പന്തങ്ങള്‍, മലതുരക്കല്‍, ജലസേചനം, സര്‍പ്പക്കാട് മുലായ കവിതകളുടെ രചയിതാവുതന്നെയാണ് സഹ്യന്റെ മകന്‍, വളര്‍ത്തുമകള്‍, മൃതസഞ്ജീവനി മുതലായ രചനകളുടെയും കര്‍ത്താവ്. ശാസ്‌ത്രജ്ഞാനത്തിലൂടെയും സാങ്കേതികശാസ്‌ത്രപുരോഗതിയിലൂടെയും പ്രകൃതിയുടെ മേല്‍ ആധിപത്യം സ്ഥാപിച്ച് വ്യാവസായികസംസ്‌ക്കാരം പടുത്തുയര്‍ത്തി പുത്തന്‍ നാഗരികത വളര്‍ത്തുന്ന മര്‍ത്ത്യന്റെ അജയ്യത വാഴ്ത്തപ്പെടണം എന്ന സമീപനം ഒരുവശത്ത് കാട്, പുഴ, വന്യജീവികള്‍ വൃക്ഷസസ്യാദികള്‍, ആവാസവ്യവസ്ഥ, ജീവജാലങ്ങള്‍ മുതലായവയെ നശിപ്പിച്ച് സമസ്‌തഭൂവിഭവങ്ങളും കയ്യടക്കുകയെന്ന മനുഷ്യകേന്ദ്രിത ജീവിതവീക്ഷണത്തെ തീവ്രമായി നിഷേധിക്കുന്ന സമീപനം മറ്റൊരു വശത്ത് - വൈലോപ്പിള്ളിയുടെ കവിതാസമുച്ചയത്തില്‍ ഇവയുടെ സാന്നിധ്യം സന്ദര്‍ഭോചിതമായി തെളിഞ്ഞു കത്തിജ്വലിക്കാറുണ്ട്.
ഇതൊരു വൈരുധ്യമല്ല. ബാഹ്യവും ആന്തരവുമായ ചക്ഷുസ്സുകള്‍ ഒരേസമയം തുറന്നിരിക്കുന്ന കവിയുടെ കാലത്തോടും പരിതോവസ്ഥകളോടുമുള്ള സത്യസന്ധമായ പ്രതികരണത്തിന്റെ തേജോമണ്ഡലമാണ്. മാനവമോചനമാര്‍ഗത്തില്‍ ഹിംസാഹിംസകള്‍ക്കുള്ള പങ്കിനെ സംബന്ധിച്ചും, ഇതുപോലെ, വിരുദ്ധമെന്നു തോന്നിക്കുന്നവയെങ്കിലും, അന്തഃസത്യദീപ്‌തമായ വിരുദ്ധമല്ലാത്ത ആത്മാര്‍ഥപ്രതികരണങ്ങളുണ്ട്. അഹിംസാമാര്‍ഗത്തിലൂടെ സമത്വവ്യവസ്ഥിതിയിലേക്കുള്ള മാനവമോചനം സാധ്യമാവുമെന്ന ഉജ്വലനിമേഷ സ്വപ്‌നം ഒരുവശത്ത്; അതിനെ വിഡ്ഢിസ്വപ്‌നമാക്കി മാറ്റുന്ന ആസുരശക്തികളെ ഉന്മൂലനം ചെയ്യുന്ന ഹിംസാമാര്‍ഗമല്ലാതെ പോംവഴിയില്ലെന്ന അവബോധം മറുവശത്ത്. ഈദൃശ സംഘര്‍ഷങ്ങള്‍ കോളുകൊണ്ട അന്തരംഗത്തില്‍ അവിരാമം നടന്ന മഥനക്രിയയുടെ ഉല്‍പന്നങ്ങളായ അമൃതകമ്പളങ്ങളായിരുന്നു അദ്ദേഹത്തിന്റെ മികച്ച കവിതകളെല്ലാം. ആഴത്തില്‍ക്കൊണ്ട വേദനകളെയാണ് അദ്ദേഹം അവയില്‍ കടഞ്ഞെടുത്തുവച്ചത്.
ശാസ്‌ത്രീയാവബോധത്തിന്റെ കവി എന്ന് ആദ്യകാലത്ത് അദ്ദേഹം പ്രകീര്‍ത്തിക്കപ്പെട്ടത് ഒരു കാഴ്‌ചക്കേടായിരുന്നു എന്ന് ഇപ്പോള്‍ ചിലര്‍ പറഞ്ഞുതുടങ്ങിയിട്ടുണ്ട്. അപ്രകാരം നിരീക്ഷിച്ചതില്‍ അന്നും ഇന്നും തെറ്റൊന്നുമില്ല. ശാസ്‌ത്രീയജീവിതവീക്ഷണം അദ്ദേഹത്തിനുണ്ടായിരുന്നു. അതിന്റെ ഭാഗമായിരുന്നു പ്രകൃതിയെ (മനുഷ്യപ്രകൃതി, ബാഹ്യപ്രകൃതി, പ്രാകൃതജനതതി ജീവിവര്‍ഗം) ധിക്കരിക്കുന്നതിലെ അശാസ്‌ത്രീയതയെക്കുറിച്ചുള്ള അവബോധം. രണ്ടും രചനകളിലുണ്ടായിരുന്നതിന്നുനേരെ അക്കാലത്തെ സാഹിത്യചിന്തകര്‍ അന്ധത പുലര്‍ത്തുകയുണ്ടായിട്ടില്ല. ശാസ്‌ത്രീയ ജ്ഞാനത്തിന്റെ പന്തങ്ങള്‍,
“കാടും പടലും വെണ്ണീറാക്കി -
ക്കനകക്കതിരിനു വളമേകി
കഠിനമിരുമ്പുകുഴമ്പാക്കിപ്പല -
കരുനിരവാര്‍ത്തു പണിക്കേകി
അറിവിന്‍ തിരികള്‍ കൊളുത്തി
ക്കലകള്‍ക്കാവേശത്തിന്‍ ചൂടേകി
മാലോടിഴയും മര്‍ത്ത്യാത്മാവിനു
മേലോട്ടുയരാന്‍ ചിറകേകി”
... അങ്ങനെ മര്‍ത്ത്യപുരോഗമനക്കൊടി പാറിച്ചവയാണ് എന്നദ്ദേഹം വാഴ്ത്തി.
"കാരിരുമ്പിനും കല്ലിനും മീതേ
നീറിനില്‍പീലേ പൌരുഷനാളം?''
എന്ന് ചോദിക്കാന്‍ വ്യാവസായികപുരോഗതിയില്‍ വിശ്വസിക്കുന്ന നവയുഗ യുവചൈതന്യത്തിന്നു നാവു നല്‍കി (മലതുരക്കല്‍) "നീറുന്ന ഉര്‍വിയുടെ ജീവനും കൊണ്ടുപോയ് വെറുമുപ്പില്‍ കലക്കാന്‍ അനുവദിക്കാതെ കാളിന്ദിയില്‍ ഒരു ജലസേചന പദ്ധതി ഉല്‍ഘാടനം ചെയ്യാന്‍ ബലരാമന്റെ കലപ്പയെ ഉപകരണമാക്കിച്ചു. (ജലസേചനം).
"അന്ധതയില്‍ കുടിവെച്ചുപെരുത്തൊരു ദേവതമാരേ! നിങ്ങടെ പടലാല്‍
നൊന്തുഞരങ്ങീ മാനവജീവിതമഗ്നികൊളുത്തുകയായീ ഞങ്ങള്‍!''
എന്ന് നാഗദേവതമാരെ വെല്ലുവിളിച്ചുകൊണ്ട് 'പാമ്പിന്‍കാവ് ' വെട്ടിയെരിയിക്കാന്‍ മനുഷ്യനേന്തിയ തീപ്പന്തമായി കവിതയെ ജ്വലിപ്പിച്ചു. ശാസ്‌ത്രത്തിന്റെ ജൈത്രയാത്രയിലാമോദിച്ച് ആഘോഷിക്കാന്‍ സന്നദ്ധമായ ഒരു ചേതസ്സ് ഇവയ്‌ക്കുപിന്നില്‍ പ്രവര്‍ത്തിക്കുന്നുവെന്ന വസ്‌തുത ആര്‍ക്കും നിഷേധിക്കാനാവില്ല. എന്നാല്‍ ഈ വ്യാവസായിക പുരോഗതി എപ്പോഴാണോ വസുന്ധരയ്‌ക്കും അവളുടെ മനുഷ്യേതരങ്ങളായ അരുമക്കിടാങ്ങള്‍ക്കും മനുഷ്യത്വത്തിനും കഴുത്തറുപ്പന്‍ കോടാലിയാവുന്നത് അപ്പോള്‍ അതിനെ വാക്കിന്റെ ഊക്കുകൊണ്ടു തട്ടിത്തെറിപ്പിക്കാനും കവി സന്നദ്ധനായി. ഇതു ശാസ്‌ത്രീയജീവിതവീക്ഷണത്തെ വാഴ്ത്തുന്ന നിലപാടിനെ നിഷേധിക്കലല്ല. അതിനു പരിധി നിശ്ചയിക്കലാണ്.
പഴയ തറവാടുകളില്‍ പറമ്പുകളിലൊരു പാമ്പിന്‍കാവും കുളവും ഉണ്ടായിരുന്നതിനു പിന്നിലുള്ള ശാസ്‌ത്രീയജീവിതസംവിധാനത്തെയല്ല അതിനൊപ്പമുള്ള അന്ധവിശ്വാസങ്ങളെയാണ് ചുട്ടെരിച്ചേ ഇരിക്കൂ എന്ന നിര്‍ബന്ധബുദ്ധിയോടെ കവി സമീപിച്ചത്. അത് അന്നെന്നപോലെ ഇന്നും പ്രസക്തവും കാമ്യവുമായ ജീവിതവീക്ഷണമാണ്. ഒരു കൊച്ചുകാട് ഓരോ തൊടിയിലും ഉണ്ടാവുക; ഒരു കുളവും സംരക്ഷിക്കുക - ഇങ്ങനൊരു സംവിധാനം സങ്കല്‍പിച്ച പഴവന്മാര്‍ ശാസ്‌ത്രീയ ജീവിതവീക്ഷണത്തിന്റെ ഉള്‍ക്കണ്ണുള്ളവര്‍ തന്നെയായിരുന്നു എന്ന് പില്‍ക്കാലത്തെ പരിസ്ഥിതി ശാസ്‌ത്രവികാസം പുതിയ വെളിപാടുണ്ടാക്കി. എന്നാല്‍ 'പാമ്പുതുള്ളല്‍' പോലുള്ള അനുഷ്‌ഠാനങ്ങള്‍ പഴയരീതിയില്‍ പുനരാവാഹിക്കേണ്ടത് ശാസ്‌ത്രയുഗത്തിലും പ്രസക്തമാണെന്നു സ്ഥാപിക്കാന്‍ പരിസ്ഥിത്യവബോധം പ്രേരകമാകാമോ? വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തണം എന്നുവച്ച് വാസഗേഹങ്ങളോടൊപ്പം സര്‍പ്പസങ്കേതങ്ങളും നിര്‍മിക്കണമെന്ന് അനുശാസിക്കേണ്ടതുണ്ടോ? പരിസ്ഥിത്യവബോധത്തിന്നുണ്ടായ വികാസത്തിനുശേഷമാണ് 'സര്‍പ്പക്കാട്' എന്ന കവിതയുടെ രചനയുണ്ടായതെങ്കില്‍ അതിന്റെ രൂപഭാവങ്ങള്‍ വ്യത്യസ്‌തമാകുമായിരുന്നു. എന്നാലും പാമ്പുസങ്കേതത്തിനുള്ള വാഴ്ത്ത് ആവുമായിരുന്നില്ല; പെണ്‍കിടാങ്ങളില്‍ നാഗദേവതകള്‍ കയറിക്കൂടുന്നുവെന്ന അന്ധവിശ്വാസത്തെ പുനഃപ്രതിഷ്‌ഠിക്കാനും പാമ്പുതുള്ളലിനെ പ്രകീര്‍ത്തിക്കാനും മുതിരുമായിരുന്നില്ല. സര്‍പ്പക്കാവുകളെല്ലാം ചുട്ടെരിക്കണമെന്ന ആഹ്വാനത്തില്‍ ചില വീണ്ടുവിചാരങ്ങളുണ്ടാവുമായിരുന്നുതാനും.
മനുജവംശത്തിലെ കറുത്തമക്കള്‍ക്ക് പ്രതീകങ്ങളായി കാക്ക, ആന, കരിംകുരങ്ങ്, കൃഷ്‌ണമൃഗങ്ങള്‍ മുതലായവയെ സങ്കല്‍പിച്ച് അവയോടുള്ള ക്രൂരതയ്‌ക്ക് അവരോടുള്ള അനീതിയുടെ കൊടുമയെന്ന അര്‍ഥമാനം നല്‍കല്‍ വൈലോപ്പിള്ളി ഒരു ആസൂത്രിതപദ്ധതിയായി കൈക്കൊണ്ടുപോന്നു. 'സഹ്യന്റെ മകന് ' മനഃശാസ്‌ത്രപരമായ ഒരര്‍ഥമാനവും സമൂഹശാസ്‌ത്രപരമായ ഒരര്‍തമാനവും ഉണ്ടെന്നു പറയുന്നത് അന്നും ഇന്നും ശരിതന്നെയാണ്. അടിച്ചമര്‍ത്തപ്പെടുന്ന മൌലികകാമനകളുടെ സ്‌ഫോടനാത്മകമായ തിരിച്ചടിക്കുള്ള ഉന്മത്തതയും ഉന്‍മസ്‌തകതയും ആ കവിതയുടെ അനിഷേധ്യമായ ഒരു ധ്വനി; അടിച്ചമര്‍ത്തപ്പെടുന്ന, (അടിമപ്പണിക്കു നിയുക്തമാകുന്ന) അടിയാളര്‍ സ്വന്തം ശക്തി തിരിച്ചറിഞ്ഞ് ഉയിര്‍ത്തെണീറ്റ് സംഹാരരൌദ്രത്തോടെ തിരിച്ചടിക്കുന്നതും, ആയുധശക്തിയും സൈന്യശക്തിയും അധികാരവും കയ്യാളുന്ന ഉപരിവര്‍ഗം രക്തരൂക്ഷിതമായ അവരുടെ വിപ്ളവോദ്യമത്തെ രക്തപ്രളയത്തില്‍ മുക്കി നിര്‍വീര്യമാക്കുന്നതും സഹ്യപുത്രന്റെ ദുരന്തത്തിനുള്ള മറ്റൊരു ധ്വനി. ഈ രണ്ടു ധ്വനികളുടെയും ആനുഷംഗിക ധ്വനിയാണ്, ഭോഗാസക്തമര്‍ത്ത്യവര്‍ഗം പ്രകൃതിയുടെ (വസുന്ധരയുടെ) ഇതര സന്തതികളോടു പ്രകടിപ്പിക്കുന്ന ക്രൂരതയുടെ കൊടുമ. അത് ആ കവിതയുടെ പഴയ വായനക്കാരാരും തിരിച്ചറിഞ്ഞിട്ടില്ലെന്ന ആരോപണം വരുന്നത്, അവരുടെ നിരീക്ഷണങ്ങളോടുള്ള അനാസ്ഥയില്‍ നിന്നാണ്. അന്യര്‍ അപാവരണം ചെയ്‌ത സത്യമുഖങ്ങള്‍ക്കു നേരെ നോക്കാന്‍ നേരമില്ലാത്തവര്‍ക്ക് നേരുകള്‍ ആദ്യമായി കാണുന്നതും വെളിപ്പെടുത്തുന്നതും തങ്ങളാണെന്ന തോന്നലുണ്ടാവും.
ശാസ്‌ത്രവിജ്ഞാനത്തിന്റെ അധൃഷ്യതയിലുള്ള വിശ്വാസത്താല്‍ പ്രേരിതമായ വികസനോദ്യമങ്ങളുടെ മറുവശവും, അടിയാളവര്‍ഗത്തിന്റെ വിമോചനമെന്ന മന്ത്രം ഉരുവിട്ടുകൊണ്ട് മേലാളവര്‍ഗത്തിനു വിടുപണിചെയ്യുകയെന്ന വിപ്ളവോദ്യമങ്ങളുടെ മറുവശവും, രക്തരൂഷിതവിപ്ളവമെന്ന മാര്‍ഗത്തില്‍ വിശ്വാസം നശിച്ച്, സ്നേഹസുന്ദരപാതയുടെ മോഹന ദിവാസ്വപ്‌നം കാണുന്നതില്‍ നിന്ന് ഒരിക്കല്‍ക്കൂടി അനുഭവപ്പെട്ട ആശ്വാസത്തില്‍ ഒന്നു നിശ്വസിക്കുമ്പോഴേക്ക് അശനിപാതംപോലെ സംഭവിച്ച ആഘാതമെന്ന മറുവശവും സമന്വയിക്കുന്ന ഒരു കാവ്യനാടകം വൈലോപ്പിള്ളിയുടെ ജീവിതാപരാഹ്ന സൃഷ്‌ടികളിലുള്‍പ്പെടുന്നു. പരിസ്ഥിത്യവബോധം തന്റെ പഴയ രചനകളില്‍ താന്‍തന്നെ വരുത്തുമായിരുന്ന തിരുത്തലുകള്‍ക്ക് എപ്രകാരം പ്രേരണയാവുമെന്നു വ്യക്തമാക്കുന്ന മഹത്തായ കൃതിയാണ് 'മൃതസഞ്ജീവനി'. അതു പ്രസിദ്ധപ്പെടുത്തിയ ഉടനെ, ഏതാണ്ട് മൂന്നു ദശകം മുന്‍പ്, ഒരു പഠനത്തില്‍, ശാസ്‌ത്രീയവിജ്ഞാനത്തിന്റെ പിന്തുണയോടുകൂടിയ വ്യാവസായിക വികസനത്തെക്കുറിച്ചുള്ള അംഗീകൃതസമീപനത്തിനെതിരായി ഉണ്ടായ വീണ്ടുവിചാരങ്ങളെപ്പറ്റി ഈ ലേഖിക സൂചിപ്പിക്കുകയുണ്ടായി. ('അമൃതമശ്‌നുതേ' എന്ന പുസ്‌തകത്തില്‍ ആ പഠനം ചേര്‍ത്തിട്ടുണ്ട്). ആ കാവ്യനാടകത്തെപ്പറ്റി വിശദപഠനങ്ങള്‍ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയിക്കുന്നു. (ഉണ്ടായിട്ടുണ്ടെങ്കില്‍ കാണാനിടവന്നിട്ടില്ല). ആ പഠനത്തില്‍ നിരീക്ഷിച്ച ഒരു വസ്‌തുത ഉദ്ധരിക്കട്ടെ:
"കാടും കുറവനും കുറത്തിയുമാണ് മുഖ്യകഥാപാത്രങ്ങള്‍. കാട് സ്ഥലരൂപമായ ഒരു പശ്ചാത്തലം മാത്രമല്ല; ഒരു കഥാപാത്രം തന്നെയാണ്. കുറവ ദമ്പതികള്‍ പ്രാകൃതനരവര്‍ഗത്തിന്റെയും കാട് മനുഷ്യരുടെ ആക്രമണത്തിനും ആധിപത്യത്തിനും കീഴടങ്ങുന്നതിന്നുമുന്‍പുള്ള ബാഹ്യപ്രകൃതിയുടെയും പ്രതീകങ്ങളാണ്. പ്രകൃതിയെ മെരുക്കിയിണക്കി വളര്‍ത്തി വസുക്കള്‍ കറന്നെടുക്കാവുന്ന കാമധേനുവാക്കിത്തീര്‍ക്കാം. അതിനുപകരം കശാപ്പുചെയ്‌ത് വേഗത്തില്‍ അവസാനിക്കുന്ന ഭക്ഷണമാക്കി മാറ്റാം. അണക്കെട്ടു നിര്‍മിക്കുന്നതിന്റെ പേരില്‍ മുന്നോടിയായി, വേണ്ടതിന്റെ മുന്നൂറിരട്ടി സ്ഥലത്തെ കാടുവെട്ടി കശാപ്പുചെയ്യുന്നവര്‍ പ്രകൃതിവിഭവങ്ങളുടെ പലിശകൊണ്ടു ജീവിക്കുന്നതിനുപകരം മുടക്കുമുതല്‍ തന്നെ ധൂര്‍ത്തടിക്കുന്ന ഉല്‍പാദകവര്‍ഗത്തിന്റെ പ്രതിനിധികളാണ് - ഛായാവൃക്ഷം വെട്ടിമുറിച്ച് കവാടഫലകം ഉണ്ടാക്കുന്ന അധമപാന്ഥന്മാരെന്നു ഭവഭൂതി വിവരിച്ചത് ഇക്കൂട്ടരെയാണ്. പൊന്മുട്ടയിടുന്ന താറാവിന്റെ വയറുകീറി കൊല്ലുന്നവര്‍.''
നാഗരികതയുടെ ധനലോഭം കാട്ടമ്മയെ മൊട്ടച്ചിയാക്കുന്നതിനെതിരെയുള്ള രൂക്ഷവിമര്‍ശനം മൃതസഞ്ജീവനിയിലുണ്ട്. ചോലകളും തണ്ണീര്‍ത്തടങ്ങളുമാകുന്ന പെണ്‍മക്കള്‍ എങ്ങോപോയ് മറഞ്ഞതില്‍ ദുഃഖാര്‍ത്തയായ കാട്ടമ്മ ഇങ്ങനെ വിലപിക്കുന്നു.
“വരകളില്‍ മുലച്ചാലിനൊത്ത തണ്ണീ
രരുവിയില്‍ നനഞ്ഞ ചപ്പിലയില്‍നിന്നും
ഉയരുമൊരു നീരാവി പച്ചിലച്ചാര്‍
ത്തുവരി പെറുമാവിയില്‍ പാവുനെയ്‌കെ
പുളകമുള പൂണ്ടു നാടുല്ലസിപ്പാന്‍
കുളിരലകള്‍ പെറ്റ തടങ്ങളെങ്ങോ”
നെടിയ മരങ്ങളുടെ തുഞ്ചത്തെന്നപോലെ അടിനിഴലിലും കൂടുകെട്ടിച്ചാര്‍ത്തു തേന്‍കനിയുണ്ടു പാടിയിരുന്ന കിളിമക്കള്‍, കെണിയില്‍ വീണും വെടിയുണ്ടയേറ്റും അടിഞ്ഞുമുടിഞ്ഞ കൊച്ചുമക്കള്‍ (അവരില്‍ മിഴിനീണ്ട മാന്‍കിടാങ്ങളും കടുവാക്കുട്ടന്മാരുമുണ്ട്) കൊമ്പുകൊള്ളയടിക്കാന്‍ വേണ്ടി നഞ്ചുചോറു വെച്ചു കൊന്നൊടുക്കിയ വമ്പന്മാരായ കൊമ്പന്മാര്‍... കാട്ടമ്മ തന്റെ ഈ എല്ലാ അരുമപ്പൈതങ്ങളെയും ചൊല്ലി വിലപിക്കുന്നത്, കാടിന്റെ മനുഷ്യമക്കളായ കുറവനും കുറത്തിക്കും കരളില്‍ പ്രതിധ്വനിച്ചു കേള്‍ക്കാം. നാഗരികരോ അവരുടെ മണിക്കോവിലില്‍ മയങ്ങുന്ന മാനവരുടെ ദൈവമോ ഉണ്ടയേറ്റു വീഴുന്ന സഹ്യപുത്രന്റെ ഉല്‍ക്കടമായ, ദ്യോവിനെപ്പോലും വിറപ്പിക്കുന്ന, നിലവിളി കേട്ടില്ല. എന്നാല്‍ പുത്രസങ്കടം സഹിക്കാത്ത സഹ്യന്റെ ഹൃദയത്തില്‍ അതു മാറ്റൊലിക്കൊണ്ടു എന്നിങ്ങനെ സഹ്യന്റെ ഹൃദയസ്‌പന്ദത്തോടൊപ്പം സ്‌പന്ദിച്ച ചേതസ്സും ഈ കാട്ടമ്മയുടെ ചേതസ്സും ഒന്നുതന്നെയാണ്. തന്റെ അരുമക്കിടാങ്ങളെ കൊന്നുമുടിക്കുന്ന മനുഷ്യമക്കളുടെ നേരെ ഈ കാട്ടമ്മ ശാപവചസ്സുകളെറിയുന്നുമുണ്ട് എന്നു കൂട്ടിച്ചേര്‍ക്കാന്‍ സര്‍വഭൂതൈക്യബോധത്തിനുണ്ടായിട്ടുള്ള തീവ്രതരതയെ ധ്വനിപ്പിക്കുന്നുണ്ട്:
ദുരപെരുകി മര്‍ത്ത്യരേ നിങ്ങള്‍ ചെയ്യും
ദുരിതമിനി നിങ്ങളെത്തേടിയെത്തും
കരുണയുടെ തുള്ളിയും കണ്ടിടാതെ
പൊരിയുമിനി നിങ്ങള്‍ തന്‍ ജീവിതങ്ങള്‍.
ഈ ശാപം ഉച്ചരിക്കുന്ന നാവ് 'കാവി'ന്റെ ബൃഹദാകാരമായ കാടിനു നല്‍കുമ്പോള്‍ കാവിനോട് ബദ്ധമായ അന്ധവിശ്വാസങ്ങളെ ചുട്ടെരിക്കാന്‍ ആഹ്വാനം ചെയ്‌ത ശാസ്‌ത്രീയവീക്ഷണത്തെ നിഷേധിക്കുന്നുണ്ടോ? ഇല്ലെന്ന് തറപ്പിച്ചുപറഞ്ഞേ കഴിയൂ. ശാസ്‌ത്രാവബോധത്തിന്റെ പന്തങ്ങളെ കുത്തിക്കെടുത്തിയിട്ടില്ല; അന്ധകൂപങ്ങളിലേക്കു വലിച്ചെറിഞ്ഞിട്ടില്ല. നേരെമറിച്ച് ഇപ്പോഴും പൊരുതുന്നത് അന്ധവിശ്വാസങ്ങള്‍ക്കെതിരായിത്തന്നെയാണ്. സമൂഹത്തിന്റെ മുകള്‍ത്തട്ടില്‍ കിരീടം ചൂടിയിരിക്കുന്ന കുറെ കൊള്ളക്കാര്‍ക്ക് വനം കൊള്ളയടിക്കാനും വെട്ടിനിരപ്പാക്കാനും സൌകര്യമുണ്ടാക്കികൊടുക്കുന്നതും, പദ്ധതികളുടെ പേരില്‍ അവര്‍ക്ക് കനകധാരയും ഊരും പേരും നഷ്‌ടപ്പെട്ട് കരിയിലപോലെ പറന്നകലേണ്ടിവരുന്ന കാടിന്റെ മനുഷ്യമക്കള്‍ക്ക് കനല്‍ധാരയും ഒരുക്കിക്കൊടുക്കുന്നതും നാടിന്റെ വറുതിതീര്‍ത്ത് മാനുഷരെല്ലാരുമൊന്നുപോലായ മാവേലിക്കാലത്തെ വീണ്ടെടുക്കാനുതകുമെന്നത് ശാസ്‌ത്രവിജ്ഞാനത്തിന്റെ പേരില്‍ത്തന്നെ പരത്തുന്ന പുതിയ അന്ധവിശ്വാസമാണ്. അങ്ങനെ അന്ധമായിട്ടെങ്കിലും വിശ്വസിക്കുന്നുണ്ടോ? അതുമില്ല. വിശ്വസിക്കുന്നുവെന്ന പ്രതീതി ജനിപ്പിക്കലാണ്. അന്ധവിശ്വാസത്തിന്റെ നിഷ്‌ക്കളങ്കതപോലുമില്ല. അന്ധവിശ്വാസാഭാസത്തിന്റെ കുടിലതയാണുള്ളത്. ഈ കൌടല്യനീതിയെ 'മൃതസഞ്ജീവനി'യെന്ന കാവ്യനാടകം നിശിതമായി ഭര്‍ത്സിക്കുന്നു.
'നിശബ്‌ദതാഴ്വര'യെ സംരക്ഷിക്കുന്നതിനുവേണ്ടി ശബ്‌ദായമാനമായി പ്രക്ഷോഭം സംഘടിപ്പിച്ച പരിസ്ഥിതിവാദികള്‍ വംശനാശം സംഭവിച്ചേക്കാവുന്ന ജീവിവര്‍ഗത്തിന്റെയും വഴിയെ വന്നുചേരാനിരിക്കുന്ന വരള്‍ച്ചയുടെയും പേരിലാണ് വാക്കിനെ തോക്കാക്കി പോരാടിയത്. കവിയാകട്ടെ, കാട്ടിലെ ആദിമനിവാസികളായ മനുഷ്യരെ ഉന്മൂലനം ചെയ്യുന്നതിനുള്ള ധനികവര്‍ഗത്തിന്റെ ആസൂത്രിതപദ്ധതിയായും അതില്‍ പീഡിതവര്‍ഗത്തിന്റെ രക്ഷകന്മാരെന്ന വേഷത്തില്‍വന്ന് പീഡകവര്‍ഗത്തിന്റെ ദല്ലാളപ്പണിചെയ്യുന്ന രാഷ്‌ട്രീയപ്രവര്‍ത്തകരുടെ വഞ്ചനാകര്‍മപദ്ധതിയായും അമ്മാതിരി 'വികസന' പരിപാടിയെ വീക്ഷിച്ചുംകൊണ്ടാണ് നിശിതവിമര്‍ശനത്തിന് ഈ കാവ്യനാടകത്തെ ജിഹ്വയാക്കിയത്. ഇപ്രകാരം വ്യക്തമായ 'കമ്മിറ്റ്മെന്റ് ' ഉള്ള കൃതിയായിട്ടും, 'മൃതസഞ്ജീവനി'യെ പരിസ്ഥിതിവാദവക്താക്കളോ മര്‍ദിതജനതയുടെ വക്താക്കളായി സ്വയം അഭിഷേപിക്കാറുള്ള രാഷ്‌ട്രീയചിന്തകരോ ആ കൃതി വേണ്ടിടത്തോളം ശ്രദ്ധിച്ചതായി തോന്നിയില്ല. വൈലോപ്പിള്ളിക്കവിതയുടെ സമഗ്രപഠനങ്ങള്‍ ഉണ്ടായിട്ടുണ്ട് - 'മൃതസഞ്ജീവനി'യുടെ ഉള്ളുകള്ളികള്‍ വെളിപ്പെടുത്തുന്ന അപഗ്രഥനത്തോടുകൂടാതെ. തൊട്ടാല്‍ പൊള്ളുന്ന ചില വസ്‌തുതകള്‍ 'മൃതസഞ്ജീവനി'യിലുള്ളതുകൊണ്ടായിരിക്കുമോ എന്ന ശങ്ക തോന്നുന്നത് സങ്കല്‍പവികൃതിയല്ല. പരിസ്ഥിത്യവബോധം മാത്രമായിരുന്നു, 'മൃതസഞ്ജീവനി'യിലെ വസ്‌തുഭാവധ്വനി സംയുക്തം എങ്കില്‍ ആ കൃതിയെ ഇരുളില്‍ തളച്ചിടേണ്ട കാര്യമില്ല. അതിലുള്ള 'രാഷ്‌ട്രീയ'ത്തിന്റെ എരിവും കയ്‌പും ആയിരിക്കണം 'ആസ്വാദന'ത്തില്‍നിന്നു പിന്തിരിപ്പിക്കുന്ന ഘടകങ്ങള്‍.
'മൃതസഞ്ജീവനി' കാടിന്റെയും പുഴയുടെയും കാടിന്റെ മനുഷ്യമക്കളുടെയും ഒത്തുചേര്‍ന്നുള്ള കൊടും കൂട്ടനിലവിളിയാണ്; പീഡിതവും നിന്ദിതവുമായിത്തീരുന്ന ജീവിതസ്രോതസ്സുകള്‍ ഒക്കെക്കൂടിച്ചേര്‍ന്ന് ദ്യോവിനെ വിറപ്പിക്കുംവണ്ണം മുഴക്കുന്ന, അഗ്നിശൈലം പൊട്ടിത്തെറിക്കുംവണ്ണം മുഴങ്ങുന്ന നിലവിളി. ചാരിത്രം അപഹരിക്കപ്പെട്ട കാടും പുഴയും ഭൂമിയും പെണ്ണും നെഞ്ചുപൊട്ടിക്കരയുന്നതു കേള്‍പ്പിക്കുന്ന ഈ കവിതയുടെ ഇടിവെട്ട് എങ്ങനെ, എന്തുകൊണ്ട്, കേള്‍ക്കേണ്ടവര്‍ വേണ്ടിടത്തോളം കേള്‍ക്കാതെപോയി? പൊള്ളുന്നത് അവര്‍ക്കു മാത്രമെന്ന് അവകാശപ്പെടാനോ ആശ്വസിക്കാനോ ഒരു ഗണചേതനയ്‌ക്കും കഴിയാത്തവിധം, പൊന്‍പാത്രം കൊണ്ടുമൂടാതെ നെഞ്ചിലെ നെരിപ്പോടിനെ കവി പുറത്തെടുത്തു വച്ചിരിക്കുന്നു.
നഗരത്തില്‍നിന്ന് 'വികസന'ത്തിന്റെയും പുരോഗതിയുടെയും പേരില്‍ വന്നെത്തിയ സായുധപ്പട അണക്കെട്ടുണ്ടാക്കുന്നതിനായി മരങ്ങള്‍ വെട്ടിത്തള്ളുന്നത് കാടിന്റെ മനുഷ്യമക്കള്‍ നിസ്സഹായരായി നോക്കിനിന്നു.
“കാടുപൂണ്ട മാമരത്തെക്കൊത്തിവീഴ്ത്തും പാപം.
താടി നീണ്ട മാമുനിയെ വെട്ടിവീഴ്ത്തുംപോലെ”
യാണെയാണെന്നായിരുന്നു അവരുടെ വിശ്വാസപ്രമാണം. അങ്ങനെ പതിനായിരക്കണക്കിനു മാമുനിമാരെ വെട്ടിവീഴ്ത്തി പത്തുകാതം ദൂരം വായ്ച്ചുനിന്ന കാടും ചുടുകാടായി മാറ്റി. കാടു മരിക്കുന്നതോടെ നാടു മരിക്കുമെന്ന് ശാസ്‌ത്രംപഠിക്കാത്ത പ്രാകൃതന് തന്റെ സഹജാവബോധത്തിലൂടെ അറിയാന്‍ കഴിയുന്നു. എങ്കിലും നാഗരികമായ ദുരാഗ്രഹങ്ങള്‍ക്കു മുന്‍പില്‍ കുറവനും കുറത്തിക്കും (ആദിമജനതതിക്ക് ) അടിയറവു പറയേണ്ടിവരുന്നു. വിശപ്പടക്കാന്‍ അവര്‍ക്കുണ്ടായിരുന്ന വിഭവങ്ങളാണ് അവരില്‍നിന്നു തട്ടിപ്പറിച്ചത്. വിശപ്പിന്റെ വിളിക്ക് പുതിയ മറുവിളി ആവശ്യമായിത്തീരുകയാണ്. വേലകള്‍ക്ക് പുതിയ രൂപഭാവങ്ങളുണ്ടാവുകയാണ്. അണക്കെട്ടു നിര്‍മാണപ്പണികള്‍ക്ക് അവരും ചേരുന്നു. കാടിന്റെ മക്കളെന്ന് മാറിനില്‍ക്കുന്നത് സ്വയംഹത്യ തെരഞ്ഞെടുക്കലാണെന്ന് അവര്‍ക്കനുഭവപ്പെട്ടു. വേലക്കാരുടെ വിയര്‍പ്പില്‍ കുഴച്ച സിമന്റും പാറയും കൊണ്ട് അണക്കെട്ടുയര്‍ന്നുവന്നു. ആനയെമെരുക്കി തടിപിടിപ്പിക്കുന്ന പ്രക്രിയയുടെ മറ്റൊരുരൂപമാണ് ആദിവാസികളെ നഗരസംസ്‌ക്കാരത്തിന്റെ അടിമപ്പണിക്കാരാക്കുന്നത്. അവര്‍ അതിനോടു പൊരുത്തപ്പെടാന്‍ ശീലിച്ചു. ആറ്റുവായില്‍ വെള്ളപ്പല്ലുകാട്ടി ചിരിച്ചുനില്‍ക്കുന്ന ആ അണക്കെട്ടിനെ സ്വപ്രയത്നത്തിന്റെ സന്തതിയെയെന്ന പോലെ അവര്‍ നിഷ്‌ക്കളങ്കമായ വാല്‍സല്യത്തോടെ നോക്കിക്കണ്ടാനന്ദിച്ചു. കുറത്തി സ്വന്തം കുടിലില്‍ കൊച്ചരിപ്പല്ലുകാട്ടിച്ചിരിക്കുന്ന കുഞ്ഞിനെയാണതില്‍ കണ്ടത്. അണക്കെട്ടുപാടുന്ന പാട്ടില്‍ കിട്ടാന്‍ പോകുന്ന നവജീവിതവ്യവസ്ഥയുടെ ഉല്‍സാഹാഹ്ളാദങ്ങളോടൊപ്പം, കിട്ടിക്കഴിഞ്ഞ ആത്മബലിദാനങ്ങളുടെ വേദനാനാദവും അവര്‍ കേട്ടു. കിട്ടിയതു മാത്രം സത്യവും കിട്ടാന്‍ പോവുന്നുവെന്നു കൊതിച്ചത് മിഥ്യയും ആയിരുന്നെന്നു തിരിച്ചറിയാന്‍ അവര്‍ക്ക് ഏറെക്കാലം വേണ്ടിവന്നില്ല. കൊതിച്ചസ്വപ്‌നങ്ങളിങ്ങനെ:
“പതഞ്ഞ ജലമിച്ചാലുകളെന്നും കറന്നു നല്‍കുന്നൂ
മുതിര്‍ന്ന വിദ്യുച്ഛക്തി വലിച്ചു കമ്പികളെമ്പാടും
നരന്റെ ഭാവനയെത്ര വിശിഷ്‌ടം പ്രകൃതിക്കിള കൊള്‍വാ-
നൊരമ്പലം തീര്‍ത്തൈശ്വര്യത്തിനു മരങ്ങള്‍ നേടുന്നൂ.”
അണക്കെട്ടുകള്‍ പുതിയ യുഗത്തിലെ ആരാധനാലയങ്ങളാണെന്ന് ആത്മാര്‍ഥമായി വിശ്വസിച്ച അധികാരികളുടെ വിശിഷ്‌ടസ്വപ്‌നങ്ങള്‍, അണക്കെട്ടിന്റെ പാട്ടിലെ അന്തര്‍നാദങ്ങളിലൊന്നായി വിഭാവനം ചെയ്‌ത കവിക്കും 'ജലസേചനവും' 'മലതുരക്കലും' എഴുതുന്ന കാലത്തുണ്ടായിരുന്ന ശാസ്‌ത്രീയമായ ഉത്ഥാനശക്തിയോടോ അധ്വാനത്തിന്റെ ഉല്‍സാഹമാര്‍ന്ന ഊര്‍ജത്തോടോ വിട്ടുവീഴ്‌ചയില്ലാത്ത വിരക്തി വന്നുപെട്ടിട്ടില്ല. പക്ഷേ, അമ്പലം പണിതുയര്‍ത്തിയവര്‍ക്കു കുമ്പിളില്‍ കഞ്ഞിയും സമ്പന്നരായ ആരാധകര്‍ക്ക് പൊന്‍തളികയില്‍ ത്രിമധുരവും കിട്ടുന്നതിന്റെ പരിണാമവൈരുധ്യം തെളിഞ്ഞുകാണാതിരിക്കാന്‍ കഴിയുന്നില്ല. (സര്‍ദാര്‍ സരോവര്‍ പോലെയുള്ള പദ്ധതികള്‍ വിഭാവനം ചെയ്‌തതനുസരിച്ചുള്ള പൊക്കത്തിലെത്തിക്കഴിഞ്ഞാല്‍ ജലസംഭരണിയില്‍ മുങ്ങാന്‍ പോകുന്ന പ്രദേശങ്ങളാണെന്നറിഞ്ഞും കൊണ്ട്, അവിടെ ആദിമനിവാസികള്‍ക്ക് പുനരധിവാസസൌകര്യങ്ങളും അവരുടെ കുഞ്ഞുങ്ങള്‍ക്ക് കളിച്ചുല്ലസിക്കാന്‍ പാര്‍ക്കുകളും ഉണ്ടാക്കുകയില്ലേ എന്ന് നീതിപീഠങ്ങള്‍ 'കാരുണ്യ'ത്തോടെ അന്വേഷിക്കുന്ന കാലം 'മൃതസഞ്ജീവനി' എഴുതിയിട്ട് ദശകങ്ങള്‍ക്കുശേഷമാണ് ഉദിച്ചു പുലര്‍ന്നത് ). അണക്കെട്ടിന്റെ 'ചിന്ത'യില്‍ കവി ഒരു 'അലമുറ' കേള്‍ക്കുന്നതിങ്ങനെ:
“കറന്റു തട്ടി, ക്കാലുവഴുക്കി, ട്രോളിക്കടിയില്‍പ്പെ-
ട്ടരഞ്ഞു മിവിടെ മരിച്ച പണിക്കാര്‍ മാഴ്‌കും ശാപങ്ങള്‍
കരഞ്ഞിടും പല ചക്രധ്വനിയില്‍, ചാടും വെള്ളത്തി-
ന്നിരമ്പലില്‍ ചേര്‍ന്നെന്റെ മനസ്സിലൊരലമുറ കൂട്ടുന്നു.
നിനപ്പതില്ലിന്നാളുകളെന്നാലവര്‍ക്കു തുണ ചെയ്യും
വിളക്കിലുണ്ടാമിവരുടെ കണ്ണുകള്‍ പങ്കയില്‍ നെടുവീര്‍പ്പും.”
കര്‍മവീര്യത്തെയും സാങ്കേതികവിദ്യയുടെ പിന്തുണയോടുകൂടി വ്യാവസായിക പുരോഗിതിയെയും വാഴ്ത്തുന്നതോടെത്തന്നെ അതേ ശക്തികളുപയോഗിച്ച് അടിയാളരെ മുടിക്കുന്നതിനുള്ള ഉദ്യമങ്ങളെ ആവുന്നത്ര ഉച്ചത്തില്‍ ഇകഴ്ത്തുകയും ചെയ്യുന്നു - ഉഴിഞ്ഞാലുണ്ടാക്കാവുന്ന കയര്‍ കൊലക്കുടുക്കാക്കാനും ഉപയോഗിക്കാമെന്ന ഉപമ ഇവിടെയും പ്രസക്തം. സാങ്കേതിക വിദ്യയുടെ വിജയം ഉപരിവര്‍ഗത്തിന് ഉഴിഞ്ഞാലുണ്ടാക്കി ഉല്ലസിക്കാന്‍ ഉപയുക്തമാവുമ്പോള്‍ അത് അടിയാളര്‍ക്ക് കൊലക്കുടുക്കാവുന്നു.
കുറവനും കുറത്തിയും നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ചോര നീരാക്കിയവരുടെ മുന്‍പന്തിയിലുണ്ടായിരുന്നു. പണിമുടക്കസമരത്തിലും മുന്‍പന്തിയില്‍ത്തന്നെ. ഒത്തുതീര്‍പ്പുണ്ടായി. അതിന്റെ ഭാഗമായി ചിലരെ ഒഴിവാക്കാന്‍ രാഷ്‌ട്രീയക്കാരനായ തൊഴിലാളിനേതാവ് മുതലാളിക്കനുകൂലമായി ഒത്താശ ചെയ്‌തു. നാടിന്റെ മക്കളെ തൊടാതെ കാടിന്റെ മക്കളെത്തഴഞ്ഞു. അതിന്നര്‍ഥം തൊഴിലാളി യൂണിയന് കാടര്‍ അന്യരായെന്നാണ്. ഇങ്ങനെ ഒരു രംഗം നാടകത്തില്‍ വിഭാവനം ചെയ്‌തത് തൊഴിലാളിയല്ലാത്ത രാഷ്‌ട്രീയക്കാരനെ തൊഴിലാളി സംഘടനയുടെ നേതാവാക്കുന്ന രീതി വളര്‍ന്നപ്പോള്‍ അയാള്‍ ഒരു ഇടത്തട്ടുകാരനായ അവസ്ഥാപരിണാമം വ്യക്തമാക്കാനായിത്തന്നെയായിരിക്കണം. പണിമുടക്കിന്റെ ലക്ഷ്യമായി പ്രഖ്യാപിക്കപ്പെട്ട യാതൊന്നും നേടാതെ, ചില ശിക്ഷണനടപടികള്‍ പിന്‍വലിക്കുകയെന്ന ഒത്തുതീര്‍പ്പില്‍ സമരമവസാനിപ്പിക്കുന്ന നേതാവ് രണ്ടുപക്ഷത്തിനും ഒരുപോലെ 'വേണ്ടപ്പെട്ടവനായി' വളരുന്ന പ്രവര്‍ത്തനശൈലിയെ കഥാപാത്രങ്ങളെകൊണ്ടു രൂക്ഷമായി വിമര്‍ശിപ്പിക്കുവാന്‍ മടിച്ചില്ലെന്നത് ഈ കൃതിയെ അവഗണിക്കാന്‍ പ്രേരണയായിട്ടുണ്ടാവാം.
"മോശമല്ല മുതലാളി സാധു തൊഴിലാളി
നീചനെന്നാല്‍ രണ്ടിനുമിടയ്‌ക്കെഴും ദല്ലാളി''
എന്നു പാവപ്പെട്ട തൊഴിലാളി സ്‌ത്രീയെക്കൊണ്ടു കവി പറയിച്ചു.
പിരിച്ചുവിട്ട കാടിന്‍ മക്കളിലുള്‍പ്പെട്ട കുറവനും കുറത്തിയും പിന്നീട് ഫാക്‌ടറിത്തൊഴിലാളികളാകുന്നു. പുഴയുടെ വക്കത്ത് "കറന്റിന്‍ മിന്നല്‍ക്കമ്പിയില്‍ തൊടുത്ത പുത്തന്‍ കമ്പനി'' - മൂന്നുകൊല്ലം അവിടെകുറവന്‍ തൊഴിലെടുത്തു. ഇത്തവണ അവര്‍ പണിമുടക്കത്തിന്റെ ബലിയാടുകളായിട്ടല്ല പുറന്തള്ളപ്പെട്ടത്. വ്യവസായവികാസത്തിന്റെ ഉപോല്‍പന്നമായ മറ്റൊരു പിശാച് അവരെ വിഴുങ്ങി. ഉപ്പും ഗന്ധകവും നീറിയുള്ള പുകശ്വസിച്ച് ഓമനമകന്‍ രോഗിയായി. കാടിനും അണക്കെട്ടിനും പാട്ടിന്റെ നാവു നല്‍കിയ കവി പുഴയ്‌ക്കും കൊടുക്കുന്നു പാടാനുള്ള നാവും മൊഴിയും. ഫാക്‌ടറിയില്‍നിന്നു പുറന്തള്ളപ്പെട്ട രാസമാലിന്യങ്ങള്‍ കലര്‍ന്നു പുഴ വിഷമയമായി. ജീവജാലങ്ങള്‍ ചത്തുപൊങ്ങി. പുഴ പാടുന്നതിങ്ങനെ:
സ്‌നാനപാനങ്ങളപായമായീ
ഞാനൊരു പൂതനയായി മാറീ.
*****
“ഇവിടെ ചെകുത്താനെക്കൂട്ടുചേര്‍ന്നും
വ്യവസായം വേണമെന്നാണു വാദം.
അവസാനം മൃത്യുവിന്‍ കാളകൂട
വ്യവസായം മാത്രമിരമ്പി നില്‍പൂ
ഒരു കൊച്ചുകാലുമിക്കാളിയന്റെ
തലതച്ചു പായിക്കാനില്ലയെന്നോ!”
പുഴകളെ വിഷമയമാക്കുന്ന, കൊള്ളലാഭക്കണ്ണുകളുള്ള വ്യവസായ മുതലാളികള്‍ക്ക് നിസ്സാരവിലയ്‌ക്കോ, സൌജന്യമായോ ഭൂമിയും, നാമമാത്രമായ തുകയ്‌ക്ക് ദീര്‍ഘകാല പാട്ടവ്യവസ്ഥയില്‍ കാടും പതിച്ചു നല്‍കാന്‍ പാവപ്പെട്ട ബഹുജനത്തിന്റെ രക്ഷിതാക്കളായ ഭരണകര്‍ത്താക്കള്‍ മടിച്ചില്ല. അവരുടെ ഉദ്ദേശ്യശുദ്ധിയെയാണ് കവി ചോദ്യംചെയ്‌തതെന്നു പറയുന്നത് അനുദാരതയാവും. ദീര്‍ഘവീക്ഷണമില്ലായ്‌മയെയായിരിക്കണം. (കാട് അട്ടിപ്പേറായി വിട്ടുകൊടുത്തതില്‍ തഴച്ചു വളര്‍ന്ന റയോണ്‍ വ്യവസായത്തെയും ചാലിയാറിനെയും മറ്റും ഓര്‍ക്കാം) പുഴയില്‍ ജീവജാലങ്ങള്‍ ചത്തുപൊങ്ങുകയും വിഷനീരാവിയേറ്റ് തീരപ്രദേശങ്ങളിലെ കല്‍പകവാടികള്‍ വാടിയുണങ്ങുകയും കൂരകളില്‍ രോഗികള്‍ പെരുകുകയും നിരന്തരം അലമുറ പൊങ്ങുകയും ചെയ്‌തു. കുറവന്റെ കുഞ്ഞുംപോയി. പിന്നെ അവര്‍ ആ സ്ഥലംവിട്ടുപോയി.
മഹാനഗരത്തിലേക്കു തൊഴില്‍ തേടിപ്പോകുന്നതിനിടക്ക് ഒരു ചെറുപട്ടണത്തില്‍ വച്ചാണ് തനിക്കു നഷ്‌ടപ്പെടാന്‍ ചിലതു ബാക്കിയുണ്ടായിരുന്നുവെന്ന് കുറത്തി അറിഞ്ഞത്. പാതിരയ്‌ക്ക് സ്‌റ്റേഷന്‍വിടുന്ന വണ്ടിയില്‍ കയറിക്കൂടാന്‍ വേണ്ടി അവര്‍ ചെറുപട്ടണത്തെരുവിലൂടെ നടന്നുപോകുമ്പോള്‍ രണ്ടു ചട്ടമ്പികള്‍ ചാടിവീണു. കുറവന്റെ കൈത്തലത്തിന്റെ ചൂടറിഞ്ഞു ചെവി മൂളിയപ്പോള്‍ അവര്‍ പിന്‍വാങ്ങി. പക്ഷേ കലശലുകേട്ടു വന്ന പോലീസുകാര്‍ കൂടുതല്‍ നിഷ്‌ഠൂരന്മാരായ ചട്ടമ്പികളായി, പെണ്ണില്‍ കണ്ണൂന്നിയപ്പോള്‍
“വഴിപോകും മാന്യരെ നീ വാക്കേറ്റം ചെയ്‌തു
കണ്ണില്‍ക്കണ്ടോരെ കയ്യേറ്റം ചെയ്‌തു”
- എന്നു കുറവന്നെതിരായി കുറ്റപത്രം. അവരെ സ്‌റ്റേഷനിലേക്ക് (പോലീസിന്റെ) എത്തിച്ചു. "നിന്നെ ഇവന്‍ തട്ടിക്കൊണ്ടുപോന്നതെന്ന് ?'' കയ്യിലെ പൊതിയില്‍ കഞ്ചാവോ കള്ളക്കടത്തുസാധനമോ എന്നും മറ്റുമായി ചോദ്യം ചെയ്യലിന്റെ രീതി. അവിടെവച്ച് കുറത്തിക്ക് ശേഷിച്ചിരുന്ന ഒരേയൊരു നിധി നഷ്‌ടപ്പെട്ടു. അവളെ ആശ്വസിപ്പിക്കാന്‍ കുറവന്‍ ആവതുശ്രമിച്ചു. ജീവച്‌ഛവമായ അവള്‍ മൂകയായി. അവര്‍ കാട്ടിലേക്കുതന്നെ തിരിച്ചുപോയി. ജീവിതാശകെട്ട അവള്‍ നിനച്ചുപോയി 'പൊന്നുമോന്‍ അന്നു മരിച്ചുപോയതു നന്നായെന്ന് ', "ഇതിനുശേഷം ജീവിച്ചിരിക്കുന്നതെങ്ങനെ? അവനുണ്ടായിരുന്നെങ്കില്‍ വിട്ടുപോവതെങ്ങനെ?'' പ്രാണനെപ്പോക്കാനുമുണ്ടൊരു കാലം; അപ്പോള്‍ അതു ചെയ്യാതിരിക്കുന്നതു പാപം'' എന്ന നിനവിന്റെ നിഴലില്‍ ഒരു പ്രേതംപോലെ അവള്‍ നീങ്ങി.
ഇപ്പോള്‍ കാട്ടില്‍ മറ്റൊരു രംഗം. അവിടെ പഴയപോലെ മരം വെട്ടിത്തള്ളാന്‍ വനംകൊള്ളക്കാര്‍ക്ക് കഴിയുന്നില്ല. കാടന്മാര്‍ മരത്തിന്മേല്‍ കെട്ടിപ്പുല്‍കിനിന്നു തടയുന്നു. (ചിപ്‌കോ പ്രസ്ഥാനം ഓര്‍ക്കാം) ഒരു സന്യാസിയാണവര്‍ക്ക് നേതൃത്വം നല്‍കുന്നത്. നിയമപാലകര്‍ വനംകൊള്ളക്കാരുമായുള്ള ചങ്ങാത്തത്തില്‍നിന്നു പതുക്കെ വലിഞ്ഞു, കാടന്മാരുടെ സംഘടിതശക്തിയും വീര്യവും കണ്ടപ്പോള്‍.
“നാമിതിലിടപെട്ടാല്‍ നാണംകെട്ടേയ്‌ക്കും
ഇവകള്‍ കടന്നല്‍ക്കൂടിളകിയ മട്ടല്ലോ”.
തല്‍ക്കാലം പിന്‍വാങ്ങാന്‍ അവര്‍ വനംകൊള്ളയ്‌ക്കെത്തിയവരെ ഉപദേശിക്കുന്നു.
മഹാത്മാവിന്റെ നിരായുധസമരം ഒരു പോംവഴിയായേക്കാം എന്ന പ്രത്യാശയുടെ ഉദയമാണ് ഈ വനരംഗ-നവരംഗ വിഭാവനത്തിനു പ്രചോദനമെന്നു വ്യക്തം. സന്യാസി കൊടുക്കുന്ന ഉപദേശം അദ്ദേഹത്തിന്റെ നാവിനുചേരുന്നതാണ്.
“കാമത്താല്‍ ദുരയാലേ മദത്താല്‍ മാല്‍സര്യത്താ-
ലീ,മനുഷ്യരാം നമ്മളന്തരാ രോഗാര്‍ത്തന്മാര്‍
രോഗിയെ ശുശ്രൂഷിച്ചു കനിവാല്‍, വന്നാക്രമി
ച്ചാകിലോ നിരോധിച്ചൂ കരുത്താല്‍, അവന്‍ തുവ്വി
പ്പോകിലും തുടയ്‌ക്കുന്നൂ ക്ഷമയാല്‍ പ്രതികാര
മോഹിതനാകാ വൈദ്യന്‍ - അമ്മാട്ടുവേണ്ടൂ നമ്മള്‍-”
പരാജിതമെന്നു പണ്ടു 'കുടിയൊഴിക്കലി'ല്‍ വ്യഞ്ജിപ്പിക്കപ്പെട്ട 'സ്‌നേഹസുന്ദരപാത' - 'ഒറ്റവെട്ടി'ന്റെ വഴി തേടിയവരെ അന്ന് അഭിനന്ദിച്ചു:
"മുട്ടിയ നിങ്ങളിസമുദായ
ക്കെട്ടറുത്തു പോലൊറ്റവെട്ടാലേ.''
ആദിമാനുഷരോളം താഴ്ന്നുപോയ അവസ്ഥയിലെത്തിച്ച പോംവഴിയായിരുന്നു അത്. "മറ്റൊരു വിധമായിരുന്നെങ്കില്‍'' എന്നു തന്നെയായിരുന്നു അടിമനസ്സിലെ വികാരഗതി - അത് അന്നും ഇന്നും അടങ്ങിയില്ല. അടങ്ങുന്ന ഒന്നല്ല. അതുകൊണ്ടാണ് 'മൃതസഞ്ജീവനി'യെന്ന സങ്കല്‍പം സ്വന്തം അന്തരംഗത്തില്‍ നിന്ന് പൊങ്ങുവരുമ്പോള്‍ കവി അതിനെ സന്യാസിയുടെ ജിഹ്വയില്‍ ഇരുത്തുന്നത്.
മൃതസഞ്ജീവനി കൈവശമുണ്ടായിരുന്ന പൌരാണികനായ ഋഷിക്ക് അതു കൈവരാന്‍ ഇച്‌ഛിച്ചതിന്‍ പേരില്‍ ചെന്നായ്‌ക്കള്‍ക്ക് തീറ്റയാവുകയോ മദ്യത്തിലലിഞ്ഞു പോകയോ ചെയ്യുന്ന ഉത്തിഷ്‌ഠമാനമായ കര്‍മോല്‍സാഹത്തോടുകൂടിയവരെ മൃതിയില്‍നിന്ന് ഉയിര്‍പ്പിക്കാന്‍ കഴിയുമായിരുന്നു. (ശുക്രന്റെയും കചന്റെയും കഥ) ഇന്ന് അത്തരം സിദ്ധികള്‍ സാക്ഷാല്‍ക്കരിച്ച ഋഷിമാരില്ല. എങ്കിലും അണുശക്തികൊണ്ടുണ്ടാകാവുന്ന ആഗോളനാശത്തില്‍ നിന്നുപോലും ഒരു നവലോകത്തെ പുനരുജ്ജീവിപ്പിക്കാന്‍ ശാന്തിമാര്‍ഗത്തിലൂടെ ആദിമജനസഞ്ചയത്തെ ശക്തരാക്കാന്‍ കഴിഞ്ഞേക്കാമെന്ന സ്വപ്‌നം കാണുന്ന ഋഷിമാര്‍ ഈ യുഗത്തിലും അവതരിക്കുകയുണ്ടായി. ആ വഴിയാണ്,
“ഞാനിവിടെയിഗ്ഗിരിജനത്തിന്‍ മുരടിച്ച
മാനവത്വത്തെത്തളിര്‍പ്പിക്കുവാന്‍ യത്നിക്കുന്നു
അവര്‍ തന്‍ വളര്‍ച്ചയില്‍ കാണ്‍മു ഞാനാഗോളമാ
മണുനാശത്തില്‍പോലും നാമ്പിടുമൊരുലോകം.”
എന്നിങ്ങനെ കാവ്യനാടകത്തിലെ ഋഷി കഥാപാത്രം തന്റെ ദിവാസ്വപ്‌നത്തില്‍ കാണുന്നത്. പക്ഷേ, അപ്രതീക്ഷിത സംഭവങ്ങള്‍ ആ സ്വപ്‌നത്തെ ചുട്ടുകരിച്ചു കളയുന്നു.
സന്യാസിയുടെ ആശ്രമത്തിലെ പ്രശാന്തിയില്‍ മുങ്ങിക്കുളിച്ചിട്ടും തന്റെ ആത്മാവിനേറ്റ കളങ്കം കഴുകിക്കളയപ്പെടുമെന്ന വിശ്വാസം വീണ്ടെടുക്കാന്‍ കഴിയാത്ത കുറത്തി കെട്ടിത്തൂങ്ങി മരിക്കുന്നു. അവളുടെ യാതന അവള്‍ക്ക് സത്യമായിരുന്നു. തന്റെ ഭാവനയില്‍ വിരിഞ്ഞ മൃതസഞ്ജീവനികള്‍ ആകാശപുഷ്‌പങ്ങള്‍ മാത്രമാണെന്ന സത്യം സന്യാസിയെ നടക്കുന്നു
"ഇവള്‍ മരിച്ചതോടെ ആ വഴി മിക്കവാറും അടഞ്ഞു'' എന്നുള്ള വെളിപാട് കഠോര യാഥാര്‍ഥ്യത്തിലേക്കുള്ള ഉണര്‍ച്ചയാണ്. കടുംകെട്ടഴിക്കാന്‍ ഒറ്റവെട്ടല്ലാതെ മറ്റുവഴികളില്ല എന്ന പഴയ അവബോധം പുനരുത്ഥാനം ചെയ്യുന്നു. കുറവന്‍ പ്രഖ്യാപിക്കുന്നു: "ഞങ്ങളുടെ വഴി വേറെയാണ്; കാട്ടിലെ വഴി. പുരാണവഴി. ഞങ്ങളിലൊരാളെ പുലിപിടിച്ചാല്‍ ഞങ്ങള്‍ ആ പുലിയെത്തേടിപ്പോകുന്നു.'' ആ വഴി സഹനത്തിന്റെ വഴിയല്ല; ദഹനത്തിന്റെ വഴിയാണ്. അരുത് എന്നു വിലക്കാന്‍ സന്യാസിക്കു നാവുയരുന്നില്ല. "എന്റെ അനുഗ്രഹം എപ്പോഴുമുണ്ട് '' എന്ന് കുറവന്റെ വഴിയെ അനിവാര്യമായികാണുന്നു.
ഈ നാടകത്തിലെ ബലാല്‍സംഗത്തിനിരയാകുന്ന കുറത്തി, ധനലോഭവും മദവും ഭോഗാസക്തിയും മുഴുത്ത ഉപരിവര്‍ഗത്തിന്റെ ആക്രമണത്തിന്നിരയാവുന്ന ഭൂപ്രദേശത്തിന്റെയും കാടിന്റെയും പുഴയുടെയും അടിയാളരുടെയും ചിരന്തനപ്രതീകമാണ്. കുറവന്‍ എല്ലാ പോംവഴികളും നഷ്ടപ്പെടുമ്പോള്‍ ആ പുലിവര്‍ഗത്തോടേറ്റുമുട്ടിച്ചാവാനോ കൊല്ലാനോ ആയുധമേന്തിയിറങ്ങുന്ന അടിയാളപൌരുഷചൈതന്യവും. നാഗരികസമ്പന്നര്‍ക്കും ഭൂസ്വാമിമാര്‍ക്കും വന്‍തോതില്‍ വ്യവസായ പുരോഗതിക്കുവേണ്ടുന്ന ഊര്‍ജമോ മണ്ണില്‍ പൊന്നുവിളയിക്കാനാവശ്യമായ ജലമോ ലഭ്യമാക്കാന്‍വേണ്ടി കെട്ടിപ്പൊക്കുന്ന വമ്പന്‍ അണക്കെട്ടുകള്‍ക്കുവേണ്ടി ലക്ഷക്കണക്കിന് ഊരും വേരും കാടും മണ്ണും നഷ്‌ടപ്പെട്ട് ചിതറി അലയേണ്ടിവരുന്ന ആദിവാസിജനതതിയും, സമ്പര്‍ന്നക്ക് ഗതിവേഗവും ഗതിസുഖവും വര്‍ധിപ്പിക്കാനുതകുന്ന വാഹനങ്ങളുടെ നിര്‍മിതിക്കുവേണ്ടി ചിരകാലമായി കൃഷി ചെയ്‌തുപോന്ന നിലംപിടിച്ചെടുത്തു നിരാലംബരാക്കപ്പെടുന്ന കര്‍ഷകജനതയും മറ്റും മറ്റും ഇന്നു നാം കണ്‍മുന്നില്‍ കണ്ടുകൊണ്ടിരിക്കുന്ന, ചരിത്രവും ചാരിത്രവും നഷ്ടപ്പെട്ട കുറത്തിയാണ്.
മറ്റുവഴികളടയുമ്പോള്‍ അവര്‍ ആയുധമെടുത്തു പുലിവേട്ടയ്‌ക്കിറങ്ങുമെന്നാണ് വൈലോപ്പിള്ളി തന്റെ കാവ്യനാടകത്തില്‍ പ്രവചിച്ചത്. പുലിവേട്ടയുടെ രീതികളെയാണ് നാം ഇപ്പോള്‍ 'മാവോയിസ്‌റ്റ് കലാപം' എന്നു പേരിട്ടു നേരിട്ടുകൊണ്ടിരിക്കുന്നത്. ഒരു മഹാരാജ്യത്തിന്റെ സൈന്യശക്തിയെന്ന ഗോലിയത്തിനോട് ഇത്തിരിപ്പോന്ന ദാവീദ് സാഹസികമായി ഏറ്റുമുട്ടുന്നു. പുരാവൃത്തങ്ങളില്‍ മാത്രമായിരിക്കാം ദാവീദുമാര്‍ വിജയിക്കുന്നത്. പുതിയയുഗത്തില്‍ കൃഷ്‌ണന്‍ കംസനെക്കൊല്ലുകയില്ല; സൈനികശക്തിയുടെ ബൂട്ട്സിന്റെ ചോടെ കൃഷ്‌ണശിരസ്സ് മുട്ടയുടയുംപോലെ ഉടഞ്ഞരഞ്ഞേക്കും എന്ന് എന്‍.വി. ദുഃസ്വപ്‌നം കണ്ടു (കൃഷ്‌ണവധം). മാവോയിസ്‌റ്റ് കലാപം നടക്കുന്ന പ്രദേശത്തെ, ബലാല്‍സംഗത്തിനിരയാവുന്ന ആദിവാസി സ്‌ത്രീയായി കണ്ടുനടങ്ങുന്നു (അവിടെ) സച്ചിദാനന്ദന്‍ (മാതൃഭൂമി വാരിക മെയ് 23-29 'ദണ്ഡവാഡെ' മാനഭംഗം ചെയ്യപ്പെട്ട ആദിവാസി സ്‌ത്രീ) മൃതസഞ്ജീവനിയുടെ രചനയ്‌ക്കു കുറെ മുന്‍പ് കവി, തൃക്കടല്‍മാതിനോട് മനംനൊന്തു പ്രാര്‍ഥിക്കുകയുണ്ടായി.
"ഇവരുടെ മിഴികളിലഗ്നികൊളുത്തുക
യിവരുടെ കരളില്‍ കയറിയിരിക്കുക
അന്യര്‍ തുണപ്പതിനേക്കാള്‍ തമ്മെ-
ത്തന്നെ തുണയ്‌ക്കാനിവരെയൊരുക്കുക''
എന്ന്. 'കൊന്നപ്പൂകളെന്ന' കവിതയിലെ അന്തര്‍നാദം കൊണ്ട് അതില്‍പറയപ്പെട്ട "അഗ്നികൊളുത്തലും'' "തമ്മെത്തന്നെ തുണയ്‌ക്കാനുള്ള ഒരുക്കലും'' അവരെ അന്തിമമായ കലാപത്തിലേയ്‌ക്കിറങ്ങുക എന്ന പുലിവേട്ടയുടെ കൊടുമകളല്ല ധ്വനിപ്പിക്കുന്നത്. ചാമ്പലാക്കി പകപോക്കി സ്വയം എരിഞ്ഞമരുന്നതിന്റെ ദാരുണതയില്ല. പുതിയവെളിച്ചം കണ്ണിലുദിച്ച് കീഴ്നില മാച്ച്, മേല്‍നിലയോ ഇടനിലയോ ഇല്ലാത്ത സമനിലയിലേക്ക് സ്വയം ഉയര്‍ന്നെത്തുമെന്ന പ്രത്യാശയാണ് അന്നുള്ളത്. 'മൃതസഞ്ജീവനി' ആ പ്രത്യാശനഷ്ടപ്പെട്ടതിലെ കദനഭാരം പേറുന്നു. തൃക്കടല്‍മാതല്ലെങ്കില്‍ ഉല്‍ക്കടവിപ്ളവത്തിന്റെ പ്രയോക്താക്കളെങ്കിലും അവരെ തുണയ്‌ക്കുമെന്ന വിശ്വാസവും നഷ്ടപ്പെട്ടതിന്റെ കയാണത്. സഹ്യപുത്രന്റെ ദുരന്തം പുലിവേട്ടക്കിറങ്ങുന്ന കുറവനു നേരിടേണ്ടിവരില്ല എന്ന ഒരു മുന്നുറപ്പിന്റെ ഉല്‍സാഹമോ ധീരതയോ നിസംശയമായി ജ്വലിപ്പിക്കുന്ന സമാപനം കഥയ്‌ക്കു നല്‍കപ്പെട്ടിട്ടില്ല. കുറവനു വേറെ പോംവഴിയില്ലാതായി എന്നതിലാണ് ഊന്നല്‍.
നിശബ്‌ദതാഴ്വരയെ സംരക്ഷിക്കാനുള്ള യത്നങ്ങളുടെ കാലപശ്ചാത്തലം മൂലം ഈ കാവ്യനാടകം വനനാശനത്തിനെതിരായ സന്ദേശം മാത്രമാണ് നല്‍കുന്നതെന്ന് തെറ്റിദ്ധരിക്കപ്പെടരുതെന്ന നിഷ്‌ക്കര്‍ഷ ഇതു പ്രസിദ്ധപ്പെടുത്തിയതിന്റെ (17.3.80 മാതൃഭൂമി വാരിക) തൊട്ടുപിറകെ ഇതിന്റെ പഠനം നിര്‍വഹിച്ചതിലുണ്ടായിരുന്നു. കൃതിതന്നെ വേണ്ടുംപോലെ ശ്രദ്ധിക്കപ്പെടാതിരിക്കെ, പഠനത്തിന്റെ അവസ്ഥ പറയാനില്ലല്ലോ. വൈലോപ്പിള്ളിക്കവിതയെപ്പറ്റി പില്‍ക്കാലത്തുണ്ടായ സമഗ്രപഠനഗ്രന്ഥങ്ങളില്‍ 'മൃതസഞ്ജീവനി'ക്ക് അര്‍ഹിക്കുന്ന അവലോകനം കിട്ടാതെ പോയത് അതിലെ രാഷ്‌ട്രീയപരാമര്‍ശങ്ങളുടെ നിശിതത്വം കൊണ്ടല്ലേ? അനാസ്ഥകൊണ്ടോ കൃതി അവലോകനാര്‍ഹമല്ലെന്ന അഭിപ്രായത്താലോ ആയിരിക്കാനിടയുണ്ടോ? മൂന്നു ദശകങ്ങള്‍ക്കപ്പുറത്തുണ്ടായ ആ രചനയ്‌ക്ക് പ്രവചനതുല്യമായ പ്രാധാന്യം ഉണ്ടെന്ന വസ്‌തുത ഈ ശതാബ്‌ദിഘട്ടത്തിലെ സംഭവപരമ്പരകളോടു ബന്ധപ്പെടുത്തി ഉപദര്‍ശിക്കേണ്ടതില്ലേ? ഈ ചോദ്യങ്ങളോടൊപ്പം ആ കാവ്യനാടകത്തിലേക്ക് ചിന്തകരുടെ ശ്രദ്ധയെ ക്ഷണിക്കുന്നു.
അടിയാളരുടെ കൂടെയാണ് താന്‍ എക്കാലത്തും നിന്നത് എന്ന് കുടിയൊഴിക്കലിലെ കവിനായകന്‍ അവകാശപ്പെട്ടത് "വെള്ളമില്ലാത്ത കള്ളം'' എന്ന് ഇരകളെക്കൊണ്ടു വിമര്‍ശിപ്പിക്കാന്‍ ശങ്കിക്കാത്ത കവിയാണ് വൈലോപ്പിള്ളി. അതിന്റെ പിന്നിലുള്ളത് അത്രയേറെ അവരുടെ പേരില്‍ തീതിന്നു ദഹിക്കുന്ന ഒരു മനസ്സ് ഉണ്ടായിരുന്നതിന്റെ ധര്‍മികധീരതയാണ്. ആ കദനം ഏതെങ്കിലും രാഷ്‌ട്രീയകക്ഷിയുടെ കുത്തകാവകാശമാണെന്നദ്ദേഹം കരുതിയിരുന്നുമില്ല. എന്നും കറുത്തമക്കളുടെ കരുമനകളായിരുന്നു ഉള്ളിലെ കെടാത്ത നെരിപ്പോട്. 'കൃഷ്‌ണമൃഗങ്ങളാ'ണ് ആ കൂട്ടത്തിലേക്ക് ഏറ്റവും ഒടുവില്‍ വന്നെത്തിയ അംഗം. അതിനെപ്പറ്റി എഴുതിയത് കാണുംമുമ്പേ അദ്ദേഹത്തിന്റെ കണ്ണടഞ്ഞു. എങ്കിലും 'മൃതസഞ്ജീവനി'യുടെ പഠനംകണ്ട് സന്തുഷ്‌ടി തോന്നിയത് അറിയിച്ചിരുന്നു. അവസാനത്തെ രചനവരെ ഇത്രയേറെ ആത്മോന്മാദിയാക്കിത്തീര്‍ത്തവര്‍ എത്രയുണ്ട് ഈ ലോകത്ത്?
*****
ഡോ. എം. ലീലാവതി, കടപ്പാട് : ഗ്രന്ഥാലോകം, ജൂണ്‍ 2010
അധിക വായനയ്‌ക്ക് :
1. എല്ലാം സ്വന്തം കാവ്യജീവിതത്തിനുവേണ്ടി
2. ചരിത്രം - കവിതയ്‌ക്ക് ചൈതന്യത്തിന്റെ ഒരു സ്രോതസ്സ്
3. വൈലോപ്പിള്ളിക്കവിതയിലെ അന്തഃസംഘര്‍ഷങ്ങള്‍'
4. എന്നുടെയൊച്ച കേട്ടുവോ വേറിട്ട് ?'
5. വൈലോപ്പിള്ളിയുടെ സ്‌ത്രീസങ്കല്പം
6. വൈലോപ്പിള്ളിക്കവിതയുടെ സാമൂഹിക ഭൂമിക
7. `കവിതക്കാര'ന്റെ ഓര്‍മകളിലൂടെ
8. വൈലോപ്പിള്ളി - മലയാളത്തിലെ 'റിയലിസ്‌റ്റ് ' മഹാകവി
9. പ്രകൃതിപാഠങ്ങള്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment