Sunday, September 26, 2010

സംഘബോധത്തിന്റെ കരുത്തുമായി

ഇന്ത്യയില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കും അവരുടെ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍. 1981ല്‍ മദിരാശിയില്‍ ചേര്‍ന്ന സമ്മേളനത്തിലാണ് അഖിലേന്ത്യാ സംഘടനയായി രൂപംകൊണ്ടത്. തുടര്‍ന്ന് ഇന്ത്യയിലുടനീളം എണ്ണമറ്റ പോരാട്ടത്തിന് നേതൃത്വം കൊടുക്കാന്‍ സംഘടനയ്ക്ക് കഴിഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ 63 വര്‍ഷം പിന്നിട്ടിട്ടും ഇന്ത്യന്‍ സ്ത്രീസമൂഹം അനുഭവിക്കുന്ന പിന്നോക്കാവസ്ഥ ലജ്ജാവഹമാണ്. ആരോഗ്യ- വിദ്യാഭ്യാസ- തൊഴില്‍ മേഖലകളിലെ സ്ത്രീകളുടെ പിന്നോക്കാവസ്ഥ നമ്മുടെ സ്വാതന്ത്ര്യത്തെ വികലമാക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തികനയം മൂലമുള്ള വ്യാപകമായ വിലക്കയറ്റമാകട്ടെ കുടുംബബജറ്റ് തകര്‍ക്കുന്നു. ശിശുമരണനിരക്കും മാതൃമരണനിരക്കും ഇന്ത്യയില്‍ കൂടുതലാണ്. ഗ്രാമങ്ങളില്‍ ദളിത് സ്ത്രീകള്‍ ജാതിവിവേചനത്തിന്റെ ഭാഗമായി ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു. അവര്‍ക്ക് വിദ്യാഭ്യാസമോ തൊഴിലവസരമോ അഭിപ്രായസ്വാതന്ത്ര്യമോ ഒന്നും ലഭ്യമല്ല. സ്ത്രീകളുടെ ഇടയിലുള്ള നിരക്ഷരത അപമാനകരമാംവിധം കൂടുതലാണ്. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ സാക്ഷരതാനിരക്ക് 50 ശതമാനത്തില്‍ താഴെയാണ്. സ്ത്രീകള്‍ വന്‍തോതില്‍ ലൈംഗികപീഡനത്തിന് വിധേയരാകുന്നു. ഡല്‍ഹി നഗരം സ്ത്രീകളുടെ കൊലക്കളമായി മാറുന്നുവെന്നതാണ് യാഥാര്‍ഥ്യം. ബിഹാര്‍, യുപിപോലുള്ള സംസ്ഥാനങ്ങളില്‍ നടക്കുന്ന 'ദുരഭിമാനഹത്യ'കളും പിശാചുവേട്ട (Witch hunting) യും സ്ത്രീയുടെ ജീവിതത്തിന്മേലുള്ള കടന്നാക്രമണമാണ്.

ഇന്നും അവഗണനയുടെയും അന്ധവിശ്വാസങ്ങളുടെയും ഇരുളില്‍ ആണ്ടുകിടക്കുകയാണ് ഇന്ത്യന്‍ സ്ത്രീത്വം. സ്ത്രീസമൂഹത്തിന്റെ മോചനത്തിനായുള്ള പോരാട്ടത്തിലാണ് എഐഡിഡബ്ള്യുഎ. ഖൈര്‍ലാഞ്ചിയിലെ ദളിത് കൂട്ടക്കൊല, തമിഴ്നാട്ടിലെ ഉത്തപുരം ഗ്രാമത്തിലെ തൊട്ടുകൂടായ്മ, ഗുജറാത്ത് കലാപത്തിനിരയായ പ്രദേശങ്ങളിലെ സ്ത്രീകളുടെ ദുരവസ്ഥ എന്നീ പ്രശ്നങ്ങളിലെല്ലാം അസോസിയേഷന്‍ ശക്തമായി ഇടപെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ- സ്ത്രീവിരുദ്ധ നടപടികള്‍ക്കെതിരെ നിരന്തരപോരാട്ടത്തില്‍ ഏര്‍പ്പെട്ട് അവരുടെ പ്രതീക്ഷയും ആശ്വാസവുമായി സംഘടന മാറി. ഒന്നരക്കോടിയിലേറെ അംഗസംഖ്യയുള്ള സംഘടന ജനാധിപത്യം, സമത്വം, സ്ത്രീവിമോചനം എന്ന മുദ്രാവാക്യവുമായി കൂടുതല്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ്.

കേരളത്തില്‍ പുരോഗമനപ്രസ്ഥാനങ്ങള്‍ ശക്തമാവുകയും 1957ല്‍ ഇടതുപക്ഷസര്‍ക്കാര്‍ അധികാരത്തില്‍വരികയും ചെയ്തതോടെയാണ് ജാതിമേധാവിത്വത്തിന് കനത്ത പോറലേല്‍ക്കുന്നത്. എന്നാല്‍കേരളത്തില്‍ പുരോഗമനപ്രസ്ഥാനങ്ങള്‍വഴി നേടിയെടുത്ത നേട്ടങ്ങള്‍ നിലനിര്‍ത്താന്‍ കഴിയാത്തവിധം പ്രശ്നങ്ങള്‍ രൂക്ഷമാവുകയാണ്. മുതലാളിത്ത ഉപഭോഗാര്‍ത്തിയുടെ ഭാഗമായി സാംസ്കാരിക മേഖലയില്‍ കടുത്ത മൂല്യച്യുതി ഉണ്ടായിരിക്കുന്നു. ലൈംഗിക അരാജകത്വം പെരുകുന്നു. പെണ്‍വാണിഭസംഘങ്ങളും മാഫിയകളും പെരുകുന്നു. പെണ്‍കുട്ടികളുടെ അന്തസ്സുറ്റ ജീവിതം തകര്‍ക്കുംവിധം മാധ്യമങ്ങളും മാഫിയകളും അവരുടെ ജീവിതത്തെ തെറ്റായി സ്വാധീനിക്കുന്നു. അന്ധവിശ്വാസങ്ങളും ജാതിബോധവുമെല്ലാം തിരിച്ചുവരവിനൊരുങ്ങുന്നു.

കേരളത്തില്‍ ബഹുമുഖങ്ങളായ ഇടപെടലാണ് മഹിളാ അസോസിയേഷന്‍ നടത്തേണ്ടതായി വരുന്നത്. 1940കളില്‍ പുരോഗമന മഹിളാ സംഘങ്ങളും പിന്നീട് കേരള മഹിളാ ഫെഡറേഷനും നടത്തിയ വിമോചനപ്പോരാട്ടങ്ങളുടെ തുടര്‍ച്ചയായി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേരളീയസമൂഹത്തില്‍ സജീവസാന്നിധ്യമായി നിലനില്‍ക്കുകയാണ്. 40 ലക്ഷം സ്ത്രീകള്‍ കേരളത്തില്‍ സംഘടനയുടെ അംഗങ്ങളായിട്ടുണ്ട്. ഇരുപതിനായിരത്തിലേറെ യൂണിറ്റിലായി ചിട്ടയായ പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്. ജനവിരുദ്ധ ഭക്ഷ്യനയം തിരുത്തുക, വിലക്കയറ്റം തടയുക, റേഷന്‍ ക്വോട്ട പുനഃസ്ഥാപിക്കുക, ബിപിഎല്‍ ക്വോട്ട വര്‍ധിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കുമുന്നില്‍ സംഘടിത സ്ത്രീശക്തി നിരവധിതവണ പ്രതിഷേധം രേഖപ്പെടുത്തി.

ലോക മനുഷ്യാവകാശദിനമായ ഡിസംബര്‍ 10ന് കഴിഞ്ഞ മൂന്നുവര്‍ഷവും 'ഭക്ഷണമില്ലാതെയെന്ത് മനുഷ്യാവകാശം' എന്ന ചോദ്യവുമായി ഭക്ഷ്യസുരക്ഷിതത്വദിനമായാണ് മഹിളാ അസോസിയേഷന്‍ ആചരിച്ചത്.സാര്‍വദേശീയ മഹിളാദിനമായ മാര്‍ച്ച് എട്ടിന് 'സാമ്രാജ്യത്വ നയങ്ങള്‍ക്കെതിരെ സ്ത്രീപ്രതിരോധം' തീര്‍ത്തത് ആവേശകരമായിരുന്നു.

തീരുമാനമെടുക്കുന്ന വേദികളില്‍ സ്ത്രീകളുടെ സ്ഥാനം ഉറപ്പിക്കുന്നതിന് പാര്‍ലമെന്റിലും അസംബ്ളിയിലും 33 ശതമാനം സീറ്റ് സംവരണം ചെയ്യുന്നതിനുള്ള പോരാട്ടം തുടരുകയാണ്. കേന്ദ്ര സര്‍ക്കാര്‍ അക്ഷന്തവ്യമായ അവഗണനയാണ് ഇക്കാര്യത്തില്‍ കാണിക്കുന്നത്. എന്നാല്‍, കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ 50 ശതമാനം സീറ്റ് സംവരണം നല്‍കിക്കൊണ്ട് മാതൃക കാണിച്ചു. കേരള സര്‍ക്കാര്‍ അവതരിപ്പിച്ച ജെന്‍ഡര്‍ ബജറ്റും വിവിധ വകുപ്പില്‍ നടത്തിയ സാമൂഹ്യക്ഷേമ നടപടികളും മാതൃകാപരമാണ്. ആരോഗ്യ, സാമൂഹ്യക്ഷേമവകുപ്പുകളില്‍ സ്ത്രീകള്‍ക്കായി നൂതനങ്ങളായ ഒട്ടേറെ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കി. ആദിവാസി ജനസമൂഹത്തിന്റെ അവകാശസംരക്ഷണത്തിനും ആദിവാസിസ്ത്രീകളെ ചൂഷണത്തില്‍നിന്ന് മോചിപ്പിക്കുന്നതിനുംവേണ്ടി വൃന്ദ കാരാട്ടടക്കം പങ്കെടുത്ത് ആദിവാസി സ്ത്രീസംഗമം നടത്തുകയും പ്രശ്നം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്തു. മുസ്ളിം സ്ത്രീകള്‍ അനുഭവിക്കുന്ന പിന്നോക്കാവസ്ഥയും ജനശ്രദ്ധയില്‍ കൊണ്ടുവന്നു.

ബൂര്‍ഷ്വാ മാധ്യമങ്ങള്‍ സ്ത്രീകളെ അരാഷ്ട്രീയവല്‍ക്കരിക്കാന്‍ നടത്തുന്ന സമര്‍ഥമായ ശ്രമങ്ങള്‍ക്കിടയില്‍, കേരളത്തിലെ സ്ത്രീസമൂഹത്തെയാകെ ഭരണപരവും സാമൂഹ്യപരവുമായ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുള്ളവരാക്കി മാറ്റിയാല്‍മാത്രമേ വായും പിളര്‍ന്നുവരുന്ന സാമൂഹ്യജീര്‍ണതയെ ചെറുക്കാന്‍ കഴിയുകയുള്ളൂ. സംസ്ഥാന സമ്മേളനത്തില്‍ നടക്കുന്ന ചര്‍ച്ചകളിലൂടെ കൂടുതല്‍ കരുത്താര്‍ജിച്ച് പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കാന്‍ ഞങ്ങള്‍ തയ്യാറാകും. സമൂഹത്തിലെ എല്ലാ ജനാധിപത്യവിശ്വാസികളില്‍നിന്നും സ്ത്രീവിമോചനപ്പോരാട്ടത്തിന് പിന്തുണ ഉണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

*
കെ കെ ശൈലജ
(അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍സംസ്ഥാന സെക്രട്ടറിയാണ് ലേഖിക)

1 comment:

വര്‍ക്കേഴ്സ് ഫോറം said...