Sunday, September 26, 2010

ആനന്ദിന്റെ ആശയപ്രപഞ്ചം

ആനന്ദ് എന്ന നോവലിസ്‌റ്റ് അടിസ്ഥാനപരമായി ഒരു ചിന്തകനാണ്. തന്റെ ചിന്തയെ ഫലപ്രദമായി വായനക്കാരിലെത്തിക്കാനുള്ള ഒരു ഉപാധിയാണ് അദ്ദേഹത്തിന് നോവല്‍ എന്ന സാഹിത്യരൂപം. നോവല്‍ ഒരു ജീവിതദര്‍ശനമാണ് എന്ന ആശയത്തിന് ഇവിടെ പ്രസക്തി വരുന്നു. ദര്‍ശനപരമായ സവിശേഷതകളുടെ കാര്യത്തില്‍ ആനന്ദിന്റെ നോവലുകളേക്കാള്‍ തുടുത്ത സൃഷ്‌ടികള്‍ മലയാളത്തിലില്ല. ചിന്തിക്കുന്ന നോവലിസ്‌റ്റെന്നോ ചിന്തിക്കുന്നവര്‍ക്കുവേണ്ടി മാത്രം എഴുതുന്ന കഥാകാരനെന്നോ ചിന്തിക്കുന്ന കഥാപാത്രങ്ങളുടെ ആഖ്യായികാകാരനെന്നോ ഒക്കെ പറയാം ആനന്ദിനെപ്പറ്റി. ഇങ്ങനെയൊരു സവിശേഷത അദ്ദേഹത്തോടുള്ള സമീപനത്തിനാവശ്യമായതുകൊണ്ട് ആനന്ദിനെ ഇകഴ്ത്താനും പുകഴ്ത്താനും അനായാസേന കഴിയുന്നു. നോവല്‍ ജീവിതത്തിന്റെ ഒരു ചീളാണെന്നു പറയുന്നവര്‍ക്ക് ആനന്ദ് അവതരിപ്പിക്കുന്ന ജീവിതത്തിന്റെ സമഗ്രതയില്‍ സംശയം തോന്നിക്കൂടായ്‌കയില്ല. നോവല്‍ ദര്‍ശനപരമാണെന്ന് വാദിക്കുന്നവര്‍ക്കും ആനന്ദിന്റെ ദര്‍ശനങ്ങളുടെ ആകെത്തുകയില്‍ കാണുന്ന ഉറപ്പില്ലായ്‌മയില്‍ അസംതൃപ്‌തി അനുഭവപ്പെടാം. ആനന്ദിന്റെ ഹ്യൂമനിസം തുടക്കത്തില്‍ കമ്യൂണിസത്തോടു കടുത്ത വിയോജിപ്പു പ്രകടിപ്പിച്ചുകൊണ്ട്, പ്രകൃതിയോട് ഒരു പ്രത്യേകരീതിയില്‍ ബന്ധപ്പെട്ടിരിക്കുന്നതുപോലെ, ഒരു വിരോധാഭാസമെന്ന തോന്നലുണ്ടാക്കിക്കൊണ്ട് വര്‍ത്തമാന സാഹചര്യങ്ങളോടും കൂറുപുലര്‍ത്തുന്നു. തന്റെ അപ്പപ്പോഴത്തെ വര്‍ത്തമാന വൈകാരികതലങ്ങളുമായി സംവദിച്ചു ചിട്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരുതരം മാനുഷികസമീപനം എന്നു സാമാന്യമായി പറയാവുന്നതാണ് ആനന്ദിന്റെ ഫിലോസഫി. ഇതില്‍ വ്യക്ത്യനുഭവങ്ങളും ബന്ധങ്ങളും ജനവും സ്‌റ്റേറ്റും ഭരണകൂടവും ഘടകങ്ങളാകുമ്പോള്‍ അദ്ദേഹത്തിന്റെ ചിന്തയ്‌ക്ക് റിയലിസ്‌റ്റിക്കല്ലാത്ത ഒരു ഭൌതികമാനം കൈവരുന്നു. അതിനെ ക്യാന്‍വാസായി സ്വീകരിച്ചുകൊണ്ട് രചനയുടെ സര്‍ഗതലങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിന്റെ അഭൂതപൂര്‍വമായ വിജയമാണ് ആനന്ദിന്റെ കൃതികള്‍. 'ആള്‍ക്കൂട്ട'ത്തില്‍ ആരംഭിക്കുന്ന അദ്ദേഹത്തിന്റെ പതിനൊന്നോളം രചനകളില്‍ - ഇവയില്‍ നോവലുകളും ചെറുകഥകളും പഠനങ്ങളും ഉള്‍പ്പെടും - എല്ലാം തന്നെ മുന്‍ചൊന്ന ഹ്യൂമനിസ്‌റ്റു ദര്‍ശനങ്ങളുടെ പ്രോല്‍ഘോഷണങ്ങളോടൊപ്പം സര്‍ഗസായൂജ്യം നല്‍കുന്ന കൃതികളുമാണ്.

കച്ചവടമൂല്യങ്ങള്‍ക്കൊന്നും അടിമയാകാതെ ഒരെഴുത്തുകാരന് ഈ കാലഘട്ടത്തില്‍ എഴുതാന്‍ കഴിയുക ചെറിയ കാര്യമല്ല. ആനന്ദ് ഒഴിച്ചുള്ള മലയാളത്തിലെ എല്ലാ നോവലിസ്‌റ്റുകളും താനും വായനക്കാരനും ചേര്‍ന്നുള്ള ശരാശരിവച്ചുകൊണ്ട് എഴുതുന്നവരാണ്. ആനന്ദാകട്ടെ താന്‍ തന്നെയാണ് വായനക്കാരനും എന്നുള്ള വിട്ടുവീഴ്‌ചയില്ലാത്ത തലത്തില്‍ നിന്നുകൊണ്ട് സൃഷ്‌ടി നടത്തുന്നു. ഇവിടെ ഒരു ദന്തഗോപുര സാഹിത്യകാരനായി ആനന്ദ് തരം താഴുന്നുമില്ല. അങ്ങനെ താഴാത്ത ഒരു താത്വികവീക്ഷണത്തിന്റെ തലത്തില്‍ നിന്നുകൊണ്ട് തന്റെ മനസ്സിനെ മനുഷ്യത്വത്തിന്റെ മഹാകാശങ്ങളില്‍ വ്യാപരിപ്പിച്ച് വിക്ഷുബ്‌ധമായ അന്തരീക്ഷസൃഷ്‌ടിയിലൂടെ രചനാകര്‍മം നിര്‍വഹിക്കുന്ന ആനന്ദ് അസാമാന്യ പ്രതിഭാശാലിയാകാതെ വയ്യ.

ഘടനാപരമായ വൈശദ്യങ്ങള്‍

ആനന്ദിന്റെ കൃതികളുടെ ഘടനാപരമായ വൈശദ്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ലോകത്തിന്നോളമുണ്ടായിട്ടുള്ള ചിന്തകള്‍കൂടി നമുക്ക് അനുഭവവേദ്യമാകുന്നു. കഴിഞ്ഞ നൂറ്റാണ്ടുകളിലെ യൂറോപ്യന്‍ തത്വചിന്തയ്‌ക്ക് ആധാരഭൂതമായിട്ടുള്ള ഹ്യൂമനിസ്‌റ്റ് ചിന്താഗതിയുമായുള്ള ആനന്ദിന്റെ ആഭിമുഖ്യം മറ്റെല്ലാ ചിന്താഗതികളെയും പുറകോട്ട് തള്ളിമാറ്റി തന്റെ കഥാപാത്രങ്ങളുടെ മിഴിവിനിണങ്ങുന്ന വര്‍ണങ്ങള്‍ അതില്‍നിന്ന് തെരെഞ്ഞടുത്ത് നിറക്കൂട്ടുണ്ടാക്കാന്‍ അദ്ദേഹം യത്നിക്കുന്നു. ഇത് അദ്ദേഹത്തിന്റെ ഒട്ടുമിക്ക കഥാപാത്രങ്ങളുടെയും പ്രാദേശിക വ്യക്തിത്വം നഷ്‌ടപ്പെടുത്തി അവയ്‌ക്കും ഒരുതരം താത്വിക വ്യക്തിത്വം നല്‍കുന്നു. പുതിയ കാഴ്‌ചപ്പാടുകളില്‍ ഒരു നോവലിസ്‌റ്റിനെ വിലയിരുത്തുമ്പോള്‍ ഇതൊരു ന്യൂനതയായി ചൂണ്ടിക്കാണിക്കാന്‍ കഴിയുമെങ്കിലും ആനന്ദിന്റെ മാധ്യമസമീപനത്തിന്റെ വ്യക്തിത്വം മറ്റൊന്നായതുകൊണ്ട് മേല്‍പ്പറഞ്ഞ സമീപനം ആനന്ദിന്റെ നോവലുകളെ സംബന്ധിച്ചിടത്തോളം അസ്ഥാനത്താണ്.

ഇത് ഒന്നുകൂടി വിശദീകരിക്കേണ്ടിയിരിക്കുന്നു. പുതിയ പരിസ്ഥിതിദര്‍ശനത്തിന്റെയും രചനകളുടെയും വരവോടുകൂടി സാഹിത്യത്തെ വിലയിരുത്തുന്ന മാനദണ്ഡങ്ങള്‍ക്കു വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. പ്രാദേശികമായ (local) കാഴ്‌ചപ്പാടില്‍ നിന്നു തുടങ്ങുന്ന ഇതിവൃത്തവും കഥാപാത്രസൃഷ്‌ടികളും നാടകീയ മുഹൂര്‍ത്തങ്ങളും ഇതര ഘടകങ്ങളും പടിപടിയായി വികാസസങ്കോചങ്ങളിലൂടെ വളര്‍ന്ന് മഹത്തായ പ്രാദേശികതയിലൂടെ (grand local) മഹത്തായ സാര്‍വദേശീയ പ്രാദേശികതയിലെത്തി (grand local international) ഒരു മാനുഷിക പ്രകൃതിദൃശ്യമാകുന്ന (human landscape) സമീപനത്തെയാണ് ഇവിടെ സൂചിപ്പിക്കുന്നത്. മഹത്തായ പ്രതിഭകൊണ്ടുമാത്രം സാധ്യമാക്കാവുന്ന ഈ രചനാകര്‍മത്തിന്റെ കാര്യത്തില്‍ ഇതിനാവശ്യമായ പ്രതിഭയെല്ലാം തികഞ്ഞ ആനന്ദ് തികച്ചും പ്രാദേശികമായ വേരോട്ടങ്ങളോടെയുള്ള ഒരു തുടക്കത്തിലും അതിന്റെ വികാസപ്രക്രിയകളിലും വിശ്വസിക്കാത്തതുപോലെ തന്റെ നോവലുകളിലും കഥകളിലും കാണപ്പെടുന്നു. ആനന്ദിനുതന്നെ വ്യക്തിയെന്ന നിലയില്‍ പ്രാദേശികാസ്‌തിത്വത്തിലുള്ള വിശ്വാസമില്ലായ്‌മയെയോ ഒരുതരം ഗൃഹാതുരത്വഭാവത്തെയോ ആയിരിക്കാം ഇതു കാണിക്കുന്നത്. നേരത്തെ സൂചിപ്പിച്ച രചനകളുടെ കാര്യത്തില്‍ വിലമതിക്കേണ്ട സൈദ്ധാന്തിക നിര്‍വചനത്തിന്റെ അവസാന ഭാഗവുമായി ഒത്തുനോക്കുമ്പോള്‍ ആനന്ദിന്റെ എല്ലാ നോവലുകളും എന്തിനു കഥകള്‍ വരെ ഒരു മാനുഷിക പ്രകൃതിദൃശ്യമായി രൂപപ്പെടുന്ന ഉന്നത കലാരൂപങ്ങളായി മാറുന്നതു കാണാം.

ഇഷ്‌ടാനിഷ്‌ടങ്ങളുടെ ആര്‍ദ്രമനസ്സ്

കമ്യൂണിസത്തെ തള്ളിപ്പറഞ്ഞുകൊണ്ട് തന്റെ ഹ്യൂമനിസ്‌റ്റു ചിന്താഗതി അവതരിപ്പിക്കാന്‍ കഥാപാത്രങ്ങളെ മെനഞ്ഞെടുക്കുന്നതില്‍ ആനന്ദ് 'മരണ സര്‍ട്ടിഫിക്കറ്റി'ലും മറ്റും കാട്ടിയിരിക്കുന്ന മനഃപൂര്‍വതയില്‍ കൃത്രിമത്വം ആരോപിച്ചുകൊണ്ട് ആനന്ദിനെ തേജോവധം ചെയ്യാന്‍ ഒരുമ്പെട്ട എസ്. സുധീഷിനെപ്പോലുള്ള നിരൂപകന്മാരെ മറക്കാതെ ഒരു കാര്യം ഇവിടെ ഓര്‍മിക്കേണ്ടിയിരിക്കുന്നു. വൈകാരികമായ ഇഷ്‌ടാനിഷ്‌ടങ്ങളുടെ ആര്‍ദ്രമായ മാനസികപ്രകൃതിയെ മൂടി വയ്‌ക്കുന്ന പരുഷമായ ശൈലിയും രൂപഘടനയും അപരിചിതമായ ഒരു അനുഭവമാക്കിക്കൊണ്ട് കമ്യൂണിസം പോലെയുള്ള ഒരു ഉദാത്ത തത്വശാസ്‌ത്രത്തെ സോപ്പിന്‍കുമിളയാക്കിക്കളയാമെന്നു കരുതുന്ന ആനന്ദില്‍ ദൃശ്യമാകുന്ന കലാകാരന്റെ സ്വാതന്ത്ര്യം പലര്‍ക്കും അംഗീകരിക്കാന്‍ കഴിയാതെ വരുന്നതില്‍ അല്‍ഭുതപ്പെടേണ്ടതില്ല. ഇഷ്‌ടാനിഷ്‌ടങ്ങളുടെ ആര്‍ദ്രമായ മനസ്സെന്നു പറഞ്ഞത് മനഃപൂര്‍വമാണ് - ഇഷ്‌ടവും അനിഷ്‌ടവും ഒരുപോലെ ആര്‍ദ്രമാക്കുന്ന മനസ്സ് എന്ന അര്‍ഥത്തിലാണ് ഇവിടെ ഇങ്ങനെ പ്രയോഗിച്ചിരിക്കുന്നത്. കമ്യൂണിസം ഇല്ലെങ്കില്‍ കമ്യൂണിസ്‌റ്റുകാരനില്ല. കമ്യൂണിസത്തെ നിന്ദിക്കുന്നയാള്‍ക്കു കമ്യൂണിസ്‌റ്റുകാരനെ എങ്ങനെ വന്ദിക്കാനാകും. 'മരണ സര്‍ട്ടിഫിക്കറ്റി'ല്‍ ഞാന്‍ എന്ന കഥാപാത്രം ഇതു രണ്ടും ഒരേസമയത്ത് ചെയ്യുന്നു. ആനന്ദ് എന്ന സാഹിത്യകാരന്റെ, പുരോവര്‍ത്തിയായ മനുഷ്യന്റെ, അയാള്‍ ചെയ്യുന്ന എന്തു തെറ്റിനും മാപ്പു നല്‍കാവുന്ന വൈകാരികമായ ധാര്‍മികതലമാണ് ഇതില്‍നിന്നു വ്യക്തമാകുന്നത്.

ഭാവപരമായ സമാനതകള്‍

ആനന്ദിന്റെ എല്ലാ കൃതികള്‍ക്കും ആവര്‍ത്തനവിരസമെന്നു പറഞ്ഞുകൂടാത്ത ഭാവപരമായ സമാനതകളുണ്ട്. തന്റെ കൃതികള്‍ക്ക് അന്തര്‍ധാരയാകേണ്ട സ്വന്തം ജീവിതം കൊണ്ടും പഠിച്ചും അനുഭവിച്ചുമുള്ള അറിവുകളെ രചനയുടെ ഉപരിതലത്തില്‍ത്തന്നെ നിലനിറുത്തുന്ന രീതി ആനന്ദിന്റെ കൃതികള്‍ക്കു പലപ്പോഴും ഒരുതരം അതിവാചാലത നല്‍കുന്നു. ഈ വാചാലത ഒരിക്കലും അരോചകമായിത്തീരാത്ത കലാകുശലത്വം ആനന്ദിനുള്ളതുകൊണ്ട് മറ്റേതൊരു എഴുത്തുകാരനിലും ദോഷമായിത്തീരേണ്ട ഈ വസ്‌തുത ആനന്ദിന്റെ കൃതികളുടെ വ്യക്തിത്വമായി പരിണമിക്കുന്നു.

'മരണ സര്‍ട്ടിഫിക്കറ്റി'ല്‍ പറയുന്നു: "യുദ്ധത്തിനും സമാധാനത്തിന്റെ അഭാവത്തിനുമിടയ്‌ക്ക് ലോകരാജ്യങ്ങള്‍ ലോഭം കൂടാതെ നടന്നുപോകുന്നു... നമ്മുടേത് ഒരു ജനാധിപത്യരാജ്യമായ നിലയ്‌ക്ക് ഭരണഘടനയുടെ ചട്ടക്കൂട്ടിനകത്തു നില്‍ക്കണമെന്നുണ്ടെങ്കിലും ഇഷ്‌ടമില്ലാത്തതു നിരസിക്കാനും സ്വന്തം ഭാഗ്യം നിര്‍ണയിക്കാനും എല്ലാവര്‍ക്കും അധികാരമുണ്ടല്ലോ'' (പേജ് - 96) എന്ന ഭാഗവും, "ഈ ഭരണഘടനയുടെ ചട്ടക്കൂട് ഒരു പത്മവ്യൂഹമാണ്... ഇതിനെ പൊളിക്കാതെ ഇതിനകത്തു പൊരുതുന്നവര്‍ മരിക്കാന്‍ വിധിക്കപ്പെട്ടവരാകുന്നു. പക്ഷേ യുദ്ധങ്ങള്‍ നടക്കുന്നു'' (മരണസര്‍ട്ടിഫിക്കറ്റ് പേജ് - 97) എന്ന ആശയവും ശ്രദ്ധിക്കുക. ആനന്ദിന്റെ ഒട്ടുമിക്ക കൃതികളിലും ഈ ആശയങ്ങളുടെ ആവര്‍ത്തനം കഥാഗാത്രത്തിന്റെ ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒരു ഘടകമാണെന്നു കാണാം. 'ആള്‍ക്കൂട്ടം' എന്ന നോവലില്‍ പ്രേമും സുനിലുമായുള്ള സംഭാഷണം ശ്രദ്ധിക്കുക: ഹ്യൂമനിസവും ഒരു സംഘടനാപരമായ ഐഡിയോളജിയാണ്; സോഷ്യലിസവും കമ്യൂണിസവും പോലെ. സുനില്‍ പറഞ്ഞു: 'പക്ഷേ സോഷ്യലിസം ഒരു സ്വഭാവമായിത്തീരുമെന്ന് മാര്‍ക്‌സ് വിശ്വസിച്ചു. ഹ്യൂമനിസമായിക്കൂടെന്നില്ല...' പ്രേം പൊട്ടിച്ചിരിച്ചു: 'അതാണു ഹ്യൂമനിസമെങ്കില്‍ ഞാനൊരു ഹ്യൂമനിസ്‌റ്റല്ല.' (ആള്‍ക്കൂട്ടം : പേജ് 339).

ജൈവഘടകങ്ങളിലേക്ക്

ആനന്ദിന്റെ, 'ആള്‍ക്കൂട്ട'ത്തില്‍ നിന്നാരംഭിക്കുന്ന വിശ്വാസങ്ങളും വൈകാരിക സംഘട്ടനങ്ങളും 'മരണസര്‍ട്ടിഫിക്കറ്റി'ല്‍ വലിയൊരു ചിന്താക്കുഴപ്പത്തിന്റെ നിലയിലെത്തി, 'ഒടിയുന്ന കുരിശ്', 'ഉത്തരായനം', 'അഭയാര്‍ഥികള്‍', 'മരുഭൂമികള്‍ ഉണ്ടാകുന്നത്', 'ജൈവമനുഷ്യന്‍' എന്നീ കൃതികളിലൂടെ പടിപടിയായി രൂഢമൂലമായിത്തീര്‍ന്ന്, തന്റെ ഹ്യൂമനിസ്‌റ്റു കാഴ്‌ചപ്പാടില്‍ മരണത്തിനും ജീവിതത്തിനുമിടയ്‌ക്ക് ജീവിവര്‍ഗത്തെയാകെ ആശ്ളേഷിച്ചു നില്‍ക്കുന്ന ചിന്തയെ വ്യാപരിപ്പിച്ച് എന്തിനെയും ജൈവഘടകങ്ങളാക്കുന്ന ഒരു തലമായി തന്റെ സ്വത്വത്തെ (identity) വെളിപ്പെടുത്താന്‍ ആനന്ദ് നടത്തുന്ന ശ്രമത്തെ കലാപരമായ മേന്മയുടെ മാനദണ്ഡമുപയോഗിച്ച് ആദരിക്കാതെ വയ്യ. ആനന്ദ് എന്ന സാഹിത്യകാരന്റെ ആശയഗതികളോടുള്ള യോജിപ്പോ വിയോജിപ്പോ അല്ല ഇവിടെ പ്രശ്‌നമാക്കേണ്ടത്. സര്‍ഗൌന്ന്യത്തിലെത്താന്‍ കഴിഞ്ഞ ഒരു പ്രതിഭാധനനെ എല്ലാ ആശയങ്ങള്‍ക്കുമുപരി ആശയങ്ങളെ സമൂഹത്തിന്റെ ആരോഗ്യദായിയാക്കാന്‍ കഴിയുംപടി കാണുന്നുണ്ടോ എന്നുള്ളതാണ്. തീര്‍ച്ചയായും ആനന്ദിന്റെ ആശയലോകം അതിന്റെ എല്ലാ കുറവുകളോടെയും സമൂഹത്തിന്റെ സംസ്‌കൃതിക്ക് ഈടുവയ്‌പാകാന്‍ പോരുന്നതാണ്. ഇതു സാധിക്കുന്നത് മാനുഷികമൂല്യങ്ങളിലുള്ള വലിയ വിശ്വാസങ്ങളെ ഒരു കലാകാരന്റെ പാഠാനുഭവങ്ങളുടെ മൂശയില്‍ കരുപ്പിടിപ്പിക്കാന്‍ ആനന്ദ് കാണിക്കുന്ന കരവിരുതുമൂലവും.

ആനന്ദിന്റെ 'ആള്‍ക്കൂട്ട'ത്തിലെ ഒരു അന്തരീക്ഷ വര്‍ണന അവതരിപ്പിച്ചുകൊണ്ട് എസ്. സുധീഷ് എന്ന നിരൂപകന്‍ തന്റെ ഒരു പ്രബന്ധത്തില്‍ (മുട്ടത്തുവര്‍ക്കി മുതല്‍ ആനന്ദ് വരെ) ഡോസ്‌റ്റ്റോവ്സ്കിയുടെ 'കാരമസോവ് സഹോദരന്മാരി'ല്‍ നിന്നുള്ള മോഷണമാണെന്നു വരെ പറഞ്ഞുവയ്‌ക്കുന്നു. സത്യത്തില്‍ സന്തോഷകരമായ ഒരു വസ്‌തുതയാണിത്. ഉദാത്തരചനകളില്‍ വ്യത്യസ്‌ത പ്രതിഭകളുടേതായി കാണുന്ന ഇത്തരം സാദൃശ്യങ്ങളെ 'മോഷണം' എന്ന പദം കൊണ്ടു വേണമോ വ്യക്തമാക്കാനെന്ന കാര്യത്തിലേ തര്‍ക്കമുള്ളൂ. ശില്‍പപരമായി യാതൊരു സമാനതകളുമില്ലാത്ത രണ്ടു സൃഷ്‌ടികളിലെ ഏതെങ്കിലും അന്തരീക്ഷവര്‍ണനയില്‍ അവരുടെ ഉദാത്താവിഷ്‌കാരങ്ങളില്‍ വന്നുപെടുന്ന യാദൃച്‌ഛിക സമാനതകളെ ഭാഷ കൈവരിക്കുന്ന നേട്ടങ്ങളായി കാണാനുള്ള സൌമനസ്യം നമ്മുടെ നിരൂപകന്മാര്‍ പലപ്പോഴും കാണിക്കാത്തതിന്റെ പിന്നില്‍ വ്യക്തിപരമായി കുറെ കാര്യങ്ങളുണ്ടാകും. ഇവിടെ ആനന്ദിനെ ആശയപരമായി ദഹിക്കാത്ത, ഒരു നിരൂപകനായി നിലകൊള്ളുന്ന എസ്. സുധീഷ് ചില മുന്‍വിധികള്‍ക്കടിമപ്പെടുന്നുവെന്ന് അദ്ദേഹത്തിന്റെ പ്രബന്ധത്തിന്റെ പേരുതന്നെ സൂചിപ്പിക്കുന്നു. ഉദാത്തതയുടെ ഉത്തുംഗതകളില്‍ കാണുന്ന സാദൃശ്യങ്ങളെക്കുറിച്ചുള്ള എന്റെ സാധൂകരണത്തില്‍ സംശയം വേണ്ട. ആനന്ദിന്റെ രചനാസിദ്ധികളില്‍ അദ്ദേഹത്തിന്റെ കൃതികളിലൂടെ കടന്ന് അത്രകണ്ട് വിശ്വാസം കൈവന്ന ഒരാസ്വാദകന് ആനന്ദിനെപ്പോലെ ഒരു പ്രതിഭാധനന്‍ വാക്കുകളെ ഭാവപ്രകടനത്തിനുള്ള ഉപാധിയാക്കുമ്പോള്‍ സിദ്ധമാകുന്ന ഭാവതലം മറ്റൊരാളുടേതാണെന്ന് ഏതു തെളിവിന്റെ വെളിച്ചത്തിലും പറയുക സാധ്യമല്ല. ദോഷൈകദൃക്കുകളുടെ അന്വേഷണബുദ്ധി ഒരു സാഹിത്യനിരൂപകനെ ജനിപ്പിക്കുന്നില്ല എന്ന സത്യം കൂടി ഇവിടെ എടുത്തപറയേണ്ടിയിരിക്കുന്നു. വളരെ ലാഘവപൂര്‍വമുള്ള സമീപനങ്ങളാണ് മലയാള സാഹിത്യത്തിന്റെ ആരോഗ്യം കെടുത്തുന്നതെന്ന വസ്‌തുതയും ഈ സന്ദര്‍ഭത്തില്‍ സൂചിപ്പിക്കേണ്ടിയിരിക്കുന്നു. ചിന്തിക്കാന്‍ കഴിവുള്ള ഒരു നിരൂപകന്‍ ചിന്താധനന്‍ കൂടിയായ ഒരു മഹാപ്രതിഭാശാലിയെ വിലയിരുത്തുന്നതില്‍ കാണിച്ചിരിക്കുന്ന ലാഘവബുദ്ധി സഹനത്തിന്റെ എല്ലാ പരിധിക്കുമപ്പുറത്താണ്. ആനന്ദിന്റെ കൃതികളില്‍ കാണുന്ന വിചാരവികാരങ്ങളുടെ സങ്കീര്‍ണമായ ഭാവതലം തങ്ങളുടെ അറിവുകള്‍ക്കപ്പുറത്തുനിന്നു നിരൂപകനെ കൊഞ്ഞനം കുത്തുന്നുണ്ടോ എന്നറിയില്ല. ഏതായാലും ആനന്ദിനു ലഭിച്ചിട്ടുള്ള അംഗീകാരം ആസ്വാദകന് ഇങ്ങനെയൊരനുഭവമില്ലെന്നു തെളിവു നല്‍കുന്നു.

ശില്‍പവിദ്യയുടെ മണ്ണും മനസ്സും

ഭാരതത്തെ തന്റെ ശില്‍പവിദ്യയുടെ മണ്ണും മനസ്സുമായി കാണുന്ന ആനന്ദ് ആ മനസ്സിനു നല്‍കിയിരിക്കുന്ന മാനം അദ്ദേഹത്തിന്റെ കൃതികളിലെ ഓരോ കഥാപാത്രവും വെളിപ്പെടുത്തുന്നു. 'ആള്‍ക്കൂട്ട'ത്തിലെ ലളിതയും രാധയും സുന്ദറും ജോസഫും ഗോപാലും സുനിലും പ്രേമും എന്തിന് ടാൿസി ഡ്രൈവറായ ബിച്ചിത്തര്‍സിങും കുതിരവണ്ടിക്കാരനായ അഹമ്മദും 'മരണ സര്‍ട്ടിഫിക്കറ്റി'ലെ തങ്ങള്‍ ചെയ്യുന്ന പ്രവൃത്തിയുടെ പേരില്‍ അറിയപ്പെടുന്ന കഥാപാത്രങ്ങളും അവരുടെ ഭാര്യമാരും 'അഭയാര്‍ഥികള്‍' എന്ന നോവലിലെ ഹരിദാസും സുമനും ഗൌതമനും മഹേശും 'മരുഭൂമികള്‍ ഉണ്ടാകുന്നതി'ലെ കുന്ദനും സുലൈമാനും യോഗേശ്വറും അമലയും റൂത്തും എല്ലാം ഈ വെളിപ്പെടുത്തലിന്റെ മഹാമുഹൂര്‍ത്തങ്ങളെ പ്രതിനിധാനം ചെയ്യുന്നവരാണ്. ഇവര്‍ക്കെല്ലാം തന്നെ പ്രാദേശിക വ്യക്തിത്വങ്ങള്‍ ഉണ്ടെന്നുള്ള സൂചനകള്‍ അവിടവിടെയായി നോവലിസ്‌റ്റ് നല്‍കുന്നുണ്ടെങ്കിലും ചിന്തയുടെയും വികാരങ്ങളുടെയും വിഭ്രാമകങ്ങളായ പരിവേഷതലത്തില്‍ അവരെ പ്രതിഷ്‌ഠിച്ച് ഈ പ്രാദേശിക സൂചനകള്‍ക്ക് ഒരു അതാര്യത നല്‍കിയിരിക്കുന്നു. ഇതിലൂടെ നോവലിസ്‌റ്റു വ്യക്തമാക്കാന്‍ ശ്രമിക്കുന്നത് പ്രാദേശികത്വത്തിനുപരി പല കാലഘട്ടങ്ങളിലാരോപിക്കലാണെന്നു തോന്നുന്നു. ഇതിലൂടെ ആനന്ദ് ഒരു ചരിത്രകാരന്റെ മേലങ്കിയണിഞ്ഞ കഥാകാരന്‍ എന്ന സ്ഥാനം കൂടി നേടിയെടുക്കുന്നു. പക്ഷേ അദ്ദേഹം തന്റെ കൃതികളിലൂടെ അവതരിപ്പിക്കുന്ന ചരിത്രം ഒരു രാജ്യത്തിന്റെയോ ജനതയുടെയോ ചരിത്രമല്ല. കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന അവസ്ഥാന്തരങ്ങളുടെയും മാനസികവ്യാപാരങ്ങളുടെയും, അവ രാജ്യത്തിന്റെ പ്രകൃതിയെ രൂപപ്പെടുത്തുന്നതിന്റെയും ചരിത്രമാണ്.

പ്രയത്നത്തിന്റെ പ്രോല്‍ഘോഷണം

കമ്യൂണിസത്തിന്റെ കടുത്ത ശത്രുവായി പലപ്പോഴും തന്റെ കഥാപാത്രങ്ങളിലൂടെ പ്രത്യക്ഷപ്പെടുന്ന ആനന്ദ്, പ്രയത്നത്തിന്റെ പ്രോല്‍ഘോഷണമാണ് 'അഭയാര്‍ഥികള്‍' എന്ന നോവലിലൂടെ നടത്തിയിരിക്കുന്നത്. ചരിത്രപരമായ ജീവിതവീക്ഷണമുള്ള ഒരാള്‍ക്ക് കമ്യൂണിസത്തെ ഒഴിവാക്കിക്കൊണ്ട് ഈ കാലഘട്ടത്തില്‍ പ്രയത്നത്തെ ജീവിതത്തിന്റെ സര്‍വോല്‍ക്കൃഷ്‌ട ഘടകമായി കാണാന്‍ പറ്റുമോ? തന്റെ ശുദ്ധഹ്യൂമനിസ്‌റ്റു കാഴ്‌ചപ്പാടുകള്‍ ഗാന്ധിയിലൂടെയും മാവോയിലൂടെയും ചെഗുവേരയിലൂടെയും അങ്ങനെ വളരെയധികം പരിവര്‍ത്തന നായകന്മാരിലൂടെയും കടന്ന് കണ്ടെത്തുന്നത് പ്രയത്നത്തില്‍ മനുഷ്യജീവിതത്തിലുള്ള സര്‍വോല്‍കൃഷ്‌ട സ്ഥാനമാണ്.

"മാർക്‌‌സിസം അതിവേഗം പരിണാമത്തില്‍ നിന്ന് അകലുകയും സംഘട്ടനത്തില്‍ അഭയം പ്രാപിക്കുകയും ചെയ്‌തു. ഇത്തരത്തിലുള്ള വിപ്ളവപ്രസ്ഥാനത്തിന് രണ്ടു വശങ്ങളുണ്ട്. ഒന്ന് അല്‍ഭുതത്തെ അപ്പാടെ നിഷേധിക്കുന്നു. രണ്ട് അത് ഭാവിയുടെ മുഴുവന്‍ കുത്തക ഏറ്റെടുക്കുന്നു'' (അഭയാര്‍ഥികള്‍ - പേജ് : 374). സിനിസിസം ഹ്യൂമനിസത്തിന്റെ ഏറ്റവും സാന്ദ്രീകൃത ഭാവമാണ്. മാർക്‌‌സിസത്തോടുള്ള സമീപനത്തിലും മാർക്‌‌സിസത്തെ വിലയിരുത്തുന്നതിലും ആനന്ദിലൂടെ പ്രത്യക്ഷപ്പെടുന്നത് ഒരു സിനിക്കാണെന്ന് ഗൌതമന്റെ നോട്ടുപുസ്‌തകത്തിലെ കുറിപ്പായി അവതരിപ്പിച്ചിരിക്കുന്നതു കൂടാതെ അഭയാര്‍ഥികളിലെ ഒട്ടുമിക്ക മാർക്‌‌സിറ്റ് പരാമര്‍ശങ്ങളും തെളിയിക്കുന്നു.

മാർക്‌‌സിസത്തിന്റെ നേരെ ഹ്യൂമനിസം സൃഷ്‌ടിക്കുന്ന, അല്ലെങ്കില്‍ അതിന്റെ ഏറ്റവും വലിയ സാന്ദ്രീകൃത ഭാവം സൃഷ്‌ടിക്കുന്ന അതാര്യത സ്വാഭാവികമാണെന്നു പറയുമ്പോള്‍ അവഗണിക്കാനാവാത്ത മറ്റൊരു കാര്യമുണ്ട്. മാർക്‌‌സിസത്തിന്റെ നിരാകരണത്തിലൂടെ കരുതിക്കൂട്ടിയുള്ള ഒരു സ്വതന്ത്ര വീക്ഷണത്തിലൂടെ തന്റെ കലാസൃഷ്‌ടികള്‍ക്കു കരുക്കള്‍ തേടിപ്പോകുന്ന ഒരു വ്യക്തിചിത്രമാണത്. ഈ കരുതിക്കൂട്ടിയുള്ള ഒരു സ്വതന്ത്ര വീക്ഷണം ഒടുവില്‍ പ്രയത്നത്തിന്റെ പ്രോല്‍ഘോഷണമായി ഭവിക്കുമ്പോള്‍ ആനന്ദിന്റെ ഒരുതരം നില്‍ക്കക്കള്ളിയില്ലായ്‌മ - മാർക്‌‌സിസത്തിന്റെ നിരാകാരത്തിലൂടെ താന്‍ നേടിയെടുക്കാന്‍ ശ്രമിക്കുന്നതിലൂടെയുള്ള - 'അഭയാര്‍ഥിക'ളുള്‍പ്പെടെയുള്ള നോവലുകളിലും പ്രകൃതിയുടെയും സമൂഹത്തിന്റെ പഠനമായ 'ജൈവമനുഷ്യന്‍' എന്ന കൃതിയിലും നമുക്കു കാണാനാകുന്നു; ഏതു മാർക്‌‌സിസ്‌റ്റിനും ആനന്ദിനെ മാപ്പാക്കി അദ്ദേഹത്തിന്റെ കലയിലേക്കു കടക്കാവുന്ന ഒരു വിട്ടുവീഴ്‌ചയുടെ കവാടമായാണ് ഈ നില്‍ക്കക്കള്ളിയില്ലായ്‌മയുടെ അവസ്ഥയെ ഞാന്‍ കാണുന്നത്. ഹ്യൂമനിസം സിനിസിസമായി മാറുമ്പോള്‍ തന്റെ സ്വതന്ത്ര വീക്ഷണം നഷ്‌ടപ്പെടുത്തുന്ന ചില നിയതതത്വങ്ങളുടെ നേരെ അമര്‍ഷം പ്രകടിപ്പിക്കേണ്ടിവരുന്ന സ്വാര്‍ഥമായ ഒരു അവസ്ഥയെ നിര്‍ധാരണത്തിലൂടെയാണെങ്കിലും വെളിപ്പെടുന്ന മൂല്യവത്തായ രചനയുടെ പേരില്‍ നമുക്ക് ക്ഷമിക്കാവുന്നതേയുള്ളൂ. 'ജൈവമനുഷ്യ'നില്‍ സമഗ്ര ശാസ്‌ത്രബോധം നഷ്‌ടപ്പെട്ട ഒരു കാലഘട്ടത്തെയോര്‍ത്തു തപിക്കുന്ന ആനന്ദ് ഇന്നത്തെ ശാസ്‌ത്രജ്ഞന്മാരെപ്പറ്റി പറയുന്നതു ശ്രദ്ധിക്കുക: 'വിശാലമായ മനസ്സുകളുടെ ഉടമകളല്ല. സ്ഥാപിത താല്‍പര്യങ്ങളുള്ള സങ്കുചിത മനസ്സുകളുടെ കൂലിപ്പണിക്കാരാണവര്‍' (ജൈവ മനുഷ്യന്‍ പേജ് : 283).

പലപ്പോഴും നമ്മുടെ എഴുത്തുകാര്‍ മേല്‍ കൊടുത്തിരിക്കുന്ന ഉദ്ധരണിയിലൂടെ കഥാപാത്രങ്ങളാകാറുണ്ട്. ആ കഥാപാത്രങ്ങളില്‍നിന്നു മൂല്യവത്തായ രചനകളുണ്ടാകുന്നതും നാം കണ്ടുവരുന്ന സ്വാഭാവിക സത്യമാണ്. അപ്പോള്‍ സങ്കുചിതത്വത്തെയും സ്ഥാപിത താല്‍പര്യങ്ങളെയും ആസ്വാദകന് മറക്കേണ്ടിയും വരും. അവിടെയാണ് നല്ല ആസ്വാദകന്റെ പിറവിയും ആസ്വാദകനിലൂടെയുള്ള കലാകാരന്റെ നിലനില്‍പും. ഇവിടെ എല്ലാ വിട്ടുവീഴ്‌ചകളുടെയും ആസ്വാദകമനസ്സില്‍ നിലനില്‍ക്കാന്‍ കരുത്തുള്ള ഒരു വ്യക്തിത്വമായി രചയിതാവ് മാറും. തന്റെ രചനകളില്‍നിന്ന് അന്യമായ ഒരു വ്യക്തിത്വം അയാള്‍ക്കില്ലാത്തതുകൊണ്ട് നമ്മുടെ സമൂഹം അതിന്റെ ആത്മഘടകമാക്കി സര്‍വാത്മനാ ആ വ്യക്തിത്വമുള്‍ക്കൊള്ളാന്‍ സന്നദ്ധമാകുന്നു. ആനന്ദിന്റെ പ്രസക്തിയുടെ അവഗണിക്കാനാവാത്ത ഒരു മുഖമാണിത്; ആനന്ദിലൂടെ മലയാളസാഹിത്യമാര്‍ജിക്കുന്ന പുതിയ ശക്തിയുടെയും.

തന്റെ കുടുംബം പുലര്‍ത്താനുള്ള വകയുടെ വാഗ്ദാനത്തിന്മേല്‍ പശുപതിസിങ് എന്ന പണക്കാരനായ കൊലയാളിക്കുപകരം കൊലക്കയറേറ്റു വാങ്ങേണ്ടിവരുന്ന, 'മരുഭൂമികള്‍ ഉണ്ടാകുന്നത് ' എന്ന നോവലിലെ കഥാപാത്രത്തെപ്പോലെ ഒറ്റപ്പെട്ടതെന്ന തോന്നലുണ്ടാക്കുന്ന സംഭവങ്ങളിലൂടെ അവതരിക്കുന്നവരാണ് ആനന്ദിന്റെ ഒട്ടുമിക്ക കഥാപാത്രങ്ങളും. സ്‌റ്റേറ്റ്, അധികാരം, സമൂഹം, യുദ്ധം, അടിമത്തം ഇങ്ങനെ പലതിലും ഉല്‍ഭവം തേടുന്ന സങ്കീര്‍ണമായ ആധുനിക ജീവിതത്തിന്റെ ഒഴുക്കു സൃഷ്‌ടിക്കുന്ന ചുഴികളില്‍പ്പെട്ടുഴലുന്ന ഈ കഥാപാത്രങ്ങളെല്ലാം തന്നെ അമ്പരപ്പിക്കുന്ന അപരിചിതത്വം അനുവാചകനിലുളവാക്കുന്നു. ഒറ്റപ്പെട്ട സംഭവങ്ങളെ അന്തര്‍ധാരയാക്കിക്കൊണ്ടുള്ള രചനകള്‍ മഹത്തായ സൃഷ്‌ടികളാവുകയില്ല എന്ന പഴയകാല സാഹിത്യസിദ്ധാന്തങ്ങള്‍ വിലപ്പോകാത്ത സ്‌ഫോടനടനാത്മകമായ ഒരു കാലഘട്ടമാണിത്. ഇവിടെ ഒറ്റപ്പെട്ട സംഭവങ്ങള്‍ എന്നൊന്നില്ല. ഓരോ സംഭവവും സാഹചര്യങ്ങള്‍ ഉണ്ടാക്കുന്ന ന്യൂനമര്‍ദങ്ങടെ സൃഷ്‌ടിയായ കൊടുങ്കാറ്റാകുന്നു. ഈ കൊടുങ്കാറ്റിന്റെ വിക്ഷുബ്‌ധതയെ അവതരിപ്പിക്കുമ്പോള്‍ അതിനെ മെലോഡ്രാമയായി തെറ്റിദ്ധരിച്ചിട്ടും കാര്യമില്ല. ജീവിതത്തിന്റെ സങ്കീര്‍ണമായ ഒരു ഭാവമേഖലയില്‍ നിന്നുകൊണ്ട് സൃഷ്‌ടിയുടെ ഉദാത്തമുഹൂര്‍ത്തങ്ങള്‍ തേടുന്ന ആനന്ദിനെപ്പോലൊരനന്യതയെ അളക്കാന്‍ പുതിയ മാനദണ്ഡങ്ങള്‍ ആവശ്യമാണ്.


*****

പഴവിള രമേശന്‍, കടപ്പാട്: ഗ്രന്ഥാലോകം, ആഗസ്‌റ്റ് 2010

അധിക വായനയ്‌ക്ക് :


No comments: