Thursday, March 28, 2013

വിവാദത്തില്‍ തുടങ്ങി വിവാദത്തില്‍ അവസാനിച്ച ബജറ്റ്

ബജറ്റിനെതിരെ ഭരണപക്ഷത്തു നിന്ന് ആദ്യം വെടി പൊട്ടിച്ചത് ആര്യാടന്‍ മുഹമ്മദായിരുന്നു. വേദി, കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം. അതിന്റെ പേരില്‍ ആര്യാടന്‍ മന്ത്രിസ്ഥാനമൊഴിയണമെന്ന ആവശ്യവുമായി ലീഗ് നേതാവ് കെ. പിഎ മജീദ് രംഗത്തിറങ്ങിയതോടെ വിവാദം കൊഴുത്തു. കെഎസ്ആര്‍ടിസിയുടെ കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് വിഹിതം 268 കോടി രൂപ ആയിരുന്നു. പ്രതിസന്ധിയുടെ കാലത്ത് പുതിയ ബജറ്റില്‍ അത് 100 കോടിയായി ചുരുങ്ങി. ആര്യാടന്റെ രോഷപ്രകടനം ന്യായമാണ്. പണമില്ല എന്നാണ് ആര്യാടനോട് ധനമന്ത്രിയുടെ പ്രതികരണം. പണത്തിന് പഞ്ഞമുളള കാലത്താണ് ഏതാണ്ട് 750 കോടി രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടി ബജറ്റില്‍ വേണ്ടെന്നു വെച്ചത്.

മൂന്നുവര്‍ഷം മുമ്പായിരുന്നു ഭൂമിയുടെ ഫെയര്‍ വാല്യൂ നിശ്ചയിച്ചത്. അന്നു തന്നെ സ്റ്റാമ്പ് ഡ്യൂട്ടിയില്‍ കുറവുവരുത്തുകയും ചെയ്തു. അതേകാരണം പറഞ്ഞ് ഇപ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടി നിരക്കുകകളില്‍ വീണ്ടും 25 ശതമാനം കുറവു വരുത്തിയിരിക്കുന്നു. ബജറ്റ് കണക്കു പ്രകാരം 200 കോടി രൂപയുടെ വരുമാനനഷ്ടം ഉണ്ടാകും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് 650-750 കോടിയെങ്കിലും വരും. 3000 കോടി രൂപയാണ് സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ വരവ്. അതിന്റെ 25 ശതമാനമാണ് വേണ്ടെന്നു വെച്ചത്. കെഎസ്ആര്‍ടിസി നേരിടുന്ന പ്രതിസന്ധിയുടെ ഗൗരവം കണക്കിലെടുത്ത് ഈ നികുതിയിളവ് ഒരു വര്‍ഷത്തേക്കെങ്കിലും മാറ്റി വെയ്ക്കാമായിരുന്നു. കെഎസ്ആര്‍ടിസിക്ക് വിഹിതം കുറച്ചുകൂടി നല്‍കാമായിരുന്നു. ചെയ്യേണ്ടതു ചെയ്യാതെ, യാതൊരു നീതീകരണവുമില്ലാതെ കെഎസ്ആര്‍ടിസിയുടെ ബജറ്റു വിഹിതം വെട്ടിക്കുറയ്ക്കുകയാണ് കെ എം മാണി ചെയ്തത്. ആര്യാടന്‍ എങ്ങനെ ശുണ്ഠിയെടുക്കാതിരിക്കും?

സ്റ്റാമ്പ് ഡ്യൂട്ടി കുറയ്ക്കാമെന്ന് കേന്ദ്രസര്‍ക്കാരിന് ഉറപ്പുകൊടുത്തിട്ടുണ്ടെന്നാണ് മറുപടി പ്രസംഗത്തിലെ മാണിയുടെ ന്യായം. സ്റ്റാമ്പ് ഡ്യൂട്ടി കുറയ്ക്കണമെന്ന നിലപാട് തികച്ചും പിന്തിരിപ്പനാണ്. ഭൂമിയുടെ വില കൂടുമ്പോള്‍ പ്രത്യേകിച്ചൊരു അധ്വാനവുമില്ലാതെ ഉടമസ്ഥനു നേട്ടമുണ്ടാകുന്നു. അധ്വാനിക്കാതെ ഉണ്ടാകുന്ന ഈ നേട്ടം നികുതിയ്ക്ക് ഏറ്റവും അനുയോജ്യമാണ്. പിന്നെ, കേന്ദ്രസര്‍ക്കാരിനോട് സ്റ്റാമ്പ് ഡ്യൂട്ടി പടിപടിയായി കുറച്ചുകൊണ്ടുവരാമെന്നല്ലാതെ ഇത്ര വര്‍ഷം കൊണ്ട് 5 ശതമാനമാക്കാമെന്ന് ഒരുറപ്പും ആരും നല്‍കിയിട്ടില്ല. കെഎസ്ആര്‍ടിസിയ്ക്ക് പണമില്ലാത്ത വര്‍ഷം തന്നെ ഈ ഇളവ് വേണ്ടിയിരുന്നോ എന്നാണ് ചോദ്യം. സാധാരണക്കാരായ ഭൂമി ഇടപാടുകാരെ സഹായിക്കാനാണ് നികുതിയിളവ് എന്നാണ് ധനമന്ത്രിയുടെ മറ്റൊരു വിശദീകരണം. എങ്കില്‍ എല്ലാവര്‍ക്കും എന്തിനീ ഇളവു നല്‍കണം? ഇതേ സാധാരണക്കാരുടെ പേരു പറഞ്ഞാണ് കഴിഞ്ഞ വര്‍ഷം ഭാഗാധാരങ്ങളുടെ സ്റ്റാമ്പു ഡ്യൂട്ടി പരമാവധി 1000 രൂപയായി നിജപ്പെടുത്തിയത്. 100 ഏക്കര്‍ എസ്റ്റേറ്റ് ഭാഗം ചെയ്യുന്ന വന്‍കിട ഭൂവുടമയും 1000 രൂപ നികുതി നല്‍കിയാല്‍ മതി. വന്‍കിട ഭൂവുടമകളെ സഹായിക്കാനുളള ഈ ഉത്സാഹം കാര്‍ഷികാദായ നികുതി ഒഴിവാക്കിയതിലും കാണാം.

കാര്‍ഷികാദായ നികുതിയില്‍ നിന്ന് വ്യക്തികളെ ഇത്തവണ ഒഴിവാക്കി. 20 ഏക്കറില്‍ താഴെയുളളവര്‍ ഇപ്പോള്‍ത്തന്നെ ആദായനികുതിയില്‍ നിന്ന് പുറത്താണ്. ചെറുകിടക്കാരുടെ പേരു പറഞ്ഞ് വന്‍കിട ഭൂവുടമകളെ സഹായിക്കുകയാണ് ധനമന്ത്രി. സ്റ്റാമ്പ് ഡ്യൂട്ടി സ്വത്തിനു മേലാണ്. കാര്‍ഷികാദായ നികുതി വരുമാനത്തിനു മേലാണ്. ഇവ രണ്ടും വിലക്കയറ്റം ഉണ്ടാക്കില്ല. പക്ഷേ, വാറ്റ് നികുതി ഉല്‍പന്നങ്ങളുടെ മേലാണ്. വാറ്റ് ഉയര്‍ത്തിയാല്‍ വിലയും കൂടും. വിലക്കയറ്റത്തിന്റെ നാളില്‍ ഇതാണ് കെ എം മാണിയുടെ "ധനകാര്യ ബുദ്ധി". കഴിഞ്ഞ വര്‍ഷം വാറ്റ് നികുതി 12.5 ശതമാനത്തില്‍ നിന്ന് 13.5 ശതമാനമാക്കി. ഇപ്പോഴത്തെ ബജറ്റില്‍ അതു വീണ്ടും 14.5 ശതമാനമാക്കി ഉയര്‍ത്തി. അതുവഴി ജനങ്ങള്‍ വഹിക്കേണ്ട അധികഭാരം 2000 കോടി രൂപ. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 18.5 ശതമാനമായിരുന്നു നികുതി വരുമാന വര്‍ദ്ധന. പക്ഷേ, ഒരിക്കല്‍പ്പോലും നിരക്കു വര്‍ദ്ധിപ്പിച്ചിട്ടില്ല. നികുതി നിരക്കുകള്‍ ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഉപദേശിച്ചിട്ടും വഴങ്ങിയില്ല. എന്നാല്‍ നിരക്കുകള്‍ ഉയര്‍ത്തിയിട്ടും വരുമാനവര്‍ദ്ധന കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ തോതില്‍ നിലനിര്‍ത്താനേ കെ. എം. മാണിക്ക് കഴിഞ്ഞിട്ടുളളൂ. ഇതിനര്‍ത്ഥം നികുതി ചോര്‍ച്ച രൂക്ഷമായിരിക്കുന്നു എന്നാണ്.

എല്ലാവര്‍ഷവും നികുതിനിരക്ക് കൂട്ടിക്കൊണ്ടിരിക്കാന്‍ പറ്റില്ലല്ലോ. അങ്ങനെ വരുമ്പോള്‍ നികുതി വരുമാനവര്‍ദ്ധന മുരടിക്കും. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 10 ശതമാനം വീതമാണ് നികുതി വരുമാനം ഉയര്‍ന്നിരുന്നതെന്ന് കൂട്ടി വായിക്കുക. ബജറ്റ് വിവാദത്തില്‍ വിചിത്രമായ ഒരു ഇടപെടല്‍ ഉണ്ടായത് മന്ത്രി മുനീറിന്റെ ഭാഗത്തു നിന്നായിരുന്നു. ആര്യാടനെതിരെ രംഗത്തുവന്ന അദ്ദേഹം, തന്റെ വകുപ്പിനു കിട്ടേണ്ട അര്‍ഹമായ വിഹിതം ലഭിച്ചു എന്നും താന്‍ തൃപ്തനാണെന്നും പ്രസ്താവിച്ചു. കഷ്ടം. 4000 കോടി രൂപയാണ് ഈ ബജറ്റില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു നീക്കിവെച്ചിട്ടുളളത്. ഇത് വാര്‍ഷിക പദ്ധതിയായ 17000 കോടി രൂപയുടെ 23.5 ശതമാനമേ വരൂ. സംസ്ഥാന ഫിനാന്‍സ് കമ്മിഷന്‍ തീര്‍പ്പു പ്രകാരം 28.5 ശതമാനമാണ് ഈ വര്‍ഷം നല്‍കേണ്ടത്. അടുത്ത വര്‍ഷം 30 ശതമാനവും. ജനകീയാസൂത്രണം ആരംഭിച്ചതിനുശേഷം ആദ്യമായി ധനകാര്യ കമ്മിഷന്‍ തീര്‍പ്പ് ലംഘിക്കപ്പെട്ടു. മൊത്തം പദ്ധതി അടങ്കലിന്റെ 28.5 ശതമാനം നല്‍കുന്നതിനു പകരം കെഎസ്ഇബിയുടെ അടങ്കല്‍ ഒഴിവാക്കിയാണ് കണക്കു കൂട്ടിയിരിക്കുന്നത്. തദ്ദേശ സ്വയംഭരണ മന്ത്രി ഇതറിഞ്ഞിട്ടില്ല. അതുകൊണ്ടാണ് അദ്ദേഹത്തിന് സമ്പൂര്‍ണ തൃപ്തി വന്നത്. ഇത്തവണയും കേന്ദ്രസര്‍ക്കാരിന്റെ ഐഎവൈ വീടുകള്‍ക്ക് അധികപണം എങ്ങനെയാണ് ലഭ്യമാക്കുക എന്ന് ഉറപ്പുനല്‍കാന്‍ ധനമന്ത്രി തയ്യാറല്ല. വീടൊന്നിനു 2-2.5 ലക്ഷം രൂപ നല്‍കണം. പക്ഷേ, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ 60,000 രൂപയേ നല്‍കൂ. ബാക്കി തുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തണം. ഈ വിഹിതം ഏതാണ്ട് 800 കോടിയോളം രൂപ വരും. അതിനുളള കഴിവ് തദ്ദേശസ്ഥാപനങ്ങള്‍ക്കില്ല. ഫലം, നടപ്പുവര്‍ഷത്തില്‍ ഒരൊറ്റ ഐഎവൈ വീടുപോലും നിര്‍മ്മിക്കാന്‍ കഴിഞ്ഞിട്ടില്ല.

ബാങ്കുവായ്പ വേണ്ടെന്നു വെച്ചതോടെ ഇഎംഎസ് പാര്‍പ്പിടങ്ങളുടെ കുടിശിക തീര്‍ക്കാനേ തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കു കഴിയൂ. എന്നിട്ടും പഞ്ചായത്തു മന്ത്രിക്കു തൃപ്തിയാണ്. കൃഷിയ്ക്കും അനുബന്ധ മേഖലകള്‍ക്കുമായുളള വകയിരുത്തല്‍ നടപ്പുവര്‍ഷം മൊത്തം വികസനച്ചെലവിന്റെ 9.41 ശതമാനം ആയിരുന്നു. ഇപ്പോഴത്തെ ബജറ്റിലാകട്ടെ കൃഷിയുടെ വിഹിതം 8.7 ശതമാനമായി ചുരുങ്ങി. കൃഷിയുടെ അടങ്കലില്‍ കേവലം 12 ശതമാനം വര്‍ദ്ധനയേ ഉളളൂ. കൃഷി മന്ത്രിയ്ക്കും തൃപ്തി. വ്യവസായമേഖലയ്ക്ക് നടപ്പു വര്‍ഷത്തില്‍ 902 കോടി രൂപ വകയിരുത്തിയിരുന്നു. ഇപ്പോഴോ 915 കോടി രൂപ മാത്രം. വ്യവസായത്തിന്റെ വിഹിതം 2.47 ശതമാനത്തില്‍ നിന്നും 2.01 ശതമാനമായി താണു. കുഞ്ഞാലിക്കുട്ടിയും തൃപ്തനാണ്! മത്സ്യമേഖലയ്ക്കു നീക്കിവെച്ചിരുന്ന തുക വെട്ടിക്കുറച്ചിരിക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ച് ആലപ്പുഴയില്‍ പളളിപോലും സമരത്തിലാണ്. പരമ്പരാഗത മേഖലകളെയും തഴഞ്ഞിരിക്കുന്നു. ക്ഷേമനിധിയുടെ പെന്‍ഷനുകള്‍ ഉയര്‍ത്തുമെന്ന് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിരുന്നില്ല. ഏതായാലും മറുപടി പ്രസംഗത്തില്‍ ഇവയും നൂറു രൂപ വെച്ചു വര്‍ദ്ധിപ്പിച്ചത് നന്നായി. പക്ഷേ, മിനിമം പെന്‍ഷന്‍ ആയിരം രൂപയാക്കണമെന്നാണ് ഡിമാന്റ്. തങ്ങളുടെ മണ്ഡലങ്ങളോടുളള അവഗണനയില്‍ പ്രതിഷേധിച്ച് ചില കോണ്‍ഗ്രസ് അംഗങ്ങള്‍ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുക്കുകയില്ല എന്നു പ്രഖ്യാപിച്ചു. യാഥാര്‍ത്ഥ്യം അറിയുമ്പോള്‍ എല്ലാ എംഎല്‍എമാരും പ്രതിഷേധിക്കും. ഓരോ മണ്ഡലത്തിലും 5 കോടിയുടെ ആസ്തി നിര്‍മ്മാണഫണ്ട് കഴിഞ്ഞ വര്‍ഷം അനുവദിച്ചു. എല്ലാ വര്‍ഷവും ഈ സ്കീം തുടരുമെന്നും പറഞ്ഞു. 700 കോടി വേണം. ബജറ്റ് രേഖകള്‍ പരതിയിട്ടും ഇതു കണ്ടെത്താനായിട്ടില്ല. ഏതായാലും ഈ സ്കീം തുടരുമെന്ന് മറുപടി പ്രസംഗത്തില്‍ വ്യക്തമാക്കി. പണം വ്യത്യസ്തവകുപ്പുകളിലായി വകയിരുത്തിയിട്ടുണ്ടത്രേ. ബജറ്റ് അവതരണ ദിവസം മുതല്‍ ഞാന്‍ അവതരിപ്പിച്ചുകൊണ്ടിരുന്ന വിമര്‍ശനത്തിന് ഇപ്പോഴെങ്കിലും ഒരു മറുപടി കണ്ടെത്താന്‍ കഴിഞ്ഞത് നന്നായി. മൂലധനച്ചെലവിന് വായ്പയെടുത്താല്‍ ആരും കുറ്റം പറയില്ല. വായ്പ ബാധ്യത സൃഷ്ടിക്കും. പക്ഷേ അതു മൂലധനച്ചെലവിനാണെങ്കില്‍ ബദലായി തുല്യ ആസ്തിയും സൃഷ്ടിക്കും. അതുകൊണ്ട് കടം ഭാവിയുടെ മേല്‍ ജഡഭാരം ആവില്ല. പക്ഷേ, ധനമന്ത്രി ഇതിനു തയ്യാറല്ല. നമ്മള്‍ പാസാക്കിയ ധനഉത്തരവാദിത്വ നിയമം, സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ 3ശതമാനം വരെ വായ്പയെടുക്കാന്‍ അനുവദിച്ചിട്ടുണ്ട്. പക്ഷേ, ധനമന്ത്രി അവതരിപ്പിച്ച ബജറ്റില്‍ ധനക്കമ്മി 2.82 ശതമാനമാണ്. നടപ്പുവര്‍ഷം ധനക്കമ്മി 3.12 ശതമാനം ആയിരിക്കുമെന്നാണ് പുതുക്കിയ കണക്ക്. ധനക്കമ്മി ഈ തോതില്‍ നിലനിര്‍ത്തിയാല്‍ കേന്ദ്രസര്‍ക്കാരിനുപോലും വിമര്‍ശിക്കാനാവില്ല. അവരുടെ ധനക്കമ്മി 4.8 ശതമാനമാണ്. ധനക്കമ്മി നടപ്പുവര്‍ഷത്തെ തോതില്‍ നിലനിര്‍ത്തിയിരുന്നെങ്കില്‍ 1261 കോടി രൂപ അധികവരുമാനമുണ്ടാകുമായിരുന്നു. എന്തെല്ലാം പുതിയ നിര്‍മ്മാണ പ്രവൃത്തികള്‍ ഏറ്റെടുക്കാമായിരുന്നു!

സംസ്ഥാന സാമ്പത്തിക വളര്‍ച്ച 9 ശതമാനത്തിലേറെയാണെന്നതില്‍ നമുക്കെല്ലാം അഭിമാനിക്കാം. കെ. എം. മാണി പറയുന്നതു പോലെ ഇത് യുഡിഎഫ് ഭരണത്തിന്റെ നേട്ടമൊന്നുമല്ല. ഭരണം മാറുന്നതിനനുസരിച്ച് മാറുന്ന ഒന്നല്ല സാമ്പത്തിക വളര്‍ച്ച. അതിന് ദീര്‍ഘകാല സാമ്പത്തിക ഉത്തേജക ഘടകങ്ങളുണ്ട്. അതിരിക്കട്ടെ. ഉല്‍പാദന മേഖലയുമായി ഈ സാമ്പത്തിക വളര്‍ച്ചയ്ക്കു ബന്ധമില്ല എന്നുളളതാണ് നമ്മുടെ ദൗര്‍ബല്യം. ഇതു പരിഹരിക്കണമെങ്കില്‍ ഭൗതികവും സാമൂഹ്യവുമായ പശ്ചാത്തലസൗകര്യങ്ങള്‍ അടിയന്തരമായി സൃഷ്ടിക്കണം. ഇതിന് വലിയ തോതിലുളള സര്‍ക്കാരിന്റെ ഇടപെടലും മുതല്‍മുടക്കും അനിവാര്യമാണ്. പക്ഷേ, ചുമതല ഏറ്റെടുക്കുന്നതിന് ധനമന്ത്രി വിസമ്മതിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന വായ്പ മാത്രമെടുത്ത് നല്ലപിളള ചമയാനാണ് അദ്ദേഹത്തിനു താല്‍പര്യം. ബജറ്റ് മറുപടി പ്രസംഗത്തില്‍ ധനക്കമ്മി 3 ശതമാനമാക്കണമെന്ന ആവശ്യം ധനമന്ത്രിയും അംഗീകരിച്ചു. ബജറ്റ് പ്രസംഗത്തില്‍ അധികമായി പ്രഖ്യാപിക്കപ്പെട്ട ചെലവു കൂടി വരുമ്പോള്‍ കമ്മി മൂന്നു ശതമാനത്തില്‍ അധികരിക്കും എന്നാണ് അദ്ദേഹത്തിന്റെ പുതിയ നിലപാട്.

ബജറ്റ് ചര്‍ച്ചകളില്‍ ധനമന്ത്രി സ്വീകരിച്ച നിലപാട് വ്യത്യസ്തമായിരുന്നു. കമ്മി കുറയ്ക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായാണ് ഭരണകക്ഷി അംഗങ്ങള്‍ നിയമസഭയില്‍ പ്രസംഗിച്ചത്. പക്ഷേ, ധനക്കമ്മി കുറയ്ക്കാന്‍ തീരുമാനിച്ചതുകൊണ്ടായില്ല, അതിനു ചില നടപടികള്‍ കൂടി എടുക്കേണ്ടതുണ്ട്. കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന വായ്പകളെ മാത്രം ആശ്രയിക്കുകയാണെങ്കില്‍ ധനക്കമ്മി 3 ശതമാനത്തിലെത്തിക്കാന്‍ കഴിയുകയില്ല. കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന വായ്പകളോടൊപ്പം ട്രഷറി സേവിംഗ്സ് ബാങ്കുവഴി നിക്ഷേപം സ്വീകരിക്കുന്നതിനും ലക്ഷ്യമിട്ടാല്‍ മാത്രമേ ധനക്കമ്മി കുറയ്ക്കാനാവൂ. നമ്മുടെ മൂലധനച്ചെലവ് ഉയര്‍ത്തുന്നതിന് ട്രഷറി സേവിംഗ്സ് ബാങ്കിനെ ഉപയോഗപ്പെടുത്താനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചത്. ഇതിനായി വലിയ തോതില്‍ ട്രഷറി പരിഷ്കാരങ്ങള്‍ കൊണ്ടുവന്നു.

2010-11ലെ ബജറ്റില്‍ 2524 കോടി രൂപയാണ് ട്രഷറി ഡെപ്പോസിറ്റു വഴി സമാഹരിച്ചത്. ഇപ്പോഴത്തെ ബജറ്റില്‍ 470 കോടി രൂപ മാത്രമാണ് ഈ ഇനത്തില്‍ പബ്ലിക് അക്കൗണ്ടിലൂടെ വകയിരുത്തിയിട്ടുളളത്. ധനമന്ത്രി ചെയ്ത ഏറ്റവും വലിയ പാതകം ട്രഷറി സേവിംഗ്സ് ബാങ്കിനെ തകര്‍ത്തു എന്നതാണ്. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ട്രഷറികളിലെ അക്കൗണ്ടുവഴി നല്‍കിയാല്‍ 1000 - 2000 കോടി രൂപയുടെ കാഷ് ബാലന്‍സ് ട്രഷറിയില്‍ ലഭ്യമായേനെ. ഇതിനാണ് ട്രഷറിയിലും സര്‍ക്കാര്‍ ഓഫീസുകളിലും എടിഎം സംവിധാനത്തെക്കുറിച്ചെല്ലാം നാം ആലോചിച്ചത്. എന്നാല്‍ ഈ പണം കെ. എം. മാണി ബാങ്കുകള്‍ക്ക് ഇഷ്ടദാനം ചെയ്തു. ശമ്പളവും പെന്‍ഷനും ബാങ്കുകളിലെ അക്കൗണ്ടുകള്‍ വഴിയാക്കുകയാണ് മന്ത്രി സ്ഥാനം ഏറ്റശേഷം വരുത്തിയ ആദ്യപരിഷ്കാരങ്ങളിലൊന്ന്.

സര്‍ക്കാര്‍ വകുപ്പുകളും അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളും തങ്ങളുടെ കാഷ് ബാലന്‍സ് ട്രഷറിയില്‍ സൂക്ഷിക്കണമെന്നുപോലും ഇപ്പോള്‍ ശഠിക്കുന്നില്ല. ചുരുക്കത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ യാഥാസ്ഥിതികധനനയം കേരളത്തിന്റെ ഇന്നത്തെ വികസന സാധ്യതകളെ പ്രയോജനപ്പെടുത്താന്‍ പര്യാപ്തമല്ല. ബജറ്റു ചര്‍ച്ചയുടെ മറുപടി പ്രസംഗത്തില്‍ ഭരണകക്ഷി അംഗങ്ങളുടെ വിമര്‍ശനങ്ങള്‍ക്കു പരിഹാരം കാണാന്‍ ഒരു ശ്രമം ധനമന്ത്രി നടത്തി. ഭരണകക്ഷി എംഎല്‍എമാര്‍ ചോദിച്ച വികസനകാര്യങ്ങള്‍ ഓരോന്നോരോന്നായി അദ്ദേഹം പ്രഖ്യാപിച്ചു. പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് ഒന്നുമില്ല. ഇതുസംബന്ധിച്ച മുറുമുറുപ്പ് മറുപടി പ്രസംഗം പകുതിയായപ്പോഴേയ്ക്കും പൊട്ടിത്തെറിയായി. ബജറ്റ് ചര്‍ച്ച അവസാനിച്ചത് ബഹളത്തിലും വാക്കൗട്ടിലുമാണ്. ഇതും ഒരു റെക്കോഡാണ്.

*
ഡോ. ടി എം തോമസ് ഐസക് ചിന്ത 29 മാര്‍ച്ച് 2013

No comments: