Tuesday, September 28, 2010

ഇത്തരമൊരവസ്ഥയില്‍ ഒരമ്മ മകനെ പോറ്റുമ്പോള്‍

വിശന്നു കരയുന്ന കുട്ടി കാണുന്നത് അടുപ്പത്ത് വെന്തുകൊണ്ടിരിക്കുന്ന വറ്റിനൊപ്പം കഞ്ഞിക്കലംകൂടി ബോംബ് വീണ് പൊട്ടിപ്പിളരുന്നതാണ്. ചീളുകളായി ചിതറിപ്പോവുന്ന അനിയന്റെ ഇളംശരീരമാണ്. ആശുപത്രിയിലേക്ക് പോവുന്ന അമ്മയെ വഴിവക്കില്‍ തടഞ്ഞുവയ്ക്കുന്ന പട്ടാളക്കാരന്റെ വൃത്തികെട്ട ചിരിയാണ്. ദിവസങ്ങളായി തുറക്കാനാവാത്ത സ്കൂളിനെപ്പറ്റിയുള്ള ഓര്‍മകളാണ് ഒരുവന്. പിറന്നാളിന് മുന്തിയ കുപ്പായവുമായി വരുന്ന അച്ഛനെ സ്വന്തം നാട്ടില്‍ തടഞ്ഞുവച്ച ഇസ്രയേലി പട്ടാളക്കാരനോടുള്ള പകയാണ് വേറൊരുത്തന്. രാമള്ളയിലെ അറഫാത്തിന്റെ ഔദ്യോഗിക വസതിയുടെ ചുമരുകള്‍ ഓരോന്നോരാന്നായി ബുള്‍ഡോസറുകള്‍ ഇടിച്ചുനിരത്തുമ്പോള്‍ കരച്ചില്‍ തൊണ്ടയില്‍ തടയുന്ന ഒരു ബാലന്‍ അറിയാതെ കല്ല് കൈയിലെടുത്തുപോകുന്നു. ഏത് അമ്മയ്ക്കാണ് അത്തരമൊരവസരത്തില്‍ അവനെ തടയാനാവുക?

അക്രമംകൊണ്ട് പലസ്തീനിലെ അധിനിവേശത്തെ ചെറുത്തു തോല്‍പ്പിക്കാനാവില്ല എന്നറിയാവുന്ന ഒരമ്മ ഇപ്പോള്‍ ലോകത്തോടാകെ അമര്‍ത്തിപറയുകയാണ്:

നിങ്ങളും ഞങ്ങള്‍ക്കൊപ്പം വാ. പൊരുതാനല്ല, പോരടിക്കാനല്ല, തുടര്‍ന്നു പോരുന്ന ആക്രമണങ്ങള്‍ക്ക് ഉത്തരവാദികളായവരുമായി ചങ്ങാത്തമില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കാന്‍. അവരുടെ ചരക്കുകള്‍ വേണ്ടെന്നുവയ്ക്കാന്‍.

ബുദ്ധിജീവികളോടും സര്‍വകലാശാലകളോടും കലാപ്രവര്‍ത്തകരോടും അവര്‍ പറയുന്നു:

നികൃഷ്ടമായ അതിക്രമങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ അതില്‍ പങ്കാളികളാവുകയോ അല്ലെങ്കില്‍ നിഷ്ക്രിയരായി നിന്ന് അത് തുടരാന്‍ അനുവദിക്കുകയോ ചെയ്യുന്ന ഇസ്രയേലി ബുദ്ധിജീവികളെയും കലാകാരന്മാരെയും സര്‍വകലാശാലകളെയും ബഹിഷ്കരിക്കുക.“

അപ്പാര്‍ത്തീഡിനെതിരെ പൊരുതി വിജയിച്ച ദക്ഷിണാഫ്രിക്കയിലെ വിമോചന പ്രതീകം ഡെസ്മണ്ട് ടുട്ടുവിന്റെ വാചകം അവര്‍ ഉദ്ധരിക്കുന്നു:

ഈ അപ്പാര്‍ത്തീഡ് അവസാനിപ്പിക്കാനായുള്ള സമ്മര്‍ദത്തിന് ബഹിഷ്കരണം തന്നെ പ്രധാനായുധം!

അലയുന്ന പലസ്തീന്‍ ജനതയുടെ പ്രതീകമായി പോരാടിക്കൊണ്ടിരിക്കുന്ന ലിസാതറാക്കി, ഇസ്രയേലി സാംസ്കാരിക പ്രവര്‍ത്തകരെയും സര്‍വകലാശാലകളെയും ബഹിഷ്കരിക്കാനുള്ള സന്ദേശം ലോകമെമ്പാടും എത്തിക്കാനുള്ള പ്രയത്നത്തിന്റെ ഭാഗമായാണ് ഇന്ത്യയിലെത്തിച്ചേര്‍ന്നത്. കോഴിക്കോട്ടെ പരിപാടിക്കിടയില്‍ ഇന്ത്യയെക്കുറിച്ച് പറയാന്‍ തുടങ്ങിയപ്പോള്‍ അവര്‍ തീര്‍ത്തും നിരാശിതയായിരുന്നു. യാസര്‍ അറഫാത്തിന്റെ ഉറ്റസുഹൃത്തായിരുന്ന നെഹ്റുവിന്റെ നാടിന് എങ്ങനെ ഇസ്രയേലുമായി സൌഹൃദം പാലിക്കാനാവും? തങ്ങളുടെ കുഞ്ഞുങ്ങളെയും സഹോദരങ്ങളെയും കൊന്നുകൊണ്ടേയിരിക്കുന്ന ഇസ്രയേലുമായി എങ്ങനെ സൈനികക്കരാര്‍? എങ്ങനെ സാങ്കേതിക വിദ്യാ സഹകരണക്കരാര്‍? (ഇസ്രയേലി വിദേശമന്ത്രാലയത്തിലെ മൃഷ്ടാന്ന ഭോജനമുണ്ട് ഏമ്പക്കമിടുന്ന മുസ്ളിം ലീഗ് നേതാവായ വിദേശ സഹമന്ത്രിയുടെ മുന്നില്‍ കണ്ണീരില്‍ കുതിര്‍ന്ന ഈ രോഷം എത്തിക്കാനായെങ്കില്‍!} എന്നിട്ടും എന്ത് കാര്യം ?

ജന്മംകൊണ്ട് അഫ്ഗാന്‍കാരിയായ ലിസയുടെ അമ്മ അമേരിക്കക്കാരിയാണ്. അമേരിക്കയിലെ പഠനത്തിനിടയില്‍ പരിചയപ്പെട്ട പലസ്തീനി തത്വശാസ്ത്ര പ്രൊഫസറെ വിവാഹം കഴിച്ച ഈ സാമൂഹ്യ ശാസ്ത്ര പ്രൊഫസര്‍ പറയുന്നു:

“എനിക്ക് തോന്നുന്നു ഞാനൊരു മുസ്ളിമായാണ് കരുതപ്പെടുന്നതെന്ന്. പക്ഷേ, മതപരമായ സ്വത്വം എന്നെ സംബന്ധിച്ചിടത്തോളം അപ്രധാനമാണ്. എന്താണ് നിങ്ങള്‍ എന്ന് എന്നോടാരെങ്കിലും ചോദിച്ചാല്‍ ഞാന്‍ പറയുക, ഞാനൊരു മധ്യപൌരസ്ത്യ ദേശക്കാരിയാണെന്നാണ്. അതാണ് എന്റെ സ്വത്വം. മകന്‍ ഫാരിസിനോട് അവര്‍ ഇംഗ്ളീഷിലാണ് സംസാരിക്കുക. അതുകൊണ്ട് അവന്‍ പച്ചവെള്ളംപോലെ ഇംഗ്ളീഷ് സംസാരിക്കും. അവന്റെ അച്ഛനാകട്ടെ അവനോട് അറബിയിലാണ് സംസാരിക്കുക. അതുകൊണ്ട് അവന് അറബിയും നല്ല വശമാണ്. ഒരമേരിക്കക്കാരന്‍ എന്ന നിലയ്ക്ക് അറിയപ്പെടാനായിരുന്നു അവന് ആഗ്രഹം. പക്ഷേ, അമേരിക്ക ലോകത്ത് കാട്ടിക്കൂട്ടുന്നത് ക്രമേണ മനസിലാക്കിത്തുടങ്ങുകയാണ് അവന്‍. തികഞ്ഞ അമേരിക്കന്‍വിരുദ്ധ വികാരമുണ്ട് ഇവിടെ. ചിലപ്പോഴത് കുഞ്ഞിന്റെ ഭാഷയില്‍പോലും നിഴലിക്കുന്നുണ്ട്. പലപ്പോഴുംഅത് വളരെ പരുക്കനാണ്. കുഞ്ഞുങ്ങള്‍ ഇങ്ങനെ പറയാമോ? പക്ഷേ, അവന്‍ പറയുന്നത് മിക്കതും തീര്‍ത്തും ശരിയാണ്. നിങ്ങള്‍ക്ക് അതിനോട് യോജിക്കേണ്ടി വരും. അവന്റെ ഭാഷയോടല്ലെങ്കിലും

സെപ്തംബര്‍ 11 നെക്കുറിച്ച് അവന് കിട്ടിയ വ്യാഖ്യാനം വീട്ടിലൊന്നും സ്കൂളില്‍ മറ്റൊന്നുമായിരുന്നു. അവന് മനസിലാകുന്ന ഭാഷയില്‍ ഞാനവനെ ശരിയായ രീതിയില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. പക്ഷേ, സ്കൂളില്‍ നടക്കുന്ന കാര്യങ്ങളെ നിയന്ത്രിക്കാന്‍ എനിക്കാവില്ലല്ലോ. ബിന്‍ ലാദനെക്കുറിച്ച് അവര്‍ക്ക് ഏറെ ആദരവാണ്. അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്ന അനീതിക്കെതിരെ കുട്ടികളില്‍ കടുത്ത രോഷമാണ് വളരുന്നത്. എന്റെ മകന്‍ മതനിരപേക്ഷകനായ ഒരന്താരാഷ്ട്ര വ്യക്തിയാവണമെന്ന് ഞാനാഗ്രഹിക്കുന്നു. ഒരു മതാധിഷ്ഠിത പ്രസ്ഥാനത്താലും അവന്‍ ചൂണ്ടയിടപ്പെടരുതെന്ന് ഞാനാഗ്രഹിക്കുന്നു. ഉള്ളിലേക്ക് നോക്കുന്നതിന് പകരം പുറത്തേക്ക് നോക്കുന്ന ഒരുവനായി അവന്‍ വളരണമെന്ന് ഞാനാഗ്രഹിക്കുന്നു. പക്ഷേ, കാര്യങ്ങള്‍ വിപരീതദിശയിലാണ് നീങ്ങുന്നത്. ചിലപ്പോള്‍ എനിക്ക് തോന്നും ഭാവി വരുന്ന തലമുറയിലാണെന്ന്. ഞാന്‍ വൈകിപ്പോയി.”

ഒരമ്മയുടെ ആത്മസംഘര്‍ഷം ഇങ്ങനെ വെളിവാക്കപ്പെടുമ്പോഴും ലിസാതറാക്കി പൊരുതിക്കൊണ്ടേയിരിക്കുകയാണ്. പലസ്തീനിലെ അവസാന അധിനിവേശവും അവസാനിക്കുംവരെ പോരാട്ടം തുടരാന്‍.

*
എ കെ രമേശ് കടപ്പാട്: ദേശാഭിമാനി 28-09-2010

4 comments:

വര്‍ക്കേഴ്സ് ഫോറം said...

വിശന്നു കരയുന്ന കുട്ടി കാണുന്നത് അടുപ്പത്ത് വെന്തുകൊണ്ടിരിക്കുന്ന വറ്റിനൊപ്പം കഞ്ഞിക്കലംകൂടി ബോംബ് വീണ് പൊട്ടിപ്പിളരുന്നതാണ്. ചീളുകളായി ചിതറിപ്പോവുന്ന അനിയന്റെ ഇളംശരീരമാണ്. ആശുപത്രിയിലേക്ക് പോവുന്ന അമ്മയെ വഴിവക്കില്‍ തടഞ്ഞുവയ്ക്കുന്ന പട്ടാളക്കാരന്റെ വൃത്തികെട്ട ചിരിയാണ്. ദിവസങ്ങളായി തുറക്കാനാവാത്ത സ്കൂളിനെപ്പറ്റിയുള്ള ഓര്‍മകളാണ് ഒരുവന്. പിറന്നാളിന് മുന്തിയ കുപ്പായവുമായി വരുന്ന അച്ഛനെ സ്വന്തം നാട്ടില്‍ തടഞ്ഞുവച്ച ഇസ്രയേലി പട്ടാളക്കാരനോടുള്ള പകയാണ് വേറൊരുത്തന്. രാമള്ളയിലെ അറഫാത്തിന്റെ ഔദ്യോഗിക വസതിയുടെ ചുമരുകള്‍ ഓരോന്നോരാന്നായി ബുള്‍ഡോസറുകള്‍ ഇടിച്ചുനിരത്തുമ്പോള്‍ കരച്ചില്‍ തൊണ്ടയില്‍ തടയുന്ന ഒരു ബാലന്‍ അറിയാതെ കല്ല് കൈയിലെടുത്തുപോകുന്നു. ഏത് അമ്മയ്ക്കാണ് അത്തരമൊരവസരത്തില്‍ അവനെ തടയാനാവുക?

അക്രമംകൊണ്ട് പലസ്തീനിലെ അധിനിവേശത്തെ ചെറുത്തു തോല്‍പ്പിക്കാനാവില്ല എന്നറിയാവുന്ന ഒരമ്മ ഇപ്പോള്‍ ലോകത്തോടാകെ അമര്‍ത്തിപറയുകയാണ്:

“നിങ്ങളും ഞങ്ങള്‍ക്കൊപ്പം വാ. പൊരുതാനല്ല, പോരടിക്കാനല്ല, തുടര്‍ന്നു പോരുന്ന ആക്രമണങ്ങള്‍ക്ക് ഉത്തരവാദികളായവരുമായി ചങ്ങാത്തമില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കാന്‍. അവരുടെ ചരക്കുകള്‍ വേണ്ടെന്നുവയ്ക്കാന്‍.“

Unknown said...
This comment has been removed by the author.
Unknown said...

നെഹറുവിന്റെ കാലത്തെ ലോകമല്ല ഇന്ന്. അന്നത്തെ ഇന്ത്യയുമല്ല ഇപ്പോൾ. 
രാജ്യങ്ങൾ bilateral relations തീരുമാനിക്കുന്നത് നേതാക്കളുടെ സുഹ്ര്ദ്ബന്ധങ്ങൾ വെച്ചായിരുന്ന കാലമൊക്കെ പോയി. 

കാർഗിൽ യുദ്ധക്കാലത്ത് അടിയന്തിരഘട്ടത്തിൽ സ്വന്തം സ്റ്റോക്കിൽ നിന്ന് ആർട്ടില്ലറി മ്യൂണിഷൻസ് സപ്ലൈ ചെയ്ത് കൂടെ നിന്ന രാജ്യമാൺ ഇസ്രയേൽ. 
യു എൻ സഭയിലെ വാചക കസർത്തുകളെക്കാൾ കാര്യത്തോടടുക്കുമ്പോൾ കൂടെ നിൽക്കുന്നവരാൺ കൂട്ടുകാർ.
 ഇസ്രയെലിനോട് പോട്ടെ സ്വന്തം രാജ്യത്തിനോട് പോലും അറ്റാച്ച്മെന്റ് ഇല്ലാത്തവർക്ക് ഇതിലൊന്നും താല്പ്പര്യം കാണില്ലായിരിക്കാം.
 പക്ഷെ തെരുവില സാധാരണക്കാർൻ പിന്നിൽ നിന്ന് കുത്തുന്നവർ ആർ കൂടെ നിന്നവർ ആർ എന്ന് എളുപ്പത്തിൽ മനസ്സിലാക്കാം.

പലസ്തീൻ പ്രശ്നത്തിൽ ഇന്ത്യ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാൺ. യു എസ്, യു കെ തുടങ്ങി പാകിസ്താൻ, ഈജിപ്ത് തുടങ്ങിയവർ പോലും ഇസ്രയെലുമായിട്ടുള്ള ബന്ധം ഇത്നായി വേണ്ടെന്ന് വെച്ചിട്ടില്ല.
 അവർക്കില്ലാത്ത വേവലാതിയൊന്നും ഇന്ത്യയ്ക്ക് ഈ വിഷയത്തിൽ ആവശ്യമില്ല.
 സ്വന്തം കാര്യം മറന്ന് നെഹറു ചെയ്ത കാര്യങ്ങളുടെ ഫലമാൺ ഇപ്പോൾ കാശ്മീരിലും ടിബറ്റിലും അരുണാചൽ പ്രദേശിലും ഇന്ത്യ അനുഭവിച്ച് കൊണ്ടിരിക്കുന്നത്.

mayflowers said...

കുട്ടികള്‍ക്ക് ബോണ്‍വിറ്റയും കൊടുത്ത് മുന്തിയ സ്കൂളില്‍ പറഞ്ഞയച്ച്,കണ്ണീര്‍ സീരിയലുകള്‍ കണ്ടു കരയുന്ന നമ്മുടെ വീട്ടമ്മമാര്‍ ഇതൊക്കെയൊന്നു വായിച്ചെങ്കില്‍..
നല്ല റിപ്പോര്‍ട്ട്‌.