Thursday, March 28, 2013

റോഡില്‍ ഇനിയും രക്തം ഒഴുകരുത്

ദിവസം ശരാശരി പന്ത്രണ്ടുപേര്‍ കേരളത്തില്‍ റോഡപകടങ്ങളില്‍ കൊല്ലപ്പെടുന്നു. രണ്ടരമാസത്തിനിടെ സംസ്ഥാനത്ത് റോഡപകടങ്ങളില്‍ 830 പേര്‍ മരിച്ചതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞിട്ട് ദിവസങ്ങളേ ആയുള്ളൂ. ഇക്കാലയളവില്‍ റോഡപടങ്ങളില്‍ പരിക്കേറ്റത് 8355 പേര്‍ക്കാണ്. ആകെ ഉണ്ടായ റോഡപകടം 7281. കഴിഞ്ഞ വര്‍ഷം 36,174 അപകടങ്ങളിലായി 4266 പേരും 2011ല്‍ 4145 പേരും 2010ല്‍ 35082 അപകടങ്ങളില്‍ 3950 പേരും അകാലമൃത്യുവിനിരയായി. കേരളത്തിന്റെ നിരത്തുകള്‍ കുരുതിക്കളങ്ങളാകുന്നു എന്ന് തെളിയിക്കുന്ന കണക്കുകളാണിത്.

തിരുവനന്തപുരത്തുനിന്ന് വിനോദയാത്രയ്ക്കു പോയ എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് ഇടുക്കി രാജാക്കാടിനു സമീപം മറിഞ്ഞ് ഏഴു വിദ്യാര്‍ഥികളും ക്ലീനറുമാണ് ദാരുണമായി കൊല്ലപ്പെട്ടത്. വെള്ളനാട് സാരാഭായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ അവസാന വര്‍ഷ ബിടെക് ഇന്‍സ്ട്രുമെന്റേഷന്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. കൊടൈക്കനാലില്‍നിന്ന് മൂന്നാര്‍വഴി തിരുവനന്തപുരത്തേക്ക് മടങ്ങിയ വിനോദയാത്രാ ബസ് തേക്കിന്‍കാനം-കുഞ്ചിത്തണ്ണിറോഡിലെ വളവില്‍നിന്നാണ് 175 അടിയോളം താഴേക്ക് മറിഞ്ഞത്. അപകടകരമായ വളവിനെക്കുറിച്ച് മുന്നറിയിപ്പു നല്‍കുന്ന ഒന്നും തന്നെ ആ റോഡിലില്ല. പൂപ്പാറ റോഡ് അറ്റകുറ്റപ്പണിക്ക് അടച്ചതിനാല്‍ കുറെനാളായി ഇതുവഴിയാണ് മൂന്നാറില്‍നിന്നുള്ള വണ്ടികളാകെ പോകുന്നത്. ഹൈറേഞ്ച് ഡ്രൈവിങ്ങില്‍ പരിചയക്കുറവുള്ളവരും സ്ഥലത്തെക്കുറിച്ച് നിശ്ചയമില്ലാത്തവരും ഇവിടെ കുഴപ്പത്തില്‍പെടാന്‍ സാധ്യത കൂടുതലാണ്. റോഡില്‍ വേണ്ട രീതിയില്‍ ദിശാ സൂചനകളോ അപകട മുന്നറിയിപ്പുകളോ സ്ഥാപിച്ചിട്ടില്ല. ഇത് ഈ റോഡിന്റെമാത്രം കാര്യമല്ല. വിനോദസഞ്ചാരികളെയും വഹിച്ച് നൂറുകണക്കിന് വാഹനങ്ങളാണ് ദിനേന മൂന്നാറിലെത്തുന്നത്. ആഴ്ചകള്‍ക്ക് മുമ്പ് ബംഗളൂരുവില്‍നിന്നെത്തിയ എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ട് റോഡിലേക്ക് മറിഞ്ഞ് 14 പേര്‍ക്ക് പരിക്കേറ്റത് മാട്ടുപ്പെട്ടി കൊരണ്ടിക്കാടിനടുത്താണ്.

അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചും തിരക്ക് കൂടുതല്‍ അനുഭവപ്പെടുന്നിടങ്ങളില്‍ പൊലീസിനെ വിന്യസിച്ചും യാത്രക്കാരെ സഹായിക്കാനുള്ള ബാധ്യതയില്‍നിന്ന് അധികൃതര്‍ ഒഴിഞ്ഞുമാറുന്നതാണ് അപകടനിരക്ക് വര്‍ധിക്കാനുള്ള പ്രധാന കാരണം. റോഡ് സുരക്ഷയെക്കുറിച്ച് വാചകമടിയും പ്രകടനപരമായ നടപടികളും വേണ്ടുവോളമുണ്ട്. ട്രാഫിക് ബ്ലോക്ക് മൂലം വാഹനനീക്കം ദുഷ്കരമായ നഗരനിരത്തില്‍ കാത്തിരുന്ന് സീറ്റ്ബെല്‍റ്റിടാത്തവരെ പിടിച്ച് പിഴ ചുമത്തുന്നതും ഇടവഴികളില്‍ പതിയിരുന്ന് ഹെല്‍മെറ്റ് വേട്ട നടത്തുന്നതും കുടുംബസമേത യാത്രികരെ തടഞ്ഞുനിര്‍ത്തി മദ്യപരിശോധനാ യന്ത്രത്തില്‍ ഊതിപ്പിക്കുന്നതുമാണ് റോഡ് സുരക്ഷയ്ക്കുള്ള അവശ്യകാര്യങ്ങള്‍ എന്ന ധാരണയാണ് സര്‍ക്കാരിന്. അതിനപ്പുറം, ശാസ്ത്രീയമായ സുരക്ഷാ മാര്‍ഗങ്ങള്‍, റോഡുകളിലെ അപകടപ്രതിരോധ സംവിധാനങ്ങള്‍, യുക്തിപൂര്‍ണമായ ട്രാഫിക് നിയന്ത്രണം എന്നിവയൊന്നും പലപ്പോഴും അവരുടെ മുഖ്യ അജന്‍ഡയാകുന്നില്ല.

തലസ്ഥാന നഗരത്തില്‍ സ്ഥാപിച്ച പല ഡിവൈഡറുകളും ട്രാഫിക് വിളക്കുകളും ഗതാഗതക്കുരുക്കിന്റെ കടുപ്പം വര്‍ധിപ്പിക്കുന്നവയാണ്. റോഡുകള്‍ കുരുതിക്കളങ്ങളാകുന്നത് എന്തു വിലകൊടുത്തും അവസാനിപ്പിച്ചേ തീരൂ എന്ന മുന്നറിയിപ്പാണ് മൂന്നാറിലെ അപകടം നല്‍കുന്നത്. പഠനകാലത്തിന്റെ അവസാന നാളുകളില്‍ ഒത്തുചേര്‍ന്നുല്ലസിക്കാന്‍ തീരുമാനിച്ച് യാത്ര പുറപ്പെട്ട ഏഴു കൂട്ടുകാരുടെയും ബസ് ജീവനക്കാരനായ ചെറുപ്പക്കാരന്റെയും പ്രിയരുടെ കണ്ണുനീര്‍, ഇത്തരമൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള താക്കീതായി അധികൃതര്‍ എടുക്കണം. മറ്റേതു വ്യാധിയേക്കാളും മാരകമാണ് റോഡപകടങ്ങള്‍ എന്നു തിരിച്ചറിഞ്ഞ് ചികിത്സ നടത്താന്‍ ബന്ധപ്പെട്ട എല്ലാവരും തയ്യാറാകണം.

*
ദേശാഭിമാനി മുഖപ്രസംഗം 28 മാര്‍ച്ച് 2013

No comments: