Thursday, September 16, 2010

ബംഗാളിലെ അവിശുദ്ധ മഴവില്‍ സഖ്യം

ബംഗാളിലെ ലാല്‍ഗഡില്‍ മാവോയിസ്‌റ്റുകള്‍ വെട്ടിനുറുക്കിയിട്ടത് ആദിവാസികളായ നാലു സിപിഐ എം പ്രവര്‍ത്തകരെയാണ്. അഞ്ചുദിവസം അവരുടെ ശരീരഭാഗങ്ങള്‍ മറവുചെയ്യാന്‍പോലും അനുവദിക്കാതെ പരസ്യമായി പ്രദര്‍ശിപ്പിച്ചു. ആരുടെയും ബന്ധുക്കളെ അങ്ങോട്ട് അടുപ്പിച്ചില്ല. ചീഞ്ഞളിയുന്നതുവരെ പരസ്യമായി കൂട്ടിയിട്ട ശരീരഭാഗങ്ങള്‍ക്ക് ചുറ്റം കൂടിനിന്ന മാവോയിസ്‌റ്റുകള്‍ പാട്ടുപാടി നൃത്തം ചവിട്ടി. മേധാപട്കറും സ്വാമി അഗ്നിവേശും അടങ്ങുന്ന മനുഷ്യാവകാശങ്ങളുടെ സ്വയം പ്രഖ്യാപിത അപ്പോസ്‌തലന്‍മാരുടെ കാഴ്ചയില്‍ ഇതൊന്നുംപെടുന്നതേയില്ല.

ബംഗാളിലെ പ്രശസ്‌ത നാടോടി ഗായിക നീല്‍മണി ടുടുവിനെ തെരുവിലിട്ടാണ് മാവോയിസ്‌റ്റ്-മമത സഖ്യം വെട്ടി കൊന്നത്. ചോരവാര്‍ന്നൊഴുകി കിടക്കുന്ന അവരുടെ ചിത്രം ബംഗാളിലെ ചില പത്രങ്ങള്‍ പ്രസിദ്ധീകരിച്ചു. എന്നിട്ടും എന്തേ അരുന്ധതി റോയി നിശബ്‌ദയായി? കാട്ടിലൂടെ കൊടുംഭീതി നിറഞ്ഞ അന്തരീക്ഷത്തില്‍ സഞ്ചരിച്ച് മാവോയിസ്‌റ്റുകളെക്കുറിച്ച് തത്സമയ സംപ്രേഷണംപോലെ അവതരിപ്പിച്ച് കാല്‍പ്പനിക പത്രപ്രവര്‍ത്തനത്തിന്റെ പുതിയ വഴിവരെ തെളിച്ച അരുന്ധതിയുടെ കണ്ണില്‍ നാടോടി ഗായികയുടെ കൊലപാതകത്തിന് ഒരു പ്രാധാന്യവുമില്ല!

പടിഞ്ഞാറന്‍ മിഡ്‌നാപ്പുരില്‍ മാവോയിസ്‌റ്റുകള്‍ കൊന്നത് ഗൌതംമാല്‍ എന്ന പന്ത്രണ്ടാംക്ളാസുകാരനെയാണ്. ഗൌതം ചെയ്‌ത കുറ്റം സിപിഐ എം പ്രവര്‍ത്തകന്റെ മകനായി ജനിച്ചുവെന്നതായിരുന്നു. അവിടെത്തന്നെ കമല ഹേമബ്രധ എന്ന എണ്‍പത്തഞ്ചുകാരി വൃദ്ധയെ കൊന്നത് അവര്‍ സിപിഐ എം പ്രവര്‍ത്തകന്റെ അമ്മയായതിനാലാണ്. മറ്റൊരു പാര്‍ടി പ്രവര്‍ത്തകന്റെ അച്‌ഛനായതിനാല്‍ 75 കാരന്‍ ലന്വേശര്‍ മഹേതയെയും അവര്‍ കൊന്നു.

ലോക്‌സഭാതെരഞ്ഞെടുപ്പിനുശേഷം മാവോയിസ്‌റ്റ്- മമത സഖ്യം കൊന്നത് 270 പേരെയാണ്. 2001നുശേഷം തെരഞ്ഞെടുപ്പുവരെയുള്ള എട്ടുവര്‍ഷത്തിനുള്ളില്‍ ഇരുനൂറോളം പേരെ കൊന്നൊടുക്കി. ആദിവാസികളും പട്ടികജാതിക്കാരും ദരിദ്രരുമായവര്‍ കൊലചെയ്യപ്പെട്ടതിനെക്കുറിച്ച് മിക്കവാറും മാധ്യമങ്ങളും നിശബ്‌ദത പാലിച്ചു. ഇതാണ് ബംഗാള്‍ കേന്ദ്രീകരിച്ച് നടക്കുന്ന വലിയ രാഷ്‌ട്രീയഗൂഢാലോചനയുടെ പ്രത്യേകത. വലതും ഇടതുതീവ്രവാദവും സിപിഐ എമ്മിനും ഇടതുപക്ഷത്തിനുമെതിരെ അവിശുദ്ധകൂട്ടുകെട്ടുണ്ടാക്കിയിരിക്കുന്നു. മാവോയിസ്‌റ്റുകളും എസ്‌യുസിഐയും ഒരു വശത്തും മമതയും കോണ്‍ഗ്രസും മറുവശത്തുമായി അണിചേര്‍ന്നിരിക്കുന്ന ഈ മഴവില്‍ സഖ്യത്തിന് ആഗോളകുത്തകയും ഇന്ത്യന്‍ ഭരണവര്‍ഗവും പിന്തുണ നല്‍കുന്നു. പഴയകാല പ്രതാപത്തിന്റെ നിഴലില്‍ ഇപ്പോഴും അഭിരമിക്കുന്ന ഗ്രാമീണവരേണ്യവര്‍ഗവും കോര്‍പറേറ്റ് കുത്തകയും ഇതിന് ചൂട്ടുപിടിക്കുന്നു.

എങ്ങനെയാണ് 33 വര്‍ഷം ഇടതുപക്ഷം ഭരിച്ച ഒരു സംസ്ഥാനത്ത് ഇങ്ങനെ പാര്‍ടി പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെടുന്നതെന്ന ചോദ്യം കേവലമായി പലയിടങ്ങളിലും ഉയരുന്നുണ്ട്. ബംഗാളിന്റെ അതിര്‍ത്തിഗ്രാമങ്ങളിലാണ് മാവോയിസ്‌റ്റുകള്‍ മിക്കവാറും കേന്ദ്രീകരിച്ചിരിക്കുന്നത്. ജാര്‍ഖണ്ഡ് പോലുള്ള സംസ്ഥാനങ്ങളുടെ അതിര്‍ത്തിഗ്രാമങ്ങളില്‍ ഭരണസംവിധാനംപോലും നിലനില്‍ക്കുന്നില്ല. ഇവിടെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നവര്‍ വനമേഖലകള്‍ കൈയടക്കി പ്രവര്‍ത്തിക്കുകയാണ്. ഇവര്‍ ആദിവാസിസ്‌ത്രീകളെയും കുട്ടികളെയും പ്രതിരോധപരിചയായി ആക്രമണം നടത്തുകയാണ്.
കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ മാത്രമേ വിജയകരമായ നേരിടല്‍ സാധ്യമാവുകയുള്ളു. അത് തിരിച്ചറിഞ്ഞു തന്നെയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തരഭീഷണിയെന്ന് മാവോയിസ്‌റ്റുകളെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. രാജ്യത്തിന്റെ ഭരണസംവിധാനത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ശക്തികളാണ് മാവോയിസ്‌റ്റുകള്‍ എന്ന കാര്യം ആരും മറക്കരുതെന്ന് ആഭ്യന്തരമന്ത്രിയും ഓര്‍മിപ്പിച്ചു. എന്നാല്‍, അതേ മന്ത്രിസഭയിലെ അംഗമായ മമത ബാനര്‍ജി പരസ്യമായി ഇവരെ പിന്തുണയ്‌ക്കുന്നു. അടുത്തിടെ പ്രണബ് മുഖര്‍ജിയും മമതയ്‌ക്ക് പിന്തുണയുമായി എത്തി. 150 പേര്‍ മരണപ്പെട്ട ജ്ഞാനേശ്വരി എക്‌സ്പ്രസ് അട്ടിമറിയിലെ പ്രതികളുമായി ചേര്‍ന്നാണ് ആഗസ്‌ത് ഒമ്പതിന് മമത വിശാല റാലി നടത്തിയത്.

33 വര്‍ഷം തുടര്‍ച്ചയായി ബംഗാളില്‍ അധികാരത്തിലിരിക്കാന്‍ കഴിഞ്ഞത് സമാനതകളില്ലാത്ത ചരിത്രമാണ്. ഇക്കാലയളവിലെ പ്രവര്‍ത്തനം തെളിഞ്ഞ അരുവിയുടെ പ്രവാഹം പോലെയായിരിന്നില്ല. മുപ്പതുവര്‍ഷത്തെ കണക്കെടുപ്പില്‍ 77നുശേഷം ഇടതുപക്ഷം ഭരിക്കുന്ന ബംഗാളില്‍ കൊല്ലപ്പെട്ടത് മൂവായിരത്തിലധികം പേരാണ്. വര്‍ഗസമരം തീക്ഷ്‌ണമായി തുടരുന്നുവെന്ന് അര്‍ഥം. ജീവന്‍ നല്‍കിയ പോരാട്ടത്തിലൂടെതന്നെയാണ് അധികാരം നിലനിര്‍ത്തിയിരുന്നത്. അധികാരം നഷ്‌ടപ്പെട്ട ബൂര്‍ഷ്വാസി നൂറുമടങ്ങ് കരുത്തോടെ തിരിച്ചുവരാന്‍ ശ്രമിക്കുമെന്നും വര്‍ഗസമരം കൂടുതല്‍ മൂര്‍ച്‌ഛിക്കുമെന്നും വിപ്ളവാനന്തരറഷ്യയില്‍ ലെനിന്‍ മുന്നറിയിപ്പു നല്‍കുകയുണ്ടായി. തൊഴിലാളിവര്‍ഗം അധികാരം പിടിച്ചെടുത്ത് ഭരണകൂടം സ്ഥാപിച്ച രാജ്യത്തെ സംബന്ധിച്ചായിരുന്നു ആ മുന്നറിയിപ്പ്. എന്നാല്‍, ഇവിടെ മുതലാളിത്ത വികസനപാത നടപ്പാക്കുന്ന ഭരണകൂടഘടന നിലനില്‍ക്കുന്ന രാജ്യത്ത് സംസ്ഥാനത്തു മാത്രം അധികാരത്തിലിരിക്കുമ്പോഴത്തെ സ്ഥിതി പറയേണ്ടതുണ്ടോ?

സംസ്ഥാനസര്‍ക്കാരിനു നേതൃത്വം നല്‍കുന്നതുകൊണ്ട് ഭരണകൂട ഉപകരണങ്ങളുടെ വര്‍ഗസ്വഭാവത്തിലും മാറ്റം വരില്ലെന്നത് പ്രാഥമികപാഠങ്ങളിലൊന്നാണ്. പലരും ഇതെല്ലാം മറന്നുപോകുന്നതുകൊണ്ടാണ് ചോദ്യങ്ങള്‍ ഉയരുന്നത്. എന്നാല്‍, ലഭിച്ച അധികാരത്തിലൂടെ എങ്ങനെ ബദല്‍ നയം ആവിഷ്‌കരിക്കാനും നടപ്പാക്കാനും കഴിയുമെന്ന് കാണിക്കാന്‍ ഇടതുപക്ഷത്തിനു കഴിഞ്ഞു. ഏറ്റവും ശ്രദ്ധേയമായ മാറ്റം ഭൂപരിഷ്‌കരണത്തിലാണ്. രാജ്യത്തെ ജനസംഖ്യയില്‍ കേവലം എട്ടുശതമാനംമാത്രം അധിവസിക്കുന്ന 3.5 ശതമാനം കൃഷിഭൂമി മാത്രമുള്ള ബംഗാളിലാണ് രാജ്യത്താകെ നടന്ന മിച്ചഭൂമി വിതരണത്തിന്റെ 22 ശതമാനവും നടന്നത്. അവിടെയുള്ള കൃഷിഭൂമിയുടെ 84 ശതമാനവും ചെറുകിട, നാമമാത്ര കര്‍ഷകരുടെ ഉടമസ്ഥതയിലാണ്. രാജ്യത്ത് 73, 74 ഭേദഗതികളിലൂടെ പഞ്ചായത്ത് രാജ് സംവിധാനം നടപ്പാക്കുന്നതിനു 16 വര്‍ഷം മുമ്പ് ത്രിതല പഞ്ചായത്ത് സംവിധാനം ബംഗാളില്‍ നടപ്പാക്കിയതോടെ ഗ്രാമീണമേഖലയിലെ അധികാരം വര്യേണവര്‍ഗത്തില്‍നിന്ന് സാധാരണക്കാരിലേക്ക് മാറി. ഇതോടെ അധികാരവും ഭൂമിയും നഷ്‌ടപ്പെട്ട ശക്തികള്‍ ഇപ്പോള്‍ പുതിയ ഉണര്‍വോടെ തിരിച്ചുവരാന്‍ ശ്രമിക്കുകയാണ്. പണ്ട് വിതരണംചെയ്‌ത ഭൂമി തൃണമൂലിനു നിയന്ത്രണമുള്ള ചിലയിടങ്ങളില്‍ ഈ ശക്തികള്‍ തിരിച്ചുപിടിക്കുന്ന വാര്‍ത്തയും പ്രസക്തം.

തൊഴിലാളി വര്‍ഗത്തിന്റെ സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തുന്നതിലും സാമൂഹ്യസേവന മേഖലകളിലും ബദല്‍ ഇടപെടലുകളാണ് ബംഗാള്‍ നടത്തിയത്. ചെറുകിട വ്യവസായയൂണിറ്റുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ രാജ്യത്ത് ഒന്നാംസ്ഥാനം ബംഗാളിനാണ്. 27 ലക്ഷം ചെറുകിട യൂണിറ്റുകളിലായി 58 ലക്ഷം തൊഴിലാളികളാണ് പണിയെടുക്കുന്നത്. ആരോഗ്യ, വിദ്യാഭ്യാസമേഖലകളിലും ആദ്യത്തെ നാലു റാങ്കിനുള്ളിലാണ് ബംഗാള്‍. രാജ്യത്ത് നടപ്പാക്കുന്ന ഉദാരവല്‍ക്കരണനയങ്ങളുടെ ഫലമായി ചെറുകിട വ്യവസായശാലകള്‍ അടച്ചുപൂട്ടിയപ്പോള്‍ അവിടത്തെ തൊഴിലാളികള്‍ക്ക് പ്രതിമാസം 1500 രൂപ നല്‍കി പുതിയ മാതൃക സൃഷ്‌ടിച്ചു. രാജ്യത്താകെ കാര്‍ഷിക”മേഖലയിലെ വളര്‍ച്ചാനിരക്ക് ഇടിഞ്ഞപ്പോഴും നാലുശതമാനത്തിലധികം വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തി വേറിട്ടുനിന്നു.

സമീപകാലത്ത് ബംഗാളിലെ ഇടതുപക്ഷത്തിനെതിരായ ആക്രമണത്തിന്റെ കേന്ദ്രമായിരുന്ന പ്രത്യേക സാമ്പത്തികമേഖലയുടെ കാര്യത്തിലും വ്യത്യസ്‌തമായ അനുഭവമാണ് എന്നതാണ് യാഥാര്‍ഥ്യം. സെസ് നിയമം നടപ്പാക്കിയ 2006നുശേഷം കേവലം 11 സാമ്പത്തികമേഖല മാത്രാണ് അനുവദിച്ചത്. അതിനായി മൊത്തം ഏറ്റെടുത്തത് 210 ഹെക്‌ടര്‍ മാത്രമാണ്. അതില്‍ ഏറ്റവും വലിയ മേഖലപോലും 48.5 ഹെക്‌ടറാണ്. ഏറ്റവും ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ വരുന്ന ഗോവയില്‍പോലും മൂന്നു മേഖലയ്‌ക്കായി ഏറ്റെടുത്തത് 250 ഹെക്‌ടറാണ്. ആന്ധ്രയില്‍ ഏറ്റവും വലിയ സാമ്പത്തിക മേഖല 2206 ഹെക്‌ടറിന്റേതാണ്.

ഇതേ കാലയളവില്‍ ബംഗാളില്‍ വിതരണംചെയ്‌തത് 16700 ഏക്കര്‍ ഭൂമിയാണ്. ഈ ബദല്‍ നയങ്ങളാണ് ഇടതുപക്ഷത്തിനു കരുത്തുപകരുന്ന ഘടകങ്ങളില്‍ പ്രധാനം. ബംഗാളില്‍ ഇടതുപക്ഷത്തിന്റെ കരുത്ത് തകര്‍ക്കുന്നതിന് ഇവരെ പ്രേരിപ്പിക്കുന്നതിന് സാര്‍വദേശീയവും ദേശീയവുമായ മറ്റു ഘടകങ്ങളുമുണ്ട്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്‌ക്കും സോഷ്യലിസത്തിനേറ്റ തിരിച്ചടിക്കുംശേഷം തകരാതെ നില്‍ക്കുകയും ലോകകമ്യൂണിസ്‌റ്റ് പ്രസഥാനത്തിനു ദിശാബോധം നല്‍കുകയുംചെയ്‌ത സിപിഐ എം അന്നേ ആഗോളമൂലധനത്തിന്റെ കണ്ണില്‍ കരടാണ്.

രാജ്യത്ത് ആഗോളവല്‍ക്കരണനയങ്ങള്‍ നടപ്പാക്കുന്നതിനെ തുടര്‍ച്ചയായി പ്രതിരോധിക്കുന്നതും ഇടതുപക്ഷമാണ്. അമേരിക്കയുമായി തന്ത്രപ്രധാന്യസഖ്യത്തിനെതിരെ നിലപാട് സ്വീകരിച്ചതിലൂടെ ആണവകരാറില്‍ ഒപ്പിടുന്നതില്‍നിന്ന് തടയാന്‍ കഴിഞ്ഞില്ലെങ്കിലും അതിന്റെ അനന്തരനടപടികള്‍ ആഗ്രഹിച്ചതുപോലെ നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്‌ടിച്ചത് അന്നത്തെ ഇടപെടലുകളാണ്. അതുകൊണ്ട് സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും ദുര്‍ബലമാക്കേണ്ടത് സാമ്രാജ്യത്വത്തിനും ആഗോളമായി വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഭരണവര്‍ഗത്തിനും ആവശ്യമാണ്.

ബംഗാള്‍ എല്ലാ വര്‍ഗീയശക്തികള്‍ക്കും ഇതേവരെ ബാലികേറാമലയായിരുന്നു. സംഘപരിവാറിന് ഇടയ്‌ക്ക് മമത വഴിതെളിച്ചെങ്കിലും അത് വേണ്ടത്ര വിജയിച്ചില്ല. ഗുജറാത്ത് വംശഹത്യക്ക് ശേഷവും അവിടെ അധികാരത്തില്‍വന്ന മോഡിക്ക് പൂച്ചെണ്ടുകൊടുത്ത് അഭിനന്ദിച്ച അന്നത്തെ എന്‍ഡിഎ മന്ത്രിസഭയിലെ മമതയെ പലരും മറന്നുപോയി. അതുപോലെതന്നെ മുസ്ളിം മതമൌലികവാദികള്‍ക്കും ബംഗാളില്‍ സ്വാധീനമുറപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ എല്ലാ കമ്യൂണിസ്‌റ്റ് വിരുദ്ധശക്തികളും മമതയ്‌ക്കു പിന്നില്‍ അണിനിരന്നിരിക്കുന്നു. ഈ കൂട്ടുകെട്ടിനെ തുറന്നുകാണിക്കുകയും ചെറുത്തുതോല്‍പ്പിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തമാണ് രാജ്യത്തിന്റെ പരമാധികാരത്തിലും മതനിരപേക്ഷതയിലും വിശ്വസിക്കുന്ന ജനാധിപത്യ പുരോഗമന ശക്തികള്‍ക്കുള്ളത്.


*****


പി രാജീവ്, കടപ്പാട് : ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ബംഗാള്‍ എല്ലാ വര്‍ഗീയശക്തികള്‍ക്കും ഇതേവരെ ബാലികേറാമലയായിരുന്നു. സംഘപരിവാറിന് ഇടയ്‌ക്ക് മമത വഴിതെളിച്ചെങ്കിലും അത് വേണ്ടത്ര വിജയിച്ചില്ല. ഗുജറാത്ത് വംശഹത്യക്ക് ശേഷവും അവിടെ അധികാരത്തില്‍വന്ന മോഡിക്ക് പൂച്ചെണ്ടുകൊടുത്ത് അഭിനന്ദിച്ച അന്നത്തെ എന്‍ഡിഎ മന്ത്രിസഭയിലെ മമതയെ പലരും മറന്നുപോയി. അതുപോലെതന്നെ മുസ്ളിം മതമൌലികവാദികള്‍ക്കും ബംഗാളില്‍ സ്വാധീനമുറപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ എല്ലാ കമ്യൂണിസ്‌റ്റ് വിരുദ്ധശക്തികളും മമതയ്‌ക്കു പിന്നില്‍ അണിനിരന്നിരിക്കുന്നു. ഈ കൂട്ടുകെട്ടിനെ തുറന്നുകാണിക്കുകയും ചെറുത്തുതോല്‍പ്പിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തമാണ് രാജ്യത്തിന്റെ പരമാധികാരത്തിലും മതനിരപേക്ഷതയിലും വിശ്വസിക്കുന്ന ജനാധിപത്യ പുരോഗമന ശക്തികള്‍ക്കുള്ളത്.