Friday, March 8, 2013

ഇറോം ശര്‍മിളയുടേത് ജനതയുടെ ശബ്ദം

''ഞാന്‍ ജീവിതത്തെ സ്‌നേഹിക്കുന്നു; ഞാന്‍ സ്വയം ജീവിതം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ ആവശ്യപ്പെടുന്നത് നീതിയും സമാധാനവുമാണ്''. ദുര്‍ബലമെങ്കിലും ജീവിതത്തോടുള്ള അദമ്യമായ അഭിവാഞ്ചയും നീതിക്കും സമാധാനത്തിനും വേണ്ടി പൊരുതാനുള്ള നിശ്ചയദാര്‍ഢ്യവും അളവറ്റ പോരാട്ടവീര്യവുമാണ് ആ വാക്കുകളില്‍ നിറഞ്ഞുനിന്നത്. മണിപ്പൂരിന്റെ ഉരുക്കുവനിത എന്ന വിശേഷണത്തിന് എന്തുകൊണ്ടും അര്‍ഹയായ ഇറോം ചാനു ശര്‍മിളയുടേതാണ് ഈ വാക്കുകള്‍. ആത്മഹത്യാശ്രമം ആരോപിക്കപ്പെട്ട് ഡല്‍ഹിയിലെ പട്യാല ഹൗസ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇറോം ശര്‍മ്മിള നടത്തിയ ഈ  പ്രസ്താവന ഇന്ത്യന്‍ ജനാധിപത്യത്തിനും മനുഷ്യാവകാശ നിയമങ്ങള്‍ക്കും നേരെ അപ്രതിരോധ്യമായ ഒരു ചോദ്യചിഹ്നമാണ് ഉയര്‍ത്തുന്നത്. രാജ്യത്തിന്റെ പരമോന്നത നിയമനിര്‍മാണസഭ സമ്മേളിക്കവെ ലോകത്ത് ഏറ്റവും ദൈര്‍ഘ്യമേറിയ ഉപവാസ സമരത്തിലേര്‍പ്പെട്ടിരിക്കുന്ന ഈ യുവതി ഉയര്‍ത്തുന്ന ചോദ്യം ആ സഭയുടെ അകത്തളങ്ങളില്‍ പ്രതിധ്വനിക്കുമെന്ന് ലോകത്ത് എവിടെയുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരും ജനാധിപത്യ വിശ്വാസികളും ആഗ്രഹിക്കുന്നു. 'ഭരണ നിര്‍വഹണത്തിനുള്ള ഉപാധിയാണോ അക്രമം?' ഇറോം ശര്‍മിള ഇന്ത്യന്‍ ഭരണാധികാരി വര്‍ഗത്തോട് ചോദിക്കുന്നു. 'ഞാന്‍ ഭരണനിര്‍വഹണത്തിനുള്ള ഉപാധിയായി അക്രമത്തെ കാണുന്ന ഗവണ്‍മെന്റിന് എതിരാണ്. ജനങ്ങളെയും ജനാധിപത്യത്തെയും വഞ്ചിക്കാന്‍ ഗവണ്‍മെന്റും സൈന്യവും കൈകോര്‍ത്തിരിക്കുന്നു'. മറ്റേതൊരു യുവതിയെപ്പോലെയും ജീവിതം ആസ്വദിക്കാനും പ്രേമിക്കാനും പ്രേമിക്കപ്പെടാനും സ്വച്ഛമായ ജീവിതം നയിക്കാനും ആഗ്രഹിച്ചിരുന്ന ഒരു സാധാരണ യുവതിയുടെ ആത്യന്തികമായ ത്യാഗത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്റെയും സഹനത്തിന്റെയും ചരിത്രമാണ് ഇറോം ചാനു ശര്‍മിളയുടേത്. അത് ആത്മാവ് നഷ്ടപ്പെട്ട ഒരു ഭരണകൂടത്തിന്റെ ഹൃദയശൂന്യമായ നിയമത്തിനെതിരെ ഇന്ത്യന്‍ ജനതയില്‍ ഗണ്യമായ ഒരുവിഭാഗം നടത്തിവരുന്ന ചെറുത്തുനില്‍പ്പിന്റെ പ്രതീകമാണ്.

രാജ്യത്ത് നിലവിലുള്ള ഭയാനകമായ കരിനിയമങ്ങളില്‍ ഒന്നാണ് 1958 ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ സായുധസേനാ പ്രത്യേകാധികാര നിയമം (എ എഫ് എസ് പി എ). സ്വാതന്ത്ര്യം നേടി കേവലം പത്തുവര്‍ഷം മാത്രം പിന്നിട്ട രാഷ്ട്രത്തെ അതിന്റെ ശൈശവദശയില്‍ സംരക്ഷിക്കാന്‍ ഒരു പക്ഷേ അന്ന് അത്തരം ഒരു നിയമം ആവശ്യമായിരുന്നിരിക്കാം. ഇന്ന് ആറുപതിറ്റാണ്ടിനുശേഷവും രാഷ്ട്രത്തെ സംരക്ഷിക്കാന്‍ ഇത്തരം ഒരു കരി നിയമം തുടര്‍ന്നും നിലനില്‍ക്കണമെന്ന് വാദിക്കുന്നത് നീതീകരിക്കാനാവാത്ത ഒന്നാണ്. ഈ ഭീകരനിയമം വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ ഐക്യവും രാഷ്ട്രത്തിന്റെ അഖണ്ഡതയും വളര്‍ത്തുന്നതിന് കനത്ത പ്രതിബന്ധമായി നിലനില്‍ക്കുന്നുവെന്നാണ് ജീവിതാനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. ഈ നിയമത്തിന്റെ മറവില്‍ നടക്കുന്ന ജനാധിപത്യ ധ്വംസനങ്ങള്‍, കൂട്ടക്കൊലകള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ എന്നിവ ജനങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ ജനാധിപത്യത്തോടും ഭരണകൂടത്തോടും രാഷ്ട്രനിര്‍മാണപ്രക്രിയയോടും നിസംഗതയും എതിര്‍പ്പും വളര്‍ത്താന്‍ ഇടയാക്കി. നിയമത്തിന് 'മനുഷ്യമുഖം' നല്‍കാന്‍ ഭേദഗതി കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് തന്നെ പ്രഖ്യാപിച്ചുവെന്നത് ആ നിയമത്തിന്റെ പൈശാചികതയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. അസം റൈഫിള്‍സിന്റെ കസ്റ്റഡിയില്‍ താങ്ങ്ജം മനോരമ മരണമടഞ്ഞതിനെ തുടര്‍ന്നും ഇറോം ശര്‍മിളയുടെ ഉപവാസ സമരത്തിന്റെ പശ്ചാത്തലത്തിലും നിയോഗിക്കപ്പെട്ട ജീവന്‍ റെഡ്ഡി കമ്മിഷന്‍ നിയമത്തില്‍ ഭേദഗതികള്‍ നിര്‍ദേശിച്ചിരുന്നു. ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കമ്മിഷനും യു എന്‍ തന്നെയും ഈ നിയമം മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നിട്ടും പ്രധാനമന്ത്രി തന്നെ നല്‍കിയ വാഗ്ദാനമനുസരിച്ച് നിയമഭേദഗതിക്ക് കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധമല്ലെന്നത് അങ്ങേയറ്റം അപലപനീയമാണ്.

ഇക്കൊല്ലം ആരംഭത്തില്‍ തലസ്ഥാന നഗരിയില്‍ ഒരു പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സ്ത്രീസുരക്ഷിതത്വം ഉറപ്പുവരുത്താന്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് വര്‍മ കമ്മിഷനും ഈ കരിനിയമത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ആ ശുപാര്‍ശയിന്മേല്‍ യു പി എ സര്‍ക്കാര്‍ അവലംബിച്ച നിലപാട് വിവിധ രാഷ്ട്രീയപാര്‍ട്ടികളടക്കം പൗരസംഘടനകളുടെ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. ഈ പൈശാചിക നിയമത്തിന്റെ മറവില്‍ ബലാത്സംഗം അടക്കം സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന സായുധ സേനാംഗങ്ങളെ സിവിലിയന്‍ നിയമങ്ങള്‍ക്കനുസരിച്ച് വിചാരണ ചെയ്യണമെന്നതായിരുന്നു വര്‍മ കമ്മിഷന്‍ ശുപാര്‍ശ. അത് അംഗീകരിക്കാന്‍ ഇന്ത്യന്‍ ഭരണകൂടം വിസമ്മതിച്ചു. സൈന്യത്തിന്റെ അഭിപ്രായമാരാഞ്ഞ് സമന്വയത്തിലൂടെ പ്രശ്‌ന പരിഹാരമാവാം എന്ന നിലപാടാണ് സര്‍ക്കാര്‍ അവലംബിച്ചത്. ഇത് സുപ്രധാനമായ ഒരു ചോദ്യം ഉയര്‍ത്തുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിനും അതിനെ സംരക്ഷിക്കുന്ന ഭരണഘടനയുടെ അനിഷേധ്യതയ്ക്കും നേരെയാണ് ആ ചോദ്യം. ഇന്ത്യയില്‍ നിലനില്‍ക്കുന്നത് ജനാധിപത്യമോ, സൈന്യാധിപത്യമോ? ഇന്ത്യ ഒരു പരമാധികാര ജനാധിപത്യ രാഷ്ട്രമാണ്. ജനങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി നിര്‍മിക്കുന്ന നിയമങ്ങളാണ് രാഷ്ട്രത്തെ നയിക്കുന്നതും നിയന്ത്രിക്കുന്നതും. ജനങ്ങള്‍ തിരസ്‌ക്കരിക്കുന്നതും ജനങ്ങളുടെമേല്‍ അതിക്രമത്തിന് കുടപിടിക്കുന്നതുമായ നിയമങ്ങള്‍ക്ക് ജനാധിപത്യത്തില്‍ സ്ഥാനമില്ല. അതാണ് ഇറോം ശര്‍മിള തന്റെ ദുര്‍ബല ശബ്ദത്തിലൂടെ വിളിച്ചുപറയുന്നത്. അത് ജനാധിപത്യത്തിനും സമാധാനത്തിനുംവേണ്ടിയുള്ള ഇന്ത്യന്‍ ജനതയുടെ ശബ്ദമാണ്.

*
ജനയുഗം മുഖപ്രസംഗം

No comments: