Thursday, September 9, 2010

സ്കൂള്‍ വര്‍ത്ത(മ) ാനങ്ങള്‍

ചൂരലും ചോക്കും പിഞ്ചുചുണ്ടിലെ പുഞ്ചിരിയും

"നാലാംതരംവരെ പഠിച്ച
ഗവ. മാപ്പിള എല്‍ പി സ്കൂള്‍
ഷോപ്പിങ് കോംപ്ളക്സായി.
നാലക്ഷരം പഠിപ്പിച്ച
മാഷന്മാരൊക്കെയും
ഇന്‍ഷൂറന്‍സ് ഏജന്റുമാരായി.

'നീലക്കുയി'ലും 'നിര്‍മാല്യ'വും കണ്ട
ത്രിവേണി ടാക്കീസ്
സുമംഗലി കല്യാണ മണ്ഡപമായി.
നാട്ടുകാരൊക്കെ
ബ്രോക്കര്‍മാരായി.
മാധവന്‍നായര്‍ സ്മാരക വായനശാല
ഇന്റര്‍നെറ്റ് കഫേ കൈയേറി.''

(തുറന്ന വഴികള്‍ -ഒ പി സുരേഷ്)

ഒരു സ്കൂളില്‍ ഒരേ ബഞ്ചില്‍ ഒന്നിച്ചിരുന്നാണ് നാം സ്വാതന്ത്യ്രവും മതേതരത്വവും പഠിച്ചത്. മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയതിന്റെയും ഇന്ത്യ -പാക് യുദ്ധത്തിന്റെയും ഏഷ്യാഡിന്റെയും ന്യൂസ് റീലുകള്‍ കണ്ടത്. 'വലിയ തര്‍ക്കങ്ങളി'ലേര്‍പ്പെട്ടത്. ബഞ്ചില്‍ വടുക്കെട്ടിയ അഴുക്കിന്റെ ഗന്ധം അന്ന് നമുക്ക് ദുര്‍ഗന്ധമായിരുന്നില്ല. അടുത്തിരിക്കുന്നവന്റെ വിയര്‍പ്പിന് സുഗന്ധമല്ലെന്ന് നമുക്കറിയുമായിരുന്നില്ല. നിലത്തുനിന്നുയരുന്ന പൊടി ശ്വാസതടസ്സം സൃഷ്ടിച്ചിരുന്നില്ല. അന്ന് നമുടെയൊക്കെ വീടുകളും അങ്ങനെയായിരുന്നു. ചാണകംമെഴുകിയ വീടുകളില്‍ താമസിച്ചിരുന്ന കേരളീയന് സിമന്റിടാത്ത തറകളുള്ള ക്ളാസ്മുറികളും ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരയും ഉള്ള സ്കൂളുകള്‍ കണ്ടാല്‍ 'അറപ്പ്' അനുഭവപ്പെട്ടുതുടങ്ങിയിരുന്നില്ല. സ്വന്തം കുട്ടികളെ അവിടങ്ങളിലേയ്ക്കയക്കാന്‍ ഒരു വിമുഖതയും അന്നുണ്ടായിരുന്നില്ല. കേരളീയ സമൂഹത്തെ മുന്നോട്ടു നയിച്ചിരുന്ന നന്മകളെല്ലാംഒന്നൊന്നായി വീണുകൊണ്ടിരിക്കുകയാണ്. വീണുകിടക്കുന്ന ഓരോ മൃതശരീരത്തെയും നോക്കി നാം നെടുവീര്‍പ്പിടുന്നു. സ്കൂള്‍, സിനിമാ ടാക്കീസ്, വായനശാലകള്‍....

പൊതുഇടങ്ങളൊക്കെ മെല്ലെ വിടവാങ്ങുകയാണ്. വാര്‍ധക്യം ബാധിച്ച അടച്ചുറപ്പില്ലാത്ത സ്കൂളില്‍വച്ച് ആരും ഇന്ന് സിനിമ പിടിക്കുന്നില്ല. പുതിയ സിനിമകളിലെ ടി വി പരസ്യങ്ങളിലെ കുട്ടികളൊക്കെ ഷൂസും ടൈയും കെട്ടിയാണ് സ്കൂളില്‍ പോകുന്നത്. നെഞ്ചുരച്ച് കയറി കൂട്ടുകാരിയോട് വീമ്പിളക്കി പറിച്ച മാമ്പഴത്തിന് ജീവിതത്തിന്റെ 'രസ'മാണെന്ന് മജീദിനറിയാമായിരുന്നു (ബാല്യകാലസഖി). 'കുയിലിനോട് എതിര്‍പാട്ടുപാടി'യും തോട്ടില്‍ കടലാസുതോണിയൊഴുക്കിയും, നെല്ലിക്കയുടെ ചവര്‍പ്പും മാങ്ങയുടെ പുളിയും വേദനയുമറിഞ്ഞ് കൂട്ടുകാരിയോട് കലഹിച്ച് അവളുടെ കണ്ണീരില്‍ സഹതപിച്ച് സ്കൂളില്‍പോയ കാലം ഇനി ഓര്‍മ മാത്രമാണ്. സ്കൂളില്‍ പഠിക്കാത്ത പ്രകൃതിപാഠങ്ങള്‍ നാം പഠിച്ചത് ഈ യാത്രയിലാണ്. അതിരാണിപ്പാടത്തുനിന്നും ഇലഞ്ഞിപ്പൊയിലിലേക്കുള്ള യാത്രയാണ് ശ്രീധരനെ ലോകത്തിന്റെ അറ്റംവരെ എത്തിച്ചത് (ഒരു ദേശത്തിന്റെ കഥ). സ്കൂളിലേക്കും വീട്ടിലേക്കും നിരവധി വഴികള്‍ അന്നുണ്ടായിരുന്നു. എത്ര വീടുകള്‍ കയറിയാണ് നാമന്ന് വീട്ടിലെത്തുന്നത്, സ്കൂളിലെത്തുന്നത്. പാലുറയ്ക്കാത്ത നെന്മണികള്‍ വായില്‍ പതിരായി മാറുമ്പോള്‍ സ്കൂളില്‍ 'നീട്ടിബെല്‍' അടിച്ചിട്ടുണ്ടാകും. തോട്ടില്‍ വീണ കുട മീനിനെ പിടിക്കാന്‍വച്ച വലയില്‍ കുടുങ്ങുമ്പോള്‍ നാട് പറയും 'ഇതാ ഒരു വികൃതിക്കുട്ടികൂടി സ്കൂളില്‍ ചേര്‍ന്നിരിക്കുന്നു'.

"റഹ്മാനേ ചങ്ങാതീ രാമനാണ്ടോ
നമ്മളൊന്നിച്ചു പഠിച്ചതാണ്ടോ
ഉപ്പിട്ട നെല്ലിക്ക മാറി മാറി
തുപ്പലും കൂട്ടിക്കടിച്ചതാണ്ടോ
കള്ളപ്പെറുക്കു കളിയിലെന്നും
തന്തയ്ക്കു ചൊല്ലിപ്പിരിഞ്ഞതാണ്ടോ''

('രാമനും റഹ്മാനും' -മോഹനകൃഷ്ണന്‍ കാലടി)

ഇന്ന് രാമനും റഹ്മാനും വ്യത്യസ്ത സ്കൂളുകളിലാണ്. സ്നേഹവും സാഹോദര്യവും പഠിപ്പിക്കേണ്ട സ്കൂളുകളുടെ മേധാവികള്‍ "സ്നേഹവും സാഹോദര്യവും സ്കൂളുകളില്‍ പഠിപ്പിക്കേണ്ട'' എന്ന് 'ഉളുപ്പി'ല്ലാതെ വിളിച്ചുപറയുകയാണ്. അതുകൊണ്ടാണ് മതാചാര്യന്മാര്‍ക്ക് 'അവിശ്വാസികളല്ല, മതത്തിനുള്ളിലെ പാപികളാണ് പ്രതിസന്ധിയുണ്ടാക്കുന്നത്' എന്നു പറയേണ്ടിവരുന്നത്. ഒന്നിച്ചു ജീവിക്കാന്‍ പഠിക്കേണ്ടത് (Learning to live together)അല്ല ഒറ്റക്ക് ജീവിക്കുവാനാണ് ഇവിടങ്ങളില്‍ പഠിക്കുന്നത്. ചരിത്രം, പൈതൃകം, ആത്മീയരൂപങ്ങള്‍, സംസ്കാരങ്ങള്‍ തുടങ്ങിയവയിലൂടെ സാര്‍വലൌകിക വീക്ഷണം വളര്‍ത്തേണ്ടതിനു പകരം സങ്കുചിത ചിന്തകളാണ് ഇവിടങ്ങളില്‍ ഉത്പാദിപ്പിക്കുന്നത്. സാംസ്കാരിക ബഹുസ്വരതകളെ ഇവര്‍ക്കംഗീകരിക്കാനാവുന്നില്ല.

കേരളത്തില്‍ നിലനില്‍ക്കുന്ന മതേതരത്വത്തിന് ആക്കംകുട്ടുന്നതില്‍ നമ്മുടെ പൊതുവിദ്യാലയങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ഇന്ന് കുട്ടികളെ 'തങ്ങളുടെ ആളുകള്‍' മാത്രം പഠിപ്പിക്കുന്ന സ്കൂളിലയക്കാനാണ് കേരളീയ മധ്യവര്‍ഗം ആഗ്രഹിക്കുന്നത്. മതേതര പശ്ചാത്തലമുള്ള അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ കേരളത്തില്‍ ഇല്ലെന്നുതന്നെ പറയാം.

ഒമ്പതു വര്‍ഷംമുമ്പ് മുപ്പത്തഞ്ചും നാല്പതും കുട്ടികള്‍ ഒന്നാംക്ളാസില്‍ പ്രവേശനം നേടിയതുകൊണ്ടാണ് ഗ്രാമത്തിലെ ആ വലിയ ഹൈസ്കൂളില്‍ പത്താം ക്ളാസില്‍ ഇന്ന് ഏഴും എട്ടും ഡിവിഷനുണ്ടാവുന്നത്. ഫീഡിങ് സ്കൂളുകളായ ഈ എല്‍ പി സ്കൂളുകളില്‍ ഇന്ന് ഒന്നാംക്ളാസില്‍ എട്ടും പത്തും കുട്ടികളാണുള്ളത്. ഇങ്ങനെ പോയാല്‍ ഒമ്പതു വര്‍ഷത്തിനുശേഷം ആ വലിയ ഹൈസ്കൂളിലെ പത്താം ക്ളാസില്‍ ഒരു ഡിവിഷന്‍ മതിയാകും. കേരളീയന്റെ അതിരുകടന്ന ഇംഗ്ളീഷ്, അണ്‍ എയ്ഡഡ്, ജാതി മത സംസ്കാരപ്രേമം അപകടകരമായ ഒരു തലമുറയെയാണ് വളര്‍ത്തുന്നത്.

വഴികളെല്ലാമടഞ്ഞ ഒരു ലോകത്തിലാണ് നാമിന്ന് ജീവിക്കുന്നത്. വീടു വയ്ക്കുന്നതിനു മുമ്പേ മതിലുപണിത് ലോകത്തെ പുറത്താക്കി വാതിലടയ്ക്കുകയാണ്. 'പുറത്ത് ഉമ്മറം ഒറ്റയ്ക്കാകുമല്ലോ' എന്ന് ദുഃഖിച്ച് ഒരമ്മയും ('ഉമ്മാരം' വീരാന്‍കുട്ടി) ഇന്ന് വാതിലടയ്ക്കാതിരിക്കുന്നില്ല. അകത്ത് കുട്ടികള്‍ 'ജറ്റിക്സ്' കണ്ട് വലിയ യുദ്ധങ്ങള്‍ നയിക്കുകയാണ്. തനിക്ക് ചുറ്റും നാനാത്വത്തിന്റെ മറ്റൊരു സംസ്കാരമുണ്ടെന്ന് അവനറിയുന്നില്ല. അനുസരണയുടെ പാഠങ്ങളാണ് ഈ അണ്‍ എയ്ഡഡ് ഇംഗ്ളീഷ്മീഡിയം കുട്ടി പഠിക്കുന്നത്. സ്കൂള്‍ വിട്ടിറങ്ങി തെരുവിന്റെ കാഴ്ച കണ്ട് ചിത്രം വരയ്ക്കുന്ന ഇഷാന്‍ (താരേ സമീന്‍പര്‍) മോശം കുട്ടിയാണ്.

സുഹറയ്ക്ക് സമ്മാനിക്കാന്‍ ഷൂ കിട്ടാന്‍വേണ്ടിയാണ് അലി രണ്ടാംസ്ഥാനത്തേക്ക് ഓടുന്നത് (Children of heaven- Majeed Majeedi) സ്നേഹത്തിന് ഇത്ര മേലുറപ്പ് നല്‍കാന്‍ അത്ര സമ്പന്നമാണോ ദാരിദ്ര്യം. സ്നേഹരഹിതമായ വിപണിയുടെ ഒരു ലോകത്തിലേക്കാണ് ഓരോ കുട്ടിയും കടന്നുവരുന്നത്. വളരെ പ്രായോഗികമായി ചിന്തിക്കുവാന്‍ കുട്ടികള്‍ ഇന്ന് പഠിച്ചിരിക്കുന്നു. Empathy പഠിപ്പിക്കാന്‍ അധ്യാപക കോഴ്സുകളില്‍ ഒരു സെഷന്‍ മാറ്റിവയ്ക്കേണ്ടിവരുന്നു. 'അച്ഛനെപ്പോലലിയാതുരുക്കാവുക, അമ്മയെപ്പോലുരുകാതെ കല്ലാവുക' (ഇരുപത് വയസ്സായ മകള്‍ക്ക് ഒരു താരാട്ട്- സച്ചിദാനന്ദന്‍). ഒരു സമൂഹമാകെ കല്ലിച്ച മനസ്സുമായി ദംഷ്ട്രയും നഖവും വളര്‍ത്തി ശത്രുവിനെ കാത്തിരിക്കുകയാണ്. ആകാശത്തെ പറവകളെ കാണുമ്പോള്‍ 'ശബ്ദമില്ലാത്ത വിമാനം' എന്ന് കുട്ടി അറിയാതെ പറഞ്ഞുപോകുന്നു. 'സ്വപ്നത്തിലെങ്കിലും കൂട്ടിലടയ്ക്കാത്ത പക്ഷിയെ' അവന്‍ കാണുന്നില്ല.

മുഖ്യധാരാ സിനിമകളിലൊന്നിലും നായകന്മാരുടെ കുട്ടിക്കാല ചിത്രീകരണങ്ങളില്‍പോലും പഴയ സ്കൂളിന്റെ-പൊതുവിദ്യാലയത്തിന്റെ-സെറ്റിടാന്‍ സംവിധായകര്‍ മിനക്കെടുന്നില്ല. എലിമിനേഷന്‍ റൌണ്ട് കഴിഞ്ഞ് ഫൈനലിലെത്തുന്ന യുവഗായകര്‍ സ്വന്തം സ്കൂളിലെത്തുന്ന ടി വി ദൃശ്യങ്ങളിലാണ് അപൂര്‍വമായി പൊതുവിദ്യാലയങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. കേരളത്തിലെ സമ്പന്നവര്‍ഗം പൂര്‍ണമായും ഈ പൊതുഇടങ്ങളെ ഒഴിവാക്കിയിരിക്കുന്നു. ഉയര്‍ന്ന മധ്യവര്‍ഗവും ഇടത്തരം മധ്യവര്‍ഗവും അണ്‍ എയ്ഡഡ് ഇആടഋ സ്കൂളിലേക്ക് ഓടിക്കിതയ്ക്കുകയാണ്. 'സ്കൂള്‍ ഡയറി'യും 'അധ്യാപക കഥ'കളും പറഞ്ഞുതന്ന അക്ബര്‍മാഷ് 'ചെറിയ കഥക'ളില്‍ കിന്റര്‍ ഗാര്‍ട്ടന്‍ കഥകളിലേക്ക് സ്വാഭാവിക പരിവര്‍ത്തനം നേടിയിരിക്കുന്നു. 'നനഞ്ഞ തുണി ഉണങ്ങുന്നതെങ്ങനെ' എന്ന ചോദ്യത്തിന് ഉത്തരമായി 'സുരേശനിട്ടാലും ഉണങ്ങും' എന്ന് ഉത്തരം പറഞ്ഞ 'ഡോ. രാമദാസിന്റെ മകള്‍' (ഒറ്റ യൂണിഫോം -ഗഫൂര്‍ കരുവണ്ണൂര്‍) കവിതയില്‍ മാത്രമാണ് ഇന്ന് ദരിദ്രപ്പിള്ളേരൊടൊപ്പം പഠിക്കുന്നത്.

നമ്മുടെ പൊതുവിദ്യാലയ പാഠങ്ങളിലെ കാല്പനികത വരേണ്യ പാഠശാലകളിലെ കുട്ടികള്‍ക്ക് ലഭിക്കുന്നില്ല. ചിറകുമുളച്ച് ആകാശത്തേക്ക് പറക്കുന്ന കുഞ്ഞനാനയും അറ്റമില്ലാത്ത തെങ്ങിലേക്ക് കയറുന്ന 'ചെറുങ്ങോരനും' കുട്ടികളുടെ ഭാവനയെ ഉണര്‍ത്തിയിരുന്നു. ഏതു'വാക്യം' പറഞ്ഞാലാണ് സ്വര്‍ഗത്തിലേക്കുള്ള, ധനത്തിലേക്കുള്ള, സമൃദ്ധിയിലേക്കുള്ള, സ്വകാര്യതകളിലേക്കുള്ള വാതില്‍ തുറക്കുകയെന്ന പ്രായോഗിക പ്രശ്നത്തിന് ഉത്തരം കാണുന്ന കുട്ടി അടയ്ക്കുന്നത് സ്വപ്നങ്ങളുടെ, ഭാവനയുടെ വാതിലുകളാണ്.

ഭൂപരിഷ്കരണത്തോടെ 70 കളിലാണ് കേരളത്തില്‍ സ്കൂളുകളുടെ എണ്ണം കൂടുന്നതും കുട്ടികള്‍ നിറയുന്നതും. 1961 -62 ല്‍ കേരളത്തില്‍ 629 ഹൈസ്കൂളുകളാണുണ്ടായിരുന്നത്. 71-72 ല്‍ 1393 എണ്ണമായി വര്‍ധിച്ചു. സ്വന്തമായി വീടും തൊഴിലിന് ഉറപ്പും ഉണ്ടായതോടെ തന്റെ കുട്ടി പഠിക്കണമെന്ന ചിന്ത രക്ഷിതാക്കളിലുണ്ടായി. അങ്ങനെ പഠിച്ചു വിജയംനേടിയ ഒരു തലമുറയാണ് ഉപയോഗം കഴിഞ്ഞ ഈ 'മാലിന്യ'ങ്ങളുടെ സംസ്കാര(കത്തിക്കല്‍)ത്തിന് തിടുക്കം കൂട്ടുന്നത്. 'ഹന്ത പഴകിയ ശീലം പോലൊരു ബന്ധനമുണ്ടോ ലോകത്തില്‍' എന്ന് വൈലോപ്പിള്ളി. പുരോഗതി പഴകിയ പല ശീലങ്ങളും മാറ്റുന്നുണ്ട്. എന്നാല്‍ എത്ര മാറിയാലും മാറരുതാത്ത, നവോത്ഥാനകാലത്ത് നാം നിര്‍മിച്ചെടുത്ത ചിലത് വരുംതലമുറയ്ക്ക് നല്‍കേണ്ടതില്ലേ?

വിദ്യാഭ്യാസത്തോടുള്ള കേരളീയന്റെ ആര്‍ത്തികൊണ്ട് അവന്‍ പല കാര്യങ്ങളും മറക്കുകയാണ്. എല്ലാവരും ജയിക്കുന്ന ഒരു പരീക്ഷ തന്റെ കുട്ടിയെക്കൊണ്ടെഴുതിക്കാന്‍ അവന്‍ തയാറാവുന്നില്ല. പണമുള്ളവന്‍ പഠിക്കുന്ന, നിരന്തരം പരീക്ഷ നടത്തിക്കൊണ്ടിരിക്കുന്ന, മത്സരത്തിന്റെ പുതിയ ലോകത്തേയ്ക്ക് കുട്ടിയെ പരുവപ്പെടുത്തുന്ന വിദ്യാകേന്ദ്രങ്ങളിലയയ്ക്കാനാണ് രക്ഷിതാക്കള്‍ ആഗ്രഹിക്കുന്നത്. ജനസംഖ്യ എത്രതന്നെ കുറഞ്ഞാലും രണ്ടാള്‍ക്ക് (ആണും പെണ്ണും) രണ്ടു കുട്ടികള്‍ ഉണ്ടായാല്‍ത്തന്നെ നമ്മുടെ വിദ്യാലയങ്ങള്‍ നിറയേണ്ടതാണ്. ഉള്ള കുട്ടികള്‍ പൊതുവിദ്യാലയങ്ങളിലെത്തിച്ചേരാത്തതാണ് കാരണം. കുട്ടികള്‍ എങ്ങും പോയിട്ടില്ല. അവര്‍ രക്ഷിതാക്കള്‍ക്കുവേണ്ടി പഠിക്കുകയാണ്. അവര്‍ ഇവിടെത്തന്നെയുണ്ട്. അവര്‍ സ്വപ്നം കാണുകയല്ല, മനുഷ്യരാവുകയല്ല. മറിച്ച് പുതുലോകത്തിന്റെ പ്രായോഗിക പാഠങ്ങള്‍ പഠിക്കുകയാണ്. എല്ലാവരും മാന്യന്മാരാവുകയാണ്.

*
സജീഷ് നാരായണന്‍ കെ എന്‍ കടപ്പാട്: ദേശാഭിമാനി വാരിക 12-09-2010

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ഒരു സ്കൂളില്‍ ഒരേ ബഞ്ചില്‍ ഒന്നിച്ചിരുന്നാണ് നാം സ്വാതന്ത്യ്രവും മതേതരത്വവും പഠിച്ചത്. മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയതിന്റെയും ഇന്ത്യ -പാക് യുദ്ധത്തിന്റെയും ഏഷ്യാഡിന്റെയും ന്യൂസ് റീലുകള്‍ കണ്ടത്. 'വലിയ തര്‍ക്കങ്ങളി'ലേര്‍പ്പെട്ടത്. ബഞ്ചില്‍ വടുക്കെട്ടിയ അഴുക്കിന്റെ ഗന്ധം അന്ന് നമുക്ക് ദുര്‍ഗന്ധമായിരുന്നില്ല. അടുത്തിരിക്കുന്നവന്റെ വിയര്‍പ്പിന് സുഗന്ധമല്ലെന്ന് നമുക്കറിയുമായിരുന്നില്ല. നിലത്തുനിന്നുയരുന്ന പൊടി ശ്വാസതടസ്സം സൃഷ്ടിച്ചിരുന്നില്ല. അന്ന് നമുടെയൊക്കെ വീടുകളും അങ്ങനെയായിരുന്നു. ചാണകംമെഴുകിയ വീടുകളില്‍ താമസിച്ചിരുന്ന കേരളീയന് സിമന്റിടാത്ത തറകളുള്ള ക്ളാസ്മുറികളും ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരയും ഉള്ള സ്കൂളുകള്‍ കണ്ടാല്‍ 'അറപ്പ്' അനുഭവപ്പെട്ടുതുടങ്ങിയിരുന്നില്ല. സ്വന്തം കുട്ടികളെ അവിടങ്ങളിലേയ്ക്കയക്കാന്‍ ഒരു വിമുഖതയും അന്നുണ്ടായിരുന്നില്ല. കേരളീയ സമൂഹത്തെ മുന്നോട്ടു നയിച്ചിരുന്ന നന്മകളെല്ലാംഒന്നൊന്നായി വീണുകൊണ്ടിരിക്കുകയാണ്. വീണുകിടക്കുന്ന ഓരോ മൃതശരീരത്തെയും നോക്കി നാം നെടുവീര്‍പ്പിടുന്നു. സ്കൂള്‍, സിനിമാ ടാക്കീസ്, വായനശാലകള്‍....

Anonymous said...

നൊസ്റ്റാള്‍ജിയ ഒക്കെ പറയാനും എഴുതാനും എളുപ്പമാണു, ഇംഗ്ളീഷ്‌ മീഡിയത്തിനെതിരെ എഴുതുകയും കവിത ആലപനം നടത്തുകയും ചെയ്ത ഓ എന്‍ വി കുറുപ്പിണ്റ്റെയും ഓ വി വിജയണ്റ്റെയും എം ടിയുടെയും ഒക്കെ മക്കളും ചെറുമക്കളും ഇംഗ്ളീഷ്‌ മീഡിയത്തിലാണു പഠിച്ചത്‌

പതുക്കെ എല്ലാ രാഷ്ട്റീയക്കാരും അവരുടെ മക്കളെ ഇംഗ്ളീഷ്‌ മീഡിയം ആക്കി

ഇതൊന്നുമല്ല ഇന്നത്തെ ദുരവസ്ഥക്കു കാരണം ഗ്രേഡിംഗ്‌ എന്ന പേരില്‍ കുറെ ആഭാസങ്ങള്‍ കാട്ടിക്കൂട്ടി

ആണുങ്ങള്‍ എഴുതി വന്ന ഒന്നാം തരം പാഠ പുസ്തകം എല്ലാം മാറ്റി കേ എസ്‌ ടി എ മാഷന്‍മാരും, എസ്‌ സീ ആറ്‍ ടി സി എന്ന വെള്ളാനയില്‍ പാറ്‍ട്ടി സഹായത്താല്‍ കയറിക്കൂടി ഏത്‌ അണ്ടനും അടകോടനും പുസ്തകം എഴുതാമെന്നും , മലയാള സാഹിത്യം എന്നുവച്ചാല്‍ ആഖ്യയും ആഖ്യാതവുമില്ലാതെ ഒരു ദളിത്‌ സാഹിത്യം മതിയെന്നും നിശ്ചയിച്ച

അതിനെക്കാള്‍ ഒക്കെ കടുപ്പമായി ഒന്നും പഠിക്കേണ്ട ചുമ്മാതെ വായില്‍ തോന്നിയതെഴുതിയാല്‍ ജയിപ്പിക്കും എന്ന ഒരു അവസ്ഥ സംസ്ഥാനമൊട്ടാകെ സംജാതമാക്കി, ഈ അവസ്ഥ ഉണ്ടാക്കിയവനൊക്കെ അവണ്റ്റെ മക്കളെ മാറ്റി സെണ്ട്റാല്‍ സ്കൂളിലും സീ ബി എസ്‌ സിയും കൊണ്ടു ചേറ്‍ത്തു, പണ്ടത്തെ പോലെ ആള്‍ക്കാര്‍ മണ്ടന്‍മാരാണെന്നു തെറ്റിധരിച്ചു

സെന്‍ ട്രല്‍ സ്കൂളില്‍ അഡ്മിഷന്‍ വാങ്ങാന്‍ കേ എസ്‌ ടി എ നേതാക്കള്‍ ക്യൂ നില്‍ക്കുന്നത്‌ ഓട്ടോ ഓടിക്കുന്നവനും ചുമടു ചുമക്കുന്നവനും മനസ്സിലാക്കി, താന്‍ വിദ്യാഭ്യാസം ഇല്ലാതിരുന്നത്‌ കൊണ്ടാണു ഓട്ടോ ഓടിക്കാനും ചുമട്‌ ചുമക്കാനും പോകേണ്ടി വന്നതെന്ന സത്യം അവനെ എന്തു വിലകൊടുത്തും ഈ മുടിഞ്ഞ വിദ്യാഭ്യാസ പരിഷ്ക്കാരത്തില്‍ നിന്നും തണ്റ്റെ പൊന്നോമനയെ രക്ഷിക്കണം എന്നു നിശ്ചയ ദാറ്‍ഢ്യം ഉള്ളവനാക്കി

ചുരുക്കത്തില്‍ ഗ്റേഡിംഗ്‌ പേടിച്ചു ഒരു വിധം വിവരമുള്ളവരെല്ലാം കുട്ടികളെ ഇംഗ്ളീഷ്‌ മീഡിയത്തിലാക്കി

ശങ്കിച്ചു നിന്നവറ്‍ പോലും നാടോടുമ്പോള്‍ നടുവെ ഓടണം എന്ന രീതിയില്‍ അവരുടെ കുട്ടികളെയും മാറ്റി

പണ്ട്‌ ബുജി ചമഞ്ഞു നടന്നവരൊക്കെ പാണ്റ്റും സൂട്ടും ഇടുന്നത്‌ കണ്ടവറ്‍ സ്വന്തം മക്കളെയും ടൈ കെട്ടിച്ചു, പൊതുവെ ഉയറ്‍ന്ന സാമ്പത്തിക നിലവാരം എല്ലാവരെയും അതിനു സഹായിച്ചു, ആരെന്ത്‌ പറഞ്ഞാലും നല്ല രീതിയില്‍ സ്കൂള്‍ നടത്താന്‍ ക്റിസ്ത്യാനി കഴിഞ്ഞേ ആരും ഉള്ളു, വേറെ എവിടെ വിടുന്നതും വേസ്റ്റ്‌ ഓഫ്‌ മണി