Friday, March 29, 2013

പ്രണയിക്കും പുസ്തകങ്ങള്‍

പുതിയ പുസ്തകം തുറക്കുമ്പോള്‍ ഇപ്പോഴും അറിയാതെ മണത്തുപോകും. അച്ചടിയുടേതാണോ അക്ഷരങ്ങളുടേതാണോ എന്നറിയാത്തവിധം ഒരു പ്രത്യേക മണം. കഴിഞ്ഞ ദിവസം പ്രിസം ബുക്സില്‍ ചെന്നപ്പോള്‍ സുധീര്‍ എടുത്തുനല്‍കിയ പുസ്തകങ്ങള്‍ ആദ്യം തുറന്ന് ഒന്നു ശ്വാസം അകത്തേക്ക് ആഞ്ഞുപിടിച്ചു. അക്ഷരത്തിന്റെ, അച്ചടിയുടെ, അറിവിന്റെ മണം അറിയാതെ ഉള്ളിലേക്ക് പതുക്കെ പതുക്കെ കയറി. നിങ്ങള്‍ക്കും ഈ അസുഖമുണ്ടോഎന്നായി സുധീര്‍. കഴിഞ്ഞ ദിവസം കഥാകൃത്ത് ഉണ്ണി വന്നപ്പോഴും പുസ്തകത്തിന്റെ മണം പിടിക്കുന്നുണ്ടായിരുന്നുവെന്ന് സുധീര്‍ പറഞ്ഞു. പുസ്തകങ്ങള്‍ക്കിടയില്‍ ജീവിക്കുക രസകരമായ അനുഭവമാണ്.

ഇപ്പോള്‍ പഴയതുപോലെ വായനയ്ക്ക് സമയമില്ല. വായനയുടെ സ്വഭാവം തന്നെ മാറിക്കൊണ്ടിരിക്കും. സ്കൂളില്‍ പഠിക്കുമ്പോള്‍ നാട്ടിലെ വായനശാലയുടെ നടത്തിപ്പുകാരനായി പ്രവര്‍ത്തിച്ചിരുന്നപ്പോളാണ് പുസ്തകങ്ങള്‍ ബൈന്‍ഡ് ചെയ്യുന്നതിനു പഠിച്ചത്. പഴയ പുസ്തകങ്ങള്‍ പലപ്പോഴും കോലം തെറ്റിയായിരിക്കും ഇരിക്കുന്നത്. അതു ബൈന്‍ഡ് ചെയ്യുമ്പോള്‍ പുതിയ മുഖമായിരിക്കും. പലതിന്റേയും മുഖം നഷ്ടപ്പെട്ടിട്ടുണ്ടാകും. പഴയ മാസികകളുടെ കവറായിരിക്കും മിക്കപ്പോഴും പുസ്തകത്തിന്റെ മുഖമായി മാറുന്നത്. അതൊരു രസകരമായ അനുഭവമാണ്. പുസ്തകവും വായനയും മരിക്കുന്നുവോ എന്ന ചോദ്യം ഇടക്കാലത്ത് ഉയര്‍ന്നിരുന്നു. ഇന്ന് ആ ചോദ്യം അപ്രസക്തമായിരിക്കുന്നു.
 
ദൃശ്യമാധ്യമങ്ങളുടെ കടന്നുവരവാണ് വായനയുടെ മരണത്തെ പ്രവചിച്ചത്. എന്നാല്‍, എല്ലാത്തിനും അതിന്റേതായ ഇടമുണ്ടെന്ന് തോന്നിപ്പിക്കുംവിധം വായന പിന്നെയും പിടിച്ചുനിന്നു. പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. പുസ്തകം കൊണ്ടുനടക്കണമെന്നില്ലാത്തവിധം സാങ്കേതികവിദ്യയും വികസിച്ചു. ഇ റീഡറുകള്‍ വന്നു. പിന്നെ ഐപാഡും ടാബ്ലറ്റുകളും. നൂറുക്കണക്കിന് പുസ്തകങ്ങള്‍ കൊണ്ടുനടക്കാന്‍ കഴിയുന്നവയായി അവ മാറി. ഏതു പുസ്തകവും കടകളില്‍ പോയി വാങ്ങാവുന്ന രീതി തന്നെ ഇന്റര്‍നെറ്റ് കൊണ്ടുവന്നു. കോപ്പിറൈറ്റ് കഴിഞ്ഞ പുസ്തകങ്ങള്‍ സൗജന്യമായി വാങ്ങാനും കഴിയും. ഏറ്റവും പുതിയ പുസ്തകങ്ങള്‍ വരെ ഇ ബുക്കായും ലഭിക്കാന്‍ തുടങ്ങി. ഇ പുസ്തകങ്ങള്‍ വായനയുടെ സ്വഭാവം മാറ്റി. ഇ റീഡറില്‍ പുസ്തകങ്ങളുടെ പേജുകള്‍ നമുക്ക് കൈകൊണ്ടുമറിക്കാം. പക്ഷേ, പുസ്തകങ്ങളിലെ പേജുകള്‍ മറിക്കുമ്പോഴുള്ള മര്‍മരം കേള്‍ക്കാന്‍ കഴിയില്ല. അതിനു ഒരു പ്രത്യേക താളമുണ്ട്. പിന്നെ പുതിയ പുസ്തകങ്ങളുടെ മണം അതു ഇ റീഡറില്‍ പ്രതീക്ഷിക്കുകയേ വേണ്ട. കുട്ടിക്കാലത്ത് പുസ്തകങ്ങളുടെ പേജുകള്‍ക്കിടയില്‍ മയില്‍പ്പീലി സൂക്ഷിച്ചുവയ്ക്കും. മയില്‍പ്പീലി പ്രസവിച്ചോയെന്ന് ചിലര്‍ ചോദിക്കും. ഇ റീഡറില്‍ മയില്‍പ്പീലിക്ക് ഇടമില്ല. പക്ഷേ, പേജ് റീഡറുണ്ട്. നമുക്ക് വായിച്ചു അവസാനിപ്പിച്ച ഭാഗം മറക്കാതിരിക്കാന്‍ അടയാളം വയ്ക്കാം. വേണമെങ്കില്‍ ഹൈലൈറ്റര്‍ വച്ച് മാര്‍ക്ക് ചെയ്യാം.

മാര്‍ക്സിന്റേയും ഏംഗല്‍സിന്റയും ലെനിന്റേയും ഗ്രന്ഥങ്ങളുടെ ശേഖരം മുഴുവനും ആര്‍ക്കവൈസില്‍ ലഭിക്കും. നെറ്റിലൂടെയുള്ള തെരിച്ചിലിനുള്ള പുതിയ സൗകര്യങ്ങള്‍ പലപ്പോഴും പുസ്തക വായനയില്‍ ലഭിച്ചെന്നുവരില്ല. മുമ്പ് വായിച്ച ചില ഭാഗങ്ങള്‍ ഏത് പുസ്തകത്തിലാണെന്നോ ഏത് അധ്യായത്തിലാണെന്നോ ചിലപ്പോള്‍ ഓര്‍മയുണ്ടായിയെന്നു വരില്ല. ആവശ്യത്തിനായി ചിലപ്പോള്‍ തെരഞ്ഞ് വിഷമിക്കും. ഒരിക്കല്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ അത്യാവശ്യമായി കാണണമെന്ന് പറഞ്ഞു. അദ്ദേഹം മാവോയുടെ ഒരു ഉദ്ധരണിക്കായുള്ള തെരച്ചിലില്‍ സഹായിക്കുന്നതിനായാണ് വിളിച്ചത്. ഇന്റര്‍നെറ്റിലെ സെര്‍ച്ച് എന്‍ജിനുകള്‍ അതു സൗകര്യപ്രദമാക്കി. ഇ എം എസ് നാനാ വിഷയങ്ങളില്‍ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. എന്നാല്‍, ചില ഉദ്ധരണികള്‍ തേടി നമ്മള്‍ വിഷമിച്ചുപോയെന്നുവരും. അതും ആര്‍ക്കവൈസുകളില്‍ ലഭ്യമാക്കേണ്ടതുണ്ട്. അച്ചടിച്ച പുസ്തകങ്ങള്‍ വായിക്കുന്നതിന്റെ സുഖം ഇ റീഡര്‍ പലപ്പോഴും തന്നെന്നുവരില്ല. പാര്‍ലമെന്റില്‍ മനോഹരമായ ലൈബ്രറിയുണ്ട്. ഏതു പുസ്തകവും അവിടെ ലഭിക്കും. റഫര്‍ ചെയ്യുന്ന പുസ്തകം വായിക്കുന്ന സ്ഥലത്തു വച്ചിട്ട് ലൈബ്രേറിയനോട് പറഞ്ഞാല്‍ മതി, അവിടെ തന്നെ സൂക്ഷിച്ചോളും. ആവശ്യപ്പെട്ട പുസ്തകമില്ലെങ്കില്‍ എഴുതി ക്കൊടുത്താല്‍ വാങ്ങിച്ചുവച്ചുകൊള്ളും. എന്നാല്‍, ലൈബ്രറി മിക്കവാറും ശൂന്യമായിരിക്കും. ഉപയോഗിക്കുന്ന അംഗങ്ങളുടെ എണ്ണം കുറവാണ്. പുറത്തുള്ളവര്‍ക്കും പാസ് എടുത്താല്‍ ലൈബ്രറിയില്‍ വന്ന് റഫര്‍ ചെയ്യാന്‍ കഴിയും. ലോകത്തുള്ള മിക്കവാറും ആനുകാലികങ്ങളും ഇവിടെ ലഭിക്കും.

പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം പി ജിയെ കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹം അധികവും സംസാരിച്ചത് പാര്‍ലമെന്ററി ലൈബ്രറിയെ കുറിച്ചാണ്. പുസ്തകങ്ങള്‍ വാങ്ങുമ്പോള്‍ ചിലപ്പോള്‍ നമ്മള്‍ പറ്റിക്കപ്പെട്ടെന്നുവരാം. പുസ്തകത്തിന്റെ പേരും അതിന്റെ ഉള്ളടക്കച്ചുരുക്കവും കണ്ട് ആവേശത്തോടെ വാങ്ങുന്ന ചില പുസ്തകങ്ങള്‍ പറ്റിച്ചുകളയും. പണം വെറുതെ കളഞ്ഞല്ലോ എന്നു തോന്നിപ്പോകും. പുസ്തകശാലയിലുള്ള ചിലര്‍ പുസ്തകങ്ങള്‍ നന്നായി വായിക്കുന്നവരാണ്. തിരുവനന്തപുരത്തെ മോഡേണില്‍ സുധീറും ചിത്തനും പറ്റിയ പുസ്തകങ്ങള്‍ തെരഞ്ഞെടുക്കുന്നതിനായി സഹായിക്കുന്നവരാണ്. സുധീര്‍ ഇപ്പോള്‍ എറണാകുളത്ത് പ്രിസം ബുക്സിലാണ്. കുറേ നാളുകള്‍ക്ക് മുമ്പ് മാര്‍ക്സ് എന്ന വ്യക്തിയുടേയും അദ്ദേഹത്തിന്റെ ധൈഷണിക ജീവിതത്തിന്റേയും ചിത്രീകരണമായ പ്രണയവും മൂലധനവും എന്ന പുസ്തകം സുധീറാണ് എന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. തുറന്നാല്‍ അടച്ചുവയ്പ്പിക്കാന്‍ സമ്മതിപ്പിക്കാത്തവിധം വായിപ്പിക്കുന്ന പുസ്തകം. എത്ര ആഴത്തിലുള്ള ഗവേഷണമാണ് മേരി ഗബ്രിയേല്‍ നടത്തിയിട്ടുള്ളത്. പ്രത്യേകം വിലയിരുത്തി എഴുതേണ്ട ഗ്രന്ഥമാണിത്.

ഇന്നത്തെ നയങ്ങളുടെ ശക്തനായ വിമര്‍ശകനായ ജോസഫ് ഇ സ്റ്റിഗ്ലിറ്റ്സ് എഴുതിയ അസമത്വത്തിന്റെ വിലയെന്ന പുസ്തകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. സ്റ്റിഗ്ലിറ്റ്സും അമര്‍ത്യാസെന്നും മറ്റും ഉള്‍ക്കൊള്ളുന്ന ഒരു കമീഷനെ ഫ്രാന്‍സിന്റെ പ്രസിഡന്റായിരുന്ന നിക്കോളസ് സര്‍ക്കോസ്കി നിയോഗിക്കുകയുണ്ടായി. എന്തുകൊണ്ട് ജിഡിപി സമ്പദ്ഘടനയുടെ ആരോഗ്യം അളക്കുന്നതിനുള്ള സൂചകമല്ലെന്ന് ഇവര്‍ ആധികാരികമായി ഈ കമീഷനില്‍ പ്രഖ്യാപിക്കുന്നുണ്ട്. അതും പുസ്തക രൂപത്തില്‍ പുറത്തുവന്നിട്ടുണ്ട്. മലയാളത്തിലും പുതിയ പുസ്തകങ്ങള്‍ നൂറുകണക്കിനാണ് ഇറങ്ങുന്നത്. പുസ്തകങ്ങളുടെ നിലവാരത്തിലും ഗുണപരമായ മാറ്റങ്ങള്‍ കാണാന്‍ കഴിയും. ചിന്ത ബുക്സിനെ തന്നെ ഉദാഹരണമായി എടുത്താല്‍ മതി. എത്ര വിപ്ലവകരമായ മാറ്റമാണ് പ്രസിദ്ധീകരണത്തില്‍ വരുത്തിയിട്ടുള്ളത്. കൂടുതല്‍ കൂടുതല്‍ വായിക്കുന്നതിനു പ്രേരിപ്പിക്കുന്ന പുസ്തകങ്ങള്‍ ഇനിയും ഇറങ്ങട്ടെ. വായന കൂടുതല്‍ ജീവനുള്ളതായി മാറട്ടെ. അത് മനുഷ്യന്റെ ചിന്തയെയും സംസ്കാരത്തെയും നിരന്തരം നവീകരിക്കട്ടെ.

*
പി രാജീവ് ദേശാഭിമാനി

No comments: