Wednesday, March 13, 2013

പറിച്ചുനടല്‍

ഞാറാണെങ്കില്‍ പറിച്ചു നടീടണം
ഞാറ്റുവേലക്കാലമെത്തുമ്പോള്‍.
പെറ്റു വളര്‍ന്ന കുടിവിട്ടു പെണ്ണിനു
മറ്റൊരിടത്തു കുടിവെയ്പ്പ്." (ഒ എന്‍ വി)

വീട്ടില്‍ കല്യാണമുണ്ടാകുന്ന ദിവസങ്ങളാണ് കുട്ടിക്കാലത്ത് എനിക്കു ഏറ്റവും ആഹ്ലാദം പകര്‍ന്നു നല്‍കിയിരുത്. വീടെന്നു വച്ചാല്‍ സ്വന്തം വീടു മാത്രമല്ല അക്കാലത്ത്. ബന്ധുവീടുകളും അയല്‍പക്കവീടുകളുംപെടും. അച്ഛന്റെ വീട്ടില്‍ എന്റെ കുട്ടിക്കാലത്ത് കല്യാണങ്ങളൊന്നും ഉണ്ടായിട്ടില്ല. അമ്മയുടെ വീട്ടില്‍ മൂന്നു ചെറിയമ്മമാരുടെ വിവാഹം നടന്നത് ഓര്‍മയുണ്ട്. കല്യാണത്തോടൊപ്പമുള്ള സന്തോഷം ഏതാണ്ട് ഒരാഴ്ച നീണ്ടുനില്‍ക്കും. കൂടെക്കൂടെയുള്ള വിരുന്നുകാരുടെ വരവ്. പലഹാരങ്ങളുടെ മണം. പല ഘട്ടങ്ങളിലായി പലതരം മണങ്ങളാണ് കല്യാണവീടുകള്‍ക്ക്. തലേന്ന് ഉച്ചയോടെ അച്ചാറിനുള്ള വടുകപ്പുളി നാരങ്ങ മുറിക്കുന്ന മണത്തോടെ അതാരംഭിക്കും. പിന്നെ ഉലുവയും കായവും മല്ലിയും വറ്റല്‍മുളകും വറുത്തു പൊടിക്കുന്ന മണം. അടപ്രഥമന്‍ തിളയ്ക്കുന്ന മണം. പുലര്‍ച്ചയ്ക്ക് പപ്പടംകാച്ചുന്ന മണം. മുല്ലപ്പൂക്കളുടെ മണം. ചെറുനാരങ്ങയുടെ മണം. ചന്ദനത്തിരി കത്തിച്ചു വയ്ക്കുമെങ്കിലും അതിന്റെ ഗന്ധം ഞാന്‍ ഗൗനിച്ചിരുന്നില്ല. അതെന്നെ മരണത്തെ ഓര്‍മിപ്പിക്കും.

ഞങ്ങളുടെ ഗ്രാമത്തില്‍ അക്കാലത്ത് വൈദ്യുതിയില്ല. കല്യാണത്തലേന്ന് ആദ്യമെത്തുന്ന അതിഥി അസാമാന്യ വെളിച്ചം പ്രസരിപ്പിക്കുന്ന പെട്രോള്‍മാക്സാണ്. ഞങ്ങള്‍ പെട്രോള്‍മാഷെന്നു വിളിച്ചിരുന്ന ഒരു സാങ്കേതിക വിദഗ്ധനും കൂടെക്കാണും. അതീവ ചാരുതയോടെ വിളക്കു തുടയ്ക്കുകയും മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയും ഇടയ്ക്ക് താഴെ ഇറക്കിവച്ച് പമ്പുചെയ്യുകയും ചെയ്തിരുന്ന അദ്ദേഹത്തെ ഞങ്ങള്‍ തീവ്രമായി ബഹുമാനിച്ചിരുന്നു. രാത്രികളെ നിര്‍ഭയമായി നേരിടാന്‍ പരിശീലിച്ചത് അന്നത്തെ കല്യാണത്തലേ രാത്രികളിലൂടെയാണ്. അന്ന് ഉറക്കമില്ല. ഒരിടത്ത് വെളിച്ചവും ആളനക്കവും ഉണ്ടല്ലോ എന്ന ബലത്തില്‍ പാടത്തും പറമ്പിലും ഞങ്ങള്‍ മേഞ്ഞു നടക്കും.

കൃഷിക്കാരുടെ വീടുകളാണ് എല്ലാം. വധുവിന്റെ വീടാണെങ്കില്‍പോലും ഇന്നത്തെയത്ര ഉല്‍ക്കണ്ഠകളുടെ അകമ്പടി ഉണ്ടായിരുന്നില്ല അന്ന് വിവാഹങ്ങള്‍ക്ക്. സദ്യവട്ടങ്ങള്‍ക്കുള്ള അരിയും തേങ്ങയും പച്ചക്കറികളും ബന്ധുക്കളും അയല്‍ക്കാരും പരസ്പര സഹായ സഹകരണ വ്യവസ്ഥയില്‍ എത്തിക്കും. പലചരക്കു പീടികയില്‍ കടം പറയാം. തോട്ടത്തില്‍നിന്നു ചെത്തിയെടുത്തു വച്ച പൂവന്‍കായ സമയത്തിന് പഴുത്തുകിട്ടുമോ, പുഴുങ്ങിയ നെല്ലുണക്കാന്‍ നല്ല വെയിലു കിട്ടുമോ തുടങ്ങിയ ചില്ലറ ആശങ്കകള്‍ ഇല്ലാതില്ല. കെട്ടുകഴിഞ്ഞാല്‍ ഉടന്‍ പന്തലിനു പുറത്ത് മരത്തണലില്‍ ഒരു മേശയും കസേരയുമിട്ട് ഒരു വിസ്ഡം നോട്ടുപുസ്തകവുമായി സ്ഥലത്തെ അഭ്യസ്തവിദ്യന്‍ എഴുതാനിരിക്കും. മലബാറിലെ പണപ്പയറ്റുപോലുള്ള ഒരു പരിപാടിയാണത്. പലചരക്കുകടയില്‍ കൊടുക്കാനുള്ള തുക ആ വഴി പിരിഞ്ഞുകിട്ടും. അന്നും സ്വര്‍ണാഭരണങ്ങളുടെ ഇടപാടുണ്ട്. പത്തു പവന്‍ എന്നതാണ് ഒരു ശരാശരി കണക്ക്. അതില്‍ ഏറെ പങ്കും (പരസ്പര സഹായ സഹകരണ) വിവാഹസമ്മാനമായി കിട്ടും. പവന് നൂറു രൂപയുണ്ടായിരുന്ന ഒരു കാലത്തെക്കുറിച്ച് ഈ ലേഖകന് നേരിയ ഒരു ഓര്‍മയുണ്ട്. പക്ഷേ നൂറുപവന്‍ എന്നൊന്നും ഒരാളും പറഞ്ഞു കേട്ടിട്ടില്ല അന്ന്.

അങ്ങനെ "കനകാബരണ വിബൂഷിത" എന്ന് ഉച്ചാരണ വൈകല്യമുള്ള സംസ്കൃതത്തില്‍ പരികര്‍മിയാല്‍ വിശേഷിപ്പിക്കപ്പെടുന്ന വധു കദളിപ്പഴവും ചെറുനാരങ്ങയും നിറച്ച താലവുമായി നമ്രമുഖിയായി കതിര്‍മണ്ഡപത്തിലേക്ക് അടിവച്ച് കയറിവരും. (ആദ്യമായി സാരിയുടുത്തതിന്റെ പരിഭ്രമത്തില്‍.) സങ്കടമുണ്ടാക്കുന്ന ഒരേയൊരു സന്ദര്‍ഭം യാത്രപറച്ചിലിന്റേതാണ്. ഉച്ചയ്ക്ക് സദ്യ കഴിഞ്ഞ് എച്ചിലിലകള്‍ കാക്കകള്‍ കൊത്തി പരത്തുതിന്റെ സമയത്താണത്. അന്നേരം വധു കരയും. കനത്തില്‍ കുട്ടിക്കൂറ പൗഡര്‍ പൂശിയ കവിളിലൂടെ കണ്ണുനീര്‍ ചാലിട്ടൊഴുകും. വാടിയ മുല്ലപ്പൂവിനൊപ്പം ഒന്നോ രണ്ടോ തുള്ളികള്‍ നിലത്തു വീഴും. വധുവിന്റെ അമ്മ കരയും. അച്ഛനും കരയും. പുത്തന്‍കുട നിവര്‍ത്തിക്കൊടുക്കുമ്പോള്‍ (വെയിലും മഴയും ഇല്ലെങ്കിലും) സഹോദരനും കരയും. അയല്‍പക്കക്കാരും കരയും. എന്തിനെന്നറിയാതെ അന്നൊക്കെ ഞാനും കരയാറുണ്ട്. ഈ കരച്ചില്‍ വിവാഹത്തിന്റെ ഒരു ചടങ്ങാണോ എന്ന് ഞാന്‍ ശങ്കിച്ചിരുന്നു. പിന്നെ മനസ്സിലായി അതു ചടങ്ങല്ല. വേര്‍പിരിയലിന്റെ സങ്കടമാണ്. വീടുവിട്ടു പോകുന്നതിന്റെ സങ്കടം. വേരുകള്‍ പൊട്ടുമ്പോള്‍ ഏതു മരവും കരയും.

ഞങ്ങള്‍ പഴയ കൊച്ചിയിലെ മക്കത്തായ വഴിക്കാരിലെ സ്ത്രീകള്‍ക്ക് വിവാഹശേഷം പിറന്നു വളര്‍ന്ന വീട് ഇടക്കെപ്പോഴെങ്കിലും ഒന്നു വിരുന്നു വരാനുള്ള ഒരിടം മാത്രമാണ്. വിവാഹത്തിന്റെ ആദ്യനാളുകളില്‍ ഭര്‍ത്താവിനൊപ്പം വരുമ്പോള്‍ ഊഷ്മളമായ സ്വീകരണമായിരിക്കും. നാടന്‍കോഴിയെ മുറിക്കുന്നതിന്റെയും മസാല അരയ്ക്കുന്നതിന്റെയും മണമായിരിക്കും അന്ന് അടുക്കളയ്ക്ക്. പിന്നീട് സ്വീകരിക്കാന്‍ നില്‍ക്കുന്ന മുഖങ്ങളും മനസ്സുകളും തണുത്തുറയും. ബാല്യവും കൗമാരവും യൗവനത്തിന്റെ ആദ്യകാലങ്ങളും ചെലവഴിച്ച വീടാണ് ഏതൊരാളുടെയും യഥാര്‍ഥ വീട്. (പിന്നെയെല്ലാം ഇടത്താവളങ്ങളാണ്.) ജീവിതം ഉരുവം കൊണ്ടതിവിടെയാണ്. ഒരുപാട് സ്വപ്നങ്ങളുടെ നിക്ഷേപമുണ്ട് അവിടെ. കൗതുകങ്ങളുടെയും ആദ്യകാല പ്രണയാഭിലാഷങ്ങളുടെയും രംഗവേദി. ജീവിതത്തെ, ലോകത്തെ, പ്രപഞ്ചത്തെയാകെ അതിരറ്റു സ്നേഹിച്ചിരുന്ന ഒരു കാലത്തിന്റെ നെടുവീര്‍പ്പുകള്‍ തങ്ങിനില്‍ക്കുന്ന ഇടം.

തന്നോടൊപ്പം വേവലാതികള്‍ പങ്കുവച്ച തൊടിയിലെ മരങ്ങള്‍. തളിര്‍ത്തു നില്‍ക്കുന്ന വേലികള്‍. മുറ്റത്ത് കാത്തിരുന്ന കിളികള്‍. ("പേച്ചറിയാവുന്നവര്‍ നിങ്ങള്‍ തമ്മില്‍") അരുമയോടെ സ്നേഹസ്പര്‍ശം നല്‍കിയ മണ്ണ്. സാന്ത്വനം പകര്‍ന്ന ഇളംകാറ്റ്. എല്ലാം അവിടെയാണ്. അതുപേക്ഷിച്ചിട്ടാണ് അവള്‍ പോകുന്നത്. മറ്റൊരു ലോകം കാത്തിരിക്കുന്നുണ്ടെങ്കിലും - അതിനെക്കുറിച്ച് ഒരു രൂപവുമില്ല - വിട്ടുപോകുന്നതിന്റെ സങ്കടം പോലെയൊരു സങ്കടം വേറെയില്ല. നമ്മുടെ സാമൂഹ്യ സാമുദായിക വ്യവസ്ഥ നിലനില്‍ക്കുന്നതിന് സ്ത്രീയുടെ ഒരുപാട് കണ്ണീര് ആവശ്യമുണ്ട്.

*
അശോകന്‍ ചരുവില്‍ ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

No comments: