Wednesday, March 13, 2013

അര്‍ധവിധവകളുടെ താഴ്വാരം

"കശ്മീരിനോടുള്ള നിങ്ങളുടെ കൗതുകം ഒന്നുകില്‍ ആ നാടിന്റെ ഭംഗികൊണ്ടാകും അല്ലങ്കില്‍ തീവ്രവാദത്തിന്റെയും ഏറ്റുമുട്ടലുകളുടെയും നാട് എന്ന നിലയിലാകും. ഇതൊന്നുമല്ലാത്ത കശ്മീരിനെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. അര്‍ധവിധവകളുടെ താഴ്വാരത്തെക്കുറിച്ച്." മണിയറയില്‍നിന്നോ വിവാഹവേദിയില്‍നിന്നുതന്നെയോ ഇറങ്ങിപ്പോവുകയോ തട്ടിക്കൊണ്ടുപോകപ്പെടുകയോ ചെയ്ത ഭര്‍ത്താക്കന്മാരെ കാത്തിരിക്കുന്ന പെണ്ണുങ്ങള്‍. പത്തുമുതല്‍ അമ്പതുവരെ പ്രായമുള്ളവര്‍. അമ്മമാര്‍, സഹോദരിമാര്‍. നിങ്ങളീ കാണുന്ന ഭംഗിയൊന്നും ഇപ്പോള്‍ കശ്മീരിപെണ്ണുങ്ങളുടെ മുഖത്തിനില്ല. നിര്‍വികാരതമാത്രം. ബാല്യം മുരടിച്ച കുഞ്ഞുങ്ങളോട് എന്തു പറയാനാണ്. അതുകൊണ്ടാണ് ഞാന്‍ നാടകം ചെയ്യുന്നത്. എനിക്ക് പ്രസംഗിക്കാനാകില്ല. തോക്കെടുക്കാനുമാകില്ല. എന്റെ നാട് എന്നെ വേദനിപ്പിക്കുന്നു. ആ വേദനയും പ്രതിഷേധവും ഞാന്‍ നാടകത്തിലൂടെ പറയുന്നു. ഇഫ്ര മുഷ്താഖ് കാക്- കശ്മീരിലെ നാടകപ്രവര്‍ത്തക. നാടകത്തില്‍ പഠനം നടത്തിയ ഏക കശ്മീരി പെണ്‍കുട്ടി. മഞ്ഞുപോലെ നിര്‍മലമായ ചിരിക്കു പുറകില്‍ അവള്‍ കാത്തുവയ്ക്കുന്ന വേവലാതികളെക്കുറിച്ച് അണായാതെ കാക്കുന്ന പ്രതീക്ഷകളെക്കുറിച്ച് സംസാരിക്കുന്നു:

? സംഗീതംപോലും ഇസ്ലാംവിരുദ്ധമെന്ന് ഫത്വ പുറപ്പെടുവിക്കുന്ന നാട്ടില്‍നിന്ന് ഇഫ്ര എങ്ങനെയാണ് നാടകവേദിയിലെത്തുന്നത്.

ബാപ്പാജി നാടകപ്രവര്‍ത്തകനായിരുന്നു. ഡല്‍ഹിയിലെ ശ്രീറാം സെന്റര്‍ ഫോര്‍ പെര്‍ഫോമിങ് ആര്‍ട്സിലെ സംവിധായകനായിരുന്നു. അതു കണ്ടാണ് ഞാന്‍ വളര്‍ന്നത്. അദ്ദേഹത്തിന്റെ റിഹേഴ്സല്‍ ക്യാമ്പുകള്‍ എന്റെയുള്ളിലും ചില സ്വപ്നങ്ങള്‍ക്ക് തിരിവച്ചു. കശ്മീര്‍ ദൂരദര്‍ശനില്‍ ബാലതാരമായി. കോളേജ് പഠനകാലത്ത് തുടര്‍ച്ചയായി മോണോ ആക്ട് വിജയി. ശേഷം ഞാന്‍ എടുത്ത തീരുമാനമാണ് നാടകപഠനം. വളരെ വേദനയോടെയാണ് വീടുവിട്ട് ഹൈദരാബാദിലെത്തിയത്.

? എന്തുകൊണ്ട് നാടകം

ഇപ്പോള്‍ നാടകം എനിക്ക് ഒരു തരം രാഷ്ട്രീയപ്രവര്‍ത്തനമോ സാമൂഹ്യപ്രവര്‍ത്തനമോ ആണ്. ഉയര്‍ന്ന വിദ്യാഭ്യാസവും ആവശ്യത്തിലേറെ സ്വാതന്ത്ര്യവും അനുഭവിച്ചവളാണ് ഞാന്‍. അതുകൊണ്ടുതന്നെ കശ്മീരിന്റെ സാമൂഹ്യാവസ്ഥ അത്രയേറെ ബോധ്യമായിരുന്നില്ല. ഇപ്പോള്‍ എന്നെ അലട്ടുന്നത് എന്റെ നാടുതന്നെയാണ്. അതുകൊണ്ട് എന്റെ നാടിനെ പുറംലോകത്തിനു കാണിച്ചുകൊടുക്കാനാണ് ഞാന്‍ നാടകം ചെയ്യുന്നത്.

കശ്മീരിനെക്കുറിച്ച്

കച്ചവട ഹിന്ദിസിനിമയിലെ കശ്മീരല്ല യഥാര്‍ഥ കശ്മീര്‍. ഇപ്പോള്‍ അവിടത്തെ താഴ്വരകള്‍ക്ക് ചിത്രങ്ങളില്‍ കാണുന്ന ഭംഗിയില്ല. തോണികളില്‍ പൂക്കളുമായി നീങ്ങുന്ന, പൂക്കളേക്കാള്‍ ഭംഗിയുള്ള പെണ്‍മുഖങ്ങള്‍ അവിടെയില്ല. മഞ്ഞിന്റെ ധവളിമയിലെല്ലാം രക്തത്തിന്റെ ചുവപ്പുരാശി. കണ്ണീരുറഞ്ഞ മുഖങ്ങളാണ് പെണ്ണുങ്ങളുടേത്. ഭര്‍ത്താക്കന്മാരെ കാത്തിരിക്കുന്നവര്‍, മക്കളെ, പിതാവിനെ, സഹോദരനെ കാത്തിരിക്കുന്നവര്‍. അവര്‍ തീവ്രവാദികളുടെയോ സൈനികന്റെയോ ബന്ധുക്കളാകാം. ഇത് അര്‍ധവിധവകളുടെ നാടാണ്. അതുകൊണ്ടാണ് എന്റെ അടുത്ത നാടകം ഏരിയല്‍ കോര്‍ഫ്മാന്റെ "വിധവകള്‍" തന്നെയാകട്ടെ എന്നു ഞാന്‍ നിശ്ചയിച്ചത്. എന്നാല്‍, നാടകം കശ്മീരി അന്തരീക്ഷത്തിലേക്ക് പറിച്ചു നടാനായിരുന്നു എന്റെ തീരുമാനം. പക്ഷേ, എല്ലാവരും എന്നെ തടഞ്ഞു. കാരണം, ഒന്നുകില്‍ തീവ്രവാദികള്‍ അല്ലങ്കില്‍ സൈന്യം എന്നെ ശത്രുവാക്കും.

? കശ്മീരില്‍ നാടകപ്രവര്‍ത്തനം സുഗമമാണോ

കശ്മീരില്‍ ഒന്നും സുഗമമല്ല. എന്റെ നാട്ടില്‍ നാടകപഠനത്തിനു സാധ്യതയില്ലാത്തതുകൊണ്ടാണ് ഞാന്‍ ബിരുദത്തിന് പൊളിറ്റിക്കല്‍ സയന്‍സ് പഠിച്ചത്. അമ്മയ്ക്ക് ഞാന്‍ ഡോക്ടറാകണമെന്നായിരുന്നു. മൂത്ത സഹോദരന്‍ പ്രൊഫസറും താഴെയുള്ളയാള്‍ കംപ്യൂട്ടര്‍ എന്‍ജിനിയറുമാണ്. എനിക്കുവേണമെങ്കില്‍ എന്റെ നാട്ടിലെ പലരെയുംപോലെ കശ്മീരിലേക്ക് വരാതിരിക്കാമായിരുന്നു. ഡല്‍ഹിയില്‍ സമാധാനത്തോടെ നാടകപരീക്ഷണങ്ങളുമായി കഴിയാം. വലിയ വെളിച്ചവും കശ്മീരി സുന്ദരികളുടെ മുഖവും അരങ്ങില്‍ കാണിച്ച് "മിടുക്കിയാവാം". പക്ഷേ, എന്റെ നാട് എന്നെ അലട്ടുന്നുണ്ട്. ആ അലട്ടലുകള്‍ പുറത്തുകൊണ്ടുവരാന്‍ എനിക്കറിയാവുന്ന മാധ്യമം നാടകമാണ്.

? ഇഫ്രയുടെ പ്രവര്‍ത്തനം

15 ദിവസത്തെ വര്‍ക്ഷോപ്പ് യൂണിവേഴ്സിറ്റിയില്‍. അതിലാണ് സെല്‍ഫ് സ്റ്റോറീസ് എന്ന നാടകം ഉണ്ടായത്. മറ്റൊന്ന് കുപ്രസിദ്ധമായ കോത് ബല്‍വാല്‍ സെന്‍ട്രല്‍ ജയിലില്‍ നടത്തിയ 15 ദിവസത്തെ വര്‍ക്ഷോപ്പാണ്. കശ്മീരിലെ സ്ത്രീകളുടെ ദുരിതങ്ങളെക്കുറിച്ച് രൂപപ്പെടുത്തിയ നാടകം "സോര്‍ഡിഡ് ടെയില്‍സ് ഓഫ് സഫറിങ്". മഹീന്ദ്ര എകസ്ലന്‍സ് അവാര്‍ഡും സാഹിത്യകലാ പരിഷത് അവാര്‍ഡും നേടിയ നാടകം "ചെക്കോവ് ഇന്‍ മൈ ലൈഫ്". ലിഡിയ അവിലോവയുടെ ജീവിതകഥയെ ആസ്പദമാക്കിയാണ്. നന്ദികര്‍ നാഷണല്‍ ഫെസ്റ്റിവലിലും ഋത്വിക് അന്തര്‍ദേശീയ നാടകോത്സവത്തിലും അവതരിപ്പിച്ച "ഖയ്ര്‍ സരൂരി ലോഗ്," നാടകത്തിന്റെ ലൈറ്റ് ഡിസൈന്‍ ഞാനായിരുന്നു. അവസാനം നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയുമായി സഹകരിച്ച് സംഘടിപ്പിച്ച തിയറ്റര്‍ വര്‍ക്ഷോപ്പിന്റെ ഡയറക്ടര്‍ ഞാനായിരുന്നു. ബ്രഹ്തിന്റെ "ത്രീ പെനി ഓപ്പെറ"യുടെ രംഗാവിഷ്കാരം "ദോ കോടി കാ ഖേല്‍" പൂര്‍ണമായും എന്റെ രംഗഭാഷ്യവും സംവിധാനവുമായിരുന്നു. ഇന്ത്യന്‍ സമകാലീന രാഷ്ട്രീയവും അഴിമതിയും കശ്മീരും എല്ലാം ഇതില്‍ കടന്നുവരുന്നുണ്ട്. വിവിധ ഫെസ്റ്റിവലുകളില്‍ ഇതവതരിപ്പിച്ചു. കേരളത്തിലെ അന്താരാഷ്ട്ര നാടകോത്സവത്തില്‍ രണ്ടുതവണ അസി. ടെക്നിക്കല്‍ ഡയറക്ടറായി.

? രാജ്യത്തെ ഏറ്റവും പ്രശ്നബാധിതമായ ജയിലാണ് കോത് ബള്‍വാള്‍. അവിടത്തെ അനുഭവം

ജീവിതത്തിലെ മറക്കാനാകാത്ത ഒരനുഭവമാണത്. തിയറ്റര്‍ തെറാപ്പിയിലൂടെ തടവുകാരുടെ മനസ്സിനെ ഉണര്‍ത്തലായിരുന്നു ലക്ഷ്യമിട്ടത്. മുന്നിലെത്തിയത് അഫ്ഗാനില്‍നിന്ന് ഉള്‍പ്പെടെയുള്ള തീവ്രവാദികളും വന്‍ ക്രിമിനലുകളുമടക്കമുള്ളവര്‍. ആദ്യമൊക്കെ പേടിയായിരുന്നു. പതുക്കെ മാറി. ഒരുപാട് മറക്കാനാകാത്ത അനുഭവങ്ങളുണ്ടായി. ഒരു ലോക്കറ്റ് എനിക്ക് സമ്മാനിച്ച ഒരാള്‍. കാരണം, അന്ന് അയാളുടെ സഹോദരിയുടെ വിവാഹമായിരുന്നു. ഇനിയെന്ന് പുറത്തിറങ്ങാനാകുമെന്ന് അയാള്‍ക്കറിയില്ല. എന്നെ സഹോദരിയാണെന്ന് സങ്കല്‍പ്പിച്ചാണ് അയാളെനിക്ക് അതു നല്‍കിയത്.ശില്‍പ്പശാലയുടെ അവസാന ദിവസം 40 തടവുപുള്ളികളും എന്നോടു ചോദിച്ചു. "നിനക്ക് ഭയമുണ്ടായില്ലേ?". സത്യസന്ധമായിത്തന്നെ ഞാന്‍ പറഞ്ഞു. ആദ്യമൊക്കെ ഉണ്ടായിരുന്നു. സത്യത്തില്‍ എല്ലാവരും ഇതോടെ കരയുകയായിരുന്നു. വീണ്ടും വരണം എന്നാവശ്യപ്പെട്ടാണ് എന്നെ യാത്രയയച്ചത്.

? ഒടുവില്‍ വിധവകളെപ്പറ്റി

ആദ്യമേ പറഞ്ഞതുപോലെ അതെന്റെ സ്വപ്ന പദ്ധതിയാണ്. കശ്മീരിലെ വിധവകളെയും അമ്മമാരെയും സഹോദരിമാരെയും തന്നെ അഭിനയിപ്പിക്കണമെന്നാണ് ആഗ്രഹം. നടികളെ കിട്ടും. അത് ഞാനഗ്രഹിക്കുന്നില്ല. പക്ഷേ, സ്ത്രീകള്‍ സംശയത്തോടും ദേഷ്യത്തോടുമാണ് നോക്കി ക്കാണുന്നത്. അവര്‍ക്ക് ജീവിതത്തോടുതന്നെ വെറുപ്പാണ്. മാത്രമല്ല, വിവാഹം കഴിക്കുകയും മക്കളെ നോക്കുകയുമാണ് തങ്ങളുടെ ജീവിതഗതിയെന്ന് വിശ്വസിക്കുന്നവരാണ് കശ്മീരില്‍ ഭൂരിപക്ഷവും. എനിക്കെന്റെ സ്വപ്നം ഉപേക്ഷിക്കാനാകില്ല. എന്റെ നാടകം എന്റെ നാടിന്റെ ജീവിതവും ചിത്രവുമാകണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. എനിക്കുറപ്പാണ് എന്റെ താഴ്വരയില്‍ ഇനിയും പൂക്കള്‍ വിരിയും, മഞ്ഞിന് അതിന്റെ വിശുദ്ധി തിരികെ കിട്ടും. അതിനായി ഞാന്‍ എന്റെ നാടകം കളിക്കും.

*
കെ ഗിരീഷ് ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

ഇഫ്ര മുഷ്താഖ് കാക്കിന്റെ ഫേസ്‌ബുക്ക് പേജ്

Looking at women from a woman’s perspective

No comments: