Wednesday, September 22, 2010

റേഷന്‍ സംവിധാനത്തിനുമേലുള്ള കൈയേറ്റം ചെറുക്കുക

ഭക്ഷ്യ സബ്‌സിഡി എപിഎല്‍ കുടുംബങ്ങള്‍ക്ക് നല്‍കാന്‍ പാടില്ലെന്ന സുപ്രീംകോടതിവിധി സ്‌റ്റാറ്റ്യൂട്ടറി റേഷന്‍സംവിധാനത്തെ പൂര്‍ണമായും ഇല്ലാതാക്കുക എന്ന ആഗോളവല്‍ക്കരണനയത്തിന്റെ കാഴ്‌ചപ്പാടുകള്‍ക്ക് സമാനമാണ്. ഇത് രാജ്യത്തെ റേഷന്‍സംവിധാനത്തെ തകര്‍ക്കും. ഇതിനെതിരെ കേരളത്തില്‍ എല്ലാ വില്ലേജ് കേന്ദ്രത്തിലും സെപ്‌തംബര്‍ 22ന് കര്‍ഷകത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ പ്രത്യക്ഷസമരം നടത്തുകയാണ്.

ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സാധാരണക്കാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും നിലകൊള്ളുമെന്ന് രാജ്യത്തിന്റെ ഭരണഘടന ആണയിട്ടു പറയുന്നു. ഈ കാഴ്‌ചപ്പാടിനെ ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടല്ല കോടതികള്‍ പലപ്പോഴും സ്വീകരിക്കുന്നത്. ആഗോളവല്‍ക്കരണനയങ്ങള്‍ രാജ്യത്ത് നടപ്പാക്കാന്‍ തുടങ്ങിയതോടെ അതിന് അനുകൂലമായ നയസമീപനമാണ് പല കോടതിവിധിയിലും കാണാനാകുന്നത്. ബന്ദ് നിരോധിക്കുക, വിദ്യാഭ്യാസക്കച്ചവടക്കാര്‍ക്ക് അനുകൂലമായ വിധികള്‍ നല്‍കുക, തൊഴിലാളിവിരുദ്ധ വിധികള്‍ പുറപ്പെടുവിക്കുക തുടങ്ങിയവ ഈ വസ്‌തുത ബോധ്യപ്പെടുത്തുന്നുണ്ട്. ഈ പരിമിതി തുറന്നുകാട്ടുക എന്നത് ജനാധിപത്യപരമായ രാജ്യത്തിന്റെ മുന്നോട്ടുപോക്കിന് അനിവാര്യമാണ്.

സമസ്‌തമേഖലയില്‍നിന്നും സര്‍ക്കാര്‍ പിന്മാറുകയെന്നതാണ് ആഗോളവല്‍ക്കരണനയം. പിന്മാറിയ മേഖലകളെ സ്വകാര്യ മൂലധനത്തിന് വിട്ടുനല്‍കുകയാണ് അതിന്റെ തുടര്‍ച്ച. എല്ലാ സബ്‌സിഡിയും പടിപടിയായി മാറ്റി സാധാരണക്കാരന്റെ ജീവിതസുരക്ഷിതത്വം ഇല്ലാതാക്കുന്ന നിലയാണ് രൂപപ്പെടുന്നത്. സര്‍ക്കാരിന്റെ ഇടപെടല്‍ കമ്പോളത്തില്‍നിന്ന് ഇല്ലാതാക്കുന്ന രീതിയും നടപ്പാക്കപ്പെടുന്നു. റേഷന്‍സംവിധാനത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ ഇതിന്റെ ഭാഗമാണ്. വിലക്കയറ്റം രൂക്ഷമാകുമ്പോള്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കേണ്ടതാണ് പൊതുവിതരണമേഖല. വിലക്കയറ്റം ഉണ്ടാക്കുന്ന രീതിയിലുള്ള നയങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നു. അവധിവ്യാപാരവും ഊഹക്കച്ചവടവും നടത്തുന്നതിന് കുത്തകകള്‍ക്ക് അനുമതി നല്‍കുന്നു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധന സ്ഥിതിഗതി രൂക്ഷമാക്കുന്നു. ഇതോടൊപ്പമാണ് പൊതുമേഖലയെയും തകര്‍ക്കുന്നത്.

ഈ നയത്തിന്റെ ഭാഗമായിത്തന്നെയാണ് എല്ലാവര്‍ക്കും ലഭ്യമായിരുന്ന റേഷന്‍സംവിധാനം തകര്‍ത്ത് ജനങ്ങളെ എപിഎല്‍- ബിപിഎല്‍ എന്ന് തരംതിരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറായത്. ആദ്യഘട്ടത്തില്‍ എപിഎല്‍ ലിസ്‌റ്റില്‍പ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ പടിപടിയായി നിഷേധിച്ചു. തുടര്‍ന്ന് ബിപിഎല്‍ രേഖതന്നെ താഴ്ത്തി വരച്ച് വലിയ വിഭാഗത്തെ എപിഎല്ലാക്കി മാറ്റി ആനുകൂല്യങ്ങള്‍ നിഷേധിച്ചു. ഈ സമീപനം ഭാവിയില്‍ കര്‍ഷകത്തൊഴിലാളികള്‍ ഉള്‍പ്പെടെ അടിസ്ഥാനവിഭാഗങ്ങള്‍ക്കാണ് ഏറ്റവും ആപത്തുണ്ടാക്കാന്‍ പോകുന്നത്. കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യം വിതരണംചെയ്യണമെന്ന് സുപ്രീംകോടതിവിധിയില്‍ സര്‍ക്കാരിനോട് പറയുന്നുണ്ട്. അതുപോലും നടപ്പാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല.

ഭക്ഷ്യസബ്‌സിഡിക്കായി ഇന്ത്യാ ഗവമെന്റ് ചെലവഴിക്കുന്നത് ജിഡിപിയുടെ ഏതാണ്ട് 1.8 ശതമാനമാണ്. മറ്റു പല രാജ്യങ്ങളും ജിഡിപിയുടെ ഏതാണ്ട് 2.7 ശതമാനം ഭക്ഷ്യമേഖലയ്‌ക്കായി നീക്കി വയ്‌ക്കുന്നുണ്ട്. പണം ഇല്ലെന്നാണ് ഇതിന് കാരണമായി പറയുന്നത്. എന്നാല്‍, കോര്‍പറേറ്റ് മേഖലയ്‌ക്കുമാത്രം നികുതി ഇളവിലായി കഴിഞ്ഞവര്‍ഷം നാലുലക്ഷം കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്. നികുതി ഇളവുകളും മറ്റ് സൌജന്യങ്ങളും പരിഗണിച്ചാല്‍ ജിഡിപിയുടെ എട്ട് ശതമാനമാണ് കോര്‍പറേറ്റുകള്‍ക്കായി നല്‍കിയിരിക്കുന്നതെന്നു കാണാം. ഇങ്ങനെ പാവപ്പെട്ടവനെ കൂടുതല്‍ ദുരിതത്തിലാക്കുകയും സമ്പന്നനെ കൂടുതല്‍ സമ്പന്നനാക്കുകയും ചെയ്യുന്ന നയമാണ് ഇവര്‍ മുന്നോട്ടുവയ്‌ക്കുന്നത്.

കാര്‍ഷികമേഖലയില്‍ ആഗോളവല്‍ക്കരണനയങ്ങള്‍ പിടിമുറുക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷതന്നെ അപകടപ്പെടുത്തുന്ന നില രൂപപ്പെട്ടു. കാര്‍ഷികമേഖല നെഗറ്റീവ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. വിത്തിനും വളത്തിനും സബ്‌സിഡി നല്‍കുന്ന നയമാണ് ഇവിടെ ഉണ്ടായിരുന്നത്. ചുരുങ്ങിയ ചെലവില്‍ കാര്‍ഷികവായ്‌പ നല്‍കുന്ന നയം ബാങ്കിങ് മേഖലയില്‍ നടപ്പാക്കിയിരുന്നു. ഇത് തകര്‍ത്തു. വിത്തിനും വളത്തിനും കാര്‍ഷികോപകരണങ്ങള്‍ക്കുമുള്ള സബ്‌സിഡി നിര്‍ത്തലാക്കി.

സംഭരണം, വിപണനം, കരാര്‍കൃഷി എന്നിവയില്‍ കോര്‍പറേറ്റുകളുടെ ഇടപെടല്‍ വര്‍ധിക്കുകയാണ്. മോസാന്റോയുടെയും വാള്‍മാര്‍ട്ടിന്റെയും പ്രതിനിധികള്‍ ബോര്‍ഡ് അംഗങ്ങളായുള്ള ഇന്ത്യ-അമേരിക്കന്‍ കാര്‍ഷികവിജ്ഞാന മുന്‍കൈ സ്ഥാപനം നമ്മുടെ നയങ്ങളെ സ്വാധീനിക്കുന്ന നിലയിലേക്ക് വന്നു. കാര്‍ഷികമേഖലയോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന ഈ സമീപനം വന്‍കിട കുത്തകകളെ വളര്‍ത്തുന്നതും നമ്മുടെ ഭക്ഷ്യസുരക്ഷ പ്രതിസന്ധിയിലാക്കുന്നതുമാണ്. ഭക്ഷ്യോല്‍പ്പന്നങ്ങളെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റുകയും ഭക്ഷ്യേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യുന്ന ആഗോളവല്‍ക്കരണനയം ഭക്ഷ്യപ്രതിസന്ധിയിലേക്ക് നാടിനെ നയിക്കുകയാണ്.

കേരളമാണെങ്കില്‍ നാണ്യവിളയില്‍ ഊന്നിനില്‍ക്കുന്ന സംസ്ഥാനമാണ്. ഇതുവഴി രാജ്യത്തിന്റെ ഖജനാവില്‍ വലിയ പണം നികുതിയായി നല്‍കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിന് റേഷന്‍ നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമായത്. നിരവധി സമരങ്ങളിലൂടെ നേടിയെടുത്ത അവകാശമാണ് കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ഈ മേഖലയിലും ബദല്‍നയം ഉയര്‍ത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 35.4 കോടി രൂപയാണ് പൊതുവിതരണത്തിനായി നീക്കിവച്ചത്. എല്‍ഡിഎഫ് സര്‍ക്കാരാകട്ടെ കഴിഞ്ഞ വര്‍ഷംമാത്രം ചെലവഴിച്ച തുക 200 കോടിയാണ്. 35 ലക്ഷം കുടുംബത്തിന് രണ്ടു രൂപയ്‌ക്ക് അരി നല്‍കാന്‍ 500 കോടി രൂപ നീക്കിവച്ചു. അത് കൂടുതല്‍ വിഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും തയ്യാറായി. സിവില്‍ സപ്ളൈസിന്റെയും കൺസ്യൂമര്‍ഫെഡിന്റെയും സഹകരണസ്ഥാപനങ്ങളുടെയും ശക്തമായ ഇടപെടലിലൂടെ ധാന്യങ്ങള്‍, പലവ്യഞ്ജനം, പയര്‍ വര്‍ഗങ്ങള്‍ എന്നിവയ്‌ക്ക് പൊതുമാര്‍ക്കറ്റില്‍നിന്ന് 40 മുതല്‍ 70 ശതമാനംവരെ വില കുറച്ച് നല്‍കുന്നതിന് കഴിയുന്ന സംസ്ഥാനമായി കേരളം മാറി.

പട്ടികവര്‍ഗവിഭാഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനത്തിന് ശ്രദ്ധേയമായ ഊന്നലാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ഈ മേഖലയിലെ പദ്ധതിവിഹിതം 90 ശതമാനത്തിലധികം വിതരണംചെയ്‌തു. യുഡിഎഫിന്റെ കാലത്ത് ഇത് 76 ശതമാനംമാത്രമായിരുന്നു. പട്ടികജാതി - വര്‍ഗ വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്കുള്ള ലംപ്‌സം ഗ്രാന്റ്, സ്‌റ്റൈപെന്‍ഡ്, പോക്കറ്റ് മണി എന്നിവയില്‍ 50 ശതമാനം വര്‍ധനയുണ്ടായി. പ്രീ - മെട്രിക് ഹോസ്‌റ്റലുകളിലെ മെസ് അലവന്‍സ് 500 രൂപയില്‍നിന്ന് 1300 ആയും പോസ്‌റ്റ് മെട്രിക് ഹോസ്‌റ്റലുകളുടേത് 700 രൂപയില്‍നിന്ന് 1500 രൂപയുമായാണ് ഉയര്‍ത്തിയത്.

എല്ലാ ആദിവാസികള്‍ക്കും പൂര്‍ണമായും സൌജന്യമായി ചികിത്സ ലഭിക്കുന്ന ആരോഗ്യചികിത്സാ പദ്ധതി ഇന്ത്യയില്‍ ആദ്യമായി നടപ്പാക്കി. ആദിവാസി വനാവകാശനിയമം നടപ്പാക്കുന്ന ആദ്യത്തെ സംസ്ഥാനമായി കേരളം മാറി. ഈ നിയമപ്രകാരം 7882 കുടുംബത്തിന് 7900 ഏക്കര്‍ ഭൂമി നല്‍കി. 7826 പട്ടികവര്‍ഗ കുടുംബത്തിന് 24.85 ഹെക്‌ടര്‍ ഭൂമി നല്‍കി. ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്ന കാര്യത്തില്‍ തികഞ്ഞ ശുഷ്‌കാന്തി സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തി. ഇത്തരം പ്രശ്‌നങ്ങള്‍ കൈകാര്യംചെയ്യുന്നതില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള അന്തരം വ്യക്തമാക്കുന്നതാണ് യുഡിഎഫ് മുത്തങ്ങ കൈകാര്യംചെയ്‌ത രീതിയും എല്‍ഡിഎഫ് ചെങ്ങറപ്രശ്‌നം കൈകാര്യംചെയ്‌ത രീതിയും. ചെങ്ങറസമരത്തോട് രാഷ്‌ട്രീയഭിന്നത ഉണ്ടായിട്ടും ഭൂപ്രശ്‌നം എന്നനിലയില്‍ ചര്‍ച്ചചെയ്‌ത് പരിഹരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത്.

കേന്ദ്രസര്‍ക്കാരും പൊതുവില്‍ നീതിന്യായവ്യവസ്ഥയും ആഗോളവല്‍ക്കരണനയങ്ങളെ പിന്തുണയ്‌ക്കുന്ന നിലയാണ് നിലവിലുള്ളത്. ഇത് സാധാരണക്കാര്‍ക്ക് ദുരിതം വിതയ്‌ക്കുന്നതാണ്. എന്നാല്‍, ഈ സമീപനത്തിന് ബദലായി പാവപ്പെട്ടവരെ സംരക്ഷിക്കാനുതകുന്ന ബദല്‍നയമാണ് ഇടതുപക്ഷ മന്ത്രിസഭകള്‍ അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനടപടികളെയും ആഗോളവല്‍ക്കരണനയങ്ങളെയും പ്രതിരോധിക്കുന്നതോടൊപ്പം ഇടതുപക്ഷനേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളെ സംരക്ഷിക്കുക എന്നതും പോരാട്ടത്തിന്റെ മുഖ്യധര്‍മമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.


*****

എം വി ഗോവിന്ദന്‍, കടപ്പാട് : ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സമസ്‌തമേഖലയില്‍നിന്നും സര്‍ക്കാര്‍ പിന്മാറുകയെന്നതാണ് ആഗോളവല്‍ക്കരണനയം. പിന്മാറിയ മേഖലകളെ സ്വകാര്യ മൂലധനത്തിന് വിട്ടുനല്‍കുകയാണ് അതിന്റെ തുടര്‍ച്ച. എല്ലാ സബ്‌സിഡിയും പടിപടിയായി മാറ്റി സാധാരണക്കാരന്റെ ജീവിതസുരക്ഷിതത്വം ഇല്ലാതാക്കുന്ന നിലയാണ് രൂപപ്പെടുന്നത്. സര്‍ക്കാരിന്റെ ഇടപെടല്‍ കമ്പോളത്തില്‍നിന്ന് ഇല്ലാതാക്കുന്ന രീതിയും നടപ്പാക്കപ്പെടുന്നു. റേഷന്‍സംവിധാനത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ ഇതിന്റെ ഭാഗമാണ്. വിലക്കയറ്റം രൂക്ഷമാകുമ്പോള്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കേണ്ടതാണ് പൊതുവിതരണമേഖല. വിലക്കയറ്റം ഉണ്ടാക്കുന്ന രീതിയിലുള്ള നയങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നു. അവധിവ്യാപാരവും ഊഹക്കച്ചവടവും നടത്തുന്നതിന് കുത്തകകള്‍ക്ക് അനുമതി നല്‍കുന്നു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധന സ്ഥിതിഗതി രൂക്ഷമാക്കുന്നു. ഇതോടൊപ്പമാണ് പൊതുമേഖലയെയും തകര്‍ക്കുന്നത്.