Monday, March 25, 2013

ആടിയുലയുന്ന സര്‍ക്കാര്‍

പാര്‍ലമെന്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ശ്രദ്ധേയമായ സംഭവവികാസങ്ങള്‍ക്കാണ് സാക്ഷ്യംവഹിച്ചത്. ഇതില്‍ പ്രധാനപ്പെട്ടതായിരുന്നു, നാവികരെ ഇന്ത്യയിലേക്ക് തിരിച്ചയക്കില്ലെന്ന ഇറ്റലിയുടെ പ്രസ്താവനയെത്തുടര്‍ന്നുണ്ടായ രംഗങ്ങള്‍. കേരളത്തില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട കേസിലാണ് ഇറ്റാലിയന്‍ നാവികര്‍ അറസ്റ്റിലായത്. ഇറ്റാലിയന്‍ അംബാസഡറുടെ ഉറപ്പിന്മേല്‍ ആദ്യം ക്രിസ്മസ് ആഘോഷത്തിന് നാട്ടില്‍ പോകാന്‍ കോടതി അവരെ അനുവദിച്ചു. രണ്ടാമത് ഇറ്റലിയിലെ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ പോകുന്നതിനും അനുവാദം നല്‍കി. അവര്‍ സ്വദേശത്തേക്ക് പോയശേഷമാണ് തിരിച്ചുവരില്ലെന്ന വാര്‍ത്ത വന്നത്. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കി.

കേരളത്തിലെ ഇടതുപക്ഷ എംപിമാര്‍ പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ ഇറ്റലിയുടെ സമീപനം സ്വീകാര്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ വിവരം വാര്‍ത്താമാധ്യമങ്ങള്‍ പുറത്തുവിട്ടപ്പോള്‍ രാജ്യമാകെ ചര്‍ച്ചാവിഷയമായി. വൈകിട്ട് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് ആ പരാമര്‍ശം നിഷേധിച്ചുള്ള കുറിപ്പുവന്നത് കൂടുതല്‍ ചര്‍ച്ചകള്‍ക്കിടയാക്കി. കേരളത്തിലെ ഇടതുപക്ഷ എംപിമാരും മറ്റുള്ളവരും പാര്‍ലമെന്റില്‍ ഈ വിഷയം ശക്തമായി ഉന്നയിച്ചു. അന്ന് സഭ നടന്നില്ല. രണ്ടാമത്തെ ദിവസവും ഈ പ്രശ്നത്തില്‍ പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടു. ആദ്യം മടിച്ചുനിന്നെങ്കിലും ഒടുവില്‍ രണ്ടുതവണ ലോക്സഭയില്‍ ഇതുസംബന്ധിച്ച് പ്രധാനമന്ത്രി വിശദീകരണം നല്‍കി. രാജ്യസഭയിലും ഇതേകാര്യം വിശദീകരിച്ചു. മത്സ്യത്തൊഴിലാളികളുടെ പ്രശ്നം ഏറ്റെടുക്കുന്നതിനും സര്‍ക്കാരിന്റെ നയം തുറന്നുകാട്ടുന്നതിനും ഇടതുപക്ഷ എംപിമാര്‍ക്ക് കഴിഞ്ഞു.

പിന്നീട് തുടര്‍ച്ചയായി പാര്‍ലമെന്റ് സ്തംഭിക്കുന്നതിന് ശ്രീലങ്കന്‍ വിഷയം കാരണമായി. ഡിഎംകെയും എഐഎഡിഎംകെയും പാര്‍ലമെന്റില്‍ ഈ വിഷയം ശക്തമായി ഉന്നയിച്ചു. ശ്രീലങ്കയെ വിമര്‍ശിച്ച് പാര്‍ലമെന്റില്‍ പ്രമേയം പാസാക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ഐക്യരാഷ്ട്രസഭയില്‍ അമേരിക്ക കൊണ്ടുവന്ന പ്രമേയത്തില്‍ ഭേദഗതി കൊണ്ടുവരണമെന്ന ആവശ്യം സഭയില്‍ ഉന്നയിച്ചു. സര്‍വകക്ഷിയോഗം ചേര്‍ന്നെങ്കിലും അതില്‍ തീരുമാനമായില്ല. ഇതിനിടെ ഡിഎംകെ മന്ത്രിമാര്‍ മാര്‍ച്ച് 20ന് രാജിവച്ചതോടെ പാര്‍ലമെന്റില്‍ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു. ഈ സന്ദര്‍ഭത്തിലാണ് ഡിഎംകെ നേതാവ് സ്റ്റാലിന്റെ വീട് സിബിഐ റെയ്ഡ് ചെയ്തത്. പാര്‍ലമെന്റില്‍ ഇത് അനിയന്ത്രിതമായ പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തി. തുടര്‍ച്ചയായ സഭാസ്തംഭനത്തിലേക്ക് കാര്യങ്ങള്‍ നീങ്ങി. റെയ്ഡില്‍ തങ്ങള്‍ക്ക് ഒരു ഉത്തരവാദിത്തവുമില്ലെന്ന് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പ്രസ്താവിച്ചെങ്കിലും ഇത് രാഷ്ട്രീയ പകപോക്കലാണെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു. ഈ വിഷയത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെട്ടു. ഡിഎംകെ പിന്തുണ പിന്‍വലിച്ച സാഹചര്യത്തില്‍ നടന്ന ഈ സംഭവത്തില്‍ ആ പാര്‍ടിയെ ഭിന്നിപ്പിക്കാനുള്ള തന്ത്രംകൂടിയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.

മുലായംസിങ് തീവ്രവാദികള്‍ക്ക് പിന്തുണ നല്‍കുന്ന നേതാവാണെന്ന് കേന്ദ്രമന്ത്രി ബേനിപ്രസാദ് പറഞ്ഞത് പാര്‍ലമെന്റിനെ മറ്റൊരു പ്രക്ഷോഭത്തിലേക്ക് നയിച്ചു. ഈ വിഷയം ഉന്നയിച്ച് സമാജ്വാദി പാര്‍ടി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. പ്രശ്നങ്ങളില്‍കുടുങ്ങിക്കിടന്ന കോണ്‍ഗ്രസിനും യുപിഎയ്ക്കും ഈ വിഷയം മറ്റൊരു തലവേദനകൂടി സമ്മാനിച്ചു. ഒടുവില്‍, മന്ത്രി മാപ്പുപറഞ്ഞ് പ്രശ്നം അവസാനിപ്പിക്കുകയാണുണ്ടായത്. കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് പറഞ്ഞ സമാജ്വാദി പാര്‍ടി പിന്നീട് നിലപാടില്‍ അയവുവരുത്തി. ബിഹാറിന് പ്രത്യേക പദവി നല്‍കണമെന്നാവശ്യപ്പെട്ട് ജെഡിയു അംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയതും സഭാസ്തംഭനത്തിനിടയാക്കി.

സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള ബില്‍ കൊണ്ടുവന്നതാണ് ഈ സമ്മേളനത്തിലെ മറ്റൊരു പ്രധാന സവിശേഷത. സഭ ഒന്നടങ്കം ശ്രദ്ധയോടെ ചര്‍ച്ചയില്‍ പങ്കെടുത്തു. ബില്ലിനെ അംഗീകരിക്കുന്ന സമയത്തും നടപ്പാക്കേണ്ട ഏജന്‍സി പൊലീസായതിനാല്‍ പലരും ആശങ്ക പ്രകടിപ്പിച്ചു. ഡല്‍ഹിയില്‍ കൂട്ട ബലാല്‍സംഗത്തിന് വിധേയയായ പെണ്‍കുട്ടിയെ സ്മരിച്ചാണ് ബില്ലിന്റെ ചര്‍ച്ച തുടങ്ങിയതും അവസാനിച്ചതും. ലോക്സഭയില്‍ നടന്ന റെയില്‍വേ ബജറ്റ് ചര്‍ച്ചയില്‍ രാമചന്ദ്ര ഡോമും എം ബി രാജേഷും രാജ്യസഭയില്‍ തപന്‍സെന്നും ബാലഗോപാലും സംസാരിച്ചു. പൊതുബജറ്റിന്റെ ചര്‍ച്ചയില്‍ ലോക്സഭയില്‍ ഈ ലേഖകനും രാജ്യസഭയില്‍ പി രാജീവും പങ്കെടുത്തു. ക്രിമിനല്‍ ഭേദഗതി നിയമ ചര്‍ച്ചയില്‍ ലോക്സഭയില്‍ എ സമ്പത്തും രാജ്യസഭയില്‍ ടി എന്‍ സീമയും പങ്കെടുത്തു. ഇറ്റാലിയന്‍ നാവികരുടെ പ്രശ്നത്തില്‍ ലോക്സഭയില്‍ ബസുദേവ് ആചാര്യ, ഈ ലേഖകന്‍, പി കെ ബിജു, എ സമ്പത്ത് എന്നിവരും രാജ്യസഭയില്‍ പി രാജീവ്, ബാലഗോപാല്‍, എം പി അച്യുതന്‍ എന്നിവരും പങ്കെടുത്തു. ഇറ്റാലിയന്‍ നാവികരുടെ പ്രശ്നത്തിലും ഹൈദരാബാദ് സ്ഫോടനം സംബന്ധിച്ചു നടന്ന ചര്‍ച്ചയിലും സീതാറാം യെച്ചൂരി സര്‍ക്കാരിനെ ശക്തമായി വിമര്‍ശിച്ചു. ഭക്ഷ്യസുരക്ഷാ ഭേദഗതി നിയമം ഉള്‍പ്പെടെയുള്ള നിരവധി നിയമങ്ങള്‍ ലിസ്റ്റില്‍ വന്നെങ്കിലും സഭയില്‍ ചര്‍ച്ചചെയ്യാനായില്ല. എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ള കീടനാശിനികള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഈ ലേഖകന്‍ അവതരിപ്പിച്ച സ്വകാര്യബില്ലും ബഹളം കാരണം ചര്‍ച്ചചെയ്യാന്‍ കഴിഞ്ഞില്ല. സമ്മേളനത്തിന്റെ അവസാന ഘട്ടത്തില്‍ ഡിഎംകെയും എഐഎഡിഎംകെയും ശ്രീലങ്കന്‍ വിഷയത്തില്‍ തുടര്‍ച്ചയായി ബഹളംവച്ചതിനെത്തുടര്‍ന്ന് സഭ ഏപ്രില്‍ 22ന് ചേരുന്നതിനായി പിരിഞ്ഞു. സഭ പിരിയുന്നതിനിടയില്‍ തമിഴ്നാട്ടിലെ അംഗങ്ങള്‍ രാജ്യസഭാധ്യക്ഷന്റെ വേദിയിലേക്ക് തള്ളിക്കയറി മൈക്ക് വലിച്ചെറിയുന്ന സംഭവവുമുണ്ടായി.

സഭ പ്രക്ഷുബ്ധമായി പിരിയുന്ന സന്ദര്‍ഭത്തിലാണ് വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പ്രത്യേക പ്രസ്താവന വായിച്ചത്. ബഹളത്തിനിടയില്‍ ഇതാര്‍ക്കും കേള്‍ക്കാന്‍ കഴിഞ്ഞില്ല. ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കില്ലെന്നും ഇന്ത്യയില്‍ വന്നാല്‍ അവരെ അറസ്റ്റുചെയ്യില്ലെന്നുമുള്ളതായിരുന്നു പ്രമേയത്തിന്റെ ഉള്ളടക്കമെന്ന് പിന്നീട് മനസിലായി. സുപ്രീം കോടതിയില്‍ വിചാരണയിലിരിക്കുന്ന ഒരു കൊലക്കേസ് സംബന്ധിച്ച് ഇത്തരം ഒരു പ്രസ്താവന പാര്‍ലമെന്റില്‍ സര്‍ക്കാര്‍ നടത്തുന്നത് അത്യപൂര്‍വമാണ്. വരുംനാളുകളില്‍ ഇതിന്റെ നിയമപരവും ഭരണഘടനാപരവുമായ വശങ്ങള്‍ ചര്‍ച്ചചെയ്യപ്പെടും.

പാര്‍ലമെന്റില്‍ കടുത്ത പ്രതിഷേധം അരങ്ങേറുമ്പോള്‍ പുറത്ത് ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്ത റാലി അക്ഷരാര്‍ഥത്തില്‍ ഡല്‍ഹിക്ക് പുത്തന്‍ അനുഭവവും ആവേശം പകരുന്നതുമായി. കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ ഇടതുപക്ഷ പാര്‍ടികളുടെ സമരനിര വളര്‍ത്തിയെടുക്കാനുള്ള പോരാട്ടത്തിന്റെ ശക്തമായ വേദിയായി റാലി മാറിയപ്പോള്‍ യുപിഎ സര്‍ക്കാര്‍ സങ്കീര്‍ണമായ പ്രശ്നങ്ങളുടെ നടുവില്‍ ആടിയുലയുന്നതാണ് കാണാനായത്.

*
പി കരുണാകരന്‍ ദേശാഭിമാനി 25 മാര്‍ച്ച് 2013

No comments: