Tuesday, September 28, 2010

കശ്‌മീരില്‍ ഇനിയെന്ത്?

ഞാന്‍ ഈ കുറിപ്പ് എഴുതുമ്പോള്‍ കശ്‌മീരില്‍ സൗഹൃദ സന്ദര്‍ശനം നടത്തുന്ന ഇന്ത്യയുടെ ഔദ്യോഗിക സര്‍വ്വകക്ഷി സംഘം തിരിച്ചെത്തിയിട്ടില്ല. തിരിച്ചെത്തുകയേ വേണ്ടൂ! അത് ഓര്‍ത്തു തന്നെയാണ് 'ഇനിയെന്ത് ' എന്ന ചോദ്യത്തെ നിങ്ങളുടെ മുന്നില്‍ വെയ്‌ക്കുന്നത്. കശ്‌മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ സൗഹൃദ പ്രകടനങ്ങള്‍ക്ക് കഴിയില്ലെന്ന് ഇതിനകം എത്രയോ തവണ നാം കണ്ടറിഞ്ഞതാണ്. സംഘത്തിന് എല്ലാവരും ശുഭയാത്ര നേര്‍ന്നത് ടിക്കറ്റെടുത്തവര്‍ക്കൊക്കെ റയില്‍വേ അധികൃതര്‍ 'ശുഭയാത്ര' നേരുന്നതുപോലെ കണക്കാക്കിയാല്‍ മതി.

കശ്‌മീരം എന്നുവെച്ചാല്‍ കുങ്കുമം. ഇന്ത്യയുടെ നെറ്റിത്തടത്തിലെ കുങ്കുമപൊട്ടുപോലെ തന്നെയാണ് വടക്ക് ഏറ്റവും ഉയരത്തില്‍ കശ്‌മീര രാജ്യം തലപൊക്കി നില്‍ക്കുന്നത്. പന്ത്രണ്ടു നൂറ്റാണ്ടു മുമ്പ് ശ്രീനഗറിനടുത്തുള്ള ശാരദാംബികാ ക്ഷേത്രത്തില്‍ ഒറ്റയ്‌ക്കു നടന്നുകയറിച്ചെന്ന് അവിടത്തെ അധൃഷ്യമായ സര്‍വജ്ഞ പീഠം വലിച്ചുവെച്ച് എതിരാളികളെയെല്ലാം വാദത്തില്‍ ശങ്കാതീതമായി തോല്‍പിച്ച് കയറിയിരുന്നു ആചാര്യ ശങ്കരന്‍. അതിനുശേഷം ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ കശ്‌മീരില്‍ സര്‍വ്വാധികാരത്തിന്റെ പീഠം ശങ്കരനെപ്പോലെ വലിച്ചുവെച്ച് കയറിയിരിക്കാന്‍ ഇന്ത്യയ്‌ക്ക് പൂര്‍ണമായി കഴിഞ്ഞില്ല.

ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രത്തിന്റെ കീഴിലാണ്. എന്നാല്‍ ജമ്മു ചേര്‍ന്ന, കശ്‌മീര്‍, സംസ്ഥാനങ്ങള്‍ക്കിടയില്‍ പ്രത്യേകമായ പദവിയുള്ള വ്യത്യസ്‌തമായ സംസ്ഥാനമാണ്. ഇന്ത്യയോട് ചേര്‍ന്നോ ചേര്‍ന്നില്ലയോ എന്ന ചോദ്യങ്ങള്‍ക്ക് ഉറപ്പിച്ച് ഉത്തരം പറയാന്‍ ആര്‍ക്കും കഴിയില്ലെന്നായി. കശ്‌മീരിനു വേണ്ടി അകത്ത് സായുധരായ പാക് അക്രമികളുടെ എതിര്‍പ്പ് നേരിടേണ്ടിവന്ന ഇന്ത്യ വെളിയില്‍ ഐക്യരാഷ്‌ട്രസഭയില്‍ വാക്‌സമരവും നടത്തി. പത്തറുപതു കൊല്ലമായി ഈ രക്തരൂക്ഷിതമായ അനിശ്ചിതത്വം തുടരുന്നു. ഒടുവിലത്തെ നാടകരംഗമാണ് സൗഹൃദ സന്ദര്‍ശനം.

'ഇനിയെന്ത് ' എന്ന ചോദ്യം കശ്‌മീര്‍ വിഷയത്തിലെ ഒരേയൊരു പല്ലവിയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും ചേര്‍ന്ന് ഭൂരിപക്ഷം നേടി. ഹിതപരിശോധന തന്നെയായിരുന്നൂ അത്. പക്ഷേ ഈ അവസരം കൊടുത്ത ബലം ഉപയോഗിച്ച് ഗവണ്‍മെന്റ് ശക്തമായ നടപടികള്‍ കൈക്കൊണ്ടില്ല. മുഖ്യമന്ത്രി ഷെയ്‌ഖ് അബ്‌ദുള്ളയുടെ പേരമകന്‍ ഒമര്‍ അബ്‌ദുള്ള. വലിയവരുടെ പുത്രപൗത്ര പാരമ്പര്യം തേടുന്ന രാഷ്‌ട്രീയ ബുദ്ധിശൂന്യതയുടെ ദുര്‍ഗതിയാണ് നാം ഈ കൊച്ചു മുഖ്യമന്ത്രിയിലൂടെ കണ്ടുകൊണ്ടിരിക്കുന്നത്.

കശ്‌മീര്‍ക്കുഴപ്പം ഇന്ത്യയുടെ ആദിപാപംപോലെ വിടാതെ പിന്തുടരുകയാണ്. ഇപ്പോഴത്തെ കലങ്ങിയ ചുറ്റുപാടില്‍ സംസ്ഥാനത്ത് രാഷ്‌ട്രീയമായ മാറ്റം ഒട്ടും ആശാസ്യമല്ല. ഉള്ളതുകൊണ്ട് നന്നായി പ്രവര്‍ത്തിക്കുവാനുള്ള ഭാവിയെക്കുറിച്ചുള്ള ബോധവും ഉപരിപ്ലവമായ ധാരണകളെ ഒഴിവാക്കുവാനുള്ള നയതന്ത്രവും ഇന്ത്യ പ്രകടിപ്പിക്കണം. നമ്മെ സോപ്പിട്ടുകൊണ്ട് അത്യുന്നത തലത്തിലുള്ള രാഷ്‌ട്രീയ പടുക്കള്‍, ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ ശക്തിയാണ് എന്നും മറ്റും വായകൊണ്ട് നുരപ്പിച്ചുണ്ടാക്കുന്നത് കേട്ടു സുഖിക്കുന്നവരാണ് മന്‍മോഹന്‍സിംഗ് തൊട്ടുള്ള നമ്മുടെ കേന്ദ്രമന്ത്രിമാരെല്ലാം. മന്‍മോഹന്‍സിംഗാണ് ലോകത്തിലെ മികച്ച രാഷ്‌ട്രതന്ത്രജ്ഞന്‍ എന്നതാണ് ഏറ്റവും പുതിയ സോപ്പ്. നെഹ്‌റുവിന്റെയും പട്ടേലിന്റെയും ആത്മവിശ്വാസവും രാജ്യാഭിമാനവും രാഷ്‌ട്രീയ ലക്ഷ്യബോധവും ഇവര്‍, കാണിക്കേണ്ടതാണ്; പക്ഷേ കാണിക്കുന്നില്ല. ഇനി ഒബാമ താന്‍തന്നെ വരുമ്പോള്‍, ഇന്ത്യയെപ്പറ്റി പറയേണ്ട സുന്ദരവചനങ്ങള്‍ ബാക്കിയുള്ളതും നമുക്ക് കേട്ടാനന്ദിക്കാം.

മധുര വാക്കുകളുടെ വലയില്‍ ഇന്ത്യയെ കെട്ടിയിട്ടിരിക്കുമ്പോള്‍ തന്നെ, പാകിസ്ഥാനുമായി ഇപ്പോള്‍ അമേരിക്ക എത്രമാത്രം അടുത്തിട്ടുണ്ടെന്ന് നമ്മുടെ വിധിപാലകരായ മന്ത്രിമാര്‍ കാണുന്നുണ്ടോ ആവോ? ഭീകരസംഘങ്ങളെ പാകിസ്ഥാന്‍ വളര്‍ത്തുന്നു എന്നൊക്കെ ചുണ്ടിന്റെ ഒരറ്റം കോട്ടി കേള്‍ക്കാതെ അവര്‍ പറഞ്ഞിരുന്നെങ്കിലും അഫ്‌ഗാന്‍ നടപടിക്കുശേഷം പാകിസ്ഥാനുമായി രമ്യതയില്‍ പോകുന്നതാണ് നല്ലതെന്ന് തിരിച്ചറിയാന്‍ കഴിയാത്തവരല്ല അമേരിക്കന്‍ നേതാക്കള്‍. കശ്‌മീര്‍ പ്രശ്‌നം പുകച്ചുനിര്‍ത്തുക എന്നത് ഈ ഘട്ടത്തിലെ താല്‍ക്കാലിക തന്ത്രമായിരിക്കും അമേരിക്കയ്‌ക്ക്.

അതിനാല്‍ നമ്മുടെ നേതാക്കളുടെ സൗഹൃദ സന്ദര്‍ശനം ഒരു 'എസ്‌കര്‍ഷന്‍ യാത്ര' ആയി ശുഭാന്തമായി പര്യവസാനിച്ചാലും കശ്‌മീരിന്റെ ചോരകുങ്കുമ നിറം കുറയാന്‍ സാധ്യതയില്ല. സേവകന് അമര്‍ത്തിമൂളാനല്ലാതെ കടുപ്പിച്ചും ഉറപ്പിച്ചും പറയാനാവില്ല.

ഇതാണ് ഇന്ത്യ അമേരിക്കയോട് നയതന്ത്രം പ്രയോഗിക്കുമ്പോള്‍ ഫലം കാണാതെ പോവുന്നത്. തല്‍ക്കാലം ഇന്ത്യ അവിടെ ചെയ്യാനുള്ളത്, അക്രമവും ഭീകരതയും തീര്‍ത്തും തടഞ്ഞുനിര്‍ത്തി കശ്‌മീരിലെ സാധാരണ ജനങ്ങള്‍ക്ക് സൈ്വര ജീവിതം ഉറപ്പാക്കുക എന്നതാണ്. അതിന് ഒമര്‍ അബ്‌ദുള്ളയുടെ ഭരണകൂടത്തിന് പിന്തുണയും ബലവും കൊടുക്കാന്‍ ഇന്ത്യയ്‌ക്ക് സാധിക്കണം. അമേരിക്കയുടെ പാകിസ്ഥാന്‍ പ്രീണനമെന്ന ഇപ്പോഴത്തെ ചാഞ്ഞിരിപ്പില്‍ മാറ്റം വരുത്താന്‍ ഇന്ത്യ ബുദ്ധിയോടെ കരുക്കള്‍ നീക്കേണ്ടതുണ്ട്. കാരാട്ട് പറഞ്ഞതുപോലെ അല്‍പംകൂടി ബലം പിടിക്കേണ്ട സമയമാണിത്.

അങ്ങനെ ഇരു രാജ്യങ്ങളും അപ്പുറവും ഇപ്പുറവും ഇരുന്ന് ചര്‍ച്ച ചെയ്യുമ്പോള്‍ കടന്നുവരുന്നത് മറ്റൊന്നാവില്ല, ഇപ്പോള്‍ പാര്‍ലമെന്റ് പാസ്സാക്കിയ ആണവ ബാധ്യതാ നിയമം ആയിരിക്കും. അമേരിക്കയ്‌ക്ക് (എന്നുവെച്ചാല്‍ അവിടത്തെ അതിപ്രബലമായ ആണവ റിയാക്‌ടര്‍ നിര്‍മ്മാതാക്കളായ കോര്‍പ്പറേറ്റ് വാണിജ്യാധിപതികള്‍ക്ക്) ഇഷ്‌ടമില്ലാത്ത കുറച്ച് വകുപ്പുകള്‍ പാസ്സായ നിയമത്തില്‍ കടന്നുകൂടിയിട്ടുള്ളത് അവര്‍ക്ക് തൃപ്‌തിയുണ്ടാക്കിയിട്ടില്ല. അവര്‍ക്ക് പ്രിയമുള്ള നിയമം പാര്‍ലമെന്റില്‍ നിന്ന് പുറത്തുവരുന്നതുവരെ അവരുടെ തന്ത്ര പ്രയോഗങ്ങള്‍ ഇന്ത്യയെ വളഞ്ഞിട്ടു പിടികൂടാതിരിക്കില്ല.

അമേരിക്കയുമായി ഇടപാട് നടത്തുമ്പോള്‍ അവര്‍ പുറത്തുപറയുന്നതിനപ്പുറത്ത് പറയാത്ത ചില സത്യങ്ങള്‍ ഇന്ത്യ കാണാന്‍ ശ്രമിച്ചേപറ്റൂ. ആണവ റിയാക്‌ടര്‍ കരാറുണ്ടാക്കുമ്പോള്‍ നാം കരുതുന്നത് അത് റിയാക്‌ടറില്‍ ഒതുങ്ങുമെന്നാണല്ലോ. അങ്ങനെ ഒതുങ്ങില്ല. അമേരിക്കയുടെ ഗുണമാണ് ഏതു കരാറിന്റെയും അന്തിമലക്ഷ്യം. ശത്രുരാജ്യങ്ങളേക്കാള്‍ ഭയപ്പെടേണ്ടത് ഇഷ്‌ടം നടിക്കുന്ന രാജ്യങ്ങളെയാണ് എന്ന് നമ്മുടെ പഞ്ചതന്ത്രം പോലും പഠിപ്പിക്കുന്നു. പാകിസ്ഥാനല്ല, നമുക്ക് തടസ്സം, അമേരിക്കയാണെന്ന് നമ്മുടെ നേതാക്കള്‍ വേര്‍തിരിച്ചറിയുന്ന കാലത്തു മാത്രമേ ഇന്ത്യയുടെ തലവേദനകള്‍ തീരുകയുള്ളൂ.

പാകിസ്ഥാന്റെ ഭീകരതയെ ഫലപ്രദമായി നിരോധിച്ചു കഴിഞ്ഞാല്‍, കശ്‌മീര്‍ ജനതയെ ഇന്ത്യയുമായി അടുപ്പിക്കാന്‍ പല പരിപാടികളും കൊണ്ടുവരാവുന്നതേയുള്ളൂ. കുറച്ചുകൂടി കാരിരുമ്പ് ഉള്ളിലുള്ള നയം വേണ്ടിവരും, പാകിസ്ഥാന്റെ അവിഹിതമായ നുഴഞ്ഞുകയറ്റത്തെ അവസാനിപ്പിക്കുവാന്‍. ഇപ്പോഴത്തെ 'ഗേഹേശുര'രായ നേതാക്കളുടെ 'പച്ചവെള്ളം കടിച്ചുപൊട്ടിക്കുന്ന' വീര്യം പോര ഈ പ്രതിരോധം ഫലപ്രദമാകാന്‍. എത്രയോ കാലമായി പാകിസ്ഥാന്റെ വളവും ചതിയും എല്ലാം കണ്ടറിഞ്ഞ നയതന്ത്രവിശാരദന്‍മാരും മിലിട്ടറിയുടെ ഇടപെടല്‍ കൂടാതെ വേറേ രീതിയില്‍ പാകിസ്ഥാന്റെ നുഴഞ്ഞുകയറ്റം തടയാനുളള തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുവാന്‍ കഴിവുളളവരും വിദഗ്ദമായ ഉപരോധം നടത്തുവാന്‍ കഴിവുള്ള സൈനിക നിരയും എല്ലാം വിരല്‍ഞൊടിച്ചാല്‍ ചുറ്റും കൂടുന്ന സംവിധാനമുള്ള ഒരു ഭരണകൂടം ഒരു പഞ്ചായത്തു സഭപോലെ പ്രവര്‍ത്തിക്കുന്നത് എന്തുകൊണ്ട് എന്ന് മനസ്സിലാകുന്നില്ല.

നെഹ്‌റുവിനെയും പട്ടേലിനെയും താഴ്ത്തിക്കാണാന്‍ തുനിയുന്ന ഇന്നത്തെ മന്ത്രിപുംഗവന്‍മാര്‍ ഗാന്ധിജി ജീവിച്ചിരിക്കെ, ഗോഖലെ നമ്മെ പിടിച്ചടക്കിയതെങ്ങനെയെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും. ജുനാഗഢ്, ഹൈദരാബാദ്, തിരുവിതാംകൂര്‍ തുടങ്ങി ഇന്ത്യയോട് ചേരാന്‍ മടിയുണ്ടായിരുന്ന നാട്ടുരാജാക്കന്‍മാരെയെല്ലാം സിംഹാസനത്തില്‍ ഇരുത്തിക്കൊണ്ട് നിര്‍വീര്യമാക്കിയ കലയും പഠനാര്‍ഹമാണ്.

ജനങ്ങള്‍ തമ്മില്‍ ഉള്ളുതുറന്ന് ഇടപെടാന്‍ അവസരങ്ങള്‍ ധാരാളം സൃഷ്‌ടിക്കണം. കശ്‌മീര്‍ വാസികള്‍ക്ക് തങ്ങള്‍ ഒരു തുരുത്തിലാണ് ജീവിക്കുന്നതെന്ന അന്യതാ ബോധം ഉണ്ടാകുവാന്‍ അവസരം കൊടുക്കരുത്. കശ്‌മീരിലും ബാക്കി ഇന്ത്യയിലും ഉള്ള ജനവിഭാഗങ്ങള്‍ തമ്മില്‍ സാമീപ്യവും സഹകരണവും വളര്‍ന്നുവരുമ്പോള്‍ കശ്‌മീരില്‍ വികാരം വളര്‍ന്നുവരാനുളള സാധ്യതകള്‍ ചുരുങ്ങും.

എഴുത്തുകാര്‍, കലാകാരന്‍മാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, വിദ്യാഭ്യാസ നേതാക്കള്‍, വിദ്യാര്‍ഥികള്‍, സ്‌ത്രീകള്‍, തൊഴിലാളികള്‍ എന്നീ വിഭാഗങ്ങളില്‍പെടുന്നവര്‍ അങ്ങോട്ടുമിങ്ങോട്ടും ഗതാഗതം ആരംഭിക്കുമ്പോള്‍ വലിയ ഫലങ്ങള്‍ സിദ്ധിക്കാതിരിക്കില്ല. ഇപ്പോള്‍ കശ്‌മീരും ഒരു വ്രണമാണ്. അത് ഉണക്കാന്‍ ജനങ്ങളുടെ അന്യോന്യ സൗഹൃദത്തിന് എളുപ്പത്തില്‍ സാധിക്കും.

കശ്‌മീര്‍ നയത്തില്‍ പുതുരക്തം 'ഡയാലിസിസ്' നടത്തി പ്രവേശിപ്പിക്കേണ്ട ഘട്ടമാണിത്. ഇപ്പോള്‍ നടന്ന നേതൃസന്ദര്‍ശനം ഈ വഴിക്കുള്ള ചെറിയൊരു തുടക്കമാണെന്ന് വിലയിരുത്താം. പക്ഷേ ഇനിയും രാഷ്‌ട്രീയ സന്ന്യാസത്തിലേയ്‌ക്കു തിരിച്ചുപോകാനുള്ള ഒരു വേലയായിരുന്നു അതെന്ന് ജനങ്ങളെക്കൊണ്ട് പറയിക്കരുത്.


*****

സുകുമാര്‍ അഴീക്കോട്, കടപ്പാട് : ജനയുഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

'ഇനിയെന്ത് ' എന്ന ചോദ്യം കശ്‌മീര്‍ വിഷയത്തിലെ ഒരേയൊരു പല്ലവിയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും ചേര്‍ന്ന് ഭൂരിപക്ഷം നേടി. ഹിതപരിശോധന തന്നെയായിരുന്നൂ അത്. പക്ഷേ ഈ അവസരം കൊടുത്ത ബലം ഉപയോഗിച്ച് ഗവണ്‍മെന്റ് ശക്തമായ നടപടികള്‍ കൈക്കൊണ്ടില്ല. മുഖ്യമന്ത്രി ഷെയ്‌ഖ് അബ്‌ദുള്ളയുടെ പേരമകന്‍ ഒമര്‍ അബ്‌ദുള്ള. വലിയവരുടെ പുത്രപൗത്ര പാരമ്പര്യം തേടുന്ന രാഷ്‌ട്രീയ ബുദ്ധിശൂന്യതയുടെ ദുര്‍ഗതിയാണ് നാം ഈ കൊച്ചു മുഖ്യമന്ത്രിയിലൂടെ കണ്ടുകൊണ്ടിരിക്കുന്നത്.