Wednesday, March 13, 2013

ആരാവും ആ വലിയ രാഷ്ട്രീയക്കാരന്‍?

മാര്‍പാപ്പമാര്‍ക്ക് പ്രത്യക്ഷത്തില്‍ രാഷ്ട്രീയമില്ല. എന്നാല്‍, പോപ്പ് ലോകത്തെ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയക്കാരനാണ്. എല്ലാ ബുധനാഴ്ചയിലും ഞായറാഴ്ചയിലും വിശ്വാസികളെ അഭിസംബോധനചെയ്യുന്ന മാര്‍പാപ്പ ലോകത്തിന് നല്‍കുന്ന സന്ദേശങ്ങളില്‍ പലപ്പോഴും രാഷ്ട്രീയം ഒളിഞ്ഞ് കിടപ്പുണ്ടാകും. ആഗോള സംഭവങ്ങളെക്കുറിച്ചോ ലോകസമാധാനത്തെക്കുറിച്ചോ സഭയുടെ നിലപാടുകളെക്കുറിച്ചോ എന്ത് തന്നെയായാലും അതില്‍ രാഷ്ട്രീയ സന്ദേശമുണ്ടാകും. വിദേശ സന്ദര്‍ശനവേളകളില്‍ മാര്‍പാപ്പമാരുടെ പ്രസംഗങ്ങളില്‍ രാഷ്ടീയ പരാമര്‍ശങ്ങള്‍ ഉണ്ടാകും. അതുകൊണ്ട് മാര്‍പാപ്പയെ ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയക്കാരന്‍ എന്ന് വിശേഷിപ്പിച്ചാല്‍ അതിശയോക്തിയാകില്ല.

മാര്‍പാപ്പ ഒരേസമയം രാഷ്ട്രത്തലവനും ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനുമാണ്. ഇറ്റലിയിലെ റോമാ നഗരത്തില്‍ 110 ഏക്കര്‍മാത്രം വിസ്തീര്‍ണമുള്ള, ലോകത്തെ ഏറ്റവും ചെറിയ സ്വതന്ത്ര രാഷ്ട്രമാണ് വത്തിക്കാന്‍. ജനസംഖ്യ 800 മാത്രം. ഏതൊരു രാജ്യത്തിന്റെയും രാഷ്ട്രത്തലവനു തുല്യമായ പദവിയാണ് മാര്‍പാപ്പയ്ക്കുള്ളത്. ലോകത്തെ ഏതാണ്ടെല്ലാ രാജ്യങ്ങളിലും വത്തിക്കാന് നയതന്ത്ര പ്രതിനിധികളുണ്ട്. രാഷ്ടത്തലവന്‍ എന്നതിലുപരി 120 കോടിയിലധികം വരുന്ന ആഗോള കത്തോലിക്കരുടെ ചോദ്യംചെയ്യപ്പെടാനാകാത്ത ആത്മീയ അധികാരികൂടിയാണ് അദ്ദേഹം.

യൂറോപ്യന്‍ കുത്തക

മാര്‍പാപ്പ പദവി യൂറോപ്പുകാരുടെ കുത്തകയാണ്. 13 നൂറ്റാണ്ടിനിപ്പുറം യൂറോപ്പിന് പുറത്തുനിന്ന് മാര്‍പാപ്പ ഉണ്ടായിട്ടില്ല. സഭയുടെ ചരിത്രത്തില്‍ യൂറോപ്പുകാരനല്ലാത്ത ഏക മാര്‍പാപ്പ ഗ്രിഗറി മൂന്നാമനാണ്. എഡി 731ല്‍ തെരഞ്ഞടുക്കപ്പെട്ട ഗ്രിഗറി മൂന്നാമന്‍ സിറിയക്കാരനാണെന്നാണ് രേഖകള്‍ പറയുന്നത്. അദ്ദേഹത്തിന്റെ ജന്മദേശം വ്യക്തമല്ല. ഒമ്പതുമാസം മാത്രമാണ് അദ്ദേഹം പാപ്പ പദവി അലങ്കരിച്ചത്. ആധുനികസഭയുടെ ചരിത്രത്തിലെ കൂടുതല്‍ പാപ്പമാരും ഇറ്റലിയില്‍നിന്നാണ്. 1978ല്‍ പോളണ്ടുകാരനായ ജോണ്‍ പോള്‍ രണ്ടാമന്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് ഇറ്റലിക്കാരുടെ കുത്തക തകര്‍ന്നത്. 455 വര്‍ഷത്തിനുശേഷമാണ് ഇറ്റലിക്ക് പുറത്തുനിന്ന് അന്ന് സഭാധ്യക്ഷന്‍ ഉണ്ടായത്. കഴിഞ്ഞ 35 വര്‍ഷമായി ഇറ്റലിക്ക് പുറത്തുനിന്നാണ് മാര്‍പാപ്പമാര്‍ തെരഞ്ഞെടുക്കപ്പെട്ടത്. സ്ഥാനത്യാഗംചെയ്ത ബെനഡിക്ട് പതിനാറാമന്‍ ജര്‍മനിക്കാരനാണ്.

മൂന്നാം ലോകം

ആഫ്രിക്കയും ഏഷ്യയും ലാറ്റിനമേരിക്കയും ഉള്‍പ്പെടുന്ന മൂന്നാംലോകത്തുനിന്ന് മാര്‍പാപ്പ ഉണ്ടാകണമെന്ന വാദം ശക്തമായി ഉയര്‍ന്നു കഴിഞ്ഞു. കറുത്ത വര്‍ഗക്കാരന്‍ അമേരിക്കന്‍ പ്രസിഡന്റാകുമെന്ന് ലോകം പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍, ചരിത്രം തിരുത്തിയെഴുതി ബറാക് ഒബാമ പ്രസിഡന്റായി. വത്തിക്കാനിലെ പാപ്പ വെളുത്ത പാപ്പയെന്നും കാന്റര്‍ബറി ആര്‍ച്ച് ബിഷപ് കറുത്ത പാപ്പയെന്നും ആലങ്കാരികമായി അറിയപ്പെടുമെങ്കിലും യഥാര്‍ഥ കറുത്തപാപ്പ ഇത്തവണയുണ്ടാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. അടുത്ത പാപ്പ ആഫ്രിക്കക്കാരന്‍ ആകണമെന്ന വാദം കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഉയര്‍ന്നു. നൈജീരിയക്കാരനായ കര്‍ദിനാള്‍ ഫ്രാന്‍സിസ് അരിന്‍സെയുടെ പേര് പാപ്പാ പദവിയിലേക്ക് അന്ന് പറഞ്ഞുകേട്ടു. സഭയുടെ പ്രഭവകേന്ദ്രം യൂറോപ്പാണങ്കിലും ക്രിസ്തുമതത്തിന്റെ ഗുരുത്വകേന്ദ്രം ഇന്ന് ആഫ്രിക്കയാണ്. ആഫ്രിക്കന്‍ ജനസംഖ്യയില്‍ 16 ശതമാനവും ക്രൈസ്തവരാണ്. യൂറോപ്പില്‍ സഭ നേരിടുന്ന പ്രതിസന്ധികള്‍ ആഫ്രിക്കയില്‍ ഇല്ല. മാത്രമല്ല, ആഫ്രിക്കയില്‍നിന്ന് ഒരു പോപ്പ് ഉണ്ടാവുകയാണെങ്കില്‍ അദ്ദേഹത്തിന് ഭൂഖണ്ഡത്തിലെ കലുഷിതമായ രാഷ്ട്രീയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് നല്ലൊരുവിഭാഗം ആളുകളും കരുതുന്നുണ്ട്. ആധുനിക ജനായത്തക്രമത്തില്‍ പാപ്പ പദവി എല്ലാവിഭാഗങ്ങള്‍ക്കുമായി തുറന്നിടേണ്ടതാണെന്ന വാദവും ആഫ്രിക്കയ്ക്ക് അനുകൂലമാണ്.

യൂറോപ്പില്‍ സഭ ശോഷിക്കുമ്പോള്‍ സഭയുടെ ഏറ്റവും വലിയ ശക്തികേന്ദ്രമായി ലാറ്റിനമേരിക്ക മാറിയിരിക്കുകയാണ്. ആഗോള ക്രൈസ്തവരില്‍ 22 ശതമാനവും അമേരിക്കന്‍ ഉപഭൂഖണ്ഡത്തിലാണ്. വിമോചന ദൈവശാസ്ത്രവും സഭയും ഇടതുപക്ഷ രാഷ്ട്രീയവും ഇഴചേര്‍ന്ന് നില്‍ക്കുന്ന ലാറ്റിനമേരിക്കയില്‍നിന്ന് ഇത്തവണ മാര്‍പാപ്പ ഉണ്ടായാല്‍ അത്ഭുതപ്പെടാനില്ല. കഴിഞ്ഞ കോണ്‍ക്ലേവില്‍ ബനഡിക്ട് പതിനാറാമനെതിരെ ലാറ്റിനമേരിക്കയില്‍നിന്ന് ശക്തമായ വെല്ലുവിളിയാണ് ഉയര്‍ന്നത്. ഏഷ്യയില്‍നിന്ന് മുംബൈ മുന്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ഇവാന്‍ ഡയസിന്റെ പേരും പരിഗണിക്കപ്പെടാവുന്നതാണ്. വത്തിക്കാനില്‍ ഏറ്റവും അനുഭവസമ്പത്തുള്ള കര്‍ദിനാള്‍മാരില്‍ ഒരാളാണ് ഇവാന്‍ ഡയസ്. പ്രാതിനിധ്യം അഞ്ച് ഭൂഖണ്ഡങ്ങളിലെ 51 രാജ്യങ്ങളില്‍നിന്നായി 115 കര്‍ദിനാള്‍മാര്‍ക്കാണ്് വോട്ടവകാശമുള്ളത്. യൂറോപ്പില്‍നിന്നാണ് ഏറ്റവും കൂടുതല്‍ കര്‍ദിനാള്‍മാര്‍; 60 പേര്‍. ഇറ്റലിയില്‍നിന്നുമാത്രം 28 പേരുണ്ട്. വടക്കേ അമേരിക്കയില്‍നിന്ന് 20ഉം തെക്കേ അമേരിക്കയില്‍നിന്ന് 13ഉം ആഫ്രിക്കയില്‍നിന്നും ഏഷ്യയില്‍നിന്നും 11 പേര്‍ വീതവും ഓഷ്യാനാ മേഖലയില്‍നിന്ന് ഒരാളും കര്‍ദിനാള്‍മാരായുണ്ട്. ഇന്ത്യയില്‍നിന്ന് ഇത്തവണ അഞ്ചു കര്‍ദിനാള്‍മാര്‍ക്ക് വോട്ടവകാശമുണ്ട്.

സഭയും മതേതര ലോകവും

ആഗോളതലത്തില്‍ സഭ വലിയ പ്രതിസന്ധി അഭിമുഖീകരിക്കുന്ന കാലയളവിലാണ് പുതിയ മാര്‍പാപ്പ തെരഞ്ഞെടുപ്പ് എന്നത് പ്രത്യക പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. അള്‍ത്താര ശുശ്രൂഷകര്‍ ബാലകരോട് ചെയ്യരുതാത്തത് ചെയ്തു എന്ന് വത്തിക്കാന്‍തന്നെ ഏറ്റുപറഞ്ഞ പശ്ചാത്തലത്തിലാണ് പുതിയ പോപ്പിനെ തെരഞ്ഞെടുക്കാന്‍ കര്‍ദിനാള്‍മാര്‍ സമ്മേളിച്ചിരിക്കുന്നത്. പുരോഹിതരോട് വഴിവിട്ട് പെരുമാറിയെന്ന് കുമ്പസാരിച്ച ഒരു കര്‍ദിനാള്‍ രാജിവയ്ക്കുകയുംചെയ്തു. അമേരിക്കയില്‍ മുന്‍ കര്‍ദിനാള്‍ റോജര്‍ മാവോണി പുരോഹിതരെ സംരക്ഷിച്ചെന്ന ആരോപണം നേരിടുന്നതിനൊപ്പം സഭ സ്വത്ത് വിറ്റ് പീഡിതര്‍ക്ക് നഷ്ടപരിഹാരവും നല്‍കി. കോണ്‍ക്ലേവ് തുടങ്ങുംമുമ്പ് സഭയില്‍ പരിഷ്കരണം വേണമെന്ന ആവശ്യം വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നു. അതുകൊണ്ടുതന്നെ ഇത്തവണ മാര്‍പാപ്പ തെരഞ്ഞെടുപ്പിന് കര്‍ദിനാള്‍മാര്‍ ഏറെ തലപുകയ്ക്കും എന്നുവേണം കരുതാന്‍. സഭയുടെ പ്രഖ്യാപിത നിലപാടുകളില്‍ വിട്ടുവീഴ്ചചെയ്യാത്ത ഒരു യാഥാസ്ഥിതികന്‍ പാപ്പയായി വീണ്ടും തെരഞ്ഞെടുക്കപ്പെടാന്‍തന്നെയാണ് സാധ്യത. മുറവിളികള്‍ ഉയരുന്നുണ്ടെങ്കിലും സഭ പാപങ്ങള്‍ എന്ന് കരുതുന്ന വിവാഹമോചനം, ഗര്‍ഭഛിദ്രം, സ്ത്രീപൗരോഹിത്യം, സ്വവര്‍ഗ വിവാഹം, പുരോഹിതരുടെ വിവാഹം എന്നിവയില്‍ വിട്ടുവീഴ്ച ചെയ്ത് സഭയ്ക്ക് മുന്നോട്ടുപോകാനുമാകില്ല.

പ്രഭവകേന്ദ്രമായ യൂറോപ്പില്‍ മതേതരത്വം സഭയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. പാപങ്ങള്‍ എന്ന് സഭ കരുതുന്ന എല്ലാത്തിനും യൂറോപ്പിന്റെ മതേതര മനസ്സില്‍ ഇടമുണ്ട്. സമന്വയത്തിന്റെ വഴികള്‍ തേടുകയും മതേതര മൂല്യങ്ങളെയും മുസ്ലിംലോകത്തേയും നിരീശ്വരവാദികളെയും ഇതര സമൂഹങ്ങളെയും അഭിസംബോധചെയ്യാന്‍ കഴിവുള്ള ഒരാള്‍ സഭയുടെ പുതിയ ഇടയനായി വരുമെന്നാണ് ലോകം പ്രതീക്ഷിക്കുന്നത്.

തെരഞ്ഞെടുപ്പ്

പാപ്പയെ തെരഞ്ഞെടുക്കുന്ന കര്‍ദിനാള്‍മാരുടെ സമ്മേളനം പുതിയ കാലഘട്ടത്തില്‍ അത്ര നീണ്ടതായി ചരിത്രമില്ല. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ നടന്ന സമ്മേളനങ്ങള്‍ അഞ്ചു ദിവസത്തിനപ്പുറം പോയിട്ടില്ല. ജോണ്‍പോള്‍ രണ്ടാമനെ മാര്‍പാപ്പയായി തെരഞ്ഞെടുത്ത കോണ്‍ക്ലേവ് നാലു ദിവസമാണ് സമ്മേളിച്ചത്. ബനഡിക്ട് പതിനാറാമന്‍ മൂന്നാംദിവസം തെരഞ്ഞെടുക്കപ്പെട്ടു. ശക്തമായ മത്സരം ആദ്യദിനത്തില്‍ സിസ്റ്റൈന്‍ ചാപ്പലിലെ പുകക്കുഴലില്‍നിന്ന് കറുത്ത പുക ഉയര്‍ന്നത് കര്‍ദിനാള്‍മാര്‍ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ഏകാഭിപ്രായക്കാരല്ല എന്ന സൂചനയാണ് നല്‍കുന്നത്. വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ മാത്രമേ ചിത്രം വ്യക്തമാകൂ. ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥി ഉയര്‍ന്നുവരാനാണ് സാധ്യത. ജോണ്‍പോള്‍ രണ്ടാമന്‍ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ക്ലേവ് രണ്ടായി ചേരിതിരിഞ്ഞു. കൂടിയാലോചനയ്ക്കൊടുവില്‍ പോളണ്ടില്‍നിന്നുള്ള കര്‍ദിനാള്‍ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

കഴിഞ്ഞ കോണ്‍ക്ലേവില്‍ ബെനഡിക്ട് പതിനാറാമന്‍ തെരഞ്ഞെടുക്കപ്പെടുമെന്ന് മാധ്യമങ്ങള്‍ പ്രവചിച്ചിരുന്നു. എന്നാല്‍, കോണ്‍ക്ലേവ് തുടങ്ങിയതോടെ ചിത്രം മാറി. അര്‍ജന്റീനയില്‍നിന്നുള്ള കര്‍ദിനാള്‍ ജോര്‍ജ് ബര്‍ഗോഗ്ലിയോ ശക്തനായ എതിരാളിയായി. നാലാം റൗണ്ടില്‍ ബര്‍ഗോഗ്ലിയോ 40 വോട്ട് നേടിയതോടെ കൂടിയാലോചനക്കാര്‍ രംഗത്തിറങ്ങി അദ്ദേഹത്തെ പിന്മാറ്റുകയായിരുന്നു. ഇത്തവണയും കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന ബര്‍ഗോഗ്ലിയോ കറുത്തകുതിരയായാല്‍ അത്ഭുതമാകില്ല. ഘാനയില്‍നിന്നുള്ള കര്‍ദിനാള്‍ പീറ്റര്‍ ടര്‍ക്സന്‍, വിയന്നയിലെ ആര്‍ച്ച് ബിഷപ്പും വിശ്വാസ തിരുസംഘത്തിലെ അംഗവുമായ കര്‍ദിനാള്‍ ക്രിസ്റ്റഫര്‍ ഷോയന്‍ബോണ്‍, പൗരസ്ത്യ തിരുസംഘത്തിന്റെ തലവനും അര്‍ജന്റീനക്കാരനുമായ ലിയാനാര്‍ഡോ സാന്ദ്രി, കനഡക്കാരനായ മാര്‍ക്ക് ഔലറ്റ്, ബ്രസീലില്‍നിന്നുള്ള ഒഡിലോ ഷെറര്‍ എന്നിവര്‍ സാധ്യതാ പട്ടികയിലുണ്ട്. വിദേശകാര്യ സെക്രട്ടറിയും വത്തിക്കാന്റെ ഇടക്കാല ഭരണാധികാരിയുമായ കര്‍ദിനാള്‍ തര്‍സീസിയോ ബര്‍ട്ടോണ്‍, മിലാനിലെ ആര്‍ച്ച് ബിഷപ് ആഞ്ജലോ സ്കോള, വത്തിക്കാന്റെ സാംസ്കാരികമന്ത്രി ജിയാന്‍ ഫ്രാങ്കോ റവാസി എന്നിവരാണ് ഇറ്റലിയില്‍നിന്ന് പറഞ്ഞു കേള്‍ക്കുന്ന മൂന്നുപേര്‍. അമേരിക്കയില്‍നിന്നുള്ള കര്‍ദിനാള്‍ തിമോത്തി ഡോളന്‍, ഹോണ്ടുറാസില്‍നിന്നുള്ള ആര്‍ച്ച് ബിഷപ് മരാഡിഗ എന്നിവരും പരിഗണിക്കപ്പെടാവുന്നവരാണ്. ഫിലിപ്പീന്‍സിലെ കര്‍ദിനാള്‍ അന്റോണിയോ ടാഗ്ലേയുടെ പേരും പറഞ്ഞുകേള്‍ക്കുന്നുണ്ട്. മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന പേരുകാര്‍ മാര്‍പാപ്പയായിട്ടില്ലെന്നതും ചരിത്രമാണ്.

പ്രതിദിനം നാല് റൗണ്ട് വോട്ടെടുപ്പാണ് നടക്കുന്നത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുന്ന കര്‍ദിനാളിനെ മാര്‍പാപ്പയായി പ്രഖ്യാപിക്കും. 13 ദിവസമായിട്ടും ആര്‍ക്കും ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ ഏറ്റവും കൂടുതല്‍ വോട്ട് കിട്ടുന്ന കര്‍ദിനാളിനെ മാര്‍പാപ്പയായി പ്രഖ്യാപിക്കും. കഴിഞ്ഞ തവണ മാര്‍പാപ്പ തെരഞ്ഞെടുക്കപ്പെട്ടത് അഞ്ചാം റൗണ്ട് വോട്ടെടുപ്പിലാണ്.

കറുത്ത പുകയും വെളുത്ത പുകയും

ലോകത്തിന്റെ മുഴുവന്‍ കണ്ണും പിന്നെ സിസ്റ്റൈന്‍ ചാപ്പലിലെ പുകക്കുഴലിലാണ്. മാര്‍പാപ്പയെ തെരഞ്ഞെടുത്തില്ലെങ്കില്‍ സിസ്റ്റൈന്‍ ചാപ്പലിലെ ചിമ്മിനിയില്‍നിന്ന് കറുത്ത പുക ഉയരും. ബാലറ്റ് പേപ്പറുകള്‍ കത്തിച്ചാണ് കറുത്ത പുക ഉയര്‍ത്തുന്നത്. മാര്‍പാപ്പയെ തെരഞ്ഞെടുത്താല്‍ കുഴലില്‍നിന്ന് വെളുത്ത പുക ഉയരും. ബാലറ്റ് പേപ്പറിനൊപ്പം ഗോതമ്പിന്റെ വൈക്കോലും ചേര്‍ത്ത് കത്തിച്ചാണ് വെളുത്ത പുക ഉയര്‍ത്തുന്നത്. ഒപ്പം സെന്റ് പീറ്റേഴ്സ് ബസിലിയില്‍നിന്ന് മണിനാദവും ഉയരും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ സംഘത്തിലെ മുതിര്‍ന്ന കര്‍ദിനാള്‍ സിസ്റ്റൈന്‍ ചാപ്പലിന്റെ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെടും. പുതിയ പാപ്പ തെരഞ്ഞെടുക്കപ്പെട്ട വിവരം അദ്ദേഹം ലോകത്തെ അറിയിക്കും. പാപ്പയുടെ പേരും പ്രഖ്യാപിക്കും. പിന്നാലെ ബാല്‍ക്കണിയില്‍ എത്തുന്ന മാര്‍പാപ്പ റോമാ നഗരത്തെയും ലോകത്തെയും അഭിസംബോധനചെയ്യും. വിശാസികളെ ആശീര്‍വദിക്കും. ആരാവും ആഗോള കത്തോലിക്കാ സഭയുടെ പുതിയ അധ്യക്ഷന്‍; ലോകം കാത്തിരിക്കുകയാണ്.

*
ലോറന്‍സ് ജോണ്‍

No comments: