Thursday, September 9, 2010

നവലിബറല്‍ നയങ്ങള്‍ക്ക് എതിരെ യൂറോപ്പ് തിളച്ചുമറിയുന്നു

നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്ക് എതിരെ യൂറോപ്പ് തിളച്ചുമറിയുകയാണ്. യൂറോപ്പിലെ മുന്‍നിര രാജ്യങ്ങളായ ഫ്രാന്‍സിലും ബ്രിട്ടനിലും കഴിഞ്ഞ ദിവസങ്ങളില്‍ ലക്ഷക്കണക്കിനു തൊഴിലാളികള്‍ പണിമുടക്കി തെരുവിലിറങ്ങി. സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം തൊഴിലാളികളുടെ ചുമലില്‍ അടിച്ചേല്‍പിക്കാനാണ് യൂറോപ്പിലും അമേരിക്കയിലുമെല്ലാം ഭരണാധികാരികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. തൊഴിലാളികളുടെ അധ്വാനഭാരം വര്‍ധിപ്പിക്കുകയും ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്യുമ്പോള്‍ വന്‍കിട മുതലാളിമാര്‍ക്ക് കൂടുതല്‍ സൗജന്യങ്ങളും ഇളവുകളും നല്‍കുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ പ്രഖ്യാപിച്ച രക്ഷാപാക്കേജുകളിലെ കോടിക്കണക്കിന് ഡോളറിന്റെ ആനുകൂല്യമാണ് മുതലാളിമാര്‍ക്ക് നല്‍കിയത്. ജനങ്ങളുടെ നികുതിപ്പണം രക്ഷാപാക്കേജുകളിലൂടെ പേരില്‍ വന്‍കിടക്കാര്‍ക്ക് കൈമാറി. അതേസമയം തൊഴിലാളികളുടേയും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും വേതനവും ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നു. ഈ നയത്തിനെതിരായാണ് യൂറോപ്പിലുടനീളം തൊഴിലാളികള്‍ രംഗത്തുവന്നിരിക്കുന്നത്.

പെന്‍ഷന്‍ പ്രായം 60 ല്‍ നിന്നും 62 ആയി ഉയര്‍ത്താനുള്ള നീക്കമാണ് ഫ്രാന്‍സില്‍ ചൊവ്വാഴ്ച നടന്ന പൊതുപണിമുടക്കിന് നിമിത്തമായി തീര്‍ന്നത്. പെന്‍ഷന്‍ പ്രായം 67 ആയി ഉയര്‍ത്തുമെന്നാണ് പ്രസിഡന്റ് സര്‍ക്കോസി പ്രഖ്യാപിച്ചത്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനെതിരെ യുവാക്കള്‍ പ്രക്ഷോഭ രംഗത്താണ്. ഇപ്പോള്‍ തൊഴിലാളികളും സമരം തുടങ്ങി. ചൊവ്വാഴ്ച പൊതുപണിമുടക്കിനോടനുബന്ധിച്ച് പാരീസില്‍ നടന്ന പ്രകടനത്തില്‍ ഇരുപത് ലക്ഷത്തിലധികം പേരാണ് പങ്കെടുത്തത്.

പാരീസ് നഗരത്തിലേയ്ക്ക് തൊഴിലാളികളുടേയും യുവാക്കളുടേയും പ്രവാഹമായിരുന്നു. പണിമുടക്കിനു നേതൃത്വം നല്‍കുന്നവരുടെ പ്രതീക്ഷയ്ക്കപ്പുറത്തായിരുന്നൂ പ്രകടനത്തില്‍ പങ്കെടുക്കാന്‍ എത്തിയവരുടെ എണ്ണം. കേന്ദ്രീകരിച്ച ഒറ്റ പ്രകടനമായിരുന്നു ആദ്യം ആസൂത്രണം ചെയ്തിരുന്നത്. എന്നാല്‍ തെരുവീഥികള്‍ തിങ്ങിനിറഞ്ഞതോടെ പ്രകടനം രണ്ടു ദിശകളില്‍ കേന്ദ്രീകരിക്കാന്‍ സംഘാടകര്‍ നിര്‍ബന്ധിതമായി.

പ്രസിഡന്റ് സര്‍ക്കോസിയുടെ ചെലവു ചുരുക്കല്‍ നടപടികളെ അപലപിക്കുന്ന പ്ലക്കാര്‍ഡുകളുമായാണ് തൊഴിലാളികള്‍ പ്രകടനത്തില്‍ അണിനിരന്നത്. തൊഴില്‍ മന്ത്രി എറിക് വിയോര്‍ത്തിനെ പുറത്താക്കണമെന്നാവശ്യപ്പെടുന്ന മുദ്രാവാക്യങ്ങളും ഉയര്‍ന്നു. വന്‍ വ്യവസായികളില്‍ നിന്നും സംഭാവന സ്വീകരിക്കുന്ന തൊഴില്‍ മന്ത്രി തൊഴിലാളികളെ വഞ്ചിക്കുകയാണെന്ന് തൊഴിലാളികള്‍ ആരോപിച്ചു.

പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതിനുള്ള ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് എടുത്ത ദിവസം തന്നെയായിരുന്നു ദേശവ്യാപകമായ പണിമുടക്ക്. ബില്‍ ചര്‍ച്ചയ്‌ക്കെടുത്തതിനെതിരെ പാര്‍ലമെന്റിലെ കമ്മ്യൂണിസ്റ്റ് അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തുവന്നതോടെ സഭാ നടപടികള്‍ നിര്‍ത്തിവച്ചു. ബില്ലിന് എതിരെ ഒരു ലക്ഷത്തിലധികം തൊഴിലാളികള്‍ ഒപ്പുവച്ച ഭീമ ഹര്‍ജി കമ്മ്യൂണിസ്റ്റ് എം പിമാര്‍ പാര്‍ലമെന്റിനു സമര്‍പ്പിക്കുകയും ചെയ്തു.

പണിമുടക്ക് വ്യവസായശാലകളെ നിശ്ചലമാക്കിയതിനു പുറമേ ജനജീവിതത്തിന്റെ എല്ലാ മേഖലകളെയും ബാധിക്കുകയും ചെയ്തു. റോഡ്-റെയില്‍, വ്യോമ ഗതാഗതം സ്തംഭിച്ചു. പോസ്റ്റല്‍ സര്‍വീസ് നിശ്ചലമായി. വിദ്യാലയങ്ങളും സര്‍വകലാശാലകളും അടഞ്ഞുകിടന്നു. ആശുപത്രികളുടെ പ്രവര്‍ത്തനത്തെയും പണിമുടക്ക് ബാധിച്ചു.

പെന്‍ഷന്‍ പ്രായം ഉയര്‍ത്തുകയും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നതിനെതിരെ കഴിഞ്ഞ ജൂണിലും തൊഴിലാളികള്‍ പണിമുടക്കിയിരുന്നു. അന്ന് പ്രകടനത്തില്‍ പങ്കെടുത്തവരുടെ എണ്ണം എട്ടുലക്ഷമായിരുന്നു. അതിന്റെ ഇരട്ടിയിലധികം പേരാണ് ചൊവ്വാഴ്ചത്തെ പ്രകടനങ്ങളില്‍ അണിനിരന്നതെന്ന് ഫ്രാന്‍സിലെ ഏറ്റവും വലിയ കേന്ദ്ര ട്രേഡ് യൂണിയനായ സി ജി ടി യുടെ വക്താവ് ചൂണ്ടിക്കാട്ടി.

പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ നേരത്തേ നടന്ന ശ്രമങ്ങള്‍ തൊഴിലാളികള്‍ യോജിച്ചു നിന്നു പരാജയപ്പെടുത്തിയിരുന്നു.

ബ്രിട്ടനില്‍ മെട്രോ റയില്‍ തൊഴിലാളികളാണ് ചൊവ്വാഴ്ച പണിമുടക്കിയത്. ലണ്ടനില്‍ ഭൂഗര്‍ഭ റയില്‍ സര്‍വീസ് സ്തംഭിച്ചു. സര്‍ക്കാരിന്റെ ചെലവു ചുരുക്കല്‍ നടപടികള്‍ക്ക് എതിരെ മറ്റു തൊഴിലാളി വിഭാഗങ്ങളും സമരത്തിലേക്ക് നീങ്ങാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുന്നു.

*
കടപ്പാട്: ജനയുഗം ദിനപത്രം 09-09-2010

1 comment:

വര്‍ക്കേഴ്സ് ഫോറം said...