Sunday, September 12, 2010

വൈലോപ്പിള്ളിക്കവിതയിലെ അന്തഃസംഘര്‍ഷങ്ങള്‍

ആയിരത്തിത്തൊള്ളായിരത്തി അന്‍പതുകളുടെ തുടക്കത്തില്‍ പ്രസിദ്ധീകരിച്ച 'ഋശ്യശൃംഗനും അലക്‌സാണ്ടറും' എന്ന നാടകസമാഹാരത്തിലെ 'ഋശ്യശൃംഗന്‍' എന്ന ലഘുനാടകത്തിലൊരിടത്ത് ഋശ്യശൃംഗനെ പ്രലോഭിപ്പിക്കാനെത്തുന്ന വേശപെണ്‍കൊടികളെക്കുറിച്ച് പരാമര്‍ശിക്കുന്നിടത്ത്

"പ്രേമമോടു മരയന്നപ്പേടകള്‍ വന്നോതീ വീരാ,
താമരന്നൂല്‍ തരാം ഞങ്ങള്‍ തടവുചാടൂ''

എന്നെഴുതുന്നുണ്ട് വൈലോപ്പിള്ളി. പ്രേമത്തിന്റെ താമരനൂല്‍കൊണ്ട് താടി നീണ്ട വൈരാഗ്യത്തിന്റെ തടവറ ചാടാം എന്നു തമാശയുള്ള ഈ ആശയം സ്വന്തം ജീവിതത്തിലുടനീളം വൈലോപ്പിള്ളി കൊണ്ടുനടന്നു എന്നു തോന്നുന്നു. ജീവിതം തീര്‍ക്കുന്ന നിരവധി തടവറകള്‍ ചാടാന്‍ കവിതയുടെ താമരനൂല്‍ കൊണ്ട് സാധ്യമാകും എന്നതായിരുന്നു വൈലോപ്പിള്ളിയുടെ തോന്നല്‍. തന്റെ കാലത്തെനിര്‍ദയമായ സമസ്യകള്‍ക്കു മുന്‍പില്‍ ഹാ സഖി നീയെന്നോടു ചേര്‍ന്നു നില്‍ക്കൂ എന്ന് തന്റെ കവിതയെ അദ്ദേഹം തന്നോടു ചേര്‍ത്തുനിര്‍ത്തി. ബാഹ്യയാഥാര്‍ഥ്യങ്ങളുടെ കല്ലേറുകൊണ്ട് തന്റെ ദേവഭാവനയുടെ ദര്‍പ്പണം പൊട്ടുമ്പോഴും

"ഉജ്വലനിമേഷത്തിലെ ഹൃത്തില്‍
ദര്‍ശനങ്ങളെ കൈ പകര്‍ത്തീടില്‍
ശുദ്ധമാക്കിടാമൂഴിയെയൊറ്റ
ശുദ്ര പുഷ്‌പത്തില്‍ നീഹാരനീരാല്‍
പാരില്‍ വെട്ടാ വിതച്ചിടാ-
മേകതാരകത്തില്‍ നിന്നേന്തിയ തീയാല്‍''

എന്ന് കവിതയെക്കുറിച്ചുള്ള തന്റെ ശുഭപ്രതീക്ഷ കാലത്തിലെ മറ്റുകവികളെപ്പോലെ വൈലോപ്പിള്ളിയും മനസ്സില്‍ കൊണ്ടുനടന്നു. കവിതയും കവിതകൊണ്ടു നിര്‍മിക്കാവുന്ന സംസ്‌കൃതിയും സമൂഹത്തിലെ ഏറ്റവും വലിയ ചാലകശക്തികളാണ് എന്നദ്ദേഹം കരുതി. 'വൈലോപ്പിള്ളിക്കവിതകള്‍' എന്ന പേരില്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘം സമാഹരിച്ച കൃതിയുടെ ആമുഖത്തില്‍ വൈലോപ്പിള്ളി ഇങ്ങനെ എഴുതി.

"എന്റെ ജീവിതത്തിലെ എടുത്തുപറയാവുന്ന നേട്ടങ്ങള്‍ ഈ കവിത മാത്രമാണ്. കൂടുതല്‍ എഴുതിയിരുന്നെങ്കില്‍, എഴുതിയവയ്‌ക്കുതന്നെ കൂടുതല്‍ സമയവും ക്ഷമയും വിനിയോഗിച്ചിരുന്നെങ്കില്‍, അങ്ങനെ അവയ്‌ക്കൊക്കെ കൂടുതല്‍ മിഴിവ് കൊടുത്തിരുന്നെങ്കില്‍ എന്ന് ഞാന്‍ വിഷാദപൂര്‍വം വിചാരിക്കാറുണ്ട്. ആദ്യമാദ്യം ഭാവനകളുടെയും ഭാഷയുടെയും വൈശിഷ്‌ട്യസൌന്ദര്യങ്ങളെ അനുസരിച്ചെഴുതിയിരുന്ന ഞാന്‍ പിന്നെപ്പിന്നെ സാമൂഹ്യചലനങ്ങളില്‍ ശ്രദ്ധാലുവായിത്തീര്‍ന്നതിന്റെ മുദ്രകള്‍ ഈ കവിതകളുടെ ചോടു പിടിച്ചു പോകുന്നവര്‍ക്ക് കാണാന്‍ കഴിയും. ശൈശവസ്‌മരണകളില്‍ ഒന്നാംമഹായുദ്ധത്തിന്റെ അമ്പരപ്പുകള്‍ പേറിനടക്കുന്ന ഞാന്‍, യൌവനത്തില്‍ മറ്റുപലരെയും പോലെ രണ്ടാംമഹായുദ്ധത്തിന്റെ അണുസ്‌ഫോടനം വരെ നെഞ്ചില്‍ താങ്ങി. എന്റെ നാടിന്റെയും അയല്‍നാടുകളുടെയും സ്വാതന്ത്ര്യലബ്ധിയില്‍ പുതിയ അതിന് ധന്യത പൂണ്ടു. അനന്തരകാലുഷ്യങ്ങളെക്കൊണ്ട് അപ്രസന്നമായ പാതയിലൂടെ ഇപ്പോഴും നീങ്ങുന്നു.

എല്ലാ പ്രക്ഷോഭങ്ങളില്‍നിന്നും അകത്തിരുന്ന് ജനത്തെ സമഗ്രമായി വിലയിരുത്തി തത്വചിന്താത്‌മകങ്ങളായ കൃതികള്‍ എഴുതിയാല്‍ കൊള്ളാമെന്നുണ്ട്. പക്ഷേ നാടിന്റെ ചെറുതും വലുതുമായ ഭൌതിക പ്രശ്‌നങ്ങളില്‍ നിന്ന് മനസ്സിനെ പിടിച്ചടക്കിയിരുത്താന്‍ കഴിയുന്നില്ല. ആ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സ്‌നേഹത്തെക്കാളും നീതിയെ ധര്‍മ്മത്തെ ആണ് ഞാന്‍ തേടിപ്പിടിച്ച് സര്‍വാത്‌മനാ ആശ്രയിക്കുന്നത്. "എല്ലാം ജീവിതത്തിന്റെ ഭദ്രതയ്‌ക്കും സൌഭാഗ്യത്തിനുംവേണ്ടി എന്നതാണ് എന്റെ നിലപാട്. കവിതയില്‍ എന്റെ പ്രമേയത്തെ കഴിയുന്നതും സരളമായി, അനാര്‍ഭാടമായി എന്നാല്‍ അഗാധമായി ചിത്രീകരിക്കാനാണ് ഞാന്‍ ശ്രമിയ്‌ക്കാറ്. കയ്‌പു കലര്‍ന്ന ഒരു നര്‍മബോധത്തെയും കൂട്ടുപിടിക്കാറുണ്ട്.”

തന്റെ കവിതയെക്കുറിച്ചും കാഴ്‌ചപ്പാടിനെക്കുറിച്ചും കവി തന്നെ നല്‍കുന്ന സാമാന്യം നീണ്ട ഈ സത്യവാങ്മൂലം രണ്ടുമൂന്നു കാര്യങ്ങള്‍ സൂചിപ്പിക്കുന്നു. ഭാവനകളുടെയും ഭാഷയുടെയും വൈശിഷ്‌ട്യസൌന്ദര്യങ്ങളില്‍ നിന്ന് സാമൂഹ്യചലനങ്ങളിലേയ്‌ക്കുള്ള വഴിമാറല്‍, ഓരോ സ്വപ്‌നങ്ങളും യാഥാര്‍ഥ്യമാകുമ്പോഴും അനന്തരകാലുഷ്യങ്ങളെക്കൊണ്ട് അപ്രസന്നമായിത്തീരുന്ന ജീവിതത്തിന്റെ പാത, തത്വചിന്താപരമായ പ്രശ്‌നങ്ങളെ താലോലിക്കാന്‍ വെമ്പുമ്പോള്‍ കല്ലെറിയാനെത്തുന്ന ഭൌതികപ്രശ്‌നങ്ങള്‍, അവതരണത്തിലെ കയ്‌പു കലര്‍ന്ന നര്‍മബോധം എപ്പോഴും നന്മയുടെ മറുപുറം കാണുന്ന ഒരു സൌവര്‍ണ പ്രതിപക്ഷമാണ് തങ്ങളെന്ന വിലയിരുത്തലിലേയ്‌ക്ക് വൈലോപ്പിള്ളി ചെന്നെത്തുന്നതിന്റെ പശ്ചാത്തലം ഇതാണ്. വ്യവസ്ഥാപിതത്വങ്ങളോടും അധികാരഘടനകളോടുമുള്ള നിരന്തരമായ കലഹമാണ് ഈ സമീപനത്തിന്റെ കാതല്‍. "പഴയ വൈസ്രോയിമാര്‍ നായാടി, നയമോതി, പരിലസിച്ചോരിടപ്പാളയത്തില്‍, പുതിയ വൈസ്രോയിമാര്‍'' എന്ന് അധികാരഘടനയിലെ മാറ്റങ്ങളെ ഈ കവി നിരീക്ഷിക്കുന്നു (വൈസ്രോയിയും കുരങ്ങുസൂപ്പും എന്ന കവിത).

തന്റെ അസാമാന്യമായ വശീകരണശക്തികൊണ്ട് മലയാളകവിതയെ ഏകസ്വരമാക്കാന്‍ ശ്രമിച്ച ചങ്ങമ്പുഴയുടെ ആകര്‍ഷണതയ്‌ക്കെതിരെ ബോധപൂര്‍വമായ ചെറുത്തുനില്‍പ് വൈലോപ്പിള്ളിയടക്കമുള്ള കവികള്‍ക്ക് ആവശ്യമായിരുന്നു. കുടിയൊഴിക്കലില്‍ ചങ്ങമ്പുഴയെ ഓര്‍ക്കുന്ന ഒരു പ്രകരണത്തില്‍, "കേട്ടുവോ എന്റെ ഒച്ച വേറിട്ട് '' എന്ന ചോദ്യം കവിതന്നെയാണ്. എന്‍. വി. കൃഷ്ണവാരിയര്‍ പരഭാഷകളിലേയ്‌ക്കും, പരവിജ്ഞാനങ്ങളിലേയ്‌ക്കും കവിതയെ കൂട്ടിക്കൊണ്ടു പോയപ്പോള്‍ ഇടശ്ശേരി പ്രാദേശികതയിലേയ്‌ക്കും, ഗ്രാമീണന്റെ പൊതുബോധത്തിലേക്കും കവിതയെ കൂട്ടിക്കൊണ്ടുപോയി. വൈലോപ്പിള്ളി ഭാവനയെയും യുക്തിബോധത്തെയും സമഞ്ജസമായി കവിതയില്‍ സമ്മേളിപ്പിച്ചു. കാല്‍പനികഭാവനയ്‌ക്കുതന്നെ ചങ്ങുമ്പുഴയില്‍ നിന്ന് തികച്ചും വ്യത്യസ്‌തമായ ഒരു മാനം നല്‍കി പി. കുഞ്ഞിരാമന്‍ നായര്‍. ചങ്ങമ്പുഴയ്‌ക്കൊപ്പം നില്‍ക്കുമ്പോഴും മലയാളകവിതയെ ബഹുസ്വരവും ബലിഷ്‌ഠവുമാക്കി നിര്‍ത്തിയത് ഈ നാലു കവികളും ആയിരുന്നു.

പകല്‍ യുക്തിവാദത്തിന്റെയും രാത്രി സ്വപ്‌നദര്‍ശനത്തിന്റെയും സമയമാണെന്ന് വൈലോപ്പിള്ളി എഴുതി.

"സ്വപ്‌നമോ രാക്കിനാവുകളല്ലീ
സുപ്രഭാതത്തിന്‍ പൂവുകളെല്ലാം'' (കുടിയൊഴിക്കല്‍)

'റൊമാന്‍സ് ആന്റ് റിയലിസം' 'ഇല്യുഷന്‍ ആന്റ് റിയാലിറ്റി' എന്നൊക്കെ ക്രിസ്‌റ്റഫര്‍ കാള്‍ഡ് വെല്ലിന്റെ ഗ്രന്ഥനാമങ്ങള്‍ സൂചിപ്പിക്കുന്നതുപോലെ പ്രശ്‌നസമീപനങ്ങളിലെ ഈ ദ്വിമുഖതയുടെ സാര്‍ഥക സാത്‌മീകരണത്തിലാണ് വൈലോപ്പിള്ളിക്കവിത ശ്രദ്ധേയമായിത്തീരുന്നത്. "തത്ത പാടുന്ന പാടങ്ങള്‍, യന്ത്രശക്തി പെറ്റലറീടുമെടങ്ങള്‍'' എന്നാണ്. ആ ദര്‍ശന സല്ലയനത്തിന്റെ രീതി. ഈ ഒരു കാഴ്‌ചപ്പാടില്‍ സര്‍പ്പക്കാട്, തെങ്ങിന്‍തോപ്പില്‍ തുടങ്ങി വൈലോപ്പിള്ളിയുടെ ശ്രദ്ധേയ രചനകളുടെ നിഴല്‍ - പ്രകാശഘടന വിശകലനം ചെയ്യുന്നത് നന്നായിരിക്കും എന്ന് സൂചിപ്പിക്കുക മാത്രം ചെയ്യട്ടെ.

സംഘര്‍ഷം ജീവനായിത്തീരുന്നത് നാടകങ്ങള്‍ക്കു മാത്രമല്ല, ചലനവും ജ്വലനവും ആവശ്യമായ ജൈവജനുസ്സുകള്‍ക്കൊക്കെ സംഘര്‍ഷം അടിസ്ഥാന സ്വഭാവമായിട്ടുണ്ടായിരിക്കും. കവിതയും ആ വിഭാഗത്തില്‍പ്പെടുന്നതുതന്നെ. നേരത്തെ പറഞ്ഞ "സുസ്ഥിതിയുടെ മറുപുറം തപ്പുന്ന സൌവര്‍ണ പ്രതിപക്ഷക്കാരായ'' ഇടശ്ശേരിയുടെയും എന്‍.വി.യുടെയും വൈലോപ്പിള്ളിയുടെയും കവിതകളില്‍ വ്യക്തി x സമഷ്‌ടി, ഹിംസ x അഹിംസ, ഗ്രാമം x നഗരം, പരിസ്ഥിതി x വികസനം, നയം x അഭിനയം, ഗാന്ധി x മാര്‍ക്‌സ്, സാക്ഷര സംസ്‌കൃതി x കേവല നിരക്ഷര സംസ്‌കൃതി എന്നിങ്ങനെ നിരവധി വൈരുധ്യങ്ങളുടെ സമന്വയം പ്രധാനപ്പെട്ട പ്രശ്‌നമായിരുന്നു. അവരനുഭവിച്ച അന്തഃസംഘങ്ങളിലേറെയും ഈ വൈരുധ്യസമന്വയങ്ങളോടു ബന്ധപ്പെട്ടവയുമായിരുന്നു. എല്ലാ വലിയ എഴുത്തു കാരെയും പോലെ പ്രമേയവും പ്രമേയാവിഷ്‌ക്കാരവും തമ്മിലുള്ള സംഘര്‍ഷം വൈലോപ്പിള്ളിയും അനുഭവിക്കുന്നുണ്ട്.

മധുപാത്രമിതിന്നെന്‍ പഴകിയ വാങ്മയമാകും തൊണ്ടാ-
ണിതിലെങ്ങിനെ പകരേണ്ടുഞാന്‍ സുരഭിലമിത്തുടുമദ്യം''

എക്കാലത്തെയും കവി മനസ്സിന്റെ അന്തഃസംഘര്‍ഷത്തെ ലളിതവും അനലംകൃതവുമായ ഒരു ശൈലിയില്‍ അദ്ദേഹം സമന്വയിച്ചു. "കമ്പോടുകമ്പ് അലങ്കാരങ്ങള്‍ കെട്ടിക്കയറ്റു''ന്നതിനെക്കാള്‍ 'പുളിയിലനേര്‍ക്കര മുണ്ടു മടക്കി പ്പൂവു നിറച്ചാളമ്മാളു' എന്ന തരം രചനയാണ് തനിക്ക് സ്വീകാര്യം എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടല്ലോ. മനസ്സിലെ കാവ്യജീവിതവും പുറത്തെ കെട്ട ജീവിതവും (കെട്ട ജീവിതം ഉണ്ടെനിക്കെന്നാല്‍ മറ്റൊരു കാവ്യജീവിതം മണ്ണില്‍) തമ്മിലുള്ള സംഘര്‍ഷമാണ് വൈലോപ്പിള്ളി അനുഭവിച്ച മറ്റൊരു പ്രശ്‌നം. ഒരു ശാസ്‌താധ്യാപകനെന്ന നിലയില്‍ സൌന്ദര്യദര്‍ശനത്തില്‍ തനിക്കു വന്നു പെട്ട 'കോങ്കണ്ണിനെ' ക്കുറിച്ച് വൈലോപ്പിള്ളി നിരന്തരം സങ്കടപ്പെട്ടു. "പുള്ളിമാനിനു പിറകെ പുലിയെയും വസന്തവായുവില്‍ വസൂരിരോഗാണുക്കളെയും'' കാണുന്ന ഈ 'ആന്റിറൊമാന്റിസൈസിങ്ങ് ' (അപകാല്‍പനീകരണ പ്രവണതയില്‍ നിന്നാണ്
"പനിനീര്‍പ്പൂവേ ഇന്നു നിന്നെ ഞാന്‍ വെറുക്കുന്നൂ
നിന്റെ മുനനീട്ടിയമുള്ളിന്‍ കള്ളിയിന്നറിഞ്ഞു ഞാന്‍''

എന്നും

"വാനത്തിന്ദു എട്ടുകാലി തന്‍ മാറില്‍ മുട്ടപോല്‍ തങ്ങിടവേ''

എന്നും മറ്റുമുള്ള കോങ്കണ്‍ കാഴ്‌ചകള്‍ രൂപപ്പെടുന്നത്.

അനിര്‍വചനീയമായ ഏതോ ആന്തരികപ്രേരണയില്‍ നിന്നല്ല നിശിതയുക്തിബോധത്തില്‍ നിന്നാണ് ഒരു കവിത പിറക്കുന്നത് എന്നതാണ് വൈലോപ്പിള്ളിയുടെ അനുഭവം. ഈ കാവ്യജീവിതത്തിനെതിരായി നില്‍ക്കുന്ന കുടുംബജീവിതത്തെയും കവിതയ്‌ക്കുവേണ്ടി വൈലോപ്പിള്ളി നിരാകരിക്കുകയും അതിന്റെ സംഘര്‍ഷങ്ങള്‍ മനസ്സില്‍ പേറുകയും ചെയ്‌തു.

ജീവിതത്തിന്റെ രൂപകമായി വൈലോപ്പിള്ളിക്കവിതയില്‍ നിരന്തരം പ്രത്യക്ഷപ്പെടുന്ന ഒരു സ്ഥലരാശി രൂപം (സ്പെഷ്യല്‍ മെറ്റഫര്‍) കൊയ്‌ത്തുപാടമാണ്. കൊയ്‌ത്തുപാടാം, ചെളി, കാലവര്‍ഷം തമ്മില്‍ തമ്മില്‍ ഒറ്റപ്പെട്ട ദമ്പതികള്‍, അക്കരയെത്തിക്കാനാവാത്ത യാത്ര ഇത് കണ്ണീര്‍പ്പാടത്തില്‍ മാത്രമല്ല മറ്റു പലകവിതകളിലും ഏറിയോ കുറഞ്ഞോ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങളാണ്.

"തമ്മിലത്രമേലിഷ്‌ടമാകിലും
സ്‌നേഹസ്വാര്‍ഥ ജൃംഭിതങ്ങളാല്‍
പരിഭവത്താ, ലസൂയയാല്‍
കാറു കൂടിയ കണ്ണീര്‍പാടങ്ങള്‍

തന്നെ സ്‌നേഹവ്യഗ്രമെങ്കിലും നിഗ്രഹോല്‍സുകമായ മനസ്സുകള്‍ തുടങ്ങിവച്ചതുകൊണ്ടുമാത്രം തോല്‍വി സമ്മതിക്കാന്‍ മടിച്ച് മുടന്തി മുന്നോട്ടു പോകുന്ന ദാമ്പത്യം - പക്ഷേ കണ്ണീര്‍പാടത്തിന്റെ അവസാനവും ശുഭാപ്‌തി ബോധത്തിന്റേതാണെന്നോര്‍ക്കുക. ഗ്രാമീണദമ്പതികളില്‍ നിന്നുള്‍ക്കൊള്ളുന്ന ഒരു പാഠത്തിലൂടെ കണ്ണീരാണ്ട ജീവിതത്തിന്റെ വിഷമപദപ്രശ്‌നം എളുപ്പമായിത്തീരുന്നു. ചെളികുഴഞ്ഞ വരമ്പുകളില്‍നിന്ന് നെടുതാം വരമ്പെത്തി മുന്നേറുന്ന ദമ്പതികളുടെ ചിത്രം,

"നെടുതാം വരമ്പെത്തി നമ്മള്‍ മുന്നേറും നേരം
ഒടുവാക്കാര്‍മേഘത്തിന്നിമ്പാച്ചി മുഖഭാവം
മഴയായ്, ചിരിയായി ചാലിട്ടു നൂറായിരം
വഴിയായ്പ്പായും നീറ്റില്‍ കളഗാനമായ് മാറി
ഒലിപൂണ്ടിതാശാനം നമ്മുടെ ചേതസ്സിലും
കുളിര്‍ തെന്നലില്‍ പാറീ കൈതപ്പൂം പരിമളം''

(കണ്ണീര്‍പാടം)

"ഉയിരിന്‍ കൊലക്കുടുക്കാക്കാവുന്ന കയറിനെ ഊഞ്ഞാലാക്കിത്തീര്‍ക്കുന്ന'' ശുഭാപ്‌തിവിശ്വാസത്തിന്റെ രാസവിദ്യ തന്നെ ഇത്.

ഇനി നമുക്കാ പ്രഖ്യാതമായ കുടിയൊഴിക്കലില്‍ വന്നാലോ? വ്യഷ്‌ടി - സമഷ്‌ടി ദ്വന്ദ്വങ്ങളിലെ ശൈഥില്യത്തിന്റെ ഇതിഹാസഗാഥയാണത്. ഇടത്തരക്കാരന്റെ ട്രാജഡി എന്നതിനെ വാഴ്ത്തിപ്പാടിയിട്ടുണ്ട് എന്‍.വി. കൃഷ്ണവാരിയര്‍. വാസ്‌തവത്തില്‍ കുടിയൊഴിക്കലിലെ നായകന്‍ ഇടത്തരത്തില്‍പ്പെട്ട പെറ്റിബുര്‍ഷ്വായാണോ? എന്താണ് അയാളുടെ വര്‍ഗസ്വഭാവം? കൂടുതല്‍ ആലോചിക്കേണ്ട കാര്യമാണത്. 'അന്തിയുണ്ട് പഴങ്ങള്‍ തന്‍ മാംസം മന്ദം മന്ദം നുകര്‍ന്നു ദേവപാതയില്‍ പാടിപ്പാടി പാറുന്നതില്‍ ആനന്ദിക്കുന്ന ആത്‌മവഞ്ചകനായ ആ കുലീനപ്രഭു വര്‍ഗവിശകലനത്തില്‍ എവിടെ നില്‍ക്കും എന്ന് ഒന്നുകൂടി ആലോചിക്കേണ്ടതുണ്ട്. ആത്‌മവഞ്ചനയുടെ നൂല്‍പ്പാലം കടക്കുന്ന ധര്‍മഭീരു പക്ഷേ മര്‍ദിത സംഘടിതശക്തിക്കു മുന്‍പേതന്നെ ആര്‍ദ്രതയ്‌ക്കു മുന്‍പില്‍ ആയുധം വച്ചു കഴിഞ്ഞിരിക്കുന്നു. ഓരോ ഖണ്ഡവും അവസാനിക്കുമ്പോള്‍ അതിനിശിതമായ ആത്‌മനിന്ദയ്‌ക്കും സ്വയം വിമര്‍ശനത്തിനും വഴിയൊരുക്കുന്ന കുടിയൊഴിക്കല്‍ മനുഷ്യസ്‌നേഹത്തിന്റെ മഹത്തായ ഇതിഹാസമാണ്. വീണവന്‍ വീഴ്ത്തിയവനു വേണ്ടി പെയ്യുന്ന ഹൃദയാവര്‍ജകമായ ആത്‌മരോദനമാണത്.

"മര്‍ദകനിണ സ്വാദിനെയോര്‍ക്കും
കത്തിയാലാത്‌മഹത്യചെയ്യാതെ
പോക ഭൌതിക തൃപ്‌തിന്‍ മധ്യ
മേഖലയില്‍ മയങ്ങി വീഴാതെ.
പോക ഞങ്ങള്‍ കിനാവുകണ്ടോരാ
സ്‌നേഹമാര്‍ഗം വഴിയി നി നിങ്ങള്‍''

എന്ന വരിയില്‍ വിപ്ളവത്തിനു വിജയമാശംസിക്കുമ്പോഴും അത് ആത്യന്തികമായി ചെന്നു വീണേയ്‌ക്കാവുന്ന പടുകുഴികളെക്കുറിച്ചുള്ള ഉള്‍ക്കാഴ്‌ചകള്‍ പ്രകടമാണ്.

'മകരക്കൊയ്‌ത്ത്' എന്ന സമാഹാരത്തില്‍ 'നവലോകം' എന്ന പേരിലുള്ള ഈ കവിതയില്‍ കമ്യൂണിസ്‌റ്റ് രാജ്യങ്ങളില്‍ സംഭവിച്ചേയ്‌ക്കാവുന്ന രാഷ്‌ട്രീയ പതനത്തെക്കുറിച്ച് എണ്‍പതുകളുടെ അവസാനത്തില്‍ വൈലോപ്പിള്ളി ദീര്‍ഘദര്‍ശനം ചെയ്‌തിട്ടുണ്ട്. തൊണ്ണൂറുകളില്‍ അത് സത്യമായിത്തീരുന്നു. "മുനി നാരദര്‍ തന്‍ പ്രിയപേരക്കുട്ടികള്‍ നാനാലേഖകര്‍'' എന്ന് പത്രലേഖകരെക്കുറിച്ചെഴുതുന്ന വൈലോപ്പിള്ളിക്ക് ഒരു 'മാധ്യമമഴയില്‍ മഹാസഖ്യത്തെ'ക്കുറിച്ചും ദീര്‍ഘദര്‍ശനം ചെയ്യാന്‍ കഴിഞ്ഞു എന്നതാണ് നേര്. ചരിത്രം മറക്കുന്ന ഒരു തലമുറയും, ചരിത്രത്തെ മറയ്‌ക്കുന്ന ഒരു മാധ്യമലോകവുമുള്ള നമ്മുടെ കാലഘട്ടത്തില്‍ അന്തഃസംഘര്‍ഷഭരിതമായിരുന്ന ഈ കവിയുടെ ഹൃദയത്തില്‍നിന്ന് തിളച്ചൊഴുകിയ കവിതയുടെ ലാവാപ്രവാഹത്തിന് നമുക്കു നന്ദി പറയുക.


*****

കെ.പി. മോഹനന്‍, കടപ്പാട് : ഗ്രന്ഥാലോകം ജൂൺ 2010

No comments: