക്ഷം രൂപവരും. സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്ന നഷ്ടപരിഹാരം 28.75 ലക്ഷം രൂപയാണ്. ഇത് കര്‍ഷകന്റെ രണ്ടു വര്‍ഷത്തെ വരുമാനത്തിലും താഴെയാണ്. നിര്‍ദിഷ്ട ആധുനിക പോസ്‌കോ സ്റ്റീല്‍ പ്ലാന്റില്‍ നാട്ടുകാര്‍ക്ക് തൊഴില്‍ അവസരം തുലോം വിരളമായിരിക്കും. പട്‌നായിക്ക് സര്‍ക്കാരും കേന്ദ്ര യു പി എ സര്‍ക്കാരും വിഭാവനം ചെയ്യുന്ന വളര്‍ച്ചയില്‍ തങ്ങള്‍ക്ക് ഇടമില്ലെന്ന് ഗോബിന്ദ്പുരിലെ ഗ്രാമീണ ജനത തിരിച്ചറിയുന്നു. അതാണവരെ വിട്ടുവീഴ്ചയില്ലാത്ത സഹന സമരത്തിന് നിര്‍ബന്ധിതരാക്കിയത്. അത്തരം സമരങ്ങളെ ഉദാരീകരണ ശക്തികളും കോര്‍പറേറ്റുകളും എപ്രകാരമാണ് നേരിടുകയെന്നതിന്റെ ഉദാഹരണമാണ് ഛത്തീസ്ഗഢിലെ ട്രേഡ് യൂണിയന്‍ നേതാവായിരുന്ന ശങ്കര്‍ ഗുഹ നിയോഗിയുടെ ജീവിതവും രക്തസാക്ഷിത്വവും. ഛത്തീസ്ഗഢിലെ ഖനി- വ്യവസായ മേലാളര്‍ക്കെതിരെ തൊഴിലാളികളെയും ആദിവാസി ജനതകളെയും സംഘടിപ്പിച്ച് അവരുടെ തൊഴില്‍-മനുഷ്യാവകാശങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നിയോഗിക്ക് തന്റെ ജീവന്‍തന്നെ വിലയായി നല്‍കേണ്ടിവന്നു. ഛത്തീസ്ഗഢിലെ ഖനി മാഫിയയ്ക്കും വ്യാവസായിക താല്‍പര്യങ്ങള്‍ക്കും ഉന്നത മേധാവികളടക്കം പൊലീസിനും ഭരണകൂടത്തിനും അതിലുള്ള പങ്ക് പകല്‍പോലെ വ്യക്തമാണ്. രാജ്യത്തെ നീതിന്യായ നിയമവ്യവസ്ഥകളെ വെല്ലുവിളിച്ച് അവര്‍ ഇന്നും അരങ്ങുതകര്‍ക്കുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും ദേശീയ കൗണ്‍സില്‍ അംഗവും പി പി എസ് എസിന്റെ അധ്യക്ഷനുമായ അഭയ്‌സാഹു സമാനമായ ഒരു സ്ഥിതിവിശേഷത്തെയും ഭീഷണിയെയുമാണ് നേരിടുന്നത്. അഭയ് സാഹുവും പി പി എസ് എസും മുഴുവന്‍ പുരോഗമന ജനാധിപത്യ ശക്തികളുടെയും ഐക്യദാര്‍ഢ്യവും അകമഴിഞ്ഞ പിന്തുണയും അര്‍ഹിക്കുന്നു.

*
ജനയുഗം മുഖപ്രസംഗം

No comments: