ലോകത്ത് ഏറ്റവും അടിച്ചമര്‍ത്തപ്പെടുന്ന ജനതക്കായുള്ള രക്തസാക്ഷിത്വത്തിന്റെ പത്താംവാര്‍ഷികത്തിലും റേച്ചല്‍ കോറി അത്രയൊന്നും അറിയപ്പെടാത്ത വ്യക്തിത്വമാണ്. വിദ്യാസമ്പന്നരായ അമേരിക്കന്‍ ജനതയില്‍ ഭൂരിപക്ഷത്തിനും ഇങ്ങനൊയൊരു പേരുപോലും അറിയില്ല. കൈയൂക്കുള്ളവന്‍ ചമയ്ക്കുന്ന ചരിത്രപുസ്തകത്തില്‍ അവളുടെ പേര് ആരോ തന്ത്രപൂര്‍വം മറച്ചുവച്ചിരിക്കുന്നു.
2003 മാര്‍ച്ച് 16
ഗാസ ചീന്തിലെ റാഫയില്‍ പാലസ്തീന്‍ അഭയാര്‍ഥി മേഖല. പതിറ്റാണ്ടുകളായി തുടരുന്ന ക്രൂരതയുടെ ഭീകര ഫണമുയര്‍ത്തി ഇസ്രയേലി ബുള്‍ഡോസറുകള്‍ പതിവുപോലെ ഇരമ്പിയെത്തുന്നു. മേഖലയില്‍ ശേഷിക്കുന്ന പലസ്തീന്‍ കെട്ടിടങ്ങള്‍കൂടി തകര്‍ത്തു തരിപ്പണമാക്കുന്നതിലെ ആവേശം ഇസ്രയേലി സൈനികരുടെ വാക്കിലും നോക്കിലും. വിഫലമെങ്കിലും പ്രതിഷേധമല്ലാതെ പോംവഴിയില്ലാത്ത നൂറുകണക്കിന് മനുഷ്യജന്മങ്ങള്‍ പ്രതിരോധത്തിന്റെ ശബ്ദമുയര്‍ത്തി അവയ്ക്കുമുന്നില്‍. സ്വന്തം ഭരണാധികാരികളുടെ ആശിര്‍വാദത്തോടെ നടക്കുന്ന കൊടുംക്രൂരതയില്‍ മനസു തകര്‍ന്ന് ഒരു ഇരുപത്തിമൂന്നുകാരിയുടെ ഉറച്ച വാക്കുകള്‍ അവിടെ ഉയര്‍ന്നുകേട്ടു. "ഞാനും ഒരു അമേരിക്കക്കാരിയാണ്. നിങ്ങള്‍ കാട്ടുന്നത് നീതുകേടാണ്. ഈ കാടത്തത്തില്‍നിന്ന് പിന്മാറണം. ഈ പാവങ്ങളെ ജീവിക്കാന്‍ അനുവദിക്കണം. ഇത് അവരുടെ മണ്ണാണ്.."- റേച്ചല്‍ കോറിയെന്ന മനുഷ്യാവകാശ പ്രവര്‍ത്തക കൈവശമുണ്ടായിരുന്ന മെഗാഫോണിലൂടെ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. ഒരു മണിക്കൂറോളം വാക്കുകള്‍ കൊണ്ടുള്ള ഏറ്റുമുട്ടല്‍ തുടര്‍ന്നു. ഏതാനും ദിവസങ്ങളായി മേഖലയിലെ പലസ്തീന്‍ വീടുകള്‍ ഇടിച്ചുനിരത്തുകയായിരുന്ന ഇസ്രയേലി സൈനികര്‍ക്ക് റേച്ചലിന്റെ ചെറുത്തുനില്‍പ്പ് അസഹനീയമായി. പലവട്ടം ആവശ്യപ്പെട്ടിട്ടും അവള്‍ പിന്മാറിയില്ല. ഒടുവില്‍ ഭീഷണിയായി. ഒട്ടും കുലുങ്ങാതെ സയണിസ്റ്റ് ഭീകരതക്കുമുന്നില്‍ ഒറ്റയാള്‍പട്ടാളമായി നിന്ന റേച്ചലിന്റെ മുന്നിലേക്ക് ബുള്‍ഡോസര്‍ തകര്‍ത്ത കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ കോരിയിട്ടു. അവളുടെ ദേഹത്തേക്ക് മണ്ണും മണലുമിട്ടു. ആ കൂമ്പാരത്തിനു മുകളില്‍ കയറിനിന്നും അവള്‍ പൊരുതി. കുസൃതിച്ചിരി മായാത്ത കുരുന്നുകളെപ്പോലും എണ്ണമെടുക്കാതെ കൊന്നുതള്ളിയ സയണിസ്റ്റ് ബുള്‍ഡോസറിന് സഹതാപത്തിന്റെയോ വിവേചനത്തിന്റെയോ വികാരമുണ്ടാകുമെന്ന് അവള്‍ തെറ്റിദ്ധരിച്ചിട്ടുണ്ടാകുമോ.
സമയം 4.45
അമേരിക്കന്‍ നിര്‍മിത ഡി-9 കാറ്റര്‍പില്ലര്‍ ബുള്‍ഡോസര്‍ മുന്നോട്ടുതന്നെ വന്നു. റേച്ചല്‍ പിന്‍മാറിയില്ല. അവളുടെ ഉറച്ച മനസിനുമുന്നില്‍ ഒരു നിമിഷം നിര്‍ത്തിയശേഷം ഡ്രൈവര്‍ വാഹനം ഓടിച്ചുകയറ്റി. തറയില്‍ താഴ്ന്നെത്തിയ ബുള്‍ഡോസറിന്റെ ബ്ലേഡുകള്‍ ഇരയെ കൊല്ലാനുറച്ചുതന്നെ. റേച്ചലിന്റെ കൈകാലുകളും നട്ടെല്ലും പൊട്ടിത്തകര്‍ന്നു. ഒരു പാഴ്ച്ചെടിയെ ചവിട്ടിത്താഴ്ത്തുന്ന ലാഘവത്തോടെ ആ വാഹനം അവള്‍ക്കുമുകളിലൂടെ കയറിയിറങ്ങി. ഒന്നു നിന്നശേഷം വീണ്ടും പിന്നോട്ടെടുത്തു. മണ്ണില്‍ പുതഞ്ഞുപോയ ആ പെണ്‍ശരീരം സഹപ്രവര്‍ത്തകര്‍ വാരിയെടുത്തു.
സമയം 5.05
റാഫയിലെ നജ്ജാര്‍ ആശുപത്രിയുടെ എമര്‍ജന്‍സി വിഭാഗത്തില്‍ ജീവച്ഛവമായി റേച്ചല്‍ കോറി. ശരീരം തകര്‍ന്നുപോയെങ്കിലും തോല്‍ക്കാത്ത മനസിന്റെ പ്രതീകമായി അവളുടെ ചുണ്ടുകള്‍ അപ്പോഴും ചലിച്ചിരുന്നു. എക്കാലവും ദുരിതത്തില്‍ തകര്‍ന്നടിയാന്‍ വിധിക്കപ്പെട്ട പലസ്തീനുവേണ്ടിയുള്ള വിതുമ്പല്‍. ഇസ്രയേലിന്റെ ക്രൂരതകള്‍ക്ക് കുടപിടിക്കുന്ന അമേരിക്കന്‍ ധാര്‍ഷ്ട്യത്തിന് ഒരു അമേരിക്കക്കാരിയുടെ മാപ്പപേക്ഷ. 5.20 ഓടെ ആ ശരീരത്തിലെ അവസാന വിങ്ങലും നിലച്ചു. ഡോ. അലി മൂസ ചികിത്സാറിക്കോര്‍ഡില്‍ എഴുതി: ""തലയോട്ടിയും നെഞ്ചും തകര്‍ത്ത ക്ഷതങ്ങളാണ് മരണകാരണം.""
2012 ഓഗസ്റ്റ് 28
മകളുടെ മരണത്തിന് ഉത്തരവാദികളെ ശിക്ഷിക്കാന്‍ മാതാപിതാക്കള്‍ നടത്തിയ നിയമപോരാട്ടത്തിനൊടുവില്‍ ഇസ്രയേലി വിചാരണക്കോടതിയുടെ വിധി വന്നു: ""റേച്ചലിന്റെ മരണത്തിന് ഒരു ഇസ്രയേലി സൈനികനും ഉത്തരവാദിയല്ല. ഒഴിവാക്കാമായിരുന്ന ദുരന്തമായിരുന്നു അത്. ഇര തന്നെയാണ് സ്വന്തം മരണത്തിന് ഉത്തരവാദി"". പ്രതീകാത്മകമായും പ്രതിഷേധസൂചകമായും വെറും ഒരു ഡോളര്‍ മാത്രം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് റേച്ചലിന്റെ മാതാപിതാക്കള്‍ കോടതിയില്‍ കേസ് ഫയല്‍ചെയ്തത്. എന്നാല്‍, നഷ്ടപരിഹാരത്തിന് കുടുംബം ഉത്തരവാദിയല്ലെന്ന് ജഡ്ജി ഓദദ് ഗര്‍ഷോണ്‍ വ്യക്തമാക്കി. നിരപരാധികളെ കൊന്നുതള്ളിയ തങ്ങളുടെ സൈനികരെ വെള്ളപൂശിയ ഇസ്രയേലിന്റെ അന്വേഷണ റിപ്പോര്‍ട്ട് തന്നെ ജഡ്ജിയും ആവര്‍ത്തിച്ചപ്പോള്‍ വെളിപ്പെട്ടത് മാന്യതയില്ലാത്ത നീതിപീഠത്തിന്റെ മുഖമാണ്. "ഇതാരു മോശം ദിവസമാണ്, എന്റെ കുടുംബത്തിന് മാത്രമല്ല മനുഷ്യകുലത്തിനുതന്നെ. ലോകത്തെ നീതിവ്യവസ്ഥക്കും ഇസ്രയേല്‍ എന്ന രാജ്യത്തിനും ഇത് നാണക്കേടാണ്"- വിധിക്കുശേഷം റേച്ചലിന്റെ അമ്മ സിന്‍ഡി കോറി പ്രതികരിച്ചു. റേച്ചലിനെ കാണാതെയാണ് ബുള്‍ഡോസര്‍ മുന്നോട്ടെടുത്തതെന്ന സൈന്യത്തിന്റെ വാദം യുക്തിഹീനമാണെന്ന് മുന്‍ സൈനികന്‍ കൂടിയായ റേച്ചലിന്റെ പിതാവ് ക്രെയ്ഗ് കോറിയും സമര്‍ഥിക്കുന്നു. റേച്ചലിനെ ബോധപൂര്‍വം കൊന്നുതള്ളുകയായിരുന്നെന്ന് ചിത്രങ്ങളും ദൃക്സാക്ഷികളുടെ വിവരണങ്ങളും സംശയാതീതമായി വെളിപ്പെടുത്തിരുന്നു.
ചരിത്ര ഗ്രന്ഥങ്ങളില്‍ നിന്ന് അകലെ
ലോകത്ത് ഏറ്റവും അടിച്ചമര്‍ത്തപ്പെടുന്ന ജനതക്കായുള്ള രക്തസാക്ഷിത്വത്തിന്റെ പത്താംവാര്‍ഷികത്തിലും റേച്ചല്‍ കോറി അത്രയൊന്നും അറിയപ്പെടാത്ത വ്യക്തിത്വമാണ്. വിദ്യാസമ്പന്നരായ അമേരിക്കന്‍ ജനതയില്‍ ഭൂരിപക്ഷത്തിനും ഇങ്ങനൊയൊരു പേരുപോലും അറിയില്ല. കൈയൂക്കുള്ളവന്‍ ചമയ്ക്കുന്ന ചരിത്രപുസ്തകത്തില്‍ അവളുടെ പേര് ആരോ തന്ത്രപൂര്‍വം മറച്ചുവച്ചിരിക്കുന്നു. സാമ്രാജ്യത്വ-അധിനിവേശ താല്‍പ്പര്യങ്ങള്‍ക്കായി സ്വന്തം ജനതയോടുപോലും അമേരിക്ക കാട്ടുന്ന ദാക്ഷിണ്യമില്ലായ്മയുടെയും നീതികേടിന്റെയും ഇര. റേച്ചലിനെ അംഗീകരിക്കാനോ കുടുംബത്തിന് പേരിനെങ്കിലും നഷ്ടപരിഹാരം നല്‍കാനോ മനുഷ്യാവകാശത്തിന്റെ വീമ്പുപറയുന്ന അമേരിക്ക തയ്യാറായില്ല. അമേരിക്കയുടെ രേഖകളിലൊന്നും റേച്ചല്‍ കോറിയെന്ന പേരില്ല. ഭരണകൂടത്തിന്റെ വ്യാഖ്യാനങ്ങള്‍ മാത്രം വാര്‍ത്തകളാക്കുന്ന പുത്തന്‍ മാധ്യമകോലാഹലങ്ങളിലും അവളില്ല. ചിലരുടെയെങ്കിലും അടക്കംപറയലുകളില്‍ അധികാരത്തിന്റെ ഇടനാഴികളെ അലോസരപ്പെടുത്തുന്ന നിഴലായി മാത്രം ആ സാന്നിദ്ധ്യമുണ്ട്. തങ്ങളുടെ നയങ്ങളെ എതിര്‍ത്തതിന്റെ പേരില്‍ സ്വന്തം പൗരന് ഇതാണ് അവസ്ഥയെങ്കില്‍ മറ്റുള്ളവരുടെ അവസ്ഥ എന്തായിരിക്കും. പലസ്തീന്‍ ജനതയുടെ ശബ്ദം എങ്ങനെ ഉയര്‍ന്നുകേള്‍ക്കാനാണ്? ഒരിക്കലും വായിക്കപ്പെടാത്ത ഡയറിക്കുറിപ്പുകള്‍ എഴുതിയ എത്രയോ റേച്ചല്‍മാര്‍ പലസ്തീനിലുണ്ടാകും.
ശരിയായ "ധിക്കാരി"
സ്വന്തം ശരികളെ ആരുടെ മുന്നിലും തുറന്നുപറയുന്ന "ധിക്കാരി"യായിരുന്നു റേച്ചല്‍. കോളേജ് വിദ്യാര്‍ഥിയായരിക്കേ ഇന്റര്‍നാഷണല്‍ സോളിഡാരിറ്റി മൂവ്മെന്റിലെ മറ്റ് അംഗങ്ങള്‍ക്കൊപ്പമാണ് അവര്‍ ഗാസയിലെത്തിയത്. പലസ്തീന്റെ ജീവിതവും ചരിത്രവും സംസ്കാരവും നിര്‍ദാക്ഷിണ്യം തകര്‍ത്തെറിയുന്ന ഇസ്രയേലിന്റെ ചെയ്തികള്‍ അവളില്‍ അരിശമുണര്‍ത്തി. ആകാശത്ത് തീതുപ്പാന്‍ വിമാനങ്ങളെത്തുമ്പോള്‍ ഒളിക്കാന്‍ ഇടംതേടി നിലവിളിച്ചോടുന്ന ബാല്യങ്ങളുടെ ദൈന്യമുഖം അവളെ നൊമ്പരപ്പെടുത്തി. ശബ്ദിക്കാന്‍ പോലും അവകാശമില്ലാത്ത ഇരകള്‍ക്കുവേണ്ടി ഒച്ചയെടുത്ത റേച്ചല്‍ അമേരിക്ക-ഇസ്രയേല്‍ സഖ്യത്തിന്റെ പശ്ചിമേഷ്യന്‍ നയത്തിന്റെ എതിര്‍പക്ഷത്തായെന്നത് സ്വാഭാവികം. അമേരിക്കന്‍ പിന്തുണയോടെ ഇസ്രയേല്‍ നടത്തുന്ന മനുഷ്യാവകാശലംഘനങ്ങള്‍ റേച്ചല്‍ നേരിട്ടറിഞ്ഞു. തന്റെ ഡയറിയില്‍ അവ കുറിച്ചിട്ടു. വീട്ടിലേക്കുള്ള കത്തുകളിലും അമ്മയ്ക്കും അച്ഛനും അയക്കുന്ന ഇ-മെയിലുകളിലും പലസ്തീന്റെ നൊമ്പരം നിറഞ്ഞുനിന്നു. തകര്‍ന്നടിച്ച സ്വപ്നങ്ങളുടെ കൂമ്പാരങ്ങള്‍ക്കിടയില്‍ കുടിവെള്ളംപോലുമില്ലാതെ തൊണ്ടപൊള്ളുന്ന ജനങ്ങളെ ആക്രമണങ്ങളും അധിനിവേശങ്ങളും നടത്തി വീണ്ടും കൊല്ലാക്കൊല ചെയ്യുന്ന സയണിസ്റ്റ് ക്രൂരത. അവള്‍ക്ക് പൊരുതാതെ കഴിയില്ലായിരുന്നു. മകള്‍ക്ക് ബുള്‍ഡോസറിന് മുന്നില്‍നിന്ന് മാറാന്‍ കഴിയാത്തതില്‍ ദുഃഖമില്ലേയെന്ന ചോദ്യത്തിന് റേച്ചലിന്റെ അമ്മയുടെ മറുപടി ഇങ്ങനെ: "അവിടെ ഉണ്ടായിരുന്നെങ്കില്‍ ഞങ്ങളും അവള്‍ക്കൊപ്പം നിന്നേനെ". റേച്ചലിനെ സ്വന്തം രാജ്യം ഓര്‍ക്കുന്നില്ലെങ്കിലും പലസ്തീന്‍ മറന്നിട്ടില്ല. തങ്ങള്‍ക്കുവേണ്ടി രക്തസാക്ഷിയായ അവളുടെ ഓര്‍മക്കായി എല്ലാവര്‍ഷവും ഗാസയിലെ ഫുട്ബോള്‍ പ്രേമികള്‍ സോക്കര്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാറുണ്ട്. ഇസ്രയേലി ഷെല്‍ വര്‍ഷത്തില്‍ തകര്‍ന്ന മൈതാനത്തിന്റെ കോണ്‍ക്രീറ്റ് ചുമരില്‍ വായിക്കാം- "റേച്ചല്‍ കോറി: പലസ്തീന്‍ ജനത അവരുടെ മഹത്തായ സുഹൃത്തുക്കളെ ഒരിക്കലും മറക്കാറില്ല". അതെ, നിങ്ങള്‍ക്ക് ഒരു റേച്ചല്‍കോറിയെ ബുള്‍ഡോസര്‍ കയറ്റി കൊല്ലാം. പക്ഷെ, അവര്‍ തൊടുത്തുവിട്ട ആവേശം തുളുമ്പുന്ന സമര സ്മരണകളെയും പ്രചോദനങ്ങളെയും എത്ര ബുള്‍ഡോസര്‍ കൊണ്ട് ഇല്ലാതാക്കാനാകും?
ഞാന്‍ തനിച്ചു നിന്നോട്ടെ
അനുഗ്രഹീതയായ എഴുത്തുകാരിയും പ്രാസംഗികയുമായിരുന്നു റേച്ചല്‍ കോറി. പലസ്തീനില്‍നിന്ന് അവള്‍ വീട്ടിലേക്കും സുഹൃത്തുക്കള്‍ക്കും അയച്ച ഇ-മെയില്‍ സന്ദേശങ്ങള്‍ സാമ്രാജ്യത്വ ഭീകരതക്കെതിരായ കാമ്പുള്ള ലേഖനങ്ങളായിരുന്നു. ആ ഹൃദയത്തില്‍നിന്ന് ഉരുകിയൊലിച്ച തീഷ്ണമായ വാക്കുകള്‍ മനോഹരമായ കവിതകളായി. റേച്ചലിന്റെ മെയിലുകളും ഡയറിക്കുറിപ്പുകളും കവിതകളും സമാഹരിച്ച് പുറത്തിറങ്ങിയ പുസ്തകമാണ് "ലെറ്റ് മീ സ്റ്റാന്‍ഡ് എലോണ്‍". "മൈ നെയിം ഇസ് റേച്ചല്‍ കോറി" എന്ന പേരില്‍ നാടകവും രംഗത്തെത്തി. റിക്മാന്‍ സംവിധാനംചെയ്ത നാടകം ലണ്ടനിലെ റോയല്‍ കോര്‍ട്ട് തിയറ്ററില്‍ 2005 ഏപ്രിലിലാണ് ആദ്യമായി കളിച്ചത്. തുടര്‍ന്ന് ഇസ്രയേലിലും പലസ്തീനിലും അമേരിക്കയിലുമടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയിരക്കണക്കിന് വേദികളില്‍ റേച്ചല്‍ കോറി പുനരവതരിച്ചു. ഭരണാധികാരികളുടെ ഇടപെടലിനെ തുടര്‍ന്ന് പലവട്ടം നാടകാവതരണം തടസ്സപ്പെട്ടു. റേച്ചല്‍ കോറി ഫൗണ്ടേഷന്‍ ഫോര്‍ പീസ് ആന്‍ഡ് ജസ്റ്റിസ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ റേച്ചലിന്റെ സ്വപ്നങ്ങള്‍ക്കായി പ്രവര്‍ത്തനം സജീവമാണ്. യുദ്ധത്തിനും അധിനിവേശത്തിനുമെതിരെ മാനവരാശിയുടെ ഐക്യത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ റേച്ചലിന്റെ മാതാപിതാക്കളും പങ്കാളികളാണ്.
""എനിക്ക് പിക്കാസോയോ ക്രിസ്തുവോ ആകാന്‍ കഴിയില്ല.
ഈ ഗ്രഹത്തെ ഒറ്റയ്ക്ക് രക്ഷിക്കാനുമാകില്ല.
പക്ഷേ, എനിക്ക് പാത്രങ്ങള്‍ കഴുകാന്‍ കഴിയും.
നമ്മള്‍ തിരിച്ചറിയണം-
നമ്മുടെ സ്വപ്നങ്ങളാണ് അവരും കാണുന്നത്,
അവരുടെ സ്വപ്നങ്ങള്‍ നമ്മളും"" -റേച്ചല്‍ കോറി
*
വിജേഷ് ചൂടല്‍ ദേശാഭിമാനി

No comments:
Post a Comment