Friday, March 29, 2013

സാര്‍വലൗകിക പേറ്റന്റിലേക്കോ?

ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളും ഔഷധവില കുറയ്ക്കുന്നതിനായി നിര്‍ബന്ധിത ലൈസന്‍സ് നടപ്പിലാക്കിത്തുടങ്ങിയത് വികസിതരാജ്യങ്ങളെ അങ്കലാപ്പിലാക്കിയിരിക്കയാണ്. ദോഹയില്‍ ചേര്‍ന്ന ലോക വ്യാപാര സംഘടനയുടെ യോഗത്തില്‍ നിര്‍ബന്ധിത ലൈസന്‍സ് അനുവദിച്ചുകൊണ്ടും മറ്റും പ്രഖ്യാപിച്ച ഇളവുകള്‍ അവസാനിപ്പിക്കാനുള്ള നീക്കം അമേരിക്കയുടെ നേതൃത്വത്തില്‍ ആരംഭിച്ചു കഴിഞ്ഞു. നിര്‍ബന്ധിത ലൈസന്‍സ് നല്‍കിക്കൊണ്ട് ഇന്ത്യന്‍ പേറ്റന്റ് കണ്‍ട്രോളര്‍ ഉത്തരവിറക്കിയതിന് തൊട്ടുപിന്നാലെ മുന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി റോധര്‍ ക്ലിന്റന്‍ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയിരുന്നു. ഇന്ത്യയിലെ അമേരിക്കന്‍ സാമ്പത്തിക താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി മുന്‍കൂട്ടി വിശദമായി തയ്യാറാക്കിയ അജണ്ടകളോടെയാണ് നാല്പതംഗങ്ങളടങ്ങിയ ഉദ്യോഗസ്ഥരുമായി ഹിലാരി ക്ലിന്റന്‍ 2012 മെയ് മാസത്തില്‍ ഇന്ത്യയിലെത്തിയത്. തിരികെ പോകുന്നതിനു മുമ്പായി ഇന്ത്യ കൂടുതല്‍ കര്‍ശനമായ ബൗദ്ധിക സ്വത്തവകാശനിയമങ്ങള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടത് ഹിലാരിയുടെ സന്ദര്‍ശനത്തിന്റെ പ്രധാനപ്പെട്ട മറ്റൊരു ദൗത്യത്തിലേക്കാണ് വിരല്‍ ചൂണ്ടിയത്.

ലോക വ്യാപാര സംഘടനയുടെ ട്രിപ്സ് ഉടമ്പടി എല്ലാ അംഗരാജ്യങ്ങളും നടപ്പിലാക്കേണ്ട മിനിമം ബൗദ്ധികസ്വത്തവകാശ നിയമങ്ങളാണ് മുന്നോട്ടു വച്ചിട്ടുള്ളത്. മാത്രമല്ല ദോഹയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ നിര്‍ബന്ധിത ലൈസന്‍സ് വ്യവസ്ഥ കൂടുതല്‍ ഉദാരമാക്കിക്കൊണ്ട് വികസ്വരരാജ്യങ്ങള്‍ക്കനുകൂലമായ ചില വ്യവസ്ഥകളും ഏര്‍പ്പെടുത്തിയിരുന്നു. അതുകൊണ്ട് മറ്റ് മാര്‍ഗ്ഗങ്ങളിലൂടെ കൂടുതല്‍ കര്‍ശനമായ ബൗദ്ധിക സ്വത്തവകാശ നിയമങ്ങള്‍ ലോകരാജ്യങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള തന്ത്രങ്ങളാണ് അമേരിക്ക ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നത് . ലോക വ്യാപാര സംഘടനയില്‍ നിന്ന് വിപ്പോയിലേക്ക് ബൗദ്ധികസ്വത്തവകാശങ്ങളെ സംബന്ധിച്ച നിയമങ്ങളുടെ മാനകീകരണത്തിനും ഏകീകരണത്തിനുമായി ലോകരാജ്യങ്ങള്‍ക്ക് ഉപദേശം നല്‍കുന്ന ഐക്യരാഷ്ട്രസംഘടനയുടെ കീഴിലുള്ള ഏജന്‍സിയാണ് ലോക ബൗദ്ധികസ്വത്തവകാശ സംഘടന (World Intellectual Property Organisation). വിപ്പോയിലൂടെ കൂടുതല്‍ കര്‍ശനമായ പേറ്റന്റ് നിയമങ്ങള്‍ക്ക് രൂപം നല്‍കി ലോക വ്യാപാര സംഘടനയില്‍ അവതരിപ്പിച്ച് അംഗീകാരം നേടാനാണ് അമേരിക്കയുടെ നീക്കം. ആത്യന്തികമായി വികസിതരാജ്യങ്ങളിലെ മരുന്നുകമ്പനികളുടെയും മറ്റും സാമ്പത്തിക താത്പര്യം സംരക്ഷിക്കുന്നതിനു സഹായകമായതും വികസ്വരരാജ്യങ്ങള്‍ക്ക് യാതൊരു ആനുകൂല്യങ്ങളും അനുവദിക്കാത്തതുമായ സാര്‍വലൗകിക പേറ്റന്റ് വ്യവസ്ഥക്കാണ് അമേരിക്ക ശ്രമിക്കുന്നത്.

വിപ്പോയെ പ്രയോജനപ്പെടുത്തി ദോഹ ഇളവുകള്‍ ഇല്ലാതാക്കി തങ്ങളുടെ വാണിജ്യമേധാവിത്വം നിലനിര്‍ത്താനുതകുന്ന ബൗദ്ധിക സ്വത്തവകാശനിയമങ്ങള്‍ ലോകരാജ്യങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കാനുള്ള അമേരിക്കന്‍ നീക്കത്തിനെതിരെ വിപ്പോക്കുള്ളിലും പുറത്തും ലോകാഭിപ്രായമുയര്‍ന്നിട്ടുണ്ട്. ബ്രസീല്‍, വെനിസ്വേല, അര്‍ജന്റീന, ദക്ഷിണാഫ്രിക്ക, ഇറാന്‍ തുടങ്ങി 14 രാജ്യങ്ങള്‍ വികസന പക്ഷക്കാര്‍ എന്ന പേരില്‍ വികസ്വര രാജ്യങ്ങളുടെ ഫോറം വിപ്പോയില്‍ രൂപീകരിച്ചിട്ടുണ്ട്. ബൗദ്ധികസ്വത്തവകാശനിയമങ്ങള്‍ അന്തിമമായ ലക്ഷ്യമല്ലെന്നും വികസനത്തിനുള്ള മാര്‍ഗ്ഗം മാത്രമാണെന്നും പ്രഖ്യാപിച്ചുകൊണ്ടുള്ള വികസന അജന്‍ഡ (Development Agenda) ഫോറത്തിനു വേണ്ടി ബ്രസീല്‍ വിപ്പോ അസംബ്ലിയില്‍ അവതരിപ്പിച്ചു. സാങ്കേതിക വിദ്യ കൈമാറ്റം, സൃഷ്ടിപരവും സര്‍ഗ്ഗാത്മകവുമായ വിജ്ഞാന നിര്‍മ്മിതി എന്നിവയെ സഹായിക്കുന്ന ഉചിതവും സന്തുലിതവുമായ ബൗദ്ധികസ്വത്തവകാശ നിയമങ്ങളാണ് വിപ്പോ ആവിഷ്കരിക്കേണ്ടതെന്ന് വികസന അജന്‍ഡയില്‍ പറയുന്നു. അക്കാദമിക് വിദഗ്ധന്മാര്‍ നോബല്‍ സമ്മാന ജേതാക്കള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ നേതാക്കള്‍ തുടങ്ങി അഞ്ഞൂറോളം പ്രശസ്ത വ്യക്തികള്‍ ജനീവയില്‍ യോഗം ചേര്‍ന്ന് വികസന അജന്‍ഡയെ പിന്തുണച്ചുകൊണ്ടുള്ള പ്രഖ്യാപനം അംഗീകരിച്ചിട്ടുണ്ട്. വിപ്പോയെടുക്കുന്ന ഏതു നിലപാടും ജനങ്ങള്‍ക്ക് അവശ്യമരുന്നുകള്‍ ലഭ്യമാക്കുന്നതിന് സഹായകരമായ ദോഹ പ്രഖ്യാപനത്തിന്റെ അന്തഃസത്തയ്ക്ക് എതിരാവരുതെന്ന് ജനീവ പ്രഖ്യാപനം ആവശ്യപ്പെടുന്നു. ഇതോടെ വികസ്വരരാജ്യങ്ങളുടെ താല്പര്യങ്ങളെ ഹനിക്കുന്ന ബൗദ്ധികസ്വത്തവകാശനിയമങ്ങള്‍ക്കെതിരായ സമരവേദിയായി വിപ്പോ മാറിക്കഴിഞ്ഞിരിക്കയാണ്.

 സ്വതന്ത്ര വ്യാപാരക്കരാര്‍ എന്ന കുരുക്ക്

വികസിതമുതലാളിത്ത രാജ്യങ്ങളുടെ വാണിജ്യതാത്പര്യങ്ങള്‍ സംരക്ഷിക്കാനുതകുന്ന പേറ്റന്റ്നിയമങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് വികസ്വരരാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാരക്കരാറുകളുണ്ടാക്കലാണ് (Free Trade Agreements) വികസിതരാജ്യങ്ങള്‍ സ്വീകരിച്ചുവരുന്ന മറ്റൊരു തന്ത്രം. ഫലത്തില്‍ ദോഹ ഇളവുകളെ അപ്രസക്തമാക്കുന്ന തരത്തിലുള്ള വ്യവസ്ഥകളാണ് എഫ് റ്റി എകളില്‍ ഉള്‍പ്പെടുത്താറുള്ളത്. നിലവിലുള്ള മരുന്നുകളുടെ പുതിയ ഉപയോഗത്തിന് പേറ്റന്റ് നല്‍കി പേറ്റന്റ് കാലാവധി നീട്ടിക്കൊടുക്കുക, മുന്‍കൂട്ടി എതിര്‍പ്പവകാശം അനുവദിക്കാതിരിക്കുക, വിവരകുത്തക നിയമം നടപ്പിലാക്കുക, തുടങ്ങിയ ട്രിപ്സ് പ്ലസ് എന്ന് വിശേഷിപ്പിക്കപ്പെടാറുള്ള വ്യവസ്ഥകള്‍ പല കരാറുകളിലും ഉള്‍പെടുത്തിയിട്ടുണ്ട്. ലോകവ്യാപാരസംഘടനയുടെ വ്യവസ്ഥകള്‍ എല്ലാ അംഗരാജ്യങ്ങളും പിന്തുടരേണ്ടതാണെന്ന് അന്താരാഷ്ട്ര ധാരണയുടെ നഗ്നമായ ലംഘനം കൂടിയാണ് സ്വതന്ത്ര വാണിജ്യക്കരാറുകള്‍. എഫ്ടിഎ കളിലൂടെ ദോഹ ഇളവുകള്‍ അസ്ഥിരപ്പെടുത്തുന്നതിനുള്ള നീക്കത്തില്‍ ഇന്ത്യയും പങ്കാളിയാവുന്നുണ്ട്. ഇതിനകം 27 എഫ് റ്റി എ കളിലാണ് ഇന്ത്യ പങ്കു ചേര്‍ന്നിട്ടുള്ളത്. ഇവയില്‍ ജപ്പാന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നീ രാജ്യങ്ങളുമായിട്ടുള്ള എഫ് റ്റി എ കരാറുകളില്‍ പേറ്റന്റ് നിയമങ്ങളും പെടുത്തിയിട്ടുണ്ട്. നിര്‍ബന്ധിത ലൈസന്‍സ് നല്‍കുന്നത് പരിമിതപ്പെടുത്തുക, വിവരകുത്തക നിയമത്തിലൂടെയും മറ്റും പേറ്റന്റ് കാലാവധി നീട്ടുക തുടങ്ങിയ വ്യവസ്ഥകള്‍ ഈ കരാറുകളില്‍ ചേര്‍ത്തിട്ടുണ്ട് .

വ്യാജ വാണിഭ വിരുദ്ധക്കരാര്‍ മറ്റൊരു തന്ത്രം

ഒരു ഭാഗത്ത് ലോക വ്യാപാര സംഘടനയുടെയും മറുഭാഗത്ത് അതിലൂടെ കൈവരിക്കാനാവാത്ത വാണിജ്യതാത്പര്യങ്ങള്‍ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയും നേടിയെടുക്കാനായി മുതലാളിത്ത രാജ്യങ്ങള്‍ നടത്തിവരുന്ന കുതന്ത്രങ്ങളുടെ ഭാഗമായി അമേരിക്കയും യൂറോപ്യന്‍ യൂണിയനും മറ്റും ചേര്‍ന്ന് ആവിഷ്കരിച്ചിട്ടുള്ള മറ്റൊരു അന്താരാഷ്ട്ര വ്യവസ്ഥയാണ് വ്യാജ വാണിഭ വിരുദ്ധക്കരാര്‍ (Anti Counterfeit Trade Agreement) വാണിജ്യ ഇടപാടുകളില്‍ ട്രിപ്സിനേക്കാള്‍ കടുത്ത വ്യവസ്ഥകളാണ് ആക്ടായില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. അതുകൊണ്ട് ആക്ട വ്യവസ്ഥകളെ ട്രിപ്പ്സ് അധിക വ്യവസ്ഥകളായി കാണേണ്ടതാണ്.

ആക്ടാ എന്ന കരി നിയമം വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന വിലകുറഞ്ഞ ജനറിക് ഔഷധങ്ങളെ വ്യാജമരുന്നുകളെന്ന വകുപ്പില്‍പെടുത്തി, ഇറക്കുമതി രാജ്യങ്ങള്‍ക്കും മരുന്ന് കൊണ്ടുപോകുന്ന വഴി ഇടയ്ക്ക് തങ്ങേണ്ടിവരുന്ന രാജ്യങ്ങള്‍ക്കും പിടിച്ചുവയ്ക്കാനും നശിപ്പിക്കാനും അധികാരം നല്‍കുന്നു. ദോഹ ഇളവുകളനുസരിച്ച് മരുന്നുല്‍പാദനത്തില്‍ സാങ്കേതിക ശേഷിയില്ലാത്ത രാജ്യങ്ങള്‍ക്ക് അതുള്ള രാജ്യങ്ങളില്‍ നിന്നും ജനറിക് മരുന്നുകള്‍ ഇറക്കുമതി ചെയ്യാനുള്ള അവകാശമുണ്ട്. ഇങ്ങനെ ഇറക്കുമതി ചെയ്യുന്ന മരുന്നുകളെ വ്യാജമരുന്നുകളെന്ന് മുദ്രകുത്തി പിടിച്ചെടുക്കാന്‍ ആക്ടാ വഴി കഴിയും. ജനിതകഘടന പേറ്റന്റ് ചെയ്തുവെന്നവകാശപ്പെടുന്ന കമ്പനികള്‍ പരാതിപ്പെട്ടാല്‍ ജനിതകമരുന്നുകള്‍ മാര്‍ക്കറ്റ് ചെയ്യുന്നതില്‍ നിന്നും ഉല്പാദകരെ വിലക്കാനുള്ള വകുപ്പുകളും ആക്ടായിലുണ്ട്. ഉല്പാദകരുടെ വിശദീകരണത്തിനായി കാത്തുനില്‍ക്കാതെ തന്നെ നടപടികള്‍ സ്വീകരിക്കാന്‍ കരാര്‍ അധികാരം നല്‍കുന്നുണ്ട്. അതെയവസരത്തില്‍ വ്യാജ ഉല്പന്നങ്ങള്‍ക്ക് വ്യക്തമായ നിര്‍വചനം പോലും ആക്ടയിലെല്ലെന്നതാണ് വാസ്തവം.

മരുന്നുകള്‍ മാത്രമല്ല ജനിതക വിളകളും ഇന്റര്‍നെറ്റിലൂടെയും സാമൂഹ്യ ശൃംഖലകള്‍ വഴിയിലൂടെയുമുള്ള ആശയ വിവരവിനിമയവും ആക്ടായുടെ പരിധിയില്‍ വരും. ഇന്റര്‍നെറ്റില്‍ നിന്നും വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് തടയാനും തങ്ങള്‍ക്കിഷ്ടമില്ലാത്ത വിവരങ്ങള്‍ നീക്കം ചെയ്യാനും ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കാനും ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് ആക്ടാ അനുമതി നല്‍കുന്നുണ്ട്. ഇന്റര്‍നെറ്റിന്റെ മുഖ്യ ശക്തിയായ വിജ്ഞാനത്തിന്റെ സ്വതന്ത്രമായ വിനിമയത്തിന് ഇതൊരു കനത്ത തിരിച്ചടിയാവാന്‍ പോവുകയാണ്.

2007 ലാണ് അതീവ രഹസ്യമായി അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, സ്വിറ്റ്സര്‍ലന്റ്, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ആക്ടാ തയ്യാറാക്കുന്നതിനുള്ള രഹസ്യ യോഗം ചേര്‍ന്നത്. പിന്നീട് ആസ്ത്രേലിയ, കാനഡ, മെക്സിക്കോ, മൊറോക്കോ, ന്യൂസിലണ്ട് തുടങ്ങി ഏതാനും രാജ്യങ്ങള്‍ കൂടി ഈ സംരംഭത്തോട് ചേരുകയും 2008 ജനീവയില്‍ വച്ച് രണ്ടാംവട്ട ചര്‍ച്ച നടത്തുകയും ചെയ്തു. പിന്നീട് എട്ടുതവണ കൂടി യോഗം ചേര്‍ന്ന ശേഷം 2010-ല്‍ ആക്ടായുടെ അന്തിമരൂപം തയ്യാറാക്കി മുപ്പത്തി ഒമ്പത് രാജ്യങ്ങള്‍ അംഗീകരിക്കുകയാണ് ചെയ്തത്. ലോക വാണീജ്യത്തിന്റെ 70 ശതമാനവും നിയന്ത്രിക്കുന്നത് പ്രസ്തുത രാജ്യങ്ങളാണ്.ആക്ടാ വ്യവസ്ഥകള്‍ പുറത്തു വന്നതോടെ ഇന്ത്യ, ബ്രസീല്‍, ചൈന തുടങ്ങി നിരവധി രാജ്യങ്ങള്‍ അതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. മാത്രമല്ല, യൂറോപ്യന്‍ യൂണിയന്‍, പാര്‍ലമെന്റിലെ 633 അംഗങ്ങള്‍ ആക്ടാക്കെതിരെ വോട്ടു ചെയ്തിരിക്കയാണ്.

മെഡിസിന്‍സ് സാര്‍സ് പ്രോന്റിയേഴ്സ്, മനുഷ്യാവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് കൂട്ടായ്മയായ ആവാസ് തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളും ഇന്ത്യയിലെ ജനകീയാരോഗ്യ പ്രസ്ഥാനമായ ജനസ്വസ്ത്യ അഭിയാനും സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രസ്ഥാനങ്ങളും ആക്ടക്കെതിരെ പ്രതിരോധമുയര്‍ത്തി പ്രചരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

നിര്‍ബന്ധിത ലൈസന്‍സിങ് നിഷ്ക്രിയമാക്കാന്‍ വിവര കുത്തക നിയമം നിര്‍ബന്ധിത ലൈസന്‍സിങ്ങിനെ നിഷ്ക്രിയമാക്കാനായി അമേരിക്കയും മറ്റു വികസിത രാജ്യങ്ങളും നടപ്പിലാക്കാന്‍ ശ്രമിച്ചുവരുന്ന മറ്റൊരു നിയമമാണ് വിവരകുത്തകനിയമം. ഇതും ലോക വ്യാപാര സംഘടനയുടെ നിബന്ധനകളില്‍ നിന്നുമുള്ള വ്യതിയാനമാണ്.ഔഷധങ്ങള്‍ക്ക് പേറ്റന്റ് നല്‍കുമ്പോള്‍ ഔഷധത്തെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ഡ്രഗ് കണ്‍ട്രോളര്‍ക്ക് നല്‍കണമെന്നാണ് വ്യവസ്ഥ. ഇതില്‍ ഔഷധത്തിന്റെ ഫലസിദ്ധിയും പാര്‍ശ്വഫലങ്ങളും മരുന്ന് കണ്ടെത്തുന്നതിനായി നടത്തുന്ന പരീക്ഷണ വിവരങ്ങളും ഉള്‍പ്പെടുന്നു. പേറ്റന്റ് കാലാവധി കഴിഞ്ഞാല്‍ ഈ വിവരങ്ങള്‍ താത്പര്യമുള്ള ആര്‍ക്കും ലഭിക്കുന്നതാണ്. പേറ്റന്റ് കാലാവധി കഴിഞ്ഞ മരുന്നുകള്‍ വിലകുറച്ച് ജനറിക് നാമത്തില്‍ മാര്‍ക്കറ്റ് ചെയ്യുന്ന കമ്പനികള്‍ ഇത്തരം വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഉല്പാദനം നടത്തുന്നത്. അപൂര്‍വ്വം ചില മരുന്നുകളുടെ കാര്യത്തില്‍ മാത്രം തങ്ങളുടെ മരുന്നുകളുടെ ജൈവലഭ്യത ജനറിക് കമ്പനികള്‍ പ്രത്യേക പരീക്ഷണത്തിലൂടെ തെളിയിക്കേണ്ടിവരുമെന്ന് മാത്രം.

പേറ്റന്റ് കാലയളവില്‍ ഔഷധ പരീക്ഷണ വിവരങ്ങള്‍ മറ്റ് കമ്പനികള്‍ വ്യാപാരതാത്പര്യത്തിനായി ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനായി ഈ വിവരങ്ങള്‍ സംരക്ഷിക്കേണ്ടതാണെന്ന് മാത്രമാണ് ട്രിപ്സ് വ്യവസ്ഥയിലുള്ളത്. ഇതിനെ വിവര സംരക്ഷണം എന്നാണ് പറയുക. എന്നാല്‍ ഇപ്പോള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് ട്രിപ്സ് വ്യവസ്ഥയനുസരിച്ചുള്ള വിവര സംരക്ഷണമല്ല മറിച്ച് പേറ്റന്റ് നല്‍കിക്കഴിഞ്ഞാല്‍ അഞ്ചുവര്‍ഷത്തേക്ക് യാതൊരു സാഹചര്യത്തിലും ഔഷധ പരീക്ഷണ വിവരങ്ങള്‍ പുറത്തുവിടാതിരിക്കുന്നതിനായുള്ള വിവരകുത്തക നിയമമാണ്. വിവരകുത്തക നിയമം പ്രാബല്യത്തില്‍ വന്നാല്‍ പേറ്റന്റ് നല്‍കിക്കഴിഞ്ഞ് അഞ്ചു വര്‍ഷത്തേക്ക് നിര്‍ബന്ധിത ലൈസന്‍സ് പ്രയോഗിക്കാന്‍ പറ്റാതെ വരും. കാരണം ഔഷധ പരീക്ഷണം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ഔഷധ ഉല്പാദനത്തിനുള്ള അനുമതി ലഭിക്കാന്‍ പുതിയ പരീക്ഷണങ്ങളിലൂടെ വിവരം ശേഖരിക്കേണ്ടിവരും. ഇതിനുള്ള ചെലവും കാലതാമസവും കണക്കിലെടുക്കുമ്പോള്‍ നിര്‍ബന്ധിത ലൈസന്‍സിനപേക്ഷിക്കാന്‍ മറ്റു കമ്പനികള്‍ തയ്യാറാവാതെ വരും. അടിയന്തിര ഘട്ടത്തില്‍ നടപ്പിലാക്കേണ്ട നിര്‍ബന്ധിത ലൈസന്‍സ് വ്യവസ്ഥ ഫലത്തില്‍ പ്രാബല്യത്തില്‍ വരുത്താന്‍ കഴിയില്ല. ഇതിനു പുറമേ മറ്റൊരു ധാര്‍മ്മിക പ്രശ്നം കൂടി പുതിയ നിയമം ഉയര്‍ത്തുന്നുണ്ട്. ഫലസിദ്ധി തെളിയിച്ചുകഴിഞ്ഞ മരുന്നുകള്‍ വീണ്ടും മനുഷ്യരില്‍ പരീക്ഷണാര്‍ത്ഥം നല്‍കുന്നത് വൈദ്യശാസ്ത്ര നൈതികതയ്ക്ക് എതിരുമാണ്.

ദോഹ ഇളവുകളിലൂടെ വികസ്വരരാജ്യങ്ങള്‍ നേടിയ പരിമിതമായ നേട്ടങ്ങള്‍പോലും അപ്രസക്തമാക്കിക്കൊണ്ട് വിജ്ഞാനകുത്തകവല്‍ക്കരണത്തിനായി അമേരിക്കയും മറ്റ് ചില വികസിത രാജ്യങ്ങളും ചേര്‍ന്നു പയറ്റുന്ന വിവിധ തന്ത്രങ്ങളാണ് ഇവിടെ സൂചിപ്പിച്ചത്. ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ക്യൂബ തുടങ്ങി നിരവധി രാജ്യങ്ങള്‍ ലോകവ്യാപാരസംഘടനയുടേയും ലോക ബൗദ്ധികസ്വത്തവകാശ സംഘടനയുടേയും വേദികളില്‍ ഇതിനെതിരെ പോരാടിവരികയാണ്. സ്വതന്ത്ര സോഫ്റ്റ് വെയര്‍ തത്വശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ ആവിഷ്കരിക്കപ്പെട്ടിട്ടുള്ള ക്രിയേറ്റീവ് കോമണ്‍സ്, തുടങ്ങിയ ജനകീയ ബൗദ്ധികസ്വത്തവകാശ സംരംഭങ്ങളും അവയുടെ അടിസ്ഥാനത്തിലുള്ള ഓപ്പണ്‍ ബയോളജി, ഓപ്പണ്‍ സോഴ്സ് ഡ്രഗ് ഡിസ്കവറി തുടങ്ങിയ നവീന ഗവേഷണ സഹായ പദ്ധതികളും ജനകീയ ബദലുകള്‍ക്കായുള്ള അന്വേഷണത്തില്‍ വലിയ പ്രതീക്ഷകളാണ് ഉയര്‍ത്തിയിട്ടുള്ളത്.

*
ഡോ ബി ഇക്ബാല്‍ (കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്ന ഡോ ബി. ഇക്ബാലിന്റെ ഇന്ത്യന്‍ ഔഷധമേഖല: ഇന്നലെ, ഇന്ന് എന്ന പുസ്തകത്തില്‍ നിന്ന്.)

ചിന്ത വാരിക 29 മാര്‍ച്ച് 2013

No comments: