Monday, March 11, 2013

സാമാന്യതയുടെ സൗന്ദര്യവും രാഷ്ട്രീയവും

മലയാള സിനിമയിലെ അസാധാരണ സന്ദര്‍ഭങ്ങളിലൊന്നാണ് രാജീവ് രവി സംവിധാനംചെയ്ത അന്നയും റസൂലും എന്ന ചിത്രം. ആഖ്യാനസമ്പ്രദായത്തിലെ വ്യതിരിക്തതകൊണ്ട് അത് നമ്മുടെ മുഖ്യധാരാ കാഴ്ചശീലത്തെ വല്ലാതെ അലോസരപ്പെടുത്തുകയുണ്ടായി. അതേസമയം തന്നെ തീക്ഷ്ണമായ ജീവിതാനുഭവങ്ങളെ വൈകാരികതയുടെയും അതിഭാവുകത്വത്തിന്റേയും പിടിയില്‍ പെടാതെ പിന്തുടരുന്നതിലൂടെ പതിവില്ലാത്ത കാഴ്ചയുടെയും ആസ്വാദനത്തിന്റെയും വഴികളിലൂടെ അത് കുറേയേറെ പ്രേക്ഷകരെ നയിക്കുകയും ചെയ്തു. അങ്ങനെ ഒരേസമയം അങ്ങേയറ്റം പരസ്പരവിരുദ്ധമായ പ്രതികരണങ്ങള്‍ക്ക് വഴിവച്ചുകൊണ്ടാണ് അന്നയും റസൂലും മലയാളികളുടെ കാഴ്ചയിലൂടെ കടന്നുപോയത്.

സവിശേഷവും അനന്യവുമായ ഈ ദൃശ്യാവിഷ്കാരത്തെ നമ്മുടെ മാധ്യമങ്ങളിലേറിയ പങ്കും തിരിച്ചറിയുകയും ആഹ്ലാദപൂര്‍വം അഭിസംബോധന ചെയ്യുകയും ചെയ്തു എന്നത് സന്തോഷകരമാണ്. ജനുവരിയില്‍ പുറത്തുവന്ന ലക്കങ്ങളിലായി മിക്കവാറും എല്ലാ വാരികകളും മാസികകളും അന്നയും റസൂലും കാഴ്ചവച്ച പുതിയ അനുഭവലോകങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു. മലയാള ചലച്ചിത്രവേദിയിലെ നിര്‍ണായകമായ ഒരു വഴിമാറ്റം തിരിച്ചറിയപ്പെടാതെ പോയില്ല എന്നത് നമ്മെ ആഹ്ലാദിപ്പിക്കേണ്ട കാര്യമാണ്.

വ്യവസ്ഥയ്ക്കുള്ളില്‍ നിന്നുകൊണ്ടും അതിന് പുറത്തുകടന്നുകൊണ്ടും സിനിമ എന്ന വ്യവസ്ഥയെ തിരുത്താന്‍ ശ്രമിച്ചവരെക്കുറിച്ച് രാജീവ് രവി ഒരു സംഭാഷണത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഉള്ളില്‍നിന്ന് സിനിമയെ തിരുത്താന്‍ കെ ജി ജോര്‍ജ് ശ്രമിച്ചപ്പോള്‍ പുറത്തുകടന്ന് അതിനെ അട്ടിമറിക്കാനാണ് ജോണ്‍ എബ്രഹാം തുനിഞ്ഞതെന്നും ജോര്‍ജിന്റെ അനുഭവങ്ങള്‍ ആദ്യമാര്‍ഗം വിജയിച്ചില്ല എന്നതിന്റെ തെളിവാണെന്നും അദ്ദേഹം അവിടെ സൂചിപ്പിക്കുന്നു. നിശ്ചയമായും കെ ജി ജോര്‍ജിന്റേത് അസാധാരണമായ ഇടപെടലുകളായിരുന്നു. ന്യൂജനറേഷന്‍ സിനിമ എന്ന പേരില്‍ അടുത്തിടെ പുറത്തുവന്ന മുഖ്യധാരാ കമ്പോള ഭാവുകത്വത്തിന്റെ പുത്തന്‍ പതിപ്പുകളേക്കാള്‍ എത്രയോ അധികം വിധ്വംസകമൂല്യമുള്ള രചനകളാണ് പതിറ്റാണ്ടുകള്‍ക്ക്മുന്‍പ് ഇരകളിലൂടെയും ആദാമിന്റെ വാരിയെല്ലിലൂടെയും മറ്റും കെ ജി ജോര്‍ജ് പുറത്തുകൊണ്ടുവന്നത്. രാജീവ് രവി സൂചിപ്പിക്കുന്നതുപോലെ ആ ചിത്രങ്ങളുടെ വിപ്ലവകരമായ ഉള്ളടക്കം തിരിച്ചറിയുന്നതില്‍ കേരളീയ സമുഹം വിജയിച്ചു എന്ന് പറഞ്ഞുകൂടാ. മുഖ്യധാരാ സിനിമയുടെ കാഴ്ചശീലങ്ങള്‍ക്കുള്ളില്‍ വച്ചുതന്നെയാണ് അവ മിക്കവാറും ആസ്വദിക്കപ്പെട്ടത്. രചനാപരമായി ആ ചിത്രങ്ങള്‍ പുലര്‍ത്തിയ വിധ്വംസക മാനങ്ങളെ ആസ്വാദനശീലങ്ങളിലെ യാഥാസ്ഥിതികത്വം ഏറെക്കുറെ കീഴടക്കി എന്നുതന്നെ പറയാം. അന്നയും റസൂലും എന്ന ചലച്ചിത്രത്തിന്റെ മൗലികത ഇങ്ങനെയൊരു കീഴടങ്ങലിന് അത് സന്നദ്ധമല്ല എന്നതുകൂടിയാണെന്ന് തോന്നുന്നു.

മുഖ്യധാരാ സിനിമയുടെ അതിവൈകാരികതയോടും ജീവിത സന്ദര്‍ഭങ്ങളുടെ അവതരണത്തില്‍ അതു പുലര്‍ത്തുന്ന സാമ്പ്രദായികതയോടും ഇണക്കം നേടിയവര്‍ക്ക് പിന്തുടരാനും ആസ്വദിക്കാനും കഴിയാത്ത ഒരു വിപരീത സൗന്ദര്യം ഈ ചിത്രത്തിലുണ്ട്. അതുകൊണ്ട് പതിവ് കാഴ്ചശീലങ്ങള്‍ക്ക് ഇതിനെ മെരുക്കിയെടുക്കാന്‍ ഏറെയൊന്നും കഴിയില്ല എന്നു തന്നെയല്ല ആസ്വാദനത്തിന്റെ പതിവ് ശീലങ്ങളെ ഈ ചിത്രം ഒട്ടൊക്കെ അലോസരപ്പെടുത്തുകയും ചെയ്യും. ഒരര്‍ഥത്തില്‍ ഈ അലോസരവും വലിയ വിജയങ്ങളിലൊന്നാണ്. വ്യവസ്ഥയിലേക്ക് സംഗ്രഹിക്കപ്പെടാനും സ്വാംശീകരിക്കപ്പെടാനും സന്നദ്ധമല്ലാത്ത ഒരു ആന്തരികജീവിതത്തിന്റെ ബലിഷ്ഠതയെയാണ് അത് അടയാളപ്പെടുത്തുന്നത്. പ്രണയവും ജീവിതവും മരണവും ഒക്കെയായി അതിസാധാരണമാണ് ഈ ചിത്രത്തിന്റെ പ്രമേയലോകം. വ്യത്യസ്ത മതക്കാരായ രണ്ടുപേര്‍ തമ്മിലുള്ള പ്രണയവും ജീവിത ദുരിതങ്ങളുടെ നടുക്കടലില്‍നിന്ന് കരകയറാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങളും അന്തിമമായി അവരിരുവരും ചെന്നടിയുന്ന ദുരന്തത്തിന്റെ ആഴങ്ങളും മലയാള സിനിമയ്ക്കും മലയാള ഭാവനയ്ക്കും ഒട്ടും അപരിചിതമില്ല. ജീവിത ദുരിതങ്ങളോട് പൊരുതിക്കയറുന്ന മനുഷ്യേച്ഛയുടെ ഉയര്‍ന്ന ശിരസ്സുകളെയെന്ന പോലെ, ജീവിത യാതനകളിലും ലോകനീതിയിലും തലതല്ലിത്തകര്‍ന്നുപോയ എണ്ണമറ്റ മനുഷ്യരെയും നവോത്ഥാന ഭാവനയുടെ തുടക്കം മുതല്‍ക്കേ മലയാളം പരിചയപ്പെട്ടു പോന്നിട്ടുണ്ട്. പ്രമേയപരമായി അന്നയും റസൂലും അതിനപ്പുറത്തേക്ക് പോവുന്നില്ല. അതിസാധാരണതയില്‍നിന്നും അസാധാരണതയിലേക്ക് കടന്നുനില്‍ക്കുന്ന അഥവാ അങ്ങനെ കടന്നു നില്‍ക്കുന്നവെന്ന പ്രതീതി സൃഷ്ടിക്കുന്ന, ആഖ്യാനക്രമത്തെ മറികടന്നതാണ് അന്നയും റസൂലും എന്ന ചലച്ചിത്രത്തിന്റെ മൗലികതയെന്ന് തോന്നുന്നു.

സാധാരണതകളിലും നിത്യനൈമിത്തികങ്ങളിലും തന്നെയാണത് ഉറച്ചുനില്‍ക്കുന്നത്. അതിവര്‍ത്തനപരമായ മൂല്യങ്ങളിലല്ല അതിന്റെ സൗന്ദര്യം. നിത്യ ജീവിതത്തിന്റെയും യാഥാര്‍ഥ്യത്തിന്റെയും നേര്‍ലോകങ്ങളിലൂടെ സഞ്ചരിച്ച് അതിന്റെ ഉദ്വേഗങ്ങളും യാതനകളും രേഖപ്പെടുത്തി, അതിവര്‍ത്തനപരമാകാനും അതുവഴി സൗന്ദര്യാത്മകമാകാനുമുള്ള ഏറ്റവും ചെറിയ പ്രലോഭനങ്ങളെപ്പോലും മറികടന്നുകൊണ്ടാണ് "അന്നയും റസൂലും" ന്റെ ആഖ്യാനം നിര്‍വഹിക്കപ്പെട്ടിരിക്കുന്നത്. അന്നയ്ക്ക് പിന്നാലെയുള്ള റസൂലിന്റെ നീണ്ട യാത്രകളുടെ, പലരെയും ബോറടിപ്പിക്കുംവിധം ദൈര്‍ഘ്യമേറിയ രംഗങ്ങളുടെ സാംഗത്യവുമതാണ്. അതീതമൂല്യം കൊണ്ടല്ല, വൈകാരികമോ സൗന്ദര്യാത്മകമോ ആയ ഒരുതരം അധികഭാരവും കൊണ്ടല്ല ആ പ്രണയം തീവ്രമാകുന്നത്. സാമാന്യതയുടെ സൗന്ദര്യത്തിലേക്ക് മലയാള സിനിമ ഇങ്ങനെ നോക്കാന്‍ ശ്രമിച്ചിട്ടില്ല എന്നുതന്നെ പറയണം. സാമാന്യ ജീവിതം സിനിമയില്‍ വന്നില്ല എന്നല്ല, മറിച്ച് സാമാന്യതയുടെ സൗന്ദര്യത്തെ ഇതുപോലെ അഭിസംബോധന ചെയ്തില്ല എന്നാണ് പറഞ്ഞുവന്നതിന്റെ താല്‍പര്യം. അര്‍ഥഭാരങ്ങളില്ലാത്ത, അതിവൈകാരികതയില്ലാത്ത സാമാന്യതയും അതിന്റെ അനുഭൂതികളുമാണ് ഇവിടത്തെ വാഗ്ദാനം. ഓരോ ഷോട്ടിലും ദാര്‍ശനികഭാരം കോരിനിറച്ച "കലാ"സിനിമയ്ക്കും ഓരോ ഷോട്ടിലും വികാരപാരവശ്യങ്ങള്‍ അലയടിക്കുന്ന കമ്പോള സിനിമയ്ക്കും നടുവിലൂടെയുള്ള ഈ സഞ്ചാരം വളരെ എളുപ്പം താളം തെറ്റാവുന്ന ഒന്നാണ്. രാജീവ് രവി, പക്ഷേ, ആ വഴിയത്രയും സമര്‍ഥമായി നടന്നുതീര്‍ത്തിരിക്കുന്നു. സിനിമയുടെ രാഷ്ട്രീയം അതിന്റെ പ്രമേയലോകം മാത്രമല്ല പരിചരണ രീതി കൂടിയാണെന്ന് നാം പലപ്പോഴും പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും ഏറെയൊന്നും അത് അവതരിപ്പിച്ചു കണ്ടിട്ടില്ല.

പ്രമേയത്തിലും പരിചരണത്തിലും രാഷ്ട്രീയത്തെ ആഴത്തില്‍ ഉള്‍ക്കൊള്ളുന്ന സിനിമയാണ് അന്നയും റസൂലും. പൊട്ടിത്തെറിക്കുന്ന പ്രസ്താവനകളോ പ്രകടമായ സൂചനകളോ ആയി രാഷ്ട്രീയം ഈ ചിത്രത്തില്‍ ഇടം പിടിച്ചിട്ടില്ല. മറിച്ച് നിത്യജീവിതത്തിന്റെ അനുഭവസ്ഥാനങ്ങളില്‍ അത് സ്വാഭാവികമായി നിലകൊള്ളുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഉണ്‍മയുടെ പാര്‍പ്പിടം ഭാഷയാണെന്ന് ഹൈദഗര്‍ പറയുന്നതുപോലെ, നമ്മുടെ നിലനില്‍പ്പിന്റെയും അതിജീവനത്തിന്റെയും ആകരമായാണ് രാഷ്ട്രീയം നിലകൊള്ളുന്നതെന്ന് വ്യക്തമാക്കുന്നിടത്താണ് ഈ സിനിമ വ്യത്യസ്തമാകുന്നത്. രാഷ്ട്രീയം സാമാന്യ മനുഷ്യജീവിതത്തിനു പുറത്തുനില്‍ക്കുന്ന മറ്റേതെങ്കിലുമൊരു പ്രമേയമോ അനുഭവലോകമോ അല്ലെന്നും പ്രണയവും വിരഹവും മരണവും മറ്റുമായി നമ്മില്‍ തുടരുന്നതു തന്നെയാണ് അതെന്നും മലയാളികളായ പ്രേക്ഷകരെ ഓര്‍മപ്പെടുത്താന്‍ ഈ ചിത്രം ശ്രമിക്കുന്നുണ്ട്; അതിന്റെ ഫലമെന്ത് എന്ന കാര്യം ഭാവിയില്‍ തീരുമാനിക്കപ്പെടേണ്ടിയിരിക്കുന്നു എങ്കിലും. ഇത്രതന്നെ പ്രാധാന്യമുള്ള ഒരു കാര്യം ഈ ചിത്രത്തിന്റെ ആഖ്യാനരീതിയെ സംബന്ധിക്കുന്നതാണ്. മുകളില്‍ സൂചിപ്പിച്ചതുപോലെ സാമാന്യതയുടെ സൗന്ദര്യവും രാഷ്ട്രീയവും സന്നിവേശിക്കപ്പെട്ട ആഖ്യാനശ്രമമാണ് രാജീവ് ഇതിലുടനീളം പിന്തുടരുന്നത്. മന്ദചലനങ്ങളോ മന്ദതാളമോ ദീക്ഷിക്കാതെ തന്നെ, അതിഭാവുകത്വത്തെയും നാടകീയതയെയും അകറ്റിനിര്‍ത്തുന്ന ഇതിലെ അവതരണരീതിക്കും നമ്മുടെ കാഴ്ചയുടെയും കഥപറച്ചിലിന്റെയും ചരിത്രത്തില്‍ ഇടമുണ്ടാവുമെന്നാണ് ഞാന്‍ കരുതുന്നത്. ഇത്രമേല്‍ സാമാന്യമായതിനാല്‍ ഈ ചിത്രത്തിന്റെ ആകമാനമുള്ള അസാധാരണത്വം പതിയെപ്പതിയെ മാത്രമേ തെളിഞ്ഞുവരൂ എന്നും വന്നേക്കാം.

മട്ടാഞ്ചേരിയുടെയും കൊച്ചിയുടെയും ജീവിതമുദ്രകള്‍ക്കും പച്ചമണ്ണില്‍ വേരോടിപ്പടര്‍ന്ന മെഹ്ബൂബിന്റെ പാട്ടിനുമെല്ലാം അപ്പുറത്തേക്ക് രാജീവിന്റെ സിനിമയില്‍നിന്ന് പല വഴികളും തുറന്നുകിടക്കുന്നുണ്ട്. കാലം ആ വഴികളെയൊക്കെ കൂടുതല്‍ തെളിയിച്ചെടുക്കും എന്നേ ഇപ്പോള്‍ പ്രതീക്ഷിക്കാനാവൂ.

കേരളത്തിനായുള്ള ഒരു പെണ്‍കുട്ടിയുടെ പോരാട്ടം


സൂര്യനെല്ലിയിലെ പെണ്‍കുട്ടി നീണ്ട പതിനേഴ് വര്‍ഷങ്ങള്‍ സഹിച്ച യാതനകളെക്കുറിച്ച് പി എസ് റംഷാദ് എഴുതിയ ലേഖനം മലയാളം വാരിക (ജനുവരി 18, 2013) പ്രസിദ്ധീകരിച്ചിരുന്നു. കേസിന്റെ പുനര്‍വിചാരണയുടെ വിധിവരുംമുമ്പേ എഴുതിയതാണത്. ഡല്‍ഹി സംഭവത്തിന്റെ അലയൊലികളില്‍ രാജ്യമാകെ സ്ത്രീപീഡനങ്ങള്‍ക്കെതിരെ ഉണര്‍ന്നെണീറ്റപ്പോഴും നമ്മുടെ തൊട്ടടുത്ത് എത്രയോ ഹീനവും ക്രൂരവുമായ പീഡനത്തിന്റെ ഒരു വലിയ ലോകം പൊടിമൂടിക്കിടക്കുന്നതിന്റെ വേദനകള്‍ പങ്കുവയ്ക്കാനാണ് ആ ലേഖനം ശ്രമിച്ചത്. ഇപ്പോള്‍ അന്തരീക്ഷമാകെ മാറി.

സുപ്രീംകോടതി ബെഞ്ച് പഴയ ഹൈക്കോടതി വിധിയില്‍ ഞെട്ടല്‍ രേഖപ്പെടുത്തി അത് റദ്ദാക്കി. പുനര്‍വിചാരണയ്ക്ക് ഉത്തരവായി. പി ജെ കുര്യന്‍ രാജിവയ്ക്കണമെന്നും വിചാരണയ്ക്ക് വിധേയനാകണമെന്നുമുള്ള ആവശ്യം ശക്തമായി ഉന്നയിക്കപ്പെട്ടു. പൊതുസമൂഹത്തിന്റെ വലിയ പിന്തുണ പെണ്‍കുട്ടിക്കും കുടുംബത്തിനും ഇപ്പോള്‍ ലഭിക്കുന്നുണ്ട്. നീതിക്കായുള്ള നിസ്സഹായയായ ആ പെണ്‍കുട്ടിയുടെ പോരാട്ടം ഫലമുളവാക്കാതെ പോവില്ലെന്ന് കേരളീയസമൂഹം വലിയ തോതില്‍ ഇപ്പോള്‍ പ്രതീക്ഷിക്കുന്നുണ്ട്. എങ്കിലും ഇതിനിടയിലും പ്രബലമായ അപസ്വരങ്ങള്‍ ഉയര്‍ന്നുവന്നു. ജസ്റ്റിസ് ബസന്ത് മുതല്‍ കെ സുധാകരന്‍ വരെ മര്യാദയുടെയും നീതിബോധത്തിന്റെയും തരിമ്പുപോലും ബാക്കിയില്ലാത്ത ഭാഷയില്‍ ആ പെണ്‍കുട്ടിയെ അപഹസിച്ചു. സ്ത്രീസുരക്ഷയെ മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെ കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ നേതാവായ സുധാകരന്‍ തികഞ്ഞ ധാര്‍ഷ്ട്യത്തോടെ പരിഹസിച്ചിട്ടും മുഖ്യമന്ത്രി അഭിപ്രായമൊന്നും പറഞ്ഞില്ല!

നമ്മുടെ മാധ്യമങ്ങളില്‍ ചിലതും പുതിയ വെളിപ്പെടുത്തലുകളിലൂടെ തെളിഞ്ഞുവരുന്ന സത്യത്തോട് മുഖംതിരിഞ്ഞുതന്നെ നിന്നു!! വാസ്തവത്തില്‍ ജസ്റ്റിസ് ബസന്തിന്റെ പ്രസ്താവനയില്‍ കേരളീയ സമുഹത്തില്‍ പ്രബലമായിത്തുടരുന്ന ആണ്‍കോയ്മയുടെ വീക്ഷണം തന്നെയാണ് ഉള്ളടങ്ങിയിരിക്കുന്നത്. നീതിവിചാരത്തിന്റെയും തെളിവുകളുടെയും മറപറ്റി നില്‍ക്കുന്ന ഭാഷയില്‍ അത് പുറത്തുവന്നു എന്നേയുള്ളൂ. ഉള്ളില്‍ അങ്ങേയറ്റം ഹീനമായ സ്ത്രീവിരുദ്ധതയുടെയും അക്രമോത്സുകമായ പുരുഷാധികാരത്തിന്റെയും വാങ്മയം തന്നെയാണത്. പെണ്‍കുട്ടികളും സ്ത്രീകളും അപമാനിക്കപ്പെടുന്നത് അവരുടെ തന്നെ പ്രവൃത്തികളുടെ ഫലമാണെന്ന, എത്രയോക്കെ വിമര്‍ശിക്കപ്പെട്ടാലും ഇപ്പോഴും ആവര്‍ത്തിക്കപ്പെട്ടു കൊണ്ടിരിക്കുന്ന, പ്രാകൃതമായ പുരുഷാധികാരത്തിന്റെ മ്ലേച്ഛസ്വരമാണ് ജസ്റ്റിസ് ബസന്തിന്റെ വാക്കുകളിലൂടെ പുറത്തുവന്നത്. ഈ പ്രസ്താവന കഴിഞ്ഞ് എത്രയോ ദിവസങ്ങള്‍ക്കുശേഷം നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ പഴയ കെപിസിസി പ്രസിഡന്റ് കൂടിയായ നിയമസഭാംഗം പെണ്ണുങ്ങളുടെ നടപ്പിനേയും പെരുമാറ്റത്തെയും മുന്‍നിര്‍ത്തി വിലപിക്കുന്നുണ്ടായിരുന്നു. ഏറിയും കുറഞ്ഞും നമ്മുടെ പൊതുസമൂഹത്തില്‍ പ്രബലമായിത്തുടരുന്ന ഈ മനോഭാവം തന്നെയാണ് സ്ത്രീപീഡനങ്ങളുടെ പ്രാഥമിക പ്രേരണ എന്ന് ഇത്തരം ന്യായാധിപന്മാരോടും നിയമനിര്‍മാതാക്കളോടും ആരെങ്കിലും പറഞ്ഞുകൊടുക്കണം. രാത്രിയില്‍ ഏതെങ്കിലുമൊരു വഴിയോരക്കടയില്‍നിന്ന് ഭക്ഷണം കഴിക്കുന്ന ഒരു പെണ്‍കുട്ടിയെ കണ്ടാല്‍ കടന്നുപിടിക്കണമെന്നോ, അതിന് കഴിഞ്ഞില്ലെങ്കില്‍ അവളെ അസഭ്യം പറകയെങ്കിലും ചെയ്യണമെന്നോ കരുതുന്ന തെമ്മാടികള്‍ മേല്‍പറഞ്ഞവരുടെ യുക്തിവിചാരത്തിന് പ്രായോഗികരൂപം നല്‍കുന്നവര്‍ മാത്രമാണ്. പെണ്ണിന്റെ വേഷവും അവള്‍ പ്രത്യക്ഷപ്പെടേണ്ട ഇടവും സമയവും സന്ദര്‍ഭവുമെല്ലാം തങ്ങള്‍ തീരുമാനിക്കേണ്ടതാണെന്ന് കരുതുന്നവരില്‍നിന്നും വഴിയോരങ്ങളില്‍ ഒറ്റയ്ക്ക് കിട്ടുന്ന പെണ്‍കുട്ടികളെ കയറിപ്പിടിക്കുന്ന തെമ്മാടികളിലേക്ക് ദൂരം ഒട്ടുമില്ല എന്നതാണ് യാഥാര്‍ഥ്യം. ആദ്യത്തെ കൂട്ടര്‍ ഇപ്പോഴും അരങ്ങിലെത്തുന്നത് സദാചാരവാദികളും ധര്‍മസംരക്ഷകരുമായാണ് എന്ന് മാത്രം! ജസ്റ്റിസ് ബസന്ത് മുതല്‍ കെ സുധാകരന്‍ വരെയുള്ളവരുടെ വാക്കുകളിലൂടെ പുറത്തുവന്ന സ്ത്രീവിരുദ്ധത സൂക്ഷ്മരൂപത്തില്‍ കേരളീയ മധ്യവര്‍ഗ ധാരണകളില്‍ ആഴത്തില്‍ വേരോടിക്കിടക്കുന്നുണ്ട്. പുറമേക്ക് തെളിയാതെ, ചാരം മൂടിയ കനല്‍പോലെ അത് അവശേഷിക്കുന്നു. ഇനിയുമെത്രയോ കാലത്തെ പരിശ്രമങ്ങളും പോരാട്ടങ്ങളും കൊണ്ടേ നമുക്കതിനെ മറികടക്കാനാവൂ. സൂര്യനെല്ലിയിലെ പെണ്‍കുട്ടിയുടെ പോരാട്ടം ഈ നാടിനുവേണ്ടിയുള്ള സമരമാവുന്നത് അതുകൊണ്ടാണ്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മാര്‍ക്സിസം

പുതിയ നൂറ്റാണ്ടില്‍ മാര്‍ക്സിസത്തിന്റെ തുടര്‍ജീവിതം ഏത് നിലയിലായിരിക്കും എന്ന ആലോചനകള്‍ ഇരുപത്തിയൊന്നാം ശതകം പിറവിയെടുത്തപ്പോള്‍ തന്നെ ആരംഭിച്ചിരുന്നു. മാര്‍ക്സിസത്തിന്റെ ചരിത്രകാരന്‍കൂടിയായ എറിക് ഹോബ്സ്ബോം തന്റെ അവസാന ഗ്രന്ഥമായ ലോകത്തെ മാറ്റിത്തീര്‍ക്കേണ്ടതെങ്ങനെ?

സ്റ്റാലിനിസ്റ്റ് പാരമ്പര്യത്തിലുള്ള ഭരണകൂടങ്ങളില്‍നിന്ന് വിടുതി നേടാനായി എന്നതാണ് മാര്‍ക്സിസത്തിന്റെ സമകാലിക പ്രസക്തിക്കുള്ള പ്രധാനപ്പെട്ട കാരണമായി എറിക് ഹോബ്സ്ബോം പറയുന്നത്. മാര്‍ക്സിസത്തിന് അതിന്റെ സൂക്ഷ്മമായ ഉള്ളടക്കത്തിലേക്ക് മടങ്ങിച്ചെല്ലാനുള്ള പ്രേരണയായി സോവിയറ്റ് പതനം ഉള്‍പ്പെടെയുള്ള കാര്യങ്ങളെ പരിഗണിക്കണമെന്ന് അദ്ദേഹം പറയുന്നു. അതോടൊപ്പം നാലഞ്ച് വര്‍ഷംമുമ്പ് ആരംഭിച്ചതും ഇപ്പോഴും തുടരുന്നതുമായ ആഗോള സാമ്പത്തിക പ്രതിസന്ധി മാര്‍ക്സിസത്തെ വീണ്ടും ശരിവയ്ക്കുന്നതായും ഹോബ്സ്ബോം അഭിപ്രായപ്പെടുന്നു. എന്തായാലും കഴിഞ്ഞ നൂറ്റാണ്ടിലെ പ്രേരണകള്‍ക്കും പ്രഭാവങ്ങള്‍ക്കുമുള്ളില്‍ തന്നെ മാര്‍ക്സിസത്തിന് തുടരാനാവില്ല എന്ന കാര്യം ഹോബ്സ്ബോം ഉറപ്പിച്ചു പറയുന്നു.

റൊണാള്‍ഡോ മങ്ഖ്  പ്രസിദ്ധീകരിച്ച "മാര്‍ക്സ് 2000-ല്‍: പില്‍ക്കാല മാര്‍ക്സിസ്റ്റ് പരിപ്രേക്ഷ്യങ്ങള്‍" എന്ന ഗ്രന്ഥം മാര്‍ക്സിസത്തിന്റെ ചരിത്രത്തെയും തുടര്‍ജീവിതത്തെയും വിവിധ പ്രമേയങ്ങളെ മുന്‍നിര്‍ത്തി പരിശോധിക്കാന്‍ ശ്രമിക്കുന്ന ഒന്നാണ്. മുഖ്യധാരാ മാര്‍ക്സിസം കേന്ദ്രപ്രമേയങ്ങളായി ഉറപ്പിച്ചെടുത്ത ആശയങ്ങള്‍ക്ക് പുറത്ത്, മാര്‍ക്സിസത്തിന്റെ പരിഗണനാവിഷയങ്ങളായി നിലകൊണ്ട പ്രമേയങ്ങളിലേക്കാണ് റൊണാള്‍ഡ് മങ്ഖ് മുഖ്യമായും ശ്രദ്ധ ചെലുത്തുന്നത്. അങ്ങനെ പരിസ്ഥിതി, വികസനം, സ്ത്രീവിമോചനം, സംസ്കാരം, ദേശരാഷ്ട്രം, ഉത്തരാധുനികത തുടങ്ങിയ ആശയ-പ്രയോഗ മേഖലകളില്‍ മാര്‍ക്സിസത്തിനുള്ള സാംഗത്യവും അതിന്റെ സംഭാവനകളും വിലയിരുത്താനുള്ള ശ്രമമാണ് ഈ ഗ്രന്ഥത്തിലുള്ളത്. സോവിയറ്റ് പാരമ്പര്യം വികസനവാദപരമായും ശാസ്ത്രവാദപരമായും ലക്ഷ്യവാദപരമായും ചുരുക്കിയെഴുതിയപ്പോള്‍ തമസ്കരിക്കപ്പെട്ട ആശയലോകങ്ങളെയും ഉള്‍ക്കാഴ്ചകളേയും വീണ്ടെടുക്കാനുള്ള ചില പ്രാഥമിക ശ്രമങ്ങളും ഈ കൃതിയിലുണ്ട്.

ഒരര്‍ഥത്തില്‍ സോവിയറ്റ് പാരമ്പര്യത്തിലുള്ള മാര്‍ക്സിസ്റ്റ് ചിന്തയുടെ അടിസ്ഥാനപരമായ പരിമിതി അത് മാര്‍ക്സിസത്തെ ആധുനികമായ ഒരു സൈദ്ധാന്തിക സാമഗ്രിയായും പ്രയോഗരീതിയായും ചുരുക്കിയെഴുതി എന്നതാണ്. മുതലാളിത്ത ഉല്‍പാദനത്തെ കേന്ദ്രത്തില്‍ പ്രതിഷ്ഠിക്കുന്ന അതിവിപുലമായ ഒരു ബന്ധവ്യവസ്ഥയായി ആധുനികതയെ മനസ്സിലാക്കാന്‍ അതിന് കഴിഞ്ഞില്ല. ഈ വിപുലമായ ബന്ധവ്യവസ്ഥയ്ക്കുള്ളില്‍ ഇതര ഘടകങ്ങളോട് കണ്ണിചേര്‍ന്ന നിലയിലാണ് മുതലാളിത്തം നിലകൊള്ളുന്നതെന്നോ അതുകൊണ്ട് ആധുനികത ശരിയായ അര്‍ഥത്തില്‍ മുതലാളിത്ത ആധുനികതയാണെന്നോ മനസ്സിലാക്കപ്പെടുകയുണ്ടായില്ല. സ്വതന്ത്രവ്യക്തി, ദേശരാഷ്ട്രം, ആധുനികശാസ്ത്രം, വൈയവസായികത എന്നിങ്ങനെ എത്രയോ ഘടകങ്ങള്‍ക്കൊപ്പമാണ് മുതലാളിത്തം പ്രവര്‍ത്തനക്ഷമത കൈവരിക്കുന്നത്. ഇവയില്‍ നിന്നെല്ലാം മുതലാളിത്തത്തെ മാത്രം അടര്‍ത്തിമാറ്റി അതിനെ ഒറ്റതിരിഞ്ഞ നിലയില്‍ വിമര്‍ശനവിധേയമാക്കുമ്പോള്‍, മാര്‍ക്സിസം അടിസ്ഥാന ലക്ഷ്യമായി അവതരിപ്പിച്ച സമഗ്രാവബോധമാണ് നഷ്ടപ്പെടുന്നത്.

സോവിയറ്റ് പരീക്ഷണം ഒരു വന്‍ പരാജയമായി കലാശിച്ചത് ഈ സമഗ്രാവബോധത്തിന്റെ അഭാവംകൊണ്ട് കൂടിയായിരുന്നു. സിഗ്മണ്ട് ബൗമന്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ ആധുനികമായ വികസനസങ്കല്‍പങ്ങളുടെ ഏറ്റവും വലിയ പരീക്ഷണശാലയായിരുന്നു സോവിയറ്റ് യൂണിയന്‍. അതിന്റെ പതനം മാര്‍ക്സിസത്തിന്റെ പതനമായി വിലയിരുത്തപ്പെടേണ്ട ഒന്നല്ല. മുഖ്യധാരാ ആധുനികതയുടെ പിടിമുറുക്കത്തിന് പുറത്തേക്ക് മാര്‍ക്സിസത്തെ ആനയിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമെന്ന നിലയില്‍ വേണം മങ്ഖിന്റെ പുസ്തകത്തെ നാം മനസ്സിലാക്കേണ്ടത്. മാര്‍ക്സിസ്റ്റ് ചിന്തയുടെ ഉള്ളടരുകളെ തേടിപ്പോവുകയും സന്ദിഗ്ധതകള്‍ വെളിപ്പെടുത്തുകയും വൈരുധ്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തുകൊണ്ട് ഈ കൃതി പുതിയ നൂറ്റാണ്ടിലെ ആശയലോകവുമായുള്ള സംവാദാത്മകബന്ധത്തിന് മാര്‍ക്സിസത്തെ സജ്ജമാക്കുന്നു. ഇത്തരം മുഖാമുഖങ്ങളിലൂടെ തന്നെയാണ് മാര്‍ക്സിസം അതിജീവിക്കുക എന്നതിലാണ് പരിമിതികള്‍ ഏറെയുള്ളപ്പോഴും ഈ ശ്രമം പ്രധാനമായിത്തീരുന്നത്.

*
സുനില്‍ പി ഇളയിടം ദേശാഭിമാനി വാരിക

No comments: