Sunday, September 26, 2010

എതിര്‍ദിശാസഞ്ചാരം

ഒന്നിലധികം കഥാതന്തുക്കളെ പിരിച്ചുകെട്ടിയാണ് ആനന്ദ് 'ആള്‍ക്കൂട്ടം' നിബന്ധിച്ചിരിക്കുന്നത്. ഒരു കഥ ജോസഫിന് രാധയോടു തോന്നുന്ന താല്‍പര്യമാണ്. മറ്റൊന്ന് ലളിതയോടു സുനിലിനു തോന്നുന്ന സ്‌നേഹമാണ്. പ്രേമിന്റെ കഥ മൂന്നാമത്തേത്. നാലാമത്തേത് സുന്ദറിന്റെ കഥയാണ്. പിന്നെയുമുണ്ട് ഉപകഥകള്‍... പ്ളോട്ടുകളുടെ ബാഹുല്യത്തിലും ഇതു മറ്റു നോവലുകളെക്കാള്‍ മുന്നിട്ടു നില്‍ക്കുന്നു.1

അക്കാലത്ത് ആള്‍ക്കൂട്ടത്തെക്കുറിച്ചു വന്ന പൂര്‍ണലേഖനങ്ങളിലൊന്ന് എം. കെ. മേനോന്‍ എന്ന വിലാസിനിയുടേതായിരുന്നു. എന്നാല്‍ മികച്ച പഞ്ചവാദ്യം ആസ്വദിച്ചാലത്തെ അനുഭവം എന്നും മറ്റും പഴയ രുചിയുടെ വാക്കുകളേ ആ പുസ്‌തകത്തിന്റെ വിസ്‌മയാഘാതത്തെക്കുറിച്ചു പറയാന്‍ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. നോവലിന്റെ പുതുമയ്‌ക്കൊപ്പം നടക്കാന്‍ ക്ളേശിച്ച നിരൂപണത്തിന്റെ മുടന്ത് എങ്ങനെയായിരുന്നാലും വായനക്കാരുടെ ഭാവുകത്വത്തെ ആ കൃതി ഇളക്കിക്കഴിഞ്ഞിരുന്നു.2

ആനന്ദിന്റെ 'ആള്‍ക്കൂട്ടം' എന്ന നോവല്‍ മലയാളിയുടെ വായനയെയും ആസ്വാദനപാരമ്പര്യത്തെയും എങ്ങനെയാണ് ബാധിച്ചത് എന്നു തിരിച്ചറിയാന്‍ മുകളില്‍ നല്‍കിയിരിക്കുന്ന ഉദ്ധരണികള്‍ സഹായിക്കും. ആള്‍ക്കൂട്ടത്തിന്റെ ശില്‍പഘടനയെക്കുറിച്ചും പ്രമേയ സമീപനത്തെക്കുറിച്ചും മനസ്സിലാക്കാന്‍ പറ്റാതെപോയ ഒരു തലമുറയുടെ പ്രതികരണത്തിന്റെ കുഴപ്പമാണ് ആദ്യ ഉദ്ധരണിയിലെ വാക്യങ്ങളില്‍ മുഴങ്ങുന്നത്. അക്കാര്യം വിളിച്ചു പറയുന്ന കെ.സി. നാരായണനെയാണ് പിന്നീട് കാണുന്നത്.

പരമ്പരാഗത നോവല്‍ വായനക്കാരെ വിഭ്രമിപ്പിക്കുന്ന സ്വരൂപമായി ആനന്ദിന്റെ നോവല്‍ മാറിയതിനുള്ള കാരണം എന്തായിരുന്നു? 'ആള്‍ക്കൂട്ടം' എന്ന നോവല്‍ മലയാളിയുടെ വായനയില്‍ സൃഷ്‌ടിച്ച വിള്ളല്‍ എന്തായിരുന്നു? ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ആനന്ദിന്റെ തന്നെ നോവല്‍ ചരിത്രത്തിന്റെ ഈ ഘട്ടത്തില്‍ നിന്നുകൊണ്ട് ചിന്തിക്കുമ്പോള്‍ ലഭിക്കുന്നതാണ്. പാരമ്പര്യ നോവല്‍ വായന കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധം,അവരുടെ പെരുമാറ്റ ഇടങ്ങള്‍ എന്നിവയില്‍ ഊന്നല്‍ നല്‍കുകയും അത് മറ്റു കഥാപാത്രങ്ങളിലും സമൂഹത്തിലും ഉണ്ടാക്കുന്ന ചലനങ്ങള്‍ പരിശോധിക്കുകയും ചെയ്യുന്ന പതിവിലാണ് കാലൂന്നി നില്‍ക്കുന്നത്. കെ.എം. തരകനും ഇക്കാര്യത്തില്‍ പിന്നിലല്ല എന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ തെളിയിക്കുന്നത്. എന്നാല്‍ ഈ വായനയ്‌ക്ക് പിടിതരാതെ 'ആള്‍ക്കൂട്ടം' വഴുതിമാറുന്നത് അദ്ദേഹം തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണ് പെട്ടെന്നുതന്നെ നോവലില്‍ പ്രാമുഖ്യം ദാര്‍ശനികതലത്തിനാണെന്ന് അദ്ദേഹം കുറിക്കുന്നത്. ഈ ദാര്‍ശനികതയുടെ സ്വഭാവം നോവല്‍ ഘടനയില്‍ വരുത്തിയ സ്വരവ്യതിയാനം എന്താണെന്ന് അന്വേഷിക്കാനുള്ള സാവകാശം നിരൂപകര്‍ കാട്ടിയിട്ടില്ല. അധികാരം, സ്വാതന്ത്ര്യം എന്നിവയോടുള്ള ആനന്ദിന്റെ സമീപനം, സാമൂഹികജീവിതത്തെക്കുറിച്ച് അദ്ദേഹത്തിനുള്ള ദര്‍ശനം എന്നിവ അടിസ്ഥാനമാക്കി പലവിധത്തിലുള്ള പഠനങ്ങള്‍ വന്നുകഴിഞ്ഞിട്ടുണ്ട്. എന്നാല്‍, അത് നോവല്‍ ഘടനയില്‍ വരുത്തിയ മാറ്റം എന്തായിരുന്നു എന്ന അന്വേഷണം ഇതുവരെ നടന്നതായി അറിവില്ല. മലയാളിയുടെ നോവല്‍ വായനയില്‍ വിള്ളല്‍ വീഴ്ത്തിയത് യഥാര്‍ഥത്തില്‍ ആനന്ദിന്റെ നോവല്‍ ഘടനയാണ്, അല്ലാതെ അത് അവതരിപ്പിച്ച ദാര്‍ശനികതലമല്ല എന്ന് ഇന്നു പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നുണ്ട്. വായനക്കാരെ ആനന്ദിന്റെ നോവല്‍ അഭിസംബോധന ചെയ്യുന്നത് സമഗ്രമായ ഒറ്റ ഘടനയായാണ്. അല്ലാതെ കഥാപാത്രങ്ങള്‍, അവര്‍ക്ക് പരസ്‌പരമുള്ള ബന്ധം, സമൂഹത്തിന്റെ പ്രതികരണം എന്നിങ്ങനെ ഒറ്റയൊറ്റ ഘടകങ്ങളായി പിരിച്ചെടുത്തു പഠിക്കാവുന്ന അയഞ്ഞ ഘടനയായല്ല. പ്രശ്‌നസമീപനത്തില്‍ ആനന്ദ് എടുത്ത നിലപാടാണ് ഇതിനു കാരണം. അത് എങ്ങനെയെന്നുള്ള പരിശോധനയാണ് ഈ പഠനം.

ആനന്ദിന്റെ രചനകള്‍ വരുന്നതുവരെയുള്ള മലയാളത്തിലെ നോവലുകള്‍ വ്യക്തിബന്ധങ്ങളുടെ നൈര്‍മല്യത്തിലും കാലുഷ്യത്തിലും ഊന്നല്‍ നല്‍കി ഒരു ജനതയെ നിര്‍വചിക്കാന്‍ ശ്രമിക്കുന്നവയായിരുന്നു. കഥാപാത്രങ്ങള്‍ കേന്ദ്രസ്ഥാനത്ത് നില്‍ക്കുകയും അവരുടെ പെരുമാറ്റങ്ങള്‍, പരസ്‌പരമുള്ളബന്ധങ്ങള്‍, അവയോടു പ്രതികരിക്കുന്ന സമൂഹത്തിന്റെ നിലപാടുകള്‍ എന്നിവയിലൂടെ വിസ്‌തൃതി നേടുകയും ചെയ്യുന്ന ഘടനയാണ് പൊതുവെ മലയാള നോവലിന് ഉള്ളത്. 'ഇന്ദുലേഖ'യില്‍ തുടങ്ങുന്ന മലയാളനോവല്‍ ചരിത്രത്തില്‍ ഈ സ്വഭാവത്തിനാണ് മുന്‍തൂക്കം ഉള്ളത്. അതുകൊണ്ടുതന്നെ അത്തരം നോവലുകളിലെ കഥാപാത്രങ്ങളുടെ സ്വഭാവം, സാമൂഹിക പ്രതിഫലനം, കഥാപാത്രങ്ങളുടെ ബന്ധങ്ങള്‍ തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കി പഠനങ്ങളും ഉണ്ടായിട്ടുണ്ട്. കഥാപാത്രങ്ങള്‍ എന്ന ചെറിയ സ്ഥലത്തുനിന്നും സമൂഹം എന്ന വിശാല ഇടത്തിലേക്ക് വികസ്വരമാകുന്ന നോവല്‍ ഘടനയാണ് ഇത്. ഒരു കേന്ദ്രത്തില്‍നിന്നും വിസ്‌തൃതിയിലേക്ക് ചലിക്കുന്ന തിരമാലകളുടെ ചക്രവ്യൂഹങ്ങള്‍ നോവലുകളുടെ പൊതു സ്വഭാവം ആയിരുന്നു. ഈ ഒരു അവസ്ഥയിലേക്കാണ് ആനന്ദിന്റെ നോവലുകള്‍ വരുന്നത്.

ആഖ്യാനത്തില്‍ നോവല്‍ പിന്തുടര്‍ന്നു വന്ന ഈ യാത്രയുടെ നേരേ വിപരീതദിശയില്‍ സഞ്ചരിക്കാനാണ് ആനന്ദ് ശ്രമിച്ചത്. നോവലിന്റെ വ്യക്തികേന്ദ്രിതമോ കുടുംബകേന്ദ്രിതമോ ആയ ഘടനയില്‍നിന്നും വിടുതി നേടി വൈവിധ്യം നിറഞ്ഞ സമൂഹത്തെ ഒരേയൊരു ആഖ്യാനകേന്ദ്രമാക്കി എന്നതാണ് ആനന്ദ് ചെയ്‌ത മാറ്റം. അതായത്, രാഷ്‌ട്രത്തിന്റെയും സമൂഹത്തിന്റെയും പ്രശ്‌നങ്ങള്‍ മുഖ്യമായി നില്‍ക്കുകയും അതിന്റെ സ്വാധീനത്തില്‍ കഴിയേണ്ടിവരുന്ന വ്യക്തികള്‍ കഥാപാത്രങ്ങളാവുകയും ചെയ്യുന്നത് ആനന്ദിന്റെ നോവലുകളില്‍ കാണാം. നോവലിന്റെ അകത്തേയ്‌ക്ക് കടക്കാന്‍ വിപുലമായ ഈ മേഖലയെക്കുറിച്ചുള്ള സാമാന്യ ബോധം ഉണ്ടായിരിക്കണം. ആള്‍ക്കൂട്ടത്തിന്റെ രചനാവേളയെക്കുറിച്ച് പറയുന്ന ഒരു സന്ദര്‍ഭത്തില്‍ ആനന്ദ് ഇക്കാര്യം വ്യക്തമാക്കുന്നത് ഇങ്ങനെയാണ്. "മനുഷ്യജീവിതത്തെ ആകെ ഉള്‍ക്കൊള്ളുന്ന ഒരു ആശയം - ഫിലോസഫി എന്നു പറയാന്‍ ഭയമാണ് - കുറെ നാളായി ഞാന്‍ തട്ടിയും മുട്ടിയും നോക്കിക്കൊണ്ടിരിക്കുന്നു. നഷ്‌ടപ്പെട്ടു പോകാതിരിക്കാന്‍, അതിനെ ഈയിടെ ഒരു ലേഖനത്തിന്റെ രൂപത്തിലാക്കാന്‍ ശ്രമിച്ചു. ആള്‍ക്കൂട്ടം അതിന്റെ ഒരു വശമേ ആകുന്നുള്ളൂ.''3

സമൂഹത്തെ പൊതുവെ ബാധിക്കുന്ന രാഷ്‌ട്രീയ ദാര്‍ശനിക പ്രശ്‌നങ്ങളെ മുഖ്യമാക്കി നിറുത്തുകയും അത് നിരന്തരം അലട്ടുന്ന ഒരുകൂട്ടം മനുഷ്യരെ അവതരിപ്പിക്കുകയുമാണ് ആനന്ദ് ചെയ്‌തത്. ഇവിടെ, വായന കഥാപാത്രങ്ങളുടെ പെരുമാറ്റങ്ങളില്‍നിന്നും അതിനുള്ള കാരണങ്ങളിലേക്കല്ല പോകേണ്ടത്. മറിച്ച് പ്രശ്‌നങ്ങള്‍ കഥാപാത്രങ്ങളെ നിര്‍ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് എങ്ങനെയെന്ന് തിരിച്ചറിയുന്നതിലേക്കാണ് എത്തേണ്ടത്. ചുരുക്കത്തില്‍ കഥാപാത്രങ്ങളേക്കാള്‍ അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്കാണ് പ്രാധാന്യം എന്നു വരുന്നു. അതുകൊണ്ടുതന്നെ കഥാപാത്രങ്ങളുടെ ബന്ധവും അവരുടെ സ്വഭാവവും അപ്രസക്തമാകുന്നു. കഥാപാത്രങ്ങള്‍ ആരാണെങ്കിലും ഇത്തരം സാഹചര്യങ്ങളിലെ അവരുടെ പ്രതികരണം സമാനമായിരിക്കും എന്ന യുക്തികൂടി ഇതിനു പിന്നിലുണ്ട്. പ്രശ്‌നങ്ങള്‍ പങ്കുവയ്‌ക്കുന്ന സമൂഹത്തില്‍നിന്നും വ്യക്തിയിലേക്ക് എന്ന ഗതിയാണ് ആനന്ദിന്റെ നോവലുകളുടെ പൊതുസ്വഭാവം.

സമൂഹം മലയാളനോവലില്‍ വന്നിട്ടില്ല എന്നല്ല ഇപ്പറഞ്ഞതിനര്‍ഥം. നോവലിന്റെ പശ്ചാത്തലത്തില്‍ പ്രകടമായും അല്ലാതെയും വന്നിട്ടുള്ള സാമൂഹിക ചലനങ്ങള്‍ ഒട്ടുമിക്ക രചനകളിലും കാണാം. തകഴിയുടെ രചനകളില്‍ തെണ്ടികളും മുക്കുവരും, ബഷീറിന്റെ രചനകളില്‍ മുസ്ളീങ്ങളും, വല്‍സലയുടെ രചനകളില്‍ ആദിവാസികളും, എസ്.കെ. പൊറ്റെക്കാട്ടിന്റെ രചനകളില്‍ തെരുവും ദേശവും എല്ലാം വരുന്നുണ്ട്. ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും, എം.ടി. വാസുദേവന്‍ നായരുടെ നാലുകെട്ട്, അസുരവിത്ത്, പുനത്തില്‍ കുഞ്ഞബ്‌ദുള്ളയുടെ സ്‌മാരകശിലകള്‍, കാക്കനാടന്റെ ഉഷ്‌ണമേഖല, മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, ഡല്‍ഹി തുടങ്ങിയ പ്രശസ്‌തമായ രചനകളിലെല്ലാം സമൂഹമുണ്ട്. എന്നാല്‍ ഈ നോവലുകളില്‍ വരുന്ന സമൂഹത്തിന്റെ സ്ഥാനമോ സ്വഭാവമോ അല്ല ആനന്ദിന്റെ രചനകളില്‍ കാണുന്ന സമൂഹത്തിനുള്ളത്. ഇപ്പറഞ്ഞ നോവലുകളില്‍ വര്‍ഗം, വര്‍ണം, ജാതി, സ്ഥലം എന്നീ ഘടകങ്ങള്‍ സമൂഹത്തെയോ കഥാപാത്രത്തെയോ നിര്‍ണയിക്കുകയോ നയിക്കുകയോ ചെയ്യുന്നുണ്ട്. എന്നാല്‍ ആനന്ദിന്റെ രചനകളിലാവട്ടെ ഇത്തരം അതിരുകളില്‍ നിന്നെല്ലാം മുക്തമായതും അധികാരം എന്ന ഒറ്റ ഘടകത്തില്‍ മാത്രം തളയ്‌ക്കപ്പെട്ടതുമായ സമൂഹമാണ് ആഖ്യാനവിഷയമാകുന്നത്. 'ആള്‍ക്കൂട്ടം' മുതല്‍ 'പരിണാമത്തിന്റെ ഭൂതങ്ങള്‍' വരെ നീണ്ടുകിടക്കുന്ന നോവല്‍ ലോകത്തിന്റെ കാന്തികശക്തി അധികാരവും ജനതയും ആണ്. അധികാരം എന്ന അദൃശ്യശക്തിയുടെ നിയന്ത്രണത്തില്‍ എല്ലാക്കാലത്തും ജീവിതം നയിക്കാന്‍ വിധിക്കപ്പെട്ട ജനത ആനന്ദിന്റെ സര്‍ഗാത്മക പ്രതിഭയെ ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട്. മറഞ്ഞിരിക്കുന്ന ആ ശക്തിയാണ് ആനന്ദിന്റെ നോവലുകളുടെ വിപുലമായ മേഖല. നോവല്‍ ഘടനയുടെ മുകളില്‍ വ്യാപിച്ചുനില്‍ക്കുന്ന ഈ മേഖലയില്‍ നിന്നു വേണം അതിന്റെ ചരടില്‍ കുടുങ്ങിക്കിടക്കുന്ന കഥാപാത്രങ്ങളിലേക്ക് വായനക്കാര്‍ എത്താന്‍. പാരമ്പര്യ വായനയുടെ ഗതിയില്‍നിന്നും നേരെ എതിര്‍ദിശയിലുള്ള സഞ്ചാരമാണ് ഇത്. "നമ്മെയെല്ലാം വീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു വലിയ ഡിസൈന്‍ ഉണ്ടായിരിക്കാം. നാം അറിഞ്ഞെന്നു വരില്ല. പക്ഷേ നമ്മിലൂടെ അത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ആരാണ് ആ നിയന്ത്രിക്കുന്നവന്‍? പണ്ട് മനുഷ്യര്‍ ദൈവമെന്നു പറഞ്ഞിരുന്നു. ഇന്ന് ഒരുപക്ഷേ യോഗേശ്വര്‍ പറയുന്ന സര്‍ക്കാര്‍ ആയിരിക്കാം അത്.''4

അദൃശ്യമായ അധികാരം എന്ന സ്ഥായിയായ വ്യവസ്ഥയെ നോവല്‍ പ്രമേയത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിനാണ് ആനന്ദ് ശ്രമിക്കുന്നത്. നേരിട്ട് അനുഭവപ്പെടാത്തതും എന്നാല്‍ എല്ലാ വ്യവഹാരത്തിലും വ്യാപിച്ചുനില്‍ക്കുന്നതുമായ അധികാരത്തെ കഥാപാത്രങ്ങള്‍, പ്രമേയം എന്നിവയിലൂടെ സമൂര്‍ത്തമാക്കുന്നതിനാണ് ആനന്ദ് ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ കഥാപാത്രങ്ങള്‍ക്ക് മറ്റു നോവലുകളിലെപ്പോലെ അത്ര പ്രസക്തിയുണ്ടെന്നു പറയാന്‍ പറ്റില്ല. അവരുടെ പേരില്‍ വലിയ കാര്യമില്ല. ഇതേ സാഹചര്യത്തില്‍ എത്തിപ്പെടുന്ന ഏതൊരാള്‍ക്കും ഉണ്ടാകാവുന്ന ചിന്തയും പ്രതികരണവുമാണ് ആനന്ദ് ആഖ്യാനം ചെയ്യുന്നത്. അഥവാ ഇത്തരം ഘട്ടങ്ങളില്‍ ഒരാള്‍ ചിന്തിക്കേണ്ടത് ഇങ്ങനെയായിരിക്കണം എന്ന സന്ദേശമാണ് എഴുത്തുകാരന്‍ നല്‍കുന്നത്. അതുകൊണ്ടുതന്നെ വായനക്കാര്‍ക്ക് നിലനില്‍ക്കുന്ന അധികാരവ്യവസ്ഥയുടെ സ്വഭാവത്തെക്കുറിച്ച് ബോധം ഉണ്ടായിരിക്കണം. ആനന്ദിന്റെ നോവല്‍ ആഖ്യാനത്തിന്റെയും വായനയുടെയും യാത്ര നേരെ എതിര്‍ദിശയിലാണ് എന്നു നേരത്തെ പറഞ്ഞത് ഇതുകൊണ്ടാണ്. ഒരു വയലില്‍ എത്ര വിളവുണ്ടായെന്നു നിങ്ങള്‍ ചോദിക്കുന്നു. അതില്‍ എത്ര നെല്‍ച്ചെടികളുണ്ടായിരുന്നു എന്നു ചോദിക്കില്ല.5 എന്ന് ആനന്ദ് ഉത്തരായനത്തില്‍ ഉല്‍ക്കണ്‌ഠപ്പെടുന്നുണ്ട്. നെല്‍ച്ചെടികളെന്ന സമൂഹസത്തെയെക്കുറിച്ചു ചിന്തിക്കുന്നിടത്താണ് അതിന്റെ പശ്ചാത്തലവും ഘടനയും എല്ലാം കടന്നു വരിക. സമൂഹമെന്ന പൊതുസത്തയെയും അതിനെ നിയന്ത്രിക്കുന്ന അധികാരം എന്ന അദൃശ്യ സാന്നിധ്യത്തെയും പറ്റി ചിന്തിക്കാന്‍ ആനന്ദിനെ പ്രേരിപ്പിക്കുന്നത് ഈ അവബോധമാണ്.

മനുഷ്യവ്യവഹാരങ്ങളെയെല്ലാം ഒരുപോലെ പിടികൂടിയിരിക്കുന്ന അധികാരത്തെ പ്രശ്‌നവല്‍ക്കരിക്കാനാണ് ആനന്ദ് തന്റെ രചനകളിലൂടെയെല്ലാം ശ്രമിക്കുന്നത്. അങ്ങനെ വരുമ്പോള്‍ അതില്‍ നിന്നും ചരിത്രത്തെ മാറ്റിനിറുത്താന്‍ കഴിയില്ല. ആദ്യനോവലുകളായ 'ആള്‍ക്കൂട്ടം', 'അഭയാര്‍ഥികള്‍' എന്നിവയില്‍ ചരിത്രം വരുന്നത് ഈ രീതിയില്‍ തിരിച്ചറിയണം. 1957-ലെ തിരഞ്ഞെടുപ്പു മുതല്‍ 1962-ലെ ഇന്ത്യ- ചൈന യുദ്ധം വരെയുള്ള കാലഘട്ടം പശ്ചാത്തലമാക്കി ഇന്ത്യ നേടിയെടുത്ത സ്വാതന്ത്ര്യവും സമൂഹം ആവശ്യപ്പെടുന്ന സ്വാതന്ത്ര്യവും തമ്മിലുള്ള വ്യത്യാസം അന്വേഷിക്കുകയാണ് ആനന്ദ് 'ആള്‍ക്കൂട്ട'ത്തില്‍ ചെയ്‌തത്. രാഷ്‌ട്രീയസ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവും തമ്മിലുള്ള സംഘര്‍ഷം നോവലിന്റെ ഘടനയുടെ കേന്ദ്രമാണ്. ഇതില്‍ വ്യക്തിയോ വ്യക്തിബന്ധങ്ങളോ അല്ല പ്രധാനം. മറിച്ച് അവയെ എല്ലാം നിയന്ത്രിച്ചു നിറുത്തിയിരിക്കുന്ന അധികാരമാണ്. അമൂര്‍ത്തമായ അധികാരഘടനയെ വ്യക്തമാക്കുന്നതിനുവേണ്ടി ആനന്ദ് ഉപയോഗിക്കുന്ന രൂപകാത്മകമായ പ്രസ്‌താവന കാണുക: "ആരുടെ റിപ്പബ്ളിക്ക് ദിനം? ആരുടെ തിരഞ്ഞെടുപ്പ് ?... യാഥാര്‍ഥ്യം ശബ്‌ദത്തിലും തിരക്കിലും വിശ്വസിക്കുന്ന ഈ ആള്‍ക്കൂട്ടമാണ്. സ്‌പന്ദിക്കാത്ത ഹൃദയവും ചലിക്കുന്ന അംഗങ്ങളുമുള്ള ഈ വികൃതശരീരം. അകത്തു ശൂന്യവും പുറത്തു ശബ്‌ദായമാനവുമായ ഈ പൊള്ളക്കുടം''. ആള്‍ക്കൂട്ടമെന്ന ചലനാത്മകവും പരിണാമിയുമായ സത്തയെ ശരീരമെന്ന താരതമ്യേന സ്ഥായിയായ ഘടനയോട് ബന്ധിപ്പിക്കുന്നത് ബോധപൂര്‍വമാണ്. വ്യക്തി എന്ന ശരീരത്തില്‍നിന്നും സമൂഹമെന്ന വൈപുല്യത്തിലേക്ക് പോകുന്ന പാരമ്പര്യ നോവല്‍ രചനാപദ്ധതിയില്‍നിന്നും തന്റെ രചന മാറി നില്‍ക്കുന്നു എന്നു പരോക്ഷമായി പറയുകയാണ് ആനന്ദ് ചെയ്‌തിരിക്കുന്നത്. വായനക്കാര്‍ കഥാപാത്ര സ്വഭാവമോ അവരുടെ ബന്ധമോ അല്ല അന്വേഷിക്കേണ്ടത്. മറിച്ച് അവരെ നിയന്ത്രിച്ചുനിറുത്തിയിരിക്കുന്ന വ്യവസ്ഥ ആണ്.

സമൂഹം, വ്യക്തി, രാഷ്‌ട്രീയം, യുദ്ധം, തത്വചിന്ത, ശാസ്‌ത്രം എന്നീ സാമൂഹിക സാംസ്‌കാരിക പ്രശ്‌നങ്ങളെ ഉല്‍ഖനനത്തിലൂടെ പുറത്തെടുത്തിട്ടു പരിശോധിക്കുന്ന നോവലാണ് അഭയാര്‍ഥികള്‍. കല്‍ക്കത്ത, അസം, കാശി, സാരംഗനാഥ്, പാറ്റ്ന, ലക്‌നൌ എന്നീ നഗരങ്ങള്‍, ഗൌതമന്‍, സുമന്‍, മഹേഷ്, ഹരിദാസ് എന്നീ കഥാപാത്രങ്ങളുടെ പെരുമാറ്റ ഇടങ്ങള്‍ എന്നിവയെ ചേര്‍ത്തുവച്ചു പ്രശ്‌നങ്ങള്‍ വിലയിരുത്തുന്ന കൃതി വര്‍ത്തമാനഭൂതകാലസന്ദര്‍ഭങ്ങളിലെ വ്യക്തി സ്വാതന്ത്ര്യം, അധികാരഘടന എന്നിവയെ വെടിപ്പായി ചിന്തയുടെ വെളിച്ചത്തില്‍ നിറുത്തുന്നുണ്ട്. ചരിത്രം സാമ്രാജ്യങ്ങള്‍ എന്ന അതിരു സൃഷ്‌ടിക്കുകയും അതിനുള്ളില്‍പെടുന്ന സവിശേഷതകളെ സംസ്‌കാരം എന്നു രേഖപ്പെടുത്തുകയും ചെയ്യുമ്പോള്‍ അതില്‍നിന്നും പുറംതള്ളപ്പെടുന്ന വലിയ ഒരു വിഭാഗം ജനതയുണ്ട്, അവരുടെ നിലവിളികളുണ്ട്. അഭയാര്‍ഥികള്‍ രേഖപ്പെടുത്തുന്നത് അവരുടെ ശബ്‌ദമാണ്. ആദ്യ നോവലില്‍ പറഞ്ഞ നഗരജീവിതം അധികാരത്തിന്റെ വ്യാഖ്യാന സാധ്യതയിലേക്ക് കടന്നുവരുന്നത് അഭയാര്‍ഥികളിലാണ്.

മാനുഷികതയെയും മനുഷ്യബന്ധങ്ങളെയും പൂര്‍ണമായും അവഗണിക്കുന്ന അധികാരം നഗരം വിട്ട് പ്രാന്തപ്രദേശങ്ങളിലേക്കു കൂടി വ്യാപിക്കുന്നത് 'മരുഭൂമികള്‍ ഉണ്ടാകുന്നത് ' എന്ന നോവലില്‍ ആനന്ദ് അവതരിപ്പിക്കുന്നു. ഈ നോവലില്‍ കഥാപാത്രങ്ങള്‍ പ്രസക്തമേയല്ല എന്നു പറയാം. അധികാരത്തിന്റെ ഒഴിവാക്കാന്‍ പറ്റാത്ത നിയമങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന ഒരുപിടി ജീവനുകള്‍ മാത്രം. അതില്‍ കുന്ദനെന്നോ പശുപതിയെന്നോ സുലൈമാനെന്നോ ഭേദമില്ല. അധികാരത്തിന്റെ അന്ധനീതിയില്‍ മാനുഷികത ചോര്‍ത്തിക്കളഞ്ഞ് വിശാലമായ മരുപ്രദേശമാക്കി മാറ്റുന്ന സമൂഹിക ചുറ്റുപാടാണ് ഈ നോവലിലുള്ളത്. മനുഷ്യന്‍ കേവലമായ ശരീരം മാത്രമാണെന്നും അതിനുള്ളിലെ എല്ലാവികാരങ്ങളെയും ഊറ്റിക്കളഞ്ഞ് അധികാരം വിനിയോഗിക്കാന്‍ പറ്റിയ ഒരു കൂട്ടമാക്കി മാറ്റുകയാണ് വ്യവസ്ഥയുടെ ലക്ഷ്യമെന്നും ആനന്ദ് ഓര്‍മപ്പെടുത്തുന്നു. ഉയരം നൂറ്റിയെണ്‍പത്, ഭാരം എഴുപത്തിയെട്ട്, വലത്തെ കവിളില്‍ ആഴത്തിലൊരു വെട്ട് എന്നിങ്ങനെ ആരിലും എടുത്ത് ഉപയോഗിക്കാവുന്ന കണക്കുകളുടെ കളി മാത്രമാണ് മനുഷ്യനെ നിര്‍വചിക്കുന്നതിനുള്ള അടിസ്ഥാനം എന്നുവരുമ്പോള്‍ പശുപതിസിങിനു പകരം സുലൈമാനെ പ്രതിഷ്‌ഠിക്കാന്‍ എത്ര എളുപ്പമാണ്. നീതി അന്ധമായി മാറുമ്പോള്‍ വ്യക്തി കേവലശരീരത്തിനപ്പുറം ഒന്നുമല്ല എന്നു വരുന്നു. സമൂഹത്തിലടങ്ങുന്ന വ്യക്തിയും അവന്റെ സ്വന്തബന്ധങ്ങളും എല്ലാം അവഗണിക്കപ്പെടുകയും സമൂഹം അധികാരവിനിയോഗത്തിനുള്ള ആള്‍ക്കൂട്ടം മാത്രമായി മാറുകയും ചെയ്യുന്നത് 'മരുഭൂമികള്‍ ഉണ്ടാകുന്നത് ' എന്ന നോവലില്‍ കാണാം. രാഷ്‌ട്രത്തിന് കുറെയേറെ ശരീരങ്ങളെയാണ് ആവശ്യം. അവരെ പൌരരാക്കുന്ന സംസ്‌കാരം, വ്യക്തിത്വം എന്നിവ വളരെ അകലത്തേയ്‌ക്ക് മാറ്റുന്നു. മരുഭൂമികളുണ്ടാകുന്നതില്‍ വ്യക്തിത്വാതീതമായി വളര്‍ന്നുവരുന്ന ശരീരങ്ങളെക്കുറിച്ചും ശരീരാനുഭവങ്ങളെക്കുറിച്ചും ആനന്ദ് പലപ്പോഴും പറയുന്നുണ്ട്. ശരീര അളവുകളെക്കുറിച്ചു പറഞ്ഞുകൊണ്ട് നോവല്‍ തുടങ്ങുന്നത് യാദൃച്‌ഛികമായല്ല എന്ന് പിന്നീട് തെളിയുന്നുണ്ട്.

"ഒരു കോട്ടുവായ അമര്‍ത്താന്‍ ശ്രമിച്ചുകൊണ്ട് കുന്ദന്‍ അയാളിലും തന്റെ മുമ്പിലുള്ള കാര്‍ഡിലെ ഫോട്ടോവിലും കണ്ണോടിക്കുന്നു. താനും തന്റെ ശരീരവും വെള്ളത്തുള്ളികളും. കുറച്ചു നിമിഷം അയാള്‍ അങ്ങനെ കഴിയുമ്പോള്‍ അയാള്‍ സാധാരണഗതിയിലാകും. അന്നു വൈകുന്നേരമുണ്ടായ അനുഭവം കുന്ദന്റെ വായില്‍ ഇഷ്‌ടമല്ലാത്ത ഒരു സ്വാദുപോലെ അവശേഷിച്ചു. എവിടെയായാലും പാവങ്ങള്‍, അവയുടെ രോഗഗ്രസ്ഥമായ മുഖങ്ങള്‍ക്കുമീതെ തുണിവലിച്ചിട്ട്, വികാരങ്ങളെ കരുവാളിപ്പിച്ച്, അവയിലൂടെ അലയുന്നു.'' ജനങ്ങളെ സൂചിപ്പിക്കാന്‍ 'അവ' എന്ന സര്‍വനാമം അവസാനത്തെ ഉദ്ധരണിയില്‍ വന്നിരിക്കുന്നത് ശ്രദ്ധിക്കുക. പാരമ്പര്യവായന അനുസരിച്ച് നോക്കുമ്പോള്‍ ഇതു തെറ്റാണെന്നു പറയേണ്ടിവരും. എന്നാല്‍ ഇവിടെ അത് ബോധപൂര്‍വമായ പ്രയോഗമായി തിരിച്ചറിയണം. 'അവര്‍' എന്നതില്‍ ഒരു കൂട്ടത്തിന്റെ സവിശേഷ ബുദ്ധിസാന്നിദ്ധ്യം അടങ്ങുന്നുണ്ട്. അധികാരത്തിന് ജനത ഒരിക്കലും 'അവര്‍' ആകില്ല, ബുദ്ധി തീരെയില്ലാത്ത ജന്തുക്കളുടെ കൂട്ടം മാത്രമാണ്. അതുകൊണ്ടുതന്നെ 'അവ' എന്ന സര്‍വനാമമാണ് യോജിക്കുക. രാഷ്‌ട്രത്തില്‍ അധികാരികള്‍ക്ക് ആവശ്യം അവരുടെ നിയമം നടപ്പിലാക്കാനുള്ള ശരീങ്ങളാണ്, അല്ലാതെ വ്യക്തിത്വങ്ങളുള്ള പൌരന്മാരെയല്ല. പ്രതിബിംബത്തിലൂടെ കണ്ണാടി പ്രതിഫലിപ്പിക്കുന്നത് തിരിഞ്ഞ ശരീരത്തെയാണ് എന്ന് ആറാം അധ്യായത്തില്‍ ആദ്യഭാഗത്ത് കുന്ദന്‍ കണ്ടെത്തുന്നുണ്ട്. ശരീരകേന്ദ്രിതമായ നിയമവ്യവസ്ഥയുടെ പൊള്ളത്തരത്തെയാണ് ഈ അന്വേഷണം വ്യക്തമാക്കുന്നത്. ശരീരത്തില്‍നിന്നും വളര്‍ന്ന് വ്യക്തി സ്വത്വമുള്ളതായിത്തീര്‍ന്നാല്‍ സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും നന്മയുടെയും പ്രശ്‌നം ഉയരും. അത് ജനതയെന്ന നിലയില്‍ ഒരു വിഭാഗത്തിന്റെ കരുത്തായി മാറുകയും ചെയ്യും. ഈ വളര്‍ച്ചയെ എല്ലാ ഘട്ടത്തിലും പ്രതിരോധിക്കാനാണ് അധികാരം ശ്രമിക്കുന്നത്. ഏതു കക്ഷി ഏതുഭാവം കൈക്കൊള്ളുന്നു എന്നത് അവന്റെ പക്കലുള്ള ന്യായത്തിന്റെയോ യുക്തിയുടെയോ ശക്തിയിലല്ല, അവന്റെ ശാരീരികമോ അധികാരം മൂലമോ ആയ ശക്തിയിലാണ് നിര്‍ഭരമായിരിക്കുന്നത്7 എന്ന് വ്യക്തമായി തന്നെ കൃതി പറഞ്ഞു തരുന്നുണ്ട്. മരുഭൂമികള്‍ ഉണ്ടാകുന്നത് എന്ന നോവലില്‍ വ്യക്തികളോ അവരുടെ കുടുംബങ്ങളോ പ്രസക്തമാകുന്നില്ല. കാരണം, അതിനെല്ലാം ഉപരിയായി വലവിരിച്ചു നില്‍ക്കുന്ന അധികാരത്തിന്റെ കണ്ണിബലമാണ് അതില്‍ മുഖ്യം. അതുകൊണ്ടുതന്നെ നോവല്‍ വ്യക്തിബന്ധങ്ങളുടെ തീവ്രതയും വൈചിത്ര്യവും അന്വേഷിക്കാതെ രാഷ്‌ട്രം, അധികാരം എന്നീ വിപുലമായ മേഖലയെ അഭിസംബോധന ചെയ്യുന്നു.

രാഷ്‌ട്രത്തിന്റെ അധികാരപ്രമത്തത എങ്ങനെ ജനതയുടെമേല്‍ അന്ധനീതി നടപ്പിലാക്കുന്നു എന്ന അന്വേഷണമാണ് 'മരുഭൂമികള്‍ ഉണ്ടാകുന്നത് ' എന്ന നോവല്‍ വരെ ആനന്ദ് നടത്തിയത്. നഗരം, രാഷ്‌ട്രം, ജനത എന്നിങ്ങനെ അധികാരം വിനിയോഗിക്കുന്ന ഇടങ്ങളിലെ വ്യത്യാസവും ഈ കൃതികളിലൂടെ തെളിയുന്നുണ്ട്. വ്യക്തിസ്വാതന്ത്ര്യവും സ്വപ്‌നങ്ങളും എങ്ങനെ കശാപ്പു ചെയ്യപ്പെടുന്നു എന്ന് ഈ നോവലുകള്‍ പറഞ്ഞു തരുന്നുണ്ട്. സമൂഹജീവിതം എന്ന വ്യവഹാരത്തെ നിന്ത്രിക്കുന്ന അധികാരമാണ് ഈ മൂന്നു നോവലിലും ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇത് ആനന്ദിന്റെ സര്‍ഗാത്മക ജീവിതത്തിന്റെ ഒന്നാം ഘട്ടമാണ് എന്നു പറയാം. ഇതിനൊരു രണ്ടാം ഘട്ടമുണ്ട്. അതു തുടങ്ങുന്നത് ‘ഗോവര്‍ധന്റെ യാത്രകള്‍‘ മുതലാണ്. മനുഷ്യന്‍ സമൂഹജീവിതം നയിച്ചു തുടങ്ങിയതിനു ശേഷമാണല്ലോ അവരുടെ സൌന്ദര്യാത്മകവും സര്‍ഗാത്മകവുമായ ജീവിതത്തെ തൃപ്‌തിപ്പെടുത്തുന്ന സാഹിത്യത്തിന്റെയും കലയുടെയും ഉല്‍പത്തി ഉണ്ടാവുക. സമൂഹത്തിന്റെ ഇത്തരം വ്യവഹാരമണ്ഡലങ്ങളില്‍ അധികാരത്തിന്റെ കടന്നുകയറ്റം എങ്ങനെയുണ്ടാകുന്നു എന്ന അന്വേഷണം ആനന്ദ് തുടങ്ങുന്നത് 'ഗോവര്‍ധന്റെ യാത്രകള്‍' മുതലാണ്. അതിനാല്‍ ഇതുമുതല്‍ ആനന്ദിന്റെ നോവല്‍ ചരിത്രത്തിന്റെ രണ്ടാം ഘട്ടം തുടങ്ങുന്നു എന്നു പറയാം.

സമൂഹത്തിന്റെ നിത്യജീവിതത്തിലെന്നപോലെ സര്‍ഗാത്മകജീവിതത്തിലും അധികാരവിനിമയത്തിന്റെ കെട്ടുപാടുകളുണ്ട് എന്ന വസ്‌തുത 'ഗോവര്‍ധന്റെ യാത്രകളി'ല്‍ ആനന്ദ് വിശദമാക്കുന്നുണ്ട്. യഥാര്‍ഥത്തില്‍ സാഹിത്യഘടനയ്‌ക്കുതന്നെ അധികാരത്തിന്റെ ഘടനയില്ലേ എന്ന സംശയം ഉണ്ടായതുകൊണ്ടാണ് ഭാരതേന്ദു ഹരിശ്ചന്ദ്രയുടെ പ്രഹസനത്തിന്റെ ഘടനയെ പൊളിച്ചുകൊണ്ട് 'ഗോവര്‍ധന്റെ യാത്രകള്‍' ആരംഭിക്കുന്നത്. അധികാരം, എഴുത്ത് എന്നിവയുടെ പരസ്‌പരബന്ധം 'വ്യാസനും വിഘ്നേശ്വരനും', 'പരിണാമത്തിന്റെ ഭൂതങ്ങള്‍' എന്നിവയിലും ആനന്ദ് ദാര്‍ശനികമായി പരിശോധിക്കുന്നുണ്ട്. “ഭാരതേന്ദുവിന്റെ പ്രശ്‌നം സാഹിത്യത്തിനുമപ്പുറത്തേയ്‌ക്ക് പരന്നുകിടക്കുന്നതായിരുന്നു” എന്ന് ആനന്ദ് എഴുതുന്നുണ്ട്. അതുതന്നെയായിരുന്നു ആനന്ദിന്റെയും പ്രശ്‌നം. അധികാരം അന്ധമായി പിടികൂടിയിരിക്കുന്ന ഒരു രാഷ്‌ട്രത്തിന്റെ ഘടന തന്നെയല്ലേ സാഹിത്യത്തിനും ഉള്ളത്. സ്വയംനിര്‍ണയിക്കാന്‍ അവകാശമില്ലാത്ത ഒരു സമൂഹത്തെ സൃഷ്‌ടിച്ചു വയ്‌ക്കുകയാണല്ലോ സാഹിത്യവും ചെയ്യുന്നത്. എഴുത്തുകാരുടെ തീരുമാനത്തിനും ആഗ്രഹത്തിനുമനുസരിച്ചു മാത്രം രൂപപ്പെടുന്ന കഥാപാത്രങ്ങള്‍, ആരോപിക്കപ്പെടുന്ന വ്യക്തിത്വം പേറി ജീവിക്കേണ്ടി വരുന്നവര്‍. ഇവരും ആധുനിക സമൂഹത്തിലെ ജനതയും തമ്മില്‍ യാതൊരു വ്യത്യാസവും ഇല്ല എന്ന് മജ്ജയെ കുത്തിനോവിക്കുന്ന തണുപ്പോടെയാണ് വായനക്കാര്‍ തിരിച്ചറിയുക. എഴുത്തുകാര്‍ കഥാപാത്രങ്ങളോടു കാണിക്കുന്ന സമീപനം തന്നെയല്ലേ അധികാരികള്‍ ജനതയോടും പ്രകടിപ്പിക്കുന്നത് എന്ന് ആനന്ദ് വിമര്‍ശനബുദ്ധിയോടെ തന്റെ സര്‍ഗാത്മകജീവിതത്തിന്റെ രണ്ടാം ഘട്ടത്തില്‍ പരിശോധിക്കുന്നു. ഗോവര്‍ധന്റെ യാത്രകളില്‍ തുടങ്ങുന്ന അന്വേഷണം പരിണാമത്തിന്റെ ഭൂതങ്ങളില്‍ എത്തുമ്പോള്‍ മുമ്പ് താന്‍ തന്നെ എഴുതിയ കൃതിയെക്കുറിച്ചുള്ള അന്വേഷണമായിത്തന്നെ മാറുന്നതു കാണാം. ആത്മവിമര്‍ശനത്തിന്റെ തീവ്രതയിലേക്ക് പരിണമിക്കുന്ന എഴുത്തുകാരനെ ഈ കൃതിയില്‍ പരിചയപ്പെടാം. സ്വയംനിര്‍ണയാവകാശം നഷ്‌ടപ്പെട്ട കഥാപാത്രങ്ങളും ജനതയും ഒന്നായി മാറുന്നത് ഗോവര്‍ധന്റെ യാത്രകളില്‍ കാണാന്‍ കഴിയും.അലിയും ഗോവര്‍ധനും സ്വയം നിശ്ചയിച്ച് ഒരിടത്തും അതുവരെ പോയിട്ടില്ലായിരുന്നു. സ്വയം വേണമെന്ന് തോന്നി ഒരു കാര്യവും ചെയ്‌തിട്ടില്ലായിരുന്നു. ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതുപോലും അടിമകള്‍ മാലിക് പറഞ്ഞിട്ടാണ്. 8
പലപ്പോഴും പ്രശ്‌നങ്ങളില്‍നിന്നും അവര്‍ ഓടിയൊളിക്കുന്നത് അത് തങ്ങളെ ബാധിക്കുന്നതല്ല എന്ന സമാധാനത്തിലാണ്. പരോക്ഷമായി ബാധിക്കുന്ന പല പ്രശ്‌നങ്ങളുടെയും തീവ്രത തിരിച്ചറിയാതെ അതിനോടു വിമുഖത കാട്ടുന്ന ജനതയിലാണ് അധികാരികള്‍ക്ക് താല്‍പര്യം.

വീടുകളുടെയും കടകളുടെയും വാതിലുകളില്‍ നിന്നും, വഴിയേ നടക്കുന്നതിനിടയിലും മനുഷ്യര്‍ അതു കേട്ടു. എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍, ഇതൊക്കെ കൊത്‌വാലിനെയും ആട്ടിടയനെയും കസായിയെയും മറ്റും ബാധിക്കുന്നതാണല്ലോ എന്ന് മനസ്സിലാക്കി, ഇവരാരും അല്ലാത്തവര്‍ ഒന്നും പറയാതെ, വീണ്ടും അവരവരുടെ പണിയില്‍ മുഴുകി9 അധികാരവിനിമയത്തിന്റെ പരോക്ഷമായ തന്ത്രങ്ങള്‍ തിരിച്ചറിയാത്ത ജനതയുടെ ചിത്രമാണ് ആനന്ദ് ഇവിടെ വരച്ചുചേര്‍ത്തിരിക്കുന്നത്. ജനതയില്‍ ആരെയും എവിടെവച്ചും പിടിച്ചെടുക്കാന്‍ കരുത്തുള്ള അന്ധനീതിയുടെ സാന്നിധ്യമാണ് വിളംബരത്തിലുള്ളത്. എന്നാല്‍ ഈ സത്യം ജനത തിരിച്ചറിയുന്നില്ല എന്നതാണ് അവരുടെ കുഴപ്പം. ചിന്താശൂന്യത നിറഞ്ഞ ശരീരം മാത്രമായി ജനത മാറിയിരിക്കുന്നു. അറിവ് ആള്‍ക്കൂട്ടത്തെ മാനുഷികതയും നീതിബോധവും നിറഞ്ഞ വ്യക്തികളുടെ കൂട്ടമാക്കി മാറ്റും. ഇത് അധികാരികള്‍ക്ക് സ്വാഭാവികമായും ഭീഷണിയായി മാറും. അതുകൊണ്ടുതന്നെ, അറിവിനെ ജനതയ്‌ക്ക് കൊണ്ടുനടക്കാന്‍ പറ്റാത്ത ഭാരമാക്കിത്തീര്‍ക്കുക എന്ന വഴി അധികാരം കണ്ടെത്തുന്നു. അറിവും അധികാരവും തമ്മിലുള്ള ഈ രഹസ്യാത്മക ബന്ധത്തെക്കുറിച്ച് പരിശോധിക്കുന്ന രചനയാണ്. 'വ്യാസനും വിഘ്നേശ്വരനും'. ഏകലവ്യനും നെയ്‌ത്തുകാര്‍ക്കും വിരല്‍ നഷ്‌ടപ്പെടാനുള്ള കാരണം അറിവുണ്ടായിപ്പോയി എന്നതാണല്ലോ. അധികാര വിനിമയത്തില്‍ അംഗം നഷ്‌ടപ്പെടുന്ന ഇവരും അധികാരത്തിനിണങ്ങുന്ന അംഗം വച്ചുകൊണ്ടു നടക്കുന്ന ഗോവര്‍ധനും പങ്കുവയ്‌ക്കുന്ന പ്രശ്‌നം ഒന്നു തന്നെ. അധികാരം ഉറപ്പിക്കാന്‍ ഭരണകര്‍ത്താക്കള്‍ക്ക് വ്യക്തിത്വമില്ലാത്ത കുറെ ശരീരങ്ങള്‍ വേണം എന്നതാണ് അത്. വ്യക്തിബന്ധങ്ങളും സാമൂഹികബന്ധങ്ങളും ഒഴിവാക്കി ശരീരം മാത്രമായ ആള്‍ക്കൂട്ടത്തെ ഭരിക്കുന്ന രാഷ്‌ട്രീയവ്യവസ്ഥയെ വിമര്‍ശനാത്മകമായി പരിശോധിക്കാന്‍ ആനന്ദ് ശ്രമിക്കുന്നു. നിയമങ്ങള്‍ ലംഘിക്കാതെ അനുസരണയോടെ ജീവിക്കുക എന്നതാണ് തങ്ങളുടെ കര്‍ത്തവ്യം എന്നു പറഞ്ഞുറപ്പിക്കുന്ന ജനതയെക്കുറിച്ച് ആനന്ദ് എഴുതിയിട്ടുണ്ട്. ഞങ്ങള്‍ നിയമങ്ങള്‍ ലംഘിക്കുന്നില്ല. ഭരണഘടനയില്‍ വിശ്വസിക്കുന്നു. അയല്‍ക്കാരുമായി ലോഹ്യത്തില്‍ തന്നെ, സംതൃപ്‌തമാണ് ഞങ്ങളുടെ കുടുംബം.10

ഈ വികാരം വളര്‍ത്തിയെടുക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. നിയമങ്ങള്‍ അത് എന്താണെങ്കിലും, നീതി നിഷേധിക്കുന്നതാണെങ്കില്‍ പോലും അതിനു കീഴടങ്ങി ജീവിക്കുന്നതാണ് സംതൃപ്‌തി എന്ന്, നിയമലംഘനത്തിലൂടെയും മറ്റും സ്വാതന്ത്ര്യം നേടിയെടുത്ത ഒരു ജനത, വിശ്വസിക്കുന്ന തലത്തിലേക്ക് എത്തിയിരിക്കുന്നു കാര്യങ്ങള്‍. നീതിബോധവും സ്വാതന്ത്ര്യ സങ്കല്‍പവും ഇവിടെ എന്താണ് ? അതിനെക്കുറിച്ചുള്ള ജനതയുടെ ഇന്നത്തെ ബോധം തെറ്റായി സൃഷ്‌ടിക്കപ്പെട്ടതല്ലേ? ഇങ്ങനെയുള്ള ചോദ്യങ്ങള്‍ നിരന്തരം ഉന്നയിക്കുന്ന രചനകളാണ് ആനന്ദിന്റെ നോവലുകളെല്ലാം. അധികാരവും അത് സൃഷ്‌ടിക്കുന്ന നിയമവും ജനതയുടെ നന്മയെയും സമാധാനത്തെയും പരിരക്ഷിക്കുന്നതായിരിക്കണം. അതില്‍നിന്നും വ്യത്യസ്‌തമായി ഇന്നത്തെ പല നിയമങ്ങളും അധികാരം നിലനിറുത്തുന്നതിനു മാത്രമുള്ളതായിത്തീര്‍ന്നിരിക്കുന്നു എന്നാണ് ആനന്ദ് പറയാന്‍ ശ്രമിക്കുന്നത്. നീതിബോധത്തെ തുരങ്കം വയ്‌ക്കുന്ന നിയമങ്ങളെ ലംഘിക്കണം എന്നു തെളിയിച്ച ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രം ജനത വിസ്‌മരിച്ചതിലുള്ള ഉല്‍ക്കണ്ഠ ആനന്ദിന്റെ രചനകളില്‍ കാണാന്‍ കഴിയുന്നുണ്ട്. ജനത സ്വത്വം നഷ്‌ടപ്പെട്ട ആള്‍ക്കൂട്ടം മാത്രമായിത്തീര്‍ന്നിരിക്കുന്നു. പ്രേതസാന്നിധ്യത്തിന്റെ തണുപ്പും മരവിപ്പും ബാധിച്ച ഒരു ജനതയില്‍നിന്നും നിസ്സംഗതയല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനാവുന്നില്ല. അന്ധനീതിയിലൂടെ അധികാരം നിലനിന്നുപോരുന്ന വ്യവസ്ഥിതി ആഖ്യാനം ചെയ്യാനാണ് ആനന്ദ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നഗരം, ചരിത്രം, സമൂഹം, കല, സാഹിത്യം എന്നിങ്ങനെ മനുഷ്യന്റെ ഭിന്ന പെരുമാറ്റ ഇടങ്ങളില്‍ ഈ വ്യവസ്ഥിതിയുടെ ഇടപെടല്‍ ഭംഗിയായി ആവിഷ്‌കരിക്കാന്‍ ആനന്ദിനു കഴിഞ്ഞിട്ടുണ്ട്. ആനന്ദിന്റെ നോവല്‍ ജീവിതം അതാണ് തെളിയിക്കുന്നത്. അതിനായാണ് അധികാരം, നീതി എന്നീ വിപുലമേഖലയെ ആഖ്യാനത്തിന്റെ കേന്ദ്രസ്ഥാനത്തു നിറുത്തി വ്യക്തികളെന്ന സൂക്ഷ്‌മതലത്തിലേക്കുള്ള അസാധാരണമായ യാത്ര ആനന്ദ് നടത്തുന്നത്. ഈ വഴി തിരിച്ചറിയുന്ന വായനക്കാര്‍ക്കു മാത്രമേ ആനന്ദിന്റെ രചനകളുടെ പ്രസക്തി പൂര്‍ണമായും മനനസ്സിലാവുകയുള്ളൂ.

സഹായഗ്രന്ഥങ്ങള്‍
1. പ്രൊഫ.കെ.എം.തരകന്‍ (1990), മലയാള നോവല്‍സാഹിത്യചരിത്രം, കേരളസാഹിത്യ അക്കാദമി, തൃശൂര്‍, പുറം.207.
2. ആനന്ദ് (2005), കത്തുകള്‍-ശില്പങ്ങള്‍-കവിതകള്‍, കറന്റ് ബുക്സ്, തൃശൂര്‍, പുറം.9-10
3. ആനന്ദ് (2005), കത്തുകള്‍-ശില്പങ്ങള്‍-കവിതകള്‍, കറന്റ് ബുക്സ്, തൃശൂര്‍, പുറം.34.
4. ആനന്ദ് (1990), മരുഭൂമികള്‍ ഉണ്ടാകുന്നത്, ഡി.സി.ബുക്സ്, കോട്ടയം, പുറം.44.
5. ആനന്ദ് (1999), ഉത്തരായനം, കറന്റ് ബുക്സ്, തൃശൂര്‍, പുറം.20.
6. ആനന്ദ് (1991) ആള്‍ക്കൂട്ടം, ഡി.സി.ബുക്സ്, കോട്ടയം, പുറം. 336.
7. ആനന്ദ് (1990) മരുഭൂമികള്‍ ഉണ്ടാകുന്നത്, ഡി.സി.ബുക്സ്, കോട്ടയം, പുറം.35.
8. ആനന്ദ് (1995), ഗോവര്‍ധന്റെ യാത്രകള്‍, ഡി.സി.ബുക്സ്, കോട്ടയം, പുറം.25.
9. ആനന്ദ് (1995), ഗോവര്‍ധന്റെ യാത്രകള്‍ ഡി.സി.ബുക്സ്, കോട്ടയം, പുറം.62.
10. ആനന്ദ് (1999), ഉത്തരായനം, കറന്റ് ബുക്സ്, തൃശൂര്‍, പുറം.10.

******

ഡോ. സി. ആര്‍. പ്രസാദ്, മലയാളവിഭാഗം, കേരള യൂണിവേഴ്സിറ്റി, കാര്യവട്ടം കാമ്പസ്, തിരുവനന്തപുരം, കടപ്പാട് : ഗ്രന്ഥാലോകം ആഗസ്‌റ്റ് 2010

അധിക വായനയ്‌ക്ക് :

1. ചരിത്രരഹിതര്‍, ഈ ശരണാര്‍ഥികള്‍
2. മനസ്സാക്ഷിയുടെ താരസ്വരം
3. ആനന്ദിന്റെ നോവല്‍ഭാഷ
4. എഴുത്ത്, ചരിത്രം, സംസ്‌കാരം
5. ആനന്ദ് : എഴുത്തുകളും എഴുത്തുകാരനും
6. ആനന്ദ് എം. ഗോവിന്ദന് അയച്ച കത്തുകള്‍
7. ആനന്ദിന്റെ ആശയപ്രപഞ്ചം
8. എതിര്‍ദിശാസഞ്ചാരം
9. സ്വാതന്ത്ര്യം: മിഥ്യയും യാഥാര്‍ഥ്യവും
10. അപഹരിക്കപ്പെട്ട നീതിശാസ്‌ത്രം
11. ദാര്‍ശനികതയുടെ മൂലകങ്ങള്‍
12. നീതിയും ചരിത്രവും- ആനന്ദിന്റെ അന്വേഷണങ്ങള്‍
13. കഥയിലെ സംവാദസ്ഥലങ്ങള്‍

No comments: