ബാഹ്യദൃഷ്‌ടിയില്‍ ഇതൊരു സൌന്ദര്യാത്മകമായ പൊരുത്തക്കേടായി തോന്നാം (aesthetic contrast). ഇതുപോലെ, നിഷ്‌കരുണമായ ഒഴിഞ്ഞുപോകലുകളെ കേന്ദ്രീകരിച്ചൊരു ആഖ്യാനത്തില്‍, ആനന്ദിന്റെ മറ്റൊരു രചനയിലും സഞ്ചരിക്കാത്തവിധം, കാവ്യത്തിന്റെ ശീലുകള്‍ പ്രത്യക്ഷപ്പെടുന്നെന്നത്. കവിതയാണ് മനുഷ്യന് ആസ്‌പദിക്കാവുന്ന ഏറ്റവും വലിയ പ്രാര്‍ഥന എന്നു തിരിച്ചറിയുമ്പോഴേ, ആ പൊരുത്തക്കേട് സൂക്ഷ്‌മമായൊരു പരിഹാരമായി മാറുകയുള്ളൂ. അപഹരിക്കപ്പെട്ടതോ നഷ്‌ടപ്പെട്ടതോ ആയ ദൈവങ്ങളെ തോറ്റാനുള്ള ഒരു സുഗമമായ മാര്‍ഗം പ്രാര്‍ഥനയാണ് - ഒരു പക്ഷേ, അമൂല്യവും അനിവാര്യവും കൂടിയായ ആ ഛന്ദസ്സുകളാണ്. അവയിലെ ശൈഥില്യം നാം പ്രശ്‌നമാക്കുകയില്ല. ലാവണ്യത്തേക്കാളേറെ മൂര്‍ച്ചയാണ് അതിന്റെ സ്വഭാവമെന്നതിനാല്‍. നസീമ സ്‌നേഹധനനായ ഗണേശനില്‍നിന്ന് പരിഭ്രമത്തോടെ സംരക്ഷിച്ചെടുക്കാന്‍ തുടങ്ങിയ കല്ലുകള്‍ നാടോടികളുടെ വിലപ്പെട്ട ആസ്‌തികളായിരുന്നെന്ന് നാം പിന്നീടാണ് മനസ്സിലാക്കുക. അവരുടെ ദൈവങ്ങളെ അവരിലേയ്‌ക്ക് എത്തിക്കാന്‍ മുതിരുക, അമന്‍ ഒരിക്കല്‍ ഉള്‍പ്പെട്ടിരുന്ന കൌമാരപ്രായക്കാരുടെ പോപ്പ് മ്യൂസിക്ക് ബാന്‍ഡ് ആണ്. ആ പോപ്പ് മ്യൂസിക്കിലെ ഒരു വരി ഇപ്പോള്‍ മനസ്സിലുണ്ട്. നിയമങ്ങള്‍ക്കെതിരെ, വെറും ഉപാധികള്‍ ആശ്രയിക്കുന്ന പോപ്പ് സംഗീതം എങ്ങനെയോ ജീവന്റെ സ്വാച്‌ഛന്ദ്യത്തെ - ആരും കാംക്ഷിക്കുന്ന എങ്കിലോ, പലര്‍ക്കും സാധ്യമല്ലാത്ത - ഇങ്ങനെ ഛന്ദസ്‌കരിക്കയാണ്.
Dont worry about the
Tenor and timbre
Time will take care
Dnt get stuck on the lyrics
Allow the mood to weave them
അമന്‍ എഴുതിവച്ച ഈ വരികള്‍, ഗണേശന്റേതെന്നതുപോലെ, നമ്മുടെ ചേതനയില്‍നിന്നും മാഞ്ഞുപോകയില്ല, പെട്ടെന്നൊന്നും. മഞ്ജരികളെച്ചൊല്ലി വ്യാകുലപ്പെടാതിരിക്കുക, അന്തഃപ്രേരണ ഉണ്ടെങ്കില്‍ അവ വാര്‍ന്നുവീഴുക തന്നെ ചെയ്യും. കവിത ഏറ്റവും പ്രഥമമായി ഒരു അന്തര്‍ഭാവമാണ്, മറ്റു പലതുമായി സംയോഗം സാധ്യമാക്കുന്ന ഒന്ന്. ദൈവവുമായി മാത്രമല്ല, ധര്‍മവുമായും വേദനയുമായും സൌന്ദര്യവുമായും ചരവും അചരവുമായ സത്തകളുമായും സംയോഗം സാധ്യമാക്കുന്നു. ആ സ്വരൈക്യ സാധ്യതയാണ് ഇതുപോലത്തെ ആധികള്‍ നിറഞ്ഞ ഒരു രചനയില്‍ കവിതയുടെ ഡൈനാമിൿസ്, അഥവാ, ചലനശാസ്‌ത്രം. നാടോടികളുടെ ആസ്‌തികളാണ് കല്ലുകളെന്ന് സൂചിപ്പിച്ചല്ലോ. അവകൊണ്ട് അവര്‍ക്ക് ഒന്നും നേടാനില്ല, എന്തോ സാന്ത്വനമൊഴികെ. ദൈവികതയുടെ പൊരുള്‍ അത്തരം സ്‌പര്‍ശ്യമല്ലാത്ത സാന്ത്വനമാണെന്ന് നാം ചിലപ്പോഴെങ്കിലും അറിയാറുണ്ട്. ഈ പഠനത്തിന് ആദ്യം സൂചിപ്പിച്ച എത്താനൊരിടമില്ല എന്നത് നാടോടികളെ സംബന്ധിച്ചിടത്തോളം ക്രുദ്ധമായൊരു യാഥാര്‍ഥ്യമാണ്. അശേഷം ലാവണ്യമില്ലാത്തതും. തങ്ങളെ ദൈവങ്ങള്‍ ഉപേക്ഷിച്ചിരിക്കുന്നു എന്ന് അവര്‍ അറിയാതെപോലും പരിഭവിക്കാറില്ല. ദൈവങ്ങള്‍ ഉപേക്ഷിച്ചിരിക്കുന്നു എന്നത് എന്നെ ഓര്‍ഹന്‍ പാമുക്കിലേയ്‌ക്ക് ബന്ധിപ്പിക്കുന്നല്ലോ. ആസ്‌തിക്യത്തെക്കുറിച്ച് എഴുതുമ്പോള്‍, പാമുക്ക് Atheist is one who has been deserted by God (Snow) എന്ന് നിരീക്ഷിക്കുന്നുണ്ട്. നാമറിയുന്ന നാടോടികള്‍ ഒരിക്കലും നാസ്‌തിക്യത്തില്‍ പെട്ടുപോയവരല്ല. ശരണാഗതികളായ അവര്‍, വിധിയെയോ ദൈവത്തെയോ പഴിപറയാതെ ജീവിതത്തെ അഭിമുഖീകരിക്കുന്നു, അതിന്റെ കാരുണ്യശൂന്യമായ പ്രതിസന്ധികളിലൂടെ കടന്നുപോകുന്നു. ഒരുപക്ഷേ, നാം, നാഗരികര്‍ക്ക് സ്വീകരിപ്പാന്‍ പ്രയാസമേറിയ ഒരു കാവ്യഛായയില്‍. ആനന്ദിന്റെ ഒരു കഥാപാത്രമായ ഋഷി (ജേര്‍ണലിസ്‌റ്റ്) ചൂണ്ടിക്കാട്ടുന്നതുപോലെ, ഭാവി എന്ന ഒന്ന് ഇല്ലാത്തവരല്ല നാടോടികള്‍. ഏത് ചരവസ്‌തുവെയും പോലെ അവരും ഒരു ഭാവിയിലേയ്‌ക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. പക്ഷേ, മറ്റ് മനുഷ്യരെപ്പോലെ അതിന് നിയതമായ ഒരു മൂലകമില്ലെന്നതാണ് വാസ്‌തവം. നിശ്ചിതമായ രേഖകളുണ്ടായിട്ടും പലവരുടേയും ഭാവി തെന്നിപ്പോവാറുണ്ടെന്നത് വേറെ കാര്യം. അവസ്ഥാന്തരത്തെയാണ് കാലമെന്ന് വിളിക്കുന്നതെങ്കില്‍, ഈ നാടോടികള്‍ അനുഭവിക്കുക കാലത്തിന്റെ അഭാവമാണ്. അങ്ങനെയാണ് അവര്‍ സമയത്തെ സ്ഥലത്തിലേയ്‌ക്ക് വ്യതിക്രമം ചെയ്യുന്നവരാകുന്നത്. സത്യത്തില്‍ അതൊരു വ്യതിക്രമം തന്നെയാണ്. കാരണം, സമയവും സ്ഥലവും രണ്ടു വിഭിന്ന സത്തകളാണ്. പരസ്‌പരം സ്ഥാനാന്തരം ചെയ്യാവുന്നവയല്ല, അവ രണ്ടും. ഒന്ന് അമൂര്‍ത്തമെങ്കില്‍ മറ്റേത് മൂര്‍ത്തമാണ്. അമൂര്‍ത്തമായ ഒന്നിനെ എങ്ങനെയാണ് മൂര്‍ത്തതയിലേയ്‌ക്ക് ഭാഷാന്തരം ചെയ്യുക? ഒന്നും ആശിക്കാനില്ലാത്തവന്റെ നിര്‍ലേപതയില്‍ നാടോടികള്‍ നിരന്തരം ചേക്കേറിക്കൊണ്ടിരിക്കുന്നു; സ്വന്തം ഭാഗധേയങ്ങള്‍ക്ക് ആരെയും ഉത്തരവാദിയാക്കാതെ.
സ്വപ്‌നങ്ങളുടെ അശാന്തമായ ഈ ഭൂതലം, നാടോടിയെ എന്നതുപോലെ നാഗരികനെയും ജീവിതത്തിലേയ്‌ക്ക്, അതിന്റെ വ്യഥിതമായ തുടര്‍ച്ചയിലേയ്‌ക്ക് ആനയിച്ചുപോകുന്നു, ചിലപ്പോഴൊക്കെ ഒരു വിരാമത്തിലേയ്‌ക്കും. എങ്ങനെയാണ് തുടരേണ്ടതെന്നറിയില്ല, എങ്കിലും തുടര്‍ന്നുപോകുന്നു. ഈ പരിതോവസ്ഥയെ അമന്‍ ഒരു കൊച്ചു കവിതയില്‍ ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്നു. ഈ കവിതകളില്‍ എന്തൊക്കെ ശൈഥില്യങ്ങളുണ്ടെങ്കിലും, അമന്‍ അമന്‍ തന്നെയാണ്. ദാര്‍ശനികഗൌരവം തീണ്ടാത്ത ബിംബങ്ങളുമാണവയില്‍. ഒരു വള്ളിയില്‍നിന്ന് അടുത്ത വള്ളിയിലേയ്‌ക്ക് കുതിക്കുന്ന വാനരന്‍, ഹ്രസ്വമായ ഇടവേളയില്‍ എന്തിനെക്കുറിച്ചാവും വെമ്പല്‍കൊള്ളുക എന്ന് അമന്‍ ചോദിക്കുന്നു. വിട്ടുപോയ ആസ്‌പദത്തെക്കുറിച്ചോ - അതോ പിടികിട്ടാന്‍ പോവുന്ന ആസ്‌പദത്തെക്കുറിച്ചോ വെമ്പലുകളുള്ളതിനാല്‍, അത് ശൂന്യമായ ഒരവസ്ഥയാവുന്നില്ല. തലച്ചോറ് കൂടുതല്‍ വികസിച്ച മനുഷ്യനെ സംബന്ധിച്ച്, ഈ തുടര്‍ച്ചയില്ലായ്‌മ ഒട്ടും ശൂന്യവുമല്ല. ഒരു പ്രസ്ഥാനത്തെ dis-band ചെയ്‌ത് മറ്റൊരു പ്രസ്ഥാനത്തിലേയ്‌ക്ക് ആയുമ്പോള്‍പോലും അവനില്‍ എന്തൊക്കെയോ അവ്യക്തമായി സ്‌പന്ദിക്കുന്നുണ്ടാവും. ഏത് കൊടിയ നിരാശയിലും, തുടരാന്‍ പ്രേരിപ്പിക്കുന്ന ജീവതൃഷ്‌ണയുടെ അരൂപികളായ മിടിപ്പുകള്‍.
ആശാനികേതനില്‍നിന്ന് കാണാതാവുന്ന കുട്ടികളെ ചൂഴ്ന്നുള്ള കഥ പലപ്പോഴും ഒരു അപസര്‍പ്പകരീതി പ്രകടിപ്പിക്കുന്നുണ്ട്. പക്ഷേ, ആ അപസര്‍പ്പകാഖ്യാനത്തിന് അനുയോജ്യമല്ലാത്ത ശൈലിയില്‍, അത് പരിഹാരങ്ങളേതുമില്ലാതെ unresolved ആയിത്തന്നെ അവസാനിക്കുന്നു. എവിടെയെങ്കിലും എത്തുമെന്നൊക്കെ പ്രതീക്ഷിച്ചവര്‍, ഒരു സ്‌തംഭനത്തിനാണ് വിധേയരാവുക. കാണാതായ കുട്ടികള്‍, വിജയ്, ശങ്കര്‍, ഇംതിയാസ് ? ഒന്നും ലൊക്കേറ്റ് ചെയ്യപ്പെടുകയല്ല. അവര്‍ ഹിജഡകളുടെ കൂട്ടത്തില്‍ വലിച്ചിഴയ്‌ക്കപ്പെട്ടോ എങ്ങുമെത്താതെ ജീവന്‍ വെടിഞ്ഞോ എന്നറിയില്ല. എന്തിന്, അമന്‍ തന്നെ യഥാര്‍ഥസ്വരൂപവുമായാണോ തിരിച്ചുവന്നതെന്നുപോലും നാം, സശ്രദ്ധരായ വായനക്കാര്‍, അവസാനാധ്യായത്തിനു തൊട്ടുമുന്‍പുവരെ സംശയിച്ചേക്കാം. അമന്റെ കവിതകള്‍, പക്ഷേ, വ്യാജപ്പടപ്പല്ല. അവസാനാധ്യായത്തില്‍ അമനെ സംബന്ധിച്ച ഒരു രഹസ്യം അനാവൃതമാകുമ്പോള്‍, നിങ്ങള്‍ വീണ്ടും സംശയാലുവാകുന്നു - എന്തിനാണ് ഈ ആള്‍മാറാട്ടം നിര്‍വഹിക്കപ്പെട്ടത് ? ഗണേശനും (ന)സീമയ്‌ക്കും സ്വാസ്ഥ്യമരുളാനല്ല. പിന്നെ? ഒരു സ്‌റ്റെയ്ല്‍മേയ്‌റ്റില്‍ അല്ലേ നിങ്ങള്‍ അകപ്പെട്ടതെന്ന് അമ്പരക്കുമ്പോള്‍, ആ വാക്ക്, അല്‍ഭുതം, ആദ്യത്തെ പേജില്‍ നിങ്ങളെ തടയുന്നു. കവാസ്‌ജിയും ഗണേശനും തമ്മിലുള്ള ചെസ് കളി പര്യവസാനിക്കുന്നതിനുതൊട്ടുമുന്‍പ്, അഥവാ കവാസ്‌ജിയെ ഗണേശന്‍ തീര്‍ത്തും അടിയറ പറയിക്കുന്നതിനുമുന്‍പ്, ആ പദം ഉച്ചരിക്കപ്പെടുന്നുണ്ട്. വീണ്ടും ഒരിക്കല്‍ക്കൂടി, കവാസ്‌ജി ക്രൂരമായി കൊല്ലപ്പെടുന്നതിന് മുന്‍പും ആ വാക്ക് അവലംബിക്കപ്പെടുന്നു. കവാസ്‌ജിയുടെ അവസാനത്തെ അഭിലാഷമായി നമുക്ക്, സ്‌റ്റെയ്ല്‍മെയ്‌റ്റില്‍- ആരും ആരെയും തോല്‍പിക്കാത്ത, എങ്കിലോ രാജാവിന് നീങ്ങാന്‍ കളങ്ങളില്ലാതാവുന്ന ഒരു ബ്രില്യന്റ് ഗെയിം- കലാശിക്കുന്ന ഒരു ഗെയിം കളിക്കാമോ? അതിനുശേഷമാണ് ഗണേശന്‍ അമന്റേതെന്ന് അത്രയും നാള്‍ കരുതിയ, ഒരു കുറിപ്പിലൂടെ ആ ആള്‍മാറാട്ടത്തിന്റെ വസ്‌തുത തെര്യപ്പെടുക. മനുഷ്യന്‍ അവന്റെ അതിരുകള്‍ മനസ്സിലാക്കുമ്പോഴേയ്‌ക്കും, ആ അതിരുകള്‍ കവച്ചുചെന്നിരിക്കും എന്ന ഒരു സൂചനയില്‍ ഈ ആകുലപര്യാവസായിയായ കഥ തുടരുന്നു. ഇനിയും പേജുകള്‍ ഇതിനുണ്ടാവണമല്ലോ എന്ന സന്ദിഗ്ധതയില്‍ 'അപഹരിക്കപ്പെട്ട ദൈവങ്ങള്‍' വിമൂകരാവുമ്പോള്‍, ഈ കുഞ്ഞുങ്ങള്‍ ദൈവസ്വരൂപികളല്ലേ എന്ന ചിന്തയാണ് അതില്‍ അങ്കുരിപ്പിക്കുക.
ദൈവമെന്നത് പരിണാമഗാഥയില്‍ മനുഷ്യന്റെ യോഗാത്മകമായ ഭാവിയെങ്കില്‍, mystical future, കുഞ്ഞുങ്ങള്‍ അതിലേയ്‌ക്കുള്ള ഒരു സൂചകമാണ്, നിശ്ചയം. കുഞ്ഞുങ്ങള്‍ ദൈവസ്വരൂപികളാണെന്ന ആശയം മതത്തില്‍ മാത്രമല്ല സ്‌ഫുരിക്കുക. ജനതികമായ സമീപനത്തിലും അത് സ്‌പഷ്‌ടമാണ്. കരഞ്ഞുകൊണ്ട് ഈ ഭൂമിയിലേയ്‌ക്ക് വരുന്ന ഓരോ കുഞ്ഞും ദൈവത്തിലേയ്‌ക്കുള്ള വരദാനമാണ്, അത് പലപ്പോഴും പൂര്‍ത്തീകരിക്കപ്പെടുന്നില്ലെങ്കിലും. മറ്റൊന്നും കൂടിയുണ്ട്. ഗണേശന്റെ പത്നി (ന)സീമ അഭയം കണ്ടെത്തിയ ഹൈന്ദവദര്‍ശനങ്ങളനുസരിച്ച് - ദൈവത്തെക്കുറിച്ച് ഏറ്റം നിര്‍ഭയമായ ദര്‍ശനം പുലര്‍ത്തുന്നതാണത് - ദൈവം നിങ്ങള്‍ക്കകമേയാണ്. ഒന്നുകില്‍, നിങ്ങള്‍ക്കതിനെ കണ്ടെത്താം, എത്രയോ യോഗിവര്യര്‍ക്ക് സാധിച്ചതുപോല്‍; അല്ലെങ്കില്‍, കണ്ടെത്താതിരിക്കാം. കസ്‌തൂരിമാനിന്റെ ആര്‍ത്തമായ പ്രതിബിംബം ഓര്‍ക്കുമല്ലോ. തന്നില്‍നിന്നുതന്നെ ഉയരുന്ന സുഗന്ധമന്വേഷിച്ച് കാടുമുഴുവന്‍ പായുന്ന കസ്‌തൂരിമൃഗം എത്ര ജന്മങ്ങളിലൂടെയാണ് അതിന്റെ ഉറവ കണ്ടെത്തുക? അല്ലാതെ, ആര്‍ക്കും നിങ്ങളുടെ ദൈവത്തെ അപഹരിക്കാന്‍ വയ്യ. നാടോടികളുടെ വിചിത്രമായ കല്ല് പോലെയല്ല, ഈശ്വരന്‍, ഈ പ്രപഞ്ചത്തിന് കാരണഭൂതനാണെങ്കിലും, അല്ലെങ്കിലും. മറ്റേത്, പൊതുവായ ദൈവങ്ങളാണ്, ആരാധനാലയങ്ങളില്‍ അവരോധിക്കപ്പെട്ടവര്‍. ആ അപഹരണം ഈവിധമൊരു പരിചരണത്തിന് പാകമാവുകയില്ല.
ഏതൊരു നഗരത്തിന്റെയും ഘടനാപരമായ പാറ്റേണും ധാര്‍മികമായ പാറ്റേണും തമ്മില്‍ താരതമ്യങ്ങളില്ല. ധാര്‍മികതയ്‌ക്ക് പരിചിതമായ ഒരു structure അല്ലെങ്കില്‍ design എങ്ങനെയാണ് സമ്മാനിക്കുക? കല്ലും സിമന്റും പോലെ യോജിപ്പിക്കാവതല്ലല്ലോ നഗരത്തിലെ സ്ഥായിയോ സ്ഥായിയല്ലാത്തവരോ ആയ മനുഷ്യവൃന്ദം. ധാര്‍മികത നിക്ഷിപ്‌തമാവുന്നത് സസ്യങ്ങളിലോ ജന്തുക്കളിലോ ശിലകളിലോ അല്ല, മനുഷ്യരില്‍ മാത്രമാണ്. ഈ രചനയിലെ ഏറ്റവും ധന്യതയാര്‍ന്ന ഒരു resolutionലേയ്‌ക്കാണ് വരുന്നത്. അതുകൊണ്ട്, ഈ പഠനം എവിടെയെങ്കിലും എത്തുമെന്ന് കരുതാന്‍ എനിക്ക് ആവതില്ല. പക്ഷേ, അങ്ങനെ എത്താതിരിക്കാന്‍ ഒരു കാരണം തേടുകയെന്നേ ഉദ്ദേശിക്കുന്നുള്ളൂ. സ്‌ട്രക്‌ചറല്‍ ഡിസൈനിങില്‍ കവാസ്‌ജി ഗണേശനോട് സൂചിപ്പിക്കുന്നു, ലിമിറ്റ് സ്‌റ്റേറ്റ് (limit state) എന്നൊരവസ്ഥയുണ്ട്. സീമാവസ്ഥ എന്നു വിവര്‍ത്തനം ചെയ്‌താല്‍ എത്രകണ്ട് ശരിയാവുമെന്നറിഞ്ഞുകൂടാ. ഈ ലിമിറ്റ് സ്‌റ്റേറ്റിന്റെ സവിശേഷത, അതില്‍ അധിഷ്‌ഠിതമായ കെട്ടിടം, തരിമ്പെങ്കിലും ഭാരക്കൂടുതല്‍ വഹിക്കേണ്ടിവരികയാണെങ്കില്‍, അപ്പാടെ നിലംപൊത്തുമെന്നതാണ്. ഓരോ ഭാഗമായി അമരുകയല്ല. ലിമിറ്റ് സ്റേറ്റ് അത്തരമൊരു കെട്ടിടം താങ്ങാവുന്നതേക്കാള്‍ ഒന്നരയിരട്ടി ഭാരം പ്രതീക്ഷിച്ച് ഡിസൈന്‍ ചെയ്യപ്പെടുന്നതാണ്. അതു കവിഞ്ഞുവരുമ്പോള്‍, എല്ലാ ഭാഗങ്ങളും ഒപ്പം തകരുന്നു. ഈ തകര്‍ച്ച പ്രതിരോധിക്കാനാണ്, സീമാവസ്ഥ സങ്കല്‍പിക്കപ്പെടുന്നത്; എല്ലാം ഒരുമിച്ച് collage ചെയ്യിക്കാന്‍ വേണ്ടിയല്ല. അതുപോലെ ധാര്‍മികമായ പാറ്റേണ്‍ (moral pattern) കഴിവതും അസന്തുലിതത്വങ്ങളെ സഹിക്കാന്‍ അല്ലെങ്കില്‍ ഉള്ളില്‍നിന്ന് ചെറുക്കാന്‍ പോന്നതാവണം. അത്രത്തോളം ബലിഷ്‌ഠമായ രീതിയിലാവണം ധര്‍മബോധം ഒരു നഗരത്തിന്റെ അല്ലെങ്കില്‍ ഏതൊരു ആവാസഭൂമിയുടെയും ഉള്ളില്‍ കരുപ്പിടിക്കേണ്ടത്. മനുഷ്യര്‍ തമ്മിലല്ല, എല്ലാ ചരാചരങ്ങള്‍ തമ്മിലും ഒരു സന്തുലിതത്വം സാധ്യമാവുമ്പോള്‍ മാത്രമാണ്, ഈ ഐഡിയല്‍ സ്‌റ്റേറ്റ്, ആദര്‍ശവ്യവസ്ഥ ആവിര്‍ഭവിക്കുക. അവിടെ മനുഷ്യന്‍ മറ്റൊരുവന്റെ ദൌര്‍ബല്യത്തെയല്ല ചൂണ്ടിക്കാട്ടുക, ബലത്തെയാണ്, ഗുണത്തെയാണ്. ഓരോ മനുഷ്യനിലും അവ്വിധം ഒരു കണികയെങ്കിലും രൂപം കൊള്ളുന്നുണ്ടാവണം. ഈ അശാന്തമായ സ്വപ്‌നങ്ങളുടെ ഭൂതലം അപ്പോള്‍ അല്‍പമെങ്കിലും ജീവയോഗ്യമായിത്തീര്‍ന്നേയ്‌ക്കും. ലിമിറ്റ് സ്‌റ്റേറ്റ് ഒരിക്കലും സമീപിക്കേണ്ടിവരാതിരിക്കയും ചെയ്‌തേക്കാം. ഭയം ലവണംപോലെ ജീവനില്‍ വ്യാപിക്കയും അതിമര്‍ദങ്ങള്‍ ഉളവാക്കയും ചെയ്യുന്ന ഈ ശാപമുഹൂര്‍ത്തത്തില്‍, നാം അത്തരമൊരു അഭിലാഷം പുലര്‍ത്തുക, കവാസ്‌ജിക്ക്, അല്ല, ആനന്ദിന് നന്ദി പറഞ്ഞുകൊണ്ട്.
*****
ആഷാ മേനോന്‍, കടപ്പാട് : ഗ്രന്ഥാലോകം, ആഗസ്‌റ്റ് 2010
അധിക വായനയ്‌ക്ക് :
1. ചരിത്രരഹിതര്‍, ഈ ശരണാര്‍ഥികള്‍
2. മനസ്സാക്ഷിയുടെ താരസ്വരം
3. ആനന്ദിന്റെ നോവല്‍ഭാഷ
4. എഴുത്ത്, ചരിത്രം, സംസ്‌കാരം
5. ആനന്ദ് : എഴുത്തുകളും എഴുത്തുകാരനും
6. ആനന്ദ് എം. ഗോവിന്ദന് അയച്ച കത്തുകള്‍
7. ആനന്ദിന്റെ ആശയപ്രപഞ്ചം
8. എതിര്‍ദിശാസഞ്ചാരം
9. സ്വാതന്ത്ര്യം: മിഥ്യയും യാഥാര്‍ഥ്യവും
10. അപഹരിക്കപ്പെട്ട നീതിശാസ്‌ത്രം
11. ദാര്‍ശനികതയുടെ മൂലകങ്ങള്‍
12. നീതിയും ചരിത്രവും- ആനന്ദിന്റെ അന്വേഷണങ്ങള്‍
13. കഥയിലെ സംവാദസ്ഥലങ്ങള്‍
No comments:
Post a Comment