Saturday, March 30, 2013

ബ്രിക്സ് ബാങ്കും ഇന്ത്യാ-ചൈനാ സഹകരണവും

അന്താരാഷ്ട്ര നാണയനിധിയും ലോകബാങ്കും അവയെ നിര്‍ണായക രാഷ്ട്രീയ സ്വാധീനത്തിലൂടെ നയിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വവും ഉയര്‍ത്തുന്ന "ബദലില്ല" എന്ന മുദ്രാവാക്യത്തിന് മറുപടിയാവാന്‍ പോരുന്ന സംരംഭമാണ് ബ്രിക്സ് രാഷ്ട്രങ്ങളുടെ ആഭിമുഖ്യത്തില്‍ സ്ഥാപിതമാവാന്‍ പോവുന്ന വികസന ബാങ്ക്.

ബ്രസീല്‍, റഷ്യ, ചൈന, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നിവ ഉള്‍പ്പെട്ട ബ്രിക്സ് മുന്‍കൈയെടുത്ത് ആരംഭിക്കുന്ന വികസനബാങ്കും വികസ്വരരാഷ്ട്രങ്ങളുടെ സാമ്പത്തിക പ്രതിസന്ധികളെ നേരിടാനെന്നനിലയില്‍ സ്വരൂപിക്കുന്ന നൂറുബില്യണ്‍ ഡോളറിന്റെ കണ്‍സോര്‍ഷ്യവും അഭിനന്ദനാര്‍ഹമായ സംരംഭമാവുന്നത് ഈ ലോകസാഹചര്യത്തിന്റെ പശ്ചാത്തലത്തിലാണ്.

ബദല്‍ സാമ്പത്തികക്രമം അന്താരാഷ്ട്രതലത്തില്‍ സ്ഥാപിച്ചെടുക്കാനുള്ള കൂട്ടായ നീക്കങ്ങള്‍ ലോകത്ത് അങ്ങിങ്ങായി ശക്തിപ്പെടുന്നതുമായി ബന്ധപ്പെട്ടുവേണം ഇതിനെ കാണാന്‍. ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ച സൗത്ത് ബാങ്കിന് സമാനമാവുന്നില്ലെങ്കിലും ഫലത്തില്‍ നാളെ ആ വഴിക്കുതന്നെ നീങ്ങാന്‍ വേണ്ട ആന്തരിക ശക്തിയുള്ള നീക്കം തന്നെയാണിത്. സോവിയറ്റുയൂണിയന്റെ തകര്‍ച്ചയോടെ അമേരിക്കന്‍ സാമ്രാജ്യത്വം ഉയര്‍ത്തിക്കൊണ്ടുവന്ന ഏകധ്രുവലോകമെന്ന മുദ്രാവാക്യത്തിന്റെ നിരര്‍ഥകതയ്ക്ക് അടിവരയിടുന്നതാണ് സൗത്ത് ബാങ്കും ബ്രിക്സ് വികസന ബാങ്കും എല്ലാം. ലോകം അമേരിക്കയുടെ ചൊല്‍പ്പടിക്കുതന്നെ നീങ്ങിക്കൊള്ളുമെന്ന സാമ്രാജ്യത്വപ്രത്യാശയെ വലിയൊരളവില്‍ ഇത് ക്ഷീണിപ്പിക്കും.

ബഹുധ്രുവലോകമാണിതെന്നും ഓരോ മേഖലയ്ക്കും അതിന്റേതായ പ്രശ്നങ്ങളുണ്ടെന്നും അവ അതാതിടങ്ങളില്‍തന്നെ പരിഹരിക്കാനുള്ള കൂട്ടായ്മകള്‍ ഉണ്ടാവണമെന്നുമുള്ള സന്ദേശമാണിത് നല്‍കുന്നത്. ഏതു മേഖലയിലുള്ള, ഏതുകാര്യത്തിനും ബ്രെറ്റന്‍വുഡ്സ് സ്ഥാപനങ്ങളെയും അമേരിക്കയെയും ഏതു രാഷ്ട്രവും ആശ്രയിച്ചുകൊള്ളണമെന്ന സാമ്പത്തികക്രമം പൊളിച്ചെഴുതുന്നതിന് സഹായകരമാവും, കൃത്യമായ രാഷ്ട്രീയ ഉള്ളടക്കത്തോടുകൂടിയതായാല്‍ ബ്രിക്സ് സംരംഭം. അത് അങ്ങനെതന്നെയാവുമെന്ന് ഉറപ്പുവരുത്താന്‍ അംഗരാഷ്ട്രങ്ങളുടെ ഭാഗത്തുനിന്നുള്ള നിതാന്തജാഗ്രതയുണ്ടാവേണ്ടതുണ്ട്. പുതിയ ബാങ്കിന്റെ ആസ്ഥാനം, മൂലധനം തുടങ്ങിയ കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ടാവാതെ നോക്കാനും പാശ്ചാത്യസാമ്പത്തിക മാന്ദ്യത്തെയും അതിന്റെ സ്വാധീനങ്ങളെയും ചെറുക്കാനുപയുക്തമാവേണ്ടതാണിതെന്ന ബോധത്തിന്റെ അടിസ്ഥാനത്തില്‍ സഹകരണത്തിന്റെ പുതുമേഖലകള്‍ കണ്ടെത്താനും ബ്രിക്സ് രാജ്യങ്ങള്‍ക്ക് കഴിയേണ്ടതുണ്ട്. ആഫ്രിക്കയിലെ നിരവധി രാജ്യങ്ങളെ ബ്രിക്സ് സഹകരണത്തിന്റെ കുടക്കീഴിലേക്കുകൊണ്ടുവരാന്‍ കഴിയുന്നുവെന്നത് ശുഭസൂചകമാണ്. വികസ്വരരാഷ്ട്രങ്ങളുടെ സാമ്പത്തിക വികസനത്തിനും സര്‍വതോമുഖമായ വളര്‍ച്ചയ്ക്കും വേണ്ടി ഉപകരിക്കപ്പെടട്ടെ ഈ സാമ്പത്തിക സംരംഭം! റഷ്യയും ചൈനയും ഇന്ത്യയും ഒരുമിച്ചുനിന്നാല്‍ സാമ്രാജ്യത്വത്തിന് കാലുകുത്താനിടംകിട്ടാത്ത വിധത്തില്‍ ഈ മേഖല സുരക്ഷിതവും ഭദ്രവുമായിത്തീരും. അതുകൊണ്ടുതന്നെ ഈ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താനുള്ള ശ്രമങ്ങള്‍ സാമ്രാജ്യത്വത്തിന്റെ ഭാഗത്തുനിന്നുണ്ടാവുകയുംചെയ്യും. അതിനെ പ്രതിരോധിക്കാനുള്ള രാഷ്ട്രീയ ഉള്ളടക്കം ബ്രിക്സ് കൂട്ടായ്മയില്‍നിന്നുതന്നെ ഉയര്‍ന്നുവരേണ്ടതുണ്ട്.

ചാഞ്ചാട്ടത്തിന്റെ രാഷ്ട്രീയം അനുവദിക്കില്ല എന്ന കൂട്ടായ നിലപാട് കൈക്കൊള്ളാന്‍ ശ്രദ്ധവയ്ക്കേണ്ടതുണ്ട്. അത്തരമൊരു സാര്‍വദേശീയ രാഷ്ട്രീയ നിലപാടാണ് ബ്രിക്സ് ഉയര്‍ത്തിപ്പിടിക്കേണ്ടത്. എങ്കിലേ ഈ സംരംഭം സാര്‍ഥകമാവൂ. എന്നാല്‍, ഇവിടെ ചില ആശങ്കകള്‍ അവശേഷിക്കുന്നുണ്ട്. ബ്രിക്സില്‍ സഹകരിക്കുമ്പോഴും അമേരിക്കന്‍ സാമ്രാജ്യത്വത്തിനനുകൂലമായ സാമ്പത്തിക രാഷ്ട്രീയനയങ്ങളാണ് ഇന്ത്യ പിന്തുടരുന്നത്. ബ്രിക്സിന്റെ പൊതുലക്ഷ്യത്തെ പരാജയപ്പെടുത്തുംവിധം ഈ നയങ്ങളും ബ്രിക്സിന്റെ പൊതുതാല്‍പ്പര്യങ്ങളുമായി ഉരസലുണ്ടാവാതെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ത്യയും ചൈനയും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താനും ഉഭയകക്ഷിബന്ധത്തില്‍ പരസ്പരവിശ്വാസത്തിന്റെയും സഹകരണത്തിന്റെയും മേഖലകള്‍ വ്യാപിപ്പിക്കാനും ഉള്ള വേദിയായിക്കൂടി ബ്രിക്സ് പ്രയോജനപ്പെടും.

ചൈനീസ് പ്രസിഡന്റ് സീ ജിന്‍ പിങ്ങും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് ബ്രിക്സ് ഉച്ചകോടി നടന്ന ദര്‍ബാന്‍ വേദിയായി. സീ ജിന്‍ പിങ് പ്രസിഡന്റുസ്ഥാനമേറ്റെടുത്തശേഷം ആദ്യമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാണുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താന്‍ ഇത്തരം കൂടിക്കാഴ്ചകള്‍ പ്രയോജനപ്പെടുമെന്നാണ് ചൈന ഔദ്യോഗികമായി ഇതേക്കുറിച്ച് പറഞ്ഞത് എന്നത് ശ്രദ്ധേയമാണ്. മുന്‍പ്രസിഡന്റ് ഹു ജിന്റാവോയും മന്‍മോഹന്‍സിങ്ങും തമ്മിലുള്ള നിരവധി കൂടിക്കാഴ്ചകള്‍ക്ക് കഴിഞ്ഞവര്‍ഷങ്ങളില്‍ ബ്രിക്സ് സന്ദര്‍ഭമൊരുക്കിയിരുന്നു. അതൊക്കെത്തന്നെ ഇരുരാഷ്ട്രങ്ങള്‍ക്കുമിടയില്‍ സൗഹൃദത്തിന്റെയും പരസ്പരസഹകരണത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കാന്‍ പ്രയോജനകരമാവുകയും ചെയ്തു. ആ വഴിക്കുള്ള നീക്കങ്ങള്‍ ഇനിയും തുടരട്ടെ. ഇന്ത്യയും ചൈനയും തമ്മിലുള്ള സൗഹൃദം വികസ്വരരാഷ്ട്രങ്ങളുടെയാകെ താല്‍പ്പര്യത്തിലുള്ളതാവുമെന്നും ഇന്ത്യയുമായുള്ള സഹകരണത്തെ ഏറ്റവും വിലപ്പെട്ടതായി കാണുന്നുവെന്നുമാണ് സീ ജിന്‍ പിങ്, പത്രക്കാരെ ദര്‍ബാനില്‍ കണ്ടപ്പോള്‍ പറഞ്ഞത്. വിട്ടുവീഴ്ചാമനോഭാവത്തോടെ, കരുതലോടെ ഇന്ത്യ-ചൈന ബന്ധത്തെ ശക്തിപ്പെടുത്തി മുമ്പോട്ടുകൊണ്ടുപോകുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന സ്വാഗതാര്‍ഹമാണ്.

ഉഭയരാഷ്ട്രബന്ധത്തെ ശരിയായ വഴിക്ക് മുമ്പോട്ടുകൊണ്ടുപോകാനുള്ള ആശയവിനിമയം, ഇരുകൂട്ടര്‍ക്കും പ്രയോജനപ്പെടുന്നവിധത്തില്‍ ഇരുകൂട്ടരുടെയും ശക്തി സമന്വയിപ്പിച്ചുകൊണ്ടുള്ള മുമ്പോട്ടുപോകല്‍, സാംസ്കാരിക വിനിമയം തുടങ്ങിയവ ഉള്‍പ്പെട്ട അഞ്ചിന നിര്‍ദേശങ്ങള്‍ അദ്ദേഹം മുമ്പോട്ടുവച്ചു എന്നതും ശ്രദ്ധേയമാണ്. ആഗോള വെല്ലുവിളികളെ ഒരുമിച്ചുനിന്ന് നേരിടാന്‍ തക്കവിധത്തില്‍ ഈ ബന്ധം സുദൃഢമാവുന്നതില്‍ അസഹിഷ്ണുതയുള്ള ശക്തികളുണ്ട്. അവരെ നിരാശപ്പെടുത്തിക്കൊണ്ട് പരസ്പര സഹകരണത്തോടെ ഇന്ത്യയ്ക്കും ചൈനയ്ക്കും മുമ്പോട്ടുപോവാന്‍കൂടി ബ്രിക്സ് വേദിയിലെ സഹകരണം ഇടവരുത്തട്ടെ.

*
ദേശാഭിമാനി മുഖപ്രസംഗം 29 മാര്‍ച്ച് 2013

No comments: